നബി ചരിത്രം - 69: ഹിജ്റ ഏഴാം വർഷം [ഭാഗം: 2]
നബി അയച്ച കത്തുകൾ.

(3) പേർഷ്യൻ രാജാവിനുള്ള കത്ത്.
പേർഷ്യയുടെ രാജാവായ കിസ്‌റാ ഇബ്നു ഹുർമുസിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്‌മിرضي الله عنهയെ ഒരു കത്തുമായി നബി ﷺ അയച്ചു. ബഹ്റൈനിന്റെ മുഖ്യനായ മുൻദിറുബ്നു സാവിയുടെ പക്കൽ കത്ത് കൊടുക്കാനാണ് അബ്ദുല്ലرضي الله عنهയോട് നബി ﷺ നിർദേശിച്ചത്. മുൻദിർ ആയിരിക്കണം കിസ്‌റക്ക് ആ കത്ത് നൽകേണ്ടത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും പേർഷ്യയുടെ മുഖ്യനായ കിസ്‌റക്കുള്ള കത്ത്. സന്മാർഗ്ഗം പിൻപറ്റിയവർക്കും അല്ലാഹുവിന്റെ പ്രവാചകനിൽ വിശ്വസിച്ചവർക്കും ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും ജീവിച്ചിരിക്കുന്നവരെ താക്കീത് ചെയ്യാൻ വേണ്ടി ഞാൻ മുഴുവൻ ജനങ്ങളിലേക്കുമുള്ള പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുന്നവർക്കും രക്ഷയുണ്ട്. മുസ്ലിമാവുക താങ്കൾ രക്ഷപ്പെടും. വിസമ്മതിക്കുന്ന പക്ഷം മജൂസികളുടെ കുറ്റ ഭാരം കൂടി നിങ്ങൾക്കുണ്ടാകും”. (ഇബ്നു ജരീറുത്ത്വബ്‌രി: 2/133)
ഇബ്നു അബ്ബാസ് رضي الله عنهൽ നിന്ന് നിവേദനം; അബ്ദുല്ലാഹിബ്നു ഹുദാഫرضي الله عنهയെ കിസ്റക്കുള്ള കത്തുമായി നബി ﷺ നിയോഗിക്കുകയുണ്ടായി. ബഹ്റൈനിലെ മുഖ്യന്റെ കയ്യിൽ അത് നൽകാനാണ് നബി ﷺ കൽപിച്ചത്. അങ്ങിനെ ബഹ്റൈനിലെ മുഖ്യൻ ആ കത്ത് കിസ്‌റക്കു നൽകി. കത്ത് വായിച്ചപ്പോൾ കിസ്‌റ അത് കീറിക്കളഞ്ഞു. അവർ മൊത്തത്തിൽ പിച്ചിച്ചീന്തപ്പെടട്ടെ എന്ന് നബി ﷺ അവർക്കെതിരെ പ്രാർത്ഥിച്ചു. (ബുഖാരി: 4424)
ശേഷം കിസ്റാ യമനിലുള്ള തന്റെ ഗവർണറായ ബാദാനിന് ഒരു കത്തെഴുതി. യമനിൽ നിന്നും ബലവാൻമാരായ രണ്ടാളുകളെ ഹിജാസിലേക്ക് പറഞ്ഞയക്കുകയും എന്നിട്ട് മുഹമ്മദിനെ പേർഷ്യയിലേക്ക് കൊണ്ടു വരികയും ചെയ്യണം എന്നുള്ളതായിരുന്നു നിർദ്ദേശം. കിസ്റയുടെ കല്പന പ്രകാരം ബാദാൻ രണ്ട് ആളുകളെ ഒരു കത്തുമായി നബി ﷺ യിലേക്ക് അയച്ചു. അവർ മദീനയിലെത്തി. ബാദാൻ നൽകിയ കത്ത് അവർ നബി ﷺ ക്കു കൈമാറി. അല്ലാഹുവിന്റെ പ്രവാചകൻ പുഞ്ചിരിച്ചു. ഈ രണ്ട് ദൂതന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നിട്ട് പറഞ്ഞു: ഇപ്പോൾ നിങ്ങൾ പോകണം. എന്നിട്ട് നാളെ തിരിച്ചു വരണം. പറയാനുള്ള കാര്യങ്ങൾ അപ്പോൾ പറയാം”. പിറ്റേ ദിവസം അവർ രണ്ടു പേരും പ്രവാചക സന്നിധിയിലെത്തി. അല്ലാഹുവിന്റെ പ്രവാചകൻ അവരോട് പറഞ്ഞു: ” എന്റെ റബ്ബ് നിന്റെ റബ്ബിനെ ഇന്നു രാത്രി കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ബാദാനിനെ അറിയിക്കുക.” (അഹ്‌മദ്: 20438)
ഏഴു മണിക്കൂർ കഴിഞ്ഞു. ജമാദുൽ ഊല പത്ത് ചൊവ്വാഴ്ചയുടെ രാത്രി കിസ്റയുടെ മകൻ ശൈറവൈഹിക്ക് സ്വന്തം പിതാവിൽ അല്ലാഹു ആധിപത്യം നേടിക്കൊടുത്തു. ആ മകൻ തന്നെ സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തു. ദൂതന്മാർ കത്തുമായി ബാധാനിന്റെ അടുത്തേക്ക് മടങ്ങി. ബാദാനും അദ്ദേഹത്തിന്റെ മക്കളും ഇസ്‌ലാം സ്വീകരിച്ചു. യമനിൽ നിന്നും കല്യാണം കഴിച്ച പേർഷ്യയുടെ മക്കളായിരുന്നു അവർ.
നബി ﷺ യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. പേർഷ്യൻ സാമ്രാജ്യത്തെ അല്ലാഹു പിച്ചി ചീന്തി. ഉമറുബ്നുൽ ഖത്താബിന്റെ ഭരണ കാല ഘട്ടത്തിലാണ് അവരുടെ ഭരണ കൂടം തകർന്നടിഞ്ഞത്. പേർഷ്യൻ സാമ്രാജ്യവും റോമൻ സാമ്രാജ്യവും മുസ്ലിംകളുടെ അധീനതയിൽ പിൽകാലത്ത് വരികയുണ്ടായി. “അബൂഹുറൈറرضي الله عنه യിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞിരിക്കുന്നു: കിസ്റ നശിച്ചു കഴിഞ്ഞാൽ പിന്നീട് മറ്റൊരു കിസ്റ ഇല്ല. ഖൈസർ നശിച്ചു കഴിഞ്ഞാൽ ശേഷം മറ്റൊരു ഖൈസറും ഇല്ല. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, കിസ്‌റയുടെയും ഖൈസറിന്റെയും ധന ശേഖരങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കപ്പെടുക തന്നെ ചെയ്യും.” (ബുഖാരി: 3618. മുസ്‌ലിം: 2918)
(4) അലക്സാണ്ട്രിയൻ രാജാവ് മുഖൗഖിസിനുള്ള കത്ത്.
ഹാത്വിബുബ്നു അബിൽബൽതഅയെ ഒരു കത്തുമായി ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബി ﷺ ഖ്വിബ്ത്വികളുടെ മുഖ്യനായ മുഖൗഖിസിലേക്ക് അയച്ചു. അലക്സാണ്ട്രിയക്കാരനായിരുന്നു അദ്ദേഹം. ജുറൈജുബ്നു മീനാഅ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഖിബ്ത്വികളുടെ മുഖ്യനായ മുഖൗഖിസിനുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. താങ്കളെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. മുസ്‌ലിമാവുക രക്ഷപ്പെടാം. താങ്കൾ മുസ്ലിമാവുക. അല്ലാഹു താങ്കൾക്ക് രണ്ട് പ്രതിഫലം നൽകും. ഇനി താങ്കൾ പിന്തിരിയുന്ന പക്ഷം ഖിബ്ത്വികളുടെ കുറ്റ ഭാരം കൂടി താങ്കളിൽ ഉണ്ടാകും. “(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക”.(ആലു ഇംറാൻ: 64) പ്രവാചകന്റെ കത്ത് ലഭിച്ചപ്പോൾ മുഖൗഖിസ് അത് ചുംബിക്കുകയും ആ കത്തു വായിക്കുകയും ഹാത്വിബിനെ ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൽക്കാരത്തെ നന്നാക്കി. ഒരു മറുപടിക്കത്തുമായി അദ്ദേഹത്തെ പ്രവാചകനിലേക്ക് യാത്രയാക്കുകയും ചെയ്തു.
ഒരു വസ്ത്രവും കറുപ്പു കലർന്ന വെളുത്ത നിറമുള്ള ഒരു കോവർ കഴുതയും രണ്ടു അടിമ സ്ത്രീകളെയും പ്രവാചകനു സമ്മാനമായി കൊടുത്തയച്ചു. ഇബ്രാഹിമിന്റെ ഉമ്മ മാരിയതുൽ ഖിബ്തിയ്യയും അവരുടെ സഹോദരി സീരീനുമായിരുന്നു ആ രണ്ട് സ്ത്രീകൾ. സീരീനിനെ നബി ﷺ ഹസ്സാനുബ്നു സാബിതിനു നൽകി. മുഖൗഖിസ് നൽകിയ കത്തും സമ്മാനങ്ങളുമായി ഹാത്വിബ് മദീനയിലേക്ക് മടങ്ങി. അവിടെ വെച്ചുണ്ടായ സംഭവങ്ങൾ എല്ലാം അദ്ദേഹം പ്രവാചകന് വിശദീകരിച്ചു കൊടുത്തു. മുഖൗഖിസ് ഇസ്‌ലാം സ്വീകരിച്ചില്ല. അധികാരത്തെ വിലപിടിച്ചതായി ഇയാൾ കണ്ടു. നബി ﷺ ഇപ്രകാരം പറയുകയുണ്ടായി :”മുഖൗഖിസ് അധികാരത്തിൽ അള്ളിപ്പിടിച്ച് നിന്നു. അയാളുടെ അധികാരത്തിന് ഒരു നിലനിൽപ്പുമില്ല”. മുഖൗഖിസ് കൊടുത്തയച്ച സമ്മാനങ്ങൾ നബി ﷺ സ്വീകരിച്ചു. മിസ്വ്‌റിന്റെ വിജയത്തെക്കുറിച്ചുള്ള സന്തോഷ വാർത്ത നബി ﷺ സ്വഹാബികൾക്ക് നൽകിയിട്ടുണ്ടായിരുന്നു. അവിടുത്തെ ആളുകളോട് മാന്യമായി പെരുമാറണമെന്ന ഉപദേശവും നൽകിയിരുന്നു. (മുസ്‌ലിം: 2543) ഇസ്മായിൽ നബിയുടെ ഉമ്മ ഹാജറ ഇവരിൽ പെട്ടവരായിരുന്നു.
(5) ഹാരിസുബ്നു അബീശംറിനുള്ള കത്ത്.
ശുജാഉബ്നു വഹബുൽഅസദി رضي الله عنه യെ ഡമസ്കസിലെ അധികാരിയായ ഹാരിസിന്റെ അടുക്കലേക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി നബി നിയോഗിച്ചു. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഹാരിസുബ്നു അബീ ശംറിനുള്ള കത്ത്. സന്മാർഗ്ഗം പിൻപറ്റുകയും അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് രക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവൻ ഏകനാണ്. അവനൊരു പങ്കുകാരുമില്ല. താങ്കളുടെ അധികാരം താങ്കൾക്ക് നില നിൽക്കും”.
കത്ത് വായിച്ച് ഹാരിസ് അതു വലിച്ചെറിഞ്ഞു. എന്നിട്ട് ചോദിച്ചു. എന്നിൽ നിന്നും എന്റെ അധികാരം പിടിച്ചു വാങ്ങാൻ ആരാണുള്ളത്?. മദീനയെ ആക്രമിക്കാൻ വേണ്ടി തന്റെ സൈന്യത്തെ അയാൾ ഒരുക്കിത്തുടങ്ങി. എന്നാൽ ഹിറഖ്ൽ അതിൽ ഇടപെട്ടു. ഹാരിസിനോട് ഈലിയാഇലേക്ക് വരാൻ പറഞ്ഞു. ശുജാഅ് رضي الله عنه മദീനയിലേക്ക് മടങ്ങി. ഹാരിസ് പറഞ്ഞ കാര്യങ്ങളെല്ലാം പ്രവാചകനെ അറിയിച്ചു. നബി ﷺ പറഞ്ഞു: ” അയാളുടെ അധികാരം നശിച്ചു പോകട്ടെ” മക്കം ഫത്ഹ് നടന്ന വർഷത്തിലാണ് ഹാരിസുൽ ഗസ്സാനി മരണപ്പെടുന്നത്. മദീനക്കെതിരെ ഹാരിസ് ഒരുക്കിയ ഈ സൈന്യമായിരുന്നു പിന്നീട് മുഅ്‌ത: യുദ്ധത്തിൽ കലാശിച്ചത്.
(6) യമാമയുടെ രാജാവ് ഹൗദക്കുള്ള കത്ത്.
ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി സലീത്വുബ്നു അംറുൽ ആമിരിയെ നബി ﷺ യമാമയിലേക്ക് അയച്ചു. കത്തിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
“പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിയിൽ നിന്നും ഹൗദതുബ്നു അലിക്കുള്ള കത്ത്. സന്മാർഗം പിൻപറ്റിയവർക്ക് രക്ഷയുണ്ട്. അറിയുക, എന്റെ മതം എല്ലായിടങ്ങളിലും എത്തും. അതു കൊണ്ട് താങ്കൾ മുസ്‌ലിമാവുക രക്ഷപ്പെടാം. താങ്കളുടെ അധികാരം താങ്കൾക്ക് തന്നെ ലഭിക്കും.
നബിﷺ യുടെ കത്തുമായി സലീത്വ് യമാമയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു. നബിﷺ യുടെ കത്ത് വായിച്ചു കേൾപ്പിച്ചു കൊടുത്തപ്പോൾ മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നാൽ മറുപടിയായി നബി ﷺ ക്ക് ഒരു കത്തെഴുതി.
“എത്ര നല്ലതിലേക്കാണ് താങ്കൾ എന്നെ ക്ഷണിച്ചത്. എത്ര സുന്ദരമായതിലേക്കാണ് താങ്കൾ എന്നെ ക്ഷണിച്ചത്. ഞാനെന്റെ ജനതയുടെ കവിയും പ്രാസംഗികനുമാണ്. അറബികൾ എന്റെ സ്ഥാനത്തെ ഭയപ്പെടുന്നു. അതു കൊണ്ട് ചില കാര്യങ്ങൾ എന്നോട് കൽപ്പിക്കുകയാണെങ്കിൽ ഞാൻ താങ്കളെ പിൻപറ്റാം. ഹൗദ സലീത്വിന് ചില സമ്മാനങ്ങളൊക്കെ നൽകി. അഹ്സാഇൽ തുന്നിയുണ്ടാക്കപ്പെട്ട വസ്ത്രം അദ്ദേഹത്തെ ധരിപ്പിച്ചു. സലീത്വ് നബി ﷺ യുടെ അടുക്കൽ എത്തുകയും ഹൗദയുടെ കത്ത് വായിക്കുകയും ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: അയാളുടെ കയ്യിലുള്ളതെല്ലാം നശിക്കട്ടെ.
മക്കാ വിജയം കഴിഞ്ഞ് നബി ﷺ മടങ്ങി വരുമ്പോഴാണ് ഹൗദയുടെ മരണം സംഭവിക്കുന്നത്. മുകളിൽ നാം വിശദീകരിച്ച ആറു കത്തുകളും ഒറ്റ ദിവസം കൊണ്ട് നബി ﷺ അയച്ചവയായിരുന്നു. മുഹർറം മാസത്തിലായിരുന്നു ഇത്. ഇവക്കു പുറമേ 200ൽ അധികം വരുന്ന കത്തുകൾ വേറെയും എഴുതിയിട്ടുണ്ട്. വ്യക്തികൾക്കും ക്കും നേതാക്കന്മാർക്കും ഭരണാധികാരികൾക്കുമായി നബി അത് അയച്ചു കൊടുക്കുകയും ചെയ്തു. അതിലൂടെ അവരെയെല്ലാം ഇസ്ലാമിലേക്ക് ക്ഷണിച്ചു. അമ്മാൻ, ബഹ്റൈൻ, യമൻ തുടങ്ങിയ പ്രദേശങ്ങളിലെ രാജാക്കൻമാരെല്ലാം ഇതിൽ ഉൾപ്പെടും. ഇൻഷാ അള്ളാ അതിനെ കുറിച്ച് പിന്നീട് പറയാം.
ഫദ്‌ലുല്‍ ഹഖ് ഉമരി