10 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 10]

റജീഅ്, ബിഅ്ർ മഊന്ന: 

സംഭവങ്ങൾ ഹിജ്റ: നാലാം വർഷം സ്വഫർ മാസത്തിൽ അളൽ, ഖാറഃ എന്നീ ഗോത്രങ്ങളിൽ പെട്ട ഒരു സംഘം ആളുകൾ പ്രവാചകന്റെ അടുക്കൽ വന്ന് തങ്ങളുടെ പ്രദേശത്തേക്ക് കുറച്ച് പ്രബോധകരെ ആവശ്യപ്പെട്ടു. നബി (ﷺ) അന്നേരം ആസ്വിമ് ബ്നു ഥാബിതിന്റെ നേതൃത്വത്തിൽ പത്ത് ആളുകളെ അയച്ചുകൊടുത്തു. എന്നാൽ റജീഅ് എന്ന സ്ഥലത്തെത്തിയപ്പോൾ ആയുധ ധാരികളായ ഒരു കൂട്ടം ആളുകളെയാണ് കാണാൻ കഴിഞ്ഞത്. ഭയവിഹ്വലരായ വിശ്വാസികളോട് അവർ പറഞ്ഞു. നിങ്ങൾ ഇസ്ലാമിനെതിരിൽ ഞങ്ങളെ സഹായിക്കുകയാണ് എങ്കിൽ നിങ്ങളെ കൊല്ലുന്നതല്ല. വിശ്വാസികൾ അന്നേരം പറഞ്ഞു: “ഇസ്ലാമിനെ വഞ്ചിച്ചുകൊണ്ട് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.” അങ്ങിനെ അവരിൽ ആസ്വിം, ഖുബൈബ് (رضي الله عنه) എന്നിവരൊഴിച്ച് മറ്റുള്ളവരെല്ലാം വധിക്കപ്പെട്ടു.

ആസ്വിം(رضي الله عنه)വിനേയും, ഖുബൈബ്(رضي الله عنه)വിനെയും മക്കയിലെ ചില ഗോത്രക്കാർക്ക് വിറ്റു. ഖുബൈബ്(رضي الله عنه) വിനെ പിന്നീട് ബനൂ ഹാരിഥ് ഗോത്രക്കാർ ഭക്ഷണം പോലും കൊടുക്കാതെ തടവിലാക്കുകയും ശേഷം തൂക്കുമരത്തിലേററി കൊലപ്പെടുത്തുകയും ചെയ്തു. തടവിലാക്കിയിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന വേലക്കാർ ചെന്നുനോക്കുന്ന സമയം പലപ്പോഴും, അന്ന് മക്കയിലൊന്നും ലഭ്യമല്ലാത്ത പുതിയ മുന്തിരി ഭക്ഷിക്കുന്നതായി കാണപ്പെട്ടത് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് തന്റെ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് രണ്ട് റക്അത്ത് നമസ്കരിക്കാൻ അവസരം തരണം എന്നായിരുന്നു !! നമസ്കരിച്ച് വന്ന് അദ്ദേഹം തൂക്കുമരത്തിൽ വെച്ച് പാടിയതായി പറയപ്പെടുന്ന രണ്ട് വരി കവിത കാണുക:

“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. എവിടെയായിരുന്നാലും അല്ലാഹുവിങ്കലേക്ക് പോകാനുള്ളവരാണല്ലൊ” നോക്കൂ അവരുടെ വിശ്വാസം !

ആസ്വിം(رضي الله عنه)വും പിന്നീട് വധിക്കപ്പെട്ടു. അന്നേരം ഹുദൈൽകാർ അദ്ദേഹത്തിൻറെ തല അറുത്തെടുത്ത് സുലാഫബിൻത് സഅദിന് വിൽക്കാനായി ഒരുങ്ങിപ്പുറപ്പെട്ടു. കാരണം അവരുടെ രണ്ട് മക്കൾ ഉഹ്ദിൽ ആസ്വിം (رضي الله عنه)വിന്റെ കയ്യാൽ കൊല്ലപ്പെട്ട ദിവസം ആസിമിൻറ തലച്ചോറ് കൂട്ടി മദ്യം കുടിക്കാൻ അവർ നേർച്ചയാക്കിയിരുന്നു. എന്നാൽ ശ്രതുക്കൾ അദ്ദേഹത്തിൻറ തലയറുക്കാൻ അവസരത്തിൽ വലിയ ഒരു കടന്നൽ കൂട്ടത്ത അയച്ച് അവർക്ക് അങ്ങോട്ട് അടുക്കാൻ പോലും കഴിയാത്ത വിധത്തിൽ അല്ലാഹു അദ്ദേഹത്ത സംരക്ഷിച്ചു. അല്ലാഹുവിങ്കലേക്ക് അടുക്കുന്ന ആളുകൾക്ക് അല്ലാഹു നൽകുന്ന കറാമത്തിന് (ബഹുമതികൾക്ക്) ഉദാഹരണമാണ് ഖുബയ്ബ്(رضي الله عنه) ഭക്ഷണമായി ലഭിച്ച മുന്തിരിയും, ആസ്വിം (رضي الله عنه) വിന്കടന്നെല്ലുകളെക്കൊണ്ട് സംരക്ഷണം നൽകപ്പെട്ടതും!!.

മേൽ പറഞ്ഞ സ്വഭാവത്തിലുള്ള മറെറാരു സംഭവമായിരുന്നു ബിഅ്ർ മഊന സംഭവം. അബൂ ബർറാഅ് ആമിറുബ് മാലിക് എന്ന ബനൂആമിറിലെ നേതാവ് നബി( ﷺ) യുടെയടുക്കൽ ഒരു നിവേദകസംഘത്തെയും കൊണ്ട് എത്തി. അന്നേരം പ്രവാചകൻ അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു, പക്ഷേ വിശ്വസിക്കാൻ വൈമനസ്യം കാണിച്ചു. എന്നാൽ അയാൾ കുറച്ച് ആളുകളെ പ്രബോധകരായി നജ്ദ് പ്രദേശത്തേക്ക് അയച്ചു തന്നാൽ അത് ഗുണകരമാകും എന്ന് പ്രവാചകരോട് അറിയിച്ചു. അത് അനുസരിച്ച് പ്രവാചകൻ എഴുപത് ആളുകളെ പ്രബോധകരായി അയാളോടൊപ്പം അയച്ചു കൊടുത്തു. എന്നാൽ ഇവരെയും കൊണ്ട് ബിഅ് മഊന: എന്ന സ്ഥലത്ത് എത്തിയപ്പോൾ ബനൂസുലൈം ഗോത്രത്തിൽപെട്ട ഉസ്വയ്യ്, രിഅ്, ദക്സാൻ എന്നീ വിഭാഗക്കാർ അവരുടെ മേൽ ചാടിവീണ് അക്രമിക്കുകയും അവരിൽ നിന്നും കഅബ്ബ്നു സൈദ് എന്ന വ്യക്തിയെ ഒഴിച്ച് ബാക്കി എല്ലാവരേയും കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ മരിച്ചു എന്ന നിലക്ക് അക്രമകാരികൾ സ്ഥലം വിട്ടതായിരുന്നു.

ഈ വിവരം അറിഞ്ഞ നബി(ﷺ) അങ്ങേഅററം വ്യസനിക്കുകയും അവർക്ക് ഗുണത്തിന് വേണ്ടിയും കൊലയാളികളായ വിഭാഗത്തിന്റെ പേര് എടുത്ത് പറഞ്ഞ് അവർക്ക് ശാപത്തിനായി പ്രാർത്ഥിച്ച് കൊണ്ടും ഒരു മാസക്കാലം നമസ്കാരങ്ങളിൽ ഖുനൂത്ത് ഓതുകയുണ്ടായി. അതാകട്ടെ എല്ലാ നമസ്കാരങ്ങളിലുമായിരുന്നു. പിന്നീട് നബി (ﷺ) അത് ഉപേക്ഷിക്കുകയും ചെയ്തു. നോക്കു മേൽ പറയപ്പെട്ട രണ്ട് സംഭവങ്ങളും അല്ലാഹുവിൻറ സൃഷ്ടികളിൽ ഉത്തമരായ പ്രവാചകൻ(ﷺ) ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുക്കുന്ന് കാര്യങ്ങളല്ലാതെ അദൃശ്യമായ ഒന്നും അറിയാനുള്ള കഴിവ് ഇല്ല എന്ന് നമുക്ക് പഠിപ്പിച്ചുതരുന്നു.

ബനൂ മുസ്ത്വലഖ് യുദ്ധം

ഹിജ്റ: അഞ്ചാം വർഷം നടന്ന പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ബനൂ മുസ്ത്വലഖുമായി നടന്ന യുദ്ധം. ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾക്കെതിരിൽ ഖുറൈശികളെ വൻ സൈന്യവുമായി സഹായിച്ചിരുന്ന വ്യക്തിയായി രുന്ന ഹാരിസ് അബിദ് ളിറാർ വീണ്ടും മുസ്‌ലിംകളെ ആക്രമിക്കാൻ ഒരുങ്ങുന്ന വിവരം നബി(ﷺ)ക്ക് ലഭിച്ചു. പ്രവാചകൻ സ്വഹാബികളുമായ കൂടിയാലോചിച്ച ശേഷം എഴുനൂറ് പേരടങ്ങുന്ന ഒരു സൈന്യത്തേയും കൊണ്ട് ബനൂ മുസ്ത്വലകിന് നേരെ പുറപ്പെട്ടു. മുറൈസീഅ് എന്ന അവരുടെ വെള്ളസ്ഥലത്ത് എത്തിയപ്പോൾ പരസ്പരം അമ്പത്ത് തുടങ്ങിയെങ്കിലും ശ്രതുക്കൾ മുസ്‌ലിംകളു ശക്തിയും ആവേശവും കണ്ട് ഭയപ്പെട്ട് ഓടിപ്പോയി. കാരണം യുദ്ധം ആരംഭിച്ചപ്പോഴേക്ക് തന്നെ പത്തോളം പേരെ അവരിൽ നിന്നും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ശത്രു പക്ഷത്ത് നിന്നും സ്ത്രീകൾ അടക്കം ധാരാളം പേരെ ബന്ധനസ്ഥരായി പിടിക്കാനും വലിയ അളവിൽ ഗനീമത്ത് സ്വത്ത് കരസ്ഥമാക്കാനും ഇതിലൂടെ വിശ്വാസികൾക്ക് സാധിച്ചു. യുദ്ധത്തടവുകാരിൽ ശത്രുപക്ഷത്തനേതാവ് ഹാരിസിന്റെ മകൾ ജുവൈരിയ്യയും ഉൾപ്പെട്ടിരുന്നു. അവരെ പിന്നീട് നബി(ﷺ) വിവാഹം ചെയ്ത ഭാര്യയായി സ്വീകരിച്ചു.

ഹദീസുൽ ഇഫ്ക്. (അപവാദാരോപണം)

ബനീ മുസ്ത്വലഖ് യുദ്ധം അത്രമാത്രം പ്രാധാന്യമർഹിക്കുന്നത് അല്ലെങ്കിലും അതിനോടനുബന്ധമായി നടന്ന ആയിഷ (رضي الله عنها) ക്കെതിരിലുള്ള ആരോപണമാണ് ചരിതത്തിൽ കൂടുൽ സ്ഥാനം പിടിച്ചിട്ടുള്ളത്. പതിവനുസരിച്ച് ബനീമുസ്ത്വലഖിലേക്ക് പുറപ്പെടുമ്പോൾ ഭാര്യമാരിൽ ആരെ കൂടെ കൊണ്ടുപോകണമെന്ന് നറുക്കിട്ടതനുസരിച്ച്, ആയിഷ (رضي الله عنها) ക്കായിരുന്നു അവസരം.

തിരിച്ചുപോരുന്ന അവസരത്തിൽ നബി(ﷺ)യും സംഘവും വിശ്രമിക്കാനായി ഇടക്ക് തങ്ങുകയുണ്ടായി. തൽസമയം ആയിഷ (رضي الله عنها) തന്റെ ആവശ്യനിർവ്വഹണത്തിന് പുറപോയി തിരിച്ചുവരുമ്പോൾ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടിരുന്നു, അത് തിരഞ്ഞ് നടന്ന് അവസാനം മാല കിട്ടിയെങ്കിലും മടങ്ങി വന്നപ്പോൾ യാത്രാ സംഘം ആയിഷ (رضي الله عنها) ഉണ്ട് എന്ന് കരുതി കൂടാരം ഒട്ടകപ്പുറത്ത് എടുത്തച്ച് യാത്ര പുറപ്പെട്ടിരുന്നു. കൂടെയുണ്ടായി രുന്ന പ്രവാചകനോ തന്റെ പിതാവടക്കമുള്ള സ്വഹാബികളോ ഗെബ് (അദൃശ്യം) അറിയുകയില്ലല്ലൊ !

ആയിഷ (رضي الله عنها) ആരെങ്കിലും തിരഞ്ഞ് വരാതിരിക്കില്ല എന്ന കരുതലോടെ അവിടെ ഇരുന്നു. അവർ അൽപം കഴിഞ്ഞു ഉറങ്ങിപ്പോയി. അപ്പോഴേക്കും യാത്രാ സംഘത്തിൽ നിന്നും എന്തെങ്കിലും കൊഴിഞ്ഞുപോകുകയോ മറേറാ ഉണ്ടായാൽ അത് കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന സ്വഫ്വാനു ബ്നു മുഅത്തൽ എന്ന സ്വഹാബി അവിടെ എത്തുകയും ആയിഷ (رضي الله عنها) യെ കണ്ടപ്പോൾ സന്ദർഭം മനസ്സിലാക്കി, അപകടാവസരങ്ങളിൽ പറയാൻ പഠിപ്പിക്കപ്പെട്ട “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറഞ്ഞു. അത് കേട്ട് ഉണർന്ന ആയിഷ (رضي الله عنها) തൻറ മുന്നിൽ മുട്ടുകുത്തിയ ഒട്ടകപ്പുറത്ത് കയറി സഫ്വാൻ (رضي الله عنه)വിന്റെ കൂടെ മദീനയിൽ എത്തി. ഇത് കണ്ട മുനാഫിഖുകൾ അവസരം തീർത്തും പ്രയോജനപ്പെടുത്തി. കഥ മദീനയിൽ ആകെ പ്രചരിച്ചു. പലരും സംശയിച്ച പോലെ പ്രവാചകനും വിഷയത്തിന്റെ സത്യാവസ്ഥ പുലരാൻ കാത്തിരുന്നു. അതിനിടെ ആയിഷ (رضي الله عنها) രോഗിയായി. അവർ വിവരമൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ സാധാരണ രോഗിയായിരിക്കുമ്പോൾ പ്രവാചകനിൽ നിന്നും ഉണ്ടാകാറുള്ള പരിചരണങ്ങൾ കാണാത്തതിൽ എന്തോ ഒരു പന്തികേട് അവർക്കും തോന്നി. അങ്ങിനെ, ഒരിക്കൽ രാതി തങ്ങളുടെ കുടുംബവുമായി ബന്ധമുള്ള ഉമ്മു മിസ്തഹിൻറ കൂടെ പുറത്തിറങ്ങിയപ്പോൾ അവരിൽ നിന്നും ജനങ്ങൾക്കിടയിലെ സംസാര വിഷയത്തെ സംബന്ധിച്ച് അവർ ശരിക്കും മനസ്സിലാക്കി. അതോടെ രോഗം വർദ്ധിച്ചു. നബിയോട് അനുവാദം വാങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ മാതാപിതാക്കൾ പ്രവാചകനോട് മാപ്പ് ചോദിക്കാൻ വേണ്ടി പറഞ്ഞു. ഞാൻ നിരപരാധിയാണ് എന്നത് അല്ലാഹുവിന് അറിയാം അല്ലാഹു ഒരു തീരുമാനമുണ്ടാക്കട്ടെ എന്നതിൽ അവർ ഉറച്ച് നിന്നു. പ്രവാചകൻ(ﷺ) സ്വഹാബികളോടും വീട്ടിലെ പരിചാരികയോടുമെല്ലാം ആയിഷ (رضي الله عنها) യെക്കുറിച്ച് അന്വേഷിച്ചു. അവരിൽ നിന്നെല്ലാം നല്ലത് മാത്രമാണ് ലഭിച്ചതെങ്കിലും കാര്യം അല്ലാഹു വെളിപ്പെടുത്തുന്നത് വരെ കാത്ത് നിൽക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളം പിന്നിട്ടു. അങ്ങിനെ ഒരു ദിവസം പ്രവാചകൻ(ﷺ) വന്നുകൊണ്ട് പറഞ്ഞു: “ആയിഷാ നീ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് പശ്ചാത്തപിക്കുക.” ഇത് കേട്ട് അവരുടെ പ്രയാസം വർദ്ധിക്കുകയും അവർ ഇപ്രകാരം പറയുകയും ചെയ്തു: “എനിക്ക് യഅ്ബൂബ് നബി(عليه السلام) പറഞ്ഞതല്ലാതെ മറെറാന്നും ഇക്കാര്യത്തിൽ പറയാനില്ല. സ്വബ്ൻ ജമീൽ; വല്ലാഹുൽ മുസ്തആൻ (അല്ലാഹുവിൽ സഹായം പ്രതീക്ഷിച്ച് ക്ഷമിക്കുക തന്നെ!” ഈ സംസാരം കഴിഞ്ഞ് അധികം താമസിച്ചില്ല, അല്ലാഹു ആയിഷ (رضي الله عنها) യുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് സൂറത്ത് നൂറിലെ 11 മുതൽ 20 വരെയുള്ള ആയത്തുകൾ അവതരിപ്പിച്ചു.

നബി(ﷺ), ഇക്കാര്യം ആയിഷ (رضي الله عنها) യുടെ മാതാപിതാക്കൾ അടക്കമുള്ള സദസ്സിൽ വെച്ച് ആയിഷ (رضي الله عنها) യെ അറിയിച്ചു. ഉടനെ ആയിഷ (رضي الله عنها) യുടെ മാതാവ് പ്രവാചകനോട് നന്ദി പറയാൻ ആയിഷ (رضي الله عنها) യോട് പറഞ്ഞു. അന്നേരം അവർ പറഞ്ഞു: ഇല്ല, ഞാൻ ഇക്കാര്യത്തിൽ അല്ലാഹുവിനോടല്ലാതെ മററാരരോടും നന്ദി പറയേണ്ടതില്ല. അതോടുകൂടി സത്യാവസ്ഥ ബോധ്യപ്പെട്ടു. അപവാദം പ്രചരിപ്പിച്ചതിൽ പങ്കാളികളായവർക്ക് ഖുർആനിക നിയമപ്രകാരം 80 അടി വീതം നൽകി ശിക്ഷിക്കുകയും ചെയ്തു.

ഖൻദഖ് (അഹ്സാബ്) യുദ്ധം

ഹിജ്റ: അഞ്ചാം വർഷം തന്നെ നടന്ന മറെറാരു പ്രധാന സംഭവമായിരുന്നു. ഖൻദഖ് യുദ്ധം. അത് അഹ്സാബ് എന്ന പേരിലും പ്രസിദ്ധമാണ്. ഉഹ്ദിൽ വെച്ച് മുസ്‌ലിംകളോട് വീരവാദം മുഴക്കിയ അബൂസുഫ്യാൻ അടുത്ത കൊല്ലങ്ങളിൽ മുസ്‌ലിംകളുമായുള്ള ഒരു യുദ്ധത്തിന് അവസരം ലഭിച്ചില്ലെങ്കിലും പ്രസ്തുത ദുരാഗ്രഹവുമായി ജീവിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ മുസ്‌ലിംകളെ നശിപ്പിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന ജൂതന്മാർ ഒരു യുദ്ധത്തിനായി ആഗ്രഹിച്ചു. അത് ഖുറൈശികളുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അവർ സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്തു. കൂടാതെ ഗത്ഫാൻ ഗോതമുൾപ്പടെ മററു കക്ഷികളും സഹായ വാഗ്ദാനവുമായി അവരോട് സഖ്യത്തിലേർപ്പെട്ടു. അങ്ങിനെ അബൂസുഫ്യാന്റെ നേതൃത്വത്തിൽ ഖുറൈശികളും മററ് അറബി ഗോത്രങ്ങളും ജൂതന്മാരുമുൾപ്പടെ പതിനായിരത്തോളം വരുന്ന ഒരു സൈന്യം മദീന ലക്ഷ്യം വെച്ച് പുറപ്പെട്ടു.

വിവരം മനസ്സിലാക്കിയ പ്രവാചകൻ(ﷺ) സ്വഹാബികളുമായി കൂടിയാലോചിച്ചു. സ്വഹാബികളുടെ അഭിപ്രായ മനുസരിച്ച് മദീനയിൽ നിന്നും പുറത്ത് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. ശത്രുക്കൾ മദീനയിൽ പ്രവേശിക്കാതിരിക്കുതിന് മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാമെന്ന സൽമാനുൽ ഫാരിസി (رضي الله عنه) മുന്നോട്ട് വെച്ച് പുതിയ ആശയം ശരിവെക്കപ്പെട്ടു. യുദ്ധത്തിൻറെ മുന്നോടിയായി പ്രവാചകൻ(ﷺ) അടക്കം എല്ലാവരും അണിനിരന്ന് മദീനക്ക് ചുറ്റും കിടങ്ങ് തീർത്തു. അതിനാലാണ് പ്രസ്തുതയുദ്ധം കിടങ്ങ് എന്ന അർത്ഥമുള്ള ഖൻദഖ് എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്. വിവിധ കക്ഷികൾ ഉൾപ്പെട്ടത് എന്നിനാൽ അഹ്സാബ് എന്നും അറിയപ്പെട്ടു. ശക്തമായ ദാരിദ്ര്യം കാരണത്താൽ പ്രവാചകൻ അടക്കം സ്വഹാബികളിൽ പലരും വയററത്ത് കല്ലുകൾ വെച്ച് കൊണ്ടായിരുന്നു പ്രസ്തുത കിടങ്ങ് കീറിയിരുന്നത് എന്നിട്ടും ഓരോ പത്ത് പേർക്ക് നാൽപ്പത് മുഴം തോതിൽ കിടങ്ങ് കുഴിക്കാൻ ഏൽപ്പിച്ചുകൊടുത്തു. എന്നതെല്ലാം പ്രത്യേകം പ്രസ്താവ്യമാണ്.

ഈ അവസരത്തിൽ മദീനയിൽ മുസ്‌ലിംകളുമായി കരാറിലേർപ്പെട്ടിരുന്ന ബനൂഖുറൈള എന്ന ജൂതഗോതവും കരാർ ലംഘിച്ചു മുസ്‌ലിംകൾക്കെതിരിൽ രഹസ്യമായി സഹായിക്കാൻ ധാരണയിലെത്തിയിരുന്നു. കിടങ്ങ് കണ്ട ശ്രതുക്കൾ ദിവസങ്ങളോളം അമ്പരന്ന് നിന്നു. പിന്നീട് അസ്ത്രയുദ്ധം ചെയ്തുനോക്കി. അവസാനം വീതികുറഞ്ഞ ഭാഗം നോക്കി ചിലർ തങ്ങളുടെ കുതിരകളെ എടുത്ത് ചാടിച്ചു. അവരിൽ പ്രമുഖനായിരുന്നു അംറു ബ്നു അബ്ദ് വുദ്ദ്. അയാൾ ബദറിലേററ മുറിവ് കാരണത്താൽ ഉഹ്ദിൽ പങ്കെടുക്കാൻ കഴിയാത്ത ദു:ഖം തീർക്കാൻ കൂടിയാണ് ഈ യുദ്ധത്തിൽ പങ്കെടുക്കുന്നത് എന്ന അടയാളവും പേറിക്കൊണ്ടായിരുന്നു യുദ്ധത്തിന് വന്നിരുന്നത്. കിടങ്ങ് ചാടിക്കടന്ന ഉടനെ, ധൈര്യമുള്ളവർ രംഗത്ത് വരട്ടെ. ആയിരം പേരെ ഞാൻ ഇന്ന് അരിഞ്ഞ് വീഴ്ത്തും എന്നും പറഞ്ഞായിരുന്നു അയാൾ രംഗത്ത് വന്നത്. ഉടനെ അലി(رضي الله عنه) അയാളെ നേരിടുകയും ഓരാളെ പോലും കൊലപ്പെടുത്തുന്നതിന് മുമ്പായി അയാളുടെ പണികഴിക്കുകയും ചെയ്തു. അവരിലെ ഏററവും പേരെടുത്ത ഒരു കുതിരപ്പടയാളിക്ക് പറ്റിയ ഈ പതനം കണ്ട് ബാക്കിയുള്ളവരെല്ലാം ജീവനുംകൊണ്ട് തടിയെടുത്തു.

കിടങ്ങ് ചാടിക്കടന്ന മറെറാരാളായി നൗഫൽ കിടങ്ങ് ചാടി തിരിച്ചോടുമ്പോൾ കിടങ്ങിൽ വീണു. അന്നേരം മുസ്‌ലിംകൾ അയാളുടേയും കഥകഴിച്ചു. ഈ അവസരത്തി ൽ അവരുടെ മൃത ശരീരങ്ങൾ വിട്ട് കിട്ടാൻ അബൂ സുഫ്യാൻ 100 ഒട്ടകങ്ങൾ വാഗ്ദാനം ചെയ്തു. അന്നേരം പ്രവാചകൻ(ﷺ) അത് നിരസിച്ചുകൊണ്ട് പറഞ്ഞു: കൊണ്ടുപോകൂ ശവങ്ങൾ, ഞങ്ങൾ വിററ് ഭക്ഷിക്കുന്നവരല്ല. യുദ്ധത്തിൻറ പിന്നീട് അവർ വീണ്ടും അമ്പുകൾ വർഷിക്കാൻ തുടങ്ങി. മുസ്‌ലിംകൾ അതും ചെറുത്ത് തോൽപ്പിക്കുകയുണ്ടായി. ഇതിനിടയിൽ മുസ്‌ലിം പക്ഷത്ത് കൂടിയിരുന്ന മുനാഫിഖുകൾ മുസ്‌ലിംകളെ വഞ്ചിച്ച് പിൻമാറിയത് മുസ്‌ലിംകളുടെ ശക്തി അൽപ്പം ക്ഷയിപ്പിച്ചു. കൂടാതെ നേരെത്തെ സൂചിപ്പിച്ച ബനൂ ഖുറൈളയുടെ കൂറുമാററവും. എല്ലാം കൂടി മുസ്‌ലിംകൾക്ക് വല്ലാത്ത ഒരു പരീക്ഷണം തന്നെയായിരുന്നു അഹ്സാബ് യുദ്ധം. അതോടൊപ്പം പ്ട്ടിണിയും കൊടും തണുപ്പും.! എങ്കിലും അവർ ധീരമായി പൊരുതിക്കൊണ്ടിരുന്നു. അതിനിടയിൽ ശത്രുക്കളുമായി പൊരുതിക്കൊണ്ടിരിക്കുന്നതിന് പിൻഭാഗത്ത് സ്ത്രീകളെയും കുട്ടികളേയും പാർപ്പിച്ചിരുന്ന കോട്ടയുടെ ഭാഗത്തേക്ക് ബനൂഖുറൈളയിലെ ഭടന്മാരിൽ ഒരാൾ നുഴഞ്ഞുകയറി ആക്രമിക്കാനായി രംഗത്ത് വന്നു. ഇത്കണ്ട് പ്രവാചകൻ(ﷺ)യുടെ അമ്മായിയായ സ്വഫിയ്യ (رضي الله عنها) കോട്ടയുടെ ഭാഗം ശ്രദ്ധിക്കാൻ നിറുത്തിയിരുന്ന ഹസ്സാനുബ്നുഥാബിത്(رضي الله عنه)നോട് അയാളെ വകവരുത്താൻപറഞ്ഞു. രോഗിയായിരുന്ന ഹസ്സാൻ(رضي الله عنه) അത് അത്ര കാര്യമാക്കിയില്ല. അന്നേരം നോക്കിയിരിക്കാൻ ക്ഷമ നഷ്ടപ്പെട്ട സ്വഫിയ്യ (رضي الله عنه) ഒരു മരപ്പലകയുമെടുത്ത് ധൈര്യം സംഭരിച്ച് രംഗത്ത് വന്ന് അയാളെ വകവരുത്തുകയുണ്ടായി !

ഇങ്ങനെ എല്ലാ ഭാഗത്തിലൂടെയും മുസ്‌ലിംകൾ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ ശത്രുപക്ഷത്തുണ്ടായിരുന്ന ഗത്ഫാൻ ഗോത്രത്തിലെ പ്രമുഖരിൽ ഒരാളായ നഈമ് ബ്നു മസ്ഊദ് നബി(ﷺ)യുടെ അടുക്കൽ വന്ന് താൻ മുസ്ലിമായ വിവരം പ്രഖ്യാപിച്ചു. അതാകട്ടെ അയാളുടെ ഗോത്രത്തിലാരെയും അറിയിച്ചിരുന്നില്ല. അന്നേരം പ്രവാചകൻ(ﷺ) അത് രഹസ്യമായി സൂക്ഷിക്കാൻ അയാളോട് ആവശ്യപ്പെടുകയും “യുദ്ധമെന്നാൽ ഒരർത്ഥത്തിലുള്ള വഞ്ചനയാണ് അതിനാൽ നിനക്ക് കഴിയുന്ന രൂപത്തിൽ ശത്രുപാളയത്തിൽ നിന്ന് പ്രവർത്തിക്കുക” എന്ന് കൽപ്പിക്കുകയും ചെയ്തു.

നബി(ﷺ)യുടെ കൽപ്പന അനുസരിച്ച് നഈം (رضي الله عنه) ബനൂ ഖുറൈളയേയും ഖുറൈശികളേയും ഗത്ഫാൻകാരെയും പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടവിധം ആക്കിത്തീർക്കാനായി പ്രവർത്തിച്ചു. അതി സമർത്ഥമായ തന്റെ പ്രവർത്തനം വിജയിക്കുകയും ചെയ്തു. അതോടൊപ്പം പ്രവാചകനും മുസ്‌ലിംകളും നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. അല്ലാഹു പ്രാർത്ഥനസ്വീകരിച്ചു. ശ്രതുക്കളിൽ ഭീതിയുളവാകുന്ന വിധം ഒരു ഭാഗത്ത് മലക്കുകളെ ഇറക്കി സഹായിച്ചു. അതോടൊപ്പം മറെറാരുനിലക്ക് അതി ശക്തമായ നിലക്കുള്ള കാററും അടിച്ചുവീശിക്കൊണ്ടിരുന്നു. കാറ്റ് മൂലം അവരുടെ ടെൻറുകൾ തകർന്നു. അടുപ്പത്തിരുന്ന കഞ്ഞിക്കലങ്ങൾ പോലും പാറിപ്പറന്നുപോയിരുന്നു എന്ന് ചരിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അതിശക്തമായ മഴയിലും ശത്രുപാളയത്തിൽ കൂട്ടക്കരച്ചിലും രോദനങ്ങളും ഉയർന്നു. അതിനിടയിൽ വാളുകളും കുന്തങ്ങളും കൂട്ടിമുട്ടുന്ന ശബ്ദങ്ങളും. ആകെ ഭീതി നിറത്ത അന്തരീക്ഷം ശക്തമായ കൂരിരുട്ടും!

ഈ അവസരത്തിൽ അവരുടെ വിവരങ്ങൾ കൃത്യമായി അറിയാൻ ആരെയെങ്കിലും പറഞ്ഞയക്കാൻ പവാചകൻ തീരുമാനിച്ചു. പക്ഷേ കൊടും തണുപ്പത്ത് ആരെ അയക്കും?! ഉടനെ പ്രവാചകൻ (ﷺ) ഇങ്ങിനെ പറഞ്ഞു: “ശ്രതുക്കളുടെ തമ്പിൽ പോയി വിവരം അറിഞ്ഞു വരുന്നവൻ എന്റെ കൂടെ സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കാൻ ഞാനിതാ പ്രാർത്ഥിക്കുന്നു. ആരുണ്ട് പോയി വരാൻ ?” ഉടനെ ഹുദൈഫത്ത് ബ്നുൽ യമാൻ (رضي الله عنه) അതിന് തയ്യാറായി. അദ്ദേഹം ചെന്ന് നോക്കിയപ്പോൾ അല്ലാഹുവിൻറ സൈന്യത്തെയല്ലാതെ മററാരെയും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അബൂസുഫ്യാൻ അന്നേരം വിളിച്ചു പറയുന്നത് കേട്ടു. ഓരോരുത്തരും തൻറെ അടുത്താരാണ് എന്ന് അറിഞ്ഞിരിക്കണം. ഉടനെ ഹുദൈഫ(رضي الله عنه) അടുത്തുള്ള ആളുടെ പിടിച്ച് നിങ്ങളാരാണ് എന്ന് ചോദിച്ചു; എന്ന് അദ്ദേഹം പിന്നീട് പ്രവാചക സന്നിധിയിൽ വന്ന് വിവരിച്ച് കൂട്ടത്തിൽ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. പിന്നീട് അബൂസുഫ്യാൻ ശബ്ദം കേട്ടത് “ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. കുതിരകളും ഒട്ടകങ്ങളും എല്ലാം നഷ്ടപ്പെടും അതിനാൽ ഉടനെ പുറപ്പെടുക. നമുക്ക് മടങ്ങാം” എന്ന് വിളിച്ചു പറയുന്നതായിരുന്നു. അങ്ങിനെ രാതിക്ക് രാത്രി തന്നെ അവർ ഓടി രക്ഷപ്പെട്ടു. വിശ്വാസികൾ വിജയശ്രീലാളിതരായി അല്ലാഹുവിന് ശുക് രേഖപ്പെടുത്തി മദീനയിലെ തങ്ങളുടെ സ്ഥലത്തേക്കും മടങ്ങി. അല്ലാഹു വിശ്വാസികളുടെ വിഷമങ്ങളും പ്രയാസങ്ങളും അതോടെ നീക്കുകയുംചെയ്തു. പ്രവാചകനും അനുയായികളും ഇപ്രകാരം പറഞ്ഞു കൊണ്ടായിരുന്നു മടങ്ങിയിരുന്നത്. “

(അല്ലാഹു ഏകനാണ്. അവനല്ലാതെ ആരാധ്യനില്ല. അവന്ന് ആരും പങ്കുകാരില്ല. അവനാണ് അധികാരങ്ങൾ. സ്തോത്രങ്ങളും അവന്. അവൻ സർവ്വശക്തനാണ്. റബ്ബിനെ സ്തുതിക്കുന്നവരും, ആരാധിക്കുന്നവരും, അവൻറ മുന്നിൽ മാത്രം നമിക്കുന്നവരും, പശ്ചാതാപ മനസ്കരുമായി ഞങ്ങളിതാ മടങ്ങുന്നു. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം പൂർത്തീകരിച്ചു, തന്റെ ദാസനെ അവൻ സഹായിച്ചു, ശേഷം ഒന്നുമില്ലാത്ത വിധം ശ്രതുസേനകളെ അവൻ ഒററക്ക് പരാജയപ്പെടുത്തി).

അഹ്സാബിന് ശേഷം മക്കാ വിജയം വരെ മുസ്‌ലിംകൾക്ക് എല്ലാ നിലക്കും വിജയങ്ങളുടേയും സഹായങ്ങളുടേയും കാലമായിരുന്നു. സൂറ: അഹ്സാബിലെ 9 മുതൽ ദീർഘമായ ആയത്തുകൾ പ്രസ്തുത സംബന്ധമായി അവതരിച്ചിട്ടുള്ളതാണ്. അറിഞ്ഞിരിക്കേണ്ട മററു കാര്യങ്ങൾ ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ നമുക്ക് ഇങ്ങനെ കാണാം – “ഉമർ(رضي الله عنه), നബി(ﷺ)യുടെ അടുക്കൽ വന്ന് മുശ്രികുകളെ ചീത്ത വിളിച്ചു കൊണ്ട് പറഞ്ഞു: നബിയേ, അസ്തമിക്കുന്നത് വരെ അസർ  നമസ്കരിക്കാൻ കഴിഞ്ഞില്ലല്ലൊ ! അപ്പോൾ നബി (ﷺ)യും അത് തന്നെ പറയുകയും. ശേഷം സ്വഹാബികളേയും താഴ്ഭാഗത്തേക്ക് ഇറക്കി വുദുവെടുത്ത് ആദ്യം അസ്വറും (അസ്തമിച്ച ശേഷം) പിന്നീട് മഗ്രിബും നമസ്കരിച്ചു. പിന്നീട് ശത്രുക്കൾക്ക് എതിരിൽ പ്രാർത്ഥിച്ച വചനങ്ങൾ കാണുക: മലഅല്ലാഹു അലൈഹിം കുബ്ദുറഹും വ ബുയൂത്വഹൂം നാറാ, കമാശഗലൂനാ അനി സ്വലാതിൽ വുസ്ത്വാ ഹത്താ ഗാബതിശ്ശംസ് (അസ്തമിക്കുന്നത് വരെ സ്വലാതുൽ വുസ്ത്വ(അസ്വർ നമസ്കാരം) നിർവ്വ ഹിക്കാൻ കഴിയാത്ത വിധം ഞങ്ങളെ അശ്രദ്ധയിലാക്കിയ വിഭാഗത്തിൻറ വീടുകളും ഖബറുകളും നാഥാ നാഥാ നീ നരകം കൊണ്ട് നിറക്കേണമേ)” നോക്കു സ്വന്തം ശരീരത്തിന് താങ്ങാൻ കഴിയാത്ത കടുത്ത മർദ്ദനങ്ങൾ ഏൽപ്പിച്ച ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കാൻ പ്രാർത്ഥിച്ച് പ്രവാചകൻ(ﷺ) നമസ്കാരം അശ്രദ്ധയിലാക്കിയവർക്ക് വേണ്ടി (പ്രാർത്ഥിച്ചതാകട്ടെ നരകം കൊടുക്കാൻ !! ഉറക്കമോ മറവിയോ കാരണം സമയം തെറ്റിയാലും ആദ്യത്തെ നമസ്കാരം നിർവ്വഹിച്ചതിന് ശേഷമായിരിക്കണം പിന്നീട് ഉള്ള നമസ്കാരം നിർവ്വഹിക്കേണ്ടത്. എന്ന കാര്യവും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

തുർമുദി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ അബൂത്വൽഹ (رضي الله عنه) പറയുന്നു: “ഞങ്ങൾ വിശപ്പ് സഹിക്കാനാവാതെ നബി (ﷺ)യുടെ അടുക്കൽ ചെന്ന് വസ്ത്രം പൊക്കി വയർ കാണിച്ചുകൊണ്ട് നബിയേ, കല്ല് വെച്ച് കെട്ടിയിട്ട് പോലും നിൽക്കാനാകുന്നില്ലെന്ന് പറഞ്ഞു. പ്രവാചകൻ (ﷺ) തന്റെ വസ്ത്രം പൊക്കി വയർ കാണിച്ചപ്പോൾ നബി(ﷺ)യുടെ വയററത്ത് രണ്ട് കല്ലുകൾ വെച്ചുകെട്ടിയിരുന്നതായി ഞങ്ങൾ കണ്ടു. ‘ നോക്കു പ്രവാചകജീവിതത്തിലെ ഓരോ സംഭവങ്ങൾ !,

ഇമാം ബുഖാരി രേഖപ്പെടുത്തിയ മറെറാരു “പ്രവാചകൻ വിഷമാവസ്ഥ മനസ്സിലാക്കിയ ജാബിറു ബ്നു അബ്ദുല്ല (رضي الله عنه) ഒരു ആട്ടിൻ കുട്ടിയെ അറുക്കുകയും അന്നേരം സംഭവം തൻറെ ഭാര്യയോട് അത് പാകം ചെയ്ത് പ്രവാചകന് നൽകാൻ പറഞ്ഞു. അവർ അൽപം ഗോതമ്പ് കൊണ്ട് റൊട്ടിയുണ്ടാക്കി. നബി(ﷺ)യോട് ഏതാനും ആളുകളെ മാത്രം കൂട്ടി തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. പ്രവാചകൻ(ﷺ) യാകട്ടെ ഖൻദഖിലുണ്ടായിരുന്ന ആയിരത്തോളം വരുന്ന സ്വഹാബികളേയും കൊണ്ട് ചെന്നു. അവർ എല്ലാവരും സുഭിക്ഷമായി അതിൽ നിന്നും ഭക്ഷിച്ചു. എന്നിട്ടും കറിപ്പാതവും റൊട്ടിയുടെ പാതവും അതേ പോലെ തീരെ എടുക്കാത്ത വിധം നിറഞ്ഞുതന്നെ അവശേഷിക്കുകയും ചെയ്തു.” നബി(ﷺ)യുടെ മുഅ്ജിസത്ത് (അമാനുഷിക സംഭവം) പ്രകടമായ ഈ രൂപത്തിലുള്ള വേറേയും കഥകൾ മററ് ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതേ ഖൻദഖിലാണ് പ്രവാചകനും അനുയായികളും വിശപ്പ് കാരണം വയററത്ത് കല്ലുകൾ കെട്ടിയിരുന്നതും. അപ്പോൾ ഒരുകാര്യം വ്യക്തം. അമാനുഷിക സംഭവങ്ങൾ പ്രവാചകന്മാർക്ക് അവർക്ക് ആവശ്യമുള്ളപ്പോൾ അവർക്ക് തോന്നുന്ന വിധം പ്രവർത്തിക്കാൻ കഴിയുന്ന ഒന്നല്ല; മറിച്ച് അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവരിലൂടെ പ്രകടമാകുന്ന ഒന്നാണത് എന്ന് വ്യക്തം.

ഖൻദഖ് യുദ്ധത്തിൽ മുറിവ് പറ്റിയ സ്വഹാബിയായ സഅദ്ബ്നു മുആദ്(رضي الله عنه) വിനെ നബി(ﷺ) താമസിപ്പിച്ച് ചികിൽസിച്ചിരുന്നത് പള്ളിയിൽ പ്രത്യേകം ടെൻറ് കെട്ടിക്കൊണ്ടായിരുന്നു. കാരണം പള്ളി ജനോപകാരപ്രദമായ ഏത് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

അദ്ദേഹത്തിൻറ മുറിവിൽ നിന്നും ഒരിക്കൽ അടുത്തടെൻറു കാരുടെ അടുത്തേക്ക് രക്തം ഒലിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ട് ചെന്ന് നോക്കിയപ്പോഴാണ് അദ്ദേഹം രകസാ ക്ഷിയായ വിവരം സ്വഹാബികൾ അറിഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് നബി(ﷺ) പറഞ്ഞത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക : “സഅദ് ബ് മുആ ദിൻറ മരണം കാരണം അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങുകയുണ്ടായി”, 

 
അബ്ദുൽ ലത്തീഫ് സുല്ലമി

1 thought on “10 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം”

  1. അക്ഷര തെറ്റുകൾ ശെരിയാക്കിയാൽ വായനക്കാർക് കുറച്ചു കുടി എളുപ്പമാകും .
    ഇനിയും ഒരുപാട് അറിവുകൾ നിങ്ങളുടെ ഈ ഉദ്യമം കൊണ്ട് ജനങ്ങളിൽ എത്തിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു

    Reply

Leave a Comment