നബി ചരിത്രം - 71: ഹിജ്റ ഏഴാം വർഷം [ഭാഗം: 4] ഖൈബർ യുദ്ധം.

ഒട്ടനവധി കോട്ടകളും കൃഷിസ്ഥലങ്ങളും ഈത്തപ്പനകളുമുള്ള വലിയ ഒരു പട്ടണമാണ് ഖൈബർ. മദീനയിൽ നിന്നും 185 കിലോമീറ്റർ അകലെയായി വടക്കു ഭാഗത്താണ് ഖൈബർ സ്ഥിതി ചെയ്യുന്നത്. ജൂതന്മാരാണ് അവിടത്തെ താമസക്കാർ. ദൂ ഖിറദിൽ നിന്ന് മടങ്ങി വന്നതിനു ശേഷം മൂന്ന് ദിവസമാണ് നബിﷺ മദീനയിൽ താമസിച്ചത്. അതിനു ശേഷം മുഹർറം മാസത്തിൽ തന്നെ ഖൈബറിലേക്ക് പുറപ്പെട്ടു.
ഖൈബറിലുള്ള ജൂതന്മാർ മുസ്ലീംകളോട് പ്രത്യക്ഷ ശത്രുതയൊന്നും കാണിച്ചിരുന്നില്ല. എന്നാൽ മദീനയിൽ നിന്നും ബനൂ നളീർ ഗോത്രത്തെ നാടുകടത്തിയപ്പോൾ അവർ ചെന്നു താമസമാക്കിയത് ഖൈബറിലായിരുന്നു. സല്ലാമുബ്നു അബുൽഹുഖൈഖ്, കിനാനതുബ്നു റബീഅ്, ഹുയയ്യുബ്നു അഖ്തബ്, തുടങ്ങിയവരാണ് ഖൈബറിൽ താമസമാക്കിയ ജൂത നേതാക്കന്മാരിൽ പ്രധാനികൾ. ഇവർ ഖൈബറിൽ എത്തിയതോടു കൂടി അവിടത്തെ ജൂതന്മാർ ഇവരുടെ കീഴിലായി. മുസ്ലിംകളോടുള്ള പകയുമായിട്ടാണ് അവർ ഖൈബറിലേക്ക് പോകുന്നത്. മുസ്ലിംകളോട് പകരം വീട്ടാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും അവർ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. അങ്ങിനെയാണ് ഖുറൈശികളുടെ ശക്തി മുസ്‌ലിംകൾക്കെതിരെ തിരിച്ചുവിടാൻ അവർ ശ്രമിച്ചത്. ഇവരുടെ പ്രേരണയോടു കൂടിയാണ് ഖന്തക്ക് യുദ്ധവും ബനൂഖുറൈള യുദ്ധവും ഉണ്ടായത്.
പണ്ടു കാലം മുതലേ ഖൈബർ ജൂതന്മാരുടെ കേന്ദ്രമായിരുന്നു. അതിലേക്കാണ് ബനൂ നളീറുകാരും ബനൂ ഖൈനുഖാഉം ചെന്നു ചേർന്നത്. അതോടു കൂടി ഖൈബർ ഗൂഢാലോചനയുടെയും മുസ്ലിംകൾക്കെതിരെ യുദ്ധവും ഫിത്‌നകളും ഇളക്കിവിടാനുള്ള കേന്ദ്രവുമായി മാറി. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശാന്തിക്ക് കളങ്കം വരുത്തുന്ന ജൂത പ്രവർത്തനങ്ങൾക്ക് വിരാമം കുറിക്കാനുള്ള വലിയൊരു അവസരമായിരുന്നു ഹുദൈബിയാ സന്ധി. ഹുദൈബിയാ സന്ധിയോടു കൂടി ഖുറൈശികളിൽ നിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അപ്പോൾ മുസ്ലിംകൾക്കെതിരെ ജൂതൻമാർ ചെയ്തിട്ടുള്ള ക്രൂര കൃത്യങ്ങളുടെ പേരിൽ അവരെ മര്യാദ പഠിപ്പിക്കുന്നതിൽ നബിﷺ ശ്രദ്ധ പതിപ്പിച്ചു. ഹുദൈബിയ്യാ സന്ധിക്ക് ശേഷം ഒട്ടനവധി ഗനീമത്ത് സ്വത്ത് ലഭിക്കുമെന്ന സന്തോഷവാർത്ത അല്ലാഹു ആദ്യമേ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലേക്കാണ് ഖുർആനിലെ ഈ വചനങ്ങൾ വിരൽ ചൂണ്ടുന്നത്.
“ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യ വിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കി കൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു.അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിത സ്വത്ത്) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന്‍ നയിക്കുവാനും വേണ്ടി.നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു”. (ഫത്ഹ്: 18-21)
ഖൈബർ കാരോട് യുദ്ധം ചെയ്യുവാനും ഖൈബർ പിടിച്ചടക്കുവാനുമുള്ള ഒരുക്കങ്ങൾ നബിﷺ നടത്തി. ഹുദൈബിയയിലേക്ക് തന്റെ കൂടെ പോന്നിട്ടുള്ള ആളുകളിൽ നിന്നാണ് ഖൈബറിലേക്കുള്ള ആളുകളെ തയ്യാറാക്കിയത്. നബിﷺ ഖൈബറിലേക്ക് പുറപ്പെട്ടപ്പോൾ ഹുദൈബിയ്യ യിലേക്ക് പോകാൻ തയ്യാറാവാതെ മാറിനിന്ന ചില ആളുകൾ കടന്നു വരികയുണ്ടായി. അവരും ഖൈബറിലേക്ക് പോകാൻ തയ്യാറായി. ഗനീമത്ത് സ്വത്തായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ നബിﷺ ആർക്കും അനുവാദം കൊടുത്തില്ല. ഈ സന്ദർഭത്തെ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു.
“സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പം മാത്രമല്ലാതെ.” (ഫത്ഹ്:15)
നബിﷺ ഖൈറിലേക്ക് പുറപ്പെട്ട സന്ദർഭത്തിൽ വിളിച്ചു പറയുന്ന ആളോട് ഇപ്രകാരം പറയാൻ പറഞ്ഞു: ജിഹാദിൽ താല്പര്യമുള്ളവർ അല്ലാതെ നമ്മുടെ കൂടെ പോരരുത്. മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ട് നബിﷺയോട് ബൈഅത്ത് ചെയ്ത ആളുകൾ അല്ലാതെ മറ്റാരും അന്നു പോയിട്ടില്ല. ഖൈബറിലേക്ക് പോകുമ്പോൾ തനിക്കു സേവനം ചെയ്യാൻ പറ്റിയ ഒരാളെ അന്വേഷിക്കുവാൻ വേണ്ടി നബിﷺ അബൂ ത്വൽഹതുൽഅൻസാരിയോട് കൽപിച്ചു. (ബുഖാരി: 2893. മുസ്‌ലിം:1365)
മദീനയുടെ ചുമതല സബാഉബ്നു അർഫത്വതുൽഗഫാരി رضي الله عنه യെ ഏൽപ്പിച്ചു. നബിﷺ ഖൈബറിലേക്ക് പോയ സന്ദർഭത്തിലാണ് അബൂഹുറൈറ رضي الله عنه മദീനയിൽ എത്തിച്ചേരുന്നത്. (അഹ്‌മദ്: 8552) ഖൈബറിലേക്കുള്ള ഒരുക്കം നബിﷺ നടത്തുമ്പോഴാണ് അബൂ സഅ്‌ലബതുൽഖശനി رضي الله عنه മദീനയിൽ എത്തുന്നത്. അദ്ദേഹം നബിﷺയുടെ കൂടെ പുറപ്പെടുകയും ഖൈബറിൽ പങ്കെടുക്കുകയും ചെയ്തു. യുദ്ധങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ മറച്ചുവെക്കുക എന്നുള്ളത് നബിﷺയുടെ പതിവായിരുന്നു. എന്നാൽ ഖൈബറിലും തബൂക്കിലും ഇത് ഉണ്ടായില്ല. കാരണം ഖൈബറിന്റെ വിജയം അല്ലാഹു മുൻകൂട്ടി അറിയിച്ച കാര്യമായിരുന്നു. തബൂക്ക് യുദ്ധമാകട്ടെ അങ്ങോട്ടുള്ള യാത്ര ഒരുപാട് ദൂരവുമായിയിരുന്നു. മാത്രവുമല്ല ആ കാലഘട്ടത്തിലെ ഏറ്റവും വലിയ വലിയ രാഷ്ട്രവും ആയിരുന്നു അത്. അതു കൊണ്ടുതന്നെ പരിപൂർണ്ണമായ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്.
അതിശക്തമായ ഈമാനിന്റെ കരുത്തോടു കൂടി നബിﷺയും സ്വഹാബിമാരും ഖൈബറിലേക്ക് പുറപ്പെട്ടു. ഖൈബറിലെ കോട്ടകൾ വളരെ സുരക്ഷയോടു കൂടിയുള്ളതാണ് എന്നും അവിടത്തെ ആളുകൾ ശക്തരും യുദ്ധ പാഠവം ഉള്ളവരാണെന്നും മുസ്‌ലിംകൾക്കു നന്നായി അറിയാമായിരുന്നു. ഖൈബറിനും ഗത്വ്‌ഫാനിനും ഇടക്കുള്ള ഒരു വഴിയിലൂടെ അവർ പ്രവേശിച്ചു. ഖൈബറു കാരെ ഗത്വ്‌ഫാൻ കാർ സഹായിക്കുന്നതിൽ നിന്നും തടയിടലായിരുന്നു ആ വഴി സ്വീകരിക്കുവാനുള്ള കാരണം. ഗത്വ്‌ഫാൻ കാരും മുസ്‌ലിംകളുടെ ശത്രുക്കളായിരുന്നു. ഖൈബറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു പോകുന്ന തന്റെ കഴുതപ്പുറത്തിരുന്നു കൊണ്ടായിരുന്നു നബിﷺ സുന്നത്ത് നമസ്കാരം നിർവഹിച്ചത്. മുസ്ലിംകൾ ഉച്ചത്തിൽ അല്ലാഹു അക്ബർ എന്നും ലാഇലാഹ ഇല്ലല്ലാഹു എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
“അബു മൂസാ رضي الله عنه പറയുന്നു: ഞങ്ങൾ നബിﷺയോടൊപ്പം ഒരു യുദ്ധത്തിനുള്ള യാത്രയിലായിരുന്നു. ഉയരങ്ങളിലേക്ക് കയറുമ്പോഴും താഴ്‌വരകളിൽ ഇറങ്ങുമ്പോഴും ഞങ്ങൾ തക്ബീർ കൊണ്ട് ശബ്ദമുയർത്തിക്കൊണ്ടിരുന്നു. അപ്പോൾ നബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു കൊണ്ട് പറഞ്ഞു: “അല്ലയോ ജനങ്ങളെ നാളെ നിങ്ങൾ മിതത്വം പാലിക്കുക. കേൾക്കാൻ കഴിയാത്ത മറഞ്ഞവനെ അല്ല നിങ്ങൾ വിളിക്കുന്നത്. മറിച്ച് കേൾക്കാനും കാണാനും കഴിവുള്ളവനെയാണ് നിങ്ങൾ വിളിക്കുന്നത്. ശേഷം നബിﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബിനു ഖൈസ്, സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ; ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി (എന്നതാകുന്നു ആ വചനം) (ബുഖാരി: 4205. മുസ്‌ലിം: 2704)
നബിﷺയും സ്വഹാബിമാരും രാത്രിയിലാണ് ഖൈബറിന്റെ അടുത്തെത്തിയത്. സമീപ സ്ഥലത്തു തന്നെ രാത്രി കഴിച്ചു കൂട്ടി. നബിﷺ ഏതൊരു സമൂഹത്തിന്റെ അടുക്കലേക്കും രാത്രി എത്തിച്ചേർന്നാൽ നേരം പുലരുവോളം അവരോടു യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. നേരം പുലർന്നപ്പോൾ ഇരുട്ട് മൂടിയ സമയത്തു തന്നെ സുബഹി നമസ്കരിച്ചു. ശേഷം നബിﷺയും സ്വഹാബിമാരും ഖൈബറിലേക്ക് യാത്ര തുടർന്നു. ഖൈബറിലേക്കുള്ള പ്രവേശന സ്ഥലത്തെത്തിയപ്പോൾ നബിﷺ തൻറെ അനുചരന്മാരോട് പറഞ്ഞു: നിൽക്കൂ, ഒരു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദുആ നിർവഹിക്കാം. ” ഏഴ് ആകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്റെയും റബ്ബും ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്റെയും റബ്ബും പിശാചുക്കളുടെ അവ വഴി തെറ്റിക്കുന്നതിന്റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കുന്നതിന്റെയും റബ്ബുമായ അല്ലാഹുവേ, ഈ ഗ്രാമത്തിന്റെ (പട്ടണത്തിന്റെ) നന്മയും അതിലെ താമസക്കാരുടെ നന്മയും അതിലുള്ള നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു. ഈ ഗ്രാമത്തിന്റെ തിന്മയിൽ നിന്നും അതിലെ താമസക്കാരുടെ തിന്മയിൽ നിന്നും അതിലുള്ള തിന്മയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു”. (ഹാകിം: 1676. ഇബ്നു ഹിബ്ബാൻ: 2709)
സൂര്യൻ ഉദിച്ചപ്പോൾ നബിﷺ ഖൈബറിൽ എത്തി. ജൂതന്മാർ പണിയായുധങ്ങളുമായി അവരുടെ കൃഷിയിടങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. മേയുവാനുള്ള ആടുകളെയും അവർ പുറത്തു വിട്ടിരുന്നു. മുസ്ലിംകളെ കണ്ടപ്പോൾ അവർ പരിഭ്രാന്തരാവുകയും കോട്ടകളിലേക്ക് ഓടിക്കയറുകയും ചെയ്തു. അല്ലാഹുവാണ് സത്യം, മുഹമ്മദ് ഇതാ വന്നിരിക്കുന്നു. അപകടം.. എന്നു പറഞ്ഞുകൊണ്ടായിരുന്നു അവർ ഓടിയിരുന്നത്. അപ്പോൾ നബിﷺ പറഞ്ഞു ഖൈബർ തകരാനായിരിക്കുന്നു. ഒരു സമൂഹത്തിന്റെ മുറ്റത്തു നാം ഇറങ്ങിയാൽ അവരുടെ പ്രഭാതം എത്ര മോശം. (ബുഖാരി: 4197)
അനസുബ്നു മാലിക് رضي الله عنه പറയുന്നു:….. ഞങ്ങൾക്ക് അന്ന് കഴുതയുടെ മാംസം ലഭിച്ചു. അപ്പോൾ നബിﷺയുടെ വിളിച്ചു പറയുന്ന ആൾ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകനും നിങ്ങൾക്ക് കഴുത മാംസം നിഷിദ്ധമാക്കിയിരിക്കുന്നു. നിശ്ചയമായും അത് മ്ലേച്ഛമാകുന്നു. (ബുഖാരി: 4198)
ജൂതന്മാർ കോട്ടകളിൽ ഓടി ഒളിച്ചതോടു കൂടി മുസ്ലിം സൈന്യം കോട്ടകളെ വളഞ്ഞു. മുസ്‌ലിംകൾ അവരുടെ കോട്ടകളെ പിടിച്ചടക്കാൻ തുടങ്ങി. ഒന്നിന് പിറകെ മറ്റൊന്നായി എല്ലാം അവരുടെ അധീനതയിൽ വന്നു.
ഫദ്‌ലുല്‍ ഹഖ് ഉമരി