നബി ചരിത്രം - 53: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 03]

ബനുൽ മുസ്തലഖ് യുദ്ധം .
ഖുസാഅ ഗോത്രത്തിന്റെ ഉപവിഭാഗമാണ് ബനുൽ മുസ്തലഖ്. അൽമുറൈസീഅ് യുദ്ധം എന്നും ഇത് അറിയപ്പെടുന്നു. ബനൂ ഖുറാഅയുടെ ഒരു ജല സംഭരണിയുള്ള സ്ഥലമാണ് മുറൈസീഅ്. ശഅ്ബാൻ മാസത്തിലാണ് ഈ യുദ്ധം നടന്നത്.
മുസ്ലിംകൾക്കു ഉഹ്ദിൽ ഏറ്റ പരാജയം കണക്കിലെടുത്ത് ബനുൽ മുസ്‌ത്വലഖിലെ ചില അറബികൾ മുസ്‌ലിംകൾക്കെതിരെ അതിക്രമങ്ങൾ പ്രവർത്തിക്കാൻ ധൈര്യം കാണിച്ചു എന്നതാണ് ഈ യുദ്ധത്തിന്റെ കാരണം.
ബനുൽ മുസ്തലഖിന്റെ നേതാവായ ഹാരിസുബ്നു അബീ ളറാർ ചില ആളുകളെ തന്റെ കൂടെ കൂട്ടി. ആയുധങ്ങൾ എടുത്തു. എന്നിട്ട് തന്റെ സമീപ ഗോത്രങ്ങളെ മദീനക്കെതിരെ അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ചു. ഇസ്ലാമിന്റെ സന്ദേശങ്ങൾ എത്തപ്പെട്ട ഗോത്രങ്ങളായിരുന്നു ഇവയെല്ലാം. മാത്രവുമല്ല ഉഹ്ദ് യുദ്ധത്തിൽ മുശ്രിക്കുകൾക്കൊപ്പം മുസ്‌ലിംകൾക്കെതിരെ ഇവർ പങ്കെടുത്തിട്ടുമുണ്ട്. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ വിഷയങ്ങളുടെ വസ്തുത അറിയുന്നതിന് വേണ്ടി ബുറൈദതുബ്നു ഹുസ്വൈബിرضي الله عنهനെ അവരിലേക്ക് അയച്ചു.
അദ്ദേഹം ബനുൽ മുസ്തലഖിൽ എത്തുകയും ഹാരിസിനെയും അയാളുടെ അനുയായികളെയും കാണുകയും സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് അവർ മദീനക്കെതിരെ വലിയ സംഘത്തെ ഒരുക്കി വെച്ചിരിക്കുന്നു എന്ന് അറിഞ്ഞത്. ബനുൽ മുസ്തലഖുകാർ ബുറൈദയോرضي الله عنهട് ചോദിച്ചു; നിങ്ങളാരാണ്? അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങളുടെ ജനതയിൽ പെട്ട ഒരാളാണ്. മുഹമ്മദിനെതിരെ നിങ്ങൾ ആളുകളെ സംഘടിപ്പിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ്. ഞാനും എന്നെ അനുസരിക്കുന്നവരും എന്റെ ജനതയോടൊപ്പം ഉണ്ടാകും. അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി മുഹമ്മദിന്റെ അടിത്തറ തന്നെ മുറിച്ചു കളയാം. അപ്പോൾ ബനുൽ മുസ്തലഖിന്റെ നേതാവായ ഹാരിസ് പറഞ്ഞു: ഞങ്ങൾ അതിനു തയ്യാറാണ്. അതു കൊണ്ട് കാര്യങ്ങൾ വേഗമാകട്ടെ. അപ്പോൾ ബുറൈദ പറഞ്ഞു: ഞാനിപ്പോൾ യാത്രയാവുകയാണ്. എന്റെ ജനതയുമായി ഞാൻ നിങ്ങളിലേക്ക് വരും. ഇതു കേട്ടപ്പോൾ ബനുൽ മുസ്തലഖ് കാർക്ക് സന്തോഷമായി. ബുറൈദ വേഗത്തിൽ മദീനയിലേക്ക് മടങ്ങുകയും നബിﷺയോട് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.
നബി ജനങ്ങളെ ഒരുമിച്ചു കൂട്ടി. വളരെ പെട്ടെന്ന് ബനുൽ മുസ്ത്വലഖിലേക്ക് പുറപ്പെട്ടു. 700 യോദ്ധാക്കളായിരുന്നു കൂടെയുണ്ടായിരുന്നത്. 30 കുതിരകൾ ഉണ്ടായിരുന്നു. കുറെ മുനാഫിഖുകളും കൂടെ പുറപ്പെട്ടിരുന്നു. അവരുടെ നേതാവായി അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും ഉണ്ടായിരുന്നു. ശഅ്ബാൻ മാസത്തിലെ രണ്ടു ദിവസം കഴിഞ്ഞതിനു ശേഷമായിരുന്നു അവരുടെ യാത്ര. മദീനയുടെ ചുമതല നബിﷺ സൈദ്ബ്നു ഹാരിസرضي الله عنهയെ ഏൽപ്പിച്ചു.
ബനുൽ മുസ്ത്വലഖിന്റെ നേതാവായ ഹാരിസ് നബിﷺയുടെ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി ഒരു ചാരനെ നിയോഗിച്ചിരുന്നു. വഴിയിൽ വെച്ച് നബി അയാളെ കണ്ടുമുട്ടി. ശത്രു സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അയാളോട് ചോദിച്ചു. പക്ഷേ ഒന്നും മറുപടി പറഞ്ഞില്ല. നബിﷺ അയാൾക്ക് മുമ്പിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഇസ്‌ലാം സ്വീകരിക്കാൻ അയാൾ തയ്യാറായില്ല. അതു കൊണ്ടു തന്നെ ഒരു ചാരൻ എന്ന നിലയ്ക്ക് ഉമറുബ്നുൽ ഖത്താബിرضي الله عنهനോട് അയാളെ കൊലപ്പെടുത്താൻ പറഞ്ഞു.
മുഹമ്മദ് നബിﷺയുടെ പുറപ്പെടലും തന്റെ ചാരന്റെ കൊല്ലപ്പെടലും ഹാരിസ് അറിഞ്ഞപ്പോൾ അവർക്ക് വലിയ പ്രയാസം ഉണ്ടായി. ശക്തമായ ഭയം അവരെ പിടി കൂടുകയും ചെയ്തു. ഇതോടെ അവരുടെ കൂടെ ഉണ്ടായിരുന്ന അറബികൾ അവരിൽ നിന്നും വിട്ടു പോയി. നബിﷺ മുറൈസീഇൽ എത്തിയപ്പോൾ ബനുൽ മുസ്തലഖിൽ നിന്നും യുദ്ധത്തിനായി ഒരുങ്ങിനിൽക്കുന്നവരോട് യുദ്ധം ചെയ്തു. അവരുടെ ജല സംഭരണിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന കന്നുകാലികളെ പിടികൂടി. കുട്ടികളെ ബന്ദികളാക്കി. അന്നാണ് നബിﷺക്ക് ജുവൈരിയയെ رضی اللہ عنھا ലഭിക്കുന്നത്. ഹാരിസിന്റെ മകളായിരുന്നു ജുവൈരിയ (ബുഖാരി: 2541 മുസ്ലിം: 1730)
നബിയുടെ കല്പനപ്രകാരം ബന്ധികളെ ഒരുമിച്ചു കൂട്ടി. അവരുടെ ചുമതല ബുറൈദതുബ്നുൽ ഹുസൈബിرضي الله عنهനെ ഏൽപ്പിച്ചു. ഒട്ടകങ്ങൾ, ആടുകൾ, ആയുധങ്ങൾ, മറ്റു വിഭവങ്ങൾ തുടങ്ങി യുദ്ധാർജിത (ഗനീമത്) സ്വത്തായി ലഭിച്ച എല്ലാം ഒരുമിച്ചു കൂട്ടി. അവയുടെ സംരക്ഷണ ചുമതല നബിയുടെ ഭൃത്യനായിരുന്ന ശുഖ്റാൻرضي الله عنه എന്ന സഹാബിയെ ഏൽപ്പിച്ചു. ചെറിയ കുട്ടികളെ മറ്റൊരു ഭാഗത്തും ഒരുമിച്ചു കൂട്ടി.
2000 ഒട്ടകങ്ങളായിരുന്നു അന്ന് ലഭിച്ചത്. 5000 ആടുകളും ബന്ധികളായി 100 പേരും ഉണ്ടായിരുന്നു. ബന്ധികളെ പുരുഷന്മാർക്കും ആടുകളെയും ഒട്ടകങ്ങളെയും യോദ്ധാക്കൾക്കും നബിﷺ വീതിച്ചു നൽകി. അഞ്ചിൽ ഒന്ന് മാറ്റി വെക്കുകയും ചെയ്തു. യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ഹിഷാമുബ്നു സ്വബാബرضي الله عنه എന്ന സ്വഹാബി മരണപ്പെട്ടിരുന്നു. അൻസാരികളിൽ പെട്ട ഒരു സ്വഹാബി ശത്രുവാണെന്നു കരുതി അറിയാതെ കൊലപ്പെടുത്തിയതാണ്. നബിﷺ അദ്ദേഹത്തോട് അതിനുള്ള പ്രായശ്ചിത്തം (ദിയത്) നൽകാൻ കൽപ്പിച്ചു.
ബനുൽ മുസ്തലഖ് യുദ്ധവും മുനാഫിക്കുകളും.
ഈ യുദ്ധത്തിൽ നബിയോടൊപ്പം ഒട്ടനവധി മുനാഫിഖുകൾ പുറപ്പെട്ടിരുന്നു എന്ന് നാം സൂചിപ്പിച്ചുവല്ലോ. മുനാഫിക്കുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജിഹാദിൽ പങ്കെടുക്കുക എന്നതായിരുന്നില്ല അവരുടെ പുറപ്പേടിന്റെ ലക്ഷ്യം. മറിച്ച് മുസ്ലിംകൾക്കിടയിൽ ഫിത്‌നകൾ ഇളക്കി വിടലായിരുന്നു. മുനാഫിക്കുകൾ കാരണം ഈ യുദ്ധത്തിൽ രണ്ടു പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
(ഒന്ന്) മുഹാജിറുകൾക്കും അൻസാറുകൾക്കുമിടയിൽ ഫിത്ന ഉണ്ടാക്കൽ.
(രണ്ട്) ആയിഷയെ സംബന്ധിച്ചുള്ള അപവാദപ്രചരണം. (ഇത് ഇൻഷാ അള്ളാ അടുത്ത അദ്ധ്യായത്തിൽ വിശദീകരിക്കാം)
സൈദുബ്നു അർഖംرضي الله عنه പറയുന്നു. ഞാൻ യുദ്ധത്തിലായിരിക്കെ അബ്ദുല്ലാഹിബ്നു ഉബയ്യ് പറയുന്നതായി കേട്ടു: മുഹമ്മദിന്റെ കൂടെയുള്ള ആർക്കും നിങ്ങളൊന്നും ചെലവഴിക്കരുത്. എങ്കിൽ മുഹമ്മദിൽ നിന്നും അവർ അകന്നു പോയിക്കൊള്ളും. മാത്രവുമല്ല മദീനയിൽ നമ്മൾ എത്തിക്കഴിഞ്ഞാൽ അവിടത്തെ പ്രധാനികളായ നമ്മൾ നിന്ദ്യന്മാരായ ഈ ആളുകളെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്യും. ഇത് ഞാൻ എന്റെ പിതൃവ്യനോടു പോയി പറഞ്ഞു.(ഉമറിനോടാണെന്നും റിപ്പോർട്ടർക്കു സംശയമുണ്ട്) അദ്ദേഹമത് നബിﷺയോട് പറഞ്ഞു. അപ്പോൾ നബിﷺ എന്നെ വിളിക്കുകയും അക്കാര്യം ഞാൻ നബിﷺയോട് സംസാരിക്കുകയും ചെയ്തു. കാര്യത്തിന്റെ വസ്തുത അറിയാൻ നബിﷺ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെയും അനുയായികളുടെയും അടുക്കലേക്ക് ആളെ അയച്ചു. ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അവർ ആണയിട്ട് പറയുകയും ചെയ്തു. (സൈദുബ്നു അർഖം പറയുന്നു) നബിﷺ എന്റെ വാക്കിനെ തള്ളിക്കളയുകയും മുനാഫിക്കുകൾ പറഞ്ഞത് സത്യമായി അംഗീകരിക്കുകയും ചെയ്തു.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വലിയ പ്രയാസം എനിക്ക് ഈ സന്ദർഭത്തിൽ ഉണ്ടായി. അങ്ങിനെ ഞാൻ എന്റെ വീട്ടിൽ തന്നെ ഇരുന്നു. അപ്പോൾ എന്റെ പിതൃവ്യൻ എന്നോട് പറഞ്ഞു: നബിﷺ നിന്നെ വ്യാജമാക്കുകയും യും നിന്നോട് ദേഷ്യപ്പെടുകയും ചെയ്യുന്നത് നീ ഉദ്ദേശിച്ചിട്ടില്ല അല്ലേ?. അങ്ങിനെയിരിക്കെയാണ് സൂറത്തുൽ മുനാഫിഖൂനിലെ വചനങ്ങൾ അവതരിക്കുന്നത്. ഈ വചനങ്ങൾ അവതരിച്ച ഉടനെ നബിﷺ എന്റെ അടുക്കലേക്ക് ആളെ പറഞ്ഞയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു : അല്ലയോ സൈദ്; അല്ലാഹു താങ്കളെ സത്യപ്പെടുത്തിയിരിക്കുന്നു.(ബുഖാരി: 4900. മുസ്ലിം: 2772) ജാബിറിൽرضي الله عنه നിന്നും നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ നബിﷺയോടൊപ്പം യുദ്ധം ചെയ്തു.
ആ യുദ്ധത്തിൽ ഒട്ടനവധി മുഹാജിറുകൾ ഉണ്ടായിരുന്നു. മുഹാജിറുകളുടെ കൂട്ടത്തിൽ നിന്നും തമാശക്കാരനായ ഒരു വ്യക്തി അൻസാരി യുടെ പിരടിയിൽ ഒരു കൊട്ട് കൊടുത്തു. അൻസാരി ക്ക് ശക്തമായ കോപം വന്നു. ഇതോടെ രണ്ടു പേരും പരസ്പരം സഹായത്തിനായി ആളുകളെ വിളിച്ചു. മുഹാജിർ പറഞ്ഞു: മുഹാജിറുകളേ സഹായിക്കണേ. അൻസാരി പറഞ്ഞു: അൻസാറുകളുടെ സഹായിക്കണേ. അവർക്കിടയിലേക്ക് നബിﷺ ഇറങ്ങി വന്നു. എന്നിട്ട് പറഞ്ഞു: എന്താണ് നിങ്ങൾ ഇങ്ങിനെ ജാഹിലിയ്യത്തിലെ സ്വഭാവം കാണിക്കുന്നത്?. എന്നിട്ട് ചോദിച്ചു; എന്താണ് ഇവരുടെ പ്രശ്നം?. അപ്പോൾ മുഹാജിർ അൻസാരിയെ അടിച്ച വിവരം അവർ നബിﷺയെ അറിയിച്ചു. നബിﷺ പറഞ്ഞു: ഇതൊക്കെ ഒഴിവാക്കൂ. മോശമാണ് ഇതെല്ലാം. അബ്ദുല്ലാഹിബ്നു ഉബയ്യ് (മുനാഫിഖ്) പറഞ്ഞു: ഞങ്ങൾക്കെതിരെയേണോ ഇവർ രണ്ടു പേരും ജനങ്ങളെ പരസ്പരം സഹായത്തിന് വിളിക്കുന്നത്. മദീനയിലെത്തിക്കഴിഞ്ഞാൽ ഞങ്ങളിലെ പ്രതാപികൾ ഇവരിലെ നിന്ദ്യന്മാരെ പുറത്താക്കുക തന്നെ ചെയ്യും. അപ്പോൾ ഉമർرضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഈ വൃത്തി കെട്ടവനെ ഞാൻ കൊന്നു കളയട്ടെ?. നബിﷺ പറഞ്ഞു: വേണ്ട. മുഹമ്മദ് സ്വന്തം അനുയായികളെ കൊല്ലാൻ തുടങ്ങി എന്ന് ആളുകൾ പറഞ്ഞു തുടങ്ങും.(ബുഖാരി: 3518. മുസ്ലിം: 2584)
ഈ ചർച്ചയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നബിﷺ ആഗ്രഹിച്ചു. കർമപരമായ ഒരു പരിഹാര മാർഗം സ്വീകരിക്കാനും ഉദ്ദേശിച്ചു. നബിﷺ എല്ലാവരോടും ഉടനെ മടങ്ങാൻ ആവശ്യപ്പെട്ടു. അന്നത്തെ ദിവസത്തിന്റെ പകുതിയും ഒരു രാത്രിയും അവരെക്കൊണ്ട് യാത്ര തുടർന്നു. രണ്ടാം ദിവസം സൂര്യന്റെ ചൂട് അവർക്ക് പ്രയാസം ഉണ്ടാക്കിയപ്പോൾ വഴിയിൽ വിശ്രമിക്കാനായി ഇരിക്കുകയും ഉടനെ ഉറങ്ങിപ്പോവുകയും ചെയ്തു. ഫിത്‌നക്ക് കാരണമാകുന്ന ഒരു ചർച്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും അതിലൂടെ മുഹാജിറുകളും അൻസാറുകളും അടങ്ങുന്ന മുസ്ലിംകളുടെ ഐക്യം ചോർന്നു പോകാതിരിക്കാനും വേണ്ടിയായിരുന്നു നബിﷺ ഇപ്രകാരമെല്ലാം ചെയ്തത്. മുനാഫിഗിന്റെ നേതാവായ ഇബ്നു ഉബയ്യ് പടർത്തി വിട്ട ഫിത്‌നയായിരുന്നു ഇത്. മുസ്ലിംകളുടെ സ്നേഹവും സാഹോദര്യവും തകർക്കലായിരുന്നു മുനാഫിഖിന്റെ ലക്ഷ്യം. അബ്ദുല്ലാഹിബിനു ഉബയ്യിന്റെ മകന്റെ പേരും അബ്ദുല്ല എന്ന് തന്നെയായിരുന്നു. അദ്ദേഹം തന്റെ പിതാവ് പറഞ്ഞ കാര്യം അറിഞ്ഞപ്പോൾ നബിﷺയുടെ അടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അബ്‌ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലിനെ കൊലപ്പെടുത്താൻ നിങ്ങൾ ഉദ്ദേശിക്കുന്നു എന്ന് എനിക്ക് വിവരം ലഭിച്ചു. അദ്ദേഹം എന്റെ പിതാവാണ്. അങ്ങിനെ അദ്ദേഹത്തെ കൊലപ്പെടുത്തൽ അനിവാര്യമാണ് എങ്കിൽ നിങ്ങൾ എന്നോട് കൽപ്പിക്കുക. ഞാൻ പിതാവിന്റെ തലയെടുത്ത് നിങ്ങൾക്ക് കൊണ്ടു വന്നു തരാം. എനിക്കു പകരം മറ്റൊരാളെ എന്റെ പിതാവിനെ കൊല്ലാൻ വേണ്ടി നിങ്ങൾ ഏൽപ്പിച്ചാൽ പിന്നെ അദ്ദേഹം നടന്നു പോകുന്നത് കാണുമ്പോൾ എന്റെ പിതാവിനെ കൊന്ന വ്യക്തിയാണല്ലോ ആ പോകുന്നത് എന്ന് എന്റെ മനസ്സിൽ വരും. അപ്പോൾ എനിക്ക് അയാളെ കൊല്ലേണ്ടി വരും. അങ്ങിനെ ഒരു മുസ്ലിമിനെ കൊന്ന വ്യക്തിയായി മാറും ഞാൻ. അക്കാരണത്താൽ എനിക്ക് നരകത്തിലും പ്രവേശിക്കേണ്ടി വരും. അപ്പോൾ നബിﷺ പറഞ്ഞു: നാം നിങ്ങളുടെ പിതാവിനോട് മൃദുലത കാണിക്കുന്നു. നമ്മുടെ കൂടെ ഉള്ളടത്തോളം അയാളോടുള്ള സഹവർതിത്വം നമുക്ക് നന്നാക്കാം. (സീറതു ഇബ്നു ഹിശാം: 3 /320)
നബിﷺയും അനുചരന്മാരും ബനുൽ മുസ്തലഖിൽ നിന്നും മടങ്ങി മദീനയിലെത്തിയപ്പോൾ അബ്ദുള്ളرضي الله عنه മുന്നിട്ടു ചെന്ന് തന്റെ പിതാവിനെയും കാത്തു മദീനയുടെ കവാടത്തിങ്കൽ ചെന്ന് നിന്നു. വാപ്പയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഒട്ടകത്തെ അവിടെ മുട്ടു കുത്തിച്ചു. എന്നിട്ട് പറഞ്ഞു അല്ലാഹുവാണ് സത്യം അല്ലാഹുവിന്റെ പ്രവാചകൻ അനുവാദം നൽകുന്നത് വരെ ഇവിടെ നിന്നും നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കാരണം അല്ലാഹുവിന്റെ പ്രവാചകനാണ് പ്രതാപവാൻ നിങ്ങളാണ് നിന്ദതയുള്ളവൻ. നബിﷺ അങ്ങോട്ട് കടന്നുവരികയും അനുവാദം കൊടുക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “അയാളോടുള്ള നമ്മുടെ സഹവർത്തിത്വം അയാൾ നമ്മുടെ കൂട്ടത്തിൽ ഉള്ളിടത്തോളം കാലം നമുക്ക് നന്നാക്കാം”. ഇബ്നു ഉബയ്യിനെ അയാളുടെ പാട്ടിൽ വിടുകയും മദീനയിലേക്ക് അയാൾ പ്രവേശിക്കുകയും ചെയ്തു.
സമൂഹത്തിലെ നേതാക്കന്മാരെ അവിവേകം കൊണ്ട് പിടികൂടാതെ ഇത്തരം ചികിത്സാ മാർഗങ്ങൾ നബിﷺ സ്വീകരിച്ചത് ഫിത്‌നകളെ ഇല്ലാതാക്കുവാനും ജനങ്ങളെ അടുപ്പിക്കുവാനും ഇണക്കുവാനും വേണ്ടിയായിരുന്നു. അതു കൊണ്ടു തന്നെ അവരെ അമിതമായി ആക്ഷേപിച്ചില്ല. മറിച്ച് അവരുടെ ന്യായങ്ങളെ സ്വീകരിക്കുകയാണ് ചെയ്തത്. ഈ ഒരു ഫിത്നയെ സംബന്ധിച്ചാണ് സൂറതുൽ മുനാഫിഖീനിലെ വചനങ്ങൾ അവതരിച്ചത്.
ഫദ്‌ലുല്‍ ഹഖ് ഉമരി