നബി ചരിത്രം - 50: ഹിജ്റ നാലാം വർഷം [ഭാഗം: 04]

നബിﷺയും ഉമ്മു സലമയും رضی اللہ عنھا തമ്മിലുള്ള വിവാഹം.
ശഅബാൻ മാസത്തിൽ ഒരു യുദ്ധമുണ്ടായി. “ചെറിയ ബദ്ർ” (കാരണം, പരസ്പരം യുദ്ധം ഇതിൽ ഉണ്ടായിട്ടില്ല) എന്നും “ബദറുൽ ആഖിറ” എന്നും ഇത് അറിയപ്പെടുന്നു. “ബദ്റുൽ മൗഇദ്” എന്നും പറയാറുണ്ട്. നബിﷺ തന്റെ കൂടെ 1500 സ്വഹാബികളെയും കൊണ്ടാണ് അങ്ങോട്ട് പോയത്. 10 കുതിരകളും കൂടെയുണ്ടായിരുന്നു. അബൂസുഫ്‌യാൻ മക്കയിൽ നിന്നും 2000 ആളുകളെയും കൊണ്ട് പുറപ്പെട്ടു. അവരുടെ കൂടെ 50 കുതിരകൾ ഉണ്ടായിരുന്നു. നിർബന്ധിതാവസ്ഥയിൽ ആണ് അബൂസുഫ്‌നും ഈ യുദ്ധത്തിന് പുറപ്പെട്ടിട്ടുണ്ടായിരുന്നത്. എന്നാൽ മർറുള്ളഹ്റാൻ എന്ന സ്ഥലത്തെത്തിയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളിലേക്ക് ഭയം ഇട്ടുകൊടുക്കുകയും യുദ്ധത്തിന് പോകേണ്ടതില്ല എന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തു.
വഴിയിൽ വെച്ച് കൊണ്ട് അബൂസുഫിയാൻ തന്നെ ആളുകളോട് പറഞ്ഞു : ഖുറൈശികളെ, ഇത് വളർച്ചയുടെ വർഷമാണ്. സുഭിക്ഷതയുടെ വർഷത്തിൽ അല്ലാതെ നമുക്ക് യുദ്ധം ചെയ്യുന്നത് നന്നല്ല. അപ്പോൾ നമുക്ക് യാത്രയിൽ പഴ വർഗങ്ങൾ ഭക്ഷിക്കാം. പാലു കുടിക്കാം. അങ്ങനെ പലതും ചെയ്യാമല്ലോ അതു കൊണ്ട് ഇപ്പോൾ ഞാൻ മടങ്ങുകയാണ്. നിങ്ങളും മടങ്ങിക്കൊള്ളുക. അങ്ങിനെ എല്ലാ ആളുകളും മടങ്ങിപ്പോയി.
നഈമുബ്നു മസ്‌ഊദുൽ അശ്ജഇയെ അബൂസുഫിയാൻ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു കൊണ്ട് ഇപ്രകാരം പറയാൻ പറഞ്ഞു. “ഇതു വരൾചയുടെ വർഷമാണ് മുസ്ലിംകളോട് യുദ്ധത്തിനു പുറപ്പെടരുത് ” എന്ന് പറയണം. അബൂസുഫ്യാനും കൂട്ടരും യുദ്ധം ചെയ്യാതെ മക്കയിലേക്ക് തിരിച്ചു പോകുമ്പോൾ പിറകിലൂടെ വന്നു മുഹമ്മദു നബിയുംﷺ അനുയായികളും തങ്ങളെ ആക്രമിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഈ തന്ത്രം പ്രയോഗിച്ചത്.
എന്നാൽ മുഹമ്മദ് നബിﷺ തന്റെ അനുയായികളുമായി ബദറിലേക്ക് പുറപ്പെട്ടു. എട്ടു ദിവസം അവിടെ താമസിച്ചു. അബൂസുഫ്‌യാൻ ചെയ്ത കരാറിനെ പ്രതീക്ഷിച്ചു കൊണ്ടാണ് നബിﷺ അവിടെ നിന്നത്. അതായത് ഉഹ്ദ് യുദ്ധം കഴിഞ്ഞ സന്ദർഭത്തിൽ അടുത്ത വർഷം നമുക്ക് വീണ്ടും കാണാം എന്ന ഒരു കരാർ നടത്തിയിരുന്നു. ആ കരാറിനെ സംബന്ധിച്ചു കൊണ്ടാണ് നബിﷺ ബദറിലേക്ക് പുറപ്പെട്ടതും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതും . അതിനാൽ തന്നെ യുദ്ധം ഉണ്ടായിട്ടില്ലെങ്കിലും ബദറുൽ മൗഇദ് (കരാറിന്റെ യുദ്ധം)എന്ന പേര് ഇതിനു വരികയും ചെയ്തു.
ഏതായാലും അബൂസുഫിയാനിനെ കാണാതായപ്പോൾ നബിﷺ മദീനയിലേക്ക് മടങ്ങി. നബിﷺ ബദ്റിൽ വന്നതും അബൂസുഫിയാനിനെ കാണാതെ തിരിച്ചു പോയതും ആളുകൾക്കിടയിൽ പ്രചരിച്ചു. അതോടെ ഉഹ്ദിൽ ഉണ്ടായ പരാജയത്തിന് ശേഷം മുസ്‌ലിംകളെക്കുറിച്ച് ആളുകളുടെ മനസ്സുകളിൽ ഉണ്ടായിരുന്ന ധാരണ മാറുകയും ഒരു ഭയം അവരിൽ ഉണ്ടായിത്തീരുകയും ചെയ്തു.
ഈ ശവ്വാൽ മാസത്തിൽ തന്നെയാണ് നബിﷺയും ഉമ്മുസലമ رضی اللہ عنھا യും തമ്മിലുള്ള വിവാഹം നടക്കുന്നത്. മഖ്സൂമിയ്യ ഗോത്രത്തിൽപ്പെട്ട അബു ഉമ്മയ്യയുടെ മകൾ ഹിന്ദാണ് ഉമ്മുസലമ رضی اللہ عنھا. അവരുടെ ഭർത്താവ് അബൂസലമ ആയിരുന്നു. അതായത് മഖ്സൂമിയ ഗോത്രത്തിൽപ്പെട്ട അബ്ദുൽ അസദിന്റെ മകൻ അബ്ദുല്ല. ഉമ്മുസലമയുടെ എളാപ്പയുടെ മകനായിരുന്നു അദ്ദേഹം. സലമ, ഉമർ, സൈനബ്, ദുർറ എന്നീ മക്കൾ ഈ ദമ്പതിമാർക്ക് ഉണ്ടായിട്ടുണ്ട്. അങ്ങേയറ്റത്തെ ഭംഗിയുടെയും ബുദ്ധിസാമർത്ഥ്യത്തിന്റെയും ശക്തമായ അഭിപ്രായങ്ങളുടെയും യും വക്താവായിരുന്നു ഉമ്മു സലമ. സൗന്ദര്യവും തറവാട്ടു മഹിമയും അവർക്കുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ മരണത്തെക്കുറിച്ച് മുൻ അദ്ധ്യായത്തിൽ നമ്മൾ സൂചിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു പ്രയാസം ബാധിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ശേഷം അല്ലാഹുവേ ഈ വിപത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ, അതിനെക്കാൾ നല്ലത് എനിക്ക് നീ പ്രദാനം ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യണം എന്ന് നബി പഠിപ്പിച്ച കാര്യത്തെക്കുറിച്ച് ഉമ്മുസലമ رضی اللہ عنھا പറഞ്ഞതായി കഴിഞ്ഞ അധ്യായത്തിൽ നാം പഠിച്ചിട്ടുണ്ട്. എന്റെ ആ പ്രാർത്ഥനയുടെ ഫലമായിരുന്നു നബിയെ ഭർത്താവായി എനിക്ക് കിട്ടിയത് എന്നും ഉമ്മു സലമ رضی اللہ عنھا പറയുന്നുണ്ട്. (മുസ്ലിം: 918)
ഉമ്മുസലമ رضی اللہ عنھا യുടെ ഇവിടെ ഇദ്ദ കാലം കഴിഞ്ഞപ്പോൾ അബൂബക്കറുംرضي الله عنه ഉമറുമെല്ലാംرضي الله عنه അവരെ വിവാഹാന്വേഷണം നടത്തിയിരുന്നു. പക്ഷേ അവർ സമ്മതിച്ചിരുന്നില്ല. അങ്ങിനെയാണ് നബിﷺ തനിക്കു വേണ്ടി അവരെ വിവാഹ അന്വേഷണം നടത്താൻ ഒരു ദൂതനെ ഉമ്മുസലമയുടെ അടുക്കലേക്ക് പറഞ്ഞയക്കുന്നത്. തുടക്കത്തിൽ ഉമ്മുസലമയും رضی اللہ عنھا ഈ വിവാഹ അന്വേഷണത്തെ നിരസിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: നിങ്ങൾ നബിﷺയോട് ഇപ്രകാരം പറയുക” ഞാൻ അൽപം കോപിക്കുന്ന ഒരു സ്ത്രീയാണ്. എനിക്ക് കുട്ടികളുണ്ട്. മാത്രവുമല്ല എന്റെ വലിയ്യായി സാക്ഷി നിൽക്കാൻ എനിക്ക് ആരുമില്ല”.
ദൂതൻ ഇക്കാര്യം നബിﷺയെ തിരിച്ചു വന്ന് അറിയിച്ചു. അപ്പോൾ നബിﷺ വീണ്ടും അദ്ദേഹത്തെ ഇപ്രകാരം പറയാൻ ആവശ്യപ്പെട്ടു കൊണ്ട് പറഞ്ഞയച്ചു. “നിങ്ങൾക്ക് കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞല്ലോ, കുട്ടികളെ സംരക്ഷിക്കാൻ അല്ലാഹുതആല മതിയായവനാണ്. നിങ്ങൾ കോപിക്കുന്ന ഒരു സ്ത്രീയാണെന്ന് പറഞ്ഞല്ലോ, നിങ്ങളുടെ കോപം നീങ്ങിപ്പോകാൻ ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കാം. എന്നാൽ സാക്ഷിയുടെ കാര്യം, എന്നെ തൃപ്തിപ്പെടുന്ന അള്ളാഹുവുണ്ട്. ഇങ്ങനെയാണ് നബിയും ഉമ്മുസലമ യും തമ്മിലുള്ള വിവാഹം നടക്കുന്നത്.
ഇമാം അഹ്മദിന്റെ 26669ാം ഹദീസിൽ നമുക്ക് ഇത് കാണാം. ഉമ്മുസലമയെ رضی اللہ عنھا വിവാഹം കഴിച്ചതിനു ശേഷം മൂന്നു ദിവസം അവരുടെ കൂടെ നബിﷺ താമസിച്ചു. (മുസ്ലിം: 1460)
തൻറെ 90ാ മത്തെ വയസ്സിലാണ് ഉമ്മുസലമ رضی اللہ عنھا മരണപ്പെടുന്നത്. ഹിജ്റ അറുപത്തിയൊന്നാം വർഷമായിരുന്നു അത്. യസീദ് ബിൻ മുആവിയرضي الله عنهയാണ് അന്ന് ഭരണം നടത്തിയിരുന്നത്. നബിﷺയുടെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെട്ട ഭാര്യയുമാണ് ഉമ്മു സലമ رضی اللہ عنھا. മദീനയിലെ ബഖീഇലാണ് അവരെ മറവ് ചെയ്തത്.
ഫദ്‌ലുല്‍ ഹഖ് ഉമരി