മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 03]

പ്രബോധനത്തിന്റെ തുടക്കം
നബി(ﷺ)ക്ക് തൻറെയടുക്കൽ വന്നത് അല്ലാഹുവിൽ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങിനെ തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു. അതോടെ വീണ്ടും ഹിറാഗുഹയിൽ കണ്ട ആ മലക്ക് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുയുണ്ടായില്ല. നബിക്കതിൽ ദു:ഖവും പ്രയാസവുമുണ്ടായി. അന്നേരം വീണ്ടും പ്രവാചകർക്ക് വഹ്‌യ് എത്തിച്ചുകൊടുക്കുന്ന മാലാഖ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുർആനിലെ 74ാം അദ്ധ്യായമായ സൂറത്തുൽ മുദ്ദഥ്ഥിറിലെ ആദ്യഭാഗങ്ങൾ ഓതിക്കേൾപ്പിക്കുകയും ചെയ്തു. അതനുസരിച്ച് പ്രവാചകൻ തന്റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.
ഭാര്യ ഖദീജ (رضي الله عنها) ക്ക് ശേഷം നബിയിൽ വിശ്വസിച്ചവർ കുട്ടികളിൽ നിന്ന് പിതൃവ്യപുത്രനായ അലി(رضي الله عنه)വും, കുടുംബക്കാരല്ലാത്തവരിൽ നിന്ന് തന്റെ സുഹൃത്തായിരുന്ന അബൂബക്കർ(رضي الله عنه)വും അടിമകളുടെ കൂട്ടത്തിൽ നിന്ന് സെദ്(رضي الله عنه)വും ആയിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം അടുത്തവരോടും കുടുംബക്കാരോടുമായി പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന് ശേഷം തൻറ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന് അല്ലാഹുവിന്റെ കൽപ്പനയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ പ്രബോധനം പരസ്യപ്പെടുത്താൻ തന്നെ തീരുമാനിച്ചു.
പരസ്യപ്രബോധനം
“നിൻറെ അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് നൽകുക” എന്ന, സൂറത്ത് ശുഅറാഇലെ 214 ാം വചനം അവതരിച്ചപ്പോൾ നബി(ﷺ) സ്വഫാ കുന്നിൻ മുകളിൽ കയറി നിന്നുകൊണ്ട് തന്റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവർ ഓരോ ഗോത്രങ്ങളേയും, ഫിഹ്ർ സന്തതികളേ, അദിയ്യ് സന്തതികളേ, ഖുറൈശി സമൂഹമേ എന്നിങ്ങനെ ഓരോരുത്തരേയും പേരെടുത്ത് വിളിച്ച് അവരോടായി ഇപകാരം
പറഞ്ഞു. ഖുറൈശീ സമൂഹമേ നിങ്ങൾ നിങ്ങളുടെ ശരീരത്തെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിൻറ സന്തതികളേ നിങ്ങൾ നിങ്ങളുടെ ശരീരത്ത നരകത്തിൽ നിന്നും രക്ഷപ്പെടു ത്തുക, അല്ലയോ പ്രവാചകന്റെ മകളായ ഫാത്വിമാ നിന്റെ ശരീരത്തെ നീ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കൽ നിങ്ങൾക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിയുകയില്ല. ശേഷം അവരോട് എല്ലാവരോടുമായി ചോദിച്ചു: ഇതാ ഈ പർവ്വതത്തിനു പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അവർ എല്ലാവരും ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു; തീർച്ചയായും ഞങ്ങൾ വിശ്വസിക്കും. കാരണം ഞങ്ങൾക്ക് സത്യമല്ലാതെ നിന്നിൽ നിന്നും പരിചയമില്ല. അന്നേരം പ്രവാചകൻ(ﷺ) പറഞ്ഞു: ഞാൻ അല്ലാഹുവിങ്കൽ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാൻ പോവുകയാണ്. ഉടനെത്തന്നെ പ്രവാചകന്റെ പിതൃവ്യൻ കൂടിയായ അബൂലഹബ് ഇപ്രകാരം ആകാശിച്ചു: തബ്ബൻ ലക് അ ലിഹാദാ ജമഅ്നാ ? (എടാ, നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേർത്തത്). അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാൽ അല്ലാഹു അതേ ശൈലിയിൽ തന്നെ അതിന് തിരിച്ചടി നൽകി!
“അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു” എന്ന് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ 111 ാം അദ്ധ്യായമായ സൂറത്ത് ലഹബിന്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു.
എന്നാൽ പ്രവാചകൻ(ﷺ) തന്നിലേൽപ്പിക്കപ്പെട്ട ദൗത്യവുമായി മുന്നോട്ട് പോകുകതന്നെ ചെയ്തു. വിഗ്രഹാരാധനയുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി ബോധവൽക്കരിച്ച് സംസാരിക്കാൻ തുടങ്ങി. അതോടൊപ്പം തങ്ങൾ ഇബ്റാഹീം (عليه السلام) നബിയുടെ പിൻതലമുറക്കാരാണ് എന്ന അവരുടെ വാദത്തിൻറ അർത്ഥശൂന്യത അവരെ അറിയിച്ചു; കാരണം ഇബ്റാഹീം (عليه السلام) നബി ഒരിക്കലും വിഗ്രഹാരാധകനായിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ആ കാലത്ത വിഗ്രഹാരാധകർക്കെതിരിൽ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും തെര്യപ്പെടുത്തി. അതു പോലെ ഞങ്ങൾ ഞങ്ങളുടെ കാക്കകാരണവന്മാരുടെ മാർഗ്ഗങ്ങൾ കയ്യൊഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യനിഷേധികളുടെ വാദത്തെ പ്രവാചകൻ മുൻകഴിഞ്ഞ പ്രവാചകരുടെ ചരിതം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവന്മാരെ അനുസരിച്ചവർ ആയിരുന്നില്ല. മറിച്ച് സത്യത്തെയും തെളിവുകളേയും പിന്തുണച്ചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഇതൊന്നും കേൾക്കുവാനോ അംഗീകരിക്കുവാനോ അവർ തയ്യാറായില്ല. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂർവ്വികരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളേയും പ്രവാചകനേയും മർദ്ദിച്ച് ഒതുക്കാൻ തന്നെ തീർച്ചപ്പെടുത്തി.
തുടർന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികൾക്കും മർദ്ദനങ്ങളുടേയും കഷ്ടപ്പാടുകളുടേയും കാലമായിരുന്നു. ഇസ്‌ലാം ആശ്ലേഷിച്ചതിൻറെ പേരിൽ വിശ്വാസികൾ ഏൽക്കേണ്ടിവന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല. ഉമയ്യത്തു ബ്നു ഖലഫിന്റെ അടിമയായിരുന്ന ബിലാൽ (رضي الله عنه) വിനെ യജമാനൻ കഴുത്തിൽ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലിൽ മലർത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകൾ കയറ്റിവെച്ച് ചാട്ടവാർ കൊണ്ട് അടിക്കുക വരെ ചെയ്തു. പക്ഷേ അതൊന്നും തൻറ വിശ്വാസത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല; ഓരോ അടിയേൽക്കുന്ന സമയത്തും അഹദ്… അഹദ്. എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തിൽ മർദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് അതിലൂടെ കടന്നുവന്ന അബൂബക്കർ(رضي الله عنه) ഉമയ്യത്തിൽ നിന്നും അയാൾ പറഞ്ഞ വിലകൊടുത്ത് ബിലാൽ(رضي الله عنه)നെ വില കൊടുത്ത് വാങ്ങി സ്വത്രന്തനാക്കി.
ഇതുപോലെത്തന്നെ അബൂജഹൽ അടക്കമുള്ള ഖുറൈശി പ്രമുഖർ യാസിർ കുടുംബത്തിന് ഏൽപ്പിച്ച് മർദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാർ (رضي الله عنه) , പിതാവ് യാസിർ (رضي الله عنه), മാതാവ് സുമയ്യ (رضي الله عنها), എന്നിവരെ മണലിൽ മലർത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദൺഡുകൾ ശരീരത്തിൽ കുത്തിയിറക്കിയായിരുന്നു മർദ്ധിച്ചിരുന്നത്. ഇങ്ങനെയുള്ള മർദ്ധനത്തിൻറ കാഠിന്യത്താൽ സുമയ്യ (رضي الله عنها) ഇസ്ലാമിന്ന് വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേർന്നു. ഒരിക്കൽ നബി(ﷺ) അവർ മർദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന് അടുത്തുകൂടെ നടന്നുപോയപ്പോൾ അവരോടായി പറഞ്ഞ വാക്ക് “യാസിർ കുടുംബമേ, ക്ഷമിക്കു തീർച്ചയായും നിങ്ങൾക്കുള്ള വാഗ്ദത്തം സ്വർഗ്ഗമാണ്” എന്നായിരുന്നു.
മററു ചിലരെ മുറികളിൽ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു, ചിലർക്ക് ഇരുമ്പ് ദൺഡുകൾ കൊണ്ടുള്ള പ്രഹരങ്ങൾ ഏൽക്കേണ്ടിവന്നു. പ്രവാചകൻ (ﷺ) യേയും അവർ മർദ്ദനങ്ങളിൽ നിന്നും ഒഴിവാക്കിയില്ല. ഒരിക്കൽ നബി(ﷺ) കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞു: “ആരുണ്ട് ഇപ്പോൾ ഒരു ഒട്ടകത്തിൻറെ കുടൽ മാല കൊണ്ടുവന്ന് മുഹമ്മദിൻറ കഴുത്തിൽ ചാർത്താൻ?” അന്നേരം ദുഷ്ടനായ ഉഖ്ബത്ത് ബ് അബീമുഈത് ആവേശത്തോടുകൂടി ആ കൃത്യം നിർവ്വഹിക്കുക തന്നെ ചെയ്തു; പ്രവാചകൻ നമസ്കാരത്തിൽ സുജൂദിലായിരിക്കെ അദ്ദേഹത്തിന്റെ കഴുത്തിൽ ചീഞ്ഞളിഞ്ഞ കുടൽ
മാല വലിച്ചുകൊണ്ട് വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട് ആഹ്ളാദിക്കുകയും ചെയ്തു. പ്രവാചകന്ന് സുജൂദിൽ നിന്നും തല ഉയർത്താൻ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചകപുത്രി ഫാത്വിമ (رضي الله عنها) വിവരമറിഞ്ഞു ഓടിയെത്തി പിതാവിന്റെ കഴുത്തിൽ നിന്നും അത് വലിച്ചുമാറ്റുകയും ചെയ്തു. തല ഉയർത്തിയ ശേഷം നബി (ﷺ) ഖുറൈശീ പ്രമുഖരായ അബൂജഹൽ, ഉത്ബത്, ശൈബത്, വലീദ് ബ്നു ഉത്ബഃ, ഉമയ്യത്തുബ്നു ഖലഫ്, ഉഖ്ബത് ബ്നു അബീ മുഈത് എന്നീ ശതു പ്രധാനികളുടെ പേരെടുത്ത് പറഞ്ഞ് അവർക്കെതിരിൽ പ്രാർത്ഥിക്കുകയുണ്ടായി. ഇബ്നു മസ്ഊദ്(رضي الله عنه) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേൽപ്പറയപ്പെട്ട എല്ലാവരും ബദറിൽ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെത്തന്നെ പ്രവാചകൻ നടന്നു പോകുന്ന വഴികളിൽ പോലും മാലിന്യങ്ങളും മ്ലേഛ വസ്തുക്കളും വലിച്ചെറിഞ്ഞ് തന്റെ പിതൃവൻ അബൂലഹ് ബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളിൽ പങ്കുചേർന്നു.
മേൽ പറഞ്ഞ നിലക്കുള്ള മർദ്ദനങ്ങളുടെ പട്ടിക വിവരിക്കുകയാണ് എങ്കിൽ അത് നീണ്ട് പോവുക തന്നെ ചെയ്യും. പ്രവാചകൻ(ﷺ)യും അനുയായികളും ഇസ്ലാമിന് വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗത്തിൻറെ ചരിത്രം മനസ്സിലാക്കി, വിശ്വാസികളായ നാം നമ്മുടെ വിശ്വാസം വർദ്ധിപ്പിച്ച് മതത്തോടു നമുക്കുള്ള ബാധ്യതകൾ നിർവ്വഹിക്കാനാണ് ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടത്.
സാഹിത്യകാരന്മാർ മുട്ടുമടക്കുന്നു
എന്നാൽ മേൽപ്പറഞ്ഞ നിലക്കുള്ള മർദ്ധനങ്ങളും പീഠനങ്ങളുമെല്ലാം അവർക്ക് മതത്തിലുള്ള വിശ്വാസം ഉറപ്പിക്കുവാനല്ലാതെ തെല്ലും അതിൽനിന്ന് പിന്തിരിപ്പിക്കാനാവുന്നില്ലെന്ന് മനസിലാക്കിയ ഖുറൈശികൾ മറെറാരു അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു. ഖുറൈശീ പ്രമുഖരെല്ലാവരും കൂടി അക്കാലഘട്ടത്തിലെ പേരുകേട്ട് സാഹിത്യ സാമ്രാട്ടായിരുന്ന വലീദ് ബ്നുമുഗീറയെ സമീപിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പെട്ടു:
“മുഹമ്മദിൻറ പ്രസ്ഥാനം ദിനേനെ എന്നോണം മക്കയിലും പരിസരത്തും വ്യാപിച്ചു വരികയാണ്, അതിനെ തടയിടാനായി മുഹമ്മദ് ഓതിക്കൊടുക്കുന്ന വചനങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും അവൻ പറയുന്നതിനെ പരാജയപ്പെടുത്തിക്കൊണ്ട് അതിനെ വെല്ലുന്ന നിലക്കുള്ളതുമായ എന്തെങ്കിലും ഒരു വചനം താങ്കൾ ജനങ്ങളോട് പറയണം; അതിന് പ്രാപ്തനായി താങ്കളെയല്ലാതെ മറ്റാരേയും ഞങ്ങൾ കാണുന്നില്ല. ജനങ്ങളിൽ അവൻ പറയുന്നത് ജനങ്ങളിൽ സ്വാധീനിക്കാതിരിക്കാൻ ഇനി അതല്ലാത്തൊരു മാർഗ്ഗവും ഞങ്ങൾ കാണുന്നുമില്ല”.
അന്നേരം വലീദ് തന്നെ സമീപിച്ചവരോടായി പറഞ്ഞു; “ഞാൻ എന്ത് പറയണം എന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത് ? പറയൂ നമുക്കൊന്നായി അത് ജനങ്ങളോട് പറയാം”.
അന്നേരം അവർ പറഞ്ഞത്, അവൻ ഒരു ജോൽസ്യനാണ് എന്ന് പറയണം. അന്നേരം വലീദ് പറഞ്ഞു. അല്ലാഹുവാണ് അത് ശരിയല്ല. അവൻ ഒരിക്കലും ജോൽസ്യനല്ല. ജോൽസ്യന്മാരേയും ജോൽസ്യന്മാരുടെ വചനങ്ങളും നന്നായി അറിയുന്നവനാണ് ഞാൻ. അവൻ പറയുന്നത് അതൊന്നുമല്ല. അന്നേരം അവർ പറഞ്ഞു അവൻ ഒരു സാഹിർ (ആഭിചാരകനാണ്) എന്ന് പറയാം. അന്നേരം അയാൾ പറഞ്ഞു. അല്ല അവൻ ആഭിചാരകനുമല്ല, അവരുടെ പ്രവചനവുമല്ല അവൻ പറയുന്നത്. എന്നാൽ അവൻ ഭാന്തനാണെന്ന് പറയാം, അന്നേരം അയാൾ പറഞ്ഞു ഭാന്തിന്റെ പല ലക്ഷണങ്ങളും നാം കാണാറുണ്ട് എന്നാൽ അതൊന്നും അവനിലില്ല. അപ്പോൾ പിന്നെ നാം എന്ത് പറയും ? അന്നേരം അയാൾ പറഞ്ഞത്: അല്ലാഹുവാണ് സത്യം അവൻ പറയുന്ന വാക്കുകൾക്ക് വല്ലാത്തൊരു മധുരമാണ് അനുഭവപ്പെടുന്നത്. അത്കൊണ്ട് എനിക്കൽപ്പം സാവകാശം തരൂ ഞാനൊന്ന് ചിന്തിക്കട്ടെ എന്നു പറഞ്ഞു അയാൾ ഒഴിഞ്ഞുമാറുകയാണുണ്ടായത്.
അബ്ദുൽ ലത്തീഫ് സുല്ലമി