06 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 06]

ഇസ്റാഉം മിഅ്റാജും

പ്രവാചകൻ(ﷺ) എല്ലാ നിലയിലും ദു:ഖാകുലനായി കഴിഞ്ഞു കൂടുന്ന സന്ദർഭത്തിലായിരുന്നു ഇസ്റാഅ് മിഅ്റാജ് എന്നീ അൽഭുത സംഭവങ്ങൾ നടന്നത്. എല്ലാവരും അല്ലാഹു അടക്കം പ്രവാചകനെ കയ്യൊഴിച്ചു എന്ന് വരെ ശത്രുക്കൾ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ അവസരത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രത്യേക കൂടിക്കാഴ്ചക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തിൽ പ്രസ്തുത സംഭവങ്ങൾക്ക് പ്രവാചകൻ(ﷺ) യെ തിരഞ്ഞെടുത്തത്.

ഈ സംഭവങ്ങൾ ഏത് വർഷത്തിൽ ഏത് തീയതിയിലാണ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. എന്നാൽ മദീന ഹിജ്റയുടെ ഒരു വർഷം മുമ്പാണ് എന്നിടത്താണ് പലരും എത്തി നിൽക്കുന്നത്. ആ ദിവസം ഏതെന്ന് അറിയുന്നതിൽ പ്രത്യേക നേട്ടമുണ്ടായിരുന്നുവെങ്കിൽ അതൊരിക്കലും അല്ലാഹു അവ്യക്തമാക്കുമായിരുന്നില്ല. ഒരു പക്ഷേ, പിൽക്കാലത്ത് ജനങ്ങൾ അതിൻറ പേരിൽ ആഘോഷങ്ങളും ആരാധനകളും സംഘടിപ്പിക്കാതിരിക്കാനായി ഒളിപ്പിച്ചു വെച്ചതുമായേക്കാം

മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്ക് അല്ലാഹു പ്രവാചകൻ (ﷺ) യെ രാതി സഞ്ചരിപ്പിച്ചതിന് ഇസ്റാഅ് എന്നും അവിടെനിന്നും വാനലോകത്തേക്കുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും പറയുന്നു. ഇത് രണ്ടും ശാരീരികമായും ഒരേ രാത്രിയിൽ തന്നെയുമായിരുന്നു എന്നും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള സ്വഹാബികളുടെ വാക്കുകളിൽ നിന്നും പ്രസ്തുത സംഭവത്തെ നമുക്ക് താഴെ പറയും വിധം മനസ്സിലാക്കാവുന്നതാണ്. നബി(ﷺ) യുടെ അടുക്കൽ രാത്രിയിൽ ജിബ്രീൽ (عليه السلام) ബുറാഖ് എന്ന ഒരു പ്രത്യേക തരം വാഹനവുമായി – ത് കഴുതയേക്കാൾ വലുതും കോവർ കഴുതയേക്കാൾ ചെറുതും വെള്ള നിറത്തോട് കൂടിയതുമായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട് – വരികയും പ്രവാചകനേയും കൊണ്ട് ബൈതുൽമുഖദ്ദസ് വരെ യാത്ര ചെയ്യുകയും ചെയ്തു. കണ്ണെത്താവുന്ന അത്ര ദൂരത്തിലായിരുന്നു അതിന്റെ ഓരോ കാലുകളും പറിച്ചുവെച്ചിരുന്നത് എന്ന പ്രവാചക വചനത്തിൽ നിന്ന് അതിന്റെ വേഗത നമുക്ക് മനസ്സിലാക്കാവുന്നതാണ്. 

ബൈതുൽ മുഖദ്ദസിന്റെ കവാടത്തിൽ ബുറാഖിനെ ബന്ധിച്ച ശേഷം പ്രവാചകൻ (ﷺ) അതിനുള്ളിൽ കയറി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിച്ചു. ശേഷം അല്ലാഹു മററ് പ്രവാചകന്മാരെയെല്ലാം നബി(ﷺ)ക്ക് മുന്നിൽ ഹാജറാക്കുകയും അവർക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രവാചകൻ (ﷺ) നമസ്കരിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇസ്റാഅ് എന്ന് അറിയപ്പെടുന്നത്. പിന്നീട് ഗോവണി പോലുള്ള പ്രത്യേക തരത്തിലുള്ള ഒരു വാഹനം കൊണ്ട് വരപ്പെടുകയും അതിലൂടെ ആകാശ ലോകത്തേക്ക് അല്ലാഹുവിൻറെ അനുഗ്രഹത്താൽ കയറിപ്പോവുകയും ചെയ്തു. 

ഒന്നാമത്തെ ആകാശത്ത് വെച്ച് ആദം നബി (عليه السلام) യെ കണ്ടു. അന്യോന്യം സലാം പറഞ്ഞ ശേഷം അല്ലാഹു അദ്ദേഹത്തിന് സജ്ജനങ്ങളുടെയും ദുർജനങ്ങളുടെയും ആത്മാക്കളെ കാണിച്ചുകൊടുത്തു. രണ്ടാം ആകാശത്ത് യഹ്യ, ഈസ (عليه السلام), മൂന്നാം ആകാശത്തിൽ യൂസുഫ്(عليه السلام), ആകാശത്ത് ഇദ്രീസ് (عليه السلام), അഞ്ചാം ആകാശത്ത് ഹാറൂൻ (عليه السلام), ആറാം ആ കാശത്ത് മൂസാ (عليه السلام), ഏഴാം ആകാശത്ത് ഇബ്റാഹീം (عليه السلام) എന്നിവരേയും കണ്ടു. എല്ലാവരും പ്രവാചകനെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിൻറ പ്രവാചകത്വത്തെ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് വാനലോകത്തുള്ള സിദ്റത്തുൽ മുൻതഹ: എന്ന പ്രത്യേക വൃക്ഷവും, ഭൂമിയിലെ കഅബക്ക് തുല്യമായി വാനലോകത്തെ മന്ദിരമായ ബൈതുൽ മഅ്മൂറുമെല്ലാം അല്ലാഹുവിൻറ അത്യുന്നത സ്ഥാനത്തിനോടടുത്ത് എത്താറാകുകയും അവിടെ വെച്ച് ല്ലാഹു അദ്ദേഹവുമായി സംസാരിക്കുകയും അൻമ്പത് സമയങ്ങളിലുള്ള നമസ്കാരം വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും ചെയ്തു. അതിനു മടക്ക യാതയിൽ ആറാം ആകാശത്ത് മൂസാ(عليه السلام)നെ വീണ്ടും കണ്ട്മുട്ടുകയും അല്ലാഹുവിൽ നിന്നും എന്താണ് പാരിതോഷികമായി ലഭിച്ചിട്ടുള്ളതെന്നത് എന്ന് അന്വേഷിക്കുകയും ചെയ്തു. അമ്പത് സമയത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകൻ (ﷺ) അറിയിച്ചു. അന്നേരം, താങ്കളുടെ സമൂഹത്തേക്കാൾ ശാരീരികമായും മാനസികമായും ശക്തരും കരുത്തരും എല്ലാം ആയിരുന്ന എൻറ സമുദായത്തിന് ഇതിലും കുറഞ്ഞ ആരാധനകൾ ചുമത്തിയിട്ട്  അത് അവർക്ക് നിർവ്വഹിക്കാനായിരുന്നില്ല. അതിനാൽ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോയി ലഘൂകരിക്കാൻ ആവശ്യപ്പെടുക എന്ന് പറഞ്ഞു. അത് അനുസരിച്ച് പ്രവാചകൻ(ﷺ) പല പ്രാവശ്യങ്ങളിലായി ലഘൂകരിക്കാൻ ആവശ്യപ്പെട്ട് അമ്പത് സമയമുള്ളത് അഞ്ച് സമയമാക്കി ചുരുക്കി നിശ്ചയിക്കപ്പെട്ടു. അന്നേരം പ്രവർത്തനത്തിൽ ലഘൂകരണം വരുത്തിയെങ്കിലും പ്രതിഫലത്തിൻറ കാര്യത്തിൽ നാം തീരുമാനം മാററാൻ ഉദ്ദേശിക്കുന്നില്ല എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.

കൂടാതെ പ്രവാചകൻ (ﷺ) ക്ക് അല്ലാഹു പ്രസ്തുത യാതയിൽ സ്വർഗ നരകങ്ങളെയും അതിലെത്തിപ്പെടുന്നതിനുള്ള കാരണങ്ങളേയും കാണിച്ചുകൊടുക്കുകയുണ്ടായി. വ്യത്യസ്ത റിപ്പോർട്ടുകളായി വന്നിട്ടുള്ള വിഷയങ്ങളിൽ ഏതാനും ചിലത് മാത്രം താഴെ ചേർക്കുന്നു. 

അനാഥകളുടെ സ്വത്ത് തിന്നുന്നവർ: ഒട്ടകത്തിൻറ വായകളാടുകൂടിയുള്ള ഒരു വിഭാഗം ആളുകൾ അവർ തീക്കട്ടകൾ വിഴുങ്ങുകയും അത് അവരുടെ പിൻഭാഗത്തിലൂടെ താഴേക്ക് വീഴുകയും ചെയ്യുന്നു. അനാഥകളുടെ സ്വത്ത് ഭുജിക്കുന്നവർക്ക് ഉണ്ടാകാൻ പോകുന്ന അനുഭവമായിരിക്കും ഇത് എന്ന് ജിബ്രീൽ വിവരിച്ചു കൊടുത്തു.

പലിശ തിന്നുന്ന ആളുകൾ: അവർ വലിയ കെട്ടിടങ്ങൾ പോലുള്ള വയറുകളോട് കൂടി പ്രയാസപ്പെടുന്നു.

വ്യഭിചാരികൾ: അവർ നല്ല മാംസം ഒരു ഭാഗത്ത് ഉള്ളതിലേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതെ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാംസം തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

തങ്ങൾക്ക് ജനിച്ച സന്താനങ്ങളെ പിതാക്കളിലേക്കല്ലാതെ ചേർത്ത് പറയുന്ന സ്ത്രീകൾ അവരുടെ സ്തനങ്ങളിൽ കെട്ടിത്തൂക്കപ്പെട്ട നിലയിൽ പ്രയാസപ്പെടുന്നു.

നമസ്കാര സമയത്ത് കിടന്നുറങ്ങുന്നവർ: അവരുടെ മുഖം മറെറാരു വിഭാഗം ആളുകൾ കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കുകയും മുഖം വികൃതമായാൽ കല്ല് കയ്യിൽ നിന്നും വീണ് ഉരുണ്ട് പോകുകയും അത് എടുത്ത് വരുമ്പോഴേക്ക് മുഖം പഴയ രൂപത്തിലായിരിക്കും. വീണ്ടും അവർ ചതച്ച് വികൃതമാക്കപ്പെടുന്നു. ഇപ്രകാരം ആ വർത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഇങ്ങനെ വിവിധ തരത്തിലുള്ള കുററകൃത്യങ്ങൾക്കുള്ള ശിക്ഷാരീതികൾ കാണിക്കപ്പെട്ടു.

അപ്രകാരം തന്നെ സ്വർഗവും കാണിക്കപ്പെട്ടു. സ്വർഗീയ സൗകര്യങ്ങളും, ചെറുപ്രായത്തിൽ മരണപ്പെട്ട കുട്ടികൾ ഇബ്റാഹീം (عليه السلام) യോടൊപ്പം ഒന്നിച്ച് ആഹ്ലാദിച്ച് കഴിയുന്നതും അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അങ്ങിനെ എല്ലാം കണ്ടശേഷം അതേ രാത്രിയിൽ തന്നെ പ്രവാചകൻ(ﷺ) തിരിച്ചെത്തുകയും ചെയ്തു.

നേരം പുലർന്നപ്പോൾ നടന്ന സംഭവങ്ങളെല്ലാം പ്രവാചകൻ (ﷺ) സ്വഹാബികൾക്ക് വിവിരിച്ചു കൊടുത്തു. വിവരം അറിഞ്ഞ മുശ്രികുകൾ പരിഹസിക്കാൻ തുടങ്ങി. അത് കണ്ട് വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകളിൽ പോലും സംശയത്തിന്റെ വക്കിനോളം എത്തിച്ചു. എന്നാൽ പ്രസ്തുത സംഭവം വിവരിക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന അബൂബക്കറിനെ ചെന്നു കണ്ട് ഖുറൈശികൾ വിവരം ധരിപ്പിച്ചു. അന്നേരം പ്രവാചകൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനത് വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്നായിരുന്നു അബൂബക്കർ(رضي الله عنه)വിൻറ പ്രതി കരണം. ഇത് അറിഞ്ഞ പ്രവാചകൻ(ﷺ) അബൂബക്കർ (رضي الله عنه)ന് സിദ്ദീഖ് (സത്യപ്പെടുത്തിയവൻ) എന്ന സ്ഥാനപ്പേര് നൽകി അനുമോദിക്കുകയും ചെയ്തു.

എന്നാൽ മുശ്രികുകൾ പ്രവാചകനോട് ബൈതുൽ മുഖദ്ദസിന്റെ വിശേഷണങ്ങളെ സംബന്ധിച്ച് പല ചോദ്യങ്ങളും ചോദിച്ചു. അതിനെല്ലാം കൃത്യമായി മറുപടി പറഞ്ഞപ്പോൾ അവർക്ക് അത് ശരിവെക്കുകയല്ലാതെ നിർവ്വാഹമുണ്ടായിരുന്നില്ല. പിന്നീട് അവർ മറെറാരു ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ഒരു കച്ചവട സംഘം സിറിയയുടെ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണങ്ങളും അത് എപ്പോൾ തിരിച്ചെത്തും എന്നെല്ലാം അവർ പ്രവാചകനോട് ചോദിച്ചു. എല്ലാറ്റിനും കൃത്യമായി മറുപടി പറയുകയും അതുമായി സംഭവങ്ങൾ യോജിച്ചു വരികയും ചെയ്തങ്കിലും അവർ ഇത് മുഹമ്മദിന്റെ ജാലവിദ്യയാണ് എന്ന് പറഞ്ഞ് നിഷേധത്തിൽ തുടരുക തന്നെ ചെയ്തു.

ഒന്നാം അഖബാ ഉടമ്പടി 

മുശ്രികുകളുടെ മർദ്ദനങ്ങൾക്ക് ശക്തികൂടിയപ്പോൾ പവാചകൻ (ﷺ) പ്രബോധന പ്രവർത്തനങ്ങൾ മക്കയുടെ പുറംനാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിന് വേണ്ടി ഹജ്ജ് സമയങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്രിബിൽ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരിൽ ചിലർ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്തു. അതനുസരിച്ച് ആറ് പേർ മുസ്ലിമാവുകയും അവർ നാട്ടിൽ ഈ സത്യം മററുള്ളവരെ

അറിയിക്കുമെന്നും, കൂടുതൽ ആളുകളെ ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം ചെയ്ത് പിരിഞ്ഞു. ഈ സംഭവങ്ങൾ പ്രവാചകത്വത്തിൻറ പതിനൊന്നാം വർഷത്തിലായിരുന്നു. മേൽ പറയപ്പെട്ട ആറ് വ്യക്തികൾ യഥ്രിബിൽ തിരിച്ചെത്തി, യഥ്രിബിൽ നടത്തിയ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായി അടുത്തവർഷം നുബുവ്വത്തിന്റെ പന്തണ്ടാം വർഷം ആദ്യം നബിയിൽ വിശ്വസിച്ചവരിൽ പെട്ട അഞ്ച് പേർ ഉൾപ്പടെ പന്ത്രണ്ട് പേർ ഹജ്ജിനായി മക്ക

യിൽ വരികയും മീനക്ക് സമീപം അഖബയിൽ വെച്ച് നബി (ﷺ)യുമായി കൂടിക്കാഴ്ച നടത്തി മഹത്തായ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. “അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല, വ്യഭിചാരം, കവർച്ച, ശിശുഹത്യ, അപവാദം പറഞ്ഞു പരത്തുക എന്നിവ പൂർണ്ണമായും വർജ്ജിക്കുക, ഒരിക്കലും പ്രവാചകനോട് എതിര് പ്രവർത്തിക്കാതിരിക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ. ഈ കരാർ ആണ് ഒന്നാം അഖബ: ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്.

രണ്ടാം അഖബാ ഉടമ്പടി

ഒന്നാം ഉടമ്പടി കഴിഞ്ഞ് യഥ്രിബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്അബ് ബ്നു ഉമർ (رضي الله عنه) വിനെ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി പറഞ്ഞയച്ചു. മിസ്അബ് (رضي الله عنه) വിന്റെ നേതൃത്വത്തിൽ യഥ്രിബിലെ പ്രബോധനം  ശക്തിപ്പെടാൻ തുടങ്ങി. തൽഫലമായി അടുത്ത വർഷം നുബുവ്വത്ത് പതിമൂന്നാം വർഷം എഴുപത്തിരണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും യഥ്രിബിൽ നിന്നും ഹജ്ജിനു വന്ന മുശ്രികുകളോടൊപ്പം മക്കയിൽ എത്തി. അവർ പ്രവാചകൻ(ﷺ)യും വിശ്വാസികളും അനുഭവിക്കുന്ന മർദ്ദനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി; സത്യ ദീനിന്റെ പേരിൽ പ്രവാചകൻ(ﷺ) പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവർ പരസ്പരം പറയാൻ തുടങ്ങി. അങ്ങിനെ അവർ പ്രവാചകനെ യഥ്രിബിലേക്ക് സ്വാഗതം ചെയ്തു; അക്കാര്യം പ്രവാചകനോട് അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങൾ ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കിൽ നിങ്ങൾക്ക് എല്ലാവിധ സംരക്ഷണവും സഹായങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണ് എന്ന് അറിയിച്ചു.

അങ്ങിനെ അവർ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഒരു കരാറിൽ ഒപ്പുവെച്ചു. ഇതായിരുന്നു രണ്ടാം അഖബ: ഉടമ്പടി. 

എല്ലാ നിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിന്റേയും എളുപ്പത്തിന്റേയും അവസരത്തിൽ ഇസ്ലാമിക മാർഗ്ഗത്തിൽ ചിലവഴിക്കുക. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തിൽ ഉറച്ച്നിൽക്കുക. ഞാൻ നിങ്ങളിലേക്ക് വന്നാൽ നിങ്ങളുടെ മക്കളേയും ഭാര്യമാരേയും സംരക്ഷിക്കുംപ്രകാരം, സ്വർഗ്ഗം മാത്രം ലക്ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക. അങ്ങിനെ സംഘത്തിലുണ്ടായിരുന്ന ഓരോരുത്തരും മേൽ വ്യവസ്ഥകൾ പാലിക്കു മെന്ന് നബി(ﷺ)യുടെ കെപിടിച്ചുകൊണ്ട് (രണ്ട് സ്ത്രീകൾ ഒഴികെ) തന്നെ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തിൽ പ്രവാചകൻ(ﷺ) അവരിലെ ഓരോ ഗോത്രത്തിൽ നിന്നും പ്രസ്തുത കരാർ പാലിക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ച് ഓരോ നേതാക്കളെയും തിരഞ്ഞെടുത്തു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

Leave a Comment