ദുആഉല്‍ ഇഫ്‌ത്തിതാഹ്

ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു 

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ .

അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാ)

إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ‏‏.

അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല.

 

إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.

 

اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُك

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.

 

ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ

ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

 

وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

 

لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍  നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

 

أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)

 

താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്‌

حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ . وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏} لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا .(مسلم)

 

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ

ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.
അ‌ര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.

മൃഗത്തെ ബലിയറുക്കുമ്പോൾ

മൃഗത്തെ ബലിയറുക്കുമ്പോൾ

പി.എൻ അബ്ദുറഹ്മാൻ

ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്.

ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം.

ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്.

പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്.

പ്രവാചകന്‍(ﷺ) പറഞ്ഞു: “അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്” – [തിര്‍മിദി].

(ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) അതിനാല്‍ത്തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം.

ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്’ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. ഖിബ്’ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും. (18/26)

ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ

ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ

الصلاة والسلام على رسول لله الكريم

അല്‍മുര്‍ശിദ് പത്രാധിപര്‍ അവര്‍കള്‍ക്ക്

السلام عليكم ورحمة الله

മാന്യരേ, താഴെ കുറിച്ചിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പലരും പല വിധത്തില്‍ പ്രസംഗിച്ചും ചില തര്‍ജമകളിലും പാഠപുസ്തകങ്ങളിലും പല വിധത്തില്‍ വ്യഖ്യാനിച്ചും വരുന്നു. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ വിവരം എങ്ങനെയായിരിക്കുമെന്ന് ക്വുര്‍ആനും ഹദീസുകളും സലഫു സ്വാലിഹുകളുടെ അഭിപ്രായവും രേഖപ്പെടുത്തി ശരിയായ അര്‍ത്ഥ വിവരണത്തോടു കൂടി അടുത്ത ലക്കത്തില്‍ തന്നെ മറുപടി തരണമെന്ന് സവിനയം അപേക്ഷിച്ചുകൊള്ളുന്നു. അല്ലാഹു നമുക്കും നിങ്ങള്‍ക്കും തൗഫീക്വ് ചെയ്യുമാറാകട്ടെ. ആമീന്‍.

പ്രശ്നങ്ങള്‍

1. ശഫാഅത്ത് എന്ന അറബി പദത്തിന്‍റെ ശരിയായ അര്‍ത്ഥം എന്താകുന്നു?

2. الكُبرى الشفاعة എന്നും الصُغرى എന്നും രുവിധത്തില്‍ വിഭജിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ പ്രകാരവ്യത്യാസം എങ്ങനെയാകുന്നു? العُظمى الشفاعة വിവരണം എങ്ങനെയാകുന്നു?

3.

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ – سبأ: ٢٣

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا – مريم: ٨٧

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُون – الزخرف: ٨٦

മേല്‍ പറഞ്ഞ ആയത്തുകളില്‍ വിവക്ഷിച്ചിരിക്കുന്ന ശഫാഅത്ത് ഏതാകുന്നു. അത് നടക്കുന്നത് എങ്ങനെയാകുന്നു?

4. ജനാബ് പി. എം മാഹിന്‍ അവര്‍കള്‍ അച്ചടിച്ച് പ്രസിദ്ധം ചെയ്തിട്ടുള്ള والعام الخاص عقيدة في الدّينيات مباحث എന്ന പാഠപുസ്തകം 55-ആം പുറം പറയുന്നത് പ്രകാരം അമ്പിയാഅ്, ഔലിയാഅ്, ശുഹദാഅ്, ഉലമാഅ് ഇവര്‍ക്കെല്ലാം ശഫാഅത്തിന്‍റെ അധികാരം ഉണ്ടായിരുക്കുമെന്ന് വിശ്വാസയോഗ്യമായ വല്ല രേഖയും ഉണ്ടോ? എന്ന് അല്‍മുര്‍ശിദിന്‍റെ ഒരു ബന്ധു, ഇ. വി. ഉമര്‍ വൈദ്യര്‍, ആലപ്പി-തിരുവിതാംകൂര്‍, ശവ്വാല്‍ 1354

الجواب (ഉത്തരം):

اللهم هِدايةً الى الصَّوابِ

ശഫാഅത്ത് എന്നതിന് ശുപാര്‍ശ എന്നാണര്‍ഥം. എന്നുവെച്ചാല്‍ ഒരു മഹാന്‍റെ അടുക്കല്‍ നിന്ന് ഒരാള്‍ക്ക് ഒരു കാര്യം ലഭിക്കുവാന്‍ മറ്റൊരാള്‍ ആ മഹാന്‍റെ അടുക്കല്‍ അപേക്ഷ ചെയ്യുക. എങ്ങനെയെന്നുവെച്ചാല്‍ ഒരാളുടെ ഒരു കുറ്റത്തെ മാപ്പുചെയ്ത് അയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനോ, ശിക്ഷയെ കുറയ്ക്കുവാനോ അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരു പദവി നല്‍കുവാനോ മറ്റോ ഇങ്ങനെ ഒരാളെ അനുഗ്രഹിക്കുവാനായി മറ്റൊ രാള്‍ ഒരു മഹാന്‍റെ അടുക്കല്‍ അപേക്ഷിക്കുകയാണെന്നിരിക്കട്ടെ, ഈ അപേക്ഷയാണ് അറബി ഭാഷയില്‍ ﺷﻔﺎﻋﺔ എന്നും മലയാളത്തില്‍ ശുപാര്‍ശ എന്നും പറയുന്നത്. ഇവിടെ ‘ഒരാള്‍’ എന്ന് ആരെ കുറിച്ച് പറഞ്ഞോ അവന്ന് لَهُ مَشفُوعْ എന്നും, مَشفُوعْ لَه വിനു വേണ്ടി അപേക്ഷിക്കുന്ന മറ്റവന്ന് ﺷﺎﻓﻊ എന്നും شفيع എന്നും (ശുപാര്‍ശ ചെയ്യുന്നവന്‍, ശുപാര്‍ശക്കാരന്‍ എന്നും) എതൊരു മഹാന്‍റെ അടുക്കല്‍ അപേക്ഷിക്കപ്പെടുന്നുവോ ആ മഹാന്ന് مشفوع عنده എന്നും പറയപ്പെടുന്നു.

എന്നാല്‍ ഈ ഐഹികലോകത്തില്‍ നടന്നുവരുന്ന ശഫാഅത്തില്‍ مشفوع عنده -വിന്‍റെ إرادة -നെ (ഇച്ഛയെ) ഭേദപ്പെടുത്തുവാന്‍ അല്ലെങ്കില്‍ അവന്‍റെ ഇച്ഛയല്ലാത്ത മറ്റൊന്ന് ചെയ്യുവാന്‍ അവനെ ﺷﺎﻓﻊ പ്രേരിപ്പിക്കലുണ്ട്. അപ്പോള്‍ ﺷﺎﻓﻊ-ന്നു വേണ്ടി അവന്‍റെ ഇച്ഛയെ വിട്ട് അതിനെ ഭേദപ്പെടുത്തി മറ്റൊന്നു ചെയ്യുന്നു. ഈ വിധത്തിലല്ലാതെ ഈ ലോകത്ത് ശഫാഅത്ത് നടക്കുകയില്ല. എന്നാല്‍ مشفوع عنده ആയ മഹാന്‍ നീതിമാനാണെങ്കില്‍ مشفوع له വെ സംബന്ധിച്ച് അവന്‍റെ അറിവില്‍ പിഴവുണ്ടായിരുന്നുവെന്ന് ﺷﺎﻓﻊന്‍റെ വാക്കുകൊണ്ട് വെളിപ്പെടുകയും ﺷﺎﻓﻊന്‍റെ അപേക്ഷ അനുസരിച്ച് തന്‍റെ ഇച്ഛയെ ഭേദപ്പെടുത്തലാണ് നീതിയുമെന്ന് അവന്ന് ബോധ്യമാവുകയും ചെയ്തെങ്കിലേ അവന്‍ ശുപാര്‍ശ സ്വീകരിക്കുകയുള്ളൂ. നേരെമറിച്ച് مشفوع عنده ആയ മഹാന്‍ അക്രമിയും സ്വേച്ഛാധിപനുമായ അധികാരസ്ഥനാണെങ്കിലോ തന്‍റെ സേവകനായ ﺷﺎﻓﻊ-ന്നു വേണ്ടി നീതിക്കും നന്മക്കും വിരുദ്ധമായ വിധത്തിലും തന്‍റെ ഇച്ഛയെ അവന്‍ ഭേദപ്പെടുത്തിയെന്ന് വരാം. ഈ രണ്ടിലേത് വിധത്തിലായാലും ഈ ശഫാഅത്ത് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ നടക്കുന്നത് അസംഭവ്യം തന്നെ. എന്തുകൊണ്ടെന്നാല്‍ അല്ലാഹു فعال لما يريد (താന്‍ ഇച്ഛിക്കുന്നതിനെ ചെയ്യുന്നവന്‍) ആകുന്നു.

إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ

അല്ലാഹു അണു അളവോളം അക്രമം ചെയ്യുകയില്ല. (അന്നിസാഅ്: 40)

നിശ്ചയം അവന്‍ ഏറ്റവും ഉത്തമനായ നീതിമാനാകുന്നു. നീതിക്ക് വിരുദ്ധമായി ആരുടെ അപേക്ഷയും അവന്‍ സ്വീകരിക്കുകയില്ല. മാത്രമല്ല അവന്‍ സര്‍വജ്ഞനുമാകുന്നു. അവന്‍റെ ജ്ഞാനത്തെ അനുസരിച്ച് മാത്രമേ അവന്‍റെ ഇച്ഛ ഉണ്ടാവുകയുള്ളൂ. അവന്‍റെ ജ്ഞാനം അനാദ്യവും അനന്തവുമായിട്ടുള്ളതായിരിക്കയാല്‍ അത് ഭേദപ്പെടാവുന്നതല്ല. അതിനാല്‍ അല്ലാഹുവിന്‍റെ إرادة -ത്തും ഭേദപ്പെടുവാന്‍ പാടില്ല. തന്നിമിത്തം ഈ ഐഹികലോകത്ത് നടക്കുന്ന വിധത്തിലുള്ള ശുപാര്‍ശ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടാവുകയില്ല; തീര്‍ച്ച തന്നെ. ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക:

لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ

അതില്‍ (ആ ദിവസത്തില്‍) തെണ്ടവുമില്ല, ഉപകാരം ചെയ്യുന്ന സ്നേഹവുമില്ല., ശുപാര്‍ശയുമില്ല. (അല്‍ബക്വറ: 254)

ഇങ്ങനെ യൗമുല്‍ ക്വിയാമത്തിന്‍റെ വിശേഷണം പറയുന്നിടത്ത് ആ ദിവസത്തില്‍ ശുപാര്‍ശയേയില്ല എന്നും മറ്റൊരിടത്ത്

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ

അവര്‍ക്ക് (കാഫിറുകള്‍ക്ക്) ശുപാര്‍ശക്കാരുടെ ശുപാര്‍ശ ഫലം ചെയ്യുകയില്ല. (അല്‍മുദ്ദഥിര്‍: 48) എന്നും പറഞ്ഞിരിക്കുന്നു.

ഇനിയും:

وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ

അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ (മലക്കുകള്‍) ശഫാഅത്ത് ചെയ്യുകയില്ല (അല്‍അമ്പിയാഅ്: 28) എന്നും

مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ

അവന്‍റെ (അല്ലാഹുവിന്‍റെ) അനുവാദത്തോടു കൂടിയല്ലാതെ അവന്‍റെ അടുക്കല്‍ ശഫാഅത്ത് ധചെയ്യുവാനാരുണ്ട്? അഥവാ ശഫാഅത്ത്പ ചെയ്യുന്ന ആരുമില്ല (അല്‍ബക്വറ: 255). അതായത് അവന്‍റെ അനുവാദം കൂടാതെ അവന്‍റെ അടുക്കല്‍ ആരും ശഫാഅത്ത് ചെയ്യുകയില്ല എന്നും,

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ

അല്ലാഹു അനുവദിച്ചിട്ടുള്ളവര്‍ക്കല്ലതെ അവന്‍റെ അടുക്കല്‍ ശഫാഅത്ത് ഫലം ചെയ്യുകയില്ല (സബഅ്: 23) എന്നും ഇങ്ങനെ അനുവാദം, തൃപ്തി എന്ന നിബന്ധനകളോട് കൂടി യും അല്ലാഹു ശഫാഅത്തിനെ കുറിച്ച് പറയുന്നു. അതായത് അല്ലാഹു സര്‍വജ്ഞനും സര്‍വ ചരാചരങ്ങളെയും നീതിയോടെ പരിപാലിക്കുന്ന നാഥനും താന്‍ ഇച്ഛിക്കുന്നത് ചെയ്യുന്ന കര്‍ത്താവുമായിരിക്കയാല്‍ അവന്‍റെ അനുവാദം കിട്ടിയതിന്‍റെ പിറകെ മാത്രമേ അവന്‍റെ അടുക്കല്‍ ആരും ശഫാഅത്ത് ചെയ്യുകയുള്ളൂ. അമ്പിയാക്കളും മലക്കുകളും സ്വാലി ഹുകളും ശഫാഅത്ത് ചെയ്യുന്നവരാണെങ്കിലും അവരുടെ ശഫാഅത്ത് അല്ലാഹു അനുവദിച്ചവര്‍ക്കല്ലാതെ ലഭിക്കുകയില്ല. അതിനാല്‍ അവര്‍ ശാഫിഈങ്ങളായത് കൊണ്ട് യാതൊരു ഫലവും അല്ലാഹു അനുവ ദിച്ചിട്ടില്ലാത്തവര്‍ക്ക് കിട്ടുകയില്ല. ആര്‍ക്കു വേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ ശഫാഅത്ത് ചെയ്യുന്നതിന് അവന്‍ അനുവദിച്ചുവോ അവര്‍ക്ക് മാത്രമേ ശുപാര്‍ശക്കാരുടെ ശുപാര്‍ശ ലഭിക്കുകയുള്ളൂ. അവര്‍ക്ക് മാത്രമേ ശുപാര്‍ ശക്കാര്‍ ശുപാര്‍ശക്കാരായതുകൊണ്ടുള്ള ഫലം കിട്ടുകയുള്ളൂ എന്ന് താല്‍പര്യം. اﻋﻠﻢ واﷲ

പക്ഷേ, ക്വിയാമത്തുനാളില്‍ റസൂല്‍?യും മറ്റുള്ള അമ്പിയാക്കന്മാരും മലക്കുകളും മറ്റു സ്വാലിഹുകളും അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്ക് അവന്‍റെ അനുവാദത്തോടുകൂടി ശഫാഅത്ത് ചെയ്യുമെന്നും ആര്‍ക്കു വേണ്ടി അവര്‍ ശഫാഅത്ത് ചെയ്യുവാന്‍ അല്ലാഹു അനുവാദം കൊടുക്കുന്നുവോ അവര്‍ക്ക് -ആ സത്യവിശ്വാസികള്‍ക്ക്- ആ ശുപാര്‍ശക്കാരുടെ ശഫാഅത്ത് ഫലം ചെയ്യുമെന്നും മേല്‍ പറഞ്ഞ ക്വുര്‍ആന്‍ വാക്യങ്ങളുടെ ഘടനാ രീതികൊണ്ടും സാരംകൊണ്ടും അനേകം സ്വഹീഹായ ഹദീസുകളാലും സ്ഥിരപ്പെട്ടിരിക്കുന്നു.

മിശ്കാത്തില്‍ ഇങ്ങനെ കാണുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي إِلَى يومِ القِيامةِ فَهِيَ نَائِلَةٌ إِنْ شَاءَ اللهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللهِ شَيْئًا. (رَوَاهُ مُسلم)

“എല്ലാ നബിമാര്‍ക്കും ഉത്തരം നല്‍കപ്പെടുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അപ്പോള്‍ എല്ലാ നബിയും അവരുടെ ആ പ്രാര്‍ത്ഥന ധൃതിയില്‍ നടത്തി. ഞാന്‍ എന്‍റെ സമുദായത്തിന് ശുപാര്‍ശ ചെയ്യുവാനായിട്ട് എനിക്കുള്ള ആ പ്രാര്‍ത്ഥനയെ ക്വിയാമത്ത് നാളിലേക്ക് സൂക്ഷിച്ചുവെച്ചിരിക്കയാണ്. അതിനാല്‍ ഒരു വസ്തുവിനെയും അല്ലാഹുവിനോട് പങ്കു ചേര്‍ക്കാതെ എന്‍റെ സമുദായത്തില്‍നിന്ന് മരണപ്പെടുന്നവര്‍ക്ക് അല്ലാഹു ഇച്ഛിച്ചെങ്കില്‍ അത് ലഭിക്കുന്നതാകുന്നു.”

അതായത് തീര്‍ച്ചയായും അല്ലാഹു ഉത്തരം നല്‍കുമെന്ന يقين -നോടു കൂടി സമുദായത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരോ നബിക്കും അല്ലാഹു ഒരു പ്രാര്‍ത്ഥനക്ക് അനുവാദം കൊടുത്തിരിക്കുന്നു. മറ്റു പ്രാര്‍ത്ഥനകള്‍ എല്ലാം അവര്‍ ദുആ ചെയ്യുന്നത് ആശയും ഭയവും കലര്‍ന്ന ഹൃദയത്തോടുകൂടി ആയിരിക്കുന്നതാണ്. മറ്റു നബിമാര്‍ എല്ലാവരും അവര്‍ക്കുള്ള ആ ദുആ ദുനിയാവില്‍നിന്ന് തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു. മുഹമ്മദ് നബി?യാകട്ടെ അത് ക്വിയാമത്ത് നാളിലേക്ക് കരുതിവെച്ചിരിക്കയാണ്. അതിനാല്‍ ഈമാന്‍ സ്വഹീഹായ വിധത്തില്‍ മരിക്കുന്ന എല്ലാ മുസ് ലിമിനും അത് ലഭിക്കും. അല്ലാഹു ഇച്ഛിച്ചുവെങ്കില്‍ എന്ന് താല്‍പര്യം.

عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : يَشْفَعُ يَوْمَ الْقِيَامَةِ ثَلَاثَةٌ: الْأَنْبِيَاءُ، ثُمَّ الْعُلَمَاءُ، ثُمَّ الشُّهَدَاءُ

“ക്വിയാമത്ത് നാളില്‍ അമ്പിയാക്കള്‍ പിന്നെ ഉലമാക്കള്‍, പിന്നെ ശുഹദാക്കള്‍ എന്നീ മൂന്ന് കൂട്ടരും ശുപാര്‍ശ ചെയ്യും.’ (സലഫി വോയിസ്: ഈ ഹദീസിന്‍റെ സനദ് തീര്‍ത്തും ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ﺻﺤﻴﺢ ആയ ഹദീസിലെ പ്രയോഗം ഇപ്രകാരമാണ്:

فَيَشْفَعُ النَّبِيُّونَ وَالْمَلَائِكَةُ وَالْمُؤْمِنُونَ …….

ഇമാം ബുഖാരി ഉദ്ധരിച്ച ഈ ഹദീസിലെ(7440) മുഅ്മിനൂന്‍ എന്ന പ്രയോഗത്തില്‍ പണ്ഡിതന്മാരും ഉള്‍പ്പെടുന്നതാണ്.)

ഇപ്പോള്‍ മുഹമ്മദ് നബി? അരുള്‍ ചെയ്തതായി അബൂ ഹുറെയ്റ രിവായത്ത് ചെയ്തിട്ടുള്ള പ്രസ്തുത ഹദീസിനാല്‍ അല്ലാഹുവിന്‍റെ ഉത്തരം ലഭിക്കുമെന്ന് തിട്ടമുള്ള പ്രാര്‍ത്ഥനയാകുന്നു ക്വിയാമത്ത് നാളില്‍ ശഫാഅത്ത് എന്ന് വെളിപ്പെട്ടു. എന്നാല്‍ ഇങ്ങനെയുള്ള ദു ആകള്‍ ചെയ്യാന്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു ആര്‍ക്കെല്ലാം അനു വാദം കൊടുക്കുമോ, അവര്‍ മാത്രമേ ഇനങ്ങനെ ചെയ്യുകയുള്ളൂ എന്നും ആരുടെ കാര്യത്തില്‍ ശഫാഅത്ത് ചെയ്യുവാന്‍ അല്ലാഹു അനുവാദം കൊടുക്കുകയില്ലയോ അവര്‍ക്ക് ആരും ശഫാഅത്ത് ചെയ്യുകയില്ലെന്നും, ശഫാഅത്ത് ലഭിക്കണമെങ്കില്‍ സ്വഹീഹായ ഈമാനോടുകൂടി ലേശവും ശിര്‍ക്ക് കൂടാതെ മരിക്കേണ്ടതാണെന്നും തെളിഞ്ഞുവല്ലോ.

എന്നാല്‍ സ്വഹീഹായ ഈമാനോടുകൂടി തന്നെ താന്‍ മരിക്കുമെന്ന് ആര്‍ക്കും ധൈര്യപ്പെടുവാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ നമുക്ക് നബി? യുടെയും മറ്റും ശഫാഅത്ത് ലഭിക്കുമെന്ന് കരുതി ദീനിന്‍റെ കല്‍പനകള്‍ക്ക് വഴിപ്പെടാതെ നടക്കുവാന്‍ ഈ ശഫാഅത്തിലുള്ള വിശ്വാസം ആരെയും പ്രേരിപ്പിക്കുവാന്‍ യാതൊരു മാര്‍ഗവുമില്ല. ദുനിയാവില്‍ ജീവിച്ചിരിക്കുമ്പോള്‍ അല്ലാഹു നോക്കും. അവന്‍റെ റസൂലിന്ന് വഴിപ്പെട്ടും അവന്‍റെ റസൂലിന്‍റെ സുന്നത്തോട് തുടര്‍ന്നും അവന്‍റെ തൃപ്തി ആര്‍ സമ്പാദിക്കുന്നുവോ അവര്‍ക്കാണ് ശഫാഅത്ത് ലഭിക്കുക. അവരുടെ പാപങ്ങള്‍ ശഫാഅത്ത് കാരണമായി അല്ലാഹു പൊറുത്തുകൊടുക്കും. അപ്പോള്‍ ആരാകുന്നുവോ അവര്‍ക്കുവേണ്ടി ശഫാഅത്ത് ചെയ്തിട്ടുള്ളത് അവരൂടെ ശഫാഅത്തിന്‍റെ അനന്തര ഫലമായി അല്ലാഹു ഈ പാപികള്‍ക്ക് മാപ്പ് ചെയ്യുകയും സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കുകയും മറ്റു ചിലര്‍ക്ക് ശഫാഅത്തിന്‍റെഫലമായി സ്വര്‍ഗത്തിലെ പദവികള്‍ വര്‍ധിപ്പിക്കുകയും മറ്റും ചെയ്യുമ്പോള്‍ ശാഫിഈങ്ങള്‍ക്ക് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ ഉന്നതമായ പ ദവിയുണ്ടെന്ന് പുറകെ വെളിപ്പെടുന്നു. അതായത് അല്ലഹുവിന്‍റെ അനാ ദ്യമായ ഇച്ഛയുടെ ഫലത്തെ ശഫാഅത്തിന്‍റെ അനന്തര ഫലമായി അവന്‍ വെളിപ്പെടുത്തുന്നതുകൊണ്ട് ഈ ശാഫിഈങ്ങള്‍ക്കുള്ള ബഹുമാനം അവന്‍ വെളിപ്പെടുത്തുന്നു എന്നുമാത്രമേ ഈ ശഫാഅത്തിനു സാരമുള്ളൂ. അല്ലാഹുവിന്‍റെ അറിവിന്നോ ഇച്ഛക്കോ യാതൊരു വ്യത്യാസവും ഈ ശഫാഅത്തുകൊണ്ട് വരുന്നില്ല എന്ന് താല്‍പര്യം. (അല്‍മുര്‍ശിദ് 1355 اﻻﺧﺮ ربيع (പേജ്: 24-28))

2. ശഫാഅത്ത് പലവകയാകുന്നു.

1. മഹ്ശറയില്‍ എല്ലാവരും ഒരുമിച്ചുകൂടുമ്പോള്‍ വിചാരണ ചെയ്ത് ജനങ്ങളെ എല്ലാവരെയും അവരവരുടെ സ്ഥാനങ്ങളിലേക്ക് വിധി കല്‍പിച്ച് അയക്കുവാന്‍ വേണ്ടിയുള്ള ജനങ്ങളുടെ പൊതുവായ അപേക്ഷയെകുറിച്ച് അല്ലാഹുവിന്‍റെ സന്നിധിയില്‍ ശഫാഅത്ത് ചെയ്യുവാന്‍ വേണ്ടി എല്ലാവരും കൂടി ആദ്യം ആദം?, പിന്നെ നൂഹ് ?, പിന്നെ ഇബ്റാഹീം ?, പിന്നെ മൂസാ ?, പിന്നെ ഈസാ ?, എന്നീ നബിമാരോട് അപേക്ഷിക്കുകയും അവരോരുത്തരും തങ്ങളുടെ പിമ്പിലുള്ളവരുടെ അടുക്കല്‍ പോകുവാന്‍ ഉപദേശിക്കുകയും ചെയ്യുന്നതാണ്. അവസാനം ഈസാ? ജനങ്ങളോട് മുഹമ്മദ് നബി? യുടെ അടുക്കല്‍ പോകുവാന്‍ പറയുന്നതനുസരിച്ച് എല്ലാവരുംകൂടി നബി?യോട് അപേക്ഷിക്കുമ്പോള്‍ നബി? അപേക്ഷ സ്വീകരിച്ച് ഈ കാര്യത്തിന് അല്ലാഹുവിന്‍റെ സന്നിധിയില്‍ ശഫാഅത്തിനു അനുവാദം ചോദിക്കുകയും അപ്പോള്‍ അല്ലാഹു അനുവാദം കൊടുക്കുകയും അല്ലാഹുവിന്‍റെ അനുവാദം സ്വീകരിച്ച് നബി? ചെയ്യുന്ന ശഫാഅത്തിനെ قبول ചെയ്ത് حساب എടുത്ത് (വിചാരണക്കെടുത്ത്) സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അതാതിന്‍റെ അവകാശികളെ ആക്കുകയും ചെയ്യുന്നതാണ്. ഇതിനെയാണ് عظمى ﺷﻔﺎﻋﺔ എന്നും محمود ﻣﻘﺎم എന്നും പറയുന്നത്. ഇത് അനേകം സ്വഹീഹായ ഹദീസുകളാല്‍ സ്ഥിരീകരിച്ചതും മുഹമ്മദ് നബി?ക്ക് പ്രത്യേകമായിട്ടുള്ളതുമാണ്.

2. നബി?യുടെ ഉമ്മത്തില്‍ നിന്ന് حساب (വിചാരണ) ഇല്ലാത്തവരെ ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ അല്ലാഹു നബി ?ക്ക് അനുവാദം നല്‍കുന്നതാണ്. ഇതും അനേകം ഹദീസുകളാല്‍ സ്ഥിരപ്പെട്ടതാണ്.

3. നരകത്തിനു പാത്രങ്ങളാകാത്ത പല കുറ്റങ്ങളും ചെയ്തിട്ടുള്ള പാപി കളും എന്നാല്‍ സ്വഹീഹ് ആയ ഈമാനോട് കൂടി മരിച്ചിട്ടുള്ളവരെ നരകശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാനായി നമ്മുടെ നബിയും പിന്നെ അല്ലാഹു അനുവാദം നല്‍കുന്ന മറ്റുള്ളവരും ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഇതും ഹദീസുകളില്‍ സ്ഥിരപ്പെട്ടതാകുന്നു.

4. നരകത്തില്‍ പ്രവേശിച്ചിട്ടുള്ള സത്യവിശ്വാസികളായ പാപികളെ അതില്‍ നിന്നു മോചിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ നബിയും മറ്റു നബിമാരും മലക്കുകളും ആ നരകവാസികളുടെ സഹോദരന്മാരായ സത്യവിശ്വാ സികളും ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഈ ശഫാഅത്തുകളെ കൊണ്ട് നരകത്തില്‍ നിന്ന് മോചനം ലഭിച്ചവരുടെ ശേഷം നരകത്തിലുള്ള സത്യവിശ്വാസികളെ അല്ലാഹു അവന്‍റെ കാരുണ്യത്താല്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. പിന്നെ അവിശ്വാ സികള്‍ മാത്രമേ നരകത്തില്‍ നിത്യവാസികളായിരിക്കുകയുള്ളൂ. ഈ നാലാമത്തെ വക ശഫാഅത്തും (അഥവാ ഈ ശഫാഅത്തിലെ സിംഹഭാഗവും) ഒന്നാമത്തെ عظمى ﺷﻔﺎﻋﺔ -യും അത് നബി?മിന്ന് പ്ര ത്യേകമുള്ളതാണെന്നും സ്വഹീഹായ അനേകം ഹദീസുകളാല്‍ സ്ഥിര പ്പെട്ടതാണ്.

5. സ്വര്‍ഗത്തിലെ പദവികള്‍ കൂടുതലാക്കികൊടുക്കുവാന്‍ വേണ്ടി ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഇമാം സുബ്കി പറയുന്നു: ഇങ്ങനെ ക്വാളി ഇയാദും മറ്റും പ്രസ്താവിച്ചിരിക്കുന്നു. മുഅ്തസിലതും ഇതിനെ നിഷേധിക്കുന്നില്ല. (സുബ്കിയുടെ السقام ﺷﻔﺎء പേജ് 124-125 നോക്കുക.)

3. മൂന്നാം ചോദ്യത്തില്‍ പറയുന്ന ആയത്തുകളുടെ അര്‍ത്ഥങ്ങള്‍

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ – سبأ: ٢٣

ആര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നുവോ അവര്‍ക്കൊഴികെ അവന്‍റെയ ടുക്കല്‍ ശുപാര്‍ശ ഫലം ചെയ്യുകയില്ല. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ക്ക് ഭയത്തിനു പരിഹാരം ലഭിക്കുമ്പോള്‍ സന്തോഷിച്ചുകൊണ്ട് അവര്‍ അന്യോന്യം ചോദിക്കുന്നതാകുന്നു നിങ്ങളുടെ നാഥന്‍ എന്ത് പറഞ്ഞു? അവര്‍ അന്യോന്യം തന്നെ മറുപടി പറയുന്നതാണ്: സത്യമായ വചനം പ റഞ്ഞു (അവന്‍ ശുപാര്‍ശ ചെയ്യുവാന്‍ അനുവാദം നല്‍കി) അവനാകുന്നു ഉത്തമനും മഹാനും.

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا – مريم: ٨٧

അവര്‍ (ജനങ്ങള്‍) ശുപാര്‍ശയെ ഉടമയാക്കിയില്ല (ഉടമപ്പെടുത്തിയിട്ടില്ല). (അവര്‍ക്ക് ശഫാഅത്ത് ലഭിക്കയില്ല.) പരമ കാരുണികന്‍റെയടുക്കല്‍ ഒരു കരാറിനെ സ്ഥാപിച്ചിട്ടുള്ളവര്‍ ആരോ അവര്‍ ഒഴികെ. അതായത് لا إله إلا الله എന്ന പരിശുദ്ധമായ സാക്ഷ്യവചനം അല്ലാഹുവിന്‍റെ അടുക്കല്‍ നിക്ഷേപിച്ചിരിക്കുന്നത് ആരാകുന്നുവോ, ശിര്‍ക്ക് പറ്റെ ഉപേക്ഷിച്ച് യഥാര്‍ഥമായ സത്യവിശ്വാസം ആര്‍ കൈവരുത്തിയിരിക്കുന്നുവോ അവരൊ ഴികെ. എന്നുവെച്ചാല്‍ അവര്‍ക്കു മാത്രമേ ശഫാഅത്ത് ലഭിക്കുകയുള്ളൂ. അവര്‍ മാത്രമേ ശഫാഅത്ത് ചെയ്യുവാന്‍ അര്‍ഹരാകയുള്ളൂ.

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ – الزخرف: ٨٦

അവിശ്വാസികള്‍ അവനെ -അല്ലാഹുവിനെ- കൂടാതെ ആരെ പ്രാര്‍ ഥിക്കുന്നുവോ അവര്‍ ആര്‍ക്കും ശുപാര്‍ശ ചെയ്യുവാന്‍ കഴിവുള്ളവരല്ല. അറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ ഒഴികെ. അതായത് لا إله إلا الله എന്ന സത്യമായ പരിശുദ്ധ വാചകം ശരിയായി അറിഞ്ഞ് അതിന് ആര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നുവോ അവര്‍ (ഈസാ, ഉസൈര്‍, മലക്കുകള്‍ മുതലായ സ്വാലിഹീങ്ങള്‍ ഒഴികെ) സത്യവിശ്വാസി കള്‍ക്ക് ശുപാര്‍ശ ചെയ്യും.

എന്നാല്‍ ഈ മൂന്ന് ആയത്തുകളിലും ശഫാആത്ത് എന്ന ആ സമഷ്ടി യായ ശുപാര്‍ശ ആര്‍ക്ക് ലഭിക്കണമെങ്കിലും, ആര്‍ അത് ചെയ്യുവാന്‍ കഴിവുള്ളവരാകണമെങ്കിലും, അതായത് അതിന് അവര്‍ക്ക് അനുവാദം ലഭിക്കണമെങ്കിലും അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കരാര്‍ – സത്യവി ശ്വാസം – സ്ഥാപിച്ചിട്ടുള്ളവരായിരിക്കണം. ആ തരക്കാര്‍ക്കേ ശഫാഅത്ത് ചെയ്യുവാന്‍ അനുവാദം ലഭിക്കയുള്ളൂ. അവര്‍ക്ക് മാത്രമേ ശഫാഅത്ത് കിട്ടുകയുള്ളൂ. അങ്ങനെ അനുവാദം ലഭിച്ചിട്ടുള്ളവര്‍ക്കേ ശഫാഅത്ത് ഫലം ചെയ്യുകയുള്ളൂ എന്ന് മൊത്തമായി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇങ്ങനെയുള്ള ആയത്തുകളെകൊണ്ട് ഉദ്ദേശിച്ചിട്ടുള്ള ശഫാഅത്തുകളുടെ (വകതിരിച്ചുള്ള വിവരണം) ആകുന്നു നബി? ഹദീസുകളെ കൊണ്ട് വിവരിച്ചിരിക്കുന്നത്. ആ ഹദീസുകളുടെ സാരാംശമായി നമ്മുടെ ഉലമാഅ് വിവരിച്ചതിനെയാണ് രണ്ടാം ചോദ്യത്തിന്‍റെ മറുപടിയില്‍ നാം പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമ്മുടെ നബി?യും ഈസാ?, മറ്റു നബിമാര്‍ ഉസൈര്‍ ? മലക്കുകള്‍ മറ്റു സ്വാലിഹുകള്‍ ഇവര്‍ക്കെല്ലാം ശഫാഅത്തിന് അര്‍ഹത യുണ്ടെന്നുവെച്ച് നമുക്ക് ശഫാഅത്ത് ചെയ്യുവാനായി ഇപ്പോള്‍ നാം അവരോട് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ദീനില്‍ അനുവാദം തന്നിട്ടില്ല. തന്നെയുമല്ല, നാം സ്വഹീഹായ ഈമാനോടുകൂടി, ഒട്ടും ശിര്‍ക്ക് കൂടാതെ മരിച്ചെങ്കില്‍ മാത്രമേ നമുക്ക് വേണ്ടി ശഫാഅത്ത് ചെയ്യുവാന്‍ അവര്‍ക്ക് അല്ലാഹു അനു വാദം കൊടുക്കുകയുള്ളൂ. ഇങ്ങനെ നമുക്ക് വേണ്ടി അവര്‍ ശഫാഅത്ത് ചെയ്യുന്നതിനെ അല്ലാഹു പൊരുത്തപ്പെട്ടെങ്കില്‍ മത്രമേ അവര്‍ നമുക്ക് ശഫാഅത്ത് ചെയ്യുകയുള്ളൂ എന്നാണ് وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ (മലക്കുകള്‍) ശഫാഅത്ത് ചെയ്യുകയില്ല. (അല്‍അമ്പിയാഅ്: 28) എന്ന ക്വുര്‍ആന്‍ വചനം വെളിപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ മരണം സ്വഹീഹായ ഈമാനോടുകൂടി തന്നെ ആകുമോ ഇല്ലയോ എന്ന കാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. നാമോ അവരോ അറിയുന്നതല്ല. അതിനാല്‍ നാം അവരോട് ഈ കാര്യത്തില്‍ അപേക്ഷ ചെയ്യുന്നതിന്ന് ഇപ്പോള്‍ നിവൃത്തിയില്ല. നാം അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്യുവാനേ നിവൃത്തിയുള്ളൂ.

اللهم ارزقنا شفاعة نبينا وسيدنا محمد صلى الله عليه وسلّم وعبادك الصالحين

4. നാലാം ചോദ്യത്തിന്‍റെ മറുപടി ഈ മൂന്ന് മറുപടികളില്‍ നിന്നും കൂടി ശരിയായി വെളിപ്പെട്ടിരിക്കയാല്‍ അത് പ്രത്യേകമായി എഴുതേണ്ടതായ ആവശ്യം ഇല്ലല്ലോ. അല്ലാഹു നമ്മെ എല്ലാവരേയും നേര്‍വഴിയില്‍ നടത്തി രക്ഷിക്കട്ടെ. നമുക്കെല്ലാവര്‍ക്കും ശഫീഅ് ആയ മുഹമ്മദ് നബി?യുടെയും മറ്റു നബിമാര്‍, മലക്കുകള്‍, സിദ്ദീക്വീങ്ങള്‍, ശുഹദാഅ് മുതലായ എല്ലാ സ്വാലിഹുകളുടേയും ശഫാഅത്ത് ലഭിക്കുവാന്‍ തക്കവണ്ണം അല്ലാഹു അവന്‍റെ പൊരുത്തം നമുക്കെല്ലാവര്‍ക്കും പ്രദാനം ചെയ്യട്ടെ. ആമീന്‍. (അല്‍മുര്‍ശിദ് 1355 جمادى الاول (പേജ്: 31-34))

കെ. എം മൗലവി

സുന്നത്ത് എന്നാലെന്ത്?

സുന്നത്ത് എന്നാലെന്ത്?

“സുന്നത്ത്” എന്നാല്‍, ഭാഷയില്‍ മാര്‍ഗ്ഗം-അഥവാ നടപടി എന്നര്‍ത്ഥം. നല്ലമാര്‍ഗ്ഗമായാലും ചീത്തമാര്‍ഗ്ഗമായാലും ഭാഷയില്‍ വ്യത്യാസമില്ല. “ആരെങ്കിലും ഒരു നല്ല സുന്നത്തു നടപ്പിലാക്കിയാല്‍ അവന്നു അതിന്‍റെ പ്രതിഫലവും, ഖിയാമത്തു നാള്‍വരെ അതുപ്രകാരം പ്രവര്‍ത്തിച്ചവരുടെ പ്രതിഫലവും ഉണ്ടായിരിക്കും. ഒരാള്‍ ഒരു ചീത്ത സുന്നത്തു നടപ്പാക്കിയാല്‍ അവന്നു അതിന്‍റെ കുറ്റവും, ഖിയാമത്തു നാള്‍വരെ അതു പ്രകാരം പ്രവര്‍ത്തിച്ചവരുടെ കുറ്റവും ഉണ്ടായിരിക്കും” (മുസ്ലിം) എന്നുള്ള നബി വചനവും, നിങ്ങള്‍ മുമ്പുള്ളവരുടെ സുന്നത്തുകളെ ചാണിന്നു ചാണായും, മുഴത്തിനുമുഴമായും പിന്‍പറ്റുക തന്നെ ചെയ്യും.” (ബുഖാരി: മുസ്ലിം) എന്നുള്ള നബിവചനവും ഈ അര്‍ത്ഥത്തിലാകുന്നു.

ഹദീസു പണ്ഡിതന്‍മാര്‍ സ്വീകരിച്ച സാങ്കേതികാര്‍ത്ഥത്തില്‍, നബി(സ) തിരുമേനിയുടെ വാക്ക്, പ്രവൃത്തി, സ്ഥിരീകരണം (അംഗീകരണം), പ്രകൃതിപരമോ സ്വഭാവപരമോ ആയ ഗുണവിശേഷം, ജീവിതചര്യ എന്നിവയെപ്പറ്റി ഉദ്ധരിക്കപ്പെടുന്നതെല്ലാം (1) സുന്നത്തില്‍ ഉള്‍പ്പെടുന്നു. ചില പണ്ഡിതന്‍മാരുടെ അടുക്കല്‍, “ഹദീസും”, “സുന്നത്തും” പര്യാ പദങ്ങളത്രെ. ഉസ്വൂലിന്‍റെ (ഇസ്ലാമിലെ കര്‍മ്മശാസ്ത്ര നിദാനത്തിന്‍റെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന സാങ്കേതികാര്‍ത്ഥത്തില്‍, നബി(ﷺ)യുടെ വാക്കും, പ്രവൃത്തിയും, സ്ഥിരീകരണവുമാണ് സുന്നത്ത്. (2) (മിക്കപ്പോഴും “ഹദീസും” ഈ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്നു.)

“നിശ്ചയമായും, കര്‍മ്മങ്ങള്‍ ഉദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമായിരിക്കും” (ബു:മു.) എന്നതു പോലെയുള്ള ഹദീസുകള്‍ വാഗ്മൂലമുള്ള സുന്നത്തും (3), നമസ്കാരം, ഹജ്ജ്, നോമ്പ് മുതലായ ആരാധനാ കര്‍മ്മങ്ങളിലും മറ്റും നബി(ﷺ) അനുഷ്ഠിച്ചതായി പ്രസ്താവിക്കുന്ന ഹദീസുകള്‍ പ്രവൃത്തിമൂലമുള്ള സുന്നത്തും (4) ആകുന്നു. സഹാബികളില്‍ നിന്നുണ്ടാകുന്ന വല്ല പ്രവൃത്തിയെക്കുറിച്ചും നബി(ﷺ)ക്ക് അതൃപ്തിയില്ലെന്നോ, അല്ലെങ്കില്‍ തൃപ്തിയുണ്ടെന്നോ മനസ്സിലാക്കുന്ന വിധം അവിടുന്നു മൗനം അവലംബിക്കുമ്പോള്‍ അതു അംഗീകരണ രൂപത്തിലുള്ള സുന്നത്താകുന്നു. (5) ബനൂഖുറൈള: (6) യു്ദധമുണ്ടായ ദിവസം സഹാബികളോടു നബി(ﷺ) പറയുകയുണ്ടായി: “ബനൂഖുറൈള:യില്‍ വെച്ചല്ലാതെ നിങ്ങളാരും അസര്‍ നമസ്കരിക്കരുത് എന്ന്. ചിലര്‍ ഈ കല്‍പനക്കു അതിന്‍റെ ബാഹ്യത്തിലുള്ള അര്‍ത്ഥം തന്നെ കല്‍പിച്ചു. സൂര്യന്‍ അസ്തമിച്ചിട്ടും അവിടെ എത്തിയ ശേഷമേ അവര്‍ അസര്‍ നമസ്കരിച്ചുള്ളു. ധൃതഗതിയില്‍ അവിടെ എത്തിച്ചേരണമെന്നാണതിന്‍റെ താല്‍പര്യമെന്നും, വഴിമദ്ധ്യേ നമസ്കരിക്കുന്നതിനു വിരോധമില്ലെന്നും വേറെ ചിലര്‍ മനസ്സിലാക്കി. അവര്‍ വഴിയില്‍ വെച്ചു സമയത്തുതന്നെ നമസ്കരിക്കയും ചെയ്തു. രണ്ടു കൂട്ടര്‍ ചെയ്തതും നബി(ﷺ) അറിഞ്ഞു. രണ്ടില്‍ ഒരു കൂട്ടരെയും അവിടുന്നു ആക്ഷേപിക്കയുണ്ടായില്ല. രണ്ടിന്നും മൗനംവഴി അനുമതി നല്‍കുകയാണു ചെയ്തത്.

മേല്‍കണ്ട നിര്‍വചനങ്ങള്‍ക്കു പുറമെ, മതത്തില്‍ അംഗീകൃതമായ തെളിവുമുഖേന സ്ഥാപിതമായ കാര്യം എന്ന അര്‍ത്ഥത്തിലും “സുന്നത്ത്” ഉപയോഗിക്കപ്പെടാറുണ്ട്. തെളിവു ഖുര്‍ആനോ, ഹദീസോ, ഇജ്തിഹാദോ ആകാവുന്നതാണ്. ‘മുസ്ഹഫി’ല്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചതും മറ്റും ഇതിന്നു ഉദാഹരണമാകുന്നു. “എന്‍റെ സുന്നത്തും, എന്‍റെ ശേഷം ഖുലഫാഉ-റാശിദീന്‍റെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുവിന്‍” (അബൂദാവൂദ്; തിര്‍മിദീ) എന്ന നബി വചനത്തില്‍ കാണുന്നതു ഈ അര്‍ത്ഥത്തിലുള്ള സുന്നത്താകുന്നു. (7) നിര്‍ബ്ബന്ധത്തിന്‍റെ നിലക്കല്ലാതെ നബി(സ) യില്‍നിന്നു സ്ഥിരപ്പെട്ട കാര്യം എന്ന അര്‍ത്ഥത്തിലും ഫുഖഹാക്കള്‍ സുന്നത്തു ഉപയോഗിക്കാറുണ്ടു. ‘സുന്നത്തിന്‍റെ ത്വലാഖ് (വിവാഹമോചനം) എന്നും, ‘ബിദ്അത്തിന്‍റെ ത്വലാഖു’ എന്നും പറയപ്പെടുന്നത് ഈ അര്‍ത്ഥത്തിലാകുന്നു.(8)

ഓരോ വിഭാഗക്കാരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ താല്‍പര്യം വ്യത്യസ്ഥമായതാണ് സാങ്കേതികാര്‍ത്ഥങ്ങള്‍ ഇങ്ങിനെ വ്യത്യസ്ഥ രീതിയില്‍ വരുവാന്‍ കാരണമായത്. ഉസ്വൂലിന്‍റെ പണ്ഡിതന്‍മാരുടെ സാങ്കേതികാര്‍ത്ഥത്തിലത്രെ നാം ഈ ഗ്രന്ഥത്തില്‍ മിക്കവാറും “സുന്നത്ത്” ഉപയോഗിച്ചിരിക്കുന്നത്. അതിന്‍റെ പ്രമാണിക വശങ്ങളെയും, ശരീഅത്തില്‍ അതിനുള്ള സ്ഥാനത്തെയും കുറിച്ചാണല്ലോ പ്രധാനമായും നമ്മുടെ സംസാരം. എന്നാല്‍, സുന്നത്തിന്‍റെ ചരിത്രപരമായ വശത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍, ഹദീസു പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന വ്യാപകാര്‍ത്ഥത്തിലും നാമതു ഉപയോഗിക്കുന്നതായിരിക്കും.

________________________________________

1) ما أُثِرَ عَنْ النَّبِيِّ- ﷺ- من قول أو فعل أو تقرير أو صفة خَلْقِيَّة أو خُلُقِيَّة أو سيرة

2)قول أو فعل أو تقرير

3) السنة القولية

4) السنة الفعلية

5)السنة التقريرية

6) غزوة بني قريظة

7) الموافقات/ج4

8) إرشاد الفحول ص 31

 

വിവര്‍ത്തനം: മുഹമ്മദ് അമാനി മൌലവി

 

സന്താനങ്ങളോടുള്ള ബാധ്യതകള്‍

സന്താനങ്ങളോടുള്ള ബാധ്യതകള്‍

സന്താനമോഹം മനുഷ്യസഹജമാണ്. വിവാഹശേഷം വര്‍ഷം രണ്ട്, മൂന്ന് കഴിഞ്ഞിട്ടും മക്കളുണ്ടാകാതെയാകുമ്പോഴേക്ക് വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആളുകളെ കാണാം. തന്‍റെ പിന്‍ഗാമിയും തനിക്കൊരു സഹായിയുമായി തന്‍റെ ഒരു ശേഷിപ്പ് എന്ന നിലയില്‍ സന്താനത്തെ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അതിനായി ലക്ഷങ്ങള്‍ മുടക്കാനും ചികിത്സകള്‍ നടത്താനും മറ്റ് പലതും ചെയ്യാന്‍ മനുഷ്യര്‍ തയ്യാറാകാറുണ്ട്. പലരും ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത് എന്നത് ഒരു വശത്ത് നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്മാരടക്കം സന്താനത്തിനായി കൊതിക്കുകയും സര്‍വ്വശക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്ത പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

സകരിയ്യാ നബി (അ) ജരാനരകള്‍ ബാധിച്ച് അവശതയിലെത്തിയിട്ടും സര്‍വ്വശക്തനായ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് നിരാശ കൂടാതെ നിഷ്കളങ്കമായി പ്രാര്‍ഥിച്ച രംഗം വിശുദ്ധ ക്വിര്‍ആന്‍ വിവരിക്കുന്നുണ്ട്. “നിന്‍റെ നാഥന്‍ തന്‍റെ ദാസന്‍ സകരിയ്യക്ക് ചെയ്ത കാരുണ്യത്തിന്‍റെ അനുസ്മരണമത്രെ ഇത്. അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. തലയാകട്ടെ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ നാഥാ ഞാന്‍ ഒരിക്കലും നിന്നോട് പ്രാര്‍ഥിച്ചിട്ട് പരാജിതനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുജനങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നു എന്‍റെ ഭാര്യയാകട്ടെ വന്ധ്യയുമാണ്. അതിനാല്‍ നിന്‍റെ പക്കല്‍നിന്ന് എനിക്കൊരു പിന്‍ഗാമിയെ പ്രദാന ചെയ്യേണമേ!” (19:1-5)

തന്‍റെ രക്ഷിതാവിന്‍റെ ശക്തി മാഹാത്മ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട മറ്റൊരു സന്ദര്‍ഭത്തിലും അദ്ദേഹം കുറ്റമറ്റ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുന്നത് കാണാം. “അവിടെ വെച്ച് സകരിയ്യ തന്‍റെ നാഥനോട് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് ഉത്തമ സന്താനങ്ങളെ നല്‍കേണമേ. നീ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവനല്ലോ” (3:38)

മഹാനായ ഇബ്റാഹീം നബി (അ)യുടെ ചരിത്രത്തിലും സമാനമായ രംഗങ്ങള്‍ കാണാം. ദീര്‍ഘ നാളത്തെ ദാമ്പത്യ ജീവിതത്തില്‍ മക്കളില്ലാതെയായിട്ടും നിരാശനാകാതെ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. ക്വുര്‍ആന്‍ പറയുന്നു. “എന്‍റെ നാഥാ! സദ്’വ്യത്തരില്‍പെട്ട (ഒരു മകനെ) എനിക്ക് തന്നരുളേണമേ! (37:100)

സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യതിരിക്തതയായിട്ടാണ് ഇതിനെ നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന് ആശ്രയവും സഹായവുമാവശ്യമായതിനാല്‍ സന്താനത്തിനായി കൊതിക്കുന്നു. സന്താന സൗഭാഗ്യമില്ലാതിരിക്കല്‍ ഒരു ന്യൂനതയായി ഗണിക്കുന്നു. ചിലര്‍ അതില്‍ നിരാശരായി ആത്മഹത്യ വരെ ചെയ്യുന്നു! എന്നാല്‍ സ്രഷ്ടാവാകട്ടെ അവന്‍ ആശ്രയമുക്തനാണ്. സന്താനമുണ്ടാവുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയാണ്. ദൈവപുത്ര വാദത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അല്ലാഹു പറയുന്നത് കാണുക. “പരമകാരുണ്യകന്‍ ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഏറെ ഗുരുതരമായ ഒരു കാര്യമാണ് നിങ്ങള്‍ ആരോപിച്ചിരിക്കുന്നത്. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിക്കീറുകയും ഭൂമി പിളര്‍ന്ന് പോവുകയും മലകള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകുന്നു. (അതെ) പരമകാരുണ്യകന് പുത്രനുണ്ടെന്ന് വാദിച്ചതുമൂലം! ഒരു പുത്രനെ വരിക്കുകയെന്നത് പരമകാരുണ്യകന് ചേര്‍ന്നതേയല്ല.” (19:88-92)

യഥാര്‍ഥ ദൈവത്തെ പരിചയപ്പെടുത്തിക്കൊണ്ട് ക്വുര്‍ആന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. “പറയുക: അവന്‍ അല്ലാഹു, ഏകനാണ്. അല്ലാഹു പരാശ്രയമുക്തനാണ്, സര്‍വരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്‍ (ആരുടെയും സന്താനമായി) ജനിച്ചിട്ടില്ല. അവന്‍ (സന്താനത്തെ) ജനിപ്പിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല.” (112:1-4)

ലൈംഗികത പാപമല്ല

മനുഷ്യന്‍റെ പ്രത്യുല്‍പാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം ലൈംഗിക ബന്ധമാണ്. കേവലം വികാര ശമനത്തിനുള്ള ഒരു വഴി മാത്രമായിട്ടല്ല അതിനെ ഇസ്ലാം കാണുന്നത്. ലൈംഗികതയിലെ അധാര്‍മികതയെ സബന്ധിച്ച് ശക്തമായി ബോധവല്‍കരിക്കുന്നതോടൊപ്പം അതിലെ ധാര്‍മിക വശങ്ങള്‍ പഠിപ്പിക്കുന്ന ഒട്ടനവധി വചനങ്ങളും നബി (ﷺ)യുടെ അധ്യാപനങ്ങളില്‍ കാണാം.

നബി (ﷺ) പറഞ്ഞു: “നിങ്ങള്‍ ഇണകളുമയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലും നിങ്ങള്‍ക്ക് പുണ്യമുണ്ട്”. അനുചരന്മാര്‍ ചോദിച്ചു: “പ്രവാചകരേ, ഞങ്ങളിലൊരാള്‍ തന്‍റെ ലൈംഗിക ദാഹം ശമിപ്പിക്കുന്ന ഭാര്യാ-ഭര്‍തൃ ബന്ധത്തിലും പുണ്യമുണ്ടെന്നോ?!”. അവിടുന്ന് പറഞ്ഞു: “അയാള്‍ അത് നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ് ചെയ്യുന്നതെങ്കില്‍ അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? (അതിനു കുറ്റമുണ്ടല്ലോ?) അപ്രകാരം തന്നെ അനുവദനീയമായ മാര്‍ഗത്തിലൂടെ വികാരം ശമിപ്പിക്കുമ്പോള്‍ അതിന് അയാള്‍ക്ക് പ്രതിഫലമുണ്ട്”. (മുസ്ലിം)

ആദ്യകാലങ്ങളില്‍ റമദാനിന്‍റെ രാത്രികളില്‍ ഭാര്യഭര്‍തൃ ബന്ധം പാപമായി ഗണിച്ചിരുന്നു. വ്രതാനുഷ്ഠാനത്തിന്‍റെ പവിത്രതക്ക് നിരക്കാത്ത അപരാധമായി അതിനെ കാണുകയും സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്ന അവസ്ഥാ വിശേഷം വരെയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തം അവതരിക്കുന്നത്. “വ്രതകാല രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. (ഭാര്യാ സമ്പര്‍ക്കം നിഷിദ്ധമായി കരുതികൊണ്ട്) നിങ്ങള്‍ സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും നിങ്ങളോട് ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുകയും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ളത് തേടുകയും ചെയ്തുകൊള്ളുക. അപ്രകാരംതന്നെ, രാവിന്‍റെ കറുപ്പുനൂലുകളില്‍നിന്ന് പ്രഭാതത്തിന്‍റെ വെള്ളനൂല്‍ തെളിഞ്ഞു കാണുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നീട് രാവുവരെ വ്രതം പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജന)മിരിക്കുമ്പോള്‍ അവരുമായി സംസര്‍ഗം ചെയ്യരുത്. അവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനാല്‍ നിങ്ങള്‍ അവയോട് അടുക്കരുത്. ഇപ്രകാരം അല്ലാഹു അവന്‍റെ വിധികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍” (2:187)

മക്കള്‍ അപമാനമോ?

സന്താനമോഹം മനുഷ്യ സഹജമാണെന്നും സന്താന സൗഭാഗ്യത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു എന്നതുമൊക്കെ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ സന്താനത്തിനായി ഗര്‍ഭം ധരിച്ചുപോയാല്‍ അതില്‍ വല്ലാതെ വിഷമിക്കുന്ന ദമ്പതിമാരേയും കാണാം. എത്രയോ പേര്‍ തന്‍റെ ആ പിന്‍ഗാമിയുടെ ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ഭ്രൂണാവസ്ഥിയിലുള്ള ആ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊന്നുകളയുന്നതിനുവേണ്ടി രഹസ്യമായി ഡോക്ടര്‍മാരെ സമീപിക്കുന്നു! ‘അബോര്‍ഷന്‍’ എന്ന ഓമനപ്പേരില്‍ ആ ശിശുഹത്യയേയും കൊലപാതകത്തേയും സമൂഹം വെള്ളപൂശാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും തന്‍റെ ഈ കൊടും ക്രൂരതക്ക് സ്രഷ്ടാവിന്‍റെ മുമ്പില്‍ നാളെ താന്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നത് അത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അപമാനമോ ദാരിദ്രമോ ഭയന്നുകൊണ്ട് സന്താനത്തെ വധിച്ചിരുന്ന അജ്ഞാനകാലത്തെ കാടത്തത്തിനെതിരെ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനും വളരാനുമുള്ള അവകാശം വകവെച്ചുകൊടുത്തുകൊണ്ട് ശക്തമായി ശബ്ദിച്ച ക്വുര്‍ആനിക സൂക്തങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്. “ദാരിദ്ര്യ ഭയത്താല്‍ നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ കൊല്ലരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. തീര്‍ച്ചയായും അവരെ കൊല്ലുന്നത് ഒരു മഹാപാപമാകുന്നു” (17:31)

ജനിക്കാരിക്കുന്ന കുഞ്ഞിനെക്കൊണ്ട് യാതൊരു ഉപകാരവുമുണ്ടാവുകയില്ല എന്ന് കാലേ വിധിയെഴുതുന്ന ചിലരുടെ രീതി ശരിയല്ല. തങ്ങളുടെ മാതാപിതാക്കളും ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവരില്‍ പലരും ജനിക്കുമായിരുന്നില്ല എന്ന യാഥാര്‍ഥ്യം പോലും വിസ്മരിക്കപ്പെടുകയാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ നല്‍കുന്ന വിലപോലും മനുഷ്യകുഞ്ഞിന് ഇത്തരക്കാര്‍ കല്‍പിക്കുന്നില്ല എന്ന് തോന്നിക്കും വിധത്തിലാണ് പലരുടെയും ഈ രംഗത്തെ ആക്രോഷങ്ങള്‍. എന്നാല്‍ ഇസ്ലാം സന്താനത്തെ അനുഗ്രഹവും സൗഭാഗ്യവുമായി തന്നെയാണ് കാണുന്നത്.

ചിലപ്പോള്‍ ആഗ്രഹവും ശ്രമവും പ്രാര്‍ഥനയും ഒക്കെയായിട്ടും മക്കള്‍ ഉണ്ടാകാതെയും വരാം. അതും ദൈവത്തിന്‍റെ പരീക്ഷണമായി കാണാന്‍ വിശ്വാസിക്ക് സാധിക്കണം. ചിലര്‍ അത്തരം ഘട്ടങ്ങളില്‍ മാഹാന്മാരായ പ്രാവചകന്മാരുടെ വിശുദ്ധപാതയും മാതൃകകളും കയ്യൊഴിഞ്ഞ് സ്രഷ്ടാവായ അല്ലാഹു അങ്ങേയറ്റം വെറുക്കുകയും ശക്തിയായി വിലക്കുകയും ചെയ്ത ബഹുദൈവാരാധനയുടെയും നന്ദികേടിന്‍റെയും വഴികളിലേക്ക് വഴുതിപ്പോകാറുണ്ട്. ഇത് ഗൗരവമായി കണ്ട് കൊണ്ട് അത്തരം പൈശാചിക ദുര്‍ബോധനങ്ങളില്‍പെട്ടു പോകാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രത കൈകൊള്ളേണ്ടത് അനിവാര്യമാണ്. ശരിയായ ഏകദൈവ വിശ്വാസവും പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിബദ്ധതയും വിശ്വാസികളില്‍ പ്രകടമാകേണ്ട ഒരു രംഗം കൂടിയാണിത്.

സന്താനങ്ങളുടെ കാര്യത്തില്‍ വേറെ നിലക്കും ദൈവിക പരീക്ഷണങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് ശേഷം 8,9 മാസം ചര്‍ദിയും പ്രയാസങ്ങളും വേദനകളുമൊക്കെ സഹിച്ച് അവസാനം കുട്ടി മരണപ്പെടുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അവിടെയും സമാധാനിച്ച് അവന്‍റെ അളവറ്റ കാരുണ്യവും പ്രതിഫലവും പ്രതീക്ഷിച്ച് മനസ്സിനെ പതറാതെ പിടിച്ച് നിര്‍ത്താന്‍ കഴിയുമ്പോഴാണ് ആ പരീക്ഷണക്കളരിയില്‍ വിജയം വരിക്കാന്‍ സാധിക്കുക. അവിടെയും നമുക്ക് ആശ്വാസമേകുന്ന താങ്ങായി നബി(ﷺ)യുടെ അധ്യാപനങ്ങളുണ്ട്.

അബൂഹസ്സന്‍ (റ) പറയുന്നു. എന്‍റെ രണ്ട് മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടു. അങ്ങനെ പ്രവാചക അദ്ധ്യാപനങ്ങളില്‍ വ്യുല്‍പ്പത്തി നേടിയ മഹാനായ അബൂഹുറൈയ്റ (റ) നെ കണ്ട് ഞാന്‍ ചോദിച്ചു: “ഞങ്ങളുടെ മരണപ്പെട്ട മക്കളുടെ കാര്യത്തില്‍ ഞങ്ങളുടെ മനസ്സിന് ആശ്വാസമേകുന്ന വല്ലതും താങ്കള്‍ നബി (ﷺ) യില്‍ കേട്ടിട്ടുണ്ടോ?’. അദ്ദേഹം പറഞ്ഞു: ‘അതെ, ചെറുപ്രായത്തില്‍ മരണപ്പെടുന്ന നിങ്ങളുടെ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ സ്വൈരവിഹാരം നടത്തുന്ന ഭാഗ്യവാന്മാരാണ്. അവര്‍ തന്‍റെ മാതാപിതാക്കളെ കണ്ടുമുട്ടിയാല്‍ അവരുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നതാണ്. അങ്ങനെ അല്ലാഹു അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അവരെ ആരും തടയുകയില്ല. (മുസ്ലിം, അഹ്മദ്)

ഇത്തരത്തിലുള്ള വേറെയും നിരവധി ഹദീഥുകള്‍ ഉണ്ട്. ഗര്‍ഭകാലത്തെ പ്രയാസങ്ങളും വിഷമതകളും സഹിക്കുന്നതും ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം മഹത്തായ പ്രതിഫലത്തിന് അര്‍ഹമാക്കുന്ന സംഗതിയാണ്.

പ്രസവ ശേഷം തങ്ങള്‍ ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടിയല്ല, പെണ്‍കുട്ടിയായിപ്പോയി എങ്കില്‍ അതിന്‍റെ പേരില്‍ വഴക്കടിക്കുകയും രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും പെണ്ണായതിന്‍റെ പേരില്‍ വിവാഹ മോചനം വരെ കാര്യങ്ങളെത്തുന്ന സ്ഥിതി വിശേഷവും ഈ ആധുനിക സമൂഹത്തിലുമുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചിലര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് മുന്‍കൂട്ടി ലിംഗ നിര്‍ണയ ടെസ്റ്റും നടത്തി ഗര്‍ഭസ്ഥ ശിശുവിന്‍റെ ജനിക്കാനുള്ള അവകാശവും അവസരവും നിഷേധിക്കാറുണ്ട്. അല്ലാഹുവിന്‍റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ ദേഷ്യവും വെറുപ്പും നേടാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കുക.

അല്ലാഹു പറയുന്നു: “അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വ്വശക്തനുമാകുന്നു.” (42:49,50)

ഈ വചനത്തില്‍ പെണ്‍മക്കളെ ആദ്യം പറഞ്ഞത് ശ്രദ്ധേയമാണ്. പലതും ആഗ്രഹിക്കുന്നതിന് വിപരീതമായി അല്ലാഹുവിന്‍റെ തീരുമാനമാണ് ഇക്കാര്യത്തിലും ആത്യന്തികമായി സംഭവിക്കുക എന്ന സൂചനയാണ് നല്‍കുന്നത്. ആധുനിക സമൂഹത്തിലെ പെണ്‍ഭ്രൂണഹത്യയുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന അജ്ഞാന (ജാഹിലിയ്യാ) കാലത്തെ വികല ധാരണകളെ ഇസ്ലാം മാറ്റിത്തിരുത്തിയ ചരിത്രം സുവിധിതമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക. “അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍ കോപത്താല്‍ അവന്‍റെ മുഖം കറുത്തിരുളും. അവന്ന് സന്തോഷവാര്‍ത്ത ലഭിച്ച ആ കാര്യത്തിലുള്ള അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിച്ചുകളയുന്നു. അവജ്ഞയോടെ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കണമോ, അതല്ല (ജീവനോടെ) അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു). നോക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം!” (16:58,59)

ആ സമൂഹത്തെ പരിവര്‍ത്തിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (ﷺ) പറയുന്നത് കാണുക. “ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയും പക്വതയുമാകുന്നത് വരെ പോറ്റിവളര്‍ത്തിയാല്‍ ഞാനും അയാളും അന്ത്യദിനത്തില്‍ ഇതേപോലെ സന്തത സഹചാരികളായിരിക്കും എന്ന് പറഞ്ഞിട്ട് അവിടുത്തെ രണ്ടു വിരലുകള്‍ ചേര്‍ത്തുപിടിച്ചു കാണിച്ചു.” (മുസ്ലിം, തിര്‍മിദി)

നവജാത ശിശുവും ഇസ്ലാമിക മര്യാദകളും

ഗര്‍ഭ ധാരണം മുതല്‍ പ്രസവം വരെ പ്രത്യേകമായ ഒരു ചടങ്ങും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. ഗര്‍ഭ കാലത്ത് സ്ത്രീക്ക് ശരിയായ പരിരക്ഷയും ശുശ്രൂഷയും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മന:സ്സമാധാനം അതില്‍ ഏറെ പ്രധാനമാണ്. വിവാഹമോചിതയാണെങ്കില്‍ പോലും അവരെ സംരക്ഷിക്കുവാന്‍ ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു. “(ഇദ്ദവേളയില്‍) നിങ്ങളുടെ കഴിവിനൊത്തവിധം നിങ്ങള്‍ താമസിക്കുന്നിടത്തു തന്നെ അവരെ താമസിപ്പിക്കണം. അവര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍വേണ്ടി നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കേണ്ടതാകുന്നു. എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി (ശിശുവിന്) അവര്‍ മുലകൊടുക്കുന്നുവെങ്കില്‍, അവരുടെ വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍. (വേതനകാര്യം) നിങ്ങള്‍ അന്യോന്യം നല്ല നിലയില്‍ കൂടിയാലോചിച്ച് തീരുമാനിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുല കൊടുക്കുകയുക് ചെയ്യട്ടെ.” (65:6)

സുഖപ്രസവത്തിനായി സര്‍വ്വക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അതിന് പ്രത്യേകം നന്ദി പ്രകടിപ്പിക്കാനും വിശ്വാസികള്‍ ബാധ്യസ്തരാണ്. പക്ഷെ, പലയാളുകളും സുഖകരമായി പ്രസവമൊക്കെ കഴിഞ്ഞാല്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിനു പകരം അങ്ങേയറ്റം നന്ദികെട്ട ബഹുദൈവാരാധനയുടെ വഴികളാണ് സ്വീകരിക്കാറുള്ളത്. അങ്ങനെ വ്യാജ ദൈവങ്ങള്‍ക്കും ബഹുദൈവാരാധനയുടെ മറ്റ് കേന്ദ്രങ്ങളിലേക്കും നന്ദി സൂചകമായി തീര്‍ഥാടനങ്ങളും വഴിപാടുകളും അര്‍പ്പിക്കുന്നത് കാണാം. അല്ലാഹു പറയുന്നത് കാണുക. “ഒരൊറ്റ ശരീരത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും അവനുണ്ടാക്കി. അവളില്‍ അവന്‍ ആശ്വാസം കൊള്ളുന്നതിനുവേണ്ടി. അങ്ങനെ അവന്‍ അവളെ പുണര്‍ന്നപ്പോള്‍ അവള്‍ ലഘുവായ ഒരു ഗര്‍ഭം ധരിച്ചു. അതുമായി അവള്‍ നടന്നു. പിന്നീട് അതു ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ നല്ലൊരു സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ അവര്‍ക്കൊരു നല്ല (സന്താനത്തെ) നല്‍കിയപ്പോള്‍ അവന്‍ അവര്‍ക്ക് നല്‍കിയ (ഔദാര്യത്തിലും കാരുണ്യത്തിലും) പങ്കാളികളെ ചേര്‍ത്തു. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതനായിരിക്കുന്നു.” (7:189,190)

സന്താന സൗഭാഗ്യം നല്‍കിയ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടും കുഞ്ഞുങ്ങളുടെ നന്മ ലക്ഷ്യമാക്കിയും ചില പ്രത്യേക കര്‍മങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.

1. ബാങ്കുവിളിയും മധുരം നല്‍കലും

നവജാത ശിശുവിന്‍റെ ചെവിയില്‍ ദൈവിക കീര്‍ത്തനം വിളംബരം ചെയ്യുന്ന ബാങ്കിന്‍റെ വചനങ്ങള്‍ ഉരുവിടുന്ന രീതി ഇസ്ലാമിക സമൂഹത്തില്‍ സച്ചരിതരായ മുന്‍ഗാമികള്‍ മുതല്‍ തുടര്‍ന്ന് പോരുന്ന സമ്പ്രദായമാണ്. തദ്വിഷയകമായുദ്ധരിക്കപ്പെടുന്ന പ്രവാചക വചനത്തിന്‍റെ പ്രബലതയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും സച്ചരിതരായ പൂര്‍വ്വികരുടെ മാതൃകയുള്ളതിനാല്‍ അതിനെ അനാചാരമായി ഗണിക്കുക സാധ്യമല്ല. എന്നാല്‍ ബാങ്കിനു പുറമെ ഇഖാമത്തുകൂടി പറയുന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്. അതിനാല്‍ അത് ഇസ്ലാമിക രീതിയായി കാണാവതല്ല.

കുട്ടി ജനിച്ച സന്തോഷത്താല്‍ മിഠായി വിതരണം ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ലെങ്കിലും തെറ്റു എന്നു പറയാന്‍ പറ്റില്ല. മറിച്ച് ഇസ്ലാം അനുവധിക്കുന്ന നാട്ടുനടപ്പുകളുടെ പട്ടികയിലാണ് അത് വരിക. എന്നാല്‍ ജന്മദിനങ്ങളില്‍ അത് ആവര്‍ത്തിക്കുകയും ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കലും അനിസ്ലാമിക സംസ്കാരമാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ അവ കയ്യൊഴിക്കേണ്ടതാണ്.

നവജാത ശിശുവിന് മധുരം തൊട്ടുകൊടുക്കുന്ന രീതി ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി (ﷺ) യുടെ അനുചരന്മാര്‍ പ്രവാചക സന്നിധിയില്‍ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന് അത് ചെയ്ത പല സംഭവങ്ങളും കാണാം. എന്നാല്‍ നബി(ﷺ)യുടെ കാലശേഷം അത്തരം ഒരു കര്‍മ്മത്തിനായി അവിടുത്തെ സ്വാഹാബികളോ സച്ചരിതായ മറ്റു പൂര്‍വ്വികരോ ആരേയും സമീപ്പിച്ചിരുന്നില്ല. അഥവാ നബി(ﷺ)യുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രത്യേക കര്‍മമായിട്ടാണ് സലഫുകള്‍ അതിനെ കണ്ടിരുന്നത് എന്ന് സാരം. അതിനാല്‍ മധുരം നല്‍കാനും ചോറ് ഊട്ടാനും പ്രത്യേക സ്ഥലങ്ങളിലേക്കും ആളുകളുടെ അടുക്കലേക്കും കൊണ്ടുപോകുന്നത് ഇസ്ലാമികമല്ല.

2. പേരിടല്‍

നല്ല അര്‍ഥമുള്ള പേരുകള്‍ കാലേകൂട്ടി കണ്ടുവെച്ച് കുട്ടി ജനിച്ച ദിവസം തന്നെ പേര് വിളിക്കുന്നതാണ് ഉത്തമം. അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏഴാം ദിവസത്തിലോ മറ്റോ പേര് വിളിക്കാം. എന്നാല്‍ പേര് വിളിക്കാനും ചോറുകൊടുക്കാനുമൊക്കെ പ്രത്യേക സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ ഇസ്ലാമികമല്ല. നബി(ﷺ)യുടെ അനുചരന്മാരടക്കമുള്ള പൂര്‍വ്വികരായ സച്ചരിതരില്‍ അത്തരം മാതൃക കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള അന്യമത സംസ്കാരങ്ങള്‍ വിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്.

പേരും പേര് വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ ബന്ധവും സ്വാധീനവും ഉള്ളതുകൊണ്ടാകാം മോശപ്പെട്ട പലപേരുകളും നബി(ﷺ) തിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മകന് മോശമായ പേരാണ് വിളിച്ചത് എന്നതിന്‍റെ പേരില്‍ ഒരു പിതാവിനെതിരില്‍ വന്ന പരാതിയുമായി ബന്ധപ്പെട്ട് ഉമര്‍ (റ) അയാളെ ശാസിച്ച സംഭവവും ചരിത്രത്തില്‍ കാണാം.

3. മുടി കളയലും മൃഗത്തെ അറുക്കലും

നവജാത ശിശുവിന്‍റെ തലമുടി നീക്കുവാനു സന്താന സൗഭാഗ്യത്തിന് അനുഗ്രഹിച്ച അല്ലാഹുവിന് നന്ദിരേഖപ്പെടുത്തികൊണ്ട് മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യുവാനും ഇസ്ലാം നിര്‍ദേശിക്കുന്നു. സാധിക്കുമെങ്കില്‍ ഇത് കുട്ടി ജനിച്ചതിന്‍റെ ഏഴാം ദിവസമാകലാണ് ഉത്തമം. അല്ലെങ്കില്‍ സൗകര്യപ്പെടുന്ന മറ്റ് ഏത് ദിവസങ്ങളിലുമാകാം. മുടിയുടെ തൂക്കത്തിന് തുല്ല്യമായി വെള്ളി ദാനം ചെയ്യാനും നബി(ﷺ) നിര്‍ദേശിച്ചിട്ടുണ്ട്.

4. ചേലാകര്‍മം

ശുദ്ധ പ്രകൃതിയുടെ ഭാഗമായി ലിംഗാഗ്രചര്‍മം ഛേദിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ചേലാകര്‍മത്തിന്‍റെ ഗുണഫലങ്ങള്‍ ഇന്ന് സര്‍വ്വാംഗീകൃതമായി മാറിയിട്ടുണ്ട്. ലിംഗചര്‍മത്തിനടിയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള മാലിന്യങ്ങളില്‍ നിന്ന് ശുദ്ധി നല്‍കുകയും ഒട്ടനവധി രോഗങ്ങളില്‍ നിന്നും ലൈംഗിക പ്രശ്നങ്ങളില്‍ നിന്നും ചേലാകര്‍മം സുരക്ഷിതത്വം നല്‍കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

5. മുലയൂട്ടല്‍

കുഞ്ഞിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോദ ശേഷിക്കും ഏറെ സഹായകമായ പോഷക ഗുണങ്ങളടങ്ങിയ ഒരമൂല്യ വസ്തുവാണ് അമ്മയുടെ മുലപ്പാല്‍. ദൈവികദാനമായ ആ മുലപ്പാല്‍ മക്കളുടെ അവകാശമാണ്. സൗന്ദര്യ പ്രശ്നത്തിന്‍റെയും മറ്റും പേരില്‍ അവ മക്കള്‍ക്ക് നിഷേധിക്കുമ്പോള്‍ ഒട്ടനവധി സാമൂഹ്യ പ്രശ്നങ്ങളും അപകടങ്ങളും അതിലൂടെ വന്ന് ചേരുന്നു. സ്നേഹവും കാരുണ്യവുമില്ലാത്ത മാതൃ-ശിശുബന്ധവും ആരോഗ്യമില്ലാത്ത സന്താനങ്ങളും അതിലൂടെ സമൂഹത്തില്‍ ഉണ്ടാകുന്നു. മാത്രമല്ല സ്തനാര്‍ബുദത്തിന് അതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും മാതാപിതാക്കള്‍ മക്കളുടെ ഈ അവകാശം പൂര്‍ത്തീകരിച്ചു കൊടുക്കുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ ഉദ്ബോധിപ്പിച്ചു. അല്ലാഹു പറയുന്നു: “മാതാക്കള്‍ അവരുടെ ശിശുക്കള്‍ക്ക് രണ്ടുവര്‍ഷം പൂര്‍ണമായും മുലയുട്ടേണ്ടതാകുന്നു. (ശിശുവിന്‍റെ) മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലയൂട്ടുന്ന മാതാക്കള്‍ക്ക്) മാന്യമായ രീതിയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത പിതാവിനാകുന്നു. എന്നാല്‍ ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ (ബാധ്യത) ചുമത്താവതല്ല. ഒരു മാതാവും അവളുടെ ശിശുകാരണമായി ദ്രോഹിക്കപ്പെടരുത്. ഒരു പിതാവും അവന്‍റെ ശിശുകാരണമായും (ദ്രോഹിക്കപ്പെടരുത്). (പിതാവിന്‍റെ അഭാവത്തില്‍ അയാളുടെ) അനന്തരവകാശികള്‍ക്കും (ശിശുവിന്‍റെ കാര്യത്തില്‍) അതുപോലെയുള്ള ബാധ്യതകളുണ്ട്. എന്നാല്‍ ഇരുകൂട്ടരും ഉഭയസമ്മതത്തോടെ, പരസ്പരം കൂടിയാലോചിച്ച് മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും കുറ്റമൊന്നുമില്ല. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റൊരാളെക്കൊണ്ട്) മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതങ്കില്‍ അതിനും കുറ്റമൊന്നുമില്ല. അവര്‍ക്ക് നിശ്ചയിച്ച (വേതനം) മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്തും അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുവിന്‍”. (2:233)

6. സ്നേഹ പ്രകടനവും ലാളനയും

മക്കളോട് സ്നേഹമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരാ. അത് പ്രകടിപ്പിക്കാനും ശ്രദ്ധിക്കണം. അവരെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊത്ത് കളിയിലും മാന്യമായ വിനോദത്തിലുമൊക്കെ സമയം ചെലവഴിക്കാനും കഴിയേണ്ടതുണ്ട്. മക്കളുടെ മാനസിക വികാസത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹ-വാത്സല്യങ്ങളുടെ ആത്മ ബന്ധത്തിനുമൊക്കെ അത് അനിവാര്യമാണ്. വളരെയേറെ തിരക്കും സാമൂഹ്യ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും മുഹമ്മദ് നബി (ﷺ) കുട്ടികളോടൊത്ത് സ്നേഹം പങ്കുവെക്കുവാനും കളിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നത് ആധുനിക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തിരക്കിന്‍റെ പേരില്‍ ബാധ്യതകളും ജീവിതം തന്നെയും മറക്കുന്ന ആധുനിക സമൂഹത്തിന് ജീവിതപ്പാച്ചിലിനിടയില്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റുള്ളവരില്‍ നിന്നും അതുപോലുള്ളത് തിരിച്ചു കിട്ടുകയുള്ളൂവെന്നാണ് നബി (ﷺ) പഠിപ്പിച്ചത്.

എന്നാല്‍ ഇതിന്‍റെയൊക്കെ നേരെ വിപരീതമായ മറ്റൊരു വശവും ആധുനിക സമൂഹത്തില്‍ നമുക്ക് കാണാം. കുട്ടികളെ അമിതമായി ലാളിച്ചും കൊഞ്ചിച്ചും പറ്റെ വഷളാക്കുന്ന രീതിയും ഏറെ അപകടകരമാണ്. ശാസനയും ഉപദേശവും ഒന്നും വേണ്ടിടത്ത് നല്‍കാതെ തെറ്റുകള്‍ തിരുത്താനും നന്മയിലേക്ക് നയിക്കാനും ഏറ്റവും കൂടുതല്‍ ബാധ്യസ്തരായ മാതാപിതാക്കള്‍ അതില്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ വാസ്തവത്തില്‍ സമൂഹത്തിനാകെ ആ സന്താനങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. തെമ്മാടികളും ദുര്‍മാര്‍ഗികളുമായി പല ദുശ്ശീലങ്ങള്‍ക്കുമടിമപ്പെട്ട് അവര്‍ വളരുമ്പോള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി മാറുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവിടെയും മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി (ﷺ)യുടെ ജീവിതത്തില്‍ നമുക്ക് മാതൃകയുണ്ട്.

ഒരിക്കല്‍ മദീനത്തെ പള്ളിയുടെ മൂലയില്‍ സക്കാത്തിന്‍റെ വിഹിതമായി ശേഖരിച്ചിരുന്ന കാരക്കയില്‍ നിന്ന് ഒന്നെടുത്ത് നബി (ﷺ) യുടെ പേരകുട്ടി വായിലിട്ടു. അതു കണ്ട നബി (ﷺ) അതു തുപ്പിക്കളയാന്‍ ആ പിഞ്ചുബാലനോട് പറഞ്ഞിട്ടു ഇപ്രകാരം ഓര്‍മ്മിപ്പിച്ചു. “മോനേ, നിനക്കറിയില്ലേ നമുക്ക് അത് ഭക്ഷിക്കാന്‍ പാടില്ലെന്ന്? നിശ്ചയം അത് (സകാത്ത് മുതല്‍) മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും അനുവദനീയമല്ല.” (ബുഖാരി, മുസ്ലിം)

മറ്റൊരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാന്യമല്ലാത്ത രീതി സ്വീകരിച്ച കുട്ടിയോട് വാത്സല്യത്തോട് നബി (ﷺ) ഉപദേശിച്ചു. “മോനേ, അല്ലാഹുവിന്‍റെ നാമത്തില്‍ തുടങ്ങുക. വലതു കൈകൊണ്ട് തിന്നുക. നിന്‍റെ അടുത്ത് നിന്ന് നീ ഭക്ഷിക്കുക.” (ബുഖാരി, മുസ്ലിം) ആ കുട്ടികളൊക്കെ പ്രായമായ ശേഷം നബി(ﷺ)യുടെ ഉപദേശങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സമൂഹത്തെ അത്തരം മര്യാദകള്‍ പഠിപ്പിച്ച നിരവധി സംഭവങ്ങള്‍ ഹദീഥിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

എന്നാല്‍ മക്കളോടൊത്ത് ഭക്ഷണം കഴിക്കുവാനോ സമയം ചെലവഴിക്കുവാനോ ശ്രദ്ധിക്കാത്ത നമ്മില്‍ ഭൂരിഭാഗത്തിനും ഇത്തരം ഉപദേശ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നല്‍കാന്‍ സാധിക്കാറില്ല. മിക്ക മാതാപിതാക്കളും ചിലപ്പോള്‍ തെറ്റുകള്‍ക്കും ദുശ്ശീലങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരായിമാറുന്നു. അല്ലെങ്കില്‍ അനാവശ്യമായ ശകാരങ്ങളും മര്‍ദ്ദനങ്ങളും കൊണ്ട് അവ ഫലപ്രദമല്ലാതാക്കി മാറ്റുന്നു. മര്യാദകളും ധാര്‍മിക വശങ്ങളും ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ നബി(ﷺ) ഉപദേശിച്ചിട്ടുണ്ട്. സ്വന്തം മക്കളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനു പകരം ആ ചുമതല മറ്റുള്ളവരെ ഏല്‍പ്പിച്ച് മക്കളുടെ കുറ്റവും കുറവുകളും മറ്റുള്ളവരുടെ മുമ്പില്‍ നിരത്തി പരാതിപ്പെടുന്ന രീതി ഒട്ടും ഗുണപരമല്ല.

മക്കള്‍ അനുഗ്രഹമെന്ന പോലെ പരീക്ഷണവുമാണ് എന്ന് ക്വുര്‍ആനിക ഉദ്ബോധനം മറക്കാതിരിക്കുക. “തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാതമാകുന്നു. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലമുള്ളത്.” (64:15). അവരുടെ ശാരീരിക വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന നാം അവരുടെ ധാര്‍മികവും സാംസ്കാരികവുമായ അഭിവൃദ്ധിയിലും ശ്രദ്ധയുള്ളവരായിരിക്കണം. പ്രവാചകന്മാരായിരുന്ന സകരിയ്യാ നബി (അ) യും ഇബ്റാഹീം നബി (അ) യുമൊക്കെ സന്താന സൗഭാഗ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചപ്പോള്‍ നല്ല മക്കള്‍ക്കായി പ്രത്യേകം ചോദിച്ചത് കാണാം. കാരണം നല്ല മക്കള്‍ നമുക്ക് അഭിമാനവും ഇരുലോകത്തും ഉപകാരപ്രദവുമാണ്. എന്നാല്‍ ദുര്‍നടപ്പുകാരായ മക്കള്‍ നമുക്ക് അപമാനമായിരിക്കുകയും ചെയ്യും.

7. നീതി പാലിക്കുക

മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കുകയും ചിലരെ മറ്റുചിലരേക്കാള്‍ പ്രത്യേകം സ്നേഹിക്കുകയും അവര്‍ക്ക് പ്രത്യേകമായി പലതും നല്‍കുന്ന വിഭാഗീയത ചിലയാളുകളില്‍ കാണാറുണ്ട്. അത് ഗുരുതരമായ കുറ്റവും ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള അവിവേകപൂര്‍വ്വമായ പ്രവര്‍ത്തിയുമാണ്. തന്‍റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം പ്രത്യേകമായി ദാനം നല്‍കിയ ഒരു സ്വഹാബിയെ നബി (ﷺ) ശക്തമായി ശാസിക്കുകയും മക്കള്‍ക്കിടയില്‍ തുല്യതയോടെ പെരുമാറാന്‍ ഉപദേശിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഒരുപക്ഷേ നമ്മള്‍ കാര്യമായി പരിഗണിച്ച് അര്‍ഹവും അനര്‍ഹവുമായ രീതിയിലൊക്കെ വാരിക്കോരി കൊടുത്ത മക്കള്‍ നമുക്ക് ഉപദ്രവകാരിയായി മാറിയേക്കാം. പിന്നീടത് നമുക്ക് ഖേദത്തിനിടയാക്കുകയും ചെയ്തേക്കാം. അനന്തരവകാശ സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് തന്നെ അല്ലാഹു ഇക്കാര്യം ഉണര്‍ത്തിയത് ശ്രദ്ധേയമാണ്.

“നിങ്ങളിലെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (4:11)

8. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക

മക്കള്‍ ആവശ്യപ്പെടുന്ന എല്ലാം നമുക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും അവരുടെ അത്യാവശ്യങ്ങളും അവസ്ഥകളും കണ്ടറിയാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി പഠനം പോലുള്ള കാര്യങ്ങളില്‍ കഴിവുണ്ടായിട്ടും ശ്രദ്ധിക്കാതിരിക്കല്‍ കുറ്റകരമായ വീഴ്ചയാണ്. നബി (ﷺ) പറയുന്നു: “തന്‍റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്ന തന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്” (മുസ്ലിം അബൂദാവൂദ്)

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്‍റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്.” (മുസ്ലിം)

9. സമ്പാദിച്ചു കൊടുക്കുക

അനന്തരവകാശികള്‍ക്ക് ഒന്നും ബാക്കിവെക്കാതെ എല്ലാം ചെലവാക്കുന്ന കുത്തഴിഞ്ഞ ഉപഭോഗ സംസ്കാരത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. മക്കളെയും കുടുംബത്തെയും പട്ടിണിക്കിട്ടുകൊണ്ട് ആളുകളെ കയ്യടിയും ‘ഗുഡ് സര്‍ട്ടിഫിക്കറ്റും’ നേടാനായി സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലും ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ഇസ്ലാം നന്മയായി കാണുന്നില്ല.

രോഗാവസ്ഥയിലായിരിക്കെ തന്‍റെ സ്വത്ത് മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കട്ടെയോ എന്ന് അന്വേഷിച്ച സഅ്ദ് (റ) നോട് നബി (ﷺ) ‘വേണ്ട’ എന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ? എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി (ﷺ) ശേഷം പറഞ്ഞു. ‘തീര്‍ച്ചയായും നീ നിന്‍റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം’ (ബുഖാരി, മുസ്ലിം)

എന്നാല്‍ ന്യായ-അന്യായങ്ങള്‍ ഒന്നും നോക്കാതെ നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദ്യം കൊഴുപ്പിക്കുന്നതിനെ അതിശക്തമായി നബി (ﷺ) വിലക്കിയിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: “നിഷിദ്ധമാര്‍ഗത്തിലൂടെ വളരുന്ന മാംസത്തിന് നരകാഗ്നിയാണ് ഏറ്റവും അര്‍ഹം.” (തിര്‍മിദി)

10. വിശ്വാസവും ആദര്‍ശവും പഠിപ്പിക്കുക

ഈ ലോകത്തും നാളെ മരണാനന്തര ജീവിതത്തിലും ഉപകാരപ്രദമായ സമ്പാദ്യമായി മക്കള്‍ മാറണമെങ്കില്‍ അവരുടെ ധാര്‍മിക വിദ്യാഭ്യാസത്തെകുറിച്ച് രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അടിയുറച്ച ദൈവ വിശ്വാസവും പരലോക ബോധവും അവരില്‍ കരുപിടിപ്പിക്കുവാന്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മെ ഒരു ഭാരമായിക്കണ്ട് തെരുവില്‍ തള്ളുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്‍റെ മുമ്പിലും എതിരാളികളായി മക്കള്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയില്ലാതിരിക്കാന്‍ അത് അനിവാര്യമാണ്. ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ഒരു മാതൃകാ പുരുഷനായ ലുഖ്മാന്‍ (അ) തന്‍റെ മകന് നല്‍കുന്ന സാരോപദേശങ്ങള്‍ ശ്രദ്ധേയമാണ്. “ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: എന്‍റെ കുഞ്ഞേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അവനില്‍ പങ്കു ചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” “എന്‍റെ കുഞ്ഞുമോനേ, നമസ്കാരത്തെ (കൃത്യമായി) നിലനിറുത്തുക. നന്മയെ അനുശാസിക്കുകയും നിഷിദ്ധകാര്യത്തെ വിലക്കുകയും ചെയ്യുക. നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ സഹനം കൈകൊള്ളുകയും ചെയ്യുക. ഇത് കാര്യങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍പെട്ടതുതന്നെയാണ്. നീ ആളുകളില്‍ നിന്ന് മുഖം തിര്‍ച്ചു സംസാരിക്കരുത്. ഭൂമിയില്‍ പൊങ്ങച്ചത്തില്‍ നടക്കുകയും അരുത്. തീര്‍ച്ചയായും വമ്പുപറയുന്ന ഡംഭന്മാരെ ഒരുത്തനെയും അല്ലാഹു സ്നേഹിക്കുന്നില്ല. നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അരോചകമായത് കഴുതയുടെ ശബ്ദമത്രെ.” (31:13, 16-19)

പ്രവാചകന്മാരായ ഇബ്റാഹീം (അ) യഅ്ഖൂബ് (അ) മുതലായവര്‍ മക്കള്‍ക്ക് നല്‍കിയ സാരോപദേശങ്ങളില്‍ പ്രധാനപ്പെട്ടവ ക്വുര്‍ആന്‍ എടുത്തു കാണിക്കുന്നത് കാണുക: “ഇതേ ജീവിതമാര്‍ഗം തന്നെ ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഉപദേശിച്ചു: എന്‍റെ മക്കളേ, അല്ലാഹു ഈ ‘ദീന്‍’ നിങ്ങള്‍ക്ക് വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. ആകയാല്‍ മുസ്ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. അല്ല, യഅ്ഖൂബ് ആസന്നമരണനായിരിക്കെ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്‍റെ മക്കളോട് ചോദിച്ചു: എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക. അവര്‍ പറഞ്ഞു: അങ്ങയുടെ ആരാധ്യനായ, അങ്ങയുടെ പിതാക്കളായ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരുമാകും.” (2:132-133)

നമ്മുടെ സന്താനങ്ങളെ ഇരുലോകത്തും ഉപകാരപ്പെടുന്ന അഭിമാനകരമായ സമ്പാദ്യമാക്കി മാറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!

 

മുഹമ്മദ് ശമീർ മദീനി

 

അബൂത്വാലിബ് താഴ്‌വരയിലെ മൂന്ന് വർഷങ്ങൾ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനേഴ്

അബൂത്വാലിബ് താഴ്‌വരയിലെ മൂന്ന് വർഷങ്ങൾ! ثلاثة أعوام في شعب أبي طالب!

ഒരു തരത്തിലുള്ള വീട്ടുതടങ്കലിലാണല്ലോ നാമുള്ളത്. നിരവധി പ്രയാസങ്ങൾ അതുമൂലം നമുക്കുണ്ട്. എന്നാൽ നമ്മുടെ നേതാവായ റസൂൽ (സ) നേരിട്ട ഒരു തുറന്ന തടവുണ്ടായിട്ടുണ്ട് ചരിത്രത്തിൽ . അബൂ ത്വാലിബ് താഴ് വരയിൽ. ഒരു മാസമല്ല! മൂന്നു വർഷം. പ്രസ്തുത ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് ഈ ഒരവസ്ഥയിൽ നന്നാവും എന്ന് തോന്നുന്നു.

നബി (സ) യുടെ പ്രബോധനം ശക്തിപ്രാപിക്കുകയും ഉമർ (റ) ഹംസ (റ) എന്നിവർ മുസ്ലിം ആവുകയും ചെയ്തു. മുശ്രിക്കുകൾ ആകെ ഇളകി വശായി. പ്രവാചകനെ ഇനിയും വെച്ചു കൂടാ. എങ്ങനെയെങ്കിലും വക വരുത്തിയേ തീരൂ .അവർ ബനൂ കിനാനയുടെ വാസസ്ഥലത്ത് ഒരുമിച്ചുകൂടി .ബനൂ ഹാഷിം ബനു
ൽ മുത്വലിബ് എന്നീ ഗോത്രങ്ങളുമായി നിസ്സഹകരണം പ്രഖ്യാപിച്ചു.
അവരുമായി വിവാഹബന്ധം പാടില്ല, അവർക്ക് സാധനങ്ങൾ വിൽക്കാൻ പാടില്ല.അവരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പാടില്ല, അവരുമായി സഹകരിക്കുത് , സംസാരിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു. പ്രവാചകനെ വധിക്കുന്നതുവരേക്കും ഇതിൽ യാതൊരു മാറ്റവുമില്ല. ഒരു കരുണയും അവരോട് കാണിക്കേണ്ടതില്ല. ഈയൊരു കരാർ എഴുതി അവർ കഅബയുടെ ഉള്ളിൽ ചുമരിൽ തൂക്കിയിട്ടു.

അങ്ങിനെ പ്രവാചക നിയോഗത്തിന്റെ ഏഴാം വർഷം മുഹറം മാസത്തിലെ ആദ്യത്തിൽ നബി (സ)യും കുടുംബാംഗങ്ങളും (ബനൂ ഹാഷിം, ബനുൽ മുത്വലിബ് ) അബൂതാലിബ് താഴ്വരയിൽ തടവിലാക്കപ്പെട്ടു . അവിടേക്ക് ഭക്ഷണങ്ങൾ കൊണ്ടുപോകുന്നത് ഖുറൈശികൾ നിരോധിച്ചു. നബി (സ)കുടുംബങ്ങളും ഇലയും തോലും വരെ ഭക്ഷിക്കേണ്ട സ്ഥിതിവന്നു. വിശപ്പും ദാഹവും മൂലം സ്ത്രീകളുടേയും കുട്ടികളുടേയും ആർത്തനാദം താഴ്വരയിൽ നിന്ന് ഉയർന്നു. എപ്പോഴെങ്കിലും അല്പം വസ്തുക്കൾ അവിടേക്കെത്തി .അതും വളരെ രഹസ്യമായി .യുദ്ധം പാടില്ലാത്ത മാസങ്ങളിൽ മാത്രമായിരുന്നു അവർ താഴ്‌വര വിട്ട് ഇറങ്ങിയിരുന്നത്.

നബി (സ) ക്കും കുടുംബത്തിനും ചിലർ രഹസ്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുന്നത് അബൂജഹൽ അറിഞ്ഞപ്പോൾ അയാൾ അത് വിലക്കിയ ചരിത്രവും നമുക്ക് കാണാം

മൂന്നുവർഷക്കാലം പ്രവാചകനും കുടുംബവും അവിടെ കഴിഞ്ഞു. പൂർണമായ ഒറ്റപ്പെടൽ. തന്റെ കുടുംബക്കാർ , തന്റെ നാട്ടുകാർ ,തന്നെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ എല്ലാവരും കൈയൊഴിഞ്ഞു. പച്ചിലകൾ തിന്നു വിഷപ്പു ശമിപ്പിച്ചു. എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാം? അല്ലാഹുവിന്റെ ദീനിന് വേണ്ടി . ആരാണ് ഇത് സഹിക്കുന്നത് ? ലോകത്തുള്ള മനുഷ്യരിൽ ഏറ്റവും ഉത്തമനായ പ്രവാചകനാണ് ഇത് സഹിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ വിശ്വാസികൾ ആയിട്ടുള്ള ആദ്യ മുസ്ലിമീങ്ങളും !

അവസാനം കുറൈശികളുടെ ഭാഗത്തു നിന്നു തന്നെ ഈ കരാർ ലംഘിക്കുന്ന അവസ്ഥയുണ്ടായി. ഹിഷാം ,സുഹൈർ, അദിയ്യ് എന്നിവരടങ്ങുന്ന സംഘം ഈ കരാർ തകർക്കാർ പ്ലാൻ ചെയ്തു. അവർ മുശ്രിക്കുകൾ തന്നെയായിരുന്നു. കഅ്ബയുടെമേൽ തൂക്കിയിരുന്ന ആ കരാർ പിച്ചിച്ചീന്താൻ അവർ തീരുമാനിച്ചു.
അബൂജഹ്ൽ അതിനെ എതിർക്കാൻ നോക്കിയെങ്കിലും നടന്നില്ല. കൃത്യമായ പ്ലാനിങ്ങോ കൂടി അവർ അത് നിർവഹിക്കാൻ തീരുമാനിച്ചു. അതിനിടെ നബി (സ) അബൂത്വാലിബിനോട് ഒരു കാര്യം പറഞ്ഞിരുന്നു. ആ കരാറിൽ അല്ലാഹുവിന്റെ നാമം അല്ലാത്ത എല്ലാം ചിതൽ തിന്നിട്ടുണ്ടാകും! ഈ വിവരം അബൂത്വാലിബ് ഖുറൈശികളെ ധരിപ്പിച്ചു. അത് ശരിയാണോ എന്ന് പരിശോധിക്കാൻ അവർ ചെന്നു. ആ സന്ദർഭത്തിൽ “ബിസ്മിക അല്ലാഹുമ്മ ” എന്ന എഴുത്തു മാത്രം ബാക്കിയാക്കി ബാക്കിയെല്ലാം ചിതൽ നശിപ്പിച്ചിരുന്നു !
അങ്ങനെ ആ ഉപരോധം അവസാനിച്ചു!
അവർ ആ മലഞ്ചെരുവിൽ നിന്ന് പുറത്തുവന്നു .

വീടുകളിൽ തടവിലാക്കപ്പെട്ട ഈ ഒരവസ്ഥയിൽ മൂന്നുവർഷക്കാലം പ്രവാചകൻ സഹിച്ച പ്രയാസത്തിന്റെയും സഹനത്തിന്റെയും ചരിത്രം നമുക്ക് ഊർജ്ജം നൽകാതിരിക്കില്ല.
യാത്രാ സ്വാതന്ത്ര്യമടക്കമുള്ള ചില സ്വാതന്ത്ര്യങ്ങൾ മാത്രം പരിമിതമായ തോതിൽ തടയപ്പെട്ടപ്പോഴേക്കും നമുക്കുണ്ടാവുന്ന പ്രയാസമെത്രയാണ്! എന്നാൽ മക്കയുടെ കൊടും ചൂടിൽ മര്യാദക്ക് താമസ സൗകര്യം പോലുമില്ലാതെ ഭക്ഷണം തടയപ്പെട്ട് യാത്രാസൗകര്യം തടയപ്പെട്ട് അവർ കഴിച്ചു കൂട്ടിയ മൂന്നു വർഷം! വല്ലാത്ത ചരിത്രം!
صلى الله عليه وسلم

നബി (സ) യുടെ നാമങ്ങൾ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനാറ്

നബി (സ) യുടെ നാമങ്ങൾ أسماء النبي صلى الله عليه وسل

ഇരു ലോകത്തും നമ്മുടെ നേതാവാണ് നബി (സ). അവിടുത്തെ ജീവചരിത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്. നബി (സ) പഠിക്കുമ്പോൾ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് അവിടുത്തെ പേരുകൾ .
നബി(സ) യുടെ പേരുകൾ മറ്റുള്ളവരുടെ പേരുപോലെയല്ല . ഇബ്നുൽ ക്വയ്യിം(റ) പറയുന്നു:
وكلها نعوت ليست أعلاما محضة لمجرد التعريف.بل أسماء مشتقة من صفات قائمة به توجب له المدح والكمال
“കേവലം തിരിച്ചറിയാൻ വേണ്ടി മാത്രമുള്ള പേരുകളല്ല പ്രവാചകന്റേത്. അത് വിശേഷണങ്ങൾ ആണ്. പൂർണതയും പ്രശംസയും അനിവാര്യമായും ഉണ്ടാവുന്ന ചില വിശേഷണങ്ങളിൽ നിന്ന് നിർദ്ധരിച്ചെടുത്തവയാണവ. “
(زاد المعاد 1/86 )

ക്വുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട പ്രവാചകന്റെ പേരുകളും അവയുടെ ആശയവും രഹസ്യങ്ങളുമാണ് ഇനി പരിശോധിക്കുന്നത്.
1-محمد
നബി (സ) യുടെ നാമങ്ങളിൽ ഏറ്റവും പ്രസിദ്ധവും മുൻ വേദങ്ങളിൽ പരാമർശിക്കപ്പെട്ട നാമവുമാണിത്. ഈ പേരിൽ ഒരു അദ്ധ്യായം ക്വുർആനിലുണ്ട്. നാലു തവണ ഈ പേര് പറയപ്പെട്ടിട്ടുണ്ട്. (ആലു ഇംറാൻ : 144 , അഹ്സാബ്: 40, മുഹമ്മദ് : 2,ഫത്ഹ് : 2 ) നാലും മദനീ ആയത്തുകളാണ്!
എന്തുകൊണ്ടാണ്محمد എന്ന പേര് കിട്ടിയത് ? എന്താണതിന്റെ തൽപര്യം? ഇബ്നുൽ ക്വയ്യിം(റ) പറയുന്നു:
فمحمد هو الذى كثر حمد الحامدين له مرة بعد أخرى أو الذى يستحق أن يحمد مرة بعد أخرى
ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തിന് സ്തുതി പറയുന്നവരുടെ സ്തുതികൾ അധികരിച്ചിരിക്കുന്നു. അതല്ലെങ്കിൽ, തുടരെത്തുടരെ സ്തുതിക്കപ്പെടാൻ അവകാശപെട്ടവർ അതാണ് മുഹമ്മദ് “
( جلاء ا لأفهام :277)
ഈ പേരാണ് അദ്ദേഹത്തിന് തൗറാത്തിലുള്ളത്. അദ്ദേഹത്തിന്റെയും ഉമ്മത്തിന്റേയും അദ്ദേഹത്തിന്റെ ശരീഅത്തിന്റേയും സ്തുത്യർഹമായ നിരവധി കാര്യങ്ങൾ തൗറാത്തിൽ പരാമർശിക്കപ്പെട്ടതു കൊണ്ടാണത്. എത്രത്തോളമെന്നാൽ മൂസാ നബി (അ) വരെ നബി (സ) ഉമ്മത്തിൽ ഞാനും ഉൾപ്പെട്ടെങ്കിൽ എന്നാഗ്രഹിച്ചു പോയി. (زاد المعاد )
മുഹമ്മദ് എന്ന നാമം അറബികൾക്ക് മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത നാമമാണ്. എന്നാൽ ജാഹിലിയത്തിലെ ചിലരുടെ പേര് മുഹമ്മദ് എന്ന് ചരിത്രത്തിൽ കാണുന്നുണ്ട്. അതിനൊരു കാരണമുണ്ട്. അറബികൾ പല നാടുകളിലേക്കും യാത്ര ചെയ്യുന്നവരായിരുന്നല്ലോ. ആ യാത്രക്കിടയിൽ പല വേദപണ്ഡിതരേയും അവർ കണ്ടുമുട്ടിയിരുന്നു. അറബികൾക്കിടയിൽ നിന്ന് മുഹമ്മദ് എന്ന പേരുള്ള ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട് എന്നവർ പറയുമായിരുന്നു. ഇതു കേട്ട അറബികളിൽ ചിലർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുഹമ്മദ് എന്ന പേര് വച്ചു. പ്രസ്തുത പ്രവാചകൻ തങ്ങളുടെ മകനാവട്ടെ എന്നു വിചാരിച്ച്! (ഫത്ഹുൽ ബാരി : ഹദീസ് :3532 ന്റെ വിശദീകരണം കാണുക)
ശഹാദത്തിലും ബാങ്കിലും സ്വലാത്തിലും ഈ നാമം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത് ഈ നാമത്തിന്റെ പ്രത്യേകതയാണ്.
ഈ പേരു പോലെ തന്നെ, അല്ലാഹുവിന്റെ പക്കലും , മലക്കുകളുടെ അടുക്കലും , ഭൂമിയിലും, പ്രവാചകന്മാരുടെ പക്കലും , എല്ലാം അദ്ദേഹം സ്തുതിക്കപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ കരങ്ങളിലായിരിക്കുംلواء الحمد ഉണ്ടാവുക.المقام المحمودന്റെ ഉടമയും അവിടുന്നു തന്നെ. (جلاء الأفهام)
സാന്ദർഭികമായി ഒരു കാര്യം പറയട്ടെ. ഈ പേര് ഉച്ചരിക്കുന്നതിൽ പലരും അബദ്ധം വരുത്താറുണ്ട്.مهمد എന്നതാണ് പലരും ഉച്ചരിക്കാറ് .ح എന്നത് ه എന്നാക്കി മാറ്റിയാൽ അർഥവ്യത്യാസം സംഭവിക്കും. അതിനാൽمحمد എന്നു തന്നെ പറയണം.
2-أحمد
ക്വുർആനിൽ ഒരു തവണ പറയപ്പെട്ട നാമമാണിത്. ( സ്വഫ് : 6) ഈസാ (അ) നബി (സ)യെ കുറിച്ച് സന്തോഷ വാർത്ത അറിയിക്കുന്നതാണ് ആയത്തിന്റെ സന്ദർഭം. ഈ ആയത്തും മദനിയാണ്.
أحمد الناس لربه
ജനങ്ങളിൽ ഏറ്റവും കൂടുതൽ റബ്ബിനെ സ്തുതിക്കുന്നവൻ എന്നാണതിന്റെ ആശയം.
തൗറാത്തിൽ പ്രവാചകന്റെ പേര് മുഹമ്മദ് എന്നായിട്ടും
ഇവിടെ മുഹമ്മദ് എന്നു പറയാതെ അഹ്മദ് എന്നു പറഞ്ഞത് എന്തുകൊണ്ടാണ് ? ഈ രഹസ്യം ഇബ്നുൽ ക്വയ്യിം(റ) തന്റെ جلاء الأفهامലും زاد المعد ലും വിശദമായി വിവരിച്ചിട്ടുണ്ട്. ചുരുക്കം ഇതാണ് . രണ്ടു പേരുകളും വിശേഷണമാണ്. ഓരോ സമൂഹത്തിനടുക്കലും കൂടുതൽ പ്രസിദ്ധവും പ്രാധാന്യവുമുള്ള കാര്യങ്ങൾ ഉൾകൊണ്ട പേരുകൾ പറഞ്ഞു. മൂസാ നബി (അ) യുടെ സമൂഹം കൂടുതൽ വിജ്ഞാനികളായിരുന്നു. എന്നാൽ ഈസാ (അ) യുടെ സമൂഹത്തിന് കൂടുതൽ ആരാധനകൾ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ സ്തുതിക്കുന്നവൻأحمد എന്നതാണ് അവർക്കിടയിൽ പ്രത്യേകമായത്. മൂസാ നബിയുടെ ഉമ്മത്ത് നബി (സ) സ്തുതിക്കപ്പെടുന്ന കൂടുതൽ കാര്യങ്ങളെ കുറിച്ച് ഗ്രഹിച്ചവരായിരുന്നു. അതുകൊണ്ട് അവരുടെ അടുക്കൽمحمد ( കൂടുതൽ സ്തുതിക്കപ്പെട്ടവൻ)ആയി!
(والله اعلم )
3 -المتوكل
അൽ മുതവക്കിൽ – എന്ന നാമം തൗറാത്തിൽ അല്ലാഹു നബി (സ) ക്ക് നൽകിയ മറ്റൊരു പേരാണ്.
അബ്ദുല്ലാഹ് ബിൻ അംറ് ബിൻ ആസ് (റ) അക്കാര്യം പറയുന്നത് കാണുക.
عَطَاءِ بْنِ يَسَارٍ ، قَالَ : لَقِيتُ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قُلْتُ : أَخْبِرْنِي عَنْ صِفَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي التَّوْرَاةِ. قَالَ : أَجَلْ، وَاللَّهِ إِنَّهُ لَمَوْصُوفٌ فِي التَّوْرَاةِ بِبَعْضِ صِفَتِهِ فِي الْقُرْآنِ : ” يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا، وَحِرْزًا لِلْأُمِّيِّينَ، أَنْتَ عَبْدِي وَرَسُولِي، سَمَّيْتُكَ الْمُتَوَكِّلَ، لَيْسَ بِفَظٍّ وَلَا غَلِيظٍ، وَلَا سَخَّابٍ فِي الْأَسْوَاقِ، وَلَا يَدْفَعُ بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَغْفِرُ، وَلَنْ يَقْبِضَهُ اللَّهُ حَتَّى يُقِيمَ بِهِ الْمِلَّةَ الْعَوْجَاءَ ؛ بِأَنْ يَقُولُوا : لَا إِلَهَ إِلَّا اللَّهُ، وَيَفْتَحُ بِهَا أَعْيُنًا عُمْيًا، وَآذَانًا صُمًّا، وَقُلُوبًا غُلْفًا “
(ബുഖാരി : 2125)
ഇതിൽ ഞാൻ നിനക്ക്المتوكل (ഭരമേൽപ്പിക്കുന്നവൻ) എന്ന് പേരിട്ടിരിക്കുന്നുവെന്ന ഭാഗം കാണം.
4-الماحى
തുടച്ചു നീക്കുന്നവൻ എന്ന അർഥമാണ്الماحى എന്ന നാമത്തിനുള്ളത്. ഭൂലോകത്തു നിന്ന് സത്യനിഷേധത്തെ തുടച്ചുനീക്കുക എന്നതാണ് താൽപര്യം.
5 -الحاشر
ആദ്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നവൻ എന്ന അർഥമാണിതിനുള്ളത്. അവിടുന്നാണല്ലോ ഒന്നാമതായി ക്വബറിൽ നിന്ന് എഴുന്നേൽക്കുന്ന വ്യക്തി.
6-العاقب
അവസാനത്തെയാൾ എന്ന അർഥത്തിലുള്ള നാമമാണിത്. നബി (സ) അവസാനത്തെ പ്രവാചകനാണല്ലോ. ഇനിയൊരു പ്രവാചകൻ ഇല്ല .
ഈ നാമങ്ങൾ എല്ലാം ഉൾകൊണ്ട ഒരു ഹദീസ് കാണുക.

لِي خَمْسَةُ أَسْمَاءٍ : أَنَا مُحَمَّدٌ، وَأَحْمَدُ، وَأَنَا الْمَاحِي الَّذِي يَمْحُو اللَّهُ بِيَ الْكُفْرَ، وَأَنَا الْحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي ، وَأَنَا الْعَاقِبُ “.
(ബുഖാരി : 3532)
പ്രസിദ്ധവും വേദക്കാർക്ക് പരിചിതവുമായ പേരുകളാണിവിടെ അഞ്ചെണ്ണം എണ്ണിയത്. അവ മാത്രം എന്ന അർഥത്തിലല്ല. (ഫത്ഹുൽ ബാരി)

ഇബ്നു ഹജർ (റ) തന്റെ ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ച ചില നാമങ്ങൾ കൂടി കാണുക.
7, الشاهد
8 -المبشر
9 – النذير المبين
10 – الداعي إلى الله
11, السراج المنير
12 – المذكر
13, الرحمة
14-النعمة
15, – الهادي
16 -, الشهيد
17 -, الأمين
18 – المزمل
19 – المدثر “
20 – المختار
21, المصطفى
22 -الشفيع المشفع
23,الصادق المصدوق “
ഇതെല്ലാം നബി (സ) യുടെ വിശേഷണങ്ങൾ അടങ്ങിയ നാമങ്ങളാണ്.
ഇവ ക്വുർആനിലും ഹദീസിലും വ്യത്യസ്ത സന്ദർഭങ്ങളിലായി വന്നവയാണ്.

മുന്നൂറു വരെ എണ്ണിയവരുണ്ട്. അതൊക്കെയും വിശേഷണങ്ങളാണ്.
صلى الله عليه وسلم.

അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

    {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} [المائدة: 3}

: أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} [المائدة: 3] وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ

الكتاب: الزواجر عن اقتراف الكبائر (1/362) ابن حجر الهيتمي(

 “അല്ലാഹുവല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌” (അല്‍ ബഖറ- 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട്  പറയുന്നു:

ഇമാം റാസി  പറയുന്നു: “ഇത് വളരെ ബന്ധപ്പെട്ട ഒരു വാചകമാണ്, ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനോട് വളരെ അനുയോജ്യമായ ആശയമാണ്. പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു: “ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ടൻ) ആയിത്തീർന്നു.” (ഇബ്ൻ ഹജർ ഹൈതമി – അസ്സവാഅജീർ- 1/362)

 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى 

الكتاب: الفتاوى الفقهية الكبرى (4/268 ابن حجر الهيتمي (909 – 974 هـ = 1504 – 1567 م(

നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചേര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ദേശിക്കുന്നത്.

രോഗം പടരുമ്പോൾ, ഈ ചരിത്രം വായിക്കണെ….

രോഗം പടരുമ്പോൾ, ഈ ചരിത്രം വായിക്കണെ….

ഈ കഥ വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. ഇന്നലെകളിൽ ജീവിച്ചവരെക്കുറിച്ചോർത്ത് അഭിമാനം തോന്നി. അവരെത്ര ഭാഗ്യവാന്മാർ!!! അവർ ക്കെങ്ങിനെ ഇത്ര സുന്ദരമായ ജീവിതം നയിക്കാൻ സാധിച്ചു….!!!

┈•✿❁✿•••┈

ഉമർ (റ) ഭരിക്കുന്ന കാലം. സിറിയയിൽ രോഗം പടർന്ന് പിടിക്കുന്ന വിവരം അബൂഉബൈദ (റ) ഖലീഫ ഉമർ (റ) വിനെ അറിയിക്കുന്നു. ആ നാട്ടിലുളള തന്റെ പ്രജകൾ പ്രയാസമനുഭവിക്കുന്ന വിവരം മനസ്സിലാക്കിയ ഖലീഫ ഉമർ (റ) അങ്ങോട്ട് യാത്ര പോകാൻ തീരുമാനിച്ചു. എന്നാൽ ആളുകൾ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു; അവിടേക്ക് ഇപ്പോൾ പോകരുത്. അവരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. അപ്പോഴാണ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നത് നബി (സ്വ) പകർച്ച വ്യാധികൾ ഉളള സ്ഥലത്തേക്ക് പുറത്തുളളവർ പോകരുതെന്നും രോഗം ബാധിച്ച പ്രദേശത്തുളളവർ പുറത്തേക്ക് പോകരുതെന്നും പഠിപ്പിച്ചിട്ടുണ്ട്. (ഹദീസ്) അദ്ദേഹം യാത്ര ഉപേക്ഷിച്ചു…

ഖലീഫ മടങ്ങിയ വിവരം അറിഞ്ഞ സിറിയയിലെ ഗവർണർ ആയിരുന്ന അബൂഉബൈദ (റ) വിന് അൽപം പ്രയാസമുണ്ടായി. അദ്ദേഹം ഖലിഫക്ക് എഴുത്തെഴുതി. “അല്ലാഹുവിന്റെ വിധിയിൽ നിന്ന് താങ്കൾ ഓളിച്ചോടുകയാണോ?” സത്യത്തിൽ ഉമർ (റ) ജനങ്ങളിൽ നിന്ന് ഒളിച്ചോടിയതല്ല. നബി (സ്വ)യുടെ തിരുവചനം കേട്ടപ്പോൾ അതനുസരിച്ചതാണ്.

┈•✿❁✿•••┈

ഉമർ (റ) അബുഉബൈദ (റ) വിന് തിരിച്ചെഴുതി. “ഈ കത്ത് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചതല്ല” ആ വാചകം ഉമർ (റ) പറയാൻ കാരണം, അബൂഉൈബദ (റ) വിനെ അത്രമാത്രം ഇഷ്ടമായിരുന്നു ഖലീഫക്ക്…

മദീനയിലെ തന്റെ സഹോദരങ്ങളുടെ കൂടെ ഇരിക്കുമ്പോൾ ഉമർ (റ) കൂടെയുളളവരോട് ചോദിക്കുന്നുണ്ട്. എന്താണ് നിങ്ങളുടെ ആഗ്രഹം? അതു പറയുക. അവരിൽ പലരും പറഞ്ഞു: നാം ഇരിക്കുന്ന മുറിയിൽ മുഴുവൻ സ്വർണവും വെളളിയും ലഭിച്ചിരുന്നെങ്കിൽ അതെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാമായിരുന്നു. എന്നാൽ ഉമർ (റ) തന്റെ ആഗ്രഹമായി പറഞ്ഞത് ഈ റൂം മുഴുവനും അബൂഉബൈദ (റ) വിനെ പോലെയുളളവരെ ലഭിച്ചിരുന്നെങ്കിൽ ഇസ്ലാമുമായി എനിക്ക് ഒരുപാട് മുന്നോട്ട് പോകാമായിരുന്നു.

┈•✿❁✿•••┈

അങ്ങനെ ഉമർ (റ) സ്നേഹിച്ച വ്യക്തിയാണ് അബൂഉബൈദ (റ) . അതു കൊണ്ടാണ് താങ്കളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് ഉമർ (റ) പറഞ്ഞത്. ഉമർ (റ) അദ്ദേഹത്തോടുളള മറുപടിയിൽ എഴുതി: ഞാൻ അല്ലാഹുവിന്റെ ഒരു വിധിയിൽ നിന്നും മറ്റൊരു വിധിയിലേക്കാണ് പോകുന്നത്. അബൂഉബൈദ (റ) വിന് അത് ബോധ്യമാവുകയും ചെയ്തു.

┈•✿❁✿•••┈

അമീനുൽ ഉമ്മ എന്ന് നബി (സ്വ) വിശേഷിപ്പിച്ച വ്യക്തിയാണ് അബൂ ഉബൈദ (റ). അദ്ദേഹം രോഗം പടർന്ന് പിടിക്കുന്ന നാട്ടിൽ നിൽക്കുന്നത് അപകടമാവുമോ എന്ന് ഉമർ (റ) ചിന്തിച്ചു. കാരണം അദ്ദേഹത്തിന്റെ സേവനം ഇനിയും ഇസ്ലാമിന് വേണം. ഖലീഫ എഴുതിയ കത്തിന്റെ അവസാന ഭാഗത്ത് നേരിട്ടല്ലെങ്കിലും ഇപ്രകാരം അദ്ദേഹം എഴുതി. അബൂഉബൈദാ, എനിക്ക് ചില ആവശ്യങ്ങളുണ്ട്. താങ്കൾ ഈ കത്ത് ലഭിച്ചാൽ മദീനയിലേക്ക് എത്തണം.

┈•✿❁✿•••┈

കത്ത് ലഭിച്ച അബൂഉബൈദ (റ) അത് വായിച്ച ഉടനെ ചിരിച്ചു. കാരണം ഉമർ (റ) എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. അദ്ദേഹം ഖലീഫക്ക് വീണ്ടും കത്തെഴുതി. താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എനിക്ക് മനസ്സിലായി. പക്ഷെ, ഈ നാട്ടുകാരെ വിട്ടു അങ്ങോട്ട് വരുവാൻ എനിക്ക് സാധിക്കില്ല. താങ്കളെന്നോട് ക്ഷമിക്കണം.

മറുപടി ലഭിച്ച ഉടനെ അത് വായിച്ച ശേഷം അദ്ദേഹം കരയാൻ തുടങ്ങി. അനുചരന്മാ൪ ചോദിച്ചു: എന്താണ് അബു ഉബൈദ (റ) വിന് സംഭവിച്ചത്? ഉമ൪ (റ) പറഞ്ഞു: ഇപ്പോൾ ഒന്നും പറ്റിയിട്ടില്ല. പക്ഷെ ഉടനെ തന്നെ സംഭവിക്കാനിരിക്കുന്നു.

┈•✿❁✿•••┈

ഉമ൪ (റ) വിന്റെ നി൪ദേശ പ്രകാരം രോഗം ബാധിച്ചവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റുവാൻ ആരംഭിച്ചു. അത്തരം പ്രവ൪ത്തനങ്ങൾ ഏകോപി ച്ചു കൊണ്ടിരിക്കുമ്പോഴാണ് അബു ഉബൈദ (റ) തന്റെ കുതിരപ്പുറത്ത് നിന്ന് താഴേക്ക് വീഴുന്നത്. അദ്ദേഹത്തിന് കാര്യം മനസ്സിലായി. തന്നെയും രോഗം ബാധിച്ചിരിക്കുന്നു. അദ്ദേഹം തന്റെ പിൻഗാമിയായി മുആദ് ബ്നു ജബൽ (റ) വിനെ തിരഞ്ഞെടുത്തു. പിന്നീടുളള നമസ്കാരത്തിനെല്ലാം മുആദ് ബ്നു ജബൽ (റ) വിന് കൈമാറി.

┈•✿❁✿•••┈

മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന അദ്ദേഹം തന്റെ അനുചരന്മാരോട് നൽകിയ ഉപദേശങ്ങൾ ഇങ്ങനെ വായിക്കാം. ആദം സന്തതികളെ മരണം പിടികൂടും. അരും അതിൽ നിന്ന് ഒഴിവാകുന്നതല്ല. എന്നാൽ ആദം സന്തതികളിൽ ബുദ്ധിയുളളവ൪ നാളേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തിയവരാണ്. (യാത്രാ വിഭവം ഒരുക്കിയവ൪)

┈•✿❁✿•••┈

വളരെ വൈകാതെ അദ്ദേഹം ഈ ലോകത്തോട് വിട പറയുകയും ചെയ്തു. ഉമർ (റ) വാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നുണ്ട്; അല്ലാഹു വാണ് സത്യം, എനിക്ക് ശേഷം അബൂ ഉബൈദ (റ) ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ ഞാൻ എന്റെ പിന്മഗാമിയാക്കുമായിരുന്നു.

അബുബൈദ (റ) വിന് ശേഷം ഭരണം ഏറ്റെടുത്ത മുആദ് ബ്നു ജബൽ (റ) വും അദ്ദേഹത്തിന്റെ കുടുംബവും ഇതേ രോഗം ബാധിച്ചു മരണപ്പെട്ടു എന്നതാണ് ചരിത്രം. പ്രസിദ്ധരായ ധാരാളം സ്വഹാബികൾ ആ പക൪ച്ച വ്യാധിയുടെ കാലത്ത് മരണപ്പെട്ടിട്ടുണ്ട്.

┈•✿❁✿•••┈

രോഗം പട൪ന്നു പന്തലിക്കുന്ന ഈ കാലത്ത് ഈ ചരിത്രത്തിൽ നിന്ന് ധാരാളം പാഠങ്ങളുണ്ട്. രോഗം വന്നാൽ എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കണം, രോഗം പടരുന്നു എന്നു പറയുന്ന സ്ഥലത്തേക്ക് നാം പോകരുത്. രോഗമുളള സ്ഥലങ്ങളിൽ നിന്നും രോഗം ബാധിച്ചവ൪ മറ്റുളള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. രോഗം വന്നാൽ ചികിത്സിക്കണം. പ്രാ൪ത്ഥനകൾ നി൪വഹിക്കണം. അങ്ങനെ ധാരാളം പാഠങ്ങൾ…

┈•✿❁✿•••┈

എല്ലാത്തിനും പുറമെ അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ചും ഉൾക്കൊണ്ടും ജീവിച്ച അവർ നമുക്കെന്നും മാതൃകയാണ്. അവരുടെ മാതൃക പിന്തുടരുക. അല്ലാഹു അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ….

സമീർ മുണ്ടേരി

അഹ് ലൻ റമളാൻ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനഞ്ച്

അഹ് ലൻ റമളാൻ ! أهلا رمضان

വിശുദ്ധ റമളാൻ ആഗതമാവാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിശ്വാസികളുടെ ജീവിതത്തിൽ ലഭിക്കുന്ന മഹാ സൗഭാഗ്യമാണ് റമളാൻ. ജീവിത യാത്രയിൽ വന്നു പോയ അരുതായ്മകൾ അല്ലാഹുവിനോട് മനം നൊന്ത് ഏറ്റുപറയാനും ഈമാനിന്റെ തോത് വർധിപ്പിക്കാനും ഉള്ള അവസരമായാണ് വിശ്വാസികൾ റമളാനിനെ കാണുന്നത്. അത്താഴം, പകലിലെ നോമ്പ്, ജമാഅത്ത് നമസ്കാരങ്ങൾ, ക്വുർആൻ പാരായണം, പഠന ക്ലാസ്സുകൾ, നോമ്പുതുറകൾ , തറാവീഹ്, സ്വദഖകൾ, ഇഅതികാഫ് , ക്വിയാമുലൈൽ … ഇങ്ങനെ റമളാൻ നമുക്ക് നൽകുന്ന മധുരങ്ങൾ അനവധിയാണ്. ഈ ലോക്ഡൗൺ കാലത്ത് ഇതിൽ പലതും എത്രമാത്രം പ്രായോഗികമാവും എന്നത് അറിയില്ല. അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ. (ആമീൻ)

റമളാനിന്റെ വരവോടെ പ്രകൃതിയിൽ തന്നെ ചില അപൂർവ്വതകൾ സംഭവിക്കുന്നുണ്ട്. പുണ്യങ്ങളുടെ പൂക്കാലത്തെ വരവേൽക്കാൻ വാന ഭൂമികൾ തയ്യാറെടുക്കുന്നു എന്നു സാരം.
സ്വർഗ കവാടങ്ങൾ തുറന്നു വെക്കപ്പെടുന്നു , നരകവാതിലുകൾ ബന്ധിക്കപ്പെടുന്നു , പിശാചുക്കളിലെ പോക്കിരികളെ പിടിച്ചു വെക്കപ്പെടുന്നു , നന്മ കൊതിക്കുന്നവരേ കുതിച്ചു വരൂ, തിന്മയുടെ വക്താക്കളേ നിങ്ങൾ ചുരുക്കൂ എന്നിങ്ങനെ വാനലോകത്ത് നിന്ന് മലക്കുകൾ ഉണർത്തിക്കൊണ്ടിരിക്കുന്നു ,…. ഇങ്ങനെ നിരവധി ഒരുക്കങ്ങൾ പ്രകൃതിയിൽ തന്നെ സംഭവിക്കുന്നു. ഇതെല്ലാം റമളാനിൽ മാത്രം! ഈ വിശുദ്ധ മാസം റബ്ബിന്റെയടുക്കൽ എത്രമാത്രം വിശേഷപ്പെട്ടതാണെന്ന് ഇതിൽ നിന്നെല്ലാം ഗ്രഹിക്കാം. റമളാനിന്റെ മഹത്വങ്ങൾ നിരവധിയുണ്ട്. ചിലതിവിടെ കൊടുക്കുന്നു.

1- *വേദ ഗ്രന്ഥങ്ങളുടെ അവതരണ മാസമാണത്.*
ഇബ്രാഹീം നബി (അ)യുടെ ഗ്രന്ഥം , തൗറാത്ത്, ഇൻജീൽ, സമ്പൂർ എന്നിവ ഇറക്കപ്പെട്ടത് റമളാനിലാണ്.
(الألباني ، السلسلة الصحيحة ١٥٧٥ )
ക്വുർആൻ അവതരിച്ചതും റമളാനിലാണ്. (ബകറ : 185)
2- *സ്വർഗ വാതിലുകൾ തുറക്കപ്പെടുന്നു*
الألبانى فى صحيح سنن النسائى حديث رقم (2102)
3 – *നരകവാതിലുകൾ അടക്കപ്പെടുന്നു*
صحيح الجامع حديث رقم (6995)
4- *പിശാചുക്കൾ ബന്ധിക്കപ്പെടുന്നു*
الألبانى فى صحيح سنن النسائى حديث رقم (2102 )
5 – *നന്മകൾ ചെയ്യാനും തിന്മകൾ ചുരുക്കാനും പ്രതിദിനം മലക്കുകൾ വിളിച്ചു പറയുന്നു*
صحيح الترغيب والترهيب حديث رقم (998)
6- *വൻ പാപങ്ങൾ വെടിഞ്ഞാൽ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾക്ക് പരിഹാരമാണ്.*
(مسلم 370)
7 – *റമളാനിലെ ഉംറ ഹജ്ജിന് സമാനം*
(مسلم 2276 )
8- *ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ള ലൈലത്തുൽ ക്വദ്റ് റമളാനിലാണ്*
(ഖദ്റ് : 1-5 , ദുഖാൻ  )
9 – *നബി (സ) ഏറ്റവും ഔദാര്യവാനായി കാണപ്പെട്ടത് റമളാനിലാണ്.*
(ബുഖാരി : 1938)
10 – *ജിബ്രീൽ പ്രവാചകന് ക്വുർആൻ പാഠം നോക്കിയിരുന്നത് റമളാനിലാണ്*
(ബുഖാരി : 1812)
11 – *പ്രവാചകൻ 10 ദിവസം പള്ളിയിൽ ഇഅതികാഫ് ഇരുന്നത് റമളാനിൽ*
(ബുഖാരി : 1938)
12- *പ്രവാചകൻ (സ) രാത്രി നമസ്കാരം സംഘടിതമായി പള്ളിയിൽ വച്ച് നിർവഹിച്ചത് റമളാനിലാണ്.*
(ബുഖാരി : 924)
13- *റമളാനിലെ രാത്രി നമസ്കാരം പാപമോചനത്തിന് കാരണമാണ്*
(ബുഖാരി : 37 )
14 – *റമളാനിലെ വ്രതം പാപ പരിഹാരമാണ്*
(ബുഖാരി : 38 )
15 – *റമളാൻ ബറകത്തുള്ള മാസമാണ്*
(നസാഇ : 2106.صحيح )
16 – *ക്വുർആനിൽ പേരു പരാമർശിക്കപ്പെട്ട മാസം*
(ബകറ : 185)
17 – *റമളാനിലെ എല്ലാ ദിനത്തിലും ഒരു സംഘം ആളുകൾക്ക് നരക മോചനം ലഭിക്കുന്നു.*
(صحيح الترغيب 1001 )
18 – *റമളാൻ ക്ഷമയുടെ മാസമാണ്*
(الألباني ، السلسلة الصحيحة ٢٦٢٣ )

ഇത്രയും പുണ്ണ്യമേറിയ മാസത്തിലേക്കാണ് നാം പ്രവേശിക്കാനിരിക്കുന്നത്. വിശ്വാസം കൊണ്ടും മനസ്സുകൊണ്ടും അല്ലാഹുവിന്റെ ഈ സമ്മാനത്തെ സ്വീകരിക്കാൻ നാം സജ്ജരാവേണ്ടതുണ്ട്.

റമളാൻ വന്നാൽ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. അതിൽ ഏറ്റവും പ്രമുഖം നോമ്പു തന്നെ. നോമ്പ് അതിന്റെ പൂർണ്ണതയോടെ നോറ്റുവീട്ടണമെങ്കിൽ അതിനെ കുറിച്ചുള്ള അറിവ് നമുക്കുണ്ടാവണം. റമളാനിനു മുമ്പ് നോമ്പിനെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാനോ , പ്രഭാഷണങ്ങൾ ശ്രവിക്കാനോ , നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു സൽക്കർമവും ജ്ഞാനത്തോടെ ചെയ്യുമ്പോഴാണ് അബദ്ധങ്ങൾ അന്യം നിൽക്കുക.
അല്ലാമാ സഈദ് അൽ കഹ്ത്വാനി (റ) രചിച്ച
الصيام في الإسلام
എന്ന കൃതി ഈ വിഷയത്തിലെ ഏറ്റവും നല്ല ഗ്രന്ഥങ്ങളിലൊന്നാണ്.

ക്വുർആൻ പാരായണമാണ് മറ്റൊരു കർമ്മം. ചുരുങ്ങിയത് ഒരു തവണയെങ്കിലും ക്വുർആൻ ഓതി തീർക്കണമെന്ന ഉറച്ച തീരുമാനം നമുക്കുണ്ടാവേണ്ടതുണ്ട്. നമ്മുടെ ജോലി എന്തുമാവട്ടെ, നാം എത്ര തിരക്കുള്ളവരുമാവട്ടെ, ഒരു തവണയെങ്കിലും റമളാനിൽ പോലും ക്വുർആൻ ഓതി തീർക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് നമുക്കതിന് സാധിക്കുക?

ജമാഅത്ത് നമസ്കാരങ്ങൾ ഒന്നു പോലും നഷ്ടപെടാതിരിക്കാനുള്ള നിയ്യത്തും ജാഗ്രതയും നമുക്കുണ്ടാവണം. ലോക് ഡൗൺ നീണ്ടാലും വീടുകളിൽ വച്ച് ജമാഅത്തും തറാവീഹും നടക്കണം. അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ.

റമളാൻ ഉറക്കിന്റെ മാസമല്ല. ഉണർവിന്റേയും വിജ്ഞാനത്തിന്റേയും മാസമാണത്. മതത്തെ കുറിച്ചുള്ള ജ്ഞാന പരിസരങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതികൾ നാം ആലോചിക്കുക.

പ്രാർത്ഥനയുടെ മാസമാണല്ലോ റമളാൻ . റബ്ബിലേക്ക് കരങ്ങൾ ധാരാളം ഉയരണം. പ്രത്യേകിച്ചും ഉത്തരം കിട്ടുന്ന സമയങ്ങളിൽ . അത്താഴ സമയം അതിലൊന്നാണ്.

റമളാനിൽ സോഷ്യൽ മീഡിയകൾക്ക് ടൈം ടേബിൾ നിശ്ചയിച്ചില്ലെങ്കിൽ പുണ്യ നിമിഷങ്ങൾ പാഴാവുന്നത് നാം അറിയില്ല.

വയറിനൊപ്പം വായക്കു കൂടി വ്രതമില്ലെങ്കിൽ പട്ടിണി വെറുതെയാവും.

റമളാൻ സൗഭാഗ്യമാണ്. അത് ലഭിച്ചിട്ടും ഉപയോഗിക്കാത്തവനെതിരെ ജിബ്രീൽ പ്രാർത്ഥിക്കുകയും പ്രവാചകൻ (സ) ആമീൻ പറയുകയും ചെയ്തിട്ടുണ്ടല്ലോ.
(തിർമിദി: 3545صحيح)

മുമ്പ്‌ മരണപ്പെട്ട രക്തസാക്ഷിയേക്കാൾ ഒരു വേള മുമ്പിലെത്താൻ ഒരു വർഷത്തെ റമളാൻ കൊണ്ട് സാധിക്കും എന്നു വരെ പ്രവാചകൻ (സ) പഠിപ്പിച്ചത്
(الألباني ، صحيح ابن ماجه ٣١٨٥
നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇഅതികാഫിനും ക്വിയാമുലൈലിനുമുള്ള ആഗ്രഹം നമ്മൾ സൂക്ഷിക്കുക. സാഹചര്യം പ്രതികൂലമായാലും ആഗ്രഹിച്ചതിന്റെ പുണ്യം നമുക്ക് നേടാം.

റമളാനും ക്വുർആനും നമുക്കെതിരെ സാക്ഷി നിൽക്കുന്ന അവസ്ഥ അതി ഭീകരം തന്നെയാണ് (معاذ الله)

സകാത്തു നൽകി സമ്പത്തു ശുദ്ധീകരിക്കാനും സ്വദകകൾ വർധിപ്പിച്ച് നന്മകൾ വാരി കൂട്ടാനും ഉള്ള അവസരമാണ് റമളാൻ

റമളാനിലും വീട്ടിൽ തന്നെ നിൽക്കേണ്ട അവസ്ഥ വന്നാൽ പോലും അതും സഹിക്കേണ്ടവരാണ് നാം. അതു മൂലം പ്രതിഫലം നഷ്ടമാവാതെ നാം കരുതേണ്ടതുമുണ്ട്.

അതുകൊണ്ട് റമളാനിനു വേണ്ടി ഒരുങ്ങേണ്ട സമയമാണിത്. കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനങ്ങൾ ഉണ്ടാവേണ്ട സന്ദർഭമാണിത്.
അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ.
ഈ വിശുദ്ധ റമളാനിലെ ഓരോ നിമിഷങ്ങളും റബ്ബിന്റെ തൃപ്തിക്കു വേണ്ടി മാത്രം ഉപയോഗിക്കാൻ അവൻ നമ്മെ സഹായിക്കട്ടെ.
ആമീൻ.