നബി ചരിത്രം – 72: ഹിജ്റ ഏഴാം വർഷം [ഭാഗം: 5] പിടിച്ചടക്കിയ കോട്ടകൾ ​

നബി ചരിത്രം - 72: ഹിജ്റ ഏഴാം വർഷം [ഭാഗം: 5]
പിടിച്ചടക്കിയ കോട്ടകൾ

രണ്ടു ഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു പ്രദേശമാണ് ഖൈബർ. ഒരുഭാഗത്ത് 5 കോട്ടകളും മറുഭാഗത്ത് 3 കോട്ടകളുമാണ് ഉണ്ടായിരുന്നത്. നാഇം, സ്വഅ്‌ബുബ്നു മുആദ്, സുബൈർ, ഉബയ്യ്, നസാർ തുടങ്ങിയവരുടേതണ് ഒന്നാം ഭാഗത്തുള്ള അഞ്ചു കോട്ടകൾ. ഈ അഞ്ചു കോട്ടകളിൽ മൂന്നെണ്ണം നത്വാത് എന്ന പേരിലുള്ള സ്ഥലത്തും രണ്ടെണ്ണം ശഖ് എന്ന് പേരുള്ള സ്ഥലത്തുമാണ്. ഖൈബറിന്റെ വടക്കു കിഴക്കു ഭാഗത്താണ് ഇവയെല്ലാം സ്ഥിതിചെയ്യുന്നത്. മറുഭാഗത്തുള്ള 3 കോട്ടകൾ ഉൾക്കൊള്ളുന്ന പ്രദേശം കതീബത് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഖുമൂസ്വ്, വത്വീഹ്, സലാലിം എന്നിവയാണ് ആ കോട്ടകൾ. 

ഖൈബറിലെ എട്ട് കോട്ടകളും ഏറ്റവും സുരക്ഷിതത്വം ഉള്ളതും അതിശക്തവും വളരെ വലുതുമായ കോട്ടകളായിരുന്നു. ഈ കോട്ടകൾ പിടിച്ചടക്കുന്ന സമയത്ത് അതി ശക്തമായ എതിർപ്പാണ് മുസ്ലിംകൾക്ക് നേരിടേണ്ടി വന്നത്. ഒരുപാട് പ്രയാസങ്ങളും അവർ അനുഭവിക്കേണ്ടി വന്നു. 

മുസ്‌ലിംകൾ ആദ്യമായി ഏറ്റുമുട്ടിയത് നാഇം കോട്ടയോടായിരുന്നു. മർഹബ് എന്ന ജൂതൻ അതിൽ നിന്നും പുറത്തു വന്നു. ഏറ്റുമുട്ടാൻ വെല്ലു വിളിച്ചു കൊണ്ടായിരുന്നു വരവ്. 

അയാൾക്കെതിരെ ആമിറുബ്നുൽ അക്‌വഅ്‌ رضي الله عنه മുസ്ലിംകളിൽ നിന്നും ഇറങ്ങിത്തിരിച്ചു. രണ്ടു പേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വെട്ടി. ആമിർ رضي الله عنه കൊല്ലപ്പെട്ടു. മർഹബെന്ന ജൂതൻ വീണ്ടും വെല്ലു വിളി നടത്തി. ഈ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു ചെന്നത് അലിയ്യുബ്നു അബീ ത്വാലിബ് رضي الله عنه ആയിരുന്നു. മർഹബിന്റെ തല രണ്ടു കഷണമായി അലി رضي الله عنه  പിളർത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. അതു കൊണ്ടു തന്നെ ഈ കോട്ടയുടെ വിജയം അലിയുടെ കയ്യിലൂടെ ആയിരുന്നു. ഖൈബറിലേക്ക് പോകുന്ന സന്ദർഭത്തിൽ ആമിർ رضي الله عنه ഇപ്രകാരം പാട്ടു പാടിയിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ സലമതുബ്നുൽ അക്‌വഅ്‌ رضي الله عنه പറയുന്നു.

“അല്ലാഹുവാണ് സത്യം, അല്ലാഹു ഞങ്ങൾക്ക് ഹിദായത്ത് നൽകിയിട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾ നമസ്കരിക്കുകയോ സകാത്ത് കൊടുക്കുക ചെയ്യുമായിരുന്നില്ല. അല്ലാഹുവേ നിൻറെ ഔദാര്യം ഞങ്ങൾ ഇപ്പോഴും ആവശ്യമുള്ളവരാണ്. ഞങ്ങൾ ഏറ്റുമുട്ടുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ. ഞങ്ങൾക്കു നീ സമാധാനം ഇറക്കി തരേണമേ.” ഈ പാട്ട് കേട്ടപ്പോൾ നബിﷺ ചോദിച്ചു; ആരാണത്? ആമിർ رضي الله عنه പറഞ്ഞു: ഞാനാണ് അല്ലാഹുവിന്റെ പ്രവാചകരെ. നബിﷺ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് പൊറുത്തു തരട്ടെ. ഏതെങ്കിലും വ്യക്തികളെ പ്രത്യേകമായി എടുത്തു പറഞ്ഞു അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ എന്ന് നബിﷺ പറഞ്ഞിട്ടുണ്ടെങ്കിൽ അവർ ശഹീദാകാതിരുന്നിട്ടില്ല. തന്റെ കഴുതപ്പുറത്ത് ഇരുന്നു കൊണ്ട് ഉമർ رضي الله عنه വിളിച്ചുപറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്തു കൊണ്ട് ആമിറിനെ കൊണ്ട് ഞങ്ങൾക്ക് ആസ്വാദനം നൽകുന്നില്ല?. സലമത്ബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: അങ്ങിനെ ഞങ്ങൾ ഖൈബറിൽ എത്തിയതിനു ശേഷം അവരുടെ നേതാവ് മർഹബ് തന്റെ വാളു കൊണ്ട് ഭീഷണിപ്പെടുത്തിക്കൊണ്ട് വന്നു പറഞ്ഞു: ” ഖൈബറിന് അറിയാം ഞാൻ മർഹബാണെന്ന്. യുദ്ധം ജ്വലിച്ചു വന്നാൽ ആയുധ ധാരിയാണ് ഞാൻ. ധീരനാണു ഞാൻ. അനുഭവ സമ്പന്നനാണ് ഞാൻ” ഇതു കേട്ടപ്പോൾ ആമിർ رضي الله عنه തിരിച്ചു പാടി. “ഞാൻ ആമിർ ആണെന്ന് ഖൈബറിന്നറിയാം. ആയുധ ധാരിയും ധീരനും തകർത്തു കളയുന്നവനുമാണ് ഞാൻ. (മരണത്തെ ഭയമില്ലാതെ അപകടങ്ങളെ നേരിടുന്നവൻ ) സലമതുബ്നുൽഅക്‌വഅ്‌ رضي الله عنه പറയുന്നു: ആമിറും മർഹബും പരസ്പരം ഏറ്റു മുട്ടിയപ്പോൾ മർഹബിന്റെ വാൾ ആമിറിന്റെ പരിചയിൽ കൊണ്ടു. ആമിർ മർഹബിനെ മറിച്ചിടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വാൾ തിരിച്ചു വന്ന് സ്വന്തം ശരീരത്തിൽ കൊണ്ടു. കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞു. അതിലൂടെ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു. ഇത് കണ്ടപ്പോൾ നബിﷺയുടെ സ്വഹാബിമാരിൽ പെട്ട ചില ആളുകൾ ഇപ്രകാരം പറഞ്ഞു: ആമിറിന്റെ പ്രവർത്തനം വെറുതെയായിരിക്കുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു. ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് നബിﷺയുടെ അടുക്കലേക്ക് ചെന്നു. ഞാൻ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ആമിറിന്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായൊ?. അപ്പോൾ നബിﷺ ചോദിച്ചു; ആരാണ് അങ്ങിനെ പറഞ്ഞത്? സലമ പറഞ്ഞു: താങ്കളുടെ സ്വഹാബിമാരിൽ പെട്ട ചില ആളുകൾ. നബിﷺ പറഞ്ഞു: അങ്ങിനെ പറഞ്ഞവൻ കളവാണ് പറഞ്ഞത്. ആമിറിന് രണ്ടു പ്രതിഫലമുണ്ട്. (മുസ്‌ലിം: 1807) 

മുസ്‌ലിംകൾക്ക് മുമ്പിൽ നാഇം കോട്ടെയ ജൂതന്മാർ സുരക്ഷിതമായി തടഞ്ഞു നിർത്താൻ ശ്രമിച്ചു. അബൂബക്കറിന്റെ കയ്യിലായിരുന്നു നബിﷺ കൊടി കൊടുത്തിരുന്നത്. അദ്ദേഹം ശക്തമായി യുദ്ധം ചെയ്തു. എന്നാൽ പിടിച്ചടക്കാനാവാതെ തിരിച്ചു പോന്നു. രണ്ടാം ദിവസം നബിﷺ ഉമറുബ്നുൽ ഖത്താബിന്റെ رضي الله عنه കയ്യിലാണ് കൊടി കൊടുത്തത്. അദ്ദേഹവും ശക്തമായി യുദ്ധം ചെയ്തു. പക്ഷേ കോട്ട പിടിച്ചടക്കാനാവാതെ തിരിച്ചുപോന്നു. 9 ദിവസത്തോളം മുസ്ലീങ്ങൾ ഈ പരിശ്രമം തുടർന്നുവെങ്കിലും കോട്ട പിടിച്ചടക്കാൻ അവർക്ക് സാധിച്ചില്ല. പത്താം ദിവസം നബിﷺ അലിയ്യുബ്നു അബീത്വാലിബിന്റെ رضي الله عنه കയ്യിൽ കൊടി കൊടുത്തു. അങ്ങിനെയാണ് അദ്ദേഹത്തിന്റെ കൈകളിലൂടെ കോട്ട പിടിച്ചടക്കപ്പെടുന്നത്. 

ഖൈബറിൽ വെച്ച് കൊണ്ട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: “നാളെ ഞാൻ ഒരു വ്യക്തിയുടെ കയ്യിൽ കൊടി കൊടുക്കുക തന്നെ ചെയ്യും. അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.-അല്ലാഹുവിനെയും പ്രവാചകനെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം എന്ന അഭിപ്രായവുമുണ്ട്- അദ്ദേഹത്തിലൂടെ അല്ലാഹു വിജയം നൽകും. അങ്ങിനെ ഞങ്ങൾ അത് ആരായിരിക്കുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ അലിയുടെ കയ്യിൽ നബിﷺ കൊടി നൽകുകയും അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു വിജയം നൽകുകയും ചെയ്തു. (ബുഖാരി: 29275. മുസ്‌ലിം: 2505) 

കണ്ണിന് അസുഖം ബാധിച്ച അവസ്ഥയിലായിരുന്നു അലി رضي الله عنه അന്ന് ഉണ്ടായിരുന്നത്. നബിﷺയുടെ മുമ്പിലേക്ക് അലിയെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ കണ്ണിലേക്ക് തുപ്പുകയും പ്രാർത്ഥിക്കുകയും ചെയ്തു. കണ്ണിന് ഒരു വേദനയും ഉണ്ടാകാത്തതു പോലെ അദ്ദേഹത്തിന് പരിപൂർണ്ണ ശിഫ ലഭിച്ചു. അലി رضي الله عنه യുടെ കയ്യിൽ കൊടി കൊടുത്തപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവരും നമ്മെപ്പോലെ ആകുന്നതു വരെ ഞാൻ അവരോട് യുദ്ധം ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അവരുടെ മുറ്റത്ത് എത്തുവോളം നീ സാവകാശം ചെല്ലുക. ശേഷം അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അല്ലാഹുവിനോടുള്ള അവരുടെ നിർബന്ധ ബാധ്യതകൾ പറഞ്ഞു കൊടുക്കുക. അല്ലാഹുവാണ് സത്യം നീ മുഖേന അല്ലാഹു ഒരു വ്യക്തിയെ സന്മാർഗത്തിലാക്കുന്നത് ചുവന്ന ഒട്ടകക്കൂട്ടങ്ങൾ നിനക്ക് ഉണ്ടാക്കുന്നതിനേക്കാൾ ഉത്തമമാണ്. (ബുഖാരി: 4210. മുസ്‌ലിം:2406)

 ഇങ്ങിനെയാണ് അലി رضي الله عنه മർഹബിനെ കൊലപ്പെടുത്തിയത്. അലി رضي الله عنه യുടെ മുൻപിലേക്ക് മർഹബ് ഇറങ്ങി വരുമ്പോഴും ആമിറിന്റെ അടുത്ത് വെച്ചു കൊണ്ട് പാട്ടു പാടിയതുപോലെ പാടിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ അലി തിരിച്ച് ഇപ്രകാരം മറുപടി കൊടുത്തു.” എന്റെ ഉമ്മ ഹൈദർ എന്ന പേരിട്ടവനാണ് ഞാൻ. കാണാൻ താൽപര്യപ്പെടാത്ത കാട്ടിലെ സിംഹം പോലെയാണ് ഞാൻ…..” (മുസ്‌ലിം:1807)

മർഹബ് കൊല്ലപ്പെട്ടപ്പോൾ അതേ വെല്ലു വിളിയുമായി അയാളുടെ സഹോദരൻ യാസിർ ഇറങ്ങി വന്നു. സുബൈറുബ്നുൽഅവ്വാമാണ് رضي الله عنه ഇയാളെ നേരിടാൻ ചെന്നത്. അപ്പോൾ അദ്ദേഹത്തിന്റെ ഉമ്മ സ്വഫിയ്യ -നബിﷺയുടെ അമ്മായി- പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ എന്റെ മകൻ. അപ്പോൾ നബിﷺ പറഞ്ഞു: നിങ്ങളുടെ മകൻ അയാളെ കൊല്ലും. സുബൈർ رضي الله عنه അയാളെ കൊലപ്പെടുത്തി. ശേഷം മുസ്ലിംകളിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് ശക്തമായ യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ വീരകൃത്യങ്ങൾ കണ്ട സ്വഹാബത്തിന് വലിയ ഇഷ്ടമായി. ഈ സന്ദർഭത്തിൽ നബിﷺ പറഞ്ഞു അയാൾ നരകത്തിലാണ്. “അബൂഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം. ഞങ്ങൾ ഖൈബറിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഇസ്ലാമിന്റെ വാദം ഉന്നയിച്ചിരുന്ന ഒരാളെക്കുറിച്ച് നബിﷺ പറഞ്ഞു: ഇയാൾ നരകത്തിലാണ്. അങ്ങിനെ യുദ്ധ സമയം വന്നപ്പോൾ ഈ മനുഷ്യൻ ശക്തമായി യുദ്ധം ചെയ്തു. ഒരുപാട് മുറിവുകൾ അയാളുടെ ശരീരത്തിൽ ഉണ്ടായി. ചില ആളുകൾ ഇയാളുടെ വിഷയത്തിൽ സംശയിച്ചു തുടങ്ങി. ഇയാൾക്ക് ബാധിച്ച മുറിവുകളുടെ വേദന സഹിക്കവയ്യാതായപ്പോൾ തന്റെ ആവനാഴിയിൽ നിന്നും അമ്പുകൾ എടുക്കുകയും അതു കൊണ്ട് സ്വന്തം ശരീരത്തെ നശിപ്പിക്കുകയും ചെയ്തു. ഇത് കണ്ട് മുസ്ലിംകൾ നബിﷺയുടെ അടുക്കലേക്ക് ഓടി വന്നു കൊണ്ടു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കൾ പറഞ്ഞ കാര്യം അല്ലാഹു സത്യപ്പെടുത്തിയിരിക്കുന്നു. ഇന്ന വ്യക്തി ആത്മഹത്യ ചെയ്തിരിക്കുന്നു. അപ്പോൾ നബിﷺ ഒരു വ്യക്തിയെ വിളിച്ചു കൊണ്ട് പറഞ്ഞു: എഴുന്നേൽക്കൂ, സത്യ വിശ്വാസികളല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നും നീചന്മാരെക്കൊണ്ടും അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും എന്നുള്ള കാര്യവും ജനങ്ങളെ അറിയിക്കുക.(ബുഖാരി: 4204. മുസ്‌ലിം: 111) 

നാഇം കോട്ടയ്ക്കു ചുറ്റും ശക്തമായ പോരാട്ടമാണ് സ്വഹാബികൾ നടത്തിയത്. അവരുടെ നേതാക്കളായ മർഹബും സഹോദരന്മാരും കൊല്ലപ്പെട്ടതോടു കൂടി മുസ്‌ലിംകളെ എതിർത്തു നിൽക്കാൻ അവർക്ക് സാധിച്ചില്ല. മുസ്‌ലിംകളെ നേരിടാൻ സാധ്യമല്ലാതെ വന്നപ്പോൾ ജൂതന്മാർ ഈ കോട്ടയിൽ നിന്നും തൊട്ടപ്പുറത്തുള്ള കോട്ടയായ സ്വഅ്‌ബിലേക്ക് വലിഞ്ഞു. മുസ്ലിംകൾ ഒന്നടങ്കം നാഇം കോട്ടയിലേക്ക് ഇരച്ചു കയറുകയും അത് പിടിച്ചടക്കുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന വസ്തുക്കളെല്ലാം അവർ ഉടമപ്പെടുത്തി. ശക്തിയുടേയും സുരക്ഷയുടെയും കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോട്ടയാണ് ജൂതനായ സ്വഅ്‌ബുബ്നു മുആദിന്റെ കോട്ട. നാഇം കോട്ടയിൽ നിന്ന് രക്ഷപ്പെട്ടവരെല്ലാം അവിടെ ഉണ്ടായിരുന്നു. മുസ്ലിംകൾ ആ കോട്ടയും വലയം ചെയ്തു. ഹുബാബുബ്നുൽമുൻദിറിന്റെ رضي الله عنه കയ്യിലാണ് നബിﷺ കൊടി നൽകിയത്. മൂന്നു ദിവസത്തോളം കോട്ടയെ ഉപരോധിച്ചതിനു ശേഷമാണ് അത് പിടിച്ചടക്കാൻ അവർക്ക് സാധിച്ചത്. ഖൈബറിൽ ഏറ്റവും കൂടുതൽ ഭക്ഷണം ഉണ്ടായിരുന്നത് ഈ കോട്ടയിലായിരുന്നു. ഖൈബർ യുദ്ധ വേളയിൽ ശക്തമായ വിശപ്പ് മുസ്ലിംകൾക്ക് അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി ഒരു നാടൻ കഴുതയെ അവർ അറുക്കുക്കുണ്ടായി. പക്ഷേ അതു തിന്നുന്നതിൽ നിന്നും നബിﷺ അവരെ വിലക്കി. (ബുഖാരി: 4220. മുസ്‌ലിം: 1937) 

പള്ളിയിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർ ഉള്ളി, ചുരക്ക പോലുള്ളവ ഭക്ഷിക്കരുത് എന്നുള്ള നിരോധനം ഖൈബറിന്റെ സന്ദർഭത്തിലാണ് ഉണ്ടായത്. ഉള്ളിയും ചുരക്കയും ഭക്ഷിച്ചവർ നമ്മുടെ പള്ളികളിൽ ഹാജരാകരുതെന്നും ആദം സന്തതികൾക്ക് പ്രയാസമുണ്ടാകുന്ന വിഷയങ്ങളിൽ നിന്ന് മലക്കുകൾക്കും പ്രയാസം ഉണ്ടാകും എന്നും നബിﷺ പഠിപ്പിച്ചു. (അഹ്‌മദ്: 15159) ഇമാം ബുഖാരിയുടെ സ്വഹീഹിലും ഈ ഹദീസ് കാണാം (ബുഖാരി: 853) 

സഅ്‌ബു കോട്ട മുസ്ലിംകൾ പിടിച്ചടക്കിയപ്പോൾ ജൂതന്മാർ അൽഖൽഅതുസ്സുബൈർ കോട്ടയിലേക്ക് നീങ്ങി. മല മുകളിലുള്ള സുരക്ഷ ശക്തമായ ഒരു കോട്ടയായിരുന്നു അത്. ആ കോട്ടയും മുസ്ലിംകൾ മൂന്നു ദിവസം വലയം ചെയ്തു. ഈ സന്ദർഭത്തിൽ ഗസാൽ എന്ന് പേരുള്ള ഒരു ജൂതൻ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു: അല്ലയോ അബുൽ ഖാസിം, നത്വാത് (മൂന്ന് കോട്ടകൾ നില കൊള്ളുന്ന പ്രദേശം) പ്രദേശത്തുള്ളവരിൽ നിന്നും താങ്കൾക്ക് ആശ്വാസം ലഭിക്കാവുന്ന കാര്യങ്ങൾ ഞാൻ അറിയിച്ച് തന്നാൽ നിങ്ങളെനിക്ക് നിർഭയത്വം നൽകുകയും ശഖിലേക്ക് (ബാക്കിയുള്ള രണ്ടു കോട്ടകൾ ഉൾക്കൊള്ളുന്ന പ്രദേശം) പോവുകയും ചെയ്യുമോ?. ഇയാൾക്കും കുടുംബത്തിനും സമ്പത്തിനും നബിﷺ നിർഭയത്വം നൽകി. ഇതോടു കൂടി കോട്ടയിൽ ഉണ്ടായിരുന്ന ആളുകൾ വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്ന കോട്ടക്ക് പുറത്ത് ഭൂമിക്കടിയിലുള്ള ഒരു അരുവിയെ കുറിച്ച് ഗസാൽ നബിﷺക്ക് വിവരം കൊടുത്തു. നബിﷺ അങ്ങോട്ട് ചെല്ലുകയും അത് മുറിച്ചുകളയുകയും ചെയ്തു. ദാഹിച്ചവശരായ ജൂതൻമാർ വെള്ളം കുടിക്കാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോൾ ശക്തമായ ഏറ്റു മുട്ടൽ അവിടെ വെച്ച് ഉണ്ടായി. രണ്ട് വിഭാഗത്തിൽ നിന്നുമുള്ള ആളുകൾക്കും മുറിവേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അവസാനം നബിﷺ ആ കോട്ടയും പിടിച്ചടക്കി. നത്വാത് പ്രദേശത്തുള്ള അവസാനത്തെ കോട്ടയായിരുന്നു ഇത്. 

ഈ മൂന്ന് കോട്ടകൾ പിടിച്ചടക്കിയതിനു ശേഷം നബിﷺ ശഖ് ഭാഗത്തുള്ള കോട്ടകളിലേക്ക് നീങ്ങി. ഉബയ്യിന്റെ കോട്ടയിൽ നിന്നായിരുന്നു തുടക്കം. അവരുമായി ശക്തമായ യുദ്ധമുണ്ടായി. മൽപിടുത്തത്തിന് വെല്ലു വിളിച്ചു കൊണ്ട് അവരിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. ഹുബാബുബ്നു മുൻദിറായിരുന്നു رضي الله عنه അയാളുമായി ഏറ്റു മുട്ടാൻ ഇറങ്ങിത്തിരിച്ചത്. ഹുബാബ്‌ رضي الله عنه അയാളെ കൊന്നു. ശേഷം ജൂതന്മാരിൽ നിന്ന് മറ്റൊരാൾ ഇറങ്ങി വന്നു. അബൂ ദുജാന رضي الله عنه അയാളെയും കൊലപ്പെടുത്തി. ഇതോടെ ജൂതന്മാർ വെല്ലു വിളി നിർത്തി. അബൂ ദുജാനയും رضي الله عنه സൈന്യവും കോട്ടക്കകത്തേക്ക് കയറി. അകത്തു വെച്ചു കൊണ്ട് ശക്തമായ യുദ്ധമുണ്ടായി. അവസാനം ജൂതന്മാർ പരാജയപ്പെട്ടു. ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ശഖ് പ്രദേശത്തെ കോട്ടകളിലേക്ക് നീങ്ങി. മറ്റു കോട്ടകളെ പോലെ തന്നെ സുരക്ഷിതത്വം ശക്തമായ കോട്ടയായിരുന്നു നസാർ കോട്ട. അതിലേക്കാണ് അവർ നീങ്ങിയത്. ഈ കോട്ടയിലേക്ക് ഒരിക്കലും മുസ്‌ലിംകൾക്ക് കയറിപ്പറ്റാൻ സാധിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജൂതന്മാർ ഉണ്ടായിരുന്നത്. ജൂതന്മാർ അമ്പുകളും കല്ലുകളും എടുത്തു മുസ്ലിംകളെ അറിയാൻ തുടങ്ങി. അവർ എറിഞ്ഞ അമ്പ് വന്ന് നബിﷺയുടെ വസ്ത്രത്തിൽ തട്ടുകയും അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് സ്വഅ്‌ബ് കോട്ടയിൽ നിന്നും ലഭിച്ച പീരങ്കി കൊണ്ടുവന്നു ഇവിടെ നാട്ടി വെക്കാൻ നബിﷺ കൽപ്പിച്ചത്. നസാർ കോട്ടയുടെ ചുമരുകൾക്ക് വിള്ളലുകളുണ്ടാക്കാൻ ഇതിലൂടെ സാധിച്ചു. അങ്ങിനെ മുസ്ലിംകൾ കോട്ടയിലേക്ക് ഇരച്ചു കയറി. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത പരാജയമാണ് ജൂതന്മാർക്ക് അന്നുണ്ടായത്. അവർ അവിടം വിട്ടു ഓടിപ്പോയി. സ്ത്രീകളെയും കുട്ടികളെയും അവിടെ ഉപേക്ഷിച്ചു കൊണ്ടാണ് അവർ ഓടിയത്. അവരെയെല്ലാം മുസ്‌ലിംകൾ പിടി കൂടി. ഈ അഞ്ചു കോട്ടകൾ പിടിച്ചടക്കിയതോടു കൂടി ഖൈബറിലെ ഒന്നാമത്തെ ഭാഗത്തുള്ള കോട്ടകൾ എല്ലാം മുസ്ലീങ്ങളുടെ അധീനതയിൽ വന്നു. 

ജൂതന്മാരുടെ ദയനീയമായ ഈ പരാജയത്തിനു ശേഷം നബിﷺ കതീബ ഭാഗത്തുള്ള കോട്ടകളിലേക്ക് നീങ്ങി. മൂന്ന് കോട്ടകളാണ് അവിടെ ഉണ്ടായിരുന്നത്. ഖമൂസ്വ്, വത്വീഹ്, സലാലിം എന്നിവയായിരുന്നു അത്. ഈ കോട്ടകളുടെ അടുക്കലേക്ക് നബിﷺ എത്തുകയും കോട്ടകൾ ഉപരോധിക്കുകയും ചെയ്തു. 14 ദിവസത്തോളം ഉപരോധം തുടർന്നു. ഈ ദിവസങ്ങളിലൊന്നും ജൂതന്മാർ കോട്ടകളിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അവസാനം അവരിലേക്ക് പീരങ്കി പ്രയോഗിക്കാൻ നബിﷺ ഉദ്ദേശിച്ചു. എന്നാൽ കോട്ടക്കകത്തെ അവസ്ഥകൾ പ്രയാസമാവുകയും ഞങ്ങൾ നശിക്കുമെന്ന് ജൂതന്മാർക്ക് ഉറപ്പു വരികയും ചെയ്തപ്പോൾ അവർ നബിﷺയോട് സന്ധി ആവശ്യപ്പെട്ടു. 

ഖമൂസ് കോട്ടയിൽ നിന്നാണ് സഫിയ്യ ബിൻത് ഹുയയ്യുബ്നു അഖ്തബ് رضي الله عنها ബന്ധിയായി പിടിക്കപ്പെട്ടത്. ഇതോടു കൂടി അല്ലാഹുവിന്റെ അനുഗ്രഹത്താൽ എട്ടു കോട്ടകളും മുസ്ലിംകൾ പിടിച്ചടക്കി. ഖൈബറിലെ ജൂതന്മാരുടെ ഹൃദയങ്ങളിൽ അല്ലാഹു ഭയം ഇട്ടു കൊടുക്കുകയും ചെയ്തു. അങ്ങിനെയാണ് മുസ്ലിംകളോടൊപ്പം അവർ സന്ധിക്ക് തയ്യാറായത്..

 
ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment