10 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 10]

റജീഅ്, ബിഅ്ർ മഊന്ന: 

സംഭവങ്ങൾ ഹിജ്റ: നാലാം വർഷം സ്വഫർ മാസത്തിൽ അളൽ, ഖാറഃ എന്നീ ഗോത്രങ്ങളിൽ പെട്ട ഒരു സംഘം ആളുകൾ പ്രവാചകന്റെ അടുക്കൽ വന്ന് തങ്ങളുടെ പ്രദേശത്തേക്ക് കുറച്ച് പ്രബോധകരെ ആവശ്യപ്പെട്ടു. നബി (ﷺ) അന്നേരം ആസ്വിമ് ബ്നു ഥാബിതിന്റെ നേതൃത്വത്തിൽ പത്ത് ആളുകളെ അയച്ചുകൊടുത്തു. എന്നാൽ റജീഅ് എന്ന സ്ഥലത്തെത്തിയപ്പോൾ ആയുധ ധാരികളായ ഒരു കൂട്ടം ആളുകളെയാണ് കാണാൻ കഴിഞ്ഞത്. ഭയവിഹ്വലരായ വിശ്വാസികളോട് അവർ പറഞ്ഞു. നിങ്ങൾ ഇസ്ലാമിനെതിരിൽ ഞങ്ങളെ സഹായിക്കുകയാണ് എങ്കിൽ നിങ്ങളെ കൊല്ലുന്നതല്ല. വിശ്വാസികൾ അന്നേരം പറഞ്ഞു: “ഇസ്ലാമിനെ വഞ്ചിച്ചുകൊണ്ട് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.” അങ്ങിനെ അവരിൽ ആസ്വിം, ഖുബൈബ് (رضي الله عنه) എന്നിവരൊഴിച്ച് മറ്റുള്ളവരെല്ലാം വധിക്കപ്പെട്ടു.

ആസ്വിം(رضي الله عنه)വിനേയും, ഖുബൈബ്(رضي الله عنه)വിനെയും മക്കയിലെ ചില ഗോത്രക്കാർക്ക് വിറ്റു. ഖുബൈബ്(رضي الله عنه) വിനെ പിന്നീട് ബനൂ ഹാരിഥ് ഗോത്രക്കാർ ഭക്ഷണം പോലും കൊടുക്കാതെ തടവിലാക്കുകയും ശേഷം തൂക്കുമരത്തിലേററി കൊലപ്പെടുത്തുകയും ചെയ്തു. തടവിലാക്കിയിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന വേലക്കാർ ചെന്നുനോക്കുന്ന സമയം പലപ്പോഴും, അന്ന് മക്കയിലൊന്നും ലഭ്യമല്ലാത്ത പുതിയ മുന്തിരി ഭക്ഷിക്കുന്നതായി കാണപ്പെട്ടത് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് തന്റെ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് രണ്ട് റക്അത്ത് നമസ്കരിക്കാൻ അവസരം തരണം എന്നായിരുന്നു !! നമസ്കരിച്ച് വന്ന് അദ്ദേഹം തൂക്കുമരത്തിൽ വെച്ച് പാടിയതായി പറയപ്പെടുന്ന രണ്ട് വരി കവിത കാണുക:

“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. എവിടെയായിരുന്നാലും അല്ലാഹുവിങ്കലേക്ക് പോകാനുള്ളവരാണല്ലൊ” നോക്കൂ അവരുടെ വിശ്വാസം !

ആസ്വിം(رضي الله عنه)വും പിന്നീട് വധിക്കപ്പെട്ടു. അന്നേരം ഹുദൈൽകാർ അദ്ദേഹത്തിൻറെ തല അറുത്തെടുത്ത് സുലാഫബിൻത് സഅദിന് വിൽക്കാനായി ഒരുങ്ങിപ്പുറപ്പെട്ടു. കാരണം അവരുടെ രണ്ട് മക്കൾ ഉഹ്ദിൽ ആസ്വിം (رضي الله عنه)വിന്റെ കയ്യാൽ കൊല്ലപ്പെട്ട ദിവസം ആസിമിൻറ തലച്ചോറ് കൂട്ടി മദ്യം കുടിക്കാൻ അവർ നേർച്ചയാക്കിയിരുന്നു. എന്നാൽ ശ്രതുക്കൾ അദ്ദേഹത്തിൻറ തലയറുക്കാൻ അവസരത്തിൽ വലിയ ഒരു കടന്നൽ കൂട്ടത്ത അയച്ച് അവർക്ക് അങ്ങോട്ട് അടുക്കാൻ പോലും കഴിയാത്ത വിധത്തിൽ അല്ലാഹു അദ്ദേഹത്ത സംരക്ഷിച്ചു. അല്ലാഹുവിങ്കലേക്ക് അടുക്കുന്ന ആളുകൾക്ക് അല്ലാഹു നൽകുന്ന കറാമത്തിന് (ബഹുമതികൾക്ക്) ഉദാഹരണമാണ് ഖുബയ്ബ്(رضي الله عنه) ഭക്ഷണമായി ലഭിച്ച മുന്തിരിയും, ആസ്വിം (رضي الله عنه) വിന്കടന്നെല്ലുകളെക്കൊണ്ട് സംരക്ഷണം നൽകപ്പെട്ടതും!!.

മേൽ പറഞ്ഞ സ്വഭാവത്തിലുള്ള മറെറാരു സംഭവമായിരുന്നു ബിഅ്ർ മഊന സംഭവം. അബൂ ബർറാഅ് ആമിറുബ് മാലിക് എന്ന ബനൂആമിറിലെ നേതാവ് നബി( ﷺ) യുടെയടുക്കൽ ഒരു നിവേദകസംഘത്തെയും കൊണ്ട് എത്തി. അന്നേരം പ്രവാചകൻ അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു, പക്ഷേ വിശ്വസിക്കാൻ വൈമനസ്യം കാണിച്ചു. എന്നാൽ അയാൾ കുറച്ച് ആളുകളെ പ്രബോധകരായി നജ്ദ് പ്രദേശത്തേക്ക് അയച്ചു തന്നാൽ അത് ഗുണകരമാകും എന്ന് പ്രവാചകരോട് അറിയിച്ചു. അത് അനുസരിച്ച് പ്രവാചകൻ എഴുപത് ആളുകളെ പ്രബോധകരായി അയാളോടൊപ്പം അയച്ചു കൊടുത്തു. എന്നാൽ ഇവരെയും കൊണ്ട് ബിഅ് മഊന: എന്ന സ്ഥലത്ത് എത്തിയപ്പോൾ ബനൂസുലൈം ഗോത്രത്തിൽപെട്ട ഉസ്വയ്യ്, രിഅ്, ദക്സാൻ എന്നീ വിഭാഗക്കാർ അവരുടെ മേൽ ചാടിവീണ് അക്രമിക്കുകയും അവരിൽ നിന്നും കഅബ്ബ്നു സൈദ് എന്ന വ്യക്തിയെ ഒഴിച്ച് ബാക്കി എല്ലാവരേയും കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ മരിച്ചു എന്ന നിലക്ക് അക്രമകാരികൾ സ്ഥലം വിട്ടതായിരുന്നു.

ഈ വിവരം അറിഞ്ഞ നബി(ﷺ) അങ്ങേഅററം വ്യസനിക്കുകയും അവർക്ക് ഗുണത്തിന് വേണ്ടിയും കൊലയാളികളായ വിഭാഗത്തിന്റെ പേര് എടുത്ത് പറഞ്ഞ് അവർക്ക് ശാപത്തിനായി പ്രാർത്ഥിച്ച് കൊണ്ടും ഒരു മാസക്കാലം നമസ്കാരങ്ങളിൽ ഖുനൂത്ത് ഓതുകയുണ്ടായി. അതാകട്ടെ എല്ലാ നമസ്കാരങ്ങളിലുമായിരുന്നു. പിന്നീട് നബി (ﷺ) അത് ഉപേക്ഷിക്കുകയും ചെയ്തു. നോക്കു മേൽ പറയപ്പെട്ട രണ്ട് സംഭവങ്ങളും അല്ലാഹുവിൻറ സൃഷ്ടികളിൽ ഉത്തമരായ പ്രവാചകൻ(ﷺ) ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുക്കുന്ന് കാര്യങ്ങളല്ലാതെ അദൃശ്യമായ ഒന്നും അറിയാനുള്ള കഴിവ് ഇല്ല എന്ന് നമുക്ക് പഠിപ്പിച്ചുതരുന്നു.

ബനൂ മുസ്ത്വലഖ് യുദ്ധം

ഹിജ്റ: അഞ്ചാം വർഷം നടന്ന പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ബനൂ മുസ്ത്വലഖുമായി നടന്ന യുദ്ധം. ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾക്കെതിരിൽ ഖുറൈശികളെ വൻ സൈന്യവുമായി സഹായിച്ചിരുന്ന വ്യക്തിയായി രുന്ന ഹാരിസ് അബിദ് ളിറാർ വീണ്ടും മുസ്‌ലിംകളെ ആക്രമിക്കാൻ ഒരുങ്ങുന്ന വിവരം നബി(ﷺ)ക്ക് ലഭിച്ചു. പ്രവാചകൻ സ്വഹാബികളുമായ കൂടിയാലോചിച്ച ശേഷം എഴുനൂറ് പേരടങ്ങുന്ന ഒരു സൈന്യത്തേയും കൊണ്ട് ബനൂ മുസ്ത്വലകിന് നേരെ പുറപ്പെട്ടു. മുറൈസീഅ് എന്ന അവരുടെ വെള്ളസ്ഥലത്ത് എത്തിയപ്പോൾ പരസ്പരം അമ്പത്ത് തുടങ്ങിയെങ്കിലും ശ്രതുക്കൾ മുസ്‌ലിംകളു ശക്തിയും ആവേശവും കണ്ട് ഭയപ്പെട്ട് ഓടിപ്പോയി. കാരണം യുദ്ധം ആരംഭിച്ചപ്പോഴേക്ക് തന്നെ പത്തോളം പേരെ അവരിൽ നിന്നും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ശത്രു പക്ഷത്ത് നിന്നും സ്ത്രീകൾ അടക്കം ധാരാളം പേരെ ബന്ധനസ്ഥരായി പിടിക്കാനും വലിയ അളവിൽ ഗനീമത്ത് സ്വത്ത് കരസ്ഥമാക്കാനും ഇതിലൂടെ വിശ്വാസികൾക്ക് സാധിച്ചു. യുദ്ധത്തടവുകാരിൽ ശത്രുപക്ഷത്തനേതാവ് ഹാരിസിന്റെ മകൾ ജുവൈരിയ്യയും ഉൾപ്പെട്ടിരുന്നു. അവരെ പിന്നീട് നബി(ﷺ) വിവാഹം ചെയ്ത ഭാര്യയായി സ്വീകരിച്ചു.

ഹദീസുൽ ഇഫ്ക്. (അപവാദാരോപണം)

ബനീ മുസ്ത്വലഖ് യുദ്ധം അത്രമാത്രം പ്രാധാന്യമർഹിക്കുന്നത് അല്ലെങ്കിലും അതിനോടനുബന്ധമായി നടന്ന ആയിഷ (رضي الله عنها) ക്കെതിരിലുള്ള ആരോപണമാണ് ചരിതത്തിൽ കൂടുൽ സ്ഥാനം പിടിച്ചിട്ടുള്ളത്. പതിവനുസരിച്ച് ബനീമുസ്ത്വലഖിലേക്ക് പുറപ്പെടുമ്പോൾ ഭാര്യമാരിൽ ആരെ കൂടെ കൊണ്ടുപോകണമെന്ന് നറുക്കിട്ടതനുസരിച്ച്, ആയിഷ (رضي الله عنها) ക്കായിരുന്നു അവസരം.

തിരിച്ചുപോരുന്ന അവസരത്തിൽ നബി(ﷺ)യും സംഘവും വിശ്രമിക്കാനായി ഇടക്ക് തങ്ങുകയുണ്ടായി. തൽസമയം ആയിഷ (رضي الله عنها) തന്റെ ആവശ്യനിർവ്വഹണത്തിന് പുറപോയി തിരിച്ചുവരുമ്പോൾ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടിരുന്നു, അത് തിരഞ്ഞ് നടന്ന് അവസാനം മാല കിട്ടിയെങ്കിലും മടങ്ങി വന്നപ്പോൾ യാത്രാ സംഘം ആയിഷ (رضي الله عنها) ഉണ്ട് എന്ന് കരുതി കൂടാരം ഒട്ടകപ്പുറത്ത് എടുത്തച്ച് യാത്ര പുറപ്പെട്ടിരുന്നു. കൂടെയുണ്ടായി രുന്ന പ്രവാചകനോ തന്റെ പിതാവടക്കമുള്ള സ്വഹാബികളോ ഗെബ് (അദൃശ്യം) അറിയുകയില്ലല്ലൊ !

ആയിഷ (رضي الله عنها) ആരെങ്കിലും തിരഞ്ഞ് വരാതിരിക്കില്ല എന്ന കരുതലോടെ അവിടെ ഇരുന്നു. അവർ അൽപം കഴിഞ്ഞു ഉറങ്ങിപ്പോയി. അപ്പോഴേക്കും യാത്രാ സംഘത്തിൽ നിന്നും എന്തെങ്കിലും കൊഴിഞ്ഞുപോകുകയോ മറേറാ ഉണ്ടായാൽ അത് കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന സ്വഫ്വാനു ബ്നു മുഅത്തൽ എന്ന സ്വഹാബി അവിടെ എത്തുകയും ആയിഷ (رضي الله عنها) യെ കണ്ടപ്പോൾ സന്ദർഭം മനസ്സിലാക്കി, അപകടാവസരങ്ങളിൽ പറയാൻ പഠിപ്പിക്കപ്പെട്ട “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറഞ്ഞു. അത് കേട്ട് ഉണർന്ന ആയിഷ (رضي الله عنها) തൻറ മുന്നിൽ മുട്ടുകുത്തിയ ഒട്ടകപ്പുറത്ത് കയറി സഫ്വാൻ (رضي الله عنه)വിന്റെ കൂടെ മദീനയിൽ എത്തി. ഇത് കണ്ട മുനാഫിഖുകൾ അവസരം തീർത്തും പ്രയോജനപ്പെടുത്തി. കഥ മദീനയിൽ ആകെ പ്രചരിച്ചു. പലരും സംശയിച്ച പോലെ പ്രവാചകനും വിഷയത്തിന്റെ സത്യാവസ്ഥ പുലരാൻ കാത്തിരുന്നു. അതിനിടെ ആയിഷ (رضي الله عنها) രോഗിയായി. അവർ വിവരമൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ സാധാരണ രോഗിയായിരിക്കുമ്പോൾ പ്രവാചകനിൽ നിന്നും ഉണ്ടാകാറുള്ള പരിചരണങ്ങൾ കാണാത്തതിൽ എന്തോ ഒരു പന്തികേട് അവർക്കും തോന്നി. അങ്ങിനെ, ഒരിക്കൽ രാതി തങ്ങളുടെ കുടുംബവുമായി ബന്ധമുള്ള ഉമ്മു മിസ്തഹിൻറ കൂടെ പുറത്തിറങ്ങിയപ്പോൾ അവരിൽ നിന്നും ജനങ്ങൾക്കിടയിലെ സംസാര വിഷയത്തെ സംബന്ധിച്ച് അവർ ശരിക്കും മനസ്സിലാക്കി. അതോടെ രോഗം വർദ്ധിച്ചു. നബിയോട് അനുവാദം വാങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ മാതാപിതാക്കൾ പ്രവാചകനോട് മാപ്പ് ചോദിക്കാൻ വേണ്ടി പറഞ്ഞു. ഞാൻ നിരപരാധിയാണ് എന്നത് അല്ലാഹുവിന് അറിയാം അല്ലാഹു ഒരു തീരുമാനമുണ്ടാക്കട്ടെ എന്നതിൽ അവർ ഉറച്ച് നിന്നു. പ്രവാചകൻ(ﷺ) സ്വഹാബികളോടും വീട്ടിലെ പരിചാരികയോടുമെല്ലാം ആയിഷ (رضي الله عنها) യെക്കുറിച്ച് അന്വേഷിച്ചു. അവരിൽ നിന്നെല്ലാം നല്ലത് മാത്രമാണ് ലഭിച്ചതെങ്കിലും കാര്യം അല്ലാഹു വെളിപ്പെടുത്തുന്നത് വരെ കാത്ത് നിൽക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളം പിന്നിട്ടു. അങ്ങിനെ ഒരു ദിവസം പ്രവാചകൻ(ﷺ) വന്നുകൊണ്ട് പറഞ്ഞു: “ആയിഷാ നീ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് പശ്ചാത്തപിക്കുക.” ഇത് കേട്ട് അവരുടെ പ്രയാസം വർദ്ധിക്കുകയും അവർ ഇപ്രകാരം പറയുകയും ചെയ്തു: “എനിക്ക് യഅ്ബൂബ് നബി(عليه السلام) പറഞ്ഞതല്ലാതെ മറെറാന്നും ഇക്കാര്യത്തിൽ പറയാനില്ല. സ്വബ്ൻ ജമീൽ; വല്ലാഹുൽ മുസ്തആൻ (അല്ലാഹുവിൽ സഹായം പ്രതീക്ഷിച്ച് ക്ഷമിക്കുക തന്നെ!” ഈ സംസാരം കഴിഞ്ഞ് അധികം താമസിച്ചില്ല, അല്ലാഹു ആയിഷ (رضي الله عنها) യുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് സൂറത്ത് നൂറിലെ 11 മുതൽ 20 വരെയുള്ള ആയത്തുകൾ അവതരിപ്പിച്ചു.

നബി(ﷺ), ഇക്കാര്യം ആയിഷ (رضي الله عنها) യുടെ മാതാപിതാക്കൾ അടക്കമുള്ള സദസ്സിൽ വെച്ച് ആയിഷ (رضي الله عنها) യെ അറിയിച്ചു. ഉടനെ ആയിഷ (رضي الله عنها) യുടെ മാതാവ് പ്രവാചകനോട് നന്ദി പറയാൻ ആയിഷ (رضي الله عنها) യോട് പറഞ്ഞു. അന്നേരം അവർ പറഞ്ഞു: ഇല്ല, ഞാൻ ഇക്കാര്യത്തിൽ അല്ലാഹുവിനോടല്ലാതെ മററാരരോടും നന്ദി പറയേണ്ടതില്ല. അതോടുകൂടി സത്യാവസ്ഥ ബോധ്യപ്പെട്ടു. അപവാദം പ്രചരിപ്പിച്ചതിൽ പങ്കാളികളായവർക്ക് ഖുർആനിക നിയമപ്രകാരം 80 അടി വീതം നൽകി ശിക്ഷിക്കുകയും ചെയ്തു.

ഖൻദഖ് (അഹ്സാബ്) യുദ്ധം

ഹിജ്റ: അഞ്ചാം വർഷം തന്നെ നടന്ന മറെറാരു പ്രധാന സംഭവമായിരുന്നു. ഖൻദഖ് യുദ്ധം. അത് അഹ്സാബ് എന്ന പേരിലും പ്രസിദ്ധമാണ്. ഉഹ്ദിൽ വെച്ച് മുസ്‌ലിംകളോട് വീരവാദം മുഴക്കിയ അബൂസുഫ്യാൻ അടുത്ത കൊല്ലങ്ങളിൽ മുസ്‌ലിംകളുമായുള്ള ഒരു യുദ്ധത്തിന് അവസരം ലഭിച്ചില്ലെങ്കിലും പ്രസ്തുത ദുരാഗ്രഹവുമായി ജീവിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ മുസ്‌ലിംകളെ നശിപ്പിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന ജൂതന്മാർ ഒരു യുദ്ധത്തിനായി ആഗ്രഹിച്ചു. അത് ഖുറൈശികളുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അവർ സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്തു. കൂടാതെ ഗത്ഫാൻ ഗോതമുൾപ്പടെ മററു കക്ഷികളും സഹായ വാഗ്ദാനവുമായി അവരോട് സഖ്യത്തിലേർപ്പെട്ടു. അങ്ങിനെ അബൂസുഫ്യാന്റെ നേതൃത്വത്തിൽ ഖുറൈശികളും മററ് അറബി ഗോത്രങ്ങളും ജൂതന്മാരുമുൾപ്പടെ പതിനായിരത്തോളം വരുന്ന ഒരു സൈന്യം മദീന ലക്ഷ്യം വെച്ച് പുറപ്പെട്ടു.

വിവരം മനസ്സിലാക്കിയ പ്രവാചകൻ(ﷺ) സ്വഹാബികളുമായി കൂടിയാലോചിച്ചു. സ്വഹാബികളുടെ അഭിപ്രായ മനുസരിച്ച് മദീനയിൽ നിന്നും പുറത്ത് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. ശത്രുക്കൾ മദീനയിൽ പ്രവേശിക്കാതിരിക്കുതിന് മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാമെന്ന സൽമാനുൽ ഫാരിസി (رضي الله عنه) മുന്നോട്ട് വെച്ച് പുതിയ ആശയം ശരിവെക്കപ്പെട്ടു. യുദ്ധത്തിൻറെ മുന്നോടിയായി പ്രവാചകൻ(ﷺ) അടക്കം എല്ലാവരും അണിനിരന്ന് മദീനക്ക് ചുറ്റും കിടങ്ങ് തീർത്തു. അതിനാലാണ് പ്രസ്തുതയുദ്ധം കിടങ്ങ് എന്ന അർത്ഥമുള്ള ഖൻദഖ് എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്. വിവിധ കക്ഷികൾ ഉൾപ്പെട്ടത് എന്നിനാൽ അഹ്സാബ് എന്നും അറിയപ്പെട്ടു. ശക്തമായ ദാരിദ്ര്യം കാരണത്താൽ പ്രവാചകൻ അടക്കം സ്വഹാബികളിൽ പലരും വയററത്ത് കല്ലുകൾ വെച്ച് കൊണ്ടായിരുന്നു പ്രസ്തുത കിടങ്ങ് കീറിയിരുന്നത് എന്നിട്ടും ഓരോ പത്ത് പേർക്ക് നാൽപ്പത് മുഴം തോതിൽ കിടങ്ങ് കുഴിക്കാൻ ഏൽപ്പിച്ചുകൊടുത്തു. എന്നതെല്ലാം പ്രത്യേകം പ്രസ്താവ്യമാണ്.

ഈ അവസരത്തിൽ മദീനയിൽ മുസ്‌ലിംകളുമായി കരാറിലേർപ്പെട്ടിരുന്ന ബനൂഖുറൈള എന്ന ജൂതഗോതവും കരാർ ലംഘിച്ചു മുസ്‌ലിംകൾക്കെതിരിൽ രഹസ്യമായി സഹായിക്കാൻ ധാരണയിലെത്തിയിരുന്നു. കിടങ്ങ് കണ്ട ശ്രതുക്കൾ ദിവസങ്ങളോളം അമ്പരന്ന് നിന്നു. പിന്നീട് അസ്ത്രയുദ്ധം ചെയ്തുനോക്കി. അവസാനം വീതികുറഞ്ഞ ഭാഗം നോക്കി ചിലർ തങ്ങളുടെ കുതിരകളെ എടുത്ത് ചാടിച്ചു. അവരിൽ പ്രമുഖനായിരുന്നു അംറു ബ്നു അബ്ദ് വുദ്ദ്. അയാൾ ബദറിലേററ മുറിവ് കാരണത്താൽ ഉഹ്ദിൽ പങ്കെടുക്കാൻ കഴിയാത്ത ദു:ഖം തീർക്കാൻ കൂടിയാണ് ഈ യുദ്ധത്തിൽ പങ്കെടുക്കുന്നത് എന്ന അടയാളവും പേറിക്കൊണ്ടായിരുന്നു യുദ്ധത്തിന് വന്നിരുന്നത്. കിടങ്ങ് ചാടിക്കടന്ന ഉടനെ, ധൈര്യമുള്ളവർ രംഗത്ത് വരട്ടെ. ആയിരം പേരെ ഞാൻ ഇന്ന് അരിഞ്ഞ് വീഴ്ത്തും എന്നും പറഞ്ഞായിരുന്നു അയാൾ രംഗത്ത് വന്നത്. ഉടനെ അലി(رضي الله عنه) അയാളെ നേരിടുകയും ഓരാളെ പോലും കൊലപ്പെടുത്തുന്നതിന് മുമ്പായി അയാളുടെ പണികഴിക്കുകയും ചെയ്തു. അവരിലെ ഏററവും പേരെടുത്ത ഒരു കുതിരപ്പടയാളിക്ക് പറ്റിയ ഈ പതനം കണ്ട് ബാക്കിയുള്ളവരെല്ലാം ജീവനുംകൊണ്ട് തടിയെടുത്തു.

കിടങ്ങ് ചാടിക്കടന്ന മറെറാരാളായി നൗഫൽ കിടങ്ങ് ചാടി തിരിച്ചോടുമ്പോൾ കിടങ്ങിൽ വീണു. അന്നേരം മുസ്‌ലിംകൾ അയാളുടേയും കഥകഴിച്ചു. ഈ അവസരത്തി ൽ അവരുടെ മൃത ശരീരങ്ങൾ വിട്ട് കിട്ടാൻ അബൂ സുഫ്യാൻ 100 ഒട്ടകങ്ങൾ വാഗ്ദാനം ചെയ്തു. അന്നേരം പ്രവാചകൻ(ﷺ) അത് നിരസിച്ചുകൊണ്ട് പറഞ്ഞു: കൊണ്ടുപോകൂ ശവങ്ങൾ, ഞങ്ങൾ വിററ് ഭക്ഷിക്കുന്നവരല്ല. യുദ്ധത്തിൻറ പിന്നീട് അവർ വീണ്ടും അമ്പുകൾ വർഷിക്കാൻ തുടങ്ങി. മുസ്‌ലിംകൾ അതും ചെറുത്ത് തോൽപ്പിക്കുകയുണ്ടായി. ഇതിനിടയിൽ മുസ്‌ലിം പക്ഷത്ത് കൂടിയിരുന്ന മുനാഫിഖുകൾ മുസ്‌ലിംകളെ വഞ്ചിച്ച് പിൻമാറിയത് മുസ്‌ലിംകളുടെ ശക്തി അൽപ്പം ക്ഷയിപ്പിച്ചു. കൂടാതെ നേരെത്തെ സൂചിപ്പിച്ച ബനൂ ഖുറൈളയുടെ കൂറുമാററവും. എല്ലാം കൂടി മുസ്‌ലിംകൾക്ക് വല്ലാത്ത ഒരു പരീക്ഷണം തന്നെയായിരുന്നു അഹ്സാബ് യുദ്ധം. അതോടൊപ്പം പ്ട്ടിണിയും കൊടും തണുപ്പും.! എങ്കിലും അവർ ധീരമായി പൊരുതിക്കൊണ്ടിരുന്നു. അതിനിടയിൽ ശത്രുക്കളുമായി പൊരുതിക്കൊണ്ടിരിക്കുന്നതിന് പിൻഭാഗത്ത് സ്ത്രീകളെയും കുട്ടികളേയും പാർപ്പിച്ചിരുന്ന കോട്ടയുടെ ഭാഗത്തേക്ക് ബനൂഖുറൈളയിലെ ഭടന്മാരിൽ ഒരാൾ നുഴഞ്ഞുകയറി ആക്രമിക്കാനായി രംഗത്ത് വന്നു. ഇത്കണ്ട് പ്രവാചകൻ(ﷺ)യുടെ അമ്മായിയായ സ്വഫിയ്യ (رضي الله عنها) കോട്ടയുടെ ഭാഗം ശ്രദ്ധിക്കാൻ നിറുത്തിയിരുന്ന ഹസ്സാനുബ്നുഥാബിത്(رضي الله عنه)നോട് അയാളെ വകവരുത്താൻപറഞ്ഞു. രോഗിയായിരുന്ന ഹസ്സാൻ(رضي الله عنه) അത് അത്ര കാര്യമാക്കിയില്ല. അന്നേരം നോക്കിയിരിക്കാൻ ക്ഷമ നഷ്ടപ്പെട്ട സ്വഫിയ്യ (رضي الله عنه) ഒരു മരപ്പലകയുമെടുത്ത് ധൈര്യം സംഭരിച്ച് രംഗത്ത് വന്ന് അയാളെ വകവരുത്തുകയുണ്ടായി !

ഇങ്ങനെ എല്ലാ ഭാഗത്തിലൂടെയും മുസ്‌ലിംകൾ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ ശത്രുപക്ഷത്തുണ്ടായിരുന്ന ഗത്ഫാൻ ഗോത്രത്തിലെ പ്രമുഖരിൽ ഒരാളായ നഈമ് ബ്നു മസ്ഊദ് നബി(ﷺ)യുടെ അടുക്കൽ വന്ന് താൻ മുസ്ലിമായ വിവരം പ്രഖ്യാപിച്ചു. അതാകട്ടെ അയാളുടെ ഗോത്രത്തിലാരെയും അറിയിച്ചിരുന്നില്ല. അന്നേരം പ്രവാചകൻ(ﷺ) അത് രഹസ്യമായി സൂക്ഷിക്കാൻ അയാളോട് ആവശ്യപ്പെടുകയും “യുദ്ധമെന്നാൽ ഒരർത്ഥത്തിലുള്ള വഞ്ചനയാണ് അതിനാൽ നിനക്ക് കഴിയുന്ന രൂപത്തിൽ ശത്രുപാളയത്തിൽ നിന്ന് പ്രവർത്തിക്കുക” എന്ന് കൽപ്പിക്കുകയും ചെയ്തു.

നബി(ﷺ)യുടെ കൽപ്പന അനുസരിച്ച് നഈം (رضي الله عنه) ബനൂ ഖുറൈളയേയും ഖുറൈശികളേയും ഗത്ഫാൻകാരെയും പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടവിധം ആക്കിത്തീർക്കാനായി പ്രവർത്തിച്ചു. അതി സമർത്ഥമായ തന്റെ പ്രവർത്തനം വിജയിക്കുകയും ചെയ്തു. അതോടൊപ്പം പ്രവാചകനും മുസ്‌ലിംകളും നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. അല്ലാഹു പ്രാർത്ഥനസ്വീകരിച്ചു. ശ്രതുക്കളിൽ ഭീതിയുളവാകുന്ന വിധം ഒരു ഭാഗത്ത് മലക്കുകളെ ഇറക്കി സഹായിച്ചു. അതോടൊപ്പം മറെറാരുനിലക്ക് അതി ശക്തമായ നിലക്കുള്ള കാററും അടിച്ചുവീശിക്കൊണ്ടിരുന്നു. കാറ്റ് മൂലം അവരുടെ ടെൻറുകൾ തകർന്നു. അടുപ്പത്തിരുന്ന കഞ്ഞിക്കലങ്ങൾ പോലും പാറിപ്പറന്നുപോയിരുന്നു എന്ന് ചരിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അതിശക്തമായ മഴയിലും ശത്രുപാളയത്തിൽ കൂട്ടക്കരച്ചിലും രോദനങ്ങളും ഉയർന്നു. അതിനിടയിൽ വാളുകളും കുന്തങ്ങളും കൂട്ടിമുട്ടുന്ന ശബ്ദങ്ങളും. ആകെ ഭീതി നിറത്ത അന്തരീക്ഷം ശക്തമായ കൂരിരുട്ടും!

ഈ അവസരത്തിൽ അവരുടെ വിവരങ്ങൾ കൃത്യമായി അറിയാൻ ആരെയെങ്കിലും പറഞ്ഞയക്കാൻ പവാചകൻ തീരുമാനിച്ചു. പക്ഷേ കൊടും തണുപ്പത്ത് ആരെ അയക്കും?! ഉടനെ പ്രവാചകൻ (ﷺ) ഇങ്ങിനെ പറഞ്ഞു: “ശ്രതുക്കളുടെ തമ്പിൽ പോയി വിവരം അറിഞ്ഞു വരുന്നവൻ എന്റെ കൂടെ സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കാൻ ഞാനിതാ പ്രാർത്ഥിക്കുന്നു. ആരുണ്ട് പോയി വരാൻ ?” ഉടനെ ഹുദൈഫത്ത് ബ്നുൽ യമാൻ (رضي الله عنه) അതിന് തയ്യാറായി. അദ്ദേഹം ചെന്ന് നോക്കിയപ്പോൾ അല്ലാഹുവിൻറ സൈന്യത്തെയല്ലാതെ മററാരെയും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അബൂസുഫ്യാൻ അന്നേരം വിളിച്ചു പറയുന്നത് കേട്ടു. ഓരോരുത്തരും തൻറെ അടുത്താരാണ് എന്ന് അറിഞ്ഞിരിക്കണം. ഉടനെ ഹുദൈഫ(رضي الله عنه) അടുത്തുള്ള ആളുടെ പിടിച്ച് നിങ്ങളാരാണ് എന്ന് ചോദിച്ചു; എന്ന് അദ്ദേഹം പിന്നീട് പ്രവാചക സന്നിധിയിൽ വന്ന് വിവരിച്ച് കൂട്ടത്തിൽ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. പിന്നീട് അബൂസുഫ്യാൻ ശബ്ദം കേട്ടത് “ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. കുതിരകളും ഒട്ടകങ്ങളും എല്ലാം നഷ്ടപ്പെടും അതിനാൽ ഉടനെ പുറപ്പെടുക. നമുക്ക് മടങ്ങാം” എന്ന് വിളിച്ചു പറയുന്നതായിരുന്നു. അങ്ങിനെ രാതിക്ക് രാത്രി തന്നെ അവർ ഓടി രക്ഷപ്പെട്ടു. വിശ്വാസികൾ വിജയശ്രീലാളിതരായി അല്ലാഹുവിന് ശുക് രേഖപ്പെടുത്തി മദീനയിലെ തങ്ങളുടെ സ്ഥലത്തേക്കും മടങ്ങി. അല്ലാഹു വിശ്വാസികളുടെ വിഷമങ്ങളും പ്രയാസങ്ങളും അതോടെ നീക്കുകയുംചെയ്തു. പ്രവാചകനും അനുയായികളും ഇപ്രകാരം പറഞ്ഞു കൊണ്ടായിരുന്നു മടങ്ങിയിരുന്നത്. “

(അല്ലാഹു ഏകനാണ്. അവനല്ലാതെ ആരാധ്യനില്ല. അവന്ന് ആരും പങ്കുകാരില്ല. അവനാണ് അധികാരങ്ങൾ. സ്തോത്രങ്ങളും അവന്. അവൻ സർവ്വശക്തനാണ്. റബ്ബിനെ സ്തുതിക്കുന്നവരും, ആരാധിക്കുന്നവരും, അവൻറ മുന്നിൽ മാത്രം നമിക്കുന്നവരും, പശ്ചാതാപ മനസ്കരുമായി ഞങ്ങളിതാ മടങ്ങുന്നു. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം പൂർത്തീകരിച്ചു, തന്റെ ദാസനെ അവൻ സഹായിച്ചു, ശേഷം ഒന്നുമില്ലാത്ത വിധം ശ്രതുസേനകളെ അവൻ ഒററക്ക് പരാജയപ്പെടുത്തി).

അഹ്സാബിന് ശേഷം മക്കാ വിജയം വരെ മുസ്‌ലിംകൾക്ക് എല്ലാ നിലക്കും വിജയങ്ങളുടേയും സഹായങ്ങളുടേയും കാലമായിരുന്നു. സൂറ: അഹ്സാബിലെ 9 മുതൽ ദീർഘമായ ആയത്തുകൾ പ്രസ്തുത സംബന്ധമായി അവതരിച്ചിട്ടുള്ളതാണ്. അറിഞ്ഞിരിക്കേണ്ട മററു കാര്യങ്ങൾ ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ നമുക്ക് ഇങ്ങനെ കാണാം – “ഉമർ(رضي الله عنه), നബി(ﷺ)യുടെ അടുക്കൽ വന്ന് മുശ്രികുകളെ ചീത്ത വിളിച്ചു കൊണ്ട് പറഞ്ഞു: നബിയേ, അസ്തമിക്കുന്നത് വരെ അസർ  നമസ്കരിക്കാൻ കഴിഞ്ഞില്ലല്ലൊ ! അപ്പോൾ നബി (ﷺ)യും അത് തന്നെ പറയുകയും. ശേഷം സ്വഹാബികളേയും താഴ്ഭാഗത്തേക്ക് ഇറക്കി വുദുവെടുത്ത് ആദ്യം അസ്വറും (അസ്തമിച്ച ശേഷം) പിന്നീട് മഗ്രിബും നമസ്കരിച്ചു. പിന്നീട് ശത്രുക്കൾക്ക് എതിരിൽ പ്രാർത്ഥിച്ച വചനങ്ങൾ കാണുക: മലഅല്ലാഹു അലൈഹിം കുബ്ദുറഹും വ ബുയൂത്വഹൂം നാറാ, കമാശഗലൂനാ അനി സ്വലാതിൽ വുസ്ത്വാ ഹത്താ ഗാബതിശ്ശംസ് (അസ്തമിക്കുന്നത് വരെ സ്വലാതുൽ വുസ്ത്വ(അസ്വർ നമസ്കാരം) നിർവ്വ ഹിക്കാൻ കഴിയാത്ത വിധം ഞങ്ങളെ അശ്രദ്ധയിലാക്കിയ വിഭാഗത്തിൻറ വീടുകളും ഖബറുകളും നാഥാ നാഥാ നീ നരകം കൊണ്ട് നിറക്കേണമേ)” നോക്കു സ്വന്തം ശരീരത്തിന് താങ്ങാൻ കഴിയാത്ത കടുത്ത മർദ്ദനങ്ങൾ ഏൽപ്പിച്ച ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കാൻ പ്രാർത്ഥിച്ച് പ്രവാചകൻ(ﷺ) നമസ്കാരം അശ്രദ്ധയിലാക്കിയവർക്ക് വേണ്ടി (പ്രാർത്ഥിച്ചതാകട്ടെ നരകം കൊടുക്കാൻ !! ഉറക്കമോ മറവിയോ കാരണം സമയം തെറ്റിയാലും ആദ്യത്തെ നമസ്കാരം നിർവ്വഹിച്ചതിന് ശേഷമായിരിക്കണം പിന്നീട് ഉള്ള നമസ്കാരം നിർവ്വഹിക്കേണ്ടത്. എന്ന കാര്യവും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

തുർമുദി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ അബൂത്വൽഹ (رضي الله عنه) പറയുന്നു: “ഞങ്ങൾ വിശപ്പ് സഹിക്കാനാവാതെ നബി (ﷺ)യുടെ അടുക്കൽ ചെന്ന് വസ്ത്രം പൊക്കി വയർ കാണിച്ചുകൊണ്ട് നബിയേ, കല്ല് വെച്ച് കെട്ടിയിട്ട് പോലും നിൽക്കാനാകുന്നില്ലെന്ന് പറഞ്ഞു. പ്രവാചകൻ (ﷺ) തന്റെ വസ്ത്രം പൊക്കി വയർ കാണിച്ചപ്പോൾ നബി(ﷺ)യുടെ വയററത്ത് രണ്ട് കല്ലുകൾ വെച്ചുകെട്ടിയിരുന്നതായി ഞങ്ങൾ കണ്ടു. ‘ നോക്കു പ്രവാചകജീവിതത്തിലെ ഓരോ സംഭവങ്ങൾ !,

ഇമാം ബുഖാരി രേഖപ്പെടുത്തിയ മറെറാരു “പ്രവാചകൻ വിഷമാവസ്ഥ മനസ്സിലാക്കിയ ജാബിറു ബ്നു അബ്ദുല്ല (رضي الله عنه) ഒരു ആട്ടിൻ കുട്ടിയെ അറുക്കുകയും അന്നേരം സംഭവം തൻറെ ഭാര്യയോട് അത് പാകം ചെയ്ത് പ്രവാചകന് നൽകാൻ പറഞ്ഞു. അവർ അൽപം ഗോതമ്പ് കൊണ്ട് റൊട്ടിയുണ്ടാക്കി. നബി(ﷺ)യോട് ഏതാനും ആളുകളെ മാത്രം കൂട്ടി തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. പ്രവാചകൻ(ﷺ) യാകട്ടെ ഖൻദഖിലുണ്ടായിരുന്ന ആയിരത്തോളം വരുന്ന സ്വഹാബികളേയും കൊണ്ട് ചെന്നു. അവർ എല്ലാവരും സുഭിക്ഷമായി അതിൽ നിന്നും ഭക്ഷിച്ചു. എന്നിട്ടും കറിപ്പാതവും റൊട്ടിയുടെ പാതവും അതേ പോലെ തീരെ എടുക്കാത്ത വിധം നിറഞ്ഞുതന്നെ അവശേഷിക്കുകയും ചെയ്തു.” നബി(ﷺ)യുടെ മുഅ്ജിസത്ത് (അമാനുഷിക സംഭവം) പ്രകടമായ ഈ രൂപത്തിലുള്ള വേറേയും കഥകൾ മററ് ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതേ ഖൻദഖിലാണ് പ്രവാചകനും അനുയായികളും വിശപ്പ് കാരണം വയററത്ത് കല്ലുകൾ കെട്ടിയിരുന്നതും. അപ്പോൾ ഒരുകാര്യം വ്യക്തം. അമാനുഷിക സംഭവങ്ങൾ പ്രവാചകന്മാർക്ക് അവർക്ക് ആവശ്യമുള്ളപ്പോൾ അവർക്ക് തോന്നുന്ന വിധം പ്രവർത്തിക്കാൻ കഴിയുന്ന ഒന്നല്ല; മറിച്ച് അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവരിലൂടെ പ്രകടമാകുന്ന ഒന്നാണത് എന്ന് വ്യക്തം.

ഖൻദഖ് യുദ്ധത്തിൽ മുറിവ് പറ്റിയ സ്വഹാബിയായ സഅദ്ബ്നു മുആദ്(رضي الله عنه) വിനെ നബി(ﷺ) താമസിപ്പിച്ച് ചികിൽസിച്ചിരുന്നത് പള്ളിയിൽ പ്രത്യേകം ടെൻറ് കെട്ടിക്കൊണ്ടായിരുന്നു. കാരണം പള്ളി ജനോപകാരപ്രദമായ ഏത് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

അദ്ദേഹത്തിൻറ മുറിവിൽ നിന്നും ഒരിക്കൽ അടുത്തടെൻറു കാരുടെ അടുത്തേക്ക് രക്തം ഒലിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ട് ചെന്ന് നോക്കിയപ്പോഴാണ് അദ്ദേഹം രകസാ ക്ഷിയായ വിവരം സ്വഹാബികൾ അറിഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് നബി(ﷺ) പറഞ്ഞത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക : “സഅദ് ബ് മുആ ദിൻറ മരണം കാരണം അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങുകയുണ്ടായി”, 

 
അബ്ദുൽ ലത്തീഫ് സുല്ലമി

09 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 09]

ബദർയുദ്ധം

മുസ്‌ലിംകൾ മദീനയിൽ തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്രികുകൾക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പല നിലയിലും പ്രവാചകനേയും മുസ്‌ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിൽ അല്ലാഹു യുദ്ധത്തിന് അനുമതി നൽകിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. “പിന്നെ അവര്‍ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.” (ഖുർആൻ 22: 29)

മദീനയിൽ ഇസ്‌ലാം വളർന്നു; മുസ്‌ലിംകളുടെ എണ്ണവും ശക്തിയും കൂടിക്കൊണ്ടിരുന്നു. ഇതിൽ അസൂയപൂണ്ട മുശ്രികുകൾ എല്ലാവരും കൂടി ഒരു പുതിയ തീരുമാനത്തിലെത്തി. അവരിലെ എല്ലാ ഗോത്രങ്ങൾക്കും പങ്കാളിത്വം നൽകി ഒരു കച്ചവട സംഘത്തെ സിറിയിലേക്ക് ഒരുക്കുകയും അതിലെ ലാഭം ഇസ്ലാമിനും മുസ്‌ലിംകൾക്കുമെതിരിലുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും തീരുമാനിച്ചു.

ഈ വിവരം അറിഞ്ഞ പ്രവാചകൻ(ﷺ) സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം കച്ചവട സംഘത്തെ തടുക്കുവാനായി 313 പേരടങ്ങുന്ന ഒരു സംഘവുമായി റമദാൻ മൂന്നിന് മദീനയിൽ നിന്നും സിറിയയുടെ ഭാഗത്തേക്ക്പുറപ്പെട്ടു. രണ്ട് കുതിരയും എഴുപത് ഒട്ടകവും മാത്രമായിരുന്നു അവരോടൊപ്പമുണ്ടായിരുന്ന വാഹനങ്ങൾ. സാധാരണ കൂടെ കരുതാറുള്ള ആയുധങ്ങളല്ലാതെ ഒരു യുദ്ധത്തിനായുള്ള യാതൊരു മുന്നൊരുക്കളും അവരിൽ ഉണ്ടായിരുന്നില്ലതാനും.

എന്നാൽ വിവരം അറിഞ്ഞ അബൂസുഫ്യാൻ, മുഹമ്മദും അനുയായികളും കച്ചവട സംഘത്തെ തടുക്കാനായി പുറപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഉടനെ ഒരു സംഘം ആളുകളെ തങ്ങളെ സഹായിക്കാനായി മദീനയിലേക്ക് അയക്കണമെന്നും അബൂസുഫ്യാൻ മക്കയിലേക്ക് വിവരം അറിയിച്ചു. അത് കേൾക്കേണ്ട താമസം മുഹമ്മദിനേയും മുസ്‌ലിംകളേയും എങ്ങിനെയെങ്കിലും വകവരുത്തണം എന്ന് ആലോചിച്ചു കൊണ്ടിരുന്ന മക്കാ മുശ്രികുകൾ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ആയിരത്തോളം വരുന്ന ഒരു വൻ സൈന്യത്തെ മദീനയിലേക്ക് അയച്ചു. എന്നാൽ പ്രസ്തുത സൈന്യം എത്തുന്നതിനു മുമ്പ് അബൂസുഫ്യാൻ കച്ചവട സംഘവുമായി മറെറാരു മാർഗ്ഗത്തിലൂടെ മക്കയിലേക്ക് രക്ഷപ്പെട്ടു.

അബുസുഫ്യാൻ കച്ചവടസംഘവുമായി മക്കയിലേക്ക് രക്ഷപ്പെട്ട വിവരം ഖുറൈശികളെ അറിയിച്ചുവെങ്കിലും അവർ മടങ്ങാൻ തയ്യാറായില്ല. മദീനക്ക് അടുത്ത് ബദറിൽ എത്തി ഒരു യുദ്ധത്തിനായി താവളമുറപ്പിച്ചു. ഈ വിവരം അറിഞ്ഞ പ്രവാചകൻ അനുയായികളുമായി കൂടിയാലോചിച്ചു. കാരണം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കത്തോടെയായിരുന്നില്ല അവരുടെ പുറപ്പാട്. മറെറാരു കാരണം മദീനക്കുള്ളിൽ വെച്ചുള്ള സംരക്ഷണമായിരുന്നു നേരത്തെ ഉടമ്പടിയിൽ രേഖപ്പെടുത്തപ്പെട്ടിരുന്നത്; ബദർ മദീനക്ക് പുറത്തുമാണല്ലൊ. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുഹാജിറുകൾ തങ്ങളുടെ യോജിപ്പ് വ്യക്തമാക്കി. പിന്നെയും പ്രവാചകൻ (ﷺ) അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അന്നേരം മുഹാജിറുകളിൽ നിന്ന് മിഖ്ദാദ് (رضي الله عنه) ഇപ്രകാരം പറഞ്ഞു: “പ്രവാചകരെ, അതെന്താണ് ഞങ്ങളെ സംശയിക്കുന്നുണ്ടോ? ഞങ്ങൾ ഒരിക്കലും ഇസ്റാഈൽ ജനത മൂസാ നബിയോട്പറഞ്ഞത് പോലെ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങൾ ഇവിടെ ഇരിക്കാം. എന്നു പറയുകയില്ല, മറിച്ച്, നിങ്ങൾ കൽപ്പിച്ചുകൊള്ളുക ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധം ചെയ്തുകൊള്ളാം” എന്നായിരിക്കും പറയുക. ഈ മറുപടി കേട്ടിട്ടും പ്രവാചകൻ (ﷺ) ക്ക് സമാധാനമാവാത്തത് പോലെ തോന്നി. ഉടനെ അൻസ്വാറുകളിൽ നിന്നും സഅദ്ബ്നു മുആദ് (رضي الله عنه) പറഞ്ഞു:

“പ്രവാചകരെ അങ്ങ് ഇനി ഞങ്ങളുടെ അഭിപ്രായത്തയാണോ കാത്ത് നിൽക്കുന്നത് ? അവിടുന്ന് ഞങ്ങളോട് ഒരു സമുദ്രത്തിലേക്ക് എടുത്ത് ചാടണം എന്ന് കൽപ്പിച്ചാലും ഞങ്ങളത് കേൾക്കുന്ന മാത്രയിൽ അത് അനുസരിക്കുക തന്നെ ചെയ്യും” ഇത് കൂടി കേട്ടപ്പോൾ പ്രവാചകന് സമാധാനമായി. അനുയായികളുടെ ഈ മറുപടി കേട്ട പ്രവാചകൻ(ﷺ) പറഞ്ഞു നമുക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം. ഒന്നുകിൽ കച്ചവട

അല്ലെങ്കിൽ വിജയം രണ്ടാലൊന്ന് അല്ലാഹു എനിക്ക് ഉറപ്പ് തന്നിരിക്കുന്നു. ശത്രുക്കളുടെ പതനം ഞാനിതാ കൺമുന്നിൽ കാണുന്നു; എന്നു പറഞ്ഞ് പ്രവാചകൻ(ﷺ) സ്വഹാബികളെ ആവേശഭരിതരാക്കുകയുണ്ടായി.

മുസ്‌ലിംകൾ തങ്ങൾക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കത്തക്ക നിലക്കുള്ള ഒരിടത്ത് സ്ഥാനമുറപ്പിച്ചു. ഇതിൽ അമർഷം പൂണ്ട മുശ്രിക്കുകൾ മുസ്‌ലിംകൾ കയ്യടക്കിയ വെള്ളത്തടാകം കയ്യേറാനായി മുന്നോട്ട് വന്നു. അവരിൽ പെട്ട അസ്ദു ബ്നു അബ്ദിൽ അസ്വദ് അതിനായി മുന്നോട്ട് വന്നു. അന്നേരം ഹംസ(رضي الله عنه) അയാളുടെ കാലിനു വെട്ടി നിലത്തിടുകയും വധിക്കുകയും ചെയ്തു. ഇതോടെ യുദ്ധത്തിനു തുടക്കമായി. തുടർന്ന് ശത്രുക്കളിൽ നിന്ന് ഉത്ബ, ശൈബ, വലീദ് എന്നിവർ വെല്ലുവിളികളുമായി ദ്വന്ദയുദ്ധത്തിനായി മുന്നോട്ടു വന്നു. അന്നേരം ഹംസ ശൈബയേയും, അലി വലീദിനേയും കൊന്നു വീഴ്ത്തി. ഉബൈദ് (رضي الله عنه) ഉത്ബയുമായി മല്ലടിച്ചുകൊണ്ടിരിക്കെ അലിയും ഹംസ(رضي الله عنه) സഹായത്തിനായി എത്തി വലീദിനേയും കൊലപ്പെടുത്തി. അതോടൊപ്പം ഉബൈദ് (رضي الله عنه)വും രക്തസാക്ഷിയായി.

റമദാൻ 17 വെള്ളിയാഴ്ച യുദ്ധം കൊടുമ്പിരി കൊണ്ടു. വിശ്വാസികൾക്ക് അല്ലാഹു കൂടുതൽ ശക്തി പകർന്നു. അവരെ സഹായിക്കാൻ മലക്കുകളെ ഇറക്കിക്കൊടുത്തു. പ്രവാചകൻ(ﷺ) ബദറിൽ സുജൂദിലായിക്കിടന്ന് ദീർഘമായി ഇങ്ങനെ പ്രാർത്ഥിച്ചു: “അല്ലാഹുവേ ഈ ചെറു സംഘത്തെ നീ ഇവിടെ വെച്ച് പരാജയപ്പെടുത്തിയാൽ നിന്നെ മാത്രം ആരാധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാവുകയില്ല. അത്കൊണ്ട് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത വിജയം നീ നൽകേണമേ” എന്ന് പ്രാർത്ഥിച്ചു. ബദറിലേക്ക് പുറപ്പെടുമ്പോൾ അബൂജഹൽ പ്രാർത്ഥിച്ചതും ചരിതം രേഖപ്പെടുത്തുന്നുണ്ട്.

“അല്ലാഹുവേ, ഞങ്ങൾ രണ്ടു സൈന്യങ്ങളിൽ ഉന്നതരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങൾ രണ്ടു കക്ഷികളിൽ മാന്യന്മാരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങൾ രണ്ട് ഗോത ങ്ങളിൽ ശ്രഷ്ഠരെ നീ സഹായിക്കേണമേ” എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹുവോടും അല്ലാത്തപ്പോൾ മററുള്ളവരോടും പ്രാർത്ഥിക്കുന്ന രീതിയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ലെന്നും ബദറിൽ തെളിയിക്കപ്പെട്ടു. അപ്പോൾ ബദർ നടന്നത് “മാത്രം’ എന്നതിന്. അതായത് എല്ലാ പ്രാർത്ഥനകളും ആരാധനകളും അല്ലാഹുവിനോട് ആയിരിക്കണം എന്നതിന് വേണ്ടിയല്ല. മറിച്ച് അല്ലാഹുവിനോട് മാത്രമായിരിക്കണം എന്നതിനു വേണ്ടിയായിരുന്നു എന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ. 

രണാങ്കണം സംഘർഷഭരിതമായി, രക്തച്ചൊരിച്ചിലും ആർപ്പുവിളികളുമായി അന്തരീക്ഷം ശബ്ദമുഖരിതമായി. അചഞ്ചലമായ വിശ്വാസികൾ പലരും തങ്ങളെ മർദ്ദിച്ച് കഷ്ടപ്പെടുത്തിയിരുന്ന ശ്രതുനേതാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് വകവരുത്തി. ബിലാൽ(رضي الله عنه), തൻറെ യജമാനനായിരുന്ന ഉമയ്യത്തിനെ അരിഞ്ഞുവീഴ്ത്തി. മുആദ്ബ് അംറു(رضي الله عنه) അബൂജഹലിനേയും കൊന്നിട്ടു. അങ്ങിനെ ശ്രതുനേതാക്കൾ ഏതാണ്ട് എല്ലാവരും കൊല്ലപ്പെട്ടു. അങ്ങിനെ എഴുപത് പേർ ശത്രുപക്ഷത്ത് നിന്നും കൊല്ലപ്പെട്ടു. എഴുപത് പേർ ബന്ധനസ്തരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം പക്ഷത്ത് നിന്നും പതിനാല് പേർ രക്തസാക്ഷികളായി.

മുസ്‌ലിംകൾക്ക് അല്ലാഹു വാഗ്ദാനം നൽകിയ വിധം ലഭ്യമായ പ്രസ്തുത വിജയം ഇസ്ലാമിക ചരിത്രത്തിലെ ഏററവും വലിയ ഒരു നാഴികക്കല്ലായി മാറി. ആളും അർത്ഥവും അല്ല; ഈമാനും ത്യാഗ ബോധവും അത് മാത്രമാണ് വിജയത്തിൻറ അടിസ്ഥാനം എന്ന് തെളിയിക്കപ്പെട്ടു. അതെ “നിങ്ങൾ വിശ്വാസികളാണ് എങ്കിൽ നിങ്ങൾ തന്നെയായിരിക്കും ഉന്നതർ” എന്ന ഖുർആനിക പ്രഖ്യാപനം പുലർന്നു!! അങ്ങിനെ വിശ്വാസികൾ യുദ്ധാർജിത സമ്പത്തു (ഗനീമത്ത്) മായി മദീനയിലേക്ക് മടങ്ങി. സത്യവും അസത്യവും വേർതിരിക്കപ്പെട്ട ഈ യുദ്ധത്തെ ഖുർആൻ “ഫുർഖാൻ’ എന്ന് വിശേഷിപ്പിച്ചു. മുശ്രികുകൾക്കാകട്ടെ വല്ലാത്ത പരാജയമാണ് യുദ്ധം വരുത്തിവെച്ചത്. അവരിലെ നായകരെല്ലാം യുദ്ധത്തിൽ വധിക്കപ്പെട്ടു. യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത അബൂലഹബും യുദ്ധം നടന്ന ഉടനെ, അധികം താമസിയാതെ മരണപ്പെട്ടു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാൻ തീരുമാനിച്ചു. സാമ്പത്തിക ശേഷിയില്ലാത്തവർക്ക് അവർ എഴുത്തും വായനയും അറിയുന്നവരാണ് എങ്കിൽ മദീനയിലെ പത്ത് വീതം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുകയാണ് എങ്കിൽ മോചിതരാകാം; എന്ന നിബന്ധനയും കൂട്ടിച്ചേർത്തു! നോക്കു ആയിത്തിനാനൂറ് കൊല്ലം മുമ്പ് ഇസ്‌ലാം  സാക്ഷരതക്ക് നൽകിയ പധാന്യവും സംഭാവനകളും. !!!

ഉഹദ് യുദ്ധം

ബദർ യുദ്ധത്തിൽ മുശ്രിക്കുകൾക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അർത്ഥത്തിലും തകർത്തു കളഞ്ഞു. എങ്കിലും അവർ വിശ്വാസികളോട് പകരം വീട്ടുവാനായി മറെറാരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ബദർ യുദ്ധത്തിൻറെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്‌ലിംകളോട് പകരം വീട്ടു വാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവൻ ഗോത്രങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ നേടിയെടുത്ത് കൊണ്ട് മുസ്‌ലിംകളോടുള്ള പക തീർക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികൾ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഓടാതിരിക്കുന്നതിനും അവർക്ക് ആവേശം പകരുന്നതിനുമായി സ്ത്രീകളേയും പ്രസ്തുത സൈന്യത്തിൽ പങ്കെടുപ്പിച്ചു എന്നത് ഈ യുദ്ധത്തിന്റെ ഒരു പ്രത്യേ കതയായിരുന്നു. കൂടാതെ വാദ്യോപകരണങ്ങൾ മദ്യം എന്നിവയും സൈനികർക്കായി പ്രത്യേകം തയ്യാർ ചെയ്തു.

ശ്രതുക്കളുടെ പടയൊരുക്കത്തെ സംബന്ധിച്ച് നബി (ﷺ) ക്ക് വിവരം ലഭിച്ചു. നബി(ﷺ) അനുചരന്മാരുമായി കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തുകയാണ് എങ്കിൽ നമുക്ക് ഇവിടെ വെച്ച് നേരിടാം എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂൽ അടക്കമുള്ള പ്രായം ചെന്ന ആളുകളുടെ അഭിപ്രായം. എന്നാൽ ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാർ മുന്നോട്ട് വെച്ച് അഭിപ്രായമനുസരിച്ച് ശത്രുക്കളെ മദീനക്ക് പുറത്ത് ചെന്ന് തന്നെ നേരിടണമെന്ന അഭിപ്രായത്തോടാണ് നബി(ﷺ) അനുകൂലിച്ചത്. അതനുസരിച്ച് ആയിരം പേരടങ്ങിയ ഒരു സന്യവുമായി നബി(ﷺ) ഹിജ്റ മൂന്നാം കൊല്ലം ശഅ്ബാൻ അഞ്ച് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ശത്രുക്കളെ നേരിടുന്നതിന് ഉഹ്ദിലേക്ക് മാർച്ച് ചെയ്തു.

എന്നാൽ മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദല്ലാ ഹിബ്നു ഉബയ്യു ബ്നു സുലൂൽ മുഹമ്മദ്, തൻറ അഭിപ്രായം മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞു, എന്ന വാദം ഉന്നയിച്ച് മൂന്നിലൊരു ഭാഗം സൈന്യത്തെയും കൊണ്ട് ഇടക്ക് വെച്ച് പിന്തിരിഞ്ഞുപോയി. അവർ മുനാഫിഖുകൾ (കപടവിശ്വാസികൾ) ആയിരുന്നു. ബാക്കിവരുന്ന സൈന്യത്തേയും കൊണ്ട് നബി(ﷺ) ഉഹ്ദിലേക്ക് നീങ്ങി. സൈന്യത്തെ വളരെ കൃത്യമായി കമീകരിച്ചു. കൊടിവാഹകനായി മിസ്അബ് ബിനു ഉമൈർ (رضي الله عنه)വിനെ നിശ്ചയിച്ചു. മലയുടെ പിൻഭാഗത്ത് നിന്നുമുള്ള ശ്രതുക്കളുടെ ആക്രമണത്തെ തടയാനായി അബ്ദല്ലാ ഹിബ്നു ജുബൈറിൻ കീഴിൽ അമ്പത് അമ്പത്തുകാരെ യാതൊരു കാരണവശാലും പ്രവാചകൻ അനുമതി കൂടാതെ പ്രസ്തുത സ്ഥലം വിട്ടുപോകരുത് എന്ന നിബന്ധനയോടെ പ്രത്യേകം സജ്ജമാക്കി നിർത്തുകയും ചെയ്തു.

യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(رضي الله عنه), ഹംസ(رضي الله عنه) എന്നിവർ സധീരം പൊരുതി. അതോടെ ശത്രുസൈന്യം ഒന്നാകെ ഇളകി. ശ്രതു പക്ഷത്തിന്നും പലരും പിടഞ്ഞുമരിച്ചു. അതോടെ ബാക്കിയുള്ളവർ തങ്ങളുടെ കൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞു ഓടി. അപ്പോഴേക്കും മുസ്‌ലിം ഭടന്മാർ ശതുക്കൾ ഉപേക്ഷിച്ചു പോയ സ്വത്തുക്കൾ വാരിക്കൂട്ടാൻ തുടങ്ങി. പ്രവാചകൻ(ﷺ)യുടെ നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് ഒരിക്കലും സ്ഥലം വിട്ട് പോകരുത് എന്ന് പറഞ്ഞ് മലമുകളിൽ നിറുത്തിയിരുന്ന അമ്പത്തുകാർ ഇത് കണ്ടു. യുദ്ധം അവസാനിച്ചുവല്ലൊ ഇനി എന്തിന് നാം ഇവിടം നിൽക്കണം, എന്ന് പറഞ്ഞ് നബി(ﷺ)യുടെ നിർദ്ദേശം തെറ്റിച്ചുകൊണ്ട് മലമുകളിൽ നിന്നും ഏതാനും പേർഅല്ലാത്ത ബാക്കിയെല്ലാ വരും അവടം വിട്ട് ഇറങ്ങി ശത്രുക്കൾ കൈവിട്ടു ദുനിയാവ് വാരിക്കൂട്ടുന്നതിൽ വ്യാപൃതരായി.

ഈ തക്കം നോക്കി സൈഫുല്ല (അല്ലാഹുവിന്റെ വാൾ) എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബിനുൽ വലീദ്(رضي الله عنه) അന്ന് അദ്ദേഹം മുസ്ലിമായിട്ടുണ്ടായിരുന്നില്ല- മലയുടെ പിൻ ഭാഗത്തിലൂടെ സൈന്യത്തെ തിരിച്ചുവിട്ട് മുസ്‌ലിംകളെ പെട്ടന്ന് ആക്രമിച്ചു. മുസ്‌ലിംകളാകട്ടെ സമരാർജ്ജിത സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കിൽ ചിന്നഭിന്നമായ അവ സ്ഥയിലുമായിരുന്നു. രംഗം ആകെ മോശമായ നിലയിലായി ആർക്കും മറെറാരാളെ സഹായിക്കാൻ പററാത്ത നില വന്നു. തമ്മതമ്മിൽ തന്നെ പലരും ഏറ്റുമുട്ടി. അതി നിടെ ആരോ മുഹമ്മദ് വധിക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇത് മുസ്‌ലിംകളിൽ ബാക്കിയുണ്ടായിരുന്ന ആവേശവും നിർവീര്യമാക്കി. മുസ്‌ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകൻ പിതൃവ്യൻ ഹംസ(رضي الله عنه), മിസ്അബ് ബിൻ ഉമൈർ(رضي الله عنه) അനസ് ബ്നു നളീർ എന്നിവർ മുസ്‌ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരിൽ പ്രധാനികളായിരുന്നു. നബി (ﷺ) ശത്രുക്കൾ കുഴിച്ചിരുന്ന ഒരു ചതിക്കുഴിയിൽ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പററി. മുൻപല്ല് പൊട്ടിപ്പോയി. മുറിവുകളിൽ നിന്നും നിലക്കാത്ത വിധം രക്തം വന്നുകൊണ്ടിരുന്നു. ഉടനെ യുദ്ധക്കളത്തിൽ പങ്കെടുത്തിരുന്ന മകൾ ഫാത്വിമ:( رضي الله عنها) ഒരു പായയുടെ കഷ്ണം എടുത്ത് കരിച്ച് അതിൻറ ചാരം പ്രവാചകന് ഏററ മുറിവിൽ വെച്ച് കെട്ടി രക്തം ശമിപ്പിച്ചു. ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാട് രംഗങ്ങൾ ചരിത്രങ്ങളിൽ തിളങ്ങി നിൽക്കുന്നത് നാം മനസ്സിരുത്തി ഓർക്കേണ്ടതായിട്ടുണ്ട് അവയിൽ ചിലത് മാത്രം താഴെ ചേർക്കുന്നു.

മക്കയിൽ സമ്പന്നതയുടെ തൊട്ടിലിൽ ജനിച്ച സുമുഖനായ വ്യക്തിയായിരുന്നു മിസ്അബ് (رضي الله عنه). അദ്ദേഹം രകസാക്ഷിയായി കഫൻ ചെയ്യുന്ന രംഗം!. സ്വഹാബികൾ പവാചകനോട് വന്ന്പറഞ്ഞ വാക്കുകൾ. നബിയേ ഞങ്ങൾ അദ്ദേഹത്തിൻറ തല മറച്ചാൽ കാല് പുറത്ത് വരും, കാല് മറക്കുമ്പോൾ തല പുറത്ത് വരും എന്ത് ചെയ്യണം ? നോക്കൂ അദ്ദേഹത്തിന്റെ അവസ്ഥ ! ആർക്കും സഹായിക്കാനും കഴിയാത്ത ദാരിദ്യം. പ്രവാചകൻ(ﷺ) അവിടെ ചെന്നുകൊണ്ട് വാക്കുകൾ. മക്കയുടെ മണ്ണിൽ വെച്ച് സുമുഖനായി വസ്ത്രം ധരിച്ച് സുന്ദരമായ മുടിയോട് കൂടി കണ്ടിരുന്ന ..നീ.. എന്ന് പറഞ്ഞ് വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പിയ അവസാനം ഉള്ള വസ്ത്രം കൊണ്ട് മറക്കാൻ പറഞ്ഞ് കാലിൻറ ഭാഗത്ത് ഇദ്ഖിർ എന്ന പുല്ല് പറിച്ചിട്ട് മൂടാനും പറഞ്ഞു. സമ്പനായി ജനിച്ച അദ്ദേഹം മയ്യത്ത് പൊതിയാനുള്ള വസ്ത്രം പോലുമില്ലാതെ ഈ ലോകത്ത് നിന്നും യാത്രയായി. 

ഉഹ്ദിൽ നബി(ﷺ) സംരക്ഷിക്കാനായി ത്വൽഹത്(رضي الله عنه) വിനോടൊപ്പം ഒരു കൂട്ടം സ്വഹാബികൾ അക്ഷരാർത്ഥത്തിൽ മനുഷ്യമതിൽ തന്നെ തീർത്തിരുന്നു ! ശത്രുക്കളിൽ നിന്നും ഏറ്റിരുന്ന അമ്പുകളാൽ പലരുടേയും ശരീരം മുള്ളൻ പന്നിയെ പോലെ ആയിരുന്നു. ജീവൻ നൽകിയും പ്രവാചകനെ സംരക്ഷിക്കാനും സ്നേഹിക്കാനും തയ്യാറായിരുന്നു അവർ. ഏതെങ്കിലും പ്രത്യേക ദിവസത്തിൽ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിലൂടെ മാത്രമുള്ള പ്രവാചക നേഹമായിരുന്നില്ല അവരിലുണ്ടായിരുന്നത്!

ത്വൽഹയെ നോക്കി പ്രവാചകൻ(ﷺ) അന്നേരം പറഞ്ഞു: “ഭൂമിയിലൂടെ ഒരു ശഹീദ് (രക്തസാക്ഷി) നടന്ന് പോകുന്നത് ആർക്കെങ്കിലും കാണണമെങ്കിൽ അവൻ ത്വൽഹത് ബ്നു ഉബൈദുല്ലയെ നോക്കിക്കൊള്ളട്ടെ” അദ്ദേഹം ജമൽ യുദ്ധത്തിൽ ശഹീദാവുകയാണുണ്ടായത്.

നബി(ﷺ) യെ ഏററവും കൂടുതൽ വേദനിപ്പിച്ച സംഭവമായിരുന്നു ഹംസ(رضي الله عنه)വിൻ വധം. നബി(ﷺ) അദ്ദേഹത്തെയാണ് സയ്യിദു ശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്) എന്ന് വിശേഷിപ്പിച്ചത്. ബദ്റിൽ ഉത്ബയെയും തുഐമയും കൊന്നത് ഹംസ(رضي الله عنه)വായിരുന്നു. അവരുടെ കുടുംബക്കാർ അതിന് പ്രതികാരം ചെയ്യാൻ ഒരുങ്ങി നടക്കുകയായിരുന്നു. തുഅ്മയുടെ സഹോദര പുത്ര ജുബൈറുബ് മുത്ഇബ് തൻറ അടിമയായിരുന്ന വഹ്ശിയോട് നീ ഹംസയെ യുദ്ധത്തിൽ വധിച്ചാൽ നിന്നെ സ്വതന്ത്രനാക്കാം എന്ന് വാഗ്ദത്തം നൽകി. അതനുസരിച്ച് വഹ്ശി ഹംസ (رضي الله عنه)വിനെ തന്ത്രപൂർവ്വം ചാട്ടുളി ഉപയോകിച് കൊലപ്പെടുത്തി. ഉത്ബയുടെ മകളായിരുന്ന ഹിന്ദ് അദ്ദേഹത്തിൻറ നെഞ്ച് കുത്തിക്കീറി കരൾ പുറഞ്ഞെടുത്ത് ചവച്ച് തുപ്പി നൃത്തമാടി. കണ്ണും കാതുമെല്ലാം അരിഞ്ഞെടുത്ത് മയ്യത്ത് പോലും വികൃതമാക്കി. പ്രസ്തുതരംഗം നബിയെ അങ്ങേയററം വേദനിപ്പിച്ചു. ഹംസ (رضي الله عنه) വിൻറ ഘാതകനായ വഹ്ശിയും ഹിന്ദും പിന്നീട് മുസ്‌ലിംകളായിത്തീർന്നു. വഹ്ശി മക്കം ഫത്ഹിനോട് അനുബന്ധിച്ച് മുസ്ലിമായ ദിവസം, നബി അദ്ദേഹത്തോടായി പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻറെ മനസ്സിലെ അടക്കാൻ കഴിയാത്ത ദു:ഖവും മറക്കാനാവാത്തെ രംഗവും നമുക്ക് മനസ്സിലാക്കിത്തരുന്നു. നബി(ﷺ) പറഞ്ഞു: വഹ്ശീ താങ്കളെ കാണുമ്പോൾ എന്റെ പിതൃവ്യൻ മറക്കാൻ കഴിയാത്ത രംഗം. അതിനാൽ താങ്കൾക്ക് ബുദ്ധിമുട്ടാവുകയില്ലെങ്കിൽ എന്റെ മുന്നിൽ വരാതിരിക്കുക. അത് കേട്ട വഹ്ശി പറഞ്ഞു: ഇല്ല, ഇനി ഞാൻ ഒരിക്കലും അങ്ങയെ വിഷമിപ്പിക്കുകയില്ല എന്ന് പറഞ്ഞ് മദീനയിൽ നിന്നും അകന്ന് പോയി ജീവിക്കുകയാണുണ്ടായത്. നബി(ﷺ)യുടെ മരണം വരെ അദ്ദേഹം പിന്നീട് നബിയുടെ മുന്നിൽ വന്നിട്ടില്ല. അബൂബക്കർ (رضي الله عنه)വിന്റെ കാലത്ത് നബിത്വം വാദിച്ച കള്ളപ്രവാചകൻ മുസൈലി മുസൈലിമയെ വധിച്ചത് വഹ്ശിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: ഇപ്പോൾ എൻറ മനസ്സ് അൽപം സമാധാനമായി; അന്ന് ഇസ്ലാമിൻറ ഏററവും വലിയ ഒരു കാവൽ ഭടനെ ഞാൻ കൊന്നു; ഇന്ന് ഇസ്ലാമിന്റെ ഒരു ശത്രുവിനെ എനിക്ക് കൊല്ലാൻ കഴിഞ്ഞു.

യുദ്ധക്കളത്തിൽ കണ്ട മറെറാരു രംഗം ഹൻളല:(رضي الله عنه) അദ്ദേഹത്തിന്റെ വിവാഹ സുദിനം. മധുവിധുവിന്റെ അവ സരത്തിലായിരുന്നു തന്റെ കൂട്ടുകാർ സ്വർഗ്ഗം മോഹിച്ച് യുദ്ധക്കളത്തിലേക്ക് പോകുന്നത്. അദ്ദേഹം മറെറാന്നും ആലോചിച്ചില്ല തന്റെ പ്രിയതമയുടെ മാറിൽ നിന്നും എഴുന്നേററ്, ഇനി ഒരു പക്ഷേ, ബാക്കി ജീവിതം നമുക്ക് സ്വർഗ്ഗത്തിൽ വെച്ച് എന്ന മനസ്സുമായി യുദ്ധക്കളത്തിലേക്ക് പോയി രക്തസാക്ഷിയായി. രക്തസാക്ഷികളെ കുളിപ്പിക്കാതെയാണ് മറവുചെയ്യുക. എന്നാൽ ഹൻളല(رضي الله عنه) വിൻറ കാര്യത്തിൽ പ്രവാചകൻ പറഞ്ഞു: അദ്ദേഹത്തെ മലക്കുകൾ കുളിപ്പിക്കുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു. കാരണം അദ്ദേഹം ജനാബത്തുകാരനായിരുന്നു. അദ്ദേഹം “ഗസീലുൽ മലാഇക:’ (മലക്കുകൾ കുളിപ്പിച്ച വ്യക്തി) എന്നാണ് അറിയപ്പെടുന്നത്.

നബി(ﷺ) ഉഹ്ദ് യുദ്ധരംഗം അനുസ്മരിക്കുമ്പോഴെല്ലാം എടുത്ത് പറഞ്ഞിരുന്നു, എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയ ഒരു മഹതിയായിരുന്നു ഉമ്മു അമ്മാറ (رضي الله عنها) ധീരമായി യുദ്ധക്കളത്തിൽ ശത്രുക്കളെ അരിഞ്ഞുവീഴ്ത്താൻ അവർ മുൻപന്തിയിലുണ്ടായിരുന്നു. “ഞാൻ ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും എനിക്ക് അവിടെ ഉമ്മു അമ്മാറയെയാണ് കാണാൻ കഴിഞ്ഞിരുന്നത് എന്ന് നബി(ﷺ) അവരെ സംബന്ധിച്ച് പറയാറുണ്ടായിരുന്നു. യുദ്ധക്കളത്തിൽ വെച്ചല്ലെങ്കിലും യുദ്ധത്തിൽ ഏററ മുറിവുകാരണത്താലാണ് അവർ മരണപ്പെട്ടത്. നോക്കൂ ഇസ്ലാമിക ചരിത്രത്തിലെ മഹിളാ രത്നങ്ങൾ മതത്തിനുവേണ്ടി അനുഭവിച്ച ത്യാഗപരിശ്രമങ്ങൾ സമൂഹം മനസ്സിലാക്കിയിരുരുന്നുവെങ്കിൽ!.

ഉഹ്ദ് യുദ്ധ ദിവസം എവിടെ മുഹമ്മദ്, ഞാൻ അവൻ കഥകഴിക്കും എന്ന് ആക്രോശിച്ച് വന്ന ഒരു ദുഷ്ടനായിരുന്നു ഉബയ്യ് ബ്നു ഖലഫ്. ഉടനെ നബി(ﷺ) അൻസ്വാരികളിൽ പെട്ട ഒരാളുടെ കുന്തം വാങ്ങി അവനെ ആഞ്ഞ് ഒരു കുത്ത് കൊടുത്തു. മുഹമ്മദ് എന്നെ കൊന്നു കളഞ്ഞ് എന്ന് പറഞ്ഞ് അവൻ പിന്നോട്ട് തിരിഞ്ഞാടി. ആ കുത്ത് കാരണത്താൽ അവൻ ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു. നബിയുടെ കയ്യാൽ വധിക്കപ്പെട്ട ഏക വ്യക്തിയാണ് അവൻ. യുദ്ധം കഴിഞ്ഞ് എല്ലാവരും തിരിച്ച് പോകാൻ ഒരുങ്ങവെ അബൂസുഫ്യാൻ മലമുകളിൽ കയറി നിന്ന് വിളിച്ച് പറഞ്ഞു: എവിടെ മുഹമ്മദ് , . . അബൂബക്കറും ഉമറും എവിടെ. . . നിങ്ങൾക്ക് മതിയായില്ലേ. ഉമർ വിളിച്ച്

പറഞ്ഞു “അല്ലയോ ദുഷ്ടാ, അല്ലാഹുവിൻറെ അനുഗ്രഹത്താൽ നീ പറഞ്ഞവർക്കൊന്നും യാതൊന്നും സംഭവിച്ചിട്ടില്ല.” പിന്നെ അബൂസുഫ്യാൻ “ഉൽ ഹുബുൽ” (ഹുബുൽ വിഗ്രഹം നീണാൾ വാഴട്ടെ) എന്ന് പറഞ്ഞു. അതിന് ഉമർ (رضي الله عنه) “അല്ലാഹുവാണ് ഉന്നതനും മഹാനുമായവൻ’’ എന്നും പറഞ്ഞു. ശേഷം ഞങ്ങൾക്ക് ഉസ്സയും ലാതയും ഉണ്ട് നിങ്ങൾക്ക് അതില്ല. അതിന് അല്ലാഹുവാണ് ഞങ്ങളുടെ രക്ഷകൻ എന്ന അർത്ഥമുള്ള അല്ലാഹു മൗലാനാ എന്ന് വിളിച്ചു പറയാൻ നബി(ﷺ) അവരോട് പറഞ്ഞു. പിന്നീട് അവൻ ചോദിച്ചു: മുഹമ്മദ് കൊല്ലപ്പെട്ടുവോ ? ഇല്ല നിന്റെ സംസാരം വരെ ഇപ്പോൾ അദ്ദേഹം കേട്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ട അബൂസുഫ്യാൻ “നീയാണ് എൻറെയടുക്കൽ ഏററവും സത്യവാൻ’ എന്ന് പ്രതിവചിച്ചു. ഉഹ്ദ് യുദ്ധത്തിലൂടെ വിശ്വാസികൾക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. മുനാഫിഖുകളുടെ തനിനിറം വ്യകമായ ഒന്നാമത്തെ അവസരമായിരുന്നു അത്. അതോടൊപ്പം ദുനിയാവിൻ ആർത്തിപൂണ്ട് പ്രവാചക കൽപ്പന ലംഘിച്ചതിന്റെ തിക്താനുഭവം അവർ ശരിക്കും അനുഭവിച്ചറിഞ്ഞു. ഇത് എക്കാലത്തെയും മുസ്‌ലിംകൾക്കുള്ള ഒരു ചൂണ്ടു പലകകൂടിയാണ്.

 
 
അബ്ദുൽ ലത്തീഫ് സുല്ലമി

08 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 08]

യഥ്രിബിലേക്കുള്ള വരവേൽപ്പ്

പ്രവാചകൻ(ﷺ) യുടെ വരവും പ്രതീക്ഷിച്ച് നീണ്ട ദിവസങ്ങൾ കാത്തിരുന്ന യഥ്രിബ് (മദീന) നിവാസികൾക്ക് ആ സുദിനം സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു. അവർ ഉയർന്ന കുന്നിന്റേയും മരങ്ങളുടേയും മുകളിൽനേരത്തെ തന്നെ നിലയുറപ്പിച്ചു. അറകളിൽ നിന്നും കന്യകമാർ പോലും വഴിയോരങ്ങളിൽ കാത്ത് നിന്നു. ആവേശപൂവ്വമായ വരവേൽപ്പായിരുന്നു അവർ പ്രവാചകന് നൽകിയത്. അനസ് (رضي الله عنه) പറയുന്നു: നബി(ﷺ) മദീനയിൽ എത്തിയ സുദിനത്തിന് ഞാൻ സാക്ഷിയായിരുന്നു. അന്നത്തെക്കാൾ ആനന്ദവും ആമോദവും നിറഞ്ഞ ഒരു ദിനം എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രവാചകൻ എന്റെ അടുക്കൽ ഇറങ്ങിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തിലായിരുന്നു. എന്നാൽ പ്രവാചകൻ പറഞ്ഞു: ഒട്ടകത്തിന് വിട്ടുകൊടുക്കുക, അത് കൽപ്പിക്കപ്പെട്ടതാണ്. അങ്ങിനെ ഇന്ന് മസ്ജിദുന്നബവി നിൽക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. ശേഷം പ്രസ്തുത സ്ഥലത്തിനോട് ഏററവും അടുത്ത വീടായ അബൂ അയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ പ്രവാചകൻ (ﷺ) താമസിച്ചു. ക്രിസ്താബ്ദം 622 സപ്തംബർ 27, റബീഉൽ അവ്വൽ പന്ത്രണ്ട് വെള്ളിയാഴ്ചയായിരുന്നു പ്രസ്തുത സുദിനം. അന്നു മുതൽയഥ്രിബ് മദീനത്തുർറസൂൽ (റസൂലിൻറ പട്ടണം) അത് പിന്നീട് മദീന എന്ന പേരിൽ പ്രസിദ്ധമായി. യഥ്രിബ് എന്ന നാമം ചരിത്ര ഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങുകയും

ചെയ്ത ജീവനേക്കാളും കുടുംബത്തെക്കാളും സമ്പത്തിനേക്കാളും അധികം ആദർശത്തെ സ്നേഹിച്ച പാലായനത്തിൻറ ചരിത്രമാണ് ഹിജ്റ, ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാത്യാഗത്തിൻറെ കഥയാണത് നമ്മെ അനുസ്മരിപ്പിക്കുന്നത്. അത് ഇസ്ലാമിക ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. ഏതൊരു വിജയ ത്തിൻറെ പിന്നിലും ത്യാഗങ്ങളുടെ മാർഗ്ഗമാണ് കാണപ്പെടുക എന്ന് തത്വവും ഹിജ്റ ഓർമ്മപ്പെടുത്തുന്നു. എക്കാലഘട്ടത്തിലേയും വിശ്വസികൾക്ക് പാഠവും ആവേശവുമായ പ്രസ്തുതസംഭവമാണ് പിൽക്കാലത്ത് മുസ്ലിം കാലഗണനക്കായി ഉമർ (رضي الله عنه) വിന്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ടതും. അന്നു മുതലാണ് ഹിജ്റ കലണ്ടർ കണക്കുകൂട്ടി വരുന്നതും. മദീനയിലെത്തിയ പ്രവാചകൻ(ﷺ)ൻറ ആദ്യ സംരംഭം മസ്ജിദുന്നബവിയുടെ നിർമ്മാണമായിരുന്നു. ബനുന്നജ്ജാർ ഗോത്രത്തിൽ പെട്ട സഹ്, സുഹൈൽ എന്നീ പേരുകളിലുള്ള രണ്ട് അനാഥക്കുട്ടികളുടെ അവകാശത്തിലുണ്ടായിരുന്ന സ്ഥലം വിലക്കുവാങ്ങിയാണ് പള്ളി നിർമ്മാണം നടത്തിയത്. പ്രവാചകനും അനുയായികളും ആവേശത്തോടു കൂടി അതിൽ വ്യാപൃതരായി. പണി പൂർത്തിയായപ്പോൾ പ്രവാചകന് താമസിക്കാനുള്ള സൗകര്യവും പള്ളിയോട് ചേർന്ന് നിർമ്മിക്കപ്പെട്ടു. അതിനു ശേഷം പ്രവാചകൻ(ﷺ) അബൂഅയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ നിന്നും പള്ളിയോട് ചേർന്ന് നിർമ്മിക്കപ്പെട്ട ഭവനത്തിലേക്ക് താമസം മാററി. 

മസ്ജിദുന്നബവി, അതാണ് പിന്നീട് പ്രവാചകന്റെ കാലഘട്ടത്തിലെ സർവ്വകലാശാലയും കോടതിയും പാർലിമെൻറ് മന്ദിരവും അശരണരായ ആളുകൾക്കുള്ള വീടും എല്ലാം എല്ലാം ആയിത്തീർന്നത്. അവിടെവെച്ച് നിർവ്വഹിക്കപ്പെടുന്ന നമസ്കാരത്തിന് (മസ്ജിദുൽഹറമല്ലാത്ത) മററു പള്ളികളിൽ വെച്ച് നിർവ്വഹിക്കുന്ന ആരാധനകളേക്കാൾ ആയിരം ഇരട്ടി പ്രതിഫലവും അല്ലാഹു നിശ്ചയിച്ചു. വീടിന്റേയും മററും പണി പൂർത്തിയായപ്പോൾ പ്രവാചക പത്നി സൗദ(رضي الله عنه) മക്കളായ ഫാത്വിമ ( رضي الله عنها )  ഉമ്മുകുൽധൂം (رضي الله عنها) നബിയുടെ വളർത്തുമാതാവായ ഉമ്മു ഐമൻ, പോററു മകനായ സൈദ്(رضي الله عنه)വിന്റെ മകൻ ഉസാമത്തുബ്നു സൈദ് എന്നിവരും നബിയോടൊപ്പം എത്തിച്ചേർന്നു.

മുഹാജിറുകളും അൻസ്വാറുകളും

അല്ലാഹുവിൻറെ പ്രീതി മാത്രം ആഗ്രഹിച്ച് ആദർശ സംരക്ഷണാർത്ഥം മദീനയിലെത്തിയ അഭയാർത്ഥികൾക്ക് മുഹാജിറുകൾ എന്നും അവർക്ക് എല്ലാം നൽകി സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തു മദീനാ നിവാസികൾക്ക് അൻസ്വാറുകൾ (സഹായികൾ) എന്നുമാണ് ഖുർആനും ഹദീസും നാമകരണം ചെയ്തിരിക്കുന്നത്.

മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ഇടയിൽ ശക്തമായ സൗഹൃദവും സാഹോദര്യവുമാണ് പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. അൻസ്വാരികളിൽ നിന്നു ഓരോരുത്തർക്കും മുഹാജിറായ ഓരോ സഹോദരനെ വീതം പ്രവാചകൻ(ﷺ) വീതിച്ചുകൊടുത്തു. അബ്ദുർറഹ്മാനുബ്ഔഫ് തന്നെ ഏൽപ്പിച്ചു കൊടുത്ത സഅദിനെ സംബന്ധിച്ച് പറയുന്നത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക: 

“സഅദ് (رضي الله عنه) എന്നോട് പറഞ്ഞു: അബ്ദുർ റഹ്മാൻ എനിക്ക് ധാരാളം സമ്പത്തുണ്ട്. അത് ഞാനിതാ രണ്ടായി തിരിക്കുന്നു; ഇനി അതിൽ ഒരു ഭാഗം താങ്കളുടേതാണ്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരെ നീ കാണുക. എന്നിട്ട് നീ ഇഷ്ടപ്പെടുന്നത് ആരെയാണ് എന്ന് പറയുക. അവരെ ഞാൻ വിവാഹമോചനം നടത്തുന്നതാണ്. ഇദ്ദ കാലം കഴിഞ്ഞ ശേഷം നീ അവരെ വിവാഹം കഴിക്കുകയും ഞാൻ പറഞ്ഞു: സഅദേ, താങ്കളുടെ ധനത്തിലും കുടുംബത്തിലും അല്ലാഹു താങ്കൾക്ക് ബർക്കത്ത് ചൊരിയട്ടെ. എനിക്ക് ഇവിടുത്തെ മാർക്കററ് പരിചയപ്പെടുത്തി തന്നാൽ മതി. ഞാൻ കച്ചവടം ചെയ്ത ജീവിച്ചുകൊള്ളാം എന്നായിരുന്നു.

ഇതുപോലുള്ള അനുഭവങ്ങൾ തന്നെയായിരുന്നു ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത്. അത്കൊണ്ട് തന്നെയാണ് അൻസ്വാരികളെ പ്രശംസിച്ചുകൊണ്ട് അല്ലാഹു ഇപ്രകാരം വ്യക്തമാക്കിയതും “അവരുടെ ( മുഹാജിറുകളുടെ ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും ( അന്‍സാറുകള്‍ക്ക്‌ ). തങ്ങളുടെ അടുത്തേക്ക്‌ സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക്‌ ( മുഹാജിറുകള്‍ക്ക്‌ ) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ ( അന്‍സാറുകള്‍ ) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക്‌ ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക്‌ അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍ ‘ 

(ഖുർആൻ 59: 9). നോക്കു എന്തൊരു മഹനീയ മാതൃക !

ജൂതന്മാരുമായുള്ള കരാർ

നബി(ﷺ) മദീനയിൽ എത്തിയതോടെ മുഹാജിറുകളും അൻസ്വാറുകളും തമ്മിൽ സൗഹൃദത്തിലായത് പോലെ തന്നെ വളരെക്കാലമായി കലഹത്തിലും ശത്രുതയിലുമായിരുന്ന ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങൾ തമ്മിലും രമ്യതയും സൗഹൃദവും നിലവിൽ വന്നു. പിന്നീട് മദീനയിൽ നില നിന്നിരുന്ന പ്രധാന ജൂത ഗോത്രങ്ങളായിരുന്ന ബനൂ ഖയ്ഖാഅ്, ബനുന്നളീർ, ബനൂ ഖുറൈള എന്നീ ഗോത്രങ്ങൾക്കും പരസ്പരം സൗഹാർദ്ദത്തിൽ കഴിയുന്നതിനും അവർക്ക് എല്ലാ നിലക്കുമുള്ള സംരക്ഷണം ഉറപ്പ് നൽകുന്നതിനുമായി അവരുമായി ഉടമ്പടിയുണ്ടാക്കി.

എല്ലാ വിഭാഗത്തിനും അവരുടെ മതമനുസരിച്ച് ജീവിക്കുന്നതിന് സ്വാതന്ത്യം നൽകുന്നതോടൊപ്പം പുറത്ത് നിന്നും വരുന്ന പൊതു ശത്രുവിനെ എല്ലാവരും കൂടി കൂട്ടായി ചെറുത്ത് നാട്ടിലെ സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് ഉടമ്പടിയിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. അഭ്യന്തരമായുണ്ടാകുന്ന പൊതു കാര്യങ്ങളിലെ തീർപ്പ് കൽപ്പിക്കുന്നതിന് പ്രവാചകൻ (ﷺ) യുടെ തീരുമാനം അന്തിമമായിരിക്കുന്നാണ് എന്നും കരാറിൽ വ്യവസ്ഥചെയ്തു.

 
അബ്ദുൽ ലത്തീഫ് സുല്ലമി

07 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 07]

ഹിജ്‌റയുടെ തുടക്കം

അഖബാ ഉടമ്പടിയോടുകൂടി യഥ്രിബിന്റെ മണ്ണിൽ ഇസ്ലാമിൻറെ വ്യാപനം ദ്രുതഗതിയിൽ നടക്കുന്നത് മനസ്സിലാക്കിയ മുശ്രികുകൾ തങ്ങളുടെ സർവ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനേയും വിശ്വാസികളേയും പ്രയാസപ്പെടുത്താൻ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാചകൻ (ﷺ) വിശ്വാസികളോട് യഥ്രിബിലേക്ക് പാലായനം ചെയ്തുകൊള്ളാൻ അനുമതി നൽകി. പ്രവാചകനിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാസികൾ യഥ്രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാൽ മുശ്രികുകൾ അവിടേയും എതിർപ്പുകളുമായി വന്നു. പ്രയാസങ്ങൾ കാരണം പലർക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റ പോകേണ്ടതായി വന്നു.

ആദ്യമായിയാത് പുറപ്പെട്ട അബൂസൽമ: ഭാര്യയും (ഉമ്മു സൽമ) യും മകനും കൂടിയുള്ള യാത്രയിൽ, ശ്രതുക്കൾ തടയുകയും ഭാര്യയേയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട് അബുസൽമ മാതം പോകാൻ അനുവദിച്ചു. എല്ലാം മതത്തിനു വേണ്ടി ത്യജിച്ച് ആദർശ സംരക്ഷണാർത്ഥം നാടുവിടാൻ ഒരുങ്ങിയ വിശ്വാസികൾക്ക് നേരിടേണ്ടി വന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല. ഉമ്മുസൽമ (رضي الله عنه), ഭർത്താവിൽ നിന്നും പിഞ്ചു മകനിൽ നിന്നും വേർ പിരിയേണ്ടിവന്ന ദു:ഖഭാരത്താൽ തന്നെ പാർപ്പിച്ച തടവറയുടെ (വീടിൻറ) മുററത്ത് അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് യഥ്രിബിൻ വഴിയിലേക്ക് നോക്കി കരഞ്ഞു കൊണ്ട് കഴിഞ്ഞു കൂടി. ഈ അവസ്ഥയിൽ നീണ്ട മാസങ്ങൾ കഴിച്ചുകൂട്ടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നുവന്ന അബൂസൽമയുടെ കുടുംബത്തിൽ പെട്ട, തന്നെ തടഞ്ഞുവെച്ചവരിൽ ഒരാൾക്ക് അവരുടെ അവസ്ഥയിൽ അലിവു തോന്നി അവരെ യഥ്രിബിലേക്ക് പറഞ്ഞയക്കാൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു. അങ്ങിനെ അവർക്ക് തന്റെ മകനെ തിരിച്ചുകൊടുത്ത് ഇറക്കിവിട്ടു. അഞ്ഞൂറോളം കിലോമീറ്റർ അകലെയുള്ള യഥ്രിബ് ലക്ഷ്യം വെച്ച് അവർ മകനേയും കൊണ്ട് നടത്തം തുടങ്ങി.

ഈ അവസരത്തിൽ അതുവഴി വന്ന ഉഥ്മാനു ബ്നു ത്വൽഹ; അവരെ കണ്ടുമുട്ടുകയും അവരുടെ അവസ്ഥകൾ മനസ്സിലാക്കി, അവരെ യഥ്രിബിനടുത്തുള്ള ഖുബാഅ് വരെ കൊണ്ട് ചെന്നാക്കി. നിങ്ങളുടെ ഭർത്താവ് ഇവിടെ കാണും എന്ന് പറഞ്ഞു തിരിച്ചുപോയി. അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല.

ഹിജ്റയുടെ പേരിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന സുഹൈബ് (رضي الله عنه) വിനെ മക്കക്കാർ തടഞ്ഞുകൊണ്ട്, റോമിൽ നിന്നും അഭയാർത്ഥിയായി എത്തിയ നീ ഞങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങൾ പോകാൻ അനുവദിക്കില്ല എന്നു പറഞ്ഞ് തടഞ്ഞു. അദ്ദേഹത്തിന് കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല, നിങ്ങൾക്ക് എന്റെ സമ്പത്ത് അല്ലേ ആവശ്യം; എന്നു പറഞ്ഞ് ദീർഘകാലത്തെ തൻറ സമ്പാദ്യം മുഴുവനും നൽകിക്കൊണ്ട് തന്റെ ആദർശവുമായി യഥ്രിബിലേക്ക് നീങ്ങി !,

ഇത് അറിഞ്ഞ പ്രവാചകൻ(ﷺ) റബിഹസുഹൈബ്, റബിഹ സുഹൈബ് (സുഹൈബ് ലാഭം കൊയ്തു) എന്നു പറഞ്ഞ് അദ്ദേഹത്തെ അനുമോദിച്ചു. എന്നാൽ ഉമർ(رضي الله عنه) മേൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി തന്നെ ഹിജ്റ പോയ വ്യക്തിയായിരുന്നു. അദ്ദേഹം കഅബയുടെ സമീപത്ത് ചെന്ന് പരസ്യമായി ത്വവാഫ് നിർവ്വഹിച്ച ശേഷം ഞാനിതാ ഹിജ്റ പോവുകയാണ്. ആരെങ്കിലും തങ്ങളുടെ കുട്ടികളെ അനാഥരാക്കാനും ഭാര്യമാരെ വിധവകളാക്കാനും മാതാക്കളെ മക്കൾ നഷ്ടപ്പെട്ട ദു:ഖത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ എന്നെ വന്ന് തടഞ്ഞുകൊള്ളട്ടെ. ഇതും പറഞ്ഞ് എല്ലാവരും നോക്കി നിൽക്കേ തൻ യാത്രയാരംഭിച്ചു. അബൂബക്കർ യാത്രക്ക് അനുമതി ചോദിച്ചപ്പോൾ പ്രവാചകൻ (ﷺ) പറഞ്ഞു: തിരക്ക് കൂട്ടാതിരിക്കുക; അല്ലാഹു താങ്കൾക്ക് ഒരു കൂട്ടുകാരനെ കൂടി കണ്ടെത്തിയേക്കും.

അലി (رضي الله عنه)യെ ചില ആവശ്യങ്ങൾക്കായി പ്രവാചകൻ (ﷺ) തടഞ്ഞുനിർത്തി. ബാക്കി മുസ്‌ലിംകളെല്ലാം ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ, അല്ലാഹു പ്രശംസിച്ച് മുഹാജിറുകൾ എന്ന പട്ടികയിൽ ഉൾപ്പെട്ടുകഴിഞ്ഞിരുന്നു. മുശ്രികുകൾ ദാറുന്നദ് വയിൽ മുസ്‌ലിംകളുടെ പാലായനം കണ്ട മുശ്രികുകൾ ഏറെ താമസിയാതെ പ്രവാചകനും ഹിജ്റ പോകുമെന്ന് മനസ്സിലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിന്റെ പചരണത്തിനു കാരണമാകും എന്ന് ചിന്തിച്ച് എത്രയും പെട്ടെന്ന് അത് തടയിടാൻ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി അവരുടെ പാർലമെൻറ് മന്ദിരമായ ദാറുന്നദ്വയിൽ അടിയന്തിര യോഗം ചേർന്നു. മുശ്രികുകളിലെ എല്ലാ പ്രമുഖരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ സാക്ഷാൽ ഇബ്ലീസ് തന്നയും ഈ വിഷയത്തിൽ അവരോട് പങ്ക് ചേരുകയുണ്ടായി എന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം അവരിൽ ഒരാൾ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാൽ അവൻ ശല്യം നീങ്ങിക്കിട്ടും. അന്നേരം അതിനെ ഖൺഡിച്ചു കൊണ്ടുള്ള എതിരഭിപ്രായങ്ങൾ വന്നു. അവന്റെ സ്വഭാവവും പെരുമാററവും ആരെയാണ് വശീകരിക്കാത്തത്, അവൻ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടാക്കി അവൻ തിരിച്ചുവരും. അതിനാൽ നാടുകടത്തൽ ഫലപ്രദമല്ല; നമുക്കവനെ ബന്ധനസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിർദ്ദേശം. അതും അംഗീകരിക്കപ്പെടുകയുണ്ടായില്ല. അവസാനം എല്ലാ ഗോത്രത്തിൽ നിന്നും ശക്തരും കരുത്തരുമായ ഓരോരുത്തർ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ച് അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവർ എത്തിച്ചേർന്നത്. അങ്ങിനെയാവുമ്പോൾ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാൻ മുഹമ്മദിന്റെ കുടുംബത്തിനാവുകയില്ല. ഇനി അവർ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കിൽ എല്ലാവർക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കാനായി അവർ തീയതിയും സമയവും കണ്ടെത്തി സഭ പിരിഞ്ഞു. പക്ഷേ അല്ലാഹു അവരുടെ കുതന്തങ്ങൾക്ക് മീതെ ത്രന്തം പ്രയോഗിക്കുക തന്നെ ചെയ്തു.

അല്ലാഹു പറയുന്നത് കാണുക: “നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടിൽ നിന്ന് പുറത്താക്കുകയോ ചെയ്യാൻ വേണ്ടി നിനക്കെതിരായി സത്യനിഷേധികൾ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദർഭം) ഓർക്കുക. അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ” (ഖുർആൻ 8: 30)

പ്രവാചകൻ(ﷺ) യുടെ ഹിജ്റ

മുശ്രികുകളുടെ കുതന്ത്രങ്ങൾ അതേ സന്ദർഭത്തിൽ തന്നെ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാൻ അനുവാദം നൽകുകയും ചെയ്തു. അല്ലാഹുവിൽ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചകൻ(ﷺ) അബൂബക്കർ(رضي الله عنه) വീട്ടിൽ ചെന്ന് വിരം അറിയിച്ചു. ഈ സന്ദർഭത്തിൽ അബൂബക്കർ(رضي الله عنه) ചോദിച്ചു: എനിക്കും താങ്കളോടൊപ്പം . . .? നബി(ﷺ) പറഞ്ഞു: ഉണ്ട്, തയ്യാറെടുത്ത് കൊള്ളുക. പ്രസ്തുത സന്ദർഭത്തെ സംബന്ധിച്ച് ആയിഷ (رضي الله عنها) പറഞ്ഞത്: ഒരാൾ സന്തോഷത്താൽ കരയുമെന്നത് എൻറെ പിതാവ് അന്ന് കരഞ്ഞത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

അബൂബക്കർ (رضي الله عنه) രണ്ട് വാഹനം തയ്യാറാക്കി, യഥ്രിബിലേക്ക് വഴികാട്ടിയായി മുശ്രിക്കായിരുന്ന അബ്ദുല്ലാഹിബ് ഉറൈകത്ത് എന്ന വ്യക്തിയേയും, മക്കയിലെ സംസാരവിഷയങ്ങൾ എത്തിക്കാൻ തന്റെ മകൻ അബ്ദുല്ലയേയും, യാത്രയിൽ അവർക്ക് ആവശ്യത്തിന് പാൽ കൊടുക്കാൻ തന്റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടയനേയും സജ്ജരാക്കി നിർത്തി. മുശ്രികുകൾ അവരുടെ യോഗതീരുമാന പകാരം വ്യത്യസ്ത ഗോതങ്ങളിൽ നിന്നായി കരുത്തരായ പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയും, അബൂജഹലിൻറ നേതൃത്വത്തിൽ അവർ പ്രവാചകൻറ വീട് വളയുകയും ചെയ്തു.

പ്രവാചകൻ(ﷺ) പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് അവർ ഉറക്കമൊഴിച്ച് കാത്ത് നിന്നു. എന്നാൽ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി (ﷺ)യെ അറിയിച്ചത് അനുസരിച്ച്, പ്രവാചകൻ (ﷺ) അലി (رضي الله عنه)നെ തന്റെ വിരിപ്പിൽ താൻ പുതക്കാറുള്ള പുതപ്പ് പുതച്ച് കിടക്കാൻ ചുമതലപ്പെടുത്തുകയും, അതോടൊപ്പം തന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന അമാനത്ത് വസ്തുക്കൾ (സൂക്ഷിപ്പ് മുതലുകൾ) ഉടമസ്ഥർക്ക് തിരിച്ചുനൽകാനും അദ്ദേഹത്തെ ഏർപ്പാട് ചെയ്തു.

മുശ്രികുകൾ വാതിൽ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരാൾ പുതച്ച് ഉറങ്ങുന്നത് കണ്ട് സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്ത് നിന്നു. പ്രവാചകൻ(ﷺ) അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഒരു പിടി മണൽ വാരി എറിഞ്ഞ് ഖുർആനിലെ 36ാം അദ്ധ്യായമായ സൂറത്ത് യാസീനിലെ 9ാം വചനം ഉരുവിട്ട് കൊണ്ട് അവർക്ക് നടുവിലൂടെ വീട്ടിൽ നിന്നും പുറത്തിറങ്ങി ! നുബുവ്വത്തിന്റെ പതിനാലാം വർഷം സഫർ 27 ാം തീയതി വ്യാഴാഴ്ചയായിരുന്നു അത്.

“നാം അവരുടെ മുമ്പിൽ ഒരു തടസ്സവും പിന്നിൽ ഒരു തടസ്സവും ഉണ്ടാക്കി. അങ്ങിനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാൽ അവർക്ക് കണ്ണ് കാണാൻ കഴിഞ്ഞില്ല’ (സൂറ: യാസീൻ 9).

പ്രവാചകൻ (ﷺ) നേരെ തന്റെ കൂട്ടുകാരനായ അബൂബക്കർ(رضي الله عنه) വിന്റെ വീട്ടിലേക്ക് ചെന്നു. അസ്മാഅ് (رضي الله عنها) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നൽകി. എന്നാൽ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുറത്ത് വെച്ചു കെട്ടാൻ ആവശ്യമായ കയറ് കിട്ടാതെ പ്രയാസപ്പെട്ടു. അർദ്ധരാത്രി എന്ത് ചെയ്യും ? ഉടനെ അസ്മാഅ് (رضي الله عنها) തൻറ വസ്ത്രത്തിന്റെ കയർ അഴിച്ചു അത് രണ്ടായി കീറി പകുതി സഞ്ചി വെച്ചുകെട്ടാനായി നൽകി. അതിനാൽ അവർ ദാതു നിത്വാഖനി (രണ്ട് ചരടിൻറ ഉടമ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ടു. യഥ്രിബിൻറെ ഭാഗത്തേക്കുള്ള എതിർ വഴിയിലൂടെ സഞ്ചരിച്ച് മക്കയി ൽ നിന്നും അഞ്ച് കിലോമീററർ ദൂരെയുള്ള ഥൗർ മലയി ലെ ഗുഹയിൽ കയറി ഒളിച്ചു. ജനങ്ങൾക്കിടയിൽ സ്വഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചിൽ അവസാനിക്കട്ടെ എന്നു കരുതി മൂന്ന് ദിവസം പ്രസ്തുത ഗുഹയിൽ കഴിച്ചു കൂട്ടി.

എന്നാൽ മുശികുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതു വഴി വന്ന ഒരാൾ നിങ്ങൾ ആരെയാണ് പ്രതീക്ഷിക്കുന്നത്? എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവർ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയിൽ മണ്ണ് വാരിയെറിഞ്ഞ് പുറത്ത് പോയത് നിങ്ങൾ അറിഞ്ഞില്ലേ ? എന്നായിരുന്നു അയാളുടെ ചോദ്യം. അവർ തലയിൽ തടവി നോക്കിയപ്പോൾ മണൽ കാണുകയും അതോടൊപ്പം അലി(رضي الله عنه) പുറത്ത് വരുന്നതുമാണ് അവർ കണ്ടത്. അവർ പരസ്പരം മുഖത്തോടു മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹൽ മുഹമ്മദിനെ പിടിച്ചു കൊണ്ടുവരുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കർ(رضي الله عنه) ൻറ വീട് ലക്ഷ്യംവെച്ച് ഓടി. അവിടെ എത്തി വാതിലിൽ ശക്തിയായി മുട്ടി. പുറത്ത് വന്ന അസ്മാഅ്(رضي الله عنها)യോട് എവിടെ നിന്റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്ക് അറിയില്ല എന്ന മറുപടി കേട്ട് എടനെ അതി ശക്തിയായി അവരുടെ മുഖത്ത് അടിച്ചു; അടിയുടെ ശകിയാൽ അവർ കാതിൽ ധരിച്ചിരുന്ന കമ്മൽ പോലും ഊരി തെറിച്ചുപോയി. ഹിജ്റയുടെ പേരിൽ ഏതൊക്കെ നിലക്കുള്ള പ്രയാസങ്ങളാണ് അവർ ഓരോരുത്തരം സഹിക്കേണ്ടതായി വന്നത് !! നമ്മുടെ മുൻഗാമികൾ മതത്തിനുവേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഢനങ്ങളും കുറച്ചൊന്നുമായിരുന്നില്ല. !!

ഥൗർഗുഹയിലെ അനുഭവങ്ങൾ

നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചിൽ ആരംഭിച്ചു. ചിലർ നബി(ﷺ)യും അബൂബക്കർ (رضي الله عنه)വും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തോളമെത്തി. അബൂബക്കർ(رضي الله عنه) പറഞ്ഞു: നബിയേ, അതാ ശത്രുക്കൾ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്ന് കുനിഞ്ഞു നോക്കിയാൽ നമ്മളിപ്പോൾ പിടിക്കപ്പെടും. അന്നേരം പ്രവാചകൻ (ﷺ) പറഞ്ഞത് “അബൂബക്കറേ, ശാന്തനാകൂ. നീദു: ഖിക്കാതിരിക്കു, അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം നബിയേ, എൻറ കാര്യത്തിലല്ല. അങ്ങേക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിലാണ് എൻറ പ്രയാസം എന്നായിരുന്നു അബൂബക്കർ(رضي الله عنه) വിൻറ മറുപടി. നോക്കൂ ആ സ്നേഹത്തിന്റെ ആഴം. പ്രസ്തുത സംഭവം അ ല്ലാഹു ഇങ്ങനെയാണ് ലോകത്തിന് മുന്നിൽ ചെയ്തിരിക്കുന്നത്: “നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ്‌ ഏറ്റവും ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. ” (ഖുർആൻ 9 തൗബ: 40)

നേരത്തെ ഏർപ്പാട് ചെയ്തത് അനുസരിച്ച് അബ്ദുല്ല മക്കയിലെ വിവരങ്ങൾ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുല്ലയുടെ കാൽപ്പാടുകൾ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളേയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കറിനും ആടുകളെ കറന്ന് പാല് നൽകുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞത് അനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹിബ്നു ഉറൈഖത്തും വന്നു. അങ്ങിനെ മൂന്ന് ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവർ യഥ്രിബ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു.

യാത്രയിലെ അനുഭവങ്ങൾ

വഴിക്ക് വെച്ച് അബൂബക്കർ(رضي الله عنه) വിനോട് ഒരാൾ, ആരാണ്നിൻറ കൂടെയുള്ള വ്യക്തി ? എന്ന ചോദ്യത്തിന് അബൂബക്കർ(رضي الله عنه) പറഞ്ഞു “അദ്ദേഹം എൻറ വഴികാട്ടിയാണ്’ എന്ന്. എല്ലാ അർത്ഥത്തിലും വഴികാട്ടി തന്നെയാണല്ലോ പ്രവാചകൻ(ﷺ). നബി(ﷺ) യെ പിടിച്ചുകൊടുത്ത് നൂറ് ഒട്ടകം വാങ്ങുന്നതിനായി സുറാഖത്ബ്നു മാലികും വാഹനമെടുത്ത് പുറപ്പെട്ടു. അയാൾ നബിയേയും അബൂബക്കറിനേയും കാണുകയും അവരുടെ അടുത്ത് എത്തുകയും ചെയ്തു. ഉടനെ് അയാളുടെ ഒട്ടകം കാലിടറുകയും അയാൾ മറിഞ്ഞു വീഴുകയും ചെയ്തു. വീണ്ടും പരിശ്രമിച്ച് അടുത്ത് എത്താറായി. നബി(ﷺ) അന്നേരം ഖുർആൻ പാരായണം ചെയ്ത കൊണ്ടിരുന്നത് പോലും കേൾക്കത്തക്ക നിലയിൽ സുറാഖത്ത് അടുത്തെത്തി. അപ്പോഴേക്കും ഒട്ടകത്തിന്റെ കൈകൾ നിലത്ത് പൂണ്ട് നടക്കാൻ പററാത്ത വിധ മായിക്കഴിഞ്ഞു. ഇത് ആവർത്തിച്ചപ്പോൾ ഇതിലെന്തോ അമാനുഷികമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന് ബോധ്യപ്പെട്ട സുറാഖത്ത് ഇങ്ങിനെ വിളിച്ചു പറഞ്ഞു: “ഞാൻ സുറാഖയാണ്. നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നത് ഒന്നും എന്നിൽ നിന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല” എന്ന് വിളിച്ചു പറഞ്ഞ് അയാൾ തൻ ശ്രമത്തിൽ നിന്നും ദയനീ യമായി പിന്തിരിഞ്ഞു. വഴി മദ്ധ്യ ഉണ്ടായ മറെറാരു സംഭവം. അവർ ശക്തമായി ദാഹവും വിശപ്പും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സമയം അടുത്ത് കണ്ട ഒരു ടൻറിൽ പ്രവേശിച്ചു. അത് ഉമ്മു മഅ്ബദിൻ ടൻറായിരുന്നു. അവിടെ വൃദ്ധയായ സ്ത്രീയോട് തങ്ങൾക്ക് നൽകാനായി എന്തെങ്കലും ഉണ്ടോ എന്ന് എന്ന് അന്വേഷിച്ചു. ഒന്നുമില്ല.

ആടുകളാണെകിൽ കറവ് വററിയതുമാണ്, എന്നായിന്നു അവരുടെ മറുപടി. ഉടനെ, ഒരാടിനെ കറക്കാൻ എന്നെ അനുവദിക്കുമോ എന്ന് പ്രവാചകൻ അനുമതി ചോദിച്ച്; അവരുടെ സമ്മതപ്രകാരം അല്ലാഹുവിൻറ നാമം ഉച്ചരിച്ച് ആടിനെ കറന്നു. അങ്ങിനെ അവരെല്ലാം ആവശ്യമായത പാൽ കുടിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ പാൽ കറന്ന് വീട്ടുടമക്ക് നൽകി അവർ സ്ഥലം വിട്ടു. തികഞ്ഞ അൽ ഭുതത്തോടെ ഇതെല്ലാം കണ്ട് നിന്ന ഉമ്മു മഅ്ബദ് തരിച്ചിരുന്നു. അൽപം കഴിഞ്ഞ് വീട്ടിലെത്തിയ അവരുടെ ഭർത്താവ് അബൂമഅ്ബദ് പാൽ നിറഞ്ഞിരിക്കുന്ന പാത്രം കണ്ട് അൽഭുതപ്പെട്ടു. ഉമ്മുമഅ്ബദ് കാര്യങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ട് അദ്ദേഹം പറഞ്ഞു; തീർച്ചയായും അത് മക്കക്കാർ അന്വേഷിച്ചു നടക്കുന്ന ആൾ തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്കും അദ്ദേഹത്ത ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ !

അങ്ങിനെ സഫർ 27 ന് യാത്ര പുറപ്പെട്ട പ്രവാചകൻ(ﷺ)യും അബൂബക്കർ(رضي الله عنه) വും റബീഉൽ അവ്വൽ 8 ന് തിങ്കളാഴ്ച യഥ്രിബിന് സമീപമുള്ള ഖുബാഇൽ എത്തിച്ചേർന്നു.

നാല് ദിവസം ഖുബാഇൽ താമസിച്ച പ്രവാചകൻ അതിനിടയിൽ ഖുബാഇൽ പള്ളി പണിയുകയും അവിടെ നമസ്‌കാരം ആരംഭിക്കുകയും ചെയ്തു. അതായിരുന്നു ഹിജ്റക്ക് ശേഷം ആദ്യമായി സ്ഥാപിച്ച പള്ളി; എന്ന് മാത്രമല്ല, പ്രവാചകൻ നുബുവ്വത്തിനു ആദ്യമായി പണി പള്ളിയും അത് തന്നെയായിരുന്നു.

അടുത്ത ദിവസം വെള്ളിയാഴ്ച ഖുബാഇൽ നിന്നും യഥ്രിബിന് നേരെ യാത്രയാരംഭിച്ചു. യാത വാദി സാലിമിൽ എത്തിയപ്പോൾ അവിടെവെച്ച് ആദ്യത്തെ ജുമുഅയും നിർവ്വഹിച്ചു. നൂറോളം ആളുകൾ പ്രസ്തുത ജുമുഅയിൽ പങ്കെടുക്കുകയുണ്ടായി എന്നാണ് ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ സ്ഥലത്താണ് ഇന്ന് മസ്ജിദ് ജുമുഅ: എന്ന പേരിലുള്ള പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

 

അബ്ദുൽ ലത്തീഫ് സുല്ലമി

06 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 06]

ഇസ്റാഉം മിഅ്റാജും

പ്രവാചകൻ(ﷺ) എല്ലാ നിലയിലും ദു:ഖാകുലനായി കഴിഞ്ഞു കൂടുന്ന സന്ദർഭത്തിലായിരുന്നു ഇസ്റാഅ് മിഅ്റാജ് എന്നീ അൽഭുത സംഭവങ്ങൾ നടന്നത്. എല്ലാവരും അല്ലാഹു അടക്കം പ്രവാചകനെ കയ്യൊഴിച്ചു എന്ന് വരെ ശത്രുക്കൾ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ അവസരത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രത്യേക കൂടിക്കാഴ്ചക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തിൽ പ്രസ്തുത സംഭവങ്ങൾക്ക് പ്രവാചകൻ(ﷺ) യെ തിരഞ്ഞെടുത്തത്.

ഈ സംഭവങ്ങൾ ഏത് വർഷത്തിൽ ഏത് തീയതിയിലാണ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. എന്നാൽ മദീന ഹിജ്റയുടെ ഒരു വർഷം മുമ്പാണ് എന്നിടത്താണ് പലരും എത്തി നിൽക്കുന്നത്. ആ ദിവസം ഏതെന്ന് അറിയുന്നതിൽ പ്രത്യേക നേട്ടമുണ്ടായിരുന്നുവെങ്കിൽ അതൊരിക്കലും അല്ലാഹു അവ്യക്തമാക്കുമായിരുന്നില്ല. ഒരു പക്ഷേ, പിൽക്കാലത്ത് ജനങ്ങൾ അതിൻറ പേരിൽ ആഘോഷങ്ങളും ആരാധനകളും സംഘടിപ്പിക്കാതിരിക്കാനായി ഒളിപ്പിച്ചു വെച്ചതുമായേക്കാം

മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്ക് അല്ലാഹു പ്രവാചകൻ (ﷺ) യെ രാതി സഞ്ചരിപ്പിച്ചതിന് ഇസ്റാഅ് എന്നും അവിടെനിന്നും വാനലോകത്തേക്കുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും പറയുന്നു. ഇത് രണ്ടും ശാരീരികമായും ഒരേ രാത്രിയിൽ തന്നെയുമായിരുന്നു എന്നും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള സ്വഹാബികളുടെ വാക്കുകളിൽ നിന്നും പ്രസ്തുത സംഭവത്തെ നമുക്ക് താഴെ പറയും വിധം മനസ്സിലാക്കാവുന്നതാണ്. നബി(ﷺ) യുടെ അടുക്കൽ രാത്രിയിൽ ജിബ്രീൽ (عليه السلام) ബുറാഖ് എന്ന ഒരു പ്രത്യേക തരം വാഹനവുമായി – ത് കഴുതയേക്കാൾ വലുതും കോവർ കഴുതയേക്കാൾ ചെറുതും വെള്ള നിറത്തോട് കൂടിയതുമായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട് – വരികയും പ്രവാചകനേയും കൊണ്ട് ബൈതുൽമുഖദ്ദസ് വരെ യാത്ര ചെയ്യുകയും ചെയ്തു. കണ്ണെത്താവുന്ന അത്ര ദൂരത്തിലായിരുന്നു അതിന്റെ ഓരോ കാലുകളും പറിച്ചുവെച്ചിരുന്നത് എന്ന പ്രവാചക വചനത്തിൽ നിന്ന് അതിന്റെ വേഗത നമുക്ക് മനസ്സിലാക്കാവുന്നതാണ്. 

ബൈതുൽ മുഖദ്ദസിന്റെ കവാടത്തിൽ ബുറാഖിനെ ബന്ധിച്ച ശേഷം പ്രവാചകൻ (ﷺ) അതിനുള്ളിൽ കയറി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിച്ചു. ശേഷം അല്ലാഹു മററ് പ്രവാചകന്മാരെയെല്ലാം നബി(ﷺ)ക്ക് മുന്നിൽ ഹാജറാക്കുകയും അവർക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രവാചകൻ (ﷺ) നമസ്കരിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇസ്റാഅ് എന്ന് അറിയപ്പെടുന്നത്. പിന്നീട് ഗോവണി പോലുള്ള പ്രത്യേക തരത്തിലുള്ള ഒരു വാഹനം കൊണ്ട് വരപ്പെടുകയും അതിലൂടെ ആകാശ ലോകത്തേക്ക് അല്ലാഹുവിൻറെ അനുഗ്രഹത്താൽ കയറിപ്പോവുകയും ചെയ്തു. 

ഒന്നാമത്തെ ആകാശത്ത് വെച്ച് ആദം നബി (عليه السلام) യെ കണ്ടു. അന്യോന്യം സലാം പറഞ്ഞ ശേഷം അല്ലാഹു അദ്ദേഹത്തിന് സജ്ജനങ്ങളുടെയും ദുർജനങ്ങളുടെയും ആത്മാക്കളെ കാണിച്ചുകൊടുത്തു. രണ്ടാം ആകാശത്ത് യഹ്യ, ഈസ (عليه السلام), മൂന്നാം ആകാശത്തിൽ യൂസുഫ്(عليه السلام), ആകാശത്ത് ഇദ്രീസ് (عليه السلام), അഞ്ചാം ആകാശത്ത് ഹാറൂൻ (عليه السلام), ആറാം ആ കാശത്ത് മൂസാ (عليه السلام), ഏഴാം ആകാശത്ത് ഇബ്റാഹീം (عليه السلام) എന്നിവരേയും കണ്ടു. എല്ലാവരും പ്രവാചകനെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിൻറ പ്രവാചകത്വത്തെ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് വാനലോകത്തുള്ള സിദ്റത്തുൽ മുൻതഹ: എന്ന പ്രത്യേക വൃക്ഷവും, ഭൂമിയിലെ കഅബക്ക് തുല്യമായി വാനലോകത്തെ മന്ദിരമായ ബൈതുൽ മഅ്മൂറുമെല്ലാം അല്ലാഹുവിൻറ അത്യുന്നത സ്ഥാനത്തിനോടടുത്ത് എത്താറാകുകയും അവിടെ വെച്ച് ല്ലാഹു അദ്ദേഹവുമായി സംസാരിക്കുകയും അൻമ്പത് സമയങ്ങളിലുള്ള നമസ്കാരം വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും ചെയ്തു. അതിനു മടക്ക യാതയിൽ ആറാം ആകാശത്ത് മൂസാ(عليه السلام)നെ വീണ്ടും കണ്ട്മുട്ടുകയും അല്ലാഹുവിൽ നിന്നും എന്താണ് പാരിതോഷികമായി ലഭിച്ചിട്ടുള്ളതെന്നത് എന്ന് അന്വേഷിക്കുകയും ചെയ്തു. അമ്പത് സമയത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകൻ (ﷺ) അറിയിച്ചു. അന്നേരം, താങ്കളുടെ സമൂഹത്തേക്കാൾ ശാരീരികമായും മാനസികമായും ശക്തരും കരുത്തരും എല്ലാം ആയിരുന്ന എൻറ സമുദായത്തിന് ഇതിലും കുറഞ്ഞ ആരാധനകൾ ചുമത്തിയിട്ട്  അത് അവർക്ക് നിർവ്വഹിക്കാനായിരുന്നില്ല. അതിനാൽ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോയി ലഘൂകരിക്കാൻ ആവശ്യപ്പെടുക എന്ന് പറഞ്ഞു. അത് അനുസരിച്ച് പ്രവാചകൻ(ﷺ) പല പ്രാവശ്യങ്ങളിലായി ലഘൂകരിക്കാൻ ആവശ്യപ്പെട്ട് അമ്പത് സമയമുള്ളത് അഞ്ച് സമയമാക്കി ചുരുക്കി നിശ്ചയിക്കപ്പെട്ടു. അന്നേരം പ്രവർത്തനത്തിൽ ലഘൂകരണം വരുത്തിയെങ്കിലും പ്രതിഫലത്തിൻറ കാര്യത്തിൽ നാം തീരുമാനം മാററാൻ ഉദ്ദേശിക്കുന്നില്ല എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.

കൂടാതെ പ്രവാചകൻ (ﷺ) ക്ക് അല്ലാഹു പ്രസ്തുത യാതയിൽ സ്വർഗ നരകങ്ങളെയും അതിലെത്തിപ്പെടുന്നതിനുള്ള കാരണങ്ങളേയും കാണിച്ചുകൊടുക്കുകയുണ്ടായി. വ്യത്യസ്ത റിപ്പോർട്ടുകളായി വന്നിട്ടുള്ള വിഷയങ്ങളിൽ ഏതാനും ചിലത് മാത്രം താഴെ ചേർക്കുന്നു. 

അനാഥകളുടെ സ്വത്ത് തിന്നുന്നവർ: ഒട്ടകത്തിൻറ വായകളാടുകൂടിയുള്ള ഒരു വിഭാഗം ആളുകൾ അവർ തീക്കട്ടകൾ വിഴുങ്ങുകയും അത് അവരുടെ പിൻഭാഗത്തിലൂടെ താഴേക്ക് വീഴുകയും ചെയ്യുന്നു. അനാഥകളുടെ സ്വത്ത് ഭുജിക്കുന്നവർക്ക് ഉണ്ടാകാൻ പോകുന്ന അനുഭവമായിരിക്കും ഇത് എന്ന് ജിബ്രീൽ വിവരിച്ചു കൊടുത്തു.

പലിശ തിന്നുന്ന ആളുകൾ: അവർ വലിയ കെട്ടിടങ്ങൾ പോലുള്ള വയറുകളോട് കൂടി പ്രയാസപ്പെടുന്നു.

വ്യഭിചാരികൾ: അവർ നല്ല മാംസം ഒരു ഭാഗത്ത് ഉള്ളതിലേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതെ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാംസം തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

തങ്ങൾക്ക് ജനിച്ച സന്താനങ്ങളെ പിതാക്കളിലേക്കല്ലാതെ ചേർത്ത് പറയുന്ന സ്ത്രീകൾ അവരുടെ സ്തനങ്ങളിൽ കെട്ടിത്തൂക്കപ്പെട്ട നിലയിൽ പ്രയാസപ്പെടുന്നു.

നമസ്കാര സമയത്ത് കിടന്നുറങ്ങുന്നവർ: അവരുടെ മുഖം മറെറാരു വിഭാഗം ആളുകൾ കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കുകയും മുഖം വികൃതമായാൽ കല്ല് കയ്യിൽ നിന്നും വീണ് ഉരുണ്ട് പോകുകയും അത് എടുത്ത് വരുമ്പോഴേക്ക് മുഖം പഴയ രൂപത്തിലായിരിക്കും. വീണ്ടും അവർ ചതച്ച് വികൃതമാക്കപ്പെടുന്നു. ഇപ്രകാരം ആ വർത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഇങ്ങനെ വിവിധ തരത്തിലുള്ള കുററകൃത്യങ്ങൾക്കുള്ള ശിക്ഷാരീതികൾ കാണിക്കപ്പെട്ടു.

അപ്രകാരം തന്നെ സ്വർഗവും കാണിക്കപ്പെട്ടു. സ്വർഗീയ സൗകര്യങ്ങളും, ചെറുപ്രായത്തിൽ മരണപ്പെട്ട കുട്ടികൾ ഇബ്റാഹീം (عليه السلام) യോടൊപ്പം ഒന്നിച്ച് ആഹ്ലാദിച്ച് കഴിയുന്നതും അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അങ്ങിനെ എല്ലാം കണ്ടശേഷം അതേ രാത്രിയിൽ തന്നെ പ്രവാചകൻ(ﷺ) തിരിച്ചെത്തുകയും ചെയ്തു.

നേരം പുലർന്നപ്പോൾ നടന്ന സംഭവങ്ങളെല്ലാം പ്രവാചകൻ (ﷺ) സ്വഹാബികൾക്ക് വിവിരിച്ചു കൊടുത്തു. വിവരം അറിഞ്ഞ മുശ്രികുകൾ പരിഹസിക്കാൻ തുടങ്ങി. അത് കണ്ട് വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകളിൽ പോലും സംശയത്തിന്റെ വക്കിനോളം എത്തിച്ചു. എന്നാൽ പ്രസ്തുത സംഭവം വിവരിക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന അബൂബക്കറിനെ ചെന്നു കണ്ട് ഖുറൈശികൾ വിവരം ധരിപ്പിച്ചു. അന്നേരം പ്രവാചകൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനത് വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്നായിരുന്നു അബൂബക്കർ(رضي الله عنه)വിൻറ പ്രതി കരണം. ഇത് അറിഞ്ഞ പ്രവാചകൻ(ﷺ) അബൂബക്കർ (رضي الله عنه)ന് സിദ്ദീഖ് (സത്യപ്പെടുത്തിയവൻ) എന്ന സ്ഥാനപ്പേര് നൽകി അനുമോദിക്കുകയും ചെയ്തു.

എന്നാൽ മുശ്രികുകൾ പ്രവാചകനോട് ബൈതുൽ മുഖദ്ദസിന്റെ വിശേഷണങ്ങളെ സംബന്ധിച്ച് പല ചോദ്യങ്ങളും ചോദിച്ചു. അതിനെല്ലാം കൃത്യമായി മറുപടി പറഞ്ഞപ്പോൾ അവർക്ക് അത് ശരിവെക്കുകയല്ലാതെ നിർവ്വാഹമുണ്ടായിരുന്നില്ല. പിന്നീട് അവർ മറെറാരു ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ഒരു കച്ചവട സംഘം സിറിയയുടെ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണങ്ങളും അത് എപ്പോൾ തിരിച്ചെത്തും എന്നെല്ലാം അവർ പ്രവാചകനോട് ചോദിച്ചു. എല്ലാറ്റിനും കൃത്യമായി മറുപടി പറയുകയും അതുമായി സംഭവങ്ങൾ യോജിച്ചു വരികയും ചെയ്തങ്കിലും അവർ ഇത് മുഹമ്മദിന്റെ ജാലവിദ്യയാണ് എന്ന് പറഞ്ഞ് നിഷേധത്തിൽ തുടരുക തന്നെ ചെയ്തു.

ഒന്നാം അഖബാ ഉടമ്പടി 

മുശ്രികുകളുടെ മർദ്ദനങ്ങൾക്ക് ശക്തികൂടിയപ്പോൾ പവാചകൻ (ﷺ) പ്രബോധന പ്രവർത്തനങ്ങൾ മക്കയുടെ പുറംനാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിന് വേണ്ടി ഹജ്ജ് സമയങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്രിബിൽ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരിൽ ചിലർ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്തു. അതനുസരിച്ച് ആറ് പേർ മുസ്ലിമാവുകയും അവർ നാട്ടിൽ ഈ സത്യം മററുള്ളവരെ

അറിയിക്കുമെന്നും, കൂടുതൽ ആളുകളെ ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം ചെയ്ത് പിരിഞ്ഞു. ഈ സംഭവങ്ങൾ പ്രവാചകത്വത്തിൻറ പതിനൊന്നാം വർഷത്തിലായിരുന്നു. മേൽ പറയപ്പെട്ട ആറ് വ്യക്തികൾ യഥ്രിബിൽ തിരിച്ചെത്തി, യഥ്രിബിൽ നടത്തിയ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായി അടുത്തവർഷം നുബുവ്വത്തിന്റെ പന്തണ്ടാം വർഷം ആദ്യം നബിയിൽ വിശ്വസിച്ചവരിൽ പെട്ട അഞ്ച് പേർ ഉൾപ്പടെ പന്ത്രണ്ട് പേർ ഹജ്ജിനായി മക്ക

യിൽ വരികയും മീനക്ക് സമീപം അഖബയിൽ വെച്ച് നബി (ﷺ)യുമായി കൂടിക്കാഴ്ച നടത്തി മഹത്തായ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. “അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല, വ്യഭിചാരം, കവർച്ച, ശിശുഹത്യ, അപവാദം പറഞ്ഞു പരത്തുക എന്നിവ പൂർണ്ണമായും വർജ്ജിക്കുക, ഒരിക്കലും പ്രവാചകനോട് എതിര് പ്രവർത്തിക്കാതിരിക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ. ഈ കരാർ ആണ് ഒന്നാം അഖബ: ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്.

രണ്ടാം അഖബാ ഉടമ്പടി

ഒന്നാം ഉടമ്പടി കഴിഞ്ഞ് യഥ്രിബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്അബ് ബ്നു ഉമർ (رضي الله عنه) വിനെ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി പറഞ്ഞയച്ചു. മിസ്അബ് (رضي الله عنه) വിന്റെ നേതൃത്വത്തിൽ യഥ്രിബിലെ പ്രബോധനം  ശക്തിപ്പെടാൻ തുടങ്ങി. തൽഫലമായി അടുത്ത വർഷം നുബുവ്വത്ത് പതിമൂന്നാം വർഷം എഴുപത്തിരണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും യഥ്രിബിൽ നിന്നും ഹജ്ജിനു വന്ന മുശ്രികുകളോടൊപ്പം മക്കയിൽ എത്തി. അവർ പ്രവാചകൻ(ﷺ)യും വിശ്വാസികളും അനുഭവിക്കുന്ന മർദ്ദനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി; സത്യ ദീനിന്റെ പേരിൽ പ്രവാചകൻ(ﷺ) പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവർ പരസ്പരം പറയാൻ തുടങ്ങി. അങ്ങിനെ അവർ പ്രവാചകനെ യഥ്രിബിലേക്ക് സ്വാഗതം ചെയ്തു; അക്കാര്യം പ്രവാചകനോട് അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങൾ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കിൽ നിങ്ങൾക്ക് എല്ലാവിധ സംരക്ഷണവും സഹായങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു.

അങ്ങിനെ അവർ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഒരു കരാറിൽ ഒപ്പുവെച്ചു. ഇതായിരുന്നു രണ്ടാം അഖബ: ഉടമ്പടി. 

എല്ലാ നിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിന്റേയും എളുപ്പത്തിന്റേയും അവസരത്തിൽ ഇസ്ലാമിക മാർഗ്ഗത്തിൽ ചിലവഴിക്കുക. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തിൽ ഉറച്ച്നിൽക്കുക. ഞാൻ നിങ്ങളിലേക്ക് വന്നാൽ നിങ്ങളുടെ മക്കളേയും ഭാര്യമാരേയും സംരക്ഷിക്കുംപ്രകാരം, സ്വർഗ്ഗം മാത്രം ലക്ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക. അങ്ങിനെ സംഘത്തിലുണ്ടായിരുന്ന ഓരോരുത്തരും മേൽ വ്യവസ്ഥകൾ പാലിക്കു മെന്ന് നബി(ﷺ)യുടെ കെപിടിച്ചുകൊണ്ട് (രണ്ട് സ്ത്രീകൾ ഒഴികെ) തന്നെ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തിൽ പ്രവാചകൻ(ﷺ) അവരിലെ ഓരോ ഗോത്രത്തിൽ നിന്നും പ്രസ്തുത കരാർ പാലിക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ച് ഓരോ നേതാക്കളെയും തിരഞ്ഞെടുത്തു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

05 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 05]

ഉത്ബത്തിന്റ ഭരണ വാഗ്ദാനം

ഹംസ, ഉമർ (رضي الله عنه) എന്നിവരുടെ ഇസ്‌ലാം  മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. ഒരിക്കൽ നബി(ﷺ) കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട് മുശ്രിക്കുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുൽ വലീദ്) തൻറ അനുയായികളോട് ചിലത് സംസാരിച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാൻ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകൻ നേർക്ക് ചെന്നു. ശേഷം ഇപ്രകാരം പറഞ്ഞു: മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മൾ പൂർവ്വീകരായി ചെയ്തു ശീലിച്ച ആചാരങ്ങളിൽ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലോ. എന്താണ് ഇതിന്റെ പിന്നിലെ നിൻറ ലക്ഷ്യം ? നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കിൽ നിന്നെ ഞങ്ങൾ ഭരണം ഏൽപ്പിച്ച് നൽകാം, അതല്ല ധനമാണ് നിന്റെ ലക്ഷ്യമെങ്കിൽ നീ ആവശ്യപ്പെടുന്ന സമ്പത്ത് ഞങ്ങൾ സ്വരൂപിച്ച് നൽകാം, അതല്ല വല്ല പെൺകുട്ടികളേയും വിവാഹം കഴിക്കാനാണ് നിൻ ഒരുക്കമെങ്കിൽ അതിന് ഞങ്ങൾ അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കിൽ ഞങ്ങൾ ചികിൽസിച്ച് മാററാം.

ഇത് പറഞ്ഞു തീർന്നപ്പോൾ നബി(ﷺ) ഖുർആനിലെ 41ാം അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ (ഫുസ്വിലത്ത്) ആയത്തുകൾ ഓതിക്കൊടുക്കാൻ തുടങ്ങി.

“ഇനി അവർ തിരിഞ്ഞു കളയുകയാണ് എങ്കിൽ പറഞ്ഞക്കുക, ആദ്, ഥമൂദ് എന്നീ സമൂഹങ്ങൾക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപ്പററി ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു” എന്ന വചനം എത്തിയപ്പോൾ ഉത്ബത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അൽപം കാരുണ്യം കാണിക്കണം എന്നു പറഞ്ഞ് നബി(ﷺ)യുടെ പൊത്തുകയും ഉടനെ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു. ഉത്ബത്തിൻറ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവർ പറഞ്ഞു: “ഉത്ബത്ത് പോയ ഉഷാറോടുകൂടിയല്ല വരുന്നത്’. വന്ന ഉടനെ ഖുറൈശീ സമൂഹമേ, നിങ്ങൾ ആ മനുഷ്യനെ വിട്ടേക്കുക. ഞാൻ ഒരു വാക്ക് കേട്ടു അവനിൽനിന്ന്. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാൻ കേട്ടിട്ടേയില്ല. അത് കവിതയുമല്ല, ജോൽസ്യവുമല്ല. അതുകൊണ്ട് അവനെ വിട്ട് ഒഴിഞ്ഞ് മാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവൻ എന്നെ കേൾപ്പിച്ചത്.

ബഹിഷ്കരണം 

അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികൾ കണ്ടെത്തിയ മാർഗ്ഗം നബി(ﷺ)ക്കും അനുയായികൾക്കും ഊരുവിലക്കും ബഹിഷ്കരണവും ഏർപ്പെടുത്തുക എന്നതായിരുന്നു. മുസ്‌ലിംകളുമായുള്ള വിവാഹം, മററ് ഇടപാടുകൾ, പരസ്പരമുള്ള സമ്പർക്കങ്ങൾ, കച്ചവടം (വാങ്ങലും വിൽക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പർക്കവും നിർത്തൽ ചെയ്തുകൊണ്ട് ഒരു കരാർ എഴുതിയുണ്ടാക്കി കഅബയിൽ കെട്ടിത്തൂക്കി. തദടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അവർ ഭക്ഷണ പാനീയങ്ങൾ പോലും വിലക്കി. കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിൽ പുറം നാടുകളിൽ നിന്നും കച്ചവടക്കാർ വരുന്ന അവസരങ്ങളിൽ മാത്രമായിരുന്നു എന്തെങ്കിലും കൊള്ളക്കൊടുക്കകൾ നടത്താൻ കഴിഞ്ഞിരുന്നത്. അല്ലാത്ത അവസരങ്ങളിൽ തങ്ങൾ കാലിൽ ധരിച്ചിരുന്ന തോലിൻ ചെരുപ്പുകൾ വെള്ളത്തിലിട്ട് കുതിർത്തി അത് പോലും കടിച്ച് തിന്നു നോക്കിയിരുന്നു, എന്നും. പച്ചിലകൾ കടിച്ചു തിന്ന്, ആടുകൾ കാഷ്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങൾ കാഷ്ടിച്ചിരുന്നത് എന്നും സ്വഹാബികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയിൽ ഖദീജ (رضي الله عنها)യുടെ സഹോദരപുത്രൻ ഇടക്ക് തന്റെ അമ്മായി എന്ന ബന്ധം പരിഗണിച്ച് ചോളവും മറ്റും എത്തിച്ചുകൊടുത്തിരുന്നത് ഒഴിച്ച് മറെറല്ലാ സമ്പർക്കവും നബി(ﷺ)ക്കും അനുയായികൾക്കും തടയപ്പെട്ടു. പൂർണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈ അവസ്ഥയിൽ മൂന്ന് കൊല്ലം കഴിച്ചുകൂട്ടേണ്ടി വന്നു !. 

എന്നാൽ ഖുറൈശികൾക്ക് ഇടയിൽ തന്നെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളിൽ അനുകമ്പയുള്ള ചിലയാളുകളുണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളായ ഹിഷാമ് ബ്നു അംറ്, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈറ് ബ്നു അബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിത്യ സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കാണുകയും നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തിൽ ക്രൂരമായി പെരുമാറാൻ മാത്രം എന്ത് തെററാണ് അവർ ചെയ്തത് ? വർഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു !. അന്നേരം ഞാൻ ഒററക്ക് എന്ത് ചെയ്യാനാണ് ? എന്നായിരുന്നു അയാളുടെ മറുപടി. അന്നേരം ഹിശാം പറഞ്ഞത് ഒരാൾ മാത്രമല്ല രണ്ടാമനായി ഞാനുമുണ്ട് മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനേയും അതുപോലെ അബുൽ ബുഹ്രിയേയും ഈ വിഷയത്തിൽ തങ്ങളോടൊപ്പം ലഭിച്ചു. അങ്ങിനെ നാലു പേരും കൂടി ഖുറൈശികളോടായി കരാർ വലിച്ചു കീറുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. അന്നേരം അബൂജഹൽ നീ പറയുന്നത് നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച് സുഹൈറിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദർഭത്തിൽ പ്രസ്തുത

സംസാരങ്ങൾ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു: നിങ്ങൾ തർക്കിക്കേണ്ടതില്ല, അത് അല്ലാഹു തന്നെ ഏറെറടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു. ഇത് കേട്ട മുത്ഇമുബ്നു അദിയ്യ് കരാർ പ്രതം വലിച്ചു കീറുന്നതിനായി ചെന്ന് നോക്കിയപ്പോൾ തുടക്കത്തിൽ എഴുതപ്പെട്ടിരുന്ന ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻറെ നാമത്തിൽ) എന്നവചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതൽ നശിപ്പിക്കപ്പെട്ടിരുന്നു. അതോടെ ബഹിഷ്കരണവും അവസാനിച്ചു. പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബിൽ (അബൂത്വാലിബിന്റെ മലഞ്ചെരുവിൽ) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു. 

ദുഃഖ വർഷം 

പ്രവാചകത്വത്തിൻറെ പത്താം വർഷം പ്രവാചകനെ സംബന്ധിച്ചേടത്തോളം തങ്ങാവുന്നതിലുമപ്പുറം ദു:ഖവും പ്രയാസവും അനുഭവിക്കേണ്ടതായി വന്ന വർഷമായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രകാരന്മാർ ദു:ഖ വർഷം എന്നാണ് പ്രസ്തുത വർഷത്തിന് പേരു നൽകിയിട്ടുള്ളത്. വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷിക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന അബൂത്വാലിബിന്റേയും അവിടുത്തെ പിയ പത്നി ഖദീജ (رضي الله عنها)യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം. പ്രവാചകനും അനുയായികളും ശിഅബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത് വന്ന് അധികം കഴിഞ്ഞില്ല; അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വർത്തിച്ചിരുന്ന അബൂ ത്വാലിബ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ആസന്നമായ അവസരത്തിൽ

പ്രവാചകൻ(ﷺ) അവിടെ കടന്നുചെല്ലുകയും അദ്ദേഹത്തോട് “ മൂത്താപ്പാ, നിങ്ങളൊന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ. എങ്കിൽ അത് വെച്ച് എനിക്ക് അല്ലാഹുവിങ്കൽ ഒന്ന് വാദിച്ചുനോക്കാം”. എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവർ പറഞ്ഞു. അബൂ ത്വാലിബ്, നിങ്ങൾ അബ്ദുൽ മുത്തലിബിൻറ കയ്യൊഴിക്കുകയാണോ!? അന്നേരം അബൂ ത്വാലിബ് പ്രവാചകനോടായി പറഞ്ഞത് ഇങ്ങിനെയാണ്. മോനേ, നിന്റെ മതമാണ് ഏററവും നല്ല എന്ന് എനിക്കറിയാം. പക്ഷേ ഈ ജനതയുടെ ആക്ഷേപം ഇല്ലായിരുന്നുവെങ്കിൽ നിന്നിൽ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി ഞാനാകുമായിരുന്നു. ഇത്പറഞ്ഞുകൊണ്ട് അബ്ദുൽ മുത്തലിബിൻറ മതത്തിലായിക്കൊണ്ട് എന്ന് പറഞ്ഞ് അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനിൽ അങ്ങേയറ്റം പ്രയാസമുണ്ടാക്കി.

ദു:ഖ ഭാരത്താൽ, “എന്നോട് വിരോധിക്കാത്തതു വരെഞാൻ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പാർത്ഥിക്കും”. എന്ന് പ്രവാചകൻ പറഞ്ഞു. പക്ഷേ അല്ലാഹു ഇപ്രകാരം ഖുർആൻ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു. “ബഹു ദൈവ വിശ്വാസികൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവർക്കുവേണ്ടി പാപമോചനം തേടുവാൻ, അവർ അടുത്തബന്ധമുള്ളവരായാൽ പോലും പ്രവാചകനും സത്യവിശ്വാസി കൾക്കും പാടുള്ളതല്ല” (ഖുർആൻ 9: 113) “നിശ്ചയം, നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴി യിലാക്കാൻ ആവില്ല” (ഖുർആൻ 28: 56)

ഖദീജാ ബീവി (رضي الله عنها) യുടെ വഫാത്

അബൂത്വാലിബിൻറ മരണത്തിന് ശേഷം രണ്ടോ മൂന്നോ മാസം പിന്നിടുമ്പോഴേക്ക്, നബിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവിടുത്തെ പിയപത്നി ഖദീജ (رضي الله عنها)യും വേർപിരിഞ്ഞു. നുബുവ്വത്ത് പത്താം വർഷം റമദാൻ മാസത്തിലായിരുന്നു അത്. അന്ന് അവർക്ക് 65 വയസ്സും നബി(ﷺ)ക്ക് 50 വയസ്സുമായിരുന്നു പ്രായം. ഇരുപത്തഞ്ച് വർഷത്തെ ആ ദാമ്പത്യജീവിതം പ്രവാചകൻ(ﷺ) തന്റെ ജീവിതത്തിൽ എന്നുമെന്നും ഓർക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി(ﷺ) ഖദീജ (رضي الله عنها)യെ അനുസ്മരിച്ച് പറഞ്ഞത് നമുക്ക് ഇങ്ങിനെ കാണാം. “എല്ലാവരും എന്നിൽ അവിശ്വസിച്ചപ്പോൾ ഖദീജ (رضي الله عنها)എന്നിൽ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോൾ അവർ എന്നെ സത്യപ്പെടുത്തി. ജനങ്ങൾ എന്നെ തടഞ്ഞപ്പോൾ അവർ അവരുടെ സമ്പത്ത് കൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നൽകിയതും” (അഹ്മദ്).

മറെറാരു ഹദീസ് കൂടി കാണുക: “ഒരിക്കൽ ജിബ്രീൽ (عليه السلام) നബി(ﷺ)യുടെ അടുക്കൽ വന്നു പറഞ്ഞു: ഖദീജ (رضي الله عنها)ഇപ്പോൾ താങ്കളുടെ അടുത്ത് വരും അവർ എത്തിയാൽ അല്ലാഹു അവർക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക. അതുപോലെ അല്ലാഹു അവർക്കായി ഒരു ഭവനം ഒരുക്കി വെച്ചതായും സന്തോഷമറിയിക്കുക” (ബുഖാരി).

പ്രവാചകൻ(ﷺ) ത്വാഇഫിലേക്ക്

അബൂത്വാലിബിന്റേയും ഖദീജ (رضي الله عنها)യുടേയും വേർപാട് ഖുറൈശികൾ തികച്ചും മുതലെടുത്തു. അവർ, തങ്ങൾ നടത്തിവന്നിരുന്ന മർദ്ദന മുറകൾക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനിൽ കൂടുതൽ ദു:ഖവും പ്രയാസവുമുണ്ടാക്കി. സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ പ്രവാചകൻ തൻറ മാതൃ കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു. നുബുവ്വത്ത് പത്താം വർഷം ശവ്വാൽ മാസം പ്രവാചകൻ(ﷺ) തന്റെ അടിമയായിരുന്ന സൈദ്ബ്നു ഹാരിഥമൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാൽ തന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങൾ.

പത്ത് ദിവസത്തോളം ത്വാഇഫിൽ കഴിച്ചുകൂട്ടി തൻറ ദൗത്യം അവരുടെ മുന്നിൽ വിശദീകരിച്ചു. പക്ഷേ ഒരാൾ പോലും അത് സ്വീകരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല അവർ തങ്ങളുടെ നാട്ടിൽ നിന്നും ഇറങ്ങിപ്പോകുവാൻ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിള്ളരെ സജ്ജരാക്കുകയുമാണ് ചെയ്തത്. അങ്ങിനെ പ്രവാചകൻറ ശരീരത്തിൽ നിന്നും രക്തം പൊട്ടി ഒഴുകുമാറ് പ്രവാചകനും കൂടെയുണ്ടായിരുന്ന സൈദും ഉപദ്രവങ്ങൾ ഏൽപ്പിക്കപ്പെട്ടു. അവസാനം പ്രവാചകൻ (ﷺ) നിരാശനായി അവിടെനിന്നും യാത്ര തിരിച്ചു. മടക്കയാത്രയിൽ, ഒരാൾ പോലും തന്നെ സഹായിക്കുവാനോ തന്നിൽ വിശ്വസിക്കുവാനോ തയ്യാറാകാത്തതിൽ

മനം നൊന്ത് അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോൾ റബീഅ:യുടെ മക്കളായ ഉത്ബത്തിന്റേയും ശൈബത്തിൻറെയും മുന്തിരിത്താട്ടത്തിൽ അൽപം വിശ്രമിക്കാനായി കടന്നുചെന്നു; അവിടെയുണ്ടായിരുന്ന ഒരു മതിലിൽ ചാരി ഇരുന്നു. അന്നേരം അല്ലാഹു ജിബ്രീൽ എന്ന മലക്കിനോടൊപ്പം പർവ്വതങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബി(ﷺ)യെ ഉപദ്രവിച്ച് സമൂഹത്ത നശിപ്പിക്കാൻ അനുവാദം ചോദിച്ചു. ഉടനെ കാരുണ്യത്തിൻറെ പ്രവാചകൻ അതിന് അനുവാദം നൽകിയില്ല; എന്നു മാത്രമല്ല. അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുകയാണ് ചെയ്തത്.

അല്ലാഹുവേ ഈ ജനത അവർക്ക് വിവരമില്ലാത്തത് കൊണ്ട് ചെയ്തു പോയതാണ്. അതിനാൽ അവർക്ക് നീ പൊറുത്ത് കൊടുക്കേണമേ. അവർക്ക് ജനിക്കുന്ന പിൻ തലമുറയിൽ നിന്നെങ്കിലും ഒരാൾ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കിൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“അഅങ്ങിനെ പ്രവാചകൻ ഖുറൈശീ പ്രമുഖരിൽ പെട്ട മുത്ഇമു ബ്നു അദിയ്യിൻറ സംരക്ഷണത്തിൽ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

04 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 04]

ഒന്നാം ഹിജ്റ:

പ്രവാചകൻറെ പ്രബോധന പ്രവർത്തനങ്ങൾ നാൾക്കുനാൾ വിജയത്തിലേക്ക് നീങ്ങി; വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇത് ശ്രതുക്കളിൽ പരിഭ്രാന്തിപരത്തി. അവർ പ്രവാചകപിതൃവ്യനെ കണ്ട് നബി (ﷺ)ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പറഞ്ഞുനോക്കി; പക്ഷേ ഫലം നിരാശ മാത്രം. തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോൾ അവർ മർദ്ദനത്തിൻറ ശക്തി കൂട്ടാൻ തന്നെ തീരുമാനിക്കുകയും വിശ്വാസികളെ സർവ്വവിധേനെയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീവഖാസ്(رضي الله عنه) വിനെ അവർ വെട്ടി പരിക്കേൽപ്പിച്ചു. ഈ സന്ദർഭത്തിൽ പ്രവാചകൻ(ﷺ) വിശുദ്ധ ഖുർആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താൽക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനയിലേക്ക് ഹിജ്റ പോകുവാൻ (പാലായനം ചെയ്യാൻ) അനുമതി നൽകുകയും ചെയ്തു. അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ലാഎങ്കിൽ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വർത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികൾക്ക് മുസ്ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്തിമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാൻ പ്രയാസമായി വരുമ്പോൾ, നിർബന്ധ സാഹചര്യത്തിൽ പോലും ശിർക്ക് ചെയ്യാൻ ഇസ്‌ലാം  അനുവദിക്കുന്നില്ല എന്ന് കാണാൻ കഴിയും. 

പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്മാൻ(رضي الله عنه) വിൻറ നേതൃത്വത്തിൽ പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്. തങ്ങളുടെ നാട്ടിൽ അഭയം തേടിയെത്തിയ മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു. രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികൾ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി. 

ഹിജ്റയും ഖുറൈശികളുടെ കുതന്ത്രവും

ആദ്യ ഹിജ്റ സംഘം അബ്സീനിയയിലായിരുന്ന സന്ദർഭത്തിൽ പ്രവാചകൻ(ﷺ) ഒരിക്കൽ റമദാൻ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഖുറൈശീ പ്രമുഖരും നേതാക്കളുമടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിയിരുന്നു; പ്രവാചകൻ(ﷺ) ഓതിയിരുന്ന സൂറത്ത് നജ്മ് ഖുറൈശികൾ ശ്രദ്ധപൂർവ്വം കേട്ടു നിൽക്കുകയും അതിലെ അവസാന വചനമായ  “فَاسْجُدُوا لِلَّهِ وَاعْبُدُوا ” (നിങ്ങൾ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക) എന്ന് എത്തിയപ്പോൾ പ്രവാചകൻ സുജൂദ് (സാഷ്ടാംഗം) ചെയ്തു. അതോടൊപ്പം അത് ശ്രദ്ധിച്ചുനിന്നിരുന്ന ഖുറൈശീ പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു. ഇത് ജനങ്ങൾക്കിടയിൽ വലിയ സംസാരവിഷയമായി. ഇതാകട്ടെ അബ്സീനിയിലുണ്ടായിരുന്ന മുസ്‌ലിംകളുടെ കാതിൽ മക്കാ ഖുറൈശീ പ്രമുഖരെല്ലാം ഇസ്‌ലാം  വിശ്വസിച്ചു എന്ന നിലക്കായിരുന്നു എത്തിയിരുന്നത്. അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റാ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്. 

മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് മാന്യമായ സംരക്ഷണം നൽകി; എന്ന വിവരം അറിഞ്ഞ ഖുറൈശികൾ തങ്ങൾ നടത്തിക്കൊണ്ടിരുന്ന മർദ്ദനമുറകൾ രൂക്ഷമാക്കി; എല്ലാ നിലക്കും വിശ്വാസികളെ കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അത് മനസ്സിലാക്കിയ പ്രവാചകൻ (ﷺ) വിശ്വാസികളോട് വീണ്ടും അബ്സീനിയയിലേക്ക് പാലായനം ചെയ്യാൻ നിർദ്ദേശിച്ചു. അതനുസരിച്ച് എൺപത്തിരണ്ട് പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം രണ്ടാമതും നജ്ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു. മുസ്‌ലിംകൾ വീണ്ടും അബ്സീനയിലേക്ക് പുറപ്പെടുന്നതിൽ അരിശംപൂണ്ട ഖുറൈശികൾ തങ്ങളുടെ കൂട്ടത്തിലെ സമർത്ഥരും ശക്തരുമായ രണ്ടാളുകളെ തിരഞ്ഞടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി മുസ്‌ലിംകൾക്ക് സംരക്ഷണം കൊടുക്കരുതെന്ന് ആവശ്യവുമായി നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അംറുബ്നുൽ ആസ്വിയും, അബ്ദുല്ലാഹിബ്നു അബീറബീഅയുമായിരുന്നു പ്രസ്തുത രണ്ട് വ്യക്തികൾ.

മേൽപറയപ്പെട്ട രണ്ടാളുകളും നജ്ജാശിയുടെ അടുക്കൽ ചെന്ന് ഇങ്ങിനെ പറഞ്ഞു: “അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നും ഒരുകൂട്ടം വിഡ്ഢികളായ ആളുകൾ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറി വന്നിരിക്കുന്നു; അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചുകൊണ്ടാണ് വന്നിരിക്കുന്നത് എന്നാൽ താങ്കളുടെ മതത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. അവർ താങ്കൾക്കോ ഞങ്ങൾക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവർക്ക് സംരക്ഷണം കൊടുക്കാതെ

അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാൻ ഞങ്ങളിലെ പ്രമുഖരും മാന്യന്മാരുമാണ് ഞങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയച്ചിട്ടുള്ളത്”. ഇത് കേട്ടപ്പോൾ നേരത്തെ പാരിതോഷികങ്ങളിൽ നിന്നും ഒരു വിഹിതം നൽകി ഒരുക്കി നിറുത്തിയിരുന്ന പുരോഹിതന്മാർ അത് ശരിവെച്ചുകൊണ്ട് അവരെ തിരിച്ചയക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. സമ്പത്തും പാരിതോഷികങ്ങളും കിട്ടുമെന്ന് കണ്ടാൽ ഏത് നെറികേടുകൾക്കും കൂട്ടുനിൽക്കുന്നവർ എക്കാലത്തുമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം !! – എന്നാൽ മാന്യനും ബുദ്ധിമാനുമായിയുന്ന രാജാവ് രണ്ട് ഭാഗത്ത് നിന്നുമുള്ള സംസാരം കേൾക്കാതെ ഒന്നും പ്രവർത്തിക്കുകയില്ലെന്ന് അറിയിച്ചു. മുസ്‌ലിംകളോട് തന്റെ മുന്നിൽ ഹാജറാകുവാൻ ആവശ്യപ്പെടുകയും സത്യാവസ്ഥ അന്വേഷിക്കുകയും ചെയ്തു.

രാജാവ് ചോദിച്ചു : “നിങ്ങൾ നിങ്ങളുടെ പൂർവ്വീകരുടെ മതം ഉപേക്ഷിച്ച് ഒരു പുതിയ മതം ഉൾക്കൊണ്ടിരിക്കുന്നു എന്ന് കേൾക്കുന്നുവല്ലൊ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?”അന്നേരം മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ജഅ്ഫറു ബിൻ അബീത്വാലിബ് താഴെ പറയുന്ന വിധം പ്രസംഗിച്ചു:

“അല്ലയോ മഹാരാജാവേ, ഞങ്ങൾ അജ്ഞാന കാലത്ത് വിഗ്രഹാരാധകരും, ശവം ഭക്ഷിക്കുന്നവരും, അധർമ്മങ്ങൾ പ്രവർത്തിക്കുന്നവരും, അന്യോന്യം അക്രമിക്കുന്നവരും, കുടുംബം വിച്ചേദിക്കുന്നവരും, അയൽപക്കത്തെ മാനിക്കാത്തവരുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. അങ്ങിനെ ഞങ്ങളിൽ ഉയർന്ന ഗോത്രക്കാരനും സത്യസന്ധനും വിശ്വസ്തനുമായ ഞങ്ങൾക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയെ അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു. അദ്ദേഹം ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്) ക്ഷണിക്കുകയും ഞങ്ങളും ഞങ്ങളുടെ പൂർവ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യൊഴിക്കണമെന്ന് ആവശ്യപ്പെടുകയും, സത്യസന്ധതയോടും വിശ്വസ്തതയോടെയും വർത്തിക്കുവാനും, കുടുംബ ബന്ധം ചേർത്തുവാനും അയൽപക്കത്തെ മാനിക്കുവാനും ഞങ്ങളോട് കൽപിച്ചു. പരസ്പരമുള്ള കലഹങ്ങളും രക്തച്ചൊരിച്ചിലും മേച്ചകാര്യങ്ങളുമെല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കി. നമസ്കാരവും സകാത്തും നോമ്പുമെല്ലാം അനുഷ്ഠിക്കാനായി ഞങ്ങളോട് ആവശ്യപ്പെട്ടു, ഞങ്ങളത് അംഗീകരിക്കുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തു.” 

അന്നേരം അദ്ദേഹം നിങ്ങൾക്ക് ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലുണ്ടോ എന്ന് രാജാവ് അവരോട് ചോദിച്ചു. തദവസരം ജഅ്ഫർ(رضي الله عنه), സൂറത്ത് മറിയമിലെ ആദ്യഭാഗം അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചു; അത് കേട്ട് അദ്ദേഹം തൻറ താടിരോമങ്ങൾ പോലും നനയുമാറ് കരഞ്ഞു പോവുകയും തീർച്ചയായും ഞാനീ കേട്ട വചനങ്ങൾ ഈസബ് മറിയമിന് അവതരിച്ചിരുന്ന അതേ കേന്ദത്തിൽ നിന്നാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് അവരോട് പറയുകയും ചെയ്തു. ശേഷം അംറുബ്നുൽ ആസ്വിനോടും അബ്ദുല്ലാഹിബ്നു അബീ റബീഅയോടുമായി പറഞ്ഞു: “നിങ്ങൾ ഇറങ്ങിപ്പോവുക ഞാനൊരിക്കലും ഇവരെ നിങ്ങൾക്ക് വിട്ടുതരുന്നതല്ല”. 

പിന്നീട് അടുത്ത ദിവസം ഇവർ ഈസബ് മറിയമിനെ സംബന്ധിച്ച് മോശമായി പറയുന്നവരാണ് എന്ന് പറഞ്ഞുനോക്കി. അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅ്ഫർ(رضي الله عنه), അദ്ദേഹം അല്ലാഹുവിൻറ ദാസനും റസൂലും ആത്മാവും കന്യകയായ മറിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു. ഇത് കേട്ട് രാജാവ് പറഞ്ഞത് ഇതുതന്നെയാണ് ഈസ് ബ്നു മറിയമിനെ സംബന്ധിച്ച വാസ്തവമായിട്ടുള്ള കാര്യങ്ങൾ എന്നായിരുന്നു. തുടർന്ന് മുസ്‌ലിംകളോട് നിങ്ങൾ എൻറ ദേശത്ത് എല്ലാവിധ നിർഭയത്വത്തോടുകൂടി കഴിഞ്ഞുകൊള്ളുക എന്നും ഖുറൈശികളോട് അവർ കൊണ്ടുവന്ന പാരിതോഷികങ്ങളുമായി സ്ഥലം വിട്ടുകൊള്ളാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി.

അബൂത്വാലിബിൻ മുന്നിൽ

തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികൾ അബൂത്വാലിബിനെ സമീപിച്ച് തന്റെ സംരക്ഷണത്തിൽ കഴിയുന്ന പ്രവാചകന് സംരക്ഷണത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവർ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു “താങ്കൾ ഞങ്ങളിൽ തല മുതിർന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്തിയാണ്. ഞങ്ങൾ ഇതിന് മുമ്പ് മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇനി ഞങ്ങൾ ക്ഷമിക്കുകയില്ല. നമ്മുടെ പൂർവികരെ വിഡ്ഢികളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾ അവനെ തടയുക; അതല്ലെങ്കിൽ അവനെ ഞങ്ങൾക്ക് എൽപ്പിച്ചു തരിക” 

ഇത് അബൂത്വാലിബിൽ വലിയ പ്രയാസമുണ്ടാക്കി അദ്ദേഹം നബി(ﷺ)യെ വിളിച്ചു സംഭവങ്ങൾ വിശദീകരിച്ച ശേഷം, നിന്റെ ഈ പ്രവർത്തനങ്ങൾ എന്നെ പ്രയാസപ്പെടുത്തിയിരിക്കുകയാണ്, അതിനാൽ എനിക്ക് താങ്ങാവുന്നതിലുമപ്പുറം എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകൻ (ﷺ) പിതൃവ്യൻ കൂടി തന്നെ കയ്യൊഴിച്ചു എന്ന് മനസ്സിലാക്കുകയും ശേഷം താഴെ പറയുന്ന വിധം കനപ്പെട്ട വാക്കുകൾ പറഞ്ഞ് കണ്ണീരോടുകൂടി അവിടെനിന്നും എഴുന്നേറ്റു; “മൂത്താപ്പാ, നിങ്ങളെ ഞാനൊരിക്കലും പ്രയാസപ്പെടുത്തുന്നില്ല. എന്നാൽ അവരെല്ലാവരും കൂടി എനിക്ക് സൂര്യനെ മുന്നിൽ വെച്ചുതന്നുകൊണ്ട് ഇതിൽ നിന്നും പിന്തിരിയണമെന്ന് പറഞ്ഞാലും ഞാൻ പിന്തിരിയുന്നതല്ല. ഒന്നുകിൽ എൻറ ദൗത്യം വിജയിക്കുക അതല്ലെങ്കിൽ ആ മാർഗ്ഗത്തിൽ ഞാൻ പിടഞ്ഞു മരിക്കുക” ഇതും പറഞ്ഞ് ഇറങ്ങിപ്പോകാൻ ശ്രമിച്ച് പ്രവാചകനെ അബൂത്വാലിബ് തിരിച്ചു വിളിച്ചുകൊണ്ട് പറഞ്ഞു; “ഇല്ല മകനേ ഞാനൊരിക്കലും നിന്നെ അവർക്ക് ഏൽപ്പിക്കുകയില്ല. നീ നിന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിച്ചു കൊള്ളുക, എന്റെ തല മണ്ണിൽ തട്ടുന്നത് വരെ നിന്നെ ഒരാൾക്കും ഉപ്രദവിക്കാൻ ഞാൻ അനുവദിക്കുന്നതല്ല” എന്ന് സധൈര്യം പറഞ്ഞു. 

അബൂ ത്വാലിബ് മുഹമ്മദിനെ കയ്യൊഴിക്കുന്നില്ലെന്ന് അറിഞ്ഞ ഖുറൈശികൾ സുമുഖനും ആരോഗ്യവാനുമായ ഇമാറത്തു ബ്നു വലീദ് ബ്നു മുഗീറയേയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചുകൊണ്ട് പറഞ്ഞു: “ഇതാ ഖുറൈശികളിൽ സുന്ദരനും തൻറടിയും ആരോഗ്യവാനുമായ യുവാവിനേയും കൊണ്ടാണ് ഞങ്ങളിപ്പോൾ വന്നിരിക്കുന്നത്. നിങ്ങളിവനെ മകനായി സ്വീകരിക്കുക പകരം മുഹമ്മദിനെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക ഞങ്ങളവൻറ കഥകഴിക്കുകയും ചെയ്യാം. ഇതുകേട്ട് ബുദ്ധിമാനായ അബൂത്വാലിബ് പറഞ്ഞു: നിങ്ങളുടെ തീരുമാനം രസകരം തന്നെ; എന്റെ മകനെ ഞാൻ നിങ്ങൾക്ക് കൊല്ലാൻ ഏൽപ്പിച്ചു തരിക എന്നിട്ട് നിങ്ങളുടെ മകനെ ഞാൻ തീററിപ്പോറ്റി വളർത്തുകയും ചെയ്യുക; നാണമില്ലേ നിങ്ങൾക്കിത് പറയാൻ. ഇറങ്ങിപ്പോവുക എൻറെ മുന്നിൽ നിന്നും. അങ്ങിനെ അതിലും പരാജയപ്പെട്ട അവർ ഇളിഭ്യരായി തിരിച്ചുപോയി.

ഹംസ (رضي الله عنه)വിൻറ ഇസ്‌ലാം  മതാശ്ലേഷണം

ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോൾ അവർ പ്രവാചകനെ കെലപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക്കഴിയുന്നതിൽ മൽസര ബുദ്ധിയോടെ പ്രവർത്തിച്ചു തുടങ്ങി. അങ്ങിനെ ഒരിക്കൽ പ്രവാചകൻ(ﷺ) കഅബയുടെ പരിസരത്ത് സഫയുടെ അടുത്തുകൂടെ നടന്നു പോകുക യായിരുന്നു; അന്നേരം അബൂ ജഹൽ അദ്ദേഹത്തെ വളരെ മോശമായ നിലയിൽ അസഭ്യങ്ങൾ പറഞ്ഞു. പ്രവാചകൻ(ﷺ) തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട് അബൂജഹൽ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായി മർദ്ദിക്കുകയും, തൽഫലമായി നബി(ﷺ)യുടെ തലക്ക് മുറിവു പററി രക്തം ധാരയായി ഒഴുകാൻ തുടങ്ങി. ഇതെല്ലാം കണ്ടു നിന്നിരുന്ന അബ്ദുല്ലാഹിബ്നു ജദ്ആനിൻറെ ഒരു അടിമ ഇക്കാര്യം ഹംസ(رضي الله عنه)വിന്റെ ശ്രദ്ധയിൽ പെടുത്തി. ഹംസ (رضي الله عنه) തന്റെ ആയുധങ്ങളുമെടുത്ത് അബൂ ജഹലിന്റെ നേരെ ചെന്നുകൊണ്ട് പറഞ്ഞ വാക്ക് പ്രവാചകൻറയും വിശ്വാസികളുടേയും മനസ്സിൽ തേൻ മഴ വർഷിക്കുന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു. “നീ എന്റെ സഹോദര പുത്രനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത അല്ലേ, എന്നാൽ ഇനി അതൊന്ന് ആവർത്തിച്ചു നോക്കൂ; ഞാനും ഇതാ അവൻ മതത്തിൽ ചേർന്നിരിക്കുന്നു” അത് തുടക്കത്തിൽ തന്റെ സഹോദര പുത്രനേററ പ്രയാസമറിഞ്ഞുള്ള രോഷാഗ്നിയായിരുന്നുവെങ്കിലും അല്ലാഹു, ആ മനസ്സിൽ നിന്നും പുറത്ത് വന്ന വാക്കിനെ അന്വർത്ഥമാക്കും വിധം അദ്ദേഹത്തിൻറെ മനസ്സിന് ഇസ്‌ലാം ഉൾക്കൊള്ളാൻ വിശാലത നൽകി. അതാകട്ടെ തന്റെ രക്ത സാക്ഷിത്വം നടക്കുന്നത് വരെ ഇസ്ലാമിനും മുസ്‌ലിംകൾക്കും വൻ ശക്തിയായി പരിണമിച്ചു.

ഉമറും ഇസ്ലാമിലേക്ക് !

ഈ അവസരത്തിൽ തന്നെയാണ് ഉമർ (رضي الله عنه) ഹുവിൻറ ഇസ്‌ലാം  ആശ്ലേഷണവും നടക്കുന്നത്. നുബുവ്വത്തിൻറ ആറാം വർഷം ദുൽഹജ്ജ് മാസത്തിലായിരുന്നു അത്. ഹംസ(رضي الله عنه) വിൻറ ഇസ്‌ലാം വിശ്വാസത്തിന്റെ മൂന്നാം ദിവസമായിരുന്നു പ്രസ്തുത സംഭവം. ശത്രുക്കളുടെ മർദ്ദനങ്ങൾ കൂടിവന്നപ്പോൾ പ്രവാചകൻ(ﷺ) “അല്ലാഹുവേ ഉമറു ബ്നുൽ ഖത്താബ്, അംറു ബ്നു ഹിശാം (അബൂ ജഹൽ) ഇവരിൽ നീ ഇഷ്ടപ്പെടുന്ന വ്യക്തിയെക്കൊണ്ട് ഇസ്‌ലാമിന് ശക്തി പകരേണമേ” എന്ന് പ്രാർത്ഥിച്ചിരുന്നതായി ഹദീസുകളിൽ കാണാവുന്നതാണ്. അല്ലാഹു ആ ഭാഗ്യത്തിന് ഉമർ(رضي الله عنه) യാണ് തിരഞ്ഞടുത്തത്. 

ഹംസ(رضي الله عنه) വിൻറ ഇസ്‌ലാം  സ്വീകരണം ഖുറൈശികൾക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിത്തീർത്തു. അതനുസരിച്ച് ഇനി എന്തായാലും മുഹമ്മദിനെ വകവരുത്തുക തന്നെ വേണം എന്ന് തീർച്ചപ്പെടുത്തി. അതിനായി അവരുടെ കൂട്ടത്തിലെ ഏററവും കരുത്തരിൽ ഒരാളായ ഉമറിനെ തന്നെ അവർ തിരഞ്ഞെടുത്തു. എല്ലാവരും കൂടി തന്നിലേൽപ്പിച്ച ആത്മവിശ്വാസം അത് ശരിവെച്ചുകൊണ്ട് അദ്ദേഹം തൻറ വാളുമെടുത്ത് ആകർത്തവ്യം നിർവ്വഹിക്കാനായി ഒരുങ്ങിത്തന്നെ പുറപ്പെട്ടു. വഴിയിൽ വെച്ച് നഈമുബ്നു അബ്ദുല്ല എന്ന വ്യകി അദ്ദേഹത്തെ കണ്ട് മുട്ടുകയും യാത്രയുടെ ഉദ്ദേശ്യത്തെ അന്വേഷിക്കുകയും ചെയ്തു. വിഷയം മനസ്സിലാക്കിയ അദ്ദേഹം, സ്വന്തം കുടുംബത്തെ നേരെയാക്കിയിട്ട് പോരെ മററുള്ളവരെ നേരെയാക്കൽ; എന്ന് പറഞ്ഞു കൊണ്ട് തങ്കളുടെ സഹോദരിയും ഭർത്താവും മതം മാറിയിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇതു കേൾക്കേണ്ട താമസം ഉമറിന് മുഹമ്മദിനോട് ഉണ്ടായിരുന്നതിനേക്കാൾ ദേഷ്യത്തോടെ സഹോദരിയുടെ വീട്ടിലേക്ക് ചെന്നു. ഖബ്ബാബ്ബ അറത് (رضي الله عنه) അവരെ ഖുർആൻ പഠിപ്പിക്കു കയായിരുന്നു അന്നേരം.

ഉമറിനെ കണ്ട മാത്രയിൽ ഖബ്ബാബ് ഒളിച്ചിരുന്നു. ഉമർനേരെ സഹോദരീ ഭർത്താവിനെ ശക്തമായി പ്രഹരിച്ചുകൊണ്ട് താൻ കേട്ട വാർത്തയെയും, അവർ പാരായണം ചെയ്തിരുന്ന വചനങ്ങളെയും സംബന്ധിച്ച് ചോദിച്ചു. അന്നേരം, താൻ ഉൾക്കൊണ്ടതിനപ്പുറമാണ് സത്യം എന്ന് മനസ്സിലായതിനാൽ ഉടനെ വീണ്ടും തന്റെ വാളുമായി ഓങ്ങുമ്പോഴേക്കും ഭർത്താവിനെ രക്ഷപ്പെടുത്താനായി സഹോദരി ഫാത്വിമ ഇടപെടുകയും അത് അവരുടെ മുഖത്ത് മുറിവേൽപ്പിക്കുകയും രക്തം ഒഴുക്കുകയും

ചെയ്തു. അത് ശ്രദ്ധിക്കാതെ അവർ ധീരമായി പറഞ്ഞു. “ഉമറേ നീ വിശ്വസിച്ചിരിക്കുന്നതിലല്ല സത്യം. ഞങ്ങൾ മുസ്ലിമായിരിക്കുന്നു എന്ന് പറഞ്ഞ് ശഹാദത്ത് ഉറക്കെ ഉച്ചരിച്ചു.” ഇതെല്ലാം ഉമറിനെ നിരാശനാക്കിയെങ്കിലും സഹോദരിയുടെ ധീരമായ പ്രഖ്യാപനത്തിൽ അൽഭുതപ്പെടുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരിയുടെ ശരീരത്തിൽ നിന്നും ഒഴുകുന്ന രക്തം കണ്ട് അദ്ദേഹത്തിൽ മാനസാന്തരമുണ്ടാവുകയും ശാന്തനായിക്കൊണ്ട് അവർ പാരായണം ചെയ്തിരുന്ന ഖുർആൻ സൂക്തങ്ങൾ താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരിൽ പ്രതീക്ഷയുണ്ടാക്കി. അന്നേരം സഹോദരി പറഞ്ഞു “ഉമറേ അത് പരിശുദ്ധമായ ദൈവീക വചനങ്ങളാണ് അശുദ്ധിയുള്ള നിന്നെ അത് ഏൽപ്പിച്ചു കൂടാ”. അന്നേരം ഉമർ ശുദ്ധിയായി വന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഏടുകൾ വായിച്ചുനോക്കി: “ത്വാഹാ,നിനക്ക് നാം ഖുർആൻ അവര വതരിപ്പിച്ചു തന്നത് നീ കഷ്ടപ്പെടാൻ വേണ്ടിയല്ല. ഭയപ്പെടുന്നവർക്ക് ഉൽബോധനം നൽകാൻ വേണ്ടി മാത്രമാണ്”. എന്നു തുടങ്ങുന്ന

ഖുർആനിലെ അദ്ധ്യായമായ സൂറത്ത് ത്വാഹയായിരുന്നു അത്. പ്രസ്തുത വചനങ്ങൾ പാരായണം ചെയ്ത അദ്ദേഹം ഇതിൽ നിന്നാണോ ആളുകൾ ഓടിപ്പോകുന്നത് !? എന്ന് പറഞ്ഞ് മുഹമ്മദ് എവിടെയാണ് എന്ന് എനിക്ക് പറഞ്ഞുതരൂ എന്ന് ആവശ്യപ്പെട്ടു. അന്നേരം ഒളിച്ചിരുന്നിരുന്ന ഖബ്ബാബ് (رضي الله عنه) പുറത്ത് വന്ന് ഇങ്ങിനെ പറഞ്ഞു: “ഉമറേ നീ ഭാഗ്യവാനാണ്, കഴിഞ്ഞ ദിവസം പ്രവാചകൻ (ﷺ) ഉമർ, അംറ് ഇവരിൽ രണ്ടാലൊരാളെക്കൊണ്ട് നാഥാ നീ ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാർത്ഥി ച്ചത് ഞാൻ കേട്ടിരുന്നു” എന്ന് പറഞ്ഞു പ്രവാചകനും അനുയായികളും കഴിഞ്ഞുകൂടുന്ന വീട് പറഞ്ഞു കൊടുത്തു. ഉമർ നേരെ അങ്ങോട്ട് ചെന്ന് പ്രവാചകനെ ആലിംഗനം ചെയ്തുകൊണ്ട് അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹുവ അശ്ഹദു അന്നക്ക റസൂലുല്ലാഹ് എന്ന് ചൊല്ലി മുസ്ലിമായി. അല്ലാഹു അക്ബർ !

ഈ സംഭവം വിശ്വാസികൾക്ക് എന്തെന്നില്ലാത്ത ആനന്ദവും ശത്രുക്കൾക്ക് ഏററ ഒരു ഇടിത്തീയുമായിരുന്നു. ഉമർ പ്രവാചകനോട് ചോദിച്ചു. നബിയേ നാം ജീവിച്ചാലും മരിച്ചാലും സത്യത്തിന്റെ വക്താക്കളല്ലെ ? നബി(ﷺ) അതെ, എന്ന് ഉത്തരം നൽകി. എങ്കിൽ ഇനി നാം ഒളിച്ചിരുന്നുകൂടാ. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ രണ്ട് അണികളാക്കി ഒരണിയുടെ മുന്നിൽ ഹംസ(رضي الله عنه) വും മറെറാന്നിൻ മുന്നിൽ ഉമർ(رضي الله عنه)വും നേതൃത്വം നൽകി അവർ പരസ്യമായി കഅബയിലേക്ക് മാർച്ച് ചെയ്ത് ത്വവാഫും നമസ്കാരവും നിർവ്വഹിച്ചു. അന്നാണ് പ്രവാചകൻ(ﷺ) ഉമർ(رضي الله عنه)വിനെ ഫാറൂഖ് (സത്യവും അസത്യവും വേർതിരിച്ചവൻ) എന്ന പേര് നൽകി അനുമോദിച്ചത്. ഉമർ(رضي الله عنه) വിൻറ ഇസ്‌ലാം മത വിശ്വാസത്തിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് കഅബയുടെ അടുത്ത് വെച്ച് നമസ്കരിക്കുവാനും ത്വവാഫ് ചെയ്യുവാനും കഴിഞ്ഞിട്ടുള്ളത് എന്ന് സ്വഹാബികളിൽ പലരിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.

 

അബ്ദുൽ ലത്തീഫ് സുല്ലമി

03 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 03]

പ്രബോധനത്തിന്റെ തുടക്കം

നബി(ﷺ)ക്ക് തൻറെയടുക്കൽ വന്നത് അല്ലാഹുവിൽ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങിനെ തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു. അതോടെ വീണ്ടും ഹിറാഗുഹയിൽ കണ്ട ആ മലക്ക് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുയുണ്ടായില്ല. നബിക്കതിൽ ദു:ഖവും പ്രയാസവുമുണ്ടായി. അന്നേരം വീണ്ടും പ്രവാചകർക്ക് വഹ്‌യ് എത്തിച്ചുകൊടുക്കുന്ന മാലാഖ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുർആനിലെ 74ാം അദ്ധ്യായമായ സൂറത്തുൽ മുദ്ദഥ്ഥിറിലെ ആദ്യഭാഗങ്ങൾ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അതനുസരിച്ച് പ്രവാചകൻ തന്റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.

ഭാര്യ ഖദീജ (رضي الله عنها) ക്ക് ശേഷം നബിയിൽ വിശ്വസിച്ചവർ കുട്ടികളിൽ നിന്ന് പിതൃവ്യപുത്രനായ അലി(رضي الله عنه)വും, കുടുംബക്കാരല്ലാത്തവരിൽ നിന്ന് തന്റെ സുഹൃത്തായിരുന്ന അബൂബക്കർ(رضي الله عنه)വും അടിമകളുടെ കൂട്ടത്തിൽ നിന്ന് സെദ്(رضي الله عنه)വും ആയിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം അടുത്തവരോടും കുടുംബക്കാരോടുമായി പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന് ശേഷം തൻറ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന് അല്ലാഹുവിന്റെ കൽപ്പനയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ പ്രബോധനം പരസ്യപ്പെടുത്താൻ തന്നെ തീരുമാനിച്ചു.

പരസ്യപ്രബോധനം

“നിൻറെ അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് നൽകുക” എന്ന, സൂറത്ത് ശുഅറാഇലെ 214 ാം വചനം അവതരിച്ചപ്പോൾ നബി(ﷺ) സ്വഫാ കുന്നിൻ മുകളിൽ കയറി നിന്നുകൊണ്ട് തന്റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവർ ഓരോ ഗോത്രങ്ങളേയും, ഫിഹ്ർ സന്തതികളേ, അദിയ്യ് സന്തതികളേ, ഖുറൈശി സമൂഹമേ എന്നിങ്ങനെ ഓരോരുത്തരേയും പേരെടുത്ത് വിളിച്ച് അവരോടായി ഇപകാരം

പറഞ്ഞു. ഖുറൈശീ സമൂഹമേ നിങ്ങൾ നിങ്ങളുടെ ശരീരത്തെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിൻറ സന്തതികളേ നിങ്ങൾ നിങ്ങളുടെ ശരീരത്ത നരകത്തിൽ നിന്നും രക്ഷപ്പെടു ത്തുക, അല്ലയോ പ്രവാചകന്റെ മകളായ ഫാത്വിമാ നിന്റെ ശരീരത്തെ നീ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കൽ നിങ്ങൾക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിയുകയില്ല. ശേഷം അവരോട് എല്ലാവരോടുമായി ചോദിച്ചു: ഇതാ ഈ പർവ്വതത്തിനു പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അവർ എല്ലാവരും ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു; തീർച്ചയായും ഞങ്ങൾ വിശ്വസിക്കും. കാരണം ഞങ്ങൾക്ക് സത്യമല്ലാതെ നിന്നിൽ നിന്നും പരിചയമില്ല. അന്നേരം പ്രവാചകൻ(ﷺ) പറഞ്ഞു: ഞാൻ അല്ലാഹുവിങ്കൽ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാൻ പോവുകയാണ്. ഉടനെത്തന്നെ പ്രവാചകന്റെ പിതൃവ്യൻ കൂടിയായ അബൂലഹബ് ഇപ്രകാരം ആകാശിച്ചു: തബ്ബൻ ലക് അ ലിഹാദാ ജമഅ്നാ ? (എടാ, നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേർത്തത്). അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാൽ അല്ലാഹു അതേ ശൈലിയിൽ തന്നെ അതിന് തിരിച്ചടി നൽകി! 

“അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു” എന്ന് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ 111 ാം അദ്ധ്യായമായ സൂറത്ത് ലഹബിന്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.

എന്നാൽ പ്രവാചകൻ(ﷺ) തന്നിലേൽപ്പിക്കപ്പെട്ട ദൗത്യവുമായി മുന്നോട്ട് പോകുകതന്നെ ചെയ്തു. വിഗ്രഹാരാധനയുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി ബോധവൽക്കരിച്ച് സംസാരിക്കാൻ തുടങ്ങി. അതോടൊപ്പം തങ്ങൾ ഇബ്റാഹീം (عليه السلام) നബിയുടെ പിൻതലമുറക്കാരാണ് എന്ന അവരുടെ വാദത്തിൻറ അർത്ഥശൂന്യത അവരെ അറിയിച്ചു; കാരണം ഇബ്റാഹീം (عليه السلام) നബി ഒരിക്കലും വിഗ്രഹാരാധകനായിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ആ കാലത്ത വിഗ്രഹാരാധകർക്കെതിരിൽ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും തെര്യപ്പെടുത്തി. അതു പോലെ ഞങ്ങൾ ഞങ്ങളുടെ കാക്കകാരണവന്മാരുടെ മാർഗ്ഗങ്ങൾ കയ്യൊഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യനിഷേധികളുടെ വാദത്തെ പ്രവാചകൻ മുൻകഴിഞ്ഞ പ്രവാചകരുടെ ചരിതം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവന്മാരെ അനുസരിച്ചവർ ആയിരുന്നില്ല. മറിച്ച് സത്യത്തെയും തെളിവുകളേയും പിന്തുണച്ചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഇതൊന്നും കേൾക്കുവാനോ അംഗീകരിക്കുവാനോ അവർ തയ്യാറായില്ല. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂർവ്വികരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളേയും പ്രവാചകനേയും മർദ്ദിച്ച് ഒതുക്കാൻ തന്നെ തീർച്ചപ്പെടുത്തി.

തുടർന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികൾക്കും മർദ്ദനങ്ങളുടേയും കഷ്ടപ്പാടുകളുടേയും കാലമായിരുന്നു. ഇസ്‌ലാം  ആശ്ലേഷിച്ചതിൻറെ പേരിൽ വിശ്വാസികൾ ഏൽക്കേണ്ടിവന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല. ഉമയ്യത്തു ബ്നു ഖലഫിന്റെ അടിമയായിരുന്ന ബിലാൽ (رضي الله عنه) വിനെ യജമാനൻ കഴുത്തിൽ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലിൽ മലർത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകൾ കയറ്റിവെച്ച് ചാട്ടവാർ കൊണ്ട് അടിക്കുക വരെ ചെയ്തു. പക്ഷേ അതൊന്നും തൻറ വിശ്വാസത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല; ഓരോ അടിയേൽക്കുന്ന സമയത്തും അഹദ്… അഹദ്. എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തിൽ മർദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് അതിലൂടെ കടന്നുവന്ന അബൂബക്കർ(رضي الله عنه) ഉമയ്യത്തിൽ നിന്നും അയാൾ പറഞ്ഞ വിലകൊടുത്ത് ബിലാൽ(رضي الله عنه)നെ വില കൊടുത്ത് വാങ്ങി സ്വത്രന്തനാക്കി.

ഇതുപോലെത്തന്നെ അബൂജഹൽ അടക്കമുള്ള ഖുറൈശി പ്രമുഖർ യാസിർ കുടുംബത്തിന് ഏൽപ്പിച്ച് മർദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാർ (رضي الله عنه) , പിതാവ് യാസിർ (رضي الله عنه), മാതാവ് സുമയ്യ (رضي الله عنها), എന്നിവരെ മണലിൽ മലർത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദൺഡുകൾ ശരീരത്തിൽ കുത്തിയിറക്കിയായിരുന്നു മർദ്ധിച്ചിരുന്നത്. ഇങ്ങനെയുള്ള മർദ്ധനത്തിൻറ കാഠിന്യത്താൽ സുമയ്യ (رضي الله عنها) ഇസ്ലാമിന്ന് വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേർന്നു. ഒരിക്കൽ നബി(ﷺ) അവർ മർദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന് അടുത്തുകൂടെ നടന്നുപോയപ്പോൾ അവരോടായി പറഞ്ഞ വാക്ക് “യാസിർ കുടുംബമേ, ക്ഷമിക്കു തീർച്ചയായും നിങ്ങൾക്കുള്ള വാഗ്ദത്തം സ്വർഗ്ഗമാണ്” എന്നായിരുന്നു.

മററു ചിലരെ മുറികളിൽ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു, ചിലർക്ക് ഇരുമ്പ് ദൺഡുകൾ കൊണ്ടുള്ള പ്രഹരങ്ങൾ ഏൽക്കേണ്ടിവന്നു. പ്രവാചകൻ (ﷺ) യേയും അവർ മർദ്ദനങ്ങളിൽ നിന്നും ഒഴിവാക്കിയില്ല. ഒരിക്കൽ നബി(ﷺ) കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞു: “ആരുണ്ട് ഇപ്പോൾ ഒരു ഒട്ടകത്തിൻറെ കുടൽ മാല കൊണ്ടുവന്ന് മുഹമ്മദിൻറ കഴുത്തിൽ ചാർത്താൻ?” അന്നേരം ദുഷ്ടനായ ഉഖ്ബത്ത് ബ് അബീമുഈത് ആവേശത്തോടുകൂടി ആ കൃത്യം നിർവ്വഹിക്കുക തന്നെ ചെയ്തു; പ്രവാചകൻ നമസ്കാരത്തിൽ സുജൂദിലായിരിക്കെ അദ്ദേഹത്തിന്റെ കഴുത്തിൽ ചീഞ്ഞളിഞ്ഞ കുടൽ

മാല വലിച്ചുകൊണ്ട് വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട് ആഹ്ളാദിക്കുകയും ചെയ്തു. പ്രവാചകന്ന് സുജൂദിൽ നിന്നും തല ഉയർത്താൻ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചകപുത്രി ഫാത്വിമ (رضي الله عنها) വിവരമറിഞ്ഞു ഓടിയെത്തി പിതാവിന്റെ കഴുത്തിൽ നിന്നും അത് വലിച്ചുമാറ്റുകയും ചെയ്തു. തല ഉയർത്തിയ ശേഷം നബി (ﷺ) ഖുറൈശീ പ്രമുഖരായ അബൂജഹൽ, ഉത്ബത്, ശൈബത്, വലീദ് ബ്നു ഉത്ബഃ, ഉമയ്യത്തുബ്നു ഖലഫ്, ഉഖ്ബത് ബ്നു അബീ മുഈത് എന്നീ ശതു പ്രധാനികളുടെ പേരെടുത്ത് പറഞ്ഞ് അവർക്കെതിരിൽ പ്രാർത്ഥിക്കുകയുണ്ടായി. ഇബ്നു മസ്ഊദ്(رضي الله عنه) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേൽപ്പറയപ്പെട്ട എല്ലാവരും ബദറിൽ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെത്തന്നെ പ്രവാചകൻ നടന്നു പോകുന്ന വഴികളിൽ പോലും മാലിന്യങ്ങളും മ്ലേഛ വസ്തുക്കളും വലിച്ചെറിഞ്ഞ് തന്റെ പിതൃവൻ അബൂലഹ് ബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളിൽ പങ്കുചേർന്നു.

മേൽ പറഞ്ഞ നിലക്കുള്ള മർദ്ദനങ്ങളുടെ പട്ടിക വിവരിക്കുകയാണ് എങ്കിൽ അത് നീണ്ട് പോവുക തന്നെ ചെയ്യും. പ്രവാചകൻ(ﷺ)യും അനുയായികളും ഇസ്ലാമിന് വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗത്തിൻറെ ചരിത്രം മനസ്സിലാക്കി, വിശ്വാസികളായ നാം നമ്മുടെ വിശ്വാസം വർദ്ധിപ്പിച്ച് മതത്തോടു നമുക്കുള്ള ബാധ്യതകൾ നിർവ്വഹിക്കാനാണ് ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടത്.

സാഹിത്യകാരന്മാർ മുട്ടുമടക്കുന്നു

എന്നാൽ മേൽപ്പറഞ്ഞ നിലക്കുള്ള മർദ്ധനങ്ങളും പീഠനങ്ങളുമെല്ലാം അവർക്ക് മതത്തിലുള്ള വിശ്വാസം ഉറപ്പിക്കുവാനല്ലാതെ തെല്ലും അതിൽനിന്ന് പിന്തിരിപ്പിക്കാനാവുന്നില്ലെന്ന് മനസിലാക്കിയ ഖുറൈശികൾ മറെറാരു അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു. ഖുറൈശീ പ്രമുഖരെല്ലാവരും കൂടി അക്കാലഘട്ടത്തിലെ പേരുകേട്ട് സാഹിത്യ സാമ്രാട്ടായിരുന്ന വലീദ് ബ്നുമുഗീറയെ സമീപിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പെട്ടു:

“മുഹമ്മദിൻറ പ്രസ്ഥാനം ദിനേനെ എന്നോണം മക്കയിലും പരിസരത്തും വ്യാപിച്ചു വരികയാണ്, അതിനെ തടയിടാനായി മുഹമ്മദ് ഓതിക്കൊടുക്കുന്ന വചനങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും അവൻ പറയുന്നതിനെ പരാജയപ്പെടുത്തിക്കൊണ്ട് അതിനെ വെല്ലുന്ന നിലക്കുള്ളതുമായ എന്തെങ്കിലും ഒരു വചനം താങ്കൾ ജനങ്ങളോട് പറയണം; അതിന് പ്രാപ്തനായി താങ്കളെയല്ലാതെ മറ്റാരേയും ഞങ്ങൾ കാണുന്നില്ല. ജനങ്ങളിൽ അവൻ പറയുന്നത് ജനങ്ങളിൽ സ്വാധീനിക്കാതിരിക്കാൻ ഇനി അതല്ലാത്തൊരു മാർഗ്ഗവും ഞങ്ങൾ കാണുന്നുമില്ല”. 

അന്നേരം വലീദ് തന്നെ സമീപിച്ചവരോടായി പറഞ്ഞു; “ഞാൻ എന്ത് പറയണം എന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത് ? പറയൂ നമുക്കൊന്നായി അത് ജനങ്ങളോട് പറയാം”. 

അന്നേരം അവർ പറഞ്ഞത്, അവൻ ഒരു ജോൽസ്യനാണ് എന്ന് പറയണം. അന്നേരം വലീദ് പറഞ്ഞു. അല്ലാഹുവാണ് അത് ശരിയല്ല. അവൻ ഒരിക്കലും ജോൽസ്യനല്ല. ജോൽസ്യന്മാരേയും ജോൽസ്യന്മാരുടെ വചനങ്ങളും നന്നായി അറിയുന്നവനാണ് ഞാൻ. അവൻ പറയുന്നത് അതൊന്നുമല്ല. അന്നേരം അവർ പറഞ്ഞു അവൻ ഒരു സാഹിർ (ആഭിചാരകനാണ്) എന്ന് പറയാം. അന്നേരം അയാൾ പറഞ്ഞു. അല്ല അവൻ ആഭിചാരകനുമല്ല, അവരുടെ പ്രവചനവുമല്ല അവൻ പറയുന്നത്. എന്നാൽ അവൻ ഭാന്തനാണെന്ന് പറയാം, അന്നേരം അയാൾ പറഞ്ഞു ഭാന്തിന്റെ പല ലക്ഷണങ്ങളും നാം കാണാറുണ്ട് എന്നാൽ അതൊന്നും അവനിലില്ല. അപ്പോൾ പിന്നെ നാം എന്ത് പറയും ? അന്നേരം അയാൾ പറഞ്ഞത്: അല്ലാഹുവാണ് സത്യം അവൻ പറയുന്ന വാക്കുകൾക്ക് വല്ലാത്തൊരു മധുരമാണ് അനുഭവപ്പെടുന്നത്. അത്കൊണ്ട് എനിക്കൽപ്പം സാവകാശം തരൂ ഞാനൊന്ന് ചിന്തിക്കട്ടെ എന്നു പറഞ്ഞു അയാൾ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

 

 

അബ്ദുൽ ലത്തീഫ് സുല്ലമി

02 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 02]

വിവാഹം

ഖദീജ (رضي الله عنها)തന്നിലുദിച്ച ആഗ്രഹം തന്റെ തോഴിയായ നുഫെസയെ അറിയിക്കുകയും, പ്രവാചകന്റെ  താൽപ്പര്യം അറിയുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ് പ്രവാചകനോട് സംസാരിച്ചപ്പോൾ, താൻ അതിനുള്ള സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും, തന്നെയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യാർത്ഥന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജ (رضي الله عنها)യുമായി അതെങ്ങനെ തനിക്ക് സാധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകൻറ അന്നേരത്തെ മറുപടി. ഇക്കാര്യം നുഫെസ് ഖദീജ (رضي الله عنها)യെ അറിയിച്ചപ്പോൾ താങ്കളുടെ കുടുംബമഹിമ, വിശ്വസ്തത, സൽ സ്വഭാവം, സത്യസന്ധത എന്നിവയിലാണ് താൻ താൽപ്പര്യം കാണുന്നത്. അതിനാൽ തന്നെ മറെറാന്നും തനിക്ക് പ്രശ്നമല്ലെന്ന കാര്യം അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

മുഹമ്മദ്(ﷺ)യുടെ സമ്മതം അറിഞ്ഞ ഖദീജ (رضي الله عنها)ഇക്കാര്യം തന്റെ പിതൃവ്യനായ അംറുബ്നു അസദിനെ അറിയിക്കുകയും അദ്ദേഹം നബി(ﷺ)യുടെ പിതൃവ്യനായ അബൂത്വാലിബിനോട് ഔപചാരികമായി അറിയിക്കുകയും വിവാഹാന്വേഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തൻറ സഹോദര പുത്രന് കൈവന്ന ഈ ഭാഗ്യത്തിൽ സന്തോഷിക്കുകയും ഇരു കുടുംബത്തിന്റേയും സന്തോഷ സാന്നിദ്ധ്യത്തിൽ പ്രവാചകൻ(ﷺ) തന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ഖദീജ (رضي الله عنها)യെ വിവാഹം കഴിക്കുകയും ചെയ്തു. നേരത്ത രണ്ട് തവണ വിവാഹിതയായെങ്കിലും ഭർത്താക്കൾ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ (رضي الله عنها)ക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. ഖദീജ (رضي الله عنها)യുമായി നടന്ന വിവാഹത്തിന് പ്രവാചകൻ 20 ഒട്ടകമായിരുന്നു മഹ്റായി നൽകിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുതുബ നിർവ്വഹിച്ചത് എന്നും ചരിത്രത്തിൽ കാണാവുന്നതാണ്. നബി(ﷺ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്.

നീണ്ട ഇരുപത്തഞ്ച് വർഷത്തെ അവരുടെ ദാമ്പത്യജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവുമായിരുന്നു. ഖദീജ (رضي الله عنها)യിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽധൂം, ഫാത്വിമ: എന്നീ നാല് പെൺമക്കളും ജനിച്ചു. അറുപത്തഞ്ചാം വയസ്സിൽ ഖദീജ (رضي الله عنها)മരണപ്പെടുന്നത് വരെ നബി (ﷺ) മററാരേയും വിവാഹം കഴിച്ചിട്ടില്ല.

അൽ അമീൻ (വിശ്വസ്തൻ)

നബി (ﷺ) അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തന്റെ ജീവിതം നയിച്ചിരുന്നത്. അത്കൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ചുപററാൻ അദ്ദേഹത്തിന് കഴിഞ്ഞു. അക്കാലത്ത് തന്റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികേടുകളിലോ മററ് ചീത്ത നടപടി ക്രമങ്ങളിലോ ഒന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്ന് മാത്രമല്ല അതിനോട് വെറുപ്പും അറപ്പുമുള്ള മനസ്സുമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചുപോന്നത്. ചെറുപ്പം മുതൽക്ക് തന്നെ താൻ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെത്തന്നെ അല്ലാഹു അദ്ദേഹത്തെ ഒരു പ്രത്യേക ലക്ഷ്യത്തിന്ന് ഒരുക്കിക്കൊണ്ട് വന്നിരുന്നു എന്ന് വേണം കരുതാൻ. ഇക്കാര്യത്തെ ബലപ്പെടുത്തുന്ന ഒരു സംഭവം ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നത് കാണുക: “ജാബിർ(رضي الله عنه)ൽ നിന്ന് നിവേദനം, കഅബ പുനർനിർമ്മാണം നടക്കുന്ന സമയം നബി(ﷺ)യും അബ്ബാസ്(رضي الله عنه)വും കൂടി കല്ലുകൾ എടുത്ത് കൊണ്ട് പോകുവാൻ സഹായിക്കുകയുണ്ടായി. അന്നേരം അബ്ബാസ്(رضي الله عنه), നബി(ﷺ) കുട്ടിയായിരുന്നതിനാൽ ഉടുതുണി അഴിച്ച് ചുമലിൽ വെച്ചാൽ വേദനിക്കുകയില്ല എന്ന് പറയുകയും, നബി (ﷺ) അത് അനുസരിക്കുകയും ചെയ്തു. പക്ഷേ പെട്ടന്ന് നബി(ﷺ) ബോധം നഷ്ടപ്പെട്ടവനായി നിലത്ത് വീഴുകയും തന്റെ കണ്ണുകൾ ആകാശത്തക്ക് ഉയർത്തി “എന്റെ തുണീ,എന്റെ തുണീ’. എന്ന് പറയുകയും അങ്ങിനെ മററുള്ളവർ അദ്ദേഹത്തെ തുണിടുപ്പിക്കുകയും ചെയ്തു”. ഇത് പോലെ വേറെയും സംഭങ്ങൾ കാണാൻ സാധിക്കും.

മേൽ പറയപ്പെട്ട നിലക്കുള്ള സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താൽ ഏവർക്കും പ്രിയങ്കരനും കണ്ണിലുണ്ണിയുമായി അദ്ദേഹം വളരുകയും എല്ലാവരും അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിശേഷിപ്പിക്കുകയും; ആ പേരിൽ അദ്ദേഹം അറിയപ്പെടുകയും ചെയ്തു.

തർക്കത്തിന് പരിഹാരം കാണുന്നു

നബി(ﷺ)ക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മററും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ് ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി, പലിശ തുടങ്ങിയ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങൾ ഒരു കാരണവശാലും പ്രസ്തുത കർമ്മത്തിന്ന് ഉപയോഗിക്കുയില്ല; മറിച്ച് വിശിഷ്ഠ മാർഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിർമ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും; കഅബയുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്രമാത്രമുണ്ടായിരുന്നു എന്ന് വിളിച്ചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം. 

എന്നാൽ പ്രസ്തുത കർമ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടേതായ പങ്ക് നിർവ്വഹിച്ചിരുന്നു എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അത്കൊണ്ട് തന്നെ കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്തകല്ലുണ്ട്. ഹജറുൽ അസ്‌വദ് (കറുത്ത കല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്. മനുഷ്യന്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയിൽ സ്ഥാപിക്കപ്പെട്ട

ആദ്യ മന്ദിരം അതിൻറ തുടക്കം മുതൽ ഏകദൈവാരാധനക്ക് ക്ഷ്യം വഹിച്ച് ഒരു കല്ല് അതിൻറ നിലനിൽപ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിൻറ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിന് പ്രാധാന്യവും പ്രത്യേകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതിൽ തർക്കമില്ല; പ്രവാചകൻ (ﷺ) കഅബ പദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാത്തതുമാണ്. മഹാനായ രണ്ടാം ഖലീഫ ഉമർ(رضي الله عنه) ഒരിക്കൽ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുൽ അസ്വദ് ചുംബിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ നാം പ്രത്യേകം മനസ്സിലാക്കിയിരിക്കേണ്ടതാണ്. “കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്ക് അറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപ്രദവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല” (ബുഖാരി).

കഅബയുടെ പുനർനിർമ്മാണ സമയത്ത് ഹജറുൽ അസ്‌വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോൾ പ്രസ്തുത കർമ്മം ആര് നിർവ്വഹിക്കണമെന്ന കാര്യത്തിൽ അവർ അഭിപ്രായ വ്യത്യാസത്തിലാവുകയും ഓരോരുത്തരും തങ്ങൾക്ക് അത് നിർവ്വഹിക്കണമെന്ന് വാദിക്കുകയും ചെയ്തു. അവസാനം തർക്കപരിഹാരത്തിനായി അവർ കണ്ടത്തി മാർഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക് കടന്നു വരുന്ന വ്യക്തിയാരാണോ അദ്ദേഹത്തിൻറ തീരുമാനത്തിന് വിടാം എന്നതായിരുന്നു.

അങ്ങിനെ അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ പ്രവാചകൻ(ﷺ) ആയിരുന്നു അങ്ങോട്ട് കടന്നുവന്നത്; അവരെല്ലാ വരും വിളിച്ചു പറഞ്ഞു “അതാവരുന്നു അൽ അമീൻ, ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുന്നതാണ്” അവർ പ്രവാചകനെ വിഷയം ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ടുവരാൻ പറഞ്ഞു. അങ്ങിനെ അത് വിരിച്ചു അതിലേക്ക് തന്റെ കൈകൊണ്ട് ഹജറുൽ അസ്‌വദ് എടുത്ത് വെച്ച ശേഷം എല്ലാ ഗോത്രത്തലവന്മാരോടും അതിന്റെ ഓരോ ഭാഗം പിടിച്ച് പൊക്കാൻ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ടതായ സ്ഥാനത്തെത്തിയപ്പോൾ പ്രവാചകൻ(ﷺ) തന്നെ കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടേയും പരിപൂർണ്ണ സംതൃപ്തിയോടുകൂടി, സംഘട്ടനത്തിൻറവക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകൻ (ﷺ) സമംഗളമായി പരിഹരിച്ചു.

പ്രവാചകത്വത്തിൻറെ തുടക്കം

നബി(ﷺ) ക്ക് പ്രായം നാൽപ്പത് വയസ്സോടടുത്തപ്പോൾ അദ്ദേഹം ചില സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും നേരം പുലരുമ്പോൾ അവയതയും പകൽവെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടുകൊണ്ടിരുന്നു. അതോടൊപ്പം മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അമർഷം തോന്നുകയും അതിൽനിന്നും ദുർവൃത്തികളിൽ എർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുയും അതിനായി മക്കയിൽ ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽ നൂർ എന്ന പർവ്വതമുളിലെ ഹിറാ ഗുഹ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടൽ അദ്ദേഹത്തിൻറ പതിവായിത്തീർന്നു. ഇത്രയും കാലത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ നേരത്തെ തന്നെ തന്നെ തന്റെ ജീവിതപങ്കാളിയായ ഖദീജ(رضي الله عنها) തയ്യാറാക്കിക്കൊടുക്കും. ചിലപ്പോൾ തിരിച്ചു വരുന്ന ദിവസം വൈകുമ്പോൾ അവർ ഭക്ഷണം അങ്ങോട്ട് എത്തിച്ചുകൊടുക്കുകയും പതിവാക്കിയിരുന്നു.

അങ്ങിനെ ഒരുനാൾ തൻറ ഏകാന്തതയെ ഭേദിച്ചുകൊണ്ട് ഗുഹാമുഖത്ത് ഒരാൾ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ ഭയവിഹ്വലനായി നിന്ന അദ്ദേഹത്തോട് വന്നയാൾ “ഇഖ്റഅ്” (നീ വായിക്കുക) എന്ന് പറഞ്ഞു; അതുകേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകൻ “മാ അന ബിഖാരിഇൻ” (എനിക്ക് വായിക്കാനറിഞ്ഞുകൂട) എന്ന് മറുപടിപറഞ്ഞു. അന്നേരം, വന്നയാൾ അദ്ദേഹത്ത ശക്തിയായി തന്നിലേക്ക് ചേർത്ത് പിടിച്ചു; വിട്ടശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവർത്തിച്ചു. മൂന്നാം തവണ ആഗതൻ വിശുദ്ധ ഖുർആനിലെ 96ാം അദ്ധ്യായത്തിൻറ ആദ്യഭാഗത്തുള്ള വചനങ്ങൾ അദ്ദേഹത്തിന് ഓതിക്കൊടുത്തു:

“സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”

ഇതായിരുന്നു പ്രവാചകൻ നുബുവ്വത്തിൻറ (പ്രവാചകത്വത്തിൻറ) തുടക്കം. ക്രിസ്താബ്ദം 610 ആഗസ്ത് മാസം10ന് തിങ്കളാഴ്ച, റമദാൻ 17 ന് ആയിരുന്നു ഇതെന്നാണ് ചരിത്ര രേഖകളിൽ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം. പ്രസ്തുത വചനങ്ങൾ ഓതിക്കൊടുത്ത് ആഗതൻ അപത്യക്ഷമായി; അസാധാരണമായുണ്ടായ ഈ അനുഭവം

പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭാന്തനായി വീട്ടിലേക്ക് ചെന്ന് ഖദീജ (رضي الله عنها)യോട് “എനിക്ക് പുതച്ച് തരൂ’ എന്ന് പറയുകയും ഖദീജ (رضي الله عنها)അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപ്പിക്കുകയും ചെയ്തു. “ഇല്ല, അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. താങ്കൾ കുടും ബബന്ധം ചേർക്കുന്നു, മററുള്ളവരുടെ ഭാരങ്ങൾ ഏറെറടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളിൽ സഹായം നൽകുന്നു” ശേഷം ഭയമെല്ലാം നീങ്ങിയപ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ (رضي الله عنها) ചോദിച്ചറിയുകയും നബി(ﷺ) വിവരിച്ചുകൊടുക്കുകയും ചെയ്തു.

അന്നരം ഇക്കാര്യത്തിൻറ പൊരുളെന്തെന്ന് അറിയാനായി ഖദീജ (رضي الله عنها)യുടെ പിതൃവ്യ പുത്രനും വേദപണ്ഡിതനുമായിരുന്ന വറഖത്തു ബിൻ നൗഫൽ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ (رضي الله عنها) നബി(ﷺ)യേയും കൊണ്ട് പോകുകയും സംഭവങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.

അന്നേരം അദ്ദേഹം നബി(ﷺ)യെ സമാശ്വസിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു.

“നിശ്ചയം മൂസയുടെ അടുക്കൽ വന്ന മാലാഖയാണ് താങ്കളുടെ അടുക്കൽ വന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കൾ ഭയപ്പെടേണ്ടതില്ല, സന്തോഷിക്കൂ. നിങ്ങൾ ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്.”

ശേഷം അദ്ദേഹം ഇതും കൂടി ചേർത്ത് പറഞ്ഞു: “നിങ്ങളെ ഈ നാട്ടിൽ നിന്നും സമൂഹം ആട്ടിപ്പുറത്താക്കുന്ന സമയം ഞാൻ ഉണ്ടാകുമെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് നിങ്ങളുടെ കൂടെയുണ്ടായിരിക്കും.” ഇത്രയും പറഞ്ഞുകേട്ടപ്പോൾ നബി(ﷺ) അൽഭുതത്തോടെ ചോദിച്ചു. “ഈ ജനത എന്നെ ആട്ടിപ്പുറത്താക്കുമെന്നോ !?” അദ്ദേഹം പറഞ്ഞു: “മുമ്പുകഴിഞ്ഞു പോയ എല്ലാ പ്രവാചകന്മാരുടേയും അവസ്ഥ അപ്രകാരമായിരുന്നു.”

 

അബ്ദുൽ ലത്തീഫ് സുല്ലമി

01 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 01 ]

കുടുംബവും പിതാമഹൻമാരും

സുഊദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽപെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകൻ (ﷺ) യുടെ കുടുംബ പാരമ്പര്യം.

അദ്ദേഹത്തിന്റെ പ്രപിതാക്കൾ താഴെ പറയും പ്രകാരമാണെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നത്. അബ്ദല്ല, അബ്ദുൽ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്റ്, മാലിക്, നുള്വറ്, കിനാനം, ഖുസൈമ:, മുദ്രികാ, ഇൽയാസ്, മുള്വറ്, നിസാർ, മുഅദ്ദ്, അദ്നാൻ . ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി തൻറ സ്വഹീഹിൽ രേഖപ്പെടുത്തിയതാണ്. (ഫത്ഹുൽ ബാരി 7/169) അദ്നാൻ ഇബ്റാഹീം (عليه السلام) യുടെ മകൻ ഇസ്മാഈൽ (عليه السلام) യുടെ സന്തതികളിൽ പെട്ട വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരന്മാരാൽ ഏകാഭിപ്രായമുള്ളതാണ്. എന്നാൽ ആദം (عليه السلام) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

മാതാവ് ഖുറൈശിയിൽ പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പകാരം പിതാവിൻറ പരമ്പരയി ൽ തന്നെ ചെന്നെത്തുന്നതാണ്. ആമിന അവരുടെ പിതൃ പരമ്പര വഹബ്, അബ്ദുമനാഫ്, സുഹ്ഫ, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ് . പിതാവ് നബി (ﷺ) യുടെ ജനനത്തിന് രണ്ട് മാസം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്ര രേഖകളിലെ പ്രബലമായ അഭിപ്രായം.

പിതൃവ്യന്മാർ: ഹാരിഥ്, സുബൈർ, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരിൽ ഹംസ, അബ്ബാസ് എന്നിവർ മാത്രമാണ് ഇസ്‌ലാം  ഉൾക്കൊണ്ടവർ.

അമ്മായിമാർ (പിതൃ സഹോദരിമാർ): സ്വഫിയ്യ (رضي الله عنها): ഇവർ മുസ്ലിമാവുകയും ഹിജ്റ: പോവുകയും ചെയ്തിട്ടുള്ള മഹതിയാണ്, മറെറാരാൾ അർവ എന്നവരുമാണ്.

ജനനം 

ക്രിസ്താബ്ദം 571 ഏപ്രിൽ 20 ന്, റബീഉൽ അവ്വലിൽ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ പുരുഷന്റെ ജനനം. അത് റബീഉൽ അവ്വലിലെ ഏത് തിയ്യതിയിലായിരുന്നു എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട്, എട്ട്, പത്ത്, പതിനേഴ്, ഇരുപത്തിരണ്ട് എന്നിങ്ങനെ വ്യത്യസ്ത തീയതികളാണെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്ന് ഇബ്കഥീർ (رضي الله عنه) തന്റെ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ “അൽ ബിദായ വന്നിഹായ 2/260′ ൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയുമുണ്ട്. ഒരു പക്ഷേ ഇത് അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള ഒരു തീരുമാനമാകാം. ജന്മദിനത്തിൻറ പേരിൽ പിൽക്കാലത്ത് ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മത ബോധമുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല. (കൂടുതൽ അല്ലാഹുവിനറിയാം). 

നബി (ﷺ) യുടെ ജനനം നടന്നത്, യമനിലെ ചക്രവർത്തിയായിരുന്ന അബഹത്ത് ഒരു കൂട്ടം ആനകൾ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സംഭവം നടന്ന അതേ വർഷമായിരുന്നു പ്രസ്‌തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന് ആനക്കലഹ വർഷം (ആമുൽ ഫീൽ) എന്നാണ് പറഞ്ഞു വന്നിരുന്നത്. (ഇവിടെ സൂചിപ്പിക്കപ്പെട്ട പൊളിക്കാൻ ശ്രമം നടത്തിയവരെ അല്ലാഹു പരാജയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുർആനിൽ 105ാം അദ്ധ്യായമായ സൂറത്തുൽ ഫീലിൽ വിവരിക്കുന്നുണ്ട്).

ശൈശവം

ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിൻറ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്തലിബ് ആയിരുന്നു ഏറെറടുത്തത്. പുത്രൻ അബ്ദുല്ലയുടെ വേർപാടിൽ ദു:ഖിതനായിരുന്ന അബ്ദുൽ മുത്തലിബ് കുഞ്ഞിനെ അതിരറ്റ  ലാളനയിൽ വളർത്തുകയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.

നബി (ﷺ) യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനക്ക് പുറമെ മറ്റ് പലർക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. അവരിൽ പെട്ടവരാണ് പിതാവിൽ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമൻ (അവരുടെ യഥാർത്ഥ പേർ ബറക: എന്നാണ്) എന്ന അടിമ സ്ത്രീയും, തന്റെ പിതൃവ്യനായ അബൂലഹബിൻറ അടിമയായിരുന്ന ഗുവൈബഃയും. ഇക്കാര്യം ബുഖാരിയും, ഇബ്നുകഥീർ അൽബിദായ വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയിൽ വളരുവാനും അതോടൊപ്പം കലർപ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കുവാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണ സ്ത്രീകളെ ഏൽപ്പിക്കൽ അക്കാലഘട്ടത്തിൽ പതിവായിരുന്നു. പ്രസ്തുത നാട്ടുനടപ്പ് അനുസരിച്ച് ബനൂസഅദ് ഗോത്രത്തിലെ സ്ത്രീകൾ കുട്ടികളെ ഏറെറടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീടുകളിൽ നിന്നും കുട്ടികളെ ഏറെറടുത്ത് തിരിച്ചു പോവുകയും ചെയ്തു. പലരും അബ്ദുൽ മുത്തലിബിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദരിദാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറെറടുക്കാതെ മടങ്ങിപ്പോവുകയാണുണ്ടായത്.

എന്നാൽ കുട്ടികളെ ഏറെറടുക്കാനായി വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചിരുന്ന ഹലീമ: എന്ന സ്ത്രീ മററു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറെറടുത്തു. ഇതാകട്ടെ അവരിൽ ഏറ്റവും കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുവാനും മററു കൂട്ടുകാരികളെല്ലാം അസൂയപ്പെടുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. പതിവനുസരിച്ച് മുലകുടി പ്രായം കഴിഞ്ഞ് കുട്ടിയെ മാതാവിനെ തിരിച്ചേൽപ്പിക്കുവാനായി കൊണ്ടു ചെന്നെങ്കിലും തങ്ങളുടെ അതീവ താൽപ്പര്യമനുസരിച്ച് മാതാവിൻറ സമ്മതപ്രകാരം കുറച്ചു കാലം കൂടി, തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കരുതിയ ആ കാലം അവർക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവർ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങി.

ഈ കാലഘട്ടത്തിൽ മുലകുടിയിലുള്ള തന്റെ സഹോദരങ്ങളുമൊത്ത് ആടുകളെ മേക്കാൻ പോകുക പ്രവാചകൻറെ പതിവായിരുന്നു. അങ്ങിനെ ഒരിക്കൽ ആടുകളെ മേക്കുന്നതിനിടയിൽ, വെളുത്ത വസ്ത്രം ധരിച്ച്, മനുഷ്യരൂപത്തിൽ ജിബ്രീൽ എന്ന മാലാഖ നബിയുടെ അടുക്കൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു മലർത്തിക്കിടത്തി. ശേഷം അവിടുത്തെ നഞ്ച് പിളർത്തി, ഹൃദയം പുറത്തടുത്ത് അതിൽ നിന്നും പൈശാചികം എന്ന് പറഞ്ഞ് ഒരു രക്‌ത പിണ്ഡം എടുത്ത് കളഞ്ഞ് ശേഷം ഹൃദയം ഒരു സ്വർണ്ണത്തളികയിൽ വെച്ച് സംസം വെള്ളംകൊണ്ട് കഴുകിയ ശേഷം തൽസ്ഥാനത്ത് വെച്ച് പൂർവ്വാവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്‌ലിം 1/92) ഈ സംഭവം കൂട്ടുകാരായി തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളേയും, അവർ പറഞ്ഞതനുസരിച്ച് ഹലീമയേയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിച്ചേൽപ്പിക്കുകയും ചെയ്തു; അന്ന് അദ്ദേഹത്തിന് ആറ് വയസ്സായിരുന്നു പ്രായം.

മാതാവിന്റെ വിയോഗം

കുട്ടിയെ ഏററുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട് ഭർത്താവിൻറ ഖബർ സന്ദർശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമൻ ഒന്നിച്ച് മദീനയിലേക്ക് പോയി. ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയിൽ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ മാതാവായ ആമിന രോഗിയാവുകയും അവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂർണ്ണമായും അബ്ദുൽ മുത്തലിബിൽ വന്നു ചേർന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനും അതിന് അവസരം ലഭിച്ചില്ല. പ്രവാചകൻ(ﷺ)ക്ക് എട്ട് വയസും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാൽസല്യ നിധിയായിരുന്ന പിതാമഹനും കുഞ്ഞിനെ വിട്ടു പിരിഞ്ഞു.

പിതാമഹനായിരുന്ന അബ്ദുൽ മുത്തലിബ് തന്റെ മരണത്തിന് മുമ്പ്തന്നെ വസിയ്യത്ത് ചെയ്തതനുസരിച്ച് പിന്നീട് പ്രവാചകൻറ സംരക്ഷണചുമതല ഏറെറടുത്തത് പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.

പിതൃവ്യന്റെ ലാളനയിൽ

ധനികനല്ലെങ്കിലും തന്റെ സഹോദര പുത്രനെ പ്രയാസങ്ങളറിയിക്കാതെ എല്ലാ നിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നൽകി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാൽ പ്രവാചകൻ(ﷺ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിതൃവ്യനെ സഹായിച്ചു പോന്നു. ബനൂ സഅദ് ഗോത്രത്തിലെ ഹലീമാ ബീവിയോടൊത്തുള്ള കാലത്ത് തന്നെ ആടുകളെ മേക്കാൻ പരിചയിച്ച പ്രവാചകൻ അബൂത്വാലിബിൻറ ആടുകളെ മേക്കൽ പതിവാക്കി. സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിൻറ മഹത്വം പ്രവാചകൻ അന്നുതന്നെ മനസ്സിലാക്കിയിരുന്നു, എന്നു വേണം കരുതാൻ. പ്രവാചകൻമാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം നയിച്ചവരായിരുന്നു എന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകൻ വ്യക്തമാക്കിയത് ഹദീസു ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

‘ആടുകളെ മേച്ചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ല” എന്നും “ഞാൻ മക്കക്കാർക്ക് ഏതാനും നാണയത്തുട്ടുകൾക്ക് ആടുകളെ മേച്ചിരുന്ന വ്യക്തിയായിരുന്നു”(ബുഖാരി) എന്ന് നബി (ﷺ) പിന്നീട് വ്യകമാക്കിയതും ഹദീസുകളിൽ കാണാവുന്നതാണ്.

ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച:

ആടുകളെ മേക്കുന്നതിൽ മാത്രം തന്റെ സഹോദര പുത്രൻ പ്രാവീണ്യം നേടിയാൽ പോര, എന്ന് മനസ്സിലാക്കിയ അബൂതാലിബ് കച്ചവടാവശ്യാർത്ഥമുള്ള തന്റെ ശാം യാത്രയിൽ പ്രവാചകനേയും കൊണ്ട് പോകാൻ തീർച്ചപ്പെടുത്തുകയും, രണ്ട് പേരും കൂടി യാത്രാസംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ ബുസ്റ എന്ന സ്ഥലത്ത് എത്തിയപ്പോൾ വിശ്രമിക്കാനായി അവർ അവിടെ താവളമടിച്ചു. അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറ എന്ന് അറിയപ്പെട്ടിരുന്ന ജർജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാതാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും

മാന്യമായി സൽക്കരിക്കുകയും ചെയ്തു. പതിവിനു വിപരീതമായി കച്ചവട സംഘക്കാർക്ക് അനുഭവപ്പെട്ട സൽക്കാരത്തിൽ അവർ അൽഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോൾ പുരോഹിതൻ പ്രവാചക(ﷺ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞു: “തീർച്ചയായും ഈ കുട്ടി ലോകത്തിന് നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാൻ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ

വ്യക്തിയായി ഞാൻ കാണുന്നു. ഞങ്ങളുടെ വേദഗ്രന്ഥത്തിൽ സൂചിപ്പിക്കപ്പെട്ട പ്രവാചക മുദ്ര പോലും ഞാൻ ഇദ്ദേഹത്തിൽ കാണുന്നുണ്ട്. അത്കൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകാതിരിക്കുക”ഇത്രയും കേട്ടപ്പോൾ ശാമിലേക്ക് പ്രവാചകനെ കൊണ്ടുപോകാതിരിക്കലാണ് ഉത്തമമെന്ന് മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് തന്നെ മടക്കി അയച്ചു. അന്ന് പ്രവാചകന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

വ്യാപാര രംഗത്തേക്ക്

പ്രവാചകൻ (ﷺ) ബാല്യത്തിൽ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞുകൂടിയത് എങ്കിൽ കച്ചവടരംഗത്ത് ആയിരുന്നു തന്റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിൻറ മകൾ ഖദീജ (رضي الله عنها) പ്രവാചകൻ സത്യസന്ധതയും സ്വഭാവ മഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ (ﷺ) തൻറ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാൽ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകൻ (ﷺ) അബൂത്വാലിബിൻറ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തന്റെ ഇരുപത്തഞ്ച് വയസ്സിനോടടുത്ത സമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു. കൂടെ സഹായത്തിനായി ഖദീജ (رضي الله عنها) യുടെ ഭൃത്യനായിരുന്ന മെസറയുമുണ്ടായിരുന്നു.

മുഹമ്മദ് (ﷺ) യെ തന്റെ കച്ചവടത്തിന്റെ നേതൃത്വം ഏൽപ്പിച്ചതിന് ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ (رضي الله عنها) അങ്ങേയററം സന്തുഷ്ടയായിത്തീർന്നു. അതോടൊപ്പം തൻറ ഭൃത്യനായിരുന്ന മെസറയിൽ നിന്നും കേട്ടറിഞ്ഞ പ്രവാചകൻറെ  സ്വഭാവമഹിമയും സത്യസന്ധതയും വിശ്വസ്തതയും യാത്രാവിവരണവുമെല്ലാം അവരിൽ അളക്കാനാകാത്ത നേഹവും വിസ്മയവുമുണ്ടാക്കി.

ഇതെല്ലാം അവരുടെ മനസ്സിൽ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും; മുഹമ്മദ് എന്ന ഈ ഖുറൈശി യുവാവിനെ തനിക്ക് ഭർത്താവായി ലഭിച്ചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.

 

അബ്ദുൽ ലത്തീഫ് സുല്ലമി