നബി ചരിത്രം - 67: ഹിജ്റ ആറാം വർഷം [ഭാഗം: 7]

ഹുദൈബിയ്യയിൽ നിന്നും മദീനയിലേക്ക്.
ഒന്നര മാസത്തിനു ശേഷം നബിﷺയും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി. അതിൽ 20 ദിവസവും അവർ താമസിച്ചത് ഹുദൈബിയ്യയിൽ തന്നെയായിരുന്നു. കുറാഉൽഗമീം എന്ന സ്ഥലത്തെത്തിയപ്പോൾ സൂറത്തുൽ ഫത്ഹ് അവതരിച്ചു.
” തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്.അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും.അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു.” (ഫത്ഹ്: 1-5)
മക്കക്കും മദീനക്കും ഇടയിലുള്ള ഒരു സ്ഥലമാണ് കുറാഉൽഗമീം. ഇസ്ലാമിന്റെ വിജയങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നായിരുന്നു ഹുദൈബിയ്യാ സന്ധി. ഒരുപാട് നന്മകളും വിജയങ്ങളും ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ സാധിച്ചു. ജനങ്ങൾ നിർഭയരായി. അവർ പരസ്പരം ഒരുമിച്ചു കൂടാൻ തുടങ്ങി. സത്യ വിശ്വാസികൾ സത്യ നിഷേധികളുടെ കൂടെ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ജനങ്ങൾക്കിടയിലുള്ള മൃഗീയത നീങ്ങിപ്പോയി. ഉപകാരപ്രദമായ അറിവുകൾ പ്രചരിച്ചു. ജനങ്ങൾ ഇസ്ലാമിലേക്ക് കടന്നു വരാൻ തുടങ്ങി. ഹുദൈബിയ്യയുടെ സന്ദർഭത്തിൽ 1400 പേരാണ് അവർ ഉണ്ടായിരുന്നത്. എന്നാൽ രണ്ടു വർഷത്തിനു ശേഷം മക്കാ വിജയത്തിന്റെ സന്ദർഭത്തിൽ അവർ പതിനായിരമായി. അംറുബ്നുൽആസ്വ് رضي الله عنه, ഖാലിദുബ്നുൽവലീദ് رضي الله عنه, തുടങ്ങിയവരൊക്കെ ഇസ്ലാമിലേക്ക് കടന്നു വന്നത് ഈ കാലയളവിലാണ്. വ്യക്തമായ വിജയം എന്നാണ് അല്ലാഹു ഇതിനു പേര് നൽകിയത്. (ഫത്ഹ്: 1-3) വ്യക്തമായ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ഹുദൈബിയ സന്ധിയാണ് (ബുഖാരി: 4172. മുസ്ലിം: 1786)
ശഖീഖുബ്നു സലമയിൽ നിന്നും നിവേദനം: സിഫ്‌ഫീൻ യുദ്ധ ദിവസം സഹ്‌ലുബ്നു ഹുനൈഫ് رضي الله عنه എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ സ്വന്തത്തിൽ കുറ്റങ്ങൾ കണ്ടെത്തുക. ഞങ്ങൾ നബിﷺയോടൊപ്പം ഹുദൈബിയ്യാ സന്ധിയുടെ വേളയിൽ ഉണ്ടായിരുന്നു. യുദ്ധം ചെയ്യാൻ എന്തെങ്കിലും വകുപ്പുണ്ടായിരുന്നെങ്കിൽ ഞങ്ങൾ യുദ്ധം ചെയ്യുമായിരുന്നു. നബിﷺക്കും മുശ്രിക്കുകൾക്കും ഇടയിൽ ഉണ്ടായ സന്ധിയായിരുന്നു അത്. ആ സന്ദർഭത്തിൽ ഉമറുബ്നുൽ ഖത്താബ് رضي الله عنه വന്നു കൊണ്ട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, നമ്മൾ സത്യത്തിന്റെ മാർഗത്തിലും അവർ അസത്യത്തിന്റെ മാർഗത്തിലുമല്ലേ?!. നബി ﷺ പറഞ്ഞു: അതെ, തീർച്ചയായും. ഉമർ رضي الله عنه ചോദിച്ചു; നമ്മൾ മരിച്ചാൽ സ്വർഗ്ഗത്തിലേക്കും അവർ മരിച്ചാൽ നരകത്തിലേക്കുമല്ലേ?!. നബി ﷺ പറഞ്ഞു: അതെ, തീർച്ചയായും. ഉമർ رضي الله عنه ചോദിച്ചു; പിന്നെ എന്തിനാണ് പ്രവാചകരെ ദീനിന്റെ വിഷയത്തിൽ ഈ താഴ്ന്നു കൊടുക്കൽ?. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലയോ ഖത്താബിന്റെ മകനേ, തീർച്ചയായും ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അല്ലാഹു ഒരിക്കലും എന്നെ പാഴാക്കുകയില്ല. ഉമർ رضي الله عنه അവിടെ നിന്നും പോയി. ദേഷ്യം കാരണം അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിഞ്ഞില്ല. ശേഷം ഉമർ رضي الله عنه അബൂബക്കർرضي الله عنه ന്റെ അടുക്കലേക്ക് ചെന്നു. നബിയോട് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അബൂബക്കർ رضي الله عنه നബി ﷺ നൽകിയ അതേ ഉത്തരങ്ങളും നൽകി. എന്നിട്ട് പറഞ്ഞു: ഖത്താബിന്റെ മകനേ, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ്. മുഹമ്മദ് നബിﷺയെ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല (നഷ്ടപ്പെടുത്തുകയില്ല).ആ സന്ദർഭത്തിൽ സൂറത്തുൽ ഫത്ഹിന്റെ ആയത്തുകൾ അവതരിച്ചു. ഉമറിرضي الله عنه ലേക്ക് ആളെ അയച്ചു കൊണ്ട് നബി ﷺ പറഞ്ഞു. ഈ വചനങ്ങൾ ഉമറിനെ ഓതി കേൾപ്പിക്കുക. സൂറതുൽ ഫത്ഹിലെ വചനങ്ങൾ കേട്ടപ്പോൾ ഉമർ رضي الله عنه ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ഇതാണോ ആ വിജയം? നബി പറഞ്ഞു: അതെ. ഉമറിന് സമാധാനമാവുകയും മടങ്ങിപ്പോവുകയും ചെയ്തു. (ബുഖാരി: 3182. മുസ്‌ലിം 1785)
എന്നാൽ സൂറത്തുൽ ഫത്ഹിലെ 18, 19 തുടങ്ങിയ വചനങ്ങളിൽ പറഞ്ഞ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ഖൈബറിലെ വിജയമാണ്. കാരണം അതിലാണ് മുസ്ലിംകൾക്ക് ഏറ്റവും കൂടുതൽ ഗനീമത്ത് സ്വത്ത് കിട്ടിയത്. സൂറതുന്നസ്വ്‌റിൽ പറഞ്ഞ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് മക്കാവിജയമാണ്. നബിﷺക്കും സത്യവിശ്വാസികൾക്കും അള്ളാഹു നൽകി ആദരിച്ച മൂന്നു വിജയങ്ങളാകുന്നു ഇവകൾ. നബി ﷺ മദീനയിൽ എത്തുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തപ്പോൾ മുഹാജിറുകളായിക്കൊണ്ട് ചില സ്ത്രീകൾ മക്കയിൽ നിന്നും വന്നു. ഈ കാലയളവിൽ ആദ്യമായി മദീനയിൽ എത്തിയ മഹതിയായിരുന്നു ഉമ്മു കുൽസൂം ബിൻതു ഉഖ്ബതുബ്നു അബീ മുഈത്വ് رضی اللہ عنھا. നബി ﷺ മദീനയിലേക്ക് ഹിജ്റയായി വന്നതിനു ശേഷം സ്ത്രീകളിൽ നിന്ന് ആദ്യമായി ഹിജ്റ ചെയ്ത മഹതിയുമാണ് ഇവർ. അവരുടെ പിറകെയായിക്കൊണ്ട് തന്റെ രണ്ട് സഹോദരന്മാരായ അമ്മാറയും വലീദും വന്നു. അവർ പറഞ്ഞു: അല്ലയോ മുഹമ്മദ്. ഞങ്ങൾക്കു നൽകിയ കരാർ നിങ്ങൾ പാലിക്കണം. (മക്കയിൽ നിന്നും വന്ന് മുഹമ്മദ് നബി ﷺ യുടെ അടുത്ത് എത്തിയവരെ തിരിച്ചയക്കണം എന്നുള്ളതായിരുന്നു കരാർ) എന്നാൽ മുഹമ്മദ് നബി ﷺ അവരെ തിരിച്ചയക്കാൻ വിസമ്മതിച്ചു. ഹുദൈബിയ്യയിൽ എഴുതിയ നിബന്ധനയിൽ സ്ത്രീകൾ പെടുകയില്ല എന്നാണ് നബി ﷺ പറഞ്ഞത്. ഈ സന്ദർഭത്തിൽ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു.
“സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ത്ഥികളായി കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചു കൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ച് കൊള്ളട്ടെ. അതാണ് അല്ലാഹുവിന്‍റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു” (മുംതഹിന: 10)
ഈ ആയത്തിന്റെ അവതരണത്തോടു കൂടി സ്വഹാബിമാരെല്ലാം തങ്ങളുടെ കാഫിറതുകളായ ഭാര്യമാരെ വിവാഹ മോചനം ചെയ്തു.
ഹുദൈബിയാ സന്ധിയുടെ പ്രത്യക്ഷ രൂപം പരിശോധിച്ചാൽ മുസ്‌ലിംകൾക്ക് അത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതിന്റെ പരോക്ഷമായ അവസ്ഥ എടുത്താൽ മുസ്ലിംകൾക്ക് വിജയവും പ്രതാപവുമാണ്. ഈ സന്ധിയിലൂടെയാണ് മുസ്‌ലിംകളുടെ ഇസ്സത്ത് പ്രകടമായതും ഖുറൈശികളുടെ ഭയം ഇല്ലാതായതും മുസ്‌ലിംകളുടെ സ്ഥാനത്തെ ഖുറൈശികൾ അംഗീകരിച്ചതും. മുസ്ലിംകൾ അമുസ്ലിംകളോടൊപ്പം കൂടി ചേർന്ന് ജീവിക്കുന്ന സാഹചര്യമുണ്ടായി. അതിന്റെ ഫലമായി മുസ്ലിംകൾ അവരെ ഖുർആൻ കേൾപ്പിച്ചു. ഇസ്‌ലാമിന് വേണ്ടി പ്രത്യക്ഷമായും നിർഭയരായും മുശ്രിക്കുകളോട് സംവദിച്ചു. ഇസ്ലാം ഗോപ്യമാക്കി വെച്ചിരുന്നവരെല്ലാം അത് പരസ്യമായി പ്രഖ്യാപിച്ചു.
ഉയർച്ചയാണ് ഖുറൈശികൾ ആഗ്രഹിച്ചത് എങ്കിലും അവർക്ക് സംഭവിച്ചത് തളർച്ചയായിരുന്നു. ഉസ്മാൻ رضي الله عنه ന്റെ കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത മുസ്‌ലിംകൾക്കിടയിൽ ദുർബലത ഉണ്ടാക്കും എന്നാണ് ഖുറൈശികൾ കരുതിയത്. പക്ഷേ കുറൈശികൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്നു കാര്യം. ബൈഅതുര്‌രിള്‌വാനിന് അത് കാരണമായി മാറി. പ്രമാണങ്ങൾക്ക് മുമ്പിൽ ബുദ്ധി ഒന്നുമല്ല എന്ന് അവർ മനസ്സിലാക്കി. ഉമറുബ്നുൽഖത്താബ് رضي الله عنه ന്റെ കാര്യത്തിൽ അതാണ് ഉണ്ടായത്. പറയുന്നതിനേക്കാൾ കൂടുതൽ സ്വാധീനം പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നതിലൂടെ ഉണ്ടാകും എന്ന ഒരു പാഠം ഇവിടെ ലഭിച്ചു. നബി മുടിയെടോത്തപ്പോൾ സഹാബത്തും മുടിയെടുക്കാൻ പുറപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു.
ഹുദൈബിയ്യാ സന്ധിയോടെ നബി ﷺ തന്റെ പ്രധാന ശത്രുക്കളെയെല്ലാം (ഖുറൈശികൾ) മൗനികളാക്കി. ഇതിനു ശേഷം നബി ﷺ യുടെ പ്രധാന ശ്രദ്ധ രണ്ടാമത്തെ ശത്രുക്കളായിരുന്നു. അവരെത്ര ജൂതന്മാർ. ഖൈബറിൽ പരാജയം ഏറ്റു വാങ്ങിയവരായിരുന്നു അവർ. ഹുദൈബിയ്യാ സന്ധിയോടു കൂടി പ്രബോധനത്തിന് പുതിയ ഒരു വഴിത്തിരിവ് തുറന്നപ്പോൾ നബി ﷺരാജാക്കന്മാർക്കും ഭരണാധികാരികൾക്കും നേതാക്കന്മാർക്കും കത്തുകൾ എഴുതുവാനും അതിലൂടെ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും തുടങ്ങി.
ഫദ്‌ലുല്‍ ഹഖ് ഉമരി