മൃഗത്തെ ബലിയറുക്കുമ്പോൾ
പി.എൻ അബ്ദുറഹ്മാൻ
ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്.
ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം.
ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്.
പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്.
പ്രവാചകന്‍(ﷺ) പറഞ്ഞു: “അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്” – [തിര്‍മിദി].
(ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) അതിനാല്‍ത്തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം.
ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്’ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. ഖിബ്’ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും. (18/26)