എനിക്കു ശ്വാസം കിട്ടുന്നില്ല!

എനിക്കു ശ്വാസം കിട്ടുന്നില്ല!

മനുഷ്യനെ തൊലി നിറത്തിന്റെ പേരിൽ വേർതിരിച്ച് കാണുന്ന വെറിക്ക് അമേരിക്കയിൽ ഇപ്പോഴും ഒരു പഞ്ഞവുമില്ല. ഭൗതികതയുടെ ഉന്നതങ്ങൾ കീഴടക്കി എന്ന് സ്വയം അഹന്ത നടിക്കുന്ന (ഇതിന്റെ യാഥാർത്ഥ്യം കൊറോണ വൈറസ് വെളിച്ചത്ത് കൊണ്ടുവന്നു എന്നത് വേറെ കാര്യം ) ഒരു നാട്ടിൽ ഇപ്പോഴും തൊലിനിറത്തിന്റെ പേരിൽ അതിക്രൂരതകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നത് എന്തു മാത്രം നിന്ദ്യമാണ്. കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലധികം പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ , അതേ നാട്ടിൽ നിന്ന് വന്ന മറ്റൊരു വാർത്ത മന:സ്സാക്ഷിയുള്ള മനുഷ്യരെ മൊത്തം ഞെട്ടിക്കുന്നതാണ്.


ജോർജ് ഫ്ലോയിഡ് എന്ന 48 വയസ്സുകാരനായ നിരപരാധിയെ കൈകൾ കെട്ടി നടുറോട്ടിലിട്ട് കാൽ മുട്ടുകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നിരിക്കുകയാണ് നാലു

“നിയമപാലകർ ” ! “എനിക്ക് ശ്വാസം മുട്ടുന്നു ,എനിക്ക് വെള്ളം തരണേ, എന്നെ വിടണേ “എന്ന് ആ നിരപരാധി കരഞ്ഞ് പറഞ്ഞിട്ടും കറുത്ത മനസ്സിന്റെ ഉടമകൾ അയാളെ വിട്ടില്ല. അഞ്ച് മിനിട്ടോളം അയാളുടെ കഴുത്തിൽ കാൽമുട്ട് ഞെരുക്കി നിന്നു ആ തൊലി വെളുത്ത ക്രൂരനായ കൊലയാളി. തന്റെ കാൽ മുട്ടിന് താഴെ ഞെരിഞ്ഞമരുന്നത് തൊലി കറുത്ത ഒരുവനാണ് എന്നതുകൊണ്ട് യാതൊരു ഭാവമാറ്റവും ആ ബൂട്ടുധാരിയുടെ മുഖത്തു കണ്ടില്ല !
വല്ലാത്ത ക്രൂരത !


ഇത് ചെയ്തവൻ മുസ്ലിമല്ലാത്തതു കൊണ്ട് ഇസ്ലാം തൽക്കാലം രക്ഷപ്പെട്ടു!
തൊലി കറുത്തവനെ മൃഗങ്ങളെപ്പോലെ കാണുന്ന വിഷ മനസ്സുകൾ ഇപ്പോഴും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മിനിയാ പൊലിസിലെ ഈ കൊടും ക്രൂരത

മനുഷ്യരെ അവന്റെ തൊലിയും ഭാഷയും രാജ്യവും ഗോത്രവും നോക്കി വേർതിരിക്കാതെ, മനുഷ്യരെല്ലാം ഒരു പിതാവിന്റെ പുത്രന്മാരാണ് എന്ന ദൈവീക മതത്തിന്റെ കാഴ്ചപ്പടിനു മാത്രമേ ഈ ക്രൂരതക്ക് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂ. ഒരു മനുഷ്യാത്മാവിനെ അന്യായമായി ഹനിച്ചാൽ അവൻ മാനവരെ മുഴുവൻ ഹനിച്ചവനു സമനാണ് എന്ന ക്വുർആനിന്റെ തത്വത്തിനാണ് ഈ തോതിലുള്ള ക്രൂരതകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിയുക. 

തിന്മയുടെ വക്താക്കൾക്ക് അവരർഹിക്കുന്ന ശിക്ഷ പൂർണമായി നൽകപ്പെടുന്ന ഒരു വേദിയുടെ ആവശ്യകതയും ഇത്തരം വാർത്തകൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പരലോകം അത്തരമൊരു വേദിയാണ്. വെളുത്തവന് കറുത്തവനേക്കാൾ യാതൊരു മഹത്വവുമില്ല എന്നും ഭക്തിയാണ് ദൈവം പരിഗണിക്കുന്നത് എന്നുമുള്ള ഉത്തമ ആശയം മനസ്സുകൾക്കുള്ളിലേക്ക് സന്നിവേശിപ്പിക്കലാണ് ഈ മാനസീക രോഗത്തിനുള്ള വൈദ്യം.
മനുഷ്യരേ, എന്നതാണ് അല്ലാഹുവിന്റെ പ്രഥമ വിളി എന്നത് ഏറെ ശ്രദ്ധേയമാണ്. നമസ്കാരവും ഹജ്ജുമൊക്കെ ഈ സന്ദേശത്തിന്റെ പ്രകട രൂപങ്ങളാണ്.
തൊലി കറുത്ത ബിലാലിനെയും (റ)തൊലി വെളുത്ത സൽമാനെയും (റ) ഹൃദയം കൊണ്ട് ബന്ധിപ്പിച്ചത് ഭക്തിയും വിശ്വാസവും തന്നെയായിരുന്നു.
അതിന്നും സാധ്യമാണ്.


അതല്ലാതെ ഈ വർണ്ണവെറിക്ക് പരിഹാരമില്ല. ഇനി ഒരു മനുഷ്യനും വർണ്ണവെറിയുടെ പേരിൽ ലോകത്ത് ജീവൻ നഷ്ടമായിക്കൂടാ. അതിനാൽ മനുഷ്യരേ, നമുക്ക് മനുഷ്യരാവാം.

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”
(ഹുജുറാത്ത് : 13 )

അബ്ദുൽ മാലിക് സലഫി

1 thought on “എനിക്കു ശ്വാസം കിട്ടുന്നില്ല!”

  1. അസ്സലാമുഅലൈക്കും, ഇത് വാഴിക്കുന്നവർക് മനസ്സിലാകും ഇസ്‌ലാമിലെ നിയമങ്ങൾകുള്ള പ്രസക്തി.

    Reply

Leave a Comment