നബി ചരിത്രം - 54: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 04]

ഒരു നുണക്കഥ.
മുസ്‌ലിംകൾക്കിടയിൽ ഫിത്നകൾ ഉണ്ടാക്കുക എന്ന ലക്ഷ്യം നടക്കാതെ പോയപ്പോൾ മുനാഫിക്കുകൾ സ്വീകരിച്ച രണ്ടാമത്തെ ഒരു മാർഗ്ഗമായിരുന്നു നബിയുടെ പത്നി ഉമ്മുൽ മുഅ്മിനീൻ ആയിഷرضی اللہ عنھاയെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുക എന്നുള്ളത്. “വാഖിഅതുൽ ഇഫ്ക്” എന്ന പേരിൽ ഇത് പ്രസിദ്ധമാണ്. ആ സംഭവത്തിന്റെ പൂർണ്ണ രൂപം ആയിഷرضی اللہ عنھا ഇപ്രകാരം വിശദീകരിക്കുന്നു:
“നബിﷺ യാത്ര പുറപ്പെടാൻ ഉദ്ദേശിച്ചാൽ തന്റെ ഭാര്യമാർക്കിടയിൽ നറുക്ക് ഇടാറുണ്ടായിരുന്നു. ആർക്കാണോ നറുക്കു വീണത് അവർ നബിﷺയുടെ കൂടെ യാത്ര ചെയ്യും. നബിﷺ നയിച്ച ഒരു യുദ്ധത്തിനു(ബനുൽ മുസ്തലഖ്) വേണ്ടി പുറപ്പെടുമ്പോൾ ഞങ്ങൾക്കിടയിൽ നറുക്കിടുകയും അങ്ങിനെ എനിക്ക് നറുക്ക് വീഴുകയും ചെയ്തു. ഞാൻ നബിയോടൊപ്പം പുറപ്പെട്ടു. ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിനു ശേഷമായിരുന്നു ഇത്. ഒട്ടകക്കട്ടിലിൽ ആയിരുന്നു എന്നെ വഹിച്ചിരുന്നത്. ഒട്ടക കട്ടിലിനോട് കൂടി തന്നെ എന്നെ ഇറക്കി വെക്കുകയും ചെയ്യും. അങ്ങിനെ ഞങ്ങൾ പോയി പോയി യുദ്ധം അവസാനിച്ചു തിരിച്ചു വരുമ്പോൾ മദീനയുടെ സമീപത്തെത്തി. രാത്രി അവിടെ വിശ്രമിക്കാൻ ഇറങ്ങുകയും ഞാനെന്റെ ഒട്ടക കട്ടിലിൽ നിന്നും എഴുന്നേറ്റു സ്വകാര്യ ആവശ്യങ്ങൾക്കായി പോവുകയും ചെയ്തു.
തിരിച്ചു വന്നപ്പോൾ എന്റെ മാല നഷ്ടപ്പെട്ടിരുന്നു. ഞാൻ വീണ്ടും അത് തേടിപ്പോയി. തിരിച്ചു വന്നപ്പോൾ അപ്പോൾ സൈന്യം അവിടെ നിന്നും മദീനയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാൻ ഇരുന്ന ഒട്ടകക്കട്ടിൽ അവർ ഒട്ടകപ്പുറത്ത് എടുത്തു വച്ചിരുന്നു. ഞാൻ അതിനകത്ത് ഉണ്ടെന്ന ധാരണയോടു കൂടിയാണ് അവർ അങ്ങിനെ ചെയ്തത്. വളരെ കുറച്ചു മാത്രം ഭക്ഷണം കഴിച്ചിരുന്ന കാരണത്താൽ ശാരീരിക ഭാരം ഉണ്ടായിരുന്നില്ല. ആളുകൾ ഒട്ടകക്കട്ടിൽ എടുത്തു വെച്ചപ്പോൾ ഭാരക്കുറവ് കാരണം അറിഞ്ഞതുമില്ല. പ്രായം കുറഞ്ഞ കുട്ടിയായിരുന്നു അന്ന് ഞാൻ. അവർ ഒട്ടകത്തെയും തെളിച്ചു മദീനയിലേക്ക് പോയി. സൈന്യം പോയപ്പോൾ എനിക്ക് എന്റെ മാല തിരിച്ചു കിട്ടി. ആളുകൾ താമസിച്ച സ്ഥലത്ത് ഞാൻ അന്വേഷിച്ചപ്പോൾ അവിടെ ആരെയും കണ്ടില്ല. അപ്പോൾ അവർ എന്നെ അന്വേഷിച്ചു തിരിച്ചു വരുമെന്ന വിശ്വാസത്താൽ ഞാൻ താമസിക്കാൻ ഇറങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചു ചെന്നു. അവിടെയുള്ള എന്റെ ഇരുത്തം ദീർഘിച്ചപ്പോൾ എനിക്ക് ഉറക്കം വരികയും ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു.
സ്വഫ്‌വാനുബ്നു മുഅത്വرضي الله عنهലും ദക്‌വാനും സൈന്യത്തിന്റെ പിറകിലായിരുന്നു വന്നിരുന്നത്. വളരെ ഇരട്ടിയാണ് അവർ വന്നിരുന്നത്. എന്റെ അടുക്കൽ എത്താറായപ്പോൾ നേരം പുലരാറായിരുന്നു. സഫ്‌വാൻرضي الله عنه എന്റെ അടുക്കൽ എത്തിയപ്പോൾ എന്നെ തിരിച്ചറിഞ്ഞു. കാരണം ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഉണർന്നു. ഉടനെ എന്റെ ജിൽബാബ് കൊണ്ട് ഞാൻ മുഖം മറച്ചു. അല്ലാഹുവാണ് സത്യം, ഒരു വാക്കുപോലും അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന വാക്കല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് ഞാൻ കേട്ടിട്ടുമില്ല. അദ്ദേഹം തന്റെ ഒട്ടകത്തെ മുട്ട് കുത്തിച്ചു തരികയും ഞാൻ അതിന്റെ പുറത്ത് കയറി ഇരിക്കുകയും ചെയ്തു. അദ്ദേഹം ഒട്ടകത്തെയും നയിച്ചു നടന്നു. അങ്ങിനെ ഉച്ച സമയത്ത് ഞങ്ങൾ സൈന്യത്തോടൊപ്പം എത്തിച്ചേർന്നു. (ഇതാണ് പിന്നീട് പലരും പലതും പറഞ്ഞു പ്രചരിപ്പിച്ചത്) അബ്ദുല്ലാഹിബ്നു ഉബയ്യ് ബ്നു സലൂൽ ആയിരുന്നു അപവാദ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. മദീനയിൽ എത്തിയതിനു ശേഷം ഒരു മാസത്തോളം ഞാൻ പ്രയാസം ബാധിച്ചു കിടന്നു. ജനങ്ങളാകട്ടെ അപവാദ പ്രചരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു. (ബുഖാരി: 4750)
എന്നാൽ ആയിഷ നിരപരാധിയാണെന്ന് തെളിയിച്ചുകൊണ്ട് 16 വചനങ്ങളാണ് അല്ലാഹു അവതരിപ്പിച്ചത്. സൂറത്തുന്നൂറിൽ നമുക്കത് കാണുവാൻ സാധിക്കും (11-26)
11 – തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്.
12 – നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?
13 – അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.
14 – ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
15 – നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
16 – നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
17 – നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.
18 – അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
19 – തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
20 – അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു?
21 – സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
22 – നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
23 – പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്.
24 – അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) .
25 – അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.
26 – ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
ആയിഷرضی اللہ عنھا നിരപരാധിയാണ് എന്ന ആയത്ത് ഇറങ്ങിയപ്പോൾ നബിﷺ പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെ വെച്ചു കൊണ്ട് ജനങ്ങളോട് ഒരു പ്രസംഗം നടത്തി. ഈ വിഷയത്തിൽ ഇറങ്ങിയ ഖുർആനിക വചനങ്ങൾ ഓതി കേൾപ്പിച്ചു കൊടുത്തു. ആയിഷയെക്കുറിച്ചുള്ള رضی اللہ عنھا അപരാദം പ്രചരിപ്പിച്ച ആളുകളിൽ പെട്ട മിസ്ത്വഹുബ്നു അസാസ, ഹസ്സാനുബ്നു സാബിത്, ഹംന ബിൻതു ജഹ്‌ശ് തുടങ്ങിയവർക്ക് 80 അടി വീതം ശിക്ഷ നടപ്പിലാക്കി. (അഹ്‌മദ്: 24066. അബൂദാവൂദ്: 4744)
സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷാ വിധിയാണ് ഇത്. അബ്ദുല്ലാഹിബിനു ഉബയ്യുബ്നു സലൂലിന് ശിക്ഷ നൽകിയതായി കുറ്റമറ്റതായ തെളിവുകളിൽ കാണുന്നില്ല.
ബദ്റിൽ പങ്കെടുത്ത സഹാബിയും അബൂബക്കറിന്റെ കുടുംബക്കാരനും മുഹാജിറും ആയിരുന്നു മിസ്തഹ്ബ്നു അസാസرضي الله عنه. ദരിദ്രനായിരുന്നതിനാൽ അബൂബക്കർرضي الله عنه സാമ്പത്തികമായി ഏറെ സഹായിക്കുകയും ചെയ്തിരുന്നു അദ്ദേഹത്തെ. എന്നാൽ സ്വന്തം മകളെക്കുറിച്ച് ഇങ്ങിനെയുള്ള ഒരു ആരോപണം വന്നപ്പോൾ ഇനി ഞാൻ മിസ്ത്വഹിന് ഒന്നും നൽകുകയില്ല എന്ന് അബൂബക്കർرضي الله عنه ശപഥം ചെയ്തു. എന്നാൽ ഈ നടപടി ശരിയായില്ല എന്ന് സൂചിപ്പിച്ചു കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിച്ചു
“നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”.(നൂർ: 22)
ഈ ആയത്തിന്റെ അവതരണത്തോടു കൂടി അബൂബക്കർرضي الله عنه തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
ഒരു മാസത്തിനു ശേഷം സംശയങ്ങളുടെയും മുറു മുറുപ്പിന്റെയും കാർമേഘങ്ങൾ മദീനയുടെ അന്തരീക്ഷത്തിൽ നിന്നും നീങ്ങിത്തുടങ്ങി. കപടവിശ്വാസികൾ അങ്ങര അറ്റം നിന്ദിതരുമായി. ഈ സംഭവത്തിന് ശേഷം അവർ വല്ലാതെ തല പൊക്കിയിട്ടില്ല. ഇതിനു ശേഷം ഇബ്നു ഉബയ്യ് എന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ അവരുടെ കൂട്ടത്തിൽ പെട്ട ആളുകൾ തന്നെ അയാളെ ആക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി. ഇതു കണ്ടപ്പോൾ നബിﷺ ഉമറിرضي الله عنهനോട് പറഞ്ഞു: ഇപ്പോൾ എങ്ങനെയുണ്ട് ഉമർﷺ?!. അന്നു നീ ചോദിച്ചല്ലോ, ഞാനയാളെ കൊല്ലട്ടെ എന്ന്. നീയെങ്ങാനും അന്ന് അയാളെ കൊന്നിരുന്നെങ്കിൽ അവരുടെ ആളുകൾ ശക്തി പ്രാപിക്കുമായിരുന്നു. ഉമർﷺ പറഞ്ഞു: അതെ, അല്ലാഹുവാണ് സത്യം, എന്റെ തീരുമാനങ്ങളെക്കാൾ ബർകത്തുള്ള തീരുമാനങ്ങളാണ് നബിﷺയുടെ തീരുമാനങ്ങളെന്ന് എനിക്ക് ബോധ്യമായി.
കപട വിശ്വാസികളിൽ നിന്നും നബിﷺക്കു കാണാൻ കഴിഞ്ഞ ജാഹിലിയ്യാ കാലഘട്ടത്തിലെ ഫിത്നകളുടെയും പരീക്ഷണങ്ങളുടെയും പുനർജന്മമായിരുന്നു സത്യത്തിൽ ഈ അപവാദ പ്രചരണം. എന്നാൽ അല്ലാഹു അതിന്റെ യാഥാർത്ഥ്യങ്ങളെ വെളിക്കു കൊണ്ടു വന്നു. അതിലൂടെ നബിﷺയുടെ വ്യക്തിത്വത്തിന് യശസ്സ് കൂടി. ഏതൊരു വിഷയത്തിലും വഹ്‌യിന്റെ മുമ്പിലുള്ള നബിﷺയുടെ വിനയത്തിന്റെ മഹിമ വർദ്ധിച്ചു.(അൽ കഹ്ഫ്: 10)
28 ദിവസമാണ് ഈ യുദ്ധത്തിനു വേണ്ടി നബിﷺ മദീനയിൽ നിന്നും വിട്ടു നിന്നത്. റമദാനിന്റെ തുടക്കത്തിൽ നബി മദീനയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഫദ്‌ലുല്‍ ഹഖ് ഉമരി