നബി ചരിത്രം – 52

നബി ചരിത്രം - 52: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 02]

ഹിജ്റ അഞ്ചാം വർഷം

(2) നബിﷺയും സൈനബ് ബിൻത് ജഹ്ഷും رضی اللہ عنھا തമ്മിലുള്ള വിവാഹം.

നബിﷺയുടെ ഭാര്യമാരിൽ ഒരാളാണ് സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. ഉമ്മുൽ മുഅ്മിനീൻ എന്നാണ് നബിﷺയുടെ ഭാര്യമാർ അറിയപ്പെടുക. അബ്ദുൽ മുത്തലിബിന്റെ മകൾ ഉമൈമയാണ് സൈനബി رضی اللہ عنھا ന്റെ ഉമ്മ. നബിﷺയുടെ അമ്മായിയാണ് ഉമൈമ. മക്കയിൽ വെച്ചു കൊണ്ടാണ് സൈനബ്رضی اللہ عنھا ഇസ്ലാം സ്വീകരിക്കുന്നത്. അതിന് ശേഷം മദീനയിലേക്ക് ഹിജ്റ പോയി.

നബിﷺയുടെ ഭൃത്യനായിരുന്ന സൈദ് ബിനു ഹാരിസ رضي الله عنه വാണ് ആദ്യം സൈനബി رضی اللہ عنھا യെ വിവാഹം ചെയ്തിരുന്നത്. അദ്ദേഹം വിവാഹമോചനം നടത്തിയതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. വളർത്തു പുത്രൻ ഭാര്യയെ വിവാഹമോചനം നടത്തിയാലും അവരെ വിവാഹം കഴിക്കൽ നിഷിദ്ധമാണ് എന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ നിയമത്തെ എടുത്തു കളയലായിരുന്നു ഈ വിവാഹത്തിന്റെ ലക്ഷ്യം. കുടുംബ മഹിമയുടെയും ഗോത്രത്തിന്റെയും പേരിൽ അഭിമാനം കൊണ്ടിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ പതിവു സമ്പ്രദായങ്ങളെ നിർമ്മാർജ്ജനം ചെയ്യലും ഈ വിവാഹത്തിന്റെ ലക്ഷ്യമായിരുന്നു.

തന്റെ ഭൃത്യനും ഇഷ്ട വ്യക്തിയുമായ സൈദ്ബ്നു ഹാരിസ رضي الله عنه വിന് സൈനബ് رضی اللہ عنھا യെ കല്യാണം കഴിച്ചു കൊടുത്തത് നബിﷺ തന്നെയായിരുന്നു. സൈദ്ബ്നു മുഹമ്മദ് എന്നാണ് ആളുകൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ ദത്തു പുത്രൻമാർ ഒരിക്കലും സ്വന്തം മക്കൾ ആവുകയില്ല എന്ന നിയമം പഠിപ്പിക്കുകയായിരുന്നു ഈ വിവാഹത്തിലൂടെ. “നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(അഹ്സാബ് 5) എന്ന ആയത്ത് അവതരിക്കുന്നത് വരെ നബിﷺയുടെ ഭൃത്യനായ സൈദിനെ رضي الله عنه സൈദ്ബ്നു മുഹമ്മദ് എന്ന് മാത്രമായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. ഈ ആയത്ത് അവതരിച്ചതോടുകൂടി ഞങ്ങൾ ആ വിളി നിർത്തി എന്ന് അബ്ദുല്ലാഹിബ്നു ഉമർ പറയുന്നതായി ഹദീസിൽ കാണുവാൻ സാധിക്കും. (ബുഖാരി :4782. മുസ്‌ലിം: 2425)

സൈദിനു رضي الله عنه വേണ്ടി നബിﷺ സൈനബ് ബിന്ദു ജഹ്ശിرضی اللہ عنھاനെ വിവാഹാന്വേഷണം നടത്തിയപ്പോൾ അവർ വിസമ്മതിക്കുകയുണ്ടായി. സൈദിനെക്കാൾ നല്ല തറവാട്ടുകാരി ആണല്ലോ ഞാൻ എന്നായിരുന്നു അവർ പറഞ്ഞത്. അല്പം കാർക്കശ്യ സ്വഭാവവുമുള്ള ആളായിരുന്നു സൈനബ് ബിന്ദു ജഹ്ശ്رضی اللہ عنھا. അപ്പോൾ ഖുർആനിലെ ഈ ആയത്ത് അവതരിച്ചു:

“അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഖുർആനിലെ ഈ ആയത്ത് അവതരിച്ചപ്പോൾ സൈനബ് ബിന്ദു ജഹ്ശ്رضی اللہ عنھا പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ എന്നെ കല്യാണം കഴിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിട്ടുണ്ടോ? . അപ്പോൾ നബിﷺ പറഞ്ഞു: ഉണ്ട്. അപ്പോൾ സൈനബ്رضی اللہ عنھا പറഞ്ഞു: എങ്കിൽ ഞാൻ അല്ലാഹുവിന്റെ പ്രവാചകനോട് അനുസരണക്കേട് കാണിക്കുകയില്ല. അങ്ങിനെയാണ് സൈദ് رضي الله عنه സൈനബിرضی اللہ عنھاനെ വിവാഹം കഴിക്കുന്നത്.

ഏതാണ്ട് ഒരു വർഷമാണ് ഭാര്യയായി സൈനബ്رضی اللہ عنھا സൈദിന്റെ رضي الله عنه കൂടെ നിന്നത്.  ഒരിക്കൽ സൈദ് رضي الله عنهപ്രവാചകന്റെ അടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പരാതി പറഞ്ഞു. “അല്ലാഹുവിന്റെ പ്രവാചകരെ, അവർ നാവു കൊണ്ട് എന്നെ പ്രയാസപ്പെടുത്തുന്നു. അവരുടെ സ്ഥാനത്തെ എപ്പോഴും എടുത്തു പറയുന്നു. അപ്പോൾ നബിﷺ സൈദിനോട് رضي الله عنهപറഞ്ഞു: നീ അല്ലാഹുവിനെ ഭയപ്പെടുക അവരെ ഭാര്യയായി നിന്റെ കൂടെ പിടിച്ചു നിർത്തുക. (ബുഖാരി: 7420) സൈനബിനെرضی اللہ عنھا ഭാര്യയായി കൂടെ നിർത്താൻ സൈദിനെ رضي الله عنه നബിﷺ ഇടയ്ക്കിടയ്ക്ക് ഉപദേശിച്ചു കൊണ്ടിരുന്നു. എന്നാൽ അന്നു കാലത്ത് നിലവിലുണ്ടായിരുന്ന ദത്തു പുത്ര നിയമങ്ങൾ എടുത്തു കളയുക എന്നുള്ളത് അല്ലാഹുവിന്റെ തീരുമാനത്തിൽ പെട്ടതായിരുന്നു. അങ്ങിനെ തന്റെ ദത്തു പുത്രൻ വിവാഹമോചനം നടത്തിയ സ്ത്രീയെ നബിﷺ കല്യാണം കഴിക്കണം. ജാഹിലിയ്യാ കാലഘട്ടത്തിൽ വ്യാപകമായിരുന്ന ഈ സമ്പ്രദായത്തിനെതിരെ നബിﷺ തന്നെ പ്രവർത്തന രൂപത്തിൽ മാതൃക കാണിച്ചു കൊടുക്കണം. ഇതൊക്കെയായിരുന്നു അല്ലാഹുവിന്റെ തീരുമാനങ്ങൾ.

സൈനബിനെرضی اللہ عنھا സൈദ് رضي الله عنه വിവാഹമോചനം ചെയ്യണം എന്ന് പറയാൻ നബിﷺയോട് അള്ളാഹു കല്പിക്കുകയും ചെയ്തു. അതിനു ശേഷം വേണം നബിﷺ സൈനബിرضی اللہ عنھاനെ വിവാഹം കഴിക്കാൻ. എന്നാൽ ഇത് സൈദി رضي الله عنه നോട് പറയുന്ന വിഷയത്തിൽ നബിﷺക്ക് ലജ്ജ തോന്നി. ആളുകൾ തന്നെക്കുറിച്ച് ആക്ഷേപിച്ചു പറയുമല്ലോ എന്നായിരുന്നു നബിﷺയുടെ പ്രയാസം. വളർത്തു പുത്രന്റെ ഭാര്യയെ മുഹമ്മദ് കല്യാണം കഴിച്ചു എന്നായിരിക്കും ആളുകൾ പറയുക. ഈ സന്ദർഭത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു. 

“നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (അഹ്സാബ് 37) 

ആയിഷ പറയുന്നു: അല്ലാഹു ഇറക്കിക്കൊടുത്തതിൽ എന്തെങ്കിലും ഒന്ന് മുഹമ്മദ് നബിﷺ മറച്ചു വെക്കുകയായിരുന്നുവെങ്കിൽ ഈ ആയത്ത് മറച്ചു വെക്കുമായിരുന്നു. (മുസ്ലിം: 177) അങ്ങിനെ സൈദ് رضي الله عنه അവരെ വിവാഹ മോചനം നടത്തി. സൈനബിന്رضی اللہ عنھاറെ ഇദ്ദ കാലം അവസാനിച്ചപ്പോൾ നബി അവരെ വിവാഹം കഴിക്കുകയും ചെയ്തു.

നബിയുടെ കാര്യം സൈനബിرضی اللہ عنھاനോട് പറയാൻ നബിﷺ സൈദിനെ رضي الله عنه തന്നെയാണ് ഏൽപ്പിച്ചത്. സൈദ് رضي الله عنه അതിനു വേണ്ടി ചെന്നപ്പോൾ സൈനബ്رضی اللہ عنھا മാവ് കുഴക്കുകയായിരുന്നു. സൈദ് رضي الله عنه പറയുകയാണ്: സൈനബിرضی اللہ عنھاനെ കണ്ടപ്പോൾ എന്റെ മനസ്സിൽ വലിയ പ്രയാസം തോന്നി. അവരെ നോക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ സൈനബിرضی اللہ عنھاന്റ പിന്നിൽ മറുവശത്തേക്ക് തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: സൈനബ്, റസൂൽ നിങ്ങളുടെ കാര്യത്തെക്കുറിച്ച് പറയുന്നതിനു വേണ്ടി എന്നെ അയച്ചതാണ്. അപ്പോൾ സൈനബ്رضی اللہ عنھا പറഞ്ഞു: ഞാനെന്റെ റബ്ബിനോട് കൂടിയാലോചന നടത്തുന്നതു വരെ ഒന്നും ചെയ്യുകയില്ല. ശേഷം അവർ എണീറ്റ് പള്ളിയിലേക്ക് പോയി. ഖുർആനിലെ ആയത്ത് അവതരിച്ചു. അതോടെ അനുവാദം ചോദിക്കാതെ നബിﷺ അങ്ങോട്ട് കയറി വന്നു. കാരണം ആകാശ ലോകത്ത് നിന്നും അല്ലാഹു അവരുടെ വിവാഹം ചെയ്തു കൊടുത്തിരുന്നു. (മുസ്ലിം: 1428)

മറ്റു ഭാര്യമാരോട് സൈനബ്رضی اللہ عنھا പലപ്പോഴും ഇപ്രകാരം അഭിമാനം പറയാറുണ്ടായിരുന്നു: “നിങ്ങളുടെ കുടുംബക്കാർ ആണല്ലോ നിങ്ങളെ വിവാഹം കഴിച്ചു കൊടുത്തത്. എന്നാൽ എന്നെ വിവാഹം കഴിച്ചു കൊടുത്തത് ഏഴു ആകാശങ്ങൾക്കു മുകളിൽ നിന്ന് അല്ലാഹുവാണ്”.(ബുഖാരി: 7420) 

സൈനബرضی اللہ عنھاയുമായി വീട് കൂടിയതിനു ശേഷം നബിﷺ ഒരു വലീമയും നടത്തി. റൊട്ടിയും മാംസവുമായിരുന്നു വലീമയിലെ ഭക്ഷണം. മുസ്ലിമിന്റെ ഹദീസിൽ ഇത് നമുക്ക് കാണുവാൻ സാധിക്കും (ബുഖാരി 4794). സൈനബുമായുള്ള വിവാഹ ശേഷം നബിﷺ നടത്തിയ വലീമയെക്കാൾ നല്ല ഒരു വലീമ മറ്റു ഭാര്യമാർക്കും നബിﷺ നടത്തിയിട്ടില്ല എന്ന് അനസ് رضي الله عنهപറയുന്നുണ്ട്(മുസ്ലിം:1428, 91) . നബിﷺ നടത്തിയ വലീമയിൽ 300 ൽപരം ആളുകൾ പങ്കെടുത്തിരുന്നു എന്നും അസ്ഹാബുസ്സുഫ്ഫ ഇരിക്കുന്ന സ്ഥലവും നബിﷺയുടെ റൂമും നിറഞ്ഞു കവിഞ്ഞതായും അവിടെ കൊണ്ടു വന്ന ഭക്ഷണം വർദ്ധിച്ച് മുഅ്ജിസത്ത് വെളിവായതായും അനസിന്റെ رضي الله عنه സുദീർഘമായ ഹദീസിൽ കാണുവാൻ സാധിക്കും.(മുസ്ലിം:94, 1428)

ഭക്ഷണം കഴിച്ചതിനു ശേഷം ചില ആളുകൾ നബിﷺയുടെ വീട്ടിൽ ഇരുന്നു സംസാരിക്കുവാൻ തുടങ്ങി. നബിﷺയും അവിടെ ഉണ്ടായിരുന്നു. നബിﷺയുടെ ഭാര്യ മാരാകട്ടെ ചുമരിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു നിൽക്കുകയായിരുന്നു. നബിﷺ യാകട്ടെ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴും ആളുകൾ അവിടെ സംസാരത്തിൽ തന്നെയായിരുന്നു. ഈ സന്ദർഭത്തിൽ അല്ലാഹു ഖുർആനിലെ ഈ ആയത്ത് അവതരിപ്പിച്ചു 

“സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.” (അഹ്സാബ്: 53).

ഹിജാബിന്റെ വിഷയത്തിൽ ഉമർ رضي الله عنهനബിയോട് പലപ്പോഴും അഭിപ്രായം പറയാറുണ്ടായിരുന്നു. ഈ വിഷയത്തിൽ തന്റെ റബ്ബിന്റെ കാര്യത്തിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ഉമറിന് رضي الله عنهറെ അഭിപ്രായത്തോട് യോജിക്കുന്ന നിലക്കുള്ള ആയത്ത് അല്ലാഹു അവതരിപ്പിക്കുകയും ചെയ്തു. 

അനസ് رضي الله عنهപറയുന്നു: ഉമർ رضي الله عنهഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ നല്ലവരും ചീത്തവരുമായ ആളുകൾ താങ്കളുടെ അടുക്കലേക്ക് വരുന്നുണ്ട്. താങ്കൾ ഭാര്യമാരോട് സ്വീകരിക്കാൻ കൽപ്പിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. അങ്ങിനെ അല്ലാഹു ഹിജാബിന്റെ ആയത്ത് അവതരിപ്പിച്ചു. (ബുഖാരി: 4790)

മതം, ഭയ ഭക്തി, ധർമ്മ നിഷ്ഠ, നന്മ തുടങ്ങി എല്ലാ കാര്യങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെയായിരുന്നു സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. നബിﷺ പറഞ്ഞതായി ആയിഷرضی اللہ عنھا പറയുന്നു: നിങ്ങളിൽ നിന്ന് ആദ്യമായി എന്നിലേക്ക് വന്നു ചേരുക നിങ്ങളിൽ നീണ്ട കൈയുള്ളവളായിരിക്കും. അപ്പോൾ ഞങ്ങൾ ഭാര്യമാർ ആരുടെ കയ്യാണ് കൂടുതൽ നീണ്ടത് എന്ന് പരസ്പരം നോക്കാറുണ്ടായിരുന്നു. സൈനബിന്റെرضی اللہ عنھاകയ്യാണ് ഏറ്റവും നീളം ഉള്ളതായി ഞങ്ങൾ കണ്ടത്. സ്വന്തം കൈകൾ കൊണ്ട് അധ്വാനിക്കുകയും ധർമ്മം നൽകുകയും ചെയ്തിരുന്നവരായിരുന്നു അവർ.(മുസ്ലിം: 2452)

ആയിഷ യിൽ നിന്നും നിവേദനം; അവർ പറയുന്നു: നബിﷺയുടെ ഭാര്യമാർ ഒരിക്കൽ ഫാത്തിമرضی اللہ عنھاയെ നബിﷺയുടെ അടുക്കലേക്ക്‌ അയച്ചു. ഫാത്തിമرضی اللہ عنھا വന്ന് നബിﷺയോട് അനുവാദം ചോദിച്ചു. ആ സന്ദർഭത്തിൽ നബിﷺ എന്റെ കൂടെ എന്റെ വിരിപ്പിൽ കിടക്കുകയായിരുന്നു. നബിﷺ അവർക്ക് അനുവാദം കൊടുത്തു. അപ്പോൾ ഫാത്തിമرضی اللہ عنھا പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളുടെ ഭാര്യമാർ അബൂ ഖുഹാഫ رضي الله عنهയുടെ മകളുടെ കാര്യത്തിൽ താങ്കളോട് നീതി ചോദിച്ചു കൊണ്ട് എന്നെ അയച്ചതാണ്. ആയിഷ പറയുന്നു: ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. ഈ സന്ദർഭത്തിൽ നബിﷺ ഫാത്തിമرضی اللہ عنھا യോട് ഇപ്രകാരം പറഞ്ഞു: ഞാൻ ഇഷ്ടപ്പെടുന്നത് നീ ഇഷ്ടപ്പെടുന്നില്ലേ. ഫാത്തിമرضی اللہ عنھا പറഞ്ഞു: തീർച്ചയായും പ്രവാചകരെ. അപ്പോൾ നബിﷺ പറഞ്ഞു: എങ്കിൽ നീ ഇവളെ ഇഷ്ടപ്പെടുക (ആയിശയെ ചൂണ്ടിക്കൊണ്ടാണ് നബിﷺ ഇപ്രകാരം പറഞ്ഞത്) റസൂലിൽ നിന്നും ഈ മറുപടി കിട്ടിയപ്പോൾ ഫാത്തിമرضی اللہ عنھاہ അവിടെ നിന്നും എണീറ്റ് പോയി.

നബിﷺയോട് സംസാരിച്ച വിഷയവും നബിﷺ മറുപടി പറഞ്ഞതുമെല്ലാം ഫാത്തിമرضی اللہ عنھا നബിﷺയുടെ ഭാര്യമാരെ അറിയിച്ചു. അപ്പോൾ അവർ പറഞ്ഞു. നിന്നെ അങ്ങോട്ട് അയച്ചത് കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. അതു കൊണ്ട് വീണ്ടും മടങ്ങിച്ചെന്ന് ഒന്നു കൂടി ഇക്കാര്യം പറയുക. അപ്പോൾ ഫാത്തിമرضی اللہ عنھا പറഞ്ഞു: അല്ലാഹുവാണ് സത്യം; ഈ വിഷയത്തിൽ ഇനി ഞാൻ നബിﷺയോട് സംസാരിക്കുകയില്ല. ആയിഷ رضی اللہ عنھاപറയുന്നു: അപ്പോൾ പ്രവാചക പത്നിമാർ സൈനബ് ബിൻതു ജഹ്ശിرضی اللہ عنھനെ നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. പ്രവാചക പത്നിമാരിൽ എന്റെ അതേ സ്ഥാനം തന്നെയായിരുന്നു സൈനബിرضی اللہ عنھاനും നബിﷺ നൽകിയിരുന്നത്. മത വിഷയത്തിൽ സൈനബിرضی اللہ عنھاനെക്കാൾ നല്ല ഒരു സ്ത്രീയെ വേറെ ഞാൻ കണ്ടിട്ടില്ല. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വരും ഏറ്റവും സത്യസന്ധമായി സംസാരിക്കുന്നവരുമായിരുന്നു അവർ. ഏറ്റവും നന്നായി കുടുംബ ബന്ധം പുലർത്തുന്നവരായിരുന്നു. ഏറ്റവും കൂടുതലായി സ്വദഖ നൽകുന്നവരായിരുന്നു…….(മുസ്ലിം: 2442)

ഹിജ്റ ഇരുപതാം വർഷമാണ് ആണ് ഉമ്മുൽ മുഅമിനീൻ സൈനബ് رضی اللہ عنھا മരണപ്പെടുന്നത്. ഉമറുബ്നുൽ ഖത്താബി رضي الله عنه ന്റെ ഭരണ കാലമായിരുന്നു അത്. മരിക്കുമ്പോൾ അവർക്ക് 53 വയസ്സായിരുന്നു. നബിയുടെ മരണ ശേഷം ഏറ്റവും ആദ്യമായി മരിച്ച ഭാര്യ കൂടിയാണ് ഉമ്മുൽ മുഅ്മിനീൻ സൈനബ് ബിൻത് ജഹ്ഷ്رضی اللہ عنھا. അവരുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഉമർ رضي الله عنه ആയിരുന്നു. ബഖീഇൽ അവരെ മറവു ചെയ്യുകയും ചെയ്തു.

ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment