04 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 04]

ഒന്നാം ഹിജ്റ:

പ്രവാചകൻറെ പ്രബോധന പ്രവർത്തനങ്ങൾ നാൾക്കുനാൾ വിജയത്തിലേക്ക് നീങ്ങി; വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇത് ശ്രതുക്കളിൽ പരിഭ്രാന്തിപരത്തി. അവർ പ്രവാചകപിതൃവ്യനെ കണ്ട് നബി (ﷺ)ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പറഞ്ഞുനോക്കി; പക്ഷേ ഫലം നിരാശ മാത്രം. തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോൾ അവർ മർദ്ദനത്തിൻറ ശക്തി കൂട്ടാൻ തന്നെ തീരുമാനിക്കുകയും വിശ്വാസികളെ സർവ്വവിധേനെയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീവഖാസ്(رضي الله عنه) വിനെ അവർ വെട്ടി പരിക്കേൽപ്പിച്ചു. ഈ സന്ദർഭത്തിൽ പ്രവാചകൻ(ﷺ) വിശുദ്ധ ഖുർആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താൽക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനയിലേക്ക് ഹിജ്റ പോകുവാൻ (പാലായനം ചെയ്യാൻ) അനുമതി നൽകുകയും ചെയ്തു. അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ലാഎങ്കിൽ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വർത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികൾക്ക് മുസ്ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്തിമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാൻ പ്രയാസമായി വരുമ്പോൾ, നിർബന്ധ സാഹചര്യത്തിൽ പോലും ശിർക്ക് ചെയ്യാൻ ഇസ്‌ലാം  അനുവദിക്കുന്നില്ല എന്ന് കാണാൻ കഴിയും. 

പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്മാൻ(رضي الله عنه) വിൻറ നേതൃത്വത്തിൽ പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്. തങ്ങളുടെ നാട്ടിൽ അഭയം തേടിയെത്തിയ മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു. രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികൾ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി. 

ഹിജ്റയും ഖുറൈശികളുടെ കുതന്ത്രവും

ആദ്യ ഹിജ്റ സംഘം അബ്സീനിയയിലായിരുന്ന സന്ദർഭത്തിൽ പ്രവാചകൻ(ﷺ) ഒരിക്കൽ റമദാൻ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഖുറൈശീ പ്രമുഖരും നേതാക്കളുമടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിയിരുന്നു; പ്രവാചകൻ(ﷺ) ഓതിയിരുന്ന സൂറത്ത് നജ്മ് ഖുറൈശികൾ ശ്രദ്ധപൂർവ്വം കേട്ടു നിൽക്കുകയും അതിലെ അവസാന വചനമായ  “فَاسْجُدُوا لِلَّهِ وَاعْبُدُوا ” (നിങ്ങൾ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക) എന്ന് എത്തിയപ്പോൾ പ്രവാചകൻ സുജൂദ് (സാഷ്ടാംഗം) ചെയ്തു. അതോടൊപ്പം അത് ശ്രദ്ധിച്ചുനിന്നിരുന്ന ഖുറൈശീ പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു. ഇത് ജനങ്ങൾക്കിടയിൽ വലിയ സംസാരവിഷയമായി. ഇതാകട്ടെ അബ്സീനിയിലുണ്ടായിരുന്ന മുസ്‌ലിംകളുടെ കാതിൽ മക്കാ ഖുറൈശീ പ്രമുഖരെല്ലാം ഇസ്‌ലാം  വിശ്വസിച്ചു എന്ന നിലക്കായിരുന്നു എത്തിയിരുന്നത്. അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റാ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്. 

മുസ്‌ലിംകൾക്ക് നജ്ജാശി രാജാവ് മാന്യമായ സംരക്ഷണം നൽകി; എന്ന വിവരം അറിഞ്ഞ ഖുറൈശികൾ തങ്ങൾ നടത്തിക്കൊണ്ടിരുന്ന മർദ്ദനമുറകൾ രൂക്ഷമാക്കി; എല്ലാ നിലക്കും വിശ്വാസികളെ കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അത് മനസ്സിലാക്കിയ പ്രവാചകൻ (ﷺ) വിശ്വാസികളോട് വീണ്ടും അബ്സീനിയയിലേക്ക് പാലായനം ചെയ്യാൻ നിർദ്ദേശിച്ചു. അതനുസരിച്ച് എൺപത്തിരണ്ട് പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം രണ്ടാമതും നജ്ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു. മുസ്‌ലിംകൾ വീണ്ടും അബ്സീനയിലേക്ക് പുറപ്പെടുന്നതിൽ അരിശംപൂണ്ട ഖുറൈശികൾ തങ്ങളുടെ കൂട്ടത്തിലെ സമർത്ഥരും ശക്തരുമായ രണ്ടാളുകളെ തിരഞ്ഞടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി മുസ്‌ലിംകൾക്ക് സംരക്ഷണം കൊടുക്കരുതെന്ന് ആവശ്യവുമായി നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അംറുബ്നുൽ ആസ്വിയും, അബ്ദുല്ലാഹിബ്നു അബീറബീഅയുമായിരുന്നു പ്രസ്തുത രണ്ട് വ്യക്തികൾ.

മേൽപറയപ്പെട്ട രണ്ടാളുകളും നജ്ജാശിയുടെ അടുക്കൽ ചെന്ന് ഇങ്ങിനെ പറഞ്ഞു: “അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നും ഒരുകൂട്ടം വിഡ്ഢികളായ ആളുകൾ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറി വന്നിരിക്കുന്നു; അവർ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചുകൊണ്ടാണ് വന്നിരിക്കുന്നത് എന്നാൽ താങ്കളുടെ മതത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. അവർ താങ്കൾക്കോ ഞങ്ങൾക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവർക്ക് സംരക്ഷണം കൊടുക്കാതെ

അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാൻ ഞങ്ങളിലെ പ്രമുഖരും മാന്യന്മാരുമാണ് ഞങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയച്ചിട്ടുള്ളത്”. ഇത് കേട്ടപ്പോൾ നേരത്തെ പാരിതോഷികങ്ങളിൽ നിന്നും ഒരു വിഹിതം നൽകി ഒരുക്കി നിറുത്തിയിരുന്ന പുരോഹിതന്മാർ അത് ശരിവെച്ചുകൊണ്ട് അവരെ തിരിച്ചയക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. സമ്പത്തും പാരിതോഷികങ്ങളും കിട്ടുമെന്ന് കണ്ടാൽ ഏത് നെറികേടുകൾക്കും കൂട്ടുനിൽക്കുന്നവർ എക്കാലത്തുമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം !! – എന്നാൽ മാന്യനും ബുദ്ധിമാനുമായിയുന്ന രാജാവ് രണ്ട് ഭാഗത്ത് നിന്നുമുള്ള സംസാരം കേൾക്കാതെ ഒന്നും പ്രവർത്തിക്കുകയില്ലെന്ന് അറിയിച്ചു. മുസ്‌ലിംകളോട് തന്റെ മുന്നിൽ ഹാജറാകുവാൻ ആവശ്യപ്പെടുകയും സത്യാവസ്ഥ അന്വേഷിക്കുകയും ചെയ്തു.

രാജാവ് ചോദിച്ചു : “നിങ്ങൾ നിങ്ങളുടെ പൂർവ്വീകരുടെ മതം ഉപേക്ഷിച്ച് ഒരു പുതിയ മതം ഉൾക്കൊണ്ടിരിക്കുന്നു എന്ന് കേൾക്കുന്നുവല്ലൊ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?”അന്നേരം മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ജഅ്ഫറു ബിൻ അബീത്വാലിബ് താഴെ പറയുന്ന വിധം പ്രസംഗിച്ചു:

“അല്ലയോ മഹാരാജാവേ, ഞങ്ങൾ അജ്ഞാന കാലത്ത് വിഗ്രഹാരാധകരും, ശവം ഭക്ഷിക്കുന്നവരും, അധർമ്മങ്ങൾ പ്രവർത്തിക്കുന്നവരും, അന്യോന്യം അക്രമിക്കുന്നവരും, കുടുംബം വിച്ചേദിക്കുന്നവരും, അയൽപക്കത്തെ മാനിക്കാത്തവരുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. അങ്ങിനെ ഞങ്ങളിൽ ഉയർന്ന ഗോത്രക്കാരനും സത്യസന്ധനും വിശ്വസ്തനുമായ ഞങ്ങൾക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയെ അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു. അദ്ദേഹം ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്) ക്ഷണിക്കുകയും ഞങ്ങളും ഞങ്ങളുടെ പൂർവ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യൊഴിക്കണമെന്ന് ആവശ്യപ്പെടുകയും, സത്യസന്ധതയോടും വിശ്വസ്തതയോടെയും വർത്തിക്കുവാനും, കുടുംബ ബന്ധം ചേർത്തുവാനും അയൽപക്കത്തെ മാനിക്കുവാനും ഞങ്ങളോട് കൽപിച്ചു. പരസ്പരമുള്ള കലഹങ്ങളും രക്തച്ചൊരിച്ചിലും മേച്ചകാര്യങ്ങളുമെല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കി. നമസ്കാരവും സകാത്തും നോമ്പുമെല്ലാം അനുഷ്ഠിക്കാനായി ഞങ്ങളോട് ആവശ്യപ്പെട്ടു, ഞങ്ങളത് അംഗീകരിക്കുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തു.” 

അന്നേരം അദ്ദേഹം നിങ്ങൾക്ക് ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലുണ്ടോ എന്ന് രാജാവ് അവരോട് ചോദിച്ചു. തദവസരം ജഅ്ഫർ(رضي الله عنه), സൂറത്ത് മറിയമിലെ ആദ്യഭാഗം അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചു; അത് കേട്ട് അദ്ദേഹം തൻറ താടിരോമങ്ങൾ പോലും നനയുമാറ് കരഞ്ഞു പോവുകയും തീർച്ചയായും ഞാനീ കേട്ട വചനങ്ങൾ ഈസബ് മറിയമിന് അവതരിച്ചിരുന്ന അതേ കേന്ദത്തിൽ നിന്നാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് അവരോട് പറയുകയും ചെയ്തു. ശേഷം അംറുബ്നുൽ ആസ്വിനോടും അബ്ദുല്ലാഹിബ്നു അബീ റബീഅയോടുമായി പറഞ്ഞു: “നിങ്ങൾ ഇറങ്ങിപ്പോവുക ഞാനൊരിക്കലും ഇവരെ നിങ്ങൾക്ക് വിട്ടുതരുന്നതല്ല”. 

പിന്നീട് അടുത്ത ദിവസം ഇവർ ഈസബ് മറിയമിനെ സംബന്ധിച്ച് മോശമായി പറയുന്നവരാണ് എന്ന് പറഞ്ഞുനോക്കി. അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅ്ഫർ(رضي الله عنه), അദ്ദേഹം അല്ലാഹുവിൻറ ദാസനും റസൂലും ആത്മാവും കന്യകയായ മറിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു. ഇത് കേട്ട് രാജാവ് പറഞ്ഞത് ഇതുതന്നെയാണ് ഈസ് ബ്നു മറിയമിനെ സംബന്ധിച്ച വാസ്തവമായിട്ടുള്ള കാര്യങ്ങൾ എന്നായിരുന്നു. തുടർന്ന് മുസ്‌ലിംകളോട് നിങ്ങൾ എൻറ ദേശത്ത് എല്ലാവിധ നിർഭയത്വത്തോടുകൂടി കഴിഞ്ഞുകൊള്ളുക എന്നും ഖുറൈശികളോട് അവർ കൊണ്ടുവന്ന പാരിതോഷികങ്ങളുമായി സ്ഥലം വിട്ടുകൊള്ളാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി.

അബൂത്വാലിബിൻ മുന്നിൽ

തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികൾ അബൂത്വാലിബിനെ സമീപിച്ച് തന്റെ സംരക്ഷണത്തിൽ കഴിയുന്ന പ്രവാചകന് സംരക്ഷണത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവർ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു “താങ്കൾ ഞങ്ങളിൽ തല മുതിർന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്തിയാണ്. ഞങ്ങൾ ഇതിന് മുമ്പ് മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇനി ഞങ്ങൾ ക്ഷമിക്കുകയില്ല. നമ്മുടെ പൂർവികരെ വിഡ്ഢികളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾ അവനെ തടയുക; അതല്ലെങ്കിൽ അവനെ ഞങ്ങൾക്ക് എൽപ്പിച്ചു തരിക” 

ഇത് അബൂത്വാലിബിൽ വലിയ പ്രയാസമുണ്ടാക്കി അദ്ദേഹം നബി(ﷺ)യെ വിളിച്ചു സംഭവങ്ങൾ വിശദീകരിച്ച ശേഷം, നിന്റെ ഈ പ്രവർത്തനങ്ങൾ എന്നെ പ്രയാസപ്പെടുത്തിയിരിക്കുകയാണ്, അതിനാൽ എനിക്ക് താങ്ങാവുന്നതിലുമപ്പുറം എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകൻ (ﷺ) പിതൃവ്യൻ കൂടി തന്നെ കയ്യൊഴിച്ചു എന്ന് മനസ്സിലാക്കുകയും ശേഷം താഴെ പറയുന്ന വിധം കനപ്പെട്ട വാക്കുകൾ പറഞ്ഞ് കണ്ണീരോടുകൂടി അവിടെനിന്നും എഴുന്നേറ്റു; “മൂത്താപ്പാ, നിങ്ങളെ ഞാനൊരിക്കലും പ്രയാസപ്പെടുത്തുന്നില്ല. എന്നാൽ അവരെല്ലാവരും കൂടി എനിക്ക് സൂര്യനെ മുന്നിൽ വെച്ചുതന്നുകൊണ്ട് ഇതിൽ നിന്നും പിന്തിരിയണമെന്ന് പറഞ്ഞാലും ഞാൻ പിന്തിരിയുന്നതല്ല. ഒന്നുകിൽ എൻറ ദൗത്യം വിജയിക്കുക അതല്ലെങ്കിൽ ആ മാർഗ്ഗത്തിൽ ഞാൻ പിടഞ്ഞു മരിക്കുക” ഇതും പറഞ്ഞ് ഇറങ്ങിപ്പോകാൻ ശ്രമിച്ച് പ്രവാചകനെ അബൂത്വാലിബ് തിരിച്ചു വിളിച്ചുകൊണ്ട് പറഞ്ഞു; “ഇല്ല മകനേ ഞാനൊരിക്കലും നിന്നെ അവർക്ക് ഏൽപ്പിക്കുകയില്ല. നീ നിന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിച്ചു കൊള്ളുക, എന്റെ തല മണ്ണിൽ തട്ടുന്നത് വരെ നിന്നെ ഒരാൾക്കും ഉപ്രദവിക്കാൻ ഞാൻ അനുവദിക്കുന്നതല്ല” എന്ന് സധൈര്യം പറഞ്ഞു. 

അബൂ ത്വാലിബ് മുഹമ്മദിനെ കയ്യൊഴിക്കുന്നില്ലെന്ന് അറിഞ്ഞ ഖുറൈശികൾ സുമുഖനും ആരോഗ്യവാനുമായ ഇമാറത്തു ബ്നു വലീദ് ബ്നു മുഗീറയേയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചുകൊണ്ട് പറഞ്ഞു: “ഇതാ ഖുറൈശികളിൽ സുന്ദരനും തൻറടിയും ആരോഗ്യവാനുമായ യുവാവിനേയും കൊണ്ടാണ് ഞങ്ങളിപ്പോൾ വന്നിരിക്കുന്നത്. നിങ്ങളിവനെ മകനായി സ്വീകരിക്കുക പകരം മുഹമ്മദിനെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക ഞങ്ങളവൻറ കഥകഴിക്കുകയും ചെയ്യാം. ഇതുകേട്ട് ബുദ്ധിമാനായ അബൂത്വാലിബ് പറഞ്ഞു: നിങ്ങളുടെ തീരുമാനം രസകരം തന്നെ; എന്റെ മകനെ ഞാൻ നിങ്ങൾക്ക് കൊല്ലാൻ ഏൽപ്പിച്ചു തരിക എന്നിട്ട് നിങ്ങളുടെ മകനെ ഞാൻ തീററിപ്പോറ്റി വളർത്തുകയും ചെയ്യുക; നാണമില്ലേ നിങ്ങൾക്കിത് പറയാൻ. ഇറങ്ങിപ്പോവുക എൻറെ മുന്നിൽ നിന്നും. അങ്ങിനെ അതിലും പരാജയപ്പെട്ട അവർ ഇളിഭ്യരായി തിരിച്ചുപോയി.

ഹംസ (رضي الله عنه)വിൻറ ഇസ്‌ലാം  മതാശ്ലേഷണം

ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോൾ അവർ പ്രവാചകനെ കെലപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക്കഴിയുന്നതിൽ മൽസര ബുദ്ധിയോടെ പ്രവർത്തിച്ചു തുടങ്ങി. അങ്ങിനെ ഒരിക്കൽ പ്രവാചകൻ(ﷺ) കഅബയുടെ പരിസരത്ത് സഫയുടെ അടുത്തുകൂടെ നടന്നു പോകുക യായിരുന്നു; അന്നേരം അബൂ ജഹൽ അദ്ദേഹത്തെ വളരെ മോശമായ നിലയിൽ അസഭ്യങ്ങൾ പറഞ്ഞു. പ്രവാചകൻ(ﷺ) തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട് അബൂജഹൽ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായി മർദ്ദിക്കുകയും, തൽഫലമായി നബി(ﷺ)യുടെ തലക്ക് മുറിവു പററി രക്തം ധാരയായി ഒഴുകാൻ തുടങ്ങി. ഇതെല്ലാം കണ്ടു നിന്നിരുന്ന അബ്ദുല്ലാഹിബ്നു ജദ്ആനിൻറെ ഒരു അടിമ ഇക്കാര്യം ഹംസ(رضي الله عنه)വിന്റെ ശ്രദ്ധയിൽ പെടുത്തി. ഹംസ (رضي الله عنه) തന്റെ ആയുധങ്ങളുമെടുത്ത് അബൂ ജഹലിന്റെ നേരെ ചെന്നുകൊണ്ട് പറഞ്ഞ വാക്ക് പ്രവാചകൻറയും വിശ്വാസികളുടേയും മനസ്സിൽ തേൻ മഴ വർഷിക്കുന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു. “നീ എന്റെ സഹോദര പുത്രനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത അല്ലേ, എന്നാൽ ഇനി അതൊന്ന് ആവർത്തിച്ചു നോക്കൂ; ഞാനും ഇതാ അവൻ മതത്തിൽ ചേർന്നിരിക്കുന്നു” അത് തുടക്കത്തിൽ തന്റെ സഹോദര പുത്രനേററ പ്രയാസമറിഞ്ഞുള്ള രോഷാഗ്നിയായിരുന്നുവെങ്കിലും അല്ലാഹു, ആ മനസ്സിൽ നിന്നും പുറത്ത് വന്ന വാക്കിനെ അന്വർത്ഥമാക്കും വിധം അദ്ദേഹത്തിൻറെ മനസ്സിന് ഇസ്‌ലാം ഉൾക്കൊള്ളാൻ വിശാലത നൽകി. അതാകട്ടെ തന്റെ രക്ത സാക്ഷിത്വം നടക്കുന്നത് വരെ ഇസ്ലാമിനും മുസ്‌ലിംകൾക്കും വൻ ശക്തിയായി പരിണമിച്ചു.

ഉമറും ഇസ്ലാമിലേക്ക് !

ഈ അവസരത്തിൽ തന്നെയാണ് ഉമർ (رضي الله عنه) ഹുവിൻറ ഇസ്‌ലാം  ആശ്ലേഷണവും നടക്കുന്നത്. നുബുവ്വത്തിൻറ ആറാം വർഷം ദുൽഹജ്ജ് മാസത്തിലായിരുന്നു അത്. ഹംസ(رضي الله عنه) വിൻറ ഇസ്‌ലാം വിശ്വാസത്തിന്റെ മൂന്നാം ദിവസമായിരുന്നു പ്രസ്തുത സംഭവം. ശത്രുക്കളുടെ മർദ്ദനങ്ങൾ കൂടിവന്നപ്പോൾ പ്രവാചകൻ(ﷺ) “അല്ലാഹുവേ ഉമറു ബ്നുൽ ഖത്താബ്, അംറു ബ്നു ഹിശാം (അബൂ ജഹൽ) ഇവരിൽ നീ ഇഷ്ടപ്പെടുന്ന വ്യക്തിയെക്കൊണ്ട് ഇസ്‌ലാമിന് ശക്തി പകരേണമേ” എന്ന് പ്രാർത്ഥിച്ചിരുന്നതായി ഹദീസുകളിൽ കാണാവുന്നതാണ്. അല്ലാഹു ആ ഭാഗ്യത്തിന് ഉമർ(رضي الله عنه) യാണ് തിരഞ്ഞടുത്തത്. 

ഹംസ(رضي الله عنه) വിൻറ ഇസ്‌ലാം  സ്വീകരണം ഖുറൈശികൾക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിത്തീർത്തു. അതനുസരിച്ച് ഇനി എന്തായാലും മുഹമ്മദിനെ വകവരുത്തുക തന്നെ വേണം എന്ന് തീർച്ചപ്പെടുത്തി. അതിനായി അവരുടെ കൂട്ടത്തിലെ ഏററവും കരുത്തരിൽ ഒരാളായ ഉമറിനെ തന്നെ അവർ തിരഞ്ഞെടുത്തു. എല്ലാവരും കൂടി തന്നിലേൽപ്പിച്ച ആത്മവിശ്വാസം അത് ശരിവെച്ചുകൊണ്ട് അദ്ദേഹം തൻറ വാളുമെടുത്ത് ആകർത്തവ്യം നിർവ്വഹിക്കാനായി ഒരുങ്ങിത്തന്നെ പുറപ്പെട്ടു. വഴിയിൽ വെച്ച് നഈമുബ്നു അബ്ദുല്ല എന്ന വ്യകി അദ്ദേഹത്തെ കണ്ട് മുട്ടുകയും യാത്രയുടെ ഉദ്ദേശ്യത്തെ അന്വേഷിക്കുകയും ചെയ്തു. വിഷയം മനസ്സിലാക്കിയ അദ്ദേഹം, സ്വന്തം കുടുംബത്തെ നേരെയാക്കിയിട്ട് പോരെ മററുള്ളവരെ നേരെയാക്കൽ; എന്ന് പറഞ്ഞു കൊണ്ട് തങ്കളുടെ സഹോദരിയും ഭർത്താവും മതം മാറിയിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇതു കേൾക്കേണ്ട താമസം ഉമറിന് മുഹമ്മദിനോട് ഉണ്ടായിരുന്നതിനേക്കാൾ ദേഷ്യത്തോടെ സഹോദരിയുടെ വീട്ടിലേക്ക് ചെന്നു. ഖബ്ബാബ്ബ അറത് (رضي الله عنه) അവരെ ഖുർആൻ പഠിപ്പിക്കു കയായിരുന്നു അന്നേരം.

ഉമറിനെ കണ്ട മാത്രയിൽ ഖബ്ബാബ് ഒളിച്ചിരുന്നു. ഉമർനേരെ സഹോദരീ ഭർത്താവിനെ ശക്തമായി പ്രഹരിച്ചുകൊണ്ട് താൻ കേട്ട വാർത്തയെയും, അവർ പാരായണം ചെയ്തിരുന്ന വചനങ്ങളെയും സംബന്ധിച്ച് ചോദിച്ചു. അന്നേരം, താൻ ഉൾക്കൊണ്ടതിനപ്പുറമാണ് സത്യം എന്ന് മനസ്സിലായതിനാൽ ഉടനെ വീണ്ടും തന്റെ വാളുമായി ഓങ്ങുമ്പോഴേക്കും ഭർത്താവിനെ രക്ഷപ്പെടുത്താനായി സഹോദരി ഫാത്വിമ ഇടപെടുകയും അത് അവരുടെ മുഖത്ത് മുറിവേൽപ്പിക്കുകയും രക്തം ഒഴുക്കുകയും

ചെയ്തു. അത് ശ്രദ്ധിക്കാതെ അവർ ധീരമായി പറഞ്ഞു. “ഉമറേ നീ വിശ്വസിച്ചിരിക്കുന്നതിലല്ല സത്യം. ഞങ്ങൾ മുസ്ലിമായിരിക്കുന്നു എന്ന് പറഞ്ഞ് ശഹാദത്ത് ഉറക്കെ ഉച്ചരിച്ചു.” ഇതെല്ലാം ഉമറിനെ നിരാശനാക്കിയെങ്കിലും സഹോദരിയുടെ ധീരമായ പ്രഖ്യാപനത്തിൽ അൽഭുതപ്പെടുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരിയുടെ ശരീരത്തിൽ നിന്നും ഒഴുകുന്ന രക്തം കണ്ട് അദ്ദേഹത്തിൽ മാനസാന്തരമുണ്ടാവുകയും ശാന്തനായിക്കൊണ്ട് അവർ പാരായണം ചെയ്തിരുന്ന ഖുർആൻ സൂക്തങ്ങൾ താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരിൽ പ്രതീക്ഷയുണ്ടാക്കി. അന്നേരം സഹോദരി പറഞ്ഞു “ഉമറേ അത് പരിശുദ്ധമായ ദൈവീക വചനങ്ങളാണ് അശുദ്ധിയുള്ള നിന്നെ അത് ഏൽപ്പിച്ചു കൂടാ”. അന്നേരം ഉമർ ശുദ്ധിയായി വന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഏടുകൾ വായിച്ചുനോക്കി: “ത്വാഹാ,നിനക്ക് നാം ഖുർആൻ അവര വതരിപ്പിച്ചു തന്നത് നീ കഷ്ടപ്പെടാൻ വേണ്ടിയല്ല. ഭയപ്പെടുന്നവർക്ക് ഉൽബോധനം നൽകാൻ വേണ്ടി മാത്രമാണ്”. എന്നു തുടങ്ങുന്ന

ഖുർആനിലെ അദ്ധ്യായമായ സൂറത്ത് ത്വാഹയായിരുന്നു അത്. പ്രസ്തുത വചനങ്ങൾ പാരായണം ചെയ്ത അദ്ദേഹം ഇതിൽ നിന്നാണോ ആളുകൾ ഓടിപ്പോകുന്നത് !? എന്ന് പറഞ്ഞ് മുഹമ്മദ് എവിടെയാണ് എന്ന് എനിക്ക് പറഞ്ഞുതരൂ എന്ന് ആവശ്യപ്പെട്ടു. അന്നേരം ഒളിച്ചിരുന്നിരുന്ന ഖബ്ബാബ് (رضي الله عنه) പുറത്ത് വന്ന് ഇങ്ങിനെ പറഞ്ഞു: “ഉമറേ നീ ഭാഗ്യവാനാണ്, കഴിഞ്ഞ ദിവസം പ്രവാചകൻ (ﷺ) ഉമർ, അംറ് ഇവരിൽ രണ്ടാലൊരാളെക്കൊണ്ട് നാഥാ നീ ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാർത്ഥി ച്ചത് ഞാൻ കേട്ടിരുന്നു” എന്ന് പറഞ്ഞു പ്രവാചകനും അനുയായികളും കഴിഞ്ഞുകൂടുന്ന വീട് പറഞ്ഞു കൊടുത്തു. ഉമർ നേരെ അങ്ങോട്ട് ചെന്ന് പ്രവാചകനെ ആലിംഗനം ചെയ്തുകൊണ്ട് അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹുവ അശ്ഹദു അന്നക്ക റസൂലുല്ലാഹ് എന്ന് ചൊല്ലി മുസ്ലിമായി. അല്ലാഹു അക്ബർ !

ഈ സംഭവം വിശ്വാസികൾക്ക് എന്തെന്നില്ലാത്ത ആനന്ദവും ശത്രുക്കൾക്ക് ഏററ ഒരു ഇടിത്തീയുമായിരുന്നു. ഉമർ പ്രവാചകനോട് ചോദിച്ചു. നബിയേ നാം ജീവിച്ചാലും മരിച്ചാലും സത്യത്തിന്റെ വക്താക്കളല്ലെ ? നബി(ﷺ) അതെ, എന്ന് ഉത്തരം നൽകി. എങ്കിൽ ഇനി നാം ഒളിച്ചിരുന്നുകൂടാ. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ രണ്ട് അണികളാക്കി ഒരണിയുടെ മുന്നിൽ ഹംസ(رضي الله عنه) വും മറെറാന്നിൻ മുന്നിൽ ഉമർ(رضي الله عنه)വും നേതൃത്വം നൽകി അവർ പരസ്യമായി കഅബയിലേക്ക് മാർച്ച് ചെയ്ത് ത്വവാഫും നമസ്കാരവും നിർവ്വഹിച്ചു. അന്നാണ് പ്രവാചകൻ(ﷺ) ഉമർ(رضي الله عنه)വിനെ ഫാറൂഖ് (സത്യവും അസത്യവും വേർതിരിച്ചവൻ) എന്ന പേര് നൽകി അനുമോദിച്ചത്. ഉമർ(رضي الله عنه) വിൻറ ഇസ്‌ലാം മത വിശ്വാസത്തിന് ശേഷം മാത്രമാണ് ഞങ്ങൾക്ക് കഅബയുടെ അടുത്ത് വെച്ച് നമസ്കരിക്കുവാനും ത്വവാഫ് ചെയ്യുവാനും കഴിഞ്ഞിട്ടുള്ളത് എന്ന് സ്വഹാബികളിൽ പലരിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.

 

അബ്ദുൽ ലത്തീഫ് സുല്ലമി

Leave a Comment