മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 11]

ഹുദൈബിയ്യ സന്ധി
ഹിജ്റ: ആറാം കൊല്ലം നടന്ന ഏററവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഹുദൈബിയ്യ സന്ധി. മക്കയോട് വിടപറഞ്ഞിട്ട് വർഷങ്ങൾ ആറ് പിന്നിട്ടുകഴിഞ്ഞു. മുസ്‌ലിംകൾ പലരും പൂർവ്വികരായി ആദരിച്ചു വന്നിരുന്ന, തങ്ങൾ നമസ്കാരത്തിൽ തിരിഞ്ഞുനിന്ന് പ്രാർത്ഥിക്കുന്ന കഅബയൊന്ന് സന്ദർശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന തങ്ങളുടെ ആഗ്രഹം പ്രവാചകൻ മുന്നിൽ പ്രകടിപ്പിച്ചു. ആ അവസരത്തിൽ നബി(ﷺ)യും അനുയായികളും നിർഭയരായി തലമുടി കളഞ്ഞവരും മുടി വെട്ടിയവരുമായ നിലയിൽ കഅബയിൽ പ്രവേശിക്കുന്നതായി ഒരു സ്വപ്നം കാണുകയും ചെയ്തു. ഖുർആൻ ഫത്ഹ് 27ാം വചനത്തിൽ വിവരിക്കുന്നുണ്ട്. പ്രവാചകൻ(ﷺ) താൻ കണ്ട സ്വപ്നത്തെ സംബന്ധിച്ച് സ്വഹാബികളെ അറിയിച്ചു. അതനുസരിച്ച് അവരോട് ഉംറ നിർവ്വഹിക്കാൻ പുറപ്പെടാൻ ആഹ്വാനം ചെയ്തു. പ്രവാചകൻ(ﷺ) യുടെ കൽപ്പന കേട്ട്, 1500 പേരടങ്ങുന്നഒരു സംഘം ഉംറക്ക് തയ്യാറെടുത്തു. നബി(ﷺ) അവരേയും കൊണ്ട് മക്കയിലേക്ക് പറപ്പെട്ടു. അവർ യുദ്ധം ചെയ്യാനുള്ള ഉദ്ദേശ്യത്തിലല്ല വരുന്നതെന്ന് അറിയാൻ ഇഹ്റാമിന്റെ വസ്ത്രം ധരിച്ച് തൽബിയത്ത് (ഉംറക്കോ ഹജ്ജിനോ പ്രവേശിച്ചു കഴിഞ്ഞാൽ ചൊല്ലിക്കൊണ്ടിരിക്കുന്ന കീർത്തനം) ചൊല്ലി, ബലിമൃഗത്തേയും കൊണ്ടായിരുന്നു പുറപ്പെട്ടിരുന്നത്. പക്ഷേ മക്കയുടെ ഏകദേശം അടുത്ത്, ഹുദൈബിയ്യയിൽ എത്തിയപ്പോൾ നബി(ﷺ)യുടെ വാഹനം അവിടെ മുട്ടുകുത്തിയത് അനുസരിച്ച് അവർ ഹുദൈബിയ്യയിൽ ഇറങ്ങി. ഈ പുറപ്പാടിനെ സംബന്ധിച്ച് വിവരം ലഭിച്ച ഖുറൈശികൾ വിവരം അറിയാൻ ബുദൈലുബ് വറഖാഅ്, മിക്സസ്, ഹുലൈസു ബ്നു അർഖമ: തുടങ്ങിയ പലരേയും മുസ്‌ലിംകളുടെ അടുത്തേക്ക് അയച്ചു. എല്ലാവരും മുസ്‌ലിംകൾ യുദ്ധത്തിനായല്ല വരുന്നത് എന്ന് ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു ഉപാധിയും കൂടാതെ വിശ്വാസികൾ മക്കയിൽ പ്രവേശിച്ചു എന്നതിലുള്ള അപമാനം കാരണത്താൽ ചില വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമേ അനുവദിച്ചുകൂട്ടു എന്നതിൽ ഉറച്ചുനിന്നു.
ഈ അവസരത്തിൽ മക്കക്കാരുടെ ഉദ്ദേശ്യം അറിയാൻ നബി(ﷺ) ഉഥ്മാൻ (رضي الله عنه) വിനെ അവരിലേക്ക് അയച്ചു. ഉഥ്മാൻ (رضي الله عنه)വിനോട് അവർ ത്വവാഫ് ചെയ്തുകൊള്ളാൻ പറഞ്ഞു. അന്നേരം പ്രവാചകനെ അനുവദിക്കാത്ത നിലക്ക് ഞാൻ ത്വവാഫ് ചെയ്യില്ലെന്ന് പറഞ്ഞു പിൻമാറി. ഖുറൈശികളാകട്ടെ ഉഥ്മാനെ മക്കയിൽ പിടിച്ചുവെച്ചു. എന്നാൽ ഈ അവസരത്തിൽ ഉഥ്മാൻ(رضي الله عنه) കൊല്ലപ്പെട്ടിരിക്കുന്നു; എന്ന് പ്രചരിച്ചു. ഇത് പ്രവാചകനേയും വിശ്വാസികളേയും വല്ലാതെ പ്രയാസപ്പെടുത്തുകയും ഇതിന്പ്രതികാരം ചെയ്യാനായി വിശ്വാസികൾ പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകൻ (ﷺ) അത് അംഗീകരിച്ചു; ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം എന്നതിൽ ഉറച്ചു നിൽക്കുമെന്ന് വിശ്വാസികൾ ഒരു മരച്ചുവട്ടിൽ വെച്ച് ബൈഅത്ത് (ഉടമ്പടി) ചെയ്തു. ഇക്കാര്യം ഖുർആൻ ഫത്ഹ് 18 ൽ വിവരിക്കുന്നുണ്ട്. ഇതാണ് അത് രിദ്വാൻ എന്ന് അറിയപ്പെടുന്നത്.
ഈ ഉടമ്പടി പൂർത്തിയാകുമ്പോഴേക്ക് ഉഥ്മാൻ(رضي الله عنه) സുരക്ഷിതനായി തിരിച്ചെത്തി. മുസ്‌ലിംകളുടെ ഉടമ്പടിയുടെ കാര്യം അറിഞ്ഞ മുശ്രികുകൾ എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കുന്നതിന് വേണ്ടി സംസാരിക്കാൻ ചില വ്യവസ്ഥകളുമായി സുഹൈൽ(رضي الله عنه)വിനെ പറഞ്ഞയച്ചു. അദ്ദേഹം പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകളിൽ എത്തിച്ചേർന്നു.
1. ഈ വർഷം പ്രവാചകനും അനുയായികളും മടങ്ങിപ്പോവുകയും അടുത്ത വർഷം വന്ന് ഉംറ നിർവ്വഹിക്കുകയും ചെയ്യുക.
2. അടുത്ത പത്ത് വർഷത്തേക്ക് അന്യോന്യം യുദ്ധം ചെയ്യാതിരിക്കുക.
3. മുശികുകളുടെ ഭാഗത്ത് നിന്ന് ആരെങ്കിലും മുസ്‌ലിംകളുടെ ഭാഗത്തേക്ക് എത്തിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്‌ലിം കളിൽ നിന്ന് ആരെങ്കിലും മുശ്രികുകളുടെ ഭാഗത്തേക്ക് പോയാൽ അവരെ തിരിച്ചയ ക്കുന്നതല്ല.
4. ഈ കരാറിൽ ഏതെങ്കിലും വിഭാഗം കക്ഷിചേരുകയാണെങ്കിൽ അവർക്കും കരാർ വ്യവസ്ഥകൾ ബാധകമായിരിക്കും. ഈ കരാർ അംഗീകരിക്കാൻ മുസ്‌ലിംകൾ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും അവസാനം അംഗീകരിക്കപ്പെടുക തന്നെ ചെയ്തു.
പിന്നീട് കരാർ എഴുതി രേഖപ്പെടുത്താൻ മുസ്‌ലിംകളുടെ പക്ഷത്ത് നിന്ന് അലി(رضي الله عنه)വിനെ പ്രവാചകൻ തിരഞ്ഞടുത്തു. പ്രവാചകൻ(ﷺ) വാചകങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിൽ ബിസ്മില്ലാഹി റഹ്മാനി റഹീം (കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിൻറ നാമത്തിൽ) ഇത് കേട്ട ഉടനെ സുഹൈൽ എതിർത്തു. അല്ലാഹു റഹ്മാനാണ് എന്ന് ഞങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ എങ്ങിനെ തുടങ്ങണം ? അദ്ദേഹം പറഞ്ഞു: ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻറെ നാമത്തിൽ) അങ്ങിനെ അത് രേഖപ്പെടുത്തി. പിന്നെ, ഹാദാ മാ സ്വാലഹ് അലൈ ഹി മുഹമ്മദൻ റസൂലുല്ലാഹി മഅ സുഹൈലുബ അംറ് (ഇത് അല്ലാഹുവിൻറെ റസൂൽ മുഹമ്മദ് സുഹൈ ലു ബ്നു അംറുമായി എഴുതുന്ന കരാർ) എന്ന് എഴുതാൻ പറഞ്ഞു; ഉടനെ വീണ്ടും സുഹൈൽ ഇടപെട്ടുകൊണ്ട് പറഞ്ഞു: നീ അല്ലാഹുവിൻറെ പ്രവാചകനാണ് എന്ന് ഞങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങൾക്കൊന്നും ഇടയുണ്ടാകുകയില്ലല്ലൊ. അതിനാൽ റസൂലുല്ലാ എന്നതിന് പകരം അബ്ദുല്ലയുടെ മകൻ മുഹമ്മദ് എന്ന് എഴുതണം. നബി(ﷺ) അംഗീകരിച്ചുകൊണ്ട് പറഞ്ഞു. ശരി, പക്ഷേ നിങ്ങൾ എതിർത്താലും ഞാൻ അല്ലാഹുവിൻറ പ്രവാചകൻ തന്നെയാണ്. റസൂലുല്ലാ എന്ന് എഴുതിയത് മായ്ക്കാൻ അലി(رضي الله عنه) വിസമ്മതിച്ചപ്പോൾ നബി(ﷺ)തന്നെ അത് വെട്ടുകയും ശേഷം കരാർ മുകളിൽ പറയപ്പെട്ട വ്യവസ്ഥകൾ ഉൾപ്പടെ രണ്ട് കോപ്പി എഴുതി പ്രവാചകനും സുഹൈലും സാക്ഷികളും ഒപ്പ് വെച്ച് ഇരു വിഭാഗത്തേയും ഓരോ കോപ്പി ഏൽപ്പിച്ചു.
കരാർ ഒപ്പു വെക്കുന്നതിനിടയിൽ സുഹൈലിന്റെ മകൻ അബൂജൻദൽ(رضي الله عنه) തടവിൽ നിന്നും ചാടി കൈകാലുകളിൽ ചങ്ങലകൾ ബന്ധിക്കപ്പെട്ട നിലയിൽ, എന്നെ രക്ഷിക്കൂ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അവിടെ എത്തി. ഉടനെ അദ്ദേഹത്തിൻറെ പിതാവ് മുഖത്ത് ഒരടികൊടുത്ത്കൊണ്ട് പോകാൻ പറഞ്ഞു; തുടർന്ന് കരാർ നടപ്പാക്കുന്നതിലെ ആദ്യ രംഗമാണിത്; അത്കൊണ്ട് അവനെ തിരിച്ചയക്കണം എന്ന് നബിയോടായി പറഞ്ഞു. നബി(ﷺ) അബു ജൻദലിനോട് പറഞ്ഞു: “അബൂജൻദൽ ക്ഷമിക്കുക, അല്ലാഹു താങ്കൾക്കും താങ്കളെപ്പോലെയുള്ള മററുള്ളവർ ക്കും ഒരു മാർഗ്ഗം കാണിച്ചുതരാതിരിക്കുകയില്ല. അത് കൊണ്ട് താങ്കൾ മടങ്ങിപ്പോകണം. ഞങ്ങൾ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.” ഉമർ(رضي الله عنه) വിനെപ്പോലുള്ളവർ അങ്ങയററം രോഷാകുലരായിരുന്നു പ്രസ്തുത സംഭവത്തിൽ. നബി(ﷺ) എല്ലാവരേയും സമാധാനിപ്പിച്ചു ശാന്തരാക്കി. ഒരു ശേഷം ചില സ്ത്രീകളും ഖുറൈശികളിൽ നിന്നും രക്ഷപ്പെട്ട് പ്രവാചകന്റെ അടുക്കലെത്തി. അവരെയും തിരിച്ചയക്കാൻ മുശ്രികുകൾ ആവശ്യപ്പെട്ടുവെങ്കിലും കരാറിൽ സ്ത്രീകളുടെ കാര്യം പറയാത്തതിനാൽ പ്രവാചകൻ(ﷺ) അത് നിരസിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തു.
സന്ധിപ്രകാരം തിരിച്ചു പോരേണ്ടതിനാൽ ഇഹ്റാമിൽനിന്ന് ഒഴിവായി ബലിമൃഗത്തെ അറുക്കാൻ പറഞ്ഞു. പക്ഷേ സ്വഹാബികൾ സന്ധിയിലും ഉംറ നിർവ്വഹിക്കാതെതിരിച്ചു പോകുന്നതിലും തീർത്തും അസംതൃപ്തരായിരുന്നു. അതിനാൽ രണ്ട് മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞിട്ടും സ്വഹാബികൾ ആരും എഴുന്നേൽക്കാത്തതിൽ പ്രവാചകൻ(ﷺ) വിഷമിച്ചു. ഇനി എന്ത് ചെയ്യണം എന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ഉമ്മുസൽമ (رضي الله عنها) യുമായി ആലോചിച്ചു അവർ പറഞ്ഞു: പ്രവാചകരെ, അങ്ങ് ആദ്യം താങ്കളുടെ മൃഗത്തെ അറുക്കുകയും തലമുടി കളയുകയും ചെയ്യുക. അപ്പോൾ ബാക്കിയുള്ളവരും അത് അംഗീകരിച്ചുകൊള്ളും. പറഞ്ഞ പ്രകാരം നബി(ﷺ) അറുക്കുകയും മുടി കളയുകയും ചെയ്തപ്പോൾ സ്വഹാബികളും അതുപോലെ പ്രവർത്തിച്ചു.
നബി(ﷺ)യും സ്വഹാബികളും മദീനയിലേക്ക് തന്നെ തിരിച്ചുപോയി. വഴിക്ക് വെച്ച് സൂറത്തുൽ ഫത്ഹ് അവതരിച്ചു. ഇന്നാ ഫതഹ്നാ ലക ഫത്ഹൻ മുബീനാ (തീർച്ചയായും താങ്കൾക്ക് നാം വ്യക്തമായ ഒരു വിജയം നൽകിയിരിക്കുന്നു) പ്രമുഖരായ മുഫസ്സിറുകൾ ഫത്ഹൻ ബീനാ എന്നത് ഹുദൈബിയാ സന്ധിയാണ് എന്ന് തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്.
“ഹുദൈബിയാ സന്ധിയിലൂടെ മുസ്‌ലിംകൾക്ക് കൈവന്ന നേട്ടങ്ങൾ വലയിരുത്തിയാൽ പലരും ഏററവും വലിയ നേട്ടമായി കാണുന്ന മക്കം ഫത്ഹ് ഒന്നും തന്നെയല്ല”എന്ന് അബൂബക്കർ (رضي الله عنه) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഹുദൈബിയ്യയിലെ നേട്ടങ്ങൾ
1. മുശ്രികുൾ ആട്ടിപ്പുറത്താക്കിയ മുസ്‌ലിംകളെ തങ്ങളോടൊപ്പം അംഗീകരിച്ചു. കാരണം തുല്യർ തമ്മിലാണല്ലൊ സന്ധിയിൽ ഏർപ്പെടുക.
2. പത്ത് കൊല്ലം യുദ്ധമില്ലാ കാലമാക്കി പ്രഖ്യാപിച്ചതിനാൽ ദഅ്വത്ത് (പ്രബോധനം) വ്യാപകമാക്കാൻ കഴിഞ്ഞു. അതിനാലാണ് ഹുദൈബിയ്യയിൽ 1500 പേർ നബി(ﷺ)യോടൊപ്പമുണ്ടായിരുന്നത് മക്കം ഫത്ഹ്സമയത്ത് 10000 ആയിട്ടുണ്ടായിരുന്നു.
3. മുസ്‌ലിംകൾക്ക് യാതൊരു ഭയവുമില്ലാതെ സമാധാനത്തോടെ ഉംറ നിർവ്വഹിക്കാൻ സാധിച്ചു.
4 മുസ്ലിമായി വന്നവരെ മുശ്രികുകളിലേക്ക് തിരിച്ചയക്കുക എന്നത് പ്രയാസകരമായി കണ്ടത് അസ്ഥാനത്തായിരുന്നു; എന്ന് മാത്രമല്ല അത് മുസ്‌ലിംകൾക്ക് ഗുണകരമായി ഭവിച്ചു. മുശ്രികുകൾ പിന്നീട് പ്രസ്തുത നിബന്ധന തന്നെ ഭേദഗതി വരുത്താൻ വരെ നിർബന്ധിതരായി.
5. ഇസ്‌ലാം പുറം നാടുകളിലേക്കുകൂടി വ്യാപിക്കുന്നതിന് ഇക്കാലയളവിൽ പ്രവാചകൻ നടത്തിയ എഴുത്തുകൾ വഴിതെളിയിച്ചു.
6. ഖാലിദ് ബ്നു വലീദ്, അംറുബ്നുൽ ആസ്, ഉഥ്മാനു ത്വൽഹഃ എന്നീ പ്രമുഖരായ സ്വഹാബികളും ഈ അവസരത്തിലാണ് ഇസ്ലാമിലേക്ക്വന്ന ത്. അവർ മുസ്ലിമായി എത്തിയപ്പോൾ പ്രവാചകൻ(ﷺ) “മക്കഅതിൻറ കരളിതാനമ്മിലേക്ക്ഇട്ടു തന്നിരിക്കുന്നു” എന്ന് പറഞ്ഞതായി ചരിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
അബൂ ജൻദൽ(رضي الله عنه)വും അദ്ദേഹത്തെപ്പോലെ മടക്കി അയക്കപ്പെട്ട അബൂ ബസ്വീറും മക്കയിൽ ഖുറൈശികൾക്കെതിരിൽ ഒരു വലിയ സംഘത്ത ഉണ്ടാക്കിയെടുത്തു. അവർ സകലവിധേനയും മുശ്രികുകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. അവസാനം അബൂബസ്വീറിനെ തിരിച്ചുവിളിക്കാനും മേലിൽ മുസ്ലിമായി മക്കയിൽ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കേണ്ടതില്ലെന്നും ഖുറൈശികൾ നബി(ﷺ)യോട് ആവശ്യപ്പെട്ടു. നോക്കൂ പ്രവാചകൻ ദീർഘദൃഷ്ടി !! മുസ്ലിംകളിൽനിന്ന് ഒരാൾ മക്കയിലേക്ക് ശ്രതുപക്ഷത്തേക്ക് മാറിയ ഒരാളെ മുസ്‌ലിംകൾക്ക് തന്നെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുക. എന്നാൽ മുസ്ലിമായ ഒരു വ്യക്തി എവിടെയായിരുന്നാലും അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നുള്ളത് ഉറപ്പാണ് താനും. ഇക്കാര്യം ഹുദൈബിയ്യ സന്ധിയിലൂടെ വ്യക്തമാവുകയും ചെയ്തു. രാജാക്കന്മാരിലേക്കുളള പ്രബോധനം ഹുദൈബിയ സന്ധിക്ക് ശേഷം പ്രവാചകൻ സ്വീകരിച്ച പ്രധാനമായ ഒരു പ്രബോധനമാർഗ്ഗമായിരുന്നു വിവിധനാടുകളിലേക്ക് അവിടുത്തെ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയച്ചു എന്നുള്ളത്. ഇതനുസരിച്ച് റോമിലെ ഹിർക്കൽ, പേർഷ്യയിലെ കിസ്റാ, ഈജിപ്തിലെ മുഖൗഖിസ്, അബ്സീനിയയിലെ നജ്ജാശി, ബഹ്റയിയിലെ മുൻദിറു ബ്നു സാവ, ബസ്വറയിലെ അമീർ, ഡമസ്കസിലെ അമീർ, യമാമയിലെ ഭരണാധികാരി, യമനിലെ ഹിംയർ, ഒമാനിലെ രാജാവ് എന്നിവർക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയക്കുകയുണ്ടായി.
ഹിർഖൽ ചക്രവർത്തി കത്ത് വായിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പറ്റുന്ന ഒരാളെ തിരയുകയും അതനുസരിച്ച് കച്ചവടാവശ്യാർത്ഥം ശാമിലേക്ക് പോയിരുന്ന അബൂസുഫ്യാനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ കൊട്ടാരനിവാസികളെ വിളിച്ചുകൊണ്ട് നിങ്ങൾക്ക് വിജയവും സന്മാർഗ്ഗവും പ്രാപിക്കേണമെങ്കിൽ; എഴുത്ത് വായിച്ച് കേൾപ്പിച്ചുകൊണ്ട് പ്രവാചകൻ(ﷺ) യിൽ വിശ്വസിക്കാനും പിൻപററാനും ആവശ്യപ്പെട്ടു. കൂടാതെ തീർച്ചയായും അദ്ദേഹം എന്റെ ഈ സ്ഥാനം പോലും കയ്യടക്കുന്ന ഒരു കാലം വരും. ഞാൻ അദ്ദേഹത്തിനടുത്തുണ്ടാകുമെങ്കിൽ അദ്ദേഹത്തിന്റെ തൃപാദങ്ങൾ കഴുകിക്കൊടുക്കും എന്നു വരെ പറഞ്ഞു. അന്നേരം അവിടെയുണ്ടായിരുന്നവർ അത് അംഗീകരിക്കാൻ തയ്യാറില്ലാതെ ബഹളംവെച്ചു. ഉടനെ ഞാൻ നിങ്ങളെ പരീക്ഷിക്കാൻ പറഞ്ഞതാണ് എന്ന് പറഞ്ഞു. അന്നേരം എല്ലാവരും തന്റെ കാൽക്കൽ സാഷ്ടാംഗം നമിച്ചു. അതോടെ അധികാരം നഷ്ടമാകും എന്ന് കണ്ട് ആദർശത്ത കയ്യൊഴിക്കുകയും ചെയ്തു.
ഈജിപ്തിലെ മുഖൗഖിസ് രാജാവ് കത്ത് ലഭിച്ചപ്പോൾ കത്തുമായി ചെന്ന ഹാതിബ് ബ്നു അബീ ബൽതഅയെ ആദരിച്ചു. അദ്ദേഹത്തോട് പ്രവാചകനെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചകനെ സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയിരുന്നത് അദ്ദേഹം ശാമിൽ നിന്നായിരിക്കും എന്നായിരുന്നു. എന്ന് മാത്രം അറിയിച്ചു കൊണ്ട് കത്തിന് മറുപടി നൽകിക്കൊണ്ട് മാന്യമായി പ്തികരിക്കുകയും മാരിയത്ത് എന്ന അടിമ സ്ത്രീ അടക്കം ധാരാളം പാരിതോഷികങ്ങൾ കൊടുത്തയക്കുകയും ചെയ്തു. അധികാര മോഹത്താൽ അദ്ദേഹവും സത്യം അറിഞ്ഞിട്ടും വിശ്വാസിക്കാൻ തയ്യാറായില്ല എന്നാണ് മനസ്സിലാകുന്നത്.
അബ്സീനിയയിലെ നജ്ജാശീ രാജാവിന് കത്ത് ലഭിച്ചപ്പോൾ അദ്ദേഹം കത്തുമായി ചെന്ന വ്യക്തിയെ ആദരിക്കുകയും ഈസാ നബി(عليه السلام)യുടെ, പ്രവാചകനെ സംബന്ധിച്ച് സുവിശേഷം അനുസ്മരിച്ചുകൊണ്ട് മുസ്ലിമാവുകയും ചെയ്തു. ഹിജ്റ: ഒമ്പതാം കൊല്ലം അദ്ദേഹം മരണപ്പെട്ട വിവരം അല്ലാഹു നബി(ﷺ)യെ അറിയിക്കുകയും നബി(ﷺ) സ്വഹാബികളേയും കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഗാഇബായ നിലക്ക് മയ്യത്ത് മുന്നിലില്ലാതെ മയ്യത്ത് നമസ്കരിക്കുകയും ചെയ്തു. മറ്റ് അവസരങ്ങളിൽ മയ്യത്ത് മുന്നിൽ വെച്ചോ അതല്ലെങ്കിൽ ഖബ്റിന്നടുത്ത് വെച്ചോ അല്ലാതെ പ്രവാചകൻ(ﷺ) ഒരാൾക്കും മയ്യത്ത് നമസ്കരിച്ചിട്ടുമില്ല.
എന്നാൽ മയ്യത്ത് നമസ്കരിക്കപ്പെട്ട നജ്ജാശി രാജാവ്നേരത്തെ മുസ്‌ലിംകൾ അങ്ങോട്ട് ഹിജ്റ പോയപ്പോൾ വിശ്വസിച്ചതായിരുന്നു. ഹുദൈബിയക്ക് ശേഷം കത്ത് അയക്കപ്പെട്ടത് അദ്ദേഹത്തിന്റെ പിൻഗാമിക്കായിരുന്നു. അദ്ദേഹം വിശ്വസിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. എന്നും ചരിത്രകാരന്മാർ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ്. പേർഷ്യയിലെ രാജാവ് കിസ്റാ കത്ത് വായിച്ച് അത് കീറിനശിപ്പിക്കുകയാണുണ്ടായത്. ഇതറിഞ്ഞ പ്രവാചകൻ അയാളുടെ അധികാരവും അല്ലാഹു നശിപ്പിക്കട്ടെ എന്ന്പ്രാർത്ഥിച്ചു. കത്ത് നശിപ്പിച്ചതോടൊപ്പം യമനിലെ ഗവർണ്ണറായ ബാദാൻ എന്ന വ്യക്തിക്ക് ഉടനെ രണ്ടാളുകളെ അയച്ച് ഹിജാസിൽ നിന്നും എഴുത്തയച്ച വ്യക്തിയെ (പ്രവാചകനെ) തൻറ മുന്നിൽ ഹാജറാക്കാൻ കൽപ്പിക്കുകയും ചെയ്തു. കൽപ്പനയനുസരിച്ച് ബാദാൻ രണ്ടാളു കളെ നബിയുടെ അടുക്കലേക്ക്അയച്ചു.
അവർ നബി (ﷺ)യുടെ അടുത്ത് എത്തിയപ്പോൾ നബി(ﷺ) അവരോട് ഇങ്ങിനെ പറഞ്ഞു: “എൻറെ റബ്ബ് ബാദാൻ യജമാനനെ ഇന്നലെ കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ചെന്ന് പറയുക. നീ നേര മുസ്ലിമാവുകയാണ് എങ്കിൽ നിന്റെ അധികാരങ്ങൾ എല്ലാം നിനക്ക് തുടർന്നും ലഭിക്കുന്നതുമായിരിക്കും എന്നും അറിയിച്ചുകൊള്ളുക” ഈ വാർത്തയും കേട്ട് രണ്ട് പേരും ബാദാൻറ അടുക്കലെത്തിയ പ്പോഴാണ്. പേർഷ്യൻ രാജാവിനെ മകൻ ശീറവൈഹി കൊലപ്പെടുത്തി അധികാരം കയ്യടക്കിയ വിവരവും പ്രവാചകനെ യാതൊരു നിലക്കും ആക്ഷേപിച്ച് പോകരുത് എന്ന താക്കീതുമായി പുതിയ രാജാവിന്റെ കത്തുമായി ദൂതൻ ബാദാൻ അടുക്കൽ എത്തുന്നത്. കത്ത് കിട്ടിയ ഉടനെ ബാദാനും യമനിലെ തൻറെ പ്രജകളും ഒന്നടങ്കം ഇസ്‌ലാം വിശ്വസിക്കുകയും ചെയ്തു. ബഹ്റൈനിയിലെ രാജാവ് മുൻദിറു ബ്നു സാവ കത്ത് കിട്ടിയ ഉടനെ വിശ്വസിച്ച് കൂട്ടത്തിൽ പെട്ട വ്യക്തിയാണ്.
ഈ കത്തുകൾ ലഭിച്ചവർ വ്യത്യസ്ത നിലക്കുള്ള പ്രതികരണങ്ങളാണ് പ്രകടിപ്പിച്ചത് എന്ന് നിങ്ങൾ മനസ്സിലാക്കി. പക്ഷേ ഇതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇസ്ലാമിനേയും പ്രവാചകനേയും സംബന്ധിച്ചുള്ള വിവരങ്ങൾ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.
അബ്ദുൽ ലത്തീഫ് സുല്ലമി