ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ

ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ

الصلاة والسلام على رسول لله الكريم

അല്‍മുര്‍ശിദ് പത്രാധിപര്‍ അവര്‍കള്‍ക്ക്

السلام عليكم ورحمة الله

മാന്യരേ, താഴെ കുറിച്ചിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പലരും പല വിധത്തില്‍ പ്രസംഗിച്ചും ചില തര്‍ജമകളിലും പാഠപുസ്തകങ്ങളിലും പല വിധത്തില്‍ വ്യഖ്യാനിച്ചും വരുന്നു. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ വിവരം എങ്ങനെയായിരിക്കുമെന്ന് ക്വുര്‍ആനും ഹദീസുകളും സലഫു സ്വാലിഹുകളുടെ അഭിപ്രായവും രേഖപ്പെടുത്തി ശരിയായ അര്‍ത്ഥ വിവരണത്തോടു കൂടി അടുത്ത ലക്കത്തില്‍ തന്നെ മറുപടി തരണമെന്ന് സവിനയം അപേക്ഷിച്ചുകൊള്ളുന്നു. അല്ലാഹു നമുക്കും നിങ്ങള്‍ക്കും തൗഫീക്വ് ചെയ്യുമാറാകട്ടെ. ആമീന്‍.

പ്രശ്നങ്ങള്‍

1. ശഫാഅത്ത് എന്ന അറബി പദത്തിന്‍റെ ശരിയായ അര്‍ത്ഥം എന്താകുന്നു?

2. الكُبرى الشفاعة എന്നും الصُغرى എന്നും രുവിധത്തില്‍ വിഭജിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ പ്രകാരവ്യത്യാസം എങ്ങനെയാകുന്നു? العُظمى الشفاعة വിവരണം എങ്ങനെയാകുന്നു?

3.

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ – سبأ: ٢٣

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا – مريم: ٨٧

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُون – الزخرف: ٨٦

മേല്‍ പറഞ്ഞ ആയത്തുകളില്‍ വിവക്ഷിച്ചിരിക്കുന്ന ശഫാഅത്ത് ഏതാകുന്നു. അത് നടക്കുന്നത് എങ്ങനെയാകുന്നു?

4. ജനാബ് പി. എം മാഹിന്‍ അവര്‍കള്‍ അച്ചടിച്ച് പ്രസിദ്ധം ചെയ്തിട്ടുള്ള والعام الخاص عقيدة في الدّينيات مباحث എന്ന പാഠപുസ്തകം 55-ആം പുറം പറയുന്നത് പ്രകാരം അമ്പിയാഅ്, ഔലിയാഅ്, ശുഹദാഅ്, ഉലമാഅ് ഇവര്‍ക്കെല്ലാം ശഫാഅത്തിന്‍റെ അധികാരം ഉണ്ടായിരുക്കുമെന്ന് വിശ്വാസയോഗ്യമായ വല്ല രേഖയും ഉണ്ടോ? എന്ന് അല്‍മുര്‍ശിദിന്‍റെ ഒരു ബന്ധു, ഇ. വി. ഉമര്‍ വൈദ്യര്‍, ആലപ്പി-തിരുവിതാംകൂര്‍, ശവ്വാല്‍ 1354

الجواب (ഉത്തരം):

اللهم هِدايةً الى الصَّوابِ

ശഫാഅത്ത് എന്നതിന് ശുപാര്‍ശ എന്നാണര്‍ഥം. എന്നുവെച്ചാല്‍ ഒരു മഹാന്‍റെ അടുക്കല്‍ നിന്ന് ഒരാള്‍ക്ക് ഒരു കാര്യം ലഭിക്കുവാന്‍ മറ്റൊരാള്‍ ആ മഹാന്‍റെ അടുക്കല്‍ അപേക്ഷ ചെയ്യുക. എങ്ങനെയെന്നുവെച്ചാല്‍ ഒരാളുടെ ഒരു കുറ്റത്തെ മാപ്പുചെയ്ത് അയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനോ, ശിക്ഷയെ കുറയ്ക്കുവാനോ അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരു പദവി നല്‍കുവാനോ മറ്റോ ഇങ്ങനെ ഒരാളെ അനുഗ്രഹിക്കുവാനായി മറ്റൊ രാള്‍ ഒരു മഹാന്‍റെ അടുക്കല്‍ അപേക്ഷിക്കുകയാണെന്നിരിക്കട്ടെ, ഈ അപേക്ഷയാണ് അറബി ഭാഷയില്‍ ﺷﻔﺎﻋﺔ എന്നും മലയാളത്തില്‍ ശുപാര്‍ശ എന്നും പറയുന്നത്. ഇവിടെ ‘ഒരാള്‍’ എന്ന് ആരെ കുറിച്ച് പറഞ്ഞോ അവന്ന് لَهُ مَشفُوعْ എന്നും, مَشفُوعْ لَه വിനു വേണ്ടി അപേക്ഷിക്കുന്ന മറ്റവന്ന് ﺷﺎﻓﻊ എന്നും شفيع എന്നും (ശുപാര്‍ശ ചെയ്യുന്നവന്‍, ശുപാര്‍ശക്കാരന്‍ എന്നും) എതൊരു മഹാന്‍റെ അടുക്കല്‍ അപേക്ഷിക്കപ്പെടുന്നുവോ ആ മഹാന്ന് مشفوع عنده എന്നും പറയപ്പെടുന്നു.

എന്നാല്‍ ഈ ഐഹികലോകത്തില്‍ നടന്നുവരുന്ന ശഫാഅത്തില്‍ مشفوع عنده -വിന്‍റെ إرادة -നെ (ഇച്ഛയെ) ഭേദപ്പെടുത്തുവാന്‍ അല്ലെങ്കില്‍ അവന്‍റെ ഇച്ഛയല്ലാത്ത മറ്റൊന്ന് ചെയ്യുവാന്‍ അവനെ ﺷﺎﻓﻊ പ്രേരിപ്പിക്കലുണ്ട്. അപ്പോള്‍ ﺷﺎﻓﻊ-ന്നു വേണ്ടി അവന്‍റെ ഇച്ഛയെ വിട്ട് അതിനെ ഭേദപ്പെടുത്തി മറ്റൊന്നു ചെയ്യുന്നു. ഈ വിധത്തിലല്ലാതെ ഈ ലോകത്ത് ശഫാഅത്ത് നടക്കുകയില്ല. എന്നാല്‍ مشفوع عنده ആയ മഹാന്‍ നീതിമാനാണെങ്കില്‍ مشفوع له വെ സംബന്ധിച്ച് അവന്‍റെ അറിവില്‍ പിഴവുണ്ടായിരുന്നുവെന്ന് ﺷﺎﻓﻊന്‍റെ വാക്കുകൊണ്ട് വെളിപ്പെടുകയും ﺷﺎﻓﻊന്‍റെ അപേക്ഷ അനുസരിച്ച് തന്‍റെ ഇച്ഛയെ ഭേദപ്പെടുത്തലാണ് നീതിയുമെന്ന് അവന്ന് ബോധ്യമാവുകയും ചെയ്തെങ്കിലേ അവന്‍ ശുപാര്‍ശ സ്വീകരിക്കുകയുള്ളൂ. നേരെമറിച്ച് مشفوع عنده ആയ മഹാന്‍ അക്രമിയും സ്വേച്ഛാധിപനുമായ അധികാരസ്ഥനാണെങ്കിലോ തന്‍റെ സേവകനായ ﺷﺎﻓﻊ-ന്നു വേണ്ടി നീതിക്കും നന്മക്കും വിരുദ്ധമായ വിധത്തിലും തന്‍റെ ഇച്ഛയെ അവന്‍ ഭേദപ്പെടുത്തിയെന്ന് വരാം. ഈ രണ്ടിലേത് വിധത്തിലായാലും ഈ ശഫാഅത്ത് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ നടക്കുന്നത് അസംഭവ്യം തന്നെ. എന്തുകൊണ്ടെന്നാല്‍ അല്ലാഹു فعال لما يريد (താന്‍ ഇച്ഛിക്കുന്നതിനെ ചെയ്യുന്നവന്‍) ആകുന്നു.

إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ

അല്ലാഹു അണു അളവോളം അക്രമം ചെയ്യുകയില്ല. (അന്നിസാഅ്: 40)

നിശ്ചയം അവന്‍ ഏറ്റവും ഉത്തമനായ നീതിമാനാകുന്നു. നീതിക്ക് വിരുദ്ധമായി ആരുടെ അപേക്ഷയും അവന്‍ സ്വീകരിക്കുകയില്ല. മാത്രമല്ല അവന്‍ സര്‍വജ്ഞനുമാകുന്നു. അവന്‍റെ ജ്ഞാനത്തെ അനുസരിച്ച് മാത്രമേ അവന്‍റെ ഇച്ഛ ഉണ്ടാവുകയുള്ളൂ. അവന്‍റെ ജ്ഞാനം അനാദ്യവും അനന്തവുമായിട്ടുള്ളതായിരിക്കയാല്‍ അത് ഭേദപ്പെടാവുന്നതല്ല. അതിനാല്‍ അല്ലാഹുവിന്‍റെ إرادة -ത്തും ഭേദപ്പെടുവാന്‍ പാടില്ല. തന്നിമിത്തം ഈ ഐഹികലോകത്ത് നടക്കുന്ന വിധത്തിലുള്ള ശുപാര്‍ശ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടാവുകയില്ല; തീര്‍ച്ച തന്നെ. ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക:

لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ

അതില്‍ (ആ ദിവസത്തില്‍) തെണ്ടവുമില്ല, ഉപകാരം ചെയ്യുന്ന സ്നേഹവുമില്ല., ശുപാര്‍ശയുമില്ല. (അല്‍ബക്വറ: 254)

ഇങ്ങനെ യൗമുല്‍ ക്വിയാമത്തിന്‍റെ വിശേഷണം പറയുന്നിടത്ത് ആ ദിവസത്തില്‍ ശുപാര്‍ശയേയില്ല എന്നും മറ്റൊരിടത്ത്

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ

അവര്‍ക്ക് (കാഫിറുകള്‍ക്ക്) ശുപാര്‍ശക്കാരുടെ ശുപാര്‍ശ ഫലം ചെയ്യുകയില്ല. (അല്‍മുദ്ദഥിര്‍: 48) എന്നും പറഞ്ഞിരിക്കുന്നു.

ഇനിയും:

وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ

അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ (മലക്കുകള്‍) ശഫാഅത്ത് ചെയ്യുകയില്ല (അല്‍അമ്പിയാഅ്: 28) എന്നും

مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ

അവന്‍റെ (അല്ലാഹുവിന്‍റെ) അനുവാദത്തോടു കൂടിയല്ലാതെ അവന്‍റെ അടുക്കല്‍ ശഫാഅത്ത് ധചെയ്യുവാനാരുണ്ട്? അഥവാ ശഫാഅത്ത്പ ചെയ്യുന്ന ആരുമില്ല (അല്‍ബക്വറ: 255). അതായത് അവന്‍റെ അനുവാദം കൂടാതെ അവന്‍റെ അടുക്കല്‍ ആരും ശഫാഅത്ത് ചെയ്യുകയില്ല എന്നും,

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ

അല്ലാഹു അനുവദിച്ചിട്ടുള്ളവര്‍ക്കല്ലതെ അവന്‍റെ അടുക്കല്‍ ശഫാഅത്ത് ഫലം ചെയ്യുകയില്ല (സബഅ്: 23) എന്നും ഇങ്ങനെ അനുവാദം, തൃപ്തി എന്ന നിബന്ധനകളോട് കൂടി യും അല്ലാഹു ശഫാഅത്തിനെ കുറിച്ച് പറയുന്നു. അതായത് അല്ലാഹു സര്‍വജ്ഞനും സര്‍വ ചരാചരങ്ങളെയും നീതിയോടെ പരിപാലിക്കുന്ന നാഥനും താന്‍ ഇച്ഛിക്കുന്നത് ചെയ്യുന്ന കര്‍ത്താവുമായിരിക്കയാല്‍ അവന്‍റെ അനുവാദം കിട്ടിയതിന്‍റെ പിറകെ മാത്രമേ അവന്‍റെ അടുക്കല്‍ ആരും ശഫാഅത്ത് ചെയ്യുകയുള്ളൂ. അമ്പിയാക്കളും മലക്കുകളും സ്വാലി ഹുകളും ശഫാഅത്ത് ചെയ്യുന്നവരാണെങ്കിലും അവരുടെ ശഫാഅത്ത് അല്ലാഹു അനുവദിച്ചവര്‍ക്കല്ലാതെ ലഭിക്കുകയില്ല. അതിനാല്‍ അവര്‍ ശാഫിഈങ്ങളായത് കൊണ്ട് യാതൊരു ഫലവും അല്ലാഹു അനുവ ദിച്ചിട്ടില്ലാത്തവര്‍ക്ക് കിട്ടുകയില്ല. ആര്‍ക്കു വേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ ശഫാഅത്ത് ചെയ്യുന്നതിന് അവന്‍ അനുവദിച്ചുവോ അവര്‍ക്ക് മാത്രമേ ശുപാര്‍ശക്കാരുടെ ശുപാര്‍ശ ലഭിക്കുകയുള്ളൂ. അവര്‍ക്ക് മാത്രമേ ശുപാര്‍ ശക്കാര്‍ ശുപാര്‍ശക്കാരായതുകൊണ്ടുള്ള ഫലം കിട്ടുകയുള്ളൂ എന്ന് താല്‍പര്യം. اﻋﻠﻢ واﷲ

പക്ഷേ, ക്വിയാമത്തുനാളില്‍ റസൂല്‍?യും മറ്റുള്ള അമ്പിയാക്കന്മാരും മലക്കുകളും മറ്റു സ്വാലിഹുകളും അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്ക് അവന്‍റെ അനുവാദത്തോടുകൂടി ശഫാഅത്ത് ചെയ്യുമെന്നും ആര്‍ക്കു വേണ്ടി അവര്‍ ശഫാഅത്ത് ചെയ്യുവാന്‍ അല്ലാഹു അനുവാദം കൊടുക്കുന്നുവോ അവര്‍ക്ക് -ആ സത്യവിശ്വാസികള്‍ക്ക്- ആ ശുപാര്‍ശക്കാരുടെ ശഫാഅത്ത് ഫലം ചെയ്യുമെന്നും മേല്‍ പറഞ്ഞ ക്വുര്‍ആന്‍ വാക്യങ്ങളുടെ ഘടനാ രീതികൊണ്ടും സാരംകൊണ്ടും അനേകം സ്വഹീഹായ ഹദീസുകളാലും സ്ഥിരപ്പെട്ടിരിക്കുന്നു.

മിശ്കാത്തില്‍ ഇങ്ങനെ കാണുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي إِلَى يومِ القِيامةِ فَهِيَ نَائِلَةٌ إِنْ شَاءَ اللهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللهِ شَيْئًا. (رَوَاهُ مُسلم)

“എല്ലാ നബിമാര്‍ക്കും ഉത്തരം നല്‍കപ്പെടുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അപ്പോള്‍ എല്ലാ നബിയും അവരുടെ ആ പ്രാര്‍ത്ഥന ധൃതിയില്‍ നടത്തി. ഞാന്‍ എന്‍റെ സമുദായത്തിന് ശുപാര്‍ശ ചെയ്യുവാനായിട്ട് എനിക്കുള്ള ആ പ്രാര്‍ത്ഥനയെ ക്വിയാമത്ത് നാളിലേക്ക് സൂക്ഷിച്ചുവെച്ചിരിക്കയാണ്. അതിനാല്‍ ഒരു വസ്തുവിനെയും അല്ലാഹുവിനോട് പങ്കു ചേര്‍ക്കാതെ എന്‍റെ സമുദായത്തില്‍നിന്ന് മരണപ്പെടുന്നവര്‍ക്ക് അല്ലാഹു ഇച്ഛിച്ചെങ്കില്‍ അത് ലഭിക്കുന്നതാകുന്നു.”

അതായത് തീര്‍ച്ചയായും അല്ലാഹു ഉത്തരം നല്‍കുമെന്ന يقين -നോടു കൂടി സമുദായത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരോ നബിക്കും അല്ലാഹു ഒരു പ്രാര്‍ത്ഥനക്ക് അനുവാദം കൊടുത്തിരിക്കുന്നു. മറ്റു പ്രാര്‍ത്ഥനകള്‍ എല്ലാം അവര്‍ ദുആ ചെയ്യുന്നത് ആശയും ഭയവും കലര്‍ന്ന ഹൃദയത്തോടുകൂടി ആയിരിക്കുന്നതാണ്. മറ്റു നബിമാര്‍ എല്ലാവരും അവര്‍ക്കുള്ള ആ ദുആ ദുനിയാവില്‍നിന്ന് തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു. മുഹമ്മദ് നബി?യാകട്ടെ അത് ക്വിയാമത്ത് നാളിലേക്ക് കരുതിവെച്ചിരിക്കയാണ്. അതിനാല്‍ ഈമാന്‍ സ്വഹീഹായ വിധത്തില്‍ മരിക്കുന്ന എല്ലാ മുസ് ലിമിനും അത് ലഭിക്കും. അല്ലാഹു ഇച്ഛിച്ചുവെങ്കില്‍ എന്ന് താല്‍പര്യം.

عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : يَشْفَعُ يَوْمَ الْقِيَامَةِ ثَلَاثَةٌ: الْأَنْبِيَاءُ، ثُمَّ الْعُلَمَاءُ، ثُمَّ الشُّهَدَاءُ

“ക്വിയാമത്ത് നാളില്‍ അമ്പിയാക്കള്‍ പിന്നെ ഉലമാക്കള്‍, പിന്നെ ശുഹദാക്കള്‍ എന്നീ മൂന്ന് കൂട്ടരും ശുപാര്‍ശ ചെയ്യും.’ (സലഫി വോയിസ്: ഈ ഹദീസിന്‍റെ സനദ് തീര്‍ത്തും ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ﺻﺤﻴﺢ ആയ ഹദീസിലെ പ്രയോഗം ഇപ്രകാരമാണ്:

فَيَشْفَعُ النَّبِيُّونَ وَالْمَلَائِكَةُ وَالْمُؤْمِنُونَ …….

ഇമാം ബുഖാരി ഉദ്ധരിച്ച ഈ ഹദീസിലെ(7440) മുഅ്മിനൂന്‍ എന്ന പ്രയോഗത്തില്‍ പണ്ഡിതന്മാരും ഉള്‍പ്പെടുന്നതാണ്.)

ഇപ്പോള്‍ മുഹമ്മദ് നബി? അരുള്‍ ചെയ്തതായി അബൂ ഹുറെയ്റ രിവായത്ത് ചെയ്തിട്ടുള്ള പ്രസ്തുത ഹദീസിനാല്‍ അല്ലാഹുവിന്‍റെ ഉത്തരം ലഭിക്കുമെന്ന് തിട്ടമുള്ള പ്രാര്‍ത്ഥനയാകുന്നു ക്വിയാമത്ത് നാളില്‍ ശഫാഅത്ത് എന്ന് വെളിപ്പെട്ടു. എന്നാല്‍ ഇങ്ങനെയുള്ള ദു ആകള്‍ ചെയ്യാന്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു ആര്‍ക്കെല്ലാം അനു വാദം കൊടുക്കുമോ, അവര്‍ മാത്രമേ ഇനങ്ങനെ ചെയ്യുകയുള്ളൂ എന്നും ആരുടെ കാര്യത്തില്‍ ശഫാഅത്ത് ചെയ്യുവാന്‍ അല്ലാഹു അനുവാദം കൊടുക്കുകയില്ലയോ അവര്‍ക്ക് ആരും ശഫാഅത്ത് ചെയ്യുകയില്ലെന്നും, ശഫാഅത്ത് ലഭിക്കണമെങ്കില്‍ സ്വഹീഹായ ഈമാനോടുകൂടി ലേശവും ശിര്‍ക്ക് കൂടാതെ മരിക്കേണ്ടതാണെന്നും തെളിഞ്ഞുവല്ലോ.

എന്നാല്‍ സ്വഹീഹായ ഈമാനോടുകൂടി തന്നെ താന്‍ മരിക്കുമെന്ന് ആര്‍ക്കും ധൈര്യപ്പെടുവാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ നമുക്ക് നബി? യുടെയും മറ്റും ശഫാഅത്ത് ലഭിക്കുമെന്ന് കരുതി ദീനിന്‍റെ കല്‍പനകള്‍ക്ക് വഴിപ്പെടാതെ നടക്കുവാന്‍ ഈ ശഫാഅത്തിലുള്ള വിശ്വാസം ആരെയും പ്രേരിപ്പിക്കുവാന്‍ യാതൊരു മാര്‍ഗവുമില്ല. ദുനിയാവില്‍ ജീവിച്ചിരിക്കുമ്പോള്‍ അല്ലാഹു നോക്കും. അവന്‍റെ റസൂലിന്ന് വഴിപ്പെട്ടും അവന്‍റെ റസൂലിന്‍റെ സുന്നത്തോട് തുടര്‍ന്നും അവന്‍റെ തൃപ്തി ആര്‍ സമ്പാദിക്കുന്നുവോ അവര്‍ക്കാണ് ശഫാഅത്ത് ലഭിക്കുക. അവരുടെ പാപങ്ങള്‍ ശഫാഅത്ത് കാരണമായി അല്ലാഹു പൊറുത്തുകൊടുക്കും. അപ്പോള്‍ ആരാകുന്നുവോ അവര്‍ക്കുവേണ്ടി ശഫാഅത്ത് ചെയ്തിട്ടുള്ളത് അവരൂടെ ശഫാഅത്തിന്‍റെ അനന്തര ഫലമായി അല്ലാഹു ഈ പാപികള്‍ക്ക് മാപ്പ് ചെയ്യുകയും സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കുകയും മറ്റു ചിലര്‍ക്ക് ശഫാഅത്തിന്‍റെഫലമായി സ്വര്‍ഗത്തിലെ പദവികള്‍ വര്‍ധിപ്പിക്കുകയും മറ്റും ചെയ്യുമ്പോള്‍ ശാഫിഈങ്ങള്‍ക്ക് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ ഉന്നതമായ പ ദവിയുണ്ടെന്ന് പുറകെ വെളിപ്പെടുന്നു. അതായത് അല്ലഹുവിന്‍റെ അനാ ദ്യമായ ഇച്ഛയുടെ ഫലത്തെ ശഫാഅത്തിന്‍റെ അനന്തര ഫലമായി അവന്‍ വെളിപ്പെടുത്തുന്നതുകൊണ്ട് ഈ ശാഫിഈങ്ങള്‍ക്കുള്ള ബഹുമാനം അവന്‍ വെളിപ്പെടുത്തുന്നു എന്നുമാത്രമേ ഈ ശഫാഅത്തിനു സാരമുള്ളൂ. അല്ലാഹുവിന്‍റെ അറിവിന്നോ ഇച്ഛക്കോ യാതൊരു വ്യത്യാസവും ഈ ശഫാഅത്തുകൊണ്ട് വരുന്നില്ല എന്ന് താല്‍പര്യം. (അല്‍മുര്‍ശിദ് 1355 اﻻﺧﺮ ربيع (പേജ്: 24-28))

2. ശഫാഅത്ത് പലവകയാകുന്നു.

1. മഹ്ശറയില്‍ എല്ലാവരും ഒരുമിച്ചുകൂടുമ്പോള്‍ വിചാരണ ചെയ്ത് ജനങ്ങളെ എല്ലാവരെയും അവരവരുടെ സ്ഥാനങ്ങളിലേക്ക് വിധി കല്‍പിച്ച് അയക്കുവാന്‍ വേണ്ടിയുള്ള ജനങ്ങളുടെ പൊതുവായ അപേക്ഷയെകുറിച്ച് അല്ലാഹുവിന്‍റെ സന്നിധിയില്‍ ശഫാഅത്ത് ചെയ്യുവാന്‍ വേണ്ടി എല്ലാവരും കൂടി ആദ്യം ആദം?, പിന്നെ നൂഹ് ?, പിന്നെ ഇബ്റാഹീം ?, പിന്നെ മൂസാ ?, പിന്നെ ഈസാ ?, എന്നീ നബിമാരോട് അപേക്ഷിക്കുകയും അവരോരുത്തരും തങ്ങളുടെ പിമ്പിലുള്ളവരുടെ അടുക്കല്‍ പോകുവാന്‍ ഉപദേശിക്കുകയും ചെയ്യുന്നതാണ്. അവസാനം ഈസാ? ജനങ്ങളോട് മുഹമ്മദ് നബി? യുടെ അടുക്കല്‍ പോകുവാന്‍ പറയുന്നതനുസരിച്ച് എല്ലാവരുംകൂടി നബി?യോട് അപേക്ഷിക്കുമ്പോള്‍ നബി? അപേക്ഷ സ്വീകരിച്ച് ഈ കാര്യത്തിന് അല്ലാഹുവിന്‍റെ സന്നിധിയില്‍ ശഫാഅത്തിനു അനുവാദം ചോദിക്കുകയും അപ്പോള്‍ അല്ലാഹു അനുവാദം കൊടുക്കുകയും അല്ലാഹുവിന്‍റെ അനുവാദം സ്വീകരിച്ച് നബി? ചെയ്യുന്ന ശഫാഅത്തിനെ قبول ചെയ്ത് حساب എടുത്ത് (വിചാരണക്കെടുത്ത്) സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അതാതിന്‍റെ അവകാശികളെ ആക്കുകയും ചെയ്യുന്നതാണ്. ഇതിനെയാണ് عظمى ﺷﻔﺎﻋﺔ എന്നും محمود ﻣﻘﺎم എന്നും പറയുന്നത്. ഇത് അനേകം സ്വഹീഹായ ഹദീസുകളാല്‍ സ്ഥിരീകരിച്ചതും മുഹമ്മദ് നബി?ക്ക് പ്രത്യേകമായിട്ടുള്ളതുമാണ്.

2. നബി?യുടെ ഉമ്മത്തില്‍ നിന്ന് حساب (വിചാരണ) ഇല്ലാത്തവരെ ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ അല്ലാഹു നബി ?ക്ക് അനുവാദം നല്‍കുന്നതാണ്. ഇതും അനേകം ഹദീസുകളാല്‍ സ്ഥിരപ്പെട്ടതാണ്.

3. നരകത്തിനു പാത്രങ്ങളാകാത്ത പല കുറ്റങ്ങളും ചെയ്തിട്ടുള്ള പാപി കളും എന്നാല്‍ സ്വഹീഹ് ആയ ഈമാനോട് കൂടി മരിച്ചിട്ടുള്ളവരെ നരകശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാനായി നമ്മുടെ നബിയും പിന്നെ അല്ലാഹു അനുവാദം നല്‍കുന്ന മറ്റുള്ളവരും ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഇതും ഹദീസുകളില്‍ സ്ഥിരപ്പെട്ടതാകുന്നു.

4. നരകത്തില്‍ പ്രവേശിച്ചിട്ടുള്ള സത്യവിശ്വാസികളായ പാപികളെ അതില്‍ നിന്നു മോചിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ നബിയും മറ്റു നബിമാരും മലക്കുകളും ആ നരകവാസികളുടെ സഹോദരന്മാരായ സത്യവിശ്വാ സികളും ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഈ ശഫാഅത്തുകളെ കൊണ്ട് നരകത്തില്‍ നിന്ന് മോചനം ലഭിച്ചവരുടെ ശേഷം നരകത്തിലുള്ള സത്യവിശ്വാസികളെ അല്ലാഹു അവന്‍റെ കാരുണ്യത്താല്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. പിന്നെ അവിശ്വാ സികള്‍ മാത്രമേ നരകത്തില്‍ നിത്യവാസികളായിരിക്കുകയുള്ളൂ. ഈ നാലാമത്തെ വക ശഫാഅത്തും (അഥവാ ഈ ശഫാഅത്തിലെ സിംഹഭാഗവും) ഒന്നാമത്തെ عظمى ﺷﻔﺎﻋﺔ -യും അത് നബി?മിന്ന് പ്ര ത്യേകമുള്ളതാണെന്നും സ്വഹീഹായ അനേകം ഹദീസുകളാല്‍ സ്ഥിര പ്പെട്ടതാണ്.

5. സ്വര്‍ഗത്തിലെ പദവികള്‍ കൂടുതലാക്കികൊടുക്കുവാന്‍ വേണ്ടി ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഇമാം സുബ്കി പറയുന്നു: ഇങ്ങനെ ക്വാളി ഇയാദും മറ്റും പ്രസ്താവിച്ചിരിക്കുന്നു. മുഅ്തസിലതും ഇതിനെ നിഷേധിക്കുന്നില്ല. (സുബ്കിയുടെ السقام ﺷﻔﺎء പേജ് 124-125 നോക്കുക.)

3. മൂന്നാം ചോദ്യത്തില്‍ പറയുന്ന ആയത്തുകളുടെ അര്‍ത്ഥങ്ങള്‍

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ – سبأ: ٢٣

ആര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നുവോ അവര്‍ക്കൊഴികെ അവന്‍റെയ ടുക്കല്‍ ശുപാര്‍ശ ഫലം ചെയ്യുകയില്ല. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ക്ക് ഭയത്തിനു പരിഹാരം ലഭിക്കുമ്പോള്‍ സന്തോഷിച്ചുകൊണ്ട് അവര്‍ അന്യോന്യം ചോദിക്കുന്നതാകുന്നു നിങ്ങളുടെ നാഥന്‍ എന്ത് പറഞ്ഞു? അവര്‍ അന്യോന്യം തന്നെ മറുപടി പറയുന്നതാണ്: സത്യമായ വചനം പ റഞ്ഞു (അവന്‍ ശുപാര്‍ശ ചെയ്യുവാന്‍ അനുവാദം നല്‍കി) അവനാകുന്നു ഉത്തമനും മഹാനും.

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا – مريم: ٨٧

അവര്‍ (ജനങ്ങള്‍) ശുപാര്‍ശയെ ഉടമയാക്കിയില്ല (ഉടമപ്പെടുത്തിയിട്ടില്ല). (അവര്‍ക്ക് ശഫാഅത്ത് ലഭിക്കയില്ല.) പരമ കാരുണികന്‍റെയടുക്കല്‍ ഒരു കരാറിനെ സ്ഥാപിച്ചിട്ടുള്ളവര്‍ ആരോ അവര്‍ ഒഴികെ. അതായത് لا إله إلا الله എന്ന പരിശുദ്ധമായ സാക്ഷ്യവചനം അല്ലാഹുവിന്‍റെ അടുക്കല്‍ നിക്ഷേപിച്ചിരിക്കുന്നത് ആരാകുന്നുവോ, ശിര്‍ക്ക് പറ്റെ ഉപേക്ഷിച്ച് യഥാര്‍ഥമായ സത്യവിശ്വാസം ആര്‍ കൈവരുത്തിയിരിക്കുന്നുവോ അവരൊ ഴികെ. എന്നുവെച്ചാല്‍ അവര്‍ക്കു മാത്രമേ ശഫാഅത്ത് ലഭിക്കുകയുള്ളൂ. അവര്‍ മാത്രമേ ശഫാഅത്ത് ചെയ്യുവാന്‍ അര്‍ഹരാകയുള്ളൂ.

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ – الزخرف: ٨٦

അവിശ്വാസികള്‍ അവനെ -അല്ലാഹുവിനെ- കൂടാതെ ആരെ പ്രാര്‍ ഥിക്കുന്നുവോ അവര്‍ ആര്‍ക്കും ശുപാര്‍ശ ചെയ്യുവാന്‍ കഴിവുള്ളവരല്ല. അറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ ഒഴികെ. അതായത് لا إله إلا الله എന്ന സത്യമായ പരിശുദ്ധ വാചകം ശരിയായി അറിഞ്ഞ് അതിന് ആര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നുവോ അവര്‍ (ഈസാ, ഉസൈര്‍, മലക്കുകള്‍ മുതലായ സ്വാലിഹീങ്ങള്‍ ഒഴികെ) സത്യവിശ്വാസി കള്‍ക്ക് ശുപാര്‍ശ ചെയ്യും.

എന്നാല്‍ ഈ മൂന്ന് ആയത്തുകളിലും ശഫാആത്ത് എന്ന ആ സമഷ്ടി യായ ശുപാര്‍ശ ആര്‍ക്ക് ലഭിക്കണമെങ്കിലും, ആര്‍ അത് ചെയ്യുവാന്‍ കഴിവുള്ളവരാകണമെങ്കിലും, അതായത് അതിന് അവര്‍ക്ക് അനുവാദം ലഭിക്കണമെങ്കിലും അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കരാര്‍ – സത്യവി ശ്വാസം – സ്ഥാപിച്ചിട്ടുള്ളവരായിരിക്കണം. ആ തരക്കാര്‍ക്കേ ശഫാഅത്ത് ചെയ്യുവാന്‍ അനുവാദം ലഭിക്കയുള്ളൂ. അവര്‍ക്ക് മാത്രമേ ശഫാഅത്ത് കിട്ടുകയുള്ളൂ. അങ്ങനെ അനുവാദം ലഭിച്ചിട്ടുള്ളവര്‍ക്കേ ശഫാഅത്ത് ഫലം ചെയ്യുകയുള്ളൂ എന്ന് മൊത്തമായി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇങ്ങനെയുള്ള ആയത്തുകളെകൊണ്ട് ഉദ്ദേശിച്ചിട്ടുള്ള ശഫാഅത്തുകളുടെ (വകതിരിച്ചുള്ള വിവരണം) ആകുന്നു നബി? ഹദീസുകളെ കൊണ്ട് വിവരിച്ചിരിക്കുന്നത്. ആ ഹദീസുകളുടെ സാരാംശമായി നമ്മുടെ ഉലമാഅ് വിവരിച്ചതിനെയാണ് രണ്ടാം ചോദ്യത്തിന്‍റെ മറുപടിയില്‍ നാം പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമ്മുടെ നബി?യും ഈസാ?, മറ്റു നബിമാര്‍ ഉസൈര്‍ ? മലക്കുകള്‍ മറ്റു സ്വാലിഹുകള്‍ ഇവര്‍ക്കെല്ലാം ശഫാഅത്തിന് അര്‍ഹത യുണ്ടെന്നുവെച്ച് നമുക്ക് ശഫാഅത്ത് ചെയ്യുവാനായി ഇപ്പോള്‍ നാം അവരോട് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ദീനില്‍ അനുവാദം തന്നിട്ടില്ല. തന്നെയുമല്ല, നാം സ്വഹീഹായ ഈമാനോടുകൂടി, ഒട്ടും ശിര്‍ക്ക് കൂടാതെ മരിച്ചെങ്കില്‍ മാത്രമേ നമുക്ക് വേണ്ടി ശഫാഅത്ത് ചെയ്യുവാന്‍ അവര്‍ക്ക് അല്ലാഹു അനു വാദം കൊടുക്കുകയുള്ളൂ. ഇങ്ങനെ നമുക്ക് വേണ്ടി അവര്‍ ശഫാഅത്ത് ചെയ്യുന്നതിനെ അല്ലാഹു പൊരുത്തപ്പെട്ടെങ്കില്‍ മത്രമേ അവര്‍ നമുക്ക് ശഫാഅത്ത് ചെയ്യുകയുള്ളൂ എന്നാണ് وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ (മലക്കുകള്‍) ശഫാഅത്ത് ചെയ്യുകയില്ല. (അല്‍അമ്പിയാഅ്: 28) എന്ന ക്വുര്‍ആന്‍ വചനം വെളിപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ മരണം സ്വഹീഹായ ഈമാനോടുകൂടി തന്നെ ആകുമോ ഇല്ലയോ എന്ന കാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. നാമോ അവരോ അറിയുന്നതല്ല. അതിനാല്‍ നാം അവരോട് ഈ കാര്യത്തില്‍ അപേക്ഷ ചെയ്യുന്നതിന്ന് ഇപ്പോള്‍ നിവൃത്തിയില്ല. നാം അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്യുവാനേ നിവൃത്തിയുള്ളൂ.

اللهم ارزقنا شفاعة نبينا وسيدنا محمد صلى الله عليه وسلّم وعبادك الصالحين

4. നാലാം ചോദ്യത്തിന്‍റെ മറുപടി ഈ മൂന്ന് മറുപടികളില്‍ നിന്നും കൂടി ശരിയായി വെളിപ്പെട്ടിരിക്കയാല്‍ അത് പ്രത്യേകമായി എഴുതേണ്ടതായ ആവശ്യം ഇല്ലല്ലോ. അല്ലാഹു നമ്മെ എല്ലാവരേയും നേര്‍വഴിയില്‍ നടത്തി രക്ഷിക്കട്ടെ. നമുക്കെല്ലാവര്‍ക്കും ശഫീഅ് ആയ മുഹമ്മദ് നബി?യുടെയും മറ്റു നബിമാര്‍, മലക്കുകള്‍, സിദ്ദീക്വീങ്ങള്‍, ശുഹദാഅ് മുതലായ എല്ലാ സ്വാലിഹുകളുടേയും ശഫാഅത്ത് ലഭിക്കുവാന്‍ തക്കവണ്ണം അല്ലാഹു അവന്‍റെ പൊരുത്തം നമുക്കെല്ലാവര്‍ക്കും പ്രദാനം ചെയ്യട്ടെ. ആമീന്‍. (അല്‍മുര്‍ശിദ് 1355 جمادى الاول (പേജ്: 31-34))

കെ. എം മൗലവി

2 thoughts on “ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ”

Leave a Comment