നബി ചരിത്രം – 46

നബി ചരിത്രം - 46: ഹംറാഉൽ അസദ് യുദ്ധം.

ഹംറാഉൽ അസദ് യുദ്ധം.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമായിരുന്നു ഈ യുദ്ധം. ശവ്വാൽ മാസം 15ന് ശനിയാഴ്ചയാണ് ഉഹ്ദ് യുദ്ധം ഉണ്ടായത്. ശവ്വാൽ 16 ഞായറാഴ്ചയായിരുന്നു ഹംറാഉൽ അസദ് യുദ്ധം ഉണ്ടായത്. നബിﷺയുടെ സ്വഹാബിമാരിൽ ബാക്കിയുള്ള ആളുകളെ കൂടി നശിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടി അബൂസുഫ്‌യാൻ ഖുറൈശികളെയും കൊണ്ട് വീണ്ടും മദീനയിലേക്ക് വന്നിരിക്കുന്നു എന്ന വാർത്ത നബിﷺക്ക് ലഭിച്ചതായിരുന്നു യുദ്ധത്തിനുള്ള കാരണം.

അതായത് മുശ്രിക്കുകൾ ഉഹ്ദിൽ നിന്നും പിരിഞ്ഞു പോയതിനു ശേഷം റൗഹാഅ്‌ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: “മുഹമ്മദിനെ നിങ്ങൾ കൊന്നില്ല. വളരെ മോശമായിപ്പോയി നിങ്ങൾ ചെയ്തത്. അത് കൊണ്ട് വീണ്ടും മദീനയിലേക്ക് മടങ്ങണം”. അങ്ങിനെയാണ് അവർ ഹംറാഉൽ അസദ് എന്ന സ്ഥലത്തേക്ക് എത്തിയതും ഈ വിവരം നബിﷺക്ക് ലഭിച്ചതും. നേരം പുലർന്നപ്പോൾ സുബഹി നമസ്കാര ശേഷം ബിലാൽ  رضي الله عنه വിനോട് നബിﷺ ഇപ്രകാരം പറഞ്ഞു: ശത്രുക്കളെ തേടിക്കൊണ്ട് ഇറങ്ങി പുറപ്പെടാൻ നബിﷺ നിങ്ങളോട് കൽപിക്കുന്നു എന്നു വിളിച്ചു പറയുക. ഇന്നലെ നമ്മോടൊപ്പം യുദ്ധത്തിൽ പങ്കെടുത്തവർ അല്ലാതെ ഇന്ന് പങ്കെടുക്കരുതെന്ന് എന്നും പറയാൻ നബിﷺ പ്രത്യേകം കൽപിച്ചു.

ഈ സന്ദർഭത്തിൽ ജാബിർرضي الله عنه വന്നു കൊണ്ട് നബിﷺ യോട് യുദ്ധത്തിന് പോകുവാനുള്ള അനുവാദം ചോദിച്ചു. കാരണം അദ്ദേഹത്തിന്റെ പിതാവ് തന്റെ സഹോദരന്മാരെ നോക്കുന്നതിനു വേണ്ടി ഏൽപ്പിച്ചതിനാൽ അദ്ദേഹം ഉഹ്ദിൽ പങ്കെടുത്തിരുന്നില്ല. അപ്പോൾ നബിﷺ അദ്ദേഹത്തിന് അനുവാദം നൽകി.

മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂലും നബിﷺയോട് അനുവാദം ചോദിച്ചു വന്നു. പക്ഷേ നബിﷺ അനുവാദം കൊടുക്കാതെ അയാളെ മടക്കി അയച്ചു. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه ആയിരുന്നു മുസ്ലിംകളുടെ പതാക വാഹകൻ. നബിﷺ ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു. അവിടുത്തെ തിരുമുഖത്തും നെറ്റിയിലും മുറിവേറ്റിരുന്നു. അണപ്പല്ല് പൊട്ടിയ അവസ്ഥയിലായിരുന്നു. ഉഹ്ദിൽ ഇബ്നു ഖംഅയുടെ അടി കാരണത്താൽ അവിടുത്തെ വലതു ചുമലിന് ദുർബലത ബാധിച്ചിരുന്നു. ശത്രുക്കൾ കുഴിച്ച വാരിക്കുഴിയിൽ വീണ കാരണത്താൽ കാൽമുട്ടിലും മുറിവുണ്ടായിരുന്നു. അബൂ ആമിർ എന്ന ദുഷ്ട വ്യക്തിയാണ് ഉഹ്ദ് മൈതാനത്തിൽ ഈ കുഴി ഉണ്ടാക്കിയിരുന്നത്. ശരീരത്തിൽ മുറിവുകളും വേദനകളുമായിക്കൊണ്ടു തന്നെ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരും നബിﷺ യോടൊപ്പം ഹംറാഉൽ അസദിലേക്ക് പുറപ്പെട്ടു.

അല്ലാഹു പറയുന്നു.

“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്‌.”

(ആലു ഇംറാൻ: 140, 141) 

സുബഹി നമസ്കാര ശേഷം നബിﷺ പുറപ്പെട്ടു. സാബിത്ത് ബിനു ളഹാക്ക് അൽ ഖസ്റജി എന്ന വ്യക്തിയെയായിരുന്നു വഴികാട്ടിയായി സ്വീകരിച്ചത്. ഹംറാഉൽ അസദ് വരെ എത്തി . അവിടെ സൈനികത്താവളമടിച്ചു. മൂന്ന് ദിവസത്തോളം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. എല്ലാ രാത്രികളിലും സ്വഹാബികൾ തീ കത്തിക്കാറുണ്ടായിരുന്നു. വളരെ വിദൂരത്തു നിന്നും നോക്കുന്ന ആളുകൾക്കു പോലും അത് കാണുക സാധ്യമായിരുന്നു.

ഈയിടക്ക് ഖുസാഈ ഗോത്രത്തിൽപ്പെട്ട മഅ്‌ബദുബ്നു മഅ്‌ബദിനെ ഹംറാഉൽ അസദിൽ വെച്ചു കൊണ്ട് നബിﷺ കണ്ടു മുട്ടി. ഇയാൾ മുശ്രിക്ക് ആയിരുന്നു. ഖുസാഅ ഗോത്രത്തിൽ മുസ്ലിംകളും മുശ്‌രികുകളും ഉണ്ടായിരുന്നു. മഅ്‌ബദ് പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ അനുയായികൾക്കിടയിൽ വെച്ചു കൊണ്ട് താങ്കൾക്ക് ബാധിച്ച പ്രയാസങ്ങളിൽ ഞങ്ങൾക്ക് വിഷമം ഉണ്ട്. അല്ലാഹു താങ്കൾക്ക് സൗഖ്യം നൽകട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. അപ്പോൾ നബിﷺ മഅ്‌ബദിനോട് അബൂസുഫിയാൻ പോയി കാണുവാനും അയാളെ നിന്ദിക്കുവാനും പറഞ്ഞു.

മഅ്‌ബദ് തിരിച്ചെത്തുകയും റൗഹാഇലുള്ള അബൂസുഫ്‌യാനെയും കൂട്ടരെയും കണ്ടു മുട്ടുകയും ചെയ്തു. മുഹമ്മദ് നബിയുﷺടെ അടുക്കലേക്കു പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു അവരെല്ലാവരും. മഅ്‌ബദിനെ കണ്ടപ്പോൾ അബൂസുഫ്‌യാൻ ചോദിച്ചു. എന്തു വാർത്തയും ആയിട്ടാണ് അല്ലയോ മഅ്‌ബദ് താങ്കൾ വന്നിട്ടുള്ളത് ?. മഅ്‌ബദ് പറഞ്ഞു: മുഹമ്മദ് തന്റെ അനുയായികളെയും കൊണ്ട് നിങ്ങളെ തേടി പുറപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ഒരു സൈന്യത്തെ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല. അവർ നിങ്ങളെ കരിച്ചു കളയും. ഇതിനു മുമ്പ് മുഹമ്മദിന്റെ കൂടെ ഇല്ലാത്ത ആളുകളും നിങ്ങൾക്കെതിരെ ഇന്ന് കൂടെ കൂടിയിട്ടുണ്ട്. അബൂ സുഫ്‌യാൻ പറഞ്ഞു: നിനക്ക് നാശം. എന്താണ് നീ പറയുന്നത്?!. മഅ്‌ബദ് പറഞ്ഞു: ഇപ്പോൾ നിങ്ങൾ അങ്ങോട്ട് ചെല്ലുന്നത് ഉചിതമായി എനിക്ക് തോന്നുന്നില്ല. അബൂസുഫ്‌യാൻ പറഞ്ഞു: അല്ലാഹുവാണ് സത്യം, അവരോടെ കൂടെയുള്ള ആളുകളെ കൂടി നശിപ്പിക്കാൻ വേണ്ടി നാം ഒന്നിച്ച് തീരുമാനം എടുത്തതാണല്ലോ. മഅ്‌ബദ് പറഞ്ഞു: എന്നാൽ അതിനെത്തൊട്ട് ഞാൻ നിങ്ങളെ തടയുകയാണ്.
ഇതു കേട്ടതോടെ അബൂസുഫ്‌യാനും കൂടെയുള്ളവർക്കും പേടി തോന്നിത്തുടങ്ങി. അവർ വളരെ ധൃതിയിൽ മക്കയിലേക്ക് തന്നെ മടങ്ങി.

അബൂസുഫ്‌യാനും സൈന്യവും മക്കയിലേക്ക് മടങ്ങുമ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽപ്പെട്ട ഒരു യാത്രാ സംഘം മദീന ഉദ്ദേശിച്ച് പോകുന്നതായി കണ്ടു. അപ്പോൾ അവരുടെ പക്കൽ മുഹമ്മദ് നബിﷺ ക്ക് ഒരു കത്ത് കൊടുത്തയച്ചു. മുഹമ്മദിനെ കണ്ടാൽ ഞങ്ങൾ വീണ്ടും മദീനയിലേക്ക് വരുമെന്നും നിങ്ങളെ മുച്ചൂടും നശിപ്പിക്കുമെന്നും അറിയിക്കുക എന്നുകൂടി അബൂസുഫ്‌യാൻ പറഞ്ഞു. നബിﷺ ഹംറാഉൽ അസദിൽ ആയിരിക്കെ ഈ സംഘം അവിടെ കടന്നു വന്നു. അബൂസുഫ്‌യാൻ പറഞ്ഞ കാര്യം നബിﷺയെ അറിയിക്കുകയും ചെയ്തു. നബിﷺ പറഞ്ഞു: “ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപ്പിക്കാൻ അവർ എത്രയോ നല്ലവനാണ്. ഈ ഒരു സന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത് 

“പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.”

(ആലു ഇംറാൻ 172-174).
 

ഇബ്‌നു അബ്ബാസ്رضي الله عنه പറയുന്നു: ഇന്നു ഞങ്ങൾക്കു അള്ളാഹു മതി ഭഷമേൽപ്പിക്കാൻ അവൻ ഏത്രയർ നല്ലവനാണെന്ന് ഇബ്രാഹിം നബിയെ തീയിലിട്ടപ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജനങ്ങൾ നിങ്ങൾക്കെതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു അതു കൊണ്ടു തന്നെ അവരെ ഭയപ്പെടുക എന്ന് നബിﷺയോട് പറയപ്പെട്ടപ്പോൾ അവരുടെ ഈമാൻ വർദ്ധിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു; ഞങ്ങൾക്ക് അല്ലാഹു മതി ഭരമേൽപ്പിക്കാൻ അവൻ എത്രയോ മതിയായവനാണ് (ബുഖാരി: 4563)

ബുധനാഴ്ച ദിവസം നബിﷺയും സഹാബികളും മദീനയിലേക്ക് മടങ്ങി. മൂന്ന് രാത്രികളാണ് ഹംറാഉൽ അസദ് അവർ താമസിച്ചത്. മുസ്ലിംകൾക്ക് ഉഹ്ദിൽ ബാധിച്ച ഭീതി ഇതോടെ നീങ്ങുകയും ചെയ്തു. ഹിജ്റ മൂന്നാം വർഷം അനവധി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. എങ്കിലും പ്രഗൽഭരായ ആളുകൾ ഹംസرضي الله عنه, മിസ്അബ് ഇബ്നു ഉമൈർرضي الله عنه, അബ്ദുല്ലാഹിബിനു ഹറാംرضي الله عنه, അംറുബ്നുൽ ജമൂഹ്رضي الله عنه, അനസുബ്നു നള്ർرضي الله عنه തുടങ്ങിയവരായിരുന്നു. അൻസാറുകളിൽ നിന്ന് 64 ഉം മുഹാജിറുകളിൽ നിന്ന് ഇന്ന് ആറു പേരുമാണ് ഉഹ്ദിൽ ശഹീദായത് എന്ന് മുമ്പ് നാം സൂചിപ്പിച്ചിരുന്നുവല്ലോ.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 
 

Leave a Comment