യാത്ര: ചില മര്യാദകൾ

സ്വദേശം വെടിയുക എന്നതാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഭൗതികവും പാരത്രികവുമായ പല ലക്ഷ്യങ്ങൾക്ക് വേണ്ടിയാവാം. ഏതൊരു ലക്ഷ്യത്തിനാണോ യാത്ര പോവുന്നത് ആ ആവശ്യത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമാണ് യാത്രയുടെയും ഇസ്ലാമിക വിധി. അനുവദനീയമായ കച്ചവടം പോലെയുള്ള ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ യാത്രയും അനുവദനീയമാവും. കുറ്റകൃത്യങ്ങൾക്കും കുഴപ്പങ്ങൾക്കുമുള്ള യാത്രപോലെ അനുവദനീയമല്ലാത്ത ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ ആ യാത്രയും ഹറാമാണ്.
ഹജജിനോ മറ്റേതെങ്കിലും ഒരാരാധനക്കോ വേണ്ടി യാത്ര ചെയ്യുന്ന ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ;
1) ആത്മാർത്ഥത – അതായത് തന്റെ യാത്രയിലുടനീളം അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക. തന്റെ മുഴുവൻ വാക്കുകളും കർമ്മങ്ങളും ക്രയവിക്രയങ്ങളും മറ്റും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക്കുക. എങ്കിൽ നന്മകൾ അധികരിക്കപ്പെടും, പാപങ്ങൾ പൊറുക്കപ്പെടും, പദവികൾ ഉയർത്തപ്പെടും.
നബി(സ) സഅ്ദ്ബ്നു അബീവഖാസ്(റ)നോട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് താങ്കൾ ചിലവഴിക്കുന്നവക്കെല്ലാം തീർച്ചയായും പ്രതിഫലമുണ്ട്, നിന്റെ സഹധർമ്മിണിയുടെ വായിൽ നീ വെച്ച് കൊടുക്കുന്നതിന് വരെ’ (ബുഖാരി, മുസ്ലിം ).
2) അല്ലാഹു തനിക്ക് നിർബന്ധമാക്കിയവ അനുഷ്ഠിക്കുവാനും നിഷിദ്ധമാക്കിയവ വെടിയുവാനും ആർത്തികാണിക്കുക. നമസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ ജമാഅത്തോടൊപ്പം തന്നെ നിർവ്വഹിക്കുക,അതിനായി തന്റെ കൂട്ടുകാരോടെല്ലാം ഉപദേശിക്കുക, നന്മ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക, യു ക്തിയോടും സദുപദേശത്തോടും കൂടി അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക.
ഹറാമായ വാക്കുകളും പ്രവർത്തികളും വെടിയുന്നതിലും അത്യാഗ്രഹമുണ്ടായിരിക്കുക. കളവും ഏഷണിയും പരദൂഷണവും അരുത്, വഞ്ചനയും ചതിയും മറ്റു പാപങ്ങളും വെടിയുക.
3) ഉത്തമമായ സ്വഭാവം കാണിക്കുക, ധനം, അറിവ്, ശരീരം, എല്ലാം കൊണ്ടും ഉദാരത കാണിക്കുക. സഹായം ആവശ്യമുള്ളവനെ സഹായിക്കുക, വിദ്യ തേടുന്നവർക്കും ആവശ്യക്കാർക്കും അ റിവ് പകർന്നു കൊടുക്കുക, തന്റെ ധനം കൊണ്ട് ഉദാരത കാണിക്കുക, തന്റെയും തന്റെ സഹോദരങ്ങളുടെയും നന്മക്കാവശ്യമായത് ചിലവഴിക്കുക.
യാത്രാചിലവിനായി അൽപ്പം കൂടുതൽ കരുതുന്നത് നല്ലതാണ്. ചിലപ്പോൾ ആവശ്യം വന്നേക്കാം, കണക്കുകൂട്ടലുകൾ തെറ്റിയേക്കാം. ഇതിലെല്ലാം തന്നെ മുഖപ്രസന്നതയും ശുദ്ധമനസ്കതയും സംത്യപ്തിയും ഉണ്ടായിരിക്കുകയും, തന്റെ കൂട്ടുകാരിൽ സന്തോഷം പകരാൻ ശ്രദ്ധിക്കുകയും അവരോട് ഇണങ്ങിക്കഴിയുകയും ചെയ്യുക. കൂട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവുകയോ അവർ തന്റെ അഭിപ്രായത്തോട് എതിരാവുകയോ ചെയ്താൽ ക്ഷമിക്കുകയും ഏറ്റവും ഉത്തമമായ രൂപത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യുക. എങ്കിൽ അവർക്കിടയിൽ താങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും.
4) യാത്രാവേളയിലും യാത്രയിലും നബി(സ്വ)യിൽനിന്നും സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ ചൊല്ലുക. വാഹനത്തിൽ കാൽവെച്ചാൽ بسم الله എന്ന് പറയുക. വാഹനത്തിൽ കയറിയിരുന്നാൽ ഈ വാഹനം തനിക്ക് എളുപ്പമാക്കിത്തന്നതിലൂടെ അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തെ സ്മരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്യുക:
الله أكبر، الله أكبر، الله أكبر ( سبحان الذي سخر لنا هذا وما كنا له مقرنين ، وإنا إلى ربنا لمنقلبون ) اللهم إنا نساَلك في سفرنا هذا البر والتقوى ومن العمل ما ترضى ، اللهم هون علينا سفرنا هذا واطو عنا بعده اللهم أنت الصاحب في السفر والخليفة في الأهل ، اللهم إني أعوذ بك من وعثاء السفر وكآبة المنظر وسوء المنقلب في المال والأهل)
‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീൻ വഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബൂൻ. അല്ലാഹുമ്മ ഇന്നാ നസ്തലുക്ക ഫീ സഫരിനാ ഹാദാ അൽ ബിർറ വത്തഖ്വാ വമിനൽ അമലി മാ തർദാ, അല്ലാഹുമ്മ ഹവ്വിൻ അലൈനാ സഫറനാ ഹാദാ വത്വ്വി അന്നാ ബൂഅ്ദഹു, അല്ലാഹുമ്മ അൻത സ്വാഹിബു ഫിസ്സഫർ, വൽ ഖലീഫത്തു ഫിൽ അഹ്ൽ, അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ വഅ്ഥാഇസ്സഫർ, വകൽബത്തിൽ മൻ ദർ, വസുഇൽ മുൻ ഖലബി ഫിൽമാലി വൽ അഹ്ൽ’.
‘ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു’ (സുഖ്റുഫ്: 13). ഞങ്ങൾ നിന്നോട് യാചിക്കുന്നു, അല്ലാഹുവേ, ഈ യാത്രയിൽ പുണ്യത്തിനും തഖ്വക്കും നീ തൃപ്തിപ്പെട്ട കർമ്മങ്ങൾക്കുമായി യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരികയും അതിന്റെ ദൂരം ലഘൂകരിക്കുകയും ചെയ്യേണമേ..അല്ലാഹുവേ.. നീയാണ്. യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പ്രതിനിധിയും
അല്ലാഹുവേ, യാത്രാ ക്ലേശങ്ങളിൽ നിന്നും മോശമായ കാഴ്ചകളിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ പരിണിതിയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു’. ‘
കയറ്റങ്ങൾ കയറുമ്പോൾ തക്ബീർ ചൊല്ലുന്നതും ഇറക്കങ്ങൾ ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുന്നതും ഉത്തമമാണ്. എവിടെയെങ്കിലും വിശ്രമത്തിനായും മറ്റും ഇറങ്ങിയാൽ
( أعوذ بكلمات الله التامات من شر ما خلق )
(അഊദു ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർറി മാ ഖലക്ക്) എന്ന് പ്രാർത്ഥിക്കുക. സാരം: ‘പരിപൂർണ്ണമായ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശങ്ങളിൽ നിന്നും ഞാൻ ശരണം തേടുന്നു.
ഒരിടത്ത് ഇറങ്ങിയ ശേഷം ആരെങ്കിലും ഇപ്രകാരം പ്രാർത്ഥിച്ചാൽ അവൻ അവിടെ നിന്ന് യാത്രയാവുന്നത് വരെ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല.
യാത്രയിലെ നമസ്കാരം
നാട്ടിൽ താമസിക്കുന്നവനെപ്പോലെത്തന്നെ യാത്രക്കാരനും നമസ്കാരം അവയുടെ സമയത്ത് ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണ്.അല്ലാഹു പറയുന്നു:
‘നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജനം കഴിഞ്ഞു വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടി ക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല, എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു, നിങ്ങൾ നന്ദിയുള്ളവരായേക്കാം’ (മാഇദ: 6).
വുദുവിന്റെയും കുളിയുടെയും രൂപം സുവിദിതമാണല്ലോ.
(അതിനാൽ അതിവിടെ വിവരിക്കുന്നില്ല).
കൈപ്പടം രണ്ടും ഭൂമിയിൽ അടിക്കുകയും ശേഷം അവ കൊണ്ട് മുഖവും മുൻകൈകളും തടവുകയും ചെയ്യലാണ്
തയമ്മും. നബി(സ) അമ്മാറുബയാസിർ(റ)വിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘താങ്കൾക്ക് മുഖവും കൈ കൊണ്ട് കൈപ്പടങ്ങളും (തടവിയാൽ)മതിയാകുന്നതാണ് ‘. മറ്റൊരു റിപ്പോർട്ടിൽ, ‘നബി (സ) കൈ ഭൂമിയെ അടിക്കുകയും എന്നിട്ടത് കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു എന്നുണ്ട്.മുസ്ലിമിന്റെ റിപ്പോർട്ടിൽ ‘അദ്ദേഹം തന്റെ കൈ കൊണ്ട് ഭൂമിയിൽ ഒരു അടി അടിച്ചു ‘ എന്നും വന്നിട്ടുണ്ട്.
തയമ്മും കൊണ്ടുള്ള ശുദ്ധീകരണം സമയബന്ധിതമാണ്. വെള്ളം കിട്ടുന്നതോടെ തയമ്മും ബാത്വിലാവുകയും ആ വെള്ളം ഉപയോഗിക്കൽ അയാൾക്ക് നിർബന്ധമാവുകയും ചെയ്യുന്നു. വെള്ളം കിട്ടുന്നതോടെ വലിയഅശുദ്ധിയകറ്റാൻ തയമ്മും ചെയ്ത ആൾക്ക് കുളിയും, ചെറിയ അശുദ്ധിയകറ്റാൻ വുദുവും നിർബന്ധമാവുന്നു.ഹദീസിൽ കാണാം:
الصعيد الطيب وضوء المسلم وإن لم يجد الماء عشر سنين ، وإذا وجد الماء فليتق الله وليمسه بشرته
‘ശുദ്ധിയുള്ള ഭൂതലം മുസ്ലിമിന്റെ ശുദ്ധീകരണ വസ്തുവാണ്, പത്തുവർഷത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ പോലും.
എന്നാൽ വെള്ളം കിട്ടിയാൽ അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ തൊലിയിൽ വെള്ളം സ്പർശിക്കുകയും ചെയ്യട്ടെ’ (ബസ്സാർ).
ദുഹ്ർ, അസ്വർ, ഇശാ എന്നീ നാല് റക്അത്തുകളുള്ള നമസ്ക്കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് സുന്നത്താണ്. ഇബ്നു ഉമറിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറയുന്നു: ‘ഞാൻ നബി(സ) യോടൊപ്പം സഹയാത്രികനായിരുന്നു, അദ്ദേഹം യാത്രയിൽ നമസ്ക്കാരം രണ്ട് റക്അത്തിനെക്കാൾ അധികരിപ്പിച്ചിരുന്നില്ല. അബൂബക്കറും ഉമറും ഉസ്മാനും (റ) അപ്രകാരം തന്നെയായിരുന്നു’.
ആയിശ (റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു:
فرضت الصلاة ركعتين ثم هاجر النبي صلى الله عليه وسلم ففرضت أربعة، وتركت صلاة السفر على الأولى
‘നമസ്കാരം നിർബന്ധമാക്കപ്പെട്ടത് രണ്ട് റക്അത്തുകളായാണ്, പിന്നീട് നബി(സ) മദീനയിലേക്ക് ഹിജ്റ പോയപ്പോൾ നാല് റക്അത്തുകളായി നിർബന്ധമാക്കപ്പെട്ടു, യാത്രയിലുള്ള നമസ്കാരം ആദ്യത്തെ നിയമമനുസരിച്ച് നിലനിറുത്തപ്പെടുകയും ചെയ്തു’.
അപ്പോൾ യാത്രക്കാരൻ തന്റെ നാട്ടിൽ നിന്നും പുറപ്പെട്ട് അവിടെ തിരിച്ചെത്തുന്നത് വരെ നാലു റക്അത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കി നമസ്ക്കരിക്കലാണ് സുന്നത്ത്, ആ യാത്ര ദീർഘിച്ചതാണെങ്കിലും ചുരുങ്ങിയതാണെങ്കിലും ശരി.
ഇബ്നു അബ്ബാസ്(റ)വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘മക്കാവിജയ വർഷം നബി(സ)
പത്തൊമ്പത് ദിവസം മക്കയിൽ രണ്ട് റക്അത്ത് വീതം നമസ്ക്കരിച്ചുകൊണ്ട് കഴിച്ചുകൂട്ടി. എന്നാൽ നാല് റക്അത്ത് നമസ്ക്കരിക്കുന്ന ഇമാമിന്റെ പിന്നിലാണ് നമസ്ക്കരിക്കുന്നതെങ്കിൽ നിർബന്ധമായും യാത്രക്കാരനും നാല് റക്അത്ത് നമസ്ക്കരിക്കണം. അയാൾ ഇമാമിനോടൊപ്പം ചേർന്നത് നമസ്കാരത്തിന്റെ ആരംഭത്തിലാണെങ്കിലും ഇടയിലാണെങ്കിലും ശരി.
നബി(സ) പറഞ്ഞു: ‘ഇമാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം തുടരപ്പെടാൻ വേണ്ടിയാണ്, അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാവരുത് ‘(ബുഖാരി, മുസ്ലിം).
മറ്റൊരു ഹദീസിൽ കാണാം, നബി(സ) പറഞ്ഞു: ‘ഇമാമിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ നമസ്കരിക്കുക, നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക’ (ബുഖാരി, മുസ്ലിം).
ഇബ്നുഅബ്ബാസ് (റ) ചോദിക്കപ്പെട്ടു: ‘യാത്രക്കാരൻ എന്തു ചെയ്യണം? തനിച്ച് നമസ്കരിക്കുമ്പോൾ രണ്ട് റക്അത്തും സ്വദേശിയായ ഒരു ഇമാമിനെ തുടർന്ന് നമസ്കരിക്കുമ്പോൾ നാലുമാണോ നമസ്ക്കരിക്കേണ്ടത്?, അപ്പോൾ അദ്ദേഹം പറഞ്ഞു? അതാണ് പ്രവാചകചര്യ.
(സ്വദേശിയായ) ഇമാമിന്റെ കൂടെ നമസ്കരിക്കുമ്പോൾ ഇബ്നു ഉമർ പൂർത്തിയായി നമസ്കരിക്കുകയും യാത്രയിൽ തനിച്ചായിരിക്കുമ്പോൾ ചുരുക്കി നമസ്കരിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത്.
തുടർച്ചയായ യാത്രയാൽ പ്രയാസം നേരിടുമ്പോൾ യാത്രക്കാരന് ദുഹറും അസ്വറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ചേർത്ത് (ജംഅ് ആക്കി) നമസ്ക്കരിക്കാവുന്നതാണ്. ഇത്തരം ഘട്ടത്തിൽ തനിക്ക് കൂടുതൽ സൗകര്യപ്രദമായ രൂപത്തിൽ അവയെ മുന്തിച്ചോ പിന്തി ചചോ ജംഅ് ആക്കാവുന്നതാണ്.
അനസുബ്നു മാലിക്(റ)വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി(സ) സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പ് യാത്ര പുറപ്പെട്ടാൽ ദുഹ്റിനെ അസ്വറിന്റെ സമയത്തിലേക്ക് പിന്തിപ്പിക്കുകയും ശേഷം രണ്ടും ചേർത്ത് നമസ്കരിക്കുകയും ചെയ്യും. യാത്ര പുറപ്പെടുന്ന ഘട്ടത്തിൽ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്ർ നമസ്കരിക്കുകയും ശേഷം പുറപ്പെടുകയും ചെയ്യും.
ഇമാം ബൈഹഖിയുടെ ഒരു റിപ്പോർട്ടിൽ കാണാം: ‘നബി യാത്ര പുറപ്പെടുമ്പോൾ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്റും അസ്വറും ചേർത്ത് നമസ്കരിക്കുമായിരുന്നു’,
എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ടുന്ന ആവശ്യമില്ല എങ്കിൽ അങ്ങനെ വേണ്ടതില്ല. ഉദാഹരണമായി ഒരാൾ യാത്രക്കിടയിൽ ഒരിടത്ത് ഇറങ്ങുകയും, അടുത്ത നമസ്കാരത്തിന്റെ സമയമായ ശേഷമല്ലാതെ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നില്ല എങ്കിൽ അയാൾ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം. കാരണം അയാൾക്ക് അതിന്റെ ആവശ്യമില്ല. അപ്രകാരം ആവശ്യമില്ലാതിരുന്നതിനാലാണ് നബി(സ) അദ്ദേഹത്തിന്റെ വിടവാങ്ങൽ ഹജജിൽ മിനായിൽ വെച്ച് ജംഅ് ചെയ്യാതിരുന്നത്.
യാത്രക്കാരന് സ്വദേശത്തുള്ളവൻ നമസ്കരിക്കുന്നതുപോലെ തന്നെ ദുഹാ, രാത്രി നമസ്കാരം, വിത്ത്ർ, പോലെയുള്ള ഐച്ഛിക നമസ്കാരങ്ങൾ നിർവ്വഹിക്കാവുന്നതാണ്. എന്നാൽ ദുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെ യും റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാതിരിക്കലാണ് പ്രവാചകചര്യ.
ഗ്രന്ഥം:മനാസിക് അൽ ഹജ്ജ് വൽ ഉംറ വൽ മഷ്റൂഅ് ഫീ സിയാറ
ഗ്രന്ഥകർത്താവ്:ശൈഖ് മുഹമ്മദ് ബ്ൻ സ്വാലിഹ് അൽഉസൈമീൻ (റഹി)
വിവർത്തനം:മുഹമ്മദ്കുട്ടി കടന്നമണ്ണ