പെരുന്നാൾ നമസ്‌കാരത്തിന്റെ വിധിവിലക്കുകൾ ചുരുക്കത്തിൽ

പെരുന്നാൾ നമസ്‌കാരത്തിന്റെ വിധിവിലക്കുകൾ ചുരുക്കത്തിൽ

1- പെരുന്നാൾ നമസ്‌കാരം വാജിബ് (നിർബന്ധം ആണ്) 

2- പെരുന്നാൾ നമസ്‌കാരത്തിന്റെ മുമ്പും പിമ്പും സുന്നത്ത് നമ സ്‌കാരങ്ങളില്ല.

3- പെരുന്നാൾ നമസ്‌കാരം മുസ്വല്ലയിൽ (മൈതാനത്ത്) വെച്ച് ആണ് നിർവഹിക്കപ്പെടേണ്ടത്.

4- പെരുന്നാൾ നമസ്‌കാരം ദ്വുഹാ സമയത്താണ് നിർവഹിക്ക പ്പെടേണ്ടത്. 

5- പെരുന്നാൾ നമസ്‌കാരം ഖുത്വ്ബക്ക് മുമ്പ് നിർവഹിക്കപ്പെ ടണം.

6- പെരുന്നാൾ നമകാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല.

7- പെരുന്നാൾ നമസ്‌കാരത്തിൽ ഒന്നാമത്തെ റക്അത്തിൽ തക് ബീറത്തുൽ ഇഹ്‌റാമിന് പുറമെ ഏഴ് തക്ബീറുകളും, രണ്ടാമ ത്തെ റക്അത്തിൽ സുജൂദിൽ നിന്ന് ഉയരുമ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകളും ചൊല്ലണം. ഓരോ തക്ബീർ ചൊ ല്ലുമ്പോഴും കൈ ഉയർത്തണം.

8- പെരുന്നാൾ നമസ്‌കാരത്തിൽ ഒന്നാം റക്അത്തിൽ ഫാതിഹ ക്ക് ശേഷം സൂറത്തു ക്വാഫോ, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ക്വമറോ, അല്ലെങ്കിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്‌ലയോ, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗ്വാശിയയോ ഓതുന്നത് സുന്നത്താണ.്

9- സമയം തെറ്റിയതിന് ശേഷമാണ് പെരുന്നാൾ അറിഞ്ഞതെ ങ്കിൽ അടുത്ത ദിവസമാണ് നമസ്‌കാരം നിർവഹിക്കേണ്ടത്. മറ്റു കാരണങ്ങളാൽ നമസ്‌കാരം നഷ്ടപ്പെട്ടവന് പിന്നീട് അത് നിർവഹി ക്കേണ്ടതില്ല. ഇമാം അവസാന ഇരുത്തത്തിൽ ആകുമ്പോൾ ആണ് ഒരാൾ നമസ്‌കാരത്തിന് എത്തിയതെങ്കിൽ ഇമാം സലാം വീട്ടിയ തിന് ശേഷം എഴുന്നേറ്റ് അവൻ രണ്ട് റക്അത്ത് (പെരുന്നാൾ നമസ്‌കാരം) നിർവഹിക്കണം. 

10- യാത്രയിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കപ്പെടുന്ന സ്ഥലത്ത് എത്തിയവന് അത് നിർവഹിക്കാവുന്നതാണ്. ഇല്ലെങ്കി ൽ അവന് അത് ഒഴിവാക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

11- ജുമുഅ ദിവസം പെരുന്നാൾ ആയാൽ പെരുന്നാൾ നമസ്‌കാ രം നിർവഹിച്ചവന് ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ട്. ഇങ്ങനെ വന്നാൽ നബി g ജുമുഅയും നിർവഹിക്കാറുണ്ടായിരുന്നു. 

12- പെരുന്നാൾ ഖുത്വ്ബയിൽ പങ്കെടുക്കുന്നത് സുന്നത്ത് ആണ്.

13- പെരുന്നാളിലെ ഖുത്വ്ബ ഒറ്റ ഖുത്വ്ബയാണ്. ഫുക്വഹാക്കൾ പറഞ്ഞത് പോലെ ജുമുഅ പോലെ രണ്ട് ഖുത്ബ നടത്താവുന്ന തുമാണ്.

14- പെരുന്നാൾ ഖുത്വ്ബയിൽ സ്ത്രീകളെ പ്രത്യേകം ഉപദേശി ക്കൽ സുന്നത്താണ്.

15- പെരുന്നാൾ ഖുത്വ്ബ തക്ബീർ കൊണ്ട് തുടങ്ങാനോ, ഖുത്വ് ബകൾക്കിടയിൽ തക്ബീർ ചൊല്ലാനോ സ്വഹീഹായ ഹദീസ് തെളിവായില്ല.

പെരുന്നാളിന്റെ സുന്നത്തുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1- തക്ബീർ ചൊല്ലൽ.

2- കുളിക്കൽ, നല്ല വസ്ത്രം ധരിക്കൽ.

3- ബലിപെരുന്നാൾ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷിക്കാതിരിക്കലും, ഫിത്വ്ർ പെരുന്നാൾ നമസ്‌കാരത്തിന് പുറ പ്പെടുന്നതിന് മുമ്പ് വല്ലതും ഭക്ഷിക്കലും.

4- മുസ്വല്ലയിലേക്ക് നേരത്തെ പോകൽ.

5- സ്ത്രീകൾ, കുട്ടികൾ അടക്കം എല്ലാ മുസ്‌ലീംകളും മുസ്വല്ല യിലേക്ക് പുറപ്പെടൽ.

6- മുസ്വല്ലയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും രണ്ട് വഴി സ്വീകരിക്കൽ.

7- ഈദ് ആശംസ നേരൽ.

8- നമസ്‌കാര സ്ഥലത്തേക്ക് നടന്നോ വാഹനത്തിലോ പോകാം.

ഹദീസ് 29

ഹദീസ് : 29

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، قَالَ: لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاحِشًا وَلاَ مُتَفَحِّشًا، وَكَانَ يَقُولُ: «إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا»- صحيح البخاري ومسلم

അബ്ദുല്ലാഹി ബ്‌നു അംറ് (റ) പറഞ്ഞു: നബി തോന്നിവാസിയോ തോന്നിവാസം പറയുന്നവരോ ചെയ്യുന്നവരോ ആയിരുന്നില്ല. നബി പറയാറുണ്ടായിരുന്നു: നിശ്ചയം നിങ്ങളിലെ ഉത്തമർ നിങ്ങളിലെ നല്ല സ്വഭാവമുള്ളവരാകുന്നു. (ബുഖാരി, മുസ്‌ലിം)

വിവരണം

> ഏറ്റവും നല്ല ഉൽകൃഷ്ട സ്വഭാവ ഗുണങ്ങളുടെ മതമാണ് ഇസ്‌ലാം. വാക്കിലും പ്രവൃത്തിയിലുമെല്ലാം ആ സ്വഭാവ വിശേഷണങ്ങൾ കാത്തു സൂക്ഷിക്കാൻ ഓരോരുത്തരം ബാധ്യസ്ഥരാണ്. നബി g ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു എന്ന് വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ക്വലം:4)

·> നബി ﷺ അശ്ലീലങ്ങൾ പറയുന്നവരോ അത്തരം സ്വഭാവാത്തിന്റെ ആളോ ആയിരുന്നില്ല. ഓരോ വിശ്വാസിയും അത് പോലെ ശുദ്ധമായ സ്വഭാവ ഗുണങ്ങൾ കാണിക്കേണ്ടവരാണ്. 

·> അശ്ലീല സംസാരങ്ങളും പ്രവർത്തനങ്ങളും ഒരു വിശ്വാസിയിൽ ഉണ്ടാവാനേ പാടില്ല. മാന്യമായ കാര്യങ്ങളേ പറയാവൂ. നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന പ്രവാചകാധ്യാപനം നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തേണ്ടതാണ്.

·> അനാവശ്യമായി ശബ്ദം ഉയർത്തി സംസാരിച്ച് കൂടാ. എല്ലായിടത്തും ഈ മര്യാദ പാലിക്കാൻ നമുക്കാവണം.

·> ഒരാളോട് ആരെങ്കിലും മോശമായി പെരമാറുകയോ സംസാരിക്കുകയോ ചെയ്താൽ അതിന് അതേ പോലെ മറുപടി നൽകാൻ പാടില്ല. മറിച്ച് നല്ല രീതിയിൽ അവനോട് സംസാരിക്കണം.

·> ലജ്ജയില്ലാത്ത അവസ്ഥയിലാണ് തോന്നിവാസങ്ങൾ സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ലജ്ജയില്ലാത്തവൻ എന്തും പറയുന്ന അവസ്ഥയായിരിക്കും.

> ജനങ്ങളിൽ ഏറ്റവും നല്ലവർ നല്ല സ്വഭാവമുള്ളവരാണെന്ന് റസൂൽ  g നമ്മെ അറിയിച്ചിരിക്കുന്നു. അത്തരത്തിൽ എല്ലാ നല്ല സ്വഭാവ ഗുണങ്ങളും ജീവിതത്തിൽ പകർത്താൻ നാം ശ്രദ്ധിക്കുക.

ഹദീസ് 30

ഹദീസ് : 30

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ جَرِيرٍ، قَالَ: كُنَّا جُلُوسًا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ نَظَرَ إِلَى القَمَرِ لَيْلَةَ البَدْرِ قَالَ: «إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا القَمَرَ، لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ، وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا»- البخاري ومسلم

ജരീർ (റ) പറഞ്ഞു: ഞങ്ങൾ റസൂൽ യുടെ അടുക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ റസൂൽ പൂർണ്ണചന്ദ്രനെ നോക്കി പറഞ്ഞു: നിശ്ചയം നിങ്ങൾ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ റബ്ബിനെ കാണും. അവനെ കാണുന്നതിൽ നിങ്ങൾക്ക് മങ്ങൽ ഉണ്ടാവുകയില്ല. ആയതിനാൽ സൂര്യോദയത്തിന് മുമ്പുള്ള ഒരു നമസ്‌കാരവും, സൂര്യാസ്തമയത്തിന് മുമ്പുള്ള ഒരു നമസ്‌കാരവും നിർവ്വഹിക്കുന്നതിന് (ചില തടസ്സങ്ങളാൽ) നിങ്ങൾ അതിജയിക്കപ്പെടാതെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ അവ ചെയ്യുക. (ബുഖാരി മുസ്‌ലിം)

വിവരണം

> വിശ്വാസികൾക്ക് അന്ത്യദിനത്തിൽ അല്ലാഹുവിനെ കാണാൻ സാധിക്കും. ഇത് അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ

إِلَىٰ رَبِّهَا نَاظِرَةٌ

ചില മുഖങ്ങൾ അന്ന് പ്രസന്നതയുള്ളതും ? അവയുടെ രക്ഷിതാവിന്റെ നേർക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ക്വിയാമ:22-23)

> പതിനാലാം രാവിൽ പൂർണ്ണ ചന്ദ്രനെ കാണുന്നത് പോലെ അന്ന് അല്ലാഹുവിനെ വ്യക്തമായി കാണാനാകും എന്നാണ് റസൂൽ g അറിയിച്ചിട്ടുള്ളത്.

> വിശ്വാസികൾ മാത്രമേ റബ്ബിനെ കാണുകയുള്ളൂ. അവിശ്വാസികൾക്ക് അതിന് സാധിക്കുകയില്ല. അല്ലാഹു പറയുന്നു:

كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ

അല്ല; തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (മുത്വഫ്ഫിഫീൻ:15)

> പരലോകത്ത് അല്ലാഹുവിനെ കാണൽ വലിയൊരു സമ്മാനമാണ്. അത് അതിനർഹമായ കർമങ്ങൾ ചെയ്തവർക്ക് മാത്രം ലഭിക്കുന്ന സവിശേഷ പദവിയാണ്.

> ഇതിന് നിബന്ധനയായി റസൂൽ g അറിയിച്ചത് വീഴ്ച കൂടാതെ ഫജ്ർ നമസ്‌കാരവും, അസ്വ്ർ നമസ്‌കാരവും കൃത്യമായി നിർവ്വഹിക്കുക എന്നതാണ്. 

فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഉറക്കം, തിരക്കുകൾ തുടങ്ങിയവ നിങ്ങളെ അതിജയിച്ച് ഇവ കൃത്യമായി ചെയ്യാൻ സാധിക്കാതെ വരരുത് എന്നാണ്. അങ്ങനെ നിങ്ങൾ അതിൽ പരാജയപ്പെടാതെ അവ നിർവ്വഹിക്കുന്നവരാകണം.

> ഈ രണ്ട് നമസ്‌കാരങ്ങൾ ഈ സന്ദർഭത്തിൽ പറയാൻ കാരണം ഇവക്ക് മറ്റു നമസ്‌കാരങ്ങളേക്കാൾ ശ്രേഷ്ടതയുണ്ട് എന്നതാണ്. അവ ഹദീസുകളിൽ വന്നിട്ടുണ്ട്. ഈ രണ്ട് നമസ്‌കാരങ്ങളും കൃത്യമായി നിർവ്വഹിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. കാരണം ഫജ്ർ ഉറക്ക സമയവും അസ്വ്ർ നമസ്‌കാര സമയം തിരക്കുകളുടെ സന്ദർഭവുമാണ്. ഇത്തരം കാരണങ്ങൾ നമ്മെ അതിജയിക്കാതെ നോക്കാൻ നമുക്കാവണം. ഓരോ കർമങ്ങളും ഭംഗിയായി നിർവ്വഹിച്ചാൽ അതിന്റെ പ്രതിഫലങ്ങൾ പരിപൂർണമായി ലഭിക്കാൻ കാരണമാകും.

> നാളെ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ..ആമീൻ

 

ഹദീസ് 28

ഹദീസ് : 28

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن جُنْدَب بْن عَبْدِ اللَّهِ قَالَ: قَالَ رَسُولُ اللَّهِ صلّى الله عليه وسلم: ” كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ، فَجَزِعَ، فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ تَعَالَى: بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الجَنَّةَ ”  – رواه البخاري

ജുൻദുബു ബ്‌നു അബ്ദില്ല (റ) നിവേദനം. റസൂൽ പറഞ്ഞു: നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരാൾക്ക് ഒരു മുറിവ് ഉണ്ടായിരുന്നു, അങ്ങനെ അയാൾ ക്ഷമ കാണിക്കാതെ ഒരു കത്തിയെടുത്ത് തന്റെ കൈ മുറിച്ചു, അങ്ങനെ രക്തം വാർന്ന് അദ്ദേഹം മരിച്ചു. അല്ലാഹു പറഞ്ഞു: എന്റെ അടിമ അവന്റെ ആത്മാവ് കൊണ്ട് എന്നെ മുൻ കടന്നിരിക്കുന്നു. ഞാൻ അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി).

വിവരണം

> മുൻകാല സമുദായത്തിലെ ഒരാളുടെ ചരിത്രമാണ് ഈ ഹദീസിൽ ഉള്ളത്. 

> അയാളുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടായിരുന്നു, അതിൽ അയാൾ വിഷമിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. അതിന്റെ അപകടകരമായ അനന്തരഫലം ഈ ഹദീസിൽ വിവരിക്കുന്നു.

> പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ക്ഷമിക്കുകയാണ് വേണ്ടത്, ക്ഷമകേട് കൊണ്ട് ചെയ്യുന്ന അരുതായ്മകൾ ഒന്നിനും പരിഹാരമല്ല. 

> ആത്മഹത്യ വലിയ കുറ്റകരമായ കാര്യമാണ്. ആത്മഹത്യ ചെയ്യുന്നവർക്ക് സ്വർഗ്ഗം നിഷിദ്ധമാണെന്ന് നബി  അറിയിക്കുന്നു. 

> ആരെങ്കിലും സ്വന്തം ആത്മാവിനെ ഏതെങ്കിലും നിലക്ക് വധിച്ചാൽ നരകത്തിൽ അങ്ങനെ തന്നെ അവൻ ശിക്ഷിക്കപ്പെടുന്നതാണ്. 

> മലയിൽ നിന്ന് ചാടിയോ, വിഷം കഴിച്ചോ, ആയുധം ഉപയോഗിച്ചോ ആരെങ്കിലും ആത്മഹത്യ ചെയ്താൽ അവർ അത് പോലെ നരകത്തിൽ ശാശ്വതമായി ചെയ്ത് കൊണ്ടിരിക്കേണ്ടി വരും എന്നും ഹദീസിൽ ഉണ്ട്.

> അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആരും നിരാശരാകരുത്. നിരാശരാകുന്നവർ യഥാർത്ഥ വിശ്വാസികളല്ല എന്ന് അല്ലാഹു പറയുന്നു:

يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ

അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീർച്ച. (യൂസുഫ്:87)

 

ഹദീസ് 27

ഹദീസ് : 27

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ، إِلَّا مَلَكَانِ يَنْزِلاَنِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا”- رواه البخاري ومسلم

അബൂഹുറൈറ (റ) നിവേദനം. നബി പറഞ്ഞു: അടിമകൾ പ്രഭാതത്തിലുണരുന്നതായ ഏതൊരു ദിവസത്തിലും രണ്ട് മലക്കുകൾ ഇറങ്ങും. അവരിൽ ഒരാൾ പറയും: അല്ലാഹുവേ ചിലവഴിക്കുന്നവന് നീ വീണ്ടും നൽകേണമേ... അടുത്തയാൾ പറയും: അല്ലാഹുവേ (ദാനം നൽകാതെ) തടഞ്ഞു വെക്കുന്നവന് നീ നാശം നൽകേണമേ.. (ബുഖാരി, മുസ്‌ലിം).

വിവരണം

> സമ്പത്ത് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസ് ആണിത്.

·> മനുഷ്യർ അറിയാതെ മനുഷ്യരെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും അല്ലഹു പ്രത്യേകം മലക്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

·> എല്ലാ ദിവസങ്ങളിലും ഇത്തരത്തിൽ മലക്കുകൾ ഭൂമിയിൽ ഇറങ്ങുന്നുണ്ട് എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.

·> ഒരാൾക്ക് സാമ്പത്തിക വിശാലത ഉണ്ടെങ്കിൽ അവൻ അവന്റെ സമ്പത്തിനെ നല്ല നിലക്ക് ചിലവഴിക്കണം. അവൻ പിശുക്ക് ഇല്ലാതെ ഔദാര്യം കാണിക്കുന്നവനാവണം.

·> നല്ല വഴിയിൽ സമ്പത്ത് ചിലവഴിക്കുന്നതിന് വലിയ ശ്രേഷ്ടത ഉണ്ടെന്ന് ഹദീസ് വ്യക്തമാക്കുന്നു. അവന്റെ സമ്പത്തിൽ വർദ്ധനവുണ്ടാകാൻ മലക്കകളുടെ പ്രാർത്ഥന എല്ലാ ദിവസവുമുണ്ടാകും. 

·> ക്വുദ്‌സിയ്യായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: ആദമിന്റെ മകനേ.. നീ ചിലവഴിക്കുക, നിനക്കായി ചിലവഴിക്കപ്പെടും.

· വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:

وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ

നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ. (സബഅ്: 39).

·> സ്വന്തം കുടുംബത്തിന് ചിലവഴിക്കുന്നതടക്കം എല്ലാ നല്ല ചിലവഴിക്കലും മലക്കുകളുടെ പ്രാർത്ഥനയുടെ പരിധിയിൽ പെടും. സമ്പത്തിൽ വളർച്ചയും വർദ്ധനവും ആഗ്രഹിക്കുന്നവർ സമ്പത്ത് നല്ല നിലയിൽ ചിലവഴിച്ച് കൊള്ളട്ടെ.

·> എന്നാൽ സമ്പത്ത് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്ക് സമ്പത്തിൽ നാശമുണ്ടാകട്ടെ എന്നും വേറൊരു മലക്ക് പ്രാർത്ഥിക്കും. അനന്തരം അവന്റെ സമ്പത്ത് നല്ല നിലയിൽ ഉപകരിക്കാതെ പാഴായിപ്പോകുന്ന അവസ്ഥ അവനുണ്ടാകും.

·> സമ്പത്ത് ചിലവഴിക്കുമ്പോൾ അതിൽ വർദ്ധനവ് ഉണ്ടാകുന്നതിന്റെ ഉപമ അല്ലാഹു പറയുന്നു:

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ

അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ് (2:261)

ഹദീസ് 26

ഹദീസ് : 26

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ»- البخاري

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം. നബി പറഞ്ഞു: സ്വർഗ്ഗം നിങ്ങളിൽ ഒരാളിലേക്ക് അവന്റെ ചെരുപ്പിന്റെ വാറിനേക്കാൾ ഏറ്റവും അടുത്തുള്ളതാണ്, നരകവും അങ്ങനെ തന്നെ- (ബുഖാരി).

വിവരണം

> ഈ ഹദീസിൽ تَرْغِيب ഉം تَرْهِيب ഉം ആണുള്ളത്. ആദ്യത്തെ വാചകത്തിൽ ആഗ്രഹമുണ്ടാക്കലും, രണ്ടാമത്തെ വാചകത്തിൽ ഭയപ്പെടുത്തലുമാണ്.

> സ്വർഗ്ഗവും നരകവും മനുഷ്യന്റെ ഏറ്റവും അടുത്താണുള്ളത്. അത് ചെരുപ്പിന്റെ വാറിനേക്കാൾ അടുത്താണെന്നാണ് നബി g പറഞ്ഞിരിക്കുന്നത്.

> നന്മകൾ വർധിപ്പിക്കലും, നിഷിദ്ധങ്ങൾ ഒഴിവാക്കലും സ്വർഗ്ഗ പ്രവേശനത്തിന് കാരണമാണ്. അത് അല്ലാഹു എളുപ്പമാക്കിയവർക്ക് നിസാരമായ കാര്യമാണ്. 

> എന്നാൽ മതപരമായ കാര്യങ്ങൾ കൃത്യമായി ചെയ്യാത്തവർക്ക് അത് വലിയ പ്രയാസവുമാണ്.

> തിൻമകളെ സൂക്ഷിക്കണം. ഏത് തിൻമ കാരണമാണ് നാം നരകത്തിൽ പതിക്കുക എന്ന് നമുക്കാർക്കുമറിയില്ല. നരകവും നമ്മോട് ഏറെ അടുത്ത് തന്നെയുണ്ട്. 

> സ്വർഗ്ഗ പ്രവേശനവും, നരക പ്രവേശനവും എളുപ്പത്തിൽ സംഭവിക്കുന്നതാണെന്ന് ഹദീസ് മനസ്സിലാക്കി തരുന്നു. സ്വർഗ്ഗത്തിന് വേണ്ടി പണിയെടുക്കുന്നവർ സ്വർഗ്ഗത്തിലും, നരകത്തിന് വേണ്ടി പണിയെടുക്കുന്നവർ നരകത്തിലും പതിക്കും. 

> അതിനാൽ സൽകർമങ്ങളെയൊന്നും ആരും നിസാരമാക്കരുത്. തിൻമകളേയും നിസാരമായി കണ്ട് ചെയ്ത് കൂട്ടുകയും അരുത്.

> സ്വർഗ്ഗപ്രവേശനത്തിന് കാരണമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും നരകപ്രവേശനത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യണം.

നരകം ഭീകരമാണ് 

> നരകത്തെ കുറിച്ച് അല്ലാഹു പറയുന്നു:

إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا

തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റികൊടുക്കുന്നതാണ്. അവർ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാൻ വേണ്ടിയാണത്. തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (നിസാഅ്:56)

സ്വർഗ്ഗം അനുഭൂതിയുടെ കേന്ദ്രമാണ്

അല്ലാഹു പറയുന്നു:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ

എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല. (സജദ:17)

ഹദീസ് 25

ഹദീസ് : 25

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ ابْنِ عَبَّاسٍ، قَالَ: لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ- صحيح البخاري

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: സ്ത്രീ വേഷം കെട്ടുന്ന പുരുഷൻ മാരെയും പുരുഷ വേഷം കെട്ടുന്ന സ്ത്രീകളേയും നബി ശപിച്ചിരിക്കുന്നു. (ബുഖാരി).

വിവരണം

> ഒരു മുസ്‌ലിമിന് സ്ത്രീകളോട് സാദൃശ്യപ്പെടാൻ പാടുള്ളതല്ല, മുസ്‌ലിം സ്ത്രീക്ക് പുരുഷനോടും സാദൃശ്യമാകാൻ പാടില്ല. വേഷത്തിലും സ്വഭാവത്തിലും, നടത്തത്തിലും, സംസാരത്തിലും ഒന്നും ഈ സാദൃശ്യപ്പെടൽ അനുവദനീയമല്ല. രണ്ട് വിഭാഗത്തിനേയും അല്ലാഹു പ്രത്യേകം പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. ആ വേർതിരിവ് മാനിച്ച് കൊണ്ട് ജീവിക്കൽ എല്ലാവർക്കം നിർബന്ധമാണ്. 

·> ഇങ്ങനെ സാദൃശ്യപ്പെടുന്ന പുരുഷനും സ്ത്രീക്കുമെതിരെ നബി ﷺ യുടെ ശാപ പ്രാർത്ഥന ഉണ്ട്.

·> ഇത്തരത്തിൽ സാദൃശ്യപ്പെടുന്നവരെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നബി ﷺ കൽപ്പിച്ചിട്ടുണ്ട്.

·> ഈ കാലത്ത് സ്ത്രീകളോട് സാദൃശ്യപ്പെടുന്ന ധാരാളം ചെറുപ്പക്കാരെ കാണാൻ സാധിക്കും, താടിയും മീശയും വടിച്ച് സ്ത്രീകളെപ്പോലെ മുടി വളർത്തി, സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങൾ വരെ ധരിക്കുന്നവർ. അവർ നബി ﷺ യുടെ ഈ ശാപ പ്രാർത്ഥനയെ സൂക്ഷിക്കണം.

·> സ്ത്രീകളാണ് ഈ സാദൃശ്യപ്പെടലിൽ ഏറ്റവും മുന്നിൽ. അവർ പുരഷൻമാരെ പോലെ പെരുമാറുകയും, സംസാരിക്കുകയും, പുരുഷൻമാരുടെ വേഷവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ പുരുഷ വസ്ത്രധാരണമായി അറിയപ്പെടുന്നവ സ്ത്രീകൾക്ക് യോജിച്ചതല്ല. അങ്ങനെ ചെയ്യുമ്പോൾ അവർ പുരുഷൻമാരോട് സാദൃശ്യപ്പെടുകയാണ് ചെയ്യുന്നത്. 

·> രക്ഷിതാക്കൾ കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

·> ഏറ്റവും നല്ല വിധമാണ് അല്ലാഹു ഓരോന്നിനേയും സൃഷ്ടിച്ചിട്ടുള്ളത്. ആണിനും പെണ്ണിനും പ്രത്യേകം പ്രകൃതങ്ങളും സ്വഭാവ വിശേഷണങ്ങളും അവൻ നൽകിയിട്ടുണ്ട്. അതിൽ മാറ്റങ്ങൾ വരുത്താൻ നമുക്ക് അധികാരമില്ല.

·> സ്ത്രീവേഷം ധരിക്കുന്ന പുരുഷനേയും പുരുഷ വേഷം ധരിക്കുന്ന സ്ത്രീയേയും റസൂൽ ﷺ ശപിച്ചിട്ടുണ്ട്. 

ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാൻ

1- മക്കളെ നല്ല രീതിയിൽ വളർത്തണം

2- ചെറുപ്പക്കാർക്ക് ആണത്തം എന്നത് അന്തസ്സാക്കി മനസ്സിലാക്കി കൊടുക്കണം. 

3- നല്ല മാതൃകകളായ നമ്മുടെ പൂർവ്വികരുടെ ജീവിത രീതികൾ പറഞ്ഞ് കൊടുക്കണം

4- ഇസ്‌ലാമിക പാഠങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കണം. മറ്റു ചിന്താധാരകൾ സ്വീകരിക്കേണ്ടതല്ലെന്ന ബോധം സമൂഹത്തിൽ വളർത്തണം. 

5- ഇസ്‌ലാമിക മൂല്യങ്ങളിൽ അന്തസ്സ് ഉണ്ടാക്കിയെടുക്കണം.

6- വ്യക്തി സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ വശങ്ങൾ കൃത്യമായി പഠിപ്പിക്കപ്പെടണം.

7- സമൂഹത്തിലെ തെറ്റായ ആചാരങ്ങളേയും, നാട്ടുനടപ്പുകളേയും കുറിച്ച് ബോധവാൻമാരാവണം.

8- സ്ത്രീയും പുരുഷനും പ്രത്യേകം പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ഓരോരുത്തരും ബോധവാൻമാരാകണം.

ഹദീസ് 24

ഹദീസ് : 24

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنْ عَبْدِ اللهِ، قَالَ: قَالَ لَنَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ- البخاري ومسلم

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് (റ) നിവേദനം. ഞങ്ങളോട് റസൂൽ പറഞ്ഞു: ഏ.. യുവ സമൂഹമേ.. നിങ്ങളിൽ വിവാഹത്തിന് ശേഷി എത്തിയവൻ വിവാഹം ചെയ്ത് കൊള്ളട്ടെ. നിശ്ചയം അത് കണ്ണിനെ ഏറെ താഴ്ത്തുന്നതും, ഗുഹ്യ സ്ഥാനത്തിന് ഏറ്റവും സംരക്ഷണം നൽകുന്നതും ആണ്. അതിന് സാധിക്കാത്തവൻ നോമ്പെടുക്കട്ടെ, നിശ്ചയം അത് അവന് (വൈകാരികതക്കുള്ള) ശമനമാണ്. (ബുഖാരി, മുസ്‌ലിം).

വിവരണം

> നികാഹ് പ്രബലമായ സുന്നത്താണ്. ഒരാളുടെ ജീവിതത്തിൽ നൻമകൾക്ക് കാരണമാകുന്ന കാര്യമാണത് എന്ന് ഹദീസ് വ്യക്തമാക്കുന്നു.

> വിവാഹം കഴിക്കൽ സുന്നത്താണെങ്കിലും ചില സന്ദർഭങ്ങളിൽ അത് നിർബന്ധമായിത്തീരും. വിവാഹം കഴിക്കാൻ സാധിക്കുകയും, വികാരം ഉള്ളവനായിരിക്കുകയും ആണെങ്കിൽ അവന് വിവാഹം കഴിക്കൽ നിർബന്ധമാണ്. എന്നാൽ അതിന് കഴിയാത്തവനും, വികാരമില്ലാത്തവനു മാണെങ്കിൽ അവന് ഇത് നിർബന്ധമില്ല.

> വിവാഹം കഴിക്കാൻ സാധിക്കുന്ന യുവാക്കൾ അത് പിന്തിപ്പിക്കരുത്. ജീവിതത്തിൽ ധാരാളം നൻമകളും ശ്രേഷ്ടതകളും കൈവരാൻ ഇത് കൊണ്ട് സാധ്യമാകും. 

> ഹറാമുകൾ നോക്കാതിരിക്കാനും, അവയെ തൊട്ട് ദൃഷ്ടികൾ താഴ്ത്താനും ഇടവരുത്തുന്ന ഉത്തമ മാർഗ്ഗമാണ് വിവാഹം.

> കാരണമില്ലാതെ വിവാഹം പിന്തിപ്പിക്കുന്നവരോട് പൂർവ്വികർ കാർക്കശ്യത്തോടെ സംസാരിച്ചിരുന്നു. ഉമർ h അബു സവാഇദിനോട് പറഞ്ഞു: നിന്നെ വിവാഹത്തിൽ നിന്ന് തടയുന്നത് ദുർബലതയോ അല്ലെങ്കിൽ തെമ്മാടിത്തമോ ആണ്. 

الباءة എന്നാൽ വിവാഹം കഴിക്കാനാവശ്യമായ ശാരീരിക കഴിവിനെയാണ് അറിയിക്കുന്നത്. അതോടൊപ്പം വിവാഹത്തിന് വേണ്ട ചിലവുകളും വഹിക്കാൻ സാധിക്കുക എന്നാണ്. 

> പഠനം തീരട്ടെ, വീടാവട്ടെ എന്നീ തുടങ്ങിയ കാരണങ്ങളൊന്നും വിവാഹം പിന്തിക്കാനുള്ള കാരണങ്ങളല്ല. 

> കല്യാണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ എന്നാണ് നബി g പറഞ്ഞിരിക്കുന്നത്. നോമ്പ് ചാരിത്ര്യത്തിന്റെ കാരണങ്ങളിൽ പെട്ടതാണ്. ഇത് കണ്ണിനെ താഴ്ത്താനും ഹറാമുകളിൽ നിന്ന് വിട്ടു നിൽക്കാനും മനുഷ്യനെ പ്രേരിപ്പിക്കും.

> കണ്ണിനെയും ഗുഹ്യസ്ഥാനത്തേയും സൂക്ഷിക്കൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലൂടെയാണ് മനുഷ്യ ജീവിതത്തിൽ ധാരാളം തിൻമകൾ കടന്നു വരുന്നത്. ആയതിനാൽ കണ്ണിനെ താഴ്ത്താനും, ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും അല്ലാഹു കൽപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. ? സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. (അന്നൂർ:30-31)

ഹദീസ് 23

ഹദീസ് : 23

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عَنِ ابْنِ عَبَّاسٍ، أَنَّ نَبِيَّ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ: لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ- رواه مسلم

ഇബ്‌നു അബ്ബാസ് (റ) നിവേദനം, വിപത്ത്/പ്രയാസം ഉണ്ടാകുമ്പോൾ
لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
എന്ന് നബി ﷺ പറയാറുണ്ടായിരുന്നു.

അർത്ഥം: മഹോന്നതനും, വിവേകശാലിയുമായ അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല, മഹത്തായ അർശിന്റെ റബ്ബ് ആയ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല, ആകാശങ്ങളുടേയും ഭൂമിയുടെയും മഹനീയമായ അർശിന്റേയും റബ്ബ് ആയ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല. (ബുഖാരി-മുസ്‌ലിം).

വിവരണം

> പ്രയാസങ്ങൾ വരുമ്പോൾ ചൊല്ലേണ്ട ദിക്ർ ആണ് ഹദീസിൽ ഉള്ളത്. നാം അത് പഠിക്കുകയും ചൊല്ലൽ പതിവാക്കുകയും ചെയ്യണം.

·> ഈ ദിക്ർ ഈമാനിന്റേയും, തൗഹീദിന്റേയും, ഉലൂഹിയ്യത്തിന്റേയും, റുബൂബിയ്യത്തിന്റേയും, അല്ലാഹുവിന്റെ നാമ വിശേഷണങ്ങളുടേയും പദങ്ങൾ കൊണ്ട് മഹത്തരമായതാണ്. വിപത്തുകൾക്കള്ള ചികിത്സക്ക് മതിയായ ദിക്ർ ആണെന്ന് ഇത് വ്യക്തമാക്കുന്നു.

·> മതപരവും ഭൗതികവുമായ വിപത്തുകൾ ഉണ്ടാകുമ്പോൾ ഈ ദിക്ർ പതിവാക്കണം.

·> ദുഃഖങ്ങളും, പ്രയാസങ്ങളും ഉണ്ടാകുമ്പോൾ ദിക്‌റുകളും, പ്രാർത്ഥനകളും ചൊല്ലൽ ഉത്തമമാണ്. വിപത്തുകൾ വരുമ്പോൾ അല്ലാഹുവിലേക്ക് പ്രാർത്ഥനകളുമായി അടുക്കൽ അനിവാര്യമായ കാര്യവുമാണ്

·> അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ വെച്ച് കൊണ്ട് പ്രാർത്ഥിക്കൽ പ്രാധാന്യമുള്ളതാണ്. 

·> പ്രാർത്ഥനയുടെ തുടക്കത്തിൽ അല്ലാഹുവിനെ പുകഴ്ത്തൽ നല്ലതാണ്. എത്രത്തോളം അല്ലാഹുവിനെ വാഴ്ത്തൽ അധികരിക്കുന്നുവോ അത്രത്തോളം ഉത്തരം കിട്ടാൻ സാധ്യത കൂടുതലാണ്.

·> ഒരു വിശ്വാസിക്ക് ദുൻയാവിൽ പരീക്ഷണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും, അവന്റെ ഈമാനിനുസരിച്ച് അവന്റെ ജീവിതത്തിൽ പരീക്ഷണങ്ങൾ കണ്ടുകൊണ്ടിരിക്കും. 

·> വിപത്തുകളും പരീക്ഷണങ്ങളും രോഗങ്ങളും മറ്റാൻ അല്ലാഹുവിനല്ലാതെ സാധ്യമാവുകയില്ല. അതിനാൽ വിപത്തുകൾ വരുമ്പോൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയാണ് വേണ്ടത്.

·> ജനങ്ങൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നബി ﷺ അനുയായികൾക്ക് പഠിപ്പിച്ച് കൊടുക്കുമായിരുന്നു എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം.

ഹദീസ് 22

ഹദീസ് : 22

ഹദീസ് പാഠം 2021 (ഹിജ്‌റ 1442 )

عن أَبي مَالِكٍ الْأَشْعَرِيُّ، سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: “لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ – صحيح البخاري

അബൂ മാലിക് അൽ അശ്അരി (റ) നബി പറയുന്നതായി കേട്ടു. വ്യഭിചാരവും, പട്ടും, മദ്യവും, വാദ്യോപകരണങ്ങളും അനുവദനീയമാക്കുന്ന ചില ആളുകൾ എന്റെ സമുദായത്തിൽ ഉണ്ടാവുക തന്നെ ചെയ്യും.- (ബുഖാരി)

വിവരണം

> ഈ കാലഘട്ടത്തിലെ വലിയ വിപത്തുകളിൽ പെട്ടതാണ് ഹറാമുകളെ ന്യയീകരിക്കുന്നവരുടെ ആധിക്യം. നബി ﷺ പ്രവചിച്ചതിനെ സത്യപ്പെടുത്തുന്ന വിധമാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത്. പ്രവാചകത്വത്തിന്റെ തെളിവുകളിൽ പെട്ട ഹദീസ് ആണിത്.

> ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കാണുമ്പോൾ കഴിവിന്റെ പരമാവധി അവയെ എതിർക്കാനും അവയിൽ നിന്ന് വിട്ടു നിൽക്കാനും വിശ്വാസികൾ പരിശ്രമിക്കണം.

> വ്യഭിചാരം, പട്ടുവസ്ത്രം, മദ്യം, വാദ്യോപകരണങ്ങൾ എന്നിവയാണ് അനുവദനീയമാക്കപ്പെടുന്ന കാര്യങ്ങളായി നബി g അറിയിച്ചത്. അവ അതേ പേരിലോ അല്ലെങ്കിൽ മറ്റു പേരകളിലോ ആയി അംഗീകരിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

> ഈ പറയപ്പെട്ട കാര്യങ്ങൾ ഹറാമാണ്. അതിനെ ഒന്നുകിൽ ചെയ്യുകയോ, അല്ലെങ്കിൽ അതിനെ അനുവദനീയമാക്കുകയോ ചെയ്യുന്നത് ഈ ഹദീസിന്റെ ആശയത്തിന്റെ പരിധിയിൽ പെടും. 

> പാശ്ചാത്യ സംസ്‌കാരത്തിനെ അനുകരിക്കുന്നതിലൂടെ ഇത്തരം നിഷിദ്ധങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. അതും നബി g പ്രവചിച്ച കാര്യമാണ്. മുൻകഴിഞ്ഞു പോയവരുടെ ചര്യകളെ നിങ്ങൾ പിന്തുടരുക തന്നെ ചെയ്യുമെന്ന് റസൂൽ g അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും വിശ്വാസി വ്യക്തമായ കാഴ്ച്ചപ്പാടുള്ളവനും ബുദ്ധിമാനുമായിരിക്കണം. 

വ്യഭിചാരം

> വ്യഭിചാരത്തിന്റെ എല്ലാ ഇനങ്ങളും നിഷിദ്ധമാണ്. الْحِر എന്നാൽ ഗുഹ്യസ്ഥാനം എന്നാണർത്ഥം. അതിനെ അനുവദനീയമാക്കുക എന്നാൽ വ്യഭിചാരത്തെ അനുവദനീയമാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ആളുകൾ അതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് ഹറാം തന്നെയായിരിക്കും.

> വ്യഭിചാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ:

 وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا

നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു. -ഇസ്‌റാഅ്: 32

പട്ടു വസ്ത്രം

> പുരുഷൻമാർക്ക് പട്ടു വസ്ത്രം ധരിക്കൽ അനുവദനീയമല്ല. അത് വലിയ പാപങ്ങളിൽ പെട്ടതാണ്. എന്നാൽ സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

മദ്യപാനം

> മദ്യപാനവും ഹറാമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധം തന്നെയാണ്. അതിനെ അനുവദനീയമാക്കൽ ഗുരുതരമായ പാപമാണ്.

വാദ്യോപകരണങ്ങൾ

المَعَازِف എന്നാൽ വാദ്യോപകരണങ്ങൾ എന്നാണർത്ഥം. ഈ കാലഘട്ടത്തിൽ ഇവ വ്യാപകമായിട്ടുണ്ട്. ഇത് വിവിധ രൂപത്തിൽ ഉപയോഗിക്കുന്ന അവസ്ഥയും വ്യാപിച്ചിരിക്കുന്നു. സംഗീതം (മ്യൂസിക്) ഇസ്‌ലാമിൽ നിഷിദ്ധമാണ്.

> വാദ്യോപകരണങ്ങളും അതിലൂടെയുണ്ടാകുന്ന ശബ്ദങ്ങളും ഒഴിവാക്കേണ്ടതാണ്. നൻമയിൽ നിന്ന് തടയാനും, ഹൃദയത്തെ മലിനമാക്കാനും മാത്രമേ അവ ഉപകരിക്കുകയുള്ളൂ. അത് ഒഴിവാക്കൽ അനിവാര്യമാണ്. അല്ലാഹു പറയുന്നു:

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ

‘യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദ വാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത് ‘. (ലുക്വ്മാൻ: 6).

അല്ലാഹു ഹറാം ആക്കിയതിനെ അനുവദനീയമാക്കുന്നവന്റെ വിധി:

> അല്ലാഹു ഹറാം ആക്കിയതിനെ ഹലാൽ ആക്കുകയോ, അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാം ആക്കുകയോ ചെയ്താൽ അവൻ സത്യനിഷേധിയാവുകയും,മതത്തിന് പുറത്താകുമെന്നും പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്. അത് കൊണ്ട് ഈ വിഷയങ്ങളിൽ നല്ല ശ്രദ്ധ പുലർത്തണം.