നബി ചരിത്രം - 66: ഹിജ്റ ആറാം വർഷം [ഭാഗം: 6]

ബൈഅത്തുര്‌രിള്‌വാൻ.
ഞങ്ങൾ യുദ്ധത്തിനു വേണ്ടി വന്നതല്ലെന്നും ഉംറ ചെയ്യാൻ വേണ്ടി മാത്രമാണ് വന്നതെന്നും ഖുറൈശികളെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ നബി ﷺ ഉദ്ദേശിച്ചു. ഖിറാശുബ്നു ഉമയ്യതുൽഖുസാഇ رضي الله عنه യെ മക്കയിലേക്ക് അയച്ചു. സഅ്‌ലബ് എന്ന് പേരുള്ള ഒരു ഒട്ടകപ്പുറത്താണ് പറഞ്ഞയച്ചത്. അദ്ദേഹം മക്കയിൽ എത്തിയപ്പോൾ ഖുറൈശികൾ ആ ഒട്ടകത്തെ അറുക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അഹ് ബാശുകളാണ് ഖുറൈശികളെ തടഞ്ഞു വെച്ചത്. ഖിറാഷ് رضي الله عنه നബി ﷺ യുടെ അടുക്കലേക്ക് മടങ്ങി വന്നു.
ഉമർ رضي الله عنه നെ വിളിച്ചു കൊണ്ട് നബി ﷺ മക്കയിലേക്ക് പോകാൻ വേണ്ടി ആവശ്യപ്പെട്ടു . ഉമർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ കാര്യത്തിൽ ഖുറൈശികളെ ഞാൻ ഭയപ്പെടുന്നു. ഖുറൈശികൾ എന്നെ ആക്രമിക്കാൻ വന്നാൽ ബനൂ അദിയ്യ് ഗോത്രത്തിൽ എനിക്കു വേണ്ടി തടയാൻ ആരും ഉണ്ടാവുകയില്ല. ബനൂ അദിയ്യ് ഗോത്രത്തോട് എനിക്കുള്ള ശത്രുതയെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും ഖുറൈശികൾക്ക് നന്നായി അറിയാം. ഈ വിഷയത്തിൽ എന്നെക്കാൾ അഗ്രഗണ്യനായ വ്യക്തിയായി ഞാൻ മനസ്സിലാക്കുന്നത് ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنه നെയാണ്. നബി ﷺ ഉസ്മാൻ رضي الله عنه വിളിച്ചു. കഅ്‌ബയുടെ പവിത്രതയെ ബഹുമാനിച്ചു കൊണ്ട് അവിടെ സന്ദർശനം നടത്താൻ വേണ്ടിയാണ് ഞങ്ങൾ വന്നിട്ടുള്ളത് എന്നും യുദ്ധം ഞങ്ങളുടെ ലക്ഷ്യമല്ല എന്നും ഖുറൈശികളെ അറിയിക്കാൻ വേണ്ടി നബി ﷺ ഉസ്മാൻ رضي الله عنه നോട് ആവശ്യപ്പെട്ടു.
നബി ﷺ യുടെ കല്പനപ്രകാരം ഉസ്മാൻ رضي الله عنه പുറപ്പെട്ടു. മക്കയിൽ എത്തിയപ്പോൾ അബാനുബ്നു സഈദുബ്നുൽ ആസ്വ് ഉസ്മാൻ رضي الله عنه കണ്ടു. അബാൻ തന്റെ ഒട്ടകപ്പുറത്തു നിന്നും ഇറങ്ങി. ഉസ്മാൻ رضي الله عنه തന്റെ ഒട്ടകപ്പുറത്ത് കയറ്റുകയും അബാൻ അതിന്റെ പിറകെ നടക്കുകയും ചെയ്തു. മുഹമ്മദ് നബി ﷺ നൽകിയ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വരെ അഭയം നൽകുകയും ചെയ്തു. ഉസ്മാൻ رضي الله عنه അബൂ സുഫിയാനിന്റെയും ഖുറൈശികളുടെ നേതാക്കന്മാരുടെയും സമീപത്തെത്തി. നബി ﷺ തന്നെ അറിയിച്ച കാര്യം ഖുറൈശി പ്രമാണിമാരുടെ മുമ്പിൽ അവതരിപ്പിച്ചു. അപ്പോൾ അവർ ഉസ്മാനിനോട് പറഞ്ഞു: താങ്കൾക്ക് കഅ്‌ബ ത്വവാഫ് ചെയ്യണമെങ്കിൽ ത്വവാഫ് ചെയ്തു കൊള്ളുക. നബി ﷺ തവാഫ് ചെയ്യുന്നതുവരെ ഞാൻ തവാഫ് ചെയ്യുകയില്ല എന്ന് ഉസ്മാൻ رضي الله عنه മറുപടി പറയുകയും ചെയ്തു. പക്ഷേ ഖുറൈശികൾ അതിന് അനുവാദം നൽകിയില്ല എന്ന് മാത്രമല്ല ഉസ്മാൻ رضي الله عنه അവർ തങ്ങളുടെ അടുക്കൽ പിടിച്ചു വെക്കുകയും ചെയ്തു. എന്നാൽ ഉസ്മാൻ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് നബിക്കും മുസ്‌ലിംകൾക്കും എത്തിയത്. (അഹ്‌മദ്: 18910)
ഉസ്മാനെ ഖുറൈശികൾ തടഞ്ഞു വെച്ചു എന്നു പറഞ്ഞുവല്ലോ. ഉസ്മാൻ رضي الله عنه എന്തൊരു ആവശ്യവുമായിട്ടാണോ വന്നിട്ടുള്ളത് ആ ആവശ്യത്തെക്കുറിച്ച് പരസ്പരം കൂടിയാലോചന നടത്തുവാനും ഒരു തീരുമാനം എടുത്തതിനു ശേഷം അതുമായി ഉസ്മാൻ رضي الله عنه പറഞ്ഞയക്കുവാനുമായിരിക്കാം അദ്ദേഹത്തെ അവർ തടഞ്ഞു വെച്ചത്. എന്നാൽ സമയം കൂടുതൽ ദൈർഘ്യമായി പോയപ്പോഴാണ് ഉസ്മാൻ رضي الله عنه കൊല്ലപ്പെട്ടിരിക്കുന്നു എന്നുള്ള ഒരു വാർത്ത മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത്.
ഈ സന്ദർഭത്തിലാണ് ബൈഅത്ത് ചെയ്യുവാൻ വേണ്ടി നബി ﷺ ജനങ്ങളെ ക്ഷണിച്ചത്. അത് കേട്ടതോടു കൂടി സ്വഹാബിമാരെല്ലാം ദ്രുതഗതിയിൽ വരികയും പ്രവാചകനോട് ബൈഅത്ത് ചെയ്യുകയും ചെയ്തു. അബൂ സിനാൻ അബ്ദുല്ലാഹിബിനു വഹബുൽഅസദി رضي الله عنه എന്ന സഹാബിയായിരുന്നു ആദ്യമായി ബൈഅത്ത് ചെയ്തത്. അതിനു ശേഷം ഓരോരുത്തരായി ബൈഅത്ത് ചെയ്തു കൊണ്ടിരുന്നു. സമുറ എന്ന ഒരു മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ടായിരുന്നു ഈ ബൈഅത്ത്.
“ആ മരത്തിന്‍റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു”(ഫത്ഹ്: 18)
ഉസ്മാൻ رضي الله عنه അവിടെ ഇല്ലാത്തതിനാൽ അദ്ദേഹത്തിനു വേണ്ടി ബൈഅത് ചെയ്തത് നബി ﷺ തന്നെയായിരുന്നു. അനസുബ്നു മാലിക്رضي الله عنه ൽ നിന്ന് നിവേദനം: നബി ﷺ ജനങ്ങളോട് ബൈഅത്ത് ചെയ്യാൻ വേണ്ടി (ബൈഅതുര്‌രിള്‌വാൻ) കൽപ്പിച്ച സന്ദർഭത്തിൽ ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنه മക്കയിലായിരുന്നു. അങ്ങിനെ ജനങ്ങൾക്ക് ബൈഅത്ത് നൽകി. നബി ﷺ പറഞ്ഞു: ഉസ്മാൻ അല്ലാഹുവിന്റെയും പ്രവാചകന്റെയും ആവശ്യത്തിനു വേണ്ടി പോയതാണ്. നബി ﷺ തന്റെ ഒരു കൈ കൊണ്ട് മറുകയ്യിൽ അടിച്ചു ഉസ്മാൻ رضي الله عنه വേണ്ടി ബൈഅത്ത് ചെയ്തു. മറ്റുള്ള ആളുകൾ തങ്ങളുടെ കൈകൾ കൊടുത്തതിനേക്കാൾ ഉത്തമമാണ് ഉസ്മാൻ رضي الله عنه നു വേണ്ടി നബി ﷺ തന്റെ കൈ കൊടുത്തത്. (തുർമുദി: 4035)
മരണത്തെ ഭയന്ന് കൊണ്ട് ഞങ്ങളൊരിക്കലും ഓടി പോവുകയില്ല എന്നുള്ളതായിരുന്നു ബൈഅതുര്‌രിള്‌വാൻ. ജദ്ദ്ബ്നു ഖൈസ് മാത്രമാണ് ബൈഅത്ത് ചെയ്യാതെ മാറി നിന്നത്. ഒരു മുനാഫിഖായിരുന്നു അയാൾ. അയാൾക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടായിരുന്നു. ബൈഅത്ത് ചെയ്യാൻ വേണ്ടി നബി ﷺ വിളിക്കുമോ എന്ന ഭയത്താൽ ആ ഒട്ടകത്തിന്റെ മറവിൽ ഒളിച്ചിരിക്കുകയായിരുന്നു അയാൾ . സനിയ്യതുൽ മുറാറയിൽ കയറാൻ വേണ്ടി നേരത്തെ നബി ﷺ ആവശ്യപ്പെട്ടപ്പോഴും കയറാതെ മാറി നിന്നത് ഈ വ്യക്തിയായിരുന്നു. ബൈഅത്തു രിള്‌വാനിൽ പങ്കെടുത്ത ആളുകളുടെ മഹത്വം സൂചിപ്പിച്ചു കൊണ്ട് നബി പറയുകയുണ്ടായി: “ഭൂമിയിലെ ഏറ്റവും നല്ല വരാകുന്നു നിങ്ങൾ” (ബുഖാരി: 4154. മുസ്ലിം: 1856)
മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ട് നബി ﷺ യോട് ബൈഅത്ത് ചെയ്ത ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.(മുസ്‌ലിം: 2496)
ആ ഉടമ്പടി നടന്ന മരം അള്ളാഹു ജനങ്ങളിൽ നിന്നും മറച്ചു വച്ചു. വിവരമില്ലാത്ത ആളുകൾ അല്ലാഹുവിനു പുറമേ ഈ മരത്തിന് പിറകെ കൂടാതിരിക്കാനും വലിയ ഒരു നന്മക്ക് കാരണമായ ഈ മരം ഒരു ഫിത്‌നക്ക് കാരണമാകാതിരിക്കാനും വേണ്ടിയായിരുന്നു അല്ലാഹു അതിനെ മറച്ചു വെച്ചത്. ഇബ്നു ഉമർ رضي الله عنه ൽ നിന്ന് നിവേദനം; ബൈഅതുര്‌രിള്‌വാൻ കഴിഞ്ഞു അടുത്തവർഷം ഞങ്ങൾ വീണ്ടും മക്കയിലേക്ക് മടങ്ങി വരുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് രണ്ടാളുകൾ പോലും കഴിഞ്ഞ വർഷം ബൈഅത്ത് നടന്ന ആ മരത്തിനു ചുവട്ടിൽ ഒരുമിച്ചുകൂടിയില്ല. അല്ലാഹുവിന്റെ ഭാഗത്തു നിന്നുമുള്ള അനുഗ്രഹമായിരുന്നു അത്. (ബുഖാരി:2958)
എന്നാൽ പിൽക്കാലത്ത് ഈ മരത്തിനു ചുവട്ടിൽ വെച്ച് കൊണ്ട് ജനങ്ങൾ നമസ്കാരം നിർവഹിക്കുന്നു എന്ന വിവരം ഉമർ رضي الله عنه നു കിട്ടിയപ്പോൾ ആ മരം മുറിച്ചു കളയുവാനുള്ള കൽപ്പന ഉമർ رضي الله عنه നൽകുകയും മരം മുറിക്കപ്പെടുകയും ചെയ്തു.
മരത്തിനു ചുവട്ടിൽ വെച്ചു കൊണ്ടുള്ള ബൈഅത്ത് പൂർത്തിയായതിനു ശേഷം ഉസ്മാൻ رضي الله عنه മക്കയിൽ നിന്ന് മുസ്‌ലിംകളിലേക്ക് തിരിച്ചു വന്നു. ഖുറൈശികൾ ഈ ബൈഅത്തിനെ കുറിച്ച് കേട്ടപ്പോൾ അവർക്ക് ഭയം തോന്നി. അൽപമെങ്കിലും ചിന്തിക്കുന്നവർ സന്ധിക്ക് തയ്യാറാകാം എന്ന് ആഗ്രഹിച്ചു. എന്നാൽ കൂട്ടത്തിൽ ചിലർക്ക് യുദ്ധം ചെയ്യാം എന്ന അഭിപ്രായവും ഉണ്ടായി. അവസാനം അവർ എത്തിയ തീരുമാനം ഇങ്ങിനെയായിരുന്നു. ആരുമറിയാതെ മുസ്ലിം സൈന്യത്തിലേക്ക് രാത്രിയിൽ ഒളിഞ്ഞു ചെല്ലുക. എന്നിട്ട് യുദ്ധം ഇളക്കിവിടാൻ ആവശ്യമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക. ഈ തീരുമാനം നടപ്പിലാക്കാൻ തൻഈം മലകളിലൂടെ 80 ആളുകൾ മുശ്രികുകളിൽ നിന്ന് കടന്നു വന്നു. മുസ്ലിംകൾക്കെതിരിൽ വല്ല അവസരവും കിട്ടിയാൽ ഉപയോഗപ്പെടുത്താം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ മുസ്ലിം സൈന്യത്തിന്റെ മേധാവി മുഹമ്മദ് ബ്നു മസ്‌ലമ رضي الله عنه ഉണർന്നിരിക്കുകയായിരുന്നു.
മുസ്‌ലിംകളെ ലക്ഷ്യം വെച്ച് കൊണ്ട് കടന്നു വന്ന എല്ലാ മുശ്‌രികുകളെയും അവർ ബന്ദികളാക്കി പ്രവാചകന്റെ അടുക്കലേക്ക് കൊണ്ടു വന്നു. നബി ﷺ അവരോടായി പറഞ്ഞു: നിങ്ങൾ ആരടെയെങ്കിലും കരാറിൽ വന്നതാണോ? നിങ്ങൾക്ക് അഭയം നൽകാമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അവർ പറഞ്ഞു ഇല്ല. അപ്പോൾ നബി ﷺ അവരെ വെറുതെ വിട്ടു. എല്ലാവർക്കും മാപ്പ് കൊടുത്തു. സന്ധിയിൽ ഏർപെടാനുള്ള നബി ﷺ യുടെ താൽപര്യമായിരുന്നു ഇത്. കാരണം നബി ﷺ യുദ്ധത്തിന് വന്നതല്ല. അല്ലാഹു പറയുന്നത് കാണുക
” അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിന് ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞു നിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.”(ഫത്ഹ്:24)
(മുസ്‌ലിം: 1808)
മുഹമ്മദ് നബി ﷺ ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഖുറൈശികൾ അറിഞ്ഞപ്പോൾ അവർ സുഹൈലുബ്നു അംറിനെ നബി ﷺ യിലേക്ക് നിയോഗിക്കുകയുണ്ടായി. അയാളുടെ കൂടെ ഹുവൈത്വിബുബ്നു അബ്ദുൽ ഉസ്സയും മിക്റസുബ്നു ഹഫ്സും ഉണ്ടായിരുന്നു. മുഹമ്മദിന്റെ അടുക്കൽ ചെന്ന് സന്ധിയിൽ ഏർപ്പെടാൻ ഖുറൈശികൾ അവരോട് പറഞ്ഞു. ഈ വർഷം മക്കയിൽ പ്രവേശിക്കാതെ മദീനയിലേക്ക് നിങ്ങൾ തിരിച്ചു പോകണം എന്ന് തന്നെയായിരിക്കണം സന്ധിയിൽ വരേണ്ടത് എന്നും നിർദ്ദേശിച്ചു. നമ്മോട് ധിക്കാരം കാണിച്ചു കൊണ്ട് മുഹമ്മദ് മക്കയിൽ പ്രവേശിച്ചു എന്ന് അറബികൾ പറയാൻ ഇട വരരുത്. സുഹൈൽ നബി ﷺ യുടെ അടുത്തെത്തിയപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു” നിങ്ങളുടെ കാര്യങ്ങൾ എളുപ്പമായിരിക്കുന്നു. ഖുറൈശികൾ സന്ധി ആഗ്രഹിച്ചത് കൊണ്ടാണ് ഇയാളെ ഇങ്ങോട്ട് പറഞ്ഞയച്ചിട്ടുള്ളത്. സുഹൈൽ നബി ﷺ യുടെ മുമ്പിൽ വന്നിരുന്നു. നബിയും സുഹൈലും ദീർഘ നേരം സംസാരിച്ചു. ശേഷം മുസ്‌ലിംകൾക്കും ഖുറൈശികൾക്കുമിടയിൽ സന്ധീയിൽ എത്താനുള്ള നിബന്ധനകളിൽ അവർ യോജിച്ചു. ആ നിബന്ധനകൾ താഴെ പറയുന്നവയാകുന്നു.
(1) മുഹമ്മദ് നബിﷺ യും അനുയായികളും ഈ വർഷം മടങ്ങിപ്പോകണം. മക്കയിലേക്ക് പ്രവേശിക്കരുത്. അടുത്ത വർഷമായാൽ മുസ്‌ലിംകൾക്ക് മക്കയിലേക്ക് വരാം. മൂന്ന് ദിവസം അവിടെ താമസിക്കാം. യാത്രക്കാരനായ ഒരു വ്യക്തിയുടെ ആയുധം കയ്യിൽ കരുതാം. വാളും ആ വാളുകളുടെ ഉറയുമാണ് (അറബികൾക്കിടയിൽ യാത്രക്കാരുടെ ആയുധം.) ഖുറൈശികൾ ഒരു ദ്രോഹവും ചെയ്യുകയില്ല.
(2) പത്തു വർഷം രണ്ടു വിഭാഗങ്ങൾക്കുമിടയിൽ യുദ്ധം നിർത്തി വയ്ക്കണം. ജനങ്ങൾ നിർഭയരായി കഴിയണം. രണ്ടു വിഭാഗം സ്വയം യുദ്ധങ്ങളിൽ നിന്നും വിട്ടു നിൽക്കണം.
(3) മുഹമ്മദിന്റെ കരാറിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെ ചെയ്യാം. ഖുറൈശികളുടെ കരാറിനോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെയും ചെയ്യാം. ഏത് വിഭാഗത്തിലേക്കാണോ (മുസ്‌ലിംകളുടെ വിഭാഗവും ഖുറൈശികളുടെ വിഭാഗവും) ഓരോ ഗോത്രവും ചേരുന്നത് എങ്കിൽ അതിന്റെ ഒരു ഭാഗമായിക്കൊണ്ടാണ് അവരെയും കണക്കാക്കുക. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു ഗോത്രത്തിൽ നിന്നും അതിരു കവിയൽ ഉണ്ടാകുന്ന അവസ്ഥ വന്നാൽ ആ ഗോത്രം ഏത് വിഭാഗത്തോടാണോ ചേർന്നിട്ടുള്ളത് അവരിലേക്ക് മുഴുവനായും ഈ അതിരുകവിയൽ കണക്കാക്കപ്പെടും. ഇത് കേട്ട ഉടനെ ഖുസാഅ ഗോത്രക്കാർ ചാടിയെണീറ്റ് കൊണ്ട് പറഞ്ഞു: ഞങ്ങൾ മുഹമ്മദ് നബി ﷺ യോടൊപ്പമാണ്. ബനൂ ബകർ ഗോത്രക്കാർ പറഞ്ഞു: ഞങ്ങൾ ഖുറൈശികൾക്കൊപ്പമാണ്.
(4) തന്റെ രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഇസ്ലാം സ്വീകരിച്ച വല്ലവനും മുഹമ്മദിന്റെ അടുക്കലേക്ക് ചെന്നാൽ അവനെ അവന്റെ രക്ഷാധികാരിയിലേക്ക് മടക്കി അയക്കണം. എന്നാൽ മുഹമ്മദിന്റെ കൂടെയുള്ളവരിൽ നിന്നും വല്ലവനും ഖുറൈശികളിലേക്ക് വന്നാൽ പിന്നീട് അങ്ങോട്ട് തിരിച്ചയക്കുകയില്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള നിബന്ധനയായിരുന്നു ഇത്.
(5) ഇനി ചതിയും വഞ്ചനയും ഇല്ലാത്ത, അക്രമങ്ങൾ കാണിക്കാത്ത, ശുദ്ധ ഹൃദയത്തിന്റെ ആളുകളായിരിക്കണം നമ്മൾ.
ഈ നിബന്ധനകൾ എഴുതിയിരുന്നത് അലിയ്യുബ്നു അബീ ത്വാലിബ്رضي الله عنه യിരുന്നു. എഴുത്ത് കഴിഞ്ഞപ്പോൾ ചില സ്വഹാബിമാരെ നബി ﷺ അതിനു സാക്ഷികളാക്കി. അബൂബക്കർ رضي الله عنه , ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه, അബ്ദുറഹ്മാനുബ്നു ഔഫ് അബൂ ഉബൈദതുൽ ജർറാഹ് رضي الله عنه, സഅ്‌ദുബ്നു അബീ വഖാസ് رضي الله عنه, മുഹമ്മദുബ്നു മസ്‌ലമ رضي الله عنه തുടങ്ങിയവരായിരുന്നു അവർ. ഹുവൈത്വിബുബ്നു അബ്ദിൽ ഉസ്സാ, മിക്‌റസുബ്നു ഹഫ്‌സ് തുടങ്ങിയവരാണ് മുശ്‌രികുകളിൽ നിന്നും സാക്ഷികളായി നിന്നത്.
കരാറിന്റെ എഴുത്ത് അവസാനിച്ചപ്പോൾ നബി ﷺ തന്റെ അനുയായികളോട് പറഞ്ഞു: ‘നിങ്ങൾ എഴുന്നേൽക്കുക. ബലിമൃഗങ്ങളെ അറുക്കുക. തല മുണ്ഡനം ചെയ്യുക’. പക്ഷേ ആരും എഴുന്നേറ്റില്ല. എന്നാൽ നബി ﷺ തന്റെ ബലിമൃഗത്തെ അറുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തപ്പോൾ സ്വഹാബികളെല്ലാവരും എഴുന്നേറ്റ് ബലി കർമ്മം നിർവ്വഹിക്കുകയും അവർ പരസ്പരം തല മുണ്ഡനം ചെയ്യുകയും ചെയ്തു. വലിയ ദുഃഖത്തിലും മാനസിക പ്രയാസത്തിലുമായിരുന്നു അവർ. മുടി വടിച്ചവർക്ക് മൂന്നു തവണയും വെട്ടിയവർക്ക് ഒരു തവണയുമായി നബി ﷺ പ്രാർത്ഥിക്കുകയുണ്ടായി. (അഹ്‌മദ്: 3311) മുടി വെട്ടാൻ കഴിയാത്തവർക്കുള്ള പ്രായശ്ചിത്വവുമായി ബന്ധപ്പെട്ട ആയത്ത് ഈ സന്ദർഭത്തിലാണ് അവതരിച്ചത്. കഅ്‌ബുബ്നു ഉജ്‌റയുടെ رضي الله عنه വിഷയത്തിലായിരുന്നു അത്. അദ്ദേഹത്തിന്റെ തലയിൽ ശക്തമായ പേനായിരുന്നു. മുഖത്തേക്ക് പോലും കൊഴിഞ്ഞു വീഴുന്ന രൂപത്തിലായിരുന്നു പേനുണ്ടായിരുന്നത്. നബി ﷺ ചോദിച്ചു; താങ്കൾക്ക് പ്രായശ്ചിത്തമായി ഒരു ആടിനെ കൊടുക്കാൻ കഴിയുമോ. അദ്ദേ പറഞ്ഞു: ഇല്ല. നബി പറഞ്ഞു: എങ്കിൽ താങ്കൾ മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. അല്ലെങ്കിൽ ആറു സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക. അര സ്വാഅ് വീതമാണ് ഓരോ സാധുക്കൾക്കും നൽകേണ്ടത്. (ബുഖാരി: 1816. മുസ്‌ലിം: 1201)
ഫദ്‌ലുല്‍ ഹഖ് ഉമരി