ഹദീസ് 21

ഹദീസ് : 21

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ أَحَدَكُمْ، إِذَا قَامَ يُصَلِّي جَاءَهُ الشَّيْطَانُ فَلَبَسَ عَلَيْهِ، حَتَّى لاَ يَدْرِيَ كَمْ صَلَّى، فَإِذَا وَجَدَ ذَلِكَ أَحَدَكُمْ، فَلْيَسْجُدْ سَجْدَتَيْنِ وَهُوَ جَالِسٌ.  – مسلم

അബൂഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: നിശ്ചയം നിങ്ങളിൽ ഒരാൾ എഴുന്നേറ്റ് നമസ്‌കരിക്കുകയാണെങ്കിൽ അവന്റെ അടുക്കൽ പിശാച് വന്ന് (കാര്യങ്ങൾ) കൂട്ടിക്കലർത്തും, അവൻ എത്ര നമസ്‌കരിച്ചു എന്ന് അവൻ അറിയാതിരിക്കുന്നത് വരെ. നിങ്ങളിൽ ആർക്കെങ്കിലും അത് അനുഭവപ്പെട്ടാൽ അവൻ ഇരിക്കുന്നവനായിരിക്കെ രണ്ട് സുജൂദ് ചെയ്യട്ടെ. - (മുസ്‌ലിം).

വിവരണം

> പിശാച് മനഷ്യനെ വഴി തെറ്റിക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. ഓരോ സന്ദർഭങ്ങളിലും അവന്റെ ശല്യം ഉണ്ടായിക്കൊണ്ടിരിക്കാം. അതിനാൽ തന്നെ അവന്റെ വസ്‌വാസുകളിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രത കാണിക്കണമെന്ന് നബി g അറിയിച്ചിട്ടുണ്ട്. അവനിൽ നിന്ന് രക്ഷ നേടാനുള്ള ധാരാളം പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

·> അടിമക്കം അല്ലാഹുവിനം ഇടയിൽ മറയിടാൻ പിശാച് കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കും. അടിമ അല്ലാഹുവുമായി ഏറ്റവും അടുക്കുന്ന നമസ്‌കാരത്തിൽ പോലും അവന്റെ ശല്യമുണ്ടാകും.

·> ഒരാൾ നമസ്‌കരിക്കാൻ നിന്നാൽ നമസ്‌കാരത്തിൽ പലതും ഓർക്കാൻ പിശാച് പ്രേരിപ്പിക്കം. താൻ നമസ്‌കാരത്തിൽ എന്തൊക്കെയാണ് ചെയ്തത്? എത്ര റക്അത്തായി എന്നൊക്കെ സംശയം ഉണ്ടാക്കുകയും ചെയ്യും. 

·> ഇങ്ങനെ പിശാച് വസ്‌വാസ് ഉണ്ടാക്കുന്നു എങ്കിൽ അത് മനസ്സിലാക്കിചെയ്യുന്ന കർമം ഭംഗിയാക്കുകയും പിശാചിനോട് എതിരിടാൻ മനസ്സിനെ സജ്ജമാക്കുകയും വേണം.

·> നമസ്‌കാരത്തിൽ പിശാചിന് പിടികൊടുക്കാതെ പൂർത്തിയാക്കാൻ ശ്രമിക്കണം, പിശാചിന് ഒരു നിലക്കും വഴങ്ങിക്കൊടുക്കാതെ ഉണർവ്വിലും മനസ്സാന്നിധ്യത്തിലും നിൽക്കണം. പിശാച് വ്യക്തമായ ശത്രു തന്നെയാണ്. 

·> എത്രയാണ് നമസ്‌കരിച്ചത് എന്ന് സംശയമുണ്ടായാൽ ഏറ്റവും ഉറപ്പുള്ള എണ്ണം നോക്കി ബാക്കി പൂർത്തീകരിക്കുകയും അവസാനം അവൻ ഇരിക്കുന്നവനായിരിക്കേ രണ്ട് സുജൂദ് ചെയ്യുകയും വേണം. സഹ്‌വിന്റെ (മറവിയുടെ) സുജൂദുകളാണിവ.

പിശാചിൽ നിന്ന് എപ്പോഴും രക്ഷ നേടാൻ

1- ദിക്‌റുകളും ദുആകളും അധികരിപ്പിക്കൽ, പ്രത്യേകിച്ച് പിശാചിൽ നിന്ന് രക്ഷ ലഭിക്കാനുള്ള പ്രാർത്ഥനകൾ പതിവാക്കൽ. 

2- പിശാചിന്റെ വസ്‌വാസുകളെ അവഗണിക്കൽ. കർമത്തിൽ ശ്രദ്ധിക്കുകയും വസ്‌വാസിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കുയും ചെയ്താൽ പിന്നെ ആ ശല്യം ഉണ്ടാകില്ല. അതിന് മനസ്സിനെ പാകപ്പെടുത്തിയെടുക്കണം.

നമസ്‌കാരത്തിൽ ഭക്തി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1-നമസ്‌കാരത്തിന് നന്നായി ഒരുങ്ങൽ

2-നമസ്‌കാരത്തിൽ ശാന്തതഉണ്ടാവൽ 

3-നമസ്‌കാരത്തിൽ മരണത്തെ ഓർക്കൽ

4-ഓതുകയും ചൊല്ലുകയും ചെയ്യുന്നവയുടെ ആശയങ്ങൾ മനസ്സിലാക്കി ചിന്തിക്കൽ

5-ആയത്തുകൾ നിർത്തി നിർത്തി ഓതൽ 

6-പാരായണം നല്ല ശബ്ദത്തിൽ ഭംഗിയായി ഭക്തിയിൽ ചൊല്ലൽ

7-നമസ്‌കാരത്തിൽ അല്ലാഹു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കൽ

8-നമസ്‌കരിക്കാൻ നിൽക്കുമ്പോൾ ഒരു മറയിലേക്ക് നിൽക്കുകയും അതിനോട് അടുത്ത് നിൽക്കലും

9-വലത് കൈ ഇടത് കൈക്ക് മുകളിലായി നെഞ്ചത്ത് വെക്കൽ

10-സുജൂദിന്റെ സ്ഥലത്തേക്ക് നോക്കൽ

11-തശഹ്ഹുദിൽ ചൂണ്ടു വിരൽ അനക്കൽ

12-വ്യത്യസ്ഥ സൂറത്തുകളും പഠിപ്പിക്കപ്പെട്ട വിവിധ പ്രാർത്ഥനകളും ചൊല്ലൽ. എല്ലായ്‌പ്പോഴും ഒന്ന് തന്നെ ചൊല്ലുന്ന രീതി ഒഴിവാക്കുക. 

13-സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ വന്നാൽ സുജൂദ് ചെയ്യുക.

14-പിശാചിൽ നിന്ന് രക്ഷ ചോദിക്കൽ (ഇസ്തിആദ)

15-പൂർവ്വികർ അവരുടെ നമസ്‌കാരത്തിൽ എങ്ങനെയായിരുന്നു എന്ന് പഠിക്കലും, ചിന്തിക്കലും.

16-നമസ്‌കാരത്തിൽ ഭയഭക്തിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് പഠിക്കൽ

17-നമസ്‌കാരത്തിൽ നന്നായി പ്രാർത്ഥിക്കാൻ ശ്രമിക്കൽ. പ്രത്യേകിച്ചും സുജൂദിൽ.

18-നമസ്‌കാരത്തിന് ശേഷമുള്ള ദിക്‌റുകൾ ചൊല്ലൽ

19-നമസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കൾ നമസ്‌കാര സ്ഥലത്ത് നിന്ന് നീക്കം ചെയ്യൽ.

20-എഴുത്തുകളും വരകളും ഉള്ള വസ്ത്രങ്ങൾ ധരിച്ച് നമസ്‌കരിക്കാതിരിക്കുക. 

21-ഇഷ്ടഭക്ഷണത്തിന്റെ സാന്നിധ്യത്തിൽ വിശപ്പോടെ നമസ്‌കരിക്കാതിരിക്കുക. 

22-മൂത്രിക്കാനോ, കാഷ്ടിക്കാനോ ഉള്ള അവസ്ഥയിൽ നമസ്‌കരിക്കാതിരിക്കുക. 

23-ഉറക്കവും, മയക്കവും ഉള്ളപ്പോൾ നമസ്‌കരിക്കാതിരിക്കുക. 

24-ഉറങ്ങുന്നവന്റേയോ, സംസാരിക്കുന്നവന്റേയോ പിറകിൽ നമസ്‌കരിക്കാതിരിക്കുക. 

25-നമസ്‌കരിക്കുമ്പോൾ വസ്ത്രമോ, മുസ്വല്ലയോ നേരെയാക്കിക്കൊണ്ടിരിക്കൽ. 

26-മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന രൂപത്തിൽ പാരായണം ചെയ്യാതിരിക്കൽ.

27-നമസ്‌കാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കാതിരിക്കൽ

28-ആകാശത്തേക്ക് കണ്ണുകൾ ഉയർത്താതിരിക്കൽ

29-നമസ്‌കാരത്തിൽ മുന്നിലേക്ക് തുപ്പാതിരിക്കൽ.

30-കോട്ടുവായ തടഞ്ഞു വെക്കൽ

31-നമസ്‌കാരത്തിൽ ഊരക്ക് കൈകൊടുക്കാതെ നിൽക്കൽ. 

32-വസ്ത്രം നിലത്ത് വലിച്ചിഴക്കാതിരിക്കൽ

33-മൃഗങ്ങളോട് സാദൃശ്യപ്പെടുന്ന രീതിയിൽ കർമങ്ങൾ ചെയ്യാതിരിക്കൽ. (നമസ്‌കാരത്തിൽ ഭക്തി ലഭിക്കാനുള്ള 33 കാരണങ്ങൾ)

ഹദീസ് 20

ഹദീസ് : 20

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي هُرَيْرَةَ قال، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِذَا قُلْتَ لِصَاحِبِكَ: أَنْصِتْ، يَوْمَ الْجُمُعَةِ، وَالإِمَامُ يَخْطُبُ، فَقَدْ لَغَوْتَ . مسلم

അബൂഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: വെള്ളിയാഴ്ച ഇമാം ഖുതുബ നടത്തിക്കൊണ്ടിരിക്കേ താങ്കൾ താങ്കളുടെ അടുത്തിരിക്കന്നവനോട് മിണ്ടരുത് എന്ന് പറഞ്ഞാൽ താങ്കൾ അനാവശ്യം പറഞ്ഞിരിക്കുന്നു- (മുസ്‌ലിം).

വിവരണം

> ജുമുഅ സന്ദർഭത്തിൽ പാലിക്കേണ്ട മര്യാദയെക്കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.

> വളരെയേറെ പ്രാധാന്യമുള്ള ഒരു കർമമാണ് ജുമുഅ. അതിന് മുമ്പും ജുമുഅ സമയത്തും ജുമുഅക്ക് ശേഷവുമെല്ലാം ചില മര്യാദകളും സുന്നത്തുകളും പാലിക്കേണ്ടതുണ്ട്. വെറുതെ ഒരു ചടങ്ങായി കഴിച്ചു കൂട്ടേണ്ട കാര്യമല്ല ജുമുഅ. 

> ജുമുഅ സമയത്ത് ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ നീ മിണ്ടരുത് എന്ന് പോലും പറയാൻ പാടില്ല എന്നാണ് നബി g  അറിയിച്ചിരിക്കുന്നത്. അങ്ങനെ പറഞ്ഞാൽ അവൻ അനാവശ്യം സംസാരിച്ചിരിക്കുന്നു, അല്ലെങ്കിൽ അവൻ ജുമുഅയിൽ ബഹളം വെച്ചിരിക്കുന്നു എന്നാണ്. അവന്റെ ജുമുഅക്ക് ന്യൂനത സംഭവിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. 

لَغَا എന്നാൽ അനാവശ്യ സംസാരം, ബഹളം, ബാത്വിലായ സംസാരം എന്നൊക്കെയാണർത്ഥം.

لَغْو വാക്ക് കൊണ്ടും പ്രവർത്തനം കൊണ്ടും സംഭവിക്കും. ജുമുഅ നടക്കുമ്പോൾ കല്ലിലോ മറ്റു സാധനങ്ങളിലോ തൊട്ടാൽ അവൻ അനാവശ്യം ചെയ്തിരിക്കുന്നു എന്ന് നബി g പറഞ്ഞിട്ടുണ്ട്. മൊബൈൽ, ചാവി പോലുള്ള വസ്തുക്കളിൽ മനഃപ്പൂർവ്വം തൊടുന്നത് ഇതിൽ പെടും. 

> ജുമുഅ സമയത്ത് പരിപൂർണ്ണമായും മിണ്ടാതിരിക്കൽ നിർബന്ധമാണ്. ആ സന്ദർഭത്തിൽ സംസാരിച്ചാൽ അവന്റെ ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടും. 

> ഖുത്വ്ബ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെയാണ് നിശബ്ധമായിരിക്കൽ നിർബന്ധമായിട്ടുള്ളത്. സംസാരിക്കാതെ ചൂണ്ടിക്കാണിച്ചോ മറ്റോ സൂചന നൽകലും ഒഴിവാക്കേണ്ടതാണെന്ന് സലഫുകളുടെ അധ്യാപനങ്ങളിൽ വന്നിട്ടുണ്ട്.

> ജുമുഅ സമയം സലാം വീട്ടലും തുമ്മിയാൽ അൽഹംദുലില്ലാഹ് പറയുലും പാടില്ലാത്തതാണെന്നാണ് ഭൂരിഭാഗം പണ്ഡിതരുടേയും അഭിപ്രായം.

> ജുമുഅയുടെ സുന്നത്തുകളും, മര്യാദകളും കൃത്യമായി പഠിച്ച് ജുമുഅയുടെ പ്രതിഫലം പരിപൂർണ്ണമായി കരസ്ഥമാക്കാൻ നാം ശ്രമിക്കണം.

ഹദീസ് 19

ഹദീസ് : 19

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “الفِطْرَةُ خَمْسٌ: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإِبْطِ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ “البخاري ومسلم

അബൂ ഹുറൈറ (റ) നിവേദനം, നബി പറഞ്ഞു: ശുദ്ധപ്രകൃതി (മനുഷ്യന്റെ ശുദ്ധ പ്രകൃതിയിൽ പെട്ടവ) അഞ്ചെണ്ണമാണ്: ചേലാ കർമം, ഗുഹ്യ രോമം വടിക്കൽ, കക്ഷ രോമം പറിക്കൽ, മീശ വെട്ടൽ, നഖം വെട്ടൽ എന്നിവയാണവ. (ബുഖാരി, മുസ്‌ലിം).

വിവരണം

> ശുചിത്വവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. മനുഷ്യന്റെ ശുദ്ധ പ്രകൃതിയിൽ പെട്ട അഞ്ച് കാര്യങ്ങൾ ഈ ഹദീസിൽ വിശദീകരിക്കപ്പെടുന്നു. ശുദ്ധപ്രകൃതിയിൽ പെട്ട വേറെയും ചില കാര്യങ്ങൾ മറ്റു ഹദീസുകളിൽ വന്നിട്ടുണ്ട്. 

·> فِطْرَة എന്നാൽ പ്രവാചകൻമാരുടെ ചര്യ എന്നാണ് അർത്ഥമാക്കുന്നത്.

ചേലാകർമം: 

·> പുരുഷൻമാർക്ക് ഇത് വാജിബ് ആണ്. മൂത്രത്തിൽ നിന്നുള്ള പരിപൂർണ്ണ ശുചിത്വം ഉറപ്പു വരത്തുന്നതിന് ഇത് ചെയ്യൽ നിർബന്ധമാണ്. ഇസ്‌ലാമിലേക്ക് കടന്നു വരുന്നവരോട് നബി g  ചേലാ കർമം ചെയ്യാൻ കൽപിക്കാറുണ്ടായിരുന്നു. 

·> ഇത് ഈ ഉമ്മത്തിന്റെ അടയാളവും മുൻ സമുദായങ്ങളിൽ അറിയപ്പെട്ടതുമായ കാര്യമാണ്. ചെറുപ്പ കാലത്ത് ചേലാ കർമം ചെയ്യുന്നതാണ് ഉത്തമം. പ്രായപൂർത്തിയാകുമ്പോഴേക്ക് ചേലാ കർമം ചെയ്തിരിക്കണം. 

ഗുഹ്യ രോമം കളയൽ

·> اسْتِحْدَاد എന്ന് പേര് വരാൻ കാരണം ഇരുമ്പ് (حَدِيد) ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനാലാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 

·> ഇത് പ്രബലമായ സുന്നത്താണ്. സ്ത്രീക്കും പുരുഷനുമെല്ലാം ഇത് ബാധകമാണ്.

കക്ഷ രോമം കളയൽ

·> ഇതും സുന്നത്താണ്. കക്ഷ രോമം പറിക്കുക എന്നാണ് ഹദീസിൽ വന്നിട്ടുള്ളത്. കഴിയുന്നവർക്ക് അതാണ് നല്ലത് എന്ന് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. വടിച്ചു കളഞ്ഞാലും മതിയാകുന്നതാണ്, അതിന്റെ ഉദ്ദേശ്യം അഴുക്ക് നീക്കം ചെയ്യലാണ്. 

മീശ വെട്ടൽ

·> മീശയുടെ ചുണ്ടിലേക്കിറങ്ങുന്ന ഭാഗം വെട്ടൽ സുന്നത്താണ്. പലരും അശ്രദ്ധരാകുന്ന ഒരു വിഷയമാണിത്. മേൽചുണ്ട് വ്യക്തമായി കാണുന്ന വിധം മീശയുടെ അഗ്രമോ, അല്ലെങ്കിൽ മുഴുവാനായോ ചെറുതാക്കാവുന്നതാണ്. മീശ വടിക്കൽ മത നിയമമായി വന്നിട്ടില്ല. ഇമാം മാലിക് r പറഞ്ഞത് മീശ വടിക്കൽ ബിദ്അത്താണെന്നാണ്.

·> താടി വളർത്തുകയും മീശ വെട്ടുകയും വേണം എന്ന് ഹദീസുകളിൽ കാണാം. താടി വളർത്താനാണ് മതം നിർദേശിക്കുന്നത്. അത് നിർബന്ധവുമാണ്. 

നഖം വെട്ടൽ

·> നഖം വെട്ടൽ പ്രബലമായ സുന്നത്താണ്. കാലിന്റേയും കയ്യിന്റേയും നഖങ്ങൾ വെട്ടൽ ഇതിൽ ഉൾപ്പെടും. നഖം വളർത്തൽ പാടില്ലാത്ത കാര്യമാണ്. നഖം വെട്ടുന്ന കാര്യത്തിൽ ഏത് വിരലിന്റേത് ആദ്യം വെട്ടണം എന്നൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന് ഇബ്‌നു ഹജർ r പറഞ്ഞിട്ടുണ്ട്.

·> ഇതിൽ പറഞ്ഞ ഗുഹ്യ രോമം കളയൽ, കക്ഷ രോമം പറിക്കൽ, മീശ വെട്ടൽ, നഖം വെട്ടൽ എന്നിവ നാൽപത് ദിവസം കൂടുമ്പോൾ ചെയ്യണം എന്ന് റസൂൽ g പഠിപ്പിച്ചിട്ടുണ്ട്. നാൽപത് ദിവസത്തിൽ കൂടുതൽ അവ നീക്കം ചെയ്യാതെ വെക്കരുത്.

·> നാൽപത് ദിവസത്തിനുള്ളിൽ തന്നെ അത് വളർന്ന് വൃത്തികേടായാൽ ഉടൻ നീക്കം ചെയ്യാം. ഓരോ വ്യക്തിക്കനുസരിച്ച് നീക്കം ചെയ്യുന്ന സമയം വ്യത്യാസപ്പെടും. എന്നാൽ നാൽപത് ദിവസത്തിൽ കൂടുതൽ അവ നീക്കം ചെയ്യാതിരിക്കരുത്.

ഹദീസ് 18

ഹദീസ് : 18

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ، وَمَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا لَمْ يَتُبْ، لَمْ يَشْرَبْهَا فِي الآخِرَةِ -مسلم

ഇബ്‌നു ഉമർ (റ) നിവേദനം. റസൂൽ പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്, ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ദുൻയാവിൽ മദ്യം കുടിക്കുകയും അതിന് അടിമപ്പെട്ട്, പശ്ചാത്തപിക്കാതെ മരിക്കുകയും ചെയ്താൽ പരലോകത്ത് അവനത് കുടിക്കുകയില്ല. (മുസ്‌ലിം).

വിവരണം

> ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം എന്ന ഇനത്തിൽ പെട്ടതാണ്. അത്തരത്തിൽ ലഹരിയായിട്ടുള്ളതെല്ലാം ഹറാമുമാണ്. ലഹരിക്ക് മദ്യം എന്ന പേരിട്ടാലും ഇല്ലെങ്കിലും ശരി. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഹറാം തന്നെയാണ്.

> ലഹരി എന്നാൽ: ആസ്വാദനത്തിലൂടെയോ മറ്റോ ബുദ്ധിയെ മൂടലാണ് ലഹരി. ആസ്വാദനത്തിൽ അവൻ ആരാണെന്ന് വരെ അറിയാത്ത അവസ്ഥയുണ്ടാവും.

> ലഹരിക്കായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഹറാം തന്നെയാണ്. 

> ലഹരിക്ക് അടിപ്പെട്ട് മരണം വരിക്കുന്നവന് അതിന്റെ ശിക്ഷയുണ്ടാകും, മാത്രമല്ല പരലോകത്ത് അവനത് കുടിക്കാൻ സാധിക്കുകയുമില്ല. 

> മദ്യവും മയക്കുമരുന്നുകളുമെല്ലാം മ്ലേച്ചവും പൈശാചികവുമാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. (മാഇദ:90)

> ഇത്തരം ലഹരികൾക്ക് അടിമപ്പെട്ടവർ വേഗം അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങണം. ആ തിൻമ ഉപേക്ഷിക്കുകയും ചെയ്ത് പോയതിൽ ഖേദമുണ്ടാവുകയും അതിലേക്ക് ഇനി മടങ്ങുകയില്ല എന്ന് ദൃഢനിശ്ചയം എടുക്കുകയും വേണം. അപ്പോഴാണ് അതിന്റെ തൗബ ശരിയാവുകയുള്ളൂ.

> മദ്യപാനം സകല തിൻമകളുടേയും താക്കോലാണ്. 

> സ്വർഗ്ഗത്തിൽ മദ്യമുണ്ടാകും. അത് നല്ലതും ലഹരിയോ, ശരീരത്തിന് ഉപദ്രവമോ ഇല്ലാത്തതാണ്. എന്നാൽ ഇവിടത്തെ മദ്യം എല്ലാ നിലക്കും മനുഷ്യനും, സമൂഹത്തിനും ദോഷകരമായിട്ടുള്ളതാണ്.

> സ്വർഗ്ഗത്തിലെ പാനീയത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ വചനം നോക്കൂ:

يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ

بَيْضَاءَ لَذَّةٍ لِّلشَّارِبِينَ

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

ഒരു തരം ഉറവു ജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. ? വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം. ? അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല. (സ്വാഫ്ഫാത്ത്:45-47)

ഹദീസ് 17

ഹദീസ് : 17

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي هُرَيْرَةَ، قال: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِذَا فَرَغَ أَحَدُكُمْ مِنَ التَّشَهُّدِ الآخِرِ، فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ: مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ الْمَسِيحِ الدَّجَّالِ. – مسلم

അബൂ ഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: നിങ്ങളിൽ ഒരാൾ അവസാനത്തെ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ അവൻ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിന കൊണ്ട് രക്ഷ ചോദിക്കട്ടെ: നരക ശിക്ഷയിൽ നിന്നും, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്നും ആണ് അവ. (മുസ്‌ലിം).

വിവരണം

> നമസ്‌കാരത്തിൽ പ്രാർത്ഥിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസ് വിവരിക്കുന്നത്.

·> നമസ്‌കാരത്തിൽ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം. അവസാനത്തെ തശഹ്ഹുദ് (അത്തഹിയ്യാത്ത്) ന് ശേഷം നബി g യുടെ മേലുള്ള സ്വലാത്ത് കഴിഞ്ഞാൽ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.

·> പ്രാർത്ഥനകൾ നമസ്‌കാരത്തിലും ദിക്‌റുകൾ നമസ്‌കാര ശേഷവും എന്ന രീതിയിലാണ് അധ്യാപനങ്ങളുള്ളാത്. നമസ്‌കാര ശേഷവും ആവശ്യമുള്ള കാര്യങ്ങൾ പ്രാർത്ഥിക്കാവുന്നതാണ്.

·> അതിൽ പ്രാർത്ഥിക്കാൻ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു പ്രാർത്ഥനയെ കുറിച്ചാണ് നബി g  പഠിപ്പിക്കുന്നത്. 

·> നാല് കാര്യങ്ങളെ തൊട്ട് അല്ലാഹുവിനോട് രക്ഷ ചോദിക്കൽ നമസ്‌കരിക്കുന്നവന് സുന്നത്താണ്. ഇത് വാജിബല്ല. 

1- നരക ശിക്ഷയിൽ നിന്ന്

2- ക്വബ്‌റിലെ ശിക്ഷയിൽ നിന്ന്

3- ജീവിതത്തിലേയും മരണത്തിലേയും ഫിത്‌നയിൽ നിന്ന്

4- മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്ന്

·> നരകശിക്ഷയെ തൊട്ട് നാം എല്ലായ്‌പ്പോഴും അല്ലാഹുവിനോട് രക്ഷ ചോദിക്കേണ്ടതാണ്. 

·> ക്വബ്ർ ശിക്ഷ യാഥാർത്ഥ്യമാണ്. അതിനെ നിഷേധിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്.വിവിധ തരത്തിലുള്ള ശിക്ഷകൾ ക്വബ്‌റിൽ ഉണ്ടാവുമെന്ന് ഹദീസുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിലേയും മരണത്തിലേയും കുഴപ്പങ്ങൾ എന്താണ്?

·> ജീവിതത്തിലെ കുഴപ്പങ്ങൾ: ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ കുഴപ്പങ്ങളുണ്ട്, തിൻമകൾ ചെയ്യലും, നൻമ ചെയ്യതിരിക്കലും തുടങ്ങി ധാരാളം പ്രശ്‌നങ്ങൾ ഇതിൽ പെടുന്നു. 

·> മരണത്തിന്റെ കുഴപ്പങ്ങൾ: അഥവാ മരണ വേളയിൽ ഒരു അടിമക്ക് അനുഭവിക്കേണ്ടതായ പ്രയാസങ്ങളുണ്ട്. നല്ല ആൾക്ക് ആ സന്ദർഭം വളരെ എളുപ്പമായിരിക്കും. എന്നാൽ തിൻമകളിൽ കഴിഞ്ഞ ആളുകൾക്ക് വലിയ പ്രയാസം തന്നെയാണ് ആ സന്ദർഭം.

·> മരണ ശേഷമുള്ള വിവിധ ഫിത്‌നകളും കുഴപ്പങ്ങളും ഇതിൽ പെടും.

·> മസീഹുദ്ദജ്ജാൽ മനുഷ്യരെ വഴി തെറ്റിക്കാനും നരകത്തിലേക്ക് നയിക്കാനും ശ്രമിക്കും. അവന്റെ പക്കലുള്ള വിവിധ തന്ത്രങ്ങളിലൂടെ മനുഷ്യരെ അവൻ വഴി തെറ്റിക്കും. ആദം (അ) നെ സൃഷ്ടിച്ചത് മുതൽ അന്ത്യദിനം വരെയുള്ള കാലത്തെ ഏറ്റവും വലിയ ഫിത്‌നയാണ് മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന. ആയതിനാൽ അതിൽ നിന്നും രക്ഷ തേടാൻ നബി g കൽപിച്ചിരിക്കുന്നു.

·> പ്രാർത്ഥിക്കേണ്ട രൂപം:

اللهم إِنِّيي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ

അർത്ഥം: അല്ലാഹുവേ.. നരക ശിക്ഷയിൽ നിന്നും, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റേയും മരണത്തിന്റേയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു.

ഹദീസ് 16

ഹദീസ് : 16

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي مُوسَى: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَيْنَ يَدَيِ السَّاعَةِ أَيَّامًا، يُرْفَعُ فِيهَا العِلْمُ، وَيَنْزِلُ فِيهَا الجَهْلُ، وَيَكْثُرُ فِيهَا الهَرْجُ» وَالهَرْجُ: القَتْلُ– رواه البخاري ومسلم

അബൂമൂസ (റ) നിവേദനം. നബി പറഞ്ഞു: നിശ്ചയം അന്ത്യ ദിനത്തിന്റെ മുന്നോടിയായി ചില ദിവസങ്ങൾ വരാനുണ്ട്, അതിൽ അറിവ് ഉയർത്തപ്പെടുകയും, അറിവില്ലായ്മ ഇറക്കപ്പെടുകയും, ഹർജ് അഥവാ കൊല വർദ്ധിക്കുകയും ചെയ്യും. (ബുഖാരി മുസ് ലിം)

വിവരണം

> അന്ത്യ ദിനത്തിന്റെ അടയാളങ്ങളായിട്ടുള്ള ചില കാര്യങ്ങളാണ് ഹദീസിൽ വിശദീകരിച്ചിരിക്കുന്നത്.

> അന്ത്യദിനത്തിന് തൊട്ടുമുമ്പായി വിജ്ഞാനം ഉയർത്തപ്പെടുകയും അഥവാ വിജ്ഞാനം ലോകത്ത് നിന്ന് നഷ്ടമാവുകയും, അജ്ഞത സമൂഹത്തിൽ വരികയും, കൊലപാതകങ്ങൾ വർദ്ധിക്കുകയും ചെയ്യും.

>  ഇതിൽ പറയപ്പെട്ട ലക്ഷണങ്ങളെല്ലാം നമ്മുടെ കൺമുന്നിൽ നാം കണ്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഉള്ളവർ കുറവായിരിക്കുന്നു, അറിവില്ലായ്മ സമൂഹത്തിൽ വ്യാപകമായിരിക്കുന്നു, കൊലപാതങ്ങളും വർദ്ധിച്ചിരിക്കുന്നു. മാത്രമല്ല അന്ത്യദിനത്തിന്റെ അടയാളമായി പറയപ്പെട്ട പല കാര്യങ്ങളും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്തിരിക്കുന്നു. 

> വിജ്ഞാനം ഒന്നടങ്കം ഉയർത്തപ്പെടുകയില്ല, അറിവുള്ള പണ്ഡിതൻമാരെ മരിപ്പിച്ച് കൊണ്ടായിരിക്കും ഇൽമിനെ ഉയർത്തുന്നത്. പരിപൂർണ്ണമായും ഇൽമ് ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല.

> ഈ ഹദീസിൽ പറയപ്പെട്ട വിജ്ഞാനം വിശുദ്ധ ക്വുർആനിന്റേയും തിരുസുന്നത്തിന്റേയും വിജ്ഞാനമാണ്. നബിമാരിലൂടെ കൈമാറി വന്ന വിജ്ഞാനമാണത്. പണ്ഡിതൻമാർ നബിമാരുടെ അനന്തരാവകാശികളാണ്, അവർ വിജ്ഞാനമാണ് അനന്തരമെടുത്തത്. അവരുടെ മരണത്തിലൂടെ അറിവ് നഷ്ടപ്പെടുകയും, സുന്നത്തുകൾ ഇല്ലാതാവുകയും, ബിദ്അത്തുകൾ വെളിപ്പെടുകയും അറിവില്ലായ്മ പ്രചരിക്കുകയും ചെയ്യും.

> പണ്ഡിതൻമാരില്ലാത്തപ്പോൾ വിവരമില്ലാത്തവർ ഫത്‌വ നൽകുന്ന അവസ്ഥയുണ്ടാവും, അവർ വഴിതെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.

> കൊലപാതകം ഇന്ന് വ്യാപിച്ച് കൊണ്ടിരിക്കുന്നു. അന്യായമായി ഒരു ആത്മാവിനെയും വധിക്കാൻ പാടില്ല. അത് മഹാ അപരാധമാകുന്നു. ആത്മഹത്യയും, കൊലപാതകങ്ങളും വലിയ ദുരന്തങ്ങളായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ഉറ്റവരെയും ഉടയവരെയും വരെ നിസാര കാര്യങ്ങൾക്ക് വേണ്ടി കൊന്നൊടുക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

> ഹദീസിൽ നിന്നള്ള പാഠങ്ങൾ:

1- അന്ത്യ ദിനത്തിന്റെ അടയാളമായി പറയപ്പെട്ടവ സമൂഹത്തിൽ വ്യാപിക്കും,അറിവ് ഉയർത്തലും, അറിവില്ലായ്മ പരക്കലും, മദ്യപാനം വർധിക്കലും, വ്യഭിചാരം പ്രകടമാകലും എല്ലാം വലിയ തോതിൽ അന്ത്യദിനത്തിന്റെ മുന്നോടിയായി കാണപ്പെടും. ഇതിന് വിപരീതമായ കാര്യങ്ങൾ വളരെ കുറയുന്ന സാഹചര്യമായിരിക്കും അന്ന്. 

2- അറിവില്ലായ്മ എന്നാൽ മതപരമായ വിഷയങ്ങളിൽ അറിവില്ലായ്മ പെരുകും എന്നാണ്. ഭൗതിക വിജ്ഞാനങ്ങൾ ഇതിൽ പെടില്ല.ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും നല്ല പോലെ അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. 

3- അറിവിനെ ഉയർത്തുന്നത് അറിവുള്ളവരുടെ മരണത്തിലൂടെയാണ്. 

4- അറിവില്ലാത്തവരിൽ നിന്ന് അറിവ് തേടുന്ന അവസ്ഥ അന്ത്യ ദിനത്തിന്റെ അടയാളത്തിൽ പെട്ടതാണ്. പല യുവാക്കളും മത വിഷയത്തിൽ ഫത്‌വ നൽകാൻ ധൈര്യം കാണിക്കുന്ന അവസ്ഥ കാണാവുന്നതാണ്. അങ്ങനെ ഫത്‌വകൾ നൽകി വഴിതെറ്റിക്കുന്നതും ഇതിൽ പെടും. 

ഹദീസ് 15

ഹദീസ് : 15

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ الأَعْرَجِ، قَالَ: قَالَ أَبُو هُرَيْرَةَ: يَأْثُرُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الحَدِيثِ، وَلاَ تَجَسَّسُوا، وَلاَ تَحَسَّسُوا، وَلاَ تَبَاغَضُوا، وَكُونُوا إِخْوَانًا- البخاري ومسلم

അഅ്‌റജ് നിവേദനം, അബൂ ഹുറൈറ (റ) നബി യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന: നബി പറഞ്ഞു: നിശ്ചയം നിങ്ങൾ ഊഹത്തെ സൂക്ഷിക്കണം. നിശ്ചയം ഊഹം സംസാരത്തിലെ ഏറ്റവും കളവായതാണ്. നിങ്ങൾ ചാരവൃത്തി നടത്തരുത്, നിങ്ങൾ കാര്യങ്ങൾ ചൂഴ്ന്നന്വേഷിക്കരുത്, നിങ്ങൾ പരസ്പരം പക കാണിക്കരുത്. നിങ്ങൾ സഹോദരൻമാരായിത്തീരുക. (ബുഖാരി, മുസ്‌ലിം)

വിവരണം

> സാമൂഹികമായി മനുഷ്യർ ശ്രദ്ധിക്കേണ്ട വലിയ മര്യാദകളാണ് ഈ ഹദീസിന്റെ ഉള്ളടക്കം. ഇവ സമൂഹത്തിലെ ആളുകൾ പാലിച്ചാൽ പല പ്രശ്‌നങ്ങൾക്കും അസ്വാരസ്യങ്ങൾക്കും പരിഹാരമാകും.

·> ഒരു വിശ്വാസി കാര്യങ്ങളിൽ ഇടപെടേണ്ടത് ഉറപ്പ് കൊണ്ടാണ്, ഊഹം കൊണ്ടല്ല. ഊഹങ്ങൾ തെറ്റാവാൻ ഇടയുണ്ട്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ

സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. (ഹുജുറാത്ത്:12)

·> നമ്മൾ ഊഹിക്കുന്നതാണ് ശരി എന്ന് നമുക്ക് ഉറപ്പിക്കാൻ സാധിച്ച് കൊള്ളണമെന്നില്ല. ചിലപ്പോൾ അത് സംസാരത്തിലെ വലിയ കളവായി മാറും. അത് കൊണ്ടാണത് സൂക്ഷിക്കണം എന്ന് റസൂൽ ﷺ പറഞ്ഞത്.

·> ഊഹം സംസാരത്തിലെ വലിയ കളവാണ് എന്ന് റസൂൽ g പറഞ്ഞത് ഊഹം മനസ്സിന്റെ സംസാരമായത് കൊണ്ടാണ്. 

·> ഊഹം നല്ലതും ചീത്തയും ഉണ്ട്. ഒരാളെ കുറിച്ച് നല്ലത് ഊഹിക്കൽ സ്തുത്യർഹമായ കാര്യമാണ്. അത് പോലെ അല്ലാഹുവിനെ കുറിച്ചും ഒരു വിശ്വാസിക്ക് നല്ല വിചാരം ആയിരിക്കണം.

·> അല്ലാഹുവിനെ കുറിച്ചും, ഇതര മനുഷ്യരെ കുറിച്ചും മോശമായി ഊഹിക്കൽമനസ്സിന്റെ രോഗമാണ്. അത് അപകടകരവുമാണ്. 

·> ജനങ്ങളെ കുറിച്ച് മോശമായി ഊഹിക്കാനുള്ള കാരണങ്ങൾ: 

1- ഒരാൾ സ്വന്തത്തെ നല്ലവനായി കാണൽ, മുള്ളവരേക്കാൾ ഞാൻ നല്ലവനാണെന്ന തോന്നലാണത്.

2- മനസിന്റെ വൃത്തികേട് കാരണം.

3- മതവിഷയങ്ങളിൽ അതിരു വിടലും അമിതമായ കാർക്കശ്യവും

4- മറ്റുള്ളവരെയും അവരുടെ അഭിപ്രായങ്ങളേയും പരിഗണിക്കാ തിരിക്കൽ

5- ദേഹേച്ഛയെ പിന്തുടരൽ

·> ഊഹത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കി നടക്കലും (تجسس), അവരുടെ സംസാരങ്ങൾ ശ്രദ്ധിക്കലും (تحسس) പാടില്ലാത്തവയാണ്.

·> പ്രത്യക്ഷവും പരോക്ഷവുമായ അവരുടെ കുറ്റങ്ങളും കുറവുകളും ചിക്കിചികയാൻ പാടില്ല എന്നാണ് ഹദീസിലുള്ളത്.

·> അതുപോലെ മുസ്‌ലീംകൾ തമ്മിൽ പരസ്പരം ദേഷ്യത്തിൽ കഴിയുകയും അരുത്. വിശ്വാസികൾ പരസ്പരം സാഹോദര്യത്തിൽ കഴിയേണ്ടവരാണ്. 

> മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പ്രചരിപ്പിക്കുകയല്ല വേണ്ടത്. അവ മറച്ച് വെക്കുകയാണ് വേണ്ടത് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അത്തരക്കാർക്ക് വലിയ പ്രതിഫലങ്ങളുമുണ്ട്.

ഹദീസ് 14

ഹദീസ് : 14

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

 عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: أَتَدْرُونَ مَا الْغِيبَةُ؟ قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: ذِكْرُكَ أَخَاكَ بِمَا يَكْرَهُ، قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ ؟ قَالَ: إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ.- صحيح مسلم

അബൂ ഹുറൈറ (റ) നിവേദനം. റസൂൽ പറഞ്ഞു: ഏഷണി എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് കൂടുതൽ അറിയുക. റസൂൽ പറഞ്ഞു: നിന്റെ സഹോദരൻ വെറുക്കുന്നതായ ഒരു കാര്യം അവനെ പറ്റി പറയലാണത്. ഞാൻ പറയുന്നത് എന്റെ സഹോദരനിൽ ഉണ്ടെങ്കിൽ താങ്കൾ എന്ത് പറയുന്നു എന്ന് ചോദിക്കപ്പെട്ടു. റസൂൽ പറഞ്ഞു: നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ താങ്കൾ അവനെ ഏഷണി പറഞ്ഞിരിക്കുന്നു, ഇനി അത് അവനിൽ ഇല്ലെങ്കിൽ നീ അവനെ കുറിച്ച് ആരോപണം പറഞ്ഞിരിക്കുന്നു. (മുസ്‌ലിം).

വിവരണം

> ഏഷണി പറയൽ നിഷിദ്ധമാണ്. അത് വലിയ പാപവും വ്യക്തിയിലും സമൂഹത്തിലും ധാരാളം അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതുമായ വിപത്താണ്.

> നിങ്ങൾ ഏഷണി പറയരുതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്:

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ

നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചു പറയുകയും അരുത്. (ഹുജുറാത്ത്:12)

ഏഷണി മൂന്ന് വിധമുണ്ട്:

1- ഒരാളിൽ ഉള്ള കാര്യം പറയൽ

2- അയാളിലില്ലാത്ത കാര്യം പറയൽ, അത് കളവ് കെട്ടിച്ചമക്കലാണ്.

3- ആരെങ്കിലും പറഞ്ഞ കാര്യം പ്രചരിപ്പിക്കൽ

> വിവിധ വിഷയങ്ങളിൽ ഏഷണി സംഭവിക്കാനിടയുണ്ട്. മതം, സ്വഭാവം, ശരീരം, സമ്പത്ത്, മക്കൾ, മാതാപിതാക്കൾ, തറവാട്, ഭാര്യ, ഭർത്താവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടെല്ലാം ഏഷണി സംഭവിക്കാം. അത് വാക്കിലൂടെയും, ഭാവ പ്രകടനത്തിലൂടെയും, ഗോഷ്ടി കാണിക്കുന്നതിലൂടെയും, ആംഗ്യത്തിലൂടെയും, എഴുത്തിലൂടെയും എല്ലാം സംഭവിക്കാം. 

> സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഇതിൽ പെടാൻ സാധ്യത കൂടുതലാണ്.

> ഇതിന്റെ കാരണങ്ങൾ:

1- വിശ്വാസ ദുർബലത

2- തിന്മ ചെയ്യുന്നവരോടൊത്തുള്ള സഹവാസം

3- അസൂയ

4- ദുൻയാവിനോടുള്ള ഇഷ്ടം

5- ഒഴിവ് സമയം കിട്ടൽ 

> ചില സന്ദർഭങ്ങളിൽ ഇത് ഏഷണി ആവില്ല:അവ:-

1- അക്രമത്തെ പറ്റിയും മറ്റും വിധികർത്താക്കളെ മുന്നിൽ അവതരിപ്പിക്കൽ.

2- മതത്തിൽ ബിദ്അത്ത് ചെയ്യുന്നത് തുറന്ന് കാട്ടൽ 

3- ചില മതവിധി തേടുമ്പോൾ മറ്റുള്ളവരെ കുറിച്ച് പറയൽ അനിവാര്യമാണെങ്കിൽ പറയാം.

4- വിവാഹന്വേഷണം നടത്തുമ്പോൾ വ്യക്തിയെ കുറിച്ച് യഥാർത്ഥ രൂപത്തിൽ പറയാം.

> ഏഷണി പറയുന്നവന് ദുൻയാവിലും, ക്വബ്‌റിലും, അന്ത്യ ദിനത്തിലും, പരലോകത്തും ശിക്ഷകൾ അനുഭവിക്കേണ്ടി വരും. 

> ഏഷണിക്കുള്ള ചികിത്സ:

1- തക്വ്‌വ

2- സ്വന്തം ന്യനതകളിൽ വ്യാപൃതമാവൽ, അതിനെ കുറിച്ച് ബോധമുള്ള വനാകൽ

3- ആത്മ വിചാരണ ചെയ്യൽ

4- അല്ലാഹുവിനെ ഓർക്കൽ പതിവാക്കൽ

5- നല്ലവരോടൊത്ത് സഹവസിക്കൽ

> ഏഷണി പറഞ്ഞു പോയാൽ അതിനുള്ള പ്രായശ്ചിത്തം:

1- ആരെക്കുറിച്ച് ഏഷണി പറഞ്ഞുവോ അവരോട് അത് പറഞ്ഞ് മാപ്പ് ചോദിക്കൽ.

2- അതിന് സാധിച്ചില്ലെങ്കിൽ അവർക്ക് വേണ്ടി നൻമക്കായി പ്രാർത്ഥിക്കൽ

3- അല്ലാഹുവിനോട് തൗബ തേടൽ.

ഹദീസ് 13

ഹദീസ് : 13

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، عَنْ أَبِيهِ: أَنَّهُ اشْتَرَى غُلاَمًا حَجَّامًا، فَقَالَ: «إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الكَلْبِ، وَكَسْبِ البَغِيِّ، وَلَعَنَ آكِلَ الرِّبَا وَمُوكِلَهُ، وَالوَاشِمَةَ وَالمُسْتَوْشِمَةَ وَالمُصَوِّرَ»- صحيح البخاري

ഔനു ബ്‌ന് അബീജുഹൈഫ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം. അദ്ദേഹം ഹിജാമ ചെയ്യുന്ന ഒരു ഭൃത്യനെ വാങ്ങി. അദ്ദേഹം പറഞ്ഞു: നിശ്ചയം നബി രക്തത്തിന്റെ വിലയും, നായയുടെ വിലയും, വേശ്യയുടെ പണവും നിരോധിച്ചിരിക്കുന്നു. പലിശ തിന്നുന്നവനെയും തീറ്റുന്നവനേയും പച്ച കത്തുന്നവനേയും പച്ച കുത്തിക്കുന്നവനേയും ചിത്രം വരക്കുന്നവനേയും നബി ശപിച്ചിരിക്കുന്നു- (ബുഖാരി).

വിവരണം

> അല്ലാഹു തന്റെ അടിമകൾക്ക് നല്ല കാര്യങ്ങൾ അനുവദിക്കുകയും ചീത്തയായ കാര്യങ്ങൾ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അന്ന പാനീയങ്ങളിലും, സമ്പാദിക്കുന്നതിലും കച്ചവടത്തിലും തുടങ്ങി എല്ലാ മേഖലകളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. മ്ലേച്ചവും നിന്ദ്യവുമായ കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് സംശുദ്ധമായ അവസ്ഥ കൈവരിക്കാൻ വേണ്ടിയുള്ള പ്രേരണയാണിത്.

·> അബൂ ജുഹൈഫ (വഹ്ബു ബ്‌നു അബ്ദില്ല അസ്സുവാഈ) ഹിജാമ ചെയ്തിരുന്ന ഒരു അടിമയെ വാങ്ങി. അദ്ദേഹം അയാളോട് അയാളുടെ ഹിജാമയുടെ ഉപകരണം നശിപ്പിക്കാൻ പറഞ്ഞു. അപ്പോൾ അബൂജുഹൈഫയുടെ മകൻ ഔൻ ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യമാണ് ഹദീസിൽ ഉള്ളത്.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വിരോധിക്കപ്പെട്ട സമ്പാദ്യങ്ങൾ

1-രക്തത്തിലൂടെ സമ്പാദിക്കുന്നത്

2-നായയെ വിൽക്കുന്നതിലൂടെ ലഭിക്കുന്നത്

3-വേശ്യാവൃത്തിയിലൂടെ സമ്പാദിക്കുന്നത്

4-പലിശയിലൂടെ ഉണ്ടാക്കുന്നത്

5-പച്ച കുത്തുന്നതിലൂടെയുള്ള സമ്പാദ്യം

6-ചിത്രം വരക്കുന്നതിലൂടെയുള്ളത്

·> രക്തത്തിന്റെ വിലയും രക്തം പുറത്തെടുക്കുന്നതിന്റെ വിലയും വിരോധിക്കപ്പെട്ടതിൽ പെടുന്നു. അതിനാൽ ഹിജാമക്ക് കൂലി വാങ്ങൽ നല്ലതല്ല എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വിരോധിക്കൽ ഹറാമായിട്ടല്ല, മറിച്ച് കറാഹത്ത് ആയിട്ടാണ്. 

·> നബി  ഹിജാമ ചെയ്യുകയും ചെയ്ത ആൾക്ക് പ്രതിഫലം നൽകിയിട്ടുണ്ടെന്നും വേറെ ഹദീസുകളിൽ കാണാം. ഇത് ഹദീസുകളുടെ വൈരുധ്യമല്ല. മറിച്ച് ഇതിലൂടെയുള്ള സമ്പാദ്യം മാന്യമായതല്ല എന്നാണ് പണ്ഡിതൻമാർ വിശദീകരിച്ചത്. എന്നാൽ ഹിജാമ ചെയ്യുന്നവന് സമ്മാനമായി എന്തെങ്കിലും നൽകുന്നത് കൊണ്ട് പ്രശ്‌നമില്ല എന്നും അവർ വിശദീകരിച്ചിരിക്കുന്നു. 

·> ശൈഖ് ഇബ്‌നു ബാസ് (റ) പറയുന്നു: ഹിജാമക്ക് ദിർഹമുകളോ, സ്വാഉകളോ (പണമോ, ധാന്യങ്ങളോ) പ്രതിഫലം വാങ്ങിയാൽ കുഴപ്പമില്ല, എന്നാൽ ഹിജാമ ചെയ്യുന്നവൻ (പ്രതിഫലമായി) ഒന്നും വാങ്ങാതിരിക്കുകയോ അല്ലെങ്കിൽ ഹിജാമയല്ലാത്ത ജോലി നോക്കലോ ആണ് ഉത്തമം. (ശർഹു ബുലൂഗിൽ മറാം)

·> രക്തം വിറ്റ് സമ്പാദിക്കന്ന സമ്പാദ്യം ഹറാമാണ്.

·> നായയെ വിൽക്കാനും ആ പണം ഉപയോഗിക്കാനും പാടില്ല. അത് നല്ല സമ്പാദ്യമല്ല. കാവലിനും, വേട്ടക്കും ഉള്ള നായകളെ ആവശ്യമെങ്കിൽ വളർത്താം. അല്ലാത്ത നായകളെവളർത്താൻ അനുവാദമില്ല എന്നതിനാലാണ് അതിലൂടെയുള്ള സമ്പത്ത് നല്ലതല്ലാത്തത്.

·> വ്യഭിചാരത്തിലൂടെയുള്ള സമ്പത്ത് ഹറാം ആണ്. ഹറാമിന് പകരമായി ലഭിക്കുന്നതാണത്.

·> പലിശ തിന്നുന്നവനേയും തീറ്റുന്നവനേയും പച്ച കുത്തുന്നവനേയും കുത്തിക്കുന്നവനേയും (ജീവനുള്ളവയുടെ) ചിത്രം വരക്കുന്ന/രൂപമുണ്ടാക്കുന്നവനേയും നബി  ശപിച്ചിരിക്കുന്നു. 

·> പലിശയുമായിട്ട് ഒരു ബന്ധവും വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. അതിലൂടെയുണ്ടാക്കുന്ന സമ്പാദ്യം ഹറാമായതാണ്.

·> പച്ചകുത്തലും കുത്തിക്കലും നബി ﷺ യുടെ ശാപത്തിന് കാരണമാകുന്നതാണ്, അതിലൂടെ സമ്പാദിക്കന്നു പണം ഹറാമുമാണ്.

·> ജീവനള്ളുവയുടെ ചിത്രം വരക്കൽ നിഷിദ്ധമാണ്. അവരെ നബി ﷺ  ശപിച്ചിരിക്കുന്നു. വിഗ്രഹങ്ങളും, രൂപങ്ങളും ഉണ്ടാക്കുന്നവരും ഇതിൽ പെടും. ഈ മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നത് നിഷിദ്ധമാണ്.

 

ഹദീസ് 12

ഹദീസ് : 12

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَائِشَةَ، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: إِنَّ الرِّفْقَ لاَ يَكُونُ فِي شَيْءٍ إِلاَّ زَانَهُ، وَلاَ يُنْزَعُ مِنْ شَيْءٍ إِلاَّ شَانَهُ. – رواه مسلم

നബി (റ) യുടെ ഭാര്യ ആഇശ (റ) നിവേദനം. നബി പറഞ്ഞു: നിശ്ചയം രിഫ്ക്വ് (മൃദുത്വം) ഏതൊരു കാര്യത്തിലും ഉണ്ടായാൽ അത് അതിനെ അലങ്കരിക്കും, ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരപ്പെടുന്നവോ അത് അതിനെ ന്യൂനതയുള്ളതാക്കും. (മുസ്‌ലിം).

വിവരണം

رِفْق എന്ന പദത്തിന് മൃദുത്വം, ദയ, നേർത്തത്, മയമുള്ളത്, അച്ചടക്കം എന്നൊക്കെ അർത്ഥം പറയാം. 

> നമ്മുടെ ഓരോ കർമങ്ങളിലും ഈ മയം ഉണ്ടായാൽ അത് അതിനെ ഭംഗിയുള്ളതാക്കും, പരുക്കൻ സ്വഭാവത്തിൽ ആണ് കർമങ്ങൾ ചെയ്യുന്നത് എങ്കിൽ അതിൽ ന്യൂനതകളുമുണ്ടാവും.

> ഒരാൾ തന്റെ പ്രബോധനത്തിലും, നൻമ കൽപിക്കുന്നതിലും, തിൻമ വിരോധിക്കുന്നതിലും, ഉപദേശങ്ങളിലും, എല്ലാ കാര്യങ്ങളിലും മയമുള്ളവനാകണം എന്ന് ഈ ഹദീസിൽ പ്രേരണയുണ്ട്. അവൻ അവന്റെ കുടുംബത്തോടും സഹോദരങ്ങളോടും, കൂട്ടുകാരോടും പൊതു ജനങ്ങളോടും ഉള്ള പെരുമാറ്റത്തിൽ ഇത് ശ്രദ്ധിക്കണം. പെരുമാറ്റം പരുക്കൻ സ്വഭാവത്തിൽ ആയിക്കൂടാ. 

> അല്ലാഹു رَفيق ആണ്, അവൻ رِفْق നെ ഇഷ്ടപ്പെടുന്ന്. അഥവാ അല്ലാഹു ദയയുള്ളവനാണ്, ദയയെ അവൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

> ഒരാൾ ജനങ്ങളോട് ദയയോടും മയത്തോടും ഇടപെട്ടാൽ അതിന്റെ ആസ്വാദനം അവന് മനസ്സിലാക്കാൻ കഴിയും, എന്നാൽ കഠിനവും പരുക്കൻ ആയതുമായ സ്വഭാവത്തിൽ ഇടപെട്ടാൽ പിന്നീട് അവന് ഖേദമുണ്ടാകും, ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്ന് വിലപിക്കുന്ന അവസ്ഥ വരും. മയത്തോട് കൂടി ആയിരുന്നാൽ പിന്നെ ഖേദിക്കേണ്ടി വരില്ല.

رِفْق  എന്ന സ്വഭാവം നമ്മുടെ നബി ﷺ യുടെ സ്വഭാവ വിശേഷണങ്ങളിൽ പെട്ടത് കൂടിയാണ്.

എപ്പോഴൊക്കെ ഇത് ശ്രദ്ധിക്കണം

> നൻമ കൽപിക്കുമ്പോഴും തിൻമ വിരോധിക്കുമ്പോഴും.

> തർക്കിക്കുമ്പോഴും സംവാദത്തിലേർപ്പെടുമ്പോഴും.

> കുടുംബത്തിൽ ഇടപെടുമ്പോൾ

> അയൽവാസികളോട്

> തന്റെ കീഴിൽ ജോലി ചെയ്യുന്നവരോട്

> ഇമാം തന്റെ പിന്നിൽ നമസ്‌കരിക്കുന്നവരോട്

> ജനങ്ങളുടെ മേൽ ഏതെങ്കിലും അധികാരത്തിലുള്ളവർ

> അധ്യാപകർ കുട്ടികളോട്

> എല്ലാ സൽകർമങ്ങൾ ചെയ്യുമ്പോഴും

തുടങ്ങി ഈ ഗുണം ആവശ്യമായ എല്ലാ സന്ദർഭങ്ങളിലും ഇത് പാലിക്കാൻ ഓർമ ഉണ്ടാവണം.

> നിങ്ങൾ എളുപ്പമുണ്ടാക്കുക, ഞെരുക്കമുണ്ടാക്കരുത്. നിങ്ങൾ സന്തോഷം ഉണ്ടാക്കുക, നിങ്ങൾ വെറുപ്പിക്കരുത് എന്ന് റസൂൽ g പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ മയവും ദയയവും അത്യാവശ്യമാണ്.

> ഒരു ഗ്രാമീണൻ പള്ളിയിൽ മൂത്രമൊഴിച്ചപ്പോൾ അയാൾക്ക് നല്ല നിലക്ക് കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സ്വഹാബിമാരോട് മയത്തിൽ പെരുമാറാനുമാണ് റസൂൽ ﷺ കൽപിച്ചത്. പരുക്കൻ സ്വഭാവം ആളുകളെ നമ്മിൽ നിന്ന് അകറ്റുന്നതാണ്. 

> നബി ﷺ യോട് പോലും അല്ലാഹു പറഞ്ഞത് നോക്കൂ:

فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ

(നബിയേ,) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും, അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ആലു ഇംറാൻ: 159)