സലഫു സ്വാലിഹീങ്ങളും റമദാനും

സലഫു സ്വാലിഹീങ്ങളും റമദാനും

● റമദാൻ മാസത്തിൽ വ്യത്യസ്ത വീക്ഷണ കാരെ കാണാൻ സാധിക്കും.  ചിലർ നിഷ്കളങ്കമായി അല്ലാഹുവിനുവേണ്ടി ആരാധനയും  ഖുർആൻ  പാരായണവും, ചില ചെറിയ രൂപത്തിൽ ആരാധനയിൽ ആയിരിക്കും,  ചിലർ മറ്റു മാസങ്ങളെ  പോലെ അശ്രദ്ധരായി കൊണ്ട് റമദാൻ ഇനിയും കാണും, മറ്റു ചിലർ ഭക്ഷണപദാർത്ഥങ്ങളുടെ വൈഭവത്തെ പരീക്ഷിക്കുന്ന അവരായിരിക്കും.

● പരിശുദ്ധമാക്കപ്പെട്ട  റമദാൻ വന്നു എത്തിയിട്ടും ജനങ്ങളെ عبادة കാര്യത്തിൽ ദരിദ്രരാണ്    

●എന്നാൽ പ്രവാചകനും സ്വഹാബാക്കളും  سلف صالح കളും പരിശുദ്ധ മാക്കപ്പെട്ട റമളാനിനെ കണ്ടിരുന്നത് നമ്മുടെ വീക്ഷണത്തിൽ ആയിരുന്നില്ല

● അവർ ഖുർആൻ പാരായണത്തിൽ ആയിരുന്നു, നോമ്പുകാരെ യും മറ്റു പാവങ്ങളെ  ഭക്ഷപ്പികുമായിരുന്നു, അവരുടെ കാലുകൾ നീര് വരുമാർ രാത്രി നമസ്കാരത്തിൽ മുഴുകിയിരുന്നു.

●മറ്റു മാസങ്ങളിലെ  പ്രവർത്തനങ്ങളെകാളും വ്യത്യസ്തരായിരുന്നു അവർ റമദാൻ മാസത്തിൽ.

● മാലിക് ബ്നു അനസ് റഹ്മത്തുള്ളാ  അദ്ദേഹത്തിൻറെ വിജ്ഞാന സദസ്സുകൾ റമദാൻ മാസത്തിലെ ആരാധനയ്ക്കായി നിർത്തിവെച്ചിരുന്നു റമദാൻ മാസം ആസന്നമായാൽ ഹദീസ് പഠനത്തിൽ നിന്നും പണ്ഡിതന്മാരുടെ സദസ്സുകളിൽ നിന്നും ഒഴിഞ്ഞിരുന്നു ഖുർആൻ പാരായണത്തിൽ മുഴുകിയിരുന്നു.

● സുഫിയാൻ അസ്സൗരി  റമദാൻ മാസം ആഗതമായാൽ മറ്റുള്ള എല്ലാ ആരാധനയിൽ നിന്നും മാറിനിന്ന് ഖുർആൻ   പാരായണത്തിൽ മുഴുകിയിരുന്നു.

● ഇമാം ബുഹാരി റഹ്മത്തുള്ളാ ഓരോ പകലിലും ഖുർആൻ ഖതം ഓതി തീർത്തിരുന്നു, അതുപോലെ  തറാവീഹ് നമസ്കാരത്തിന് ശേഷം മൂന്ന് ദിവസം കൂടുമ്പോൾ ഖത്തം ഓതി തീർത്തിരുന്നു.

● റബീഅ ബിൻ സുലൈമാൻ പറയുകയാണ് (അദ്ദേഹം ഇമാം ഷാഫിയുടെ ശിഷ്യനാണ് )ഓരോ റമദാൻ കടന്നുവരുമ്പോഴും അദ്ദേഹം 60 തവണ ഖത്തം ഓതിയിരുന്നു.

● സൈദ് ബ്നു ജുബൈർ രണ്ടുദിവസങ്ങളിലായി ഖുർആൻ ഖത്തം ഓതിയിരുന്നു.

●  സലഫുകൾ ഖുർആനിനു വേണ്ടിയും ആരാധനയ്ക്ക് വേണ്ടിയും വിജ്ഞാന സദസ്സുകളും പോലും ഒഴിവാക്കിയിട്ടുണ്ട് .

● എന്നാൽ എന്താണ് നമ്മുടെ അവസ്ഥ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ

 
ഫഹീം 
ജാമിഅ അല്‍ ഹിന്ദ്

യാത്ര: ചില മര്യാദകൾ

യാത്ര: ചില മര്യാദകൾ

സ്വദേശം വെടിയുക എന്നതാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഭൗതികവും പാരത്രികവുമായ പല ലക്ഷ്യങ്ങൾക്ക് വേണ്ടിയാവാം. ഏതൊരു ലക്ഷ്യത്തിനാണോ യാത്ര പോവുന്നത് ആ ആവശ്യത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമാണ് യാത്രയുടെയും ഇസ്ലാമിക വിധി. അനുവദനീയമായ കച്ചവടം പോലെയുള്ള ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ യാത്രയും അനുവദനീയമാവും. കുറ്റകൃത്യങ്ങൾക്കും കുഴപ്പങ്ങൾക്കുമുള്ള യാത്രപോലെ അനുവദനീയമല്ലാത്ത ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ ആ യാത്രയും ഹറാമാണ്.

ഹജജിനോ മറ്റേതെങ്കിലും ഒരാരാധനക്കോ വേണ്ടി യാത്ര ചെയ്യുന്ന ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ;

1) ആത്മാർത്ഥത – അതായത് തന്റെ യാത്രയിലുടനീളം അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക. തന്റെ മുഴുവൻ വാക്കുകളും കർമ്മങ്ങളും ക്രയവിക്രയങ്ങളും മറ്റും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക്കുക. എങ്കിൽ നന്മകൾ അധികരിക്കപ്പെടും, പാപങ്ങൾ പൊറുക്കപ്പെടും, പദവികൾ ഉയർത്തപ്പെടും.

നബി(സ) സഅ്ദ്ബ്നു അബീവഖാസ്(റ)നോട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് താങ്കൾ ചിലവഴിക്കുന്നവക്കെല്ലാം തീർച്ചയായും പ്രതിഫലമുണ്ട്, നിന്റെ സഹധർമ്മിണിയുടെ വായിൽ നീ വെച്ച് കൊടുക്കുന്നതിന് വരെ’ (ബുഖാരി, മുസ്ലിം ).

2) അല്ലാഹു തനിക്ക് നിർബന്ധമാക്കിയവ അനുഷ്ഠിക്കുവാനും നിഷിദ്ധമാക്കിയവ വെടിയുവാനും ആർത്തികാണിക്കുക. നമസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ ജമാഅത്തോടൊപ്പം തന്നെ നിർവ്വഹിക്കുക,അതിനായി തന്റെ കൂട്ടുകാരോടെല്ലാം ഉപദേശിക്കുക, നന്മ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക, യു ക്തിയോടും സദുപദേശത്തോടും കൂടി അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക.

ഹറാമായ വാക്കുകളും പ്രവർത്തികളും വെടിയുന്നതിലും അത്യാഗ്രഹമുണ്ടായിരിക്കുക. കളവും ഏഷണിയും പരദൂഷണവും അരുത്, വഞ്ചനയും ചതിയും മറ്റു പാപങ്ങളും വെടിയുക.

3) ഉത്തമമായ സ്വഭാവം കാണിക്കുക, ധനം, അറിവ്, ശരീരം, എല്ലാം കൊണ്ടും ഉദാരത കാണിക്കുക. സഹായം ആവശ്യമുള്ളവനെ സഹായിക്കുക, വിദ്യ തേടുന്നവർക്കും ആവശ്യക്കാർക്കും അ റിവ് പകർന്നു കൊടുക്കുക, തന്റെ ധനം കൊണ്ട് ഉദാരത കാണിക്കുക, തന്റെയും തന്റെ സഹോദരങ്ങളുടെയും നന്മക്കാവശ്യമായത് ചിലവഴിക്കുക.

യാത്രാചിലവിനായി അൽപ്പം കൂടുതൽ കരുതുന്നത് നല്ലതാണ്. ചിലപ്പോൾ ആവശ്യം വന്നേക്കാം, കണക്കുകൂട്ടലുകൾ തെറ്റിയേക്കാം. ഇതിലെല്ലാം തന്നെ മുഖപ്രസന്നതയും ശുദ്ധമനസ്കതയും സംത്യപ്തിയും ഉണ്ടായിരിക്കുകയും, തന്റെ കൂട്ടുകാരിൽ സന്തോഷം പകരാൻ ശ്രദ്ധിക്കുകയും അവരോട് ഇണങ്ങിക്കഴിയുകയും ചെയ്യുക. കൂട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവുകയോ അവർ തന്റെ അഭിപ്രായത്തോട് എതിരാവുകയോ ചെയ്താൽ ക്ഷമിക്കുകയും ഏറ്റവും ഉത്തമമായ രൂപത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യുക. എങ്കിൽ അവർക്കിടയിൽ താങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും.

4) യാത്രാവേളയിലും യാത്രയിലും നബി(സ്വ)യിൽനിന്നും സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ ചൊല്ലുക. വാഹനത്തിൽ കാൽവെച്ചാൽ بسم الله എന്ന് പറയുക. വാഹനത്തിൽ കയറിയിരുന്നാൽ ഈ വാഹനം തനിക്ക് എളുപ്പമാക്കിത്തന്നതിലൂടെ അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തെ സ്മരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്യുക:

الله أكبر، الله أكبر، الله أكبر ( سبحان الذي سخر لنا هذا وما كنا له مقرنين ، وإنا إلى ربنا لمنقلبون ) اللهم إنا نساَلك في سفرنا هذا البر والتقوى ومن العمل ما ترضى ، اللهم هون علينا سفرنا هذا واطو عنا بعده اللهم أنت الصاحب في السفر والخليفة في الأهل ، اللهم إني أعوذ بك من وعثاء السفر وكآبة المنظر وسوء المنقلب في المال والأهل)

‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീൻ വഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബൂൻ. അല്ലാഹുമ്മ ഇന്നാ നസ്തലുക്ക ഫീ സഫരിനാ ഹാദാ അൽ ബിർറ വത്തഖ്വാ വമിനൽ അമലി മാ തർദാ, അല്ലാഹുമ്മ ഹവ്വിൻ അലൈനാ സഫറനാ ഹാദാ വത്വ്വി അന്നാ ബൂഅ്ദഹു, അല്ലാഹുമ്മ അൻത സ്വാഹിബു ഫിസ്സഫർ, വൽ ഖലീഫത്തു ഫിൽ അഹ്ൽ, അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ വഅ്ഥാഇസ്സഫർ, വകൽബത്തിൽ മൻ ദർ, വസുഇൽ മുൻ ഖലബി ഫിൽമാലി വൽ അഹ്ൽ’.

‘ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു’ (സുഖ്റുഫ്: 13). ഞങ്ങൾ നിന്നോട് യാചിക്കുന്നു, അല്ലാഹുവേ, ഈ യാത്രയിൽ പുണ്യത്തിനും തഖ്വക്കും നീ തൃപ്തിപ്പെട്ട കർമ്മങ്ങൾക്കുമായി യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരികയും അതിന്റെ ദൂരം ലഘൂകരിക്കുകയും ചെയ്യേണമേ..അല്ലാഹുവേ.. നീയാണ്. യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പ്രതിനിധിയും
അല്ലാഹുവേ, യാത്രാ ക്ലേശങ്ങളിൽ നിന്നും മോശമായ കാഴ്ചകളിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ പരിണിതിയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു’. ‘

കയറ്റങ്ങൾ കയറുമ്പോൾ തക്ബീർ ചൊല്ലുന്നതും ഇറക്കങ്ങൾ ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുന്നതും ഉത്തമമാണ്. എവിടെയെങ്കിലും വിശ്രമത്തിനായും മറ്റും ഇറങ്ങിയാൽ

( أعوذ بكلمات الله التامات من شر ما خلق )

(അഊദു ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാ ഖലക്ക്) എന്ന് പ്രാർത്ഥിക്കുക. സാരം: ‘പരിപൂർണ്ണമായ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശങ്ങളിൽ നിന്നും ഞാൻ ശരണം തേടുന്നു.

ഒരിടത്ത് ഇറങ്ങിയ ശേഷം ആരെങ്കിലും ഇപ്രകാരം പ്രാർത്ഥിച്ചാൽ അവൻ അവിടെ നിന്ന് യാത്രയാവുന്നത് വരെ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല.

യാത്രയിലെ നമസ്കാരം

നാട്ടിൽ താമസിക്കുന്നവനെപ്പോലെത്തന്നെ യാത്രക്കാരനും നമസ്കാരം അവയുടെ സമയത്ത് ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണ്.അല്ലാഹു പറയുന്നു:

‘നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജനം കഴിഞ്ഞു വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടി ക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല, എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു, നിങ്ങൾ നന്ദിയുള്ളവരായേക്കാം’ (മാഇദ: 6).

വുദുവിന്റെയും കുളിയുടെയും രൂപം സുവിദിതമാണല്ലോ.
(അതിനാൽ അതിവിടെ വിവരിക്കുന്നില്ല).

കൈപ്പടം രണ്ടും ഭൂമിയിൽ അടിക്കുകയും ശേഷം അവ കൊണ്ട് മുഖവും മുൻകൈകളും തടവുകയും ചെയ്യലാണ്
തയമ്മും. നബി(സ) അമ്മാറുബയാസിർ(റ)വിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘താങ്കൾക്ക് മുഖവും കൈ കൊണ്ട് കൈപ്പടങ്ങളും (തടവിയാൽ)മതിയാകുന്നതാണ് ‘. മറ്റൊരു റിപ്പോർട്ടിൽ, ‘നബി (സ) കൈ ഭൂമിയെ അടിക്കുകയും എന്നിട്ടത് കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു എന്നുണ്ട്.മുസ്ലിമിന്റെ റിപ്പോർട്ടിൽ ‘അദ്ദേഹം തന്റെ കൈ കൊണ്ട് ഭൂമിയിൽ ഒരു അടി അടിച്ചു ‘ എന്നും വന്നിട്ടുണ്ട്.

തയമ്മും കൊണ്ടുള്ള ശുദ്ധീകരണം സമയബന്ധിതമാണ്. വെള്ളം കിട്ടുന്നതോടെ തയമ്മും ബാത്വിലാവുകയും ആ വെള്ളം ഉപയോഗിക്കൽ അയാൾക്ക് നിർബന്ധമാവുകയും ചെയ്യുന്നു. വെള്ളം കിട്ടുന്നതോടെ വലിയഅശുദ്ധിയകറ്റാൻ തയമ്മും ചെയ്ത ആൾക്ക് കുളിയും, ചെറിയ അശുദ്ധിയകറ്റാൻ വുദുവും നിർബന്ധമാവുന്നു.ഹദീസിൽ കാണാം:

الصعيد الطيب وضوء المسلم وإن لم يجد الماء عشر سنين ، وإذا وجد الماء فليتق الله وليمسه بشرته

‘ശുദ്ധിയുള്ള ഭൂതലം മുസ്ലിമിന്റെ ശുദ്ധീകരണ വസ്തുവാണ്, പത്തുവർഷത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ പോലും.
എന്നാൽ വെള്ളം കിട്ടിയാൽ അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ തൊലിയിൽ വെള്ളം സ്പർശിക്കുകയും ചെയ്യട്ടെ’ (ബസ്സാർ).

ദുഹ്ർ, അസ്വർ, ഇശാ എന്നീ നാല് റക്അത്തുകളുള്ള നമസ്ക്കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് സുന്നത്താണ്. ഇബ്നു ഉമറിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറയുന്നു: ‘ഞാൻ നബി(സ) യോടൊപ്പം സഹയാത്രികനായിരുന്നു, അദ്ദേഹം യാത്രയിൽ നമസ്ക്കാരം രണ്ട് റക്അത്തിനെക്കാൾ അധികരിപ്പിച്ചിരുന്നില്ല. അബൂബക്കറും ഉമറും ഉസ്മാനും (റ) അപ്രകാരം തന്നെയായിരുന്നു’.
ആയിശ (റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു:

فرضت الصلاة ركعتين ثم هاجر النبي صلى الله عليه وسلم ففرضت أربعة، وتركت صلاة السفر على الأولى

‘നമസ്കാരം നിർബന്ധമാക്കപ്പെട്ടത് രണ്ട് റക്അത്തുകളായാണ്, പിന്നീട് നബി(സ) മദീനയിലേക്ക് ഹിജ്റ പോയപ്പോൾ നാല് റക്അത്തുകളായി നിർബന്ധമാക്കപ്പെട്ടു, യാത്രയിലുള്ള നമസ്കാരം ആദ്യത്തെ നിയമമനുസരിച്ച് നിലനിറുത്തപ്പെടുകയും ചെയ്തു’.

അപ്പോൾ യാത്രക്കാരൻ തന്റെ നാട്ടിൽ നിന്നും പുറപ്പെട്ട് അവിടെ തിരിച്ചെത്തുന്നത് വരെ നാലു റക്അത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കി നമസ്ക്കരിക്കലാണ് സുന്നത്ത്, ആ യാത്ര ദീർഘിച്ചതാണെങ്കിലും ചുരുങ്ങിയതാണെങ്കിലും ശരി.

ഇബ്നു അബ്ബാസ്(റ)വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘മക്കാവിജയ വർഷം നബി(സ)
പത്തൊമ്പത് ദിവസം മക്കയിൽ രണ്ട് റക്അത്ത് വീതം നമസ്ക്കരിച്ചുകൊണ്ട് കഴിച്ചുകൂട്ടി. എന്നാൽ നാല് റക്അത്ത് നമസ്ക്കരിക്കുന്ന ഇമാമിന്റെ പിന്നിലാണ് നമസ്ക്കരിക്കുന്നതെങ്കിൽ നിർബന്ധമായും യാത്രക്കാരനും നാല് റക്അത്ത് നമസ്ക്കരിക്കണം. അയാൾ ഇമാമിനോടൊപ്പം ചേർന്നത് നമസ്കാരത്തിന്റെ ആരംഭത്തിലാണെങ്കിലും ഇടയിലാണെങ്കിലും ശരി.

നബി(സ) പറഞ്ഞു: ‘ഇമാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം തുടരപ്പെടാൻ വേണ്ടിയാണ്, അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാവരുത് ‘(ബുഖാരി, മുസ്ലിം).

മറ്റൊരു ഹദീസിൽ കാണാം, നബി(സ) പറഞ്ഞു: ‘ഇമാമിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ നമസ്കരിക്കുക, നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക’ (ബുഖാരി, മുസ്ലിം).

ഇബ്നുഅബ്ബാസ് (റ) ചോദിക്കപ്പെട്ടു: ‘യാത്രക്കാരൻ എന്തു ചെയ്യണം? തനിച്ച് നമസ്കരിക്കുമ്പോൾ രണ്ട് റക്അത്തും സ്വദേശിയായ ഒരു ഇമാമിനെ തുടർന്ന് നമസ്കരിക്കുമ്പോൾ നാലുമാണോ നമസ്ക്കരിക്കേണ്ടത്?, അപ്പോൾ അദ്ദേഹം പറഞ്ഞു? അതാണ് പ്രവാചകചര്യ.

(സ്വദേശിയായ) ഇമാമിന്റെ കൂടെ നമസ്കരിക്കുമ്പോൾ ഇബ്നു ഉമർ പൂർത്തിയായി നമസ്കരിക്കുകയും യാത്രയിൽ തനിച്ചായിരിക്കുമ്പോൾ ചുരുക്കി നമസ്കരിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത്.
തുടർച്ചയായ യാത്രയാൽ പ്രയാസം നേരിടുമ്പോൾ യാത്രക്കാരന് ദുഹറും അസ്വറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ചേർത്ത് (ജംഅ് ആക്കി) നമസ്ക്കരിക്കാവുന്നതാണ്. ഇത്തരം ഘട്ടത്തിൽ തനിക്ക് കൂടുതൽ സൗകര്യപ്രദമായ രൂപത്തിൽ അവയെ മുന്തിച്ചോ പിന്തി ചചോ ജംഅ് ആക്കാവുന്നതാണ്.

അനസുബ്നു മാലിക്(റ)വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി(സ) സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പ് യാത്ര പുറപ്പെട്ടാൽ ദുഹ്റിനെ അസ്വറിന്റെ സമയത്തിലേക്ക് പിന്തിപ്പിക്കുകയും ശേഷം രണ്ടും ചേർത്ത് നമസ്കരിക്കുകയും ചെയ്യും. യാത്ര പുറപ്പെടുന്ന ഘട്ടത്തിൽ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്ർ നമസ്കരിക്കുകയും ശേഷം പുറപ്പെടുകയും ചെയ്യും.

ഇമാം ബൈഹഖിയുടെ ഒരു റിപ്പോർട്ടിൽ കാണാം: ‘നബി യാത്ര പുറപ്പെടുമ്പോൾ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്റും അസ്വറും ചേർത്ത് നമസ്കരിക്കുമായിരുന്നു’,

എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ടുന്ന ആവശ്യമില്ല എങ്കിൽ അങ്ങനെ വേണ്ടതില്ല. ഉദാഹരണമായി ഒരാൾ യാത്രക്കിടയിൽ ഒരിടത്ത് ഇറങ്ങുകയും, അടുത്ത നമസ്കാരത്തിന്റെ സമയമായ ശേഷമല്ലാതെ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നില്ല എങ്കിൽ അയാൾ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം അയാൾക്ക് അതിന്റെ ആവശ്യമില്ല. അപ്രകാരം ആവശ്യമില്ലാതിരുന്നതിനാലാണ് നബി(സ) അദ്ദേഹത്തിന്റെ വിടവാങ്ങൽ ഹജജിൽ മിനായിൽ വെച്ച് ജംഅ് ചെയ്യാതിരുന്നത്.

യാത്രക്കാരന് സ്വദേശത്തുള്ളവൻ നമസ്കരിക്കുന്നതുപോലെ തന്നെ ദുഹാ, രാത്രി നമസ്കാരം, വിത്ത്ർ, പോലെയുള്ള ഐച്ഛിക നമസ്കാരങ്ങൾ നിർവ്വഹിക്കാവുന്നതാണ്. എന്നാൽ ദുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെ യും റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാതിരിക്കലാണ് പ്രവാചകചര്യ.


ഗ്രന്ഥം:മനാസിക് അൽ ഹജ്ജ് വൽ ഉംറ വൽ മഷ്റൂഅ് ഫീ സിയാറ
ഗ്രന്ഥകർത്താവ്:ശൈഖ് മുഹമ്മദ് ബ്ൻ സ്വാലിഹ് അൽഉസൈമീൻ (റഹി)
വിവർത്തനം:മുഹമ്മദ്കുട്ടി കടന്നമണ്ണ

ഹദീസ് – 10

ഹദീസ് - 10

“കടുത്ത പരീക്ഷണത്തിൽ നിന്നും, ദൗർഭാഗ്യം വരുന്നതിൽ നിന്നും, മോശം വിധിയിൽ നിന്നും, (തങ്ങൾക്ക് വരുന്ന പരീക്ഷണത്തിൽ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും നിങ്ങൾ അഭയം തേടുക.” (ബുഖാരി:6616)

അബൂ ഹുറൈറജം (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– ഹദീസിൽ പറയപ്പെട്ട കാര്യങ്ങളിൽ നിന്ന് രക്ഷ ചോദിക്കാനുള്ള കൽപനയാണ് ഹദീസിലുള്ളത്.
– ഏത് കാര്യത്തിനും നാം പ്രാർത്ഥിക്കുകയാണെങ്കിൽ ഹദീ സുകളിൽ സ്ഥിരപ്പെട്ട പ്രാർത്ഥനകളാണ് അവക്ക് ഏറ്റവും ഉത്തമം.
– ഹദീസുകളിലുള്ളതല്ലാത്തവ കൊണ്ടും പ്രാർത്ഥിക്കാം. അഥവാ നമ്മുടെ മനസ്സിന്റെ പ്രയാസങ്ങൾ ഏതും നമുക്ക് കഴി യും വിധം അല്ലാഹുവിനോട് പറയാം.
“നിങ്ങൾ എന്നോട് പ്രാർത്ഥിക്കു ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം’ (ഗാഫിർ:60) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നാം നന്നായി പ്രാർത്ഥിക്കുന്നവരാകണം.
– ഈ ഹദീസിൽ നാല് കാര്യങ്ങളെ തൊട്ട് രക്ഷ ചോദിക്കാ നാണ് പറഞ്ഞിരിക്കുന്നത്. ഇത് പ്രാർത്ഥിക്കേണ്ട രൂപം:

اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ

- "കടുത്ത പരീക്ഷണത്തിൽ നിന്നും, ദൗർഭാഗ്യം വരുന്നതിൽ നിന്നും, മോശം വിധിയിൽ നിന്നും, (തങ്ങൾക്ക് വരുന്ന പരീക്ഷ ണത്തിൽ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും അല്ലാഹു വേ ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.”

– സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമുള്ള കടുത്ത പരീ ക്ഷണങ്ങൾ ഒരു പക്ഷേ നേരിടേണ്ട സാഹചര്യം നമുക്കു ണ്ടാകാം, അത്തരം പ്രയാസങ്ങളിൽ നിന്ന് രക്ഷ ചോദിക്കാ നാണ് നബി നമ്മെ പഠിപ്പിക്കുന്നത്. ഇത് നാം നമ്മുടെ ജീവിതത്തിൽ പതിവാക്കണം.
– ദൗർഭാഗ്യകരമായ പ്രയാസങ്ങൾ നിറഞ്ഞ കാര്യങ്ങളെ തൊട്ടും രക്ഷ ചോദിക്കണം. തിൻമകളിൽ പെട്ടുപോകൽ പോലെയുള്ള കാര്യങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ രക്ഷ ചോദിക്കുന്നത്. സൗഭാഗ്യമുള്ള സന്തുഷ്ട ജീവിതമാണ് നമുക്ക് വേണ്ടത്, അതിന് വിരുദ്ധമായ എല്ലാ കാര്യങ്ങളെതൊട്ടും രക്ഷ ചോദിക്കണം. അതാണ് രണ്ടാമത്തെ കാര്യത്തിൽ അറിയിക്കുത്.
– മോശം വിധിയെ തൊട്ടുള്ള രക്ഷ ചോദിക്കലാണ് മൂന്നാമത്തേത്. ഒരു വിശ്വാസിക്ക് തന്റെ സ്വന്തത്തിലും സമ്പത്തിലും, കുടുംബത്തിലും, മക്കളിലും, അവന്റെ ജീവിതത്തിലും, മരണത്തിലുമെല്ലാം സംഭവിക്കാവുന്ന എല്ലാ മോശം വിധിയെതൊട്ടും രക്ഷ ചോദിക്കാൻ നബി (സ) അറിയിക്കുന്നു.
– മുസ്ലിംകൾക്ക് വല്ല പ്രയാസങ്ങളും സംഭവിക്കുകയാണെങ്കിൽ അതിൽ അവിശ്വാസികൾ സന്തോഷിക്കുന്ന അവസ്ഥ ഇല്ലാതിരിക്കാനുള്ള തേട്ടമാണ് ഈ പ്രാർത്ഥനയിലെ നാലാമത്തേത്.
– നബി ഈ പ്രാർത്ഥന പ്രാർത്ഥിക്കാറുണ്ടായിരുന്നു. എല്ലാം ഉൾക്കൊള്ളുന്ന പ്രാർത്ഥനയാണ് ഇത്. മനഃപ്പാഠമാക്കി നാം ധാരാളമായി ഇത് പ്രാർത്ഥിക്കുക.
– പ്രാർത്ഥനയിലും, ഖുത്ബയിലുമെല്ലാം കഷ്ടപ്പെട്ട് പാസമൊപ്പിച്ച് പദങ്ങൾ ഉപയോഗിക്കാവതല്ല. എന്നാൽ കുർആനിലും ഹദീസിലും അത് പോലെ വന്ന പ്രാർത്ഥനകൾ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. പ്രയാസമില്ലാതെയും അർത്ഥ മാറ്റങ്ങളില്ലാതെയും സ്വമേധയാ ഉണ്ടാകുന്ന പ്രാസം ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല.

പ്രബോധകന്മാരോട് സ്നേഹപൂര്‍വ്വം :

പ്രബോധകന്മാരോട് സ്നേഹപൂര്‍വ്വം :

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ നിന്നും ഗ്രഹിച്ചെടുത്ത വലിയൊരു ആശയത്തിന്‍റെ സംഗ്രഹം : 

” പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്… മാന്യമായും ഇസ്ലാമിക മര്യാദയോട് കൂടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല… എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ….. “.

ഇബ്നു ഉസൈമീന്‍(റ) പ്രബോധകര്‍ക്ക് നല്‍കിയ ഒരു ഉപദേശവും ശ്രദ്ധേയമാണ് : “നിനക്കൊരാളെ സത്യത്തിലേക്ക് വഴി നടത്താന്‍ സാധിച്ചില്ലെങ്കിലും ഒരിക്കലും തന്നെ അവനെ സത്യത്തോട് ശത്രുതയുള്ളവനാക്കി മാറ്റരുത് “.

ആദര്‍ശം തുറന്നു പറയാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതി സ്വീകരിക്കണം എന്നല്ല. ആദര്‍ശത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ല .. പക്ഷെ ആദര്‍ശം തുറന്നു പറയുമ്പോഴും സ്വഭാവമര്യാദയും, മതബോധവും, ഗുണകാംശയും കാത്തു സൂക്ഷിക്കണം…

പ്രവാചകന്റെ അധ്യാപനങ്ങള്‍ പാലിച്ചു കൊണ്ട് പ്രബോധനം നടത്തുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ…. നമ്മളില്‍ നിന്നും വന്നു പോകുന്ന അപാകതകള്‍ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം…..

ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം.

നന്മ ആര് ചെയ്താലും പ്രോത്സാഹിപ്പിക്കുക എന്ന വിഷയം : വളരെ ശരിയാണ് .. പക്ഷെ അതിനു ഇസ്ലാം ചില നിബന്ധനകള്‍ വച്ചിട്ടുണ്ട് . നിരുപാധികം പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്നര്‍ത്ഥം .

അവിശ്വാസികളോ, ബിദ്അത്തുകാരോ, തന്നിഷ്ടത്തിന്റെ ആളുകളോ, അഖലാനിസം അഥവാ യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്ന ആളുകളോ, കക്ഷിത്വത്തിന്റെ ആളുകളോ ആണ് ഒരു നന്മ ചെയ്തതെങ്കില്‍ അവരുടെ നന്മയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവരോടുള്ള വിയോജിപ്പ് കൂടി വ്യക്തമായി നമ്മള്‍ പറയണം എന്ന നിബന്ധനയുണ്ട് …

ഉദാ : വിശുദ്ധ ഖുര്‍ആനില്‍ ജൂത ക്രിസ്ത്യാനികളെ വിവാഹം ചെയ്യുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്യാം എന്ന് പറഞ്ഞിടത്ത് തന്നെ അവരുടെ വിശ്വാസം ശരിയല്ല എന്നും ആ വിശ്വാസക്കാര്‍ നരകാവകാശികളാണെന്നും ഓര്‍മ്മപ്പെടുത്തുന്നത് കാണാം. അഥവാ മറ്റു മതക്കാര്‍ക്ക് ലഭിക്കാത്ത ചില പ്രത്യേക പരിഗണന ജൂത ക്രിസ്ത്യാനികള്‍ക്കുണ്ട് എന്നത് പറയുന്നിടത്ത് മാത്രം വിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തിയില്ല. അതോടൊപ്പം ആദര്‍ശപരമായി അവരോടുള്ള വിയോജിപ്പ്‌ അവിടെ കൃത്യമായി രേഖപ്പെടുത്തി… ഇതില്‍ നിന്നും മുഫസ്സിരീങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു നിയമമാണ് ആദര്‍ശപരമായി നമ്മള്‍ യോജിക്കാത്തവരുടെ നല്ല കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അവരോടുള്ള വിയോജിപ്പും പറയണം എന്ന നിയമം …നന്മയും തിന്മയും കൂടിക്കലരാതിരിക്കാന്‍ ആണത്.. നന്മയും തിന്മയും കൂടിക്കലരാന്‍ ഇടവരുത്തുന്ന ഒരുകാര്യവും ചെയ്യാന്‍ പാടില്ല എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം….

ഇതുപോലെ മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട്… ഇന്‍ ഷാ അല്ലാഹ് .. പിന്നീട് ഒരവസരത്തിലാകാം … 

അതുപോലെ വിയോജിപ്പ്‌ രേഖപ്പെടുത്തുമ്പോള്‍ അതിന് ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങളും നിബന്ധനകളും വേറെ ഉണ്ട് താനും…

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഹദീസ് – 9

ഹദീസ് - 9

“നിശ്ചയം സ്വർഗത്തി ൽ ചില റൂമുകളുണ്ട് (ഭവനങ്ങളുണ്ട്), അതിന്റെ പുറം ഭാഗം ഉള്ളിൽ നിന്നും അതിന്റെ ഉൾഭാഗം പുറമേ നിന്നും കാണപ്പെ ടും. അപ്പോൾ ഒരു ഗ്രാമീണനെഴുന്നേറ്റു ചോദിച്ചു: അത് ആർ ക്കുള്ളതാണ് റസൂലേ...? റസൂൽ (സ) പറഞ്ഞു: സംസാരം നന്നാ ക്കുവനും, ഭക്ഷണം നൽകുന്നവനും, നോമ്പ് പതിവാക്കുന്നവ നും, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നമസ്കരിക്കുന്നവ നുമാണത്.” (തിർമിദി:2527)

അലി (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അലിയ്യു ബ്നു അബീ ത്വാലി ബ് അൽകുറശി, മരണം ഹിജ്റ: 40

– ചില സൽക്കർമങ്ങൾക്ക് വലിയ പ്രതിഫലമാണ് ലഭിക്കുക എന്ന് മതം നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സ്വർഗത്തിലെ വിവിധ അനുഭൂതികൾ ചില പ്രവർത്തനങ്ങൾക്ക് പ്രത്യേക മാക്കിയതായി ഹദീസുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

– അതിൽ പെട്ടതാണ് നല്ല വാക്ക് പറയുന്നവർക്കും, പാവങ്ങൾക്ക് ഭക്ഷണം നൽകുന്നവർക്കും, നോമ്പ് പതിവാക്കുന്ന വർക്കും, രാത്രി നമസ്കാരം നിർവ്വഹിക്കുന്നവർക്കും ഉള്ള സമ്മാനം. സ്വർഗത്തിലെ പ്രത്യേകതരം ഭവനങ്ങളാണത്. അതിന്റെ ഉൾഭാഗം പുറത്ത് നിന്നും, പുറം ഭാഗം ഉള്ളിൽ നിന്നും കാണാവുന്ന തരത്തിലാണതെന്ന് ഹദീസിലുണ്ട്. അതിന്റെ യഥാർത്ഥ രൂപം നമുക്കറിയില്ല.

നല്ല വാക്ക് പറയൽ:

– ഇത് വളരെ പുണ്യമുള്ളതും നമ്മിൽ പലരും അശ്രദ്ധരാകു ന്നതുമായ കാര്യമാണ്. വേണ്ടതും വേണ്ടാത്തതുമൊക്കെ സംസാരിക്കുന്ന പ്രകൃതമാണ് നമ്മിൽ പലർക്കും. അത് സൂക്ഷിക്കണം. പറയുകയാണെങ്കിൽ നല്ലത് പറയണം അല്ലെങ്കിൽ മിണ്ടാതിരിക്കണമെന്നാണ് റസൂൽ പഠിപ്പിച്ചിട്ടു ള്ളത്.

– കേൾക്കുന്നതൊക്കെ പറയുന്ന ശീലം നല്ലതല്ല. അത് വേണ്ടാത്തത് പറയുന്നതിലേക്ക് നമ്മെ എത്തിക്കും. നല്ലതാണെന്ന് ഉറപ്പുള്ളത് മാത്രം പറയാൻ നമുക്ക് കഴിയണം.

ഭക്ഷണം നൽകൽ:

സാധുക്കൾക്ക് ഭക്ഷണം നൽകൽ പുണ്യമുള്ള കാര്യമാണ്. വലിയ പ്രതിഫലമാണ് അതിനുള്ളത്. ദീനിലെ പല കാര്യ ങ്ങൾക്കും പ്രായശ്ചിത്തം ചെയ്യുമ്പോൾ അതിൽ സാധുക്ക ൾക്ക് ഭക്ഷണം നൽകാൻ ഉള്ള നിർദേശം നമുക്ക് കാണാൻ സാധിക്കും. അത് അതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. പുണ്യവാൻമാരുടെ വിശേഷണങ്ങളിൽ പെട്ടതാണ് അശര ണരെ ഭക്ഷിപ്പിക്കൽ (സൂറത്തുൽ ഇൻസാൻ:8), സമാധാനത്തോടെ സ്വർഗത്തിലേക്ക് കടക്കാൻ സാധിക്കുന്ന വിധം മഹത്വമുള്ള കാര്യമാണിതെന്ന് നബി (സ) യും പഠിപ്പിച്ചിട്ടുണ്ട്. ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നരകത്തെ സൂക്ഷിക്കണം എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.

കൊടും പകർച്ചാവ്യാധി വ്യാപകമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സന്ദർഭത്തിൽ നമുക്ക് ചുറ്റും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നവരുണ്ടോ എന്ന് ശ്രദ്ധിക്കാൻ നമുക്ക് കഴിയണം. ഇതിൽ ജാതി-മത വേലിക്കെട്ടുകളൊന്നുമില്ല എന്ന് നാം അറിയണം.

നോമ്പ് പതിവാക്കൽ:

നോമ്പിന്റെ പ്രതിഫലം നാം ധാരാളം മനസ്സിലാക്കിയതാണ്, റമദ്വാനിൽ മാത്രമല്ല, അല്ലാത്തപ്പോഴും പഠിപ്പിക്കപ്പെട്ട നോമ്പുകൾ എടുക്കാൻ നമുക്ക് കഴിയണം.

രാതി നമസ്കാരം:

രാത്രി നമസ്കാരം ഒരു വിശ്വാസിയുടെ നല്ല ആയുധമാണ്. അവന് രണ്ട് ലോകത്തും വിജയം നേടാൻ അത് മുഖേന സാധിക്കും. രാത്രിയുടെ അന്ത്യയാമങ്ങളിൽ നമസ്കരിക്കുതാണ് കൂടുതൽ ഉത്തമം, എല്ലാവരും ഉറങ്ങുമ്പോൾ അല്ലാ ഹുവിന്റെ മുന്നിൽ വന്ന് പറയാനുള്ളത് പറയുമ്പോൾ അതിന് വലിയ പ്രാധാന്യം തന്നെയാണ്.

ഈ കാര്യങ്ങൾ ചെയ്യുന്നവർക്കാണ് സ്വർഗത്തിൽ ഒരുക്കി വെച്ചിട്ടുള്ള പ്രത്യേക ഭവനങ്ങൾ ലഭിക്കുന്നത്.

ശൈഖ് സ്വാലിഹ് അസ്സുഹൈമിക്ക് ശൈഖ് അല്‍ബാനിയോടൊപ്പം ഉണ്ടായ ഒരനുഭവം. – ത്വലബതുല്‍ ഇല്‍മ് അറിയേണ്ടത്.

ശൈഖ് സ്വാലിഹ് അസ്സുഹൈമിക്ക് ശൈഖ് അല്‍ബാനിയോടൊപ്പം ഉണ്ടായ ഒരനുഭവം. - ത്വലബതുല്‍ ഇല്‍മ് അറിയേണ്ടത്.

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ഹിജ്റ 5/1/1437 അഥവാ  [19/10/2015] ന് തിങ്കളാഴ്ച കുവൈറ്റിലെ സ്വാലിഹ് അല്‍ കന്‍ദരി പള്ളിയില്‍ നടക്കുന്ന ദൗറയില്‍, ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് റഹിമഹുല്ലയുടെ ‘ഉസ്വൂല്‍ വ ളവാബിത്വുത്തക്ഫീര്‍’ എന്ന കൃതി വിവരിക്കവെ, ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് ശൈഖ് അല്‍ബാനി റഹിമഹുല്ലയുമായി അദ്ദേഹത്തിന് ഉണ്ടായ ഒരനുഭവം പങ്കുവെക്കുകയുണ്ടായി: 

ശൈഖ് അല്‍ബാനി റഹിമഹുല്ല അമ്മാനിലെ ഇസ്‌ലാമിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ല അദ്ദേഹത്തെ സന്ദര്‍ശിച്ചു. ശൈഖ് അല്‍ബാനി അദ്ദേഹത്തെ ആരും അമിതമായി പുകഴ്ത്തരുത് എന്ന് അങ്ങേയറ്റം കണിശതയുള്ള ആളായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിക്കാന്‍ ആരെയും അനുവദിക്കാറുണ്ടായിരുന്നില്ല. (പൊതുവേ അറബികള്‍ മുതിര്‍ന്നവരോടുള്ള ബഹുമാന സൂചകം ചെയ്യുന്ന ഒരു കാര്യമാണത്). എന്നാല്‍ ഹോസ്പിറ്റലില്‍ കിടക്കുകയായതുകൊണ്ട്‌ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) അദ്ദേഹത്തോട് തമാശയായിപ്പറഞ്ഞു: സാധാരണ തലയില്‍ ചുംബിക്കാന്‍ നിങ്ങള്‍ അനുവദിക്കാറില്ല. എന്നാല്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ അനുവദിച്ചാലും ഇല്ലെങ്കിലും ഞാന്‍ ചുംബിക്കും. അപ്പോള്‍ ഇരുവരും ചിരിച്ചു.. ശേഷം കൂടെ വന്ന ആള്‍ ശൈഖ് സ്വാലിഹ് അസ്സുഹൈമിയെ അല്‍ബാനി (റ) ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ തുടങ്ങി.

അപ്പോള്‍ ശൈഖ് അല്‍ബാനി (റ) ചിരിച്ചുകൊണ്ട് പറഞ്ഞു: ഇദ്ദേഹത്തെയാണോ നിങ്ങള്‍ എനിക്ക് പരിചയപ്പെടുത്തുന്നത്. ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ടും, രണ്ടാം ജമാഅത്തിനെപ്പറ്റിയും  എന്നെ ഒരുപാട് ഖണ്ഡിച്ചിട്ടുള്ള ആളല്ലേ. 

(അഥവാ മുന്‍പോ ശേഷമോ നോമ്പ് നോല്‍ക്കുകയാണ് എങ്കില്‍ ശനിയാഴ്ച ദിവസം നോമ്പ് എടുക്കുന്നതില്‍ തെറ്റില്ല, അതുപോലെ പള്ളിയില്‍ വൈകി വരുന്നവര്‍ രണ്ടാം ജമാഅത്ത് നിര്‍വഹിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ശൈഖ് സ്വാലിഹ് അസ്സുഹൈമിയുടെ അഭിപ്രായം. എന്നാല്‍ ശൈഖ് അല്‍ബാനി അത് പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു).

അപ്പോള്‍ ശൈഖ് സ്വാലിഹ് അസ്സുഹൈമി അദ്ദേഹത്തോട് പറഞ്ഞു: യാ ശൈഖനാ,,, ഞാന്‍ ഇപ്പോഴും നേരത്തെ ഞാന്‍ പറഞ്ഞ നിലപാടില്‍ത്തന്നെയാണ്. അതിന് വിപരീതമായി യാതൊന്നും എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ താങ്കളെയോ താങ്കളല്ലാത്ത മറ്റുള്ളവരെയോ അന്തമായി അനുകരിക്കാതിരിക്കാന്‍ താങ്കള്‍ തന്നെയാണല്ലോ ഞങ്ങളെ പഠിപ്പിച്ചത്.

ഉടന്‍ ശൈഖ് അല്‍ബാനി (റ) ശൈഖ് സ്വാലിഹ് അസ്സുഹൈമിയുടെ കൈകളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു: “ഇങ്ങനെയാണ് ത്വലബതുല്‍ ഇല്‍മ് ആകേണ്ടത്”.

—————————————————-

ഈ അനുഭവം പറഞ്ഞ ശേഷം ശൈഖ് സ്വാലിഹ് അസ്സുഹൈമി പറഞ്ഞു: ശനിയാഴ്ച ദിവസം നോമ്പ് നോല്‍ക്കുന്നത് സംബന്ധമായി ഞാനും ശൈഖ് അബ്ദുല്‍മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലയും ശൈഖ് അല്‍ബാനി (റ) യുമായി ഒരുപാട് ഖണ്ഡിചിട്ടുണ്ട്. ഇപ്പോഴും ശനിയാഴ്ച ദിവസത്തെ ഒറ്റപ്പെടുത്താതെ അതിന്‍റെ മുന്‍പോ, ശേഷമോ ഒരു ദിവസം നോമ്പ് എടുക്കുകയാണ് എങ്കില്‍ അതില്‍ തെറ്റില്ല എന്ന അഭിപ്രായത്തില്‍ത്തന്നെയാണ് ഞാനുള്ളത്. ശൈഖ് അല്‍ബാനി അത് അനുവദനീയമായിക്കണ്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ ഇജ്തിഹാദിന് അദ്ദേഹത്തിന് പ്രതിഫലമുണ്ട്. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ.

——————————————————————-

ഇല്‍മിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഉലമാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന അദബും, വളരെ ആഴത്തില്‍ ഇല്‍മിയായ ചര്‍ച്ചകളും ഖണ്ഡനങ്ങളും നടത്തുമ്പോള്‍ പോലും അവര്‍ കാത്തുസൂക്ഷിച്ചിരുന്ന സഹിഷ്ണുതയും മനസ്സിലാക്കാനാണ് ഈ സംഭവം ഇവിടെ കുറിച്ചത്. എന്നാല്‍ ഉലമാക്കളില്‍ നിന്ന് ഇല്‍മ് സ്വീകരിച്ചിട്ടില്ലാത്ത, അവരുടെ രീതി മനസ്സിലാക്കിയിട്ടില്ലാത്ത ചില ആളുകളെ നമുക്ക് കാണാം. ഇല്‍മിയായ എതെങ്കിലും ഒരു വിഷയത്തില്‍ താന്‍ പറഞ്ഞ, അതല്ലെങ്കില്‍ താന്‍ മനസ്സിലാക്കിയ കാര്യത്തിന് വിഭിന്നമായി ആരെങ്കിലും സംസാരിച്ചാല്‍, തത് വിഷയത്തില്‍ ഉലമാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ, എന്തൊക്കെ അഭിപ്രായങ്ങളാണ് അതുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് ഉള്ളത്, ഓരോരുത്തരുടെയും തെളിവുകള്‍ എന്ത്, തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ പരിഗണിക്കാതെ .. തന്‍റെ വാദങ്ങള്‍ അനുകൂലിക്കാത്തവരെയെല്ലാം, സ്വാഹിബുല്‍ ഹവയായും, മുബ്തദിആയും മുദ്രകുത്തുന്ന ചില ആളുകളെ നമുക്ക് കാണാം. ഉലമാക്കളുമായി ഇടപഴകുകയോ, അവരുടെ അദബ് നേരിട്ട് മനസ്സിലാക്കുകയോ ചെയ്യാതെ, തനിക്ക് ആവശ്യമുള്ളതും താല്‍പര്യമുള്ളതും മാത്രം തേടിപ്പിടിച്ച് പഠിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പണ്ഡിതന്മാര്‍ വളരെ ശക്തമായ രൂപത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തിക്കൊണ്ട്‌ പരസ്പരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍പോലും പരസ്പരമുള്ള സഹിഷ്ണുതയും ആദരവും കാത്ത് സൂക്ഷിച്ചിരുന്നു.

ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല പറഞ്ഞത് പോലെ : “ചെറിയ ത്വലബതുല്‍ ഇല്‍മ് വലിയ പാണ്ഡിത്യമുള്ള പണ്ഡിതന്മാരെക്കുറിച്ച് വരെ മോശമായി സംസാരിക്കുന്നത് ഈ കാലഘട്ടത്തിലെ ഫസാദില്‍പ്പെട്ടതാണ്.”

ഒരുവേള യാതൊരു ഇല്‍മുമില്ലാത്ത ചില ആളുകളും, അഹലുസ്സുന്നയില്‍പ്പെട്ട  ഉലമാക്കളെക്കുറിച്ചും, ത്വലബതുല്‍ ഇല്‍മിനെക്കുറിച്ചും വളരെ നിസാരമായി, മുബ്തദിഅ് എന്നും, സ്വാഹിബുല്‍ ഹവ എന്നുമൊക്കെ പറയുന്നത് വളരെ പ്രകടമായി ഇന്ന് കാണാന്‍ സാധിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ഇത്തരക്കാര്‍ മറ്റുള്ളവരെ വിചാരണ ചെയ്യുന്നത് പോലെ അല്ലാഹു പരലോകത്ത് അവരെയും വിചാരണ ചെയ്യാതിരിക്കട്ടെ …

തങ്ങള്‍ മുബ്തദിഅ് എന്ന് പറയുന്ന ഒരാളെ മറ്റൊരാള്‍ മുബ്തദിഅ് ആക്കിയിട്ടില്ലെങ്കില്‍, ആ ആളും മുബ്തദിഅ് ആകും എന്നതാണ് ഇവരുടെ തത്വം. അത് സംബന്ധമായി ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് അദ്ദേഹത്തിന്‍റെ ദര്‍സില്‍ പറഞ്ഞത്: “മുബ്തദിഇനെ മുബ്തദിആയിക്കാണാത്തവനും മുബ്തദിആണ്. കാഫിറിനെ കാഫിറായിക്കാണാത്തവനും കാഫിറാണ്. ഈ രണ്ട് തത്വങ്ങളും ശരി തന്നെ. പക്ഷെ അത് പ്രയോഗവല്‍ക്കരിക്കുന്നിടത്താണ് പിഴവ്. ഖവാരിജുകള്‍  മുസ്‌ലിമീങ്ങളില്‍പ്പെട്ടവരെ കാഫിറാക്കുന്നു. എന്നിട്ട് അവര്‍ കാഫിറാക്കിയവരെ കാഫിറാക്കാത്ത ആളുകളെയും കാഫിറായിക്കാണുന്നു. അതുപോലെ മറ്റുചിലര്‍ അഹലുസ്സുന്നയിത്തന്നെ പെടുന്ന അവരുടെ സഹോദരങ്ങളെ മുബ്തദിആക്കുന്നു. അവര്‍ മുബ്തദിആക്കിയവരെ മറ്റുള്ളവര്‍ മുബ്തദിഅ് ആക്കിയില്ലെങ്കില്‍ അവരെയും മുബ്തദിഅ് ആക്കുന്നു.”

ഇവിടെയാണ്‌ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ്   റഹിമഹുല്ലയുടെ അധ്യാപനം പ്രസക്തമാകുന്നത്. തക്ഫീറുമായി ബന്ധപ്പെട്ട്  ‘കാഫിറാണ് എന്ന് അഹ്ലുസ്സുന്നക്കിടയില്‍ ഇജ്മാഅ് ഉള്ളവരെയല്ലാതെ അദ്ദേഹം തക്ഫീര്‍ ചെയ്യാറുണ്ടായിരുന്നില്ല’. എന്ന് അദ്ദേഹത്തിന്‍റെ മന്‍ഹജിനെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരമകന്‍ അബ്ദുല്ലത്തീഫ് ആലു ശൈഖ് റഹിമഹുല്ല ‘ഉസ്വൂല്‍ വ ളവാബിത്വുത്തക്ഫീര്‍’ എന്ന ലഘു കൃതിയില്‍ പറയുന്നതായിക്കാണാം. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിന്‍റെ ആളുകളായി ചമയുകയും തക്ഫീര്‍ ചെയ്യുന്നതില്‍ അതിര് കവിയുകയും ചെയ്ത ആളുകള്‍ക്ക് മറുപടിയായാണ്‌ അദ്ദേഹം അത് രേഖപ്പെടുത്തിയത്.

ഒരാളെ വ്യക്തിപരമായി മുബ്തദിഅ്, സ്വാഹിബുല്‍ഹവ എന്നെല്ലാം വിശേഷിപ്പിക്കല്‍ അതിഗൗരവമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഒരാളെക്കുറിച്ച്  വ്യക്തിപരയമായി അയാള്‍ മുബ്തദിആണ് എന്ന് പറയാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല. അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇന്നയാള്‍ മുബ്തദിആണ് എന്ന് പറയാന്‍ ഒരാളെ നിര്‍ബന്ധിക്കുകയും, ശേഷം  അപ്രകാരം പറയാത്തവരോ, അതല്ലെങ്കില്‍ തത് വിഷയത്തില്‍ മൗനം പാലിക്കുന്നവരോ ആയ ആളുകള്‍, അവര്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവര്‍ ആണെങ്കില്‍പ്പോലും അവരെ മുബ്തദിഉകളും, സ്വാഹിബുല്‍ഹവയുമായി മുദ്രകുത്തുകയും ചെയ്യുന്ന വാദം ഏറെ അപകടകരമാണ്.

ഒരാളെ സംബന്ധിച്ച് കൃത്യമായി ബോധ്യമുള്ളവരും അപ്രകാരം പറയാന്‍ യോഗ്യതയുള്ളവരും അയാളെക്കുറിച്ച് പറഞ്ഞുകൊള്ളട്ടെ. അല്ലാത്തവര്‍ അപ്രകാരം പറയണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. അത് ആളുകളെ അവരുടെ മേല്‍ നിര്‍ബന്ധമല്ലാത്ത കാര്യം നിര്‍ബന്ധിക്കലാണ്. അതിലും വലിയ അത്ഭുതം തങ്ങള്‍ അനുകൂലിക്കുകയും ഉദ്ദരിക്കുകയും ചെയ്യുന്ന ആളുകളെക്കുറിച്ച് പണ്ഡിതന്മാരുടെ പക്കല്‍ നിന്ന് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് മൂടിവെക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്നവര്‍, തങ്ങള്‍ വിയോജിക്കുന്നവരുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതേറ്റുപിടിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇത് ഹിസ്‌ബിയത്ത് അഥവാ കക്ഷിത്വം കൊണ്ട് ഉണ്ടാകുന്നതാണ്. 

ഉലമാക്കള്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ വാദങ്ങളെ മാത്രം നിരത്തുകയും, മറ്റു അഭിപ്രായങ്ങളെ മറച്ചുവെക്കുകയും തങ്ങളുടെ വാദമല്ലാത്ത വാദമുള്ളവരെല്ലാം പിഴച്ചവരാണെന്ന് വിലയിരുത്തുകയും ചെയ്യുന്നതും അതിന്‍റെ ഭാഗം തന്നെ. ഇല്‍മിയായ ചര്‍ച്ച നടത്തുമ്പോള്‍ തത് വിഷയത്തില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ഥ നിലപാടുകള്‍ വ്യക്തമാക്കുകയും, അതില്‍ തന്‍റെ അഭിപ്രായം തെളിവ് സഹിതം വ്യക്തമാക്കുകയും ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ ഉലമാക്കള്‍ സ്വീകരിച്ച് പോരുന്ന രീതി.

രണ്ട് ദിവസം മുന്‍പ് ബുലൂഗുല്‍ മറാം ശറഹ് ചെയ്യുന്ന ക്ലാസില്‍  ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് മറ്റൊരു അനുഭവം പറയുകയുണ്ടായി. മൂന്ന്‍ മണിക്കൂര്‍ സമയം എന്‍റെ വീട്ടില്‍ ഞാന്‍ ചിലവഴിച്ച ഒരു സംഭവം വളരെ ചുരുക്കിയാണ് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ശൈഖിത് പങ്കുവച്ചത്:

എന്‍റെ വീട്ടില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബം വന്നു. ഒരാളും അയാളുടെ ഭാര്യയും, മൂത്തമകളും, ഇളയ മകളുമാണ് വന്നത്. ഭാര്യക്കും കുട്ടികള്‍ക്കും അറബി അറിയുമായിരുന്നില്ല. അതുകൊണ്ട്  ജാമിഅ ഇസ്‌ലാമിയ്യയില്‍ നിന്നുള്ള ഒരു വിവര്‍ത്തകനുമുണ്ടായിരുന്നു. ഭാര്യയും അയാളും തമ്മില്‍ മൂന്ന്‍ വര്‍ഷമായി ഭാര്യാ-ഭര്‍തൃ ബന്ധമില്ല. ഒരേ വീട്ടില്‍ത്തന്നെയാണ് താമസം. മൂത്തമകളും ഭാര്യയും അയാളെ മുബ്തദിആയി കാണുന്നു എന്നതിനാല്‍, മൂത്ത മകളുടെ നിര്‍ദേശപ്രകാരം ഉമ്മ ഉപ്പയുമായുള്ള ബന്ധം വിഛേദിച്ചതാണ്. മൂത്ത മകളുടെ ഭര്‍ത്താവ് ഒരു ശൈഖിനെപ്പറ്റി (ശൈഖ് സ്വാലിഹ് അസ്സുഹൈമി ഞങ്ങളോട്  അത് ഏത് ശൈഖാണ് എന്ന് പേര് പറഞ്ഞിട്ടില്ല. നമ്മുടെ ഇടയിലെ എല്ലാവര്‍ക്കും അറിയുന്ന നമ്മുടെ ഒരു സഹോദരന്‍ എന്ന് മാത്രമാണ് പറഞ്ഞത്). മൂത്ത മകളുടെ ഭര്‍ത്താവ് ഒരു ശൈഖിനെപ്പറ്റി അയാള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞു. അയാള്‍ മുബ്തദിആണ് എന്ന് ആ പിതാവ് പറയാത്തതുകൊണ്ട് അയാളും മുബ്തദിആണ് എന്ന് അയാള്‍ ആ മകളെ പറഞ്ഞ് ധരിപ്പിച്ചു. മകള്‍ ആ കാര്യം പറഞ്ഞ് സ്വന്തം പിതാവ് മുബ്തദിആണ് എന്ന് ഉമ്മയെ അതായത് അയാളുടെ ഭാര്യയെ ധരിപ്പിച്ചു. അവര്‍ തമ്മില്‍ ബന്ധം മുറിയാനിരിക്കുമ്പോള്‍ ചെറിയ മകളുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ത്വലാഖ് ചെയ്യാതിരുന്നത്. ത്വലാഖ് ചെയ്യാതെ ക്ഷമിക്കുക. നമുക്ക് ഉലമാക്കളുടെ അടുത്ത് പോകാം എന്ന് ആ ഇളയ മകളാണ് അയാളോട്  പറഞ്ഞത് . അവള്‍ കുറച്ച് അവധാനത ഉള്ളവളാണ്. ഉമ്മയും മൂത്തമകളും ഭര്‍ത്താവും അതിവേഗം തബ്ദീഅ് ചെയ്യുന്ന കൂട്ടരാണ്. ഏതായാലും… മദീനയിലേക്ക് വന്നപ്പോള്‍ പോലും മൂത്തമകളും ഉമ്മയും ഒരു മുറിയിലും പിതാവ് വേറെ മുറിയിലും ആയാണ്  ഹോട്ടലില്‍ താമസിച്ചത്. അത്രമാത്രം അവര്‍ അകന്നിരുന്നു.  ഈ ഫിത്‌ന കാരണം അനറബികളായ ആ കുടുംബത്തില്‍ പോലും ഉണ്ടായ ചിദ്രത നിങ്ങള്‍ നോക്കണം. ഞാന്‍ അവരോട് ഒരുപാട് സംസാരിച്ചു. ഒരാളെ മുബ്തദിഅ് എന്ന് പറയുന്നതിന്‍റെ ഗൗരവത്തെപ്പറ്റിയും അതിന്‍റെ നിബന്ധനകളെപ്പറ്റിയും എല്ലാം ഞാന്‍ അവരോട് സംസാരിച്ചു. ഒടുവില്‍ അല്‍ഹംദുലില്ലാഹ് അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി… അല്ലാഹു എനിക്ക് പൊറുത്ത് തരട്ടെ .. അവരോടുള്ള സംസാരം കാരണം മഗ്’രിബ് നമസ്കാരം പോലും ഞങ്ങള്‍ അന്ന് വീട്ടില്‍ വെച്ചാണ് നിര്‍വഹിച്ചത്.. ശേഷം ഇനി കൂടുതല്‍ അത് സംബന്ധമായി അവര്‍ മനസ്സിലാക്കാന്‍ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദിന്‍റെ അടുക്കലേക്കും, ശൈഖ് റബീഇന്‍റെ അടുക്കലേക്കും (ഹഫിദഹുമുല്ലാഹ്) പോകാന്‍ ഞാന്‍ അവരോടു ആവശ്യപ്പെട്ടു… പക്ഷെ അവര്‍ പറഞ്ഞു മതി. നിങ്ങള്‍ സംസാരിച്ചത് തന്നെ ധാരാളമാണ്.  അല്‍ഹംദുലില്ലാഹ് പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി ഒരുമയോടെയാണ് അവര്‍ പോയത്. അല്ലാഹു ആ ഇളയ കുട്ടിക്ക് പ്രതിഫലം നല്‍കട്ടെ.. മൂത്തമകളുടെ ഭര്‍ത്താവുമായി വിഷയങ്ങള്‍ സംസാരിക്കാന്‍ അവരോട് പറഞ്ഞു. ഏതായാലും ഇത്തരം ഫിത്‌നകള്‍ കാരണം എങ്ങനെയാണ് കുടുംബ ബന്ധങ്ങള്‍ പോലും തകരുന്നത് എന്ന് നോക്കുക … ( അദ്ദേഹം പറഞ്ഞതിന്‍റെ ആശയവിവര്‍ത്തനം ആണിത്. ശേഷം ശൈഖ് അഹ്ലുസ്സുന്ന പരസ്പരം ഒത്തൊരുമയോടെ കഴിയേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലഘുകൃതിയെക്കുറിച്ച് സൂചിപ്പിച്ചു, ഇന്‍ ഷാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്‌താല്‍ അത് വിവര്‍ത്തനം ചെയ്യുന്നതാണ്. ആ കൃതി എഴുതിയതിനാല്‍ എന്‍റെ ചില സഹോദരങ്ങള്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും, അത് ഞാന്‍ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുന്നു എന്നും.. അതിനാല്‍ത്തന്നെ എന്‍റെ മേല്‍ അവര്‍ സംസാരിച്ചു എന്ന കാരണത്താല്‍ ആരും അവര്‍ക്കെതിരില്‍ സംസാരിക്കരുത് എന്നും ശൈഖ് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ ദൗറയില്‍ ഉടനീളം തക്ഫീറിന്‍റെയും തബ്ദീഇന്‍റെയും ഭവിഷത്തുകളെ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ).

മനുഷ്യാ നീ ചിന്തിച്ചിട്ടുണ്ടോ ?!, നാളെ നിന്‍റെ രക്ഷിതാവിന്‍റെ മുന്നില്‍ നീ ഉരുവിടുന്ന ഓരോ വാക്കിനും മറുപടി നല്‍കേണ്ടവനാണ് നീയെന്ന് ?!. 

 മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍(ﷺ) പറയുകയുണ്ടായി:

 قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا 

لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

  “എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍(ﷺ) തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍(ﷺ) പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!.” – [തിര്‍മിദി]. 

അതിനാലാണ് ഒരു അറബി കവി പാടിയത് :

احذر لسانك أيها الإنسان …… لا يلدغنك إنه ثعبان 

فكم في المقابر من قتيل لسانه ….. كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക… 

അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം…

ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്… 

 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു…

അല്ലാഹു നമുക്ക് അറിവും അദബും വര്‍ദ്ധിപ്പിച് തരുമാറാകട്ടെ. ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും  അനുസരിച്ച് ജീവിക്കുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും ഒരു ചെറിയ അഭിപ്രായവിത്യാസമുണ്ടാകുമ്പോഴേക്ക്  പിഴച്ചവരായും, സ്വാഹിബുല്‍ ഹവയായുമൊക്കെ മുദ്രകുത്തുന്ന സഹോദരങ്ങള്‍ക്ക് അല്ലാഹു സല്‍ബുദ്ധി നല്‍കട്ടെ … ഞാന്‍ നേരത്തെ പറഞ്ഞപോലെ അവര്‍ മറ്റുള്ളവരെ വിചാരണ ചെയ്യുന്ന അതേ രൂപത്തില്‍ അല്ലാഹു അവരെയും വിചാരണ ചെയ്യാതിരിക്കട്ടെ… ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ആളുകളെ അല്ലാഹു പരസ്പരം യോജിപ്പിക്കുകയും അവര്‍ക്കിടയിലുള്ള വിഭാഗീയതകള്‍ അകറ്റുകയും ചെയ്യട്ടെ…. നമ്മുടെ തെറ്റുകുറ്റങ്ങള്‍ അല്ലാഹു വിട്ടുപൊറുത്ത് മാപ്പാക്കിത്തരുമാറാകട്ടെ…

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

“ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം” – എന്റെ അന്തനായ കൂട്ടുകാരന്‍ റാഷിദ്

"ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം" - എന്റെ അന്തനായ കൂട്ടുകാരന്‍ റാഷിദ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് എന്നെ ഏറെ ചിന്തിപ്പിച്ച ഒരു സംഭവം നിങ്ങള്‍ കൂടി അറിയട്ടെ എന്ന് കരുതി… രണ്ടു മൂന്ന്‍ ദിവസമായി എഴുതണം എന്നുണ്ടായിരുന്നു.. പക്ഷെ കഴിഞ്ഞില്ല .. ഇപ്പൊ കുറച്ച് ദിവസത്തേക്ക് കോളേജ് ഒക്കെ അടച്ചതുകൊണ്ട് സ്വസ്ഥമായി എഴുതാം …

കൃത്യമായ തിയ്യതി ഒന്നും ഓര്‍മയില്ല. ഇനിയിപ്പോ നിങ്ങള്‍ക്കിതത്ര പ്രാധാന്യമുള്ളതായി തോന്നുമോ എന്തോ !!. എങ്കിലും ഞാന്‍ പറയാം..

   സാധാരണ സുബഹി നമസ്കാരം കഴിഞ്ഞാല്‍ ഒന്നുകൂടി കിടക്കും.. പതിവുപോലെ വൈകി എഴുന്നേറ്റ് കോളേജിലേക്ക് ഓടും.. അന്നും പതിവ് തെറ്റിച്ചില്ല. ഒന്‍പത് മണിക്ക് തുടങ്ങുന്ന ക്ലാസിനു 8:40നാണ് ഹോസ്റ്റലില്‍ നിന്നും പുറപ്പെടുന്നത്.. യുനിവേര്‍സിറ്റി ബസില്‍ കയറി രാവിലത്തെ ട്രാഫിക്കില്‍ 15 –20 മിനുട്ട് ഇരുന്നു വേണം കോളേജില്‍ എത്താന്‍.. എത്തുമ്പോള്‍ കൃത്യ സമയമായിരിക്കും. ഈ സെമസ്റ്ററില്‍ ആദ്യത്തെ വിഷയം ആര്‍ട്സ് കോളേജില്‍ കുവൈറ്റ്‌ ഹിസ്റ്ററി ആണ്.. 50 മിനുട്ട് ആണ് ഒരു ക്ലാസിന്റെ സമയം. അന്ന് ഡോ: അബ്ദുല്‍ മാലിക് അല്‍ തമീമി ഞങ്ങളെ അല്പം നേരത്തെ വിട്ടു. രണ്ടാമത്തെ വിഷയം ശരീഅ കോളേജിലാണ്. തജ്’വീദ്-ഭാഗം4  ആണ് വിഷയം.  ശരീഅ കോളേജിലേക്ക് ആര്‍ട്സ് കോളേജില്‍ നിന്നും 5 മിനുട്ട് നടക്കണം. സാധാരണ ആടിപ്പാടി നടന്നു രണ്ടാമത്തെ വിഷയത്തിനു ക്ലാസില്‍ എത്തുമ്പോഴേക്കും കറക്റ്റ് സമയമായിരിക്കും. അന്ന് കുറച്ച് വേഗത്തില്‍ നടന്നതുകൊണ്ടാവാം അല്പം നേരത്തെ ക്ലാസില്‍ എത്തി. ഒന്ന് രണ്ട് സഹപാഠികളും നേരത്തെ എത്തിയിരുന്നു. ഇത്രയും നേരം നിങ്ങളെ അതും ഇതും പറഞ്ഞു ബോറടിപ്പിചില്ലേ .. ഇനിയാണ് സംഭവം ..

    തജ്‘വീദ് വിഷയത്തില്‍ എന്റെ കൂടെ റാഷിദ് എന്ന ഒരു കൂട്ടുകാരനുണ്ട്. കണ്ണ് കാണാത്തതിനാല്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ ആണ് അവനെ ക്ലാസില്‍ കൊണ്ട് വിടാറ്. അന്നും നേരത്തെ തന്നെ ഡ്രൈവര്‍ അവനെ ക്ലാസിലെ ഫസ്റ്റ് ലൈനില്‍ കൊണ്ടുപോയി ഇരുത്തിയിരുന്നു. സാധാരണ ക്ലാസില്‍ നേരത്തെ എത്തുന്നവര്‍ വല്ലതും വായിക്കാനുണ്ടെങ്കില്‍ അതും വായിച്ചിരിക്കും. ബാക്കിയുള്ളവര്‍ നാട്ടുവര്‍ത്തമാനം പറയും. കൂടുതലായും വല്ല മതവിഷയത്തെക്കുറിച്ചോ,  കുവൈറ്റിലെ രാഷ്ട്രീയത്തെക്കുറിച്ചോ ഒക്കെ ആയിരിക്കും ചര്‍ച്ച. ഒരു പണിയും ഇല്ലാത്തവര്‍ വെറുതെ മൊബൈലില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാവും… ആ വിഷയത്തിന്റെ പിരീഡില്‍ ഞാന്‍ ഒരാള്‍ മാത്രമേ അന്യ രാജ്യക്കാരനുള്ളൂ .. മറ്റെല്ലാവരും കുവൈറ്റികളാണ്. പക്ഷെ അത്തരത്തിലുള്ള ഒരു വിവേജനമോന്നും എനിക്ക് അനുഭവപ്പെടാറില്ല.. പതിവുപോലെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. തജ്‘വീദ്4 എടുക്കുന്ന  ഡോ: അബ്ദുല്ലാഹ് അല്‍ അബ്ബാസ് എത്താന്‍ അല്പം വൈകുക കൂടി ചെയ്തപ്പോള്‍ സംസാരം കുറച്ച് നീണ്ടു പോയി.

സംസാരത്തിനിടക്ക് കാര്യമായും സംസാരിച്ചിരുന്നത് റാഷിദ് ആണ്. ഞങ്ങളൊക്കെ ഇരിക്കുന്നത് എവിടെയാണ് എന്ന് കൃത്യമായി കാണാന്‍ കഴിയാത്തത് കൊണ്ടാവണം അല്പം ഉറക്കെ സംസാരിക്കുന്ന പ്രകൃതമാണ് അവന്റേത്‌. മാത്രമല്ല കൊച്ചുകുട്ടികളെപ്പോലെ വളരെ നിഷ്കളങ്കമായുള്ള അവന്റെ സംസാരം എല്ലാവര്ക്കും വലിയ ഇഷ്ടവുമാണ്. കൂട്ട സംസാരത്തിനിടക്ക് അല്പം ഉറക്കെ റാഷിദ് ചോദിച്ചു. (എല്ലാവരുടെ ശ്രദ്ധയും അവനിലേക്കായി) : ‘ബാപ്പക്കും മോനും ഇടയില്‍ 53 വയസ് പ്രായ വിത്യാസമുള്ള ആരെങ്കിലും ഇവിടെയുണ്ടോ ?!.. ആരുമില്ലായിരുന്നു .. അവന്‍ തുടര്‍ന്നു: എന്റെയും എന്റെ ബാപ്പന്റെയും ഇടയില്‍ 53 വയസ് പ്രായ വിത്യാസമുണ്ട്…. എന്നോട് ബാപ്പാക്ക് ഭയങ്കര ഇഷ്ടായിരുന്നു…. എനിക്ക് കാഴ്ചയില്ലാത്തത് കാരണം ബാപ്പ അങ്ങേയറ്റം ബുദ്ധിമുട്ടിയിട്ടുണ്ട്….. രണ്ടായിരത്തി ആറിലാണ് ബാപ്പ മരിച്ചത്….. –ഇടക്കിടക്ക് അവന്‍ ബാപ്പക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു-  …എപ്പോഴും എന്നോട് ഖുര്‍ആന്‍ ഓതി പഠിക്കാന്‍ പറയാറുണ്ടായിരുന്നു ബാപ്പ….. ഇനി എനിക്ക് മരിക്കുന്നതിനു മുന്പ് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ… ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിച്ചു കൊടുക്കണം…. ഞാന്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയാല്‍ ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം കിട്ടുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ലേ…!!! ഇപ്പൊ ഏതാണ്ട് 17 ജുസ്അ് പഠിച്ചു…. ഇനി കുറച്ച് കൂടി പഠിച്ചാല്‍ മതി ബാപ്പക്ക് കിരീടം കിട്ടാന്‍…. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം…..

 വായ്‌ തോരാതെയുള്ള അവടെ സംസാരം കേട്ട് ക്ലാസില്‍ എല്ലാവരും അത്ഭുതത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു പേര്‍ ഉച്ചത്തില്‍ അവനു വേണ്ടി പ്രാര്‍ഥിച്ചു. ‘എത്ര നന്മ നിറഞ്ഞ ഒരു മകനാണ് ആ ബാപ്പ ജന്മം നല്‍കിയത്’ ഇതായിരുന്നു ഒരു കൂട്ടുകാരന്റെ പ്രതികരണം…  

എന്താണെന്നറിയില്ല ആ സംഭവം വല്ലാതെ മനസ്സില്‍ തട്ടി… കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നമ്മളെപ്പോലെ ഹൃദയത്തിന്റെ കാഴ്ച നഷ്ടപ്പെട്ടവനല്ല റാഷിദ് എന്ന് അന്നു മനസിലായി.. ഒപ്പം ബാപ്പക്ക് സ്വര്‍ഗത്തില്‍ കിരീടം വാങ്ങിക്കൊടുക്കാനുള്ള അതിയായ ആഗ്രഹത്തോടെ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുന്ന ഒരു മകനെ കണ്ട അനുഭൂതിയും…. ഇരു കണ്ണുകളുമുണ്ടായിട്ടും നമ്മളൊക്കെ …………. അല്ലാഹുവേ നീ പൊറുക്കണേ …  

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം …

മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം ...

കേരളത്തിലെ ജനങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടത് പൊതു പ്രസംഗങ്ങളിലൂടെയും ഘണ്ടനമണ്ടനങ്ങളിലൂടെയും മാത്രമല്ല മതം പഠിക്കേണ്ടത്.. മറിച്ച് പൂര്‍വികരായ അഹലുസ്സുന്നയുടെ ഇമാമീങ്ങള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നിന്നും, അഹലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമാണ്… മതബോധമുള്ളവര്‍ എന്ന് നാം കരുതുന്ന അറബിക് കോളേജ് വിദ്യാര്‍ത്തികളില്‍ പോലും പലരും കിതാബുകള്‍ മറിച്ചു നോക്കാറുള്ളത് തര്‍ക്കിക്കാനും തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവ് കണ്ടെത്താനും വേണ്ടിയാണ് എന്നത് സങ്കടകരമാണ്. കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി വിഷയങ്ങള്‍ പഠിക്കുന്നവര്‍ ഇല്ലെന്നല്ല . പക്ഷെ താരതമ്യേന കുറവാണ് … പലപ്പോഴും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അറിവ് പോലുമില്ലാതെയാണ് നമ്മള്‍ പലരും തര്‍ക്കിക്കാനും, തര്‍ക്കങ്ങള്‍ വിലയിരുത്താനും മുതിരാറുള്ളത്…..

ഉസൂലുസ്സുന്ന – ഇമാം അഹ്മദ്… (മരണം: ഹിജ്റ 241)

കിത്താബുസ്സുന്ന – ഇമാം മിര്‍വസി (മരണം: ഹിജ്റ 294)

കിതാബ് അത്തൗഹീദ് – ഇമാം ഇബ്നു ഖുസൈമ (മരണം: ഹിജ്റ 311)

ശറഹുസ്സുന്ന – ഇമാം ബര്‍ബഹാരി (മരണം: ഹിജ്റ 329 )

കിതാബ് അശരീഅ – ഇമാം ആജുരരി (മരണം: ഹിജ്റ 360 )

ശറഹു ഉസൂല് ഇഅത്തിഖാദു അഹ്ലുസ്സുന്ന – ഇമാം ലാലിക്കാഇ (മരണം: ഹിജ്റ 418 )

ഇങ്ങനെ അഹലുസ്സുന്നയുടെ വിശ്വാസം കൃത്യമായി വിവരിക്കുന്ന ഉത്തമ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട എത്രയെത്ര ഗ്രന്ഥങ്ങള്‍…… ഇവയൊക്കെ നമ്മളില്‍ എത്ര പേര്‍ വായിച്ചു ?! …. ഇനിയെങ്കിലും പഠിക്കുക… മനസ്സിലാക്കുക … ഫിത്നകളില്‍ പെട്ട് പോകാതിരിക്കാന്‍….

ജനങ്ങള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കാന്‍ സഹായകമാകുന്ന പോതുപ്രഭാഷണങ്ങളെ അധിക്ഷേപിക്കുകയല്ല ,, പ്രവാചകന്‍ അങ്ങാടികളില്‍ പൊതു സദസ്സില്‍ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചതായി പ്രമാണങ്ങളില്‍ കാണാം.  അവ അനിവാര്യമാണ് .. പക്ഷെ അത് മാത്രമാണ് ഇസ്ലാമിക പ്രബോധനമെന്നും ,, അതാണ്‌ അറിവ് തേടാനുള്ള ഏക മാര്‍ഗമെന്നുമുള്ള മനോഭാവമാണ് പ്രശ്നം ..പൊതു പ്രസംഗങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സത്യം മനസ്സിലാക്കി വരുന്ന ആളുകള്‍ക്ക് ദീന്‍ കൂടുതല്‍ മനസ്സിലാക്കാനും ആധികാരികമായി പഠിക്കാനും ഉള്ള ഇല്‍മിയായ വേദികള്‍ കൂടി അനിവാര്യമാണ്.

ഇമാം മാലിക് റഹിമഹുല്ലാഹ്  പറഞ്ഞത് പോലെ : ” ഈ സമുദായത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം കൊണ്ടാണോ നന്നായത് അതുമുഖേനയല്ലാതെ ഈ സമുദായത്തിലെ പിന്’തലമുറക്കാരും നന്നാവുകയില്ല “

ഞാന്‍ പറഞ്ഞത് ഒരുപക്ഷെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാവാം , ഒരു പക്ഷെ എതിര്‍ക്കുന്നുണ്ടാവാം .. ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാന്‍ ഉദേശിച്ചത് എന്ത് എന്ന് മനസ്സിലായില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക

 അല്ലാഹു അനുഗ്രഹിക്കട്ടെ !…

————————————————————

 മതത്തെ അറിയാനും പഠിക്കാനുംപ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നതിന് പകരം, അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, ഉപകരിക്കാത്ത ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സമയം കളയുന്നവരോട് ഒരു നസ്വീഹത്ത് എന്ന നിലക്ക് മാത്രമാണ് ഇതെഴുതിയത്. എന്നാല്‍ അറിവ് നേടുന്നതിന്റെ മുന്‍ഗണനാ ക്രമം വിശദീകരിക്കുക എന്ന് ഉദ്ദേശിച്ചിരുന്നില്ല. പഴാക്കിക്കളയുന്ന ആ സമയം അനിവാര്യമായ വിശ്വാസകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ചുകൂടേ എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.

ഈ ലേഖനത്തെ ആസ്പദമാക്കി ഒരു ബഹുമാന്യ സഹോദരന്‍ എഴുതിയ കമന്‍റ് ഇവിടെ നല്‍കുന്നു. ലേഖനത്തിലെ പോരായ്മകള്‍ക്ക് മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് അതുപകരിക്കും:

” മുകളില്‍ പറഞ്ഞ കിതാബുകള്‍ പഠിക്കേണ്ടത് തന്നെ.. എന്നാല്‍ അതിനെക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് ഖുര്‍ആന്‍ പഠനത്തിനായിരിക്കണം.. 

ഇമാം ഇബ്നു മസൂദ് പറഞ്ഞു: 

( إذا أردتم العلم فانثروا القرآن فإن فيه علم الأولين والآخرين ) 

ഇമാം ഹസന്‍ പറഞ്ഞു : 

” إن من كان قبلكم رأوا القرآن رسائل من ربهم فكانوا يتدبرونها بالليل ويتفقدونها في النهار ” 

ഇമാം ഇബ്നു ഉമര്‍ പറഞ്ഞു :

 ( لقد عشنا دهرا طويلا وأحدنا يؤتى الإيمان قبل القرآن فتنزل السورة على محمد صلى الله عليه وسلم فيتعلم حلالها وحرامها وآمرها وزاجرها ، وما ينبغي أن يقف عنده منها ، ثم لقد رأيت رجالا يؤتى أحدهم القرآن قبل الإيمان ، فيقرأ ما بين الفاتحة إلى خاتمته لا يدري ما آمره ولا زاجره وما ينبغي أن يقف عنده منه ، ينثره نثر الدقل !! ) 

ഇമാം ഇബ്നു അബ്ബാസ് പറഞ്ഞു: 

” لو ضاع مني عقال بعير لوجدته في كتاب الله “

അദ്ദേഹം പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു … جزاه الله خيرا

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

അറിവും അദബും

അറിവും അദബും

عن أبي زكريا العنبري -رحمه الله – أنه كان يقول : “علم بلا أدب كنار بلا حطب، وأدب بلا علم كروح بلا جسم”. رواه الخطيب البغدادي في[الجامع لأخلاق الراوي وآداب السامع]

അബൂ സക്കരിയ അല്‍ അന്‍ബരി റഹിമഹുല്ലാഹ് ഇപ്രകാരം പറയാറുണ്ടായിരുന്നു : ” അദബില്ലാത്തവന്റെ അറിവ് വിറകില്ലാത്ത തീ പോലെയാണ്. അറിവില്ലാത്തവന്റെ അദബാകട്ടെ ആത്മാവില്ലാത്ത ശരീരം പോലെയുമാണ്‌” – ഖതീബ് അല്‍ ബഗ്ദാദി(റ) ഉദ്ധരിച്ചത്

ആവശ്യത്തിനു വിറകില്ലാത്ത തീയിനു ശോഭയുണ്ടാകില്ല .. അതിന്‍റെ ഉപകാരവും ആകര്‍ഷണവും നന്നേ കുറവുമായിരിക്കും എന്നതുപോലെ സ്വഭാവ മര്യാദയില്ലാത്തവന്‍ എത്ര അറിവുള്ളവനാണെങ്കിലും അവന്‍റെ അറിവിനു ശോഭയുണ്ടാകില്ല. ഉപകാരവും ആകര്‍ഷണവും കുറയുകയും ചെയ്യും …

ഇനി അറിവ് തേടാതെ വലിയ മര്യാദക്കാരനാണ് എന്നു നടിച്ചിട്ടും കാര്യമില്ല. അറിവില്ലാത്തവന്റെ മര്യാദ ആത്മാവില്ലാത്ത ശരീരം പോലെയാണ് … ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരത്തിന് യാതൊരു പ്രതികരണവുമുണ്ടാവില്ല …. പ്രധിരോധ ശക്തിയില്ലാത്ത വെറും ഒരു ചലനമറ്റ ശരീരമായതു മാറും … സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഉപകാരപ്പെടില്ല …. തന്‍റെ കണ്മുന്നില്‍ എന്തൊക്കെ സംഭവിച്ചാലും അത്തരക്കാര്‍ക്ക് തന്റേതായ ഒരു വീക്ഷണമോ പ്രതികരണമോ ഒന്നുമുണ്ടാവില്ല…. ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിക്കുന്ന വെറുമൊരു മനുഷ്യ ശരീരം …

അറിവും അദബും ഒരു വിശ്വാസിക്ക് അനിവാര്യമാണ്… അല്ലാഹു നമുക്ക് ഉപകാരപ്രദമായ അറിവും അദബും വര്‍ധിപ്പിച്ചു തരട്ടെ

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com