നബി ചരിത്രം – 65

നബി ചരിത്രം - 65: ഹിജ്റ ആറാം വർഷം [ഭാഗം: 5]

ഹുദൈബിയ സന്ധി. (തുടർച്ച)
 
മുശ്രിക്കുകളുടെ കുതിരപ്പട യോട് ഏറ്റുമുട്ടാനോ യുദ്ധം ചെയ്യാനോ നിൽക്കാതെ മാറിപ്പോകാനായിരുന്നു നബി ﷺ ഉദ്ദേശിച്ചിരുന്നത്. തന്റെ അനുചരന്മാരോടായി നബി ﷺ ഇപ്രകാരം പറഞ്ഞു: മുശ്രിക്കുകൾ നിൽക്കുന്ന വഴി വിട്ടു കൊണ്ട് മറ്റൊരു വഴിയിലൂടെ നമ്മെ കൊണ്ട് പോകാൻ ആർക്കു കഴിയും?. അപ്പോൾ മുസ്ലിംകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞാൻ തയ്യാറാണ്. അങ്ങിനെ അദ്ദേഹം അവരെയും കൊണ്ട് മലയിടുക്കുകൾ വഴി ദുർഘടം പിടിച്ച സ്ഥലത്തു കൂടെ നീങ്ങി. ഈ വഴിയിലൂടെയുള്ള യാത്ര മുസ്ലിംകൾക്ക് വലിയ പ്രയാസമുണ്ടാക്കി. ശേഷം നിരപ്പായ നല്ല താഴ്‌വരയിലേക്ക് അവർ എത്തിച്ചേർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു: അല്ലാഹുവിനോട് ഞങ്ങൾ പാപ മോചന പ്രാർത്ഥന നടത്തുകയും അവനിലേക്ക് ഞങ്ങൾ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു എന്ന് നിങ്ങളെല്ലാവരും പറയുക. സഹാബികൾ അപ്രകാരം പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു : ഇതാണ് ബനൂ ഇസ്രാഈല്യരോടും പണ്ട് പറയാൻ ആവശ്യപ്പെട്ടത്. പക്ഷെ അവരത് പറഞ്ഞില്ല.
 
“നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തു നിന്ന് യഥേഷ്ടം ഭക്ഷിച്ചു കൊള്ളുവിന്‍. തല കുനിച്ചു കൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)”.(ബഖറ:58)
 
ശേഷം മുസ്ലിംകളോട് വലതു ഭാഗത്തേക്ക് പ്രവേശിക്കാൻ നബി ﷺ കല്പിച്ചു. സനിയ്യതുൽ മുറാറിലേക്ക് എത്തിക്കുന്ന വഴിയായിരുന്നു അത്. മക്കയുടെ താഴ്ഭാഗത്ത് കൂടെ ഹുദൈബിയ്യയിലേക്ക് ഇറങ്ങുന്ന വഴിയാണ് സനിയ്യതുൽ മുറാർ. സൈന്യം ആ വഴിയിലൂടെ പ്രവേശിച്ചു. ഖുറൈശികളുടെ കുതിരപ്പട മുസ്ലിം സൈന്യത്തിന്റെ ആദിക്യം കണ്ടപ്പോൾ മറ്റൊരു വഴിയിലൂടെ അവർ മക്കയിലെ ഖുറൈശികളിലേക്ക് മടങ്ങിപ്പോയി.
നബിﷺ യും സ്വഹാബിമാരും സനിയ്യതുൽ മുറാറിലെത്തി. നബിﷺ തന്റെ അനുചരന്മാരോട് ചോദിച്ചു; ആരാണ് സനിയ്യതുൽമുറാറിൽ കയറുക?. അതിൽ വല്ലവനും കയറിയാൽ ബനൂ ഇസ്റാഈല്യരുടെ പാപങ്ങൾ പൊറുക്കപ്പെട്ടതുപോലെ അവന്റെയും പാപങ്ങൾ പൊറുക്കപ്പെടും. ജാബിർ رضي الله عنه പറയുന്നു: ബനൂ ഖസ്റജിൽ പെട്ട ഒരു പടയാളിയാണ് ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ആദ്യമായി കയറിയത്. ശേഷം മറ്റുള്ള ആളുകളും കയറി. അപ്പോൾ നബി ﷺ  പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു പുറത്തു തന്നിരിക്കുന്നു. ചുവന്ന ഒട്ടകത്തിന്റെ ഉടമ ഒഴികെ. അപ്പോൾ ഞങ്ങൾ ആ വ്യക്തിയുടെ അടുത്ത് ചെന്നു. താങ്കൾ വരൂ താങ്കൾക്ക് വേണ്ടി അല്ലാഹുവിന്റെ പ്രവാചകൻ പാപമോചന പ്രാർത്ഥന നടത്തും. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വസ്തു തിരിച്ച് കിട്ടുന്നതാണ് നിങ്ങളുടെ പ്രവാചകൻ എനിക്കു വേണ്ടി പാപമോചന പ്രാർത്ഥന നടത്തുന്നതിനേക്കാൾ എനിക്കിഷ്ടം. തന്റെ നഷ്ടപ്പെട്ടുപോയ വസ്തു (ചുവന്ന ഒട്ടകം) അന്വേഷിച്ചു നടക്കുകയായിരുന്നു അദ്ദേഹം.(മുസ്ലിം 2780)
 
സനിയ്യതുൽ മുറാറിലെത്തിയപ്പോൾ നബിﷺ യുടെ ഒട്ടകം മുട്ടു കുത്തി. അപ്പോൾ സഹാബിമാർ പറഞ്ഞു ഒട്ടകം മുട്ടു കുത്തിയിരിക്കുകയാണ് . നബി ﷺ  പറഞ്ഞു: ഒട്ടകം മുട്ടു കുത്തി ഇരുന്നു പോയതല്ല. ആസ്വഭാവവും അതിനില്ല. മറിച്ച് ആനകളെ തടഞ്ഞു വെച്ചവൻ (അബ്രഹത്തിന്റെ ആനകളെ അല്ലാഹു പറഞ്ഞു വെച്ചതിനെക്കുറിച്ചാണ് പറയുന്നത്) ഒട്ടകത്തെയും തടഞ്ഞു വെച്ചിരിക്കുകയാണ്. ശേഷം നബിﷺ യുടെ അടുക്കൽ ഖുറൈശികൾ വരുകയും പരസ്പരം സംസാരങ്ങളും ചർച്ചകളും നടക്കുകയും ഒടുവിൽ മുസ്‌ലിംകൾക്കും ഖുറൈശികൾക്കുമിടയിൽ സന്ധി എഴുതുകയും ചെയ്തു. ഇമാം ബുഖാരിയുടെ സുദീർഘമായ ഒരു ഹദീസിൽ നമുക്കത് കാണുവാൻ സാധിക്കും. ” മിസ്‌വറുബ്‌നു മഖ്‌റമرضي الله عنه യിൽ നിന്നും മർവാൻ رضي الله عنه ൽ നിന്നും നിവേദനം; അവർ പറയുന്നു: ഹുദൈബിയ്യ കാലത്ത് നബി ﷺ പുറപ്പെട്ടു. വഴിയിൽ എത്തിയപ്പോൾ ഇപ്രകാരം പറയുകയുണ്ടായി: ഖാലിദുബ്നുൽവലീദ് തന്റെ കുതിരപ്പടയുമായി വരുന്നുണ്ട്. നിങ്ങൾ വലതു ഭാഗത്തേക്ക് നീങ്ങിക്കൊള്ളുക. അങ്ങിനെ നബിﷺയും സ്വഹാബിമാരും സനിയ്യതുൽ മുറാറിലെത്തിയപ്പോൾ നബിﷺയുടെ ഒട്ടകം മുട്ടു കുത്തി. അപ്പോൾ അപ്പോൾ സ്വഹാബിമാർ പറഞ്ഞു : ഒട്ടകം മുട്ടു കുത്തിയിരിക്കുകയാണ്. നബിﷺ പറഞ്ഞു: ഒട്ടകം മുട്ടു കുത്തിയതല്ല. അങ്ങിനെ ഒരു സ്വഭാവവും അതിനില്ല. മറിച്ച് ആനകളെ തടഞ്ഞവൻ അതിനെയും തടഞ്ഞിരിക്കുകയാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം; അല്ലാഹുവിന്റെ പവിത്രമായ ബഹുമാനിക്കുന്ന ഏതൊരു തീരുമാനം അവർ എന്നോട് ചോദിച്ചാലും ഞാനവർക്ക് നൽകാതിരിക്കില്ല. ശേഷം ഒട്ടകത്തെ വിരട്ടിയപ്പോൾ അത് എണീറ്റു. നബി ﷺ സ്വഹാബി മാരെയും കൊണ്ട് ഹുദൈബിയ്യയുടെ അങ്ങേ അറ്റത്ത് അല്പം വെള്ളമുള്ള സ്ഥലത്തെത്തി. സഹാബിമാർ അവിടെ ചെന്ന് നിന്നു. താമസിയാതെത്തന്നെ വെള്ളം കലക്കമുള്ളതായി. അല്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹാബിമാർ തങ്ങളുടെ ദാഹം പ്രവാചകനോട് പരാതിയായി പറഞ്ഞു. നബി ﷺ തന്റെ ആവനാഴിയിൽ നിന്നും ഒരു അമ്പെടുത്തു. എന്നിട്ട് സഹാബിമാരോട് അത് കിണറ്റിലേക്ക് ഇടുവാൻ പറഞ്ഞു. അല്ലാഹുവാണ് സത്യം; അതിൽ വെള്ളം നിറഞ്ഞു വന്നു.
 
അങ്ങിനെയിരിക്കെ അവരുടെ അടുക്കലേക്ക് ഖുസാഅ ഗോത്രത്തിൽപ്പെട്ട ബുദൈലുബ്നു വറഖാഅ്‌ തന്റെ ഗോത്രത്തിലെ ആളുകളുമായി നബിﷺ  യുടെ അടുക്കലേക്ക് വന്നു. തിഹാമയിലുള്ള നബി ﷺ യുടെ ഉപദേശങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നവരായിരുന്നു അവർ. ബുദൈൽ നബി ﷺ യോട് പറഞ്ഞു: കഅ്‌ബുബ്‌നു ലുഅയ്യ്, ആമിറുബ്നു ലുഅയ്യ് തുടങ്ങിയവർ ഹുദൈബിയ്യക്ക് സമീപം എത്തിയിട്ടുണ്ട്. അവരുടെ കൂടെ വലിയ സമ്പത്തും ആളുകളും ഉണ്ട്. നിങ്ങളുമായി യുദ്ധം ചെയ്യലും കഅ്‌ബയിൽ നിന്ന് നിങ്ങളെ തടയലുമാണ് അവരുടെ ലക്ഷ്യം. അപ്പോൾ നബി ﷺ പറഞ്ഞു. ഞങ്ങൾ ആരുമായും യുദ്ധത്തിന് വന്നതല്ല. ഞങ്ങൾ ഉംറ നിർവഹിക്കാൻ വേണ്ടി വന്നതാണ്. യുദ്ധം ഖുറൈശികളെ കൊണ്ട് അതിരു കഴിഞ്ഞിരിക്കുന്നു. അത് അവരെക്കൊണ്ട് ധൃതി കാണിക്കുന്നു അപ്പോൾ ബുദൈൽ പറഞ്ഞു: താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അവരെ അറിയിക്കാം. അങ്ങിനെ ബുദൈൽ ഖുറൈശികളുടെ സമീപത്തെത്തി. എന്നിട്ട് പറഞ്ഞു: ഞാൻ മുഹമ്മദിന്റെ അടുത്ത് നിന്നാണ് വരുന്നത് അപ്പോൾ ചില വിവര ദോഷികൾ പറഞ്ഞു: മുഹമ്മദിനെക്കുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്ല. അപ്പോൾ ഖുറൈശികൾ നിന്നും വക തിരിവുള്ള ചില ആളുകൾ പറഞ്ഞു. മുഹമ്മദ് എന്താണ് പറഞ്ഞത് എന്ന് ഞങ്ങളോട് പറയൂ. മുഹമ്മദ് നബിﷺ  പറഞ്ഞ കാര്യങ്ങളെല്ലാം ബുദൈൽ അവർക്ക് പറഞ്ഞു കൊടുത്തു. അപ്പോൾ ഉർവതുബ്നു മസ്ഊദ് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാനൊരു പിതാവല്ലേ? അവർ പറഞ്ഞു: തീർച്ചയായും. വീണ്ടും ചോദിച്ചു; ഞാനൊരു മകനല്ലേ? അവർ പറഞ്ഞു: അതെ, തീർച്ചയായും. ഉർവ ചോദിച്ചു; എന്നെക്കുറിച്ച് നിങ്ങൾക്ക് വല്ല ആരോപണവും പറയാനുണ്ടോ? അവർ പറഞ്ഞു: ഇല്ല. ഉർവ ചോദിച്ചു; ഉക്കാളക്കാരെ ഞാൻ യുദ്ധത്തിനുവേണ്ടി പ്രേരിപ്പിക്കുകയും എന്നാൽ അവർ എന്നെ എതിർത്തപ്പോൾ ഞാൻ അവരെ ഒഴിവാക്കി എന്റെ കുടുംബത്തെയും മക്കളെയും എന്നെ അനുസരിച്ചവരെയും കൊണ്ട് ഞാൻ വന്നില്ലേ?. അവർ പറഞ്ഞു: അതെ, തീർച്ചയായും. ഉർവ പറഞ്ഞു: എങ്കിൽ ഇതാ കേട്ടോളൂ; മുഹമ്മദ് നിങ്ങളുടെ മുമ്പിൽ വെച്ചിട്ടുള്ളത് നന്മയുടെ തീരുമാനമാണ്. അത് നിങ്ങൾ സ്വീകരിച്ചു കൊള്ളുക. ഞാനും മുഹമ്മദിന്റെ അടുക്കൽ ഒന്നു പോയി വരട്ടെ.
 
അങ്ങാനെ ഉർവ നബി ﷺ യുടെ സമീപത്തെത്തി. നബി ﷺ യോട് സംസാരിക്കാൻ തുടങ്ങി. നേരത്തെ ബുദൈലിനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉർവയോടും നബിﷺ ആവർത്തിച്ചു. ഉർവ പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ ജനതയുടെ കാര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. താങ്കൾക്ക് മുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ച ഒരാളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അല്ല, കാര്യം നേരെ തിരിച്ചാണ് എങ്കിൽ ഇപ്പോൾ താങ്കളുടെ കൂടെയുള്ള ചില ആളുകളൊക്കെയുണ്ടല്ലോ. അവരെല്ലാം നിങ്ങളെ വിട്ട് പോകുന്ന ഒരു ദിവസം വരും. (ആരാരുമില്ലാതെ നിങ്ങൾ ഒറ്റപ്പെടും)( ഇതുകേട്ട് ദേഷ്യം വന്ന) അബൂബക്കർ ഉർവയോട് പറഞ്ഞു: നീ പോയി ലാത്തയുടെ ലിംഗം നക്ക്. ഞങ്ങൾ നബി ﷺ യെ വിട്ട് ഓടിപ്പോവുകയോ?! ഞങ്ങൾ നബിയെ ഉപേക്ഷിക്കുകയോ?!. അപ്പോൾ ഉർവ ചോദിച്ചു; ആരാണാ സംസാരിച്ചത്?. ജനങ്ങൾ പറഞ്ഞു: അത് അബൂബക്കറാണ്. നിനക്ക് ഞാൻ പകരം നൽകിയിട്ടില്ലാത്ത ചില ഉപകാരങ്ങൾ എനിക്ക് നീ നൽകിയിട്ടുണ്ട്. അതില്ലായിരുന്നെങ്കിൽ ഞാൻ നിനക്ക് മറുപടി തരുമായിരുന്നു. ഉർവ നബി ﷺ യോട് സംസാരിച്ചു കൊണ്ടിരുന്നു. സംസാരിക്കുമ്പോഴെല്ലാം നബി ﷺ യുടെ താടിക്ക് കയറിപ്പിടിക്കുകയും ചെയ്തിരുന്നു. നബി ﷺ യുടെ തലക്കരികിൽ പടത്തൊപ്പി ധരിച്ച് ഊരിപ്പിടിച്ച വാളുമായി മുഗീറതുബ്നു ശുഅ്‌ബ നിൽക്കുന്നുണ്ടായിരുന്നു. ഉർവ നബി ﷺ യുടെ താടി പിടിക്കാൻ വേണ്ടി നീങ്ങുമ്പോഴെല്ലാം മുഗീറ رضي الله عنه തന്റെ വാളിന്റെ പിൻ ഭാഗം കൊണ്ട് ഉണ്ട് ഉർവയുടെ കൈക്കു കുത്തുമായിരുന്നു. എന്നിട്ട് പറയും: അല്ലാഹുവിന്റെ പ്രവാചകന്റെ താടിയിൽ നിന്നും കൈ മാറ്റടോ. ഉർവ തന്റെ തല ഉയർത്തിക്കൊണ്ട് ചോദിച്ചു ആരാണിത്?. ജനങ്ങൾ പറഞ്ഞു: അത് മുഗീറതുബ്നു ശുഅ്‌ബ رضي الله عنه യാണ് . 
 
ഉർവ: ചതിയാ, നിന്റെ ചതിക്ക് വേണ്ടിയായിരുന്നില്ലേ ഞാൻ ഒരുപാട് കാലം ഓടി നടന്നത്. (മുഗീറ തന്റെ ജാഹിലിയ്യാ കാല ഘട്ടത്തിൽ ഒരു സമൂഹത്തിന് പിറകെ കൂടുകയും അവരെ കൊലപ്പെടുത്തുകയും അവരുടെ സമ്പത്ത് കൈവശപ്പെടുത്തുകയും അതിനു ശേഷം വന്ന് പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തതായിരുന്നു) ഇത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: മുഗീറയുടെ ഇസ്ലാമിനെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം എടുത്ത പണവുമായി എനിക്ക് ബന്ധമില്ല. ശേഷം ഉർവ മുഹമ്മദ് നബി ﷺ യുടെ കൂടെയുള്ള ആളുകളെയൊക്കെ ഒന്നു നോക്കി. അല്ലാഹു തന്നെയാണ് സത്യം മുഹമ്മദ് നബി ﷺ തുപ്പുമ്പോൾ അത് ഏതെങ്കിലും സ്വഹാബിമാരുടെ കൈകളിലാണ് വീഴുന്നത്. എന്നിട്ട് അവർ അതു കൊണ്ട് തങ്ങളുടെ മുഖവും ശരീരവും തുടക്കുന്നു. മുഹമ്മദ് നബി ﷺ എന്തെങ്കിലും കല്പിച്ചാൽ അത് പ്രാവർത്തികമാക്കാൻ അവർ ധൃതി കാണിക്കുന്നു. മുഹമ്മദ് നബി ﷺ വുളൂഅ് ചെയ്താൽ ആ വുളൂഇന്റെ വെള്ളത്തിനു വേണ്ടി അവർ തിക്കും തിരക്കും കൂട്ടുന്നു. മുഹമ്മദ് നബിﷺ അവരോട് സംസാരിച്ചാൽ അവർ തങ്ങളുടെ ശബ്ദങ്ങൾ താഴ്ത്തുന്നു. മുഹമ്മദ് നബിﷺയോടുള്ള ബഹുമാനത്താൽ ആരും നബിﷺയിലേക്ക് തുറിച്ചു നോക്കുന്നു പോലുമില്ല.
 
ഉർവ തന്റെ അനുയായികളുടെ അടുക്കലേക്ക് മടങ്ങിപ്പോയി. എന്നിട്ട് പറഞ്ഞു അല്ലയോ സമൂഹമേ, അല്ലാഹുവാണ് സത്യം; ഒരുപാട് രാജാക്കന്മാരുടെ അടുത്ത് ഞാൻ ചെന്നിട്ടുണ്ട്. കൈസറിന്റെയും കിസ്റയുടെയും നജ്ജാശിയുടെയും അടുത്ത് ഞാൻ ചെന്നിട്ടുണ്ട്. അല്ലാഹുവാണ് സത്യം; മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ ബഹുമാനിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ അനുയായികൾ ബഹുമാനിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം; മുഹമ്മദ് ഒന്നു തുപ്പിയാൽ….(അവിടെ കണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു) വളരെ നല്ല ഒരു അഭിപ്രായം മുഹമ്മദ് നമ്മുടെ മുമ്പിൽ വെച്ച് തന്നിട്ടുണ്ട്. അത് നാം സ്വീകരിക്കുക. ഇത് കേട്ട മാത്രയിൽ കിനാന ഗോത്രത്തിൽ പെട്ട ഒരു വ്യക്തി പറഞ്ഞു: എന്നെ ഒന്നു വിടൂ. ഞാൻ മുഹമ്മദിന്റെ അടുക്കലേക്ക് ചെല്ലട്ടെ. ഖുറൈശികൾ പറഞ്ഞു: ചെന്നോളൂ. അയാൾ മുഹമ്മദ് നബിﷺയുടെയും സ്വഹാബിമാരുടെയും അടുക്കലേക്ക് എത്തിയപ്പോൾ മുഹമ്മദ് നബി ﷺ പറഞ്ഞു: ഇന്ന വ്യക്തി ഇതാ വന്നിരിക്കുന്നു. ബലി മൃഗങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ബലി മൃഗങ്ങളെ അയാൾക്ക് നേരെ അയച്ചു കൊള്ളുക. സ്വഹാബികൾ അപ്രകാരം ചെയ്തു. സ്വഹാബികൾ കിനാന ഗോത്രക്കാരനെ സ്വീകരിച്ചു. അവർ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട് കിനാന ഗോത്രക്കാരൻ പറഞ്ഞു: സുബ്ഹാനള്ളാ! ഈ ആളുകളെ ഒരിക്കലും കഅ്‌ബയെത്തൊട്ട് തടയാൻ പാടില്ല. അയാൾ തന്റെ അനുയായികളിലേക്ക് മടങ്ങിച്ചെന്ന് കൊണ്ട് പറഞ്ഞു: അടയാളം വെക്കപ്പെട്ട ബലിമൃഗങ്ങളെ ഞാൻ കണ്ടു. കഅ്‌ബയെത്തൊട്ട് അവരെ തടയണമെന്ന അഭിപ്രായം എനിക്കില്ല. ഇതു കേട്ട മാത്രയിൽ അവരുടെ കൂട്ടത്തിൽ നിന്ന് മിക്റസുബ്നു ഹഫ്സ് എന്ന വ്യക്തി എണീറ്റു. എന്നിട്ട് പറഞ്ഞു: എന്നെ മുഹമ്മദിന്റെ അടുക്കലേക്കു പോകാൻ അനുവദിക്കണം. ഖുറൈശികൾ പറഞ്ഞു: ചെന്നോളൂ.
മിക്റസ് അവിടെയെത്തിയപ്പോൾ നബി ﷺ പറഞ്ഞു: വളരെ നീചനായ വ്യക്തിയാണ് ഇയാൾ. അയാൾ നബിﷺയോട് സംസാരിക്കാൻ തുടങ്ങി. സംസാരിച്ചു കൊണ്ടിരിക്കെ സുഹൈലുബ്നു അംറ് അവിടെ കടന്ന് വന്നു. (മഅ്‌മർ പറയുന്നു: ഇക്രിമ യിൽ നിന്നും അയ്യൂബ് എനിക്ക് പറഞ്ഞു തന്നു) സുഹൈലുബ്നു അംറ് വന്നപ്പോൾ നബി ﷺ പറഞ്ഞു: ഇനി നിങ്ങളുടെ കാര്യങ്ങൾ എല്ലാം എളുപ്പമായിരിക്കും.(മഅ്‌മർ പറയുന്നു: സുഹ്‌രി തന്റെ ഹദീസിൽ പറഞ്ഞിരിക്കുന്നു)
 
സുഹൈൽ വന്നപ്പോൾ ഇപ്രകാരം പറഞ്ഞു. ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ ഒരു കരാർ എഴുതാൻ ആവശ്യമായത് കൊണ്ടു വരൂ. നബി ﷺ തന്റെ എഴുത്തുകാരനെ വിളിച്ചു. എഴുതാൻ ആവശ്യമായത് നബി ﷺ പറഞ്ഞു കൊടുത്തു. ‘ബിസ്മില്ലാഹിർറഹ്മാനിർറഹീം’ 
സുഹൈൽ: റഹ്മാൻ എന്താണെന്ന് ഞങ്ങൾക്കറിയില്ല. നിങ്ങൾ മുമ്പ് എഴുതാറുള്ളത് പോലെ ബിസ്മിക അല്ലാഹുമ്മ എന്ന് എഴുതിക്കൊള്ളുക. അപ്പോൾ മുസ്ലിംകൾ പറഞ്ഞു: ബിസ്മില്ലാഹിറഹ്മാനിറഹീം എന്നല്ലാതെ ഞങ്ങൾ എഴുതുകയില്ല.
നബി ﷺ : ബിസ്മിക അല്ലാഹുമ്മ എന്ന് എഴുതി കൊള്ളുക. ശേഷം മുഹമ്മദ് നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദുമായി ഉണ്ടാക്കുന്ന കരാർ ആകുന്നു ഇത്’. അപ്പോൾ സുഹൈൽ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കഅ്‌ബയിൽ നിന്നും നിങ്ങളെ തടയുകയോ നിങ്ങളുമായി യുദ്ധത്തിന് വരികയോ ചെയ്യുമായിരുന്നില്ല. അതു കൊണ്ട് അബ്‌ദുല്ലയുടെ മകൻ മുഹമ്മദ് എന്ന് എഴുതിക്കൊള്ളുക. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാകുന്നു. നിങ്ങളെന്നെ നിഷേധിച്ചാലും ശരി. (നിങ്ങൾ പറഞ്ഞതുപോലെ) മുഹമ്മദുബ്നു അബ്ദില്ല എന്ന് എഴുതിക്കൊള്ളുക. -സുഹ്‌രി പറയുന്നു- അല്ലാഹുവിന്റെ പവിത്രമായവയെ ബഹുമാനിക്കുന്ന രൂപത്തിലുള്ള ഉള്ള ഏത് അഭിപ്രായങ്ങൾ അവർ പറഞ്ഞാലും ഞാനത് അംഗീകരിക്കും എന്ന് മുഹമ്മദ് നബിﷺ പറഞ്ഞതിന്റെ ഉദ്ദേശം ഇതാകുന്നു. കരാറിന്റെ ഭാഗമായി നബിﷺ പറഞ്ഞു കൊടുത്തു; ഞങ്ങളെ കഅ്‌ബയിലേക്ക് ഉംറക്ക് വേണ്ടി വിടണം (കഅ്‌ബക്കും ഞങ്ങൾക്കുമിടയിൽ വിട്ടേക്കൂ) (ബുഖാരി: 2731)

ഹുദൈബിയ്യാ ദിവസം ജനങ്ങൾക്ക് ദാഹിച്ചു. അസർ നമസ്കാരത്തിന് വുളൂഅ് ചെയ്യാൻ വെള്ളം ഉണ്ടായിരുന്നില്ല. നബി ﷺ തന്റെ കൈയ്യിലുണ്ടായിരുന്ന പാത്രത്തിൽ കൈ വെച്ചു. നബി ﷺ യുടെ വിരലുകൾക്കിടയിലൂടെ അരുവി കണക്കേ വെള്ളം പൊട്ടിപ്പുറപ്പെടുന്ന അത്ഭുതമാണ് സ്വഹാബികൾ കണ്ടത്. ജാബിർ رضي الله عنه പറയുന്നു: ഞങ്ങൾ 1500 പേരുണ്ടായിരുന്നു. ഞങ്ങൾ ഒരു ലക്ഷം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്ക് വെള്ളം മതിയാകുമായിരുന്നു. (ബുഖാരി: 4152)
 
ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment