“നബി ﷺ നിയോഗിച്ച സൈന്യങ്ങളും പങ്കെടുത്ത യുദ്ധങ്ങളും”
1) അബൂസലമ (رضي الله عنه) യുടെ നേതൃത്വത്തിലുള്ള സൈന്യം.
മുസ്ലിംകൾക്ക് ബാധിച്ച പ്രയാസം കാരണത്താൽ മറ്റുള്ള ആളുകളുടെ മനസ്സിൽ മുസ്‌ലിംകളെ കുറിച്ചുള്ള ഭയം നീങ്ങിപ്പോയി. പല ഗോത്രങ്ങളും അവർക്കെതിരെ രംഗത്തിറങ്ങാൻ ആഗ്രഹിച്ചു. ജൂതന്മാരും മുനാഫിക്കുകളുമാകട്ടെ അവരുടെ മനസ്സുകളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ശത്രുതയും പകയും അവർ പുറത്തു കാണിക്കാൻ തുടങ്ങി.
ഉഹ്ദ് യുദ്ധം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ബനൂ അസദ് ഗോത്രങ്ങൾ മദീനക്കാർക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടാൻ ഒരുങ്ങി. മദീനയിലുള്ള ഉള്ള സ്വത്തു മുതലുകൾ കൈപ്പറ്റലും മുശിരിക്കുകൾ മദീനക്കാരോടുള്ള ശത്രുതയിൽ കൂടിക്കൊടുക്കലുമായിരുന്നു അവരുടെ ലക്ഷ്യം.
അങ്ങിനെ തുലൈഹതുബ്നു ഖുവൈലിദും അയാളുടെ സഹോദരൻ സലമയും തങ്ങളുടെ ഗോത്രമായ ബനു അസദിൽ നിന്ന് തങ്ങളെ അനുസരിക്കുന്നവരെയും കൂട്ടി നബിﷺക്കെതിരെ യുദ്ധത്തിനിറങ്ങി.
ഈ വിവരം അറിഞ്ഞപ്പോൾ നബിﷺ അവരിലേക്ക് അബൂ സലമതുബ്നു അബ്ദുൽ അസദി رضي الله عنه നെ അയച്ചു. അദ്ദേഹത്തിന്റെ ചുമലിലാകട്ടെ ഉഹ്ദിൽ ഏറ്റ ശക്തമായ മുറിവുണ്ടായിരുന്നു. നബിﷺ അബൂസലമക്ക്رضي الله عنه പതാക കെട്ടിക്കൊടുത്തു. മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി 150 ഓളം ആളുകളെ അദ്ദേഹത്തിന്റെ കൂടെ അയക്കുകയും ചെയ്തു. അബൂസലമرضي الله عنهക്കും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും അല്ലാഹുവിനെക്കൊണ്ടുള്ള തഖ്‌വ കൊണ്ട് നബിﷺ വസ്വിയ്യത്ത് നൽകി.
അബൂസലമرضي الله عنه തന്റെ അനുയായികളെയും കൊണ്ടു പുറപ്പെട്ടു. മുഹർറം മാസത്തിന്റെ തുടക്കത്തിലായിരുന്നു അത്. “ഖത്വൻ” എന്ന് പേരുള്ള മലയിൽ ബനൂ അസദിന്റെ ജല തടാകം ഉള്ളിടത്തേക്ക് അവർ എത്തിച്ചേർന്നു. അവിടെ ഉണ്ടായിരുന്ന ഒരു ആട്ടിൻ പറ്റത്തെയും മൂന്ന് ഇടയന്മാരെയും അവർ പിടി കൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയും തങ്ങളുടെ ആളുകളുടെ അടുക്കൽ ചെന്ന് അവരെ വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെ അവർ ഛിന്ന ഭിന്നമായി അങ്ങോട്ടുമിങ്ങോട്ടും ഓടി. അബൂസലമرضي الله عنه അവരുടെ ജല തടാകത്തിനടുത്ത് തമ്പടിച്ചു. തന്റെ കൂടെയുള്ളവരെ 3 ഭാഗമാക്കി തിരിച്ചു. ഒരു വിഭാഗം തന്റെ കൂടെയും മറ്റു രണ്ടു വിഭാഗങ്ങളെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിലേക്കും അയച്ചു.
അവർ പോയി യുദ്ധം ചെയ്ത് സുരക്ഷിതരായി തിരിച്ചുവന്നു. ഒട്ടനവധി അനുഗ്രഹങ്ങൾ അന്ന് അവർക്ക് ലഭിക്കുകയുണ്ടായി. ശേഷം എല്ലാവരും കൂടി ഒന്നിച്ച് മടങ്ങി. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങി വന്ന ഉടനെ അബൂ സലമرضي الله عنه യുടെ കയ്യിനെ ബാധിച്ചിരുന്ന പഴുപ്പ് ശക്തമായി. ജമാദുൽ ആഖിറിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
ഉമ്മുസലമرضي الله عنه പറയുന്നു: “അബൂസലമرضي الله عنه മരിച്ചു കിടക്കുമ്പോൾ നബിﷺ അവിടെ വന്നു. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും തുറന്നു കിടക്കുകയായിരുന്നു. ആ കണ്ണുകൾ അടച്ചു കൊണ്ട് നബിﷺ ഇപ്രകാരം പറഞ്ഞു. “നിശ്ചയമായും ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണ് അതിനെ പിന്തുടരുന്നതാണ്.”
ഇതുകേട്ടപ്പോൾ അവിടെ കൂടിയവർക്ക് ഭയമായി. നബിﷺ അവരോടായി ഇപ്രകാരം പറഞ്ഞു. “നിങ്ങൾ നല്ലതിനല്ലാതെ പ്രാർത്ഥിക്കരുത്. കാരണം നിങ്ങൾ പറയുന്ന വിഷയങ്ങളിൽ അല്ലാഹുവിന്റെ മലക്കുകൾ ആമീൻ പറയുന്നുണ്ട്.” ശേഷം നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവേ അബൂസലമക് നീ പൊറുത്തു കൊടുക്കേണമേ. അദ്ദേഹത്തിന്റെ സ്ഥാനം സച്ചരിതരിൽ നീ ഉയർത്തേണമേ. അദ്ദേഹത്തിന്റെ പിൻഗാമികളിൽ അദ്ദേഹത്തിന് നീ പകരം നൽകേണമേ. ലോക രക്ഷിതാവായ അല്ലാഹുവേ അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിന് ഖബറിനെ വിശാലമാക്കി കൊടുക്കേണമേ. അദ്ദേഹത്തിന്റെ ഖബറിൽ പ്രകാശം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ”.(മുസ്ലിം: 920)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം. ഉമ്മുസലമرضي الله عنه പറയുന്നു. നബിﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. “ഒരു അടിമക്ക് ഒരു വിപത്ത് ബാധിക്കുകയും അപ്പോൾ അവൻ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ, [അല്ലാഹുവേ എനിക്ക് ബാധിച്ച വിപത്തിൽ നീ പ്രതിഫലം നൽകേണമേ, അതിനേക്കാൾ നല്ലത് എനിക്ക് നീ പ്രദാനം ചെയ്തു തരേണമേ] എന്നു പ്രാർത്ഥിക്കുകയും ചെയ്താൽ അവനു ബാധിച്ച വിപത്തിൽ അല്ലാഹു പ്രതിഫലം നൽകാതിരിക്കുകയില്ല. അതിനേക്കാൾ നല്ലത് അവന് പകരം നൽകാതിരിക്കുകയും ഇല്ല.”
ഉമ്മുസലമرضي الله عنه പറയുകയാണ്: “അബൂ സലമرضي الله عنه മരിച്ചപ്പോൾ നബിﷺ എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു. അങ്ങനെ അല്ലാഹു എനിക്ക് അദ്ദേഹത്തെക്കാൾ നല്ലത് ലഭിക്കുകയും ചെയ്തു. നബി ﷺ ആയിരുന്നു” (ആ നല്ലത്).(മുസ്ലിം: 918)
2) അബ്ദുല്ലാഹിബ്നു അനീസിرضي الله عنه ന്റെ സൈന്യം.
മുഹർറം അഞ്ചിന് ഖാലിദ്ബ്നു സുഫിയാൻ അൽഹുദ ലിയെ കൊലപ്പെടുത്തുന്നതിന് വേണ്ടി അബ്ദുല്ലാഹിബിനു അനീസിرضي الله عنه നെ നബിﷺ നിയോഗിക്കുകയുണ്ടായി.
അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه പറയുന്നു: “നബിﷺ എന്നെ വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ഖാലിദ് ബിനു സുഫ്‌യാൻ എന്നോട് യുദ്ധം ചെയ്യാൻ ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അയാൾ ഇപ്പോൾ ഉറനയിലാണുള്ളത്. അവിടെ ചെല്ലുകയും അയാളെ കൊലപ്പെടുത്തുകയും വേണം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹത്തെ ശരിക്കും എനിക്ക് മനസ്സിലാക്കാവുന്ന നിലക്ക് വർണിച്ചു തന്നാലും. നബിﷺ പറഞ്ഞു: നീ അയാളുടെ അടുത്ത് എത്തിയാൽ അയാളിൽ ഒരു വിറയൽ നിനക്കു കാണാം.
അങ്ങിനെ ഞാനെന്റെ വാളുമായി ചെന്നു. അയാളെ കണ്ടുമുട്ടുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ഒട്ടകങ്ങൾകൊപ്പമായിരുന്നു അയാളുണ്ടായിരുന്നത്. അസർ നമസ്കാരത്തിന് സമയവും ആയിട്ടുണ്ടായിരുന്നു. നബിﷺ എന്നോട് പറഞ്ഞ അടയാളവും ഞാൻ അയാളിൽ കണ്ടു.
ഞാൻ അയാൾക്ക് നേരെ ചെന്നു. എനിക്കും അയാൾക്കും ഇടയിൽ ഏറ്റു മുട്ടൽ ഉണ്ടാക്കുകയും അങ്ങിനെ എന്റെ നമസ്കാര സമയം വൈകി പോവുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെട്ടു. അതിനാൽ നമസ്കരിച്ചു കൊണ്ടാണ് ഞാൻ നടന്നു ചെന്നത്. എന്റെ തല കൊണ്ട് റുകൂഉം സുജൂദും ആംഗ്യം കാണിക്കുകയും ചെയ്തു.
ഞാൻ അയാളുടെ അടുക്കൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു; നിങ്ങളാരാണ്?. ഞാൻ പറഞ്ഞു: നിങ്ങളെക്കുറിച്ചും നിങ്ങളുടെ സംഘത്തെക്കുറിച്ചും കേട്ടറിവുള്ള ഒരു അറബി വംശത്തിൽ പെട്ട ആളാണ് ഞാൻ. അങ്ങനെ ഞാൻ അയാളുടെ കൂടെ അല്പം നടന്നു. കൊലപ്പെടുത്താനുള്ള സൗകര്യം എനിക്ക് ലഭിച്ചപ്പോൾ ഞാൻ എന്റെ വാൾ ഉയർത്തുകയും അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ഞാൻ അവിടെ നിന്നും പോന്നു. അയാളുടെ ഒട്ടക കട്ടിൽ അയാൾക്ക് മുകളിൽ തന്നെ ഞാൻ കമഴ്ത്തി ഇടുകയും ചെയ്തു.
ശേഷം ഞാൻ നബിﷺ യുടെ അടുക്കലേക്ക് എത്തുകയും നബിﷺ എന്നെ കാണുകയും ചെയ്തപ്പോൾ ഇപ്രകാരം പറഞ്ഞു: “മുഖം വിജയിച്ചിരിക്കുന്നുവല്ലോ”. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ ഞാൻ അയാളെ കൊലപ്പെടുത്തി. നബിﷺ പറഞ്ഞു: നിങ്ങൾ പറഞ്ഞത് സത്യമാണ്. ശേഷം എന്നെയും കൂട്ടി നബിﷺ തന്റെ വീട്ടിലേക്ക് പ്രവേശിച്ചു. അവിടെ നിന്നും എൻറെ കയ്യിൽ ഒരു വടി തന്നു. എന്നിട്ട് പറഞ്ഞു: ഈ വടി നിന്റെ അടുക്കൽ വെക്കുക.”(അഹ്മ്ദ്: 16047)(അബൂദാവൂദ്: 1249)
3) റജീഅ്رضي الله عنه സൈന്യം.
സ്വഫർ മാസത്തിൽ നബിﷺ നിയോഗിച്ച സൈന്യമായിരുന്നു ഇത്. അബൂഹുറൈറ رضي الله عنه യിൽ നിന്നും നിവേദനം “രഹസ്യാന്വേഷണത്തിനായി നബിﷺ ഒരു സൈന്യത്തെ അയക്കുകയുണ്ടായി. ആസിം ഇബ്നു സാബിതി رضي الله عنه നെയാണ് അമീറായി നബി നിശ്ചയിച്ചത്. ഉമറുബ്നുൽ ഖത്താബി رضي الله عنه ന്റെ മകൻ ആസ്വിമി رضي الله عنه ന്റെ വല്ല്യുപ്പയായിരുന്നു ഇദ്ദേഹം.
അങ്ങിനെ അവർ പോവുകയും മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഹുദൈൽ വംശത്തിൽപ്പെട്ട ബനൂ ലഹ്‌യാൻ എന്ന് പേരുള്ള ഒരു ഗോത്രത്തെ കുറിച്ച് അവർ കേട്ടു. അങ്ങിനെ സ്വഹാബികൾ അവരെ അന്വേഷിച്ചു പുറപ്പെട്ടു. ബനൂ ലഹ്‌യാൻ കാർ നടന്ന കാലടയാളങ്ങൾ പരിശോധിച്ചു കൊണ്ടായിരുന്നു യാത്ര.
അവർ ഒരു സ്ഥലത്ത് ചെന്ന് ഇറങ്ങുകയും ഈത്തപ്പഴത്തിന്റെ കുരു കാണുകയും ചെയ്തു. ഇത് മദീനയിലുള്ള ഈത്തപ്പഴമാണ് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അവർ പറഞ്ഞു: ഇത് യസ്‌രിബിലെ ഈത്തപ്പഴം ആണല്ലോ. അങ്ങിനെ അടയാളം നോക്കി അവർ അവരെ പിന്തുടരുകയും അവസാനം അവരെ കണ്ടുമുട്ടുകയും ചെയ്തു. വിശാലമായ ഒരു സ്ഥലത്തേക്ക് അവർ അഭയം തേടി. അപ്പോൾ ആ നാട്ടുകാർ വന്നു അവരെ വലയം ചെയ്തു. എന്നിട്ട് പറഞ്ഞു ഞങ്ങളുടെ സംരക്ഷണത്തിൽ നിങ്ങൾ ഇവിടെ നിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളിൽ ഒരാളെയും ഞങ്ങൾ കൊല്ലുകയില്ല എന്ന ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ കരാറുകളും വ്യവസ്ഥകളും ഉണ്ടാക്കണം. അപ്പോൾ ആസ്വിംرضي الله عنه പറഞ്ഞു. ഒരു സത്യ നിഷേധി യുടെ സംരക്ഷണം എനിക്ക് ആവശ്യമില്ല. അല്ലാഹുവേ ഞങ്ങളെ കുറിച്ചുള്ള വിവരം ഞങ്ങളുടെ പ്രവാചകന് നീ എത്തിക്കേണമേ. അങ്ങിനെ അവർ തമ്മിൽ യുദ്ധം ഉണ്ടാവുകയും ആസ്വിംرضي الله عنه ഉൾപ്പെടെ 17 പേരെ അവർ കൊലപ്പെടുത്തുകയും ചെയ്തു.
ഖുബൈബുംرضي الله عنه സൈദുംرضي الله عنه മറ്റൊരു വ്യക്തിയുമാണ് ബാക്കിയായത്. ഇവരുമായി അവർ കരാറുണ്ടാക്കി. ആ കരാറിന്റെ അടിസ്ഥാനത്തിൽ അവർക്ക് അവിടെ അഭയം നൽകുകയും ചെയ്തു. എന്നാൽ സ്വഹാബികളുടെ കാര്യത്തിൽ ബനൂ ലഹ്‌യാൻ കാർക്ക് സ്വാധീനം ലഭിച്ചപ്പോൾ അവരുടെ വസ്ത്രത്തിന്റെ കയറുകൾ ഊരി സ്വഹാബികളെ ബന്ധിച്ചു. അപ്പോൾ ഖുബൈബിന്റെرضي الله عنهയും സൈദിന്റെرضي الله عنهയും കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞു: ഇത് ഒന്നാമത്തെ ചതിയാണ്. അതു കൊണ്ടു തന്നെ ബനൂ ലഹ്‌യാൻ കാരുടെ കൂടെ പോകുവാൻ അവർ വിസമ്മതിച്ചു. അങ്ങിനെ അവർ ശക്തമായ നിലക്ക് വലിച്ചു കൊണ്ടു പോകുവാൻ ഉദ്ദേശിച്ചു എങ്കിലും സ്വഹാബികൾ അതിനു സമ്മതിച്ചില്ല. അപ്പോൾ അവർ ഈ മൂന്നാമത്തെ വ്യക്തിയെ കൊന്നു കളഞ്ഞു.
ഖുബൈബിനെرضي الله عنهയും സൈദിനെرضي الله عنهയും മക്കയിലേക്ക് കൊണ്ടുപോയി അവർ വിൽപ്പന നടത്തി. ബനുൽ ഹാരിസ് ഇബ്നു ആമിർ ഇബ്നു നൗഫൽ (ഹാരിസ് കുടുംബം) ആയിരുന്നു ഖുബൈബിرضي الله عنهനെ വിലകൊടുത്ത് വാങ്ങിയത്. ഈ ഖുബൈബൈرضي الله عنهയിരുന്നു ബദ്ർ യുദ്ധത്തിൽ ഹാരിസിനെ കൊലപ്പെടുത്തിയത്.
അങ്ങിനെ ഒരു ബന്ധിയായി അദ്ദേഹം അവരുടെ കൂടെ കഴിഞ്ഞു. അവസാനം ഖുബൈബിرضي الله عنه നെ കൊല്ലുവാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയപ്പോൾ ഹാരിസിന്റെ പെൺമക്കളിൽ നിന്ന് ഒരു കത്തി അവർ കടമായി ചോദിക്കുകയും അവർ അതു കൊടുക്കുകയും ചെയ്തു.
ഹാരിസിന്റെ മകൾ പറയുന്നു. എനിക്ക് ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയുടെ കാര്യത്തിൽ ഞാൻ അശ്രദ്ധയായപ്പോൾ ഖുബൈബ്رضي الله عنه ആ കഠാര എടുത്ത് കുട്ടിയുടെ കാൽ തുടയിൽ വെച്ചു. അപ്പോൾ എനിക്ക് പേടി തോന്നി. എന്റെ പേടി ഖുബൈബിനുرضي الله عنه മനസ്സിലായി. അദ്ദേഹത്തിന്റെ കയ്യിൽ ആകട്ടെ കഠാരയും ഉണ്ട്. അദ്ദേഹം എന്നോട് ചോദിച്ചു; ഈ കുട്ടിയെ ഞാൻ കൊലപ്പെടുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ?. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല. ഹാരിസിന്റെ മകൾ പറയുകയാണ്: ഖുബൈബിനെرضي الله عنه പോലെ നല്ല ഒരു ബന്ധിയെ ഞാൻ വേറെ കണ്ടിട്ടില്ല.
ഖുബൈബ്رضي الله عنه മുന്തിരി തിന്നുന്നത് ഞാൻ കണ്ടു. അന്നാകട്ടെ മക്കയിൽ ഒരു പഴവും ഉണ്ടായിരുന്നുമില്ല. മാത്രവുമല്ല ഖുബൈബ്رضي الله عنه ഇരുമ്പിൽ ബന്ധിക്കപ്പെട്ട അവസ്ഥയിലും ആയിരുന്നു. ഇത് അല്ലാഹു നൽകിയ ഭക്ഷണം അല്ലാതെ മറ്റൊന്നുമല്ല എന്ന് ഞാൻ മനസ്സിലാക്കി.
അങ്ങിനെ ഖുബൈബിനെرضي الله عنه കൊല്ലാൻ വേണ്ടി അവർ ഹറം പ്രദേശത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. ഖുബൈബ്رضي الله عنه പറഞ്ഞു: എന്നെ ഒന്നു വിട്ടേക്കൂ, ഞാൻ രണ്ടു റൿഅത്തു നമസ്കരിക്കട്ടെ. നമസ്കാരശേഷം ഖുബൈബ്رضي الله عنه അവരിലേക്ക് തിരിച്ചു ചെന്നു. മരണത്തെ പേടിച്ച് കൊണ്ടാണ് ഖുബൈബ്رضي الله عنه കൂടുതൽ സമയം നമസ്കരിക്കുന്നത് എന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ ഇനിയും നമസ്കരിക്കുകയായിരുന്നു.
കൊല ചെയ്യപ്പെടുന്നതിനു മുമ്പ് ആദ്യമായി രണ്ടു റകഅത്ത് സുന്നത്ത് നമസ്കരിച്ച വ്യക്തി എന്ന സ്ഥാനം ഇതോടെ ഖുബൈബിനുرضي الله عنه ലഭിച്ചു. മാത്രമല്ല അവിടെ നിന്നു കൊണ്ട് ഖുബൈബ്رضي الله عنه ഒരു പാട്ടു പാടുകയും ചെയ്തു. ” ഞാൻ ഒരു മുസ്ലിമായി മരിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ എങ്ങനെ മരിച്ചു വീണാലും അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ്”.
ശേഷം ഉഖ്ബതുബ്നു ഹാരിസ് ഖുബൈബിനെ കൊന്നു. മുമ്പ് കൊലചെയ്യപ്പെട്ട ആസിമിന്റെرضي الله عنه ശരീരത്തിൽ നിന്നും ചില ഭാഗങ്ങൾ കൊണ്ടു വരാൻ വേണ്ടി ഖുറൈശികൾ മരിച്ചു കിടക്കുന്ന ആസ്വിമിന്رضي الله عنهറെ അടുക്കലേക്ക് ആളെ അയച്ചു. ഖുറൈശികളിലെ പല പ്രമുഖരെയും ബദർയുദ്ധത്തിൽ ആസ്വിംرضي الله عنه കൊന്നിട്ടുണ്ടായിരുന്നു. പക്ഷേ ആസ്വിമിന്റെرضي الله عنه ശരീരം മുറിച്ചെടുക്കാൻ ഖുറൈശികൾ അവിടെ എത്തിയപ്പോഴേക്കും അല്ലാഹു ആസ്വിമിന്رضي الله عنهറെ ശരീരത്തെ തേനീച്ചക്കൂട്ടം കൊണ്ട് പൊതിഞ്ഞിരുന്നു. ഖുറൈശികളുടെ ദൂതൻമാർക്ക് ആസ്വിമിرضي الله عنهനെ ഒന്നും ചെയ്യാനായില്ല. (ബുഖാരി: 4086)
സൈദിനെ رضي الله عنه വാങ്ങിയത് സഫ്‌വാൻ ഇബ്നു ഉമയ്യ ആയിരുന്നു. തന്റെ പിതാവ് ഉമയ്യത്ത് ബിനു ഖലഫിനെ കൊന്നതിനു പകരം കൊല്ലലായിരുന്നു സ്വഫ്‌വാനിന്റെ ലക്ഷ്യം. സൈദിനെ رضي الله عنه കൊല്ലാൻ വേണ്ടി കൊണ്ടുവരപ്പെട്ടപ്പോൾ അബൂ സുഫ്‌യാൻ പറഞ്ഞു: അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ സൈദേ. നിന്റെ സ്ഥാനത്ത് മുഹമ്മദിനെ ഇവിടെ കൊണ്ടുവരികയും അങ്ങനെ മുഹമ്മദിന്റെ കഴുത്ത് എടുക്കുകയും നീ നിന്റെ കുടുംബത്തോടൊപ്പം ആവുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?. സൈദ്رضي الله عنه പറഞ്ഞു: ഇല്ല അല്ലാഹുവാണ് സത്യം. എന്നെ എന്റെ കുടുംബത്തോടൊപ്പം ഇരുത്തി മുഹമ്മദ് നബിﷺയെ കൊലപ്പെടുത്താൻ ഇവിടെ കൊണ്ടുവരുന്നത് പോയിട്ട് മുഹമ്മദ് നബിﷺയുടെ കാലിൽ ഒരു മുള്ള് തറച്ച് അദ്ദേഹം വേദനിക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.
അപ്പോൾ അബൂസുഫിയാൻ പറഞ്ഞു.: മുഹമ്മദിന്റെ അനുയായികൾ മുഹമ്മദിനെ സ്നേഹിക്കുന്നതു പോലെ ഒരാളും മറ്റൊരാളെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശേഷം സ്വഫ്‌വാനിന്റെ رضي الله عنهഭൃത്യനായിരുന്ന നസ്‌ത്വാസ് സൈദിനെ കൊലപ്പെടുത്തി. അല്ലാഹു അദ്ദേഹത്തെ കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു.
ഫദ്‌ലുല്‍ ഹഖ് ഉമരി