നബി ചരിത്രം - 73 - ഹിജ്റ ഏഴാം വർഷം [ഭാഗം: 6]
ഖൈബർ കാരുമായുള്ള സന്ധി.
ഖൈബറിൽ നബി ﷺ വ്യക്തമായ വിജയം നേടുകയും യുദ്ധം ചെയ്യാൻ വന്നവർ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ബന്ധികളായി പിടിക്കപ്പെടുകയും യുദ്ധസ്വത്ത് മുസ്ലിംകൾക്ക് ലഭിക്കുകയും ചെയ്തതോടു കൂടി കിനാനതുബ്നു അബിൽഹഖീഖ് നബി ﷺ യുടെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു. താങ്കളോട് ഞാൻ സംസാരിക്കാൻ വരട്ടെയോ?. നബി ﷺ പറഞ്ഞു വന്നോളൂ. അങ്ങിനെ ഇബ്നു അബുൽഹഖീഖ് ഇറങ്ങി വന്നു. താഴെ പറയുന്ന വിഷയങ്ങളിലാണ് അവർ സന്ധിയിൽ ഏർപ്പെട്ടത്.
കോട്ടക്കകത്ത് നിന്നും യുദ്ധം ചെയ്യാൻ വന്ന ആളുകളുടെ രക്തം സുരക്ഷിതമായിരിക്കണം. അവരുടെ മക്കളെ അവർക്ക് തിരിച്ചു കൊടുക്കണം ജൂതന്മാർ അവരുടെ മക്കളെയും കൊണ്ട് ഖൈബർ വിട്ടു പോകണം. ഖൈബറിൽ ഉള്ള അവരുടെ ഭൂമിയും സമ്പത്തുമെല്ലാം മുഹമ്മദ് നബി ﷺ ക്കായിരിക്കും. ഒരോ തരത്തിലുമുള്ള സമ്പത്തും മറച്ചു വെക്കാൻ പാടില്ല. നബി ﷺ ഇപ്രകാരം കൂടി പറഞ്ഞു: എന്നിൽ നിന്നും നിങ്ങൾ വല്ലതും മറച്ചു വെച്ചാൽ അല്ലാഹുവിന്റെയും പ്രവാചകന്റെയും ഉത്തരവാദിത്വം നിങ്ങളിൽ നിന്ന് ഒഴിവായിരിക്കുന്നു. (ഇബ്നു ഹിബ്ബാൻ: 599)
അവർ നബി ﷺയോട് ഇത്തരം കരാറുകളിൽ സന്ധി നടത്തുകയും കോട്ടകൾ മുസ്ലീംകളെ ഏൽപ്പിക്കുകയും ചെയ്തു.
സന്ധിയിൽ ഉള്ളതു പോലെ ജൂതന്മാരെ ഖൈബറിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയപ്പോൾ ജൂതന്മാർ നബി ﷺയോട് ചോദിച്ചു. ഞങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ പകുതി ഫലവർഗങ്ങൾ നിങ്ങൾക്ക് നൽകാം എന്ന നിബന്ധനയിൽ ഞങ്ങളെ ഇവിടെ തന്നെ നില്ക്കാൻ അനുവദിക്കുമോ? നബി ﷺ അത് അംഗീകരിച്ചു കൊടുത്തു. മുസ്ലിംകൾ പണിയെടുക്കാൻ ഒഴിഞ്ഞ് നിൽക്കുകയില്ല. നിങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കിയതിന്റെ പകുതി അവർക്ക് നൽകണം എന്ന നിബന്ധനയോടു കൂടിയാണ് ഇത് അംഗീകരിച്ചത്.
ഇത്തരം നിബന്ധനകളോടു കൂടി ഉമ്മർ رضي الله عنه ന്റെ നേതൃത്വത്തിൽ തൈമാഅ് അരീഹാ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവരെ നാടു കടത്തി. ഇങ്ങനെയൊക്കെയായിട്ടും അബുൽഹഖീഖിന്റെ രണ്ട് മക്കൾ ഹുയയ്യുബ്നു അഖ്തബിന്റെ ഉടമസ്ഥതയിലുള്ള ഒട്ടനവധി ആഭരണങ്ങളും സമ്പത്തും മറച്ചുവെക്കുകയുണ്ടായി. ഒന്നും മറച്ചു വെക്കാൻ പാടില്ല എന്ന് നബി ﷺ മുമ്പേ പറഞ്ഞ കാര്യമായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത്: യുദ്ധങ്ങൾക്കും ചിലവിനുമായി അത് തീർന്നു പോയി എന്നായിരുന്നു. എന്നാൽ സത്യം പുറത്തു വരികയും ചതിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോൾ അവർ രണ്ടു പേരെയും കൊന്നു കളഞ്ഞു. കിനാനതുബ്നു റബീആയിരുന്നു അവരിൽ ഒരാൾ. അതായത് സ്വഫിയ്യ ബിൻതു ഹുയയ്യിന്റെ ഭർത്താവ്. കരാർ ലംഘിക്കുകയും സമ്പത്ത് പൂഴ്ത്തി വെക്കുകയും ചെയ്തു എന്നുള്ളതാണ് അവർ ചെയ്ത കുറ്റം.
ശേഷം ഖൈബറിൽ നിന്നും ലഭിച്ച യുദ്ധ സ്വത്തുക്കൾ ഹുദൈബിയ്യയിൽ പങ്കെടുത്ത ആളുകൾക്കിടയിൽ നബി ﷺ വിതരണം ചെയ്തു. കാരണം ഇവിടുത്തെ സ്വത്ത് അല്ലാഹു അവർക്ക് വാഗ്ദാനം ചെയ്തതായിരുന്നു. ജാബിർ رضي الله عنه മാത്രമാണ് അക്കൂട്ടത്തിൽ നിന്നും ഒഴിവായിട്ടുള്ളത്. എങ്കിലും അദ്ദേഹത്തിനുള്ള വിഹിതം നബി ﷺ മാറ്റി വെച്ചു. മത പരമായ കാരണം കൊണ്ടായിരുന്നു അദ്ദേഹം ഖൈബറിൽ പങ്കെടുക്കാതിരുന്നത്. ഖൈബറിൽ നിന്നും സ്വത്തായി ലഭിച്ചത് രണ്ട് രൂപത്തിലായിരുന്നു. ഒന്ന്, ശക്തമായി യുദ്ധത്തിലൂടെയും മറ്റൊന്ന് പരസ്പരമുള്ള സന്ധിയിലൂടെ യും. അതു കൊണ്ടു തന്നെ യുദ്ധത്തിലൂടെ ലഭിച്ച സ്വത്തുക്കളിൽ നിന്നും അഞ്ചിലൊന്ന് മാറ്റി വെക്കുകയും ബാക്കിയുള്ളത് ഗനീമത്തിന് അവകാശപ്പെട്ടവർക്കു നൽകുകയും ചെയ്തു. എന്നാൽ സന്ധിയിലൂടെ ലഭിച്ച സ്വത്തുക്കൾ മുസ്ലിംകളുടെ പൊതു ആവശ്യങ്ങൾക്കും മറ്റുമായി മാറ്റി വെച്ചു. (അബൂദാവൂദ്: 3010)
കുതിരക്ക് രണ്ടു ഓഹരിയും കാലാൾ പടക്ക് ഒരു ഓഹരിയും വീതമാണ് നൽകിയത്. (ബുഖാരി:4228)
നാഫിഅ് رضي الله عنه ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ” കൂടെ കുതിര ഉള്ള ആളുകൾക്ക് നബി ﷺ മൂന്ന് വിഹിതം നൽകി. അതായത് കുതിരക്ക് രണ്ടു വിഹിതവും യോദ്ധാവിനു ഒരു വിഹിതവും. എന്നാൽ കൂടെ കുതിര ഇല്ലാത്ത യോദ്ധാക്കൾക്ക് ഒരു വിഹിതവും നൽകി.” എന്നാൽ സ്ത്രീകളും അടിമകളുമായി ഖൈബറിൽ പങ്കെടുത്തവർക്ക് ഗനീമത്ത് സ്വത്തിൽ നിന്നും അല്പം നൽകി. അവർക്ക് പ്രത്യേകിച്ച് വിഹിതം ഒന്നും നിശ്ചയിച്ചില്ല. ഖൈബറിൽ നിന്നും കിട്ടിയ ഗനീമത്ത് സ്വത്തിലൂടെ മുഹാജിറുകൾ സമ്പന്നരായപ്പോൾ അവർ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റയായി വന്ന സന്ദർഭത്തിൽ അൻസാറുകൾ അവർക്ക് കൊടുത്തതെല്ലാം എല്ലാം തിരിച്ചു കൊടുത്തു. അല്ലാഹു വാഗ്ദാനം ചെയ്ത ഗനീമത്ത് സ്വത്തിന്റെ ബറകത്ത് ആയിരുന്നു അത്.
” ഇബ്നു ഉമ്മർ رضي الله عنه നിന്ന് നിവേദനം: ഖൈബർ ജയിച്ചടക്കുന്നതു വരെ ഞങ്ങൾ വയറു നിറയെ ഭക്ഷണം കഴിച്ചിട്ടില്ല. ” (ബുഖാരി: 4243)
ഖൈബറിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച ഭക്ഷണങ്ങളിൽ നിന്നും ആവശ്യമുള്ള അളവിൽ മാത്രം എടുക്കുകയും ബാക്കിയുള്ളത് (മറ്റുള്ളവർക്കായി ) ഞങ്ങൾ ഒഴിവാക്കി പോരുകയും ചെയ്തു” (അബൂദാവൂദ്: 2704)
ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള പ്രയാസങ്ങൾ ശക്തമായപ്പോൾ നബി ﷺയുടെ നിർദ്ദേശ പ്രകാരം ചില സ്വഹാബിമാർ അബീ സീനിയയിലേക്ക് ഹിജ്റ പോയിരുന്നു. ഖൈബർ പ്രദേശങ്ങൾ പിടിച്ചടക്കിയതിനു ശേഷം നബി ﷺയുടെ പിതൃവ്യ പുത്രനായ ജഅ്‌ഫറുബ്നു അബീ ത്വാലിബും കൂട്ടുകാരും അബീ സീനിയയിൽ നിന്നും ഖൈബറിൽ എത്തി. ജഅ്‌ഫർ رضي الله عنه നെയും കൂട്ടുകാരെയും കണ്ടപ്പോൾ നബി ﷺക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. ജാഫർ رضي الله عنه ന്റെ ഇരു കണ്ണുകൾക്കുമിടയിൽ ചുംബിച്ചു. ശേഷം നബി ﷺ പറഞ്ഞു: ഖൈബറിന്റെ വിജയം കൊണ്ടാണോ ഞാൻ സന്തോഷിക്കേണ്ടത് അതോ ഇവരോടെ വരവിലാണോ സന്തോഷിക്കേണ്ടത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. (അബൂദാവൂദ്: 5220. ഹാകിം: 4308)
അബീ സീനിയൻ മുഹാജിറുകൾക്കൊപ്പം അശ്‌അരി ഗോത്രക്കാരും വന്നു. 53 പേർ ഉണ്ടായിരുന്നു അവർ. അബൂ മൂസൽ അശ്അരി رضي الله عنهയും അക്കൂട്ടത്തിലുണ്ടായിരുന്നു. അബു മൂസൽ അശ്അരി رضي الله عنهപറയുന്നു: ഞങ്ങൾ യമനിലാ യിരിക്കെയാണ് നബി ﷺ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പുറപ്പെട്ട വിവരം അറിയുന്നത്. ഈ വിവരം അറിഞ്ഞപ്പോൾ ഞാനും എന്റെ രണ്ടു സഹോദരന്മാരും കൂടി യമനിൽ നിന്നും പുറപ്പെട്ടു. ഞാനായിരുന്നു ഏറ്റവും ചെറിയ ആൾ. അബൂ ബുർദ, അബൂ റുഹ്ം തുടങ്ങിയവരായിരുന്നു മൂത്ത രണ്ടു ജേഷ്ഠന്മാർ. ഞങ്ങൾ 53 ആളുകളാണ് ഉണ്ടായിരുന്നത്. അങ്ങിനെ ഞങ്ങൾ ഒരു കപ്പലിൽ കയറി. ആ കപ്പൽ ഞങ്ങളെ കൊണ്ടെത്തിച്ചത് അബീസീനിയയിലായായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ നജ്ജാശിയുടെ അടുക്കൽ എത്തിച്ചേരുന്നത്. അവിടെ ചെന്നപ്പോൾ ജഅ്‌ഫറുബ്നു അബീത്വാലിബ് رضي الله عنه നെയും കൂട്ടു കാരെയും കണ്ടു. അല്ലാഹുവിന്റെ പ്രവാചകനാണ് ഞങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്നും ഇവിടെ താമസിക്കാൻ ഞങ്ങളോട് കൽപിച്ചു എന്നും അതു കൊണ്ട് നിങ്ങളും ഞങ്ങളുടെ കൂടെ താമസിക്കുക എന്ന് ജഅ്‌ഫർ رضي الله عنه ഞങ്ങളോട് പറഞ്ഞു. അതോടെ ഞങ്ങൾ അവിടെ താമസമാക്കി. അങ്ങിനെയാണ് ഞങ്ങൾ എല്ലാവരും ഒന്നിച്ച് ഇവിടെ ഖൈബറിൽ എത്തിയത്.
ഖൈബർ പിടിച്ചടക്കിയ സന്ദർഭത്തിലാണ് ഞങ്ങൾ അവിടെ എത്തുന്നത്. ഖൈബറിൽ നിന്ന് ലഭിച്ച സ്വത്തിൽ നിന്ന് ഒരു വിഹിതം ഞങ്ങൾക്കും നൽകി. ഞങ്ങളല്ലാത്ത ഖൈബറിൽ പങ്കെടുക്കാത്ത ആർക്കും വിഹിതം നൽകിയിട്ടുണ്ടായിരുന്നില്ല. (ബുഖാരി: 3136. മുസ്‌ലിം: 2502)
യമനിൽ നിന്നുള്ള ആളുകളാണ് എന്നുള്ളതാണ് അശ്‌അരികളുടെ പ്രത്യേകത. നബി ﷺ പറയുന്നു: അശ്‌അരികൾ യുദ്ധത്തിൽ വിധവകളായിട്ടുണ്ട്. മദീനയിൽ അവരുടെ കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണം ഇല്ലാതായിട്ടുണ്ട്. അപ്പോൾ അവരുടെ അടുത്ത് ഉള്ളതെല്ലാം അവർ ഒരു വസ്ത്രത്തിൽ ഒരുമിച്ച് കൂട്ടുകയും ശേഷം ഒരു പാത്രത്തിൽ എല്ലാവരും തുല്യമായി അവ വീതിച്ച് എടുക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അവരിൽ പെട്ടവനാണ് അവർ എന്നിൽ പെട്ടവരാണ്. (ബുഖാരി: 2486. മുസ്‌ലിം: 2500)
അബീസീനിയയിൽ നിന്നും കപ്പലിൽ യാത്ര ചെയ്തു വന്ന ആളുകളുടെ മഹത്വവും ഹദീസുകളിൽ കാണുവാൻ സാധിക്കും. അബീ സീനിയയിലേക്കുള്ള ഹിജ്റയുമായി ബന്ധപ്പെട്ട സംഭവം വിശദീകരിച്ചു കൊണ്ട് അബൂ മുസൽ അശ്‌അരി رضي الله عنه പറയുകയുണ്ടായി: ” അസ്‌മാഉ ബിൻതു ഉമൈസ് رضي الله عنها നബി ﷺയുടെ ഭാര്യ ഹഫ്സ رضي الله عنهاയെ സന്ദർശിക്കാൻ കടന്ന് വന്നു. ഞങ്ങളോടൊപ്പം അബിസീനിയയിൽ നിന്നും വന്ന കൂട്ടത്തിൽ പെട്ടവരായിരുന്നു അവർ. നജ്ജാശിയുടെ അടുക്കലേക്ക് ആദ്യമായി ഹിജ്റ പോയത് അവരായിരുന്നു.
ഈ സന്ദർഭത്തിലാണ് ഉമർ رضي الله عنه ഹഫ്സ رضي الله عنهاയുടെ അടുക്കലേക്ക് വരുന്നത്. അസ്മാ رضي الله عنها അവിടെ ഇരിക്കുന്നുണ്ട്. അസ്മയെ കണ്ടപ്പോൾ ഉമർ رضي الله عنه ചോദിച്ചു; ആരാണിവർ? ഹഫ്സ رضي الله عنها പറഞ്ഞു: അസ്മാഉ ബിൻത് ഉമൈസ് رضي الله عنها. അപ്പോൾ ഉമർ رضي الله عنه ചോദിച്ചു; അബിസീനിയയിൽ നിന്നും വന്ന കപ്പൽ യാത്രക്കാരി ആണോ? അപ്പോൾ അസ്മാഅ്رضي الله عنها പറഞ്ഞു: അതെ. ഉമർ رضي الله عنه പറഞ്ഞു: ഹിജ്റയിൽ ഞങ്ങൾ നിങ്ങളെക്കാൾ മുൻകടന്നവരാണ്. നിങ്ങളെക്കാൾ റസൂലിനോട് കൂടുതൽ അർഹതയുള്ളത് ഞങ്ങൾക്കാണ്. ഇതു കേട്ടപ്പോൾ അസ്മ رضي الله عنهاക്ക് ദേഷ്യം വന്നു. അവർ പറഞ്ഞു: ഉമറേ, താങ്കൾ പറഞ്ഞത് കളവാണ്. അല്ലാഹുവാണ് സത്യം നിങ്ങൾ പ്രവാചകനോടൊപ്പമായിരുന്നു. പ്രവാചകൻ വിശക്കുന്നവന് ഭക്ഷണവും വിവരം ഇല്ലാത്തവർക്ക് ഉപദേശവും നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളാകട്ടെ ദൂരത്തുള്ള വെറുപ്പിന്റെ ആളുകൾക്കിടയിൽ അബീസീനിയയിലായിരുന്നു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും മാർഗത്തിലായിരുന്നു അത്. അല്ലാഹുവാണ് സത്യം, നിങ്ങൾ പറഞ്ഞ കാര്യം ഞാൻ നബി ﷺയോട് പറയുന്നതു വരെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ഇല്ല. ഞങ്ങൾ അബിസീനിയയിൽ പ്രയാസങ്ങളിലായിരുന്നു. ഞങ്ങൾ ഭയപ്പാടിലായിരുന്നു. അതിനെക്കുറിച്ച് എല്ലാം ഞാൻ നബി ﷺയോട് പറയും. നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ചോദിക്കുകയും ചെയ്യും. നിങ്ങൾ പറഞ്ഞതിൽ ഒന്നും ഞാൻ കൂട്ടുകയോ തെറ്റിപ്പറയുകയോ കളവ് പറയുകയോ ഇല്ല.
നബി ﷺ വന്നപ്പോൾ അസ്മ മ رضي الله عنها ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ, ഉമർ ഇന്ന ഇന്ന് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു: ഉമർرضي الله عنها നിങ്ങളെക്കാൾ എന്നോട് അർഹതയുള്ളവർ അല്ല. ഉമർرضي الله عنهاനും കൂടെയുള്ളവർക്കും ഒരു ഹിജ്റയാണുള്ളത്. എന്നാൽ കപ്പൽ കയറി വന്ന നിങ്ങൾക്ക് രണ്ടു ഹിജ്റ ഉണ്ട്. (ബുഖാരി: 4230. മുസ്‌ലിം: 2530)
ത്വുഫൈലുബ്നു അംറുദ്ദൗസി ഉമർرضي الله عنها നബി ﷺ മക്കയിൽ ആയിരിക്കെ അവിടെ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ശേഷം തന്റെ ഗോത്രമായ ദൗസിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. അദ്ദേഹം അവിടെ പോയി തന്റെ ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അങ്ങിനെ തന്റെ ജനതയിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചവരെയും കൂട്ടി നബി ﷺ ഖൈബറിൽ ആയിരിക്കെ അവിടേക്ക് കടന്നു വന്നു. എഴുപതോ എൺപതോ വീട്ടുകാരുമായി കൊണ്ടാണ് അദ്ദേഹം ഖൈബറിൽ എത്തിയത്. അക്കൂട്ടത്തിലായിരുന്നു അബൂഹുറൈറഉമർرضي الله عنها ഉണ്ടായിരുന്നത്. അബൂഹുറൈറ ഉമർرضي الله عنها കുറച്ച് ആളുകളുമായി മദീനയിലേക്കായിരുന്നു എത്തിയത്. ശേഷം അദ്ദേഹം ഖൈബറിലേക്ക് പോവുകയായിരുന്നു. അബൂഹുറൈറ ഖൈബറിൽ എത്തിയപ്പോൾ ഖൈബറിന്റെ വിജയം പൂർത്തിയായിക്കഴിഞ്ഞിരുന്നു. (അഹ്‌മദ്: 8552)
ഫദ്‌ലുല്‍ ഹഖ് ഉമരി