നബി ചരിത്രം - 49: ഹിജ്റ നാലാം വർഷം [ഭാഗം: 03]

ബനൂ നളീർ യുദ്ധം
റബീഉൽ അവ്വൽ മാസത്തിലാണ് ബനൂ നളീർ യുദ്ധം ഉണ്ടാകുന്നത്. യുദ്ധത്തിന് മൂന്ന് കാരണങ്ങളാണ് ചരിത്രത്തിൽ കാണുവാൻ സാധിക്കുന്നത്.
(1) ഖുറൈശികൾ ജൂതന്മാരിലേക്ക് ആളെ അയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു:” നിങ്ങൾ മുഹമ്മദിനോട് യുദ്ധം ചെയ്യാത്ത പക്ഷം ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്യും”. ഈ ഭീഷണി കാരണത്താൽ ബനൂ നളീറുകാർ ഖുറൈശികളുടെ ആഗ്രഹത്തിന് വശം വദരായി. അങ്ങിനെ ചതിയിലൂടെ നബിﷺയെ കൊല്ലുവാനോള്ള ഒരു പ്ലാനും അവർ ഉണ്ടാക്കി.
ഇതിന്റെ ഭാഗമായി മുഹമ്മദ് നബിﷺയോട് 30 ആളുകളെയും കൂട്ടി ജൂതന്മാർ വരാൻ പറഞ്ഞു. വസ്വത് എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് അവരുടെ 30 പുരോഹിതന്മാർ ഉണ്ട്. അവരുമായി സംസാരിച്ച് ആ പുരോഹിതന്മാർ മുഴുവൻ മുഹമ്മദിനെ സത്യപ്പെടുത്തുന്നുവെങ്കിൽ ജൂതന്മാർ മുഴുവനും മുഹമ്മദ് നബിയിﷺൽ വിശ്വസിക്കും എന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ ഇതു പറഞ്ഞ ജൂതന്മാർക്ക് തന്നെ മുഹമ്മദ്ﷺ ആളുകളെയും കുട്ടി വന്നാൽ എന്താകും എന്ന പേടിയും ഉണ്ടായി. അതു കൊണ്ട് അവർ പറഞ്ഞു: മുഹമ്മദും 3 ആളുകളും വന്നാൽ മതി. അവർക്ക് ജൂതന്മാരുടെ 3 പുരോഹിതന്മാരുമായി ഇരുന്നു ചർച്ച ചെയ്യാം. അങ്ങിനെ പുരോഹിതന്മാർ അവരുടെ കഠാരകളും ഒരുക്കി മുഹമ്മദ് ﷺ നബിയെ കാത്തിരുന്നു.
എന്നാൽ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീ തന്നെ അവളുടെ മുസ്ലിമായ സഹോദരനോട് ഈ രഹസ്യം തുറന്നു പറഞ്ഞു. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ ജൂതന്മാരുടെ അടുക്കലേക്ക് ചെല്ലാതെ തിരിച്ചു പോരുകയും ചെയ്തു. ശേഷം നബിﷺ വലിയ ഒരു സൈന്യത്തെ ഒരുക്കുകയും ജൂതന്മാരെ അവരുടെ വീടുകൾക്കുള്ളിൽ വെച്ച് വലയം ചെയ്യുകയും ചെയ്തു. അവസാനം നബിﷺ അവർക്ക് ഇറങ്ങി പോകാനുള്ള അനുമതി നൽകി. ആയുധങ്ങളൊന്നും എടുക്കാതെ ഒട്ടകങ്ങൾക്ക് ചുമക്കാൻ കഴിയുന്ന വസ്തുക്കൾ എടുത്തു പോകുവാനുള്ള അനുവാദം നൽകി. ഖുബാ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തായിരുന്നു ബനൂ നളീറിന്റെ വീടുകൾ ഉണ്ടായിരുന്നത്.
(2) അംറുബ്നു ഉമയ്യതുള്ളംരിرضي الله عنه എന്ന സഹാബി കൊലപ്പെടുത്തിയ 2 ആളുകൾക്കുള്ള പ്രായശ്ചിത്തം നൽകാൻ വേണ്ടി നബിﷺ ബനൂ നളീറുകാരിലേക്ക് പുറപ്പെട്ടു.
പ്രായ ശ്ചിത്തങ്ങളുടെ വിഷയത്തിൽ ജൂതന്മാരെ സഹായിക്കാമെന്ന കരാർ നബിﷺ അവരോട് മുമ്പ് നടത്തിയിരുന്നു. അങ്ങിനെ നബി ﷺ മസ്ജിദു ഖുബാഇൽ വരികയും അതിൽ വച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. നബിﷺയോടൊപ്പം തന്റെ ചില സ്വഹാബിമാരും ഉണ്ടായിരുന്നു.
ശേഷം ബനൗ നളീർ കാരുടെ അടുക്കലേക്ക് വരികയും അവരോട് സംസാരിക്കുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: ശരി അബുൽ ഖാസിം. താങ്കൾ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഞങ്ങൾ നിങ്ങളെയും സഹായിക്കാം. ജൂതന്മാർ ചെയ്ത കരാർ പാലിക്കുന്നതും പ്രതീക്ഷിച്ചു കൊണ്ട് നബിﷺ അവരുടെ വീടുകളിൽ ഒരു വീടിന്റെ പരിസരത്ത് ഇരുന്നു.
അബൂബക്കറുംرضي الله عنه ഉമറുംرضي الله عنه അലിയുംرضي الله عنه പിന്നെ വേറെ ചില സ്വഹാബികളും ആയിരുന്നു അപ്പോൾ നബിﷺ യോടൊപ്പം ഉണ്ടായിരുന്നത്. ജൂതന്മാർ നബിയുﷺടെ അടുക്കൽ നിന്നും പിരിഞ്ഞു പോയപ്പോൾ അവർ പരസ്പരം ഇപ്രകാരം പറഞ്ഞു: “മുഹമ്മദിന്റെ കാര്യത്തിൽ ഇതിനെക്കാൾ നല്ല ഒരു അവസരം നമുക്ക് ലഭിക്കുകയില്ല. അതു കൊണ്ട് ആർക്കെങ്കിലും സാധിക്കുമെങ്കിൽ ആ വീടിന്റെ മുകളിൽ കയറി വലിയ ഒരു പാറക്കല്ല് മുഹമ്മദിന്റെ തലയിലേക്ക് ഇട്ടാൽ മുഹമ്മദിന്റെ എല്ലാ ശല്യത്തിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കും”.
അംറുബ്നു ജഹ്‌ഹാശുബ്നു കഅ്‌ബ് എന്ന വ്യക്തിയെ ഇതിനു വേണ്ടി അവർ ഒരുക്കി നിർത്തുകയും ചെയ്തു. അയാൾ പറഞ്ഞു:” ഞാൻ അതിനു തയ്യാറാണ്”. നബിﷺയുടെ തലയ്ക്കുമുകളിലൂടെ കല്ല് ഇടുന്നതിനു വേണ്ടി അയാൾ വീടിന് മുകളിൽ കയറി. ഉടനെ നബിﷺയുടെ അടുക്കലേക്ക് ജിബ്‌രീൽ വരികയും ജൂതന്മാരുടെ ഉദ്ദേശത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. നബി അവിടെ നിന്നും എണീറ്റ് അതി വേഗതയിൽ മദീനയിലേക്ക് പോയി.
നബിﷺയുടെ കൂടെ ഉണ്ടായിരുന്ന അനുചരന്മാർ മസ്ജിദ് ഖുബയുടെ സമീപത്തു തന്നെ ഉണ്ടായിരുന്നു. നബിﷺ തിരിച്ചു വരുന്നത് കാണാതായപ്പോൾ അവർ നബിﷺയെ തേടി മദീനയിലേക്ക് പുറപ്പെട്ടു.
വഴിയിൽ വെച്ച് മദീനയിൽ നിന്നും ഇങ്ങോട്ട് വരുന്ന ഒരാളെ കണ്ടപ്പോൾ നബിﷺയെക്കുറിച്ച് അന്വേഷിച്ചു. നബിﷺ മദീനയിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. അങ്ങിനെ ആ സ്വഹാബിമാർ മദീനയിൽ നബിﷺയുടെ അടുക്കൽ എത്തി. ജൂതന്മാർ ഉദ്ദേശിച്ച ചതിയെക്കുറിച്ച് നബിﷺ സ്വഹാബിമാരെ വിവരമറിയിച്ചു. മാത്രവുമല്ല, അവരോട് യുദ്ധം ചെയ്യാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടാനുള്ള കല്പനയും നബി നൽകി. ഈ ഒരു സന്ദർഭത്തെ കുറിച്ചാണ് അള്ളാഹു പറയുന്നത് (മാഇദ :11)
(3) ബനൂ നളീർ യുദ്ധത്തിന്റെ മൂന്നാമത്തെ കാരണമായി ചരിത്രം പറയുന്നത് ഇപ്രകാരമാണ്.
ബനൂ നളീറുകാർ ഖുറൈശികളുടെ അടുക്കലേക്ക് ചെല്ലുകയും നബിﷺയോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത്തരം കാരണങ്ങളാലാണ് നബിﷺ ബനൂ നളീറു കാരെ മദീനയിൽ നിന്നും പുറത്താക്കിയത്.
നബിﷺയേയും സ്വഹാബികളെയും അവർ ചതിച്ചു. കരാറുകൾ അവർ ലംഘിച്ചു. അപ്പോൾ നബിﷺ മുഹമ്മദുബ്നു മസ്‌ലമയെرضي الله അവരിലേക്ക് പറഞ്ഞയക്കുകയും “മദീനയിൽ നിന്നും എല്ലാവരും പുറത്തു പോകണം എന്നും ഇനി നമ്മൾ ഒരുമിച്ചുള്ള ജീവിതം മദീനയിൽ വേണ്ട എന്നും നിങ്ങൾ ചതിയന്മാരാണെന്നും മദീനയിൽ ഇനി ആരെയെങ്കിലും കണ്ടാൽ അവരുടെ കഴുത്തു വെട്ടും എന്നും” പറയാൻ നബിﷺ ഏൽപ്പിച്ചു. ഇതോടെ ബനൂ നളീറുകാർ മദീനയിൽ നിന്നും പുറത്തു പോകുവാനോള്ള ഒരുക്കങ്ങളുമായി നിൽക്കുന്ന അവസരത്തിൽ മുനാഫിക്കുകൾ ഈ വിവരം അറിഞ്ഞു. അവരുടെ നേതാവായ ഇബ്നു സലൂൽ ബനൂ നളീറുകാരുടെ അടുത്ത് ചെന്നു കൊണ്ടു പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിന്നും ഒരിക്കലും പുറത്തു പോകരുത്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.
ഇതു കേട്ടതോടെ ബനൂ നളീറുകാരുടെ മനസ്സിന് ശക്തി ലഭിച്ചത് പോലെയായി. അപ്പോൾ അവർ ബനൂ നളീറിന്റെ നേതാവായ ഹുയയ്യുബ്നു അഖ്തബിനെ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. എന്നിട്ട് പറഞ്ഞു: ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ വീടുകൾ വിട്ടു പോവുകയില്ല. മുനാഫിക്കുകളുടെ ഈ ഇട പെടലിനെ കുറിച്ച് അല്ലാഹു പറയുന്നു (ഹഷ്ർ: 11- 13) ഇതോടെ നബിﷺ തന്റെ അനുചരന്മാരെയും കൂട്ടി ബനൂ നളീർ കാരിലേക്ക് പുറപ്പെട്ടു. മദീനയുടെ ചുമതല ഇബ്നു ഉമ്മി മഖ്തൂമിനെرضي الله ഏൽപ്പിച്ചു.
നബിയും സ്വഹാബിമാരും വരുന്നത് കണ്ടപ്പോൾ ജൂതന്മാർ അവരുടെ കോട്ടകളിൽ അഭയം തേടി.കോട്ടകൾക്കുള്ളിൽ നിന്നു കൊണ്ട് അവർ മുസ്ലിംകൾക്ക് നേരെ കല്ലെറിയാനും അമ്പെയ്യാനും തുടങ്ങി. നബിﷺ യും സ്വഹാബിമാരും അവരുടെ കോട്ടകളെ വളഞ്ഞു. അവരുടെ ഈത്തപ്പന മരങ്ങൾ മുറിച്ചു കളയുവാനും കരിച്ചു കളയുവാനും കൽപ്പിച്ചു. അല്ലാഹുവിന്റെ കല്പനപ്രകാരം ആയിരുന്നു ഈ നട പടികൾ (ഹശ്റ്: 5) കോട്ടകളിൽ നിന്ന് ഇറങ്ങി വരുവാനും ഈത്തപ്പന മരങ്ങൾ അവർ തന്നെ മുറിച്ചു കളയുവാനും മുസ്ലിംകൾ ജൂതന്മാരോട് ആവശ്യപ്പെട്ടു. ജൂതന്മാർക്കുള്ള നിന്ദ്യതയും അവരെ ഭയപ്പെടുത്തലുമായിരുന്നു ഇതിന്റെ ലക്ഷ്യം.
മുനാഫിക്കുകൾ ജൂതൻമാരെ സഹായിക്കാൻ നിന്നില്ല. ബദറിൽ പ്രത്യക്ഷപ്പെട്ട ഇബിലീസിന്റെ ഉദാഹരണമാണ് ഈ സന്ദർഭത്തിൽ മുനാഫിക്കുകൾക്ക് അനുയോജ്യമായത്. (ഹശ്ർ :16, 17) ജൂതന്മാരുടെ മനസ്സുകളിൽ അള്ളാഹു ഭയം ഇട്ടു കൊടുത്തു. മുസ്ലിംകൾ അവരെ വലയം ചെയ്തത് അവർക്ക് വലിയ ഭാരമായി. അവരുടെ കോട്ടകൾ അല്ലാഹുവിൽ നിന്നും അവരെ തടയുകയില്ല എന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ ഞങ്ങൾ മദീനയിൽ നിന്നും പുറത്തു പോകാം എന്ന് അവർ നബിﷺ യോട് കരാർ ചെയ്തു.
ആയുധങ്ങൾ അല്ലാത്ത മറ്റു വിഭവങ്ങളും സമ്പത്തും ഒട്ടകത്തിനു വഹിക്കാവുന്നത് എടുക്കാമെന്ന കരാറും ഉണ്ടായിരുന്നു. ഇവരെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം ആയത്ത് അവതരിപ്പിച്ചത് ( ഹശ്ർ:2-3) ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതുമെടുത്ത് അവർ പുറത്തിറങ്ങി. 600 ഒട്ടകങ്ങളാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. വീടുകൾ പോലും അവർ തകർത്ത് അതിന്റെ എൻറെ വാതിലുകളും ജനലുകളും കൂടെ എടുത്തു. അവർക്ക് ശേഷം മുസ്ലിംകൾ അത് ഉപയോഗപ്പെടുത്തരുന്നത് എന്ന ഉദ്ദേശമായിരുന്നു അവർക്ക്.
സല്ലാം ഇബ്‌നു അബീ ഹുഖൈഖ്, കിനാനതുബ്നു റബീഅ്, ഹുയയ്യുബ്നു അഖ്തബ്, തുടങ്ങിയ ജൂത നേതാക്കന്മാർ ഖൈബറിലേക്കും മറ്റു ചിലർ ശാമിലേക്കുമാണ് പോയത്. അവർ വിട്ടേച്ചുപോയ സമ്പത്തും ആയുധങ്ങളും നബിﷺ ശേഖരിച്ചു. ബനൂ നളീർ കാരുടെ സമ്പത്തും ഭൂമിയും വീടുകളും പ്രവാചകന്റെ ഇഷ്ട പ്രകാരം വീതിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അഞ്ചിലൊന്ന് പ്രവാചകന് എന്ന നിയമം അവിടെ ഉണ്ടായിരുന്നില്ല. കാരണം യുദ്ധം നടത്താതെ ലഭിച്ച സ്വത്തായിരുന്നു ഇത്. “ഫൈഅ്” എന്നാണ് ഇതിനു പറയുക. യുദ്ധം ചെയ്തതിനു ശേഷം ലഭിക്കുന്നതിനാണ് “ഗനീമത്ത്” എന്നു പറയുന്നത്. (ഹഷ്ർ: 6)
ബനൂ നളീർ നിന്നും ലഭിച്ച അധിക സ്വത്തും നബി ﷺ മുഹാജിറുകൾക്കാണ് നൽകിയത്. അവരിൽ മാത്രമായിക്കൊണ്ടാണ് നബിﷺ അത് ഓഹരി വെച്ചത്. മുഹാജിറുകളുടെ ദാരിദ്ര്യമായിരുന്നു ഇതിനു കാരണം. ഇതോടു കൂടി അല്ലാഹു മുഹാജിറുകളെ സമ്പന്നരാക്കുകയും അവരുടെ ദാരിദ്ര്യം നീക്കി കളയുകയും ചെയ്തു. ബാക്കിയുള്ള സ്വത്തിൽ നിന്നും അല്പം നബിﷺ തന്റെ കുടുംബത്തിന്റെ ഒരു വർഷത്തെ ചെലവിനായി മാറ്റി വെച്ചു. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങുവാനുള്ള ആയുധങ്ങൾക്കും മാറ്റി വെച്ചു. സൂറത്തു ഹശ്റിലെ മിക്ക ആയത്തുകളും ബനൂ നളീറുമായി ബന്ധപ്പെട്ടു കൊണ്ട് ഇറങ്ങിയതാണ്. ഇമാം ബുഖാരിയുടെ 4030, 4028 തുടങ്ങിയ ഹദീസുകളിലും ഇമാം മുസ്ലിമിന്റെ 1771 ാമത്തെ ഹദീസിലും ബനൂ നളീറുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ കാണാം.
ഇത്രയൊക്കെയായിട്ടും ജൂതന്മാർ അവരുടെ കുതന്ത്രങ്ങൾ അവസാനിപ്പിച്ചില്ല. മറിച്ച് പല കക്ഷികളെയും അവർ പ്രവാചകനെതിരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങിനെയാണ് ഖന്തക്ക് യുദ്ധം ഉണ്ടാകുന്നത്. ഇൻഷാ അള്ളാ അത് വഴിയേ വിശദീകരിക്കാം.
ഫദ്‌ലുല്‍ ഹഖ് ഉമരി