01 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 01 ]

കുടുംബവും പിതാമഹൻമാരും

സുഊദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽപെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകൻ (ﷺ) യുടെ കുടുംബ പാരമ്പര്യം.

അദ്ദേഹത്തിന്റെ പ്രപിതാക്കൾ താഴെ പറയും പ്രകാരമാണെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നത്. അബ്ദല്ല, അബ്ദുൽ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്റ്, മാലിക്, നുള്വറ്, കിനാനം, ഖുസൈമ:, മുദ്രികാ, ഇൽയാസ്, മുള്വറ്, നിസാർ, മുഅദ്ദ്, അദ്നാൻ . ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി തൻറ സ്വഹീഹിൽ രേഖപ്പെടുത്തിയതാണ്. (ഫത്ഹുൽ ബാരി 7/169) അദ്നാൻ ഇബ്റാഹീം (عليه السلام) യുടെ മകൻ ഇസ്മാഈൽ (عليه السلام) യുടെ സന്തതികളിൽ പെട്ട വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരന്മാരാൽ ഏകാഭിപ്രായമുള്ളതാണ്. എന്നാൽ ആദം (عليه السلام) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

മാതാവ് ഖുറൈശിയിൽ പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പകാരം പിതാവിൻറ പരമ്പരയി ൽ തന്നെ ചെന്നെത്തുന്നതാണ്. ആമിന അവരുടെ പിതൃ പരമ്പര വഹബ്, അബ്ദുമനാഫ്, സുഹ്ഫ, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ് . പിതാവ് നബി (ﷺ) യുടെ ജനനത്തിന് രണ്ട് മാസം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്ര രേഖകളിലെ പ്രബലമായ അഭിപ്രായം.

പിതൃവ്യന്മാർ: ഹാരിഥ്, സുബൈർ, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരിൽ ഹംസ, അബ്ബാസ് എന്നിവർ മാത്രമാണ് ഇസ്‌ലാം  ഉൾക്കൊണ്ടവർ.

അമ്മായിമാർ (പിതൃ സഹോദരിമാർ): സ്വഫിയ്യ (رضي الله عنها): ഇവർ മുസ്ലിമാവുകയും ഹിജ്റ: പോവുകയും ചെയ്തിട്ടുള്ള മഹതിയാണ്, മറെറാരാൾ അർവ എന്നവരുമാണ്.

ജനനം 

ക്രിസ്താബ്ദം 571 ഏപ്രിൽ 20 ന്, റബീഉൽ അവ്വലിൽ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ പുരുഷന്റെ ജനനം. അത് റബീഉൽ അവ്വലിലെ ഏത് തിയ്യതിയിലായിരുന്നു എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട്, എട്ട്, പത്ത്, പതിനേഴ്, ഇരുപത്തിരണ്ട് എന്നിങ്ങനെ വ്യത്യസ്ത തീയതികളാണെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്ന് ഇബ്കഥീർ (رضي الله عنه) തന്റെ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ “അൽ ബിദായ വന്നിഹായ 2/260′ ൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയുമുണ്ട്. ഒരു പക്ഷേ ഇത് അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള ഒരു തീരുമാനമാകാം. ജന്മദിനത്തിൻറ പേരിൽ പിൽക്കാലത്ത് ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മത ബോധമുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല. (കൂടുതൽ അല്ലാഹുവിനറിയാം). 

നബി (ﷺ) യുടെ ജനനം നടന്നത്, യമനിലെ ചക്രവർത്തിയായിരുന്ന അബഹത്ത് ഒരു കൂട്ടം ആനകൾ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സംഭവം നടന്ന അതേ വർഷമായിരുന്നു പ്രസ്‌തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന് ആനക്കലഹ വർഷം (ആമുൽ ഫീൽ) എന്നാണ് പറഞ്ഞു വന്നിരുന്നത്. (ഇവിടെ സൂചിപ്പിക്കപ്പെട്ട പൊളിക്കാൻ ശ്രമം നടത്തിയവരെ അല്ലാഹു പരാജയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുർആനിൽ 105ാം അദ്ധ്യായമായ സൂറത്തുൽ ഫീലിൽ വിവരിക്കുന്നുണ്ട്).

ശൈശവം

ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിൻറ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്തലിബ് ആയിരുന്നു ഏറെറടുത്തത്. പുത്രൻ അബ്ദുല്ലയുടെ വേർപാടിൽ ദു:ഖിതനായിരുന്ന അബ്ദുൽ മുത്തലിബ് കുഞ്ഞിനെ അതിരറ്റ  ലാളനയിൽ വളർത്തുകയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.

നബി (ﷺ) യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനക്ക് പുറമെ മറ്റ് പലർക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. അവരിൽ പെട്ടവരാണ് പിതാവിൽ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമൻ (അവരുടെ യഥാർത്ഥ പേർ ബറക: എന്നാണ്) എന്ന അടിമ സ്ത്രീയും, തന്റെ പിതൃവ്യനായ അബൂലഹബിൻറ അടിമയായിരുന്ന ഗുവൈബഃയും. ഇക്കാര്യം ബുഖാരിയും, ഇബ്നുകഥീർ അൽബിദായ വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയിൽ വളരുവാനും അതോടൊപ്പം കലർപ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കുവാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണ സ്ത്രീകളെ ഏൽപ്പിക്കൽ അക്കാലഘട്ടത്തിൽ പതിവായിരുന്നു. പ്രസ്തുത നാട്ടുനടപ്പ് അനുസരിച്ച് ബനൂസഅദ് ഗോത്രത്തിലെ സ്ത്രീകൾ കുട്ടികളെ ഏറെറടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീടുകളിൽ നിന്നും കുട്ടികളെ ഏറെറടുത്ത് തിരിച്ചു പോവുകയും ചെയ്തു. പലരും അബ്ദുൽ മുത്തലിബിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദരിദാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറെറടുക്കാതെ മടങ്ങിപ്പോവുകയാണുണ്ടായത്.

എന്നാൽ കുട്ടികളെ ഏറെറടുക്കാനായി വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചിരുന്ന ഹലീമ: എന്ന സ്ത്രീ മററു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറെറടുത്തു. ഇതാകട്ടെ അവരിൽ ഏറ്റവും കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുവാനും മററു കൂട്ടുകാരികളെല്ലാം അസൂയപ്പെടുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. പതിവനുസരിച്ച് മുലകുടി പ്രായം കഴിഞ്ഞ് കുട്ടിയെ മാതാവിനെ തിരിച്ചേൽപ്പിക്കുവാനായി കൊണ്ടു ചെന്നെങ്കിലും തങ്ങളുടെ അതീവ താൽപ്പര്യമനുസരിച്ച് മാതാവിൻറ സമ്മതപ്രകാരം കുറച്ചു കാലം കൂടി, തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കരുതിയ ആ കാലം അവർക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവർ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങി.

ഈ കാലഘട്ടത്തിൽ മുലകുടിയിലുള്ള തന്റെ സഹോദരങ്ങളുമൊത്ത് ആടുകളെ മേക്കാൻ പോകുക പ്രവാചകൻറെ പതിവായിരുന്നു. അങ്ങിനെ ഒരിക്കൽ ആടുകളെ മേക്കുന്നതിനിടയിൽ, വെളുത്ത വസ്ത്രം ധരിച്ച്, മനുഷ്യരൂപത്തിൽ ജിബ്രീൽ എന്ന മാലാഖ നബിയുടെ അടുക്കൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു മലർത്തിക്കിടത്തി. ശേഷം അവിടുത്തെ നഞ്ച് പിളർത്തി, ഹൃദയം പുറത്തടുത്ത് അതിൽ നിന്നും പൈശാചികം എന്ന് പറഞ്ഞ് ഒരു രക്‌ത പിണ്ഡം എടുത്ത് കളഞ്ഞ് ശേഷം ഹൃദയം ഒരു സ്വർണ്ണത്തളികയിൽ വെച്ച് സംസം വെള്ളംകൊണ്ട് കഴുകിയ ശേഷം തൽസ്ഥാനത്ത് വെച്ച് പൂർവ്വാവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്‌ലിം 1/92) ഈ സംഭവം കൂട്ടുകാരായി തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളേയും, അവർ പറഞ്ഞതനുസരിച്ച് ഹലീമയേയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിച്ചേൽപ്പിക്കുകയും ചെയ്തു; അന്ന് അദ്ദേഹത്തിന് ആറ് വയസ്സായിരുന്നു പ്രായം.

മാതാവിന്റെ വിയോഗം

കുട്ടിയെ ഏററുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട് ഭർത്താവിൻറ ഖബർ സന്ദർശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമൻ ഒന്നിച്ച് മദീനയിലേക്ക് പോയി. ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയിൽ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ മാതാവായ ആമിന രോഗിയാവുകയും അവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂർണ്ണമായും അബ്ദുൽ മുത്തലിബിൽ വന്നു ചേർന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനും അതിന് അവസരം ലഭിച്ചില്ല. പ്രവാചകൻ(ﷺ)ക്ക് എട്ട് വയസും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാൽസല്യ നിധിയായിരുന്ന പിതാമഹനും കുഞ്ഞിനെ വിട്ടു പിരിഞ്ഞു.

പിതാമഹനായിരുന്ന അബ്ദുൽ മുത്തലിബ് തന്റെ മരണത്തിന് മുമ്പ്തന്നെ വസിയ്യത്ത് ചെയ്തതനുസരിച്ച് പിന്നീട് പ്രവാചകൻറ സംരക്ഷണചുമതല ഏറെറടുത്തത് പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.

പിതൃവ്യന്റെ ലാളനയിൽ

ധനികനല്ലെങ്കിലും തന്റെ സഹോദര പുത്രനെ പ്രയാസങ്ങളറിയിക്കാതെ എല്ലാ നിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നൽകി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാൽ പ്രവാചകൻ(ﷺ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിതൃവ്യനെ സഹായിച്ചു പോന്നു. ബനൂ സഅദ് ഗോത്രത്തിലെ ഹലീമാ ബീവിയോടൊത്തുള്ള കാലത്ത് തന്നെ ആടുകളെ മേക്കാൻ പരിചയിച്ച പ്രവാചകൻ അബൂത്വാലിബിൻറ ആടുകളെ മേക്കൽ പതിവാക്കി. സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിൻറ മഹത്വം പ്രവാചകൻ അന്നുതന്നെ മനസ്സിലാക്കിയിരുന്നു, എന്നു വേണം കരുതാൻ. പ്രവാചകൻമാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം നയിച്ചവരായിരുന്നു എന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തെക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകൻ വ്യക്തമാക്കിയത് ഹദീസു ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

‘ആടുകളെ മേച്ചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ല” എന്നും “ഞാൻ മക്കക്കാർക്ക് ഏതാനും നാണയത്തുട്ടുകൾക്ക് ആടുകളെ മേച്ചിരുന്ന വ്യക്തിയായിരുന്നു”(ബുഖാരി) എന്ന് നബി (ﷺ) പിന്നീട് വ്യകമാക്കിയതും ഹദീസുകളിൽ കാണാവുന്നതാണ്.

ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച:

ആടുകളെ മേക്കുന്നതിൽ മാത്രം തന്റെ സഹോദര പുത്രൻ പ്രാവീണ്യം നേടിയാൽ പോര, എന്ന് മനസ്സിലാക്കിയ അബൂതാലിബ് കച്ചവടാവശ്യാർത്ഥമുള്ള തന്റെ ശാം യാത്രയിൽ പ്രവാചകനേയും കൊണ്ട് പോകാൻ തീർച്ചപ്പെടുത്തുകയും, രണ്ട് പേരും കൂടി യാത്രാസംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ ബുസ്റ എന്ന സ്ഥലത്ത് എത്തിയപ്പോൾ വിശ്രമിക്കാനായി അവർ അവിടെ താവളമടിച്ചു. അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറ എന്ന് അറിയപ്പെട്ടിരുന്ന ജർജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാതാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും

മാന്യമായി സൽക്കരിക്കുകയും ചെയ്തു. പതിവിനു വിപരീതമായി കച്ചവട സംഘക്കാർക്ക് അനുഭവപ്പെട്ട സൽക്കാരത്തിൽ അവർ അൽഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോൾ പുരോഹിതൻ പ്രവാചക(ﷺ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞു: “തീർച്ചയായും ഈ കുട്ടി ലോകത്തിന് നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാൻ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ

വ്യക്തിയായി ഞാൻ കാണുന്നു. ഞങ്ങളുടെ വേദഗ്രന്ഥത്തിൽ സൂചിപ്പിക്കപ്പെട്ട പ്രവാചക മുദ്ര പോലും ഞാൻ ഇദ്ദേഹത്തിൽ കാണുന്നുണ്ട്. അത്കൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകാതിരിക്കുക”ഇത്രയും കേട്ടപ്പോൾ ശാമിലേക്ക് പ്രവാചകനെ കൊണ്ടുപോകാതിരിക്കലാണ് ഉത്തമമെന്ന് മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് തന്നെ മടക്കി അയച്ചു. അന്ന് പ്രവാചകന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

വ്യാപാര രംഗത്തേക്ക്

പ്രവാചകൻ (ﷺ) ബാല്യത്തിൽ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞുകൂടിയത് എങ്കിൽ കച്ചവടരംഗത്ത് ആയിരുന്നു തന്റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിൻറ മകൾ ഖദീജ (رضي الله عنها) പ്രവാചകൻ സത്യസന്ധതയും സ്വഭാവ മഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ (ﷺ) തൻറ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാൽ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകൻ (ﷺ) അബൂത്വാലിബിൻറ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തന്റെ ഇരുപത്തഞ്ച് വയസ്സിനോടടുത്ത സമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു. കൂടെ സഹായത്തിനായി ഖദീജ (رضي الله عنها) യുടെ ഭൃത്യനായിരുന്ന മെസറയുമുണ്ടായിരുന്നു.

മുഹമ്മദ് (ﷺ) യെ തന്റെ കച്ചവടത്തിന്റെ നേതൃത്വം ഏൽപ്പിച്ചതിന് ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ (رضي الله عنها) അങ്ങേയററം സന്തുഷ്ടയായിത്തീർന്നു. അതോടൊപ്പം തൻറ ഭൃത്യനായിരുന്ന മെസറയിൽ നിന്നും കേട്ടറിഞ്ഞ പ്രവാചകൻറെ  സ്വഭാവമഹിമയും സത്യസന്ധതയും വിശ്വസ്തതയും യാത്രാവിവരണവുമെല്ലാം അവരിൽ അളക്കാനാകാത്ത നേഹവും വിസ്മയവുമുണ്ടാക്കി.

ഇതെല്ലാം അവരുടെ മനസ്സിൽ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും; മുഹമ്മദ് എന്ന ഈ ഖുറൈശി യുവാവിനെ തനിക്ക് ഭർത്താവായി ലഭിച്ചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

2 thoughts on “01 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം”

Leave a Comment