തെളിച്ചം കൂടുന്ന നബി ജീവിതം – 2 – അവർ കാത്തിരിക്കുകയായിരുന്നു ….

തെളിച്ചം കൂടുന്ന നബി ജീവിതം – 2 - അവർ കാത്തിരിക്കുകയായിരുന്നു ....

ആൾകൂട്ടത്തിനിടയിൽ സ്വന്തം മക്കളെ തിരിച്ചറിയാത്തവർ ഉണ്ടാകുമോ ? ഇല്ല. ഇപ്രകാരം വേദക്കാർക്ക് പ്രവാചകനെ അറിയാമായിരുന്നു. മക്കളുടെ പേര് മാത്രമാണോ രക്ഷിതാക്കൾക്കറിയുക? അല്ല.

അവരുടെ അഭിരുചികൾ, സ്വഭാവം, പെരുമാറ്റം, താൽപര്യങ്ങൾ, … എല്ലാം അറിയും. . മക്കയിൽ വരാനിരിക്കുന്ന നബിയെ വേദക്കാർ ഇപ്രകാരം അറിഞ്ഞിരുന്നു!

എവിടെ നിന്നാണ് അവർക്ക് ഈ വിവങ്ങൾ കിട്ടിയത് ?

മൂസാ നബി (അ) യുടെയും ഈസ (അ) യുടെയും അധ്യാപനങ്ങളിൽ നിന്നുതന്നെ!

നബി (സ)യുടെ പേര്, നാട്, ഹിജ്റ, ഹിജ്റയുടെ നാട്, സ്വഭാവം,

അഭിരുചികൾ …. അങ്ങനെ എല്ലാം!

പക്ഷേ, ആ പ്രവാചകൻ വന്നപ്പോൾ ചിലർ സ്വീകരിച്ചു , ചിലർ തള്ളി ! അറിയാത്തതു കൊണ്ടല്ല! അഹങ്കാരം കൊണ്ട്!

മുൻ പ്രവാചകന്മാർ ഇങ്ങനെ പ്രവചിച്ച ഒരു പ്രവാചകൻ ചരിത്രത്തിൽ വേറെയില്ല!

ചില ചരിത്ര സംഭവങ്ങളിലേക്ക് നമുക്ക് പോവാം.

നബി (സ)വരുന്നതിനു മുമ്പേ അദ്ദേഹത്തെ പഠിച്ചറിഞ്ഞവരുടെ ചരിത്രം ഏറെ കൗതുകമുളവാക്കുന്നതാണ്.

ഇബ്നു ഹയ്യബാൻ, ശാമുകാരനായ ഒരു യഹൂദിയാണ്. അയാൾ ശാമിൽ നിന്ന് മദീനയിലേക്ക് യാത്ര പോയി. അവിടെയാണിപ്പോൾ താമസം. നല്ല മനുഷ്യനായി ആളുകൾക്കിടയിൽ അറിയപ്പെട്ടു. ആരാധനകളിൽ നിഷ്ഠ പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മരണമടുത്തപ്പോൾ ആളുകൾ അദ്ദേഹത്തിനടുത്ത് ഒരുമിച്ചുകൂടി. കൂട്ടത്തിൽ അസദ്, സഅലബ, അസദ് ബിൻ ഉബൈദ് എന്നീ യുവാക്കളും ഉണ്ട്.

അദ്ദേഹം പറഞ്ഞു:

“യഹൂദികളേ! സമ്പന്നതയുടെ മടിത്തട്ടിൽ നിന്ന് ദാരിദ്ര്യത്തിന്റെ ഈ നാട്ടിലേക്ക് ഞാൻ വന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ?”

“ഇല്ല “

“ഒരു നബിയുടെ ആഗമനം പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ വന്നത്. അദ്ദേഹം വരാറായിട്ടുണ്ട്. ഈ നാട്ടിലേക്കാണ് അദ്ദേഹം ഹിജ്റ വരിക. അദ്ദേഹം വന്നാൽ നിങ്ങൾ അദ്ദേഹത്തെ പിമ്പറ്റണം “

ഇത് പറഞ്ഞ് അയാൾ മരിച്ചു.

മഹ്മൂദ് ബിൻ ലബീദ് പറയുന്നു: “ഞങ്ങളുടെ വീടിനടുത്ത് ഒരു യഹൂദി ഉണ്ടായിരുന്നു. ഒരു ദിനം തന്റെ ജനതയോടയാൾ മരണാനന്തര ജീവിതത്തെ കുറിച്ചും സ്വർഗ നരകങ്ങളെ കുറിച്ചും വിചാരണയെ കുറിച്ചുമെല്ലാം സംസാരിച്ചു. അവർ പരലോക ജീവിതത്തെ അംഗീകരിക്കാത്ത വിഗ്രഹാരാധകരായിരുന്നു. നബി (സ) യുടെ നിയോഗത്തിന് തൊട്ട് മുമ്പാണ് ഈ സംഭവം.

“നിനക്ക് നാശം! മരണാനന്തരം ഒരു ലോകമോ? അസംബന്ധം !!

“എന്താണ് നിനക്കുള്ള തെളിവ് ?”

മക്കയുടെ ഭാഗത്തേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു: “ആ നാട്ടിൽ നിന്ന് ഒരു നബി വരാനുണ്ട്. “

എപ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ കാണുക?

അദ്ദേഹം ചുറ്റും നോക്കി. എന്നെ അദ്ദേഹം കണ്ടു. ഞാൻ കൂട്ടത്തിൽ ചെറുപ്പമായിരുന്നു.

“ഈ കുട്ടിക്ക് ആയുസ്സ് ഉണ്ടെങ്കിൽ അവൻ കാണും “

ദിനങ്ങൾ ഏറെ കഴിഞ്ഞില്ല! നബി (സ) വന്നു ! ഞങ്ങൾ എല്ലാവരും വിശ്വസിച്ചു. പക്ഷേ, അസൂയ മൂത്ത അയാൾ വിശ്വസിച്ചില്ല!!

വിഗ്രഹാരാധകരുമായി യുദ്ധമുണ്ടാകുമ്പോൾ ജൂതന്മാർ ഇപ്രകാരം പറയാറുണ്ട് :

“ഒരു നബി വരാറായിട്ടുണ്ട്. അദ്ദേഹം വന്നാൽ ഞങ്ങൾ അദ്ദേഹത്തിനൊപ്പം ചേർന്ന് നിങ്ങളോട് യുദ്ധം ചെയ്ത് നിങ്ങളെ നിലംപരിശാക്കും”

“ഞങ്ങൾക്കും അവർക്കും മിടയിൽ തീർപ്പുകൽപ്പിക്കുന്ന ആ പ്രവാചകനെ നീ വേഗം നിയോഗിക്കണേ അല്ലാഹുവേ ” എന്നു വരെ ജൂതന്മാർ പ്രാർത്ഥിക്കാറുണ്ടായിരുന്നു!

സഫിയ (റ) പിതാവ് ഹുയയ്യും പിതൃസഹോദരൻ അബൂ യാസിറും മദീനയിലെത്തിയ നബി (സ)യെ കാണാൻ ചെന്നു. കണ്ടു. സംസാരിച്ചു. മടക്കത്തിൽ അബൂ യാസിർ ചോദിച്ചു:

“ഇത് “അദ്ദേഹം ” തന്നെയല്ലേ?!

“അതെ”

നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ ?

” അതെ “

ഇനിയെന്താണ് പദ്ധതി?

“ശത്രുത തന്നെ ” !

( സംഭവങ്ങൾ, :

هداية الحيارى في أجوبة اليهود والنصارى

എന്ന ഇബ്നുൽ കയ്യിം(റ) യുടെ ഗ്രന്ഥത്തിൽ നിന്ന് )

ഖദീജ (റ) യുടെ പിതൃവ്യപുത്രനായ വറകത്ത് ബിൻ നൗഫലിന്റെ കഥ ഏറെ പ്രസിദ്ധമാണ്. നബി (സ)യുടെ വർത്തമാനങ്ങൾ കേട്ട ഉടനെ അദ്ദേഹം പ്രവാചകനെ തിരിച്ചറിഞ്ഞു !

അബ്ദുല്ലാഹി ബിൻ സലാമും (റ) ഇത്തരത്തിൽ നബിയെ തിരിച്ചറിഞ്ഞ വ്യക്തിയാണ്.

വരാനുള്ള നബിയെ കുറിച്ച് കേട്ട അറബികളിൽ ചിലർ തങ്ങളുടെ മക്കൾക്ക് മുഹമ്മദ് എന്ന പേരു മന:പ്പൂർവ്വം വെച്ചിരുന്നു!

അദിയ്യ് , സുഫ്യാൻ ബിൻ മഷാജിഅ,ഉസാമാ ബിൻ മാലിക്, യസീദ് ബിൻ റബീഅ എന്നിവർ അതിൽ പെട്ടവരായിരുന്നു. ശാമിൽ നിന്ന് ഒരു പുരോഹിതനിൽ നിന്നാണ് ഈ വിവരം അവർക്കു കിട്ടിയത്! [ ത്വബ്റാനി : 273]

ഇരുട്ടിൽ മുങ്ങിയ ലോകത്തേക്ക് വെളിച്ചവുമായിവന്ന

മുത്ത്നബി (സ) യെ

മുൻ വേദക്കാർ എപ്രകാരം അറിഞ്ഞിരുന്നു എന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

അല്ലാഹുവിന്റെ ഈ വചനങ്ങൾ ശ്രദ്ധേയമാണ്:

(ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَعۡرِفُونَهُۥ كَمَا یَعۡرِفُونَ أَبۡنَاۤءَهُمۡۖ وَإِنَّ فَرِیقࣰا مِّنۡهُمۡ لَیَكۡتُمُونَ ٱلۡحَقَّ وَهُمۡ یَعۡلَمُونَ)

[ അൽ ബകറ : 146]

“നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. “

(وَإِذۡ قَالَ عِیسَى ٱبۡنُ مَرۡیَمَ یَـٰبَنِیۤ إِسۡرَ ٰ⁠ۤءِیلَ إِنِّی رَسُولُ ٱللَّهِ إِلَیۡكُم مُّصَدِّقࣰا لِّمَا بَیۡنَ یَدَیَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولࣲ یَأۡتِی مِنۢ بَعۡدِی ٱسۡمُهُۥۤ أَحۡمَدُۖ فَلَمَّا جَاۤءَهُم بِٱلۡبَیِّنَـٰتِ قَالُوا۟ هَـٰذَا سِحۡرࣱ مُّبِینࣱ)

[സ്വഫ്ഫ്: :6]

“മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. “

മക്കത്തുദിച്ച മുത്തിനെ

ലോകം കാത്തിരിക്കുകയായിരുന്നു എന്ന് സാരം!കൈ വെള്ളയിലെത്തിയ ആ മുത്തിനെ പക്ഷേ ചിലർ കണ്ടില്ല! അവർക്കതിന്റെ പരിമളം ആസ്വദിക്കാനായില്ല! എന്നാൽ അങ്ങ് പേർഷ്യയിൽ ഒരാളുണ്ടായിരുന്നു! ഈ പരിമളം തേടി മദീനയിലേക്ക് യാത്ര തിരിച്ച സൽമാൻ എന്ന യുവാവ് ! ആശ്ചര്യ ദായകമാണ് അദ്ദേഹത്തിന്റെ കഥ .

നബി (സ) പോലും അദ്ദേഹത്തിന്റെ കഥ കേട്ട് അത്ഭുതം കൂറിയിട്ടുണ്ട്! അത് പിന്നീട് പറയാം.

إن شاء الله

അബ്ദുൽ മാലിക് സലഫി .

 

തെളിച്ചം കൂടുന്ന നബി ജീവിതം – 5

തെളിച്ചം കൂടുന്ന നബി ജീവിതം - 5: മക്കയിലെ അൽ അമീൻ

ഇരുൾ മുറ്റിനിന്നിരുന്ന മക്കയിൽ ഒരു യതീം പിറക്കുന്നു. മുഹമ്മദ് എന്ന് കുടുംബം പേര് വിളിച്ചു. വെളുത്ത സുമുഖനായ, ഓമനത്തമുള്ള ഒരാൺകുഞ്ഞ്. മാതാവിന്റെ പരിലാളനയിൽ പടിപടിയായി വളർന്നു വന്നു.

ഓടിച്ചാടി നടക്കാറായതും , മാതാവും വിടചൊല്ലി.

ശേഷം, പിതാമഹനും പിതൃവ്യനും പോറ്റിവളർത്തി.

ചെറുപ്പത്തിൽ തന്നെ അസാധാരണ ബുദ്ധിയും

സ്വഭാവ മഹിമയും ജീവിതവിശുദ്ധിയും

അർപ്പണബോധവും

നേതൃപാടവവും

തന്റേടവും

ധൈര്യവും പ്രകടമാക്കിയ ആ കുഞ്ഞ് ഏറെ വൈകാതെ ആ നാടിന്റെ ഓമനയായി മാറി.

ഖുറൈശി കുടുംബത്തിലെ സുമുഖനായ ചെറുപ്പക്കാരൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായി. ആർക്കും ദുഷിച്ചൊന്നും പറയാനില്ല. തിന്മകളുടെ ഓവുചാലുകൾ കരകവിഞ്ഞൊഴുകിയിരുന്ന മക്കയിൽ , തിമയുടെ ഗന്ധം പോലും അറിയാതെ വിശുദ്ധ ജീവിതം നയിച്ച അദ്ദേഹത്തെ നാട്ടുകാർ ഓമനിച്ച് വിളിച്ച പേരായിരുന്നു “അൽ അമീൻ ” എന്നത്.

ആ ചെറുപ്പക്കാരന് കിട്ടിയ തന്റെ നാടിന്റെ ആദരവായിരുന്നു അത്.

അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. അദ്ദേഹമാവട്ടെ പരമ ദരിദ്രനും . കഷ്ടിച്ച് മാത്രം ചിലവ് കഴിയുന്ന അവസ്ഥ. തന്റെ പിതൃവ്യനെ സാമ്പത്തികമായി സഹായിക്കണമല്ലോ, എന്തു ചെയ്യും ?

ആടിനെ മേയ്ക്കാം. താൻ നിയോഗിതനാവാൻ പോവുന്ന ഉന്നതമായ സ്ഥാനത്തേക്കുള്ള ഒരു പരിശീലന കളരി കൂടിയായിരുന്നു അത്. കാരണം, അടുമേയ്ക്കാത്ത അമ്പിയാക്കൾ

ഇല്ല എന്നു പറയാം. ചെറുപ്പത്തിൽ തന്നെ അദ്ധ്വാനിച്ച് ആഹരിക്കാനുള്ള അനുഭവ പാഠങ്ങൾ

ആടുമേയ്ക്കലിലൂടെ അദ്ദേഹം ആർജിച്ചെടുത്തു.

സമൂഹത്തിൽ നിന്ന് അകന്ന് അന്തർമുഖനായിട്ടല്ല അദ്ദേഹം ജീവിച്ചത്.

കച്ചവടം നടത്തി ലാഭം നേടുന്ന വഴികൾ നന്നായി ഗ്രഹിച്ച് കുറഞ്ഞ കാലം കൊണ്ട് ഏറെ കേളികേട്ട കച്ചവടക്കാരനായി മാറി. കച്ചവടത്തിൽ നിലനിന്നിരുന്ന അരുതായ്മകളുടെ അരികിലൂടെ പോലും അദ്ദേഹം സഞ്ചരിച്ചില്ല.

ഇപ്പോൾ വയസ്സ് 14 ആയി.

ഒരു യുദ്ധം നടക്കാൻ ഉള്ള ഒരുക്കമാണ്. സ്വന്തം നാടിനെ ഹവാസിനുകാർ

അക്രമിക്കാനിരിക്കുന്നു. ഒട്ടും അമാന്തിച്ചില്ല.

പ്രസ്തുത യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചു.

തന്നിലെ പോരാട്ടവീര്യവും ആയുധ കലയിലെ മെയ് വഴക്കവും ജനം ദർശിച്ച നിമിഷമായിരുന്നു അത്.

സമൂഹത്തിലെ സർവ്വ നന്മകളുടെയും മുൻപന്തിയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.

حلف الفضول

എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട അനുരഞ്ജന കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഗോത്രങ്ങൾ തമ്മിൽ ഐക്യം ഉണ്ടാക്കുക, അഗതികൾക്ക് ആശ്രയം നൽകുക, നാടിനെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുക എന്നിവയായിരുന്നു അതിന്റെ പ്രവർത്തന മേഖലകൾ . അതിലെല്ലാം അദ്ദേഹം മുന്നിൽ ആയിരുന്നു.

لقد شَهِدتُ مع عمومَتي حِلفًا في دارِ عبدِ اللَّهِ بنِ جُدعانَ ما أُحبُّ أن لي بهِ حُمْرَ النَّعَمِ، ولَو دُعيتُ بهِ في الإسلامِ لأجَبتُ.

الألباني (ت ١٤٢٠)، فقه السيرة ٧٢ • سند صحيح

“എന്റെ പിതൃവ്യന്മാരുടെ കൂടെ അബ്ദുല്ലാഹിബ്നു ജുദ്ആന്റെ ഭവനത്തിൽ നടന്ന സഹകരണ കരാറിൽ ഞാൻ പങ്കെടുത്തിരുന്നു. ചുവന്ന ഒട്ടകത്തേക്കാൾ എനിക്കത് പ്രിയം നിറഞ്ഞതായിരുന്നു.

ഇസ്ലാമായിരിക്കെ അതിലേക്ക് ക്ഷണിക്കപ്പെട്ടാലും തീർച്ചയായും ഞാൻ അതിൽ പങ്കെടുക്കും “

എന്ന ഹദീസ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിനെ അടയാളപ്പെടുത്തുന്നുണ്ട്.

സാമൂഹീക സഹകരണത്തോടൊപ്പം, ഭിന്നതകൾ രമ്യമായി പരിഹരിക്കുന്നതിനാവശ്യമായ സമർത്ഥമായ ഇടപെടലുകൾ നടത്തി മക്കയിലെ നേതൃത്വത്തിന് വ്യക്തമായ ദിശാബോധം നൽകാൻ അദ്ദേഹത്തിനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ നടന്ന കഅബയുടെ അറ്റകുറ്റ പണികളിൽ നേതൃപരമായ പങ്കു വഹിച്ച്, ഹജറുൽ അസ്‌വദിന്റെ വിഷയത്തിൽ തർക്കം വന്നപ്പോൾ ബുദ്ധി പരമായി അതിനെ കൈകാര്യം ചെയ്തത് ഒരു ഉദാഹരണം മാത്രം.

ചുരുക്കത്തിൽ, സമൂഹത്തിന്റെ നേതൃനിരയിലേക്കു വരേണ്ട വ്യക്തികളിൽ ഉണ്ടാവേണ്ട മുഴുവൻ ഗുണങ്ങളും സമ്പൂർണ രീതിയിൽ തന്നെ അദ്ദേഹത്തിൽ ദർശിക്കപ്പെട്ടിരുന്നു എന്നർഥം.

അതേസമയം,

സമൂഹത്തിന്റെ ആത്മീയ മേഖലയിലെ ജീർണതകളിൽ അദ്ദേഹം ഏറെ ഖിന്നനുമായിരുന്നു. അത് ഉള്ളിൽ നോവായി നിലനിൽക്കുമ്പോഴും പരസ്യമായി ഒന്നും

പ്രതികരിച്ചില്ല!

അതുകൊണ്ടു തന്നെ

അബ്ദുല്ലയുടെ മകൻ

മുഹമ്മദ് അവർക്ക് എല്ലാ അർത്ഥത്തിലും

“അൽ അമീൻ ” തന്നെ ആയിരുന്നു.

صلى الله عليه وسلم.

അബ്ദുൽ മാലിക് സലഫി .

 

തെളിച്ചം കൂടുന്ന നബി ജീവിതം . 4

തെളിച്ചം കൂടുന്ന നബി ജീവിതം . 4 - തിരുനബിയെ തിരിച്ചറിഞ്ഞ റോമൻ രാജാവ്

ഹുദൈബിയ്യാ കരാർ നിലവിലുള്ള സമയം, അബൂസുഫ്യാൻ (റ) – അദ്ദേഹം അന്ന് മുസ്ലിമല്ല- ശാമിലാണ്. കച്ചവടത്തിനായി പോയതാണ്.  കുറച്ചാളുകളും കൂടെയുണ്ട്. അപ്പോഴാണ്

 റേമാചക്രവർത്തി ഹിറഖ്ലിന്റെ ക്ഷണം ലഭിക്കുന്നത്. ജറൂസലമിൽ അദ്ദേഹത്തിന്റെ സന്നിധിയിൽ വരണം .

അബൂസുഫ്യാനും കൂട്ടുകാരും അവിടെ എത്തി .

റോമൻ നേതാക്കൾ

 ഹിറഖ്ലിന്റെ ചുറ്റിലും ഉണ്ട്. മക്കയിലെ പ്രവാചകനെ കുറിച്ച് വിശദാംശങ്ങൾ അറിയാനാണ് വിളിപ്പിച്ചത്.

“നിങ്ങളിൽ അദ്ദേഹത്തോട് അടുത്ത ബന്ധമുള്ള താരാണ്?”

 “അബൂസുഫ്യാൻ “

അതിനാൽ അദ്ദേഹത്തെ മുന്നിൽ നിർത്തി;കൂട്ടുകാരെ അദ്ദേഹത്തിന്റെപിന്നിലും.

 “ചില കാര്യങ്ങൾ ഞാൻ ചോദിക്കും, സത്യസന്ധമായി മറുപടി പറയണം. “

“ശരി”

പിന്നിലുള്ളവരോട് പറഞ്ഞു:

” ഇദ്ദേഹം കളവു പറഞ്ഞാൽ നിങ്ങൾ അത് നിഷേധിക്കണം “

ചോദ്യങ്ങൾ തുടങ്ങി.

“അദ്ദേഹത്തിന്റെ (നബിയുടെ ) കുടുംബ നില എന്താണ് ?”

“ഉയർന്ന കുടുംബമാണ്”

“മുമ്പ് ആരെങ്കിലും നിങ്ങളിൽ ഇതുപോലെ വാദിച്ചിട്ടുണ്ടോ?”

” ഇല്ല “

“പിതാക്കളിൽ ആരെങ്കിലും രാജാക്കന്മാരുണ്ടോ?”

“ഇല്ല “

“ആരാണ് അദ്ദേഹത്തിന്റെ അനുയായികളായിക്കൊണ്ടിരിക്കുന്നത് ?”

“പാവങ്ങൾ “

“അനുയായികൾ അധികരിക്കുകയാണോ?”

” അതെ “

“മതത്തിൽ പ്രവേശിച്ച ആരെങ്കിലും വെറുത്ത് പിന്മാറുന്നുണ്ടോ?”

“ഇല്ല “

“ഇതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിട്ടുണ്ടോ?”

“ഇല്ല “

” നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ?”

“ഇതുവരെ ഇല്ല. ഇനി എന്തുണ്ടാവും എന്ന് പറയാനാവില്ല “

” അദ്ദേഹവുമായി നിങ്ങൾ യുദ്ധം നടത്തിയിട്ടുണ്ടോ?”

“ഉണ്ട്”

“എന്താണ് പരിണതി ?”

”  അദ്ദേഹവും ഞങ്ങളും മാറിമാറി ജയിക്കാറുണ്ട് “

“എന്താണ് അദ്ദേഹം പറയുന്നത് ?”

” അല്ലാഹുവിനെ മാത്രം ആരാധിക്കണം. അവനോട് ഒന്നിനെയും പങ്ക് ചേർക്കരുത് . നമസ്കരിക്കണം. കുടുംബ ബന്ധങ്ങൾ ചേർക്കണം “

ഈ മറുപടികൾ കേട്ട ഹിറഖ്ൽ തുടർന്നു പറഞ്ഞു:

“പ്രവാചന്മാർ ഉന്നത കുടുംബത്തിൽ നിന്നാണ് നിയോഗിക്കപ്പെടുക … ഇങ്ങനെയാരെങ്കിലും മുമ്പ് വാദിച്ചിരുന്നുവെങ്കിൽ അത് ആവർത്തിക്കുകയാണിദ്ദേഹം ചെയ്യുന്നത് എന്ന് പറയാമായിരുന്നു….

പൂർവ്വികരിൽ വല്ല രാജാവും ഉണ്ടായിരുന്നെങ്കിൽ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാനുള്ള തന്ത്രമാണിതെന്ന് പറയാമായിരുന്നു…..

ജനങ്ങളെ കുറിച്ച് കളവു പറയാത്തയാൾ അല്ലാഹുവിനെ കുറിച്ച് കളവു പറയുമോ? സാധ്യമല്ല…..

പാവങ്ങളായിരിക്കും പ്രവാചകന്റെ അനുയായികൾ ….

അനുയായികൾ വർധിക്കുകയാണല്ലോ; അതെ ,സത്യവിശ്വാസം;  വർധിക്കുകയാണ് ചെയ്യുക….

അതിന്റെ പ്രഭ ഹൃദയത്തിൽ ലയിച്ചാൽ ആരും അതിനെ വെറുത്ത് പിന്മാറില്ല….

പ്രവാചകന്മാർ വഞ്ചിക്കാറില്ല….

നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ഈ നാട് കൂടി അദ്ദേഹം അധീനപ്പെടുത്തും!!

ഒരു പ്രവാചകൻ നിയോഗിക്കപ്പെടും എന്ന് എനിക്കറിയാമായിരുന്നു!

എന്നാൽ, അത് നിങ്ങളിൽ നിന്നാകുമെന്ന് ഞാൻ കരുതിയിരുന്നില്ല!

അദ്ദേഹത്തിന്റെയടുക്കൽ എത്തിച്ചേരാൻ സാധിക്കു

മെന്നറിഞ്ഞാൽ എന്തു ക്ലേശവും ഞാൻ സഹിക്കും. അദ്ദേഹത്തിന്റെ അരികിലായിരുന്നു ഇപ്പോൾ ഞാനെങ്കിൽ അദ്ദേഹത്തിന്റെ ഇരു പാദങ്ങളും ഞാൻ കഴുകുമായിരുന്നു !… ” (ബുഖാരി : 7)

മുൻവേദങ്ങൾ ശരിയാംവണ്ണം പഠിച്ചവർ നബി തിരുമേനിയെ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ ശക്തമായ തെളിവുകളിലൊന്നാണ് ഈ സംഭവം. ഒരു പ്രവാചകന്റെ ആഗമനം അവർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

ഹിറഖ്ൽ ചക്രവർത്തി  പ്രവാചകത്വ നിയോഗത്തിന്റെ സമയം കൃത്യമായി കണക്കുകൂട്ടിയിരുന്നു എന്ന് ഉപരിസൂചിത ഹദീസിന്റെ ബാക്കിയിലുണ്ട്. ചേലാകർമ്മം ചെയ്യുന്ന ഒരു ഭരണാധികാരി വിജയിക്കും എന്നദ്ദേഹം കൃത്യമായി ഗ്രഹിച്ചിരുന്നു. തന്റെ പല സ്നേഹിതന്മാരെയും ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു !

ആ പ്രവാചകനെ പിൻതുടരണം എന്ന് അദ്ദേഹത്തിന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ, അധികാരവും അനുയായികളും പലപ്പോഴും സത്യം സ്വീകരിക്കുന്നതിന് ചിലർക്ക് തടസ്സമാണല്ലോ. അത് ചരിത്രത്തിൽ അനവരതം തുടരുന്ന ഒരു യാഥാർത്ഥ്യവുമാണ്.

റോമൻ രാജാവിനും സംഭവിച്ചത് അതു തന്നെയാണ്!

സത്യം അറിഞ്ഞു; പക്ഷേ സ്വീകരിച്ചില്ല !

ഭരണവും ഭരണീയരും

തടസ്സമായി!

ഒരിക്കൽ തന്റെ നാട്ടിലെ മുഴുവൻ പ്രധാനികളെയും അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിച്ചു കൂട്ടി. ഒരു വലിയ മുറിയിൽ എല്ലാവരും ഒത്തുകൂടി . മുറിയുടെ കവാടങ്ങൾ ബന്ധിക്കാൻ കൽപന കൊടുത്തു.

ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു:

“റോമക്കാരേ!

സന്മാർഗം സിദ്ധിക്കാനും

വിജയം വരിക്കാനും

 നിങ്ങളുടെ ആധിപത്യം

അവസാനിക്കാതിരിക്കാനും നിങ്ങൾക്ക് ആഗ്രഹമുണ്ടോ ?! എങ്കിൽ, ഈ നബിയെ സ്വീകരിച്ചു കൊള്ളാം എന്ന് നിങ്ങൾ പ്രതിജ്ഞ ചെയ്യണം !! “

ഇതു കേട്ടമാത്രയിൽ കാട്ടു കഴുതകളെപ്പോലെ അവർ കവാടങ്ങളിലേക്ക് കുതിച്ചോടി!!

പക്ഷേ, അവ അടച്ചിടപ്പെട്ടിരിക്കുന്നു!

സംഗതി പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ ഹിറഖ്ൽ വാക്കു മാറ്റി!

അയാൾ പറഞ്ഞു:

“നിങ്ങളുടെ മതത്തിൽ നിങ്ങൾക്ക് എത്രകണ്ട് ദൃഢവിശ്വാസമുണ്ടെന്ന് പരീക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്ത തന്ത്രമല്ലേ ഇത് !!

നിങ്ങളുടെ വിശ്വാസ ദാർഢ്യം എനിക്ക് ബോധിച്ചു !! “

അവർക്ക് തൃപ്തിയായി .

അദ്ദേഹത്തിന്റെ മുന്നിൽ അവർ സാഷ്ടാംഗം ചെയ്തു.!

(ബുഖാരി : 7)

സത്യത്തിന്റെ സന്ദേശം

സ്വീകരിക്കാൻ ഭൗതിക സുഖങ്ങൾ തടസ്സമാവുന്നതെങ്ങിനെയാണെന്ന്

ഹിറഖ്ലിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. തിരുദൂതരുടെ രിസാലത്തിന്റെ തെളിച്ചം ഇത്തരം സംഭവങ്ങളിലൂടെ ലോകം അറിയുന്നു !

ഇബ്രാഹിം നബി (അ) കൊതിച്ച , മൂസാ നബി (അ) അടയാളങ്ങൾ പറഞ്ഞ , ഈസാ നബി (അ) സന്തോഷ വാർത്ത നൽകിയ ആ മഹാ പ്രവാചകൻ മക്കയിൽ വന്ന മുഹമ്മദ് നബി (സ) തന്നെയാണെന്നതിന് നിരവധി രേഖകൾ നാം കണ്ടു കഴിഞ്ഞു.

ഇനി, ആ തിരുനബിയുടെ അനുപമ ജീവിതത്തിലേക്കാണ് നാം യാത്ര തിരിക്കുന്നത്.

അല്ലാഹു അനുഗ്രഹിക്കട്ടെ.

ആമീൻ.

അബ്ദുൽ മാലിക് സലഫി

തെളിച്ചം കൂടുന്ന നബി ജീവിതം . 3​

തെളിച്ചം കൂടുന്ന നബി ജീവിതം . 3 - വെളിച്ചം തേടി മദീനയിലേക്ക്....

ഹിജ്റ അഞ്ചാം വർഷം ; ശത്രുക്കൾ മദീനയെ വളഞ്ഞിരിക്കുന്നു. ഇത്തവണ ശത്രുപക്ഷം ഒന്നാകെയാണ് വന്നിരിക്കുന്നത്. മുസ്ലീംകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം നേടണം എന്ന നിശ്ചയദാർഢ്യത്തോടെ തന്നെയാണ് വരവ്. മുസ്ലിംകളുടെ ഉള്ളിൽ ഭയത്തിന്റെ തോത് മെല്ലെ മെല്ലെ ഉയരുകയാണ്. മാറിലെ ഹൃദയം മേൽപ്പോട്ട് കയറുന്നത് പോലെ .എന്തു ചെയ്യണം? കൂടിയാലോചിക്കുക തന്നെ. ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് നിന്നു. “തിരുദൂതരേ! നമുക്ക് മദീനക്ക് ചറ്റും കിടങ്ങ് കുഴിച്ചാലോ?”

എല്ലാവരും ഒരു നിമിഷം സ്തബ്ദരായി ! സാഗരം കണക്കെ മണൽ പരന്നുകിടക്കുന്ന ഈ ഭൂമിയിൽ ഒരു കിടങ്ങ് !നല്ല ആശയം ! 

വരൂ നമുക്ക് തുടങ്ങാം. കിടങ്ങ് റെഡി !

വിജയത്തിന്റെ വിസ്മയങ്ങൾ സ്വപ്നം കണ്ടുവന്ന ശത്രുക്കൾ കിടങ്ങ് കണ്ട് ഇതികർത്തവ്യതാമൂഢരായി നിന്നു!

അറേബ്യൻ മണൽപരപ്പുക്കളിൽ കിടങ്ങിന്റെ ചരിത്രം കുറിച്ച ആ യുവാവ് ആരായിരുന്നു?

വരൂ, നമുക്കദ്ദേഹത്തിന്റെ ചരിത്രം കേൾക്കാം. ഇബ്നു അബ്ബാസ് (റ) ന് ആ വിസ്മയ ചരിതം അദ്ദേഹം കേൾപ്പിക്കുന്നുണ്ട്. നമുക്കത് കാതോർക്കാം. നബി ചരിതത്തിന്റെ താളുകൾ വായിച്ചു തുടങ്ങുമ്പോൾ , ഈ ചരിത്രവിവരണം നമ്മെ കോരിത്തരിപ്പിക്കും.

അതാ അദ്ദേഹം പറഞ്ഞു തുടങ്ങി!

” ഞാൻ അസ്ബഹാനിലെ ജയ്യുൻ ഗ്രാമത്തിലെ ഗ്രാമത്തലവന്റെ മകനാണ്. എന്റെ പിതാവിന് എന്നോട് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് പുറത്തേക്കൊന്നും എന്നെ പറഞ്ഞയക്കാറില്ല! അഗ്നിയാരാധയുടെ ആശാനായിരുന്നു എന്റെ പിതാവ്. ഞാനാവട്ടെ അതിൽ ഏറെ ഭക്തിയുള്ളവനുമായിരുന്നു. ഒരു ദിനം പിതാവിന് കുറച്ച് തിരക്കുകൾ വന്നു. അതിനാൽ അദ്ദേഹത്തിന്റെ തോട്ടത്തിലേക്ക് എന്നോട് പോവാൻ പറഞ്ഞു. ഞാൻ പുറത്തിറങ്ങി നടന്നു. വഴിമധ്യേ ഒരു ക്രിസ്ത്യൻ ആരാധനാലയം എന്റെ ശ്രദ്ധയിൽ പെട്ടു. അവരുടെ ആരാധന എന്നെ ആശ്ചര്യപ്പെടുത്തി. അവർ ചെയ്യുന്ന ആരാധനാ കർമങ്ങൾ ഞാൻ ഏറെ കൗതുകത്തോടെ വീക്ഷിച്ചു. ഇത് എന്റെ മതത്തേക്കാൾ നല്ലതാണല്ലോ .. നേരം ഇരുട്ടിയതറിഞ്ഞില്ല. പിതാവ് എന്നെ ഏൽപിച്ച കാര്യം ഞാൻ വിട്ടു പോയി.

“നിങ്ങളുടെ മതത്തിന്റെ കേന്ദ്രം എവിടെയാണ് ?” ഞാൻ അന്വേഷിച്ചു.

“ശാം ” അവർ മറുപടി തന്നു.

ഞാൻ വീട്ടിലേക്ക് മടങ്ങി. നേരം വൈകിയതിന്റെ കാരണം തിരക്കിയ പിതാവിനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു.

“മോനേ അത് പിഴച്ച മതമാണ്, നമ്മുടെ പൂർവ്വികരുടെ മതമാണ് നല്ലത് “

“അല്ല ” ഞാൻ ഉറച്ചു പറഞ്ഞു.

തന്മൂലം പിതാവ് എന്നെ ബന്ധിയാക്കി. എവിടേക്കും ഇറങ്ങാർ പറ്റാത്ത അവസ്ഥ. 

ശാമിൽ നിന്ന് വല്ല കച്ച വടക്കാരും വന്നാൽ ആ വിവരം എന്നെ അറിയിക്കണമെന്ന് ഞാനവരോട് പറഞ്ഞിരുന്നു. 

അതാ ഒരു സംഘം എത്തി.! ഞാൻ അവരുടെ കൂടെ കൂടി . ശാമിനെ ലക്ഷ്യമായി യാത്ര തിരിച്ചു.

ശാമിലെത്തി.

“നിങ്ങളിലെ പ്രധാനി ആരാണ്?”

ഒരാളെ അവർ എനിക്ക് കാണിച്ച് തന്നു. അയാളുടെ അടുത്ത് ഞാൻ എത്തി. 

അവിടെ കഴിയാൻ ഞാൻ അനുവാദം ചോദിച്ചു. അനുവാദം കിട്ടി.

എന്റെ ജീവിതം അദ്ദേഹത്തിന്റെ കൂടെയായി. സത്യത്തിൽ അയാളൊരു നല്ല മനുഷ്യനായിരുന്നില്ല. ജനങ്ങളുടെ പണം പിടുങ്ങുക എന്നത് മൂപ്പരുടെ പതിവായിരുന്നു. ഇത് തിരിച്ചറിഞ്ഞ ജനം മരണശേഷം അയാളെ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു. തൽസ്ഥാനത്ത് മറ്റൊരാൾ വന്നു. നല്ല മനുഷ്യൻ ! എനിക്കയാളെ ഏറെ ഇഷ്ടമായി. കുറേ കാലം അയാളോടൊത്ത്  ഞാൻ സഹവസിച്ചു. അദ്ദേഹത്തിന്റെ മരണമടുത്തപ്പോൾ , ഞാൻ ഇനിഎന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് ഉപദേശം തേടി.

“നസ്വീബീനിൽ ഒരു മനുഷ്യനുണ്ട് നീ അയാളെ സമീപിക്കുക “

ഞാൻ അവിടെ എത്തി. കുറച്ച് കഴിഞ്ഞ് അയാളും മരണശയ്യയിലായി. അമൂരിയ്യയിലുള്ള പുരോഹിതനെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവിടെ എത്തി. അവിടെ നിരവധി സേവനങ്ങൾ ചെയ്ത് ഞാൻ ജീവിച്ചു. ധാരാളം ആടുകളും പശുക്കളും എനിക്കുണ്ടായി. കാലം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അയാളുടെ ജീവിതം അസ്തമിക്കാറായി എന്ന് എനിക്ക് തോന്നി. ഇനി എവിടേക്ക് ?!

ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു !

“മോനേ! ഇനി നിനക്ക് പോവാൻ പറ്റിയ ഒരു ഇടവും ഞാൻ കാണുന്നില്ല! എന്നാൽ ഒരു നബിയുടെ കാലം ആയിട്ടുണ്ട്. ഇബ്രാഹീമിന്റെ മതവുമായാണ് അദ്ദേഹം നിയോഗിക്കപ്പെടുക. അറബികളുടെ നാട്ടിൽ നിന്ന് കറുത്ത കല്ലുകളുള്ള രണ്ട് കുന്നുകൾക്കിടയിലെ , ഈന്തപ്പനകളുള്ള നാട്ടിലേക്കദ്ദേഹം പലായനം ചെയ്ത് വരും. അദ്ദേഹത്തെ തിരിച്ചറിയാൻ ചില അടയാളങ്ങൾ ഉണ്ട്.

ദാനധർമ്മങ്ങൾ ഭക്ഷിക്കില്ല.

സമ്മാനങ്ങൾ സ്വീകരിക്കും.

ചുമലുകൾക്കിടയിൽ പ്രവാചകത്വമുദ്രയുണ്ടാവും!

അതിനാൽ ആ നാട്ടിലേക്ക് നിനക്ക് പോകാൻ സാധിക്കുമെങ്കിൽ നീ അത് ചെയ്തോ ! “

തമസംവിനാ അദ്ദേഹം മരിച്ചു. കുറഞ്ഞ നാളുകൾ കൂടി ഞാനവിടെ കഴിച്ചു കൂട്ടി.

അതിനിടെ കൽബ് ഗോത്രത്തിലെ കുറച്ച് കച്ചവടക്കാരെ ഞാൻ കണ്ടു. 

“ഈ ആടുകളേയും പശുക്കളേയും ഞാൻ നിങ്ങൾക്ക് നൽകാം; എന്നെ അറബികളുടെ നാട്ടിലെത്തിക്കാമോ?”

“അതെ!”

അവരുടെ കൂടെ ഞാൻ യാത്രയാരംഭിച്ചു.

എന്നാൽ, ”വാദിൽകുറ”യിൽ എത്തിയപ്പോൾ അവർ എന്നെ ചതിച്ചു. ഒരു ജൂതന് അടിമയായി എന്നെ അവർ വിറ്റു!

പിന്നെ അയാളുടെ കൂടെയായി എന്റെ ജീവിതം. ചിലപ്പോൾ ഈന്തപ്പനമരങ്ങൾ ഞാൻ കാണും . 

“എന്റെ ഗുരു പറഞ്ഞ ആ നാട് ഇതാണോ?”

എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല!

അതിനിടെ എന്റെ ഉടമയുടെ പിതൃവ്യപുത്രൻ അവിടെ വന്നു. അദ്ദേഹം മദീനയിലെ ബനൂകുറൈള ഗോത്രക്കാരനാണ്. അയാൾ എന്നെ വാങ്ങി. അയാളുടെ കൂടെ ഞാൻ മദീന ലേക്ക് …. അതെ ഇതു ഞാൻ കാത്തിരുന്ന നാടു തന്നെ!

അതിനിടെ പ്രവാചൻ മക്കയിൽ നിയോഗിതനായിരുന്നു. ഒരടിമയായിരുന്നതിനാൽ എനിക്ക് വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. അതിനിടെ

പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോന്നിരുന്നു.

ഒരു ദിവസം , ഞാൻ ഈന്തപ്പനയുടെ മുകളിൽ കയറി ചില പണികൾ ചെയ്യുകയായിരുന്നു. എന്റെ ഉടമ താഴെയുണ്ട്. ആ സമയത്ത് അയാളുടെ പിതൃവ്യപുത്രൻ അവിടെ എത്തി. അവർ സംസാരം തുടങ്ങി. ഞാൻ ശ്രദ്ധിച്ചു; എന്താണവർ സംസാരിക്കുന്നത് ?!

“ജനങ്ങൾക്കിത് എന്തു പറ്റി ! നബിയാണെന്ന് പറഞ്ഞ് മക്കയിൽ നിന്ന് ഒരാൾ വന്നിരിക്കുന്നു ! ജനങ്ങൾ കുബയിൽ അദ്ദേഹത്തിന്റെ അടുത്ത് തിരക്കു കൂട്ടുന്നു! “

ഇത് കേട്ടതും എനിക്ക് നിയന്ത്രണം വിടുന്നതു പോലെ തോന്നി. ഒരു കുളിർമ കാലിൽ നിന്ന് മുകളിലേക്ക് അരിച്ച് കയറാൻ തുടങ്ങി ! ഹൃദയമിടിപ്പ് 

കൂടിവന്നു! 

കാലുകൾ വിറക്കാൻ തുടങ്ങി ! ഞാൻ താഴേക്ക് വീഴുമോ എന്ന് തോന്നി. വേഗം ഊർന്നിറങ്ങി!

അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.

“നിങ്ങൾ എന്താണ് പറഞ്ഞത് ?!!”

“നിനക്കെന്താടാ ഇതിൽ കാര്യം , നീ നിന്റെ പണിയെടുക്ക്” എന്റെ കരണത്ത് ആഞ്ഞടിച്ച് എന്റെ ഉടമ പറഞ്ഞു.

കേട്ട ആ വാർത്ത ഉറപ്പു വരുത്താൻ തന്നെ ഞാൻ തീരുമാനിച്ചു.

സന്ധ്യയായപ്പോൾ ആരും കാണാതെ പുറത്തിറങ്ങി. 

ഞാൻ തിരുനബിയുടെ അടുത്തെത്തി!

അദ്ദേഹം കുബാഇലാണ് !

ഞാൻ കയറിച്ചെന്നു; “എന്റെ കയ്യിൽ കുറച്ച് സ്വദഖയുണ്ട്. അത് നിങ്ങൾക്ക് ആവശ്യമുണ്ടാവും ! 

ഇതാ ഇതു സ്വീകരിച്ചാലും! “

അതു തന്റെ അനുചരന്മാർക്ക് നീട്ടി നൽകി അവിടുന്ന് പറഞ്ഞു:

“നിങ്ങൾ ഭക്ഷിച്ചോളൂ “

.അദ്ദേഹം അത് തൊട്ടില്ല!

“അതെ !!

ഇതാണ് ഒന്നാമത്തെ അടയാളം” ഞാൻ മനസ്സിൽ മന്ത്രിച്ചു.

പിന്നീട് ഒരിക്കൽ ഞാൻ സമ്മാനവുമായി വന്നു. അപ്പോൾ അദ്ദേഹമത് സ്വീകരിച്ചു !

“അതെ !! ഇത് രണ്ടാമത്തേത് ! “

പിന്നീട് അദ്ദേഹം

 ബകീഇൽ ഒരു ജനാസയിൽ പങ്കെടുത്തു കൊണ്ടിരിക്കെ ഞാൻ വീണ്ടും ചെന്നു!

അവിടുന്ന് അനുചരന്മാരുടെ കൂടെ ഇരിക്കുകയാണ്.

രണ്ട് മുണ്ടുകൾ അദ്ദേഹത്തിന്റെ മുതുകിലുണ്ട്.

എന്റെ ഗുരു എന്നോട് പറഞ്ഞ ആ മുദ്ര ഞാൻ തിരയുകയാണ്. അദ്ദേഹത്തെ ചുറ്റിപറ്റി ഞാൻ നിന്നു . നബി (സ)ക്ക് കാര്യം ബോധ്യമായി ; മുതുകിലെ മുണ്ട് മാറ്റി പ്രവചകത്വമുദ്ര എനിക്ക് കാണിച്ച് തന്നു!!

 പ്രവാചകന്റെ പൂമേനി ഞാൻ പുണർന്നു !

അണച്ചു കൂട്ടി ഉമ്മവെച്ചു ! പെരുമഴ കണക്കെ പെയ്ത എന്റെ അശ്രുകണങ്ങൾ മണൽ തരികളെ നനച്ചു കൊണ്ടിരുന്നു ….

ഹോ !ഇബ്നു അബ്ബാസ് ! താങ്കൾക്കീ കഥ ഞാൻ പറഞ്ഞു തന്നതു പോലെ എന്റെ മുത്ത് നബിക്കും ഞാനീ കഥ പറഞ്ഞു കൊടുത്തു. അദ്ദേഹം അത്ഭുതം കൂറിയാണ് അത് ശ്രവിച്ചത് !…..

(അഹ്മദ്: 23737-

إسناده حسن )

അതെ; അദ്ദേഹമാണ്  ഇസ്ലാമിന്റെ പുത്രൻ സൽമാൻ എന്ന പേരിൽ  പിന്നീട് ചരിത്രത്തിൽ അറിയപ്പെട്ടത് !

മക്കയിൽ വന്ന് മദീനയിൽ അന്ത്യവിശ്രമം കൊളുന്ന അന്തിമ ദൂതൻ സത്യനബിയാണെന്നതിന് തെളിവായി സൽമാൻ (റ) ന്റെ ഈ കഥയേക്കാർ  ഇനി എന്തു വേണം?!

വേദങ്ങളിൽ വിവരിക്കപ്പെട്ട

വഴികാട്ടി ഈ പ്രവാചകൻ തന്നെയാണെന്നതും ഇവിടെ തെളിയുകയാണ്.

എത്ര കൃത്യമാണ് പ്രവചനങ്ങൾ!

അത് ഗ്രഹിച്ചവർ ഗ്രഹിച്ചു; അല്ലാത്തവർ നശിച്ചു.

സന്മാർഗത്തിന്റെ വെളിച്ചത്തിന് ദാഹിക്കുന്നവൻ അവസാനം  ആ വെളിച്ചത്തിനടുത്തെത്തും ; അവൻ എത്ര വിദൂരത്താണെങ്കിലും ശരി.

വെളിച്ചത്തെ വിലവെക്കാത്ത വനാണെങ്കിൽ അവനത് ലഭിക്കില്ല; എത്ര സമീപത്താണെങ്കിലും !

സൽമാൻ (റ)ന്റെയും

അബൂത്വാലിബിന്റെയും ചരിത്രം അതാണ് ലോകത്തോട് പറയുന്നത്.

വേദക്കാർ നബി (സ) യെ തിരിച്ചറിഞ്ഞ കഥകൾ ഇനിയും ഉണ്ട്.

ഹിറക് ലിന്റെ കഥ അതാണ്. അത് പറയാം

إن شاء الله

അബ്ദുൽ മാലിക് സലഫി

നബി ചരിത്രം – 69

നബി ചരിത്രം - 69: ഹിജ്റ ഏഴാം വർഷം [ഭാഗം: 2]
നബി അയച്ച കത്തുകൾ.

 (3) പേർഷ്യൻ രാജാവിനുള്ള കത്ത്.

പേർഷ്യയുടെ രാജാവായ കിസ്‌റാ ഇബ്നു ഹുർമുസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്‌മിرضي الله عنهയെ ഒരു കത്തുമായി നബി ﷺ അയച്ചു. ബഹ്റൈനിന്റെ മുഖ്യനായ മുൻദിറുബ്നു സാവിയുടെ പക്കൽ കത്ത് കൊടുക്കാനാണ് അബ്ദുല്ലرضي الله عنهയോട് നബി ﷺ നിർദേശിച്ചത്. മുൻദിർ ആയിരിക്കണം കിസ്‌റക്ക് ആ കത്ത് നൽകേണ്ടത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും പേർഷ്യയുടെ മുഖ്യനായ കിസ്‌റക്കുള്ള കത്ത്. സന്മാർഗ്ഗം പിൻപറ്റിയവർക്കും അല്ലാഹുവിന്റെ പ്രവാചകനിൽ വിശ്വസിച്ചവർക്കും ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും ജീവിച്ചിരിക്കുന്നവരെ താക്കീത് ചെയ്യാൻ വേണ്ടി ഞാൻ മുഴുവൻ ജനങ്ങളിലേക്കുമുള്ള പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുന്നവർക്കും രക്ഷയുണ്ട്. മുസ്ലിമാവുക താങ്കൾ രക്ഷപ്പെടും. വിസമ്മതിക്കുന്ന പക്ഷം മജൂസികളുടെ കുറ്റ ഭാരം കൂടി നിങ്ങൾക്കുണ്ടാകും”. (ഇബ്നു ജരീറുത്ത്വബ്‌രി: 2/133)

ഇബ്നു അബ്ബാസ് رضي الله عنهൽ നിന്ന് നിവേദനം; അബ്ദുല്ലാഹിബ്നു ഹുദാഫرضي الله عنهയെ കിസ്റക്കുള്ള കത്തുമായി നബി ﷺ നിയോഗിക്കുകയുണ്ടായി. ബഹ്റൈനിലെ മുഖ്യന്റെ കയ്യിൽ അത് നൽകാനാണ് നബി ﷺ കൽപിച്ചത്. അങ്ങിനെ ബഹ്റൈനിലെ മുഖ്യൻ ആ കത്ത് കിസ്‌റക്കു നൽകി. കത്ത് വായിച്ചപ്പോൾ കിസ്‌റ അത് കീറിക്കളഞ്ഞു. അവർ മൊത്തത്തിൽ പിച്ചിച്ചീന്തപ്പെടട്ടെ എന്ന് നബി ﷺ അവർക്കെതിരെ പ്രാർത്ഥിച്ചു. (ബുഖാരി: 4424)

ശേഷം കിസ്റാ യമനിലുള്ള തന്റെ ഗവർണറായ ബാദാനിന് ഒരു കത്തെഴുതി. യമനിൽ നിന്നും ബലവാൻമാരായ രണ്ടാളുകളെ ഹിജാസിലേക്ക് പറഞ്ഞയക്കുകയും എന്നിട്ട് മുഹമ്മദിനെ പേർഷ്യയിലേക്ക് കൊണ്ടു വരികയും ചെയ്യണം എന്നുള്ളതായിരുന്നു നിർദ്ദേശം. കിസ്റയുടെ കല്പന പ്രകാരം ബാദാൻ രണ്ട് ആളുകളെ ഒരു കത്തുമായി നബി ﷺ യിലേക്ക് അയച്ചു. അവർ മദീനയിലെത്തി. ബാദാൻ നൽകിയ കത്ത് അവർ നബി ﷺ ക്കു കൈമാറി. അല്ലാഹുവിന്റെ പ്രവാചകൻ പുഞ്ചിരിച്ചു. ഈ രണ്ട് ദൂതന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നിട്ട് പറഞ്ഞു: ഇപ്പോൾ നിങ്ങൾ പോകണം. എന്നിട്ട് നാളെ തിരിച്ചു വരണം. പറയാനുള്ള കാര്യങ്ങൾ അപ്പോൾ പറയാം”. പിറ്റേ ദിവസം അവർ രണ്ടു പേരും പ്രവാചക സന്നിധിയിലെത്തി. അല്ലാഹുവിന്റെ പ്രവാചകൻ അവരോട് പറഞ്ഞു: ” എന്റെ റബ്ബ് നിന്റെ റബ്ബിനെ ഇന്നു രാത്രി കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ബാദാനിനെ അറിയിക്കുക.” (അഹ്‌മദ്: 20438)

ഏഴു മണിക്കൂർ കഴിഞ്ഞു. ജമാദുൽ ഊല പത്ത് ചൊവ്വാഴ്ചയുടെ രാത്രി കിസ്റയുടെ മകൻ ശൈറവൈഹിക്ക് സ്വന്തം പിതാവിൽ അല്ലാഹു ആധിപത്യം നേടിക്കൊടുത്തു. ആ മകൻ തന്നെ സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തു. ദൂതന്മാർ കത്തുമായി ബാധാനിന്റെ അടുത്തേക്ക് മടങ്ങി. ബാദാനും അദ്ദേഹത്തിന്റെ മക്കളും ഇസ്‌ലാം സ്വീകരിച്ചു. യമനിൽ നിന്നും കല്യാണം കഴിച്ച പേർഷ്യയുടെ മക്കളായിരുന്നു അവർ.

നബി ﷺ യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. പേർഷ്യൻ സാമ്രാജ്യത്തെ അല്ലാഹു പിച്ചി ചീന്തി. ഉമറുബ്നുൽ ഖത്താബിന്റെ ഭരണ കാല ഘട്ടത്തിലാണ് അവരുടെ ഭരണ കൂടം തകർന്നടിഞ്ഞത്. പേർഷ്യൻ സാമ്രാജ്യവും റോമൻ സാമ്രാജ്യവും മുസ്ലിംകളുടെ അധീനതയിൽ പിൽകാലത്ത് വരികയുണ്ടായി. “അബൂഹുറൈറرضي الله عنه യിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞിരിക്കുന്നു: കിസ്റ നശിച്ചു കഴിഞ്ഞാൽ പിന്നീട് മറ്റൊരു കിസ്റ ഇല്ല. ഖൈസർ നശിച്ചു കഴിഞ്ഞാൽ ശേഷം മറ്റൊരു ഖൈസറും ഇല്ല. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, കിസ്‌റയുടെയും ഖൈസറിന്റെയും ധന ശേഖരങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കപ്പെടുക തന്നെ ചെയ്യും.” (ബുഖാരി: 3618. മുസ്‌ലിം: 2918)

(4) അലക്സാണ്ട്രിയൻ രാജാവ് മുഖൗഖിസിനുള്ള കത്ത്.
ഹാത്വിബുബ്നു അബിൽബൽതഅയെ ഒരു കത്തുമായി ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബി ﷺ ഖ്വിബ്ത്വികളുടെ മുഖ്യനായ മുഖൗഖിസിലേക്ക് അയച്ചു. അലക്സാണ്ട്രിയക്കാരനായിരുന്നു അദ്ദേഹം. ജുറൈജുബ്നു മീനാഅ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഖിബ്ത്വികളുടെ മുഖ്യനായ മുഖൗഖിസിനുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. താങ്കളെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. മുസ്‌ലിമാവുക രക്ഷപ്പെടാം. താങ്കൾ മുസ്ലിമാവുക. അല്ലാഹു താങ്കൾക്ക് രണ്ട് പ്രതിഫലം നൽകും. ഇനി താങ്കൾ പിന്തിരിയുന്ന പക്ഷം ഖിബ്ത്വികളുടെ കുറ്റ ഭാരം കൂടി താങ്കളിൽ ഉണ്ടാകും. “(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക”.(ആലു ഇംറാൻ: 64) പ്രവാചകന്റെ കത്ത് ലഭിച്ചപ്പോൾ മുഖൗഖിസ് അത് ചുംബിക്കുകയും ആ കത്തു വായിക്കുകയും ഹാത്വിബിനെ ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൽക്കാരത്തെ നന്നാക്കി. ഒരു മറുപടിക്കത്തുമായി അദ്ദേഹത്തെ പ്രവാചകനിലേക്ക് യാത്രയാക്കുകയും ചെയ്തു.

ഒരു വസ്ത്രവും കറുപ്പു കലർന്ന വെളുത്ത നിറമുള്ള ഒരു കോവർ കഴുതയും രണ്ടു അടിമ സ്ത്രീകളെയും പ്രവാചകനു സമ്മാനമായി കൊടുത്തയച്ചു. ഇബ്രാഹിമിന്റെ ഉമ്മ മാരിയതുൽ ഖിബ്തിയ്യയും അവരുടെ സഹോദരി സീരീനുമായിരുന്നു ആ രണ്ട് സ്ത്രീകൾ. സീരീനിനെ നബി ﷺ ഹസ്സാനുബ്നു സാബിതിനു നൽകി. മുഖൗഖിസ് നൽകിയ കത്തും സമ്മാനങ്ങളുമായി ഹാത്വിബ് മദീനയിലേക്ക് മടങ്ങി. അവിടെ വെച്ചുണ്ടായ സംഭവങ്ങൾ എല്ലാം അദ്ദേഹം പ്രവാചകന് വിശദീകരിച്ചു കൊടുത്തു. മുഖൗഖിസ് ഇസ്‌ലാം സ്വീകരിച്ചില്ല. അധികാരത്തെ വിലപിടിച്ചതായി ഇയാൾ കണ്ടു. നബി ﷺ ഇപ്രകാരം പറയുകയുണ്ടായി :”മുഖൗഖിസ് അധികാരത്തിൽ അള്ളിപ്പിടിച്ച് നിന്നു. അയാളുടെ അധികാരത്തിന് ഒരു നിലനിൽപ്പുമില്ല”. മുഖൗഖിസ് കൊടുത്തയച്ച സമ്മാനങ്ങൾ നബി ﷺ സ്വീകരിച്ചു. മിസ്വ്‌റിന്റെ വിജയത്തെക്കുറിച്ചുള്ള സന്തോഷ വാർത്ത നബി ﷺ സ്വഹാബികൾക്ക് നൽകിയിട്ടുണ്ടായിരുന്നു. അവിടുത്തെ ആളുകളോട് മാന്യമായി പെരുമാറണമെന്ന ഉപദേശവും നൽകിയിരുന്നു. (മുസ്‌ലിം: 2543) ഇസ്മായിൽ നബിയുടെ ഉമ്മ ഹാജറ ഇവരിൽ പെട്ടവരായിരുന്നു.

(5) ഹാരിസുബ്നു അബീശംറിനുള്ള കത്ത്.
ശുജാഉബ്നു വഹബുൽഅസദി رضي الله عنه യെ ഡമസ്കസിലെ അധികാരിയായ ഹാരിസിന്റെ അടുക്കലേക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി നബി നിയോഗിച്ചു. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഹാരിസുബ്നു അബീ ശംറിനുള്ള കത്ത്. സന്മാർഗ്ഗം പിൻപറ്റുകയും അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് രക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവൻ ഏകനാണ്. അവനൊരു പങ്കുകാരുമില്ല. താങ്കളുടെ അധികാരം താങ്കൾക്ക് നില നിൽക്കും”.

കത്ത് വായിച്ച് ഹാരിസ് അതു വലിച്ചെറിഞ്ഞു. എന്നിട്ട് ചോദിച്ചു. എന്നിൽ നിന്നും എന്റെ അധികാരം പിടിച്ചു വാങ്ങാൻ ആരാണുള്ളത്?. മദീനയെ ആക്രമിക്കാൻ വേണ്ടി തന്റെ സൈന്യത്തെ അയാൾ ഒരുക്കിത്തുടങ്ങി. എന്നാൽ ഹിറഖ്ൽ അതിൽ ഇടപെട്ടു. ഹാരിസിനോട് ഈലിയാഇലേക്ക് വരാൻ പറഞ്ഞു. ശുജാഅ്‌ رضي الله عنه മദീനയിലേക്ക് മടങ്ങി. ഹാരിസ് പറഞ്ഞ കാര്യങ്ങളെല്ലാം പ്രവാചകനെ അറിയിച്ചു. നബി ﷺ പറഞ്ഞു: ” അയാളുടെ അധികാരം നശിച്ചു പോകട്ടെ” മക്കം ഫത്ഹ് നടന്ന വർഷത്തിലാണ് ഹാരിസുൽ ഗസ്സാനി മരണപ്പെടുന്നത്. മദീനക്കെതിരെ ഹാരിസ് ഒരുക്കിയ ഈ സൈന്യമായിരുന്നു പിന്നീട് മുഅ്‌ത: യുദ്ധത്തിൽ കലാശിച്ചത്.

(6) യമാമയുടെ രാജാവ് ഹൗദക്കുള്ള കത്ത്.
ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി സലീത്വുബ്നു അംറുൽ ആമിരിയെ നബി ﷺ യമാമയിലേക്ക് അയച്ചു. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഹൗദതുബ്നു അലിക്കുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. അറിയുക, എന്റെ മതം എല്ലായിടങ്ങളിലും എത്തും. അതു കൊണ്ട് താങ്കൾ മുസ്‌ലിമാവുക രക്ഷപ്പെടാം. താങ്കളുടെ അധികാരം താങ്കൾക്ക് തന്നെ ലഭിക്കും.

നബിﷺ യുടെ കത്തുമായി സലീത്വ് യമാമയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു. നബിﷺ യുടെ കത്ത് വായിച്ചു കേൾപ്പിച്ചു കൊടുത്തപ്പോൾ മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നാൽ മറുപടിയായി നബി ﷺ ക്ക് ഒരു കത്തെഴുതി.

“എത്ര നല്ലതിലേക്കാണ് താങ്കൾ എന്നെ ക്ഷണിച്ചത്. എത്ര സുന്ദരമായതിലേക്കാണ് താങ്കൾ എന്നെ ക്ഷണിച്ചത്. ഞാനെന്റെ ജനതയുടെ കവിയും പ്രാസംഗികനുമാണ്. അറബികൾ എന്റെ സ്ഥാനത്തെ ഭയപ്പെടുന്നു. അതു കൊണ്ട് ചില കാര്യങ്ങൾ എന്നോട് കൽപ്പിക്കുകയാണെങ്കിൽ ഞാൻ താങ്കളെ പിൻപറ്റാം. ഹൗദ സലീത്വിന് ചില സമ്മാനങ്ങളൊക്കെ നൽകി. അഹ്സാഇൽ തുന്നിയുണ്ടാക്കപ്പെട്ട വസ്ത്രം അദ്ദേഹത്തെ ധരിപ്പിച്ചു. സലീത്വ് നബി ﷺ യുടെ അടുക്കൽ എത്തുകയും ഹൗദയുടെ കത്ത് വായിക്കുകയും ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: അയാളുടെ കയ്യിലുള്ളതെല്ലാം നശിക്കട്ടെ.

മക്കാ വിജയം കഴിഞ്ഞ് നബി ﷺ മടങ്ങി വരുമ്പോഴാണ് ഹൗദയുടെ മരണം സംഭവിക്കുന്നത്. മുകളിൽ നാം വിശദീകരിച്ച ആറു കത്തുകളും ഒറ്റ ദിവസം കൊണ്ട് നബി ﷺ അയച്ചവയായിരുന്നു. മുഹർറം മാസത്തിലായിരുന്നു ഇത്. ഇവക്കു പുറമേ 200ൽ അധികം വരുന്ന കത്തുകൾ വേറെയും എഴുതിയിട്ടുണ്ട്. വ്യക്തികൾക്കും ക്കും നേതാക്കന്മാർക്കും ഭരണാധികാരികൾക്കുമായി നബി അത് അയച്ചു കൊടുക്കുകയും ചെയ്തു. അതിലൂടെ അവരെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചു. അമ്മാൻ, ബഹ്റൈൻ, യമൻ തുടങ്ങിയ പ്രദേശങ്ങളിലെ രാജാക്കൻമാരെല്ലാം ഇതിൽ ഉൾപ്പെടും. ഇൻഷാ അള്ളാ അതിനെ കുറിച്ച് പിന്നീട് പറയാം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 68

നബി ചരിത്രം - 68: ഹിജ്റ ഏഴാം വർഷം [ഭാഗം: 1]

നബി അയച്ച കത്തുകൾ.

ഹുദൈബിയ സന്ധിക്ക് ശേഷം ഇസ്ലാമിലേക്കുള്ള പ്രബോധനത്തിന്റെ മേഖലയെ അറേബ്യൻ പ്രദേശങ്ങൾക്കകത്തും പുറത്തുമായി വികസിപ്പിച്ചെടുക്കാനുള്ള അവസരം നബി ﷺ ഉപയോഗപ്പെടുത്തുവാൻ ഒരുങ്ങി. കാരണം ഇസ്ലാം എന്നു പറയുന്നത് ലോകത്ത് എല്ലാവർക്കും ഉള്ളതാണ്.”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.”(അമ്പിയാഅ്‌: 107)

ഇതിന്റെ ഭാഗമായി അറബികളും അനറബികളുമായ രാജാക്കന്മാർക്കും നേതാക്കന്മാർക്കും നബി ﷺ കത്തുകൾ അയക്കാനും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കാനും തുടങ്ങി. ഹുദൈബിയ സന്ധി മുതൽ തന്റെ മരണം വരെ കത്തെഴുതുന്ന ഏർപ്പാട് തുടർന്നു പോയിട്ടുണ്ട്. അനസ് رضي الله عنه പറയുന്നു: നബി ﷺ കിസ്‌റക്കും ഖൈസറിനും നജ്ജാശിക്കും അങ്ങിനെ എല്ലാ നേതാക്കന്മാർക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തുകൾ എഴുതി.” (മുസ്‌ലിം: 1774) “

നബി ﷺ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കി. മുഹമ്മദുൻ റസൂലുള്ള എന്ന് അതിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ട് സഹാബിമാരോട് പറഞ്ഞു: ഞാൻ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മുഹമ്മദുൻ റസൂലുല്ലാഹ് ഇന്ന് കൊത്തി വച്ചിട്ടുണ്ട്. ഇനി ആരും അങ്ങനെ ചെയ്യരുത്.” (ബുഖാരി: 5872. മുസ്‌ലിം: 2092) നബിﷺയുടെ മരണം വരെ ഈ മോതിരം തന്റെ കയ്യിൽ ഉണ്ടായിരുന്നു. ശേഷം അബൂബക്കർ رضي الله عنه ന്റെയും ഉമർ رضي الله عنه ന്റെയും ഉസ്മാൻ رضي الله عنه ന്റെയും കൈകളിലായിരുന്നു.ഉസ്മാൻ رضي الله عنه ന്റെ ഖിലാഫത്തിന്റെ അവസാന കാലത്ത് അദ്ദേഹമൊരു കിണറിന് അരികിൽ നിൽക്കുമ്പോൾ (അരീസ് എന്നായിരുന്നു ആ കിണറിന്റെ പേര്) തന്റെ കയ്യിലുള്ള മോതിരം ചലിപ്പിച്ച സന്ദർഭത്തിൽ അത് കിണറ്റിലേക്ക് വീണു. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും അത് കണ്ടെക്കാനായില്ല. ഈ മോതിരം കിണറ്റിൽ വീണ സംഭവം ഇമാം ബുഖാരിയുടെ 5866ആം നമ്പർ ഹദീസിലും ഇമാം മുസ്‌ലിമിന്റെ 2092ആം നമ്പർ ഹദീസിലും കാണാവുന്നതാണ്.

നബി ﷺ ഭരണാധികാരികൾക്ക് അയച്ച് ചില കത്തുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

(1) നജ്ജാശി.
അബീസീനിയയിലെ രാജാവായിരുന്നു നജ്ജാശി. അബീസീനിയയുടെ അധികാരം ഏറ്റെടുക്കുന്ന എല്ലാ ആളുകൾക്കും പറയപ്പെട്ടിരുന്ന അപരനാമമാകുന്നു ഇത്. അസ്വ്‌ഹമ എന്നാകുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അംറുബ്നു ഉമയ്യതുള്ളംരി رضي الله عنه  യെയാണ് നബി ﷺ നജ്ജാശിയിലേക്ക് അയച്ചത്. നബി ﷺ അയച്ച ഒന്നാമത്തെ ദൂതൻ കൂടിയായിരുന്നു അദ്ദേഹം. രണ്ടു കത്തുകളാണ് അന്ന് നബി ﷺ നജ്ജാശിക്ക് അയച്ചത്. അതിൽ ഒരു കത്തിൽ അബൂസുഫ്‌യാനിന്റെ മകളായ റംലയെ – അതായത് ഉമ്മു ഹബീബയെ- എനിക്ക് വിവാഹം കഴിച്ചു തരണമെന്നും താങ്കളുടെ അടുക്കലുള്ള മുസ്ലീങ്ങളെ എന്റെ അടുക്കലേക്ക് പറഞ്ഞയക്കണം എന്നുമായിരുന്നു ഉണ്ടായിരുന്നത്.

രണ്ടാമത്തെ കത്തിൽ നജ്ജാശിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിഷയങ്ങളായിരുന്നു. ആ കത്തിൽ ഉണ്ടായിരുന്നത് ഇപ്രകാരമായിരുന്നു. “പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ യിൽ നിന്നും അബീ സീനിയയുടെ മുഖ്യനായ അസ്വ്‌ഹം നജ്ജാശിക്കുള്ള എഴുത്താകുന്നു ഇത്. നേർമാർഗം പിൻപറ്റുകയും അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുകയും ആരാധനക്കർഹനായി ആയി അല്ലാഹു അല്ലാതെ മറ്റൊരാളും ഇല്ലെന്നും അവൻ ഏകനും പങ്കാളികൾ ഇല്ലാത്തവനാണെന്നും അവൻ ഇണയേയോ മക്കളേയോ സ്വീകരിച്ചിട്ടില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും സാക്ഷ്യം വഹിക്കുകയും ചെയ്തവർക്ക് രക്ഷയുണ്ടാകട്ടെ. അല്ലാഹുവിലേക്കുള്ള ക്ഷണം കൊണ്ട് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. താങ്കൾ മുസ്ലിമാവുക രക്ഷപ്പെടാം.

” (നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” ഇനി താങ്കൾ വിസമ്മതിക്കുന്ന പക്ഷം താങ്കളുടെ ജനതയിലെ നസ്വാറാക്കളുടെ കുറ്റവും താങ്കൾക്കുണ്ടായിരിക്കും. (ബൈഹഖി, ഹാകിം) നജാശിക്ക് പ്രവാചകന്റെ കത്ത് ലഭിക്കുകയും അത് വായിച്ചു കേൾപ്പിക്കുകയും ചെയ്തപ്പോൾ തന്റെ രണ്ട് കണ്ണുകളോടും ചേർത്തു പിടിക്കുകയും ഇസ്ലാം സ്വീകരിക്കുകയും സത്യ സാക്ഷ്യ വചനങ്ങൾ ചൊല്ലുകയും ചെയ്തു. പ്രവാചകനെ സത്യപ്പെടുത്തിക്കൊണ്ടും ഇസ്ലാം സ്വീകരിച്ച കാര്യം അറിയിച്ചു കൊണ്ടും നജാശി നബിക്കും ഒരു മറുപടിക്കത്തയച്ചു.

ഹിജ്റ ഒമ്പതാം വർഷം റജബ് മാസത്തിലാണ് നജ്ജാശി മരണപ്പെടുന്നത്. ആ മരണവാർത്ത നബി ﷺ തന്റെ സ്വഹാബിമാരെ അറിയിച്ചു.” സ്വാലിഹായ ഒരു മനുഷ്യൻ ഇന്ന് മരണപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സഹോദരൻ അസ്വ്‌ഹമക്കു വേണ്ടി നിങ്ങൾ നമസ്കരിക്കുക.” (ബുഖാരി: 3877) നജ്ജാശിക്കു വേണ്ടി നബി ﷺ യും സ്വഹാബിമാരും മറഞ്ഞ നിലക്കുള്ള മയ്യിത്ത് നമസ്കാരം നിർവഹിച്ചു.

നജ്ജാശി മരണപ്പെട്ടപ്പോൾ അടുത്ത ഒരു നജ്ജാശി ഭരണം ഏറ്റെടുത്തു. അദ്ദേഹത്തെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി ﷺ കത്ത് എഴുതുകയുണ്ടായി. (മുസ്‌ലിം: 1774)

(2) റോമൻ ചക്രവർത്തി ഹിറഖ്ലിനുള്ള കത്ത്.
റോമിലെ ഭരണാധികാരിയായ ഹിറഖ്ലിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് ദിഹ്‌യതുബ്നു ഖലീഫതുൽകൽബി رضي الله عنه യെ നബി ﷺ പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു കത്തും നൽകി. ബുസ്വ്‌റയുടെ മുഖ്യനായ ഹാരിസുബ്നു അബീ ശംറുൽഗസ്സാനിക്ക് അത് നൽകുവാൻ കല്പിക്കുകയും ചെയ്തു. ഗസ്സാനിന്റെ രാജാവായിരുന്നു അദ്ദേഹം. ഹിറഖ്ലിനു കൊടുക്കുവാൻ വേണ്ടിയാണ് കത്ത് ഗസ്സാൻ രാജാവിനെ ഏൽപിച്ചത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും റോമിലെ മുഖ്യനായ ഹിറഖ്ലിനുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. ഇസ്‌ലാമിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. മുസ്‌ലിമാവുക താങ്കൾക്കു രക്ഷപ്പെടാം. മുസ്‌ലിമാവുക താങ്കൾക്ക് അല്ലാഹു രണ്ട് പ്രതിഫലം നൽകും. ഇനി പിന്തിരിയുന്ന പക്ഷം അരീസിയ്യാക്കളുടെ (ഹിറഖ്ലിന്റെ നാട്ടുകാർ)കുറ്റം കൂടി താങ്കളിൽ ഉണ്ടാകും. “വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ബുഖാരി: 2941)

പേർഷ്യയുടെ മേലിൽ റോമിന് വിജയം ലഭിച്ചാൽ കോൺസ്റ്റാൻറിനോപ്പിളിൽ നിന്നും ബൈതുൽമുഖദ്ദസിലേക്ക് നഗ്നപാദനായി നടന്നു പോകുമെന്ന് ഹിറഖ്ൽ നേർച്ച നേർന്നിരുന്നു. അങ്ങിനെ റൂം വിജയിച്ചപ്പോൾ അല്ലാഹുവിനുള്ള നന്ദി എന്നോണം ഹിറഖ്ൽ തന്റെ രാജ്യത്തു നിന്നും ബൈത്തുൽ മുഖദ്ദസിൽ വെച്ചു കൊണ്ട് നമസ്കരിക്കുന്നതിന് വേണ്ടി പുറപ്പെട്ടു.
ബുസ്വ്‌റയുടെ മുഖ്യന് നബിﷺയുടെ കത്ത് ലഭിക്കുകയും അതു വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഹിറഖ്ൽ തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു: ഈ മുഹമ്മദിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുക. ഈ സന്ദർഭത്തിൽ അബൂസുഫ്‌യാൻ ഇബ്നു ഹർബ് ശാമിൽ ഉണ്ടായിരുന്നു. ഖുറൈശികളിലെ ചില ആളുകളുമായി കച്ചവടാവശ്യാർത്ഥം വന്നതായിരുന്നു അദ്ദേഹം. അബൂ സുഫ്‌യാൻ പറയുന്നു: ശാമിൽ വെച്ച് ഖൈസറിന്റെ ദൂതൻ ഞങ്ങളെ കണ്ടു. എന്നെയും എന്റെ കൂടെയുള്ളവരെയും അവർ കൂട്ടിക്കൊണ്ടുപോയി. അങ്ങിനെ ഈലിയാഇൽ ഞങ്ങൾ എത്തി. രാജാവിന്റെ അടുക്കലേക്ക് ഞങ്ങളെ പ്രവേശിപ്പിച്ചു. രാജ പീഠത്തിൽ അയാൾ ഇരിക്കുകയായിരുന്നു. രാജ കിരീടം ധരിച്ചു കൊണ്ടായിരുന്നു ഇരുന്നിരുന്നത്. ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു. ചക്രവർത്തി ചോദിച്ചു: ഞാൻ നബിയാണെന്നു വാദിക്കുന്ന മുഹമ്മദിനോട് ഏറ്റവും കൂടുതൽ കുടുംബ ബന്ധമുള്ള വ്യക്തി ഈ കൂട്ടത്തിൽ ആരാണ്? അബൂസുഫ്‌യാൻ പറഞ്ഞു: ഞാനാണ് മുഹമ്മദിനോട് ഏറ്റവും കുടുംബ ബന്ധം ഉള്ള ആൾ. ചക്രവർത്തി: എന്താണ് താങ്കളും മുഹമ്മദും തമ്മിലുള്ള ബന്ധം?. അബൂ സുഫ്‌യാൻ: എന്റെ പിതൃവ്യ പുത്രനാണ് അദ്ദേഹം. അന്ന് ഞങ്ങളുടെ കച്ചവട സംഘത്തിൽ അബ്ദുമനാഫ് ഗോത്രത്തിൽപ്പെട്ട ഞാനല്ലാതെ മറ്റൊരാളും തന്നെ ഉണ്ടായിരുന്നില്ല.

ചക്രവർത്തി: അബൂസുഫ്‌യാനെ എന്റെ അടുത്തേക്ക് നിർത്തൂ. അബൂസുഫിയാനിന്റെ കൂടെയുണ്ടായിരുന്നവരെ അദ്ദേഹത്തിന്റെ പിറകിലായി നിർത്തി. (അബൂ സുഫ്‌യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട് പറഞ്ഞു: ഞാൻ ഇദ്ദേഹത്തെ (മുഹമ്മദ്‌ നബിﷺ) പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ അദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക. അബൂ സുഫ്‌യാൻ പറയുന്നു: എന്നെ ഒരു കള്ളനായി എന്റെ കൂടെയുള്ള വർ മുദ്ര കുത്തുമെന്ന കാര്യത്തിൽ ഞാൻ ലജ്ജിച്ചു പോയി. അല്ലാത്ത പക്ഷം നബിﷺയെപ്പറ്റി ഞാൻ കളവു പറയുമായിരുന്നു.

ഹിറഖ്ൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ?
അബൂസുഫ്‌യാന്‍: ഉന്നത കുലജാതന്‍.
ഹിറഖ്ൽ: ഇദ്ദേഹത്തിനു മുമ്പ് ആരെങ്കിലും നിങ്ങൾക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്ൽ : അദ്ദേഹത്തിന്റെ പൂർവികരില്‍ രാജാക്കന്മാരുണ്ടോ? അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്ൽ: ജനങ്ങളില്‍ ശക്തരോ ദുർബലരോ അദ്ദേഹത്തെ പിൻപറ്റുന്നത്?
അബൂ സുഫ്‌യാൻ:  ദുർബലർ.
ഹിറഖ്‌ൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ?
അബൂ സുഫ്‌യാൻ: വർദ്ധിക്കുന്നു.
ഹിറഖ്‌ൽ: ആരെങ്കിലും മതത്തിൽ പ്രവേശിച്ച ശേഷം ആ മതത്തോടുള്ള വെറുപ്പ് കാരണത്താൽ മുർതദ്ദായി പോയിട്ടുണ്ടോ?.
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്‌ൽ: പ്രവാചകത്വ വാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ?
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്‌ൽ : അദ്ദേഹം വഞ്ചിച്ചിട്ടുണ്ടോ?
അബൂ സുഫ്‌യാൻ: ഇല്ല. ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ്. ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. അബൂസുഫ്‌യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. (കാരണം മക്കക്കാരായ വേറെ ആളുകളും എന്റെ കൂടെ ഉണ്ടല്ലോ. വസ്തുതകൾ അറിയാം.)
ഹിറഖ്‌ൽ: നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ? – അദ്ദേഹം നിങ്ങളുമായി യുദ്ധം നടത്തിയിട്ടുണ്ടോ?-
അബൂ സുഫ്‌യാൻ: ഉണ്ട്. ഹിറഖ്‌ൽ: എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെയും നിങ്ങളുടെ യുദ്ധങ്ങൾ?
അബൂ സുഫ്‌യാൻ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും.
ഹിറഖ്‌ൽ: അദ്ദേഹം എന്തൊക്കെയാണ് നിങ്ങളോട് കല്പിക്കുന്നത്? 

അബൂ സുഫ്‌യാൻ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേർക്കാ തിരിക്കുക. പൂർവ്വ പിതാക്കൾ ആരാധിച്ചു പോന്നതിനെ ഞങ്ങളോട് നിരോധിക്കുന്നു. നമസ്കാരം, സത്യ സന്ധത, പവിത്രത, കരാർ പാലനം, വിശ്വാസ്യത എന്നിവയും കല്പിക്കുന്നു. 


ശേഷം ഹിറഖ്‌ൽ പരിഭാഷകനോട് പറഞ്ഞു: (അദ്ദേഹത്തോടു പറയുക) “ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നത കുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നത കുലജാതരായിരിക്കും. ഇതിനു മുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീർച്ചയായും മുൻഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂർവികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു; പൂർവികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വ വാദത്തിന് മുമ്പ് അദ്ദേഹം കളവു പറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ മേല്‍ കളവ് പറയാത്തൊരു വ്യക്തി അല്ലാഹുവിന്റെ പേരില്‍ കളവു പറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുർബലരോ എന്ന ചോദ്യത്തിന് ദുർബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങിനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവർ ദുർബലരായിരിക്കും. അവർ കൂടുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് താങ്കൾ മറുപടി പറഞ്ഞത് അവർ കൂടിക്കൊണ്ടിരിക്കുന്നു എന്നാണ്. അങ്ങിനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂർത്തിയാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും വെറുപ്പ് കാരണം അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങിനെത്തന്നെയാണ് സത്യ വിശ്വാസം. അതിന്റെ തെളിച്ചം ഹൃദയങ്ങളിൽ  അലിഞ്ഞു ചേർന്നു കഴിഞ്ഞാല്‍ അതിനെ ആരും വെറക്കുകയില്ല. അദ്ദേഹം വഞ്ചന പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങിനെത്തന്നെയാണ്, വഞ്ചിക്കുകയില്ല. നിങ്ങൾ അദ്ദേഹത്തോടും അദ്ദേഹം നിങ്ങളോടും യുദ്ധം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞു: യുദ്ധം ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ഞങ്ങൾ വിജയിക്കും ചിലപ്പോൾ അദ്ദേഹം വിജയിക്കും. അങ്ങിനെ തന്നെയാണ് കാര്യം. ചിലപ്പോൾ പ്രവാചകന്മാർ പരീക്ഷിക്കപ്പെടും. എന്നാൽ ആത്യന്തിക വിജയം അവർക്ക് തന്നെയായിരിക്കും. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കു ചേർക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും നിങ്ങളുടെ പൂർവ പിതാക്കൾ ആരാധിച്ചു പോന്നിരുന്നവയെ വർജ്ജിക്കണമെന്നും നമസ്കാരം, ദാനധർമങ്ങൾ, വിശുദ്ധി, കരാർ പാലനം, വിശ്വാസ്യത എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. ഇതു തന്നെയാണ് ഒരു പ്രവാചകന്റെ സ്വഭാവങ്ങൾ (വിശേഷണങ്ങൾ) ഈ പ്രവാചകൻ വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തിൽ നിന്നായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല.
നീ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ എന്റെ ഈ കാൽ പാദങ്ങളുടെ സ്ഥാനം പോലും അദ്ദേഹം ഉടമപ്പെടുത്തും. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടാൻ ആഗ്രഹിക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു. (ബുഖാരി:2941. മുസ്‌ലിം: 1773)

നബിﷺയുടെ കത്ത് വായിച്ച് കേൾപിക്കപ്പെട്ടപ്പോൾ ഹിറഖ്ലിൽ അതു വലിയ സ്വാധീനം ഉണ്ടാക്കി. അവിടെ ശബ്ദ കോലാഹലങ്ങൾ ഉയർന്നു . അബൂസുഫ്‌യാനിനെയും കൂട്ടു കാരെയും അവിടെ നിന്ന് പുറത്താക്കി. അബൂസുഫ്‌യാൻ പറയുകയാണ്: അബൂ കബ്ശയുടെ മകന്റെ കാര്യം ഉന്നതിയിൽ എത്തിയിരിക്കുന്നു. ബനുൽഅസ്വ്‌ഫറിന്റെ രാജാവ് പോലും അദ്ദേഹത്തെ ഭയപ്പെടുകയാണ്. ഈ മുഹമ്മദ് വിജയിക്കുക തന്നെ ചെയ്യും എന്ന് ഞാൻ ഉറപ്പിച്ചു. അങ്ങിനെ അല്ലാഹു എനിക്ക് ഇസ്‌ലാമിനെ കനിഞ്ഞരുളി.

ഹിറഖ്ൽ ദഹിയതുൽകൽബി رضي الله عنهയെ (നബിയുടെ ദൂതൻ) ആദരിച്ചു. ഇസ്‌ലാമിൽ പ്രവേശിക്കുന്നതിലേക്ക് അടുത്തിരുന്നു ഹിറഖ്ൽ ചക്രവർത്തി. പക്ഷേ തന്റെ അധികാരത്തെ വിശ്വാസത്തേക്കാൾ വലുതായി അയാൾ കണ്ടു. ശേഷം മുഅ്‌ത: യുദ്ധത്തിൽ മുസ്‌ലിംകളോട് അയാൾ യുദ്ധം ചെയ്യുകയും ചെയ്തു

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

തെളിച്ചം കൂടുന്ന നബി ജീവിതം

തെളിച്ചം കൂടുന്ന നബി ജീവിതം

‘My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremey successfull on both the religious and secular level…..’

1932 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച മൈക്കൽ എച്ച് ഹാർട്ട് എന്ന ചരിത്രകാരൻ 1978 ൽ പുറത്തിറക്കിയ തന്റെ 

“The 100:A Ranking of the most persons in history” എന്ന  ഗ്രന്ഥത്തിൽ കുറിച്ചിട്ട വരികളാണിവ.

നബി ജീവിതം സമഗ്രമായി പഠിച്ച അദ്ദേഹം, മനുഷ്യ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 മനുഷ്യരുടെ റാങ്കിങ്ങിൽ മുഹമ്മദ് നബി (സ) യെ ഒന്നാമതായി എണ്ണിയിരിക്കുന്നു. മതപരവും മതേതരവുമായ വിഷയങ്ങളിൽ പൂർണമായി വിജയിച്ച ചരിത്രത്തിലെ ഒരേ ഒരു വ്യക്തി നബി (സ) യാണെന്ന് അദ്ദേഹം തുറന്നു പറയുന്നു!

നബി ജീവിതം ഇതുപോലെ മുൻധാരണകൾ മാറ്റിവച്ച് പഠിക്കുന്നവർക്കെല്ലാം ആ മഹത് ജീവിതത്തിൽ അത്യത്ഭുങ്ങൾ ദർശിക്കാനാവും. നബി (സ)യെ ശരിയാംവണ്ണം അറിഞ്ഞവരാരും അദ്ദേഹത്തെ നിന്ദിച്ചിട്ടില്ല; ബഹുമാനിച്ചിട്ടേ ഉള്ളൂ. ഇടക്കിടെ നടക്കുന്ന നബിനിന്ദകൾ നബി പഠനത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആർക്കും മാതൃകയാക്കാവുന്ന വിശുദ്ധ ജീവിതമാണ് അദ്ദേഹം നയിച്ചത്.  കോടിക്കണക്കിന് മനുഷ്യരാണ് അദ്ദേഹത്തിന്റെ ജീവിതം പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ആധുനിക ലോകത്തിനും തിരുനബി (സ) യിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.

അജ്ഞയാണ് മനുഷ്യനെ അന്ധനാക്കുന്നത്.

അവിവേകമാണ് അവനെ അപകടകാരിയാക്കുന്നത്. വിജ്ഞാനം മാത്രമാണ് മനുഷ്യന് വെളിച്ചം നൽകുക. വിനയമാണ് വിജയത്തിലേക്കെത്തിക്കുക.

 അതിനാൽ , അത്യത്ഭുതങ്ങൾ നിറഞ്ഞ നബി ജീവിതത്തിലൂടെ നമുക്കൊരു  യാത്ര തുടങ്ങാം.

 ആ ജ്ഞാന സാഗരത്തിലെ മുത്തുകൾ നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. മനുഷ്യരിൽ അതിശ്രേഷ്ഠനായ തിരുനബി (സ) യുടെ ചരിത്രങ്ങൾ രേഖപ്പെടുത്തപ്പെട്ട കടലാസുകളിലെ ഓരേ അക്ഷരങ്ങളിലും പൂർണതയുടെ മഴവില്ലുകൾ നമുക്ക് ദർശിക്കാനാവും.

നബി ജീവിതത്തെ വായിക്കുമ്പോൾ നാം അനുഭവിക്കുക അനിർവചനീയ അനുഭൂതി തന്നെയായിരിക്കും. ശീതളക്കാറ്റിനേക്കാൾ കുളിർമയാണ് നബി ചരിതങ്ങൾ നമുക്ക് നൽകുക.

വിമർശകരെപ്പോലും വിസ്മയിപ്പിച്ച വിചിത്രകൾ എമ്പാടും അതിലുണ്ട്. മനുഷ്യന്റെ

മനസ്സുകളിൽ  മാറ്റത്തിന്റെ പുതു തിരമാലകൾ അത് സൃഷ്ടിച്ചു കൊണ്ടേയിരിക്കും

അതിനാൽ നമുക്ക് പഠിച്ചു തുടങ്ങാം. മാനവർക്ക് മാതൃകയായ ആ മഹാ മനുഷ്യന്റെ മഹിത മാതൃകകൾ നമുക്ക് പഠിക്കാം , പകർത്താം.

പ്രവാചക ജീവിതത്തിന്റെ  ഒരു ആസ്വാദന പഠനത്തിനാണ് റബ്ബിന്റെ തൗഫീകിനാൻ നാം തുടക്കം കുറിക്കുന്നത്.

إن شاء الله.

നബിനിന്ദകരും നബി (സ) യുടെ അനുയായികളും ഒരുപോലെ പഠിക്കേണ്ട പാഠങ്ങൾ

 ” തെളിച്ചം കൂടുന്ന നബി ജീവിതം ” എന്ന പേരിൽ ഒന്നിടവിട്ട ദിനങ്ങളിൽ എഴുതാനാണ് ആഗ്രഹിക്കുന്നത്. വലിയ ദൗത്യമാണ്. റബ്ബിന്റെ സഹായം കൂടിയേതീരൂ. അറിവ്, അവസരം, ആരോഗ്യം എന്നിവക്കുവേണ്ടി

റബ്ബിനോട് തേടുകയാണ്. നിങ്ങളുടെ പ്രാർത്ഥനയുണ്ടാവണം. സ്ഥിരമായി വായിക്കുക.

അഭിപ്രായങ്ങൾ അറിയിക്കുക. മത വ്യത്യാസമില്ലാതെ

എല്ലാമനുഷ്യരിലേക്കും

എത്തിക്കാൻ ശ്രദ്ധിക്കുക.

അബ്ദുൽ മാലിക് സലഫി

നബി ചരിത്രം – 67

നബി ചരിത്രം - 67: ഹിജ്റ ആറാം വർഷം [ഭാഗം: 7]

ഹുദൈബിയ്യയിൽ നിന്നും മദീനയിലേക്ക്.
 
ഒന്നര മാസത്തിനു ശേഷം നബിﷺയും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി. അതിൽ 20 ദിവസവും അവർ താമസിച്ചത് ഹുദൈബിയ്യയിൽ തന്നെയായിരുന്നു. കുറാഉൽഗമീം എന്ന സ്ഥലത്തെത്തിയപ്പോൾ സൂറത്തുൽ ഫത്ഹ് അവതരിച്ചു.

” തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്‌.അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും.അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു.” (ഫത്ഹ്: 1-5)
 
മക്കക്കും മദീനക്കും ഇടയിലുള്ള ഒരു സ്ഥലമാണ് കുറാഉൽഗമീം. ഇസ്ലാമിന്റെ വിജയങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നായിരുന്നു ഹുദൈബിയ്യാ സന്ധി. ഒരുപാട് നന്മകളും വിജയങ്ങളും ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ സാധിച്ചു. ജനങ്ങൾ നിർഭയരായി. അവർ പരസ്പരം ഒരുമിച്ചു കൂടാൻ തുടങ്ങി. സത്യ വിശ്വാസികൾ സത്യ നിഷേധികളുടെ കൂടെ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ജനങ്ങൾക്കിടയിലുള്ള മൃഗീയത നീങ്ങിപ്പോയി. ഉപകാരപ്രദമായ അറിവുകൾ പ്രചരിച്ചു. ജനങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരാൻ തുടങ്ങി. ഹുദൈബിയ്യയുടെ സന്ദർഭത്തിൽ 1400 പേരാണ് അവർ ഉണ്ടായിരുന്നത്. എന്നാൽ രണ്ടു വർഷത്തിനു ശേഷം മക്കാ വിജയത്തിന്റെ സന്ദർഭത്തിൽ അവർ പതിനായിരമായി. അംറുബ്നുൽആസ്വ്  رضي الله عنه, ഖാലിദുബ്നുൽവലീദ് رضي الله عنه, തുടങ്ങിയവരൊക്കെ ഇസ്ലാമിലേക്ക് കടന്നു വന്നത് ഈ കാലയളവിലാണ്. വ്യക്തമായ വിജയം എന്നാണ് അല്ലാഹു ഇതിനു പേര് നൽകിയത്. (ഫത്ഹ്: 1-3) വ്യക്തമായ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ഹുദൈബിയ സന്ധിയാണ് (ബുഖാരി: 4172. മുസ്ലിം: 1786)
 
ശഖീഖുബ്നു സലമയിൽ നിന്നും നിവേദനം: സിഫ്‌ഫീൻ യുദ്ധ ദിവസം സഹ്‌ലുബ്നു ഹുനൈഫ് رضي الله عنه എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ സ്വന്തത്തിൽ കുറ്റങ്ങൾ കണ്ടെത്തുക. ഞങ്ങൾ നബിﷺയോടൊപ്പം ഹുദൈബിയ്യാ സന്ധിയുടെ വേളയിൽ ഉണ്ടായിരുന്നു. യുദ്ധം ചെയ്യാൻ എന്തെങ്കിലും വകുപ്പുണ്ടായിരുന്നെങ്കിൽ ഞങ്ങൾ യുദ്ധം ചെയ്യുമായിരുന്നു. നബിﷺക്കും മുശ്രിക്കുകൾക്കും ഇടയിൽ ഉണ്ടായ സന്ധിയായിരുന്നു അത്. ആ സന്ദർഭത്തിൽ ഉമറുബ്നുൽ ഖത്താബ് رضي الله عنه വന്നു കൊണ്ട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, നമ്മൾ സത്യത്തിന്റെ മാർഗത്തിലും അവർ അസത്യത്തിന്റെ മാർഗത്തിലുമല്ലേ?!. നബി ﷺ പറഞ്ഞു: അതെ, തീർച്ചയായും. ഉമർ رضي الله عنه ചോദിച്ചു; നമ്മൾ മരിച്ചാൽ സ്വർഗ്ഗത്തിലേക്കും അവർ മരിച്ചാൽ നരകത്തിലേക്കുമല്ലേ?!. നബി ﷺ പറഞ്ഞു: അതെ, തീർച്ചയായും. ഉമർ رضي الله عنه ചോദിച്ചു; പിന്നെ എന്തിനാണ് പ്രവാചകരെ ദീനിന്റെ വിഷയത്തിൽ ഈ താഴ്ന്നു കൊടുക്കൽ?. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലയോ ഖത്താബിന്റെ മകനേ, തീർച്ചയായും ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അല്ലാഹു ഒരിക്കലും എന്നെ പാഴാക്കുകയില്ല. ഉമർ رضي الله عنه അവിടെ നിന്നും പോയി. ദേഷ്യം കാരണം അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിഞ്ഞില്ല. ശേഷം ഉമർ رضي الله عنه അബൂബക്കർرضي الله عنه  ന്റെ അടുക്കലേക്ക് ചെന്നു. നബിയോട് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അബൂബക്കർ رضي الله عنه നബി ﷺ നൽകിയ അതേ ഉത്തരങ്ങളും നൽകി. എന്നിട്ട് പറഞ്ഞു: ഖത്താബിന്റെ മകനേ, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ്. മുഹമ്മദ് നബിﷺയെ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല (നഷ്ടപ്പെടുത്തുകയില്ല).ആ സന്ദർഭത്തിൽ സൂറത്തുൽ ഫത്ഹിന്റെ ആയത്തുകൾ അവതരിച്ചു. ഉമറിرضي الله عنه ലേക്ക് ആളെ അയച്ചു കൊണ്ട് നബി ﷺ പറഞ്ഞു. ഈ വചനങ്ങൾ ഉമറിനെ ഓതി കേൾപ്പിക്കുക. സൂറതുൽ ഫത്ഹിലെ വചനങ്ങൾ കേട്ടപ്പോൾ ഉമർ رضي الله عنه ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ഇതാണോ ആ വിജയം? നബി പറഞ്ഞു: അതെ. ഉമറിന് സമാധാനമാവുകയും മടങ്ങിപ്പോവുകയും ചെയ്തു. (ബുഖാരി: 3182. മുസ്‌ലിം 1785)
 
എന്നാൽ സൂറത്തുൽ ഫത്ഹിലെ 18, 19 തുടങ്ങിയ വചനങ്ങളിൽ പറഞ്ഞ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ഖൈബറിലെ വിജയമാണ്. കാരണം അതിലാണ് മുസ്ലിംകൾക്ക് ഏറ്റവും കൂടുതൽ ഗനീമത്ത് സ്വത്ത് കിട്ടിയത്. സൂറതുന്നസ്വ്‌റിൽ പറഞ്ഞ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് മക്കാവിജയമാണ്. നബിﷺക്കും സത്യവിശ്വാസികൾക്കും അള്ളാഹു നൽകി ആദരിച്ച മൂന്നു വിജയങ്ങളാകുന്നു ഇവകൾ. നബി ﷺ മദീനയിൽ എത്തുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തപ്പോൾ മുഹാജിറുകളായിക്കൊണ്ട് ചില സ്ത്രീകൾ മക്കയിൽ നിന്നും വന്നു. ഈ കാലയളവിൽ ആദ്യമായി മദീനയിൽ എത്തിയ മഹതിയായിരുന്നു ഉമ്മു കുൽസൂം ബിൻതു ഉഖ്ബതുബ്നു അബീ മുഈത്വ് رضی اللہ عنھا. നബി ﷺ മദീനയിലേക്ക് ഹിജ്റയായി വന്നതിനു ശേഷം സ്ത്രീകളിൽ നിന്ന് ആദ്യമായി ഹിജ്റ ചെയ്ത മഹതിയുമാണ് ഇവർ. അവരുടെ പിറകെയായിക്കൊണ്ട് തന്റെ രണ്ട് സഹോദരന്മാരായ അമ്മാറയും വലീദും വന്നു. അവർ പറഞ്ഞു: അല്ലയോ മുഹമ്മദ്. ഞങ്ങൾക്കു നൽകിയ കരാർ നിങ്ങൾ പാലിക്കണം. (മക്കയിൽ നിന്നും വന്ന് മുഹമ്മദ് നബി ﷺ യുടെ അടുത്ത് എത്തിയവരെ തിരിച്ചയക്കണം എന്നുള്ളതായിരുന്നു കരാർ) എന്നാൽ മുഹമ്മദ് നബി ﷺ അവരെ തിരിച്ചയക്കാൻ വിസമ്മതിച്ചു. ഹുദൈബിയ്യയിൽ എഴുതിയ നിബന്ധനയിൽ സ്ത്രീകൾ പെടുകയില്ല എന്നാണ് നബി ﷺ പറഞ്ഞത്. ഈ സന്ദർഭത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു.

“സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ത്ഥികളായി കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്‌. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്‌. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചു കൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ച് കൊള്ളട്ടെ. അതാണ് അല്ലാഹുവിന്‍റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു” (മുംതഹിന: 10)
 
ഈ ആയത്തിന്റെ അവതരണത്തോടു കൂടി സ്വഹാബിമാരെല്ലാം തങ്ങളുടെ കാഫിറതുകളായ ഭാര്യമാരെ വിവാഹ മോചനം ചെയ്തു. 
ഹുദൈബിയാ സന്ധിയുടെ പ്രത്യക്ഷ രൂപം പരിശോധിച്ചാൽ മുസ്‌ലിംകൾക്ക് അത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതിന്റെ പരോക്ഷമായ അവസ്ഥ എടുത്താൽ മുസ്ലിംകൾക്ക് വിജയവും പ്രതാപവുമാണ്. ഈ സന്ധിയിലൂടെയാണ് മുസ്‌ലിംകളുടെ ഇസ്സത്ത് പ്രകടമായതും ഖുറൈശികളുടെ ഭയം ഇല്ലാതായതും മുസ്‌ലിംകളുടെ സ്ഥാനത്തെ ഖുറൈശികൾ അംഗീകരിച്ചതും. മുസ്ലിംകൾ അമുസ്ലിംകളോടൊപ്പം കൂടി ചേർന്ന് ജീവിക്കുന്ന സാഹചര്യമുണ്ടായി. അതിന്റെ ഫലമായി മുസ്ലിംകൾ അവരെ ഖുർആൻ കേൾപ്പിച്ചു. ഇസ്‌ലാമിന് വേണ്ടി പ്രത്യക്ഷമായും നിർഭയരായും മുശ്രിക്കുകളോട് സംവദിച്ചു. ഇസ്ലാം ഗോപ്യമാക്കി വെച്ചിരുന്നവരെല്ലാം അത് പരസ്യമായി പ്രഖ്യാപിച്ചു.
 
ഉയർച്ചയാണ് ഖുറൈശികൾ ആഗ്രഹിച്ചത് എങ്കിലും അവർക്ക് സംഭവിച്ചത് തളർച്ചയായിരുന്നു. ഉസ്മാൻ رضي الله عنه  ന്റെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത മുസ്‌ലിംകൾക്കിടയിൽ ദുർബലത ഉണ്ടാക്കും എന്നാണ് ഖുറൈശികൾ കരുതിയത്. പക്ഷേ കുറൈശികൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്നു കാര്യം. ബൈഅതുര്‌രിള്‌വാനിന് അത് കാരണമായി മാറി. പ്രമാണങ്ങൾക്ക് മുമ്പിൽ ബുദ്ധി ഒന്നുമല്ല എന്ന് അവർ മനസ്സിലാക്കി. ഉമറുബ്നുൽഖത്താബ് رضي الله عنه ന്റെ കാര്യത്തിൽ അതാണ് ഉണ്ടായത്. പറയുന്നതിനേക്കാൾ കൂടുതൽ സ്വാധീനം പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നതിലൂടെ ഉണ്ടാകും എന്ന ഒരു പാഠം ഇവിടെ ലഭിച്ചു. നബി മുടിയെടോത്തപ്പോൾ സഹാബത്തും മുടിയെടുക്കാൻ പുറപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു.
 
ഹുദൈബിയ്യാ സന്ധിയോടെ നബി ﷺ തന്റെ പ്രധാന ശത്രുക്കളെയെല്ലാം (ഖുറൈശികൾ) മൗനികളാക്കി. ഇതിനു ശേഷം നബി ﷺ യുടെ പ്രധാന ശ്രദ്ധ രണ്ടാമത്തെ ശത്രുക്കളായിരുന്നു. അവരെത്ര ജൂതന്മാർ. ഖൈബറിൽ പരാജയം ഏറ്റു വാങ്ങിയവരായിരുന്നു അവർ. ഹുദൈബിയ്യാ സന്ധിയോടു കൂടി പ്രബോധനത്തിന് പുതിയ ഒരു വഴിത്തിരിവ് തുറന്നപ്പോൾ നബി ﷺരാജാക്കന്മാർക്കും ഭരണാധികാരികൾക്കും നേതാക്കന്മാർക്കും കത്തുകൾ എഴുതുവാനും അതിലൂടെ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും തുടങ്ങി.
 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 66

നബി ചരിത്രം - 66: ഹിജ്റ ആറാം വർഷം [ഭാഗം: 6]

ബൈഅത്തുര്‌രിള്‌വാൻ.
 
ഞങ്ങൾ യുദ്ധത്തിനു വേണ്ടി വന്നതല്ലെന്നും ഉംറ ചെയ്യാൻ വേണ്ടി മാത്രമാണ് വന്നതെന്നും ഖുറൈശികളെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ നബി ﷺ ഉദ്ദേശിച്ചു. ഖിറാശുബ്നു ഉമയ്യതുൽഖുസാഇ رضي الله عنه യെ മക്കയിലേക്ക് അയച്ചു. സഅ്‌ലബ് എന്ന് പേരുള്ള ഒരു ഒട്ടകപ്പുറത്താണ് പറഞ്ഞയച്ചത്. അദ്ദേഹം മക്കയിൽ എത്തിയപ്പോൾ ഖുറൈശികൾ ആ ഒട്ടകത്തെ അറുക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അഹ് ബാശുകളാണ് ഖുറൈശികളെ തടഞ്ഞു വെച്ചത്. ഖിറാഷ് رضي الله عنه നബി ﷺ യുടെ അടുക്കലേക്ക് മടങ്ങി വന്നു. 
 
ഉമർ رضي الله عنه നെ വിളിച്ചു കൊണ്ട് നബി ﷺ മക്കയിലേക്ക് പോകാൻ വേണ്ടി ആവശ്യപ്പെട്ടു . ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ കാര്യത്തിൽ ഖുറൈശികളെ ഞാൻ ഭയപ്പെടുന്നു. ഖുറൈശികൾ എന്നെ ആക്രമിക്കാൻ വന്നാൽ ബനൂ അദിയ്യ് ഗോത്രത്തിൽ എനിക്കു വേണ്ടി തടയാൻ ആരും ഉണ്ടാവുകയില്ല. ബനൂ അദിയ്യ് ഗോത്രത്തോട് എനിക്കുള്ള ശത്രുതയെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും ഖുറൈശികൾക്ക് നന്നായി അറിയാം. ഈ വിഷയത്തിൽ എന്നെക്കാൾ അഗ്രഗണ്യനായ വ്യക്തിയായി ഞാൻ മനസ്സിലാക്കുന്നത് ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنه നെയാണ്. നബി ﷺ ഉസ്മാൻ  رضي الله عنه വിളിച്ചു. കഅ്‌ബയുടെ പവിത്രതയെ ബഹുമാനിച്ചു കൊണ്ട് അവിടെ സന്ദർശനം നടത്താൻ വേണ്ടിയാണ് ഞങ്ങൾ വന്നിട്ടുള്ളത് എന്നും യുദ്ധം ഞങ്ങളുടെ ലക്ഷ്യമല്ല എന്നും ഖുറൈശികളെ അറിയിക്കാൻ വേണ്ടി നബി ﷺ  ഉസ്മാൻ  رضي الله عنه  നോട് ആവശ്യപ്പെട്ടു.
 
നബി ﷺ യുടെ കല്പനപ്രകാരം ഉസ്മാൻ  رضي الله عنه പുറപ്പെട്ടു. മക്കയിൽ എത്തിയപ്പോൾ അബാനുബ്നു സഈദുബ്നുൽ ആസ്വ്‌ ഉസ്മാൻ  رضي الله عنه കണ്ടു. അബാൻ തന്റെ ഒട്ടകപ്പുറത്തു നിന്നും ഇറങ്ങി. ഉസ്മാൻ  رضي الله عنه തന്റെ ഒട്ടകപ്പുറത്ത് കയറ്റുകയും അബാൻ അതിന്റെ പിറകെ നടക്കുകയും ചെയ്തു. മുഹമ്മദ് നബി ﷺ  നൽകിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വരെ അഭയം നൽകുകയും ചെയ്തു. ഉസ്മാൻ  رضي الله عنه അബൂ സുഫിയാനിന്റെയും ഖുറൈശികളുടെ നേതാക്കന്മാരുടെയും സമീപത്തെത്തി. നബി ﷺ തന്നെ അറിയിച്ച കാര്യം ഖുറൈശി പ്രമാണിമാരുടെ മുമ്പിൽ അവതരിപ്പിച്ചു. അപ്പോൾ അവർ ഉസ്മാനിനോട് പറഞ്ഞു: താങ്കൾക്ക് കഅ്‌ബ ത്വവാഫ് ചെയ്യണമെങ്കിൽ ത്വവാഫ് ചെയ്തു കൊള്ളുക. നബി ﷺ തവാഫ് ചെയ്യുന്നതുവരെ ഞാൻ തവാഫ് ചെയ്യുകയില്ല എന്ന് ഉസ്മാൻ  رضي الله عنه  മറുപടി പറയുകയും ചെയ്തു. പക്ഷേ ഖുറൈശികൾ അതിന് അനുവാദം നൽകിയില്ല എന്ന് മാത്രമല്ല ഉസ്മാൻ  رضي الله عنه അവർ തങ്ങളുടെ അടുക്കൽ പിടിച്ചു വെക്കുകയും ചെയ്തു. എന്നാൽ ഉസ്മാൻ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് നബിക്കും മുസ്‌ലിംകൾക്കും എത്തിയത്. (അഹ്‌മദ്: 18910)
 
ഉസ്മാനെ ഖുറൈശികൾ തടഞ്ഞു വെച്ചു എന്നു പറഞ്ഞുവല്ലോ. ഉസ്മാൻ  رضي الله عنه  എന്തൊരു ആവശ്യവുമായിട്ടാണോ വന്നിട്ടുള്ളത് ആ ആവശ്യത്തെക്കുറിച്ച് പരസ്പരം കൂടിയാലോചന നടത്തുവാനും ഒരു തീരുമാനം എടുത്തതിനു ശേഷം അതുമായി ഉസ്മാൻ  رضي الله عنه പറഞ്ഞയക്കുവാനുമായിരിക്കാം അദ്ദേഹത്തെ അവർ തടഞ്ഞു വെച്ചത്. എന്നാൽ സമയം കൂടുതൽ ദൈർഘ്യമായി പോയപ്പോഴാണ് ഉസ്മാൻ  رضي الله عنه  കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള ഒരു വാർത്ത മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത്. 
 
ഈ സന്ദർഭത്തിലാണ് ബൈഅത്ത് ചെയ്യുവാൻ വേണ്ടി നബി ﷺ ജനങ്ങളെ ക്ഷണിച്ചത്. അത് കേട്ടതോടു കൂടി സ്വഹാബിമാരെല്ലാം ദ്രുതഗതിയിൽ വരികയും പ്രവാചകനോട് ബൈഅത്ത് ചെയ്യുകയും ചെയ്തു. അബൂ സിനാൻ അബ്ദുല്ലാഹിബിനു വഹബുൽഅസദി رضي الله عنه എന്ന സഹാബിയായിരുന്നു ആദ്യമായി ബൈഅത്ത് ചെയ്തത്. അതിനു ശേഷം ഓരോരുത്തരായി ബൈഅത്ത് ചെയ്തു കൊണ്ടിരുന്നു. സമുറ എന്ന ഒരു മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ടായിരുന്നു ഈ ബൈഅത്ത്.
 
“ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു”(ഫത്ഹ്: 18)
 
ഉസ്മാൻ  رضي الله عنه അവിടെ ഇല്ലാത്തതിനാൽ അദ്ദേഹത്തിനു വേണ്ടി ബൈഅത് ചെയ്തത് നബി ﷺ തന്നെയായിരുന്നു. അനസുബ്നു മാലിക്رضي  الله عنه ൽ നിന്ന് നിവേദനം: നബി ﷺ ജനങ്ങളോട് ബൈഅത്ത് ചെയ്യാൻ വേണ്ടി (ബൈഅതുര്‌രിള്‌വാൻ) കൽപ്പിച്ച സന്ദർഭത്തിൽ ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنه  മക്കയിലായിരുന്നു. അങ്ങിനെ ജനങ്ങൾക്ക് ബൈഅത്ത് നൽകി. നബി ﷺ പറഞ്ഞു: ഉസ്മാൻ അല്ലാഹുവിന്റെയും പ്രവാചകന്റെയും ആവശ്യത്തിനു വേണ്ടി പോയതാണ്. നബി ﷺ തന്റെ ഒരു കൈ കൊണ്ട് മറുകയ്യിൽ അടിച്ചു ഉസ്മാൻ  رضي الله عنه  വേണ്ടി ബൈഅത്ത് ചെയ്തു. മറ്റുള്ള ആളുകൾ തങ്ങളുടെ കൈകൾ കൊടുത്തതിനേക്കാൾ ഉത്തമമാണ് ഉസ്മാൻ  رضي الله عنه നു വേണ്ടി നബി ﷺ തന്റെ കൈ കൊടുത്തത്. (തുർമുദി: 4035)
 
മരണത്തെ ഭയന്ന് കൊണ്ട് ഞങ്ങളൊരിക്കലും ഓടി പോവുകയില്ല എന്നുള്ളതായിരുന്നു ബൈഅതുര്‌രിള്‌വാൻ. ജദ്ദ്ബ്നു ഖൈസ് മാത്രമാണ് ബൈഅത്ത് ചെയ്യാതെ മാറി നിന്നത്. ഒരു മുനാഫിഖായിരുന്നു അയാൾ. അയാൾക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടായിരുന്നു. ബൈഅത്ത് ചെയ്യാൻ വേണ്ടി നബി ﷺ വിളിക്കുമോ എന്ന ഭയത്താൽ ആ ഒട്ടകത്തിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്നു അയാൾ . സനിയ്യതുൽ മുറാറയിൽ കയറാൻ വേണ്ടി നേരത്തെ നബി  ﷺ ആവശ്യപ്പെട്ടപ്പോഴും കയറാതെ മാറി നിന്നത് ഈ വ്യക്തിയായിരുന്നു. ബൈഅത്തു രിള്‌വാനിൽ പങ്കെടുത്ത ആളുകളുടെ മഹത്വം സൂചിപ്പിച്ചു കൊണ്ട് നബി പറയുകയുണ്ടായി: “ഭൂമിയിലെ ഏറ്റവും നല്ല വരാകുന്നു നിങ്ങൾ” (ബുഖാരി: 4154. മുസ്ലിം: 1856)
 
മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ട് നബി ﷺ യോട് ബൈഅത്ത് ചെയ്ത ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.(മുസ്‌ലിം: 2496)
 
ആ ഉടമ്പടി നടന്ന മരം അള്ളാഹു ജനങ്ങളിൽ നിന്നും മറച്ചു വച്ചു. വിവരമില്ലാത്ത ആളുകൾ അല്ലാഹുവിനു പുറമേ ഈ മരത്തിന് പിറകെ കൂടാതിരിക്കാനും വലിയ ഒരു നന്മക്ക് കാരണമായ ഈ മരം ഒരു ഫിത്‌നക്ക് കാരണമാകാതിരിക്കാനും വേണ്ടിയായിരുന്നു അല്ലാഹു അതിനെ മറച്ചു വെച്ചത്. ഇബ്നു ഉമർ رضي الله عنه ൽ നിന്ന് നിവേദനം; ബൈഅതുര്‌രിള്‌വാൻ കഴിഞ്ഞു അടുത്തവർഷം ഞങ്ങൾ വീണ്ടും മക്കയിലേക്ക് മടങ്ങി വരുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് രണ്ടാളുകൾ പോലും കഴിഞ്ഞ വർഷം ബൈഅത്ത് നടന്ന ആ മരത്തിനു ചുവട്ടിൽ ഒരുമിച്ചുകൂടിയില്ല. അല്ലാഹുവിന്റെ ഭാഗത്തു നിന്നുമുള്ള അനുഗ്രഹമായിരുന്നു അത്. (ബുഖാരി:2958)
 
എന്നാൽ പിൽക്കാലത്ത് ഈ മരത്തിനു ചുവട്ടിൽ വെച്ച് കൊണ്ട് ജനങ്ങൾ നമസ്കാരം നിർവഹിക്കുന്നു എന്ന വിവരം ഉമർ رضي الله عنه നു കിട്ടിയപ്പോൾ ആ മരം മുറിച്ചു കളയുവാനുള്ള കൽപ്പന ഉമർ رضي الله عنه  നൽകുകയും മരം മുറിക്കപ്പെടുകയും ചെയ്തു. 
മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ടുള്ള ബൈഅത്ത് പൂർത്തിയായതിനു ശേഷം ഉസ്മാൻ رضي الله عنه മക്കയിൽ നിന്ന് മുസ്‌ലിംകളിലേക്ക് തിരിച്ചു വന്നു. ഖുറൈശികൾ ഈ ബൈഅത്തിനെ കുറിച്ച് കേട്ടപ്പോൾ അവർക്ക് ഭയം തോന്നി. അൽപമെങ്കിലും ചിന്തിക്കുന്നവർ സന്ധിക്ക് തയ്യാറാകാം എന്ന് ആഗ്രഹിച്ചു. എന്നാൽ കൂട്ടത്തിൽ ചിലർക്ക് യുദ്ധം ചെയ്യാം എന്ന അഭിപ്രായവും ഉണ്ടായി. അവസാനം അവർ എത്തിയ തീരുമാനം ഇങ്ങിനെയായിരുന്നു. ആരുമറിയാതെ മുസ്ലിം സൈന്യത്തിലേക്ക് രാത്രിയിൽ ഒളിഞ്ഞു ചെല്ലുക. എന്നിട്ട് യുദ്ധം ഇളക്കിവിടാൻ ആവശ്യമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക. ഈ തീരുമാനം നടപ്പിലാക്കാൻ തൻഈം മലകളിലൂടെ 80 ആളുകൾ മുശ്രികുകളിൽ നിന്ന് കടന്നു വന്നു. മുസ്ലിംകൾക്കെതിരിൽ വല്ല അവസരവും കിട്ടിയാൽ ഉപയോഗപ്പെടുത്താം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മുസ്ലിം സൈന്യത്തിന്റെ മേധാവി മുഹമ്മദ് ബ്നു മസ്‌ലമ رضي الله عنه ഉണർന്നിരിക്കുകയായിരുന്നു.
 
മുസ്‌ലിംകളെ ലക്ഷ്യം വെച്ച് കൊണ്ട് കടന്നു വന്ന എല്ലാ മുശ്‌രികുകളെയും അവർ ബന്ദികളാക്കി പ്രവാചകന്റെ അടുക്കലേക്ക് കൊണ്ടു വന്നു. നബി ﷺ അവരോടായി പറഞ്ഞു: നിങ്ങൾ ആരടെയെങ്കിലും കരാറിൽ വന്നതാണോ? നിങ്ങൾക്ക് അഭയം നൽകാമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അവർ പറഞ്ഞു ഇല്ല. അപ്പോൾ നബി ﷺ അവരെ വെറുതെ വിട്ടു. എല്ലാവർക്കും മാപ്പ് കൊടുത്തു. സന്ധിയിൽ ഏർപെടാനുള്ള നബി ﷺ യുടെ താൽപര്യമായിരുന്നു ഇത്. കാരണം നബി ﷺ യുദ്ധത്തിന് വന്നതല്ല. അല്ലാഹു പറയുന്നത് കാണുക
 
” അവര്‍ക്ക് (ശത്രുക്കള്‍ക്ക്‌) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.”(ഫത്ഹ്:24)
 
(മുസ്‌ലിം: 1808)
മുഹമ്മദ് നബി ﷺ ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഖുറൈശികൾ അറിഞ്ഞപ്പോൾ അവർ സുഹൈലുബ്നു അംറിനെ നബി ﷺ യിലേക്ക് നിയോഗിക്കുകയുണ്ടായി. അയാളുടെ കൂടെ ഹുവൈത്വിബുബ്നു അബ്ദുൽ ഉസ്സയും മിക്റസുബ്നു ഹഫ്സും ഉണ്ടായിരുന്നു. മുഹമ്മദിന്റെ അടുക്കൽ ചെന്ന് സന്ധിയിൽ ഏർപ്പെടാൻ ഖുറൈശികൾ അവരോട് പറഞ്ഞു. ഈ വർഷം മക്കയിൽ പ്രവേശിക്കാതെ മദീനയിലേക്ക് നിങ്ങൾ തിരിച്ചു പോകണം എന്ന് തന്നെയായിരിക്കണം സന്ധിയിൽ വരേണ്ടത് എന്നും നിർദ്ദേശിച്ചു. നമ്മോട് ധിക്കാരം കാണിച്ചു കൊണ്ട് മുഹമ്മദ് മക്കയിൽ പ്രവേശിച്ചു എന്ന് അറബികൾ പറയാൻ ഇട വരരുത്. സുഹൈൽ നബി ﷺ യുടെ അടുത്തെത്തിയപ്പോൾ നബി ﷺ  ഇപ്രകാരം പറഞ്ഞു” നിങ്ങളുടെ കാര്യങ്ങൾ എളുപ്പമായിരിക്കുന്നു. ഖുറൈശികൾ സന്ധി ആഗ്രഹിച്ചത് കൊണ്ടാണ് ഇയാളെ ഇങ്ങോട്ട് പറഞ്ഞയച്ചിട്ടുള്ളത്. സുഹൈൽ നബി ﷺ  യുടെ മുമ്പിൽ വന്നിരുന്നു. നബിയും സുഹൈലും ദീർഘ നേരം സംസാരിച്ചു. ശേഷം മുസ്‌ലിംകൾക്കും ഖുറൈശികൾക്കുമിടയിൽ സന്ധീയിൽ എത്താനുള്ള നിബന്ധനകളിൽ അവർ യോജിച്ചു. ആ നിബന്ധനകൾ താഴെ പറയുന്നവയാകുന്നു. 
 
(1) മുഹമ്മദ് നബിﷺ  യും അനുയായികളും ഈ വർഷം മടങ്ങിപ്പോകണം. മക്കയിലേക്ക് പ്രവേശിക്കരുത്. അടുത്ത വർഷമായാൽ മുസ്‌ലിംകൾക്ക് മക്കയിലേക്ക് വരാം. മൂന്ന് ദിവസം അവിടെ താമസിക്കാം. യാത്രക്കാരനായ ഒരു വ്യക്തിയുടെ ആയുധം കയ്യിൽ കരുതാം. വാളും ആ വാളുകളുടെ ഉറയുമാണ് (അറബികൾക്കിടയിൽ യാത്രക്കാരുടെ ആയുധം.) ഖുറൈശികൾ ഒരു ദ്രോഹവും ചെയ്യുകയില്ല.

(2) പത്തു വർഷം രണ്ടു വിഭാഗങ്ങൾക്കുമിടയിൽ യുദ്ധം നിർത്തി വയ്ക്കണം. ജനങ്ങൾ നിർഭയരായി കഴിയണം. രണ്ടു വിഭാഗം സ്വയം യുദ്ധങ്ങളിൽ നിന്നും വിട്ടു നിൽക്കണം. 

(3) മുഹമ്മദിന്റെ കരാറിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെ ചെയ്യാം. ഖുറൈശികളുടെ കരാറിനോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെയും ചെയ്യാം. ഏത് വിഭാഗത്തിലേക്കാണോ (മുസ്‌ലിംകളുടെ വിഭാഗവും ഖുറൈശികളുടെ വിഭാഗവും) ഓരോ ഗോത്രവും ചേരുന്നത് എങ്കിൽ അതിന്റെ ഒരു ഭാഗമായിക്കൊണ്ടാണ് അവരെയും കണക്കാക്കുക. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു ഗോത്രത്തിൽ നിന്നും അതിരു കവിയൽ ഉണ്ടാകുന്ന അവസ്ഥ വന്നാൽ ആ ഗോത്രം ഏത് വിഭാഗത്തോടാണോ ചേർന്നിട്ടുള്ളത് അവരിലേക്ക് മുഴുവനായും ഈ അതിരുകവിയൽ കണക്കാക്കപ്പെടും. ഇത് കേട്ട ഉടനെ ഖുസാഅ ഗോത്രക്കാർ ചാടിയെണീറ്റ് കൊണ്ട് പറഞ്ഞു: ഞങ്ങൾ മുഹമ്മദ് നബി ﷺ യോടൊപ്പമാണ്. ബനൂ ബകർ ഗോത്രക്കാർ പറഞ്ഞു: ഞങ്ങൾ ഖുറൈശികൾക്കൊപ്പമാണ്. 

(4) തന്റെ രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഇസ്ലാം സ്വീകരിച്ച വല്ലവനും മുഹമ്മദിന്റെ അടുക്കലേക്ക് ചെന്നാൽ അവനെ അവന്റെ രക്ഷാധികാരിയിലേക്ക് മടക്കി അയക്കണം. എന്നാൽ മുഹമ്മദിന്റെ കൂടെയുള്ളവരിൽ നിന്നും വല്ലവനും ഖുറൈശികളിലേക്ക് വന്നാൽ പിന്നീട് അങ്ങോട്ട് തിരിച്ചയക്കുകയില്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള നിബന്ധനയായിരുന്നു ഇത്. 

(5) ഇനി ചതിയും വഞ്ചനയും ഇല്ലാത്ത, അക്രമങ്ങൾ കാണിക്കാത്ത, ശുദ്ധ ഹൃദയത്തിന്റെ ആളുകളായിരിക്കണം നമ്മൾ.

ഈ നിബന്ധനകൾ എഴുതിയിരുന്നത് അലിയ്യുബ്നു അബീ ത്വാലിബ്رضي الله عنه യിരുന്നു. എഴുത്ത് കഴിഞ്ഞപ്പോൾ ചില സ്വഹാബിമാരെ നബി ﷺ അതിനു സാക്ഷികളാക്കി. അബൂബക്കർ رضي الله عنه , ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه, അബ്ദുറഹ്മാനുബ്നു ഔഫ് അബൂ ഉബൈദതുൽ ജർറാഹ് رضي الله عنه, സഅ്‌ദുബ്നു അബീ വഖാസ് رضي الله عنه, മുഹമ്മദുബ്നു മസ്‌ലമ رضي الله عنه തുടങ്ങിയവരായിരുന്നു അവർ. ഹുവൈത്വിബുബ്നു അബ്ദിൽ ഉസ്സാ, മിക്‌റസുബ്നു ഹഫ്‌സ് തുടങ്ങിയവരാണ് മുശ്‌രികുകളിൽ നിന്നും സാക്ഷികളായി നിന്നത്.
 
കരാറിന്റെ എഴുത്ത് അവസാനിച്ചപ്പോൾ നബി ﷺ തന്റെ അനുയായികളോട് പറഞ്ഞു: ‘നിങ്ങൾ എഴുന്നേൽക്കുക. ബലിമൃഗങ്ങളെ അറുക്കുക. തല മുണ്ഡനം ചെയ്യുക’. പക്ഷേ ആരും എഴുന്നേറ്റില്ല. എന്നാൽ നബി ﷺ തന്റെ ബലിമൃഗത്തെ അറുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തപ്പോൾ സ്വഹാബികളെല്ലാവരും എഴുന്നേറ്റ് ബലി കർമ്മം നിർവ്വഹിക്കുകയും അവർ പരസ്പരം തല മുണ്ഡനം ചെയ്യുകയും ചെയ്തു. വലിയ ദുഃഖത്തിലും മാനസിക പ്രയാസത്തിലുമായിരുന്നു അവർ. മുടി വടിച്ചവർക്ക് മൂന്നു തവണയും വെട്ടിയവർക്ക് ഒരു തവണയുമായി നബി ﷺ പ്രാർത്ഥിക്കുകയുണ്ടായി. (അഹ്‌മദ്: 3311) മുടി വെട്ടാൻ കഴിയാത്തവർക്കുള്ള പ്രായശ്ചിത്വവുമായി ബന്ധപ്പെട്ട ആയത്ത് ഈ സന്ദർഭത്തിലാണ് അവതരിച്ചത്. കഅ്‌ബുബ്നു ഉജ്‌റയുടെ رضي الله عنه വിഷയത്തിലായിരുന്നു അത്. അദ്ദേഹത്തിന്റെ തലയിൽ ശക്തമായ പേനായിരുന്നു. മുഖത്തേക്ക് പോലും കൊഴിഞ്ഞു വീഴുന്ന രൂപത്തിലായിരുന്നു പേനുണ്ടായിരുന്നത്. നബി ﷺ ചോദിച്ചു; താങ്കൾക്ക് പ്രായശ്ചിത്തമായി ഒരു ആടിനെ കൊടുക്കാൻ കഴിയുമോ. അദ്ദേ പറഞ്ഞു: ഇല്ല. നബി പറഞ്ഞു: എങ്കിൽ താങ്കൾ മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. അല്ലെങ്കിൽ ആറു സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക. അര സ്വാഅ്‌ വീതമാണ് ഓരോ സാധുക്കൾക്കും നൽകേണ്ടത്. (ബുഖാരി: 1816. മുസ്‌ലിം: 1201)
 
ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 65

നബി ചരിത്രം - 65: ഹിജ്റ ആറാം വർഷം [ഭാഗം: 5]

ഹുദൈബിയ സന്ധി. (തുടർച്ച)
 
മുശ്രിക്കുകളുടെ കുതിരപ്പട യോട് ഏറ്റുമുട്ടാനോ യുദ്ധം ചെയ്യാനോ നിൽക്കാതെ മാറിപ്പോകാനായിരുന്നു നബി ﷺ ഉദ്ദേശിച്ചിരുന്നത്. തന്റെ അനുചരന്മാരോടായി നബി ﷺ ഇപ്രകാരം പറഞ്ഞു: മുശ്രിക്കുകൾ നിൽക്കുന്ന വഴി വിട്ടു കൊണ്ട് മറ്റൊരു വഴിയിലൂടെ നമ്മെ കൊണ്ട് പോകാൻ ആർക്കു കഴിയും?. അപ്പോൾ മുസ്ലിംകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞാൻ തയ്യാറാണ്. അങ്ങിനെ അദ്ദേഹം അവരെയും കൊണ്ട് മലയിടുക്കുകൾ വഴി ദുർഘടം പിടിച്ച സ്ഥലത്തു കൂടെ നീങ്ങി. ഈ വഴിയിലൂടെയുള്ള യാത്ര മുസ്ലിംകൾക്ക് വലിയ പ്രയാസമുണ്ടാക്കി. ശേഷം നിരപ്പായ നല്ല താഴ്‌വരയിലേക്ക് അവർ എത്തിച്ചേർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു: അല്ലാഹുവിനോട് ഞങ്ങൾ പാപ മോചന പ്രാർത്ഥന നടത്തുകയും അവനിലേക്ക് ഞങ്ങൾ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു എന്ന് നിങ്ങളെല്ലാവരും പറയുക. സഹാബികൾ അപ്രകാരം പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു : ഇതാണ് ബനൂ ഇസ്രാഈല്യരോടും പണ്ട് പറയാൻ ആവശ്യപ്പെട്ടത്. പക്ഷെ അവരത് പറഞ്ഞില്ല.
 
“നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തു നിന്ന് യഥേഷ്ടം ഭക്ഷിച്ചു കൊള്ളുവിന്‍. തല കുനിച്ചു കൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)”.(ബഖറ:58)
 
ശേഷം മുസ്ലിംകളോട് വലതു ഭാഗത്തേക്ക് പ്രവേശിക്കാൻ നബി ﷺ കല്പിച്ചു. സനിയ്യതുൽ മുറാറിലേക്ക് എത്തിക്കുന്ന വഴിയായിരുന്നു അത്. മക്കയുടെ താഴ്ഭാഗത്ത് കൂടെ ഹുദൈബിയ്യയിലേക്ക് ഇറങ്ങുന്ന വഴിയാണ് സനിയ്യതുൽ മുറാർ. സൈന്യം ആ വഴിയിലൂടെ പ്രവേശിച്ചു. ഖുറൈശികളുടെ കുതിരപ്പട മുസ്ലിം സൈന്യത്തിന്റെ ആദിക്യം കണ്ടപ്പോൾ മറ്റൊരു വഴിയിലൂടെ അവർ മക്കയിലെ ഖുറൈശികളിലേക്ക് മടങ്ങിപ്പോയി.
നബിﷺ യും സ്വഹാബിമാരും സനിയ്യതുൽ മുറാറിലെത്തി. നബിﷺ തന്റെ അനുചരന്മാരോട് ചോദിച്ചു; ആരാണ് സനിയ്യതുൽമുറാറിൽ കയറുക?. അതിൽ വല്ലവനും കയറിയാൽ ബനൂ ഇസ്റാഈല്യരുടെ പാപങ്ങൾ പൊറുക്കപ്പെട്ടതുപോലെ അവന്റെയും പാപങ്ങൾ പൊറുക്കപ്പെടും. ജാബിർ رضي الله عنه പറയുന്നു: ബനൂ ഖസ്റജിൽ പെട്ട ഒരു പടയാളിയാണ് ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ആദ്യമായി കയറിയത്. ശേഷം മറ്റുള്ള ആളുകളും കയറി. അപ്പോൾ നബി ﷺ  പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു പുറത്തു തന്നിരിക്കുന്നു. ചുവന്ന ഒട്ടകത്തിന്റെ ഉടമ ഒഴികെ. അപ്പോൾ ഞങ്ങൾ ആ വ്യക്തിയുടെ അടുത്ത് ചെന്നു. താങ്കൾ വരൂ താങ്കൾക്ക് വേണ്ടി അല്ലാഹുവിന്റെ പ്രവാചകൻ പാപമോചന പ്രാർത്ഥന നടത്തും. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വസ്തു തിരിച്ച് കിട്ടുന്നതാണ് നിങ്ങളുടെ പ്രവാചകൻ എനിക്കു വേണ്ടി പാപമോചന പ്രാർത്ഥന നടത്തുന്നതിനേക്കാൾ എനിക്കിഷ്ടം. തന്റെ നഷ്ടപ്പെട്ടുപോയ വസ്തു (ചുവന്ന ഒട്ടകം) അന്വേഷിച്ചു നടക്കുകയായിരുന്നു അദ്ദേഹം.(മുസ്ലിം 2780)
 
സനിയ്യതുൽ മുറാറിലെത്തിയപ്പോൾ നബിﷺ യുടെ ഒട്ടകം മുട്ടു കുത്തി. അപ്പോൾ സഹാബിമാർ പറഞ്ഞു ഒട്ടകം മുട്ടു കുത്തിയിരിക്കുകയാണ് . നബി ﷺ  പറഞ്ഞു: ഒട്ടകം മുട്ടു കുത്തി ഇരുന്നു പോയതല്ല. ആസ്വഭാവവും അതിനില്ല. മറിച്ച് ആനകളെ തടഞ്ഞു വെച്ചവൻ (അബ്രഹത്തിന്റെ ആനകളെ അല്ലാഹു പറഞ്ഞു വെച്ചതിനെക്കുറിച്ചാണ് പറയുന്നത്) ഒട്ടകത്തെയും തടഞ്ഞു വെച്ചിരിക്കുകയാണ്. ശേഷം നബിﷺ യുടെ അടുക്കൽ ഖുറൈശികൾ വരുകയും പരസ്പരം സംസാരങ്ങളും ചർച്ചകളും നടക്കുകയും ഒടുവിൽ മുസ്‌ലിംകൾക്കും ഖുറൈശികൾക്കുമിടയിൽ സന്ധി എഴുതുകയും ചെയ്തു. ഇമാം ബുഖാരിയുടെ സുദീർഘമായ ഒരു ഹദീസിൽ നമുക്കത് കാണുവാൻ സാധിക്കും. ” മിസ്‌വറുബ്‌നു മഖ്‌റമرضي الله عنه യിൽ നിന്നും മർവാൻ رضي الله عنه ൽ നിന്നും നിവേദനം; അവർ പറയുന്നു: ഹുദൈബിയ്യ കാലത്ത് നബി ﷺ പുറപ്പെട്ടു. വഴിയിൽ എത്തിയപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: ഖാലിദുബ്നുൽവലീദ് തന്റെ കുതിരപ്പടയുമായി വരുന്നുണ്ട്. നിങ്ങൾ വലതു ഭാഗത്തേക്ക് നീങ്ങിക്കൊള്ളുക. അങ്ങിനെ നബിﷺയും സ്വഹാബിമാരും സനിയ്യതുൽ മുറാറിലെത്തിയപ്പോൾ നബിﷺയുടെ ഒട്ടകം മുട്ടു കുത്തി. അപ്പോൾ അപ്പോൾ സ്വഹാബിമാർ പറഞ്ഞു : ഒട്ടകം മുട്ടു കുത്തിയിരിക്കുകയാണ്. നബിﷺ പറഞ്ഞു: ഒട്ടകം മുട്ടു കുത്തിയതല്ല. അങ്ങിനെ ഒരു സ്വഭാവവും അതിനില്ല. മറിച്ച് ആനകളെ തടഞ്ഞവൻ അതിനെയും തടഞ്ഞിരിക്കുകയാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം; അല്ലാഹുവിന്റെ പവിത്രമായ ബഹുമാനിക്കുന്ന ഏതൊരു തീരുമാനം അവർ എന്നോട് ചോദിച്ചാലും ഞാനവർക്ക് നൽകാതിരിക്കില്ല. ശേഷം ഒട്ടകത്തെ വിരട്ടിയപ്പോൾ അത് എണീറ്റു. നബി ﷺ സ്വഹാബി മാരെയും കൊണ്ട് ഹുദൈബിയ്യയുടെ അങ്ങേ അറ്റത്ത് അല്പം വെള്ളമുള്ള സ്ഥലത്തെത്തി. സഹാബിമാർ അവിടെ ചെന്ന് നിന്നു. താമസിയാതെത്തന്നെ വെള്ളം കലക്കമുള്ളതായി. അല്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹാബിമാർ തങ്ങളുടെ ദാഹം പ്രവാചകനോട് പരാതിയായി പറഞ്ഞു. നബി ﷺ തന്റെ ആവനാഴിയിൽ നിന്നും ഒരു അമ്പെടുത്തു. എന്നിട്ട് സഹാബിമാരോട് അത് കിണറ്റിലേക്ക് ഇടുവാൻ പറഞ്ഞു. അല്ലാഹുവാണ് സത്യം; അതിൽ വെള്ളം നിറഞ്ഞു വന്നു.
 
അങ്ങിനെയിരിക്കെ അവരുടെ അടുക്കലേക്ക് ഖുസാഅ ഗോത്രത്തിൽപ്പെട്ട ബുദൈലുബ്നു വറഖാഅ്‌ തന്റെ ഗോത്രത്തിലെ ആളുകളുമായി നബിﷺ  യുടെ അടുക്കലേക്ക് വന്നു. തിഹാമയിലുള്ള നബി ﷺ യുടെ ഉപദേശങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നവരായിരുന്നു അവർ. ബുദൈൽ നബി ﷺ യോട് പറഞ്ഞു: കഅ്‌ബുബ്‌നു ലുഅയ്യ്, ആമിറുബ്നു ലുഅയ്യ് തുടങ്ങിയവർ ഹുദൈബിയ്യക്ക് സമീപം എത്തിയിട്ടുണ്ട്. അവരുടെ കൂടെ വലിയ സമ്പത്തും ആളുകളും ഉണ്ട്. നിങ്ങളുമായി യുദ്ധം ചെയ്യലും കഅ്‌ബയിൽ നിന്ന് നിങ്ങളെ തടയലുമാണ് അവരുടെ ലക്ഷ്യം. അപ്പോൾ നബി ﷺ പറഞ്ഞു. ഞങ്ങൾ ആരുമായും യുദ്ധത്തിന് വന്നതല്ല. ഞങ്ങൾ ഉംറ നിർവഹിക്കാൻ വേണ്ടി വന്നതാണ്. യുദ്ധം ഖുറൈശികളെ കൊണ്ട് അതിരു കഴിഞ്ഞിരിക്കുന്നു. അത് അവരെക്കൊണ്ട് ധൃതി കാണിക്കുന്നു അപ്പോൾ ബുദൈൽ പറഞ്ഞു: താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അവരെ അറിയിക്കാം. അങ്ങിനെ ബുദൈൽ ഖുറൈശികളുടെ സമീപത്തെത്തി. എന്നിട്ട് പറഞ്ഞു: ഞാൻ മുഹമ്മദിന്റെ അടുത്ത് നിന്നാണ് വരുന്നത് അപ്പോൾ ചില വിവര ദോഷികൾ പറഞ്ഞു: മുഹമ്മദിനെക്കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്ല. അപ്പോൾ ഖുറൈശികൾ നിന്നും വക തിരിവുള്ള ചില ആളുകൾ പറഞ്ഞു. മുഹമ്മദ് എന്താണ് പറഞ്ഞത് എന്ന് ഞങ്ങളോട് പറയൂ. മുഹമ്മദ് നബിﷺ  പറഞ്ഞ കാര്യങ്ങളെല്ലാം ബുദൈൽ അവർക്ക് പറഞ്ഞു കൊടുത്തു. അപ്പോൾ ഉർവതുബ്നു മസ്ഊദ് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാനൊരു പിതാവല്ലേ? അവർ പറഞ്ഞു: തീർച്ചയായും. വീണ്ടും ചോദിച്ചു; ഞാനൊരു മകനല്ലേ? അവർ പറഞ്ഞു: അതെ, തീർച്ചയായും. ഉർവ ചോദിച്ചു; എന്നെക്കുറിച്ച് നിങ്ങൾക്ക് വല്ല ആരോപണവും പറയാനുണ്ടോ? അവർ പറഞ്ഞു: ഇല്ല. ഉർവ ചോദിച്ചു; ഉക്കാളക്കാരെ ഞാൻ യുദ്ധത്തിനുവേണ്ടി പ്രേരിപ്പിക്കുകയും എന്നാൽ അവർ എന്നെ എതിർത്തപ്പോൾ ഞാൻ അവരെ ഒഴിവാക്കി എന്റെ കുടുംബത്തെയും മക്കളെയും എന്നെ അനുസരിച്ചവരെയും കൊണ്ട് ഞാൻ വന്നില്ലേ?. അവർ പറഞ്ഞു: അതെ, തീർച്ചയായും. ഉർവ പറഞ്ഞു: എങ്കിൽ ഇതാ കേട്ടോളൂ; മുഹമ്മദ് നിങ്ങളുടെ മുമ്പിൽ വെച്ചിട്ടുള്ളത് നന്മയുടെ തീരുമാനമാണ്. അത് നിങ്ങൾ സ്വീകരിച്ചു കൊള്ളുക. ഞാനും മുഹമ്മദിന്റെ അടുക്കൽ ഒന്നു പോയി വരട്ടെ.
 
അങ്ങാനെ ഉർവ നബി ﷺ യുടെ സമീപത്തെത്തി. നബി ﷺ യോട് സംസാരിക്കാൻ തുടങ്ങി. നേരത്തെ ബുദൈലിനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉർവയോടും നബിﷺ ആവർത്തിച്ചു. ഉർവ പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ ജനതയുടെ കാര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. താങ്കൾക്ക് മുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ച ഒരാളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അല്ല, കാര്യം നേരെ തിരിച്ചാണ് എങ്കിൽ ഇപ്പോൾ താങ്കളുടെ കൂടെയുള്ള ചില ആളുകളൊക്കെയുണ്ടല്ലോ. അവരെല്ലാം നിങ്ങളെ വിട്ട് പോകുന്ന ഒരു ദിവസം വരും. (ആരാരുമില്ലാതെ നിങ്ങൾ ഒറ്റപ്പെടും)( ഇതുകേട്ട് ദേഷ്യം വന്ന) അബൂബക്കർ ഉർവയോട് പറഞ്ഞു: നീ പോയി ലാത്തയുടെ ലിംഗം നക്ക്. ഞങ്ങൾ നബി ﷺ യെ വിട്ട് ഓടിപ്പോവുകയോ?! ഞങ്ങൾ നബിയെ ഉപേക്ഷിക്കുകയോ?!. അപ്പോൾ ഉർവ ചോദിച്ചു; ആരാണാ സംസാരിച്ചത്?. ജനങ്ങൾ പറഞ്ഞു: അത് അബൂബക്കറാണ്. നിനക്ക് ഞാൻ പകരം നൽകിയിട്ടില്ലാത്ത ചില ഉപകാരങ്ങൾ എനിക്ക് നീ നൽകിയിട്ടുണ്ട്. അതില്ലായിരുന്നെങ്കിൽ ഞാൻ നിനക്ക് മറുപടി തരുമായിരുന്നു. ഉർവ നബി ﷺ യോട് സംസാരിച്ചു കൊണ്ടിരുന്നു. സംസാരിക്കുമ്പോഴെല്ലാം നബി ﷺ യുടെ താടിക്ക് കയറിപ്പിടിക്കുകയും ചെയ്തിരുന്നു. നബി ﷺ യുടെ തലക്കരികിൽ പടത്തൊപ്പി ധരിച്ച് ഊരിപ്പിടിച്ച വാളുമായി മുഗീറതുബ്നു ശുഅ്‌ബ നിൽക്കുന്നുണ്ടായിരുന്നു. ഉർവ നബി ﷺ യുടെ താടി പിടിക്കാൻ വേണ്ടി നീങ്ങുമ്പോഴെല്ലാം മുഗീറ رضي الله عنه തന്റെ വാളിന്റെ പിൻ ഭാഗം കൊണ്ട് ഉണ്ട് ഉർവയുടെ കൈക്കു കുത്തുമായിരുന്നു. എന്നിട്ട് പറയും: അല്ലാഹുവിന്റെ പ്രവാചകന്റെ താടിയിൽ നിന്നും കൈ മാറ്റടോ. ഉർവ തന്റെ തല ഉയർത്തിക്കൊണ്ട് ചോദിച്ചു ആരാണിത്?. ജനങ്ങൾ പറഞ്ഞു: അത് മുഗീറതുബ്നു ശുഅ്‌ബ رضي الله عنه യാണ് . 
 
ഉർവ: ചതിയാ, നിന്റെ ചതിക്ക് വേണ്ടിയായിരുന്നില്ലേ ഞാൻ ഒരുപാട് കാലം ഓടി നടന്നത്. (മുഗീറ തന്റെ ജാഹിലിയ്യാ കാല ഘട്ടത്തിൽ ഒരു സമൂഹത്തിന് പിറകെ കൂടുകയും അവരെ കൊലപ്പെടുത്തുകയും അവരുടെ സമ്പത്ത് കൈവശപ്പെടുത്തുകയും അതിനു ശേഷം വന്ന് പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തതായിരുന്നു) ഇത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: മുഗീറയുടെ ഇസ്ലാമിനെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം എടുത്ത പണവുമായി എനിക്ക് ബന്ധമില്ല. ശേഷം ഉർവ മുഹമ്മദ് നബി ﷺ യുടെ കൂടെയുള്ള ആളുകളെയൊക്കെ ഒന്നു നോക്കി. അല്ലാഹു തന്നെയാണ് സത്യം മുഹമ്മദ് നബി ﷺ തുപ്പുമ്പോൾ അത് ഏതെങ്കിലും സ്വഹാബിമാരുടെ കൈകളിലാണ് വീഴുന്നത്. എന്നിട്ട് അവർ അതു കൊണ്ട് തങ്ങളുടെ മുഖവും ശരീരവും തുടക്കുന്നു. മുഹമ്മദ് നബി ﷺ എന്തെങ്കിലും കല്പിച്ചാൽ അത് പ്രാവർത്തികമാക്കാൻ അവർ ധൃതി കാണിക്കുന്നു. മുഹമ്മദ് നബി ﷺ വുളൂഅ് ചെയ്താൽ ആ വുളൂഇന്റെ വെള്ളത്തിനു വേണ്ടി അവർ തിക്കും തിരക്കും കൂട്ടുന്നു. മുഹമ്മദ് നബിﷺ അവരോട് സംസാരിച്ചാൽ അവർ തങ്ങളുടെ ശബ്ദങ്ങൾ താഴ്ത്തുന്നു. മുഹമ്മദ് നബിﷺയോടുള്ള ബഹുമാനത്താൽ ആരും നബിﷺയിലേക്ക് തുറിച്ചു നോക്കുന്നു പോലുമില്ല.
 
ഉർവ തന്റെ അനുയായികളുടെ അടുക്കലേക്ക് മടങ്ങിപ്പോയി. എന്നിട്ട് പറഞ്ഞു അല്ലയോ സമൂഹമേ, അല്ലാഹുവാണ് സത്യം; ഒരുപാട് രാജാക്കന്മാരുടെ അടുത്ത് ഞാൻ ചെന്നിട്ടുണ്ട്. കൈസറിന്റെയും കിസ്റയുടെയും നജ്ജാശിയുടെയും അടുത്ത് ഞാൻ ചെന്നിട്ടുണ്ട്. അല്ലാഹുവാണ് സത്യം; മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ ബഹുമാനിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ അനുയായികൾ ബഹുമാനിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം; മുഹമ്മദ് ഒന്നു തുപ്പിയാൽ….(അവിടെ കണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു) വളരെ നല്ല ഒരു അഭിപ്രായം മുഹമ്മദ് നമ്മുടെ മുമ്പിൽ വെച്ച് തന്നിട്ടുണ്ട്. അത് നാം സ്വീകരിക്കുക. ഇത് കേട്ട മാത്രയിൽ കിനാന ഗോത്രത്തിൽ പെട്ട ഒരു വ്യക്തി പറഞ്ഞു: എന്നെ ഒന്നു വിടൂ. ഞാൻ മുഹമ്മദിന്റെ അടുക്കലേക്ക് ചെല്ലട്ടെ. ഖുറൈശികൾ പറഞ്ഞു: ചെന്നോളൂ. അയാൾ മുഹമ്മദ് നബിﷺയുടെയും സ്വഹാബിമാരുടെയും അടുക്കലേക്ക് എത്തിയപ്പോൾ മുഹമ്മദ് നബി ﷺ പറഞ്ഞു: ഇന്ന വ്യക്തി ഇതാ വന്നിരിക്കുന്നു. ബലി മൃഗങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ബലി മൃഗങ്ങളെ അയാൾക്ക് നേരെ അയച്ചു കൊള്ളുക. സ്വഹാബികൾ അപ്രകാരം ചെയ്തു. സ്വഹാബികൾ കിനാന ഗോത്രക്കാരനെ സ്വീകരിച്ചു. അവർ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട് കിനാന ഗോത്രക്കാരൻ പറഞ്ഞു: സുബ്ഹാനള്ളാ! ഈ ആളുകളെ ഒരിക്കലും കഅ്‌ബയെത്തൊട്ട് തടയാൻ പാടില്ല. അയാൾ തന്റെ അനുയായികളിലേക്ക് മടങ്ങിച്ചെന്ന് കൊണ്ട് പറഞ്ഞു: അടയാളം വെക്കപ്പെട്ട ബലിമൃഗങ്ങളെ ഞാൻ കണ്ടു. കഅ്‌ബയെത്തൊട്ട് അവരെ തടയണമെന്ന അഭിപ്രായം എനിക്കില്ല. ഇതു കേട്ട മാത്രയിൽ അവരുടെ കൂട്ടത്തിൽ നിന്ന് മിക്റസുബ്നു ഹഫ്സ് എന്ന വ്യക്തി എണീറ്റു. എന്നിട്ട് പറഞ്ഞു: എന്നെ മുഹമ്മദിന്റെ അടുക്കലേക്കു പോകാൻ അനുവദിക്കണം. ഖുറൈശികൾ പറഞ്ഞു: ചെന്നോളൂ.
മിക്റസ് അവിടെയെത്തിയപ്പോൾ നബി ﷺ പറഞ്ഞു: വളരെ നീചനായ വ്യക്തിയാണ് ഇയാൾ. അയാൾ നബിﷺയോട് സംസാരിക്കാൻ തുടങ്ങി. സംസാരിച്ചു കൊണ്ടിരിക്കെ സുഹൈലുബ്നു അംറ് അവിടെ കടന്ന് വന്നു. (മഅ്‌മർ പറയുന്നു: ഇക്രിമ യിൽ നിന്നും അയ്യൂബ് എനിക്ക് പറഞ്ഞു തന്നു) സുഹൈലുബ്നു അംറ് വന്നപ്പോൾ നബി ﷺ പറഞ്ഞു: ഇനി നിങ്ങളുടെ കാര്യങ്ങൾ എല്ലാം എളുപ്പമായിരിക്കും.(മഅ്‌മർ പറയുന്നു: സുഹ്‌രി തന്റെ ഹദീസിൽ പറഞ്ഞിരിക്കുന്നു)
 
സുഹൈൽ വന്നപ്പോൾ ഇപ്രകാരം പറഞ്ഞു. ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ ഒരു കരാർ എഴുതാൻ ആവശ്യമായത് കൊണ്ടു വരൂ. നബി ﷺ തന്റെ എഴുത്തുകാരനെ വിളിച്ചു. എഴുതാൻ ആവശ്യമായത് നബി ﷺ പറഞ്ഞു കൊടുത്തു. ‘ബിസ്മില്ലാഹിർറഹ്മാനിർറഹീം’ 
സുഹൈൽ: റഹ്മാൻ എന്താണെന്ന് ഞങ്ങൾക്കറിയില്ല. നിങ്ങൾ മുമ്പ് എഴുതാറുള്ളത് പോലെ ബിസ്മിക അല്ലാഹുമ്മ എന്ന് എഴുതിക്കൊള്ളുക. അപ്പോൾ മുസ്ലിംകൾ പറഞ്ഞു: ബിസ്മില്ലാഹിറഹ്മാനിറഹീം എന്നല്ലാതെ ഞങ്ങൾ എഴുതുകയില്ല.
നബി ﷺ : ബിസ്മിക അല്ലാഹുമ്മ എന്ന് എഴുതി കൊള്ളുക. ശേഷം മുഹമ്മദ് നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദുമായി ഉണ്ടാക്കുന്ന കരാർ ആകുന്നു ഇത്’. അപ്പോൾ സുഹൈൽ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കഅ്‌ബയിൽ നിന്നും നിങ്ങളെ തടയുകയോ നിങ്ങളുമായി യുദ്ധത്തിന് വരികയോ ചെയ്യുമായിരുന്നില്ല. അതു കൊണ്ട് അബ്‌ദുല്ലയുടെ മകൻ മുഹമ്മദ് എന്ന് എഴുതിക്കൊള്ളുക. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാകുന്നു. നിങ്ങളെന്നെ നിഷേധിച്ചാലും ശരി. (നിങ്ങൾ പറഞ്ഞതുപോലെ) മുഹമ്മദുബ്നു അബ്ദില്ല എന്ന് എഴുതിക്കൊള്ളുക. -സുഹ്‌രി പറയുന്നു- അല്ലാഹുവിന്റെ പവിത്രമായവയെ ബഹുമാനിക്കുന്ന രൂപത്തിലുള്ള ഉള്ള ഏത് അഭിപ്രായങ്ങൾ അവർ പറഞ്ഞാലും ഞാനത് അംഗീകരിക്കും എന്ന് മുഹമ്മദ് നബിﷺ പറഞ്ഞതിന്റെ ഉദ്ദേശം ഇതാകുന്നു. കരാറിന്റെ ഭാഗമായി നബിﷺ പറഞ്ഞു കൊടുത്തു; ഞങ്ങളെ കഅ്‌ബയിലേക്ക് ഉംറക്ക് വേണ്ടി വിടണം (കഅ്‌ബക്കും ഞങ്ങൾക്കുമിടയിൽ വിട്ടേക്കൂ) (ബുഖാരി: 2731)

ഹുദൈബിയ്യാ ദിവസം ജനങ്ങൾക്ക് ദാഹിച്ചു. അസർ നമസ്കാരത്തിന് വുളൂഅ് ചെയ്യാൻ വെള്ളം ഉണ്ടായിരുന്നില്ല. നബി ﷺ തന്റെ കൈയ്യിലുണ്ടായിരുന്ന പാത്രത്തിൽ കൈ വെച്ചു. നബി ﷺ യുടെ വിരലുകൾക്കിടയിലൂടെ അരുവി കണക്കേ വെള്ളം പൊട്ടിപ്പുറപ്പെടുന്ന അത്ഭുതമാണ് സ്വഹാബികൾ കണ്ടത്. ജാബിർ رضي الله عنه പറയുന്നു: ഞങ്ങൾ 1500 പേരുണ്ടായിരുന്നു. ഞങ്ങൾ ഒരു ലക്ഷം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്ക് വെള്ളം മതിയാകുമായിരുന്നു. (ബുഖാരി: 4152)
 
ഫദ്‌ലുല്‍ ഹഖ് ഉമരി