05 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 05]

ഉത്ബത്തിന്റ ഭരണ വാഗ്ദാനം

ഹംസ, ഉമർ (رضي الله عنه) എന്നിവരുടെ ഇസ്‌ലാം  മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. ഒരിക്കൽ നബി(ﷺ) കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട് മുശ്രിക്കുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുൽ വലീദ്) തൻറ അനുയായികളോട് ചിലത് സംസാരിച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാൻ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകൻ നേർക്ക് ചെന്നു. ശേഷം ഇപ്രകാരം പറഞ്ഞു: മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മൾ പൂർവ്വീകരായി ചെയ്തു ശീലിച്ച ആചാരങ്ങളിൽ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലോ. എന്താണ് ഇതിന്റെ പിന്നിലെ നിൻറ ലക്ഷ്യം ? നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കിൽ നിന്നെ ഞങ്ങൾ ഭരണം ഏൽപ്പിച്ച് നൽകാം, അതല്ല ധനമാണ് നിന്റെ ലക്ഷ്യമെങ്കിൽ നീ ആവശ്യപ്പെടുന്ന സമ്പത്ത് ഞങ്ങൾ സ്വരൂപിച്ച് നൽകാം, അതല്ല വല്ല പെൺകുട്ടികളേയും വിവാഹം കഴിക്കാനാണ് നിൻ ഒരുക്കമെങ്കിൽ അതിന് ഞങ്ങൾ അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കിൽ ഞങ്ങൾ ചികിൽസിച്ച് മാററാം.

ഇത് പറഞ്ഞു തീർന്നപ്പോൾ നബി(ﷺ) ഖുർആനിലെ 41ാം അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ (ഫുസ്വിലത്ത്) ആയത്തുകൾ ഓതിക്കൊടുക്കാൻ തുടങ്ങി.

“ഇനി അവർ തിരിഞ്ഞു കളയുകയാണ് എങ്കിൽ പറഞ്ഞക്കുക, ആദ്, ഥമൂദ് എന്നീ സമൂഹങ്ങൾക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപ്പററി ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു” എന്ന വചനം എത്തിയപ്പോൾ ഉത്ബത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അൽപം കാരുണ്യം കാണിക്കണം എന്നു പറഞ്ഞ് നബി(ﷺ)യുടെ പൊത്തുകയും ഉടനെ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു. ഉത്ബത്തിൻറ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവർ പറഞ്ഞു: “ഉത്ബത്ത് പോയ ഉഷാറോടുകൂടിയല്ല വരുന്നത്’. വന്ന ഉടനെ ഖുറൈശീ സമൂഹമേ, നിങ്ങൾ ആ മനുഷ്യനെ വിട്ടേക്കുക. ഞാൻ ഒരു വാക്ക് കേട്ടു അവനിൽനിന്ന്. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാൻ കേട്ടിട്ടേയില്ല. അത് കവിതയുമല്ല, ജോൽസ്യവുമല്ല. അതുകൊണ്ട് അവനെ വിട്ട് ഒഴിഞ്ഞ് മാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവൻ എന്നെ കേൾപ്പിച്ചത്.

ബഹിഷ്കരണം 

അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികൾ കണ്ടെത്തിയ മാർഗ്ഗം നബി(ﷺ)ക്കും അനുയായികൾക്കും ഊരുവിലക്കും ബഹിഷ്കരണവും ഏർപ്പെടുത്തുക എന്നതായിരുന്നു. മുസ്‌ലിംകളുമായുള്ള വിവാഹം, മററ് ഇടപാടുകൾ, പരസ്പരമുള്ള സമ്പർക്കങ്ങൾ, കച്ചവടം (വാങ്ങലും വിൽക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പർക്കവും നിർത്തൽ ചെയ്തുകൊണ്ട് ഒരു കരാർ എഴുതിയുണ്ടാക്കി കഅബയിൽ കെട്ടിത്തൂക്കി. തദടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അവർ ഭക്ഷണ പാനീയങ്ങൾ പോലും വിലക്കി. കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിൽ പുറം നാടുകളിൽ നിന്നും കച്ചവടക്കാർ വരുന്ന അവസരങ്ങളിൽ മാത്രമായിരുന്നു എന്തെങ്കിലും കൊള്ളക്കൊടുക്കകൾ നടത്താൻ കഴിഞ്ഞിരുന്നത്. അല്ലാത്ത അവസരങ്ങളിൽ തങ്ങൾ കാലിൽ ധരിച്ചിരുന്ന തോലിൻ ചെരുപ്പുകൾ വെള്ളത്തിലിട്ട് കുതിർത്തി അത് പോലും കടിച്ച് തിന്നു നോക്കിയിരുന്നു, എന്നും. പച്ചിലകൾ കടിച്ചു തിന്ന്, ആടുകൾ കാഷ്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങൾ കാഷ്ടിച്ചിരുന്നത് എന്നും സ്വഹാബികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയിൽ ഖദീജ (رضي الله عنها)യുടെ സഹോദരപുത്രൻ ഇടക്ക് തന്റെ അമ്മായി എന്ന ബന്ധം പരിഗണിച്ച് ചോളവും മറ്റും എത്തിച്ചുകൊടുത്തിരുന്നത് ഒഴിച്ച് മറെറല്ലാ സമ്പർക്കവും നബി(ﷺ)ക്കും അനുയായികൾക്കും തടയപ്പെട്ടു. പൂർണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈ അവസ്ഥയിൽ മൂന്ന് കൊല്ലം കഴിച്ചുകൂട്ടേണ്ടി വന്നു !. 

എന്നാൽ ഖുറൈശികൾക്ക് ഇടയിൽ തന്നെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളിൽ അനുകമ്പയുള്ള ചിലയാളുകളുണ്ടായിരുന്നു. അക്കൂട്ടത്തിലൊരാളായ ഹിഷാമ് ബ്നു അംറ്, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈറ് ബ്നു അബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിത്യ സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കാണുകയും നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തിൽ ക്രൂരമായി പെരുമാറാൻ മാത്രം എന്ത് തെററാണ് അവർ ചെയ്തത് ? വർഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു !. അന്നേരം ഞാൻ ഒററക്ക് എന്ത് ചെയ്യാനാണ് ? എന്നായിരുന്നു അയാളുടെ മറുപടി. അന്നേരം ഹിശാം പറഞ്ഞത് ഒരാൾ മാത്രമല്ല രണ്ടാമനായി ഞാനുമുണ്ട് മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനേയും അതുപോലെ അബുൽ ബുഹ്രിയേയും ഈ വിഷയത്തിൽ തങ്ങളോടൊപ്പം ലഭിച്ചു. അങ്ങിനെ നാലു പേരും കൂടി ഖുറൈശികളോടായി കരാർ വലിച്ചു കീറുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. അന്നേരം അബൂജഹൽ നീ പറയുന്നത് നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച് സുഹൈറിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദർഭത്തിൽ പ്രസ്തുത

സംസാരങ്ങൾ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു: നിങ്ങൾ തർക്കിക്കേണ്ടതില്ല, അത് അല്ലാഹു തന്നെ ഏറെറടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു. ഇത് കേട്ട മുത്ഇമുബ്നു അദിയ്യ് കരാർ പ്രതം വലിച്ചു കീറുന്നതിനായി ചെന്ന് നോക്കിയപ്പോൾ തുടക്കത്തിൽ എഴുതപ്പെട്ടിരുന്ന ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻറെ നാമത്തിൽ) എന്നവചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതൽ നശിപ്പിക്കപ്പെട്ടിരുന്നു. അതോടെ ബഹിഷ്കരണവും അവസാനിച്ചു. പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബിൽ (അബൂത്വാലിബിന്റെ മലഞ്ചെരുവിൽ) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു. 

ദുഃഖ വർഷം 

പ്രവാചകത്വത്തിൻറെ പത്താം വർഷം പ്രവാചകനെ സംബന്ധിച്ചേടത്തോളം തങ്ങാവുന്നതിലുമപ്പുറം ദു:ഖവും പ്രയാസവും അനുഭവിക്കേണ്ടതായി വന്ന വർഷമായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രകാരന്മാർ ദു:ഖ വർഷം എന്നാണ് പ്രസ്തുത വർഷത്തിന് പേരു നൽകിയിട്ടുള്ളത്. വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷിക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന അബൂത്വാലിബിന്റേയും അവിടുത്തെ പിയ പത്നി ഖദീജ (رضي الله عنها)യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം. പ്രവാചകനും അനുയായികളും ശിഅബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത് വന്ന് അധികം കഴിഞ്ഞില്ല; അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വർത്തിച്ചിരുന്ന അബൂ ത്വാലിബ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ആസന്നമായ അവസരത്തിൽ

പ്രവാചകൻ(ﷺ) അവിടെ കടന്നുചെല്ലുകയും അദ്ദേഹത്തോട് “ മൂത്താപ്പാ, നിങ്ങളൊന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ. എങ്കിൽ അത് വെച്ച് എനിക്ക് അല്ലാഹുവിങ്കൽ ഒന്ന് വാദിച്ചുനോക്കാം”. എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹൽ, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവർ പറഞ്ഞു. അബൂ ത്വാലിബ്, നിങ്ങൾ അബ്ദുൽ മുത്തലിബിൻറ കയ്യൊഴിക്കുകയാണോ!? അന്നേരം അബൂ ത്വാലിബ് പ്രവാചകനോടായി പറഞ്ഞത് ഇങ്ങിനെയാണ്. മോനേ, നിന്റെ മതമാണ് ഏററവും നല്ല എന്ന് എനിക്കറിയാം. പക്ഷേ ഈ ജനതയുടെ ആക്ഷേപം ഇല്ലായിരുന്നുവെങ്കിൽ നിന്നിൽ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി ഞാനാകുമായിരുന്നു. ഇത്പറഞ്ഞുകൊണ്ട് അബ്ദുൽ മുത്തലിബിൻറ മതത്തിലായിക്കൊണ്ട് എന്ന് പറഞ്ഞ് അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനിൽ അങ്ങേയറ്റം പ്രയാസമുണ്ടാക്കി.

ദു:ഖ ഭാരത്താൽ, “എന്നോട് വിരോധിക്കാത്തതു വരെഞാൻ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പാർത്ഥിക്കും”. എന്ന് പ്രവാചകൻ പറഞ്ഞു. പക്ഷേ അല്ലാഹു ഇപ്രകാരം ഖുർആൻ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു. “ബഹു ദൈവ വിശ്വാസികൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവർക്കുവേണ്ടി പാപമോചനം തേടുവാൻ, അവർ അടുത്തബന്ധമുള്ളവരായാൽ പോലും പ്രവാചകനും സത്യവിശ്വാസി കൾക്കും പാടുള്ളതല്ല” (ഖുർആൻ 9: 113) “നിശ്ചയം, നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴി യിലാക്കാൻ ആവില്ല” (ഖുർആൻ 28: 56)

ഖദീജാ ബീവി (رضي الله عنها) യുടെ വഫാത്

അബൂത്വാലിബിൻറ മരണത്തിന് ശേഷം രണ്ടോ മൂന്നോ മാസം പിന്നിടുമ്പോഴേക്ക്, നബിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവിടുത്തെ പിയപത്നി ഖദീജ (رضي الله عنها)യും വേർപിരിഞ്ഞു. നുബുവ്വത്ത് പത്താം വർഷം റമദാൻ മാസത്തിലായിരുന്നു അത്. അന്ന് അവർക്ക് 65 വയസ്സും നബി(ﷺ)ക്ക് 50 വയസ്സുമായിരുന്നു പ്രായം. ഇരുപത്തഞ്ച് വർഷത്തെ ആ ദാമ്പത്യജീവിതം പ്രവാചകൻ(ﷺ) തന്റെ ജീവിതത്തിൽ എന്നുമെന്നും ഓർക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി(ﷺ) ഖദീജ (رضي الله عنها)യെ അനുസ്മരിച്ച് പറഞ്ഞത് നമുക്ക് ഇങ്ങിനെ കാണാം. “എല്ലാവരും എന്നിൽ അവിശ്വസിച്ചപ്പോൾ ഖദീജ (رضي الله عنها)എന്നിൽ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോൾ അവർ എന്നെ സത്യപ്പെടുത്തി. ജനങ്ങൾ എന്നെ തടഞ്ഞപ്പോൾ അവർ അവരുടെ സമ്പത്ത് കൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നൽകിയതും” (അഹ്മദ്).

മറെറാരു ഹദീസ് കൂടി കാണുക: “ഒരിക്കൽ ജിബ്രീൽ (عليه السلام) നബി(ﷺ)യുടെ അടുക്കൽ വന്നു പറഞ്ഞു: ഖദീജ (رضي الله عنها)ഇപ്പോൾ താങ്കളുടെ അടുത്ത് വരും അവർ എത്തിയാൽ അല്ലാഹു അവർക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക. അതുപോലെ അല്ലാഹു അവർക്കായി ഒരു ഭവനം ഒരുക്കി വെച്ചതായും സന്തോഷമറിയിക്കുക” (ബുഖാരി).

പ്രവാചകൻ(ﷺ) ത്വാഇഫിലേക്ക്

അബൂത്വാലിബിന്റേയും ഖദീജ (رضي الله عنها)യുടേയും വേർപാട് ഖുറൈശികൾ തികച്ചും മുതലെടുത്തു. അവർ, തങ്ങൾ നടത്തിവന്നിരുന്ന മർദ്ദന മുറകൾക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനിൽ കൂടുതൽ ദു:ഖവും പ്രയാസവുമുണ്ടാക്കി. സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ പ്രവാചകൻ തൻറ മാതൃ കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു. നുബുവ്വത്ത് പത്താം വർഷം ശവ്വാൽ മാസം പ്രവാചകൻ(ﷺ) തന്റെ അടിമയായിരുന്ന സൈദ്ബ്നു ഹാരിഥമൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാൽ തന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങൾ.

പത്ത് ദിവസത്തോളം ത്വാഇഫിൽ കഴിച്ചുകൂട്ടി തൻറ ദൗത്യം അവരുടെ മുന്നിൽ വിശദീകരിച്ചു. പക്ഷേ ഒരാൾ പോലും അത് സ്വീകരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല അവർ തങ്ങളുടെ നാട്ടിൽ നിന്നും ഇറങ്ങിപ്പോകുവാൻ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിള്ളരെ സജ്ജരാക്കുകയുമാണ് ചെയ്തത്. അങ്ങിനെ പ്രവാചകൻറ ശരീരത്തിൽ നിന്നും രക്തം പൊട്ടി ഒഴുകുമാറ് പ്രവാചകനും കൂടെയുണ്ടായിരുന്ന സൈദും ഉപദ്രവങ്ങൾ ഏൽപ്പിക്കപ്പെട്ടു. അവസാനം പ്രവാചകൻ (ﷺ) നിരാശനായി അവിടെനിന്നും യാത്ര തിരിച്ചു. മടക്കയാത്രയിൽ, ഒരാൾ പോലും തന്നെ സഹായിക്കുവാനോ തന്നിൽ വിശ്വസിക്കുവാനോ തയ്യാറാകാത്തതിൽ

മനം നൊന്ത് അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോൾ റബീഅ:യുടെ മക്കളായ ഉത്ബത്തിന്റേയും ശൈബത്തിൻറെയും മുന്തിരിത്താട്ടത്തിൽ അൽപം വിശ്രമിക്കാനായി കടന്നുചെന്നു; അവിടെയുണ്ടായിരുന്ന ഒരു മതിലിൽ ചാരി ഇരുന്നു. അന്നേരം അല്ലാഹു ജിബ്രീൽ എന്ന മലക്കിനോടൊപ്പം പർവ്വതങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബി(ﷺ)യെ ഉപദ്രവിച്ച് സമൂഹത്ത നശിപ്പിക്കാൻ അനുവാദം ചോദിച്ചു. ഉടനെ കാരുണ്യത്തിൻറെ പ്രവാചകൻ അതിന് അനുവാദം നൽകിയില്ല; എന്നു മാത്രമല്ല. അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കുകയാണ് ചെയ്തത്.

അല്ലാഹുവേ ഈ ജനത അവർക്ക് വിവരമില്ലാത്തത് കൊണ്ട് ചെയ്തു പോയതാണ്. അതിനാൽ അവർക്ക് നീ പൊറുത്ത് കൊടുക്കേണമേ. അവർക്ക് ജനിക്കുന്ന പിൻ തലമുറയിൽ നിന്നെങ്കിലും ഒരാൾ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കിൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“അഅങ്ങിനെ പ്രവാചകൻ ഖുറൈശീ പ്രമുഖരിൽ പെട്ട മുത്ഇമു ബ്നു അദിയ്യിൻറ സംരക്ഷണത്തിൽ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

Leave a Comment