മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 12]

ഖൈബർ യുദ്ധം
ഹിജ്റ: ഏഴാം കൊല്ലത്തിലായിരുന്നു ഖൈബർ യുദ്ധം. ഹുദൈബിയ സന്ധിയോടുകൂടി മുശ്രികുകളുടെ ഭാഗം തീർത്തും സുരക്ഷിതമായി എന്ന് ഉറപ്പായതോടുകൂടി പിന്നീട് നബി(ﷺ) ശ്രദ്ധിച്ചത് മുസ്‌ലിംകൾക്ക് എക്കാലത്തും അപകടം വരുത്തിവെക്കാൻ ശ്രമിച്ചിരുന്ന ജൂതന്മാരുടെ നേരെയായിരുന്നു. ഖൻദഖിൽ മുസ്ലികൾക്കെതിരിൽ മുശ്രിഖുകളെ സഹായിച്ചിരുന്ന ബനു നളീറുകാരും അവരുടെ പ്രരണയാൽ മുസ്‌ലിംകളുമായുണ്ടായിരുന്ന കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുമെല്ലാം ഒത്തു കൂടി യിരുന്ന സ്ഥലമായിരുന്നു ഖൈബർ. അതാകട്ടെ പിന്നീട് മുസ്‌ലിംകൾക്കെതിരിൽ കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനുള്ള കേന്ദ്രമായി മാറിയിട്ടുണ്ടായിരുന്നു. അതിനാൽ ഏത് സമയത്തും അവരിൽ നിന്നുമുള്ള ഭീഷണി നേരിടുന്ന അവസ്ഥയായിരുന്നു മുസ്‌ലിംകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ ഹുദൈബിയ്യയിൽ നിന്നും മടങ്ങിയ ഉടൻ 1600 പേർ ഉൾക്കൊള്ളുന്ന ഒരു സംഘത്തെയും കൊണ്ട് ഖൈബറിലേക്ക് പുറപ്പെട്ടു.
മുസ്‌ലിം സൈന്യം ഖൈബറിലെ കോട്ടകളെ വലയം ചെയ്തുകൊണ്ട് നിലയുറപ്പിച്ചു. ഇരു സൈന്യങ്ങളും തമ്മിൽ ശക്തമായി പൊരുതി ജൂതന്മാർ പലരും മരിച്ചു വീണു. അങ്ങിനെ ഒരു രാത്രി പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “നാളെ ഞാൻ യുദ്ധപതാക അല്ലാഹു ഇഷ്ടപ്പെട്ട അല്ലാഹു ഇഷ്ടപ്പെടുന്ന ഒരാളുടെ കയ്യിൽ കൊടുക്കും അയാളുടെ കയ്യാൽ അല്ലാഹു നമുക്ക് വിജയം നൽകുക തന്നെ ചെയ്യും” അന്ന് രാത്രി പ്രവാചകൻ നാളെ എന്നെ വിളിച്ചിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ എല്ലാവരും കിടന്നുറങ്ങി.
അടുത്ത പ്രഭാതത്തിൽ പ്രവാചകൻ(ﷺ) അലി(رضي الله عنه)വിനെ വിളിച്ച് പതാകയും വാളും ഏൽപ്പിച്ചു. അലി(رضي الله عنه)വിൻറ നേതൃത്വത്തിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ കോട്ടകൾ ഓരോന്ന് ഓരോന്നായി പിടിച്ചടക്കി. അവസാനം ഖൈബറിൽ നിന്നും ജൂതന്മാരെ നാടുകടത്തുമെന്നായപ്പോൾ അവർ പ്രവാചകനുമായി സന്ധിയാവശ്യപ്പെട്ടു. അതനുസരിച്ച് ഖൈബറിലെ കൃഷിഭൂമിയിൽ കൃഷിചെയ്ത് കിട്ടുന്ന ഉൽപന്നങ്ങളുടെ പകുതി മുസ്‌ലിംകൾക്ക് നൽകുമെന്ന വ്യവസ്ഥയിൽ അവരെ അവിടെ തന്നെ കഴിഞ്ഞുകൂടാൻ അനുവദിച്ചു. തൊണ്ണൂറ്റിമൂന്ന് ആളുകൾ അവരിൽ നിന്നും കൊല്ലപ്പെട്ടപ്പോൾ മുസ്‌ലിം കളിൽ നിന്നും പതിനഞ്ച് പേർ ശഹീദായി. ധാരാളം സമ്പത്ത് ഗനീമത്തായി ലഭിച്ച ഒരു യുദ്ധമായിരുന്നു ബൈബർയുദ്ധം. ഗനീമത്ത് സ്വത്തുക്കളുടെ കൂട്ടത്തിൽ കാണപ്പെട്ട തൗറാത്തിന്റെ ഏടുകൾ നബി(ﷺ) ജൂതന്മാർക്ക് തന്നെ തിരിച്ചേൽപ്പിച്ചത് ആധുനിക സമൂഹം അനുകരിക്കേണ്ട ഒരുമഹനീയ മാതൃകയാണ്.
അന്യ മതസ്ഥരോടുള്ള വൈരാഗ്യം നിമിത്തം മററു മതസ്ഥരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ആരാധനാലയങ്ങൾ അക്രമിക്കുകയും മലിനമാക്കുകയും ചെയ്യുന്ന പുരോഗമനവാദികളായ ആധുനികരേക്കാർ എത്ര മാന്യമായ പെരുമാററമാണ് ഇസ്ലാമിന്റെ പ്രവാചകൻ(ﷺ) കാഴ്ചവെച്ചത് !! (മുഹമ്മദ്അബൂ സഹ്ബയുടെ സീറത്തുന്നബവിയ്യ :419)
വിഷം പുരട്ടിയ മാംസം:
ഖൈബറിൽ നിന്നും വിജയികളായി മടങ്ങവെ ജൂതന്മാരുടെ ആവശ്യമനുസരിച്ച് മാന്യമായി പെരുമാറിയിട്ടും അവരുടെ ഭാഗത്ത് നിന്നുണ്ടായ നീചമായ ഒരു സംഭവമായിരുന്നു വിഷം പുരട്ടിയ മാംസം പ്രവാചകനും അനുയായികൾക്കും സൽക്കരിച്ചത് ! സലാമ് ബ്നു മിശ്കമിൻറെ ഭാര്യ സൈനബ് നബി(ﷺ) യേയും അനുയായികളേയും ഭക്ഷണത്തിനായി ക്ഷണിച്ചു. പൊരിച്ച് ആട്ടിൻ മാംസമായിരുന്നു വിഭവം. നബി(ﷺ) മുന്നിൽ കൊണ്ടുവെച്ച ഭക്ഷണത്തിൽ നിന്നും ഒരുകഷ്ണം എടുത്ത് വായിലിട്ട് ഉടനെ തുപ്പിക്കളഞ്ഞു. അതിൽ വിഷം പുരട്ടിയിരിക്കുന്നു. അതിനാൽ തിന്ന്പോകരുത് എന്ന് അല്ലാഹു അറിയിച്ചുകൊടുത്തു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സ്വഹാബികളിൽ നിന്ന് ബിശ്ർ ബ്നുൽ ബർറാഅ് (رضي الله عنه) ഒരു കഷ്ണം എടുത്ത് തിന്നുകഴിഞ്ഞിരുന്നു; ഉടനെ അദ്ദേഹം അവിടെ മരിച്ചുവീണു. നബി(ﷺ), എന്തിനാണ് ഈ കൊടും ചതി ചെയ്തത് എന്ന ചോദ്യത്തിന് താങ്കൾ സത്യപ്രവാചകനാണ് എങ്കിൽ അല്ലാഹു താങ്കളെ രക്ഷിക്കും; അതല്ല കള്ളപ്രവാചകനാണ് എങ്കിൽ നിങ്ങളുടെ ശല്യം നീങ്ങികിട്ടുകയും ചെയ്യുമല്ലൊ. എന്നും പറഞ്ഞു. പ്രവാചകൻ ബിശ്(رضي الله عنه) നെ കൊന്നതിന് പ്രതിക്രിയ എന്ന നിലക്ക് പ്രസ്തുത സ്ത്രീയേയും കൊന്നുകളഞ്ഞു.
ഉംറ നിർവ്വഹണം
ഹുദൈബിയയിലെ വ്യവസ്ഥ അനുസരിച്ച് നബി(ﷺ) യും അനുയായികളും നഷ്ടപ്പെട്ട ഉംറ നിർവ്വഹിക്കാനായി ഒരുങ്ങി. ഹിജ്റ: എട്ട് ദുൽഖഅദ് മാസത്തി ലായിരുന്നു സംഭവം. നബി(ﷺ), കഴിഞ്ഞ വർഷം ഉംറ നിർവ്വഹിക്കാൻ കഴിയാതെ തിരിച്ചു പോരേണ്ടി മുഴുവൻ ആളുകളോടും പുറപ്പെട്ടുകൊള്ളാൻ പറഞ്ഞു. കൂടാതെ പുതുതായി കുറേ ആളുകൾ വേറേയും പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും കൂടാതെ രണ്ടായിരം പേരുണ്ടായിരുന്നു അവർ. അറുപത് ബലിമൃഗത്തേയും അവർ കൂടെ കരുതിയിരുന്നു. ദുൽഹുലൈഫയിൽ നിന്നും അവർ ഇഹ്റാമിൽ പ്രവേശിച്ചു. മുസ്‌ലിംൾ ഉംറ നിർവ്വഹിക്കാൻ വരുന്നത് കണ്ട് നിൽക്കാനാകാതെ മുശ്രികുകൾ മക്കയുടെ സമീപ പ്രദേശത്തേക്ക് ഒഴിഞ്ഞു പോയി. മുസ്‌ലിംകൾ ആരോഗ്യം ക്ഷയിച്ചവരും ക്ഷീണിതരുമാണെന്ന ഖുറൈശികളുടെ പ്രചരണം ശരിയല്ല എന്ന് കാണിച്ചു കൊടുക്കും വിധം വസ്ത്രം വലത്ത തോൾ ഒഴിവാക്കിക്കൊണ്ട് ആദ്യ മൂന്ന് ചുററൽ സ്പീഡിൽ നടന്ന് കൊണ്ടായിരുന്നു മുസ്‌ലിംകൾ തവാഫ് ചെയ്തത്. ശേഷം സ്വഫാ മർവക്ക് ഇടയിൽ സ്അ് നിർവ്വഹിച്ച് മർവക്ക് സമീപം വെച്ച് ബലിമൃഗത്തെ അറുക്കുകയും മുടിയെടുക്കുകയും ചെയ്തുകൊണ്ട് അവർ ഉംറയുടെ കർമ്മങ്ങളിൽ നിന്നും വിരമിച്ചു.
പിന്നീട് മൂന്ന് ദിവസം അവർ മക്കയിൽ തന്നെ സന്തോഷപൂർവ്വം കഴിച്ചുകൂട്ടി. നാലാം ദിവസം മക്കവിട്ട് പോകാനായി മക്കക്കാർ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് മക്കയോട് അടുത്ത സ്ഥലമായ സരിഫ് എന്ന സ്ഥലത്ത് അവർ ചെന്ന് ഇറങ്ങി. ഈ യാത്രയിലായിരുന്നു നബി(ﷺ) മൈമൂന(رضي الله عنها) യെ വിവാഹം കഴിച്ചത്. ഉംറത്തുൽ ഖള്വാഅ്, ഉംറത്തുൽ ഖിസ്വാസ്, ഉംറത്തു സ്സുൽഹ് എന്നി ങ്ങനെ വിവിധ പേരുകളിൽ ഈ ഉംറ അറിയപ്പെടുന്നുണ്ട്.
മുഅ്ത് യുദ്ധം
ഏററവും കൂടുതൽ രക്തച്ചൊരിൽ നടന്നതും ഭീകരത നിറഞ്ഞതുമായ യുദ്ധമായിരുന്നു മുഅ്ത്ത് യുദ്ധം. ഹിജ്റ: എട്ടാം വർഷം ജമാദുൽ അവ്വലിലായിരുന്നു പ്രസ്തത യുദ്ധം. ഹുദൈബിയ്യ സന്ധിക്ക് ശേഷം നബി(ﷺ) വിവിധ രാഷ്ട്രത്തലവന്മാർക്ക് കത്തുകൾ അയച്ച കൂട്ടത്തിൽ ബസ്വറയിലെ രാജാവിനുള്ള കത്തുമായി ഹാരിഥ ബ്നു ഉമൈറുൽ അസദിയെ പറഞ്ഞയച്ചു. വഴിക്ക് വെച്ചു ബസ്വറയിലെ അമീർ ശാം പ്രദേശത്തേക്ക് നിയമിച്ചിരുന്ന ഗവർണ്ണറായിരുന്ന ശുറഹ്ബീലു ബ്നു അംറ് പ്രസ്തുത കത്ത് വാങ്ങി വലിച്ചുകീറുകയും കത്ത് കൊണ്ട് പോയിരുന്ന ഹാരിഥിനെ വധിക്കുകയും ചെയ്തു. ഇതാണ് യുദ്ധത്തിന് വഴി വെച്ച പ്രധാന കാരണം. ഒരു ദൂതൻ അകാരണമായി വധിക്കപ്പെടുക എന്നത് തുല്യതയില്ലാത്തതും ക്ഷമിക്കാൻ കഴിയാത്തതുമായ ഗുരുതരമായ കുററമാണ്. അത്കൊണ്ട്തന്നെ പ്രവാചകൻ (ﷺ) മുവ്വായിരം പേരുൾക്കൊള്ളുന്ന ഒരു സൈന്യത്തെ ഹാരിഥ് ബ്നു അംറുൽ അസദിയെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചോദിക്കുന്നതിനായി ശാമിലേക്ക് പുറപ്പെട്ടു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സൈനിക നേതൃത്വം സൈദ് ബ്നു ഹാരിഥക്ക് നൽകിക്കൊണ്ട് മറ്റുള്ളവരോടായി ഇപ്രകാരം പറഞ്ഞു; അദ്ദേഹം രക്തസാക്ഷിയായാൽ പിന്നെ ജഅ്ഫർ ബ്നു അബീത്വാലിബ്, അദ്ദേഹവും രക്തസാക്ഷിയായാൽ പിന്നെ അബ്ദുല്ലാഹിബ്നു റവാഹ: ഇങ്ങിനെ ചുമതലപ്പെടുത്തുന്നത് മുമ്പൊന്നുമില്ലാത്ത ഒരു പ്രത്യേകതകൂടിയായിരുന്നു. കൂടാതെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിങ്ങൾ ധീരമായി പൊരുതുക. കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ, പുരോഹിതന്മാർ, മാങ്ങളിലും മറ്റും ആരാധനകളിൽ കഴിയുന്ന സന്യാസിമാർ എന്നിവരെ യാതൊരു കാരണവശാലും കൊലപ്പെടുത്തരുത്. ഈത്തപ്പനകൾ മുറിക്കുക, മററു മരങ്ങൾ വെട്ടി നശിപ്പിക്കുക, കെട്ടിടങ്ങൾ തകർക്കുക തുടങ്ങിയ നശീകരണ പ്രവർത്തനങ്ങളിൽ ഒരുകാരണവശാലും ഏർപ്പെടരുത്. തുടങ്ങിയ എക്കാലത്തുമുള്ള സൈനികർ പാലിക്കേണ്ടതായ വിലപ്പെട്ട പല നിർദ്ദേശങ്ങളും പ്രവാചകൻ അവർക്ക് നൽകുകയുണ്ടായി. അങ്ങിനെ പ്രവാചകനും മദീനയിൽ ശേഷിപ്പുള്ളവരും കൂടി സൈന്യത്തെ യാതയാക്കി.
സൈന്യം ശാമിനോടടുത്ത് എത്തിയപ്പോൾ ശാമിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും സംഘടിച്ച ഒരു ലക്ഷം പേർ ഉൾപ്പെട്ട സൈന്യത്തിനു പുറമെ റോമിൽ നിന്ന് ലക്ഷം പേരടങ്ങുന്ന മറെറാരു സൈന്യത്തെ ഹിർക്കൽ രാജാവും അയച്ചിട്ടുണ്ടെന്ന വിവരം അവർക്ക് ലഭിച്ചു. ഇത് കേട്ട ചിലർ മുവ്വായിരം പേരടങ്ങുന്ന നാം എങ്ങിനെ രണ്ട് ലക്ഷത്തെ നേരിടും അത്കൊണ്ട് പ്രവാചകനെ വിവരമറിയിച്ച ശേഷമാകാം ബാക്കി കാര്യങ്ങൾ എന്ന് അഭിപ്രായപ്പെട്ടു. ഉടനെ അബ്ദുല്ലാഹിബ്നു റവാഹ(رضي الله عنه) ശഹീദാകാൻ താൽപ്പര്യമില്ലാത്തവരാണോ നിങ്ങൾ നാം ഇതിൻറ മുമ്പുണ്ടായിരുന്ന യുദ്ധങ്ങളിൽ ആളുകളുടെ ആധിക്യമോ ശക്തിയോ കണ്ടുകൊണ്ടല്ല പുറപ്പെട്ടിട്ടുള്ളത്. അല്ലാഹു നമ്മ ആദരിച്ച് ബഹുമാനിച്ച മതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമാണിത്. രണ്ടാലൊരു നന്മ അവൻ നമുക്ക് നൽകുമെന്നത് ഉറപ്പാണ്; ഒന്നുകിൽ ശഹാദത്ത് (രക്തസാക്ഷിത്വം) അതല്ലെങ്കിൽ വിജയം !! അബ്ദുല്ലാഹിബ്നു റവാഹയുടെ സംസാരം കേട്ട് എല്ലാവരും അതിനോട് അനുകൂലിച്ചു. അവർ എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ച് മുന്നോട്ട് ഗമിച്ചു.
മുഅ്തത്തിൽ ഇരു വിഭാഗവും താവളമുറപ്പിച്ചു. സെന്യങ്ങൾ പരസ്പരം കണ്ടുമുട്ടി. ചരിത്രത്തിൽ തുല്യതയില്ലാത്ത യുദ്ധം, രണ്ട് ലക്ഷത്തോട് മുവ്വായിരം പേരുടെ പോരാട്ടം ആരംഭിച്ചു. ആദ്യം മുസ്‌ലിം പക്ഷത്ത് നിന്നും സൈദ്ബ്നു ഹാരിഥ് പതാകയേന്തി. ശത്രുക്കളുമായി ധീരമായി പൊരുതി. അധികം താമസിയാതെ അദ്ദേഹം രക്ത സാക്ഷിയായി. പിന്നെ തൽസ്ഥാനം ജഅ്ഫറു ബ് അബീത്വാലിബ്(رضي الله عنه) ഏറെറടുത്തു. അദ്ദേഹം, ആദ്യം തൻറ വലത് കൈ അററുവീണ ഉടനെ ഇടതു കൈയിൽ പതാക വഹിച്ചു. അതും മുറിഞ്ഞു വീണപ്പോൾ ശേഷിച്ചിരുന്ന തോൾ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പതാക വഹിക്കാൻ ശ്രമിച്ചെങ്കിലും അധികം താമസിയാതെ അദ്ദേഹവും രക്ത സാക്ഷിയായി. മരുച്ചുവീണപ്പോൾ അദ്ദേഹത്തിൻറെ ശരീരത്തിൽ തൊണ്ണൂറിലധികം മുറിവുകളുണ്ടായിരുന്നു എന്നും അവയെല്ലാം മുൻഭാഗത്ത് മാത്രമായിരുന്നു എന്നും ദൃക്സാക്ഷിയായിരുന്ന ഇബ്നു ഉമർ(رضي الله عنه) വിൽ നിന്ന് ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജറുൽ അസ്ഖലാനി(رضي الله عنه) റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ അദ്ദേഹം സ്വർഗ്ഗത്തിൽ രണ്ട് കൈകൾക്ക് പകരമെന്നോണം രണ്ട് ചിറകു കളോടെയായിരിക്കും എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്കൊണ്ട് ചരിതത്തിൽ ജഅ്ഫറു ത്വയ്യാർ (പറക്കുന്ന ജഅ്ഫർ) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിൻറെ പ്രായം.
പിന്നീട് അബ്ദുല്ലാഹിബ്നു റവാഹ(رضي الله عنه)വിൻറ ഊഴമായിരുന്നു. അദ്ദേഹവും ഏറെ താമസിയാതെ ശഹീദായി. ശേഷം ഖാലിദു ബ്നുൽ വലീദ്(رضي الله عنه) നേതൃത്വം ഏറെറടുത്തു. അദ്ദേഹം, നേരത്ത സൈന്യത്തിൻറ പിൻനിരയിലുണ്ടായിരുന്നവരെ മുന്നിലേക്കും ഇടത് ഭാഗത്തുണ്ടായിരുന്ന വരെ വലതു ഭാഗത്തേക്കും; വലത് ഭാഗത്തുണ്ടായിരുന്ന വരെ ഇടത് ഭാഗത്തേക്കും മാററി ക്രമീകരിച്ചുകൊണ്ട് മുന്നേറി. ഇത് കണ്ട് ശത്രുക്കൾ മുസ്‌ലിംകൾക്ക് പുതിയ സൈന്യം എത്തിയിട്ടുണ്ടെന്ന് കരുതി ഭയപ്പെട്ട് പിൻമാറി. യുദ്ധം അവസാനിക്കുകയും ചെയ്തു. മുവ്വായിരം പേർ രണ്ട് ലക്ഷം പേരുമായി ഏറ്റു മുട്ടിയിട്ടുകൂടി പന്ത്രണ്ട് പേർ മാത്രമാണ് മുസ്‌ലിം പക്ഷത്ത് നിന്നും ശഹീദായത്. ശ്രതുപക്ഷത്ത് നിരവധിയാളുകൾ കൊല്ലപ്പെട്ടു.