ഉംറയുടെ രൂപം​

ഉംറയുടെ രൂപം

ഉംറയുടെ റുകുനുകൾ

വാജിബുകൾ

സുന്നത്തുകൾ

ഉംറയിലെ വിധികൾ

ഇഹ്റാമിൽ പാടില്ലാത്ത കാര്യങ്ങൾ

ഇഹ്റാമിൽ നിഷിദ്ധമായ മറ്റു ചിലകാര്യങ്ങൾ

ഉംറയുടെ രൂപം

ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവൻ മീക്വാത്തിലെത്തിയാൽ കുളിച്ച് വൃത്തിയാകൽ സുന്നത്താണ്. ഇത് സ്ത്രീകൾക്കും ബാധകമാണ്. അവൾക്ക് ആർത്തവമോ പ്രസവരക്തമോ ഉണ്ടെങ്കിലും ശരി. ആർത്തവകാരിയും പ്രസവരക്തമുള്ള സ്ത്രീയും രക്തം നിലച്ച് ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യാൻ പാടില്ല. പുരുഷന്മാർക്ക് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ വസ്ത്രത്തിൽ പുരളാത്ത വിധം ശരീരത്തിൽ സുഗന്ധം ഉപയോഗിക്കാം. മീക്വാത്തിൽ വെച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. പുരുഷന്മാർ തുന്നിയ വസ്ത്രങ്ങൾ ഒഴിവാക്കണം. ഒരു തുണിയും ഒരു തട്ടവും ധരിക്കണം. അവ രണ്ടും വെടിപ്പുള്ളതും വെളുത്തതുമായിരിക്കൽ സുന്നത്താണ്. എന്നാൽ ഇഹ്റാമിലായിരിക്കുമ്പോൾ സ്ത്രീക്ക് മാന്യമായ അവരുടെ വസ്ത്രം ധരിക്കാവുന്നതാണ്.

ഉംറയിൽ പ്രവേശിക്കുന്നതായി മനസ്സ് കൊണ്ട് കരുതി നാവു കൊണ്ട് പറയുക. ഇഹ്റാമിൽ പ്രവേശിക്കുന്നയാൾക്ക് രോഗമോ ഭയമോ നിമിത്തം കർമ്മം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഭയന്നാൽ ഇഹ്റാമിന്റെ സമയത്ത് ഇങ്ങിനെ നിബന്ധനവെക്കാം.

(فإِنْ حَبَسنِي حابسٌ فَمَحِلِّي حَيْثُ حَبَسْتَنِي)

ഇഹ്റാമിൽ പ്രവേശിച്ച ശേഷം തൽബിയ്യത്ത് ചൊല്ലണം.

لَبَّيْكَ اللهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيْكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيْكَ لَكَ

അല്ലാഹുവേ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു, യാതൊരു പങ്കുകാരനുമില്ലാ ത്ത നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്ക് തന്നെ, നിനക്കാരും പങ്കുകാരായില്ല)

 —————————————

 കഅ്ബ കാണുന്നത് വരെ തൽബിയത്ത് നിർവ്വഹിക്കുക. കഅ്ബയിൽ എത്തിയാൽ തൽബിയ്യത്ത് അവസാനിപ്പിച്ച് ഹജറുൽ അസ്‌വദിന് അഭിമുഖമായി നിൽക്കുകയും ചുംബിക്കുകയും ചെയ്യുക. തിക്കി തിരക്കി മറ്റുളളവർക്ക് പ്രായാസം ഉണ്ടാക്കാൻ പാടില്ല.   

ഹജറുൽ അസ്‌വദ് സ്പർശിക്കുന്ന സമത്ത്  بسم الله، الله الكبر  ഇങ്ങിനെ എന്ന് പറയണം.

സാധ്യമായില്ലെങ്കിൽ വലത് കൈകൊണ്ട് അതിനെ തടവുകയോ അങ്ങോട്ട് തിരിഞ്ഞ് കൈകൊണ്ട് ആംഗ്യം കാണിക്കുകയോ ചെയ്യുക. ഹജറുൽ അസ്‌വദ് തടവുന്ന സമയത്ത് بسم الله، الله الكبر എന്ന് പറയണം. ചുംബിക്കാൻ പ്രയാസമാണെങ്കിൽ കൈ കൊണ്ടോ വടി കൊണ്ടോ സ്പർശിക്കുകയും എന്തു കൊണ്ടാണോ സ്പർശിച്ചത് അത് ചുംബിക്കുകയും വേണം. സ്പർശിക്കാൻ പ്രയാസമാണെങ്കിൽ അതിന് നേരെ കൈ ഉയർത്തി بسم الله، الله الكبر  എന്ന് പറഞ്ഞാൽ മതി. ഉയർത്തിയ കൈ ചുംബിക്കേണ്ടതില്ല. ത്വവാഫ് ശരിയാകാനും സ്വീകര്യമാകാനും ശുദ്ധി നിബന്ധനയാണ്. അതിനാൽ ചെറിയ വലിയ അശുദ്ധികളിൽ നിന്ന് ശുദ്ധിയാകണം. കാരണം ത്വവാഫ് നിസ്കാരം പോലെയാണ്. എന്നാൽ നിസ്കാരത്തിൽ സംസാരിക്കാൻ പാടില്ല. ത്വവാഫിനിടയിൽ സംസാരിക്കുന്നത് അനുവദനീയമാണ്.

കഅ്ബയെ ഇടതു വശത്താക്കി ഏഴ് തവണ ചുറ്റലാണ് ത്വവാഫ്. റുകുനുൽ യമാനിയുടെ നേരെ എത്തുമ്പോൾ സാധിക്കുമെങ്കിൽ വലതു കൈ കൊണ്ട് അത് തടവുകയും بسم الله، الله الكبر എന്ന് പറയുകയും വേണം. അതിനെ ചുംബിക്കരുത്. അതിനെ തടവൽ പ്രയാസമാണെങ്കിൽ വേണ്ടെന്ന് വെക്കാം. ത്വവാഫ് തുടരാം. അതിനു നേരെ കൈ ഉയർത്തുകയോ തക്ബീർ ചൊല്ലുകയോ ചെയ്യേണ്ടിതില്ല. കാരണം നബിﷺ യിൽ നിന്ന് അപ്രകാരം വന്നിട്ടില്ല. എന്നാൽ ഓരോ തവണ ഹജറുൽ അസ്‌വദിനടുത്ത് എത്തുമ്പോഴും സാധ്യമാണെങ്കിൽ തക്ബീർ ചൊല്ലി ചുംബിക്കണം. കഴിയില്ലെങ്കിൽ തക്ബീർ ചൊല്ലി തടവുകയോ അതിനു നേരെ കൈ ഉയത്തുകയോ ചെയ്താൽ മതി.

റംല് – ത്വവാഫുൽ ഖുദൂമിൽ ആദ്യത്ത മൂന്ന് ചുറ്റലിൽ കാലടികൾ അടുപ്പിച്ച് വേഗത്തിൽ നടക്കൽ. ഇത് പുരുഷന്മാർക്ക് മാത്രമുള്ളതാണ്.

ത്വവാഫുൽ ഖുദൂമിൽ എല്ലാ പ്രാവശ്യവും പുരുഷന്മാർ ഇള്ത്വിബാഅ് ചെയ്യൽ സുന്നത്താണ്.

ഇള്ത്വിബാഅ്: – വലത് ചുമൽ വെളിപ്പെടുത്തി ഇടത് ചുമൽ മറയത്തക്കവിധം മേൽമുണ്ട് ധരിക്കുന്നതിനാണ് ഇള്ത്വിബാഅ് എന്ന് പറയുക.

ഓരോ ചുറ്റലിലും സാധിക്കുന്നയത്ര ദിക്റും ദുആയും അധികരിപ്പിക്കൽ സുന്നത്താണ്.

ത്വവാഫിൽ പ്രത്യേക പ്രാർത്ഥനയോ ദിക്റോ ഇല്ല. എന്നൽ റുകൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടയിലായി നടക്കുമ്പോൾ

رَبَّنَا آتِنَا فِىْ الدُّنْيَا حَسَنَةً وَفِىْ الآخِرَةِ حَسَنَةً وَّقِنَا عَذَابَ النَّار

ഞങ്ങളുടെ നാഥാ ഇഹത്തിലും പര ത്തിലും നീ ഞങ്ങൾക്ക് നന്മനൽകുകയും നരക ശിക്ഷയിൽ നിന്നും ഞങ്ങളെ കാത്ത് രക്ഷിക്കുകയും ചെയ്യേണമേ

എന്ന് പ്രാർത്ഥിക്കണം.

ഇത് എല്ലാ പ്രാവശ്യവും ചൊല്ലണം. കാരണം ഇത് നബി ് യിൽ നിന്ന് സ്ഥിരപ്പെട്ട് വന്നതാണ്. ത്വവാഫ് അവസാനിപ്പിക്കുമ്പോൾ തക്ബീർ ചൊല്ലിക്കൊണ്ട് ഹജറുൽ അസ്‌വദിനെ ചുംബിച്ച് കൊണ്ടോ തടവിക്കൊണ്ടാ അല്ലെങ്കിൽ അതിനു നേരെ കൈ ഉയർത്തിയോ ഏഴാമത്തെ ചുറ്റലിനു ശേഷം ത്വവാഫ് അവസാനിപ്പിക്കുക.

ത്വവാഫിൽ നിന്ന് വിരമിച്ചാൽ മേൽ മുണ്ട് സാധാരണ പോലെ പുതക്കണം.

ത്വവാഫിൽ നിന്ന് വിരമിച്ചാൽ മഖാമു ഇബ്റാഹിമിന്റെ പിന്നിൽ നിന്നു കൊണ്ട് രണ്ട് റകഅത്ത് നിസ്കരിക്കുക. അതിന് സാധിക്കില്ലെങ്കിൽ പളളിയിൽ ഏതു സ്ഥലത്ത് വെച്ചും നിസ്കരിക്കാം. ആദ്യത്തെ റകഅത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്ത റകഅത്തിൽ സൂറത്തുൽ ഇഖാസും പാരായണം ചെയ്യണം. ഇതാണ് സുന്നത്ത്. ശേഷം സംസം കുടിക്കലും പ്രാർത്ഥിക്കലും നബി ﷺ യുടെ ചര്യയാണ്.

പിന്നെ സഅ് യ് നിർവഹിക്കാൻ സഫയിലേക്ക് കയറണം. കയറുന്ന സമയത്ത്

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ

എന്ന ആയത്ത് ഓതണം.

അർത്ഥം: “തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന് ഹജ്ജാ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ആരെങ്കിലും സൽകർമ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനുമാകുന്നു.”-[സൂറത്തുൽ ബഖറഃ:2:158)

ഖിബ്‌ലക്ക് നേരെ തിരിയുക, അല്ലാഹുവിനെ സ്തുതിക്കുക, തക്ബീർ ചൊല്ലുക എന്നിവ സുന്നത്താണ്.

لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اَللَّهُ وَحْدَهُ، اَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ اَلْأَحْزَابَ وَحْدَهُ

അർത്ഥം: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല, അല്ലാഹു ഏററവും ഉന്നതനാണ്,

അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന് പങ്കുകാരാരുമില്ല, രാജാധിപത്യം അവനുള്ളതാണ്, സ്തുതിയും അവനു തന്നെ, അവൻ ജീവിപ്പിക്കു കയും മരിപ്പിക്കുകയും ചെയ്യുന്നു; അവൻ സർ വ്വശക്തനാണ്, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ് അവൻ വാഗ്ദത്തം പൂർത്തിയാക്കി, തന്റെ ദാസനെ സഹായിച്ചു, ശത്രുസേനകളെ അവനൊറ്റക്ക് പരാജയപ്പെടുത്തി)

എന്ന് പറയുകയും വേണം. പിന്നെ കൈകൾ ഉയർത്തി സാധിക്കുന്നത് പ്രാർത്ഥിക്കണം. മേൽ പറഞ്ഞ ദിക്റും ദുആയും മൂന്ന് പ്രാവശ്യം ആവർത്തിക്കണം. ശേഷം ഇറങ്ങി ഒന്നാമത്ത അടയാളം എത്തുന്നത് വരെ (സഫയുടെയും മർവയുടെയും ഇടയിലുളള പച്ച അടയാളം) നടക്കണം. രണ്ടാമത്തെ അടയാളം എത്തുന്നത് വരെ ഓടണം. തുടർന്ന് നടന്ന് മർവയിൽ കയറണം. മർവയിലെത്തിയാൽ സഫയുടെ അടുത്ത് പറയുകയും ചെയ്യുകയും ചെയ്തതെല്ലാം ആവർത്തിക്കണം. സഫായുടെ അടുത്ത് പറയുകയും ചെയ്യുകയും ചെയ്തതെല്ലാം മർവയിലും ആവർത്തിക്കണം.

സഫയിൽ നിന്ന് സഅ് യ് തുടങ്ങി മർവയിൽ എത്തിയാൽ ഒരു സഅ് യ് പൂർത്തിയായി, തിരിച്ച് മർവയിൽ നിന്ന് സഫയിലെത്തിയാൽ രണ്ടാമത്തേതും. ഇങ്ങനെ ഏഴ് തവണ സഅ് യ് പൂർത്തിയാക്കണം. വാഹനം, വീൽ ചെയർ പോലുള്ളവയുടെ സഹായത്തിൽ സഅ് യ് ചെയ്യുന്നതിന് കുഴപ്പമില്ല.

സഅ് യ് ൽ സാധിക്കുന്ന ദിക്റുകളും ദുആകളും വർദ്ധിപ്പിക്കണം. വലുതും ചെറുതുമായ അശുദ്ധികളിൽ നിന്ന് ശുദ്ധമായിരിക്കുകയും വേണം. എന്നാൽ ശുദ്ധിയില്ലാതെ സഅ് യ് ചെയ്താലും അതുമതിയാകും. (കാരണ ശുദ്ധി സഅ്യ്ന് ശർത്തല്ല).

സഅ് യ് പൂർത്തിയായാൽ പുരുഷന്മാർ തലമുടി വടിക്കുകയോ മുറിക്കുകയോ ചെയ്യണം. പൂർണമായി കളയുന്നതാണ് ഉത്തമം. ഹജ്ജിനോടടുത്ത സമയത്താണ് മക്കയിൽ വരുന്നതെങ്കിൽ മുടി മുറിക്കുന്നതാണ് ഉത്തമം. ഹജ്ജിൽ ബാക്കി മുടി വടിച്ച് കളയാൻ വേണ്ടി. എന്നാൽ സ്ത്രീകൾ മുടി കൂട്ടിപ്പിടിച്ച് ഒരു വിരൽ തുമ്പിന്റെ അത്രയോ അതിലും കുറവോ മുറിക്കണം. ഇഹ്റാമിൽ പ്രവേശിച്ചവർ ഇതെല്ലാം ചെയ്താൽ അവരുടെ ഉംറ പൂർത്തിയായി. ഇഹ്റാം കാരണമായി നിഷിദ്ധമായിരുന്നെതെല്ലാം പിന്നെ അവർക്ക് അനുവദനീയമായിത്തീരും.

 

സമീർ മുണ്ടേരി

3 thoughts on “ഉംറയുടെ രൂപം​”

  1. അസ്സലാമു അലൈക്കുംറഹ്മത്തുല്ലാഹി വബറകാതുഹു
    ഈ മെസ്സേജ്ഡൗഡൗൺലോഡ്ചെചെയ്യാൻ കഴിഞ്ഞാൽവളരെ നന്നായിരിക്കുംഇൻഷാ അല്ലാഹ്

    Reply

Leave a Comment