മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 09]

ബദർയുദ്ധം
മുസ്‌ലിംകൾ മദീനയിൽ തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്രികുകൾക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പല നിലയിലും പ്രവാചകനേയും മുസ്‌ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിൽ അല്ലാഹു യുദ്ധത്തിന് അനുമതി നൽകിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. “പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.” (ഖുർആൻ 22: 29)
മദീനയിൽ ഇസ്‌ലാം വളർന്നു; മുസ്‌ലിംകളുടെ എണ്ണവും ശക്തിയും കൂടിക്കൊണ്ടിരുന്നു. ഇതിൽ അസൂയപൂണ്ട മുശ്രികുകൾ എല്ലാവരും കൂടി ഒരു പുതിയ തീരുമാനത്തിലെത്തി. അവരിലെ എല്ലാ ഗോത്രങ്ങൾക്കും പങ്കാളിത്വം നൽകി ഒരു കച്ചവട സംഘത്തെ സിറിയിലേക്ക് ഒരുക്കുകയും അതിലെ ലാഭം ഇസ്ലാമിനും മുസ്‌ലിംകൾക്കുമെതിരിലുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും തീരുമാനിച്ചു.
ഈ വിവരം അറിഞ്ഞ പ്രവാചകൻ(ﷺ) സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം കച്ചവട സംഘത്തെ തടുക്കുവാനായി 313 പേരടങ്ങുന്ന ഒരു സംഘവുമായി റമദാൻ മൂന്നിന് മദീനയിൽ നിന്നും സിറിയയുടെ ഭാഗത്തേക്ക്പുറപ്പെട്ടു. രണ്ട് കുതിരയും എഴുപത് ഒട്ടകവും മാത്രമായിരുന്നു അവരോടൊപ്പമുണ്ടായിരുന്ന വാഹനങ്ങൾ. സാധാരണ കൂടെ കരുതാറുള്ള ആയുധങ്ങളല്ലാതെ ഒരു യുദ്ധത്തിനായുള്ള യാതൊരു മുന്നൊരുക്കളും അവരിൽ ഉണ്ടായിരുന്നില്ലതാനും.
എന്നാൽ വിവരം അറിഞ്ഞ അബൂസുഫ്യാൻ, മുഹമ്മദും അനുയായികളും കച്ചവട സംഘത്തെ തടുക്കാനായി പുറപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഉടനെ ഒരു സംഘം ആളുകളെ തങ്ങളെ സഹായിക്കാനായി മദീനയിലേക്ക് അയക്കണമെന്നും അബൂസുഫ്യാൻ മക്കയിലേക്ക് വിവരം അറിയിച്ചു. അത് കേൾക്കേണ്ട താമസം മുഹമ്മദിനേയും മുസ്‌ലിംകളേയും എങ്ങിനെയെങ്കിലും വകവരുത്തണം എന്ന് ആലോചിച്ചു കൊണ്ടിരുന്ന മക്കാ മുശ്രികുകൾ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ആയിരത്തോളം വരുന്ന ഒരു വൻ സൈന്യത്തെ മദീനയിലേക്ക് അയച്ചു. എന്നാൽ പ്രസ്തുത സൈന്യം എത്തുന്നതിനു മുമ്പ് അബൂസുഫ്യാൻ കച്ചവട സംഘവുമായി മറെറാരു മാർഗ്ഗത്തിലൂടെ മക്കയിലേക്ക് രക്ഷപ്പെട്ടു.
അബുസുഫ്യാൻ കച്ചവടസംഘവുമായി മക്കയിലേക്ക് രക്ഷപ്പെട്ട വിവരം ഖുറൈശികളെ അറിയിച്ചുവെങ്കിലും അവർ മടങ്ങാൻ തയ്യാറായില്ല. മദീനക്ക് അടുത്ത് ബദറിൽ എത്തി ഒരു യുദ്ധത്തിനായി താവളമുറപ്പിച്ചു. ഈ വിവരം അറിഞ്ഞ പ്രവാചകൻ അനുയായികളുമായി കൂടിയാലോചിച്ചു. കാരണം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കത്തോടെയായിരുന്നില്ല അവരുടെ പുറപ്പാട്. മറെറാരു കാരണം മദീനക്കുള്ളിൽ വെച്ചുള്ള സംരക്ഷണമായിരുന്നു നേരത്തെ ഉടമ്പടിയിൽ രേഖപ്പെടുത്തപ്പെട്ടിരുന്നത്; ബദർ മദീനക്ക് പുറത്തുമാണല്ലൊ. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുഹാജിറുകൾ തങ്ങളുടെ യോജിപ്പ് വ്യക്തമാക്കി. പിന്നെയും പ്രവാചകൻ (ﷺ) അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അന്നേരം മുഹാജിറുകളിൽ നിന്ന് മിഖ്ദാദ് (رضي الله عنه) ഇപ്രകാരം പറഞ്ഞു: “പ്രവാചകരെ, അതെന്താണ് ഞങ്ങളെ സംശയിക്കുന്നുണ്ടോ? ഞങ്ങൾ ഒരിക്കലും ഇസ്റാഈൽ ജനത മൂസാ നബിയോട്പറഞ്ഞത് പോലെ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങൾ ഇവിടെ ഇരിക്കാം. എന്നു പറയുകയില്ല, മറിച്ച്, നിങ്ങൾ കൽപ്പിച്ചുകൊള്ളുക ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധം ചെയ്തുകൊള്ളാം” എന്നായിരിക്കും പറയുക. ഈ മറുപടി കേട്ടിട്ടും പ്രവാചകൻ (ﷺ) ക്ക് സമാധാനമാവാത്തത് പോലെ തോന്നി. ഉടനെ അൻസ്വാറുകളിൽ നിന്നും സഅദ്ബ്നു മുആദ് (رضي الله عنه) പറഞ്ഞു:
“പ്രവാചകരെ അങ്ങ് ഇനി ഞങ്ങളുടെ അഭിപ്രായത്തയാണോ കാത്ത് നിൽക്കുന്നത് ? അവിടുന്ന് ഞങ്ങളോട് ഒരു സമുദ്രത്തിലേക്ക് എടുത്ത് ചാടണം എന്ന് കൽപ്പിച്ചാലും ഞങ്ങളത് കേൾക്കുന്ന മാത്രയിൽ അത് അനുസരിക്കുക തന്നെ ചെയ്യും” ഇത് കൂടി കേട്ടപ്പോൾ പ്രവാചകന് സമാധാനമായി. അനുയായികളുടെ ഈ മറുപടി കേട്ട പ്രവാചകൻ(ﷺ) പറഞ്ഞു നമുക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം. ഒന്നുകിൽ കച്ചവട
അല്ലെങ്കിൽ വിജയം രണ്ടാലൊന്ന് അല്ലാഹു എനിക്ക് ഉറപ്പ് തന്നിരിക്കുന്നു. ശത്രുക്കളുടെ പതനം ഞാനിതാ കൺമുന്നിൽ കാണുന്നു; എന്നു പറഞ്ഞ് പ്രവാചകൻ(ﷺ) സ്വഹാബികളെ ആവേശഭരിതരാക്കുകയുണ്ടായി.
മുസ്‌ലിംകൾ തങ്ങൾക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കത്തക്ക നിലക്കുള്ള ഒരിടത്ത് സ്ഥാനമുറപ്പിച്ചു. ഇതിൽ അമർഷം പൂണ്ട മുശ്രിക്കുകൾ മുസ്‌ലിംകൾ കയ്യടക്കിയ വെള്ളത്തടാകം കയ്യേറാനായി മുന്നോട്ട് വന്നു. അവരിൽ പെട്ട അസ്ദു ബ്നു അബ്ദിൽ അസ്വദ് അതിനായി മുന്നോട്ട് വന്നു. അന്നേരം ഹംസ(رضي الله عنه) അയാളുടെ കാലിനു വെട്ടി നിലത്തിടുകയും വധിക്കുകയും ചെയ്തു. ഇതോടെ യുദ്ധത്തിനു തുടക്കമായി. തുടർന്ന് ശത്രുക്കളിൽ നിന്ന് ഉത്ബ, ശൈബ, വലീദ് എന്നിവർ വെല്ലുവിളികളുമായി ദ്വന്ദയുദ്ധത്തിനായി മുന്നോട്ടു വന്നു. അന്നേരം ഹംസ ശൈബയേയും, അലി വലീദിനേയും കൊന്നു വീഴ്ത്തി. ഉബൈദ് (رضي الله عنه) ഉത്ബയുമായി മല്ലടിച്ചുകൊണ്ടിരിക്കെ അലിയും ഹംസ(رضي الله عنه) സഹായത്തിനായി എത്തി വലീദിനേയും കൊലപ്പെടുത്തി. അതോടൊപ്പം ഉബൈദ് (رضي الله عنه)വും രക്തസാക്ഷിയായി.
റമദാൻ 17 വെള്ളിയാഴ്ച യുദ്ധം കൊടുമ്പിരി കൊണ്ടു. വിശ്വാസികൾക്ക് അല്ലാഹു കൂടുതൽ ശക്തി പകർന്നു. അവരെ സഹായിക്കാൻ മലക്കുകളെ ഇറക്കിക്കൊടുത്തു. പ്രവാചകൻ(ﷺ) ബദറിൽ സുജൂദിലായിക്കിടന്ന് ദീർഘമായി ഇങ്ങനെ പ്രാർത്ഥിച്ചു: “അല്ലാഹുവേ ഈ ചെറു സംഘത്തെ നീ ഇവിടെ വെച്ച് പരാജയപ്പെടുത്തിയാൽ നിന്നെ മാത്രം ആരാധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാവുകയില്ല. അത്കൊണ്ട് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത വിജയം നീ നൽകേണമേ” എന്ന് പ്രാർത്ഥിച്ചു. ബദറിലേക്ക് പുറപ്പെടുമ്പോൾ അബൂജഹൽ പ്രാർത്ഥിച്ചതും ചരിതം രേഖപ്പെടുത്തുന്നുണ്ട്.
“അല്ലാഹുവേ, ഞങ്ങൾ രണ്ടു സൈന്യങ്ങളിൽ ഉന്നതരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങൾ രണ്ടു കക്ഷികളിൽ മാന്യന്മാരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങൾ രണ്ട് ഗോത ങ്ങളിൽ ശ്രഷ്ഠരെ നീ സഹായിക്കേണമേ” എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹുവോടും അല്ലാത്തപ്പോൾ മററുള്ളവരോടും പ്രാർത്ഥിക്കുന്ന രീതിയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ലെന്നും ബദറിൽ തെളിയിക്കപ്പെട്ടു. അപ്പോൾ ബദർ നടന്നത് “മാത്രം’ എന്നതിന്. അതായത് എല്ലാ പ്രാർത്ഥനകളും ആരാധനകളും അല്ലാഹുവിനോട് ആയിരിക്കണം എന്നതിന് വേണ്ടിയല്ല. മറിച്ച് അല്ലാഹുവിനോട് മാത്രമായിരിക്കണം എന്നതിനു വേണ്ടിയായിരുന്നു എന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ.
രണാങ്കണം സംഘർഷഭരിതമായി, രക്തച്ചൊരിച്ചിലും ആർപ്പുവിളികളുമായി അന്തരീക്ഷം ശബ്ദമുഖരിതമായി. അചഞ്ചലമായ വിശ്വാസികൾ പലരും തങ്ങളെ മർദ്ദിച്ച് കഷ്ടപ്പെടുത്തിയിരുന്ന ശ്രതുനേതാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് വകവരുത്തി. ബിലാൽ(رضي الله عنه), തൻറെ യജമാനനായിരുന്ന ഉമയ്യത്തിനെ അരിഞ്ഞുവീഴ്ത്തി. മുആദ്ബ് അംറു(رضي الله عنه) അബൂജഹലിനേയും കൊന്നിട്ടു. അങ്ങിനെ ശ്രതുനേതാക്കൾ ഏതാണ്ട് എല്ലാവരും കൊല്ലപ്പെട്ടു. അങ്ങിനെ എഴുപത് പേർ ശത്രുപക്ഷത്ത് നിന്നും കൊല്ലപ്പെട്ടു. എഴുപത് പേർ ബന്ധനസ്തരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം പക്ഷത്ത് നിന്നും പതിനാല് പേർ രക്തസാക്ഷികളായി.
മുസ്‌ലിംകൾക്ക് അല്ലാഹു വാഗ്ദാനം നൽകിയ വിധം ലഭ്യമായ പ്രസ്തുത വിജയം ഇസ്ലാമിക ചരിത്രത്തിലെ ഏററവും വലിയ ഒരു നാഴികക്കല്ലായി മാറി. ആളും അർത്ഥവും അല്ല; ഈമാനും ത്യാഗ ബോധവും അത് മാത്രമാണ് വിജയത്തിൻറ അടിസ്ഥാനം എന്ന് തെളിയിക്കപ്പെട്ടു. അതെ “നിങ്ങൾ വിശ്വാസികളാണ് എങ്കിൽ നിങ്ങൾ തന്നെയായിരിക്കും ഉന്നതർ” എന്ന ഖുർആനിക പ്രഖ്യാപനം പുലർന്നു!! അങ്ങിനെ വിശ്വാസികൾ യുദ്ധാർജിത സമ്പത്തു (ഗനീമത്ത്) മായി മദീനയിലേക്ക് മടങ്ങി. സത്യവും അസത്യവും വേർതിരിക്കപ്പെട്ട ഈ യുദ്ധത്തെ ഖുർആൻ “ഫുർഖാൻ’ എന്ന് വിശേഷിപ്പിച്ചു. മുശ്രികുകൾക്കാകട്ടെ വല്ലാത്ത പരാജയമാണ് യുദ്ധം വരുത്തിവെച്ചത്. അവരിലെ നായകരെല്ലാം യുദ്ധത്തിൽ വധിക്കപ്പെട്ടു. യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത അബൂലഹബും യുദ്ധം നടന്ന ഉടനെ, അധികം താമസിയാതെ മരണപ്പെട്ടു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാൻ തീരുമാനിച്ചു. സാമ്പത്തിക ശേഷിയില്ലാത്തവർക്ക് അവർ എഴുത്തും വായനയും അറിയുന്നവരാണ് എങ്കിൽ മദീനയിലെ പത്ത് വീതം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുകയാണ് എങ്കിൽ മോചിതരാകാം; എന്ന നിബന്ധനയും കൂട്ടിച്ചേർത്തു! നോക്കു ആയിത്തിനാനൂറ് കൊല്ലം മുമ്പ് ഇസ്‌ലാം സാക്ഷരതക്ക് നൽകിയ പധാന്യവും സംഭാവനകളും. !!!
ഉഹദ് യുദ്ധം
ബദർ യുദ്ധത്തിൽ മുശ്രിക്കുകൾക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അർത്ഥത്തിലും തകർത്തു കളഞ്ഞു. എങ്കിലും അവർ വിശ്വാസികളോട് പകരം വീട്ടുവാനായി മറെറാരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ബദർ യുദ്ധത്തിൻറെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്‌ലിംകളോട് പകരം വീട്ടു വാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവൻ ഗോത്രങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ നേടിയെടുത്ത് കൊണ്ട് മുസ്‌ലിംകളോടുള്ള പക തീർക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികൾ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഓടാതിരിക്കുന്നതിനും അവർക്ക് ആവേശം പകരുന്നതിനുമായി സ്ത്രീകളേയും പ്രസ്തുത സൈന്യത്തിൽ പങ്കെടുപ്പിച്ചു എന്നത് ഈ യുദ്ധത്തിന്റെ ഒരു പ്രത്യേ കതയായിരുന്നു. കൂടാതെ വാദ്യോപകരണങ്ങൾ മദ്യം എന്നിവയും സൈനികർക്കായി പ്രത്യേകം തയ്യാർ ചെയ്തു.
ശ്രതുക്കളുടെ പടയൊരുക്കത്തെ സംബന്ധിച്ച് നബി (ﷺ) ക്ക് വിവരം ലഭിച്ചു. നബി(ﷺ) അനുചരന്മാരുമായി കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തുകയാണ് എങ്കിൽ നമുക്ക് ഇവിടെ വെച്ച് നേരിടാം എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂൽ അടക്കമുള്ള പ്രായം ചെന്ന ആളുകളുടെ അഭിപ്രായം. എന്നാൽ ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാർ മുന്നോട്ട് വെച്ച് അഭിപ്രായമനുസരിച്ച് ശത്രുക്കളെ മദീനക്ക് പുറത്ത് ചെന്ന് തന്നെ നേരിടണമെന്ന അഭിപ്രായത്തോടാണ് നബി(ﷺ) അനുകൂലിച്ചത്. അതനുസരിച്ച് ആയിരം പേരടങ്ങിയ ഒരു സന്യവുമായി നബി(ﷺ) ഹിജ്റ മൂന്നാം കൊല്ലം ശഅ്ബാൻ അഞ്ച് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ശത്രുക്കളെ നേരിടുന്നതിന് ഉഹ്ദിലേക്ക് മാർച്ച് ചെയ്തു.
എന്നാൽ മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദല്ലാ ഹിബ്നു ഉബയ്യു ബ്നു സുലൂൽ മുഹമ്മദ്, തൻറ അഭിപ്രായം മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞു, എന്ന വാദം ഉന്നയിച്ച് മൂന്നിലൊരു ഭാഗം സൈന്യത്തെയും കൊണ്ട് ഇടക്ക് വെച്ച് പിന്തിരിഞ്ഞുപോയി. അവർ മുനാഫിഖുകൾ (കപടവിശ്വാസികൾ) ആയിരുന്നു. ബാക്കിവരുന്ന സൈന്യത്തേയും കൊണ്ട് നബി(ﷺ) ഉഹ്ദിലേക്ക് നീങ്ങി. സൈന്യത്തെ വളരെ കൃത്യമായി കമീകരിച്ചു. കൊടിവാഹകനായി മിസ്അബ് ബിനു ഉമൈർ (رضي الله عنه)വിനെ നിശ്ചയിച്ചു. മലയുടെ പിൻഭാഗത്ത് നിന്നുമുള്ള ശ്രതുക്കളുടെ ആക്രമണത്തെ തടയാനായി അബ്ദല്ലാ ഹിബ്നു ജുബൈറിൻ കീഴിൽ അമ്പത് അമ്പത്തുകാരെ യാതൊരു കാരണവശാലും പ്രവാചകൻ അനുമതി കൂടാതെ പ്രസ്തുത സ്ഥലം വിട്ടുപോകരുത് എന്ന നിബന്ധനയോടെ പ്രത്യേകം സജ്ജമാക്കി നിർത്തുകയും ചെയ്തു.
യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(رضي الله عنه), ഹംസ(رضي الله عنه) എന്നിവർ സധീരം പൊരുതി. അതോടെ ശത്രുസൈന്യം ഒന്നാകെ ഇളകി. ശ്രതു പക്ഷത്തിന്നും പലരും പിടഞ്ഞുമരിച്ചു. അതോടെ ബാക്കിയുള്ളവർ തങ്ങളുടെ കൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞു ഓടി. അപ്പോഴേക്കും മുസ്‌ലിം ഭടന്മാർ ശതുക്കൾ ഉപേക്ഷിച്ചു പോയ സ്വത്തുക്കൾ വാരിക്കൂട്ടാൻ തുടങ്ങി. പ്രവാചകൻ(ﷺ)യുടെ നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് ഒരിക്കലും സ്ഥലം വിട്ട് പോകരുത് എന്ന് പറഞ്ഞ് മലമുകളിൽ നിറുത്തിയിരുന്ന അമ്പത്തുകാർ ഇത് കണ്ടു. യുദ്ധം അവസാനിച്ചുവല്ലൊ ഇനി എന്തിന് നാം ഇവിടം നിൽക്കണം, എന്ന് പറഞ്ഞ് നബി(ﷺ)യുടെ നിർദ്ദേശം തെറ്റിച്ചുകൊണ്ട് മലമുകളിൽ നിന്നും ഏതാനും പേർഅല്ലാത്ത ബാക്കിയെല്ലാ വരും അവടം വിട്ട് ഇറങ്ങി ശത്രുക്കൾ കൈവിട്ടു ദുനിയാവ് വാരിക്കൂട്ടുന്നതിൽ വ്യാപൃതരായി.
ഈ തക്കം നോക്കി സൈഫുല്ല (അല്ലാഹുവിന്റെ വാൾ) എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബിനുൽ വലീദ്(رضي الله عنه) അന്ന് അദ്ദേഹം മുസ്ലിമായിട്ടുണ്ടായിരുന്നില്ല- മലയുടെ പിൻ ഭാഗത്തിലൂടെ സൈന്യത്തെ തിരിച്ചുവിട്ട് മുസ്‌ലിംകളെ പെട്ടന്ന് ആക്രമിച്ചു. മുസ്‌ലിംകളാകട്ടെ സമരാർജ്ജിത സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കിൽ ചിന്നഭിന്നമായ അവ സ്ഥയിലുമായിരുന്നു. രംഗം ആകെ മോശമായ നിലയിലായി ആർക്കും മറെറാരാളെ സഹായിക്കാൻ പററാത്ത നില വന്നു. തമ്മതമ്മിൽ തന്നെ പലരും ഏറ്റുമുട്ടി. അതി നിടെ ആരോ മുഹമ്മദ് വധിക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇത് മുസ്‌ലിംകളിൽ ബാക്കിയുണ്ടായിരുന്ന ആവേശവും നിർവീര്യമാക്കി. മുസ്‌ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകൻ പിതൃവ്യൻ ഹംസ(رضي الله عنه), മിസ്അബ് ബിൻ ഉമൈർ(رضي الله عنه) അനസ് ബ്നു നളീർ എന്നിവർ മുസ്‌ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരിൽ പ്രധാനികളായിരുന്നു. നബി (ﷺ) ശത്രുക്കൾ കുഴിച്ചിരുന്ന ഒരു ചതിക്കുഴിയിൽ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പററി. മുൻപല്ല് പൊട്ടിപ്പോയി. മുറിവുകളിൽ നിന്നും നിലക്കാത്ത വിധം രക്തം വന്നുകൊണ്ടിരുന്നു. ഉടനെ യുദ്ധക്കളത്തിൽ പങ്കെടുത്തിരുന്ന മകൾ ഫാത്വിമ:( رضي الله عنها) ഒരു പായയുടെ കഷ്ണം എടുത്ത് കരിച്ച് അതിൻറ ചാരം പ്രവാചകന് ഏററ മുറിവിൽ വെച്ച് കെട്ടി രക്തം ശമിപ്പിച്ചു. ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാട് രംഗങ്ങൾ ചരിത്രങ്ങളിൽ തിളങ്ങി നിൽക്കുന്നത് നാം മനസ്സിരുത്തി ഓർക്കേണ്ടതായിട്ടുണ്ട് അവയിൽ ചിലത് മാത്രം താഴെ ചേർക്കുന്നു.
മക്കയിൽ സമ്പന്നതയുടെ തൊട്ടിലിൽ ജനിച്ച സുമുഖനായ വ്യക്തിയായിരുന്നു മിസ്അബ് (رضي الله عنه). അദ്ദേഹം രകസാക്ഷിയായി കഫൻ ചെയ്യുന്ന രംഗം!. സ്വഹാബികൾ പവാചകനോട് വന്ന്പറഞ്ഞ വാക്കുകൾ. നബിയേ ഞങ്ങൾ അദ്ദേഹത്തിൻറ തല മറച്ചാൽ കാല് പുറത്ത് വരും, കാല് മറക്കുമ്പോൾ തല പുറത്ത് വരും എന്ത് ചെയ്യണം ? നോക്കൂ അദ്ദേഹത്തിന്റെ അവസ്ഥ ! ആർക്കും സഹായിക്കാനും കഴിയാത്ത ദാരിദ്യം. പ്രവാചകൻ(ﷺ) അവിടെ ചെന്നുകൊണ്ട് വാക്കുകൾ. മക്കയുടെ മണ്ണിൽ വെച്ച് സുമുഖനായി വസ്ത്രം ധരിച്ച് സുന്ദരമായ മുടിയോട് കൂടി കണ്ടിരുന്ന ..നീ.. എന്ന് പറഞ്ഞ് വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പിയ അവസാനം ഉള്ള വസ്ത്രം കൊണ്ട് മറക്കാൻ പറഞ്ഞ് കാലിൻറ ഭാഗത്ത് ഇദ്ഖിർ എന്ന പുല്ല് പറിച്ചിട്ട് മൂടാനും പറഞ്ഞു. സമ്പനായി ജനിച്ച അദ്ദേഹം മയ്യത്ത് പൊതിയാനുള്ള വസ്ത്രം പോലുമില്ലാതെ ഈ ലോകത്ത് നിന്നും യാത്രയായി.
ഉഹ്ദിൽ നബി(ﷺ) സംരക്ഷിക്കാനായി ത്വൽഹത്(رضي الله عنه) വിനോടൊപ്പം ഒരു കൂട്ടം സ്വഹാബികൾ അക്ഷരാർത്ഥത്തിൽ മനുഷ്യമതിൽ തന്നെ തീർത്തിരുന്നു ! ശത്രുക്കളിൽ നിന്നും ഏറ്റിരുന്ന അമ്പുകളാൽ പലരുടേയും ശരീരം മുള്ളൻ പന്നിയെ പോലെ ആയിരുന്നു. ജീവൻ നൽകിയും പ്രവാചകനെ സംരക്ഷിക്കാനും സ്നേഹിക്കാനും തയ്യാറായിരുന്നു അവർ. ഏതെങ്കിലും പ്രത്യേക ദിവസത്തിൽ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിലൂടെ മാത്രമുള്ള പ്രവാചക നേഹമായിരുന്നില്ല അവരിലുണ്ടായിരുന്നത്!
ത്വൽഹയെ നോക്കി പ്രവാചകൻ(ﷺ) അന്നേരം പറഞ്ഞു: “ഭൂമിയിലൂടെ ഒരു ശഹീദ് (രക്തസാക്ഷി) നടന്ന് പോകുന്നത് ആർക്കെങ്കിലും കാണണമെങ്കിൽ അവൻ ത്വൽഹത് ബ്നു ഉബൈദുല്ലയെ നോക്കിക്കൊള്ളട്ടെ” അദ്ദേഹം ജമൽ യുദ്ധത്തിൽ ശഹീദാവുകയാണുണ്ടായത്.
നബി(ﷺ) യെ ഏററവും കൂടുതൽ വേദനിപ്പിച്ച സംഭവമായിരുന്നു ഹംസ(رضي الله عنه)വിൻ വധം. നബി(ﷺ) അദ്ദേഹത്തെയാണ് സയ്യിദു ശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്) എന്ന് വിശേഷിപ്പിച്ചത്. ബദ്റിൽ ഉത്ബയെയും തുഐമയും കൊന്നത് ഹംസ(رضي الله عنه)വായിരുന്നു. അവരുടെ കുടുംബക്കാർ അതിന് പ്രതികാരം ചെയ്യാൻ ഒരുങ്ങി നടക്കുകയായിരുന്നു. തുഅ്മയുടെ സഹോദര പുത്ര ജുബൈറുബ് മുത്ഇബ് തൻറ അടിമയായിരുന്ന വഹ്ശിയോട് നീ ഹംസയെ യുദ്ധത്തിൽ വധിച്ചാൽ നിന്നെ സ്വതന്ത്രനാക്കാം എന്ന് വാഗ്ദത്തം നൽകി. അതനുസരിച്ച് വഹ്ശി ഹംസ (رضي الله عنه)വിനെ തന്ത്രപൂർവ്വം ചാട്ടുളി ഉപയോകിച് കൊലപ്പെടുത്തി. ഉത്ബയുടെ മകളായിരുന്ന ഹിന്ദ് അദ്ദേഹത്തിൻറ നെഞ്ച് കുത്തിക്കീറി കരൾ പുറഞ്ഞെടുത്ത് ചവച്ച് തുപ്പി നൃത്തമാടി. കണ്ണും കാതുമെല്ലാം അരിഞ്ഞെടുത്ത് മയ്യത്ത് പോലും വികൃതമാക്കി. പ്രസ്തുതരംഗം നബിയെ അങ്ങേയററം വേദനിപ്പിച്ചു. ഹംസ (رضي الله عنه) വിൻറ ഘാതകനായ വഹ്ശിയും ഹിന്ദും പിന്നീട് മുസ്‌ലിംകളായിത്തീർന്നു. വഹ്ശി മക്കം ഫത്ഹിനോട് അനുബന്ധിച്ച് മുസ്ലിമായ ദിവസം, നബി അദ്ദേഹത്തോടായി പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻറെ മനസ്സിലെ അടക്കാൻ കഴിയാത്ത ദു:ഖവും മറക്കാനാവാത്തെ രംഗവും നമുക്ക് മനസ്സിലാക്കിത്തരുന്നു. നബി(ﷺ) പറഞ്ഞു: വഹ്ശീ താങ്കളെ കാണുമ്പോൾ എന്റെ പിതൃവ്യൻ മറക്കാൻ കഴിയാത്ത രംഗം. അതിനാൽ താങ്കൾക്ക് ബുദ്ധിമുട്ടാവുകയില്ലെങ്കിൽ എന്റെ മുന്നിൽ വരാതിരിക്കുക. അത് കേട്ട വഹ്ശി പറഞ്ഞു: ഇല്ല, ഇനി ഞാൻ ഒരിക്കലും അങ്ങയെ വിഷമിപ്പിക്കുകയില്ല എന്ന് പറഞ്ഞ് മദീനയിൽ നിന്നും അകന്ന് പോയി ജീവിക്കുകയാണുണ്ടായത്. നബി(ﷺ)യുടെ മരണം വരെ അദ്ദേഹം പിന്നീട് നബിയുടെ മുന്നിൽ വന്നിട്ടില്ല. അബൂബക്കർ (رضي الله عنه)വിന്റെ കാലത്ത് നബിത്വം വാദിച്ച കള്ളപ്രവാചകൻ മുസൈലി മുസൈലിമയെ വധിച്ചത് വഹ്ശിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: ഇപ്പോൾ എൻറ മനസ്സ് അൽപം സമാധാനമായി; അന്ന് ഇസ്ലാമിൻറ ഏററവും വലിയ ഒരു കാവൽ ഭടനെ ഞാൻ കൊന്നു; ഇന്ന് ഇസ്ലാമിന്റെ ഒരു ശത്രുവിനെ എനിക്ക് കൊല്ലാൻ കഴിഞ്ഞു.
യുദ്ധക്കളത്തിൽ കണ്ട മറെറാരു രംഗം ഹൻളല:(رضي الله عنه) അദ്ദേഹത്തിന്റെ വിവാഹ സുദിനം. മധുവിധുവിന്റെ അവ സരത്തിലായിരുന്നു തന്റെ കൂട്ടുകാർ സ്വർഗ്ഗം മോഹിച്ച് യുദ്ധക്കളത്തിലേക്ക് പോകുന്നത്. അദ്ദേഹം മറെറാന്നും ആലോചിച്ചില്ല തന്റെ പ്രിയതമയുടെ മാറിൽ നിന്നും എഴുന്നേററ്, ഇനി ഒരു പക്ഷേ, ബാക്കി ജീവിതം നമുക്ക് സ്വർഗ്ഗത്തിൽ വെച്ച് എന്ന മനസ്സുമായി യുദ്ധക്കളത്തിലേക്ക് പോയി രക്തസാക്ഷിയായി. രക്തസാക്ഷികളെ കുളിപ്പിക്കാതെയാണ് മറവുചെയ്യുക. എന്നാൽ ഹൻളല(رضي الله عنه) വിൻറ കാര്യത്തിൽ പ്രവാചകൻ പറഞ്ഞു: അദ്ദേഹത്തെ മലക്കുകൾ കുളിപ്പിക്കുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു. കാരണം അദ്ദേഹം ജനാബത്തുകാരനായിരുന്നു. അദ്ദേഹം “ഗസീലുൽ മലാഇക:’ (മലക്കുകൾ കുളിപ്പിച്ച വ്യക്തി) എന്നാണ് അറിയപ്പെടുന്നത്.
നബി(ﷺ) ഉഹ്ദ് യുദ്ധരംഗം അനുസ്മരിക്കുമ്പോഴെല്ലാം എടുത്ത് പറഞ്ഞിരുന്നു, എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയ ഒരു മഹതിയായിരുന്നു ഉമ്മു അമ്മാറ (رضي الله عنها) ധീരമായി യുദ്ധക്കളത്തിൽ ശത്രുക്കളെ അരിഞ്ഞുവീഴ്ത്താൻ അവർ മുൻപന്തിയിലുണ്ടായിരുന്നു. “ഞാൻ ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും എനിക്ക് അവിടെ ഉമ്മു അമ്മാറയെയാണ് കാണാൻ കഴിഞ്ഞിരുന്നത് എന്ന് നബി(ﷺ) അവരെ സംബന്ധിച്ച് പറയാറുണ്ടായിരുന്നു. യുദ്ധക്കളത്തിൽ വെച്ചല്ലെങ്കിലും യുദ്ധത്തിൽ ഏററ മുറിവുകാരണത്താലാണ് അവർ മരണപ്പെട്ടത്. നോക്കൂ ഇസ്ലാമിക ചരിത്രത്തിലെ മഹിളാ രത്നങ്ങൾ മതത്തിനുവേണ്ടി അനുഭവിച്ച ത്യാഗപരിശ്രമങ്ങൾ സമൂഹം മനസ്സിലാക്കിയിരുരുന്നുവെങ്കിൽ!.
ഉഹ്ദ് യുദ്ധ ദിവസം എവിടെ മുഹമ്മദ്, ഞാൻ അവൻ കഥകഴിക്കും എന്ന് ആക്രോശിച്ച് വന്ന ഒരു ദുഷ്ടനായിരുന്നു ഉബയ്യ് ബ്നു ഖലഫ്. ഉടനെ നബി(ﷺ) അൻസ്വാരികളിൽ പെട്ട ഒരാളുടെ കുന്തം വാങ്ങി അവനെ ആഞ്ഞ് ഒരു കുത്ത് കൊടുത്തു. മുഹമ്മദ് എന്നെ കൊന്നു കളഞ്ഞ് എന്ന് പറഞ്ഞ് അവൻ പിന്നോട്ട് തിരിഞ്ഞാടി. ആ കുത്ത് കാരണത്താൽ അവൻ ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു. നബിയുടെ കയ്യാൽ വധിക്കപ്പെട്ട ഏക വ്യക്തിയാണ് അവൻ. യുദ്ധം കഴിഞ്ഞ് എല്ലാവരും തിരിച്ച് പോകാൻ ഒരുങ്ങവെ അബൂസുഫ്യാൻ മലമുകളിൽ കയറി നിന്ന് വിളിച്ച് പറഞ്ഞു: എവിടെ മുഹമ്മദ് , . . അബൂബക്കറും ഉമറും എവിടെ. . . നിങ്ങൾക്ക് മതിയായില്ലേ. ഉമർ വിളിച്ച്
പറഞ്ഞു “അല്ലയോ ദുഷ്ടാ, അല്ലാഹുവിൻറെ അനുഗ്രഹത്താൽ നീ പറഞ്ഞവർക്കൊന്നും യാതൊന്നും സംഭവിച്ചിട്ടില്ല.” പിന്നെ അബൂസുഫ്യാൻ “ഉൽ ഹുബുൽ” (ഹുബുൽ വിഗ്രഹം നീണാൾ വാഴട്ടെ) എന്ന് പറഞ്ഞു. അതിന് ഉമർ (رضي الله عنه) “അല്ലാഹുവാണ് ഉന്നതനും മഹാനുമായവൻ’’ എന്നും പറഞ്ഞു. ശേഷം ഞങ്ങൾക്ക് ഉസ്സയും ലാതയും ഉണ്ട് നിങ്ങൾക്ക് അതില്ല. അതിന് അല്ലാഹുവാണ് ഞങ്ങളുടെ രക്ഷകൻ എന്ന അർത്ഥമുള്ള അല്ലാഹു മൗലാനാ എന്ന് വിളിച്ചു പറയാൻ നബി(ﷺ) അവരോട് പറഞ്ഞു. പിന്നീട് അവൻ ചോദിച്ചു: മുഹമ്മദ് കൊല്ലപ്പെട്ടുവോ ? ഇല്ല നിന്റെ സംസാരം വരെ ഇപ്പോൾ അദ്ദേഹം കേട്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ട അബൂസുഫ്യാൻ “നീയാണ് എൻറെയടുക്കൽ ഏററവും സത്യവാൻ’ എന്ന് പ്രതിവചിച്ചു. ഉഹ്ദ് യുദ്ധത്തിലൂടെ വിശ്വാസികൾക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. മുനാഫിഖുകളുടെ തനിനിറം വ്യകമായ ഒന്നാമത്തെ അവസരമായിരുന്നു അത്. അതോടൊപ്പം ദുനിയാവിൻ ആർത്തിപൂണ്ട് പ്രവാചക കൽപ്പന ലംഘിച്ചതിന്റെ തിക്താനുഭവം അവർ ശരിക്കും അനുഭവിച്ചറിഞ്ഞു. ഇത് എക്കാലത്തെയും മുസ്‌ലിംകൾക്കുള്ള ഒരു ചൂണ്ടു പലകകൂടിയാണ്.