ഹദീസ് 11

ഹദീസ് : 11

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَنَسٍ، قَالَ: كُنَّا عِنْدَ عُمَرَ فَقَالَ: «نُهِينَا عَنِ التَّكَلُّفِ»- صحيح البخاري

അനസ് (റ) പറഞ്ഞു: ഞങ്ങൾ ഉമർ (റ) വിന്റെ അടുക്കൽ ആയിരിക്കേ അദ്ദേഹം പറഞ്ഞു: തകല്ലുഫിൽ നിന്ന് നമ്മൾ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി).

വിവരണം

·> (തകല്ലുഫ് എന്നാൽ: മതകാര്യത്തിലെ അനാവശ്യമായ ചോദ്യങ്ങളും, അറിഞ്ഞിരിക്കൽ അനിവാര്യമല്ലാത്ത കാര്യങ്ങളുടെ പിറകെ പോകലും, ആവശ്യമില്ലാതെ സ്വന്തത്തെ ബുദ്ധിമുട്ടിച്ച് കാര്യങ്ങൾ ചെയ്യലും തുടങ്ങിയവയാണിത്).

·> മതവിഷയങ്ങളുടെ പേരിൽ അനാവശ്യമായി സ്വന്തത്തെ ബുദ്ധിമുട്ടിക്കൽ വിരോധിക്കപ്പെട്ടതാണ്.

·> വാക്ക് കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ഇത്തരത്തിൽ അനാവശ്യമായി സ്വന്തത്തെ പ്രയാസപ്പെടുത്തുന്നവരുണ്ട്.

·> ഇങ്ങനെ ചെയ്യുന്നവർ ജനങ്ങളിൽ ഏറ്റവും ദ്രോഹമുള്ളവ രാണ്. അവർ അടുത്തുള്ളതിനെ അകലത്തിലാക്കുകയും, ഇണക്കമുള്ളതിനെ ഇണക്കമില്ലാതാക്കുകയും, വില കൂടിയ തിനെ വില കുറക്കുകയും ചെയ്യും. 

·> എളുപ്പമുള്ളതിനെ വിട്ട് പ്രയാസമുള്ളതിനെ സ്വീകരിക്കുന്ന അവസ്ഥ ഇതിൽ പെടുന്നു. അത് പോലെ, അറിയാത്തത് പറയലും, വിവരമില്ലാത്ത കാര്യം ഫത്‌വ നൽകലും എല്ലാം ഇതിൽ പെടും. മതവിഷയങ്ങളിലുള്ള അനാവശ്യ ചോദ്യങ്ങൾ വിലക്കപ്പെട്ടതാണ്. അറിയാനും പ്രാവർത്തികമാക്കാനും വേണ്ടി ചോദിക്കാം. അതിനല്ലെങ്കിൽ അത് അല്ലാഹുവിന് തൃപ്തിയില്ലാത്ത കാര്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

·> ഇസ്‌ലാമിലെ മുൻഗണനാ കാര്യങ്ങൾ തെറ്റിച്ച് ഗവേഷണം ആവശ്യമില്ലാത്ത വിഷയങ്ങളിൽ ഇടപെടുന്നതും ശ്രദ്ധിക്കേ ണ്ടതാണ്. ആദ്യം പഠിക്കേണ്ടത് ആദ്യം പഠിക്കണം, അല്ലാതെ അവസാനം അറിയേണ്ടത് ആദ്യം അറിയൽ ശരിയായ രീതിയല്ല. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്, വിശിഷ്യാ യുവാക്കൾ ഇത് നന്നായി പാലിക്കേണ്ടതുണ്ട്. 

تكَلُّف നുള്ള കാരണങ്ങളിൽ പെട്ടതാണ്: 

1- വിവരക്കേട്

2- ലോകമാന്യം

3- വസ്‌വാസ്

·> നബി  പഠിപ്പിക്കാത്ത വിധം മതത്തെ നടപ്പിലാക്കാൻ പ്രതിജ്ഞ ചെയ്തവരോട് നബി  പറഞ്ഞത് എന്റെ സുന്നത്തിനെ വെറുക്കന്നവൻ എന്നിൽ പെട്ടവനല്ല എന്നാണ്.

·> നബി ﷺ പഠിപ്പിച്ച വിധം മത വിഷയങ്ങളെ നടപ്പിലാക്കലാണ് നമുക്ക് ബാധ്യതയായിട്ടുള്ളത്. അതിനപ്പുറം ചിന്തിക്കാവതല്ല.

·> അബ്ദുല്ലാഹി ബ്‌നു മസ്ഊദ് h പറഞ്ഞു: അല്ലയോ ജനങ്ങളേ.. ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അവൻ അത് പറഞ്ഞ് കൊള്ളട്ടെ, അവന് അറിയില്ലെങ്കിൽ الله أعلم (അല്ലാഹു ആണ് ഏറ്റവും അറിയുന്നവൻ) എന്ന് അവൻ പറയട്ടെ, അറിയാത്തത് എനിക്ക് അറിയില്ല എന്ന് പറയൽ വിജ്ഞാനത്തിൽ പെട്ടതാണ്. 

അല്ലാഹു അവന്റെ നബി ﷺ യോട് പറഞ്ഞിട്ടുണ്ട്:

قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ

(നബിയേ,) പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ്:86) -(ബുഖാരി)

·> നമ്മുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും കൃത്രിമത്വം ഉണ്ടായിക്കൂടാ.

 

ഹദീസ് 10

ഹദീസ് : 10

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي سَعِيدٍ الخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ: عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا يُصِيبُ المُسْلِمَ، مِنْ نَصَبٍ وَلاَ وَصَبٍ، وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ، حَتَّى الشَّوْكَةِ يُشَاكُهَا، إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ»- رواه البخاري

അബൂ സഈദുൽ ഖുദ്‌രി (റ) അബൂഹുറൈറ (റ) എന്നിവർ നിവേദനം. നബി പറഞ്ഞു: നിശ്ചയം ഒരു മുസ്‌ലിമിന് ക്ഷീണമോ, രോഗമോ, മനഃപ്രയാസമോ, ദുഖമോ, ഉപ്രദ്രവമോ, മനക്ലേശമോ ഒരു മുള്ള് തറക്കൽ വരെ ബാധിച്ചാൽ അത് മുഖേന അവന്റെ പാപങ്ങൾ അല്ലാഹു മായ്ച്ച് കൊടുക്കും. (ബുഖാരി).

വിവരണം

> ദുരിതങ്ങളിൽ ക്ഷമയവലംബിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസ് ആണ് ഇത്. 

> പ്രയാസങ്ങളിൽ ക്ഷമിക്കുമ്പോൾ ധാരാളം നൻമകൾ വരികയും തിൻമകൾ മാഞ്ഞ് പോവുകയും ചെയ്യും.

> എല്ലാ കാര്യങ്ങളിലും ക്ഷമിക്കാൻ കൽപ്പിക്കപ്പെട്ടവനാണ് വിശ്വാസി. അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിലും, വിപത്തുകളിലും, നിഷിദ്ധങ്ങൾ ഒഴിവാക്കുന്നതിലുമെല്ലാം ഈ ക്ഷമ അനിവാര്യമാണ്.

> അങ്ങനെ ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് ക്വുർആനിൽ പറയുന്നു. (അൻഫാൽ:46).

> ഹദീസിൽ പറഞ്ഞത് പോലെയുള്ള ഏതൊരു പ്രയാസവും അടിമക്ക് സംഭവിച്ചാൽ അതിലൂടെ അവൻ സംശുദ്ധനാക്കപ്പെടും.

> ഒരു മുള്ള് തറച്ചാൽ പോലും അതിൽ അവൻ ക്ഷമിച്ചാൽ അവന് നേട്ടമുണ്ട് എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.

> എന്ത് വിപത്ത് സംഭവിച്ചാലും അത് അല്ലാഹുവിന്റെ ക്വദർ നിമിത്തമാണെന്ന് വിശ്വസിക്കുന്നതിലൂടെയാണ് ക്ഷമിക്കാൻ സാധിക്കുന്നതും ശ്രേഷ്ടതകൾ നേടിയെടുക്കാൻ കഴിയുന്നതും. 

> പ്രയാസങ്ങൾ വരുമ്പോൾ ക്ഷമകേട് കാണിക്കാതെ മനസ്സിനെ ഉറപ്പിച്ച് നിർത്താനും ക്ഷമിക്കാനും സാധിക്കണം. ചെറിയതോ വലിയതോ ആയ പ്രയാസങ്ങൾ നേരിടുമ്പോൾ അതിലൂടെ ലഭിക്കുന്ന പ്രതിഫലം ആഗ്രഹിക്കുകയും വേണം.

> പ്രയാസങ്ങൾ എല്ലാവക്കുമുണ്ടാകും, ഏറ്റവും കൂടുതൽ പ്രയാസങ്ങൾ നേരിട്ടത് നബിമാരാണ്. പിന്നെ അവരെപ്പോലെ ജീവിക്കുന്നവർക്ക് എന്ന് ഹദീസിൽ കാണാം. 

> ആ പരീക്ഷണങ്ങൾ തന്നെ ശുദ്ധീകരിക്കാനാണെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. 

> പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഹറാമായ വഴികൾ തേടൽ വിഡ്ഡിത്തവും കുറ്റകരവുമാണ്.

> ഒരാൾക്ക് പ്രതിസന്ധികൾ വരുമ്പോൾ അതിലൂടെ തനിക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ  ആ പ്രയാസങ്ങളെ നിസാരമായി കാണാൻ അവന് സാധിക്കും. ക്ഷമയിലൂടെ നിരവധി ഫലങ്ങളാണ് ജീവിതത്തിൽ ഉണ്ടാവുക.

> ഹദീസിൽ പറയപ്പെട്ട കാര്യങ്ങൾ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അപ്പോൾ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ എത്രമാത്രം പാപങ്ങൾ കളയാൻ നമുക്ക് സാധിക്കും..!! ഇത് അല്ലാഹുവിന്റെ മഹത്തായ ഒരു ഔദാര്യമാണെന്ന് നാം മനസ്സിലാക്കണം.

نَصَبٍ എന്നാൽ ക്ഷീണം എന്നാണ് അർത്ഥം. ശരീരത്തിനുണ്ടാകുന്ന ഏതൊരു ക്ഷീണവും ഇതിൽ പെടും.

وَصَبٍ എന്നാൽ സ്ഥിരമായി ഉണ്ടാകുന്ന രോഗത്തിനോ വേദനക്കോ പറയുന്ന പേരാണ്. 

ഇവ രണ്ടും ശരീരത്തിനെ ബാധിക്കുന്നതാണ്. 

هَمّ ഉം حُزْن  ഉം മനസ്സിനെ ബാധിക്കുന്നവയാണ്.

> ഭാവിയെ കുറിച്ചുള്ള ആശങ്കകളും മറ്റുമാണ് هَمّ,, അതിനെ മനഃപ്രയാസം എന്ന് പറയാം.

> സംഭവിച്ചു പോയ കാര്യത്തിലുള്ള ദുഖത്തെ അറിയിക്കുന്നതാണ് حُزْن. രോഗമോ, മരണമോ, മറ്റു നഷ്ടങ്ങളോ തുടങ്ങിയവ ഇതിൽ പെടുന്നു. 

أَذى എന്നതിൽ മുകളിൽ പറഞ്ഞവയും അല്ലാത്തവയും ഉൾപ്പെടുന്നു. പരിഹാസങ്ങളും, അതിക്രമങ്ങളും, ഏഷണിയും തുടങ്ങി എല്ലാ ഉപദ്രവങ്ങൾക്കും أَذى എന്ന് പറയുന്നു. 

غَمّ എന്നാൽ മനഃക്ലേശം എന്നാണ് അർത്ഥം. കഠിനമായ ദുഃഖത്തിനാണ് ഇത് ഉപയോഗിക്കുന്നത്. മനുഷ്യന്റെബോധം വരെ നഷ്ടപ്പെടാൻ കാരണമാകുന്നതാണിത്.

> ഇവയൊക്കെ അഭിമുഖീകരിക്കേണ്ടി വന്നാൽ നമ്മുടെ പാപങ്ങൾ ഏറെ ഇല്ലാതായിത്തീരും എന്നാണ് റസൂൽ g അറിയിക്കുന്നത്.أَذى

ഹദീസ് 09

ഹദീസ് : 09

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن عُمَر قال: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ: إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ. – صحيح مسلم

ഉമർ (റ) പറഞ്ഞു: നിശ്ചയം നിങ്ങളുടെ നബി പറഞ്ഞു: നിശ്ചയം ഈ ഗ്രന്ഥം (ക്വുർആൻ) കൊണ്ട് അല്ലാഹു ചില ആളുകളെ ഉയർത്തുകയും, മറ്റു ചില ആളുകളെ തരം താഴ്ത്തുകയും ചെയ്യും. (മുസ്‌ലിം).

വിവരണം

·> വിശുദ്ധ ക്വുർആനമായി ബന്ധപ്പെട്ട ഹദീസ് ആണ് ഇത്.

·> ക്വുർആൻ കൊണ്ട് ഔന്നിത്യം ലഭിക്കുന്നവരും, നിന്ദ്യരാകുന്നവരും ഉണ്ടാകും എന്ന് ഹദീസ് വ്യക്തമാക്കുന്നു.

വിശുദ്ധ ക്വുർആൻ കൊണ്ട് ഉയർച്ച ലഭിക്കുന്നവരുടെ വിശേഷണങ്ങൾ:

> അവർ ക്വുർആൻ പാരായണം ചെയ്യുന്നവരാണ്. അവർ അതിന്റെ ആശയം ഗ്രഹിക്കുന്നവരുമാണ്. 

> അവർ ക്വുർആൻ അനുസരിച്ച് ജീവിക്കുന്നവരാണ്.

> അവർക്ക് ദുൻയാവിലും പരലോകത്തിലും ഉന്നതികളുണ്ടാവും.

> ദുൻയാവിൽ നല്ല ജീവിതം ഉണ്ടാവുകയും, പരലോകത്ത് ഉയർന്ന പദവികൾ ലഭിക്കുകയും ചെയ്യും.

വിശുദ്ധ ക്വുർആൻ കൊണ്ട് നിന്ദ്യരാകുന്നവരുടെ വിശേഷണങ്ങൾ

> അവർ വിശുദ്ധ ക്വുർആനിനെ അവഗണിച്ചവരാണ്. 

> അവർ അത് പാരായണം ചെയ്യുകയോ ജീവിതത്തിൽ ശരിയാം വിധം നടപ്പിലാക്കുകയോ ചെയ്യില്ല.

> അവർക്ക് ഈ ലോകത്ത് ദൗർഭാഗ്യങ്ങൾ ഉണ്ടാകും. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവരെ വിടാതെ കൂടും.

> ഇവിടെ ഇടുങ്ങിയ ജീവിതമായിരിക്കും അവർക്ക്, പരലോക ത്താവട്ടെ വളരെ നിന്ദ്യരായിട്ടുള്ളവരോടൊപ്പമായിരിക്കും.

> സൽകർമങ്ങൾ കൊണ്ട് പദവികളിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും. കർമങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് പദവികൾ കൂടും. അവയുടെ കുറവിനനുസരിച്ച് പദവികളിലും കുറവുകൾ ഉണ്ടാകും. 

·> പദവികൾ കൂടുതലാകാൻ വളരെ ഉപകരിക്കുന്ന ഒരു കർമമാണ് വിശുദ്ധ ക്വുർആൻ പാരായണം. അതിലൂടെ സ്വർഗ്ഗത്തിന്റെ ഉന്നതങ്ങളിലെത്താൻ സാധിക്കും.

·> പരലോകത്ത് ക്വുർആനിന്റെ ആളോട് പാരായണം ചെയ്ത് സ്വർഗ്ഗത്തിലേക്ക് കയറിക്കൊള്ളാൻ പറയും. അവന്റെ പാരായണംഅവസാനിക്കുന്നിടത്തായിരിക്കും സ്വർഗ്ഗത്തിലെ അവന്റെ സ്ഥാനം.

·> ചില സൂറത്തുകളും ആയത്തുകളും അടിമയുടെ പാപ മോചനത്തിന് വേണ്ടിയും സ്വർഗ്ഗപ്രവേശനത്തിന് വേണ്ടിയും അല്ലാഹുവിനോട് വാദിക്കും എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.

·> എന്നും വിശുദ്ധ ക്വുർആനുമായിട്ടുള്ള ബന്ധം നിലനിർത്താൻ വിശ്വാസിക്ക് കഴിയണം. 

·> ഓരോ അക്ഷരത്തിനും ഇരട്ടിക്കണക്കിന് പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ.

·> അങ്ങനെയൊക്കെ ആയിട്ടും അതുമായി ബന്ധം നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽ അവൻ താഴേക്കിടയിലായിരിക്കും. ഉന്നതികളിൽ എത്തിച്ചേരാൻ സാധിക്കുകയില്ല.

·> അവർ ക്വുർആനിനെ അവഗണിച്ചവരുടെ കൂട്ടത്തിലായിരിക്കും. അല്ലാഹു പറയുന്നു:

وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا

(അന്ന്) റസൂൽ ﷺ പറയും: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത ഈ ക്വുർആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു. (ഫുർക്വാൻ:30)

·> ആയതിനാൽ ക്വുർആൻ കൊണ്ട് ഉന്നത പദവികളിലെത്തിച്ചേരാൻ ആവശ്യമായ നടപടികൾക്കൊരുങ്ങുക.

ഹദീസ് 08

ഹദീസ് : 08

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ»صحيح البخاري

അബൂ മൂസ (റ) നിവേദനം. നബി പറഞ്ഞു: തന്റെ റബ്ബിനെ സ്മരിക്കുന്നവന്റേയും സ്മരിക്കാത്തവന്റേയും ഉപമ ജീവനുള്ളതിന്റേയും ശവത്തിന്റേയും പോലെയാണ്. (ബുഖാരി).

വിവരണം

> അബൂമൂസ (റ): അബ്ദുല്ലാഹി ബ്‌നു കൈ്വസ് അൽഅശ്അരി, ഹിജ്‌റ 50 ന് വഫാത്തായി.

> ഒരു അടിമ എല്ലായ്‌പ്പോഴും അല്ലാഹുവിനെ ഓർക്കുന്നവനാകണം. അത് അവന്റെ ഐഹിക ജീവിതത്തിനും പാരത്രിക ജീവിതത്തിനും അത്യാവശ്യമാണ്.

> അല്ലാഹുവിനെ ഓർക്കാതെ അശ്രദ്ധ കാണിക്കുന്നവരുടെ കൂട്ടത്തിൽ നാം പെടരുത് എന്ന് അല്ലാഹു അറിയിക്കുന്നുണ്ട്. (അഅ്‌റാഫ്:205)

> നാം അല്ലാഹുവിനെ ഓർത്താൽ അല്ലാഹു നമ്മേയും ഓർക്കും. (ബക്വറ:152)

> മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാവാൻ അല്ലാഹുവിനെ ഓർക്കണം. (റഅദ്:28)

> അല്ലാഹുവിനെ ഓർക്കാൻ ഉള്ള ധാരാളം മാർഗ്ഗങ്ങൾ നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. നിർബന്ധവും, ഐച്ഛികവുമായ മുഴുവൻ കർമങ്ങളും ചെയ്യുന്നതിലൂടെ അല്ലാഹുവിനെ ഓർക്കാൻ സാധിക്കും.  

> അല്ലാഹുവിനെ സ്മരിക്കാൻ ധാരാളം ദിക്‌റുകളും ക്വുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. വളരെ ചെറിയ ദിക്‌റുകൾക്ക് പോലും അളവറ്റ പ്രതിഫലങ്ങളാണ് അല്ലാഹു നമുക്ക് നൽകുന്നത്.

> വിശുദ്ധ ക്വുർആൻ പാരായണത്തിലൂടെ ഈ കാര്യം സാധ്യമാകുന്നു. 

ദിക്‌റിന്റെ ഫലങ്ങൾ

> അല്ലാഹുവിനെ ഓർക്കൽ പിശാചിനെ അകറ്റുകയും അല്ലാഹുവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യും.

> ദുഖവും മനഃപ്രയാസങ്ങളും ഇല്ലാതായി സന്തോഷമുള്ള അവസ്ഥ കൈവരും.

> അനുഗ്രഹങ്ങൾ ലഭിക്കുകയും വിപത്തുകളും മറ്റും തടയപ്പെടുകയും ചെയ്യും.

> അടിമക്ക് മുഖപ്രസന്നത പ്രദാനം ചെയ്യും.

> അല്ലാഹു തന്നെ കാണുന്നുണ്ട് എന്ന ബോധം എല്ലായ്‌പ്പോഴും അടിമയിലുണ്ടാക്കും.

> പശ്ചാത്താപ മനസ്സ് ഉണ്ടാക്കും.

> അറിവിന്റെ ധാരാളം വാതിലുകൾ തുറക്കപ്പെടും.

> അല്ലാഹുവിന്റെ മാഹാത്മ്യം മനസ്സിലാക്കാൻ സാധിക്കും.

> പാപങ്ങൾ മായ്ച്ച് കളയാൻ സഹായിക്കും.

> ആരാധനകളിൽ എളുപ്പമുള്ളതും മഹത്വമേറിയവയുമാണ് ദിക്ർ.

> ഏഷണി, പരദൂഷണം, കളവ്, തോന്നിവാസങ്ങൾ എന്നിവ ഒഴിവാക്കാൻ കാരണമാകും. 

> അന്ത്യദിനത്തിലെ വിലാപങ്ങളിൽ അടിമക്ക് നിർഭയത്വം നൽകും.

> ജീവിതത്തിലും, ക്വബ്‌റിലും, അന്ത്യദിനത്തിലും പ്രകാശം നൽകും.

> അല്ലാഹുവിന്റെ സാമീപ്യം ലഭിക്കും.

> ചില ദിക്‌റുകൾക്ക് അടിമയെ മോചിപ്പിക്കുന്നതിന്റേയും, സമ്പത്ത് ചിലവഴിക്കുന്നതിന്റേയും, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരം ചെയ്യുന്നതിന്റെയും പ്രതിഫലം ലഭിക്കും.

> ഹൃദയത്തിന്റെ രോഗങ്ങൾക്ക് ഉള്ള ചികിത്സയും മരുന്നുമാണ് ദിക്‌റുകൾ.

> അല്ലാഹുവിനുള്ള നന്ദിയർപ്പിക്കലാണത്.

> ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കരയൽ കൊണ്ട് അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കാൻ കാരണമാകും.

> ദിക്ർ ചൊല്ലുന്നവന് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളും, മലക്കുകളുടെ പ്രാർത്ഥനകളും ലഭിക്കും.

> നന്മകൾ ചെയ്യാൻ അത് പ്രേരിപ്പിക്കും.

> ചില ദിക്‌റുകൾ സ്വർഗ്ഗത്തിലെ ചെടികൾ ആണെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

> അല്ലാഹുവിനെ ഓർത്ത് കൊണ്ട് കർമങ്ങൾ ചെയ്യുമ്പോൾ അവ ജീവസുറ്റവയാകും.

> അല്ലാഹുവിനെ മറക്കാതെ എപ്പോഴും ഓർക്കാൻ കാരണമാകും.

> അല്ലാഹുവിനെ ഓർക്കുന്ന അടിമയെ കുറിച്ച് അല്ലാഹു മലക്കുകളോട് അവനെ കുറിച്ച് പുകഴ്ത്തിപ്പറയും. 

(ഇബ്‌നൽ ക്വയ്യിം, അൽ വാബിലുസ്സ്വയ്യിബ് പേജ്:61)

ഇത്രയൊക്കെ പ്രാധാന്യങ്ങളും മഹത്വങ്ങളും ഉണ്ടായിട്ടും അല്ലാഹുവിനെ ഓർക്കാത്തവർ ജീവനില്ലാത്ത പോലെയാണ്

ഹദീസ് 07

ഹദീസ് : 07

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ غَدَا إِلَى المَسْجِدِ وَرَاحَ، أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الجَنَّةِ كُلَّمَا غَدَا أَوْ رَاحَ»- البخاري ومسلم

അബൂ ഹുറൈറ (റ) നിവേദനം. നബി പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാൽ, പ്രഭാതത്തിലും പ്രദോഷത്തിലും പോകുമ്പോഴെല്ലാം അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു വിരുന്ന് ഒരുക്കും.

വിവരണം

·> പള്ളിയിലേക്ക് പോകുന്നതിന്റെ മഹത്വത്തെ അറിയിക്കുന്ന ഹദീസ് ആണ് ഇത്. 

·> ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയിലേക്ക് പോയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു വിരുന്ന് ഒരുക്കും.

·> അവൻ പള്ളിയിലേക്ക് പോകുന്നത് നമസ്‌കാരത്തിനോ, അറിവ് നേടാനോ, മറ്റു നല്ല കാര്യങ്ങൾക്കോ ആയിരുന്നാലും ഈ പ്രതിഫലം ലഭിക്കും. 

·> നമസ്‌കാരത്തിന് പള്ളിയിൽ പോകുന്നത് മഹത്തരവും ധാരാളം പ്രതിഫലം ലഭിക്കുന്നതുമായ കർമമാണ്. അത് ഈ ഹദീസിന്റെ ആശയത്തിൽ കൂടുതൽ ഗണിക്കപ്പെടുന്നതാണ്.

അല്ലാഹുവിന്റെ ആഥിത്യം: 

> അല്ലാഹുവിന്റെ ആഥിത്യവും വിരുന്നും എന്താണെന്ന് വിശുദ്ധ ക്വുർആനിൽ നമുക്ക് കാണാം. അല്ലാഹു പറയുന്നു:

لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّهِ ۗ وَمَا عِندَ اللَّهِ خَيْرٌ لِّلْأَبْرَارِ

‘എന്നാൽ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവർക്കാണ് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുള്ളത്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ പക്കൽ നിന്നുള്ള സൽക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ളതാകുന്നു പുണ്യവാൻമാർക്ക് ഏറ്റവും ഉത്തമം’. (ആലു ഇംറാൻ 198)

نُزُلًا مِّنْ غَفُورٍ رَّحِيمٍ 

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ

‘ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങൾക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കൽ നിന്നുള്ള സൽക്കാരമത്രെ അത് ‘. (ഫുസ്സ്വിലത്ത് 31-32)

·> പള്ളിയുമായിട്ടുള്ള നിരന്തര ബന്ധം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കണം. അത് നമ്മുടെ ജീവിതത്തിലെ വലിയ നേട്ടമാണ്.

ഹദീസ് 06

ഹദീസ് : 06

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أُمِّ حَبِيبَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّهَا قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: مَا مِنْ عَبْدٍ مُسْلِمٍ يُصَلِّي لِلَّهِ كُلَّ يَوْمٍ ثِنْتَيْ عَشْرَةَ رَكْعَةً تَطَوُّعًا، غَيْرَ فَرِيضَةٍ، إِلاَّ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ، أَوْ إِلاَّ بُنِيَ لَهُ بَيْتٌ فِي الْجَنَّةِ- صحيح مسلم

നബി യുടെ ഭാര്യ ഉമ്മു ഹബീബ (റ) പറഞ്ഞു: റസൂൽ പറയുന്നതായി ഞാൻ കേട്ടു: ഏതൊരു അടിമയും എല്ലാ ദിവസവും നിർബന്ധ നമസ്‌കാരത്തിന് പുറമെ അല്ലാഹുവിന് വേണ്ടി 12 റക്അത്ത് ഐച്ഛികമായി നമസ്‌കരിച്ചാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം പണിയും. അല്ലെങ്കിൽ സ്വർഗ്ഗത്തിൽ ഒരു ഭവനം അവന് വേണ്ടി പണിതുയർത്തപ്പെടും.(മുസ്‌ലിം).

വിവരണം

> ഉമ്മുഹബീബ: ഇവരുടെ യഥാർത്ഥ പേര്: റംല ബിൻത്ത് അബീ സുഫ്‌യാൻ എന്നാണ്. ഹിജ്‌റ 42 നാണ് ഇവർ വഫാത്താകുന്നത്.

> ഇസ്‌ലാമിലെ എല്ലാ കർമങ്ങൾക്കും വലിയ പ്രതിഫലമുണ്ട്. വളരെ എളുപ്പമുള്ളതും ലളിതവുമായ കർമങ്ങൾക്ക് വലിയ തോതിലുള്ള പ്രതിഫലങ്ങൾ നൽകപ്പെടുമെന്ന് റസൂൽ ﷺ അറിയിച്ചിട്ടുണ്ട്.

> നിർബന്ധ കാര്യങ്ങൾ പ്രധാനപ്പെട്ടവയും ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തവയുമാണ്. അവ ചെയ്യുന്ന കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തൽ എല്ലാവർക്കും നിർബന്ധവുമാണ്. 

> നിർബന്ധ കർമങ്ങൾക്ക് പുറമെ ഐച്ഛികമായ കർമങ്ങളും നമ്മൾ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള ധാരാളം കാര്യങ്ങൾ നബി ﷺ അറിയിച്ച് തന്നിട്ടുമുണ്ട്. 

> നിർബന്ധ നമസ്‌കാരങ്ങളോടനുബന്ധിച്ചുള്ള സുന്നത്ത് നമസ്‌കാരങ്ങൾക്ക് ‘റവാത്തിബ് സുന്നത്തുകൾ’ എന്ന് പറയും. ഒരു ദിവസം 12 റക്അത്ത് റവാത്തിബ് സുന്നത്തുകൾ നമസ്‌കരിച്ചാൽ അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം ലഭിക്കും എന്ന് നബി  ﷺ അറിയിച്ചിരിക്കുന്നു.

ഈ പന്ത്രണ്ട് റക്അത്തുകൾ പതിവാക്കിയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം പണിതുയർത്തും. ഇവ പതിവാക്കാൻ നാം പരിശ്രമിക്കുക

ഹദീസ് 05

ഹദീസ് : 05

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّ الإِسْلاَمِ خَيْرٌ؟ قَالَ: «تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ»- رواه البخاري

അബ്ദുല്ലാഹി ബ്‌നു അംറ് (റ) നിവേദനം. ഒരാള്‍ നബി യോട് ചോദിച്ചു: ഇസ്‌ലാമിലെ ഏത് കാര്യമാണ് നന്‍മയായിട്ടുള്ളത്? നബി പറഞ്ഞു: താങ്കള്‍ ഭക്ഷണം നല്‍കലും, തങ്കള്‍ക്ക് അറിയുന്നവരോടും അറിയാത്തവരോടും സലാം പറയലും. (ബുഖാരി).

വിവരണം

·> സ്വഹാബികൾ നബി ﷺ യോട് ഓരോ കാര്യങ്ങൾ ചോദിച്ചിരുന്നത് അവക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കാനായിരുന്നു.

·> അങ്ങനെയുള്ള പ്രധാനപ്പെട്ട കർമങ്ങളെ കുറിച്ചെല്ലാം അവർ നബി ﷺ യോട് ചോദിക്കുമായിരുന്നു. 

·> ഇസ്‌ലാമിലെ നിരവധി കർമങ്ങളിൽ കൂടുതൽ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസിൽ ചോദിച്ചിരിക്കുന്നത്.

·>  أَيُّ الإِسْلاَمِ خَيْرٌ؟എന്ന ചോദ്യത്തിന്റെ പൊരുൾ ഇസ്‌ലാമിലെ ഏത് കാര്യങ്ങളാണ് കൂടുതൽ ഉത്തമമായിട്ടുള്ളത് എന്നാണ്. 

·ഇതിന് രണ്ട് ഉത്തരങ്ങളാണ് നബി g നൽകിയിട്ടുള്ളത്

1- ഭക്ഷണം നൽകൽ

2-അറിയുന്നവരോടും അറിയാത്തവരോടും സലാം പറയൽ. എന്നിവയാണവ.

ഭക്ഷണം നൽകൽ

·> വിശക്കുന്നവന് ഭക്ഷണം നൽകൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിലൂടെ പാപങ്ങൾ പൊറുക്കപ്പെട്ട് സ്വർഗ്ഗപ്രവേശനം നേടിയ സംഭവം നമുക്ക് അറിയാം. അതിന്റെ പ്രാധാന്യം അത്രത്തോളമുണ്ട്. 

·> ഇവിടെ ഭക്ഷണം നൽകൽ എന്നാണ് പറഞ്ഞിരിക്കുന്നത്. ആവശ്യമുള്ള ആർക്ക് ഭക്ഷണം നൽകിയാലും അത് വലിയ നൻമയാണ്. അത് പാവപ്പെട്ടവനായാലും, പണക്കാരാന് ആയാലും, അഥിതിക്ക് ആയാലും, കുടുംബത്തിന് ആയാലും ശരി. ജീവജാലങ്ങൾക്ക് വരെ ഭക്ഷണം നൽകൽ പുണ്യമുള്ള കാര്യമാണ്. 

·> അയൽവാസി പട്ടിണിയിലാണെങ്കിൽ അവനെ പരിഗണിക്കാൻ ഇസ്‌ലാം നിർദേശം നൽകുന്നുണ്ട്. അത് പോലെ സ്വന്തം കുടുംബത്തിന് ഭക്ഷണം നൽകുന്നത് പോലും സ്വദക്വയാകുമെന്ന് റസൂൽ ﷺ പഠിപ്പിച്ചിട്ടുണ്ട്.

·> ഇസ്‌ലാമിലെ ചില പ്രായശ്ചിത്തങ്ങൾക്ക് ഭക്ഷണം നൽകാൻ റസൂൽ g അറിയിച്ചതിൽ നിന്ന് നമുക്ക് അതിന്റെ മഹത്വം മനസ്സിലാക്കാം. 

·> ഭക്ഷണം നൽകൽ പുണ്യവാൻമാരുടെ വിശേഷണമാണ്: (സൂറതുൽ ഇൻസാൻ: 8-9)

·> വലതുപക്ഷക്കാരായ ആളുകളുടെ വിശേഷണവുമാണ് ഇത്. (അൽബലദ്:14-18)

·> സ്വർഗ്ഗ പ്രവേശനത്തിന് കാരണമാകുന്ന കർമമാണതെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

സലാം പറയൽ 

> മുസ്‌ലീംകൾ തമ്മിൽ കണ്ടുമുട്ടിയാൽ സലാം പറയൽ അവർക്ക് ബാധ്യതയാണ്. 

> വിശ്വാസികൾ തമ്മിൽ പരസ്പരം സ്‌നേഹമുണ്ടാകാൻ കാരണമാകുന്ന കാര്യമായി സലാം പറയലിനെ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

> സലാമിനെ എല്ലായിടത്തും വ്യാപിപ്പിക്കണം എന്നാണ് റസൂൽ ﷺ പറഞ്ഞിരിക്കുന്നത്. 

> സലാം പറയുന്ന വിഷയത്തിലുള്ള ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം നബി ﷺ ഉണർത്തുന്നു. അറിയുന്നവരോട് മാത്രമല്ല, അറിയാത്തവരോടും സലാം പറയണം എന്നാണത്. നമ്മളൊക്കെ പരിചയമുള്ളവരോട് സലാം പറയാറുണ്ട്. എന്നാൽ അപരിചിതരെ കണ്ടാൽ സലാം പറയാൻ മടിക്കും. ഇത് ശരിയല്ല. 

> പരിചയമുള്ളവരോടും പരിചയമില്ലാത്തവരോടും സലാം പറയണം.

ഹദീസ് 04

ഹദീസ് : 04

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: “إِذَا أَحَبَّ اللَّهُ العَبْدَ نَادَى جِبْرِيلَ: إِنَّ اللَّهَ يُحِبُّ فُلاَنًا فَأَحْبِبْهُ، فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ: إِنَّ اللَّهَ يُحِبُّ فُلاَنًا فَأَحِبُّوهُ، فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ القَبُولُ فِي الأَرْضِ- متفق عليه

അബൂ ഹുറൈറ (റ) നിവേദനം, നബി പറഞ്ഞു: നിശ്ചയംഒരു അടിമയെ അല്ലാഹു ഇഷ്ടപ്പെട്ടാൽ അല്ലാഹു ജിബ്‌രീലിനെ വിളിച്ച് പറയും, നിശ്ചയം അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു.. ആയതിനാൽ താങ്കളും അദ്ദേഹത്തെ ഇഷ്ടപ്പെടുക. അങ്ങനെ ജിബ്‌രീൽ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആകാശത്തുള്ളവരോട് (മലക്കുകളോട്) ജിബ്‌രീൽ വിളിച്ചു പറയും: നിശ്ചയം അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു.. ആയതിനാൽ നിങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുക. അങ്ങനെ ആകാശത്തുള്ളവർ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും പിന്നെ ഭൂമിയിൽ അദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം).

വിവരണം

> അടിമക്ക് ലഭിക്കുന്ന അല്ലാഹുവിന്റെ സ്‌നേഹത്തെ കുറിച്ചാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

> ഒരു അടിമയെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ ജിബ്‌രീല്‍ n നോട് അല്ലാഹു അത് പറയും. അദ്ദേഹത്തൊട് ആ അടിമയെ ഇഷ്ടപ്പെടാന്‍ കല്‍പ്പിക്കുകയും ചെയ്യും.ഈ കാര്യം ജിബ്‌രീല്‍ മലക്കുകളോട് പറയും, അവരും ആ അടിമയെ ഇഷ്ടപ്പെടും. ഭൂമിയില്‍ ആ അടിമക്ക് സ്വീകാര്യതയും മറ്റുള്ളവരുടെ ഇഷ്ടവും ലഭിക്കുകയും ചെയ്യും. ഇതാണ് ഹദീസിന്റെ സാരം.

> അല്ലാഹുവിന് ചില കര്‍മങ്ങള്‍ പ്രത്യേകം ഇഷ്ടമാണ്, അത് പോലെ ചില അടിമകളേയും അവന്‍ ഇഷ്ടപ്പെടുന്നു. ആ ഇഷ്ടം അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച വിധമായിരിക്കും. അല്ലാഹുവിന്റെ ഇഷ്ടം കിട്ടിയാല്‍ പിന്നെ മലക്കുകളും മനുഷ്യരും അവനെ ഇഷ്ടപ്പെടും. 

> ഈ ഇഷ്ടം ലഭിക്കാന്‍ വേണ്ട യോഗ്യത അടിമയില്‍ ഉണ്ടായിരിക്കണം എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്.

> നിര്‍ബന്ധ കാര്യങ്ങളും സുന്നത്തായ കാര്യങ്ങളും ജീവിതത്തില്‍ ചെയ്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുമ്പോഴാണ് ഈ സ്‌നേഹം ലഭ്യമാവുക. 

> അല്ലാഹുവിന് ഇഷ്ടമുള്ളതൊക്കെ അടിമക്കും ഇഷ്ടമായിരിക്കണം, അല്ലാഹുവിന് വെറുപ്പുള്ളവയൊക്കെ അടിമക്കും വെറുപ്പായിരിക്കണം. അപ്പോഴാണ് ഈ സ്‌നേഹം യാതാര്‍ത്ഥ്യമാവുകയുള്ളൂ…

> ഈ സ്‌നേഹം ലഭിക്കാനുള്ള കാരണങ്ങള്‍ ഏറെയാണ്, അവയില്‍ പെട്ടവയാണ്: 

1-നബി ﷺ യെ ഇത്തിബാഅ് ചെയ്യല്‍ (ആലു ഇംറാന്‍: 31)

2-തക്വ്‌വ (ആലു ഇംറാന്‍:76)

3-ദാനം രഹസ്യമായി ചെയ്യല്‍ 

4-സുകൃതങ്ങള്‍ ചെയ്യല്‍ (ബക്വറ: 195)

5-ക്ഷമ (ആലു ഇംറാന്‍: 146)

6-തവക്കുല്‍ (ആലു ഇംറാന്‍: 159)

7-അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ സമരം ചെയ്യല്‍ (സ്വഫ്ഫ്:4)

8-സുന്നത്തുകള്‍ ചെയ്യല്‍ 

9-ശുദ്ധിയുള്ളവരെ (ബക്വറ:222)

10-നീതി പാലിക്കല്‍ (മാഇദ:42)

 

> അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാതിരിക്കുന്ന വിഭാഗങ്ങള്‍ 

1-അതിര് വിടുന്നവര്‍ (ബക്വറ:190)

2-കുഴപ്പങ്ങള്‍ (ബക്വറ:205)

3-കുഫ്ര്‍ (ബക്വറ: 276)

4-അക്രമികള്‍ (ആലു ഇംറാന്‍ : 57)

5-ദുരഭിമാനം, പൊങ്ങച്ചം (നിസാഅ്: 36)

6-വഞ്ചകര്‍ (നിസാഅ്: 107)

7-തിന്‍മ പരസ്യമാക്കല്‍ (നിസാഅ്: 148)

8-കുഴപ്പമുണ്ടാക്കുന്നവര്‍ (മാഇദ: 64)

9-ധൂര്‍ത്ത് കാണിക്കുന്നവര്‍ (അന്‍ആം: 141)

10-അഹന്ത കാണിക്കുന്നവര്‍ (നഹ്ല്‍:23)

11-അമിതാഹ്ലാദം (ക്വസ്വസ്വ്: 76)

 

ഹദീസ് 03

ഹദീസ് : 03

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّهُ قَالَ: قُلْتُ: يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ القِيَامَةِ؟ فَقَالَ: “لَقَدْ ظَنَنْتُ، يَا أَبَا هُرَيْرَةَ، أَنْ لاَ يَسْأَلَنِي عَنْ هَذَا الحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قِبَلِ نَفْسِهِ” صحيح البخاري

അബൂ ഹുറൈറ (റ) പറഞ്ഞു: ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ... അന്ത്യദിനത്തിൽ നിങ്ങളുടെ ശഫാഅത്തിന് (ശുപാർശക്ക്) ഏറ്റവും സൗഭാഗ്യവാൻ ആരാണ്?'. അപ്പോൾ റസൂൽ പറഞ്ഞു: അബൂ ഹുറൈറാ.. ഹദീസിലുള്ള താങ്കളുടെ അതിയായ താൽപര്യം ഞാൻ കണ്ടതിനാൽ താങ്കളേക്കാൾ ആദ്യം ആരും ഈ ഹദീസിനെ കുറിച്ച് ചോദിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു. മനസ്സിൽ അത്മാർത്ഥമായി لاَ إِلَهَ إِلَّا اللَّهُ എന്ന് പറയുന്നവനാണ് അന്ത്യദിനത്തിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവൻ. (ബുഖാരി).

വിവരണം

·> മതവിഷയങ്ങള്‍ അറിയാനുള്ള താല്‍പര്യം അറിയിക്കുന്നതാണ് അബൂഹുറൈറ (റ) വിന്റെ ഈ ഹദീസും. 

·> റസൂല്‍ ﷺ യുടെ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുന്ന ആള്‍ ആരാണെന്നാണ് ചോദ്യം. 

·> പരലോകത്ത് നബി ﷺ യുടെ വിവിധ ശഫാഅത്തുകള്‍ ഉണ്ട്. മഹ്ശറില്‍ നില്‍ക്കുമ്പോള്‍ വിചാരണ നടത്താനും, നരകത്തില്‍ പ്രവേശിച്ച വിശ്വാസികളെ പുറത്ത് കൊണ്ട് വരാനും, വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാനും, പദവികള്‍ വര്‍ദ്ധിപ്പിച്ച് നല്‍കാനും, ചിലര്‍ക്ക് ശിക്ഷ ലളിതമാക്കാനും തുടങ്ങി വിവിധ ശഫാഅത്തുകള്‍ ഉണ്ടാവും. 

·> ശഫാഅത്ത് പല പദവികളായിട്ടാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നബി g യുടെ മഹത്തായ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുന്നവര്‍ ആരാണെന്ന് റസൂല്‍ ﷺ ഈ ഹദീസില്‍ അറിയിക്കുന്നു. 

·> തൗഹീദ് ഉള്ളവര്‍ക്കാണ് നബി ﷺ യുടെ ശഫാഅത്തിന് ഏറ്റവും സൗഭാഗ്യം ലഭിക്കുക. മനസ്സില്‍ ആത്മാര്‍ത്ഥമായി لاَ إِلَهَ إِلَّا اللَّهُ പറഞ്ഞ് അതനുസരിച്ച് ജീവിച്ചവര്‍ക്കാണത്. 

·> ഈ ഹദീസ് لاَ إِلَهَ إِلَّا اللَّهُ എന്ന വാക്യത്തിന്റെ മഹത്വം അറിയിക്കുന്നു. 

·> لاَ إِلَهَ إِلَّا اللَّهُ എന്നത് വെറുതെ പറഞ്ഞാല്‍ മാത്രം പോരാ. മനസ്സറിഞ്ഞ് അതിലെ ആശയം ഉള്‍ക്കൊണ്ട് പറയുകയും മനസ്സ് കൊണ്ട് അംഗീകരിക്കുകയും ജീവിതത്തില്‍ നടപ്പിലാക്കുകയും വേണം. അതിന് വിരുദ്ധമായ ശിര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വരാനും പാടില്ല. അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ പിന്നെ എല്ലാ കാര്യങ്ങളും ബാത്വിലാകും. അല്ലാഹു നമ്മെ കാക്കട്ടെ.. ആമീന്‍

·> അബൂഹുറൈറ (റ) വിന്റെ മഹത്വവും ഹദീസില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് നബിവചനങ്ങളോട് അതിയായ താല്‍പര്യമായിരുന്നു. അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നബി  യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഈ ഹദീസിനെ കുറിച്ച് അബൂഹുറൈറ (റ) തന്നെ നബി ﷺ യോട് ആദ്യം ചോദിച്ചിരുന്നെങ്കില്‍ എന്ന് നബി  ആഗ്രഹിച്ചിരുന്നു. അത് അങ്ങനെ തന്നെ ആവുകയും ചെയ്തു.

ഹദീസ് 02

ഹദീസ് : 02

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللهِ بْنِ بُسْرٍ، أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ إِنَّ شَرَائِعَ الإِسْلاَمِ قَدْ كَثُرَتْ عَلَيَّ، فَأَخْبِرْنِي بِشَيْءٍ أَتَشَبَّثُ بِهِ، قَالَ: لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ.- الترمذي- صحيح

അബ്ദുല്ലാഹി ബ്‌നു ബുസ്ര്‍ (റ) നിവേദനം, ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ.. നിശ്ചയം ഇസ്‌ലാമിന്റെ നിയമങ്ങള്‍ എന്റെ മേല്‍ അധികരിച്ചിരിക്കുന്നു, ആയതിനാല്‍ എപ്പോഴും മുറുകെ പിടിക്കാന്‍ ഒരു കാര്യം താങ്കള്‍ എനിക്ക് അറിയിച്ച് തന്നാലും. റസൂല്‍ ﷺ പറഞ്ഞു: താങ്കളുടെ നാവ് അല്ലാഹുവിനുള്ള സ്മരണയാല്‍ നനവുള്ളതാവട്ടെ. (തിർമിദി).

വിവരണം

> മതവിഷയങ്ങളിൽ സ്വഹാബിമാർക്കുണ്ടായിരുന്ന താൽപര്യം ഇത് പോലെയുള്ള ഹദീസുകളിൽ നിന്ന് വ്യക്തമാണ്. 

> ഐച്ഛികമായി ചെയ്യേണ്ട ധാരാളം നിയമങ്ങളും കർമങ്ങളും ആയപ്പോൾ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാൻ പറ്റുന്ന കാര്യമാണ് സ്വഹാബി ചോദിച്ചത്. നിർബന്ധ കാര്യങ്ങൾ എല്ലാവക്കും ഒരു പോലെ ബാധ്യതയാണ്.

> അറിയേണ്ടതും, സംശയമുള്ളതും പോലെയുള്ള കാര്യങ്ങൾ കൃത്യമാക്കുന്നതിൽ സ്വഹാബികൾ മുൻപന്തിയിലായിരുന്നു. 

> മതനിയമങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതും വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമായ കർമങ്ങൾ അറിയാൻ വേണ്ടിയിട്ടുള്ള ചോദ്യമായിരുന്നു അവരുടേത്. മത നിയമങ്ങൾ ചെയ്യാനുള്ള മടി കൊണ്ട് ചോദിക്കുന്നവയല്ല. കർമങ്ങളിൽ അങ്ങേയറ്റം മുൻപന്തിയിൽ നിൽക്കുന്നവരിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടായത്.

> മികച്ച് നിൽക്കുന്ന കർമങ്ങൾ അവർക്ക് ഉണ്ടാകണം എന്ന താൽപര്യത്തിലാണ് അവർ നബി ﷺ യോട് പ്രത്യേകം കാര്യങ്ങൾ അറിയാൻ ചോദിക്കുന്നത്.

> ഐച്ഛിക കാര്യങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിച്ചാൽ അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാൻ അത് ഏറെ കാരണമാകുന്നതാണ്.

> അല്ലാഹുവിനെ ഓർക്കൽ അതിൽ പെട്ട ഒരു വലിയ നൻമയാണ്. ഇത് രണ്ട് വിധമുണ്ട്. പൊതുവായതും പ്രത്യേകമായതും. നിത്യേന നാം ചെയ്യുന്ന ആരാധനാ കർമങ്ങളിൽ അല്ലാഹുവിനെ ഓർക്കൽ പൊതുവായ ഇനത്തിൽ പെടുന്നതാണ്. വിശുദ്ധ ക്വുർആനിലും ഹദീസിലും വന്നിട്ടുള്ളതായ ദിക്‌റുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ ഓർക്കൽ ആണ് രണ്ടാമത്തേത്. സ്വയം ഇഷ്ടപ്രകാരം അല്ലാഹുവിനെ ഓർക്കാൻ സമയം കണ്ടെത്തലാണ് അത്.

> ഇങ്ങനെ അല്ലാഹുവിനെ സ്മരിക്കാൻ തയ്യാറാവുന്നവന് മറ്റു അനാവശ്യ സംസാരങ്ങളിൽ നിന്നും ചിന്തകളിൽ നിന്നം വിട്ടു നിൽക്കാനും അങ്ങനെ സംശുദ്ധമായ ജീവിതം നയിക്കാനും അവന് സാധ്യമാകും. മാത്രമല്ല വമ്പിച്ച പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും.