തെളിച്ചം കൂടുന്ന നബി ജീവിതം – 7 ഹിറായിലെ ആദ്യാക്ഷരങ്ങൾ !

തെളിച്ചം കൂടുന്ന നബി ജീവിതം - 7 ഹിറായിലെ ആദ്യാക്ഷരങ്ങൾ !

പരിശുദ്ധ കഅബയുടെ ചാരത്തു നിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു പർവ്വതം കാണാം. സാമാന്യം വലിപ്പമുണ്ട്. ജബലുന്നൂർ, ജബലുൽ ഇസ്‌ലാം എന്നീ പേരുകളിലാണ് ഈ മല അറിയപ്പെടുന്നത്. മനുഷ്യ ചരിത്രത്തിൽ ഒരു വഴിത്തിരിവിന് സാക്ഷിയായ സ്ഥലമാണിത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 600 മീറ്റർ മുകളിലായി ആ മലയിൽ ചെറിയൊരു ഗുഹയുണ്ട്. കഷ്ടിച്ച് നാലോ അഞ്ചോ പേർക്ക് കൂടിയിരിക്കാം; അത്രയാണ് അതിന്റെ വലിപ്പം.

അധികമാരും അവിടേക്ക് കയറിപ്പോകാറില്ല.

മക്കയിലെ തന്റെ ജനതയുടെ ആത്മീയ- സാംസ്കാരിക രംഗത്തെ അരുതായ്മകളിൽ ഖിന്നനായിരുന്നു “അൽ അമീൻ ” എന്ന് നാം മുമ്പ് പറഞ്ഞിരുന്നല്ലോ. മക്കയെ മുച്ചൂടും മൂടിയിരുന്ന

കൂരിരുട്ടിന്റെ പുതപ്പിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ അവിടുന്ന് അതിയായി കൊതിച്ചിരുന്നു.

അതിനായി ഉപരിസൂചിത ഗുഹയിൽ ചെന്നിരുന്ന് അദ്ദേഹം ചിന്താനിമഗ്നനാകുമായിരുന്നു.

എന്തോ അറിയില്ല ആറു മാസത്തോളമായി കാണുന്ന സ്വപ്നങ്ങൾ എല്ലാം പകൽ വെട്ടം പോലെ പുലർന്നുകൊണ്ടിരിക്കുന്നു!

സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നിടയിൽ തന്നെ ഹിറാ അദ്ദേഹത്തിന് എന്തൊന്നില്ലാത്ത ആശ്വാസം അരുളിയിരുന്നു.

ചിലപ്പോൾ അവിടെയുള്ള ഇരുത്തം ദിനങ്ങൾ നീളും. ഭക്ഷണ പാനീയങ്ങളുമായിട്ടാണ് വീട്ടിൽ നിന്ന് പത്നി ഖദീജ (റ) യാത്രയാക്കാറുണ്ടായിരുന്നത് എന്നതിനാൽ ഭക്ഷണകാര്യത്തിൽ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല!

ഹിറായിൽ നിന്ന് നോക്കിയാൽ മക്ക കാണാം. ആളുകൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നെട്ടോട്ടത്തിലാണ്. ആടിൻ പറ്റങ്ങൾ , ഒട്ടക ക്കൂട്ടങ്ങൾ, ചന്തയിലെ ആരവങ്ങൾ, പൊന്തി നിൽക്കുന്ന മണൽ കൂനകൾ, പുറത്തേക്ക് തല നീട്ടി നിൽക്കുന്ന കല്ലുകൾ നിറഞ്ഞ ഹരിതരഹിത മലനിരകൾ … കാഴ്ചകൾ എമ്പാടുമുണ്ട്.

പക്ഷേ, തന്റെ ഉള്ളിൽ അലയടിക്കുന്ന

ആത്മീയതയുടെ തിരമാലകളെ അടക്കി നിർത്താൻ ഈ സുന്ദര കാഴ്ചകൾ മതിയായിരുന്നില്ല!

അങ്ങിനെയിരിക്കെയാണ് ആ സംഭവം നടന്നത് !

റമളാനിലെ ഒരു പകലിന്റെ അന്ത്യം അറിയിച്ച്

സൂര്യൻ അസ്തമിച്ചു !

ഇരുട്ട് കൂടി വരുന്നു!

“അൽ അമീൻ ” ഹിറായിലാണ്. കൂടെ ആരും ഇല്ല! രാത്രി സമയത്ത് ഒരു പർവ്വത മുകളിലെ ഗുഹക്കുള്ളിൽ ഒറ്റക്കിരിക്കാൻ ഭയമൊന്നും അദ്ദേഹത്തിന് തോന്നുന്നില്ല! കണ്ണുകളിൽ ഉറക്കം സ്പർശിച്ചിട്ടില്ല !

ക്ഷീണവും ഇല്ല!

പെട്ടെന്ന് ,ഒരാൾ തന്നെ അണഞ്ഞ് കൂട്ടി പിടിച്ചതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു!

സ്പനമല്ല !

യാഥാർത്ഥ്യം തന്നെ !

പിടുത്തത്തിന്റെ ശക്തി കൂടി വരുന്നു!

കുതറാൻ പോലും കഴിയുന്നില്ല!

ജീവൻ അപകടത്തിലാവുമോ എന്ന ഉൾഭയം ശക്തിപ്രാപിച്ചു!

” ഇഖ്റഅ് ” എന്ന ശബ്ദം അദ്ദേഹത്തിന്റെ കർണപുടങ്ങളിൽ ശക്തിയായി പതിച്ചു. ആ കൂരിരുട്ടിന്റെ മൗനം ഈ ശബ്ദത്തിന് ശക്തി കൂട്ടിയിരുന്നു!

” എനിക്ക് വായിക്കാനറിയില്ല “

അദ്ദേഹം മറുപടി പറഞ്ഞു !

പക്ഷേ, ആദ്യത്തേതിനേക്കാൾ കൂടുതൽ ശക്തിയായി വീണ്ടും മുഴങ്ങി !

” ഇഖ്റഅ് “

“എനിക്ക് വായിക്കാനറിയില്ല “

മറുപടി വീണ്ടും വന്നു.

ഇനി വായിച്ചേ മതിയാവൂ ;

അഞ്ച് വാക്യങ്ങൾ “റൂഹുൽ അമീൻ “

“അൽ അമീനിന്റെ “

ഹൃദയത്തിലേക്ക് പ്രവേശിപ്പിച്ചു.

വല്ലാത്ത അനുഭവമാണത്.

ശക്തിയേറിയ വാക്യങ്ങൾ !

ഇവ താങ്ങാൻ അദ്ദേഹത്തിന്റെ ഹൃദയത്തിന് ശക്തിയുണ്ടോ ?

ഉണ്ട്!

കാരണം, ചെറുപ്പത്തിൽ ഒരു “ഹൃദയ ശുദ്ധീകരണം “

നടന്നിട്ടുണ്ട്.

ഇതേ ” റുഹുൽ അമീൻ ” വന്ന് നെഞ്ച് പിളർത്തി ഹൃദയം പുറത്തെടുത്ത് ശുദ്ധീകരിച്ചതാണ്.

അത് ഈ ദിനത്തിനു വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു.

ആത്മീയതയുടെ അത്യുന്നതവാക്യങ്ങൾ

സ്വീകരിക്കാൻ പാകാത്തിൽ

ഹൃദയം തരപ്പെട്ടിട്ടുണ്ട് എന്നർഥം.

സ്രഷ്ടാവിന്റെ വാക്കുകൾക്ക്

വല്ലാത്ത ശക്തിയുണ്ട്!

നെറ്റിത്തടം വിയർക്കുന്നുണ്ട്!

മലമുകളിലെ തണുപ്പ് ഇപ്പോൾ തീരെ അറിയുന്നില്ല.

ജിബ്രീലിന്റെ പിടുത്തം ഒട്ടും അയഞ്ഞിട്ടില്ല!

അഞ്ച് വാക്യങ്ങൾ അദ്ദേഹം ഓതി .

മനുഷ്യ ചരിത്രത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ് ഈ അഞ്ച് ആയത്തുകളിലൂടെ .

ഇരുൾ മുറ്റിയ ലോകത്തേക്ക് പ്രകാശ കിരണങ്ങൾ പ്രവഹിച്ചു തുടങ്ങുന്നതിന്റെ ആരംഭം കുറിക്കുകയാണിവിടെ!

ലോകം ഇനി പുതിയ വായന തുടങ്ങുകയാണ് ; സ്രഷ്ടാവിന്റെ നാമത്തിലുള്ള വായന !

പുസ്തകം മുന്നിൽ ഇല്ലാത്ത ആത്മീയ വായന !

ജിബ്രീൽ വായിച്ചു തുടങ്ങി …

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِی خَلَقَ ۝ خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ ۝ ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ۝ ٱلَّذِی عَلَّمَ بِٱلۡقَلَمِ ۝ عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ)

[سورة العلق 1 – 5]

“സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

പേന കൊണ്ട് പഠിപ്പിച്ചവന്‍

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. “

ഇത് ഓതിത്തീർന്നപ്പോൾ ജിബ്രീൽ പിടിത്തം അയച്ചു. ആശ്വാസം !

അവിടുന്ന് വല്ലാതെ പേടിച്ചിട്ടുണ്ട് .

” റൂഹുൽ അമീൻ ” തന്റെ ദൗത്യം കഴിഞ്ഞ് മടങ്ങി. അഞ്ച് വാക്യങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് പ്രവാചകൻ (സ) ഗുഹയിൽ ഇത്തിരി നേരം ഇരുന്നു!

ഭയം കാൽ വിരലുകളിലൂടെ അരിച്ച് കയറുന്നുണ്ട്.

ശേഷം സ്വഭവനത്തിലേക്ക് ഓടി. നന്നായി കിതക്കുന്നുണ്ട്.

വീട്ടിൽ ഭാര്യയുണ്ട്. മഹതി ഖദീജ (റ).രാത്രി സമയത്ത്

കിതച്ചോടി വന്ന തന്റെ പ്രിയതമനെ

തന്മയത്വത്തോടെ സ്വീകരിച്ച ആ മഹതിയുടെ മഹിത മാതൃക , ചരിത്രത്തിൽ ഇന്നും ഓർമിക്കപ്പെടുന്നുണ്ട്.

നേർമയുള്ള വാക്കിൽ നെയ്തെടുത്ത

സാന്ത്വനത്തിന്റെ പുതപ്പുകൊണ്ട് അവർ നബി (സ) യെ മൂടി.

ലോക രക്ഷിതാവിന്റെ ദിവ്യ സന്ദേശം ഹൃദയത്തിൽ സ്വീകരിച്ചാണ് തന്റെ ഭർത്താവ് മടങ്ങിയെത്തിയതെന്ന് ആ സ്നേഹ നിധിയായ ഇണ അറിഞ്ഞിട്ടില്ല!

റമളാനിലെ ആ രാവ് അവസാനിച്ചപ്പോൾ ചരിത്രത്തിന്റെ പുതിയ പ്രഭാതം തുടങ്ങു കയായിരുന്നു.

അന്തിമ വേദഗ്രന്ഥത്തിലെ ആദ്യ അഞ്ചു വാക്യങ്ങൾ ഭൂമിയിലെത്തിയ ആദ്യ രാത്രി യായിരുന്നു അത്!

ചരിത്രത്തിൽ അത് ഓർമിക്കപ്പെടുന്നത്

ലൈലത്തുൽ ഖദ്ർ എന്ന പേരിലാണ്. ആയിരം രാവിനേക്കാൾ പുണ്യം അതിനുണ്ട്!

ഇനി മുതൽ മക്കക്കാരുടെ ” അൽ അമീൻ “അല്ലാഹുവിന്റെ ദൂതൻ – നബിയ്യുല്ലാ – കൂടിയാണ്.

അജ്ഞതയുടെ അനന്ത ലോകത്ത് പ്രകാശ വിപ്ലവം തുടങ്ങാൻ സമയമായപ്പോഴാണ് ഈ വെട്ടം

ഹിറയിൽ വെളിപ്പെട്ടത്.

ഇരുട്ടിലെ വിപ്ലവം പ്രകാശം കൊണ്ടാവണം.

അജ്ഞതക്കെതിരെയുള്ള പടയോട്ടം വിജ്ഞാനം കൊണ്ടാവണം.

വിജ്ഞാനത്തിന്റെ പ്രഥമ വാതിലാണ് വായന . അത് കൊണ്ട് തന്നെ അന്തിമ ഗ്രന്ഥത്തിലെ ആദ്യ വചനങ്ങൾ വായനക്കാഹ്വാനം ചെയ്തു കൊണ്ടാണ് തുടങ്ങുന്നത്.

വിജ്ഞ വിപ്ലവത്തിന്റെ ആദ്യാക്ഷരങ്ങൾ എന്തു മാത്രം ചന്തമേറിയതാണെന്ന് ഇത് തെളിയിക്കുന്നു.

നബി (സ) ക്ക് നടത്താനുള്ള ധർമ്മ സമരത്തിന്റെ നയപ്രഖ്യാപനമാണ് പ്രഥമ പഞ്ചവചനങ്ങളിലുള്ളത്.

സ്രഷ്ടാവിനെ പഠിപ്പിച്ച്, ചിന്തയുടെ വാതിലുകൾ തുറന്ന്,

പേന കൊണ്ട് ജ്ഞാന മാർഗം തുറക്കുന്ന അഞ്ച് വാക്യങ്ങളായിരുന്നു അവ.

വായിക്കുക എന്ന നിർദ്ദേശം രണ്ട് തവണ ആവർത്തിക്കപ്പെട്ടു, അഞ്ചു വാക്യങ്ങളിൽ രണ്ടു വാക്യങ്ങൾ തുടങ്ങുന്നത് തന്നെ വായന ഓർമപ്പെടുത്തിയാണ് !

റബ്ബ് രണ്ട് തവണ സ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിപ്പും തദൈവ .മനുഷ്യൻ

എന്നർഥമുള്ള ഇൻസാൻ എന്ന പദം രണ്ടു പ്രാവശ്യം ആവർത്തിച്ചു. പേന ഒരു തവണയും പഠിപ്പിച്ചു എന്നർഥമുള്ള അല്ലമ എന്ന പദം രണ്ട് തവണയും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു!

അഞ്ചു വാക്യങ്ങളിൽ വിജ്ഞാനം നിറച്ചു വെച്ചിരിക്കുന്നു എന്നർഥം!

മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമ രൂപമായ “അലകി ” നെ കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു. സത്യത്തിൽ ഈ പഞ്ച വചനങ്ങൾ ഒരു മഹാത്ഭുതം തന്നെയാണ്!

വിജ്ഞാനത്തിന്റെ വിത്തുകൾ ഈ വിധം ഭംഗിയായി വിതക്കാൻ സ്രഷ്ടാവിനല്ലാതെ മറ്റാർക്ക് കഴിയും!

അറ്റമില്ലാത്ത വിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ സ്രഷ്ടാവിൽ നിന്നു നേടിയ ഒരു വ്യക്തി തീർച്ചയായും ലോകത്തിന്റെ നെറുകയിലെത്തില്ലേ?

തീർച്ചയായും!

അതെ , ഹിറയിൽ നിന്ന് പഠിച്ച ആദ്യാക്ഷരങ്ങളുമായി പ്രവാചകൻ (സ )ലോകത്തിന്റെ നെറുകയിലേക്ക് യാത്ര ആരംഭിക്കുകയാണ്.

വെളിച്ചം വിതറിയ ആ യാത്രയുടെ ഭംഗി വാക്കുകൾക്കതീതമാണ്.

 

അബ്ദുൽ മാലിക് സലഫി

തെളിച്ചം കൂടുന്ന നബിജീവിതം – 6 – സത്യസന്ധതക്ക് ശത്രുക്കളുടെ സാക്ഷ്യം !​

തെളിച്ചം കൂടുന്ന നബിജീവിതം - 6 - സത്യസന്ധതക്ക് ശത്രുക്കളുടെ സാക്ഷ്യം !

കഠിന ശത്രുക്കൾ നൽകിയ സത്യസന്ധതയുടെ സാക്ഷ്യപത്രം എമ്പാടും ലഭിച്ച വ്യക്തിയാണ് തിരുനബി (സ). ആദർശപരമായ ഭിന്നത നിലനിൽക്കെ തന്നെ തിരുനബിയുടെ വ്യക്തിത്വത്തെ കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കൊടിയ ശത്രുക്കൾ വരെ അവിടുത്തെ സ്വഭാവ വിശുദ്ധിക്ക് നൽകിയ സാക്ഷ്യങ്ങൾ ഇതിനുള്ള തെളിവാണ്.

ചില ചരിത്രങ്ങൾ ഇതാ…

കഅബയോട് ഓരം ചേർന്ന് നിൽക്കുന്ന സ്വഫാ കുന്നിന്റെ മുകളിൽ മക്കയിലെ പ്രധാനികളെല്ലാം

ഒരുമിച്ചു കൂടിയിട്ടുണ്ട്.

അബ്ദുല്ലയുടെ മകൻ മുഹമ്മദ് വിളിച്ചതാണ് എല്ലാവരേയും.

എന്തോ ഒരു കാര്യം പറയാനുണ്ട് !

” ഈ മലക്കപ്പുറത്ത് ഒരു സൈന്യം നിങ്ങളെ അക്രമിക്കാൻ വരുന്നു എന്നു ഞാൻ പറഞ്ഞാൻ നിങ്ങൾ എന്നെ സത്യപ്പെടുത്തുമോ?”

അദ്ദേഹം ചോദിച്ചു.

” തീർച്ചയായും!

നീ കളവു പറഞ്ഞതായി ഞങ്ങൾക്കറിവില്ല! “

മക്കയിൽ അക്കാലത്ത് ജീവിച്ചിരുന്ന നാട്ടുപ്രമാണിമാരുടെ സത്യസന്ധമായ വിലയിരുത്തലും സാക്ഷ്യപത്രവുമായിരുന്നു അത്.

മക്കാവിജയ വേളയിലാണ് അബൂസുഫ്‌യാൻ (റ) മുസ്ലിമാവുന്നത്. അതിന് മുമ്പ് തിരുനബിയുടെ

കൊടിയ ശത്രുവായിരുന്നു അദ്ദേഹം !

പ്രവാചകനെതിരെ നിരവധി യുദ്ധങ്ങൾ തന്നെ നയിച്ചു!

ഉഹ്ദിന്റെ ദിനത്തിൽ “മുഹമ്മദ് കൊല്ലപ്പെട്ടു ” എന്നുച്ചത്തിൽ വിളിച്ചു കൂവിയ വ്യക്തിയാണദ്ദേഹം !

ഒരിക്കൽ ,റോമാ ചക്രവർത്തി ഹിറക്ൽ പ്രവാചകനെ കുറിച്ച് അറിയാൻ അബൂ സുഫ്യാനെ വിളിപ്പിച്ചു. (ഈ കഥ മുമ്പ് നാം വിവരിച്ചിട്ടുണ്ട് )

” ഇതിന് മുമ്പ് അദ്ദേഹം എപ്പോഴെങ്കിലും കള്ളം പറഞ്ഞതായി നിങ്ങൾക്കറിയുമോ?” ഹിറക് ലിന്റെ ചോദ്യം.

“ഇല്ല ” .

അബൂസുഫ്യാന്റെ മറുപടി.

അതെ!

കൊടും ശത്രുവിന്റെ സത്യസന്ധമായ തുറന്നു പറച്ചിൽ !

ബദ്റിന്റെ ദിനം ! നബി (സ)യോട് എതിരിടാൻ മുശ്രിക്കുകൾ ബദ്റിൽ എത്തിയിട്ടുണ്ട്.

അതിനിടയിൽ ഒരു അടക്കിപ്പിടിച്ച സംസാരം നടന്നു.

മുശ്രിക്കുകളുടെ നേതാവ് അബൂജഹ്‌ലും അഖ് നഷ് ബിൻ ശുറൈക്കും തമ്മിലായിരുന്നു അത്.

പതിഞ്ഞ സ്വരത്തിൽ ശുറൈക് ചോദിച്ചു:

“അല്ലയോ അബുൽ ഹകം ! ( അബൂ ജഹ് ലിന്റെ അപരനാമം )

മുഹമ്മദിനെ പറ്റി എന്താണ് അഭിപ്രായം?

അദ്ദേഹം സത്യസന്ധനാണോ അതോ കളവു പറയുന്നവനോ?”

മറ്റാരും ആ സംസാരം കേൾക്കുന്നില്ല എന്നുറപ്പാക്കി അബൂജഹ്ൽ പറഞ്ഞു:

“നിനക്ക് നാശം! അല്ലാഹുവാണ് സത്യം! മുഹമ്മദ് സത്യസന്ധനാണ് ! അവൻ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല! “

യുദ്ധരംഗത്തു പോലും ശത്രുവിന് മൊഴിയാനുള്ളത് പ്രവാചകന്റെ നന്മ മാത്രം! കൊടിയ ശത്രുവിന്റെ ഈ വാക്ക് പ്രവാചകന്റെ വ്യക്തിത്വത്തിന് തിളക്കമേറ്റുന്നുണ്ട് !

നള്റ്ബിൻ ഹാരിസ് ! തിരുനബി (സ)യുടെ കടുത്ത എതിരാളി !

ഒരിക്കൽ ഖുറൈശികളുടെ യോഗത്തിൽ അദ്ദേഹം ചിലകാര്യങ്ങൾ അയാൾ തുറന്നു പറഞ്ഞു.

“ഖുറൈശികളേ!

മുഹമ്മദ് നിങ്ങൾക്കിടയിൽ വളർന്ന വ്യക്തിയാണല്ലോ. അദ്ദേഹത്തിന്റെ വിശ്വാസ്യതയും വിശുദ്ധിയും

വ്യക്തിത്വവും

സത്യസന്ധതയും നിങ്ങൾക്കറിയാമല്ലോ.

ഇപ്പോൾ ചിലതൊക്കെ അദ്ദേഹം പറയുന്നുണ്ട്. ഇപ്പോൾ

നിങ്ങൾ പറയുന്നു അദ്ദേഹം മാരണക്കാരനാണെന്ന് !

അല്ലാഹുവാണേ സത്യം : അദ്ദേഹം മാരണക്കാരനല്ല!

മാരണക്കാരെയും അവരുടെ കെട്ടുകളേയും നാം എമ്പാടും കണ്ടതാണ്.

നിങ്ങൾ പറയുന്നു: അവൻ ജ്യോത്സ്യനാണെന്ന്!

ജോത്സ്യന്മാരെയും അവരുടെ സൂത്രപ്പണി കളേയും നാം ദർശിച്ചതല്ലേ? അദ്ദേഹം ഒരു ജോത്സ്യനല്ല!

നിങ്ങൾ പറയുന്നു: അദ്ദേഹം കവിയാണെന്ന്!

അല്ലാഹുവാണ് സത്യം ! അവൻ കവിയല്ല!

കവിതയുടെ എല്ലാം നമുക്കറിയാം. ഇത് അതല്ല !

നിങ്ങൾ പറയുന്നു അവന് ഭ്രാന്താണ് എന്ന്!

അവന് ഒരു ഭ്രാന്തുമില്ല!

ഏതായാലും നിങ്ങൾ നല്ലവണ്ണം ആലോചിച്ച് തീരുമാനിക്കുക. “

ശത്രുക്കളുടെ ഉള്ളറകളിൽ നടക്കുന്ന അടക്കം പറച്ചിലുകളിൽ

അവർ പ്രവാചകനെ എങ്ങനെ കാണുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ് നള്റിന്റെ ഈ വർത്തമാനം !

വ്യാജ നബി മുസൈലിമ യമാമയിൽ തമ്പടിച്ച കാലം. ത്വൽഹ നമ്രി എന്ന വ്യക്തി അയാളെ കാണാൻ യമാമയിൽ എത്തുന്നു.

“മുസൈലിമ എവിടെ ?”

അയാൾ ചോദിച്ചു.

” ശ്‌ശ് … നബി എന്നു പറയൂ ” അനുയായികൾ പ്രതികരിച്ചു.

” അദ്ദേഹത്തെ കണ്ടതിനു ശേഷമേ അദ്ദേഹം നബിയാണോ എന്ന് പറയാനാവൂ “

അനുയായികൾ അയാളെ മുസൈലിമയുടെ

അടുത്തെത്തിച്ചു.

“നിങ്ങളാണോ മുസൈലിമ ?”

“അതെ”

“ആരാണ് നിങ്ങളുടെ പക്കൽ വരാറുള്ളത് ?”

” റഹ്‌മാൻ ! “

” ഇരുട്ടിലാണോ വെട്ടത്തിലാണോ വരാറ്?”

“ഇരുട്ടിൽ “

എങ്കിൽ, താങ്കൾ കള്ള നബിയാണ് എന്നതിനും

മുഹമ്മദ് സത്യവാനാണ് എന്നതിനും ഞാൻ സാക്ഷ്യം വഹിക്കുന്നു!!പക്ഷേ,

റബീഅയിലെ കള്ള നബിയാണ് മുള്റിലെ സത്യ നബിയേക്കാൾ എനിക്കിഷ്ടം ! “

(അൽ ബിദായ വന്നിഹായ: 6:360 )

കള്ള നബിയുടെ മുന്നിലും സത്യ നബിയെ കുറിച്ച് അദ്ദേഹം സത്യസന്ധനാണെന്ന് ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഗോത്ര പക്ഷപാതിത്വം സത്യം സ്വീകരിക്കുന്നതിന് അയാൾക്ക് തടസ്സമായി എന്നത് സത്യം. അല്ലെങ്കിലും അങ്ങനെയാണല്ലോ ചിലരുടെ അവസ്ഥ. നശ്വരമായ ദുനിയാവിനു വേണ്ടി ശാശ്വതമായ പരലോകം വിൽക്കുന്നവർ!

മഹാ വിഢികൾ എന്നല്ലാതെ എന്തു പറയാൻ.

അറിഞ്ഞ സത്യം ആർജവത്തോടെ

സ്വീകരിക്കുന്നവനാണ് ശക്തിമാൻ . അല്ലാത്തവൻ ഭീരുവാണ് !

ചുരുക്കം പറഞ്ഞാൽ, നബി (സ)യെ അറിഞ്ഞവരൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം കൊണ്ടുവന്ന ആദർശത്തോടായിരുന്നു വെറുപ്പ് ; അദ്ദേഹത്തോടല്ല!

അല്ലാഹുവിന്റെ ഈ വചനം എത്ര സത്യം!

“എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്‌”

(അൻആം : 33 )

 

അബ്ദുൽ മാലിക് സലഫി

നബി ചരിത്രം – 73 – ഹിജ്റ ഏഴാം വർഷം [ഭാഗം: 6] ഖൈബർ കാരുമായുള്ള സന്ധി.

നബി ചരിത്രം - 73 - ഹിജ്റ ഏഴാം വർഷം [ഭാഗം: 6]
ഖൈബർ കാരുമായുള്ള സന്ധി.

ഖൈബറിൽ നബി ﷺ വ്യക്തമായ വിജയം നേടുകയും യുദ്ധം ചെയ്യാൻ വന്നവർ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ബന്ധികളായി പിടിക്കപ്പെടുകയും യുദ്ധസ്വത്ത് മുസ്ലിംകൾക്ക് ലഭിക്കുകയും ചെയ്തതോടു കൂടി കിനാനതുബ്നു അബിൽഹഖീഖ് നബി ﷺ യുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു. താങ്കളോട് ഞാൻ സംസാരിക്കാൻ വരട്ടെയോ?. നബി ﷺ പറഞ്ഞു വന്നോളൂ. അങ്ങിനെ ഇബ്നു അബുൽഹഖീഖ് ഇറങ്ങി വന്നു. താഴെ പറയുന്ന വിഷയങ്ങളിലാണ് അവർ സന്ധിയിൽ ഏർപ്പെട്ടത്.

കോട്ടക്കകത്ത് നിന്നും യുദ്ധം ചെയ്യാൻ വന്ന ആളുകളുടെ രക്തം സുരക്ഷിതമായിരിക്കണം. അവരുടെ മക്കളെ അവർക്ക് തിരിച്ചു കൊടുക്കണം ജൂതന്മാർ അവരുടെ മക്കളെയും കൊണ്ട് ഖൈബർ വിട്ടു പോകണം. ഖൈബറിൽ ഉള്ള അവരുടെ ഭൂമിയും സമ്പത്തുമെല്ലാം മുഹമ്മദ് നബി ﷺ ക്കായിരിക്കും. ഒരോ തരത്തിലുമുള്ള സമ്പത്തും മറച്ചു വെക്കാൻ പാടില്ല. നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു: എന്നിൽ നിന്നും നിങ്ങൾ വല്ലതും മറച്ചു വെച്ചാൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും ഉത്തരവാദിത്വം നിങ്ങളിൽ നിന്ന് ഒഴിവായിരിക്കുന്നു. (ഇബ്നു ഹിബ്ബാൻ: 599)

അവർ നബി ﷺയോട് ഇത്തരം കരാറുകളിൽ സന്ധി നടത്തുകയും കോട്ടകൾ മുസ്ലീംകളെ ഏൽപ്പിക്കുകയും ചെയ്തു.
സന്ധിയിൽ ഉള്ളതു പോലെ ജൂതന്മാരെ ഖൈബറിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയപ്പോൾ ജൂതന്മാർ നബി ﷺയോട് ചോദിച്ചു. ഞങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ പകുതി ഫലവർഗങ്ങൾ നിങ്ങൾക്ക് നൽകാം എന്ന നിബന്ധനയിൽ ഞങ്ങളെ ഇവിടെ തന്നെ നില്ക്കാൻ അനുവദിക്കുമോ? നബി ﷺ അത് അംഗീകരിച്ചു കൊടുത്തു. മുസ്ലിംകൾ പണിയെടുക്കാൻ ഒഴിഞ്ഞ് നിൽക്കുകയില്ല. നിങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കിയതിന്റെ പകുതി അവർക്ക് നൽകണം എന്ന നിബന്ധനയോടു കൂടിയാണ് ഇത് അംഗീകരിച്ചത്.

ഇത്തരം നിബന്ധനകളോടു കൂടി ഉമ്മർ رضي الله عنه ന്റെ നേതൃത്വത്തിൽ തൈമാഅ്‌ അരീഹാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവരെ നാടു കടത്തി. ഇങ്ങനെയൊക്കെയായിട്ടും അബുൽഹഖീഖിന്റെ രണ്ട് മക്കൾ ഹുയയ്യുബ്നു അഖ്തബിന്റെ ഉടമസ്ഥതയിലുള്ള ഒട്ടനവധി  ആഭരണങ്ങളും സമ്പത്തും മറച്ചുവെക്കുകയുണ്ടായി. ഒന്നും മറച്ചു വെക്കാൻ പാടില്ല എന്ന് നബി ﷺ മുമ്പേ പറഞ്ഞ കാര്യമായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത്: യുദ്ധങ്ങൾക്കും ചിലവിനുമായി അത് തീർന്നു പോയി എന്നായിരുന്നു. എന്നാൽ സത്യം പുറത്തു വരികയും ചതിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോൾ അവർ രണ്ടു പേരെയും കൊന്നു കളഞ്ഞു. കിനാനതുബ്നു റബീആയിരുന്നു അവരിൽ ഒരാൾ. അതായത് സ്വഫിയ്യ ബിൻതു ഹുയയ്യിന്റെ ഭർത്താവ്. കരാർ ലംഘിക്കുകയും സമ്പത്ത് പൂഴ്ത്തി വെക്കുകയും ചെയ്തു എന്നുള്ളതാണ് അവർ ചെയ്ത കുറ്റം.

ശേഷം ഖൈബറിൽ നിന്നും ലഭിച്ച യുദ്ധ സ്വത്തുക്കൾ ഹുദൈബിയ്യയിൽ പങ്കെടുത്ത ആളുകൾക്കിടയിൽ നബി ﷺ വിതരണം ചെയ്തു. കാരണം ഇവിടുത്തെ സ്വത്ത് അല്ലാഹു അവർക്ക് വാഗ്ദാനം ചെയ്തതായിരുന്നു. ജാബിർ رضي الله عنه മാത്രമാണ് അക്കൂട്ടത്തിൽ നിന്നും ഒഴിവായിട്ടുള്ളത്. എങ്കിലും അദ്ദേഹത്തിനുള്ള വിഹിതം നബി ﷺ മാറ്റി വെച്ചു. മത പരമായ കാരണം കൊണ്ടായിരുന്നു അദ്ദേഹം ഖൈബറിൽ പങ്കെടുക്കാതിരുന്നത്. ഖൈബറിൽ നിന്നും സ്വത്തായി ലഭിച്ചത് രണ്ട് രൂപത്തിലായിരുന്നു. ഒന്ന്, ശക്തമായി യുദ്ധത്തിലൂടെയും മറ്റൊന്ന് പരസ്പരമുള്ള സന്ധിയിലൂടെ യും. അതു കൊണ്ടു തന്നെ യുദ്ധത്തിലൂടെ ലഭിച്ച സ്വത്തുക്കളിൽ നിന്നും അഞ്ചിലൊന്ന് മാറ്റി വെക്കുകയും ബാക്കിയുള്ളത് ഗനീമത്തിന് അവകാശപ്പെട്ടവർക്കു നൽകുകയും ചെയ്തു. എന്നാൽ സന്ധിയിലൂടെ ലഭിച്ച സ്വത്തുക്കൾ മുസ്ലിംകളുടെ പൊതു ആവശ്യങ്ങൾക്കും മറ്റുമായി മാറ്റി വെച്ചു. (അബൂദാവൂദ്: 3010)

കുതിരക്ക് രണ്ടു ഓഹരിയും കാലാൾ പടക്ക് ഒരു ഓഹരിയും വീതമാണ് നൽകിയത്. (ബുഖാരി:4228)

നാഫിഅ്‌ رضي الله عنه ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ” കൂടെ കുതിര ഉള്ള ആളുകൾക്ക് നബി ﷺ മൂന്ന് വിഹിതം നൽകി. അതായത് കുതിരക്ക് രണ്ടു വിഹിതവും യോദ്ധാവിനു ഒരു വിഹിതവും. എന്നാൽ കൂടെ കുതിര ഇല്ലാത്ത യോദ്ധാക്കൾക്ക് ഒരു വിഹിതവും നൽകി.” എന്നാൽ സ്ത്രീകളും അടിമകളുമായി ഖൈബറിൽ പങ്കെടുത്തവർക്ക് ഗനീമത്ത് സ്വത്തിൽ നിന്നും അല്പം നൽകി. അവർക്ക് പ്രത്യേകിച്ച് വിഹിതം ഒന്നും നിശ്ചയിച്ചില്ല. ഖൈബറിൽ നിന്നും കിട്ടിയ ഗനീമത്ത് സ്വത്തിലൂടെ മുഹാജിറുകൾ സമ്പന്നരായപ്പോൾ അവർ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റയായി വന്ന സന്ദർഭത്തിൽ അൻസാറുകൾ അവർക്ക് കൊടുത്തതെല്ലാം എല്ലാം തിരിച്ചു കൊടുത്തു. അല്ലാഹു വാഗ്ദാനം ചെയ്ത ഗനീമത്ത് സ്വത്തിന്റെ ബറകത്ത് ആയിരുന്നു അത്.

” ഇബ്നു ഉമ്മർ رضي الله عنه നിന്ന് നിവേദനം: ഖൈബർ ജയിച്ചടക്കുന്നതു വരെ ഞങ്ങൾ വയറു നിറയെ ഭക്ഷണം കഴിച്ചിട്ടില്ല. ” (ബുഖാരി: 4243)

ഖൈബറിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഭക്ഷണങ്ങളിൽ നിന്നും ആവശ്യമുള്ള അളവിൽ മാത്രം എടുക്കുകയും ബാക്കിയുള്ളത് (മറ്റുള്ളവർക്കായി ) ഞങ്ങൾ ഒഴിവാക്കി പോരുകയും ചെയ്തു” (അബൂദാവൂദ്: 2704)

ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള പ്രയാസങ്ങൾ ശക്തമായപ്പോൾ നബി ﷺയുടെ നിർദ്ദേശ പ്രകാരം ചില സ്വഹാബിമാർ അബീ സീനിയയിലേക്ക് ഹിജ്റ പോയിരുന്നു. ഖൈബർ പ്രദേശങ്ങൾ പിടിച്ചടക്കിയതിനു ശേഷം നബി ﷺയുടെ പിതൃവ്യ പുത്രനായ ജഅ്‌ഫറുബ്നു അബീ ത്വാലിബും കൂട്ടുകാരും അബീ സീനിയയിൽ നിന്നും ഖൈബറിൽ എത്തി. ജഅ്‌ഫർ رضي الله عنه നെയും കൂട്ടുകാരെയും കണ്ടപ്പോൾ നബി ﷺക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. ജാഫർ رضي الله عنه ന്റെ ഇരു കണ്ണുകൾക്കുമിടയിൽ ചുംബിച്ചു. ശേഷം നബി ﷺ പറഞ്ഞു: ഖൈബറിന്റെ വിജയം കൊണ്ടാണോ ഞാൻ സന്തോഷിക്കേണ്ടത് അതോ ഇവരോടെ വരവിലാണോ സന്തോഷിക്കേണ്ടത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. (അബൂദാവൂദ്: 5220. ഹാകിം: 4308)

അബീ സീനിയൻ മുഹാജിറുകൾക്കൊപ്പം അശ്‌അരി ഗോത്രക്കാരും വന്നു. 53 പേർ ഉണ്ടായിരുന്നു അവർ. അബൂ മൂസൽ അശ്അരി رضي الله عنهയും അക്കൂട്ടത്തിലുണ്ടായിരുന്നു. അബു മൂസൽ അശ്അരി رضي الله عنهപറയുന്നു: ഞങ്ങൾ യമനിലാ യിരിക്കെയാണ് നബി ﷺ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പുറപ്പെട്ട വിവരം അറിയുന്നത്. ഈ വിവരം അറിഞ്ഞപ്പോൾ ഞാനും എന്റെ രണ്ടു സഹോദരന്മാരും കൂടി യമനിൽ നിന്നും പുറപ്പെട്ടു. ഞാനായിരുന്നു ഏറ്റവും ചെറിയ ആൾ. അബൂ ബുർദ, അബൂ റുഹ്ം തുടങ്ങിയവരായിരുന്നു മൂത്ത രണ്ടു ജേഷ്ഠന്മാർ. ഞങ്ങൾ 53 ആളുകളാണ് ഉണ്ടായിരുന്നത്. അങ്ങിനെ ഞങ്ങൾ ഒരു കപ്പലിൽ കയറി. ആ കപ്പൽ ഞങ്ങളെ കൊണ്ടെത്തിച്ചത് അബീസീനിയയിലായായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ നജ്ജാശിയുടെ അടുക്കൽ എത്തിച്ചേരുന്നത്. അവിടെ ചെന്നപ്പോൾ ജഅ്‌ഫറുബ്നു അബീത്വാലിബ് رضي الله عنه നെയും കൂട്ടു കാരെയും കണ്ടു. അല്ലാഹുവിന്റെ പ്രവാചകനാണ് ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്നും ഇവിടെ താമസിക്കാൻ ഞങ്ങളോട് കൽപിച്ചു എന്നും അതു കൊണ്ട് നിങ്ങളും ഞങ്ങളുടെ കൂടെ താമസിക്കുക എന്ന് ജഅ്‌ഫർ رضي الله عنه ഞങ്ങളോട് പറഞ്ഞു. അതോടെ ഞങ്ങൾ അവിടെ താമസമാക്കി. അങ്ങിനെയാണ് ഞങ്ങൾ എല്ലാവരും ഒന്നിച്ച് ഇവിടെ ഖൈബറിൽ എത്തിയത്.

ഖൈബർ പിടിച്ചടക്കിയ സന്ദർഭത്തിലാണ് ഞങ്ങൾ അവിടെ എത്തുന്നത്. ഖൈബറിൽ നിന്ന് ലഭിച്ച സ്വത്തിൽ നിന്ന് ഒരു വിഹിതം ഞങ്ങൾക്കും നൽകി. ഞങ്ങളല്ലാത്ത ഖൈബറിൽ പങ്കെടുക്കാത്ത ആർക്കും വിഹിതം നൽകിയിട്ടുണ്ടായിരുന്നില്ല. (ബുഖാരി: 3136. മുസ്‌ലിം: 2502)

യമനിൽ നിന്നുള്ള ആളുകളാണ് എന്നുള്ളതാണ് അശ്‌അരികളുടെ പ്രത്യേകത. നബി ﷺ പറയുന്നു: അശ്‌അരികൾ യുദ്ധത്തിൽ വിധവകളായിട്ടുണ്ട്. മദീനയിൽ അവരുടെ കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണം ഇല്ലാതായിട്ടുണ്ട്. അപ്പോൾ അവരുടെ അടുത്ത് ഉള്ളതെല്ലാം അവർ ഒരു വസ്ത്രത്തിൽ ഒരുമിച്ച് കൂട്ടുകയും ശേഷം ഒരു പാത്രത്തിൽ എല്ലാവരും തുല്യമായി അവ വീതിച്ച് എടുക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അവരിൽ പെട്ടവനാണ് അവർ എന്നിൽ പെട്ടവരാണ്. (ബുഖാരി: 2486. മുസ്‌ലിം: 2500)

അബീസീനിയയിൽ നിന്നും കപ്പലിൽ യാത്ര ചെയ്തു വന്ന ആളുകളുടെ മഹത്വവും ഹദീസുകളിൽ കാണുവാൻ സാധിക്കും. അബീ സീനിയയിലേക്കുള്ള ഹിജ്റയുമായി ബന്ധപ്പെട്ട സംഭവം വിശദീകരിച്ചു കൊണ്ട് അബൂ മുസൽ അശ്‌അരി رضي الله عنه പറയുകയുണ്ടായി: ” അസ്‌മാഉ ബിൻതു ഉമൈസ് رضي الله عنها നബി ﷺയുടെ ഭാര്യ ഹഫ്സ رضي الله عنهاയെ സന്ദർശിക്കാൻ കടന്ന് വന്നു. ഞങ്ങളോടൊപ്പം അബിസീനിയയിൽ നിന്നും വന്ന കൂട്ടത്തിൽ പെട്ടവരായിരുന്നു അവർ. നജ്ജാശിയുടെ അടുക്കലേക്ക് ആദ്യമായി ഹിജ്റ പോയത് അവരായിരുന്നു.

ഈ സന്ദർഭത്തിലാണ് ഉമർ رضي الله عنه ഹഫ്സ رضي الله عنهاയുടെ അടുക്കലേക്ക് വരുന്നത്. അസ്മാ رضي الله عنها അവിടെ ഇരിക്കുന്നുണ്ട്. അസ്മയെ കണ്ടപ്പോൾ ഉമർ رضي الله عنه ചോദിച്ചു; ആരാണിവർ? ഹഫ്സ رضي الله عنها പറഞ്ഞു: അസ്മാഉ ബിൻത് ഉമൈസ് رضي الله عنها. അപ്പോൾ ഉമർ رضي الله عنه ചോദിച്ചു; അബിസീനിയയിൽ നിന്നും വന്ന കപ്പൽ യാത്രക്കാരി ആണോ? അപ്പോൾ അസ്മാഅ്‌رضي الله عنها പറഞ്ഞു: അതെ. ഉമർ رضي الله عنه പറഞ്ഞു: ഹിജ്റയിൽ ഞങ്ങൾ നിങ്ങളെക്കാൾ മുൻകടന്നവരാണ്. നിങ്ങളെക്കാൾ റസൂലിനോട് കൂടുതൽ അർഹതയുള്ളത് ഞങ്ങൾക്കാണ്. ഇതു കേട്ടപ്പോൾ അസ്മ رضي الله عنهاക്ക് ദേഷ്യം വന്നു. അവർ പറഞ്ഞു: ഉമറേ, താങ്കൾ പറഞ്ഞത് കളവാണ്. അല്ലാഹുവാണ് സത്യം നിങ്ങൾ പ്രവാചകനോടൊപ്പമായിരുന്നു. പ്രവാചകൻ വിശക്കുന്നവന് ഭക്ഷണവും വിവരം ഇല്ലാത്തവർക്ക് ഉപദേശവും നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളാകട്ടെ ദൂരത്തുള്ള വെറുപ്പിന്റെ ആളുകൾക്കിടയിൽ അബീസീനിയയിലായിരുന്നു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും മാർഗത്തിലായിരുന്നു അത്. അല്ലാഹുവാണ് സത്യം, നിങ്ങൾ പറഞ്ഞ കാര്യം ഞാൻ നബി ﷺയോട് പറയുന്നതു വരെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ഇല്ല. ഞങ്ങൾ അബിസീനിയയിൽ പ്രയാസങ്ങളിലായിരുന്നു. ഞങ്ങൾ ഭയപ്പാടിലായിരുന്നു. അതിനെക്കുറിച്ച് എല്ലാം ഞാൻ നബി ﷺയോട് പറയും. നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ചോദിക്കുകയും ചെയ്യും. നിങ്ങൾ പറഞ്ഞതിൽ ഒന്നും ഞാൻ കൂട്ടുകയോ തെറ്റിപ്പറയുകയോ കളവ് പറയുകയോ ഇല്ല.

നബി ﷺ വന്നപ്പോൾ അസ്മ മ رضي الله عنها ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, ഉമർ ഇന്ന ഇന്ന് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു: ഉമർرضي الله عنها നിങ്ങളെക്കാൾ എന്നോട് അർഹതയുള്ളവർ അല്ല. ഉമർرضي الله عنهاനും കൂടെയുള്ളവർക്കും ഒരു ഹിജ്റയാണുള്ളത്. എന്നാൽ കപ്പൽ കയറി വന്ന നിങ്ങൾക്ക് രണ്ടു ഹിജ്റ ഉണ്ട്. (ബുഖാരി: 4230. മുസ്‌ലിം: 2530)

ത്വുഫൈലുബ്നു അംറുദ്ദൗസി ഉമർرضي الله عنها നബി ﷺ മക്കയിൽ ആയിരിക്കെ അവിടെ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ശേഷം തന്റെ ഗോത്രമായ ദൗസിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. അദ്ദേഹം അവിടെ പോയി തന്റെ ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അങ്ങിനെ തന്റെ ജനതയിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചവരെയും കൂട്ടി നബി ﷺ ഖൈബറിൽ ആയിരിക്കെ അവിടേക്ക് കടന്നു വന്നു. എഴുപതോ എൺപതോ വീട്ടുകാരുമായി കൊണ്ടാണ് അദ്ദേഹം ഖൈബറിൽ എത്തിയത്. അക്കൂട്ടത്തിലായിരുന്നു അബൂഹുറൈറഉമർرضي الله عنها  ഉണ്ടായിരുന്നത്. അബൂഹുറൈറ ഉമർرضي الله عنها കുറച്ച് ആളുകളുമായി മദീനയിലേക്കായിരുന്നു എത്തിയത്. ശേഷം അദ്ദേഹം ഖൈബറിലേക്ക് പോവുകയായിരുന്നു. അബൂഹുറൈറ ഖൈബറിൽ എത്തിയപ്പോൾ ഖൈബറിന്റെ വിജയം പൂർത്തിയായിക്കഴിഞ്ഞിരുന്നു. (അഹ്‌മദ്: 8552)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 72: ഹിജ്റ ഏഴാം വർഷം [ഭാഗം: 5] പിടിച്ചടക്കിയ കോട്ടകൾ ​

നബി ചരിത്രം - 72: ഹിജ്റ ഏഴാം വർഷം [ഭാഗം: 5]
പിടിച്ചടക്കിയ കോട്ടകൾ

രണ്ടു ഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു പ്രദേശമാണ് ഖൈബർ. ഒരുഭാഗത്ത് 5 കോട്ടകളും മറുഭാഗത്ത് 3 കോട്ടകളുമാണ് ഉണ്ടായിരുന്നത്. നാഇം, സ്വഅ്‌ബുബ്നു മുആദ്, സുബൈർ, ഉബയ്യ്, നസാർ തുടങ്ങിയവരുടേതണ് ഒന്നാം ഭാഗത്തുള്ള അഞ്ചു കോട്ടകൾ. ഈ അഞ്ചു കോട്ടകളിൽ മൂന്നെണ്ണം നത്വാത് എന്ന പേരിലുള്ള സ്ഥലത്തും രണ്ടെണ്ണം ശഖ് എന്ന് പേരുള്ള സ്ഥലത്തുമാണ്. ഖൈബറിന്റെ വടക്കു കിഴക്കു ഭാഗത്താണ് ഇവയെല്ലാം സ്ഥിതിചെയ്യുന്നത്. മറുഭാഗത്തുള്ള 3 കോട്ടകൾ ഉൾക്കൊള്ളുന്ന പ്രദേശം കതീബത് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഖുമൂസ്വ്, വത്വീഹ്, സലാലിം എന്നിവയാണ് ആ കോട്ടകൾ. 

ഖൈബറിലെ എട്ട് കോട്ടകളും ഏറ്റവും സുരക്ഷിതത്വം ഉള്ളതും അതിശക്തവും വളരെ വലുതുമായ കോട്ടകളായിരുന്നു. ഈ കോട്ടകൾ പിടിച്ചടക്കുന്ന സമയത്ത് അതി ശക്തമായ എതിർപ്പാണ് മുസ്ലിംകൾക്ക് നേരിടേണ്ടി വന്നത്. ഒരുപാട് പ്രയാസങ്ങളും അവർ അനുഭവിക്കേണ്ടി വന്നു. 

മുസ്‌ലിംകൾ ആദ്യമായി ഏറ്റുമുട്ടിയത് നാഇം കോട്ടയോടായിരുന്നു. മർഹബ് എന്ന ജൂതൻ അതിൽ നിന്നും പുറത്തു വന്നു. ഏറ്റുമുട്ടാൻ വെല്ലു വിളിച്ചു കൊണ്ടായിരുന്നു വരവ്. 

അയാൾക്കെതിരെ ആമിറുബ്നുൽ അക്‌വഅ്‌ رضي الله عنه മുസ്ലിംകളിൽ നിന്നും ഇറങ്ങിത്തിരിച്ചു. രണ്ടു പേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വെട്ടി. ആമിർ رضي الله عنه കൊല്ലപ്പെട്ടു. മർഹബെന്ന ജൂതൻ വീണ്ടും വെല്ലു വിളി നടത്തി. ഈ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു ചെന്നത് അലിയ്യുബ്നു അബീ ത്വാലിബ് رضي الله عنه ആയിരുന്നു. മർഹബിന്റെ തല രണ്ടു കഷണമായി അലി رضي الله عنه  പിളർത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. അതു കൊണ്ടു തന്നെ ഈ കോട്ടയുടെ വിജയം അലിയുടെ കയ്യിലൂടെ ആയിരുന്നു. ഖൈബറിലേക്ക് പോകുന്ന സന്ദർഭത്തിൽ ആമിർ رضي الله عنه ഇപ്രകാരം പാട്ടു പാടിയിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ സലമതുബ്നുൽ അക്‌വഅ്‌ رضي الله عنه പറയുന്നു.

“അല്ലാഹുവാണ് സത്യം, അല്ലാഹു ഞങ്ങൾക്ക് ഹിദായത്ത് നൽകിയിട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾ നമസ്കരിക്കുകയോ സകാത്ത് കൊടുക്കുക ചെയ്യുമായിരുന്നില്ല. അല്ലാഹുവേ നിൻറെ ഔദാര്യം ഞങ്ങൾ ഇപ്പോഴും ആവശ്യമുള്ളവരാണ്. ഞങ്ങൾ ഏറ്റുമുട്ടുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ. ഞങ്ങൾക്കു നീ സമാധാനം ഇറക്കി തരേണമേ.” ഈ പാട്ട് കേട്ടപ്പോൾ നബിﷺ ചോദിച്ചു; ആരാണത്? ആമിർ رضي الله عنه പറഞ്ഞു: ഞാനാണ് അല്ലാഹുവിന്റെ പ്രവാചകരെ. നബിﷺ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് പൊറുത്തു തരട്ടെ. ഏതെങ്കിലും വ്യക്തികളെ പ്രത്യേകമായി എടുത്തു പറഞ്ഞു അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ എന്ന് നബിﷺ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ ശഹീദാകാതിരുന്നിട്ടില്ല. തന്റെ കഴുതപ്പുറത്ത് ഇരുന്നു കൊണ്ട് ഉമർ رضي الله عنه വിളിച്ചുപറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്തു കൊണ്ട് ആമിറിനെ കൊണ്ട് ഞങ്ങൾക്ക് ആസ്വാദനം നൽകുന്നില്ല?. സലമത്ബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: അങ്ങിനെ ഞങ്ങൾ ഖൈബറിൽ എത്തിയതിനു ശേഷം അവരുടെ നേതാവ് മർഹബ് തന്റെ വാളു കൊണ്ട് ഭീഷണിപ്പെടുത്തിക്കൊണ്ട് വന്നു പറഞ്ഞു: ” ഖൈബറിന് അറിയാം ഞാൻ മർഹബാണെന്ന്. യുദ്ധം ജ്വലിച്ചു വന്നാൽ ആയുധ ധാരിയാണ് ഞാൻ. ധീരനാണു ഞാൻ. അനുഭവ സമ്പന്നനാണ് ഞാൻ” ഇതു കേട്ടപ്പോൾ ആമിർ رضي الله عنه തിരിച്ചു പാടി. “ഞാൻ ആമിർ ആണെന്ന് ഖൈബറിന്നറിയാം. ആയുധ ധാരിയും ധീരനും തകർത്തു കളയുന്നവനുമാണ് ഞാൻ. (മരണത്തെ ഭയമില്ലാതെ അപകടങ്ങളെ നേരിടുന്നവൻ ) സലമതുബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: ആമിറും മർഹബും പരസ്പരം ഏറ്റു മുട്ടിയപ്പോൾ മർഹബിന്റെ വാൾ ആമിറിന്റെ പരിചയിൽ കൊണ്ടു. ആമിർ മർഹബിനെ മറിച്ചിടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വാൾ തിരിച്ചു വന്ന് സ്വന്തം ശരീരത്തിൽ കൊണ്ടു. കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞു. അതിലൂടെ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു. ഇത് കണ്ടപ്പോൾ നബിﷺയുടെ സ്വഹാബിമാരിൽ പെട്ട ചില ആളുകൾ ഇപ്രകാരം പറഞ്ഞു: ആമിറിന്റെ പ്രവർത്തനം വെറുതെയായിരിക്കുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു. ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് നബിﷺയുടെ അടുക്കലേക്ക് ചെന്നു. ഞാൻ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ആമിറിന്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായൊ?. അപ്പോൾ നബിﷺ ചോദിച്ചു; ആരാണ് അങ്ങിനെ പറഞ്ഞത്? സലമ പറഞ്ഞു: താങ്കളുടെ സ്വഹാബിമാരിൽ പെട്ട ചില ആളുകൾ. നബിﷺ പറഞ്ഞു: അങ്ങിനെ പറഞ്ഞവൻ കളവാണ് പറഞ്ഞത്. ആമിറിന് രണ്ടു പ്രതിഫലമുണ്ട്. (മുസ്‌ലിം: 1807) 

മുസ്‌ലിംകൾക്ക് മുമ്പിൽ നാഇം കോട്ടെയ ജൂതന്മാർ സുരക്ഷിതമായി തടഞ്ഞു നിർത്താൻ ശ്രമിച്ചു. അബൂബക്കറിന്റെ കയ്യിലായിരുന്നു നബിﷺ കൊടി കൊടുത്തിരുന്നത്. അദ്ദേഹം ശക്തമായി യുദ്ധം ചെയ്തു. എന്നാൽ പിടിച്ചടക്കാനാവാതെ തിരിച്ചു പോന്നു. രണ്ടാം ദിവസം നബിﷺ ഉമറുബ്നുൽ ഖത്താബിന്റെ رضي الله عنه കയ്യിലാണ് കൊടി കൊടുത്തത്. അദ്ദേഹവും ശക്തമായി യുദ്ധം ചെയ്തു. പക്ഷേ കോട്ട പിടിച്ചടക്കാനാവാതെ തിരിച്ചുപോന്നു. 9 ദിവസത്തോളം മുസ്ലീങ്ങൾ ഈ പരിശ്രമം തുടർന്നുവെങ്കിലും കോട്ട പിടിച്ചടക്കാൻ അവർക്ക് സാധിച്ചില്ല. പത്താം ദിവസം നബിﷺ അലിയ്യുബ്നു അബീത്വാലിബിന്റെ رضي الله عنه കയ്യിൽ കൊടി കൊടുത്തു. അങ്ങിനെയാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ കോട്ട പിടിച്ചടക്കപ്പെടുന്നത്. 

ഖൈബറിൽ വെച്ച് കൊണ്ട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: “നാളെ ഞാൻ ഒരു വ്യക്തിയുടെ കയ്യിൽ കൊടി കൊടുക്കുക തന്നെ ചെയ്യും. അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.-അല്ലാഹുവിനെയും പ്രവാചകനെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം എന്ന അഭിപ്രായവുമുണ്ട്- അദ്ദേഹത്തിലൂടെ അല്ലാഹു വിജയം നൽകും. അങ്ങിനെ ഞങ്ങൾ അത് ആരായിരിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ അലിയുടെ കയ്യിൽ നബിﷺ കൊടി നൽകുകയും അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു വിജയം നൽകുകയും ചെയ്തു. (ബുഖാരി: 29275. മുസ്‌ലിം: 2505) 

കണ്ണിന് അസുഖം ബാധിച്ച അവസ്ഥയിലായിരുന്നു അലി رضي الله عنه അന്ന് ഉണ്ടായിരുന്നത്. നബിﷺയുടെ മുമ്പിലേക്ക് അലിയെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ കണ്ണിലേക്ക് തുപ്പുകയും പ്രാർത്ഥിക്കുകയും ചെയ്തു. കണ്ണിന് ഒരു വേദനയും ഉണ്ടാകാത്തതു പോലെ അദ്ദേഹത്തിന് പരിപൂർണ്ണ ശിഫ ലഭിച്ചു. അലി رضي الله عنه യുടെ കയ്യിൽ കൊടി കൊടുത്തപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവരും നമ്മെപ്പോലെ ആകുന്നതു വരെ ഞാൻ അവരോട് യുദ്ധം ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അവരുടെ മുറ്റത്ത് എത്തുവോളം നീ സാവകാശം ചെല്ലുക. ശേഷം അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അല്ലാഹുവിനോടുള്ള അവരുടെ നിർബന്ധ ബാധ്യതകൾ പറഞ്ഞു കൊടുക്കുക. അല്ലാഹുവാണ് സത്യം നീ മുഖേന അല്ലാഹു ഒരു വ്യക്തിയെ സന്മാർഗത്തിലാക്കുന്നത് ചുവന്ന ഒട്ടകക്കൂട്ടങ്ങൾ നിനക്ക് ഉണ്ടാക്കുന്നതിനേക്കാൾ ഉത്തമമാണ്. (ബുഖാരി: 4210. മുസ്‌ലിം:2406)

 ഇങ്ങിനെയാണ് അലി رضي الله عنه മർഹബിനെ കൊലപ്പെടുത്തിയത്. അലി رضي الله عنه യുടെ മുൻപിലേക്ക് മർഹബ് ഇറങ്ങി വരുമ്പോഴും ആമിറിന്റെ അടുത്ത് വെച്ചു കൊണ്ട് പാട്ടു പാടിയതുപോലെ പാടിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ അലി തിരിച്ച് ഇപ്രകാരം മറുപടി കൊടുത്തു.” എന്റെ ഉമ്മ ഹൈദർ എന്ന പേരിട്ടവനാണ് ഞാൻ. കാണാൻ താൽപര്യപ്പെടാത്ത കാട്ടിലെ സിംഹം പോലെയാണ് ഞാൻ…..” (മുസ്‌ലിം:1807)

മർഹബ് കൊല്ലപ്പെട്ടപ്പോൾ അതേ വെല്ലു വിളിയുമായി അയാളുടെ സഹോദരൻ യാസിർ ഇറങ്ങി വന്നു. സുബൈറുബ്നുൽഅവ്വാമാണ് رضي الله عنه ഇയാളെ നേരിടാൻ ചെന്നത്. അപ്പോൾ അദ്ദേഹത്തിന്റെ ഉമ്മ സ്വഫിയ്യ -നബിﷺയുടെ അമ്മായി- പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ എന്റെ മകൻ. അപ്പോൾ നബിﷺ പറഞ്ഞു: നിങ്ങളുടെ മകൻ അയാളെ കൊല്ലും. സുബൈർ رضي الله عنه അയാളെ കൊലപ്പെടുത്തി. ശേഷം മുസ്ലിംകളിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് ശക്തമായ യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ വീരകൃത്യങ്ങൾ കണ്ട സ്വഹാബത്തിന് വലിയ ഇഷ്ടമായി. ഈ സന്ദർഭത്തിൽ നബിﷺ പറഞ്ഞു അയാൾ നരകത്തിലാണ്. “അബൂഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം. ഞങ്ങൾ ഖൈബറിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഇസ്ലാമിന്റെ വാദം ഉന്നയിച്ചിരുന്ന ഒരാളെക്കുറിച്ച് നബിﷺ പറഞ്ഞു: ഇയാൾ നരകത്തിലാണ്. അങ്ങിനെ യുദ്ധ സമയം വന്നപ്പോൾ ഈ മനുഷ്യൻ ശക്തമായി യുദ്ധം ചെയ്തു. ഒരുപാട് മുറിവുകൾ അയാളുടെ ശരീരത്തിൽ ഉണ്ടായി. ചില ആളുകൾ ഇയാളുടെ വിഷയത്തിൽ സംശയിച്ചു തുടങ്ങി. ഇയാൾക്ക് ബാധിച്ച മുറിവുകളുടെ വേദന സഹിക്കവയ്യാതായപ്പോൾ തന്റെ ആവനാഴിയിൽ നിന്നും അമ്പുകൾ എടുക്കുകയും അതു കൊണ്ട് സ്വന്തം ശരീരത്തെ നശിപ്പിക്കുകയും ചെയ്തു. ഇത് കണ്ട് മുസ്ലിംകൾ നബിﷺയുടെ അടുക്കലേക്ക് ഓടി വന്നു കൊണ്ടു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കൾ പറഞ്ഞ കാര്യം അല്ലാഹു സത്യപ്പെടുത്തിയിരിക്കുന്നു. ഇന്ന വ്യക്തി ആത്മഹത്യ ചെയ്തിരിക്കുന്നു. അപ്പോൾ നബിﷺ ഒരു വ്യക്തിയെ വിളിച്ചു കൊണ്ട് പറഞ്ഞു: എഴുന്നേൽക്കൂ, സത്യ വിശ്വാസികളല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നും നീചന്മാരെക്കൊണ്ടും അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും എന്നുള്ള കാര്യവും ജനങ്ങളെ അറിയിക്കുക.(ബുഖാരി: 4204. മുസ്‌ലിം: 111) 

നാഇം കോട്ടയ്ക്കു ചുറ്റും ശക്തമായ പോരാട്ടമാണ് സ്വഹാബികൾ നടത്തിയത്. അവരുടെ നേതാക്കളായ മർഹബും സഹോദരന്മാരും കൊല്ലപ്പെട്ടതോടു കൂടി മുസ്‌ലിംകളെ എതിർത്തു നിൽക്കാൻ അവർക്ക് സാധിച്ചില്ല. മുസ്‌ലിംകളെ നേരിടാൻ സാധ്യമല്ലാതെ വന്നപ്പോൾ ജൂതന്മാർ ഈ കോട്ടയിൽ നിന്നും തൊട്ടപ്പുറത്തുള്ള കോട്ടയായ സ്വഅ്‌ബിലേക്ക് വലിഞ്ഞു. മുസ്ലിംകൾ ഒന്നടങ്കം നാഇം കോട്ടയിലേക്ക് ഇരച്ചു കയറുകയും അത് പിടിച്ചടക്കുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന വസ്തുക്കളെല്ലാം അവർ ഉടമപ്പെടുത്തി. ശക്തിയുടേയും സുരക്ഷയുടെയും കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോട്ടയാണ് ജൂതനായ സ്വഅ്‌ബുബ്നു മുആദിന്റെ കോട്ട. നാഇം കോട്ടയിൽ നിന്ന് രക്ഷപ്പെട്ടവരെല്ലാം അവിടെ ഉണ്ടായിരുന്നു. മുസ്ലിംകൾ ആ കോട്ടയും വലയം ചെയ്തു. ഹുബാബുബ്നുൽമുൻദിറിന്റെ رضي الله عنه കയ്യിലാണ് നബിﷺ കൊടി നൽകിയത്. മൂന്നു ദിവസത്തോളം കോട്ടയെ ഉപരോധിച്ചതിനു ശേഷമാണ് അത് പിടിച്ചടക്കാൻ അവർക്ക് സാധിച്ചത്. ഖൈബറിൽ ഏറ്റവും കൂടുതൽ ഭക്ഷണം ഉണ്ടായിരുന്നത് ഈ കോട്ടയിലായിരുന്നു. ഖൈബർ യുദ്ധ വേളയിൽ ശക്തമായ വിശപ്പ് മുസ്ലിംകൾക്ക് അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി ഒരു നാടൻ കഴുതയെ അവർ അറുക്കുക്കുണ്ടായി. പക്ഷേ അതു തിന്നുന്നതിൽ നിന്നും നബിﷺ അവരെ വിലക്കി. (ബുഖാരി: 4220. മുസ്‌ലിം: 1937) 

പള്ളിയിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർ ഉള്ളി, ചുരക്ക പോലുള്ളവ ഭക്ഷിക്കരുത് എന്നുള്ള നിരോധനം ഖൈബറിന്റെ സന്ദർഭത്തിലാണ് ഉണ്ടായത്. ഉള്ളിയും ചുരക്കയും ഭക്ഷിച്ചവർ നമ്മുടെ പള്ളികളിൽ ഹാജരാകരുതെന്നും ആദം സന്തതികൾക്ക് പ്രയാസമുണ്ടാകുന്ന വിഷയങ്ങളിൽ നിന്ന് മലക്കുകൾക്കും പ്രയാസം ഉണ്ടാകും എന്നും നബിﷺ പഠിപ്പിച്ചു. (അഹ്‌മദ്: 15159) ഇമാം ബുഖാരിയുടെ സ്വഹീഹിലും ഈ ഹദീസ് കാണാം (ബുഖാരി: 853) 

സഅ്‌ബു കോട്ട മുസ്ലിംകൾ പിടിച്ചടക്കിയപ്പോൾ ജൂതന്മാർ അൽഖൽഅതുസ്സുബൈർ കോട്ടയിലേക്ക് നീങ്ങി. മല മുകളിലുള്ള സുരക്ഷ ശക്തമായ ഒരു കോട്ടയായിരുന്നു അത്. ആ കോട്ടയും മുസ്ലിംകൾ മൂന്നു ദിവസം വലയം ചെയ്തു. ഈ സന്ദർഭത്തിൽ ഗസാൽ എന്ന് പേരുള്ള ഒരു ജൂതൻ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു: അല്ലയോ അബുൽ ഖാസിം, നത്വാത് (മൂന്ന് കോട്ടകൾ നില കൊള്ളുന്ന പ്രദേശം) പ്രദേശത്തുള്ളവരിൽ നിന്നും താങ്കൾക്ക് ആശ്വാസം ലഭിക്കാവുന്ന കാര്യങ്ങൾ ഞാൻ അറിയിച്ച് തന്നാൽ നിങ്ങളെനിക്ക് നിർഭയത്വം നൽകുകയും ശഖിലേക്ക് (ബാക്കിയുള്ള രണ്ടു കോട്ടകൾ ഉൾക്കൊള്ളുന്ന പ്രദേശം) പോവുകയും ചെയ്യുമോ?. ഇയാൾക്കും കുടുംബത്തിനും സമ്പത്തിനും നബിﷺ നിർഭയത്വം നൽകി. ഇതോടു കൂടി കോട്ടയിൽ ഉണ്ടായിരുന്ന ആളുകൾ വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്ന കോട്ടക്ക് പുറത്ത് ഭൂമിക്കടിയിലുള്ള ഒരു അരുവിയെ കുറിച്ച് ഗസാൽ നബിﷺക്ക് വിവരം കൊടുത്തു. നബിﷺ അങ്ങോട്ട് ചെല്ലുകയും അത് മുറിച്ചുകളയുകയും ചെയ്തു. ദാഹിച്ചവശരായ ജൂതൻമാർ വെള്ളം കുടിക്കാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോൾ ശക്തമായ ഏറ്റു മുട്ടൽ അവിടെ വെച്ച് ഉണ്ടായി. രണ്ട് വിഭാഗത്തിൽ നിന്നുമുള്ള ആളുകൾക്കും മുറിവേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അവസാനം നബിﷺ ആ കോട്ടയും പിടിച്ചടക്കി. നത്വാത് പ്രദേശത്തുള്ള അവസാനത്തെ കോട്ടയായിരുന്നു ഇത്. 

ഈ മൂന്ന് കോട്ടകൾ പിടിച്ചടക്കിയതിനു ശേഷം നബിﷺ ശഖ് ഭാഗത്തുള്ള കോട്ടകളിലേക്ക് നീങ്ങി. ഉബയ്യിന്റെ കോട്ടയിൽ നിന്നായിരുന്നു തുടക്കം. അവരുമായി ശക്തമായ യുദ്ധമുണ്ടായി. മൽപിടുത്തത്തിന് വെല്ലു വിളിച്ചു കൊണ്ട് അവരിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. ഹുബാബുബ്നു മുൻദിറായിരുന്നു رضي الله عنه അയാളുമായി ഏറ്റു മുട്ടാൻ ഇറങ്ങിത്തിരിച്ചത്. ഹുബാബ്‌ رضي الله عنه അയാളെ കൊന്നു. ശേഷം ജൂതന്മാരിൽ നിന്ന് മറ്റൊരാൾ ഇറങ്ങി വന്നു. അബൂ ദുജാന رضي الله عنه അയാളെയും കൊലപ്പെടുത്തി. ഇതോടെ ജൂതന്മാർ വെല്ലു വിളി നിർത്തി. അബൂ ദുജാനയും رضي الله عنه സൈന്യവും കോട്ടക്കകത്തേക്ക് കയറി. അകത്തു വെച്ചു കൊണ്ട് ശക്തമായ യുദ്ധമുണ്ടായി. അവസാനം ജൂതന്മാർ പരാജയപ്പെട്ടു. ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ശഖ് പ്രദേശത്തെ കോട്ടകളിലേക്ക് നീങ്ങി. മറ്റു കോട്ടകളെ പോലെ തന്നെ സുരക്ഷിതത്വം ശക്തമായ കോട്ടയായിരുന്നു നസാർ കോട്ട. അതിലേക്കാണ് അവർ നീങ്ങിയത്. ഈ കോട്ടയിലേക്ക് ഒരിക്കലും മുസ്‌ലിംകൾക്ക് കയറിപ്പറ്റാൻ സാധിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജൂതന്മാർ ഉണ്ടായിരുന്നത്. ജൂതന്മാർ അമ്പുകളും കല്ലുകളും എടുത്തു മുസ്ലിംകളെ അറിയാൻ തുടങ്ങി. അവർ എറിഞ്ഞ അമ്പ് വന്ന് നബിﷺയുടെ വസ്ത്രത്തിൽ തട്ടുകയും അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് സ്വഅ്‌ബ് കോട്ടയിൽ നിന്നും ലഭിച്ച പീരങ്കി കൊണ്ടുവന്നു ഇവിടെ നാട്ടി വെക്കാൻ നബിﷺ കൽപ്പിച്ചത്. നസാർ കോട്ടയുടെ ചുമരുകൾക്ക് വിള്ളലുകളുണ്ടാക്കാൻ ഇതിലൂടെ സാധിച്ചു. അങ്ങിനെ മുസ്ലിംകൾ കോട്ടയിലേക്ക് ഇരച്ചു കയറി. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത പരാജയമാണ് ജൂതന്മാർക്ക് അന്നുണ്ടായത്. അവർ അവിടം വിട്ടു ഓടിപ്പോയി. സ്ത്രീകളെയും കുട്ടികളെയും അവിടെ ഉപേക്ഷിച്ചു കൊണ്ടാണ് അവർ ഓടിയത്. അവരെയെല്ലാം മുസ്‌ലിംകൾ പിടി കൂടി. ഈ അഞ്ചു കോട്ടകൾ പിടിച്ചടക്കിയതോടു കൂടി ഖൈബറിലെ ഒന്നാമത്തെ ഭാഗത്തുള്ള കോട്ടകൾ എല്ലാം മുസ്ലീങ്ങളുടെ അധീനതയിൽ വന്നു. 

ജൂതന്മാരുടെ ദയനീയമായ ഈ പരാജയത്തിനു ശേഷം നബിﷺ കതീബ ഭാഗത്തുള്ള കോട്ടകളിലേക്ക് നീങ്ങി. മൂന്ന് കോട്ടകളാണ് അവിടെ ഉണ്ടായിരുന്നത്. ഖമൂസ്വ്, വത്വീഹ്, സലാലിം എന്നിവയായിരുന്നു അത്. ഈ കോട്ടകളുടെ അടുക്കലേക്ക് നബിﷺ എത്തുകയും കോട്ടകൾ ഉപരോധിക്കുകയും ചെയ്തു. 14 ദിവസത്തോളം ഉപരോധം തുടർന്നു. ഈ ദിവസങ്ങളിലൊന്നും ജൂതന്മാർ കോട്ടകളിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അവസാനം അവരിലേക്ക് പീരങ്കി പ്രയോഗിക്കാൻ നബിﷺ ഉദ്ദേശിച്ചു. എന്നാൽ കോട്ടക്കകത്തെ അവസ്ഥകൾ പ്രയാസമാവുകയും ഞങ്ങൾ നശിക്കുമെന്ന് ജൂതന്മാർക്ക് ഉറപ്പു വരികയും ചെയ്തപ്പോൾ അവർ നബിﷺയോട് സന്ധി ആവശ്യപ്പെട്ടു. 

ഖമൂസ് കോട്ടയിൽ നിന്നാണ് സഫിയ്യ ബിൻത് ഹുയയ്യുബ്നു അഖ്തബ് رضي الله عنها ബന്ധിയായി പിടിക്കപ്പെട്ടത്. ഇതോടു കൂടി അല്ലാഹുവിന്റെ അനുഗ്രഹത്താൽ എട്ടു കോട്ടകളും മുസ്ലിംകൾ പിടിച്ചടക്കി. ഖൈബറിലെ ജൂതന്മാരുടെ ഹൃദയങ്ങളിൽ അല്ലാഹു ഭയം ഇട്ടു കൊടുക്കുകയും ചെയ്തു. അങ്ങിനെയാണ് മുസ്ലിംകളോടൊപ്പം അവർ സന്ധിക്ക് തയ്യാറായത്..

 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 71: ഹിജ്റ ഏഴാം വർഷം [ഭാഗം: 4] ഖൈബർ യുദ്ധം.​

നബി ചരിത്രം - 71: ഹിജ്റ ഏഴാം വർഷം [ഭാഗം: 4] ഖൈബർ യുദ്ധം.

ഒട്ടനവധി കോട്ടകളും കൃഷിസ്ഥലങ്ങളും ഈത്തപ്പനകളുമുള്ള വലിയ ഒരു പട്ടണമാണ് ഖൈബർ. മദീനയിൽ നിന്നും 185 കിലോമീറ്റർ അകലെയായി വടക്കു ഭാഗത്താണ് ഖൈബർ സ്ഥിതി ചെയ്യുന്നത്. ജൂതന്മാരാണ് അവിടത്തെ താമസക്കാർ. ദൂ ഖിറദിൽ നിന്ന് മടങ്ങി വന്നതിനു ശേഷം മൂന്ന് ദിവസമാണ് നബിﷺ മദീനയിൽ താമസിച്ചത്. അതിനു ശേഷം മുഹർറം മാസത്തിൽ തന്നെ ഖൈബറിലേക്ക് പുറപ്പെട്ടു. 

ഖൈബറിലുള്ള ജൂതന്മാർ മുസ്ലീംകളോട് പ്രത്യക്ഷ ശത്രുതയൊന്നും കാണിച്ചിരുന്നില്ല. എന്നാൽ മദീനയിൽ നിന്നും ബനൂ നളീർ ഗോത്രത്തെ നാടുകടത്തിയപ്പോൾ അവർ ചെന്നു താമസമാക്കിയത് ഖൈബറിലായിരുന്നു. സല്ലാമുബ്നു അബുൽഹുഖൈഖ്, കിനാനതുബ്നു റബീഅ്, ഹുയയ്യുബ്നു അഖ്തബ്, തുടങ്ങിയവരാണ് ഖൈബറിൽ താമസമാക്കിയ ജൂത നേതാക്കന്മാരിൽ പ്രധാനികൾ. ഇവർ ഖൈബറിൽ എത്തിയതോടു കൂടി അവിടത്തെ ജൂതന്മാർ ഇവരുടെ കീഴിലായി. മുസ്ലിംകളോടുള്ള പകയുമായിട്ടാണ് അവർ ഖൈബറിലേക്ക് പോകുന്നത്. മുസ്ലിംകളോട് പകരം വീട്ടാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും അവർ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. അങ്ങിനെയാണ് ഖുറൈശികളുടെ ശക്തി മുസ്‌ലിംകൾക്കെതിരെ തിരിച്ചുവിടാൻ അവർ ശ്രമിച്ചത്. ഇവരുടെ പ്രേരണയോടു കൂടിയാണ് ഖന്തക്ക് യുദ്ധവും ബനൂഖുറൈള യുദ്ധവും ഉണ്ടായത്. 

പണ്ടു കാലം മുതലേ ഖൈബർ ജൂതന്മാരുടെ കേന്ദ്രമായിരുന്നു. അതിലേക്കാണ് ബനൂ നളീറുകാരും ബനൂ ഖൈനുഖാഉം ചെന്നു ചേർന്നത്. അതോടു കൂടി ഖൈബർ ഗൂഢാലോചനയുടെയും മുസ്ലിംകൾക്കെതിരെ യുദ്ധവും ഫിത്‌നകളും ഇളക്കിവിടാനുള്ള കേന്ദ്രവുമായി മാറി. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശാന്തിക്ക് കളങ്കം വരുത്തുന്ന ജൂത പ്രവർത്തനങ്ങൾക്ക് വിരാമം കുറിക്കാനുള്ള വലിയൊരു അവസരമായിരുന്നു ഹുദൈബിയാ സന്ധി. ഹുദൈബിയാ സന്ധിയോടു കൂടി ഖുറൈശികളിൽ നിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അപ്പോൾ മുസ്ലിംകൾക്കെതിരെ ജൂതൻമാർ ചെയ്തിട്ടുള്ള ക്രൂര കൃത്യങ്ങളുടെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിൽ നബിﷺ ശ്രദ്ധ പതിപ്പിച്ചു. ഹുദൈബിയ്യാ സന്ധിക്ക് ശേഷം ഒട്ടനവധി ഗനീമത്ത് സ്വത്ത് ലഭിക്കുമെന്ന സന്തോഷവാർത്ത അല്ലാഹു ആദ്യമേ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലേക്കാണ് ഖുർആനിലെ ഈ വചനങ്ങൾ വിരൽ ചൂണ്ടുന്നത്. 

“ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യ വിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കി കൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്‌) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി.നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്‌. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു”. (ഫത്ഹ്: 18-21) 

ഖൈബർ കാരോട് യുദ്ധം ചെയ്യുവാനും ഖൈബർ പിടിച്ചടക്കുവാനുമുള്ള ഒരുക്കങ്ങൾ നബിﷺ നടത്തി. ഹുദൈബിയയിലേക്ക് തന്റെ കൂടെ പോന്നിട്ടുള്ള ആളുകളിൽ നിന്നാണ് ഖൈബറിലേക്കുള്ള ആളുകളെ തയ്യാറാക്കിയത്. നബിﷺ ഖൈബറിലേക്ക് പുറപ്പെട്ടപ്പോൾ ഹുദൈബിയ്യ യിലേക്ക് പോകാൻ തയ്യാറാവാതെ മാറിനിന്ന ചില ആളുകൾ കടന്നു വരികയുണ്ടായി. അവരും ഖൈബറിലേക്ക് പോകാൻ തയ്യാറായി. ഗനീമത്ത് സ്വത്തായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ നബിﷺ ആർക്കും അനുവാദം കൊടുത്തില്ല. ഈ സന്ദർഭത്തെ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു. 

“സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്‌) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്‌. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്‌. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പം മാത്രമല്ലാതെ.” (ഫത്ഹ്:15) 

നബിﷺ ഖൈറിലേക്ക് പുറപ്പെട്ട സന്ദർഭത്തിൽ വിളിച്ചു പറയുന്ന ആളോട് ഇപ്രകാരം പറയാൻ പറഞ്ഞു: ജിഹാദിൽ താല്പര്യമുള്ളവർ അല്ലാതെ നമ്മുടെ കൂടെ പോരരുത്. മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ട് നബിﷺയോട് ബൈഅത്ത് ചെയ്ത ആളുകൾ അല്ലാതെ മറ്റാരും അന്നു പോയിട്ടില്ല. ഖൈബറിലേക്ക് പോകുമ്പോൾ തനിക്കു സേവനം ചെയ്യാൻ പറ്റിയ ഒരാളെ അന്വേഷിക്കുവാൻ വേണ്ടി നബിﷺ അബൂ ത്വൽഹതുൽഅൻസാരിയോട് കൽപിച്ചു. (ബുഖാരി: 2893. മുസ്‌ലിം:1365) 

മദീനയുടെ ചുമതല സബാഉബ്നു അർഫത്വതുൽഗഫാരി رضي الله عنه യെ ഏൽപ്പിച്ചു. നബിﷺ ഖൈബറിലേക്ക് പോയ സന്ദർഭത്തിലാണ് അബൂഹുറൈറ رضي الله عنه മദീനയിൽ എത്തിച്ചേരുന്നത്. (അഹ്‌മദ്: 8552) ഖൈബറിലേക്കുള്ള ഒരുക്കം നബിﷺ നടത്തുമ്പോഴാണ് അബൂ സഅ്‌ലബതുൽഖശനി رضي الله عنه മദീനയിൽ എത്തുന്നത്. അദ്ദേഹം നബിﷺയുടെ കൂടെ പുറപ്പെടുകയും ഖൈബറിൽ പങ്കെടുക്കുകയും ചെയ്തു. യുദ്ധങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ മറച്ചുവെക്കുക എന്നുള്ളത് നബിﷺയുടെ പതിവായിരുന്നു. എന്നാൽ ഖൈബറിലും തബൂക്കിലും ഇത് ഉണ്ടായില്ല. കാരണം ഖൈബറിന്റെ വിജയം അല്ലാഹു മുൻകൂട്ടി അറിയിച്ച കാര്യമായിരുന്നു. തബൂക്ക് യുദ്ധമാകട്ടെ അങ്ങോട്ടുള്ള യാത്ര ഒരുപാട് ദൂരവുമായിയിരുന്നു. മാത്രവുമല്ല ആ കാലഘട്ടത്തിലെ ഏറ്റവും വലിയ വലിയ രാഷ്ട്രവും ആയിരുന്നു അത്. അതു കൊണ്ടുതന്നെ പരിപൂർണ്ണമായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. 

അതിശക്തമായ ഈമാനിന്റെ കരുത്തോടു കൂടി നബിﷺയും സ്വഹാബിമാരും ഖൈബറിലേക്ക് പുറപ്പെട്ടു. ഖൈബറിലെ കോട്ടകൾ വളരെ സുരക്ഷയോടു കൂടിയുള്ളതാണ് എന്നും അവിടത്തെ ആളുകൾ ശക്തരും യുദ്ധ പാഠവം ഉള്ളവരാണെന്നും മുസ്‌ലിംകൾക്കു നന്നായി അറിയാമായിരുന്നു. ഖൈബറിനും ഗത്വ്‌ഫാനിനും ഇടക്കുള്ള ഒരു വഴിയിലൂടെ അവർ പ്രവേശിച്ചു. ഖൈബറു കാരെ ഗത്വ്‌ഫാൻ കാർ സഹായിക്കുന്നതിൽ നിന്നും തടയിടലായിരുന്നു ആ വഴി സ്വീകരിക്കുവാനുള്ള കാരണം. ഗത്വ്‌ഫാൻ കാരും മുസ്‌ലിംകളുടെ ശത്രുക്കളായിരുന്നു. ഖൈബറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു പോകുന്ന തന്റെ കഴുതപ്പുറത്തിരുന്നു കൊണ്ടായിരുന്നു നബിﷺ സുന്നത്ത് നമസ്കാരം നിർവഹിച്ചത്. മുസ്ലിംകൾ ഉച്ചത്തിൽ അല്ലാഹു അക്ബർ എന്നും ലാഇലാഹ ഇല്ലല്ലാഹു എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. 

“അബു മൂസാ رضي الله عنه പറയുന്നു: ഞങ്ങൾ നബിﷺയോടൊപ്പം ഒരു യുദ്ധത്തിനുള്ള യാത്രയിലായിരുന്നു. ഉയരങ്ങളിലേക്ക് കയറുമ്പോഴും താഴ്‌വരകളിൽ ഇറങ്ങുമ്പോഴും ഞങ്ങൾ തക്ബീർ കൊണ്ട് ശബ്ദമുയർത്തിക്കൊണ്ടിരുന്നു. അപ്പോൾ നബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു കൊണ്ട് പറഞ്ഞു: “അല്ലയോ ജനങ്ങളെ നാളെ നിങ്ങൾ മിതത്വം പാലിക്കുക. കേൾക്കാൻ കഴിയാത്ത മറഞ്ഞവനെ അല്ല നിങ്ങൾ വിളിക്കുന്നത്. മറിച്ച് കേൾക്കാനും കാണാനും കഴിവുള്ളവനെയാണ് നിങ്ങൾ വിളിക്കുന്നത്. ശേഷം നബിﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബിനു ഖൈസ്, സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ; ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി (എന്നതാകുന്നു ആ വചനം) (ബുഖാരി: 4205. മുസ്‌ലിം: 2704)

നബിﷺയും സ്വഹാബിമാരും രാത്രിയിലാണ് ഖൈബറിന്റെ അടുത്തെത്തിയത്. സമീപ സ്ഥലത്തു തന്നെ രാത്രി കഴിച്ചു കൂട്ടി. നബിﷺ ഏതൊരു സമൂഹത്തിന്റെ അടുക്കലേക്കും രാത്രി എത്തിച്ചേർന്നാൽ നേരം പുലരുവോളം അവരോടു യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. നേരം പുലർന്നപ്പോൾ ഇരുട്ട് മൂടിയ സമയത്തു തന്നെ സുബഹി നമസ്കരിച്ചു. ശേഷം നബിﷺയും സ്വഹാബിമാരും ഖൈബറിലേക്ക് യാത്ര തുടർന്നു. ഖൈബറിലേക്കുള്ള പ്രവേശന സ്ഥലത്തെത്തിയപ്പോൾ നബിﷺ തൻറെ അനുചരന്മാരോട് പറഞ്ഞു: നിൽക്കൂ, ഒരു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദുആ നിർവഹിക്കാം. ” ഏഴ് ആകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്റെയും റബ്ബും ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്റെയും റബ്ബും പിശാചുക്കളുടെ അവ വഴി തെറ്റിക്കുന്നതിന്റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കുന്നതിന്റെയും റബ്ബുമായ അല്ലാഹുവേ, ഈ ഗ്രാമത്തിന്റെ (പട്ടണത്തിന്റെ) നന്മയും അതിലെ താമസക്കാരുടെ നന്മയും അതിലുള്ള നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു. ഈ ഗ്രാമത്തിന്റെ തിന്മയിൽ നിന്നും അതിലെ താമസക്കാരുടെ തിന്മയിൽ നിന്നും അതിലുള്ള തിന്മയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു”. (ഹാകിം: 1676. ഇബ്നു ഹിബ്ബാൻ: 2709) 

സൂര്യൻ ഉദിച്ചപ്പോൾ നബിﷺ ഖൈബറിൽ എത്തി. ജൂതന്മാർ പണിയായുധങ്ങളുമായി അവരുടെ കൃഷിയിടങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. മേയുവാനുള്ള ആടുകളെയും അവർ പുറത്തു വിട്ടിരുന്നു. മുസ്ലിംകളെ കണ്ടപ്പോൾ അവർ പരിഭ്രാന്തരാവുകയും കോട്ടകളിലേക്ക് ഓടിക്കയറുകയും ചെയ്തു. അല്ലാഹുവാണ് സത്യം, മുഹമ്മദ് ഇതാ വന്നിരിക്കുന്നു. അപകടം.. എന്നു പറഞ്ഞുകൊണ്ടായിരുന്നു അവർ ഓടിയിരുന്നത്. അപ്പോൾ നബിﷺ പറഞ്ഞു ഖൈബർ തകരാനായിരിക്കുന്നു. ഒരു സമൂഹത്തിന്റെ മുറ്റത്തു നാം ഇറങ്ങിയാൽ അവരുടെ പ്രഭാതം എത്ര മോശം. (ബുഖാരി: 4197) 

അനസുബ്നു മാലിക് رضي الله عنه പറയുന്നു:….. ഞങ്ങൾക്ക് അന്ന് കഴുതയുടെ മാംസം ലഭിച്ചു. അപ്പോൾ നബിﷺയുടെ വിളിച്ചു പറയുന്ന ആൾ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകനും നിങ്ങൾക്ക് കഴുത മാംസം നിഷിദ്ധമാക്കിയിരിക്കുന്നു. നിശ്ചയമായും അത് മ്ലേച്ഛമാകുന്നു. (ബുഖാരി: 4198)

ജൂതന്മാർ കോട്ടകളിൽ ഓടി ഒളിച്ചതോടു കൂടി മുസ്ലിം സൈന്യം കോട്ടകളെ വളഞ്ഞു. മുസ്‌ലിംകൾ അവരുടെ കോട്ടകളെ പിടിച്ചടക്കാൻ തുടങ്ങി. ഒന്നിന് പിറകെ മറ്റൊന്നായി എല്ലാം അവരുടെ അധീനതയിൽ വന്നു.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

 

നബി ചരിത്രം – 70: ഹിജ്റ ഏഴാം വർഷം [ഭാഗം: 3] – മുഹമ്മദ് നബിയും ﷺ ജൂതന്റെ സിഹ്റും

നബി ചരിത്രം - 70: ഹിജ്റ ഏഴാം വർഷം [ഭാഗം: 3]

മുഹമ്മദ് നബിയും ﷺ ജൂതന്റെ സിഹ്റും

ദുൽഹജ്ജ് മാസത്തിലാണ് നബി ﷺ ഹുദൈബിയ്യയിൽ നിന്നും മടങ്ങി വന്നത്. ചില ജൂതന്മാർ ഇസ്ലാമിനെ പുറത്തേക്ക് കാണിച്ചു കൊണ്ട് മദീനയിൽ താമസിക്കുന്നുണ്ടായിരുന്നു. മുഹർറം മാസത്തിൽ ലബീദുബ്നു അഅ്‌സ്വമിന്റെ അടുക്കലേക്ക് അവർ വന്നു. ജൂതനും മുനാഫിഖുമായിരുന്നു ഇയാൾ. ജൂതന്മാരിൽ ഏറ്റവും കൂടുതൽ സിഹ്‌റ് ചെയ്യാനറിയുന്ന വ്യക്തിയും ആയിരുന്നു. അവർ ലബീദിനോട് പറഞ്ഞു: ഞങ്ങളെക്കാളെല്ലാം നന്നായി സിഹ്ർ ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് നിങ്ങൾ. നമ്മുടെ പല പുരുഷന്മാരിലും സ്ത്രീകളിലും മുഹമ്മദ് സിഹ്റ് ചെയ്തിരിക്കുകയാണ്. നമ്മളാകട്ടെ തിരിച്ചൊന്നും ചെയ്തിട്ടുമില്ല. മുഹമ്മദ് ചെയ്ത സിഹ്റിന്റെ സ്വാധീനം നമ്മിൽ നിങ്ങൾ കാണുന്നുമുണ്ട്. നമ്മുടെ മതം അവന് എതിരാണ്. നമ്മളിൽ കൊല്ലപ്പെട്ടവരും നാടുകടത്തപ്പെട്ടവരും ഉണ്ട്. മുഹമ്മദിനെ നശിപ്പിക്കുന്ന വിധത്തിൽ ഞങ്ങൾക്ക് വേണ്ടി നിങ്ങളൊരു സിഹ്റ് ചെയ്യുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് പ്രതിഫലം നൽകാം. 

അങ്ങിനെയാണ് ലബീദ് മുഹമ്മദ് നബി  ﷺക്ക് എതിരെ സിഹർ ചെയ്യുന്നത്. അതിന്റെ ഭാഗമായി നബി  ﷺക്ക് ശക്തമായ രോഗം പിടിപെട്ടു. ഭാര്യമാരുമായി ഇണ ചേരുവാനും ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുവാനും കഴിയാത്ത അവസ്ഥയുണ്ടായി. സിഹ്റിനെക്കുറിച്ച് അല്ലാഹു അറിയിപ്പ് നൽകുന്നതു വരെ നബി  ﷺ അതിന്റെ പ്രയാസം അനുഭവിച്ചു.

ആയിശയില്‍ (رضي الله عنها) നിന്നും നിവേദനം : ബനൂ സുറൈഖില്‍ പെട്ട ലബിദുബ്നു അഉസ്വം എന്ന വ്യക്തി  നബി  ﷺക്ക് സിഹ്ര്‍ ചെയ്തു. അങ്ങിനെ നബി  ﷺ താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് ചെയ്തുവെന്ന തോന്നലുളവാക്കുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം എന്റെ അടുത്തുണ്ടായിരുന്ന ഒരു ദിവസം ഒരു രാത്രി അദ്ദേഹം പിന്നേയും പിന്നേയും പ്രാര്‍ഥിച്ചു. എന്നിട്ട്  പറഞ്ഞു: ‘ആഇശാ, നിനക്കറിയുമോ? ഞാന്‍ റബ്ബിനോട് വിവരണം തേടിയ കാര്യങ്ങളില്‍  എനിക്ക് അല്ലാഹു വിവരം തന്നിരിക്കുന്നു. രണ്ടു പേ൪ എന്റെ അടുത്ത് വരികയും അവരില്‍ ഒരാള്‍ എന്റെ തലയുടെ അടുത്തും  മറ്റേയാള്‍ എന്റെ കാലിനടുത്തും ഇരിക്കുകയും ചെയ്തു. എന്നിട്ട് അവരില്‍ ഒരാള്‍ തന്റെ കൂടെയുള്ളയാളോട് ചോദിച്ചു: ‘ഇദ്ദേഹത്തിന്റെ വേദന എന്താണ്? അയാള്‍ പറഞ്ഞു: ഇദ്ദേഹം സിഹ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്.ലബിദുബ്നു അഉസ്വമാണെന്ന് മറ്റേയാള്‍  പറഞ്ഞു. അയാള്‍ ചോദിച്ചു: എന്തിലാണ് സിഹ്റ് ചെയ്തത്. മറ്റേയാള്‍ പറഞ്ഞു: ചീ൪പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൂമ്പോളയിലുമാണ്. അദ്ദേഹം ചോദിച്ചു: അത് എവിടെയാണ്. ഇയാള്‍ പറഞ്ഞു: ദ൪വാന്‍ കിണറ്റിലാണ്. (ബനൂ സുറൈഖിന്റെ മദീനയിലെ തോട്ടത്തിലുള്ള ഒരു കിണ൪). അങ്ങിനെ (നേരം പുല൪ന്നപ്പോള്‍) നബി  ﷺസ്വഹബികളുമൊത്ത് അവിടെ പോയി (മടങ്ങി) വന്നിട്ട് നബി  ﷺ പറഞ്ഞു: അല്ലയോ ആയിശാ, അതിന്റെ വെള്ളം മൈലാഞ്ചി വ൪ണ്ണം പോലെയും അതിലെ ഈത്തപ്പനകളുട തല പിശാചുക്കളുടെ തല പോലെയും ഉണ്ട്. ഞാന്‍ ചോദിച്ചു: നബിയേ അങ്ങേക്ക് അത് പുറത്തെടുക്കാമായിരുന്നില്ലേ? നബി  ﷺപറഞ്ഞു: അല്ലാഹു എനിക്ക് ശമനം നല്‍കിയിരിക്കുന്നു. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിൽ  ഒരു ദോഷം ഇളക്കി വിടുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ കിണ൪ മൂടിക്കളയുവാന്‍ കല്‍പ്പിക്കുകയും അങ്ങിനെ അത് മൂടുകയും ചെയ്തു.(ബുഖാരി: 5763) 

സൂറത്തുൽഫലഖും സൂറത്തുന്നാസും അവതരിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം ലബീദ് നടത്തിയ സിഹറിൽ നിന്നും നബിക്ക് ശമനം ലഭിച്ചു.

“സൈദുബ്നു അർഖമിൽ رضي الله عنه നിന്ന് നിവേദനം; ജൂതന്മാരിൽ ഒരാൾ നബിക്ക് സിഹ്റ് ചെയ്തു. നബി  ﷺ(അല്ലാഹുവിനോട്) പരാതി പറഞ്ഞു. അപ്പോൾ ജിബ്‌രീൽ മുഅവ്വിദതൈനിയുമായി വന്നു.( ത്വഹാവി- മുശ്കിലുൽആസാർ: 5935) ” 

ഉഖ്ബതുബ്നു ആമിറിൽ رضي الله عنه നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബി  ﷺ പറഞ്ഞിരിക്കുന്നു: എനിക്കു രണ്ടു സൂറത്തുകൾ അവതരിച്ചിട്ടുണ്ട്. അവ കൊണ്ട് നീ ശരണം തേടിക്കൊള്ളുക. ശരണം തേടാൻ അതു പോലുള്ള മറ്റൊന്നുമില്ല. മുവ്വിദതൈനിയാണ് ഈ രണ്ടു സൂറത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. (അഹ്‌മദ്: 17299) 

ലബീദുബ്നുൽഅഅ്‌സ്വമിനെ നബി ﷺ കൊലപ്പെടുത്തിയിട്ടില്ല. കാരണം നബി ﷺ സ്വന്തം കാര്യത്തിൽ പ്രതികാര നടപടി സ്വീകരിക്കാറുണ്ടായിരുന്നില്ല. മാത്രവുമല്ല ലബീദിനെ കൊന്നു കഴിഞ്ഞാൽ മുസ്ലിംകൾക്കും സഹായ വാഗ്ദാനം ചെയ്ത ആളുകൾക്കുമിടയിൽ അത് ഒരു ഫിത്‌നക്ക് കാരണമായി മാറും.

 “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യ വിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”.( തൗബ: 128) 

ഗത്വ്‌ഫാൻ പ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന മദീനയിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ഒരു ജല തടാകമാണ് ദൂ ഖിറദ്. ഇവിടെ വെച്ചു കൊണ്ട് ഒരു യുദ്ധമുണ്ടായി. അതാണ് ദൂ ഖിറദ് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്. ഖൈബർ യുദ്ധത്തിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ഇത്. ‘അൽഗാബ’ എന്നും യുദ്ധത്തിന് പേര് പറയാറുണ്ട്. കാട് എന്നാണ് ഈ വാക്കിനർത്ഥം. യുദ്ധ സന്ദർഭത്തിൽ മുസ്ലിംകൾക്ക് ലഭിച്ച ഒട്ടകങ്ങൾ അവിടെയുള്ള കാട്ടു പ്രദേശത്തായിരുന്നു ഉണ്ടായിരുന്നത്. ഹുദൈബിയക്ക് ശേഷം നബി ﷺ നയിച്ച ഒന്നാമത്തെ യുദ്ധമാണിത്. യുദ്ധത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയനായത് സലമതുബ്നുൽഅക്‌വഅ്‌ ആയിരുന്നു. 

കാട്ടിലൂടെ (മരുഭൂകാടുകൾ) നടക്കുന്ന ഇരുപതോളം കറവ ഒട്ടകങ്ങൾ നബിക്കുണ്ടായിരുന്നു. ഗഫാരീ ഗോത്രത്തിലെ ഒരു വ്യക്തിക്കും അദ്ദേഹത്തിൻറെ ഭാര്യക്കുമായിരുന്നു അവയുടെ സംരക്ഷണച്ചുമതല ഉണ്ടായിരുന്നത്. അങ്ങിനെയിരിക്കെയാണ് അബ്ദുറഹ്മാനുബ്നു ഉയൈനതുബ്നു ഹിസ്വ്‌നുൽ ഗഫാരി എന്ന വ്യക്തി അതിക്രമിച്ചു വന്നത്. ഒട്ടകങ്ങൾ നോക്കുന്ന വ്യക്തിയെ അയാൾ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യയെ ബന്ധിയാക്കുകയും ഒട്ടകങ്ങളെ കൊണ്ടുപോവുകയും ചെയ്തു. 

“സലമതുബ്നു അക്‌വഇൽ رضي الله عنه നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ഞാൻ മദീനയിൽ നിന്നും അൽഗാബതിനു നേരെ പോവുകയായിരുന്നു. ഗാബത്തിലേക്കുള്ള പ്രവേശന ഭാഗത്ത് ഞാനെത്തി. അപ്പോൾ അബ്ദുറഹ്മാനുബ്നു ഔഫിന്റെ ഒരു പരിചാരകൻ എന്നെ കണ്ടു. ഞാൻ ചോദിച്ചു; നിനക്കെന്താണ് ഇവിടെ കാര്യം. അയാൾ പറഞ്ഞു: നബിയുടെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി. ഞാൻ ചോദിച്ചു; ആരാണത് ചെയ്തത്? അയാൾ പറഞ്ഞു: ഗത്വ്‌ഫാൻ, ഫസാറ തുടങ്ങിയവർ. സലമ പറയുന്നു: അവിടെയുള്ള രണ്ട് മലകൾക്കിടയിലൂടെ കേൾക്കാവുന്ന വിധത്തിൽ ഞാൻ മൂന്നു തവണ ഉറക്കെ വിളിച്ചു പറഞ്ഞു: നാശമേ നാശമേ. അങ്ങിനെ ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ അവരെ കണ്ടു. ഒട്ടകങ്ങൾ അവരുടെ കൂടെയുണ്ടായിരുന്നു. ഞാൻ അവരെ എറിയാൻ തുടങ്ങി. അതോടൊപ്പം ഞാൻ ഇപ്രകാരം പറയുകയും ചെയ്തു.” ഞാൻ അക്‌വഇന്റെ മകനാണ്. ഇന്ന് തരംതാഴ്ന്നവരുടെ നാശത്തിന്റെ ദിവസമാണ്.” അങ്ങിനെ ഒട്ടകത്തിന്റെ പാൽ അവർ കുടിക്കുന്നതിനു മുമ്പ് ഞാനവയെ മോചിപ്പിച്ചു. അവരെയും തെളിച്ചു കൊണ്ട് ഞാൻ തിരിച്ചു പോന്നു. പോരുന്ന വഴിക്ക് നബി എന്നെ കണ്ടുമുട്ടി. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ പ്രവാചകരെ, ജനങ്ങൾ ദാഹിച്ചിരിക്കുകയായിരിക്കും. അവർക്ക് പാൽ കുടിക്കാൻ വേണ്ടിയാണ് ഞാൻ വേഗത്തിൽ വന്നത്. ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയവരുടെ പിറകെ ആളെ വിടുക. അപ്പോൾ നബി പറഞ്ഞു: അല്ലയോ ഇബ്നുൽ അക്‌വഅ്‌, കുറച്ച് സാവകാശം കാണിക്കൂ. ജനങ്ങൾക്ക് അവരുടെ കൂടെ ഉള്ള ആളുകൾ ഭക്ഷണം കൊടുത്തിട്ടുണ്ട്. (ബുഖാരി:3041. മുസ്‌ലിം: 1806) 

സലമത് ഇബ്നു അക്‌വഅ്‌ മല മുകളിൽ വെച്ച് സഹായമഭ്യർത്ഥിച്ചു വിളിച്ചതിനെ കുറിച്ച് നബി ﷺ അറിഞ്ഞപ്പോൾ നബിയും ഇപ്രകാരം വിളിച്ചു പറഞ്ഞു. അപകടം അപകടം!. ഇത് കേട്ടതോടു കൂടി കുതിരപ്പടയാളികൾ നബി ﷺ യുടെ ചുറ്റും ഒരുമിച്ചു കൂടി. ആദ്യമായി എത്തിയത് മിഖ്ദാദുബ്നു അംറായിരുന്നു رضي الله عنه. ശേഷം അബ്ബാദുബ്നു ബിശ്ർ, സഅ്‌ദ് ബ്നു സൈദ്, ഉസൈദുബ്നു ളഹീർ, ഉക്കാശതുബ്നു മിഹ്സ്വൻ, മഹ്‌റസുബ്നു നള്‌ല:, അബൂ ഖതാദതുൽഹാരിസുബ്‌നു റബ്ഈ (رضي الله عنه)….. തുടങ്ങിയ സ്വഹാബിമാരും എത്തി. അവർ എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ സഅ്‌ദുബ്നു സൈദുൽഅശ്ഹലിയെ നബി ﷺ അവരുടെ അമീറായി നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു: (ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോയ) ആളുകളെ അന്വേഷിച്ചു നിങ്ങൾ പുറപ്പെടുക. ജനങ്ങളുടെ കൂടെ വന്ന് ഞാൻ നിങ്ങളുമായി ചേരാം. നബി ﷺ യുടെ കുതിരപ്പടയാളികൾ മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങി. ഇതു കണ്ട് മുശ്രിക്കുകൾ പിന്തിരിഞ്ഞോടി. മിഹ്‌റസുബ്നു നള്‌ല അബ്ദുർറഹ്‌മാനുബ്നു ഉയൈനയെ കണ്ടു. അവർ പരസ്പരം അങ്ങോട്ടു മിങ്ങോട്ടും വെട്ടി. അബ്ദുറഹ്മാനിന്റെ കുതിരയെ മിഹ്റസ് (رضي الله عنه) അറുത്തു. ഇത് കണ്ട അബ്ദുറഹ്മാൻ മിഹ്‌റസിനെ വെട്ടുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അബ്ദുറഹ്മാൻ മിഹ്റസിന്റെ കുതിരപ്പുറത്ത് കയറി. അബൂ ഖതാദ അബ്ദുറഹ്മാനെ പിന്തുടർന്ന് കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അബൂ ഖതാദ മിഹ്റസിന്റെ കുതിരപ്പുറത്ത് കയറി തന്റെ ആളുകളുടെ അടുക്കലേക്ക് തിരിച്ചു വന്നു. കൊല്ലപ്പെട്ട വ്യക്തി വസ്ത്രം കൊണ്ട് മറയപ്പെട്ട അവസ്ഥയിൽ കിടക്കുന്നത് കണ്ടപ്പോൾ സഹാബിമാർ പറഞ്ഞു: അബൂ ഖതാദ കൊല്ലപ്പെട്ടിരിക്കുന്നു. എന്നാൽ അത് കാണുന്നതിന് മുമ്പ് തന്നെ നബി ﷺപറഞ്ഞു: അത് അബൂ ഖതാദയല്ല. മറിച്ച് അദ്ദേഹത്താൽ കൊല്ലപ്പെട്ട വ്യക്തിയാണ്. 

സലമത്ബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: മുശ്രിക്കുകളെ ആട്ടിയോടിക്കപ്പെട്ടതിനുശേഷം ഞാൻ നബി ﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബി ﷺദൂ ഖിറദിലുള്ള ജല തടാകത്തിനു സമീപം ഇരിക്കുകയായിരുന്നു. നബി ﷺയുടെ കൂടെ അഞ്ഞൂറോളം സ്വഹാബിമാർ ഉണ്ട്. ആ സന്ദർഭത്തിൽ മുശ്രിക്കുകളിൽ നിന്നും ഞാൻ മോചിപ്പിച്ച ഒട്ടകങ്ങളിൽ ഒന്നിനെ ബിലാൽ അറുക്കുകയും അതിന്റെ കരളും പൂഞ്ഞയും നബിക്കു ചുട്ടു കൊടുക്കുകയും ചെയ്തു. ഈ യുദ്ധത്തിലാണ് ഭയത്തിന്റെ നമസ്കാരം നബി ﷺനിർവഹിച്ചത്. ശത്രുക്കളുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് ഒരു രാത്രിയും ഒരു പകലും നബി ﷺഅവിടെ താമസിച്ചു. 

സലമ رضي الله عنه പറയുകയാണ്: നേരം പുലർന്നപ്പോൾ നബി ﷺപറഞ്ഞു: ഇന്ന് നമ്മുടെ ഏറ്റവും നല്ല കുതിരപ്പടയാളി അബൂ ഖതാദ യാണ്. ഏറ്റവും നല്ല കാലാൾപ്പടക്കാരൻ സലമയാണ്. ശേഷം നബി എനിക്ക് രണ്ട് അമ്പുകൾ തന്നു. കുതിരപ്പടയാളിയുടെ അമ്പും കാലാൾപടക്കാരന്റെ അമ്പും. 

ശേഷം നബി ﷺമദീനയിലേക്ക് മടങ്ങി. നബിയുടെ പിറകിൽ സലമതുബ്നുൽഅക്‌വഉം ഉണ്ടായിരുന്നു. 

ഗഫാരിക്കാർ ബന്ധിച്ച സ്ത്രീ അവരുടെ ബന്ധനത്തിൽ നിന്നും മോചിതയായി. നബിയുടെ ഒരു ഒട്ടകപ്പുറത്ത് അവർ കയറിയിരിക്കുകയും മദീനയുടെ ഭാഗത്തേക്കു അതിനെ തിരിച്ചു വിടുകയും ചെയ്തു. അല്ലാഹു തന്നെ രക്ഷപ്പെടുത്തിയാൽ ആ ഒട്ടകത്തെ ബലി അറക്കുമെന്ന് അവർ നേർച്ച നേരുകയും ചെയ്തു. 

ആ സ്ത്രീ മദീനയിലെത്തിയപ്പോൾ ജനങ്ങൾ അവരെ കണ്ടു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്റെ ഒട്ടകം ആണല്ലോ ഇത്. അപ്പോൾ ആ സ്ത്രീ പറഞ്ഞു: അല്ലാഹു തന്നെ രക്ഷപ്പെടുത്തിയാൽ ഇതിനെ ബലിയറുക്കുമെന്ന് ഞാൻ നേർച്ച നേർന്നിട്ടുണ്ട്. സ്വഹാബിമാർ നബിയെ പോയി കാണുകയും ഈ വിവരം അറിയിക്കുകയും ചെയ്തു. അപ്പോൾ നബി ﷺപറഞ്ഞു: സുബ്ഹാനള്ളാ! ഇവർ നടപ്പിലാക്കിയത് എത്ര മോശം. അല്ലാഹു രക്ഷപ്പെടുത്തിയാൽ അതിനെ ബലിയറുക്കുമെന്ന് പറയുകയോ? തിന്മയുടെ കാര്യത്തിൽ നേർച്ച നേർന്നാൽ അത് നിറവേറ്റാൻ പാടില്ല. സ്വന്തം ഉടമസ്ഥതയിലില്ലാത്ത വസ്തുവിൽ നേർചയാക്കുവാനും പാടില്ല. (മുസ്‌ലിം: 1641)

 

ഫദ്‌ലുല്‍ ഹഖ് ഉമരി

ഭാഗം 3- ഇസ്ലാമിൽ പ്രവാചക കുടുംബത്തിന്റെ മഹത്വവും പദവിയും

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 3- ഇസ്ലാമിൽ പ്രവാചക കുടുംബത്തിന്റെ മഹത്വവും പദവിയും

പ്രവാചക കുടുംബം എന്ന് പറയുന്നത് പ്രവാചകനും ഭാര്യമാരും സന്തതികളും അതുപോലെ സകാത്/സദഖകൾ സ്വീകരിക്കൽ വിലക്കപ്പെട്ട അടുത്ത കുടുംബങ്ങളുമാണ്. അള്ളാഹു അവർക്കു എണ്ണമറ്റ സവിശേഷതകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവരെ സ്നേഹിക്കലും അവരുടെ അവകാശങ്ങൾ പരിരക്ഷിക്കലും നിർബന്ധമാണെന്ന കാര്യത്തിൽ അഹുലുസ്സുന്ന വൽ ജമാഅത് ഏകാഭിപ്രായക്കാരാണ്. അവരുടെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാം:

1 – അള്ളാഹു വിശുദ്ധ ക്വുർആനിൽ പറഞ്ഞു: “(പ്രവാചകന്റെ) വീട്ടുകാരെ. നിങ്ങളിൽ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അള്ളാഹു ഉദ്ദേശിക്കുന്നത്.” (അഹ്സാബ് :33 ) ഈ സൂക്തമനുസരിച്ചു പ്രവാചകന്റെ ഭാര്യമാർ അഹ്ലു ബൈത്തിൽ പെട്ടവരാണെന്നു വെക്തമായി. കാരണം ഈ വചനം പ്രവാചക പത്നിമാരെക്കുറിച്ചു അവതരിച്ചതാണ്. ഇതിനു മുമ്പും ശേഷവുമുള്ള വചനങ്ങളെല്ലാം അവരെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയാണ്.

2 – നബി ﷺ പറഞ്ഞു: ഞാൻ രണ്ടു ഭാരമേറിയ (മുഖ്യമായ) കാര്യങ്ങൾ നിങ്ങളിൽ വിട്ടേച്ചു കൊണ്ട് പോകുന്നു. ഒന്നാമത്തേത് അല്ലാഹുവിന്റെ കിതാബാണു. അതിൽ സന്മാർഗവും വെളിച്ചവുമുണ്ട്. നിങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തെ മുറുകെപിടിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചു അദ്ദേഹം പ്രേരണ നൽകുകയും അതിൽ താല്പര്യമുണ്ടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞത് “എന്റെ കുടുംബം; അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു… അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹുവിന്റെ പേരിൽ എന്റെ കുടുംബത്തെക്കുറിച്ചു ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. (മുസ്ലിം 2408 )

3- നബി ﷺ പറഞ്ഞു: ഫാത്തിമ സ്വർഗീയ സ്ത്രീകളുടെ നേതാവാണ്. (ബുഖാരി 3624)

4- നബി ﷺ പറഞ്ഞു : ഫാത്തിമ എന്റെ (ശരീരത്തിന്റെ) ഒരു ഭാഗമാണ്.

അവൾക്കു മനഃപ്രയാസമുണ്ടാക്കുന്നതു എനിക്കും പ്രയാസമുണ്ടാക്കും. അവളെ ബുദ്ധിമുട്ടിക്കുന്നത് എന്നെയും ബുദ്ധിമുട്ടിക്കും. (മുത്തഫഖുൻ അലൈഹി)

5- നബി ﷺ അലി ബിൻ അബീത്വാലിബിനോട് പറഞ്ഞു: നീ എന്നിൽ പെട്ടവനും ഞാൻ നിന്നിൽ പെട്ടവനുമാണ്. (ബുഖാരി – 2699)

6- നബി ﷺ ഹസൻ ബിൻ അലി (റ) യെക്കുറിച്ചു പറഞ്ഞു: എന്റെ ഈ പുത്രൻ നേതാവാണ്. അവനെ കൊണ്ടു മുസ്ലിംകളിലെ രണ്ടു വിഭാഗത്തിന്നിടയിൽ അല്ലാഹു രഞ്ജിപ്പു ഉണ്ടാക്കിയേക്കാം. (ബുഖാരി 2629)

7- അബൂ ഹുറൈറയിൽ നിന്ന് നിവേദനം; നബി ﷺ ഹസൻ (റ) വിനെക്കുറിച്ചു പറഞ്ഞു: അല്ലാഹുവെ, ഞാൻ അവനെ ഇഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടേണമേ. അവനെ ഇഷ്ടപ്പടുന്നവരെയും നീ ഇഷ്ടപ്പെടേണമേ (മുത്തഫഖുൻ അലൈഹി)

 

ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

 

ഭാഗം 2-“സഹാബാക്കളുടെ മഹത്വം പൂർവ്വീകരുടെ വചനങ്ങളിൽ”​

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 2-"സഹാബാക്കളുടെ മഹത്വം പൂർവ്വീകരുടെ വചനങ്ങളിൽ"

1- അബ്ദുല്ലാഹ് ബിൻ ഉമർ (റ) പറഞ്ഞു: പ്രവാചകന്റെ അനുചരന്മാരെ നിങ്ങൾ ചീത്ത പറയരുത്. നിങ്ങളുടെ ആയുഷ്ക്കാലം മുഴുവനുമുള്ള കർമ്മങ്ങളെക്കാൾ മെച്ചപ്പെട്ടതാണ് അവരുടെ ജീവിതത്തിലെ ഒരു മണിക്കൂർ സേവനങ്ങൾ. (അഹ്മദ്, ഇബ്നുമാജ, അൽബാനി)

2- ഒരാൾ അബ്ദുല്ലാഹ് ബിൻ മുബാറകിന്റെ അടുക്കൽ വന്നു കൊണ്ട് ചോദിച്ചു. മുആവിയ (റ) ആണോ ഉമർ ബിൻ അബ്ദുൽ അസീസ് ആണോ ഏറ്റവും നല്ലവൻ? അദ്ദേഹം പറഞ്ഞു: പ്രവാചകനോടൊപ്പം (പടയോട്ട വേളയിൽ) മുആവിയയുടെ (റ) നാസദ്വാരങ്ങളിൽ കയറിയ മണ്ണ് ഉമർ ബിൻ അബുൽ അസീസിനെക്കാൾ മെച്ചപ്പെട്ടതാണ്. (ഇബിൻ അസാകിർ 59 /2018 )

3- ഇമാം അഹ്മദ് (റാഹിമഹുല്ലാഹ്) പറഞ്ഞു: വല്ലവനും സഹാബാക്കളെക്കുറിച്ചു മോശമായി സംസാരിക്കുന്നതു കേട്ടാൽ അവന്റെ ഇസ്ലാമിനെക്കുറിച്ചു തന്നെ സംശയിക്കേണ്ടണ്ടതാണ്. (ശറഹ് ഉസൂൽ അൽ-ഇഅതികാത് – ലാലിക്കാനി 7/1252)

4- ബിശ്‌റുബിനുൽ ഹാരിസ് (റാഹിമഹുല്ല) പറഞ്ഞു: വല്ലവനും റസൂലിന്റെ അനുചരന്മാരെക്കുറിച്ചു ചീത്ത പറഞ്ഞാൽ അവൻ കാഫിറാണ്. അവൻ നമ്സകരിച്ചാലും നോമ്പെടുത്തലും മുസ്ലിംകളിൽ പെട്ടവനാണെന്നു വാദിച്ചാലും. (അശറഹ് വൽ ഇബാന – ഇബിൻ ബത്ത 162 )

5- ഇബിൻ അസ്സലാഹ് (റഹ്‌മഹുള്ള) അദ്ദേഹത്തിന്റെ മുഖദ്ദിമയിൽ പറഞ്ഞു: എല്ലാ സഹാബാക്കളും നീതിമാന്മാരാണ് എന്ന കാര്യത്തിൽ മുസ്ലിം സമുദായം ഏകോപിച്ചിട്ടുണ്ട്. അവരിൽ (ചില) രാഷ്ട്രീയ കുഴപ്പങ്ങളിൽ ബന്ധപ്പെട്ടവരടക്കം. പരിഗണനാർഹമായ ഏകാഭിപ്രായം ഈ വിഷയത്തിൽ ഉണ്ട്.

6- ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ “അൽഅഖീദത്തുൽ വാസിത്വിയ്യ” എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: സഹാബാക്കൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറച്ചു അവർ മൗനമവലംബിക്കുന്നു. അവരുടെ (സഹാബാക്കളുടെ) തിന്മകളെക്കുറിച്ചുള്ള റിപോർട്ടുകൾ ഒന്നുകിൽ കള്ളമായിരിക്കും, അല്ലെങ്കിൽ പെരുപ്പിച്ചു പറയുന്നതോ ചുരുക്കിക്കെട്ടിയതോ യഥാർത്ഥ ഉദ്ദേശത്തിൽ നിന്ന് വഴിതിരിച്ചു വിട്ടതോ ആയിരിക്കും. അവയിൽ ശരിയായ സംഭവങ്ങളിൽ അവർ മാപ്പുനൽകപ്പെട്ടവരാണ്. കാരണം അവരുടെ നിഗമനങ്ങളിൽ (ഇജ്തിഹാദ്) ശരിയായതും തെറ്റിപ്പോയതുമുണ്ടാകാം. അവരുടെ ചെറിയ വീഴ്ചകൾ പൊറുക്കപ്പെടാൻ മാത്രം അവരുടെ (ഇസ്ലാമിന് വേണ്ടിയുള്ള) ജീവത്യാഗങ്ങൾ ധാരാളമാണ്. പിൽക്കാലക്കാർക്കു ലഭിക്കാത്ത വിധത്തിലുള്ള പാപ മോചനം അവർക്ക്‌ ലഭിക്കും.

 
ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി

Prophet

മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?

TK Ashraf

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറയുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയത്തെ സമൂഹം സുചിന്തിതമായ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ ശൈശവവിവാഹത്തെ അനുകൂലിക്കുന്നവരായി മുദ്രകുത്തുമോ എന്ന ഭയമാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ട് എതിര്‍പ്പ് മനസ്സിലൊതുക്കി മൗനം പാലിക്കുകയാണ് പലരും.

പക്വതയെത്താതെ വിവാഹംകഴിച്ചുകൊടുക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവമായി നാം കാണേണ്ടതുണ്ട്. അതുകൊണ്ടാണ് 18 വയസ്സിലേക്ക് വിവാഹപ്രായം ഉയര്‍ത്തിയപ്പോള്‍ ശക്തമായ എതിര്‍പ്പ് സമൂഹത്തില്‍നിന്ന് ഉയരാതെ പോയത്. ഇരുപത്തിയഞ്ചാമത്തെ വയസ്സിലും ഒരു കുട്ടിക്ക് വിവാഹത്തിനുള്ള പ്രാപ്തി എത്തിയില്ലെന്ന് വന്നാല്‍ അവളെ വിവാഹം കഴിപ്പിക്കരുതെന്നാണ് നമ്മുടെ പക്ഷം. എന്നാല്‍ 21 ന് മുമ്പ് തന്നെ വിവാഹജീവിതം നയിക്കാന്‍ പക്വത നേടിയവര്‍ക്ക് നിയമം തടസ്സം നില്‍ക്കരുതെന്നാണ് നമുക്ക് പറയാനുള്ളത്. പ്രായമല്ല; വിവാഹത്തോടുള്ള കാഴ്ചപ്പാടാണ് മാറേണ്ടതെന്നര്‍ഥം

ഭാഗം 1- സഹാബാക്കളുടെ ശ്രേഷ്ഠതയും നീതിബോധവും, “സഹാബത്തും അഹ്‌ലു ബൈത്തും”

“സഹാബത്തും അഹ്‌ലു ബൈത്തും"

ഭാഗം 1- സഹാബാക്കളുടെ ശ്രേഷ്ഠതയും നീതിബോധവും

പ്രവാചകന്മാർ കഴിഞ്ഞാൽ പിന്നെ നല്ല മനുഷ്യർ പ്രവാചകന്റെ അനുചരന്മാരായ സഹാബാക്കളാണ്. അവരുടെ ശ്രേഷ്ടതയെക്കുറിച്ചു ധാരാളം പ്രമാണങ്ങൾ വന്നിട്ടുണ്ട്. അവരുടെ വിശുദ്ധിയും നീതിനിഷ്ഠയും വരച്ചു കാട്ടുന്ന ഒട്ടനേകം രേഖകൾ ലഭ്യമാണ്. ചില തെളിവുകൾ പരാമർശിക്കാം: 

1 – വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു: “മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ, അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (അതൗബ – 100 ) 

2 – അബൂ ഹുറൈറ (റ) യിൽ നിന്ന് നിവേദനം; പ്രവാചകൻ ﷺ പറഞ്ഞു: നിങ്ങൾ എന്റെ സഹാബാക്കളെ ചീത്ത പറയരുത് .. നിങ്ങൾ എന്റെ സഹാബാക്കളെ ചീത്ത പറയരുത്… എന്റെ ജീവൻ ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം, നിങ്ങളിൽ ആരെങ്കിലും ഉഹ്ദ് മലയോളം വരുന്ന സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദു (രണ്ടു കൈകളും കൂട്ടി വാരുന്ന അത്ര അളവ്) അല്ലെങ്കിൽ അതിന്റെ പകുതി എത്തുകയില്ല. (ബുഖാരി 3470 , മുസ്ലിം 2540 ).

3- ഇബ്നു മസ്ഊദിൽ (റ) നിവേദനം; നബി ﷺ പറഞ്ഞു: 

ജനങ്ങളിൽ ഏറ്റവും ഉത്തമന്മാർ എന്റെ നൂറ്റാണ്ടിൽ ജീവിച്ചവരാണ്. പിന്നെ അവരോടടുത്തത് …. പിന്നെ അവരോടടുത്തത്. (ബുഖാരി 2509 , മുസ്ലിം 2533). 

4 – അബൂ ബുർദ (റ) തന്റെ  പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു; റസൂൽ ﷺ പറഞ്ഞു: 

നക്ഷത്രങ്ങൾ ആകാശത്തിനു കാവൽക്കരാണ്. നക്ഷത്രങ്ങൾ അപ്രത്യക്ഷമായാൽ ആകാശത്തിനു നിശ്ചയിക്കപ്പെട്ട വിനാശം  വരാവായി. ഞാൻ എന്റെ അനുചരന്മാർക്കു കാവലാണ്. ഞാൻ പോയാൽ എന്റെ അനുചരന്മാർക്കു നിശ്ചയിക്കപ്പെട്ട വിനാശം വരികയായി. എന്റെ സഖാക്കൾ എന്റെ സമുദായത്തിന്റെ  കാവൽക്കാരാണ്. എന്റെ സഖാക്കൾ അപ്രത്യക്ഷരായാൽ എന്റെ സമുദായത്തിന് നിശ്ചയിക്കപ്പെട്ട വിനാശം വരികയായി (മുസ്ലിം 2531).

5 – പണ്ഡിത ലോകം മുഴുവനും അവരുടെ നീതിനിഷ്ഠയെ ക്കുറിച്ചു ഏകാഭിപ്രായക്കാരാണ്. ഇബ്നു അബ്ദുൽ ബറു പറഞ്ഞു: സഹാബാക്കൾ മുഴുവനും നീതിമാന്മാരും സത്യസന്ധരും സമൂഹം തൃപ്തിപ്പെട്ടവരും ആണെന്ന വിഷയത്തിൽ പണ്ഡിത ലോകത്തു ഏകാഭിപ്രായമുണ്ട്. (അത്തംഹീദു 22 /47).

സഹാബാക്കളെ ഉപദ്രവിക്കുക ചീത്ത പറയുക എന്നീ വിഷയങ്ങളിൽ വന്ന കടുത്ത താക്കീതുകളും മുന്നറിയിപ്പുകളും: 

സഹാബാക്കളെ ചീത്ത പറയലും അവരോടു വിദ്വേഷം വെച്ചുപുലർത്തലും ആക്ഷേപാർഹവും കടുത്ത മുന്നറിയിപ്പും നിരോധനവും വന്നിട്ടുള്ള വിഷയവുമാണ്.  അതിൽ പെട്ടതാണ് ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്തത്; റസൂൽ ﷺ പറഞ്ഞു: 

ആരെങ്കിലും എന്റെ സഹാബാക്കളെ ചീത്ത പറഞ്ഞാൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ മനുഷ്യരുടെയും ശാപമുണ്ടാവട്ടെ. (അൽബാനി സഹീഹാക്കിയത് – 2240 ).  

സഹാബാക്കളുടെ അഭിമാനം വിശുദ്ധമാണ്. അത് കാത്തുസൂക്ഷിക്കാലും   അവരുടെ ഉന്നത സ്ഥാനവും മഹത്വവും അംഗീകരിക്കലും നിർബന്ധമാണ്.

 

ക്രോഡീകരണം: ഡോ: ഹമദ്‌ അൽഹാജിരി, കുവൈത്ത്‌.
വിവർത്തനം: പി.എൻ അബ്ദുല്ലത്തീഫ് മദനി