
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനാറ്
നബി (സ) യുടെ നാമങ്ങൾ أسماء النبي صلى الله عليه وسل
ഇരു ലോകത്തും നമ്മുടെ നേതാവാണ് നബി (സ). അവിടുത്തെ ജീവചരിത്രം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്. നബി (സ) പഠിക്കുമ്പോൾ നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് അവിടുത്തെ പേരുകൾ .
നബി(സ) യുടെ പേരുകൾ മറ്റുള്ളവരുടെ പേരുപോലെയല്ല . ഇബ്നുൽ ക്വയ്യിം(റ) പറയുന്നു:
وكلها نعوت ليست أعلاما محضة لمجرد التعريف.بل أسماء مشتقة من صفات قائمة به توجب له المدح والكمال
“കേവലം തിരിച്ചറിയാൻ വേണ്ടി മാത്രമുള്ള പേരുകളല്ല പ്രവാചകന്റേത്. അത് വിശേഷണങ്ങൾ ആണ്. പൂർണതയും പ്രശംസയും അനിവാര്യമായും ഉണ്ടാവുന്ന ചില വിശേഷണങ്ങളിൽ നിന്ന് നിർദ്ധരിച്ചെടുത്തവയാണവ. “
(زاد المعاد 1/86 )
ക്വുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട പ്രവാചകന്റെ പേരുകളും അവയുടെ ആശയവും രഹസ്യങ്ങളുമാണ് ഇനി പരിശോധിക്കുന്നത്.
1-محمد
നബി (സ) യുടെ നാമങ്ങളിൽ ഏറ്റവും പ്രസിദ്ധവും മുൻ വേദങ്ങളിൽ പരാമർശിക്കപ്പെട്ട നാമവുമാണിത്. ഈ പേരിൽ ഒരു അദ്ധ്യായം ക്വുർആനിലുണ്ട്. നാലു തവണ ഈ പേര് പറയപ്പെട്ടിട്ടുണ്ട്. (ആലു ഇംറാൻ : 144 , അഹ്സാബ്: 40, മുഹമ്മദ് : 2,ഫത്ഹ് : 2 ) നാലും മദനീ ആയത്തുകളാണ്!
എന്തുകൊണ്ടാണ്محمد എന്ന പേര് കിട്ടിയത് ? എന്താണതിന്റെ തൽപര്യം? ഇബ്നുൽ ക്വയ്യിം(റ) പറയുന്നു:
فمحمد هو الذى كثر حمد الحامدين له مرة بعد أخرى أو الذى يستحق أن يحمد مرة بعد أخرى
ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തിന് സ്തുതി പറയുന്നവരുടെ സ്തുതികൾ അധികരിച്ചിരിക്കുന്നു. അതല്ലെങ്കിൽ, തുടരെത്തുടരെ സ്തുതിക്കപ്പെടാൻ അവകാശപെട്ടവർ അതാണ് മുഹമ്മദ് “
( جلاء ا لأفهام :277)
ഈ പേരാണ് അദ്ദേഹത്തിന് തൗറാത്തിലുള്ളത്. അദ്ദേഹത്തിന്റെയും ഉമ്മത്തിന്റേയും അദ്ദേഹത്തിന്റെ ശരീഅത്തിന്റേയും സ്തുത്യർഹമായ നിരവധി കാര്യങ്ങൾ തൗറാത്തിൽ പരാമർശിക്കപ്പെട്ടതു കൊണ്ടാണത്. എത്രത്തോളമെന്നാൽ മൂസാ നബി (അ) വരെ നബി (സ) ഉമ്മത്തിൽ ഞാനും ഉൾപ്പെട്ടെങ്കിൽ എന്നാഗ്രഹിച്ചു പോയി. (زاد المعاد )
മുഹമ്മദ് എന്ന നാമം അറബികൾക്ക് മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത നാമമാണ്. എന്നാൽ ജാഹിലിയത്തിലെ ചിലരുടെ പേര് മുഹമ്മദ് എന്ന് ചരിത്രത്തിൽ കാണുന്നുണ്ട്. അതിനൊരു കാരണമുണ്ട്. അറബികൾ പല നാടുകളിലേക്കും യാത്ര ചെയ്യുന്നവരായിരുന്നല്ലോ. ആ യാത്രക്കിടയിൽ പല വേദപണ്ഡിതരേയും അവർ കണ്ടുമുട്ടിയിരുന്നു. അറബികൾക്കിടയിൽ നിന്ന് മുഹമ്മദ് എന്ന പേരുള്ള ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട് എന്നവർ പറയുമായിരുന്നു. ഇതു കേട്ട അറബികളിൽ ചിലർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുഹമ്മദ് എന്ന പേര് വച്ചു. പ്രസ്തുത പ്രവാചകൻ തങ്ങളുടെ മകനാവട്ടെ എന്നു വിചാരിച്ച്! (ഫത്ഹുൽ ബാരി : ഹദീസ് :3532 ന്റെ വിശദീകരണം കാണുക)
ശഹാദത്തിലും ബാങ്കിലും സ്വലാത്തിലും ഈ നാമം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത് ഈ നാമത്തിന്റെ പ്രത്യേകതയാണ്.
ഈ പേരു പോലെ തന്നെ, അല്ലാഹുവിന്റെ പക്കലും , മലക്കുകളുടെ അടുക്കലും , ഭൂമിയിലും, പ്രവാചകന്മാരുടെ പക്കലും , എല്ലാം അദ്ദേഹം സ്തുതിക്കപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ കരങ്ങളിലായിരിക്കുംلواء الحمد ഉണ്ടാവുക.المقام المحمودന്റെ ഉടമയും അവിടുന്നു തന്നെ. (جلاء الأفهام)
സാന്ദർഭികമായി ഒരു കാര്യം പറയട്ടെ. ഈ പേര് ഉച്ചരിക്കുന്നതിൽ പലരും അബദ്ധം വരുത്താറുണ്ട്.مهمد എന്നതാണ് പലരും ഉച്ചരിക്കാറ് .ح എന്നത് ه എന്നാക്കി മാറ്റിയാൽ അർഥവ്യത്യാസം സംഭവിക്കും. അതിനാൽمحمد എന്നു തന്നെ പറയണം.
2-أحمد
ക്വുർആനിൽ ഒരു തവണ പറയപ്പെട്ട നാമമാണിത്. ( സ്വഫ് : 6) ഈസാ (അ) നബി (സ)യെ കുറിച്ച് സന്തോഷ വാർത്ത അറിയിക്കുന്നതാണ് ആയത്തിന്റെ സന്ദർഭം. ഈ ആയത്തും മദനിയാണ്.
أحمد الناس لربه
ജനങ്ങളിൽ ഏറ്റവും കൂടുതൽ റബ്ബിനെ സ്തുതിക്കുന്നവൻ എന്നാണതിന്റെ ആശയം.
തൗറാത്തിൽ പ്രവാചകന്റെ പേര് മുഹമ്മദ് എന്നായിട്ടും
ഇവിടെ മുഹമ്മദ് എന്നു പറയാതെ അഹ്മദ് എന്നു പറഞ്ഞത് എന്തുകൊണ്ടാണ് ? ഈ രഹസ്യം ഇബ്നുൽ ക്വയ്യിം(റ) തന്റെ جلاء الأفهامലും زاد المعد ലും വിശദമായി വിവരിച്ചിട്ടുണ്ട്. ചുരുക്കം ഇതാണ് . രണ്ടു പേരുകളും വിശേഷണമാണ്. ഓരോ സമൂഹത്തിനടുക്കലും കൂടുതൽ പ്രസിദ്ധവും പ്രാധാന്യവുമുള്ള കാര്യങ്ങൾ ഉൾകൊണ്ട പേരുകൾ പറഞ്ഞു. മൂസാ നബി (അ) യുടെ സമൂഹം കൂടുതൽ വിജ്ഞാനികളായിരുന്നു. എന്നാൽ ഈസാ (അ) യുടെ സമൂഹത്തിന് കൂടുതൽ ആരാധനകൾ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ സ്തുതിക്കുന്നവൻأحمد എന്നതാണ് അവർക്കിടയിൽ പ്രത്യേകമായത്. മൂസാ നബിയുടെ ഉമ്മത്ത് നബി (സ) സ്തുതിക്കപ്പെടുന്ന കൂടുതൽ കാര്യങ്ങളെ കുറിച്ച് ഗ്രഹിച്ചവരായിരുന്നു. അതുകൊണ്ട് അവരുടെ അടുക്കൽمحمد ( കൂടുതൽ സ്തുതിക്കപ്പെട്ടവൻ)ആയി!
(والله اعلم )
3 -المتوكل
അൽ മുതവക്കിൽ – എന്ന നാമം തൗറാത്തിൽ അല്ലാഹു നബി (സ) ക്ക് നൽകിയ മറ്റൊരു പേരാണ്.
അബ്ദുല്ലാഹ് ബിൻ അംറ് ബിൻ ആസ് (റ) അക്കാര്യം പറയുന്നത് കാണുക.
عَطَاءِ بْنِ يَسَارٍ ، قَالَ : لَقِيتُ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قُلْتُ : أَخْبِرْنِي عَنْ صِفَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي التَّوْرَاةِ. قَالَ : أَجَلْ، وَاللَّهِ إِنَّهُ لَمَوْصُوفٌ فِي التَّوْرَاةِ بِبَعْضِ صِفَتِهِ فِي الْقُرْآنِ : ” يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا، وَحِرْزًا لِلْأُمِّيِّينَ، أَنْتَ عَبْدِي وَرَسُولِي، سَمَّيْتُكَ الْمُتَوَكِّلَ، لَيْسَ بِفَظٍّ وَلَا غَلِيظٍ، وَلَا سَخَّابٍ فِي الْأَسْوَاقِ، وَلَا يَدْفَعُ بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَغْفِرُ، وَلَنْ يَقْبِضَهُ اللَّهُ حَتَّى يُقِيمَ بِهِ الْمِلَّةَ الْعَوْجَاءَ ؛ بِأَنْ يَقُولُوا : لَا إِلَهَ إِلَّا اللَّهُ، وَيَفْتَحُ بِهَا أَعْيُنًا عُمْيًا، وَآذَانًا صُمًّا، وَقُلُوبًا غُلْفًا “
(ബുഖാരി : 2125)
ഇതിൽ ഞാൻ നിനക്ക്المتوكل (ഭരമേൽപ്പിക്കുന്നവൻ) എന്ന് പേരിട്ടിരിക്കുന്നുവെന്ന ഭാഗം കാണം.
4-الماحى
തുടച്ചു നീക്കുന്നവൻ എന്ന അർഥമാണ്الماحى എന്ന നാമത്തിനുള്ളത്. ഭൂലോകത്തു നിന്ന് സത്യനിഷേധത്തെ തുടച്ചുനീക്കുക എന്നതാണ് താൽപര്യം.
5 -الحاشر
ആദ്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നവൻ എന്ന അർഥമാണിതിനുള്ളത്. അവിടുന്നാണല്ലോ ഒന്നാമതായി ക്വബറിൽ നിന്ന് എഴുന്നേൽക്കുന്ന വ്യക്തി.
6-العاقب
അവസാനത്തെയാൾ എന്ന അർഥത്തിലുള്ള നാമമാണിത്. നബി (സ) അവസാനത്തെ പ്രവാചകനാണല്ലോ. ഇനിയൊരു പ്രവാചകൻ ഇല്ല .
ഈ നാമങ്ങൾ എല്ലാം ഉൾകൊണ്ട ഒരു ഹദീസ് കാണുക.
لِي خَمْسَةُ أَسْمَاءٍ : أَنَا مُحَمَّدٌ، وَأَحْمَدُ، وَأَنَا الْمَاحِي الَّذِي يَمْحُو اللَّهُ بِيَ الْكُفْرَ، وَأَنَا الْحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي ، وَأَنَا الْعَاقِبُ “.
(ബുഖാരി : 3532)
പ്രസിദ്ധവും വേദക്കാർക്ക് പരിചിതവുമായ പേരുകളാണിവിടെ അഞ്ചെണ്ണം എണ്ണിയത്. അവ മാത്രം എന്ന അർഥത്തിലല്ല. (ഫത്ഹുൽ ബാരി)
ഇബ്നു ഹജർ (റ) തന്റെ ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ച ചില നാമങ്ങൾ കൂടി കാണുക.
7, الشاهد
8 -المبشر
9 – النذير المبين
10 – الداعي إلى الله
11, السراج المنير
12 – المذكر
13, الرحمة
14-النعمة
15, – الهادي
16 -, الشهيد
17 -, الأمين
18 – المزمل
19 – المدثر “
20 – المختار
21, المصطفى
22 -الشفيع المشفع
23,الصادق المصدوق “
ഇതെല്ലാം നബി (സ) യുടെ വിശേഷണങ്ങൾ അടങ്ങിയ നാമങ്ങളാണ്.
ഇവ ക്വുർആനിലും ഹദീസിലും വ്യത്യസ്ത സന്ദർഭങ്ങളിലായി വന്നവയാണ്.
മുന്നൂറു വരെ എണ്ണിയവരുണ്ട്. അതൊക്കെയും വിശേഷണങ്ങളാണ്.
صلى الله عليه وسلم.