അഹ് ലൻ റമളാൻ-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനഞ്ച്

അഹ് ലൻ റമളാൻ ! أهلا رمضان

വിശുദ്ധ റമളാൻ ആഗതമാവാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിശ്വാസികളുടെ ജീവിതത്തിൽ ലഭിക്കുന്ന മഹാ സൗഭാഗ്യമാണ് റമളാൻ. ജീവിത യാത്രയിൽ വന്നു പോയ അരുതായ്മകൾ അല്ലാഹുവിനോട് മനം നൊന്ത് ഏറ്റുപറയാനും ഈമാനിന്റെ തോത് വർധിപ്പിക്കാനും ഉള്ള അവസരമായാണ് വിശ്വാസികൾ റമളാനിനെ കാണുന്നത്. അത്താഴം, പകലിലെ നോമ്പ്, ജമാഅത്ത് നമസ്കാരങ്ങൾ, ക്വുർആൻ പാരായണം, പഠന ക്ലാസ്സുകൾ, നോമ്പുതുറകൾ , തറാവീഹ്, സ്വദഖകൾ, ഇഅതികാഫ് , ക്വിയാമുലൈൽ … ഇങ്ങനെ റമളാൻ നമുക്ക് നൽകുന്ന മധുരങ്ങൾ അനവധിയാണ്. ഈ ലോക്ഡൗൺ കാലത്ത് ഇതിൽ പലതും എത്രമാത്രം പ്രായോഗികമാവും എന്നത് അറിയില്ല. അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ. (ആമീൻ)

റമളാനിന്റെ വരവോടെ പ്രകൃതിയിൽ തന്നെ ചില അപൂർവ്വതകൾ സംഭവിക്കുന്നുണ്ട്. പുണ്യങ്ങളുടെ പൂക്കാലത്തെ വരവേൽക്കാൻ വാന ഭൂമികൾ തയ്യാറെടുക്കുന്നു എന്നു സാരം.
സ്വർഗ കവാടങ്ങൾ തുറന്നു വെക്കപ്പെടുന്നു , നരകവാതിലുകൾ ബന്ധിക്കപ്പെടുന്നു , പിശാചുക്കളിലെ പോക്കിരികളെ പിടിച്ചു വെക്കപ്പെടുന്നു , നന്മ കൊതിക്കുന്നവരേ കുതിച്ചു വരൂ, തിന്മയുടെ വക്താക്കളേ നിങ്ങൾ ചുരുക്കൂ എന്നിങ്ങനെ വാനലോകത്ത് നിന്ന് മലക്കുകൾ ഉണർത്തിക്കൊണ്ടിരിക്കുന്നു ,…. ഇങ്ങനെ നിരവധി ഒരുക്കങ്ങൾ പ്രകൃതിയിൽ തന്നെ സംഭവിക്കുന്നു. ഇതെല്ലാം റമളാനിൽ മാത്രം! ഈ വിശുദ്ധ മാസം റബ്ബിന്റെയടുക്കൽ എത്രമാത്രം വിശേഷപ്പെട്ടതാണെന്ന് ഇതിൽ നിന്നെല്ലാം ഗ്രഹിക്കാം. റമളാനിന്റെ മഹത്വങ്ങൾ നിരവധിയുണ്ട്. ചിലതിവിടെ കൊടുക്കുന്നു.

1- *വേദ ഗ്രന്ഥങ്ങളുടെ അവതരണ മാസമാണത്.*
ഇബ്രാഹീം നബി (അ)യുടെ ഗ്രന്ഥം , തൗറാത്ത്, ഇൻജീൽ, സമ്പൂർ എന്നിവ ഇറക്കപ്പെട്ടത് റമളാനിലാണ്.
(الألباني ، السلسلة الصحيحة ١٥٧٥ )
ക്വുർആൻ അവതരിച്ചതും റമളാനിലാണ്. (ബകറ : 185)
2- *സ്വർഗ വാതിലുകൾ തുറക്കപ്പെടുന്നു*
الألبانى فى صحيح سنن النسائى حديث رقم (2102)
3 – *നരകവാതിലുകൾ അടക്കപ്പെടുന്നു*
صحيح الجامع حديث رقم (6995)
4- *പിശാചുക്കൾ ബന്ധിക്കപ്പെടുന്നു*
الألبانى فى صحيح سنن النسائى حديث رقم (2102 )
5 – *നന്മകൾ ചെയ്യാനും തിന്മകൾ ചുരുക്കാനും പ്രതിദിനം മലക്കുകൾ വിളിച്ചു പറയുന്നു*
صحيح الترغيب والترهيب حديث رقم (998)
6- *വൻ പാപങ്ങൾ വെടിഞ്ഞാൽ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾക്ക് പരിഹാരമാണ്.*
(مسلم 370)
7 – *റമളാനിലെ ഉംറ ഹജ്ജിന് സമാനം*
(مسلم 2276 )
8- *ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ള ലൈലത്തുൽ ക്വദ്റ് റമളാനിലാണ്*
(ഖദ്റ് : 1-5 , ദുഖാൻ  )
9 – *നബി (സ) ഏറ്റവും ഔദാര്യവാനായി കാണപ്പെട്ടത് റമളാനിലാണ്.*
(ബുഖാരി : 1938)
10 – *ജിബ്രീൽ പ്രവാചകന് ക്വുർആൻ പാഠം നോക്കിയിരുന്നത് റമളാനിലാണ്*
(ബുഖാരി : 1812)
11 – *പ്രവാചകൻ 10 ദിവസം പള്ളിയിൽ ഇഅതികാഫ് ഇരുന്നത് റമളാനിൽ*
(ബുഖാരി : 1938)
12- *പ്രവാചകൻ (സ) രാത്രി നമസ്കാരം സംഘടിതമായി പള്ളിയിൽ വച്ച് നിർവഹിച്ചത് റമളാനിലാണ്.*
(ബുഖാരി : 924)
13- *റമളാനിലെ രാത്രി നമസ്കാരം പാപമോചനത്തിന് കാരണമാണ്*
(ബുഖാരി : 37 )
14 – *റമളാനിലെ വ്രതം പാപ പരിഹാരമാണ്*
(ബുഖാരി : 38 )
15 – *റമളാൻ ബറകത്തുള്ള മാസമാണ്*
(നസാഇ : 2106.صحيح )
16 – *ക്വുർആനിൽ പേരു പരാമർശിക്കപ്പെട്ട മാസം*
(ബകറ : 185)
17 – *റമളാനിലെ എല്ലാ ദിനത്തിലും ഒരു സംഘം ആളുകൾക്ക് നരക മോചനം ലഭിക്കുന്നു.*
(صحيح الترغيب 1001 )
18 – *റമളാൻ ക്ഷമയുടെ മാസമാണ്*
(الألباني ، السلسلة الصحيحة ٢٦٢٣ )

ഇത്രയും പുണ്ണ്യമേറിയ മാസത്തിലേക്കാണ് നാം പ്രവേശിക്കാനിരിക്കുന്നത്. വിശ്വാസം കൊണ്ടും മനസ്സുകൊണ്ടും അല്ലാഹുവിന്റെ ഈ സമ്മാനത്തെ സ്വീകരിക്കാൻ നാം സജ്ജരാവേണ്ടതുണ്ട്.

റമളാൻ വന്നാൽ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. അതിൽ ഏറ്റവും പ്രമുഖം നോമ്പു തന്നെ. നോമ്പ് അതിന്റെ പൂർണ്ണതയോടെ നോറ്റുവീട്ടണമെങ്കിൽ അതിനെ കുറിച്ചുള്ള അറിവ് നമുക്കുണ്ടാവണം. റമളാനിനു മുമ്പ് നോമ്പിനെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാനോ , പ്രഭാഷണങ്ങൾ ശ്രവിക്കാനോ , നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു സൽക്കർമവും ജ്ഞാനത്തോടെ ചെയ്യുമ്പോഴാണ് അബദ്ധങ്ങൾ അന്യം നിൽക്കുക.
അല്ലാമാ സഈദ് അൽ കഹ്ത്വാനി (റ) രചിച്ച
الصيام في الإسلام
എന്ന കൃതി ഈ വിഷയത്തിലെ ഏറ്റവും നല്ല ഗ്രന്ഥങ്ങളിലൊന്നാണ്.

ക്വുർആൻ പാരായണമാണ് മറ്റൊരു കർമ്മം. ചുരുങ്ങിയത് ഒരു തവണയെങ്കിലും ക്വുർആൻ ഓതി തീർക്കണമെന്ന ഉറച്ച തീരുമാനം നമുക്കുണ്ടാവേണ്ടതുണ്ട്. നമ്മുടെ ജോലി എന്തുമാവട്ടെ, നാം എത്ര തിരക്കുള്ളവരുമാവട്ടെ, ഒരു തവണയെങ്കിലും റമളാനിൽ പോലും ക്വുർആൻ ഓതി തീർക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് നമുക്കതിന് സാധിക്കുക?

ജമാഅത്ത് നമസ്കാരങ്ങൾ ഒന്നു പോലും നഷ്ടപെടാതിരിക്കാനുള്ള നിയ്യത്തും ജാഗ്രതയും നമുക്കുണ്ടാവണം. ലോക് ഡൗൺ നീണ്ടാലും വീടുകളിൽ വച്ച് ജമാഅത്തും തറാവീഹും നടക്കണം. അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ.

റമളാൻ ഉറക്കിന്റെ മാസമല്ല. ഉണർവിന്റേയും വിജ്ഞാനത്തിന്റേയും മാസമാണത്. മതത്തെ കുറിച്ചുള്ള ജ്ഞാന പരിസരങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതികൾ നാം ആലോചിക്കുക.

പ്രാർത്ഥനയുടെ മാസമാണല്ലോ റമളാൻ . റബ്ബിലേക്ക് കരങ്ങൾ ധാരാളം ഉയരണം. പ്രത്യേകിച്ചും ഉത്തരം കിട്ടുന്ന സമയങ്ങളിൽ . അത്താഴ സമയം അതിലൊന്നാണ്.

റമളാനിൽ സോഷ്യൽ മീഡിയകൾക്ക് ടൈം ടേബിൾ നിശ്ചയിച്ചില്ലെങ്കിൽ പുണ്യ നിമിഷങ്ങൾ പാഴാവുന്നത് നാം അറിയില്ല.

വയറിനൊപ്പം വായക്കു കൂടി വ്രതമില്ലെങ്കിൽ പട്ടിണി വെറുതെയാവും.

റമളാൻ സൗഭാഗ്യമാണ്. അത് ലഭിച്ചിട്ടും ഉപയോഗിക്കാത്തവനെതിരെ ജിബ്രീൽ പ്രാർത്ഥിക്കുകയും പ്രവാചകൻ (സ) ആമീൻ പറയുകയും ചെയ്തിട്ടുണ്ടല്ലോ.
(തിർമിദി: 3545صحيح)

മുമ്പ്‌ മരണപ്പെട്ട രക്തസാക്ഷിയേക്കാൾ ഒരു വേള മുമ്പിലെത്താൻ ഒരു വർഷത്തെ റമളാൻ കൊണ്ട് സാധിക്കും എന്നു വരെ പ്രവാചകൻ (സ) പഠിപ്പിച്ചത്
(الألباني ، صحيح ابن ماجه ٣١٨٥
നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇഅതികാഫിനും ക്വിയാമുലൈലിനുമുള്ള ആഗ്രഹം നമ്മൾ സൂക്ഷിക്കുക. സാഹചര്യം പ്രതികൂലമായാലും ആഗ്രഹിച്ചതിന്റെ പുണ്യം നമുക്ക് നേടാം.

റമളാനും ക്വുർആനും നമുക്കെതിരെ സാക്ഷി നിൽക്കുന്ന അവസ്ഥ അതി ഭീകരം തന്നെയാണ് (معاذ الله)

സകാത്തു നൽകി സമ്പത്തു ശുദ്ധീകരിക്കാനും സ്വദകകൾ വർധിപ്പിച്ച് നന്മകൾ വാരി കൂട്ടാനും ഉള്ള അവസരമാണ് റമളാൻ

റമളാനിലും വീട്ടിൽ തന്നെ നിൽക്കേണ്ട അവസ്ഥ വന്നാൽ പോലും അതും സഹിക്കേണ്ടവരാണ് നാം. അതു മൂലം പ്രതിഫലം നഷ്ടമാവാതെ നാം കരുതേണ്ടതുമുണ്ട്.

അതുകൊണ്ട് റമളാനിനു വേണ്ടി ഒരുങ്ങേണ്ട സമയമാണിത്. കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനങ്ങൾ ഉണ്ടാവേണ്ട സന്ദർഭമാണിത്.
അല്ലാഹു എല്ലാം എളുപ്പമാക്കട്ടെ.
ഈ വിശുദ്ധ റമളാനിലെ ഓരോ നിമിഷങ്ങളും റബ്ബിന്റെ തൃപ്തിക്കു വേണ്ടി മാത്രം ഉപയോഗിക്കാൻ അവൻ നമ്മെ സഹായിക്കട്ടെ.
ആമീൻ.

Leave a Comment