വിലായത്ത്, കറാമത്ത്, ഗൈബ്: ഒരു നേര്‍വായന

വിലായത്ത്, കറാമത്ത്, ഗൈബ്: ഒരു നേര്‍വായന

മതത്തിന്റെ പേരില്‍ ഒട്ടനവധി ചൂഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആത്മീയ ചൂഷണം എക്കാലത്തും ഏറെ ലാഭകരമായ ഒന്നാണ്. മറ്റേത് ചൂഷണത്തെക്കാളുമുപരി ആത്മീയ ചൂഷണത്തിന് എക്കാലത്തും വലിയ മാര്‍ക്കറ്റ് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാനമായ ചര്‍ച്ചകളില്‍ ഒന്നാണ് വിലായത്തും കറാമത്തും ഗൈബുമായി ബന്ധപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഏറെ ചര്‍ച്ചാവിഷയമായ ഒരു കാര്യമാണിത്. ചില ആളുകള്‍ സ്വമേധയാ വലിയ്യായി അവതരിക്കുന്നു, എന്നിട്ട് എനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയാം, എനിക്ക് കറാമത്തുണ്ട് എന്നെല്ലാം വാദിക്കുന്നു. അല്ലെങ്കില്‍ അവരെ വലിയ്യായി ചിലര്‍ അവരോധിക്കുകയും ഇല്ലാത്ത കറാമത്തിന്റെ പോരിശകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകള്‍ അത് വിശ്വസിച്ച് അവരുടെ ചൂഷണങ്ങളില്‍ വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ എന്താണ് യാഥാര്‍ഥ്യം, ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ ആശങ്കാകുലരുമാണ്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മയ്യിത്ത് എവിടെയാണ് ഉള്ളത് എന്ന് ഒരാള്‍ പ്രസ്താവിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഗൈബ് (അദൃശ്യകാര്യം) അറിയുമോ, ഇത് അദ്ദേഹത്തിന്റെ കറാമത്താണോ എന്നീ ചര്‍ച്ചകള്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും തകൃതിയായി നടന്നതിന് നമ്മള്‍ സാക്ഷികളാണ്. 

ഈയൊരു സാഹചര്യത്തില്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅയുടെ നിലപാടില്‍ എന്താണ് വിലായത്ത്, ആരാണ് വലിയ്യ്, എന്താണ് കറാമത്ത് എന്ന് മനസ്സിലാക്കല്‍ ഉചിതമായിരിക്കും. അവ വളരെ ചുരുക്കി വിവരിക്കുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. 

അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ കല്‍പനകളും നിരോധനങ്ങളും പാലിച്ച് അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. അറബിക്കോളേജില്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവനോ, പ്രത്യേക വേഷംധരിച്ച് സമൂഹത്തില്‍ നിന്ന് ഭിന്നമായി ജീവിക്കുന്നവനോ അല്ല വലിയ്യ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ഥ വലിയ്യ്. 

അല്ലാഹു പറയുന്നു: ”ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (ക്വുര്‍ആന്‍ 10:62,63).

ഇതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ അടുക്കല്‍ വലിയ്യിനെ സംബന്ധിച്ചുള്ള നിലപാട്. എന്നാല്‍ സ്വൂഫിയാക്കള്‍ ചില നിശ്ചയിക്കപ്പെട്ട ആളുകളെയാണ് വലിയ്യായി കാണുന്നത്. ഇസ്‌ലാമില്‍ അങ്ങനെ നിശ്ചയിക്കപ്പെട്ട ആളുകള്‍ക്ക് വിലായത്ത് കൊടുക്കുന്ന സമ്പ്രദായം ഇല്ല. അത് പുത്തന്‍വാദികള്‍ ഉണ്ടാക്കിയതാണ്. ഈമാനും തക്വ്‌വയും ഉള്ളവനാണ് വലിയ്യ്. അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത് ആരാണോ അവരാണ് വലിയ്യുകള്‍ എന്നര്‍ഥം. 

സ്വൂഫിയാക്കള്‍ ചില മാനദണ്ഡങ്ങളുണ്ടാക്കുകയും അങ്ങനെയുള്ളവര്‍ക്ക് മാത്രമെ വിലായത്ത് ലഭിക്കൂ  എന്ന് ക്വുര്‍ആനിന്റെയും ഹദീഥിന്റെയും യാതൊരു പിന്‍ബലവുമില്ലാത്ത വാദങ്ങള്‍ നടത്തുകയും ചെയ്തു. അവര്‍ക്കിടയില്‍ വലിയ്യിന് ചില തസ്തികകളുണ്ട്. അവര്‍ പറയുന്നത് ലോകത്ത് നാല് ഔതാദൂകളുണ്ട് എന്നാണ്. തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറുകളിലായി ലോകത്തെ കൈകാര്യം ചെയ്യുന്നവരാണ് അവര്‍. അതുപോലെ തന്നെ 7 അബ്ദാലുകളുണ്ട്. അവര്‍ 7 ആകാശങ്ങളിലായി നിലകൊള്ളുന്നു. അവര്‍ മുഖാന്തരമാണ് അല്ലാഹു ലോകത്തിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. അതുപോലെ 40 നുജബാക്കളുണ്ട്, അവര്‍ സൃഷ്ടികളുടെ പ്രയാസങ്ങളും ഭാരങ്ങളും ഏറ്റെടുക്കുന്നവരാണ്. പിന്നീട് 300 നുഖബാക്കള്‍, അവര്‍ മനുഷ്യരുടെ ആന്തരികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ ഒരു ക്വുത്വുബ് (അല്‍ ഗൗസുല്‍ അഅ്‌ളം). ഇങ്ങനെയാണ് അവര്‍ വലിയ്യുകളെ തരംതിരിച്ചിരിക്കുന്നത്. 

സ്വൂഫികള്‍ വലിയ്യിന് നബിയെക്കാള്‍ സ്ഥാനം കല്‍പിക്കുന്നു. നുബുവ്വത്തിനെക്കാള്‍ ശ്രേഷ്ഠമായ പദവിയാണ് വിലായത്ത് എന്നവര്‍ വാദിക്കുന്നു. നബിﷺക്ക് നുബുവ്വത്തും വിലായത്തും ഉണ്ട്. നബിﷺയെ ശ്രേഷ്ഠനാക്കിയത് നുബുവ്വത്തല്ല, വിലായത്താണ് എന്നാണ് അവര്‍ വാദിക്കുന്നത്. അവരുടെ വാദപ്രകാരം അവരുടെ വലിയ്യിന് തെറ്റുപറ്റില്ല. ആയത് കൊണ്ട് വലിയ്യ് വല്ലതും പറഞ്ഞാല്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്. വലിയ്യുകള്‍ വീഴ്ചകളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നവരാണ്. ഇെതാക്കെയാണ് വലിയ്യുകളെ സംബന്ധിച്ചുള്ള സ്വൂഫികളുടെ വിശ്വാസം. 

ഇമാം ത്വഹാവിയ്യ(റഹി) പറയുന്നു: ‘ഒരു വലിയ്യിനും നാം ഒരു നബിയെക്കാളും ശ്രേഷ്ഠത നല്‍കുകയില്ല. മറിച്ച് നാം പറയും: ഒരു നബി സകല വലിയ്യുകളെക്കാളും ശ്രേഷ്ഠനാണ്.’

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറഞ്ഞത് ‘സത്യവിശ്വാസികള്‍ എല്ലാവരും അല്ലാഹുവിന്റെ വലിയ്യുകളാണ്’ എന്നാണ്.  

വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണല്ലോ ‘മുഅ്മിന്‍’ അഥവാ ‘സത്യവിശ്വാസി.’ 

ഒരാള്‍ വലിയ്യായിത്തീരുമ്പോള്‍ അല്ലാഹുവില്‍നിന്ന് അവന് ലഭിക്കുന്ന ബഹുമാനമാണ്/ആദരവാണ് കറാമത്ത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ആജ്ഞകളനുസരിച്ച്  ജീവിക്കുന്ന നല്ല വ്യക്തികളിലൂടെ അല്ലാഹു നടപ്പാക്കുന്ന അസാധാരണ സംഭവമാണ് കറാമത്ത്. അപ്പോള്‍ കറാമത്തുണ്ടാകാനുള്ള യോഗ്യത വലിയ്യാവുക എന്നത് മാത്രമാണ്. വലിയ്യ് വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും  അല്ലാഹുവിന്റെ കല്‍പനാനിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവനാണ്.

അല്ലാഹു രണ്ട് രീതിയിലാണ് അവന്റെ അടിമകളില്‍ കറാമത്ത് നടപ്പാക്കുക:

1) അവന്റെ വിശ്വാസത്തിന് ബലം നല്‍കുവാന്‍.

2) അവനുള്‍ക്കൊണ്ടത്  സത്യമാണെന്ന് ബോധ്യപ്പെടുത്തുവാന്‍.

കറാമത്തിനെ കുറിച്ച് പഠിക്കുമ്പോള്‍ മൂന്ന് വിഭാഗക്കാരെ നമുക്ക് കാണാന്‍ കഴിയും:

1) മുഅ്തസിലുകള്‍: അവര്‍ കറാമത്തിനെ അംഗീകരിക്കുന്നില്ല. പ്രവാചകന്മാര്‍ക്ക് മുഅ്ജിസത് ഉണ്ടാകുന്നു എന്നതല്ലാത്ത ഒന്നും അവര്‍ അംഗീകരിക്കില്ല. അവര്‍ പിഴച്ച കക്ഷികളാണ്.

2) സ്വൂഫികള്‍: കറാമത്തിനെ പരിധില്ലാത്ത വിധം അംഗീകരിക്കുന്നവരാണവര്‍. പ്രത്യേകം ചില ആളുകള്‍ക്ക് വിലായത്ത് നിശ്ചയിച്ച് അവര്‍ക്ക് ഇല്ലാത്ത സ്ഥാനമാനങ്ങള്‍ നല്‍കുന്നവരാണ് ഇവര്‍. 

3) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ (സലഫികള്‍): കറാമത്തിനെ അംഗീകരിക്കുന്നവരാണ് സലഫികള്‍. ഇമാം ത്വഹാവിയ്യ (റഹി) പറഞ്ഞു: ‘ശരിയായ റിപ്പോര്‍ട്ട് പ്രകാരം അവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട കറാമാത്തുകള്‍ നാം അംഗീകരിക്കുന്നു. അത് അന്ത്യനാള്‍ വരെ ഉണ്ടാകുകയും ചെയ്യും എന്ന് ശൈഖുല്‍  ഇസ് ലാം ഇബ്‌നുതൈമിയ്യ പറഞ്ഞിട്ടുണ്ട്.’ ക്വുര്‍ആനില്‍ പ്രസ്താവിച്ച മറിയം ബീവിയുടെയും ഖിള്ര്‍(അ)യുടെയും സംഭവങ്ങള്‍ കറാമത്തിനുള്ള ഉദാഹരണങ്ങളാണ്.

 എന്നാല്‍ കറാമത്ത് ചില നിബന്ധനകള്‍ക്ക്  വിധേയമാണ് എന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സലഫികള്‍ പറയുന്നു:

1. വിശ്വാസരംഗത്തും കര്‍മരംഗത്തും സ്വഭാവരംഗത്തും  അല്ലാഹുവിന്റെ ആജ്ഞാ നിരോധനങ്ങളെ അനുസരിച്ച് ജീവിക്കുന്നവന്‍ മാത്രമാണ് വലിയ്യാവുക. 

2. വലിയ്യ് ഒരിക്കലും കറാമത്തിലൂടെ മുഅ്ജിസത്തിന്റെ പദവിയിലേക്ക് എത്തുകയില്ല. 

3. കറാമത്ത് ഉണ്ടാവുക എന്നത് വിലായത്തിന്റെ നിബന്ധന(ശര്‍ത്വ്)യൊന്നുമല്ല. വലിയ്യായ എല്ലാവ്യക്തികള്‍ക്കും കറാമത്ത് ഉണ്ടാകണമെന്നുമില്ല.

4. പണ്ഡിതന്മാരെക്കാള്‍ ഉപരിയായി ചിലപ്പോള്‍ സാധാരണക്കാരിലാവും കറാമത്ത് വെളിവാവുക. അത് കൊണ്ട് കറാമത്ത് ലഭിച്ച വ്യക്തി പണ്ഡിതനെക്കാള്‍ വലിയ സ്ഥാനം കരസ്ഥമാക്കിയവനാവുകയില്ല. സാധാരണക്കാരനെക്കാള്‍ അല്ലാഹു പണ്ഡിതന്മാര്‍ക്ക് പദവി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ തെറ്റുധാരണകളാണുള്ളത്.

ചില പണ്ഡിതന്മാര്‍ അസാധാരണ സംഭവങ്ങളെ ഏഴായി തിരിച്ചിട്ടുണ്ട്.

1) അല്‍ ഇര്‍ഹാസാത്ത്: നബിമാരെ ലോകത്തിലേക്ക് നിയോഗിക്കുന്നതിനുമുമ്പ് അല്ലാഹു ലോകത്ത് നടപ്പാക്കിയ ചില അത്ഭുത പ്രതിഭാസങ്ങള്‍.

2) മുഅ്ജിസത്ത്: നബിമാര്‍ക്ക് മാത്രം ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍.

3) കറാമത്ത്: അല്ലാഹുവിന്റെ വലിയ്യുകളില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍.

4) അല്‍ഔന്‍: അല്ലാഹുവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായം, അത് മുസ്‌ലിമായ ആരിലും ഉണ്ടാകാം.

ഇവ നാലും നന്മയാണ്. 

5) സിഹ്‌റ്.

6) തന്‍ജീം: നക്ഷത്ര മണ്ഡലവും അതിന്റെ സഞ്ചാര പഥ വ്യവസ്ഥകളും മറ്റും പഠിച്ച് പ്രവചിക്കുന്ന ഒരു ശാസ്ത്രം. അതിലൂടെ മനുഷ്യരില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുമെന്നാണ് അവരുടെ വിശ്വാസം.

7) ജ്യോതിഷം.

ഇവ മൂന്നും ശര്‍റാണ്  അഥവാ തിന്മയാണ്. നിഷിദ്ധവും പിശാചിന്റെ ഭാഗത്തുനിന്നുള്ളതുമാണ്.

അഹ്‌ലുസ്സുന്നയില്‍ നിന്നും വ്യതിചലിച്ച് ചില പിഴച്ചവാദങ്ങളാല്‍ പിഴച്ചുപോയ ഒരു വിഭാഗമാണ് അശ്അരികള്‍. അവര്‍ കറാമത്തിനെയും മുഅ്ജിസത്തിനെയും വേര്‍തിരിക്കുന്നില്ല. അവര്‍ പറയുന്നത് അസാധാരണസംഭവങ്ങളെല്ലാം ഒന്നാണ് എന്നാണ്. ആ വാദം ശരിയല്ല. ചില കാരണങ്ങളാല്‍ അവ വേര്‍തിരിക്കല്‍ അനിവാര്യമാണ.്

1. നുബുവ്വത്ത് വാദം സത്യമാണെന്നറിയിക്കുന്ന അസാധാരണ സംഭവങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുക. എന്നാല്‍ ഔലിയാക്കളില്‍ നിന്നും വെളിവാകുന്നതാണ് കറാമത്ത്.

2. മുഅജിസത്ത് വെളിവാക്കാനുള്ളതാണ്. എന്നാല്‍ കറാമത്ത് മറച്ചുവെക്കാനുള്ളതാണ്. വെളിവാക്കിയാല്‍ ചിലപ്പോള്‍ ലോകമാന്യം സംഭവിച്ചേക്കാം. 

3. നബിമാര്‍ കുഫ്‌റില്‍ (അവിശ്വാസം) നിന്നും നിഫാക്വില്‍ (കാപട്യം) നിന്നും പാപകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും സുരക്ഷിതരാണ്. എന്നാല്‍ വലിയ്യ് ഇവ മൂന്നില്‍നിന്നും നിര്‍ഭയനല്ല. വലിയ്യിന് തെറ്റുപറ്റാം. അവനില്‍ നിന്നും ഹറാമുകള്‍ ഉണ്ടായേക്കാം. 

4. കറാമത്ത് വെളിവായി എന്നത് കൊണ്ട് ഒരു വ്യക്തി സമൂഹത്തിന്റെ നബിയോ ഖലീഫയോ അെല്ലങ്കില്‍ അനുസരിക്കപ്പെടേണ്ടവനോ പിന്‍പറ്റപ്പെടേണ്ടവനോ ആകുന്നില്ല. ബിദ്ഇകളായ സ്വൂഫികളാണ് ആ നിലപാട് തുടങ്ങിയത്.

എന്നാല്‍ മുഅ്ജിസത്ത് ലഭിക്കുക നബിമാര്‍ക്കാണ്. അവരെ അനുസരിക്കലും പിന്‍പറ്റലും സ്‌നേഹിക്കലും ധിക്കരിക്കാതിരിക്കലും അവരുടെ സമൂഹത്തിന് നിര്‍ബന്ധമാണ്. 

5). നുബുവ്വത്തും രിസാലത്തും ഒരാളില്‍ ഉണ്ടായാല്‍ പിന്നീട് അത് അവനില്‍ നിന്നും നീങ്ങിപ്പോവുകയില്ല. എന്നാല്‍ വിലായത്ത് അങ്ങനെയല്ല; അത് അവനില്‍ നിന്നും ഇല്ലാതാകാം. 

കറാമത്തിന്റെ പേരു പറഞ്ഞ് ഗൈബ് വാദിക്കുന്നവരായി സ്വൂഫികളില്‍ ഒരുപാട് പേരുണ്ട്. ഗൈബ് അല്ലാഹുവിന് മാത്രമെ അറിയൂ. അല്ലാഹു അല്ലാത്ത ഒരു വ്യക്തിയും അല്ലാഹു അറിയിച്ചുകൊടുക്കാതെ ഗൈബ് അറിയുകയില്ല. 

എന്നാല്‍ ഔലിയാക്കള്‍ക്ക് ഗൈബ് അറിയാന്‍ സാധിക്കുമെന്ന് വാദിക്കുന്നവരാണ് സ്വൂഫികള്‍.  പ്രവാചകന്മാര്‍ക്ക് മാത്രമെ അല്ലാഹു ഗൈബിയ്യായ കാര്യങ്ങള്‍ അറിയിച്ച് കൊടുക്കൂ.  അല്ലാഹു പറയുന്നു: ”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 72: 26,27).

ഔലിയാക്കള്‍ക്ക് ലഭിക്കുന്നത് ഇല്‍ഹാമാണ്. അെല്ലങ്കില്‍ മുകാശഫാത്തിലൂടെയോ തഹ്ദീസാത്തിലൂടെയോ ആണ്. അദൃശ്യമായ ചില കാര്യങ്ങള്‍ ചിലപ്പോള്‍ അല്ലാഹു അവന്റെ അടിമകളില്‍ ചിലര്‍ക്ക് അറിയിച്ചു കൊടുക്കും. അത് രണ്ട് രീതിയിലാണ്: 

1) അല്ലാഹുവിന്റെ നബിമാര്‍ക്ക്: അവര്‍ക്ക് വഹ്‌യ് മുഖേനെ അല്ലാഹു ഗൈബ് അറിയിച്ചുകൊടുക്കും. 

2) ഔലിയാക്കള്‍ക്ക് അല്ലാഹു ഇല്‍ഹാമുകളിലൂടെയോ തഹ്ദീസാത്തിലൂടെയോ മുകാശഫാത്തിലൂടെയോ അറിയിച്ചു കൊടുക്കും. അത് ഔലിയാക്കള്‍ക്കുള്ള കറാമത്തിന്റെ ഭാഗമായാണ്. അല്ലാതെ ഗൈബറിയലല്ല.

അല്ലാഹു ഗൈബിയ്യായ കാര്യം മുഅ്ജിസത്തിലൂടെ നബിമാര്‍ക്ക് അറിയിച്ചു കൊടുക്കുമ്പോള്‍ അവര്‍ ഒരിക്കലും സ്വന്തമായി ഗൈബ് അറിയുന്നവരാകുന്നില്ല. അപ്രകാരം കറാമത്തിന്റെ ഭാഗമായി മൂകാശഫാതിലൂടെയോ ഇല്‍ഹാമാതിലൂടെയോ അല്ലാഹു എന്തെങ്കിലും അദൃശ്യമായ കാര്യം വിശ്വാസികള്‍ക്ക് അറിയിച്ചു കൊടുത്താലും അവര്‍ ഗൈബ് അറിയുന്നവരാകുന്നില്ല. മറിച്ച് അവര്‍ക്കെല്ലാം അല്ലാഹു അറിയിച്ചു കൊടുക്കുകയാണ്. അവരാരും ഗൈബ് അറിയുന്നില്ല. അറിയിച്ച് കൊടുക്കാതെ അറിയുമ്പോഴാണ് ‘ഗൈബറിയുന്നവര്‍’ എന്ന് പറയുക. 

യഥാര്‍ഥ ഗൈബും ആപേക്ഷിക ഗൈബുമുണ്ട്. തൊട്ടടുത്ത മുറിയില്‍ എന്ത് നടക്കുന്നു എന്ന് ചുമരിന്റെ തടസ്സം കാരണം ഒരാള്‍ക്ക് സാധാരണനിലയില്‍ അറിയാന്‍ സാധിക്കില്ല. അത് ആപേക്ഷികമായ ഗൈബാണ്. ആ റൂമില്‍ ഒരു നിരീക്ഷണ ക്യാമറയുണ്ടെങ്കില്‍ അവിടെ നടക്കുന്നത് സ്‌ക്രീനിലൂടെ കാണുവാന്‍ അയാള്‍ക്ക് സാധിക്കുകയും ചെയ്യും. ഒരാള്‍ അറിയാത്തത് മറ്റൊരാള്‍ അറിയുന്നു എന്ന കേവലാര്‍ഥത്തില്‍ ഗൈബറിയുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വൂഫികള്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ അര്‍ഥത്തിലല്ല. അവരുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അത് ബോധ്യമാകുന്നതാണ്. അത് കൊണ്ടാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ക്ക് ഈ വിഷയം ജനങ്ങളെ പഠിപ്പിക്കേണ്ടി വന്നത്.  

ഇതൊന്നും അറിയാതെയാണ് ചിലര്‍ കറാമത്തിന്റെ മറവില്‍ ഏത് അദൃശ്യകാര്യവും എപ്പോഴുമറിയാം എന്ന് വാദിക്കുന്നത്. ആരെങ്കിലും തനിക്ക് ഗൈബിയ്യായ കാര്യങ്ങള്‍ അറിയുമെന്ന് വാദിച്ചാല്‍ അവന്‍ കാഫിറാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു അബ്ദുല്‍ വഹാബ്(റഹി) എണ്ണിപ്പറഞ്ഞ കുഫ്‌റിന്റെ അഹ്‌ലുകാരായ അഞ്ച് കൂട്ടരില്‍ പെട്ട ഒരു കൂട്ടര്‍ ഗൈബിയ്യായ അറിവുണ്ടെന്ന് വാദിക്കുന്നവരാണ്. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

 

മുഹമ്മദ് ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

അനുഗ്രഹം നഷ്ടപ്പെടുന്ന കച്ചവടരംഗം‍

അനുഗ്രഹം നഷ്ടപ്പെടുന്ന കച്ചവടരംഗം‍

പുരോഗതിയെ കുറിച്ചാണ് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്; മനുഷ്യജീവിതത്തില്‍ വന്ന വിവിധ രംഗങ്ങളിലുള്ള അത്ഭുതകരമായ പുരോഗതികളെ കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളര്‍ച്ചയും അവ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നവലോകക്രമവും നമ്മുടെ മുന്‍കാല സങ്കല്‍പങ്ങളില്‍ കടന്നുവരിക പോലും ചെയ്യാത്തതും ഉള്‍കൊള്ളാനാവത്തതുമാണ് എന്നതാണ് വസ്തുത.

കച്ചവടമാണ് കൃഷി കഴിഞ്ഞാല്‍ ആദിമ കാലം മുതല്‍ തന്നെ മനുഷ്യന്‍ അവന്റെ വളര്‍ച്ചയുടെ വഴിയില്‍ സ്വീകരിച്ച ഉപാധി. പക്ഷേ, കാലം ചെല്ലുന്തോറും കച്ചവടരംഗത്ത് നന്മയും സത്യസന്ധതയും വിശ്വസ്തതയും നഷ്ടപ്പെടുകയും ചതിയും കളവും കച്ചവടത്തിന്റെ മുഖമുദ്രയായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

കാലം മുന്നോട്ടു പോകുംതോറും മനുഷ്യരുടെ നല്ല ചിന്തകള്‍ക്ക് കോട്ടം തട്ടുകയും ആര്‍ത്തിയും ദുരയും കൂടി വരികയും ചെയ്യുന്നത് സങ്കടകരമായ കാര്യമാണ്. ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധി എന്നതില്‍ നിന്നും കുറഞ്ഞ സമയംകൊണ്ട് ഏത് വിധേനയും കൂടുതല്‍ പണമുണ്ടാക്കാനുള്ള മത്സരങ്ങളിലേക്ക് കച്ചവടരംഗം മാറിയതാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ ആണിക്കല്ല്. ഇത്തരമൊരു സമൂഹത്തില്‍ മാന്യതയും സത്യസന്ധതയും നഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

കച്ചവട രംഗത്ത് ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും വന്നതോടുകൂടി കൃത്രിമത്വം അതിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് കഴിഞ്ഞിരിക്കുന്നു. അമിതമായ ലാഭക്കൊതി മനുഷ്യനെ കീഴടക്കിയപ്പോള്‍ കൂടുതല്‍ പണം നേടുന്നതിനായി ഏതു നെറികെട്ട മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യര്‍ തയ്യാറായിരിക്കുന്നു.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യവസ്തുക്കള്‍ക്ക് വിവിധ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട നമ്മുടെ കൊച്ചു കേരളമാണ് ഇതിന്റെ അതിരൂക്ഷമായ പരിണിത ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ മായമില്ലാതെ കിട്ടുന്നതെന്താണ്? വെളിച്ചെണ്ണയുടെ നൂറുകണക്കിന് ബ്രാന്‍ഡുകളാണ് ദിവസവും പൂട്ടുന്നത്. താമസിയാതെ തന്നെ അവ പുതിയ പേരില്‍ പുറത്തിറങ്ങുന്ന വിരോധാഭാസം വേറെ.

ഹോര്‍മോണ്‍ കുത്തിവെക്കപ്പെടുന്ന കോഴികളുടെ മാംസം… മാരകവിഷം തെളിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും… മായം ചേര്‍ത്ത പലവ്യജ്ഞന സാധനങ്ങള്‍… റെഡ് ഓക്‌സൈഡിനാല്‍ നിറം നല്‍കപ്പെട്ട അരി… എന്തിലും ഏതിലും മായവും വിഷവും!

ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത് മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗമാണ്, അമോണിയം പ്രയോഗം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്.

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇന്ന് ഭക്ഷ്യവസ്തുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി കര്‍ശനമായ പരിശോധനാ ക്രമങ്ങളും അവക്കുവേണ്ടിയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും ക്രമീകരിക്കുന്ന കാലത്താണ് നമ്മുടെ രാജ്യം ഇത്തരം സാമൂഹ്യദ്രോഹികളെ ഒന്നു ഭയപ്പെടുത്താന്‍ പോലുമാകാതെ തരിച്ച് നില്‍ക്കുന്നത്.

മുസ്‌ലിം സഹോദരങ്ങള്‍ ഈ വിഷയത്തില്‍ തിരിച്ചറിയേണ്ട ഗൗരവതരമായ ചില കാര്യങ്ങളുണ്ട്. കച്ചവടത്തെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. പലിശയെ നിഷിദ്ധമാക്കുകയും കച്ചവടത്തെ അനുവദിക്കുകയും മാന്യമായ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മതം. കച്ചവടത്തിന്റെ ലാഭം പ്രതീക്ഷിക്കുന്നിടത്ത് ദൈവാനുഗ്രഹം എടുത്തു പറഞ്ഞ ആദര്‍ശം. ഈ തത്ത്വത്തില്‍ ഊന്നിനില്‍ക്കാന്‍ മുസ്‌ലിം കച്ചവടക്കാര്‍ക്കെങ്കിലും കഴിഞ്ഞാല്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റ് നമുക്ക് നാട്ടില്‍ തിരിച്ച് കൊണ്ടുവരാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. കച്ചവടത്തിലെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആത്യന്തികമായി നമ്മുടെ പരലോകം ശുഭകരമാകും എന്നതിലും രണ്ടഭിപ്രായമില്ല.

”’സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുക” (ക്വുര്‍ആന്‍ 9:119).

നബിﷺ ഒരിക്കല്‍ പള്ളിയിലേക്ക് പോകുകയായിരുന്നു. വഴിയില്‍ കണ്ട കച്ചവടക്കാരോട് അദ്ദേഹം പറഞ്ഞു: ”കച്ചവടക്കാര്‍ അന്ത്യദിനത്തില്‍ അധര്‍മകാരികളായി ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്; അല്ലാഹുവിനെ ഭയപ്പെടുകയും നന്മ കാംക്ഷിക്കുകയും സത്യസന്ധരായി കച്ചവടത്തിലേര്‍പെടുകയും ചെയ്തവനൊഴികെ.”

മറ്റൊരിക്കല്‍ റസൂല്‍ﷺ പറഞ്ഞു: ”കച്ചവടക്കാര്‍ക്ക് വില്‍പനവസ്തു മടക്കാന്‍ സ്വതന്ത്ര്യമുണ്ട്; കച്ചവടം പൂര്‍ത്തിയാകുന്നത് വരെ. അവര്‍ സത്യസന്ധരായാണ് കച്ചവടം നടത്തിയതെങ്കില്‍ അതില്‍ അനുഗ്രഹം ചൊരിയപ്പെടും. മറച്ചുവെച്ചും കളവ് പറഞ്ഞുമാണെങ്കില്‍ അനുഗ്രഹം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.” 

മനുഷ്യന്‍ സമ്പാദിക്കുന്ന നല്ല സമ്പാദ്യങ്ങളില്‍ നബിﷺ എണ്ണിയത് മറച്ചുവെക്കാതെ, വഞ്ചിക്കാതെ നടത്തുന്ന കച്ചവടത്തിലൂടെ നേടുന്ന വരുമാനത്തെയാണ്.

മറ്റൊരിക്കല്‍ ‘വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരന്‍ പരലോകത്ത് പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും” എന്നും തിരുനബിﷺ പറഞ്ഞുവച്ചിട്ടുണ്ട്.

‘മാന്യനായ കച്ചവടക്കാരന് അല്ലാഹുവിന്റെ തണല്‍ ലഭിക്കു’മെന്നും നബിﷺ പറഞ്ഞത് കാണാനാകും.

കൂടുതല്‍ സൂക്ഷ്മത കടന്നുവരേണ്ട രംഗമായി കച്ചവട രംഗം മാറിയിരിക്കുന്നു. എല്ലാവരും കൊള്ളയും ചതിയുമല്ലേ നടത്തുന്നത്, ഞാനായിട്ട് മാറിനിന്നിട്ട് എന്തു കാര്യം എന്ന് ചിന്തിക്കേണ്ടവനല്ല വിശ്വാസി. ഞാന്‍ അത്തരം ദുഷ്പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനിന്നാല്‍ ആ കാരണത്തിലൂടെ അല്ലാഹുവിന്റെ ഇടപെടല്‍ ഭൂമുഖത്തുണ്ടാകും. അത് മുഖേന നന്മകള്‍ പൂക്കുന്ന സാഹചര്യമുണ്ടാകും. കാരണക്കാരനായ എനിക്ക് പരലോകത്ത് ആദരവുകള്‍ ലഭിക്കും എന്ന ബോധം നമ്മെ നയിക്കേണ്ടതുണ്ട്. 

 

ഡോ. മുഹമ്മദ് റാഫി.സി
നേർപഥം വാരിക

ഗൈബ് വിശ്വാസത്തിന്റെ താക്കോല്‍

ഗൈബ് വിശ്വാസത്തിന്റെ താക്കോല്‍

‘മറഞ്ഞത്’ എന്ന് അര്‍ഥം വരുന്ന ‘ഗൈബ്’ എന്ന അറബിപദം ഇസ്‌ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അല്ലാഹുവിന്റെ കാലാതീതമായ അറിവിന്റെ ഭാഗം. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെല്ലാം മറഞ്ഞ കാര്യങ്ങളാണെന്ന വസ്തുത നാം ഓര്‍ക്കുക.

അല്ലാഹു നമുക്ക് അദൃശ്യമാണ്. സ്വര്‍ഗം നമ്മുടെ അറിവുകള്‍ക്കപ്പുറത്താണ്. നരകം നമുക്ക് മറഞ്ഞതാണ്. മരണത്തിനപ്പുറത്തുള്ള ബര്‍സഖിയായ ജീവിതവും ക്വബ്‌റിലെ രക്ഷയും ശിക്ഷയും നമ്മുടെ ഇന്ദ്രിയപരിധിക്കപ്പുറത്താണ്. മലക്കുകള്‍ അദൃശ്യരാണ്. ‘അന്ത്യദിനം’ പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറം നമുക്കജ്ഞാതം… ഇങ്ങനെ വിശ്വാസത്തിന്റെ നെടുംതൂണുകളിലെല്ലാം നാം വിശ്വസിക്കുന്നത് അദൃശ്യമായിട്ടുതന്നെ.

അല്ലാഹു അവന്റെ അറിവിന്റെ ഖജനാവില്‍ നിന്ന് ദിവ്യബോധനത്തിലൂടെ അവന്റെ ദാസന്മാര്‍ക്കറിയിച്ചുകൊടുത്തതിനപ്പുറം അവന്റെ അറിവുകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ ആര്‍ക്കാണാവുക? ഒരാള്‍ക്കും അതിന് സാധ്യമല്ല. പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അദൃശ്യകാര്യം അറിയില്ല.  ക്വുര്‍ആന്‍ ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

”(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല”(ക്വുര്‍ആന്‍ 29:65). 

”…ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല” (ക്വുര്‍ആന്‍ 18:26)

നബി ﷺ യോട് അല്ലാഹു പ്രഖ്യാപിക്കുവാന്‍ പറയുന്നതിതാണ്: ”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?” (ക്വുര്‍ആന്‍ 6:50).

വഹ്‌യിന്റെ പിന്‍ബലമില്ലാതെ മറഞ്ഞ കാര്യങ്ങള്‍ പ്രവാചകന്മാര്‍ പോലും അറിയില്ല എന്നതിന് ക്വുര്‍ആനില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാനാകും.

ഇബ്‌റാഹീം നബി(അ)യുടെ അടുക്കല്‍ മലക്കുകള്‍ വന്നപ്പോള്‍ അദ്ദേഹം അറിയാതെ പോയത്, മൂസാ നബി(അ)യുടെ കൈയിലുള്ള വടി പാമ്പാകുന്നതിന് തൊട്ടുമുമ്പുവരെ എന്ത് സംഭവിക്കുമെന്നദ്ദേത്തിനറിയാതെ പോയത് തുടങ്ങിയവ ഉദാഹരണം.

മുഹമ്മദ് നബി ﷺ തന്നെ പറയുന്നതെന്താണ്? ”എനിക്ക് അദൃശ്യജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ നന്മകള്‍ വര്‍ധിപ്പിക്കുമായിരുന്നു, യാതൊരു തിന്മയും എന്നെ ബാധിക്കില്ലായിരുന്നു” എന്ന്!

നബി ﷺ ക്ക് ജീവിത വഴിയില്‍ പ്രതിസന്ധികള്‍ ഉണ്ടായില്ലേ? എല്ലാം നേരത്തേ അറിയാമായിരുന്നെങ്കില്‍ വഴിമാറി നടക്കാമായിരുന്നില്ലേ?

മക്കക്കാരുടെ ഉപദ്രവം സഹിക്കവയ്യാതെ നബി ﷺ ത്വാഇഫിലേക്ക് പോയപ്പോള്‍ എന്തായിരുന്നു പ്രതീക്ഷ? അവിടെയുള്ള ബന്ധുക്കള്‍ തന്നെ സംരക്ഷിക്കുമെന്ന്! സംഭവിച്ചതോ? അവര്‍ നിഷ്‌ക്കരുണം കല്ലെടുത്തെറിഞ്ഞാട്ടി! 

വറക്വത്ത്ബ്‌നു നൗഫല്‍ ‘മക്കക്കാര്‍ താങ്കളെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും’ എന്ന് പറഞ്ഞപ്പോള്‍ അത്ഭുതം കൂറിയ നബി ﷺ മക്കക്കാര്‍ പുറത്താക്കുന്ന ഘട്ടമെത്തിയപ്പോള്‍ അത്യധികം വേദനിച്ചത് എന്ത്‌കൊണ്ടായിരുന്നു?

ഉഹ്ദ്‌യുദ്ധ വേളയില്‍ തൊട്ടുമുന്നിലുള്ള ചതിക്കുഴിപോലും നബിക്ക് അറിയാതെ പോയത് എന്തുകൊണ്ട്? ഉംറക്ക് വേണ്ടി പോയപ്പോള്‍ ഹുദൈബിയയില്‍ തങ്ങള്‍ തടയപ്പെടും എന്ന് നബി ﷺ ക്ക് അറിയാതെ പോയത് എന്തുകൊണ്ട്?

ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍, സങ്കടങ്ങള്‍, ദുഃഖങ്ങള്‍ നബി ﷺ ക്ക് അനുഭവിക്കേണ്ടി വന്നില്ലേ? എന്തുകൊണ്ട് തൊട്ടുമുന്നിലുള്ള മറഞ്ഞ കാര്യങ്ങള്‍ പോലും അറിയാന്‍ കഴിഞ്ഞില്ല? ദിവ്യബോധനം വഴി അല്ലാഹു അറിയിച്ച് കൊടുത്താലല്ലാതെ അറിയില്ലെന്ന് വ്യക്തം. 

എന്നാല്‍ വഹ്‌യ് മുഖേന അല്ലാഹു അവന്റെ അറിവില്‍ നിന്ന് പ്രവാചകന്മാരെ അറിയിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകന്മാര്‍ മറഞ്ഞകാര്യങ്ങള്‍ അറിയുകയും പറയുകയും ചെയ്ത് പോന്നിട്ടുണ്ട്.

ഇസ്‌ലാമിക വിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും ശ്രദ്ധിച്ചു പോന്നിട്ടുള്ളത് മഹാന്മാര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന ധാരണ സാധാരക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ്.

ഈ അബദ്ധധാരണയിലാണ് സകല ജാറ വ്യവസായങ്ങളും സിദ്ധന്മാരും തങ്ങന്മാരും ബീവിമാരും നിലനിന്ന് പോരുന്നത്. ഈ വിഷയത്തില്‍ ഒരു മുസ്‌ലിമിന്ന് കൃത്യത കൈവന്നാല്‍ അതോടെ അവന്‍ ജാറ പൂജ ഒഴിവാക്കും. സിദ്ധന്മാരെയും തങ്ങന്മാരെയും കയ്യൊഴിയും. ആഗ്രഹ സഫലീകരണത്തിന് അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നവനായി മാറും. അങ്ങനെ യഥാര്‍ഥ ഏകദൈവാരാധകനായി അവന്‍ മാറും.

അതിനാല്‍ തന്നെ ഓരോ സന്ദര്‍ഭത്തിലും മഹാന്മാര്‍ക്ക് മറഞ്ഞ കാര്യമറിയുമെന്ന പിഴച്ച വിശ്വാസം സാധാരണക്കാരില്‍ അടിച്ചേല്‍പിക്കാന്‍ പുരോഹിതന്മാര്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കാറുണ്ട്. അതില്‍ പെട്ട ഒന്നാണ് കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്ത് ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ ഒരു തങ്ങളുടെ പേരില്‍ വ്യാജ കറാമത്ത് സൃഷ്ടിക്കാന്‍ ഒരു മുസ്‌ലിയാര്‍ നടത്തിയ ശ്രമം. 

വിശ്വാസികള്‍ ഇത്തരം ഘട്ടത്തില്‍ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തുന്നവരും ശിര്‍ക്കിന്റെ വഴികളിലേക്ക് പരസ്യമായും രഹസ്യമായും ആളെ കൂട്ടുന്നവരെ തുറന്നെതിര്‍ക്കുന്നതില്‍ അല്‍പം പോലും ശങ്കയില്ലാത്തവരുമായിരിക്കണം. ശിര്‍ക്ക് മനസ്സുകളില്‍ നിന്ന് കുടഞ്ഞെറിയാനുള്ള അവസരമായി ഇതിനെ കാണാനാകണം; യഥാര്‍ഥ വിശ്വാസം അരക്കിട്ടുറപ്പിക്കാനുള്ള സാഹചര്യവും. ആത്യന്തിക വിജയത്തിന്റെ മാര്‍ഗത്തിലായിരിക്കട്ടെ നമ്മുടെ പരിശ്രമങ്ങള്‍.

 

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരിക

യേശുക്രിസ്തു ക്വുര്‍ആനില്‍

യേശുക്രിസ്തു ക്വുര്‍ആനില്‍

മഹാനായ യേശുക്രിസ്തുവിനെ (ഈസാ നബി(അ)) കുറിച്ച് അതിരുകവിഞ്ഞ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന രണ്ട് വിരുദ്ധ ചേരികളാണ് ജൂതരും ക്രിസ്ത്യാനികളും. ജൂതന്മാര്‍ അഥവാ യഹൂദികള്‍ വ്യഭിചാര പുത്രനും വ്യാജ പ്രവാചകനും മരക്കുരിശില്‍ തൂക്കപ്പെട്ട അഭിശപ്തനുമെന്ന് വിധിച്ച് ക്രിസ്തുവിനെ തള്ളിക്കളയുമ്പോള്‍; ദൈവപുത്രനും സാക്ഷാല്‍ ദൈവവും യേശു തന്നെയാണെന്ന് വാദിച്ച് ക്രൈസ്തവര്‍ അതിരുകവിയുന്നു. ഫലത്തില്‍ രണ്ടു വാദവും അതീവ ഗുരുതരം തന്നെ. 

തെളിവുകളുടെ പിന്‍ബലമില്ലാത്തതും ഊഹാപോഹങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ടതുമായ ഇത്തരം അബദ്ധധാരണകളെയും വികല വിശ്വാസങ്ങളെയും മിഥ്യാസങ്കല്‍പങ്ങളെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിﷺയിലൂടെ സ്രഷ്ടാവ് അവതരിപ്പിച്ച ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുകയും തിരുത്തുകയും ഈസാ നബി(അ)യുടെ തെളിമയാര്‍ന്ന വ്യക്തിത്വം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയും ക്രിസ്തുമതമല്ല ക്രിസ്തുവിന്റെ മതമെന്ന് പ്രാമാണികമായി തെളിയിച്ചു കൊടുക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ അടിമ

യേശു അഥവാ ഈസാനബി(അ) ദൈവമോ ദൈവപുത്രനോ അല്ലെന്നും അല്ലാഹുവിന്റെ വിനീതനായ ദാസന്‍ മാത്രമാണെന്നും ക്വുര്‍ആന്‍ പറയുന്നു:

1) ”അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 43:59).

2) ”അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല). അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്” (ക്വുര്‍ആന്‍ 4:172).

3) ”അവന്‍ (കുട്ടിയായ യേശു) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:30).

4) ”ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും” (ക്വുര്‍ആന്‍ 19:93).

അല്ലാഹുവിന്റെ സൃഷ്ടി

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ” (ക്വുര്‍ആന്‍ 5:17).

മനുഷ്യനായ ദൈവദൂതന്‍

”മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്” (ക്വുര്‍ആന്‍ 5:75).

സദ്‌വൃത്തനായ ദൈവദാസന്‍

”…അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും” (ക്വുര്‍ആന്‍ 3:45,46).

പ്രവാചകശൃംഖലയിലെ ഒരു കണ്ണി

”അദ്ദേഹത്തിന് (ഇബ്‌റാഹിമിന്) നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു” (ക്വുര്‍ആന്‍ 6:84-86).

”അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്” (ക്വുര്‍ആന്‍ 19:58).

ദൃഢമനസ്‌ക്കരായ അഞ്ച് ദൂതന്മാരില്‍ ഒരാള്‍

”നൂഹിനോട് കല്‍പിച്ചതും നിനക്ക് (മുഹമ്മദ്‌നബി) നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം – നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു…”(ക്വുര്‍ആന്‍ 42:13).

ജനനത്തില്‍ സവിശേഷത

”അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു” (ക്വുര്‍ആന്‍ 3:59).

വചനവും ആത്മാവും

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി” (ക്വുര്‍ആന്‍ 4:171).

അന്ത്യനാളിന്റെ അടയാളം

”തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പറ്റി നിങ്ങള്‍ സംശയിച്ചുപോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത” (ക്വുര്‍ആന്‍ 43:61).

ദൈവികദൃഷ്ടാന്തം

”മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 23:50).

പരിശുദ്ധാത്മാവിന്റെ പിന്‍ബലം

”ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്. മര്‍യമിന്റെ മകന്‍ ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്” (ക്വുര്‍ആന്‍ 2:253).

യോഹന്നാന്‍ സ്‌നാപകനാല്‍ സത്യപ്പെടുത്തപ്പെട്ടു

”അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം മിഹ്റാബില്‍ പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ (ഈസയെ) ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍” (3:38,39)

ഇസ്‌റാഈല്‍ ജനതയിലേക്കുള്ള ദൈവദൂതന്‍

”…അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും…” (ക്വുര്‍ആന്‍ 3:48,49).

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇ്‌റസാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍…” (ക്വുര്‍ആന്‍ 61:6). 

മോശെ (മൂസാ) പ്രവാചകന്റെ ന്യായപ്രമാണത്തെ (തൗറാത്ത്) സത്യപ്പെടുത്തി

”എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍” (ക്വുര്‍ആന്‍ 3:50).

ദൈവത്തിന്റെ സുവിശേഷം (ഇന്‍ജീല്‍) പഠിപ്പിച്ചു

”അവരെ(ആ പ്രവാചകന്‍മാരെ)ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്”(ക്വുര്‍ആന്‍ 5:46).

”പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി…”(ക്വുര്‍ആന്‍ 57:27).

മുഹമ്മദ് നബിﷺയുടെ വരവിനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്‌റാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍…” (ക്വുര്‍ആന്‍ 61:6). 

ഏകദൈവ വിശ്വാസത്തിലേക്ക് ഇസ്‌റാഈല്യരെ വിളിച്ചു

”(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം” (ക്വുര്‍ആന്‍ 19:36).

ഏക സത്യദൈവമായ അല്ലാഹുവോട് മാത്രം പ്രാര്‍ഥിച്ചു

”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: (പ്രാര്‍ഥിച്ചു) ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ” (ക്വുര്‍ആന്‍ 5:114).

ബഹുദൈവ വിശ്വാസത്തിന്റെ ഗൗരവം മനുഷ്യരെ ബോധ്യപ്പെടുത്തി

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ്” (ക്വുര്‍ആന്‍ 5:72).

നമസ്‌കാരവും നിര്‍ബന്ധദാനവും നിര്‍വഹിച്ചു

”ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 19:31).

മാതാവിന് നന്മ ചെയ്ത് നല്ല മകനായി ജീവിച്ചു

”അവന്‍(അല്ലാഹു) (എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല”(ക്വുര്‍ആന്‍ 19:32).

അല്ലാഹുവിന്റെ അനുമതി പ്രകാരം അത്ഭുത പ്രവര്‍ത്തികള്‍ ചെയ്തു

”ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍” (ക്വുര്‍ആന്‍ 3:49).

മര്‍യമിന്റെ മകന്‍ ഈസാ എന്ന പേരില്‍ അറിയപ്പെട്ടു

”ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ?…” (ക്വുര്‍ആന്‍ 5:112).

”മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു” (ക്വുര്‍ആന്‍ 3:45).

ഇതാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന യേശുക്രിസ്തു

”അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ഥമായ വാക്കത്രെ ഇത്” (ക്വുര്‍ആന്‍ 19:34).

”തീര്‍ച്ചയായും ഇത് യഥാര്‍ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും” (ക്വുര്‍ആന്‍ 3:62).

 

സലീം പട്‌ല
നേർപഥം വാരിക

പ്രകൃതത്തെ കണ്ടറിയുന്ന സാമര്‍ഥ്യം

പ്രകൃതത്തെ കണ്ടറിയുന്ന സാമര്‍ഥ്യം

ഒരു കുടുംബത്തിന്റെ രണ്ട് അടിസ്ഥാന ചക്രങ്ങളാണല്ലോ ഭര്‍ത്താവും ഭാര്യയും. രണ്ട് അറ്റങ്ങളില്‍ നിന്ന് കടന്നുവന്ന് ഒന്നായവര്‍. ജീവിതപാത ഒന്നിച്ച് താണ്ടിത്തീര്‍ക്കേണ്ടവര്‍. ഓരോ മനുഷ്യനും ഓരോ പ്രകൃതത്തിലാണ് ഊട്ടപ്പെട്ടിട്ടുള്ളതെന്നതിനാല്‍ രണ്ടുപേര്‍ക്കും ഒരേ പ്രകൃതവും ഒരേ താല്‍പര്യവും ഉണ്ടാവുക സംഭവ്യമല്ല. വ്യത്യസ്ത പ്രകൃതങ്ങള്‍ തമ്മില്‍ സമരസപ്പെട്ട് പോകാനും അവ പരിക്കില്ലാത്ത വിധം വകവെച്ച് കൊടുക്കാനും സാധിച്ചാല്‍ ഈ ജീവിതയാത്ര മധുരമുള്ളതും മധുവൂറുന്നതും ആകും. വ്യത്യസ്ത പ്രകൃതങ്ങള്‍ പൊട്ടലിനും ചീറ്റലിനും കാരണമാവേണ്ടതില്ല. വെള്ളത്തെ തിളപ്പിക്കാന്‍ തീയിന് കഴിയും എന്നപോലെ തീയിനെ കെടുത്താന്‍ വെള്ളത്തിനും കഴിയും എന്ന് തിരിച്ചറിഞ്ഞാല്‍ അവ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സമാധാനവും സുരക്ഷിതബോധവും വളര്‍ത്തും. ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ ‘കിതാബുന്നിക്കാഹി’ല്‍ കൊടുത്ത ഒരു തലക്കെട്ട് ‘അരിശം’ എന്നതാണ്. പെണ്ണുങ്ങള്‍ക്കിടയില്‍ പരസ്പരവും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ഉണ്ടായേക്കാവുന്ന ഈ പ്രതിഭാസത്തിന്റെ ഉദാഹരണമായി കൊടുത്ത ഒരു ഹദീഥില്‍ നമുക്ക്; പ്രത്യേകിച്ച് കുടുംബിനികള്‍ക്ക് നല്ല പാഠങ്ങള്‍ ഉണ്ട്.

അബൂബക്കറി(റ)ന്റെ മകള്‍ അസ്മാഅ് പറയുന്നതിന്റെ ചുരുക്കം ഇതാണ്: ‘പരമദരിദ്രനായ സുബൈറിനാണ് എന്നെ വിവാഹം ചെയ്തുകൊടുത്തത്. തന്റെ ഒരു കുതിരയും സാധാരണ ഉപയോഗിക്കുന്ന ഒരു ഒട്ടകവുമല്ലാതെ അദ്ദേഹത്തിന് ഒന്നുമില്ല. കുതിരയെ കുളിപ്പിക്കലും തീറ്റിക്കലുമടക്കം എല്ലാം ഞാനൊറ്റക്കായിരുന്നു ചെയ്യേണ്ടിയിരുന്നത്. എനിക്ക് നന്നായി റൊട്ടിയുണ്ടാക്കാന്‍ പോലും അറിയില്ല. അയല്‍വാസികളായ നല്ല സ്ത്രീകള്‍ എന്നെ സഹായിക്കും. ഞങ്ങള്‍ക്ക് പ്രവാചകന്‍ ﷺ  വിട്ടുതന്ന ചെറിയ ഒരു സ്ഥലത്ത് കൃഷിയിറക്കിയേടത്തുനിന്ന് വിത്തുകള്‍ നിറച്ച കൊട്ടയും തലയില്‍ പേറി ഞാന്‍ പോകുമ്പോള്‍ ഒരു കൂട്ടം സ്വഹാബികളോടൊപ്പം വരുന്ന നബി ﷺ  എന്നെ കണ്ടു. തന്റെ വാഹനം നിര്‍ത്തി കൂടെ വാഹനപ്പുറത്ത് കയറിക്കൊള്ളാന്‍ നബി ﷺ  പറഞ്ഞു. പക്ഷേ, ആണുങ്ങളോടൊപ്പമുള്ള യാത്ര എനിക്ക് ലജ്ജയായി. മാത്രവുമല്ല എന്റെ ഭര്‍ത്താവിന്റെ ‘അരിശം’ എനിക്ക് ഓര്‍മയും വന്നു. അദ്ദേഹം ഇത്തരം കാര്യങ്ങളില്‍ നല്ല അരിശക്കാരനായിരുന്നു. എനിക്ക് കൂടെ കയറാന്‍ താല്‍പര്യമില്ലാത്തതും എന്റെ നാണവും നബിക്ക് മനസ്സിലായി. നബി ﷺ  കടന്നുപോയി.’

ഭര്‍ത്താവ് സുബൈറിനോട് അസ്മാഅ്(റ) നബി ﷺ  വാഹനത്തില്‍ കയറാന്‍ പറഞ്ഞതും എന്നിട്ട് നാണം കൊണ്ട് കയറിയില്ല എന്നതും പറഞ്ഞു. ‘നിങ്ങളുടെ ദേഷ്യവും അരിശവും എനിക്ക് നല്ലവണ്ണമറിയാമല്ലോ’ എന്നും അവര്‍ സൂചിപ്പിച്ചു. സുബൈര്‍(റ) ഭാര്യയോട് പറഞ്ഞു: ‘അസ്മാ, നീ ആ കൊട്ടയും തലയിലേറ്റി വരുന്നതിനെക്കാള്‍ എനിക്ക് പ്രയാസമുള്ളതായിരുന്നില്ല നീ നബി ﷺ യുടെ കൂടെ കയറുന്നത്.’

മറ്റൊരിക്കല്‍ ദരിദ്രനായ ഒരാള്‍ ഇവരുടെ അടുക്കല്‍ വന്ന് വീടിന്റെ അടുത്ത് ഒരു കച്ചവടം തുടങ്ങാന്‍ അനുവാദം ചോദിച്ചു. സുബൈര്‍(റ) സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അത്. ‘ഞാന്‍ നിന്നെ സമ്മതിച്ചാല്‍ സുബൈറും അത് സമ്മതിച്ചുകൊള്ളണമെന്നില്ല. സുബൈര്‍ ഉള്ള നേരത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നീ എന്നോട് ചോദിക്ക്. അപ്പോള്‍ പറയാം’ എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ മടക്കിവിട്ടു. അദ്ദേഹം മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് സുബൈര്‍(റ) വീട്ടിലുള്ള നേരത്ത് ചെന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഉമ്മു അബ്ദുല്ലാഹ്, ഞാന്‍ ദരിദ്രനായ ഒരാളാണ്. എനിക്ക് നിങ്ങളുടെ വീടിന്റെ ചാരത്ത് ഒരു കച്ചവടത്തിന് അനുവാദം തരണം.’ അപ്പോള്‍ അസ്മാഅ്(റ) ചോദിച്ചു: ‘ഈ പട്ടണത്തില്‍ നീ എന്റെ വീടല്ലാതെ മറ്റൊന്നും കണ്ടില്ലേ?’  അതു കേട്ട സുബൈര്‍(റ) അവരോട് ചോദിച്ചു: ‘അസ്മാ… ഒരു പാവം ദരിദ്രനെ എന്തിനാണ് നീ തടയുന്നത്?’ അങ്ങനെ അയാള്‍ അവിടെ കച്ചവടം തുടങ്ങി.

എത്ര മാതൃകാപരമായാണ് മഹതി അസ്മാഅ്(റ) ഇവിടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്! എത്ര പാഠങ്ങളാണ് ഈ സംഭവങ്ങള്‍ നമ്മുടെ ഭവനങ്ങള്‍ക്ക് വെളിച്ചമായി നല്‍കുന്നത്! നാട്ടിലെ അറിയപ്പെടുന്ന, കുലീനവും സമ്പന്നവുമായ തറവാട്ടിലെ മഹാനായ  ഒരു മനുഷ്യന്റെ മകളെ ദരിദ്രനായ ഒരു ചെറുപ്പക്കാരന് വിവാഹം ചെയ്തുകൊടുത്ത ചിത്രം ഇവിടെയുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലെ നിത്യവേലകളില്‍ സന്തോഷത്തോടെ ഭാഗഭാക്കാവുന്ന ഒരു കുടുംബിനിയെ നാം ഇവിടെ കാണുന്നു. ഒരു ഭാര്യ എല്ലാം അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കേണ്ടതില്ല എന്ന കാര്യം ഭര്‍ത്താക്കന്മാരെ പഠിപ്പിക്കുന്നു. റൊട്ടിയുണ്ടാക്കാന്‍ ഞാന്‍ വിദഗ്ധയല്ലെന്ന് അവര്‍ പറയുമ്പോള്‍  അതാണ് വ്യക്തമാകുന്നത്. അയല്‍വാസികളെക്കുറിച്ച് നല്ലത് പറയുന്ന ഒരു നല്ല അയല്‍ക്കാരിയെ നാം കാണുന്നു. ഇതിനെല്ലാം പുറമെ തന്റെ ഭര്‍ത്താവിന്റെ കഴിവുകളെയും കഴിവുകേടുകളെയും കണ്ടറിഞ്ഞ് പെരുമാറുന്നു. തന്റെ ആത്മ മിത്രത്തിന്റെ മകള്‍, തലയില്‍ കൊട്ടയും പേറി നടന്നുവരുന്നത് കണ്ട വിഷമത്താല്‍ തന്റെ വാഹനത്തില്‍ കയറാന്‍ പറഞ്ഞ നബി ﷺ യുടെ ക്ഷണം അവര്‍ നിരസിക്കുന്നതിലെ പ്രധാന കാരണം ഭര്‍ത്താവ് സുബൈറി(റ)ന്റെ പ്രകൃതം ഓര്‍ത്തിട്ട് കൂടിയാണ്. തന്നെ ക്ഷണിക്കുന്നത് അല്ലാഹുവിന്റെ ദൂതനാണെങ്കിലും ഭര്‍ത്താവിന് അരിശം തോന്നിപ്പിക്കുകയോ മനസ്സില്‍ വെറുപ്പുണ്ടാക്കുകയോ ചെയ്‌തെങ്കിലോ എന്നു കരുതി അവരത് നിഷേധിച്ചു. മാത്രവുമല്ല ഇവിടെ അസ്മാഅ്(റ) തന്റെ ഭര്‍ത്താവിനോട് തുറന്നു പറയുന്നു. ഭര്‍ത്താവിന്റെ ഇഷ്ടത്തെയും അനിഷ്ടത്തെയും മുഖവിലക്കെടുക്കുന്നതില്‍ ഭാര്യയെന്ന നിലയ്ക്ക് എനിക്ക് ഒട്ടും വിഷമമില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകകൂടി ചെയ്യുന്നു. സുബൈര്‍(റ) പറഞ്ഞതാകട്ടെ ‘നീ ആ കൊട്ടയും തലയിലേറ്റി വരുന്നതിനെക്കാള്‍ എനിക്ക് പ്രയാസമുള്ളതായിരുന്നില്ല നീ നബി ﷺ യുടെ കൂടെ കയറുന്നത്’ എന്നാണ്. ഭാര്യയുടെ അധ്വാനത്തെയും ത്യാഗസന്നദ്ധതയെയും അദ്ദേഹം വിലവയ്ക്കുകയും അംഗീകരിക്കുകയും അവളോടുളള അലിവ് പ്രകടമാക്കുകയും ചെയ്യുന്നു. തന്റെ ഇണയെ കുറിച്ച് എത്ര മതിപ്പായിരിക്കും സുബൈര്‍(റ) എന്ന ഭര്‍ത്താവിന്ന് ഉണ്ടായിട്ടുണ്ടാവുക!

രണ്ടാമത്തെ സംഭവം ഇതിനെക്കാള്‍ ചിന്തനീയമാണ്. ദരിദ്രനായ മനുഷ്യന്‍ വന്ന് വീടിനടുത്ത് കച്ചവടത്തിന് അനുവാദം ചോദിച്ചപ്പോഴും ഭര്‍ത്താവിന്റെ പ്രകൃതത്തെ മനസ്സിലാക്കി ആ ഭാര്യ പ്രതികരിക്കുന്നു. ദരിദ്രനെ നിരാശപ്പെടുത്തുന്നുമില്ല. പിന്നീടയാള്‍ ഭര്‍ത്താവിന്റെ മുമ്പില്‍വച്ച് അനുവാദം ചോദിക്കുന്നു. അസ്മാഅ്(റ) താല്‍പര്യമില്ലാത്ത രീതിയില്‍ മറുപടി പറയുന്നു. ഒടുക്കം ഭര്‍ത്താവ് അനുവാദം കൊടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. അപ്പോള്‍ ഈ ഭര്‍ത്താവിന്റെ മാനസിക നിലവാരം എത്ര ഉയര്‍ന്നു! അസ്മാഅ് എന്ന കുടുംബിനിക്ക് ഭര്‍ത്താവിന്റെ ഒരു അനിഷ്ടത്തിനും പാത്രമാകേണ്ടിവന്നില്ല. ഭര്‍ത്താവിനാകട്ടെ ഭാര്യയോടുള്ള മതിപ്പും സ്‌നേഹവും വര്‍ധിക്കുന്ന രൂപത്തില്‍ സംതൃപ്തി ലഭിച്ചു. അങ്ങനെ കുടുംബത്തിന്റെ സമാധാന മേല്‍ക്കൂരയുടെ ആണിയായി വര്‍ത്തിക്കാന്‍ ഈ മഹതിയുടെ നിലപാടുകള്‍ക്ക് സാധിച്ചു. അരിശക്കാരനായ ഭര്‍ത്താവിന്റെ സമര്‍ഥയായ ഭാര്യയായിരുന്നു അസ്മാഅ്(റ). അതെ, പ്രകൃതത്തെ കണ്ടറിയുന്ന സാമര്‍ഥ്യം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

എല്ലാം അറിയുന്നവനും അല്‍പം മാത്രം അറിയുന്നവരും

എല്ലാം അറിയുന്നവനും അല്‍പം മാത്രം അറിയുന്നവരും

മനുഷ്യരായ നാം ഈ ഭൂമിയില്‍ പിറന്നുവീണത് യാതൊന്നും അറിയാത്തവരായിക്കൊണ്ടാണ്. അല്ലാഹു പറയുന്നു:

”നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി” (ക്വുര്‍ആന്‍ 16:78).

കേള്‍വിയുടെയും കാഴ്ചയുടെയും അനുഭവങ്ങളുടെയും പഠനത്തിന്റെയും ഗവേഷണ- നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നു. ഇന്നലെവരെ അറിയാത്ത ഒരു കാര്യം നാം ഇന്ന് അറിയുന്നു. ഇതുവരെ നാം ശരിയെന്ന് ധരിച്ച പലതും തെറ്റാണെന്ന് പഠനങ്ങള്‍ നമ്മെ അറിയിക്കുന്നു. ഇന്നുവരെ  തെറ്റെന്ന് ധരിച്ച പലതും ശരിയാണെന്നും പിന്നീട് നമുക്ക് ബോധ്യമാകുന്നു. വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയ, അറിവിന്റെ വ്യത്യസ്തമായ സോപാനങ്ങള്‍ കയറിയിറങ്ങിയ വലിയ പണ്ഡിതന്മാര്‍ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ഉന്നതങ്ങളില്‍ എത്തിപ്പിടിച്ച വലിയ അറിവാളന്മാര്‍ ലോകത്ത് ജീവിച്ചുമരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര വലിയ അറിവ് നേടിയവരും സമ്മതിക്കുന്ന ഒരു കാര്യമാണ് തങ്ങള്‍ അറിഞ്ഞതിനെക്കാളും എത്രയോ കാര്യങ്ങള്‍ അറിയാത്തതായി ഉണ്ട് എന്ന്. താന്‍ മനസ്സിലാക്കാത്ത കോടാനുകോടി കാര്യങ്ങള്‍ ഈ ലോകത്തുണ്ട് എന്നത് ഏതൊരു പണ്ഡിതനും അംഗീകരിക്കുന്ന കാര്യമാണ്.

എന്നാല്‍ മനുഷ്യരുടെ സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ പ്രത്യേകത അവന്റെ അറിവ് വിശാലമാണ് എന്നതാണ്. അതിന് പരിധിയും പരിമിതിയുമില്ല. അല്ലാഹു പറഞ്ഞു:

”നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു” (ക്വുര്‍ആന്‍ 20:98).

നമുക്ക് രഹസ്യമായതും പരസ്യമായതും, ദൃശ്യമായതും അദൃശ്യമായതും എല്ലാം അല്ലാഹു അറിയുന്നുണ്ട്. രാത്രിയുടെ ഇരുട്ടില്‍ നടക്കുന്ന കാര്യങ്ങളും പകലിന്റെ വെളിച്ചത്തില്‍ നടക്കുന്ന കാര്യങ്ങളുമെല്ലാം അവനെ സംബന്ധിച്ച് ഒരുപോലെയാണ്. ഇന്നലെകളില്‍ നടന്നതും ഇന്ന് നടന്നു കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതും ലോകത്ത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ സകല കാര്യങ്ങളും അവന്‍ അറിയാതെപോകുന്നില്ല. എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, എല്ലാ സൃഷ്ടികളെ പറ്റിയും സൂക്ഷ്മവും കൃത്യവും വ്യക്തവുമായി അറിയുന്നവനാണ് അല്ലാഹു.

”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല” (ക്വുര്‍ആന്‍ 6:59).

കടലിലും കരയിലും നടക്കുന്ന എല്ലാം അല്ലാഹു അറിയുന്നു. മറ്റാര്‍ക്കാണത് അറിയാന്‍ സാധിക്കുക? കടലിലെ തിരമാലകളുടെ എണ്ണവും കടല്‍ത്തീരത്തെ മണല്‍തരികളുടെ കണക്കും സാഗരങ്ങളില്‍ നീന്തിതുടിക്കുന്ന മത്സ്യങ്ങളുടെ എണ്ണവും മാത്രമല്ല; അവയുടെ അവസ്ഥകളും അവന്‍ അറിയുന്നു. ലോകത്തെ കോടാനുകോടി വൃക്ഷങ്ങളിലെ ഏതെങ്കിലും ഒരു വൃക്ഷത്തില്‍ നിന്ന് ഒരു ഇല കൊഴിഞ്ഞു വീഴുന്നുണ്ടെങ്കില്‍ അതുപോലും  അവനറിയാതെ നടക്കുന്നില്ല. വനാന്തരങ്ങളിലെ നിഗൂഢ രഹസ്യങ്ങളും സമുദ്രാന്തര്‍ഭാഗങ്ങളിലെ അവസ്ഥകളും അവന്‍ അറിയുന്നു. ഹൃദയങ്ങള്‍ ഒളിച്ചുവെക്കുന്ന രഹസ്യങ്ങള്‍ പോലും അവന്‍ അറിയുന്നു.

”കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു” (ക്വുര്‍ആന്‍ 40:19).

”ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 64:4).

‘കണ്ണില്‍ കാണാത്തതും ക്വല്‍ബകത്തുള്ളതും കണ്‍കൊണ്ട് കണ്ടപോല്‍  കാട്ടിപ്പറയുന്ന’ ഖോജമാരെ പരിചയപ്പെടുത്തുന്ന കെട്ടുകഥകളും കെട്ടുപാട്ടുകളും ഇസ്‌ലാമിന് അന്യമാണ്. എത്ര വലിയ ജഞാനിയും മുത്തക്വിയുമാണെങ്കിലും അയാള്‍ക്ക് എല്ലാകാര്യങ്ങളും അറിയാനുള്ള കഴിവുണ്ടാകില്ല എന്ന വസ്തുത ബുദ്ധിയും ചിന്തയുമുള്ള ഏതൊരാള്‍ക്കുമറിയാവുന്ന കാര്യമാണ്. തങ്ങള്‍ക്ക് വരാനിരിക്കുന്ന രോഗങ്ങളെപ്പറ്റിയും അപകടങ്ങളെ സംബന്ധിച്ചും അറിയാത്ത ആളുകളാണ് ആള്‍ദൈവങ്ങളും സിദ്ധന്മാരുമായി വിലസുന്നവരെല്ലാം എന്ന കാര്യം വര്‍ത്തമാനകാല സംഭവങ്ങളില്‍നിന്നുതന്നെ നാം മനസ്സിലാക്കുന്നു. ‘ആള്‍ദൈവങ്ങള്‍’എന്തിനാണ് ബഹുഭാഷാ പണ്ഡിതന്മാരെ കൂടെ കൊണ്ടുനടക്കുന്നത്? അവര്‍ക്ക് എല്ലാം അറിയാമെങ്കില്‍ കൂടെ ബഹുഭാഷാ പണ്ഡിതന്മാരുടെ ആവശ്യമെന്ത്? സകല രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശാന്തി നല്‍കുന്നവര്‍ സ്വന്തമായി ആശുപത്രികള്‍ നടത്തുന്നതും തങ്ങള്‍ക്ക് രോഗം വന്നാല്‍ ഏറ്റവും മുന്തിയ ആശുപത്രിയില്‍ പോകുന്നതും വിരോധാഭാസമല്ലേ?

മനുഷ്യന്‍ നിസ്സാരനാണെന്നും അവന്റെ അറിവിനും കഴിവിനും പരിമിതിയുണ്ടെന്നും നാം മനസ്സിലാക്കുക. അല്ലാഹു പറയുന്നു:

 ”അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല” (ക്വുര്‍ആന്‍ 17:85).

എന്നാല്‍ സ്രഷ്ടാവ് അങ്ങനെയല്ല. അവന്‍ ഒരു നിലയ്ക്കും സൃഷ്ടികെള പോലെയല്ല. ഒരു മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ് തന്നെ അവന്‍ ആരായിത്തീരുമെന്നും അവന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നും അവന്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കുമെന്നും അവനെ എന്തെല്ലാം ദുരന്തങ്ങള്‍ ബാധിക്കുമെന്നും അല്ലാഹു അറിയുന്നു. ഇത് മനുഷ്യന്റെ വിഷയത്തില്‍ പരിമിതമല്ല. ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളെ പറ്റിയും ഗ്രഹങ്ങളെ പറ്റിയും അവയിലെ വസ്തുക്കളെ പറ്റിയും തുടങ്ങി സൂക്ഷ്മവും സ്ഥൂലവുമായ എല്ലാമെല്ലാം അവന്‍ അറിയും. അവന്‍ അറിയാത്ത യാതൊന്നുമില്ല.

”ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും (അവന്റെ അറിവുകൊണ്ടും, കഴിവുകൊണ്ടും) അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 57:4).

”ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 3:5).

രാത്രിയുടെ ഇരുളില്‍ ചെയ്യുന്ന തെറ്റുകളും, ആരും കാണാതെ മോഷ്ടിക്കുന്നതും, കച്ചവടത്തില്‍ കള്ളത്തരം കാട്ടുന്നതും, വസ്തുക്കളില്‍ മായം ചേര്‍ക്കുന്നതും, മാതാപിതാക്കളെ ഉപദ്രവിക്കുന്നതും,  ഭര്‍ത്താവിനെ വഞ്ചിക്കുന്നതും, ഭാര്യയെ ചതിക്കുന്നതും, അയല്‍വാസിയെ ഉപദ്രവിക്കുന്നതും എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു അറിയുന്നു എന്ന് മനസ്സിലാക്കുന്ന മനുഷ്യന്റെ ജീവിതത്തില്‍ സൂക്ഷ്മതയും ഭയഭക്തിയും കൈവരുമെന്നതില്‍ സംശയമില്ല.  

അല്ലാഹു എല്ലാം അറിയുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ക്ക്  രഹസ്യമായോ പരസ്യമായോ തിന്മകള്‍ ചെയ്യാന്‍ സാധിക്കുകയില്ല. വല്ല അബദ്ധവും പറ്റിപ്പോയാല്‍ തന്നെ അവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യും. അവന്‍  നന്മ നിറഞ്ഞ ജീവിതം മാത്രമെ നയിക്കുകയുള്ളൂ. ‘എന്റെ റബ്ബ് എന്റെ മനസ്സിന്റെ വികാര-വിചാരങ്ങളും വ്യസനങ്ങളും ആവശ്യങ്ങളും കൃത്യമായി അറിയുന്നവനാണ്’ എന്ന ബോധത്തോടുകൂടി അവന്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും എല്ലാം അവനില്‍ ഏല്‍പിക്കുകയും ചെയ്യും.

 

മുനവ്വര്‍ ഫൈറൂസ്
നേർപഥം വാരിക

അബൂമഹദൂറ അല്‍ജുഹ്മി (റ)

അബൂമഹദൂറ അല്‍ജുഹ്മി (റ)

അബ്ദുല്ലാഹ് ബിന്‍ മുഹൈരിജ് ശാമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് തന്റെ യജമാനനായ അബൂമഹദൂറ(റ)യോട് ചോദിച്ചു: ”നിങ്ങള്‍ (അബൂ മഹദൂറ) എങ്ങനെയാണ് ബാങ്ക് വിളിക്കാന്‍ ആരംഭിച്ചത് എന്ന് ശാമിലെ ജനങ്ങള്‍ എന്നോട് ചോദിക്കും. അപ്പോള്‍ അവരോട് ഞാന്‍ എന്ത് പറയും?”

അപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ മുഹൈരിജി(റ)ന് അബൂമഹദൂറ(റ) അദ്ദേഹത്തിന് സന്മാര്‍ഗം കിട്ടിയ ചരിത്രം വിവരിച്ചു കൊടുത്തു: ”ഞാന്‍ ഒരു സംഘം ആളുകളുമായി യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഹുനൈന്‍ യുദ്ധം കഴിഞ്ഞ്തിരിച്ചുവരികയായിരുന്ന പ്രവാചകനും സംഘവും വിശ്രമത്തിന് വേണ്ടി വഴിയില്‍ തമ്പടിച്ചു. പ്രവാചകന്റെമുഅദ്ദിന്‍ നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കാന്‍ ആരംഭിച്ചു. ബാങ്കിന്റെ ശബ്ദം ഞങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി അനുഭവപ്പെട്ടു. ഞങ്ങള്‍ ബാങ്കിനെ പരിഹാസ്യമായി അനുകരിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ബാങ്കുവിളി കേള്‍ക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ബാങ്ക് വിളിച്ചു കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ  സ്വഹാബത്തിനെ വിട്ട് ഞങ്ങളെ പിടിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങളെ പ്രവാചകന്റെ മുന്നിലിരുത്തി. ‘നിങ്ങളില്‍ ആരാണ് ഉച്ചത്തില്‍ ബാങ്ക് കൊടുത്തത്?’ പ്രവാചകന്‍ ഞങ്ങളോട് ചോദിച്ചു.

എന്റെ സംഘത്തിലുണ്ടായിരുന്ന ആളുകള്‍ എല്ലാവരും എന്നിലേക്ക് വിരല്‍ ചൂണ്ടി. അവര്‍ പറഞ്ഞത് സത്യമായിരുന്നു. ഞാനാണ് ഉച്ചത്തില്‍ ബാങ്കിനെ കളിയാക്കി ശബ്ദം ഉണ്ടാക്കിയത്.

എന്റെ സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പ്രവാചകന്‍ വെറുതെവിട്ടു, എന്നെ മാത്രം അവിടെ പിടിച്ചിരുത്തി. എന്നിട്ട് എന്നോട് പറഞ്ഞു: ‘എഴുന്നേറ്റ് നമസ്‌കാരത്തിന് വിളിക്കൂ.’

അങ്ങനെ ഞാന്‍ എഴുന്നേറ്റു. ബാങ്ക് വിളിക്കാന്‍ നില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂലിനെക്കാള്‍ ഞാന്‍ വെറുക്കുന്ന ഒരു വ്യക്തിയോ, അദ്ദേഹം പറയുന്നതിനെക്കാള്‍ വെറുക്കുന്ന ഒന്നോ വേറെ ഉണ്ടായിരുന്നില്ല. പ്രവാചകന്‍ എനിക്ക് ബാങ്കിന്റെ വാക്കുകള്‍ നേരിട്ട് പറഞ്ഞുതന്നു. ഞാന്‍ അദ്ദേഹം പറഞ്ഞ പോലെ പറഞ്ഞു.

ബാങ്ക് വിളി പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം എന്നെ അടുത്ത് വിളിക്കുകയും എനിക്ക് ഒരു കിഴി വെള്ളി നാണയങ്ങള്‍ സമ്മാനമായി തരികയും ചെയ്തു. പ്രവാചകന്‍ എന്റെ നെറ്റിയില്‍ കൈ വെച്ചു. തുടര്‍ന്ന് മുഖത്തും നെഞ്ചിലൂടെയും തടവി കൈ പൊക്കിള്‍ വരെ കൊണ്ടുവന്നു. ശേഷം എനിക്ക് വേണ്ടി ‘അല്ലാഹു നിങ്ങളെ അനുഗ്രഹിക്കുകയും അനുഗ്രഹങ്ങള്‍ അയക്കുകയും ചെയ്യട്ടെ’ എന്ന് പ്രാര്‍ഥിച്ചു.

ഞാന്‍ പറഞ്ഞു: ‘പ്രവാചകരേ, എന്നെ മക്കയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുമോ?’

പ്രവാചകന്‍ എനിക്ക് അതിനുള്ള അനുമതി നല്‍കി. അപ്പോള്‍ ലോകത്തില്‍ പ്രവാചകനെക്കാള്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി വേറെ ആരും ഉണ്ടായിരുന്നില്ല. പ്രവാചകനോടുള്ള എന്റെ വെറുപ്പ് അദ്ദേഹത്തോടുള്ള സ്‌നേഹമായി മാറി.

മക്കയിലെ ഗവര്‍ണറായ അത്താബ് ബിന്‍ ആസിദിന്റെ അടുത്തെത്തി പ്രവാചകന്‍ എന്നെ മക്കയിലെ ബാങ്കുവിളിക്കാരനാക്കിയ വിവരം അദ്ദേഹത്തെ അറിയിച്ചു.  

ഇതാണ് അബൂമഹദൂറ(റ)ക്ക് സന്മാര്‍ഗം കിട്ടിയ ചരിത്രം. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ 16 വയസ്സായിരുന്നു പ്രായം. അബൂമഹദൂറ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ആഗ്രഹിച്ചത് ബാങ്ക് കൊടുക്കാനുമാണ്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ബാങ്ക് കൊടുത്തിരുന്നത് അബൂമഹദൂറ(റ)യും അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. അബൂമഹദൂറ അല്‍ജുഹ്മി മക്കയിലെ ക്വുറൈശ് ഗോത്രത്തിലാണ് ജനിച്ചത്. ഹിജ്‌റ 58ല്‍ മക്കയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. നബി ﷺ യുടെ സ്വഭാവ വൈശിഷ്ട്യത്തിന്റെയും കാരുണ്യത്തിന്റെയും തെളിവാണ് ഈ ചരിത്രം.

അല്ലാഹു പറയുന്നു: ”(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യംകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു…” (ക്വുര്‍ആന്‍ 3:159).

 

മുഹമ്മദ് ശമീല്‍
നേർപഥം വാരിക