നബി ചരിത്രം - 55: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 05]

നബിﷺയും ജുവൈരിയ رضی اللہ عنھا യും തമ്മിലുള്ള വിവാഹം.
ബനുൽ മുസ്തലഖിൽ നിന്നും ലഭിച്ച ബന്ധികളെ വിഹിതം വെച്ചപ്പോൾ ജുവൈരിയയെ ലഭിച്ചത് സാബിത്ബ്നു ഖൈസ്ബ്നു ശിമാസിرضي الله عنهനായിരുന്നു. ശേഷം അദ്ദേഹവുമായി മോചന കരാർ എഴുതുകയും ചെയ്തു. അതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. നബിﷺ അവരെ വിവാഹം കഴിച്ചതോടു കൂടി ബനുൽ മുസ്തലഖിൽ നിന്നും ബന്ദികളായി വെച്ചിട്ടുള്ള എല്ലാവരെയും സ്വഹാബികൾ മോചിപ്പിച്ചു. അതു കൊണ്ടു തന്നെ ഈ വിവാഹം അവർക്ക് വലിയ ബറകതുള്ളതായി മാറുകയും ചെയ്തു.(അഹ്‌മദ്: 25833)
ജുവൈരിയرضی اللہ عنھاയെ നബിﷺ വിവാഹം കഴിക്കുമ്പോൾ അവർക്ക് 20 വയസ്സ് പ്രായമായിരുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന മഹതികളിൽ പെട്ടവരായിരുന്നു അവർ. ജുവൈരിയرضی اللہ عنھاയിൽ നിന്നും നിവേദനം. ഒരുദിവസം രാവിലെ സുബഹി നമസ്കരിച്ച ശേഷം തന്റെ പള്ളിയിൽ തന്നെ ഇരിക്കവേ വീട്ടിൽ നിന്നും നബിﷺ ഇറങ്ങിപ്പോയി. ളുഹാ സമയം ആയ ശേഷം നബിﷺ തിരിച്ചു വന്നപ്പോഴും ജുവൈരിയرضی اللہ عنھا അവിടെത്തന്നെ ഇരിക്കുകയായിരുന്നു. നബിﷺ ചോദിച്ചു. ഞാൻ നിന്നെ വിട്ടു പോയത് മുതൽ ഇവിടെത്തന്നെ ഇരിക്കുകയാണോ? അവർ പറഞ്ഞു: അതെ. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ നിന്നെ വിട്ടു പോയതിനു ശേഷം നാലു വചനങ്ങൾ മൂന്നു തവണ ചൊല്ലി. നീ ഇത്രയും നേരം ചൊല്ലിയതിനെക്കാളെല്ലാം കനം തൂങ്ങുന്നതാകുന്നത് അത്. ശേഷം നബിﷺ ഇപ്രകാരം പറഞ്ഞു കൊടുത്തു: “സുബ്ഹാനല്ലാഹി വബിഹംദിഹി അദദ ഖൽഖിഹി വ രിളാ നഫ്സിഹി വ സിനത അർശിഹി വ മിദാദ കലിമാതിഹി.(മുസ്ലിം: 2726)
ഹിജ്റ അമ്പതാം വർഷത്തിലാണ് ആണ് ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ ബിൻതുൽഹാരിസ്رضی اللہ عنھا വഫാതാകുന്നത്. മുആവിയതു ബ്നു അബീ സുഫിയാനിرضي الله عنهന്റെ ഭരണ കാല ഘട്ടമായിരുന്നു അത്. മരിക്കുമ്പോൾ അവർക്ക് 65 വയസ്സായിരുന്നു. ജുവൈരിയرضی اللہ عنھا യുമായുള്ള നബിﷺയുടെ വിവാഹം കാരണത്താൽ ബനുൽ മുസ്തലഖിലെ ഒരുപാട് ആളുകൾക്ക് അല്ലാഹു ഇസ്ലാമിലേക്ക് ഹിദായത്ത് നൽകി. അവരുടെ പിതാവ് ഹാരിസും ഇസ്ലാം സ്വീകരിച്ചു. അദ്ദേഹമാണ് പിന്നീട് തന്റെ ജനതയിലേക്ക് ചെന്നു കൊണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതും ആ ജനത ഇസ്ലാം സ്വീകരിക്കുന്നതും.
ഫദ്‌ലുല്‍ ഹഖ് ഉമരി