ദുൽഹിജ്ജ; പ്രഥമ പത്ത് ദിനങ്ങളും ശ്രേഷ്ഠതയും

ലോകരക്ഷിതാവായ അല്ലാഹു ചില അടിമകൾക്ക് മറ്റുള്ളവരേക്കാൾ ശ്രേഷ്ഠതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. മാനവസമൂഹത്തെ പരിശോധിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന വസ്തുത; മനുഷ്യരാശിയിൽ നിന്നും പ്രവാചകന്മാർക്ക് അല്ലാഹു പ്രത്യേക പദവിയും ശ്രേഷ്ഠതയും നൽകി ആദരിച്ചിട്ടുണ്ട്. ആ പ്രവാചകന്മാരിൽ തന്നെ ഉലുൽ അസ്മിന് അതിനേക്കാൾ ഉൽകൃഷ്ട സ്ഥാനവും മഹത്വവും സമ്മാനിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു:
وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ مَا كَانَ لَهُمُ الْخِيَرَةُ سُبْحَانَ اللَّهِ وَتَعَالَى عَمَّا يُشْرِكُونَ
[القصص: 68].
(നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.)
പ്രവാചകന്മാർക്ക് മറ്റ് മനുഷ്യരേക്കാൾ ശ്രേഷ്ഠത നൽകിയതുപോലെ, ഉലുൽ അസ്മിന് ഇതരപ്രവാചകന്മാരിൽ നിന്നും വ്യതിരിക്തത കൽപ്പിച്ചതുപോലെ, ചില മാസങ്ങൾ,ദിവസങ്ങൾ,രാപകലുകൾ എന്നിവയ്ക്ക് മറ്റുള്ളവയേക്കാൾ വിലമതിക്കാനാവാത്ത പ്രതിഫലം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ രൂപത്തിൽ അല്ലാഹു ശ്രേഷ്ഠത നൽകിയ ദിവസങ്ങളാണ് ദുൽഹിജ്ജ: മാസത്തിലെ പ്രഥമ പത്ത് ദിനങ്ങൾ.
അല്ലാഹു പറയുന്നു:
وَالْفَجْرِ * وَلَيَالٍ عَشْرٍ ﴾ [الفجر: 1، 2].
(പ്രഭാതം തന്നെയാണ് സത്യം .പത്തു രാത്രികൾ തന്നെയാണ് സത്യം.)
ഈ സൂക്തം വിശദീകരിക്കവെ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത് പത്തു രാവുകൾ എന്ന് വിശേഷിപ്പിച്ചത് ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളാണ് എന്നാണ്. കൂടാതെ റസൂൽ صلى الله عليه وسلم യുടെ സ്വീകാര്യയോഗ്യമായ ഹദീസുകളിൽ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളുടെ പ്രതിഫലം പരാമർശിച്ചതായി കാണാം.
ഇബ്നു അബ്ബാസ് رضي الله عنه റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം
“ما من أيام العمل الصالح فيها أحب إلى الله من هذه الأيام العشر…..”
” സുകൃതങ്ങൾ ചെയ്യാൻ ഈ പത്ത് സുദിനങ്ങളേക്കാൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിനങ്ങളുമില്ല.”
ഇബ്നു ഉമർ رضي الله عنه റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീഥ് കാണുക.
ما من أيام أعظم عند الله، ولا أحب إليه من العمل فيهن، من هذه الأيام العشر، فأكثروا فيهن التهليل والتكبير والتحميد”.
“അല്ലാഹുവിങ്കൽ ദുൽഹിജ്ജ: മാസത്തിലെ പത്ത് സുദിനങ്ങളേക്കാൾ മഹത്വമേറിയതും സുകൃതങ്ങൾ പ്രിയങ്കരമായതുമായ,ദിനങ്ങൾ വേറെയില്ല.അതിനാൽ ഈ ദിനങ്ങളിൽ നിങ്ങൾ തഹ്ലീലും തക്ബീറും തഹ്മീദും വർധിപ്പിക്കുക.”
അല്ലാഹു ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾക്ക് വമ്പിച്ച പ്രതിഫലം നൽകാനുള്ള കാരണം ആ ദിനങ്ങളിലാണ് അറഫാദിനവും ബലിപെരുന്നാൾ ദിനവുമൊക്കെ കടന്നുവരുന്നത്. അബ്ദുല്ലാഹ് ബിൻ കുർത്ത് رضي الله عنه റസൂൽ صلى الله عليه وسلم യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം;
“إن أعظم الأيام عند الله تعالى يوم النحر، ثم يوم القر”.
“അല്ലാഹുവിങ്കൽ ഏറെ മഹത്വമേറിയ ദിനങ്ങൾ ബലിപെരുന്നാൾ ദിനവും, ദുൽഹിജ്ജ പതിനൊന്നാം ദിനവുമാണ്.”
ബലിപെരുന്നാൾ സുദിനത്തിനും ദുൽ ഹിജ്ജ: പതിനൊന്നിനും ശ്രേഷ്ഠത സമ്മാനിച്ചത് പോലെ അറഫാ ദിനത്തിനും അല്ലാഹു പ്രത്യേകം മഹത്വവും ശ്രേഷ്ഠതയും നൽകിയിട്ടുണ്ട് .
ആഇശ رضي الله عنها റസൂൽ صلى الله عليه وسلم യിൽ നിന്നും നിവേദനം ചെയ്യുന്ന ഒരു ഹദീഥ് കാണുക.
“ما من يوم أكثر من أن يعتق الله فيه عبدًا من النار من يوم عرفة…”.
“അറഫാ ദിനത്തെക്കാൾ അധികമായി; അല്ലാഹു അടിമകൾക്ക് നരകമോചനം നൽകുന്ന മറ്റൊരു ദിവസവുമില്ല”.
അറഫാ ദിനം നരകമോചനം നേടാനും പാപമോചന ചിന്തയ്ക്കുമുള്ള അവസരമാണ്. അതിലെ നോമ്പ് രണ്ടു വർഷത്തെ പാപങ്ങൾ മായ്ക്കപ്പെടാൻ കാരണമാകുന്നതാണ്.
അബൂ ഖതാദ: رضي الله عنه റസൂൽ صلى الله عليه وسلم യിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീഥ്
“صيام يوم عرفة: إني أحتسب على الله أن يكفر السنة التي بعده، والسنة التي قبله”
“അറഫാദിന നോമ്പിലൂടെ ഞാൻ അല്ലാഹുവിങ്കൽ നിന്ന് കാംക്ഷിക്കുന്ന പ്രതിഫലം; കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഓരോ വർഷങ്ങളിലെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്”.
പ്രമാണങ്ങളുടെ വെളിച്ചത്തിൽ ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളുടെ പ്രതിഫലം സുവ്യക്തമാണ്. ഇബ്നുഹജർ -റഹിമഹുല്ലാഹ്- ഈ പ്രത്യേകതകൾക്ക് കാരണമായി പറഞ്ഞത് ; അടിസ്ഥാനപരമായ സകല ആരാധനകർമ്മങ്ങളുടേയും സമന്വയിപ്പിച്ച് സമാഗതമാകുന്ന മാസമാണ് ദുൽഹിജ്ജ. നമസ്കാരവും നോമ്പും സ്വദഖയും ഹജ്ജും എല്ലാം ഉൾപ്പെട്ടത് കൊണ്ടാണ് ഈ ദിവസങ്ങൾക്ക് പ്രത്യേകമായ പ്രതിഫലവും ശ്രേഷ്ഠതയുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.അതിനാൽ ഈ ദിനങ്ങളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും, സൽകർമ്മനിരതരാകാനുമുള്ള തൗഫീഖ് നമുക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ.
آمين يارب العالمين.
(ജാമിഅ അല് ഹിന്ദ് അല് ഇസ്ലാമിയ്യ)