നബി ചരിത്രം – 56

നബി ചരിത്രം - 56: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 06]

ഖന്തക്ക് യുദ്ധം.

ശവ്വാൽ മാസത്തിലാണ് ഖന്തക്ക് യുദ്ധം നടക്കുന്നത്. കിടങ്ങ് എന്നാണ് ഖന്തക്ക് എന്ന വാക്കിന്റെ അർത്ഥം. നബിﷺയുടെ കൽപന പ്രകാരം മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ച കാരണത്താലാണ് യുദ്ധത്തിന് ഖന്തക്ക് യുദ്ധം എന്ന പേരു വന്നത്. അൽ അഹ്സാബ് യുദ്ധം എന്നും ഇതിനെ പറയാറുണ്ട്. സഖ്യ കക്ഷികൾ എന്നാണ് അഹ്സാബ് എന്ന വാക്കിന്റെ അർത്ഥം. ഖുറൈശികളും യഹൂദികളും ഗത്വ്‌ഫാൻ ഗോത്രവും യഹൂദികളെ അനുകൂലിച്ചവരും എല്ലാം ഒന്നിച്ച് മുസ്ലിംകൾക്കെതിരെ വന്നതിനാലാണ് ഈ യുദ്ധത്തിന് അഹ്സാബ് എന്ന പേർ ലഭിച്ചത്.

മദീനയിൽ നിന്നും ഖൈബറിലേക്ക് നബിﷺ നാടു കടത്തിയ ബനൂ നളീർ ഗോത്രത്തിലെ ചില ജൂത നേതാക്കന്മാർ മക്കയിലേക്ക് പുറപ്പെട്ടു. സല്ലാം ഇബ്‌നു മിശ്കം, സല്ലാം ഇബ്‌നു അബിൽ ഹഖീഖ്, ഹുയയ്യുബ്നു അഖ്തബ്, കിനാനതുബ്നു റബീഅ് തുടങ്ങിയവരായിരുന്നു അവർ. ഖുറൈശീ പ്രമുഖർക്കൊപ്പം അവർ യോഗം ചേർന്നു. നബിﷺക്കെതിരെ യുദ്ധം ചെയ്യാൻ ഖുറൈശികളെ അവർ പ്രേരിപ്പിച്ചു. മുഹമ്മദിനെ മുച്ചൂടും നശിപ്പിക്കുന്നത് വരെ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് ഖുറൈശികളോട് അവർ പറയുകയും ചെയ്തു. ജൂതന്മാരുടെ ഈ ക്ഷണം ഖുറൈശികൾ സ്വീകരിച്ചു. മാത്രവുമല്ല അവർ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഒന്നാമത്തെ വേദ ഗ്രന്ഥത്തിന്റെ ആളുകളാണ്. അതു കൊണ്ട് നിങ്ങൾ പറയൂ, മുഹമ്മദിന്റെ മതമാണോ അതോ ഞങ്ങളുടെ മതമാണോ ഏറ്റവും നല്ലത്. ജൂതന്മാർ പറഞ്ഞു: നിങ്ങളുടെ മതമാണ് മുഹമ്മദിന്റെ മതത്തെക്കാൾ ഏറ്റവും നല്ല മതം. നിങ്ങളാണ് മുഹമ്മദിനേക്കാൾ കൂടുതൽ അവകാശമുള്ളവർ.

അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു

“വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌. എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല”. (നിസാഅ് :51-52)

أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيജൂതന്മാരിൽ നിന്ന് ഇത്തരത്തിലുള്ള ഒരു മറുപടി ലഭിച്ചപ്പോൾ ഖുറൈശികളെ അത് ഏറെ സന്തോഷിപ്പിച്ചു. നബിﷺക്കെതിരെ യുദ്ധം ചെയ്യുവാനുള്ള ഒരു ഉന്മേഷം അവർക്ക് തോന്നുകയും ചെയ്തു. ഖൈബറിലേക്ക് നാടു കടത്തപ്പെട്ട ജൂതൻമാരുടെ ലക്ഷ്യം ഖുറൈശികളെയും മറ്റു ഗോത്രങ്ങളെയും സംഘടിപ്പിച്ചു തങ്ങളുടെ കാര്യത്തിൽ മുഹമ്മദിനോട് പ്രതികാരം വീട്ടുക എന്നതായിരുന്നു. തങ്ങളുടെ സ്വന്തം നാടായ മദീനയിലേക്ക് മടങ്ങി പോകുവാനും അവിടെയുള്ള തങ്ങളുടെ വസ്തുക്കൾ ഉടമ പെടുത്തുവാനുമുള്ള അതിയായ ആഗ്രഹവുമായിരുന്നു. ഖുറൈശികൾ അവരുടെ ഇംഗിതത്തിന് വഴങ്ങി എന്നറിഞ്ഞപ്പോൾ പിന്നീടവർ ചെന്നത് ഗത്വ്‌ഫാൻ ഗോത്രക്കാരി ലേക്കാണ്. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരണമെന്ന് പറഞ്ഞ് അവരെയും പ്രേരിപ്പിച്ചു. യുദ്ധത്തിൽ പങ്കെടുത്താൽ ഖൈബറിലെ പഴങ്ങളുടെ പകുതി നൽകാമെന്ന വാഗ്ദാനവും നൽകി. ജൂതൻമാരുടെ ആവശ്യം അവരും അംഗീകരിച്ചു. ഉയൈനതുബ്നു ഹിസ്വ്‌നുൽഫസാരിയാണ് ജൂതന്മാരുടെ ആഗ്രഹത്തിന് ഉത്തരം നൽകിയത്.
ഖുറൈശികൾ അവരുടെ വൻ പടയുമായി പുറപ്പെട്ടു. അവരെ അനുസരിക്കാൻ തയ്യാറുള്ള മറ്റു അറബി ഗോത്രങ്ങളും കൂടെക്കൂടി. കിനാന ഗോത്രവും തിഹാമക്കാരുമായിരുന്നു അത്. നാലായിരത്തോളം വരുന്ന സൈന്യമായിരുന്നു മുശ്രിക്കുകളുടേത്. 300 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. ദാറുന്നദ്‌വയിൽ വെച്ചു കൊണ്ട് അവർ പതാക കെട്ടി. ഉസ്മാനുബ്നു അബീ ത്വൽഹയായിരുന്നു പതാക വാഹകൻ. അങ്ങനെ അബൂ സുഫ്‌യാനുബ്നു ഹർബിന്റെ നേതൃത്വത്തിൽ മക്കയിൽ നിന്നും അവർ പുറപ്പെട്ടു. മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള താഴ്‌വരയായ മർറുള്ളഹ്റാൻ എന്ന സ്ഥലത്ത് വെച്ച് ബനൂ സുലൈം അവരോടൊപ്പം ചേർന്നു. അവർ 700 പേർ ഉണ്ടായിരുന്നു. സുഫിയാനുബ്നു അബ്ദുശ്ശംസ് ആയിരുന്നു അവരുടെ നേതാവ്. പിന്നീട് ബനൂ അസദും അവരോടൊപ്പം ചേർന്നു. ത്വുലൈഹതുബ്നു ഖുവൈലിദായിരുന്നു അവർക്ക് നേതൃത്വം കൊടുത്തിരുന്നത്. ഗത്വ്‌ഫാനിന്റെ വ്യത്യസ്തങ്ങളായ ഗോത്രങ്ങളും പുറപ്പെട്ടു.

(1)ബനൂ ഫസാറ. ആയിരം ആളുകളാണ് ഇവർ ഉണ്ടായിരുന്നത്. ഉയൈനതുബ്നു ഹിസ്വ്‌നുൽഫസാരിയാണ് ഇവർക്ക് നേതൃത്വം നൽകിയിരുന്നത്.
(2) ബനൂ മുർറ. ഇവർ 400 പേർ ഉണ്ടായിരുന്നു. ഹാരിസ് ബിനു ഔഫിനായിരുന്നു നേതൃത്വം.
(3) ബനൂ അശ്ജഅ്‌. ഇവരും 400 പേരാണ് ഉണ്ടായിരുന്നത്. മിസ്അറുബ്നു സുഖൈലക്കായിരുന്നു നേതൃത്വം.
ഇതിനൊക്കെ പുറമേ മറ്റു ചില ആളുകളും അവരോടൊപ്പം പുറപ്പെട്ടു. അങ്ങിനെ ഖുറൈശികളും അറേബ്യൻ ഗോത്രങ്ങളും അഹ്ബാശുകളും ജൂതന്മാരും അടക്കം പതിനായിരത്തോളം വരുന്ന സൈന്യമാണ് ഖന്തഖിലേക്ക് പുറപ്പെട്ടത്. ഇവരെക്കുറിച്ചാണ് അള്ളാഹു സഖ്യകക്ഷികൾ എന്ന് അർത്ഥം വരുന്ന അഹ്സാബ് എന്ന പദം ഉപയോഗിച്ചത്. എല്ലാവരും മദീന ലക്ഷ്യം വെച്ച് നീങ്ങി. അവർ പരസ്പരം ധാരണയിലെത്തിയ സ്ഥലത്തായിരുന്നു അവരെല്ലാം ചെന്നെത്തിയത്.

ഇത്തവണ മുസ്‌ലിംകളെ ഒന്നിച്ചു നശിപ്പിക്കണം എന്നതായിരുന്നു ഖുറൈശികളുടെ ഉദ്ദേശം. അതു കൊണ്ടു തന്നെ കഴിയുന്നിടത്തോളം ശക്തിയും അവർ സമാഹരിച്ചു. അതിനു വേണ്ടി തന്നെയാണ് എല്ലാ ഗോത്രങ്ങളെയും അവർ കക്ഷികളായി കൂടെ ചേർത്തതും. ഖുറൈശികൾക്ക് നഷ്ടപ്പെട്ടു പോയ മുത്തായി തിരിച്ചു കിട്ടിയത് ഖൈബറിലെ ജൂതന്മാരെയായിരുന്നു. ജൂതന്മാർ ആകട്ടെ അവർക്ക് നഷ്ടപ്പെട്ടു പോയത് ഖുറൈശികളിലൂടെയും തിരിച്ചുകിട്ടി. കാരണം ഖുറൈശികളെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിﷺയുടെ നിലനിൽപ്പ് വളരെ അപകടം നിറഞ്ഞതായിരുന്നു. അതു കൊണ്ടു തന്നെ മുസ്ലിംകളുടെ കഥ കഴിക്കുക എന്നുള്ള ലക്ഷ്യമായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്.സഖ്യകക്ഷികൾ മദീനയിലെത്തി. അഹങ്കാരവും വും ദുരഭിമാനവും അസൂയയും യും മൂത്ത അവസ്ഥയിലായിരുന്നു അവർ. ജുർഫ് റുഗാബ എന്നീ രണ്ടു സ്ഥലങ്ങൾക്കിടയിൽ വെള്ളച്ചാലുകൾ സംഗമിക്കുന്നിടത്താണ് ഖുറൈശികൾ ഇറങ്ങിയത്. ഉഹ്ദിന്റെ ഭാഗത്താണ് ഗത്വ്‌ഫാൻകാർ ഇറങ്ങിയത്. ബനൂ അസദ് ഗോത്രക്കാരും അവരുടെ കൂടെ ഇറങ്ങി.

സഖ്യ കക്ഷികളുടെ പുറപ്പാടിനെ കുറിച്ചും അവരുടെ ദുഷിച്ച തീരുമാനങ്ങളെ കുറിച്ചും നബിﷺ അറിഞ്ഞപ്പോൾ തന്റെ സ്വഹാബിമാരെ വിളിച്ചു കൂട്ടി. സഖ്യകക്ഷികളെ കുറിച്ചുള്ള വിവരങ്ങൾ നബി സ്വഹാബികളെ അറിയിച്ചു. ഈ വിഷയത്തിൽ അവരുമായി കൂടിയാലോചന നടത്തി. ഒരു കിടങ്ങ് കുഴിക്കാമെന്ന അഭിപ്രായം സൽമാനുൽ ഫാരിസിرضي الله عنه മുന്നോട്ടു വെച്ചു. നബിﷺയോടൊപ്പം സൽമാനുൽ ഫാരിസിرضي الله عنه പങ്കെടുക്കുന്ന ഒന്നാമത്തെ യുദ്ധമാണ് ഇത്. അന്ന് അദ്ദേഹം സ്വതന്ത്രനായിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ പേർഷ്യയിൽ ഞങ്ങളെ വല്ലവരും വലയം ചെയ്താൽ കിടങ്ങ് കുഴിക്കാറാണ് പതിവ്. നബിﷺക്ക് ഈ അഭിപ്രായം ഏറെ ഇഷ്ടമായി. അറബികൾക്ക് മുൻ പരിചയമില്ലാത്ത യുക്തിഭദ്രമായ ഒരു പ്ലാനായിരുന്നു ഈ കിടങ്ങ്. മദീനയുടെ തുറസ്സായി കിടക്കുന്ന വടക്കു ഭാഗത്തു നിന്നും കിടങ്ങ് കുഴിക്കാൻ കൽപ്പിച്ചു. വാഖിം വബ്റ എന്നീ സ്ഥലങ്ങൾക്കിടയിലുള്ള ഭാഗമായിരുന്നു അത്. കാരണം അന്ന് മദീന കുറെ വീടുകളാൽ നിറഞ്ഞു കിടക്കുകയായിരുന്നു. നാനാ ഭാഗത്തു നിന്നും കൃഷികളാലും ഈത്തപ്പനത്തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായിരുന്നു മദീന. വടക്കു ഭാഗം മാത്രമാണ് ഒഴിഞ്ഞു തുറസ്സായി കിടന്നിരുന്നത്. അതു കൊണ്ടാണ് ആ ഭാഗത്ത് കിടങ്ങ് കുഴിക്കാൻ നബിﷺആവശ്യപ്പെട്ടതും.

പത്ത് ആളുകൾ വീതം 40 മുഴം കുഴിക്കണം എന്നായിരുന്നു അവരുടെ തീരുമാനം. അതി ശക്തമായ തണുപ്പുള്ള അന്തരീക്ഷത്തിൽ സ്വഹാബികൾ കിടങ്ങ് കുഴിക്കാൻ തുടങ്ങി. നബിﷺയും അവരോടൊപ്പം കിടങ്ങു കുഴിക്കാൻ ഉണ്ടായിരുന്നു. അനസ്رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബിﷺയുടെ സ്വഹാബിമാർ ഇപ്രകാരം പറഞ്ഞിരുന്നു: ഞങ്ങൾ നിലനിൽക്കുന്നിടത്തോളം ഇസ്ലാമിൽ നിലനിൽക്കുമെന്ന് നബിﷺയോട് ബൈഅത്ത് ചെയ്തവരാണ് ഞങ്ങൾ. (ബുഖാരി: 4096. മുസ്‌ലിം: 1805) ബർറാഅ്‌رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധ സമയത്ത് നബിﷺ കിടങ്ങ് കുഴിക്കുന്നതായി ഞാൻ കണ്ടു. കിടങ്ങിൽ നിന്നും നബിﷺ മണ്ണ് ചുമന്നു കൊണ്ടു പോവുകയായിരുന്നു. മണ്ണ് പുരളുക കാരണം നബിﷺയുടെ വയറിന്റെ തൊലി പോലും എനിക്ക് കാണാൻ സാധിച്ചില്ല. മണ്ണ് ചുമന്നു കൊണ്ടിരിക്കെ മുമ്പ് ഇബ്നു റബാഹ്رضي الله عنه പാടിയ ചില വരികൾ നബിﷺയും ഉരുവിടുന്നതായി ഞാൻ കേട്ടു. അത് ഇപ്രകാരമായിരുന്നു” അല്ലാഹുവേ നീ ഞങ്ങൾക്ക് ഹിദായത്ത് തന്നിരുന്നില്ലെങ്കിൽ ഞങ്ങൾ സ്വദഖ കൊടുക്കുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതു കൊണ്ട് അല്ലാഹുവേ, ഞങ്ങൾക്ക് നീ സമാധാനം ഇറക്കിത്തരേണമേ. ഞങ്ങൾ ഏറ്റു മുട്ടിയാൽ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തേണമേ. ഇക്കൂട്ടർ ഞങ്ങൾക്കെതിരെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അവർ ഫിത്നയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങൾ ഒരിക്കലും അത് സമ്മതിക്കുകയില്ല.” അവസാനത്തെ വരി ചൊല്ലുമ്പോൾ നബിﷺ തന്റെ ശബ്ദം ഉച്ചത്തിലാക്കി നീട്ടി ചൊല്ലിയിരുന്നു (ബുഖാരി: 4106. മുസ്‌ലിം: 1803)

കിടങ്ങ് കുഴിക്കുന്നതിൽ സ്വഹാബികൾ കഠിനാധ്വാനം ചെയ്തു. ശത്രുക്കൾ വരുന്നതിനു മുമ്പ് കുഴിച്ചു തീർക്കുക എന്നതായിരുന്നു ലക്ഷ്യം. പകൽ മുഴുവൻ അവർ കുഴിച്ച് കൊണ്ടിരുന്നു. വൈകുന്നേരമായാൽ സ്വ കുടുംബങ്ങളിലേക്ക് തിരിച്ചുപോകും. ശക്തമായ വിശപ്പും ക്ഷീണവും അതോടൊപ്പം തണുപ്പും അവരെ വല്ലാതെ പ്രയാസപ്പെടുത്തി. വിശപ്പിന്റെ കാഠിന്യത്താൽ പലരും വയറിന്മേൽ കല്ലു വെച്ച് കെട്ടിക്കൊണ്ടായിരുന്നു കുനിഞ്ഞു നിന്നു കുഴിച്ചിരുന്നത്. എന്നാൽ മുനാഫിക്കുകൾ ഇതൊന്നും ചെയ്യാതെ മാറി നിന്നു. മുസ്ലിംകളുടെ ആവേശത്തെ കെടുത്താനുള്ള പണിയായിരുന്നു അവർ ചെയ്തിരുന്നത്. പലരും പ്രവാചകൻ അറിയാതെ തങ്ങളുടെ വീടുകളിലേക്ക് രഹസ്യമായി പോയി. അല്ലാഹു പറഞ്ഞത് എത്ര സത്യം

“നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്‌. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.”(നൂർ: 63)

മുസ്‌ലിംകൾ കിടങ്ങ് കുഴിക്കുന്ന പണി തുടർന്നു കൊണ്ടിരുന്നു. ശത്രുക്കളുടെ സൈന്യം മദീനയിൽ എത്തുന്നതിനു മുമ്പ് കിടങ്ങിന്റെ പണി അവർ പൂർത്തിയാക്കി. കിടങ്ങ് കുഴിച്ചു പൂർത്തിയാക്കാൻ ഏതാണ്ട് ഒരു മാസം എടുത്തിട്ടുണ്ട്.
മുസ്ലിംകൾ ഖന്തക്ക് പണിയിൽ നിന്നും വിരമിച്ചപ്പോഴേക്കിനും നാലായിരത്തോളം വരുന്ന സൈന്യവുമായി ഖുറൈശികൾ അവിടെയെത്തി. മദീനയുടെ അവാലീ പ്രദേശങ്ങളിൽ അവർ താവളമടിച്ചു.(മദീനയുടെ തെക്കു കിഴക്കുള്ള ഭാഗങ്ങൾക്കാണ് “അവാലീ” എന്ന് പറയുന്നത്) വെള്ളച്ചാലുകൾ സംഗമിക്കുന്ന സ്ഥലമായിരുന്നു അത്. ആറായിരത്തോളം വരുന്ന സൈന്യവുമായി ഗത്വ്‌ഫാൻകാരും എത്തി. ഉഹ്ദിന്റെ ഭാഗത്താണ് അവർ ഇറങ്ങിയത്. സഖ്യകക്ഷികളുടെ ഈ വരവിനെക്കുറിച്ച് അല്ലാഹു പറയുന്നത് കാണു

“നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.”
(അഹ്സാബ്: 10, 11)


(തുടരും)

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

Leave a Comment