നബി ചരിത്രം – 68

നബി ചരിത്രം - 68: ഹിജ്റ ഏഴാം വർഷം [ഭാഗം: 1]

നബി അയച്ച കത്തുകൾ.

ഹുദൈബിയ സന്ധിക്ക് ശേഷം ഇസ്ലാമിലേക്കുള്ള പ്രബോധനത്തിന്റെ മേഖലയെ അറേബ്യൻ പ്രദേശങ്ങൾക്കകത്തും പുറത്തുമായി വികസിപ്പിച്ചെടുക്കാനുള്ള അവസരം നബി ﷺ ഉപയോഗപ്പെടുത്തുവാൻ ഒരുങ്ങി. കാരണം ഇസ്ലാം എന്നു പറയുന്നത് ലോകത്ത് എല്ലാവർക്കും ഉള്ളതാണ്.”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.”(അമ്പിയാഅ്‌: 107)

ഇതിന്റെ ഭാഗമായി അറബികളും അനറബികളുമായ രാജാക്കന്മാർക്കും നേതാക്കന്മാർക്കും നബി ﷺ കത്തുകൾ അയക്കാനും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കാനും തുടങ്ങി. ഹുദൈബിയ സന്ധി മുതൽ തന്റെ മരണം വരെ കത്തെഴുതുന്ന ഏർപ്പാട് തുടർന്നു പോയിട്ടുണ്ട്. അനസ് رضي الله عنه പറയുന്നു: നബി ﷺ കിസ്‌റക്കും ഖൈസറിനും നജ്ജാശിക്കും അങ്ങിനെ എല്ലാ നേതാക്കന്മാർക്കും അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തുകൾ എഴുതി.” (മുസ്‌ലിം: 1774) “

നബി ﷺ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കി. മുഹമ്മദുൻ റസൂലുള്ള എന്ന് അതിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ട് സഹാബിമാരോട് പറഞ്ഞു: ഞാൻ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മുഹമ്മദുൻ റസൂലുല്ലാഹ് ഇന്ന് കൊത്തി വച്ചിട്ടുണ്ട്. ഇനി ആരും അങ്ങനെ ചെയ്യരുത്.” (ബുഖാരി: 5872. മുസ്‌ലിം: 2092) നബിﷺയുടെ മരണം വരെ ഈ മോതിരം തന്റെ കയ്യിൽ ഉണ്ടായിരുന്നു. ശേഷം അബൂബക്കർ رضي الله عنه ന്റെയും ഉമർ رضي الله عنه ന്റെയും ഉസ്മാൻ رضي الله عنه ന്റെയും കൈകളിലായിരുന്നു.ഉസ്മാൻ رضي الله عنه ന്റെ ഖിലാഫത്തിന്റെ അവസാന കാലത്ത് അദ്ദേഹമൊരു കിണറിന് അരികിൽ നിൽക്കുമ്പോൾ (അരീസ് എന്നായിരുന്നു ആ കിണറിന്റെ പേര്) തന്റെ കയ്യിലുള്ള മോതിരം ചലിപ്പിച്ച സന്ദർഭത്തിൽ അത് കിണറ്റിലേക്ക് വീണു. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും അത് കണ്ടെക്കാനായില്ല. ഈ മോതിരം കിണറ്റിൽ വീണ സംഭവം ഇമാം ബുഖാരിയുടെ 5866ആം നമ്പർ ഹദീസിലും ഇമാം മുസ്‌ലിമിന്റെ 2092ആം നമ്പർ ഹദീസിലും കാണാവുന്നതാണ്.

നബി ﷺ ഭരണാധികാരികൾക്ക് അയച്ച് ചില കത്തുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

(1) നജ്ജാശി.
അബീസീനിയയിലെ രാജാവായിരുന്നു നജ്ജാശി. അബീസീനിയയുടെ അധികാരം ഏറ്റെടുക്കുന്ന എല്ലാ ആളുകൾക്കും പറയപ്പെട്ടിരുന്ന അപരനാമമാകുന്നു ഇത്. അസ്വ്‌ഹമ എന്നാകുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അംറുബ്നു ഉമയ്യതുള്ളംരി رضي الله عنه  യെയാണ് നബി ﷺ നജ്ജാശിയിലേക്ക് അയച്ചത്. നബി ﷺ അയച്ച ഒന്നാമത്തെ ദൂതൻ കൂടിയായിരുന്നു അദ്ദേഹം. രണ്ടു കത്തുകളാണ് അന്ന് നബി ﷺ നജ്ജാശിക്ക് അയച്ചത്. അതിൽ ഒരു കത്തിൽ അബൂസുഫ്‌യാനിന്റെ മകളായ റംലയെ – അതായത് ഉമ്മു ഹബീബയെ- എനിക്ക് വിവാഹം കഴിച്ചു തരണമെന്നും താങ്കളുടെ അടുക്കലുള്ള മുസ്ലീങ്ങളെ എന്റെ അടുക്കലേക്ക് പറഞ്ഞയക്കണം എന്നുമായിരുന്നു ഉണ്ടായിരുന്നത്.

രണ്ടാമത്തെ കത്തിൽ നജ്ജാശിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിഷയങ്ങളായിരുന്നു. ആ കത്തിൽ ഉണ്ടായിരുന്നത് ഇപ്രകാരമായിരുന്നു. “പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ യിൽ നിന്നും അബീ സീനിയയുടെ മുഖ്യനായ അസ്വ്‌ഹം നജ്ജാശിക്കുള്ള എഴുത്താകുന്നു ഇത്. നേർമാർഗം പിൻപറ്റുകയും അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുകയും ആരാധനക്കർഹനായി ആയി അല്ലാഹു അല്ലാതെ മറ്റൊരാളും ഇല്ലെന്നും അവൻ ഏകനും പങ്കാളികൾ ഇല്ലാത്തവനാണെന്നും അവൻ ഇണയേയോ മക്കളേയോ സ്വീകരിച്ചിട്ടില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും സാക്ഷ്യം വഹിക്കുകയും ചെയ്തവർക്ക് രക്ഷയുണ്ടാകട്ടെ. അല്ലാഹുവിലേക്കുള്ള ക്ഷണം കൊണ്ട് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. താങ്കൾ മുസ്ലിമാവുക രക്ഷപ്പെടാം.

” (നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” ഇനി താങ്കൾ വിസമ്മതിക്കുന്ന പക്ഷം താങ്കളുടെ ജനതയിലെ നസ്വാറാക്കളുടെ കുറ്റവും താങ്കൾക്കുണ്ടായിരിക്കും. (ബൈഹഖി, ഹാകിം) നജാശിക്ക് പ്രവാചകന്റെ കത്ത് ലഭിക്കുകയും അത് വായിച്ചു കേൾപ്പിക്കുകയും ചെയ്തപ്പോൾ തന്റെ രണ്ട് കണ്ണുകളോടും ചേർത്തു പിടിക്കുകയും ഇസ്ലാം സ്വീകരിക്കുകയും സത്യ സാക്ഷ്യ വചനങ്ങൾ ചൊല്ലുകയും ചെയ്തു. പ്രവാചകനെ സത്യപ്പെടുത്തിക്കൊണ്ടും ഇസ്ലാം സ്വീകരിച്ച കാര്യം അറിയിച്ചു കൊണ്ടും നജാശി നബിക്കും ഒരു മറുപടിക്കത്തയച്ചു.

ഹിജ്റ ഒമ്പതാം വർഷം റജബ് മാസത്തിലാണ് നജ്ജാശി മരണപ്പെടുന്നത്. ആ മരണവാർത്ത നബി ﷺ തന്റെ സ്വഹാബിമാരെ അറിയിച്ചു.” സ്വാലിഹായ ഒരു മനുഷ്യൻ ഇന്ന് മരണപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സഹോദരൻ അസ്വ്‌ഹമക്കു വേണ്ടി നിങ്ങൾ നമസ്കരിക്കുക.” (ബുഖാരി: 3877) നജ്ജാശിക്കു വേണ്ടി നബി ﷺ യും സ്വഹാബിമാരും മറഞ്ഞ നിലക്കുള്ള മയ്യിത്ത് നമസ്കാരം നിർവഹിച്ചു.

നജ്ജാശി മരണപ്പെട്ടപ്പോൾ അടുത്ത ഒരു നജ്ജാശി ഭരണം ഏറ്റെടുത്തു. അദ്ദേഹത്തെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി ﷺ കത്ത് എഴുതുകയുണ്ടായി. (മുസ്‌ലിം: 1774)

(2) റോമൻ ചക്രവർത്തി ഹിറഖ്ലിനുള്ള കത്ത്.
റോമിലെ ഭരണാധികാരിയായ ഹിറഖ്ലിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് ദിഹ്‌യതുബ്നു ഖലീഫതുൽകൽബി رضي الله عنه യെ നബി ﷺ പറഞ്ഞയച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു കത്തും നൽകി. ബുസ്വ്‌റയുടെ മുഖ്യനായ ഹാരിസുബ്നു അബീ ശംറുൽഗസ്സാനിക്ക് അത് നൽകുവാൻ കല്പിക്കുകയും ചെയ്തു. ഗസ്സാനിന്റെ രാജാവായിരുന്നു അദ്ദേഹം. ഹിറഖ്ലിനു കൊടുക്കുവാൻ വേണ്ടിയാണ് കത്ത് ഗസ്സാൻ രാജാവിനെ ഏൽപിച്ചത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും റോമിലെ മുഖ്യനായ ഹിറഖ്ലിനുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. ഇസ്‌ലാമിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. മുസ്‌ലിമാവുക താങ്കൾക്കു രക്ഷപ്പെടാം. മുസ്‌ലിമാവുക താങ്കൾക്ക് അല്ലാഹു രണ്ട് പ്രതിഫലം നൽകും. ഇനി പിന്തിരിയുന്ന പക്ഷം അരീസിയ്യാക്കളുടെ (ഹിറഖ്ലിന്റെ നാട്ടുകാർ)കുറ്റം കൂടി താങ്കളിൽ ഉണ്ടാകും. “വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ബുഖാരി: 2941)

പേർഷ്യയുടെ മേലിൽ റോമിന് വിജയം ലഭിച്ചാൽ കോൺസ്റ്റാൻറിനോപ്പിളിൽ നിന്നും ബൈതുൽമുഖദ്ദസിലേക്ക് നഗ്നപാദനായി നടന്നു പോകുമെന്ന് ഹിറഖ്ൽ നേർച്ച നേർന്നിരുന്നു. അങ്ങിനെ റൂം വിജയിച്ചപ്പോൾ അല്ലാഹുവിനുള്ള നന്ദി എന്നോണം ഹിറഖ്ൽ തന്റെ രാജ്യത്തു നിന്നും ബൈത്തുൽ മുഖദ്ദസിൽ വെച്ചു കൊണ്ട് നമസ്കരിക്കുന്നതിന് വേണ്ടി പുറപ്പെട്ടു.
ബുസ്വ്‌റയുടെ മുഖ്യന് നബിﷺയുടെ കത്ത് ലഭിക്കുകയും അതു വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഹിറഖ്ൽ തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു: ഈ മുഹമ്മദിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുക. ഈ സന്ദർഭത്തിൽ അബൂസുഫ്‌യാൻ ഇബ്നു ഹർബ് ശാമിൽ ഉണ്ടായിരുന്നു. ഖുറൈശികളിലെ ചില ആളുകളുമായി കച്ചവടാവശ്യാർത്ഥം വന്നതായിരുന്നു അദ്ദേഹം. അബൂ സുഫ്‌യാൻ പറയുന്നു: ശാമിൽ വെച്ച് ഖൈസറിന്റെ ദൂതൻ ഞങ്ങളെ കണ്ടു. എന്നെയും എന്റെ കൂടെയുള്ളവരെയും അവർ കൂട്ടിക്കൊണ്ടുപോയി. അങ്ങിനെ ഈലിയാഇൽ ഞങ്ങൾ എത്തി. രാജാവിന്റെ അടുക്കലേക്ക് ഞങ്ങളെ പ്രവേശിപ്പിച്ചു. രാജ പീഠത്തിൽ അയാൾ ഇരിക്കുകയായിരുന്നു. രാജ കിരീടം ധരിച്ചു കൊണ്ടായിരുന്നു ഇരുന്നിരുന്നത്. ചുറ്റും റോമിലെ പ്രധാനികളും ഉണ്ടായിരുന്നു. ചക്രവർത്തി ചോദിച്ചു: ഞാൻ നബിയാണെന്നു വാദിക്കുന്ന മുഹമ്മദിനോട് ഏറ്റവും കൂടുതൽ കുടുംബ ബന്ധമുള്ള വ്യക്തി ഈ കൂട്ടത്തിൽ ആരാണ്? അബൂസുഫ്‌യാൻ പറഞ്ഞു: ഞാനാണ് മുഹമ്മദിനോട് ഏറ്റവും കുടുംബ ബന്ധം ഉള്ള ആൾ. ചക്രവർത്തി: എന്താണ് താങ്കളും മുഹമ്മദും തമ്മിലുള്ള ബന്ധം?. അബൂ സുഫ്‌യാൻ: എന്റെ പിതൃവ്യ പുത്രനാണ് അദ്ദേഹം. അന്ന് ഞങ്ങളുടെ കച്ചവട സംഘത്തിൽ അബ്ദുമനാഫ് ഗോത്രത്തിൽപ്പെട്ട ഞാനല്ലാതെ മറ്റൊരാളും തന്നെ ഉണ്ടായിരുന്നില്ല.

ചക്രവർത്തി: അബൂസുഫ്‌യാനെ എന്റെ അടുത്തേക്ക് നിർത്തൂ. അബൂസുഫിയാനിന്റെ കൂടെയുണ്ടായിരുന്നവരെ അദ്ദേഹത്തിന്റെ പിറകിലായി നിർത്തി. (അബൂ സുഫ്‌യാൻ പറയുന്നു)എന്നിട്ട്  ചക്രവർത്തി  പരിഭാഷകനോട് പറഞ്ഞു: ഞാൻ ഇദ്ദേഹത്തെ (മുഹമ്മദ്‌ നബിﷺ) പ്പറ്റി ഇയാളോട്  ചില ചോദ്യങ്ങൾ ചോദിക്കും, അപ്പോൾ ഇയാൾ കളവു പറയുകയാണെങ്കിൽ അദ്ദേഹം (അബൂ സുഫ്‌യാൻ) പറയുന്നത് കളവാണെന്ന് പറയണമെന്ന് ഇവരോട്(കൂടെയുള്ളവരോട്‌) പറയുക. അബൂ സുഫ്‌യാൻ പറയുന്നു: എന്നെ ഒരു കള്ളനായി എന്റെ കൂടെയുള്ള വർ മുദ്ര കുത്തുമെന്ന കാര്യത്തിൽ ഞാൻ ലജ്ജിച്ചു പോയി. അല്ലാത്ത പക്ഷം നബിﷺയെപ്പറ്റി ഞാൻ കളവു പറയുമായിരുന്നു.

ഹിറഖ്ൽ: അദ്ദേഹത്തിന്റെ കുലമെങ്ങനെ?
അബൂസുഫ്‌യാന്‍: ഉന്നത കുലജാതന്‍.
ഹിറഖ്ൽ: ഇദ്ദേഹത്തിനു മുമ്പ് ആരെങ്കിലും നിങ്ങൾക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്ൽ : അദ്ദേഹത്തിന്റെ പൂർവികരില്‍ രാജാക്കന്മാരുണ്ടോ? അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്ൽ: ജനങ്ങളില്‍ ശക്തരോ ദുർബലരോ അദ്ദേഹത്തെ പിൻപറ്റുന്നത്?
അബൂ സുഫ്‌യാൻ:  ദുർബലർ.
ഹിറഖ്‌ൽ: അവര്‍ വർദ്ധിക്കുകയോ ചുരുങ്ങുകയോ?
അബൂ സുഫ്‌യാൻ: വർദ്ധിക്കുന്നു.
ഹിറഖ്‌ൽ: ആരെങ്കിലും മതത്തിൽ പ്രവേശിച്ച ശേഷം ആ മതത്തോടുള്ള വെറുപ്പ് കാരണത്താൽ മുർതദ്ദായി പോയിട്ടുണ്ടോ?.
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്‌ൽ: പ്രവാചകത്വ വാദവുമായി വരുന്നതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ?
അബൂ സുഫ്‌യാൻ: ഇല്ല.
ഹിറഖ്‌ൽ : അദ്ദേഹം വഞ്ചിച്ചിട്ടുണ്ടോ?
അബൂ സുഫ്‌യാൻ: ഇല്ല. ഇപ്പോള്‍ ഞങ്ങളദ്ദേഹവുമായി ഒരു കരാറിലാണ്. ഇതിലദ്ദേഹം എന്തുചെയ്യുമെന്നതറിയില്ല. അബൂസുഫ്‌യാന്‍ പറയുന്നു: ഇതല്ലാതെ ഒന്നും എനിക്ക് ആ സംസാരത്തില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. (കാരണം മക്കക്കാരായ വേറെ ആളുകളും എന്റെ കൂടെ ഉണ്ടല്ലോ. വസ്തുതകൾ അറിയാം.)
ഹിറഖ്‌ൽ: നിങ്ങളദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ? – അദ്ദേഹം നിങ്ങളുമായി യുദ്ധം നടത്തിയിട്ടുണ്ടോ?-
അബൂ സുഫ്‌യാൻ: ഉണ്ട്. ഹിറഖ്‌ൽ: എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെയും നിങ്ങളുടെ യുദ്ധങ്ങൾ?
അബൂ സുഫ്‌യാൻ: യുദ്ധത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ വിജയിക്കും ചിലപ്പോള്‍ അവരും.
ഹിറഖ്‌ൽ: അദ്ദേഹം എന്തൊക്കെയാണ് നിങ്ങളോട് കല്പിക്കുന്നത്? 

അബൂ സുഫ്‌യാൻ: അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേർക്കാ തിരിക്കുക. പൂർവ്വ പിതാക്കൾ ആരാധിച്ചു പോന്നതിനെ ഞങ്ങളോട് നിരോധിക്കുന്നു. നമസ്കാരം, സത്യ സന്ധത, പവിത്രത, കരാർ പാലനം, വിശ്വാസ്യത എന്നിവയും കല്പിക്കുന്നു. 


ശേഷം ഹിറഖ്‌ൽ പരിഭാഷകനോട് പറഞ്ഞു: (അദ്ദേഹത്തോടു പറയുക) “ഞാനദ്ദേഹത്തിന്റെ കുലമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉന്നത കുലജാതനാണെന്ന് താങ്കള്‍ പറഞ്ഞു. പ്രവാചകന്മാര്‍ ഉന്നത കുലജാതരായിരിക്കും. ഇതിനു മുമ്പ് ആരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് നിങ്ങള്‍ പറഞ്ഞു. മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിരുന്നുവെങ്കില്‍ തീർച്ചയായും മുൻഗാമികളുടെ വാദം പിന്തുടരുന്ന ഒരാളാണ് ഇദ്ദേഹമെന്നു ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലായെന്ന് പറഞ്ഞു. പൂർവികരില്‍ രാജാക്കന്മാരായി ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു; പൂർവികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്ന്. പ്രവാചകത്വ വാദത്തിന് മുമ്പ് അദ്ദേഹം കളവു പറഞ്ഞതായി ആരോപണമുണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു: ജനങ്ങളുടെ മേല്‍ കളവ് പറയാത്തൊരു വ്യക്തി അല്ലാഹുവിന്റെ പേരില്‍ കളവു പറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തരോ ദുർബലരോ എന്ന ചോദ്യത്തിന് ദുർബലര്‍ എന്നാണ് താങ്കളുടെ മറുപടി. അങ്ങിനെത്തന്നെയാണ് പ്രവാചകന്മാരുടെ അനുയായികള്‍. അവർ ദുർബലരായിരിക്കും. അവർ കൂടുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് താങ്കൾ മറുപടി പറഞ്ഞത് അവർ കൂടിക്കൊണ്ടിരിക്കുന്നു എന്നാണ്. അങ്ങിനെത്തന്നെയാണ് വിശ്വാസത്തിന്റെ കാര്യം. അത് പൂർത്തിയാകുവോളം  എണ്ണത്തിൽ വർദ്ധിച്ചു  കൊണ്ടേയിരിക്കും. ഇസ്‌ലാം സ്വീകരിച്ച ആരെങ്കിലും വെറുപ്പ് കാരണം അത് ഉപേക്ഷിച്ചിട്ടുണ്ടോ  എന്നന്വേഷിച്ചപ്പോള്‍ ഇല്ലെന്ന്  താങ്കൾ മറുപടി പറഞ്ഞു. അങ്ങിനെത്തന്നെയാണ് സത്യ വിശ്വാസം. അതിന്റെ തെളിച്ചം ഹൃദയങ്ങളിൽ  അലിഞ്ഞു ചേർന്നു കഴിഞ്ഞാല്‍ അതിനെ ആരും വെറക്കുകയില്ല. അദ്ദേഹം വഞ്ചന പ്രവർത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് താങ്കള്‍ മറുപടി പറഞ്ഞു. പ്രവാചകന്മാര്‍ അങ്ങിനെത്തന്നെയാണ്, വഞ്ചിക്കുകയില്ല. നിങ്ങൾ അദ്ദേഹത്തോടും അദ്ദേഹം നിങ്ങളോടും യുദ്ധം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞു: യുദ്ധം ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ഞങ്ങൾ വിജയിക്കും ചിലപ്പോൾ അദ്ദേഹം വിജയിക്കും. അങ്ങിനെ തന്നെയാണ് കാര്യം. ചിലപ്പോൾ പ്രവാചകന്മാർ പരീക്ഷിക്കപ്പെടും. എന്നാൽ ആത്യന്തിക വിജയം അവർക്ക് തന്നെയായിരിക്കും. നിങ്ങളോടദ്ദേഹം എന്ത് കല്പിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഒന്നിനേയും പങ്കു ചേർക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും നിങ്ങളുടെ പൂർവ പിതാക്കൾ ആരാധിച്ചു പോന്നിരുന്നവയെ വർജ്ജിക്കണമെന്നും നമസ്കാരം, ദാനധർമങ്ങൾ, വിശുദ്ധി, കരാർ പാലനം, വിശ്വാസ്യത എന്നിവ പാലിക്കണമെന്നും കല്പിക്കുന്നതായി താങ്കള്‍ പറഞ്ഞു. ഇതു തന്നെയാണ് ഒരു പ്രവാചകന്റെ സ്വഭാവങ്ങൾ (വിശേഷണങ്ങൾ) ഈ പ്രവാചകൻ വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, അത് നിങ്ങളുടെ (അറബികളുടെ) കൂട്ടത്തിൽ നിന്നായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല.
നീ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ എന്റെ ഈ കാൽ പാദങ്ങളുടെ സ്ഥാനം പോലും അദ്ദേഹം ഉടമപ്പെടുത്തും. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടാൻ ആഗ്രഹിക്കുമായിരുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തെത്തിയിരുന്നെങ്കില്‍ അവിടുത്തെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു. (ബുഖാരി:2941. മുസ്‌ലിം: 1773)

നബിﷺയുടെ കത്ത് വായിച്ച് കേൾപിക്കപ്പെട്ടപ്പോൾ ഹിറഖ്ലിൽ അതു വലിയ സ്വാധീനം ഉണ്ടാക്കി. അവിടെ ശബ്ദ കോലാഹലങ്ങൾ ഉയർന്നു . അബൂസുഫ്‌യാനിനെയും കൂട്ടു കാരെയും അവിടെ നിന്ന് പുറത്താക്കി. അബൂസുഫ്‌യാൻ പറയുകയാണ്: അബൂ കബ്ശയുടെ മകന്റെ കാര്യം ഉന്നതിയിൽ എത്തിയിരിക്കുന്നു. ബനുൽഅസ്വ്‌ഫറിന്റെ രാജാവ് പോലും അദ്ദേഹത്തെ ഭയപ്പെടുകയാണ്. ഈ മുഹമ്മദ് വിജയിക്കുക തന്നെ ചെയ്യും എന്ന് ഞാൻ ഉറപ്പിച്ചു. അങ്ങിനെ അല്ലാഹു എനിക്ക് ഇസ്‌ലാമിനെ കനിഞ്ഞരുളി.

ഹിറഖ്ൽ ദഹിയതുൽകൽബി رضي الله عنهയെ (നബിയുടെ ദൂതൻ) ആദരിച്ചു. ഇസ്‌ലാമിൽ പ്രവേശിക്കുന്നതിലേക്ക് അടുത്തിരുന്നു ഹിറഖ്ൽ ചക്രവർത്തി. പക്ഷേ തന്റെ അധികാരത്തെ വിശ്വാസത്തേക്കാൾ വലുതായി അയാൾ കണ്ടു. ശേഷം മുഅ്‌ത: യുദ്ധത്തിൽ മുസ്‌ലിംകളോട് അയാൾ യുദ്ധം ചെയ്യുകയും ചെയ്തു

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

Leave a Comment