തെളിച്ചം കൂടുന്ന നബിജീവിതം - 6 - സത്യസന്ധതക്ക് ശത്രുക്കളുടെ സാക്ഷ്യം !

കഠിന ശത്രുക്കൾ നൽകിയ സത്യസന്ധതയുടെ സാക്ഷ്യപത്രം എമ്പാടും ലഭിച്ച വ്യക്തിയാണ് തിരുനബി (സ). ആദർശപരമായ ഭിന്നത നിലനിൽക്കെ തന്നെ തിരുനബിയുടെ വ്യക്തിത്വത്തെ കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കൊടിയ ശത്രുക്കൾ വരെ അവിടുത്തെ സ്വഭാവ വിശുദ്ധിക്ക് നൽകിയ സാക്ഷ്യങ്ങൾ ഇതിനുള്ള തെളിവാണ്.
ചില ചരിത്രങ്ങൾ ഇതാ…
കഅബയോട് ഓരം ചേർന്ന് നിൽക്കുന്ന സ്വഫാ കുന്നിന്റെ മുകളിൽ മക്കയിലെ പ്രധാനികളെല്ലാം
ഒരുമിച്ചു കൂടിയിട്ടുണ്ട്.
അബ്ദുല്ലയുടെ മകൻ മുഹമ്മദ് വിളിച്ചതാണ് എല്ലാവരേയും.
എന്തോ ഒരു കാര്യം പറയാനുണ്ട് !
” ഈ മലക്കപ്പുറത്ത് ഒരു സൈന്യം നിങ്ങളെ അക്രമിക്കാൻ വരുന്നു എന്നു ഞാൻ പറഞ്ഞാൻ നിങ്ങൾ എന്നെ സത്യപ്പെടുത്തുമോ?”
അദ്ദേഹം ചോദിച്ചു.
” തീർച്ചയായും!
നീ കളവു പറഞ്ഞതായി ഞങ്ങൾക്കറിവില്ല! “
മക്കയിൽ അക്കാലത്ത് ജീവിച്ചിരുന്ന നാട്ടുപ്രമാണിമാരുടെ സത്യസന്ധമായ വിലയിരുത്തലും സാക്ഷ്യപത്രവുമായിരുന്നു അത്.
മക്കാവിജയ വേളയിലാണ് അബൂസുഫ്‌യാൻ (റ) മുസ്ലിമാവുന്നത്. അതിന് മുമ്പ് തിരുനബിയുടെ
കൊടിയ ശത്രുവായിരുന്നു അദ്ദേഹം !
പ്രവാചകനെതിരെ നിരവധി യുദ്ധങ്ങൾ തന്നെ നയിച്ചു!
ഉഹ്ദിന്റെ ദിനത്തിൽ “മുഹമ്മദ് കൊല്ലപ്പെട്ടു ” എന്നുച്ചത്തിൽ വിളിച്ചു കൂവിയ വ്യക്തിയാണദ്ദേഹം !
ഒരിക്കൽ ,റോമാ ചക്രവർത്തി ഹിറക്ൽ പ്രവാചകനെ കുറിച്ച് അറിയാൻ അബൂ സുഫ്യാനെ വിളിപ്പിച്ചു. (ഈ കഥ മുമ്പ് നാം വിവരിച്ചിട്ടുണ്ട് )
” ഇതിന് മുമ്പ് അദ്ദേഹം എപ്പോഴെങ്കിലും കള്ളം പറഞ്ഞതായി നിങ്ങൾക്കറിയുമോ?” ഹിറക് ലിന്റെ ചോദ്യം.
“ഇല്ല ” .
അബൂസുഫ്യാന്റെ മറുപടി.
അതെ!
കൊടും ശത്രുവിന്റെ സത്യസന്ധമായ തുറന്നു പറച്ചിൽ !
ബദ്റിന്റെ ദിനം ! നബി (സ)യോട് എതിരിടാൻ മുശ്രിക്കുകൾ ബദ്റിൽ എത്തിയിട്ടുണ്ട്.
അതിനിടയിൽ ഒരു അടക്കിപ്പിടിച്ച സംസാരം നടന്നു.
മുശ്രിക്കുകളുടെ നേതാവ് അബൂജഹ്‌ലും അഖ് നഷ് ബിൻ ശുറൈക്കും തമ്മിലായിരുന്നു അത്.
പതിഞ്ഞ സ്വരത്തിൽ ശുറൈക് ചോദിച്ചു:
“അല്ലയോ അബുൽ ഹകം ! ( അബൂ ജഹ് ലിന്റെ അപരനാമം )
മുഹമ്മദിനെ പറ്റി എന്താണ് അഭിപ്രായം?
അദ്ദേഹം സത്യസന്ധനാണോ അതോ കളവു പറയുന്നവനോ?”
മറ്റാരും ആ സംസാരം കേൾക്കുന്നില്ല എന്നുറപ്പാക്കി അബൂജഹ്ൽ പറഞ്ഞു:
“നിനക്ക് നാശം! അല്ലാഹുവാണ് സത്യം! മുഹമ്മദ് സത്യസന്ധനാണ് ! അവൻ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല! “
യുദ്ധരംഗത്തു പോലും ശത്രുവിന് മൊഴിയാനുള്ളത് പ്രവാചകന്റെ നന്മ മാത്രം! കൊടിയ ശത്രുവിന്റെ ഈ വാക്ക് പ്രവാചകന്റെ വ്യക്തിത്വത്തിന് തിളക്കമേറ്റുന്നുണ്ട് !
നള്റ്ബിൻ ഹാരിസ് ! തിരുനബി (സ)യുടെ കടുത്ത എതിരാളി !
ഒരിക്കൽ ഖുറൈശികളുടെ യോഗത്തിൽ അദ്ദേഹം ചിലകാര്യങ്ങൾ അയാൾ തുറന്നു പറഞ്ഞു.
“ഖുറൈശികളേ!
മുഹമ്മദ് നിങ്ങൾക്കിടയിൽ വളർന്ന വ്യക്തിയാണല്ലോ. അദ്ദേഹത്തിന്റെ വിശ്വാസ്യതയും വിശുദ്ധിയും
വ്യക്തിത്വവും
സത്യസന്ധതയും നിങ്ങൾക്കറിയാമല്ലോ.
ഇപ്പോൾ ചിലതൊക്കെ അദ്ദേഹം പറയുന്നുണ്ട്. ഇപ്പോൾ
നിങ്ങൾ പറയുന്നു അദ്ദേഹം മാരണക്കാരനാണെന്ന് !
അല്ലാഹുവാണേ സത്യം : അദ്ദേഹം മാരണക്കാരനല്ല!
മാരണക്കാരെയും അവരുടെ കെട്ടുകളേയും നാം എമ്പാടും കണ്ടതാണ്.
നിങ്ങൾ പറയുന്നു: അവൻ ജ്യോത്സ്യനാണെന്ന്!
ജോത്സ്യന്മാരെയും അവരുടെ സൂത്രപ്പണി കളേയും നാം ദർശിച്ചതല്ലേ? അദ്ദേഹം ഒരു ജോത്സ്യനല്ല!
നിങ്ങൾ പറയുന്നു: അദ്ദേഹം കവിയാണെന്ന്!
അല്ലാഹുവാണ് സത്യം ! അവൻ കവിയല്ല!
കവിതയുടെ എല്ലാം നമുക്കറിയാം. ഇത് അതല്ല !
നിങ്ങൾ പറയുന്നു അവന് ഭ്രാന്താണ് എന്ന്!
അവന് ഒരു ഭ്രാന്തുമില്ല!
ഏതായാലും നിങ്ങൾ നല്ലവണ്ണം ആലോചിച്ച് തീരുമാനിക്കുക. “
ശത്രുക്കളുടെ ഉള്ളറകളിൽ നടക്കുന്ന അടക്കം പറച്ചിലുകളിൽ
അവർ പ്രവാചകനെ എങ്ങനെ കാണുന്നുവെന്നതിന്റെ ചൂണ്ടുപലകയാണ് നള്റിന്റെ ഈ വർത്തമാനം !
വ്യാജ നബി മുസൈലിമ യമാമയിൽ തമ്പടിച്ച കാലം. ത്വൽഹ നമ്രി എന്ന വ്യക്തി അയാളെ കാണാൻ യമാമയിൽ എത്തുന്നു.
“മുസൈലിമ എവിടെ ?”
അയാൾ ചോദിച്ചു.
” ശ്‌ശ് … നബി എന്നു പറയൂ ” അനുയായികൾ പ്രതികരിച്ചു.
” അദ്ദേഹത്തെ കണ്ടതിനു ശേഷമേ അദ്ദേഹം നബിയാണോ എന്ന് പറയാനാവൂ “
അനുയായികൾ അയാളെ മുസൈലിമയുടെ
അടുത്തെത്തിച്ചു.
“നിങ്ങളാണോ മുസൈലിമ ?”
“അതെ”
“ആരാണ് നിങ്ങളുടെ പക്കൽ വരാറുള്ളത് ?”
” റഹ്‌മാൻ ! “
” ഇരുട്ടിലാണോ വെട്ടത്തിലാണോ വരാറ്?”
“ഇരുട്ടിൽ “
എങ്കിൽ, താങ്കൾ കള്ള നബിയാണ് എന്നതിനും
മുഹമ്മദ് സത്യവാനാണ് എന്നതിനും ഞാൻ സാക്ഷ്യം വഹിക്കുന്നു!!പക്ഷേ,
റബീഅയിലെ കള്ള നബിയാണ് മുള്റിലെ സത്യ നബിയേക്കാൾ എനിക്കിഷ്ടം ! “
(അൽ ബിദായ വന്നിഹായ: 6:360 )
കള്ള നബിയുടെ മുന്നിലും സത്യ നബിയെ കുറിച്ച് അദ്ദേഹം സത്യസന്ധനാണെന്ന് ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഗോത്ര പക്ഷപാതിത്വം സത്യം സ്വീകരിക്കുന്നതിന് അയാൾക്ക് തടസ്സമായി എന്നത് സത്യം. അല്ലെങ്കിലും അങ്ങനെയാണല്ലോ ചിലരുടെ അവസ്ഥ. നശ്വരമായ ദുനിയാവിനു വേണ്ടി ശാശ്വതമായ പരലോകം വിൽക്കുന്നവർ!
മഹാ വിഢികൾ എന്നല്ലാതെ എന്തു പറയാൻ.
അറിഞ്ഞ സത്യം ആർജവത്തോടെ
സ്വീകരിക്കുന്നവനാണ് ശക്തിമാൻ . അല്ലാത്തവൻ ഭീരുവാണ് !
ചുരുക്കം പറഞ്ഞാൽ, നബി (സ)യെ അറിഞ്ഞവരൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം കൊണ്ടുവന്ന ആദർശത്തോടായിരുന്നു വെറുപ്പ് ; അദ്ദേഹത്തോടല്ല!
അല്ലാഹുവിന്റെ ഈ വചനം എത്ര സത്യം!
“എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്”
(അൻആം : 33 )
അബ്ദുൽ മാലിക് സലഫി
ദുആകൾ മലയാളത്തിൽ എഴുതുന്നതിനേക്കാൾ ARABl ഭാഷയിൽ തന്നെ എഴുതുന്നതാണ് ഉത്തമം എന്ന് കരുതുന്നു [ ബ്രാക്കറ്റിൽ വേണമെങ്കിൽ Mal ആവാം ] കാരണം മലയാളത്തിൽ Arabi [ മറബി] എഴുതുമ്പോൾ ശരിയായ ഉച്ചാരണം മന:സിലാവുന്നില്ല