നബി ചരിത്രം – 51

നബി ചരിത്രം - 51: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 01]

(1) ദൗമതുൽ ജന്തൽ യുദ്ധം.

റബീഉൽ അവ്വൽ മാസത്തിലാണ് ഈ യുദ്ധം ഉണ്ടാകുന്നത്. ശ്യാമിന്റെ ഭാഗത്തുള്ള ഒരു സ്ഥലമാണ് ദൗമതുൽ ജന്തൽ. ദൗമതുൽ ജന്തലിൽ നിന്നും ഡമസ്കസിലേക്കു അഞ്ചു രാത്രികളുടെ യാത്രാ ദൂരം ഉണ്ട്. മദീനക്കും ദൗമതുൽ ജന്തലിനും ഇടക്ക് 15 രാത്രികളുടെ യാത്രാ ദൂരമണ് ഉള്ളത്.

യുദ്ധത്തിനുള്ള കാരണം ഇതായിരുന്നു: ദൗമതുൽ ജന്തലിലെ ഒരുപാട് അറബി ഗോത്രങ്ങൾ അതിലൂടെ പോകുന്ന ആളുകളെ ആക്രമിക്കുകയും അവരുടെ കയ്യിലുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും അതോടൊപ്പം മദീനയെ അക്രമിക്കാൻ അവർ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ ഉടനെ നബിﷺ തന്റെ അനുയായികളെ ഒരുമിച്ചു കൂട്ടി. മദീനയുടെ ചുമതല സിബാഉബ്നു അർഫതുൽഗിഫാരി رضي الله عنه യെ ഏൽപ്പിച്ചു.

ആയിരം സ്വഹാബികളെയും കൂട്ടി നബിﷺ അങ്ങോട്ട് പുറപ്പെട്ടു. രാത്രിയിലാണ് അവർ സഞ്ചരിച്ചിരുന്നത്. പകൽ സന്ദർഭങ്ങളിൽ അവർ ഒളിച്ചിരിക്കുകയും ചെയ്യും. മദ്കൂർ എന്ന് പേരുള്ള ഒരു വ്യക്തിയായിരുന്നു വഴികാട്ടിയായി അവരുടെ കൂടെ ഉണ്ടായിരുന്നത്. നബിﷺയും അനുയായികളും ദൗമതുൽ ജന്തലിൽ എത്തിയപ്പോൾ അവരുടെ ആടുമാടുകളെയും ഇടയന്മാരെയും പിടി കൂടി. ചില ആളുകളൊക്കെ അവരിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ വിവരം ദൗമതുൽ ജന്തലിലെ ആളുകൾ അറിഞ്ഞപ്പോൾ അവർ ഭയത്താൽ ചിഹ്ന ഭിന്നമായി ഓടി.

നബിﷺ ദൗമതുൽ ജന്തലിന്റെ മുറ്റത്തു തന്നെ ചെന്നു നിന്നു. അവിടെ ആരെയും കണ്ടില്ല. അല്പം ദിവസം അവിടെത്തന്നെ താമസിച്ചു. സൈന്യങ്ങളെ നാനാ വശങ്ങളിലേക്കും അവിടെ നിന്നും നിയോഗിച്ചു. അവരിൽ ആരെയും പിടികൂടാൻ കഴിയാതെ സൈന്യം തിരിച്ചു വന്നു. നബിﷺയും അനുയായികളും മദീനയിലേക്ക് മടങ്ങിപ്പോന്നു.

നബിﷺക്കെതിരെ കുതന്ത്രങ്ങളും മറ്റു പ്രയാസങ്ങളും ഒന്നും ഉണ്ടായില്ല. മദീനയിൽ നിന്നും അകന്ന് ശാമിന്റെ ഭാഗത്തേക്കുള്ള ഒന്നാമത്തെ യുദ്ധമായിരുന്നു ഇത്. അതു കൊണ്ടു തന്നെ അജ്ഞതയിൽ മുഴുകിക്കിടക്കുന്ന ശാമിന്റെ ഭാഗത്തേക്കുള്ള ഇസ്ലാമിന്റെ പ്രവേശന കവാടം തുറക്കൽ കൂടിയായിരുന്നു ശാമിലേക്കുള്ള യുദ്ധത്തിന്റെ യാത്ര. ശാമിലുള്ള ഖൈസറിനെയും പട്ടാളത്തെയും ഭയപ്പെടുത്തൽ കൂടി ആയി മാറി ഈ യുദ്ധ യാത്ര.

സ്വഹാബികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ മാർഗത്തിൽ ബഹുദൂരം സഞ്ചരിക്കാനുള്ള ഒരു പരിശീലനം കൂടിയായി ഇത്. വിദൂര സ്ഥലങ്ങളിൽ പോയി വൻ വിജയങ്ങൾ നേടുന്നതിനുള്ള ഒരു ആമുഖം കൂടിയായിരുന്നു യുദ്ധം. റജബ് മാസത്തിൽ 400 ആളുകളുമായി മുസൈന സംഘം (വഫ്ദ്) നബിﷺയുടെ അടുക്കൽ വന്നു. നുഅ്‌മാനുബ്നു മുഖര്‌രിൻ, ഖുർറതുബ്നു ഇയാസ്, ബിലാലുബ്നുൽ ഹാരിസ്, തുടങ്ങിയ വലിയ നേതാക്കന്മാർ അതിൽ ഉണ്ടായിരുന്നു. നബിﷺ അവരോട് ഇസ്ലാമിന്റെ പേരിലുള്ള ബൈഅത്ത് ചെയ്തു. “നിങ്ങൾ എവിടെ നിന്നാണോ വന്നത് അവിടെത്തന്നെയുള്ള മുഹാജിറുകൾ ആണ് നിങ്ങൾ. അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ സമ്പത്തിലേക്ക് മടങ്ങി കൊള്ളുക” എന്ന് നബിﷺ അവരോട് പറഞ്ഞു. അങ്ങിനെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോയി.

(ത്വബഖാതുൽ കുബ്റാ- ഇബ്നു സഅ്‌ദ്) മുസൈന സംഘം നബിﷺയുടെ അടുക്കൽ വന്നതുമായി ബന്ധപ്പെട്ടു കൊണ്ട് വിശദീകരിക്കുന്ന ഇമാം അഹ്മദിന്റെ ഹദീസ്(23746) കാണുവാൻ സാധിക്കും. നബിﷺ ഇപ്രകാരം പറഞ്ഞതായി ഒരു ഹദീസ് കാണുവാൻ സാധിക്കും” അസ്‌ലം, ഗിഫാരി, മുസൈന, ജുഹൈനക്കാർ തുടങ്ങിയവർ ബനൂ തമീം, ബനൂ ആമിർ, അസദിന്റെ സഖ്യ കക്ഷികൾ, ഗത്ഫാൻ എന്നിവരെക്കാൾ നല്ലവരാണ്.(ബുഖാരി : 3326. മുസ്ലിം: 2521)

ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment