25: സ്വഭാവ വളര്‍ച്ച കുട്ടികളില്‍

25: സ്വഭാവ വളര്‍ച്ച കുട്ടികളില്‍

ആധുനിക തലമുറയെ കുറിച്ചുള്ള ആധികളില്‍ അധികവും അവരുടെ സ്വഭാവ വൈകല്യങ്ങളെപ്പറ്റിയാണെന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ച ചുറ്റുപാടിലും സ്വഭാവ വളര്‍ച്ചയുടെ തോത് താഴോട്ട് സഞ്ചരിക്കുന്നുവന്നത് എല്ലാ മുതിര്‍ന്നവരെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വഭാവ വളര്‍ച്ചയില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ അടുത്തറിയുകയും അവ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ശീലിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇവയെ പ്രതിരോധിക്കാനുള്ള അവലംബനീയ മാര്‍ഗം.

വിവേകവും ബുദ്ധിയും തിരിച്ചറിവും ഉണ്ടാകുന്നതിനനുസരിച്ച് ഒരു കുഞ്ഞ് സ്വീകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ട മര്യാദകളും ശ്രേഷ്ഠ ഗുണങ്ങളുമാണ് സ്വഭാവ വളര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ പല രക്ഷിതാക്കളും അധ്യാപകരും അറിയാതെ പോകുന്ന പ്രധാനമായ ഒരു ഭാഗമുണ്ട് ഇവിടെ. സല്‍സ്വഭാവവും ശ്രേഷ്ഠഗുണങ്ങളും അടിയുറച്ച ദൈവ വിശ്വാസത്തിന്റെ (ഈമാനിന്റെ)യും ശരിയായ മതബോധത്തിന്റെയും ഉല്‍പന്നമായി ഉണ്ടാകേണ്ടതാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അല്ലാഹുവിനെ അറിഞ്ഞും അവന്റെ നിരീക്ഷണത്തെക്കുറിച്ച ബോധ്യത്തിലും അവനെ അവലംബിച്ചും കൊണ്ടാണ് വളര്‍ന്നതെങ്കില്‍, അല്ലെങ്കില്‍ അവനെ വളര്‍ത്തിയതെങ്കില്‍, നല്ല സ്വഭാവ ഗുണങ്ങളോടും നിര്‍ദേശങ്ങളോടും ക്രിയാത്മകവും അനുകൂലവുമായ സ്വീകാര്യത ആ കുഞ്ഞില്‍ കാണാന്‍ കഴിയും; അല്ലാത്തവരില്‍ തിരിച്ചും. അല്ലാഹുവിനെ കുറിച്ചുള്ള അടിയുറച്ച അറിവും വിശാസവും തീര്‍ച്ചയായും അവന്റെ മനസ്സിന്റെയും  മോശമായതും മ്ലേച്ഛമായതുമായ കാര്യങ്ങളുടെയും ഇടയില്‍ ഒരു തടസ്സ മതില്‍ സൃഷ്ടിക്കാതിരിക്കില്ല. ഈ തലം അവഗണിച്ചുകൊണ്ട് നമുക്ക് സ്വഭാവ വളര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കഴിയില്ല. മതമാണ് സ്വാഭാവത്തിന്റെ സ്വീകാര്യതയും തിരസ്‌കാരവും തീരുമാനിക്കേണ്ട മര്‍മ ബിന്ദുവെന്നര്‍ഥം.

മതത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും പരലോകത്തെ വിജയം മുന്നില്‍ കണ്ടും ഓരോ സമയങ്ങളിലും നല്ല സ്വഭാവ ഗുണങ്ങളെ കുട്ടികളില്‍ നട്ടുവളര്‍ത്തുകയും ദുഃസ്വഭാവങ്ങളുടെ കളകളെ തത്സമയങ്ങളില്‍ നുള്ളിക്കളയുകയും ചെയ്യേണ്ട ബാധ്യത വീഴ്ച വരുത്താതെയും അവഗണിക്കാതെയും നിര്‍വഹിക്കുകയെന്നതാണ് ഇസ്‌ലാമിക പാരന്റിംഗിലെ പ്രധാനമായ ഒരു ഭാഗം. അതിന് ഏറ്റവും ഉത്തമ മായത് കുട്ടിക്കാലമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണ്. ഒരു മനുഷ്യന്റെ പ്രകടമായ വ്യക്തിത്വം അവന്‍/അവള്‍ തന്റെ ചുറ്റുപാടിനോട് പ്രകടിപ്പിക്കുന്ന സ്വഭാവമാണ്. നല്ലവനെന്നും ചീത്തയെന്നും വിലയിരുത്താന്‍ മനുഷ്യനവലംബവും സ്വഭാവ പ്രകടനങ്ങള്‍ തന്നെ. അതിനാല്‍ ഇസ്‌ലാം വളരെയേറെ പഠിപ്പിച്ച ജീവിത ഭാഗമാണ് സ്വഭാവ തലം. ജീവിക്കുന്ന സമൂഹത്തില്‍, ദൗത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചവരുടെ മുമ്പില്‍ കരളുറപ്പോടെ പിടിച്ചു നില്‍ക്കാന്‍ മുഹമ്മദ് നബി(സ്വ)യെ സഹായിച്ച ഘടകങ്ങളില്‍ പ്രധാനമായ ഒന്ന് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അല്ലാഹു പറയുന്നു: ”(നബിയേ) തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു” (ക്വുര്‍ആന്‍ 68:4).  നല്ലതിനെ നട്ടുവളര്‍ത്തുകയും തിയ്യതിനെ നുള്ളിക്കളയുകയും ചെയ്യുകയെന്ന രണ്ടു ദൗത്യങ്ങളെ ഒരേ സമയം ഒരുപോലെ നിര്‍വഹിക്കുന്നതിലൂടെയാണ് സ്വഭാവ വളര്‍ച്ച സാധ്യമാകുന്നത്. അവ  എന്തെല്ലാമാണന്നും എങ്ങനെയാണെന്നുമുള്ള പഠനമാണ് ഇതില്‍ നാം ഉദ്ദേശിക്കുന്നത്. 

മര്യാദകള്‍ ശീലിപ്പിക്കുക

പ്രകടമായ സ്വഭാവങ്ങളിലധികവും വിവിധ തലങ്ങളില്‍ മനുഷ്യന്‍ കാണിക്കേണ്ട മര്യാദകളുടെ സമാഹാരമാണ്. അവ അതാത് തലങ്ങളില്‍ ശീലിപ്പിക്കുകയാണ് പ്രഥമമായി രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

നബി(സ്വ) അംറുബ്‌നു സഈദുബ്‌നുല്‍ ആസ്വ്(റ)വില്‍ നിന്ന് മുര്‍സലായി ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞതായി കാണാം: ”ഒരു പിതാവ് മക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ ഏറ്റവും ഉത്തമ സമ്മാനം നല്ല മാര്യാദ ശീലിപ്പിക്കലാകുന്നു” (ബൈഹക്വി, തുഹ്ഫതുല്‍ അഹ്‌വദി).

‘നീ നിന്റെ മക്കള്‍ക്ക് മര്യാദകളെ അനന്തരമായി നല്‍കുന്നതാണ് സമ്പത്ത് അനന്തരമായി നല്‍കുന്നതിനെക്കാള്‍ ഉത്തമം, കാരണം നല്ല മര്യാദകള്‍ അവന്നു സമ്പത്ത് നേടിക്കൊടുക്കും, പ്രതാപം നല്‍കും, മറ്റ് സഹോദരമാരുടെ സ്‌നേഹവും ലഭിക്കും. ഇഹലോകത്തെയും പരലോകത്തെയും നന്മകളെ അത് ഒരുമിച്ചു കൂട്ടും’ എന്ന പണ്ഡിത വചനം ശ്രദ്ധേയമാണ്. 

ഇസ്‌ലാമിക മര്യാദകളെ ശീലിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ വരുത്തുന്ന വീഴ്ചയാണ് അവര്‍ അനുസരണക്കേടു കാണിക്കുന്നവരായി പരിണമിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. അതിനാല്‍ കുട്ടികളെ നാം ശീലിപ്പിക്കേണ്ട മര്യാദകളെ നബി(സ്വ)യുടെ അധ്യാപനങ്ങളിലൂടെ നമുക്ക് പഠിക്കാം.

ഒന്ന്, മാതാപിതാക്കളോടും ഗുരുനാഥന്മാരോടും: ഒരു കുട്ടി ജീവിതത്തില്‍ പ്രഥമമായി പെരുമാറിത്തുടങ്ങുന്ന സമൂഹത്തിന്റെ ആദ്യ യൂണിറ്റ് അവന്റെ മാതാപിതാക്കളാണ്. അവരെ അഭിസംബോധന ചെയ്യുന്നേടത്തുള്ള മര്യാദ നബി(സ്വ) പഠിപ്പിച്ചത് ഇമാം ത്വബ്‌റാനിയും ഇബ്‌നു ഹജറുല്‍ ഹൈതമിയും ആഇശ(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: അവര്‍ പറഞ്ഞു: ”ഒരിക്കല്‍ ഒരാള്‍ ഒരു വൃദ്ധനുമായി നബി(സ്വ)യുടെ അടുക്കല്‍ വന്നു. നബി(സ്വ) അയാളോട് ചോദിച്ചു: ‘ഇത് ആരാണ്?’ ‘എന്റെ പിതാവാണെ’ന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അദ്ദേഹത്തിന്റെ മുമ്പില്‍ നീ നടക്കരുത്. അദ്ദേഹത്തിനു മുമ്പേ നീ ഇരിക്കരുത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞു വിളിക്കരുത്.’

 ‘മക്കളും പഠിതാക്കളും പിതാവിന്റെയും അധ്യാപകന്റെയും പേര്(മാത്രം) വിളിക്കുന്നതിനെ നിരോധിക്കുന്ന അധ്യായം’ എന്ന പേരില്‍ ഇമാം നവവി അദ്ദേഹത്തിന്റെ ‘അല്‍ അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. മാതാപിതാക്കളോടുള്ള ഈ പ്രാഥമിക മര്യാദകള്‍ മക്കള്‍ക്ക് നാം പറഞ്ഞുകൊടുക്കുകയും അതേ രീതിയില്‍ അനുവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുകയും വേണം. മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്ന സൂറതുല്‍ ഇസ്‌റാഇലെ 23-ാം വചനത്തെ വിശദീകരിച്ചു കൊണ്ട് ഇമാം ക്വുര്‍ത്വുബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നു:അബുല്‍ ബദ്ദാഹ് അല്‍തുജിബി പറഞ്ഞു: ”ഞാന്‍ സഈദ്ബ്‌നു മുസ്വയ്യിബിനോട് ചോദിച്ചു: ‘മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്ന ക്വുര്‍ആനിലെ എല്ലാ പരാമര്‍ശങ്ങളും എനിക്കറിയാം. എന്നാല്‍ ‘നിങ്ങള്‍ അവരോടു മാന്യമായ വര്‍ത്തമാനം പറയുക'(കൗലന്‍ കരീമന്‍) എന്താണന്നു എനിക്ക് മനസ്സിലായില്ല.’ അപ്പോള്‍ ഇബ്‌നു മുസ്വയ്യബ് പറഞ്ഞു: ‘ഒരു കുറ്റവാളിയായ അടിമ പരുഷനായ യജമാനനോട് സംസാരിക്കുന്ന പോലെ (വിനയത്തോടെ) സംസാരിക്കുക എന്നാണ്.’ ഇമാം റാസി തന്റെ തഫ്‌സീറില്‍ ഉമര്‍(റ)വിന്റെ വിശദീകരണമായി കൊടുത്തത് ‘എന്റെ ഉപ്പാ,’ ‘എന്റെ ഉമ്മാ’ എന്നിങ്ങനെ വിളിക്കുക എന്നാണ്.

തന്റെ സുഹൃത്തുക്കളോടും മറ്റും പ്രതികരിക്കുന്നത് പോലെ പ്രതികരിക്കുകയും അവരെ വിളിക്കുന്നത് അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ തത്സമയം മാതാപിതാക്കള്‍ ഗുണകാംക്ഷയോടെ പരസ്പരം തിരുത്തണം. ഉപ്പയുടെ വിഷയത്തില്‍ ഉമ്മയും ഉമ്മയുടെ വിഷയത്തില്‍ ഉപ്പയും തിരുത്തുന്ന രീതി മക്കളില്‍ കൂടുതല്‍ മാറ്റം സൃഷ്ടിക്കും. ആവര്‍ത്തിക്കപ്പെടുന്ന പക്ഷം അല്‍പം പരുഷമായിത്തന്നെ തിരുത്തേണ്ടതാണ്. അത്തരം സാഹചര്യങ്ങളെ അവഗണിക്കുന്നത് മാതാപിതാക്കളുടെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും പിന്നീട് നിസ്സാരമായി കാണാനും തള്ളിക്കളയാനും മക്കള്‍ക്ക് പ്രചോദനമായേക്കും.  

അറിയുക മര്യാദകളും സ്വഭാവങ്ങളും കേവല പ്രകൃതി പരമായ ചോദനകള്‍ അല്ല, മറിച്ച് നാം പകര്‍ന്നു നല്‍കേണ്ട പാഠങ്ങളാണ്.

ഇത്‌പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗുരുനാഥന്മാരോടുള്ള പെരുമാറ്റ മര്യാദകളും. ഇമാം നവവി മുകളില്‍ ഉദ്ധരിച്ച തലക്കെട്ടിന്നു താഴെ മാതാപിതാക്കളുടെ പേര് വിളിക്കുന്നതിനെ നിരോധിക്കുന്ന ഹദീഥ് ഉദ്ധരിച്ചുകൊണ്ട് പറയുകയാണ്: ‘അതിനോട് തത്തുല്യമായി വരുന്നതാണ് പണ്ഡിതന്മാരോടും ഗുരുനാഥന്മാരോടും ഉള്ള പെരുമാറ്റ മര്യാദകള്‍. ചിലപ്പോള്‍ പണ്ഡിതന്മാരോട് അല്‍പം കൂടുതല്‍ മര്യാദ കാണിക്കേണ്ടി വരും. കാരണം അവര്‍ പ്രവാചകന്മാരുടെ അന്തരാവകാശികളാണല്ലോ. അവരോടു ബഹുമാനം കാണിക്കലും ശബ്ദം താഴ്ത്തി സംസാരിക്കലും അവര്‍ക്ക് വേണ്ട സേവനത്തിനു ധൃതി കാണിക്കലും സൗമ്യമായി വര്‍ത്തിക്കലും എല്ലാം കുട്ടികളെ നാം ശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.’ 

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

24: കുട്ടികളെ അഭിവാദ്യം ശീലിപ്പിക്കുക

24: കുട്ടികളെ അഭിവാദ്യം ശീലിപ്പിക്കുക

മക്കളുടെ സാമൂഹ്യവളർച്ചക്ക് നിദാനമാകുന്ന ചുവടുവയ്ക്കുകളെ കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹ്യ ഇടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് അഭിവാദ്യങ്ങൾ. ഇസ്ലാമിന്റെ അഭിവാദ്യം സലാം പറയലാണ്. കുട്ടികളോട് ആദ്യമാദ്യം നാം അങ്ങോട്ട് സലാം പറഞ്ഞ് അത് ശീലിപ്പിക്കണം. അങ്ങനെ അവരിൽ സലാം കൊണ്ടാണ് സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങേണ്ടതെന്ന ബോധം അടിയുറക്കാൻ തുടങ്ങും. പിന്നീട് സ്വാഭാവികമായും അവർ സലാം കൊണ്ട് തുടങ്ങും. മാത്രമല്ല പല കുട്ടികളും സമൂഹത്തിലെ വ്യത്യസ്ത നിലവാരത്തിൽ ഉള്ളവരുമായി ഇടപെടാനുള്ള മടിയുടെ അടിസ്ഥാന കാര്യങ്ങളിൽ ഒന്ന് “സ്റ്റാർട്ടിങ് പ്രോബ്ലം’ ആണ്. പ്രവേശിക ലഭിക്കാത്തതിനാൽ സംസാരിക്കാൻ മടിച്ചു പിന്മാറുന്ന പ്രവണത ധാരാളം കുട്ടികളിൽ ഉണ്ട്. അത് ഇല്ലായ്മ ചെയ്യാൻ ഈ ശീലം അവരെ സഹായിക്കും. കുട്ടികൾക്ക് അങ്ങോട്ട് സലാം പറയുന്ന രീതി നബിയുടെ ശീലമായിരുന്നു. കുട്ടികൾ വലിയവർക്കാണ് സലാം പറയേണ്ടതെന്ന മര്യാദയും നിയമവും പഠിപ്പിച്ച നബി കുട്ടികളിൽ ആ ശീലം വളരുവാൻ അവരെ കണ്ടാൽ സലാം പറഞ്ഞു തുടങ്ങാറുണ്ടായിരുന്നു. ഏതെങ്കിലും പ്രത്യേക സമയത്തെ ഒരു അസാധാരണ രീതി ആയിരുന്നില്ല കുട്ടികളോടുള്ള നബി യുടെ സലാം പറയൽ.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് അനസം വിനെ തിരഞ്ഞുവന്ന നബിക കുട്ടികൾക്കു സലാം ചൊല്ലി എന്ന ഹദീഥ് കഴിഞ്ഞ ലക്കത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നസാഈയുടെ മറ്റൊരു റിപ്പോർട്ടിൽ സാബിത്വിൽ നിന്നുള്ള ഹദീഥിൽ, നബി അൻസ്വാറുകളെ സന്ദർശിക്കാറുണ്ടായിരുന്നു എന്നും അവരുടെ കുട്ടികൾക്ക് സലാം ചൊല്ലുകയും അവരുടെ തലകളിൽ തടവുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നും കാണാൻ സാധിക്കും. മുതിർന്നവരെ കാണുമ്പോൾ സലാം ചൊല്ലാനും സംസാരമാരംഭിക്കാനുമുള്ള ധൈര്യവും സന്നദ്ധതയും ഇത് അവരിൽ വളർത്തുമെന്നതിൽ സംശയമില്ല. രോഗികളെ സന്ദർശിക്കാൻ പ്രേരിപ്പിക്കുക ഇസ്ലാം വളരെയേറെ പ്രോത്സാഹിപ്പിച്ച ഒന്നാണ് രോഗികളെ സന്ദർശിക്കൽ. രോഗികൾക്ക് ആശ്വാസവും സന്തോഷവും നൽകുന്ന ഒന്നാണ് അത് എന്ന് മാത്രമല്ല ബന്ധങ്ങളെ ഇണക്കിച്ചേർക്കാൻ സഹായകവുമാണ്. എന്നാൽ കുട്ടികൾ രോഗികളാണെന്നറിഞ്ഞാൽ നാം അവരെ സന്ദർശിക്കുന്നതിൽ അത്ര ഗൗരവം കാണാറില്ല. മുതിർന്നവരെയെന്ന പോലെ അവരെയും നാം സന്ദർശിക്കുകയാണങ്കിൽ അത് അവരിൽ സമാധാനവും സന്തോഷവും ഉണ്ടാക്കും എന്ന് മാത്രമല്ല, സാമൂഹ്യബോധം വളർത്തുകയും ചെയ്യും. അത് പരിഗണിക്കപ്പെടുന്ന “ഒരാളായി’ മാറിയതിന്റെ ഔന്നത്യ ബോധം അവരിൽ ഉണ്ടാക്കുകയും അവ തിരിച്ചു നൽകുന്ന ഒരു ശീലമായി അവർ സ്വീകരിക്കുകയും ചെയ്യും. അത് അവരെ സമൂഹവുമായി ബന്ധിപ്പിക്കും.

കുട്ടികളെ, പ്രത്യേകിച്ച് കൗമാരത്തിലേക്ക് കടന്നുവരുന്ന പ്രായത്തിലുള്ളവരെ സന്ദർശിക്കുന്നതിലൂടെ അവർക്ക് അവരുടെ വേദനക്കും വ്യഥക്കും ആശ്വാസം ലഭിക്കുന്നതോടൊപ്പം അവരിൽ നല്ലൊരു ശ്രദ്ധാലുവിനെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ധാർമികതയുടെയും ദൈവബോധത്തിന്റെയും ഉള്ളടക്കങ്ങൾ നൽകുന്നവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാത്തവരാകും ഈ പ്രായത്തിലുള്ള കുട്ടികളിൽ അധികവും. എന്നാൽ രോഗാവസ്ഥയിൽ നിങ്ങൾ അവരെ സന്ദർശിക്കുകയാണെങ്കിൽ അവർ നിങ്ങൾക്ക് ശാന്തമായതും ഏകാഗ്രത നിറഞ്ഞതുമായ മനസ്സ് സമർപ്പിക്കും. അനിവാര്യമായതും അത്യാവശ്യമായി തോന്നുന്നതുമായ ഉപദേശവും ദൈവസ്മരണ വളർത്തുന്ന ചെറിയ ചർച്ചകളും അവരുമായി നടത്താൻ അവസരം ലഭിക്കുകയും അവ അവരുടെ മനസ്സിൽ തട്ടുകയും ചെയ്യും. അവരുടെ മനസ്സിൽ വിശ്വാസം ഉറപ്പിക്കാനും സമർപ്പണ ബോധം വളർത്താനും ഗുണകരമായ മാറ്റം ജീവിതത്തിൽ ഉണ്ടാക്കാനും പറ്റിയ ഏറ്റവും നല്ല ഒരു സന്ദർഭമാണ് ഈ സന്ദർശനം.

അല്ലാഹുവിന്റെ തിരുദൂതർ ചെയ്തകാണിച്ച് ഉത്തമ മാതൃകയാണിത്. നബിക്ക് ജൂതനായ ഒരു കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. അവന് രോഗം പിടിപെട്ടു. നബി അവനെ (വീട്ടിൽ ചെന്ന്) സന്ദർശിച്ചു. അവന്റെ തലഭാഗത്ത് ഇരുന്നു. (സംസാരത്തിനിടയിൽ) നബി അവനോട് പറഞ്ഞു: “നീ സമാധാനത്തിന്റെ സന്ദേശത്തിന് സമർപ്പിതനാവുക.’ അവൻ തന്റെ അടുക്കൽ ഇരിക്കുന്ന പിതാവിനെ നോക്കി(അദേഹത്തിന്റെ അഭിപ്രായം തിരക്കുന്ന രീതിയിൽ). അപ്പോൾ അദ്ദേഹം പറഞ്ഞു: “മകനേ, നീ അബൂക്വാസിമിനെ (റസൂൽ) അനുസരിക്കുക.’ അങ്ങനെ ആ കുട്ടി പ്രലോഭനങ്ങളോ പ്രകോപനങ്ങളോ തൊട്ടുതീണ്ടാത്ത വിധം നബിയുടെ വിളിക്ക് ഉത്തരം നൽകി, സ്വന്തം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിമായി. (ബുഖാരി).

ഈ സംഭവം നമുക്ക് നൽകുന്ന ഒന്നിലധികം പാഠങ്ങളുണ്ട്; നബിയുടെ കൂടെ സദാ പരിചാരകനായി നടക്കുന്ന കുട്ടിയോട് നബി അവന്റെ വീട്ടിൽ വെച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്. തന്മൂലം “പ്ക്വതയും വകതിരിവുമില്ലാത്ത കുട്ടിയെ മുഹമ്മദ് പ്രലോഭിപ്പിച്ചു മതത്തിൽ കൂട്ടി’ എന്ന ശത്രുക്കളുടെ ആക്ഷേപത്തിന് അവസരം ലഭിച്ചില്ല. രണ്ടാമത്തേത് നാം മുകളിൽ സൂചിപ്പിച്ച രോഗശയ്യയിലെ ശ്രദ്ധയും ഏകാഗ്രതയും നിറഞ്ഞ നല്ല അവസരത്തെ നന്മയിലേക്കുള്ള പരിവർത്തനത്തിന് ഉപയോഗപ്പെടുത്തി എന്നതാണ്.

അല്ലാഹുവിന്റെ ദൂതർ കുട്ടികളിൽ ഒരു നന്മ നട്ടുപിടിപ്പിക്കാൻ പറ്റിയ ഏതൊരവസരവും ഉപയോഗപ്പെടുത്തി, അവരെ നന്മയിലേക്ക് കൈപിടിച്ച് നടന്നു. ഇതിന്റെ പേര് തന്നെയാണ് “പാരന്റിങ്.’ അത് മാതാപിതാക്കളുടെ മാത്രമല്ല, സമൂഹത്തിൽ മുന്നിൽ നടക്കുന്നവരുടെ ബാധ്യത കൂടിയാണ്. കച്ചവടം ശീലിപ്പിക്കുക ജീവിതത്തിന്റെ നിഖില മേഖലകളിലും മാർഗദർശനം നൽകുന്ന പ്രവാചകൻ കുട്ടികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വ്യക്തിത്വ വളർച്ചയിൽ പരിഗണന നൽകുന്നതാണ് നാം കാണുന്നത്. അവർ വളരുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങൾ അനുഭവിച്ചുവളരാനുള്ള എല്ലാ സാധ്യതകളെയും അവർക്കു മുമ്പിൽ തുറന്നു വെക്കുകയാണ് മനുഷ്യരുടെ മാർഗദർശിയായ റസൂൽ ചെയ്തത്. ജീവിതത്തിന്റെ ഗൗരവം പടിപടിയായി അവർ അനുഭവിച്ചറിയാൻ അവർക്ക് അവസരം ലഭിക്കുന്നതും സമയം ഉപകാരപ്പെടുത്തുന്നതുമായ എന്തിനെയും അല്ലാഹുവിന്റെ ദൂതർ പ്രോത്സാഹിപ്പിച്ചു.

കുട്ടികളുടെ കച്ചവടം അതിൽ ഒന്നാണ്. മുമ്പ് കാലത്ത് (ഒഴിവുകാല ട്യൂഷൻ സെന്ററുകളുടെ ആധിക്യം ഗ്രാമ- നഗരങ്ങളെ ഗ്രസിക്കുന്നതിനു മുമ്പ്) പ്രത്യേകിച്ചു ഗ്രാമങ്ങളിൽ കണ്ടുവന്നിരുന്ന ഒരു നല്ല കാഴ്ചയായിരുന്നു കുട്ടികളുടെ കച്ചവട പന്തലുകൾ. ഏതാനും ഭരണികളും അതിലെ അൽപം മധുര മിഠായികളും, അലക്കു സോപ്പുകളുമൊക്കെയായി ഇരിക്കുന്ന കുട്ടിക്കച്ചവടക്കാർ ഒഴിവു കാല കാഴ്ചകളിൽ ഒന്നായിരുന്നു. സത്യത്തിൽ സാമൂഹ്യ വളർച്ചയെ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ ഉണ്ട്. കുട്ടികൾ ഗൗരവമുള്ള കൊടുക്കൽ വാങ്ങലുകൾ ശീലിക്കുകയും അതിലൂടെ കൃത്യത, സത്യസന്ധത, അളവുംതൂക്കവും തുടങ്ങി തവക്കുൽ (അല്ലാഹുവിൽ ഭരമേൽപിക്കൽ) വരെ ശീലിക്കുകയും ജീവിക്കുന്ന സമൂഹത്തിന്റെ നടുക്കളത്തിലേക്ക് നടന്നടുക്കുവാൻ പരിശീലിക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടിക്കച്ചവടങ്ങൾ നബിയുടെ കാലത്തും നിലനിന്നിരുന്നു, നബി ഇത്തരം കുട്ടിക്കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് അനുഗ്രഹത്തിന്നായി പ്രാർഥിക്കുകയുമാണ് ചെയ്തത്. അംറുബ്നുൽ ഹുറൈസ്വിൽ നിന്ന് നിവേദനം. ഒരിക്കൽ നബി കച്ചവടം നടത്തുന്ന അബ്ദുല്ലാഹിബ്നു ജഅ്ഫറിന്റെ അടുത്തുകൂടെ നടന്നു പോയി. അദ്ദേഹം കുട്ടികൾ നടത്താറുള്ള കച്ചവടത്തിലായിരുന്നു. അന്നേരം നബി പ്രാർഥിച്ചു: “അല്ലാഹുവേ, അവന് അവന്റെ കച്ചവടത്തിൽ നീ അനുഗ്രഹം നൽകേണമേ’ (ശൗകാനി, ഹൈതമി).

ഇത് പോലെ കുട്ടികളെ കല്യാണ സദസ്സുകൾ, മരണം സംഭവിച്ച വീടുകൾ തുടങ്ങിയ ഇടങ്ങളിൽ കൊണ്ടുവരികയും മുതിർന്നവരും കുട്ടികളും ഇടകലർന്ന സദസ്സുകളിൽ സ്നേഹപൂർണവും ആദരവാർന്നതുമായ സംസാരങ്ങൾ ശ്രദ്ധിക്കുവാൻ അവസരം നൽകുകയും ചെയ്യൽ സാമൂഹ്യ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. അൻസ്വാറുകളിലെ സ്ത്രീകളും കുട്ടികളും കല്യാണ സദസ്സുകളിലേക്കു കടന്നു വരുന്നത് കണ്ട് പ്രവാചകൻ സന്തോഷം മൂലം എഴുന്നേറ്റു ചെല്ലുകയും അവരോടുള്ള ഇഷ്ടം ആവർത്തിച്ച പ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം ബുഖാരിയും ഇമാം അഹ്മദും റിപ്പോർട് ചെയ്യുന്ന ഹദീഥുകളിൽ കാണാം.

കൂടാതെ സ്വാലിഹുകളായ, ഇസ്ലാമിക ജീവിതചിട്ട മുറുകെപിടിക്കുന്ന അടുത്ത കുടുംബ വീടുകളിൽ രാപാർക്കാൻ കുട്ടികളെ അനുവദിക്കുന്നത് മറ്റുള്ളവരുടെ നല്ല ശീലങ്ങളെ അടുത്തറിയാനും മറ്റും സഹായിക്കും. നബിയുടെ ഭാര്യയായ മൈമൂനയുടെ വീട്ടിൽ രാപാർക്കാൻ പോയ അബ്ദുല്ലാഹിബ അബ്ബാസിന്റെ നബിയോടൊപ്പമുള്ള രാത്രി നമസ്കാരത്തിന്റെ അനുഭവ സ്മരണകൾ നാം മുമ്പ് സൂചിപ്പിച്ചതാണ്.

നമ്മുടെ വീട്ടിൽ ശീലമില്ലാത്ത പല നല്ല നടപ്പുകളും അത്തരം വീടുകളിൽ ഉണ്ടെങ്കിൽ അവ പരിചയപ്പെടാൻ ഒരവസരം കൂടിയാണത്. ഫജ്ർ നമസ്കാരത്തിന് പള്ളിയിലെത്തുന്ന പതിവ് തീരെയില്ലാത്ത ഒരു വീട്ടിലെ കുട്ടി, ആ പതിവുള്ള ഒരു കുടുംബ വീട്ടിൽ രാപാർക്കാൻ പോയാൽ അവിടുത്തെ കുടുംബ നാഥനോടൊപ്പവും മക്കളോടൊപ്പവും പള്ളിയിൽ പോയി സുബ്ഹി നമസ്കരിച്ചാലുള്ള അനുഭവം ഒന്നാലോചിച്ചു നോക്കൂ. കൂട്ടമായി ഇരുന്നു കുർആൻ വായിച്ചു ചർച്ച നടത്തുന്ന അപൂർവം ചില വീടുകളുണ്ട്. സമയം നിശ്ചയിച്ചു കുർആൻ മനഃപാഠമാക്കുന്ന ശീലം നിലനിർത്തുന്ന വീടുകളും നമുക്കിടയിൽ ഉണ്ട്. വീട്ടു തിരക്കുകൾക്ക് നടുവിലും പരീക്ഷാചൂടിൽ പോലും കുർആൻ ക്ലാസ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കാത്ത വീടുകളും ഇല്ലാതില്ല. ഇതൊന്നും കണ്ടും കേട്ടും ശീലമില്ലാത്ത വീട്ടിലെ കുട്ടികൾ ഇത്തരം വീടുകളിൽ രാപാർക്കാൻ പോകുന്നതിലൂടെ അവരുടെ മനോഗതി പല വിഷയത്തിലും മാറാൻ സാധ്യത ഉണ്ട്. പക്ഷേ, ഇത് വലിയ ജാഗത ആവശ്യമുള്ള മേഖലയാണ്. നല്ല നടപ്പും ശീലങ്ങളും നിലനിൽക്കുന്ന വീട്ടിൽ വളർന്ന കുട്ടികൾ, അതിലൊന്നും ഗൗരവം കാണാത്ത, ഊണിലും ഉറക്കിലും ആരാധനയിലും യാതൊരു കൃത്യനിഷ്ഠയും പാലിക്കാത്ത, സീനുകളിൽ എന്തും കണ്ടു രസിക്കുന്നതിൽ നിയന്ത്രണം ഇല്ലാത്ത വീടുകളിൽ രാപാർക്കാൻ പറഞ്ഞു വിടുന്നത് ഗുണത്തേക്കാളേറെദോഷം ചെയ്യും എന്നത് മറന്നു കൂടാത്തതാണ്.

വളർന്നുകൊണ്ടിരിക്കുന്ന മക്കൾക്ക് സമൂഹത്തിൽ ഇടം നൽകുന്നതിലൂടെ മാത്രമെ സാമൂഹ്യ വളർച്ച അവരിൽ സാധ്യമാവുകയുള്ളൂ എന്ന് ചുരുക്കം. അതാണ് നബി ജീവിതം നമ്മെ പഠിപ്പിക്കുന്നതും.

(തുടരും)

 
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

23: ദൗത്യ നിർവഹണത്തിൽ പങ്കാളിത്തം നൽകുക

23: ദൗത്യ നിർവഹണത്തിൽ പങ്കാളിത്തം നൽകുക

ജീവിതത്തിൽ കുട്ടികൾക്ക് ദൗത്യനിർവഹണത്തിനും സേവന സമർപ്പണത്തിനും പങ്കാളിത്തം നൽകുന്നതിലൂടെ അവരുടെ സാമൂഹ്യമായ വളർച്ചയും ഉയർച്ചയും ഉറപ്പ് വരുത്താൻ രക്ഷിതാക്കൾക്ക് കഴിയും. തങ്ങൾ സമൂഹത്തിൽ കേവലം കാഴ്ചക്കാരല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗധേയം നിർവഹിക്കുന്നതിൽ പങ്കാളികളാണെന്ന ബോധം അവരെ മാനസികമായി വളർത്തുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ കുട്ടികൾ വളർന്നു വരുന്നതോടൊപ്പം അവരെ ജോലികളിൽ പങ്കാളികളാക്കുകയും ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു കൊടുക്കുകയും ചെയ്യുന്നത് നല്ലതാണ്. അതുമൂലം അവർ സമൂഹത്തെ അടുത്തറിയുകയും ക്രിയാത്മകമായി പ്രതികരിക്കാൻ സ്വയം പാകപ്പെട്ടു വരികയും ചെയ്യും.

കൗമാര പ്രായമെത്തിയിട്ടും മക്കളെ ചെറിയ ഉത്തരവാദിത്തങ്ങൾ പോലും ഏൽപിക്കുന്നതിലും ദൗത്യങ്ങളിൽ പങ്കാളികളാക്കുന്നത്തിലും അമാന്തിച്ചു നിൽക്കുന്നവരാണ് പുതിയ തലമുറയുടെ രക്ഷിതാക്കൾ. അവർക്കു പഠിക്കാനുണ്ട്, കുട്ടികളാണ് തുടങ്ങിയ ന്യായങ്ങൾ നിരത്തി കുട്ടികളെ കേവല പഠനോപകരണം മാത്രമായി മൂലക്കിരുത്തുന്ന രക്ഷിതാക്കൾ സത്യത്തിൽ കുട്ടികളുടെ സാമൂഹ്യ വളർച്ചയെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അവർക്ക് ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു കൊടുക്കുകയും ദൗത്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്യുമ്പോൾ അവരിൽ അത് ആവേശമുണ്ടാക്കുന്നതോടൊപ്പം ജീവിതത്തിന്റെ സാമൂഹ്യ പാഠങ്ങൾ മനസ്സിലാക്കാനും അവർക്കു സാധിക്കും. മാന്യമായി ചോദിക്കുക, ക്ഷമയോടെ കാത്തിരിക്കുക, ഏൽപിക്കപ്പെട്ട പണമോ വസ്തുവോ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കുക, ക്രയവിക്രയങ്ങളിൽ സാധനങ്ങളും പണവും എണ്ണി തിട്ടപ്പെടുത്തുകയും വീട്ടിൽ കണക്ക് ബോധിപ്പിക്കുകയും ചെയ്യുക തുടങ്ങി ധാരാളം കാര്യങ്ങൾ അവർ അതിലൂടെ പഠിക്കുകയും ശീലിക്കുകയും ചെയ്യും. ഇവിടെ നബിയുടെ ശ്രദ്ധയും മാതൃകയും കുടുംബങ്ങൾക്ക് അതുല്യമായ വഴികാട്ടിയാണ്. നബി കുട്ടികളെ തന്റെ പല കാര്യങ്ങൾക്കും നിയോഗിക്കുമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു സംഭവം കാണുക: നബിയുടെ കുട്ടിയായ പരിചാരകൻ അനസ് പറയുകയാണ്. ഒരു ദിവസം ഞാൻ നബിക്കുള്ള ജോലികളെല്ലാം തീർത്തുവെക്കുകയും ഇനി ഒന്നും ബാക്കിയില്ലെന്ന് മനസ്സിലാക്കുകയും പ്രവാചകൻ ഉച്ചയുറക്കിന്നു പോവുകയും ചെയ്തപ്പോൾ ഞാൻ മറ്റുകുട്ടികളോടൊപ്പം ചേർന്ന് കളിക്കാൻ അവരുടെ കളിസ്ഥലത്തേക്ക് പോയി. ഞാൻ അവരുടെ കളി കണ്ടുകൊണ്ടിരിക്കുമ്പോൾ നബി അങ്ങോട്ട് കടന്നു വന്നു. എന്നിട്ട് കുട്ടികൾക്കെല്ലാം സലാം പറഞ്ഞു. പിന്നെ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിച്ചു വരുത്തി ഒരു ആവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാൻ തിരിച്ചു വരുന്നത് വരെ നബി അവിടെത്തന്നെ ഇരുന്നു. ഇതിനിടയിൽ എന്റെ ഉമ്മ മറ്റൊരു കാര്യത്തിന് എന്നെ ഏൽപിച്ചിരുന്നു. കളിസ്ഥലത്ത് പോകലും നബിയുടെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ പോയതും കാരണം തിരിച്ചു വീട്ടിലെത്താൻ വൈകി. ഉമ്മ കാരണം തിരക്കിയപ്പോൾ ഞാൻ നബിയുടെ ഒരു കാര്യ സാധ്യത്തിന്നു പോയതിനാലാണന്ന് അവരെ അറിയിച്ചു. അതെന്താണെന്നു ഉമ്മ എന്നോട് ചോദിച്ചപ്പോൾ, അതു പറയാൻ പറ്റില്ലെന്നും നബിയുടെ രഹസ്യം ആരോടും ഞാൻ പറയില്ലെന്നും അനസ് മറുപടി കൊടുത്തു. അങ്ങനെ തന്നെ ആവണം എന്ന് പറഞ്ഞു ആ ഉമ്മ മകനെ പോത്സാഹിപ്പിച്ചു…” (അഹ്മദ്, ബുഖാരി, മുസ്ലിം).

ഇവിടെ ശ്രദ്ധേയമായത് നബി കുട്ടിയെ കാര്യമായ ഏതോ ഒരു ദൗത്യത്തിന്നു നിയോഗിച്ചു എന്നത് മാത്രമല്ല, സ്വന്തം ഉമ്മയോട് പോലും അത് പറയാതെ സൂക്ഷിക്കാൻ മാത്രം ആ കുട്ടിയിൽ പക്വതയും പാകതയും ഉണ്ടായി എന്നതാണ്. അതിനു കാരണം നബിയുടെ സമീപനരീതി മൂലം അനസിൽ ഉണ്ടായ സാമൂഹ്യ വളർച്ചയാണ്.

സ്വന്തം വീട്ടിൽ സാധ്യമായ എല്ലാ കാര്യത്തിലും അവർക്ക് പങ്കാളിത്തം ഉണ്ടാവുകയും ഉണ്ടാക്കുകയും വേണം. തീൻമേശയിൽ ഭക്ഷണം കൊണ്ടുവെക്കുന്നതിലും മേശ വൃത്തിയാക്കുന്നതിലും വസ്ത്രങ്ങളും മറ്റും അടുക്കി വെക്കുന്നതിലും പൂന്തോട്ടം പരിപാലിക്കുന്നതിലും വാഹനം കഴുകി വൃത്തിയാക്കുന്നതിലുമെല്ലാം മക്കൾക്ക് പങ്കാളിത്തം നൽകണം. അതിലൂടെ അവർ സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള പ്രാഥമിക പരിശീലനം നേടിക്കൊണ്ടിരിക്കും.

ഇമാം നസാഈ അനസ്ം വിൽ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ ഇപ്രകാരം കാണാം: അദ്ദേഹം പറയുകയാണ്. നബി പറഞ്ഞു: “അനസ്, ഞാൻ ഇന്ന് നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നു. നീ എനിക്ക് കഴിക്കാൻ വല്ലതും കൊണ്ട് വാ.’ ഞാൻ അദ്ദേഹത്തിന് കുറച്ചു കാരക്കയും ഒരു പാത്രത്തിൽ വെള്ളവും കൊണ്ട് വന്നു കൊടുത്തു. അത് ബിലാലിന്റെ ബാങ്കിന് (ഒന്നാം ബാങ്ക്) ശേഷമായിരുന്നു.

അദ്ദേഹം പറഞ്ഞു: “അനസ്, എന്നോടൊപ്പം അത്താഴം കഴിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കൂ.’ അങ്ങനെ ഞാൻ സൈദ് ബ്നു ഥാബിത്തിനെ കൂട്ടിവന്നു. അദ്ദേഹം പറഞ്ഞു: “എനിക്ക് സൂപ്പ് മതി. ഞാൻ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’ അപ്പോൾ നബി പറഞ്ഞു: “ഞാനും നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’ അങ്ങനെ അവർ ഇരുപേരും ഒന്നിച്ചു അത്താഴം കഴിച്ചു. ശേഷം രണ്ടു റക്അത്ത് നമസ്കരിച്ചു പിന്നീട് പള്ളിയിലേക്ക് പോയി.”

ഇതാണ് നബിയുടെ വീട്ടിലെ കുട്ടികളുടെ സാമൂഹ്യ പങ്കാളിത്ത പരിശീലനം. നമ്മളോ, പഠനത്തിൽമാത്രം അവരെ തളച്ചിടുന്നു. ഒഴിവുസമയം ഗെയിമുകളിൽ അവർ സമയം കളയുകയും ചെയ്യുന്നു. ഒഴിവു സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ നമ്മുടെ സഹായവും മാർഗദർശനവും അവർക്ക് വേണം. അപ്പോൾ മാത്രമെ “വളർത്തൽ’ സംഭവിക്കുകയുള്ളൂ. മറിച്ച് അവരാണ് അവരുടെ അജണ്ട വരച്ചുണ്ടാക്കുന്നതെങ്കിൽ അതിനെ “വളരൽ” എന്നേ പറയാനൊക്കൂ. അത് നമ്മുടെ സ്വപ്നത്തിലും ചിന്തയിലും ഉള്ള പോലെ ആകണമെന്നില്ല.

നബി കാണിച്ചുതന്ന പ്രകാരം നമ്മളും നമ്മുടെ മക്കൾക്ക് സമൂഹത്തിൽ ഇടപെടാനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും വീട്ടിലും നാട്ടിലും അവസരം സൃഷ്ടിക്കുകയാണെങ്കിൽ അവർ നേതൃ ഗുണമുള്ള ഉത്തമ പൗരന്മാരായി വളർന്നു വരികയും ഭയലേശമന്യ ജീവിത സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യും. അത്തരം മക്കൾ രക്ഷിതാക്കൾക്ക് കൺകുളിർമ നൽകുമെന്നതിൽ സംശയമില്ല. കാരുണ്യവാന്റെ ദാസന്മാരുടെ ഗുണങ്ങളിൽ ഒന്ന് അവരുടെ ഇങ്ങനെയുള്ള മക്കൾക്കായുള്ള പ്രാർഥനയാണ്: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ’

(കുർആൻ 2574). (തുടരും)

 
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

22: സാമൂഹ്യ വളർച്ച കുട്ടികളിൽ

22: സാമൂഹ്യ വളർച്ച കുട്ടികളിൽ

മനുഷ്യന്റെ പ്രത്യേകതകളിൽ ഒന്നാണ് അവൻ ഒരു സാമൂഹ്യജീവിയാണെന്നത്. അതിനാൽ തന്നെ അനിവാര്യമായും കുട്ടികളിൽ ഉണ്ടാകേണ്ട ഒന്നാണ് അവരുടെ സാമൂഹ്യവളർച്ച എന്നത്. ജീവിക്കുന്ന സമൂഹത്തിന്റെ നടുവിൽ സന്തുലിതമായും ക്രിയാത്മകമായും നിലനിൽക്കാനുള്ള പക്വതയും പാകതയും നേടുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. തന്റെ ചുറ്റുപാടിനോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥ കുട്ടികളുടെ വളർച്ചയോടൊപ്പം ലഭ്യമാകേണ്ടതാണ്. മറ്റുള്ളവരിൽ നിന്ന് മുഖം തിരിക്കാതെയും ഉൾവലിയാതെയും ഭയപ്പെടാതെയും മാന്യതയോടും ആദരവോടും കൂടി ഇടപഴകുവാൻ കഴിയേണ്ടതുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറകളിൽ നിന്ന് ഇവ മക്കൾക്ക് പകർന്നു നൽകേണ്ടതുണ്ട്.

ഇന്നത്തെ അണുകുടുംബ പശ്ചാത്തലത്തിൽ ധാരാളം കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുറ്റുപാടുകളോട് പ്രതികരിക്കാൻ ശേഷിയോ അതല്ലെങ്കിൽ താൽപര്യമോ ഇല്ലാത്ത മക്കൾ. തങ്ങളുടെ പഠന മുറികളിൽ പാഠപുസ്തകങ്ങളോട് മാത്രം ഇണങ്ങി നിന്നോ, ഇലക്ട്രോണിക് മാധ്യമങ്ങളിൽ തലപൂഴ്ത്തിക്കിടന്നോ തങ്ങളുടേത് മാത്രമായ നിശ്ശബ്ദ ഏകാന്തതകളിലേക്ക് ഒതുങ്ങിക്കൂടുന്ന കൗമാരക്കാർ.

കൗമാരം വിട്ടുകടന്നാൽ പോലും ഈ ഏകാന്ത പരിസരത്തിൽ നിന്ന് പുറത്തു കടക്കാൻ മടി കാണിക്കുന്ന “പുര നിറഞ്ഞു നിൽക്കുന്ന” നവയൗവനത്തെ ഇന്ന് ഒരു വിധം വീടുകളിലെല്ലാം കാണാൻ സാധിക്കും. സ്വന്തം വീട്ടിൽ കുടുംബത്തിൽ പെട്ട ഒരു അതിഥി വന്നാൽ പോലും മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി വരാത്ത കുട്ടികൾ ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. അവരെപ്പറ്റി ചോദിച്ചാൽ, ആളുകളെ അഭിമുഖീകരിക്കാൻ മടിയാണെന്നും ലജ്ജയാണെന്നും ഒക്കെ മറുപടി കിട്ടും.

ഇസ്ലാമിന്റെ പ്രഥമ തലമുറ എങ്ങനെയാണ് സാമൂഹ്യ വളർച്ച സാധ്യമാക്കിയതന്ന് അറിയുമ്പോഴാണ് മാതൃകാ വ്യക്തിത്വങ്ങളും നേതാക്കളുമായി അവർ വളർന്നുവന്നതിൽ ഒരു യാദൃച്ഛികതയും നമുക്ക്ക് തോന്നാതിരിക്കുക. ചില ഉദാഹരണങ്ങൾ കാണുക:

1. മുതിർന്നവരുടെ സദസ്സുകളിൽ കൂടെ കൂട്ടുക സ്വഹാബികളുടെ കാലത്ത് കുട്ടികൾ നബിയുടെ സദസ്സുകളിൽ വന്നിരിക്കുകയും അവരുടെ പിതാക്കന്മാർ അവരെ അതിനായി കൊണ്ട് വരികയും ചെയ്തിരുന്നു.

അബ്ദുല്ലാഹ് ഇബ്നു ഉമർഷം തന്റെ കുട്ടിക്കാലത്തെ ഒരു നബിസദസ്സിന്റെ അനുഭവം വിവരിച്ചുകൊണ്ട് പറയുന്നു: നബി ചോദിച്ചു: “ഒരു മുസ്ലിമിന്റെ ഉപമ പറയാൻ പറ്റുന്ന ഒരു മരം ഉണ്ട്. അല്ലാഹുവിന്റെ അനുമതി പ്രകാരം അത് സദാ ഫലം നൽകിക്കൊണ്ടിരിക്കും. ഇലകൾ പൊഴിഞ്ഞു പോകില്ല. ഏതാണത്?” അപ്പോൾ എന്റെ മനസ്സിൽ അത് കാരക്ക മരമായിരിക്കുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, അബൂബക്കർ, ഉമർ എന്നിവരൊക്കെയുള്ള സദസ്സിൽ അവർ മിണ്ടാതിരിക്കുമ്പോൾ ഞാൻ സംസാരിക്കുന്നത് അനൗചിത്യമാകുമെന്നു കരുതി ഞാൻ (ഉത്തരം പറയുന്നത്) വെറുത്തു. (ആരും ഉത്തരം പറയാതിരുന്നപ്പോൾ) നബി പറഞ്ഞു: “അത് കാരക്ക മരമാണ്. അങ്ങനെ ഞാൻ പിതാവിന്റെ കൂടെ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: “പിതാവേ, അത് കാരക്ക മരമാണെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു.” അപ്പോൾ പിതാവ് ഉമർ ചോദിച്ചു: “എന്ത് കൊണ്ട് നീ അത് പറഞ്ഞില്ല? നീ പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് അത് ഇന്നയിന്നതിനെക്കാളും ഇഷ്ടമാകുമായിരുന്നു.” അപ്പോൾ അബ്ദുല്ലാം പറഞ്ഞു: “ഉപ്പാ, താങ്കളും അബൂബക്കറും ഒന്നും സംസാരിക്കാത്തതിനാൽ എനിക്ക് മടിയായി.” (ബുഖാരി, മുസ്ലിം). മറ്റൊരു റിപ്പോർട്ടിൽ “ഞാൻ അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയവൻ ആണല്ലോ, അതിനാൽ ഞാൻ മൗനം പാലിച്ചു’ എന്നാണുള്ളത്.

നബി ഉപദേശങ്ങൾ നടത്തുന്ന സദസ്സിൽ കുട്ടിയായ അബ്ദുല്ല പിതാവിനോടപ്പം പങ്കടുത്തിരുന്നു എന്നതാണ് ഇതിൽ നിന്ന് നമുക്കുള്ള പാഠം. നമ്മൾ അധികവും കുട്ടികളെ വീട്ടിൽ ഇരുത്തിയാണ് ക്ലാസ്സുകളിലും സദസ്സുകളിലും പങ്കടുക്കുന്നത്. അതിനാൽ തന്നെ സാമൂഹ്യ ഇടങ്ങൾ അവർക്ക് കണ്ടറിയാനും കൊണ്ടറിയാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നില്ല.

ഇത്തരം സദസ്സുകളിൽ സാധ്യമാകുന്ന സന്ദർഭങ്ങളിൽ അവരെ കൂടി പങ്കാളികളാക്കുമ്പോൾ ധാരാളം കാര്യങ്ങൾ അവർ കണ്ടും അനുഭവിച്ചും മനസ്സിലാക്കും. അവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അവരുടെ പോരായ്മകൾ രക്ഷിതാക്കൾക്ക് തിരിച്ചറിയാനും അനുയോജ്യമായ രീതിയിൽ തിരുത്താനും അവസരം ലഭിക്കും. അത് അവരെ അതിനെക്കാൾ ഉയർന്ന സദസ്സുകളിൽ പക്വമായ സ്വഭാവം പ്രകടിപ്പിക്കാൻ സഹായിക്കും. ചോദ്യങ്ങൾ സ്വീകരിക്കാനും മറുപടികൾ തിരിച്ചു കൊടുക്കാനും ധര്യവും പരിശീലനവും കിട്ടും. സംസാര വൈഭവത്തിന്നും മനസ്സിനെ ശുദ്ധീകരിക്കാനും മുതിർന്നവരുടെ സംസാരങ്ങൾ പതിയെ മനസ്സിലാക്കി എടുക്കാനുമൊക്കെ ഇത്തരം പങ്കാളിത്തം കൊണ്ട് സാധിക്കും. കൂടുതൽ ബുദ്ധിയും ഗ്രാഹ്യശക്തിയും ഉള്ള കുട്ടികൾ സമൂഹത്തിൽ കൂടുതൽ വെളിപ്പെട്ടു വരികയും ശദ്ധിക്കപ്പെടുകയും ചെയ്യാനും ഇത്തരം പങ്കാളിത്തം വഴിവെക്കും. വളരെ ചെറു പ്രായക്കാരനായ അബ്ദുല്ലാഹ് ഇബ്നു അബ്ബാസിന്റെ അവസ്ഥ ഇതിനു ഉദാഹരണമാണ്. 

അദ്ദേഹം പറയുകയാണ്: “ഉമർ ബ ിൽ പങ്കെടുത്ത മുതിർന്നവരുടെ സദസ്സിൽ എന്നെ പ്രവേശിപ്പിക്കുമായിരുന്നു. ഒരിക്കൽ അബ്ദുർറഹ്മാൻ ഇബ്നു ഔഫ്രം അദ്ദേഹത്തോട് ചോദിച്ചു: “ഉമർ, താങ്കൾ എന്തിനാണ് ഈ യുവാവിനെ നമ്മുടെ കൂടെ പ്രവേശനാനുമതി നൽകുന്നത്. ഞങ്ങൾക്കും അവനെ പോലുള്ള മക്കളുണ്ടല്ലോ?” ഇബ്നു അബ്ബാസ് തുടർന്നു: “ഉമറ) അവർക്കത് ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു ദിവസം അവരെ ഉമർ വിളിച്ചുവരുത്തി, എന്നെയും വിളിച്ചു. എന്നെ അവർക്ക് മുമ്പിൽ കാണിച്ചു കൊടുക്കാൻ തന്നെയാണ് വിളിച്ചുവരുത്തിയത് എന്നെനിക്ക് തോന്നിയിരുന്നു. സൂറതുൽ ഫത്ഹ് പാരായണം ചെയ്തിട്ട് ഉമർ (സദസ്സിനോടായി) ചോദിച്ചു: “ഈ അധ്യായത്തിൽ നിന്ന് എന്താണ് (എന്ത് പാഠമാണ്) നിങ്ങൾക്ക് തോന്നുന്നത്?’ അവരിൽ ചിലർ പറഞ്ഞു: “അല്ലാഹു നമ്മോട് അവനെ സ്തുതിക്കാനും വിജയവും സഹായവും ഉണ്ടായാൽ അവനോടു പാപമോചനം തേടാനുമോക്കെയാണ് ഈ അധ്യായത്തിലൂടെ ആവശ്യപ്പെടുന്നത്.’ ചിലർ ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ മൗനം പാലിച്ചിരുന്നു. ശേഷം ഉമർ എന്നോട് ചോദിച്ചു: “ഇബ്നു അബ്ബാസ്, നീയും ഇപ്രകാരമാണോ മനസ്സിലാക്കുന്നത്?’ ഞാൻ പറഞ്ഞു: “അല്ല.’ “അപ്പോൾ നീ എന്താണ് പറയുന്നത്?’ ഞാൻ പറഞ്ഞു: “അത് പ്രവാചകന്റെ അന്ത്യസമയത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിപ്പാണ്. വിജയം എന്നത് മക്കാവിജയമാണ്. സ്തുതി അർപ്പിക്കാനും പാപമോചനം തേടാനുമുള്ള നിർദേശം മരണത്തിലേക്കുള്ള സൂചനയുമാണ്.’ ഉമർഷം പറഞ്ഞു: “നിനക്ക് തോന്നിയത് തന്നെയാണ് എനിക്കും മനസ്സിലായത് (ബുഖാരി).

മുഹമ്മദ് നബി കുട്ടികളുമായി ഇടപഴകിയിരുന്നു. കുട്ടികൾക്ക് നബിയോട് ഇടപഴകാനുമുള്ള സൗകര്യവും സന്ദർഭങ്ങളും ഉണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും മുതിർന്ന നേതാവിന്റെയും കുട്ടികളുടെയും ഇടയിൽ തുറന്നിട്ട ഒരു വാതിൽ എന്നും ഉണ്ടായിരുന്നതിനാൽ സാമൂഹ്യത്തിന്റെ മുഖ്യധാരയിൽ ഇടകലർന്നു ജീവിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. അതിനാൽ അവരുടെ സാമൂഹ്യ വളർച്ചയുടെ നിര്ക്ക് ഉയർന്നതായിരുന്നു. നബിയുടെ സദസ്സിൽ കുട്ടികൾ കേലയ വെച്ച് കളിക്കോപ്പ് സമാനം ഇരിക്കുകയോ ഇരുത്തപ്പെടുകയോ ആയിരുന്നില്ല. കൃത്യമായ നബിസംസാരങ്ങളെ ഓർമയിൽ വെക്കാനും പിന്നീട് ഹദീഥ് നിവേദനം ചെയ്യാനും മാത്രം ശേഷി ഉണ്ടാകും വിധം മുതിർന്നവരുടെ കൂടെ കുട്ടികൾക്ക് കൂടി അവിടെ സ്ഥാനം ലഭിച്ചിരുന്നു. ചെറു പ്രായക്കാരനായ സ്വഹാബി അബൂജുഹൈഫ പറയുകയാണ്: “ഞാൻ നബിയുടെ അടുത്തായിരിക്കുമ്പോൾ നബി തന്റെ അടുത്തുള്ള ഒരാളോട് പറഞ്ഞു: ഞാൻ ചാരി ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കില്ല’ (ബുഖാരി, അഹ്മദ്). നബി തന്റെ കുട്ടിക്കാലത്ത് പിതൃവ്യന്മാരോടൊപ്പം മക്കയിൽ നടന്ന പ്രസിദ്ധമായ “ഹിൽഫുൽ ഫുളൂൽ’ എന്ന അനീതിക്കെതിരെ ഇരകൾക്കൊപ്പം നിൽക്കാനുള്ള തീരുമാന സദസ്സിൽ പങ്കെടുത്ത വിവരം സ്മരിക്കുന്ന കാര്യം ഹദീഥുകളിൽ വന്നിട്ടുണ്ട്.

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

21: സാമൂഹ്യ വളർച്ച കുട്ടികളിൽ

21: സാമൂഹ്യ വളർച്ച കുട്ടികളിൽ

ഏഴ് വയസ്സ് മുതൽ നമസ്കാര വിഷയത്തിൽ പഠനവും പരിശീലനവും പരിചയിച്ച് തുടങ്ങിയ മക്കൾ നീണ്ട മൂന്നു വർഷ കാലം ഈ അവസ്ഥയിൽ തുടർന്നാൽ സ്വാഭാവികമായും അവരുടെ മനസ്സും ശരീരവും നമസ്കാരത്തെ ഒരു ദിനചര്യയായി സ്വീകരിച്ചു തുടങ്ങേണ്ടതാണ്. മാത്രവുമല്ല ബൗദ്ധികമായ വിവേചന ബോധത്തിലേക്കും മാനസികമായ വിവേകത്തിലേക്കും പ്രാഥമികമായങ്കിലും പ്രവേശിക്കാൻ അവന്ന് അവൾക്ക് കഴിഞ്ഞിരിക്കണം. എന്നാൽ നീണ്ട മൂന്നു വർഷത്തെ ഉപദേശവും പങ്കാളിത്തവും പ്രോത്സാഹനവും മൂലം നമസ്കാരം ഒരു ജീവിത ചര്യയാകുന്നതിൽ അവർക്ക് വീഴ്ച സംഭവിക്കുന്നുവെങ്കിൽ അതിനർഥം മനുഷ്യന്റെ ജന്മശതു ഈ നിഷ്കളങ്ക വ്യക്തിത്വത്തിലേക്ക് കയറിപ്പറ്റാൻ ശ്രമം നടത്തുന്നുണ്ട് എന്നാണ്. ഇവിടെയാണ്

പ്രവാചക ചികിത്സ പ്രയോഗിക്കാൻ ഇസ്ലാം മാതാപിതാക്കളെ ഉപദേശിക്കുന്നത്. അനിവാര്യമായ ഈ ശീലത്തിൽ കുറവോ അലംഭാവമോ പ്രകടമായാൽ അത്തരം കുട്ടികൾക്കു ചെറിയ ശിക്ഷ നൽകാൻ റസൂൽ ഉപദേശിക്കുന്നു. തന്റെ വീഴ്ചയെ കുറിച്ച് സഗൗരവം പുനരാലോചിക്കാനും അലംഭാവത്തെ അകറ്റാനും ഈ “അടി’ അവനെ സഹായിക്കും. അബൂദാവൂദ്, അബ്ദുല്ലാഹിബ്നു അംറുബ്നു ആസ്വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥിൽ നബിട്ട് പറയുന്നു: “ഏഴു വയസ്സായാൽ നിങ്ങളുടെ കുട്ടികളോട് നിസ്കാരം കൽപിക്കണം. അവർ പത്ത് വയസ്സായാൽ അതിൽ (വീഴ്ച വരുത്തുന്ന പക്ഷം) നിങ്ങൾ അവരെ അടിക്കുക. കിടപ്പറയിൽ അവരെ വേർപെടുത്തുകയും ചെയ്യുക.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, നമസ്കാരമടക്കമുള്ള ആരാധനാകാര്യങ്ങൾ ജീവിത ശീലമാവാൻ കേവലം കൽപനകളും ഉപദേശങ്ങളും മാത്രം മതിയാവില്ല; മറിച്ച് അവ അരക്കിട്ടുറപ്പിക്കാവുന്ന ഒരു ഭൂമിക കുട്ടികൾക്കു ചുറ്റും നില നിൽക്കേണ്ടതുണ്ട് എന്നതാണ്. മനുഷ്യനിലേക്ക് ജീവിത ശൈലികൾ സമ്മാനിക്കുന്നതിൽ ജീവിക്കുന്ന പരിസരത്തിനു മുഖ്യ പങ്കുണ്ടെന്ന് അംഗീകരിക്കുന്നവരാണ് നമ്മൾ. നമസ്കാരത്തിന്റെയും മറ്റു ആരാധനാകർമങ്ങളുടെയും വിഷയവും ഇതിൽനിന്നു പുറത്തല്ല. വീടും വിദ്യാലയവും പള്ളികളും ഈ പരിസരം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവയാണ്. അതിനാൽ ഇത്തരം പരിസരങ്ങളുമായി കൗമാര പ്രായക്കാരായ മക്കളെ നാം ബന്ധപ്പെടുത്തണം. ഉത്തമ നൂറ്റാണ്ടിലെ കുട്ടികൾ നബിയോടൊപ്പവും സ്വഹാബികളായ മാതാപിതാക്കളോടൊപ്പവും ഇത്തരം ആരാധനാ പരിസരങ്ങളിൽ കൂടെ ഉണ്ടായിരുന്നുവെന്നത് അവരിൽ ആരാധനാശീലങ്ങൾ എളുപ്പം വളരാൻ സഹായിച്ചു. ഇസ്ലാമിന്റെ തുടക്കത്തിൽ തന്നെ ഇസ്ലാം സ്വീകരിച്ച കുട്ടിയായ അലിം നബിയോടും ഖദീജയോടും അബൂബക്കറിനോടും ഒപ്പം രഹസ്യമായി അവർ നിർവഹിച്ച നമസ്കാരത്തിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു. രാത്രി നമസ്കാരത്തിൽ പോലും നബിയോടൊപ്പം ചേരുന്ന കുട്ടികളെയും അവരെ പ്രോത്സാഹിപ്പിക്കുന്ന നബിയെയുമാണ് നമുക്ക് ഹദീഥുകളിൽ വായിക്കാൻ കഴിയുന്നത്. കേവലം നിർബന്ധ നമസ്കാരങ്ങൾക്കപ്പുറം അവർക്ക് ജീവിതത്തിലേക്ക് വാതിൽ തുറന്നിടുന്ന കുടുംബ സാഹചര്യങ്ങളാണ് നമുക്കവിടെ കാണാൻ കഴിയുന്നത്.

ഇമാം ബുഖാരി ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഒരു ഹദീഥിൽ അദ്ദേഹം തന്റെ കുട്ടിക്കാലം ഓർമിച്ചു കൊണ്ട് പറയുകയാണ്: “ഞാൻ എന്റെ മാതൃസഹോദരിയും നബിയുടെ ഭാര്യയുമായ മൈമൂനയുടെ വീട്ടിൽ രാപ്പാർത്ത ദിവസം അവിടെ നബി ഉണ്ടായിരുന്നു. അദ്ദേഹം ഇശാഅ് നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് വന്നു. അവിടുന്ന് നാലു റക്അത്ത് നമസ്കരിച്ചു. പിന്നീട് ഉറങ്ങാൻ പോയി. പിന്നീട് (രാത്രി നമസ്കാരത്തിന്നായി) എഴുന്നേറ്റു. എന്നിട്ട് “കുട്ടി ഉറങ്ങി’ എന്നോ അതോ അതിനോട് സാമ്യമായ മറ്റെന്തോ പറഞ്ഞു. പിന്നെ (രാത്രി)നമസ്കാരം തുടങ്ങി. അപ്പോൾ ഞാൻ എഴുന്നേറ്റ് നബിയുടെ ഇടത് ഭാഗത്ത് ചേർന്ന് നിന്നു. അപ്പോൾ നബിട്ട് എന്നെ വലത് ഭാഗത്തേക്കാക്കി മാറ്റി. അങ്ങനെ അഞ്ചു റക്അത്ത് നമസ്കരിച്ചു. പിന്നെ രണ്ടു റക്അത്ത് കൂടി. പിന്നെ നബിട്ടു ഉറങ്ങി. അങ്ങനെ നബിയുടെ കൂർക്കം വലി ഞാൻ കേട്ടു. പിന്നെ നബി എഴുന്നേറ്റ് നമസ്കാരത്തിന്നായി (പള്ളിയിലേക്ക്) പുറപ്പെട്ടു. ഇബ്നു ഹിബ്ബാനും നസാഈയും അനസ് വിൽനിന്നും ഉദ്ധരിക്കുന്ന ഹദീഥിൽ അദ്ദേഹം പറയുകയാണ്: “(കുട്ടിയായിരിക്കെ, അദ്ദേഹവും നബിയും അദ്ദേഹത്തിന്റെ ഉമ്മയും ഉമ്മയുടെ സഹോദരിയും ഒന്നിച്ച് വീട്ടിലുണ്ടായ ദിവസം; അദ്ദേഹം ഞങ്ങളെയും കൂട്ടി നമസ്കരിച്ചു. അനസിനെ അദ്ദേഹത്തിന്റെ വലത് ഭാഗത്താക്കി. ഉമ്മയും സഹോദരിയും അദ്ദേഹത്തിന്റെ പിന്നിലുമായിരുന്നു. പള്ളിയിലേക്ക് കൈപിടിക്കുക ഇളംപ്രായത്തിൽ വീടാണ് കുട്ടിയുടെ ആരാധനാകളരിയെങ്കിൽ അൽപം മുതിർന്നാൽ അവർ ഏറ്റവും സ്വാധീനിക്കപ്പെടുന്ന ഇടം പള്ളികളാണ്. കുഞ്ഞുങ്ങളെ പള്ളികളിലേക്ക് കൈപിടിക്കാൻ തുടങ്ങുന്നിടം മുതൽ നാം അവർക്ക് ആരാധനാശീലങ്ങളുടെ ഒരു പുതിയ വാതിൽ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ സാമൂഹ്യ ഇടമാണ് പള്ളി. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും സ്ത്രീകളെയും ഒന്നിച്ചുൾക്കൊള്ളുന്ന സാമൂഹ്യ ഇടം.

നബി മദീനയുടെ കവാടത്തിലേക്ക് കാലുകുത്തിയ ഉടനെ കൈവച്ചത് ഈ സാമൂഹ്യ ഇടത്തിന്റെ നിർമിതിയിലാണ്. കയറിവന്നപ്പോൾ ഖുബായിലും ഇരുപ്പുറപ്പിക്കുന്നിടം തീരുമാനമായപ്പോൾ മദീനയിലും അവ ഉയർന്നു വന്നു. ഇതു തന്നെ മതി ഒരു വിശ്വാസിയുടെ ജീവിതത്തിൽ പള്ളി എത്ര ഒട്ടി നിൽക്കുന്നുവെന്നറിയാൻ. വീടിനു പുറത്ത് ഒരു വിശ്വാസിക്ക് പരിചയമാവേണ്ട ഏറ്റവും പ്രാരംഭ സാമൂഹ്യ ഇരിപ്പിടം പള്ളിയാവണമെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.

എന്നാൽ നമ്മുടെ സ്ഥിതി എന്താണ്? മതപാഠശാലകളിൽ വർഷങ്ങളോളം പഠിച്ചിട്ടും സ്വയം ആരാധനകളൊന്നും ശീലമാകുന്നില്ലെന്ന് പരിതപിക്കുന്ന രക്ഷിതാക്കളെ നമുക്ക് കാണാം. ഹൈസ്കൂളിൽ പഠിക്കുന്ന കൗമാര പ്രായക്കാർക്ക് പോലും വീട് വിട്ടാൽ ഏറ്റവും നന്നായി വഴി അറിയുന്നത് എവിടേക്കാണ്? ഏറ്റവും നിർഭയമായി നിത്യവും പോയി വരുന്ന സ്ഥലം എവിടെ? എന്നും പോകാൻ താൽപര്യമുള്ള സാമൂഹ്യ ഇടം ഏത്? അതിലൊന്നും ചിലപ്പോൾ സ്വന്തം നാട്ടിലെ പള്ളി ഉണ്ടായിക്കൊള്ളണമെന്നില്ല. പല മുസ്ലിം വീടുകളിലെയും ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ പലരും വെള്ളിയാഴ്ചത്തെ പരിചയത്തിനപ്പുറം പള്ളി കാണാത്തവരാണന്ന യാഥാർഥ്യം തികച്ചും നമ്മളെ വേദനിപ്പിക്കണം.

നാട്ടിലെയും മറുനാട്ടിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളും വിനോദ ശാലകളും ട്യൂഷൻ സെന്ററുകളും ഒറ്റക്ക് സന്ദർശിച്ചു വരാൻ ധൈര്യം കൊടുക്കുന്ന രക്ഷിതാക്കളിലധികവും വെള്ളിയാഴ്ചക്കപ്പുറം പള്ളിയിൽ പോയി വരാൻ ധൈര്യവും ആത്മ വിശ്വാസവും നൽകുന്നില്ല. പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ തടവറകളിൽ ബന്ധനസ്ഥരാക്കപ്പെട്ട നമ്മുടെ മക്കൾ, പ്ലവിനു ശേഷം കിട്ടുന്ന കോളേജ് ജീവിതത്തിന്റെ സ്വതന്ത്ര ലോകത്ത് എത്ര പെട്ടെന്നാണ് പൈശാചിക കരങ്ങളുടെ പിടിയിൽ അമരുന്നത്! എന്താണിതിന് കാരണം? ഉത്തരം വ്യക്തമാണ്. വിശ്വാസിയുടെ ഏറ്റവും വലിയ സാമൂഹ്യ പാഠശാലയായ പള്ളികളിൽ അവർക്ക് കുട്ടിക്കാലം മുതൽ നാം ഒരു ഇരിപ്പിടം നൽകിയില്ല. മക്കളെ നൽകിയ സഹാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടം പള്ളിയായിരുന്നിട്ട് കുടി. ഇവിടെയാണ് പള്ളിയെക്കുറിച്ച് നബി പറഞ്ഞത് ചിന്തനീയമാകുന്നത്. അല്ലാഹുവിന്റെ ദൂതർട്ട് പ്റഞ്ഞു: “സ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അതിലുള്ള പള്ളികളാണ്. അല്ലാഹുവിന്ന് ഏറ്റവും കോപമുള്ള ഇടം അതിലെ അങ്ങാടികളാകുന്നു” (മുസ്ലിം).

ഉത്തമ നൂറ്റാണ്ടിലെ കുട്ടികളും പള്ളികളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ എത്ര നല്ല ചിത്രങ്ങളാണ് ഹദീഥ് ഗ്രന്ഥങ്ങളിൽ ഉള്ളത്. നബിയടക്കം കുട്ടികളെ പള്ളികളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി. അവർക്ക് അണികളിൽ സ്ഥലം നിർണയിച്ചു നൽകി. അവരുടെ കരച്ചിലുകൾ നബിയെ നമസ്കാരത്തിന്റെ ദൈർഘ്യം ചുരുക്കാൻ പ്രേരിപ്പിച്ചു. നീട്ടി നമസ്കരിക്കുന്നവരോട് നബി താക്കീത് നൽകി; നിങ്ങളുടെ കൂടെ വൃദ്ധരും കുട്ടികളും ഉണ്ടെന്ന് ഓർമിപ്പിച്ചു. ഇതാണ് മദീനയിലെ ഇസ്ലാമിക സമൂഹത്തിലെ ചിത്രങ്ങൾ.

ജാബിർ നബിയോടൊപ്പം പള്ളിയിലേക്ക് പോയ തന്റെ കുട്ടിക്കാലം സ്മരിച്ചുകൊണ്ട് പറയുന്നു: “ഞാൻ നബിയുടെ കൂടെ ദുഹ്ർ നമസ്കരിച്ചു. എന്നിട്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹം രണ്ടു ചെറിയ കുട്ടികളെ കണ്ടുമുട്ടി. അദ്ദേഹം അവരിൽ ഓരോരുത്തരുടെയും കവിളിൽ തലോടാൻ തുടങ്ങി. അങ്ങനെ എന്റെ കവിളും തലോടി. അപ്പോൾ അവിടുത്തെ കെയുടെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു. അത്തറിന്റെ കുപ്പിയിൽ നിന്ന് പുറത്തെടുത്തത് പോലുണ്ട് അതിന്റെ മണം” (മുസ്ലിം).

ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നവർ കുട്ടികളെ പരിഗണിക്കണമെന്നു കർശനമായി താക്കീത് നൽകുന്നത് കാണാം. ഉക്ബതുബ്നു അംറുൽ ബദരി പറയുകയാണ്: “ഒരിക്കൽ ഒരാൾ നബിയുടെ അടുത്ത് വന്നു പറഞ്ഞു: “ഇന്ന ഒരാൾ (നമസ്കാരത്തിൽ വളരെ ദീർഘമായി ഓതുന്നത്) കാരണം ഞാൻ സുബ്ഹി നമസ്കാരത്തിന് വൈകി മാത്രമെ വരികയുള്ളൂ.’ നബി ഇത്രയധികം കോപാകുലനായി ഉപദേശം നൽകുന്നത് മുമ്പ് ഞാൻ കണ്ടിട്ടില്ല. നബി പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ആളുകളെ വെറുപ്പിച്ചകറ്റുന്നവരുണ്ട്, ആരെങ്കിലും ഇമാം നിൽക്കുകയാണെങ്കിൽ അവൻ (പാരായണം) ചുരുക്കി നമസ്കരിക്കട്ടെ. അവന്റെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റാവശ്യങ്ങൾക്ക് പോകുന്നവരും ഉണ്ടാകും.

പെരുന്നാളിന് ഈദ് ഗാഹിലേക്ക് ആബാലവൃദ്ധം ജനങ്ങളോടും പുറപ്പെടാൻ ആവശ്യപ്പെട്ട പ്രവാചകൻ അതിലും കുട്ടികളെ ഉൾപെടുത്തിയതിൽ നമുക്ക് പാഠങ്ങളുണ്ട്. ഏതു പ്രായം മുതൽ കുട്ടികളെ പള്ളിയിൽ കൊണ്ട് പോകാം എന്ന് ഇമാം മാലികിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ഒരു കുട്ടിക്ക് പള്ളിയുടെ മര്യാദ പാലിക്കാൻ അറിയുന്ന പ്രായമായാൽ അതിൽ തെറ്റില്ലെന്ന് മാത്രമല്ല ഞാൻ അത് ഇഷ്ടപ്പെടുന്നു’ എന്നാണ്. എന്നാൽ തീരെ വകതിരിവ് എത്തിയിട്ടില്ലാത്ത കുട്ടികളെ പള്ളികളിൽ കൊണ്ടുവന്ന് നമസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് പണ്ഡി ഓർമിപ്പിക്കാറുണ്ട്. കുട്ടികൾ പള്ളികളിൽ വരുന്നതിലൂടെ ധാരാളം കാര്യങ്ങൾ അവർ കണ്ടും കേട്ടും പഠിക്കാൻ കഴിയും. പള്ളിയുടെ മര്യാദകൾ, ശാന്തമായി പള്ളിയിൽ പ്രവേശിക്കുന്നതും അടങ്ങി ഇരിക്കുന്നതും വിശുദ്ധ കുർആൻ പാരായണത്തിൽ ശ്രദ്ധ കാണിക്കുന്നതും ക്ലാസും ഖുതുബയും സാകൂതം ശ്രദ്ധിച്ചു കേൾക്കുന്നതും ആളുകൾ പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നതും എല്ലാം കുട്ടിക്കാലം മുതൽ ശീലമാവാൻ പള്ളികൾ സഹായിക്കും. പ്രത്യേകിച്ച് വെള്ളിയാഴ്ചത്തെ സംഗമവും ഉപദേശവും നമസ്കാരവുമെല്ലാം വ്യക്തിത്വ വികാസത്തിൽ വലിയ പങ്ക് വഹിക്കുമെന്നത് വളരെ വ്യക്തമാണ്.

നോമ്പ്

നോമ്പ് (വ്രതം) ഒരു ആത്മീയവും ശാരീരികവുമായ ആരാധനയാണ്. അതിലൂടെ കുട്ടികൾ യഥാർഥ ആത്മാർഥതയും രഹസ്യാവസ്ഥയിൽ പോലും ദൈവിക നിരീക്ഷണ ബോധവും പഠിച്ചെടുക്കുന്നു. പ്രതികൂലതയിൽ നിന്ന് കൊണ്ടുള്ള ഇച്ഛാശക്തി ശീലിക്കുന്നു. വിശന്നിട്ടും ഭക്ഷണം വേണ്ടെന്ന് വെക്കാനും ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുവാനും അവന് എളുപ്പമാകുന്നതിലൂടെ ക്ഷമയും സഹനവും പ്രാപ്യമാകുന്നു. അതുകൊണ്ടു തന്നെ സ്വഹാബികൾ തങ്ങളുടെ കുട്ടികളെ ചെറുപ്പത്തിലേ നോമ്പ് ശീലിപ്പിച്ചിരുന്നു. ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഒരധ്യായതിന്ന് തലക്കെട്ടു നൽകിയിരിക്കുന്നത് “കുട്ടികളുടെ നോമ്പ്” എന്നാണ്. സ്വഹാബികൾ, കളിപ്പാട്ടങ്ങളുമായി കഴിച്ചുകൂട്ടുന്ന പ്രായത്തിൽ തന്നെ മക്കളെ നോമ്പ് ശീലിപ്പിച്ചിരുന്നു. ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീഥിൽ റുബെഅ് ബിൻത് മുഅവ്വിദം പറയുന്നു: “..ഞങ്ങൾ (നോമ്പ് നിശ്ചയിക്കപ്പെട്ടതിന് ശേഷം) ഞങ്ങളുടെ കുട്ടികളെ നോമ്പെടുപ്പിക്കുമായിന്നു. അവരെയും കൊണ്ട് ഞങ്ങൾ പള്ളിയിലേക്ക് പോകും. ഞങ്ങൾ അവർക്ക് കളിപ്പാട്ടങ്ങൾ കരുതിവെക്കും. അവർ ഭക്ഷണത്തിന്നായി കരഞ്ഞാൽ അതവർക്ക് നൽകും. അങ്ങനെ നോമ്പുതുറക്കുന്ന സമയം വരെ (അവരെ എത്തിക്കും). ഈ പ്രായം ഒരിക്കലും നിർബന്ധത്തിന്റെതല്ലെന്നു നമുക്കറിയാം. പരിശീലനത്തിന്നാണവർ അങ്ങനെ ചെയ്തത്. ഇങ്ങനെയാണ് സ്വഹാബികൾ നോമ്പിന്റെ വിഷയത്തിൽ കൈകാര്യം ചെയ്തത്. പക്ഷേ, നമ്മിൽ പലരും മുതിർന്ന കുട്ടികളുടെ നോമ്പിന്റെ കാര്യത്തിൽ പോലും വളരെ അലംഭാവം കാണിക്കുന്നവരാണ്. പ്രായപൂർത്തിയായ കുട്ടികൾ പോലും വീടുകളിൽ പരീക്ഷയുടെയും കാലാവസ്ഥയുടെയും പേരിൽ പോലും വളരെ ലാഘവത്തിൽ നോമ്പ് ഒഴിവാക്കുന്നത് പതിവാണ്. കുട്ടികൾക്ക് പ്രത്യേക സമൂഹ നോമ്പ് തുറകൾ സംഘടിപ്പിച്ചും സമ്മാനങ്ങൾ നൽകിയും അവരെ നോമ്പിന് പ്രേരിപ്പിക്കുന്നതിൽ മഹല്ലുകൾക്കും മദ്റസകൾക്കും പങ്കുവഹിക്കാവുന്നതാണ്.

ഹജ്ജും ഉംറയും

കുട്ടികൾക്ക് ഇസ്ലാമിലെ ഹജ്ജും ഉംറയും അവ ഉൾക്കൊള്ളുന്ന വിശുദ്ധ ഇടങ്ങളും ജീവിതത്തിന്റെ നേർകാഴ്ചകളാവാൻ അവസരമുണ്ടാവുന്നതും ആരാധന ശീലങ്ങളുടെ സ്ഥായീകരണത്തിന്നു ഗുണം ചെയ്യും. നബി വഴിയിൽ കണ്ടുമുട്ടിയ ഒരു യാത്രാസംഘത്തിലെ സ്ത്രീ ഒരു കുട്ടിയെ ഉയർത്തിക്കാണിച്ചുകൊണ്ട് നബിയോട് ചോദിച്ചു: “ഈ കുട്ടിക്ക് ഹജ്ജണ്ടോ?’ നബി പറഞ്ഞു: “അതെ, നിനക്ക് പ്രതിഫലവും’ (ഇമാം മുസ്ലിം ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്നത്).

ചുരുക്കത്തിൽ വളരുന്ന പ്രായത്തോടപ്പം ശീലമാവേണ്ട ഒന്നാണ് ആരാധനകൾ. അവ നിലനിൽക്കും വിധമുള്ള വ്യക്തിത്വ വികാസത്തിനുതകുന്ന മാർഗങ്ങളിൽ ചിലതാണ് മുകളിൽ നാം സൂചിപ്പിച്ചത്. നമുക്ക് ഉറച്ച കാൽവെപ്പുകളുണ്ടെങ്കിൽ ഇവ വിജയം കാണാതിരിക്കില്ല തീർച്ച. (തുടരും)

 
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

20: ആരാധനകളുടെ സാമൂഹികമാനം

20: ആരാധനകളുടെ സാമൂഹികമാനം

ഇസ്ലാമിക ജീവിതത്തിൽ സത്യവിശാസത്തിന്റെ സ്ഥായീകരണവും പ്രതിഫലനവുമാണ് ആരാധനകൾ. വിശാസം ആരാധനകൾക്ക് ചൈതന്യവും സൂക്ഷമതയും കൃത്യനിഷ്ഠതയും ആത്മാർഥതയും ഉത്പാദിപ്പിച്ചു നൽകുമ്പോൾ ആരാധനകൾ വിശാസത്തിന്നു വെള്ളവും വളവും നൽകി വളർത്തുന്നു. വിശ്വാസമില്ലാത്ത ആരാധനയും ആരാധനയില്ലാത്ത വിശാസവും അപൂർണമാണ്. ഇവിടെയാണ് കുട്ടികളിൽ വിശ്വാസ വളർച്ചക്കുള്ള ചുവടു വെപ്പുകൾ ഉണ്ടാക്കി യെടുക്കുന്നതോടൊപ്പം ആരാധനാകർമങ്ങൾ ജീവിത ശീലങ്ങളുടെ ഭാഗമാക്കി വളർത്തൽ അനിവാര്യമാകുന്നത്. ഈ വഴിയിൽ മാതാപിതാക്കൾക്കും മറ്റ് രക്ഷിതാക്കൾക്കും നല്ല അവബോധവും ക്ഷമയും ആവശ്യമുണ്ട്.

ആരാധനകൾ പഠിപ്പിക്കുക മാത്രമല്ല ഇവിടെ ബാധ്യതയാകുന്നത്, അത് കുട്ടികൾക്കു ഇഷ്ടകരമായ, സ്വയം താൽപര്യമുള്ള ഒരു ജീവിത ശീലമാക്കാൻ വേണ്ടുന്ന രീതിയിൽ നമ്മുടെ ഭാഗത്തു നിന്ന് തുടക്കം മുതലേ അനിവാര്യമായ കാൽവയ്പ്പുകൾ ഉണ്ടാവുകയെന്നതാണ് പ്രധാനമായും വേണ്ടത്. ആരാധനകൾ പഠിപ്പിച്ചെടുക്കുകയെന്നത് മതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നേടിക്കൂടായ്ക്കയില്ല. എന്നാൽ അത് അവരുടെ നിത്യജീവിത ശീലങ്ങളുടെ അജണ്ടയിലേക്ക് ചേർത്ത് കിട്ടുകയെന്നത് പ്രയാസകരമാണെങ്കിലും പ്രധാനം തന്നെയാണ്. ഇവിടെയാണ് നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാനുള്ളത്. വളർന്നുകൊണ്ടിരിക്കുന്ന ഒരു വിശ്വാസിയിൽ നിർബന്ധ ബാധ്യതയായിട്ടുള്ള ഇസ്ലാമിലെ പ്രധാന ആരാധനാകർമങ്ങൾ നമസ്കാരം, നോമ്പ്, സകാത്, ഹജ്ജ് എന്നിവയാണല്ലോ. ഇതിന്റെ അനിവാര്യത ബോധ്യപ്പെട്ട ഹൃദയത്തിന്റെ പ്ചോദനത്തിൽ നിന്ന് ശീലത്തിന്റെ ഫലകങ്ങളിലേക്ക് ആരാധനകൾ കർമമായി പരിവർത്തിക്കപ്പെടാൻ നമ്മെ സഹായിക്കാനുള്ളത് പ്രവാചകന്റെ ജീവിത രീതികളും അവ സ്വീകരിച്ച് അനുവർത്തിച്ച് സ്വഹാബികളുടെ മാതൃകകളും തന്നെയാണ്. ഏറ്റവും നല്ല ഒരു രണ്ടാം തലമുറ വളർന്നു വരാനും അവരിൽ ആരാധനകൾ ഇഷ്ടപ്പെട്ട ജീവിത ശീലങ്ങളാവാനും അവർ പ്രയോഗിച്ച മാർഗങ്ങൾ തന്നെയാണ് നമുക്കും അവലംബനീയം. അവയെ ഒരു ശിക്ഷണത്തിന്റെ (തർബിയത്) കണ്ണിലൂടെ വിലയിരുത്താനാണ് നാം ശ്രമിക്കുന്നത്. (കർമശാസ്ത്ര കണ്ണിലൂടെ അല്ലെന്നർഥം).

നമസ്കാരം 

അല്ലാഹുവിന്റെ വിശുദ്ധ വചനത്തിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം ആ അന്വേഷണം. അള്ളാഹു പറഞ്ഞു: “നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്കാരത്തിൽ) നീ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്. ധർമനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം”(20:132).

രണ്ടു കാര്യങ്ങളാണ് ഈ വചനത്തിലൂടെ അല്ലാഹു പ്രവാചകൻ യോട് കൽപിക്കുന്നത്; കുടുംബത്തോട് നമസ്കാരം കൽപിക്കാനും സ്വയം നമസ്കാരത്തിൽ ക്ഷമാപൂർവം ഉറച്ചു നിൽക്കാനും. കേവല കൽപന കൊണ്ട് നമസ്കാരം ശീലമാവില്ലെന്നും അത് കൽപിക്കുന്നവർ അതിൽ വീഴ്ച വരുത്തുന്നില്ലന്നു കൽപിക്കപ്പെട്ടവർക്ക് കൺനിറയെ കാണാൻ കഴിയുമാറ് അതിൽ നിഷ്ഠ പുലത്തുന്നവർ കൂടിയാവണം എന്നുമാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. ഇത് തന്നെയാണ് ഒന്നാമത്തെ കാൽവയ്പ്. ക്ഷീണത്തിലും ഉന്മേഷത്തിലും രോഗത്തിലും ആരോഗ്യത്തിലും താമസത്തിലും യാത്രയിലും കൈവിടാതെ നിലനിർത്തുന്ന ഒന്ന് എന്റെ മാതാപിതാക്കളോടൊപ്പം ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാകണം. ആ സമയം അവരും അതിൽ പങ്കാളികളാവണമെന്ന രക്ഷിതാക്കളുടെ “കൽപന’ വരുമ്പോൾ അതീവ ഗൗരവത്തിൽ അവർ സ്വാഭാവികമായും അതിലേക്ക് പ്രവേശിച്ചു തുടങ്ങും. എന്നാൽ തിരിച്ചാവുമ്പോൾ കേവല “കല്പന’യുടെ ശബ്ദ തരംഗങ്ങൾക്ക് പ്രതിധ്വനി പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. നമസ്കാരം മുറതെറ്റാതെ ഗൗരവത്തിൽ നിലനിർത്തുന്ന രക്ഷിതാക്കൾക്കാണ് മക്കളിൽ ആ ശീലം എളുപ്പം വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ എന്നർഥം. അതില്ലാത്തിടത്തോളം കാലം മദ്റസകളെയും അധ്യാപകരെയും പഴിപറയുന്നതിൽ കാര്യമില്ല.

കുട്ടിക്കാലം മുതലേ നമസ്കാരത്തിൽ മക്കളെ രക്ഷിതാക്കൾ കൂടെ കൂട്ടലാണ് നമസ്കാരം ശീലിപ്പിക്കാനുള്ള ഒരു വഴി. നബി പറഞ്ഞു: “കുട്ടിക്ക് അവന്റെ ഇടതിൽ നിന്ന് വലത് ഭാഗം (വേർതിരിച്ചു) അറിഞ്ഞാൽ (പ്രായമായാൽ) അവനോടു നിങ്ങൾ നമസ്കാരത്തെ കൽപിച്ചു കൊള്ളുവിൻ” (മജ്മഉസ്സവാഇദ് 1/299). അഥവാ കുഞ്ഞു പ്രായം മുതൽക്ക് തന്നെ അവർ നമസ്കാരത്തിൽ പങ്കാളികളായി തുടങ്ങണമെന്ന്. എന്നാൽ നിർബന്ധമായും ഏഴ് വയസ്സാകുമ്പോഴാണ് അവരോടു നമസ്കാരം കൽപിക്കേണ്ടതും നമസ്കാരത്തിന്റെ നിയമങ്ങളും രൂപങ്ങളും പഠിപ്പിച്ചു തുടങ്ങേണ്ടതും. നാം ധാരാളം കേട്ട് ശീലിച്ച നബിവചനമണല്ലോ ഏഴു വയസ്സായാൽ കുട്ടികളോട് നമസ്കാരം കൊണ്ട് കൽപിക്കണമെന്നും പത്തു വയസ്സായാൽ (അതിൽ വീഴ്ച വരുത്തിയാൽ) അടിക്കണം (അബൂദാവൂദ്) എന്നുമുള്ളത്. എന്നാൽ ഇമാം തിർമിദി ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീഥിൽ കൽപിക്കുക എന്ന പദത്തിന്റെ സ്ഥാനത്ത് പഠിപ്പിക്കുക എന്നാണുള്ളത്. ഒരു കുട്ടിക്ക് ഏഴ് വയസ്സായാൽ തന്നെ അവനെ നമസ്കാരം പഠിപ്പിക്കണമെന്നർഥം.

നബിയും അനുചരന്മാരായ രക്ഷിതാക്കളും മക്കളെ നേരിട്ട് നമസ്കാരത്തിന്റെ രൂപവും വുദൂഇന്റെ രൂപവും അവയുടെ മര്യാദകളും പ്രാർഥനകളും യഥാവിധി പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യ്തിരുന്നതായി നമുക്ക് ഹദീഥ് ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും.

ഇമാം ഹസൻ ഇബ്ൻ അലി ഷാക്ക് വിത്ർ നമസ്കാരത്തിൽ ചൊല്ലാനുള്ള പ്രാർഥന നബി പഠിപ്പിച്ചതായി ഇമാം തിർമിദിയും നസാഈയും ഉദ്ധരിക്കുന്ന ഹദീഥിൽ കാണാം. നബിയുടെ പത്നിയായഉമ്മുസലമയുടെ വീട്ടിൽ അവരുടെ ബന്ധുക്കളിൽ പെട്ട ഒരു കുട്ടി വരികയും അന്ന് നമസ്കരിക്കുന്ന

സമയം സുജൂദിൽ പോകുമ്പോൾ (മണ്ണ് നെറ്റിയിലും മൂക്കിലും പതിയാതിരിക്കാൻ) നിലത്ത് ഊതുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നബിട്ട് ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുട്ടിയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്; “ഓ റബാഹ്! നിന്റെ മുഖത്ത് മണ്ണായിക്കൊള്ളട്ടെ’ (എന്നാലും നിലത്ത് ഊതരുത്). നമസ്കാരത്തിന് നബിയുടെ കൂടെ അണികളായി നിൽക്കുമ്പോൾ നബി കുട്ടികളുടെ സ്ഥാനം നിർണയിച്ചു കൊടുത്തിരുന്നു. വിവേകമുള്ള മുതിർന്നവർ മുന്നിലും അവർക്ക് പിന്നിൽ കുട്ടികളും അവർക്ക് പിന്നിൽ സ്ത്രീകളും എന്ന കമം നബിട്ട് പഠിപ്പിച്ചു.

ഇമാം മുസ്ലിം ഇബ്നു മസ്ഊദ് വിൽ നിന്ന് ഉദ്ധരിക്കുന്നു: നബി നമസ്കാരത്തിന്റെ തുടക്കത്തിൽ ഞങ്ങളുടെ തോളുകളിൽ തട്ടി ഇങ്ങനെ പറയാറുണ്ടായിരുന്നു: “നേരെചൊവ്വ നിൽക്കുക, അണികൾ ഭിന്നിക്കരുത്. അപ്പോൾ നിങ്ങളുടെ ഹൃദയം ഭിന്നിക്കും. വിവരവും വിവേകവും ഉള്ളവർ എന്റെ തൊട്ടുപിന്നിൽ നിൽക്കട്ടെ. അതിന്റെ പിന്നിൽ മറ്റുള്ളവരും(കുട്ടികൾ)  അതിന്റെ പിന്നിൽ മറ്റുള്ളവരും (സ്ത്രീകൾ).”

ഇപ്രകാരം നബി യും സ്വഹാബികളും കുട്ടികളെ നമസ്കാരത്തിൽ പങ്കാളികളാക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്തുകയും ചെയ്തിരുന്നു. അതിലൂടെ അവർക്ക് നമസ്കാരം ഇഷ്ടമുള്ളതും പ്രധാനപ്പെട്ടതും ശീലവും ആയിത്തീർന്നു. ആ പാത തന്നെയാണ് നമ്മളും പിന്തുടരേണ്ടത്.

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

19: ഖുർആൻ പഠനവും കുട്ടികളും

19: ഖുർആൻ പഠനവും കുട്ടികളും

കുട്ടികളിൽ വിശ്വാസം ഊട്ടിയുറപ്പിക്കുകയും വളർച്ച സാധ്യമാക്കുകയും ചെയ്യുന്ന ഘടകങ്ങളെ കുറിച്ചാണ് നാം പറഞ്ഞുവന്നത്. അതിന്റെ മറ്റ് രണ്ടു ഇനങ്ങൾ കൂടി നമുക്ക് പഠന വിധേയമാക്കാം.

കുട്ടികൾക്ക് വിശുദ്ധ കുർആൻ പഠിപ്പിക്കുക. വിശാസ വളർച്ച സാധ്യമാക്കുകയാണ് കുർആൻ വച്നങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. അല്ലാഹു പറയുന്നു: “…അവർക്ക് അല്ലാഹുവിന്റെ വചനങ്ങൾ ഓതിക്കേൾപിക്കപ്പെട്ടാൽ അവരുടെ വിശാസം വർധിക്കും.’ (8:2).

മനുഷ്യ ഹൃദയങ്ങളെ നിഷേധത്തിന്റെയും അന്ധവിശാസത്തിന്റെയും മാലിന്യങ്ങളിൽ നിന്ന് വൃത്തിയാക്കുന്ന, ദിവ്യപ്രകാശമായി അവതരിച്ച അല്ലാഹുവിന്റെ വചനങ്ങൾ, കുട്ടികളുടെ ഹൃദയങ്ങൾക്കും വെളിച്ചമാണെന്നതിൽ സംശയമില്ല. കുട്ടികൾ കുർആനിൽ നിന്ന് (കേട്ടു)പഠനം ആരംഭിക്കണം. പഠിക്കാൻ എളുപ്പമുള്ളതും എല്ലാവരും പഠിക്കാൻ തുടങ്ങുന്നതുമായ കുർആനിന്റെ അവസാനഭാഗ ആധ്യായങ്ങൾ ചെറിയവയാണ്. അവയിലധികവും സഷ്ടാവിന്റെ അസ്തിത്വത്തെ സ്ഥാപിക്കുന്നതും അവന്റെ ഏകത്വത്തെ ബോധ്യപ്പെടുത്തുന്നതും അതിന്റെ തെളിവുകൾ വെളിപ്പെടുത്തുന്നതുമാണ്.

കുർആനിന്റെ പാരായണവും പഠനവും നടക്കുന്നോതോടൊപ്പം പതിയെ അതിന്റെ സാരാംശങ്ങൾ കൂടി കുട്ടികളുടേതായ ബൗദ്ധിക നിലവാരത്തിൽ ലഭ്യമാകും വിധമുള്ള പാഠ്യപദ്ധതികൾ നമുക്കുണ്ടാവേണ്ടതുണ്ട്. കുട്ടികൾക്കു മതപഠനത്തിന്നായ് നാം തയ്യാറാക്കിയ പാഠ്യ പദ്ധതികളിൽ അധികവും (കുർആൻ പഠന വിഭാഗത്തിൽ) പാരായണവും മനനവുമാണ് മുന്നിൽ കാണുന്നത്. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ തെളിവുകളായി മാത്രം കുർആൻ വചനങ്ങൾ കൊണ്ടുവരികയെന്ന രീതിക്കപ്പുറം കുർആൻ ആശയങ്ങളെയും അവതരണ ശൈലിയെയും കുഞ്ഞുപ്രായത്തിൽ തന്നെ പരിചയപ്പെടുത്തുന്ന രീതിയിലുള്ള പാഠ്യ പദ്ധതികളുടെ അഭാവം പ്രകടമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കുട്ടികൾക്കുള്ള മത പഠനത്തിന്റെ ഭാഗമായി പാരായണവും മനഃപാഠവും മുഖ്യമായി കാണുന്നതോടൊപ്പം ആശയ പഠനം സിലബസ്സിൽ ഉൾപെടുത്തിയതായികാണാൻ കഴിയും. ചിക്കാഗോ ആസ്ഥാനമായി പ്വർത്തിക്കുന്ന ഇക്അ് എഡ്യൂക്കേഷണൽ ഫൗണ്ടേഷന്റെ സ്കൂൾ പഠന സിലബസ്സുകളിൽ സബ് ജൂനിയർ പ്രായം മുതൽ സെക്കണ്ടറി തലം വരെയുള്ള വ്യത്യസ്ത ഇസ്ലാമിക പഠന സീരീസുകളിൽ ഇത്തരം പുസ്തകങ്ങളും പാഠ്യ പദ്ധതികളും നമുക്ക് കാണാം.

അല്ലാഹുവിന്റെ ഗ്രന്ഥം അതിന്റെ പ്രഥമ ഉറവിടത്തിൽ നിന്ന് തന്നെ ഉൾക്കൊള്ളാൻ പറ്റുന്ന രീതി പ്രിചയിക്കുന്നതിലൂടെ കുർആനിന്റെ സ്വാധീനം കുട്ടികളിൽ ഉണ്ടാകും. കുർആൻ സാരങ്ങളുടെ ഗ്രാഹ്യത ഏതൊരാൾക്കും പ്രാപ്യമാണെന്ന ഒരു പൊതുബോധം ഹൃദയത്തിൽ നിലനിൽക്കാനും ഇത് സഹായകമാണ്. “അണ്ടർസ്റ്റാന്റിംഗ് കുർആൻ’ പദ്ധതിയുമായി രംഗത്ത് വന്ന ഹൈദരാബാദിലുള്ള ഡോ. അബ്ദുൽ അസീസ് മുന്നോട്ട് വെച്ച് ഒരാശയമുണ്ടായിരുന്നു. ലോകത്തിലുള്ള എല്ലാ മുസ്ലിം വിദ്യാർഥികൾക്കും പ്ലസു പൂർത്തിയാകുമ്പോഴേക്കും കുർആനിന്റെ ആശയം ഒരാവർത്തി പൂർത്തിയായി മനസ്സിലാക്കാൻ കഴിയും വിധമുള്ള ഒരു പാഠ്യ പദ്ധതി മുസ്ലിം ലോകത്തിനു ആവശ്യമല്ലേ എന്നതായിരുന്നുഅത്. ഇസ്ലാമിക സ്കൂളുകളിലൂടെയും അതില്ലാത്തിടത്തു സമാന്തര സംവിധാനങ്ങളിലൂടെയും അത് സാധ്യമാക്കാൻ കഴിയുമോ എന്ന് ഈ രംഗത്ത് പണിയെടുക്കുന്നവർക്ക് ചിന്തിക്കാവുന്നതാണ്. ഏകദേശം എല്ലാ മാനവിക വിജ്ഞാനങ്ങളുടെയും ഒരു പ്രാഥമിക പരിജ്ഞാനം ലഭ്യമാകാൻ സ്കൂൾ പഠനകാലം കഴിയുന്ന വിദ്യാർഥിക്ക് കുർആനിനെ ഒരാ വർത്തിയിങ്കിലും പ്രാഥമികമായി പരിചയപ്പെടാൻ അവസരമുണ്ടാവേണ്ടതുണ്ട്.

ഏതായാലും മാതാപിതാക്കളുടെ ശ്രദ്ധ പതിയേണ്ട ഒന്നാണ് കുട്ടികളുടെ കുർആൻ പഠനം. മനനവും പാരായണവും ആശയ ബോധ്യവും എല്ലാം അതിന്റെതായ അളവിൽ അതാത് പ്രായത്തിൽ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തം നാം മറന്നുകൂടാ. മാത്രവുമല്ല നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല അറിവുകളിൽ പ്രഥമ സ്ഥാനത്ത് നിർത്തേണ്ടതും കുർആൻ തന്നെ. “നിങ്ങളിൽ ഏറ്റവും ഉത്തമൻ കുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്ന്ന’ (ബുഖാരി) നബി വചനത്തിന്റെ വൃത്തത്തിൽ നിന്ന് കുട്ടികൾ പുറത്തല്ലല്ലോ. മക്കളുടെ കുർആൻ പഠനത്തിൽ ശ്രദ്ധിച്ച മാതാപിതാക്കളെ പരലോകത്തു കാത്തിരിക്കുന്ന ആദരവും പ്രതിഫലവും എന്താണെന്ന് കൂടി ഒരു വിശ്വാസി അറിഞ്ഞാൽ കുർആൻ പഠനം

ഒരു “അഡീഷണൽ’ ചടങ്ങായി കാണാൻ കഴിയില്ല. നബി(സ്വ) പറഞ്ഞു: “ഒരാൾ കുർആൻ പഠിക്കുകയും പഠിപ്പിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവന്റെ മാതാപിതാക്കൾക്കു നാളെ പരലോകത്തു അല്ലാഹു പ്രകാശത്തിന്റെ ഒരു കിരീടം അണയിക്കും. അതിന്നു സൂര്യന്റെ പ്രകാശത്തെക്കാൾ വെളിച്ചമുണ്ടാകും” (അബൂദാവൂദ്).

ചെറിയ പ്രായം മുതൽ തന്നെ കുട്ടികൾ ചൊല്ലി പ്പഠിച്ചു തുടങ്ങുന്ന അധ്യായങ്ങളുടെയും സൂക്തങ്ങ

ളുടെയും ചെറിയ വിവരണം അവർക്ക് നൽകിയാൽ അത് എന്നും അവരുടെ ഓർമയിലുണ്ടാവും. ഉദാഹരണത്തിന് സൂറഃ അൽ ഫീൽ മനപ്പാഠമാക്കുന്ന കുട്ടിക്ക് അതോടൊപ്പം ആനക്കലഹ സംഭവത്തിന്റെ കഥ പറഞ്ഞു കൊടുത്താൽ ജീവിതത്തിലെവിടെ വെച്ചും “ഫീൽ’ അധ്യായം ഓതുകയോ കേൾക്കുകയോ ചെയ്താൽ സ്വാഭാവികമായും ആ സംഭവം മനോമുകര്ത്തിൽ ഓടിയെത്തും. അത് പോലെ സൂറഃ അൽ മസദ് പഠിക്കുന്ന തുടക്കക്കാലത്ത് തന്നെ അബൂലഹബ് നബിയെ കയ്യേറ്റം ചെയ്ത കഥ പറഞ്ഞു കൊടുത്താൽ നബി(സ്വ)യുടെ പരസ്യ പ്രബോധനത്തിന്റെ തുടക്കത്തിന്റെ ഒരു ചിത്രം മനസ്സിൽ മായാതെ കിടക്കും. അതാണ് കുർആനിന്റെ ശക്തിയും സ്വാധീനവും. കുർആൻ മനഃപാഠമാക്കാൻ ഏറ്റവും അനുയോജ്യമായത് കുട്ടിപ്രായമാണ്. മനഃപാഠമാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രത്യേകം നാം ഇതിന്നായി സജ്ജമാകേണ്ടതുണ്ട്. 

അഞ്ച്:വിശാസത്തിൽ ഉറച്ചു നിൽക്കാനും ആ മാർഗത്തിൽ ത്യാഗം സഹിക്കാനും ശീലിപ്പിക്കുക.

ഏതൊരു മനുഷ്യനും അവന്റെ വിശ്വാസ സംരക്ഷണത്തിന്റെ മാർഗത്തിൽ ക്ഷമയും ത്യാഗവും പുലർത്തേണ്ടി വരും തോറും അത് അവന്റെ വിശ്വാസത്തിന്റെ ശക്തിയും ചൈതന്യവും വർധിപ്പിക്കും. ഇന്നത്തെ വിശ്വാസികളായ കുട്ടികൾ ഈ രംഗത്ത് വലിയ പ്രതിസന്ധികൾ പലപ്പോഴും നേരിടുന്നവരാണ്. തന്റെ വിശ്വാസത്തെ മലിനീകരിക്കാനും സംസ്കാരത്തെ അവമതിക്കാനും ആസൂത്രിതമായ നീക്കം ചുറ്റിലും ഇന്ന് മനപ്പൂർവം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇസ്ലാമിക ചിഹ്നങ്ങളും വിശ്വാസങ്ങളും ഇളംതലമുറകളിൽ നിന്ന് ഊരിയെടുക്കുകയാണ് ഏറ്റവും വലിയ വിദ്യാഭ്യാസ് സേവനമെന്നു കരുതുന്ന ചിലരെങ്കിലും കലാലയങ്ങളുടെ നടുമുറ്റത്തിലുണ്ടെന്ന് സമീപ കാല അനുഭവങ്ങൾ നമ്മോടു വിളിച്ചു പറയുന്നുണ്ട്. പലപ്പോഴും മനപ്പൂർവമല്ലാതെയും ഇത് സംഭവിക്കാറുണ്ട്. സിലബസിന്റെ ഭാഗമായും മറ്റും പഠിപ്പിക്കപ്പെടുന്ന പലതിലും ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിനെ നിരാകരിക്കുന്നതോ പരിക്കേൽപിക്കുന്നതോ ആയ പല ഭാഗങ്ങളും ഉണ്ടാവാറുണ്ട്. പഠിപ്പിക്കുന്ന അധ്യാപകർ പലപ്പോഴും അതിന്റെ ഗൗരവം ഓർത്തുകൊള്ളണമെന്നില്ല.

ഇവിടെ രക്ഷിതാക്കളുടെയും സ്ഥാപന നടത്തിപ്പുകാരുടെയും ശ്രദ്ധയാണ് ആവശ്യം. ഒരിക്കൽ ഒരു പള്ളിക്കമ്മറ്റിയുടെ കീഴിൽ നടക്കുന്ന നഴ്സറിയുടെ പരിസരത്തു നിൽക്കുന്ന നേരത്ത് ക്ലാസ്സിലെ കുട്ടികളെ ടീച്ചർ മലയാളം കവിത ചൊല്ലിപ്പഠിപ്പിക്കുന്നത് കേൾക്കാൻ ഇടവന്നു. ഒന്ന് രണ്ടു കുട്ടികളൊഴിച്ചാൽ ബാക്കി എല്ലാവരും മുസ്ലിം കുട്ടികൾ. “അമ്മയാണ് ദൈവം, അച്ഛനാണ് ദൈവം…’ എന്ന് ടീച്ചർ ഈണത്തിൽ ചൊല്ലിക്കൊടുക്കുന്നു. കുട്ടികൾ ഏറ്റു ചൊല്ലുന്നു. സ്ഥാപന നടത്തിപ്പുകാർ തെരഞ്ഞെടുത്തു നൽകിയ ടെക്സ്റ്റ് ബുക്കിലെ വരികൾ മാത്രമാണത്. എനിക്ക് സ്വാതന്ത്യം ഉണ്ടായിരുന്ന ഒരു ഇടമായതിനാൽ ഞാൻ ഉടൻ ടീച്ചറെ അത് മാന്യമായ നിലയിൽ ബോധ്യപ്പെടുത്തി. അപ്പോൾ മാത്രമാണ് അവർക്ക് അതിന്റെ ഗൗരവം തിരിഞ്ഞത്. ഇത് പോലെ തിരുത്താനും തിരുത്തിക്കാനും അവസരമുള്ളിടത്തു കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ അല്ലാത്തിടങ്ങളിൽ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്.

വസ്ത്രമുരിഞ്ഞാൽ മാത്രം പങ്കാളിത്തം കിട്ടുന്ന മത്സരങ്ങളുടെ വിജയ സാധ്യതകളെക്കാൾ മൂല്യവത്തായി വിശ്വാസത്തെ കാണാനും അതിന്റെ മാർഗത്തിൽ വിലപ്പെട്ടത് പലതും ത്യജിക്കേണ്ടിവന്നാൽ മനഃക്ലേശം തോന്നാത്ത ഹൃദയത്തിന്റെ ഉടമയാകാൻ നമ്മുടെ മക്കൾക്ക് നാം ശീലവും ധൈര്യവും നൽകണം. “കുട്ടികളല്ലേ, അത് വലിയ കാര്യമാക്കേണ്ടതില്ലെ’ന്ന നിലപാട് വിശ്വാസികളുടെ ഭാഗത്തു നിന്ന് ണ്ടായിക്കൂടാത്തതാണ്. ഇസ്ലാമിക ചരിത്രങ്ങളിൽ അതിന്റെ മാതൃകകൾ ധാരാളം ഉണ്ട്.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

18: പ്രവാചകനെ അറിയുന്ന മക്കൾ​

18: പ്രവാചകനെ അറിയുന്ന മക്കൾ

നബിക്ക് ചുറ്റും വളർന്ന അനുചരന്മാരുടെ കുട്ടികൾക്ക് നബിയോടുള്ള സ്നേഹത്തിന്റെ ആഴവും അതിന്റെ മാതൃകകളുമാണ് കഴിഞ്ഞ ലക്കത്തിൽ നാം വായിച്ചറിഞ്ഞത്. എന്നാൽ നബിയെ കണ്ടിട്ടില്ലാത്ത, നബിയെ മറ്റുള്ളവർ സ്നേഹിക്കുന്നത് നോക്കിക്കാണാൻ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ കുട്ടികളിൽ എങ്ങനെ പ്രവാചക സ്നേഹം വളർത്തിയെടുക്കും?

ചില മാർഗങ്ങൾ

1. നബിയുടെ ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. ഒപ്പം നബിയുടെ മഹനീയമായ സ്വഭാവഗുണങ്ങൾ വിവരിച്ചു കൊടുക്കുക. അക്രമിക്കപ്പെടുന്നവനെ സഹായിക്കൽ, അനാഥകളോടും അഗതികളോടും കരുണകാണിക്കൽ, ജന്തുജാലങ്ങളോടുള്ള കാരുണ്യം. ഇങ്ങനെ വിവരിച്ചുകൊടുക്കുവാൻ പ്രവാചക ജീവിതത്തിലെ ഏടുകൾ എമ്പാടുമുണ്ടല്ലോ.

2. നബി തന്റെ സമുദായത്തെ എത്രകണ്ട് സ്നേഹിച്ചിരുന്നുവെന്ന് മനസ്സി ലാക്കിക്കൊടുക്കുക. അദ്ദേഹം തനിക്ക് ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാർഥന പോലും തന്റെ സമുദായത്തിന് വേണ്ടി പ്രാർഥിക്കാൻ ഉയർത്തെഴുന്നേൽപിന്റെ നാളിലേക്ക് മാറ്റിവെച്ചതു പോലുള്ള ഉദാഹരണങ്ങൾ പറഞ്ഞു കൊടുക്കുക.

3. നബിയുടെ അനുചരന്മാർ നബിയെ സ്നേഹിച്ച രീതിയും അദ്ദേഹത്തിന് വേണ്ടി അവർ സഹിച്ച ത്യാഗങ്ങളും വിശദമാക്കിക്കൊടുക്കുക. യുദ്ധവേളയിൽ നബിയെ ശത്രുക്കൾ ആക്രമിക്കാൻ വന്നപ്പോൾ അനുചരന്മാർ നബിക്ക് ചുറ്റും ശരീരമറ സൃഷ്ടിച്ച് അമ്പുകൾ ഏറ്റുവാങ്ങിയ സംഭവം പോലുള്ളവഉദാഹരണം.

4. പ്രവാചക വചനങ്ങളിൽ നിന്ന് എളുപ്പമുള്ളതും അത്യാവശ്യമുള്ളതും മനഃപാഠമാക്കാൻ പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിലെ നബിചര്യകൾ ശീലിപ്പിക്കുകയും ചെയ്യുക. മാതാപിതാക്കൾ സ്വജീവിതത്തിൽ നബിചര്യ പിന്തുടർന്ന് മാതൃക കാണിക്കുകയും നബിയോടുള്ള ഇഷ്ടം കൊണ്ടാണ് അതെന്ന് അവർക്കു ബോധ്യപ്പെടുത്തുകയും ചെയ്യുക.

5. കേവല കഥ പറച്ചിലിന് പകരം നബിജീവിതവുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ ചോദിക്കാനും ചർച്ചക്കും ധൈര്യം പകരുകയും അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക.

6. നബിചരിതം വിവരിക്കുന്നതിൽ ആകാംഷയെ ഉദ്ദീപിപ്പിക്കും വിധമുള്ള ശൈലി സ്വീകരിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുക.

7. ഇവിടെ വെച്ച് നബിയെ സ്നേഹിക്കുന്നവർക്ക് പരലോകത്തു നബിയെ കാണാൻ അവസരം ഉണ്ടാകുമെന്ന കാര്യം പറഞ്ഞുകൊടുക്കുക. നബിയുടെ കൈകൊണ്ട് “കൗസർ’ പാനീയം വാങ്ങിക്കുടിക്കാൻ അർഹതയുള്ളവരും, അന്ന് നബിക്ക് ആട്ടിയ

കറ്റുന്നവരും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചു മനസ്സിലാക്കിക്കൊടുക്കുക.

8. നബിജീവിതവും നബിസ്നേഹവുമായി ബന്ധപ്പെട്ടു ചെറിയ പ്രാജകുകൾ ചെയ്യാൻ സഹായിക്കുക. തത് വിഷയത്തിൽ നമ്മുടെ കലാലയങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ ഉണ്ടാവുകയും അതിൽരക്ഷിതാക്കളെ കൂടി പങ്കാളികളാക്കുകയും ചെയ്യുക.

9. നബിയുടെ കുട്ടിക്കാല ജീവിതം അവർക്ക് മുമ്പിൽ തുറന്നു വെക്കുക. നബിയുടെ അനാഥത്വം, ഹലീമയുടെ വീട്ടിലെ ശൈശവം, അക്കാലത്ത് ഹലീമയുടെ കുടുംബത്തിനു വന്നുകിട്ടിയ അനുഗ്രഹങ്ങൾ, യാത്രകളിൽ നബിയെ കുറിച്ച് മറ്റുള്ളവർ സൂ

ചിപ്പിച്ചത്, നബിയുടെ സത്യസന്ധതയും അത് മൂലം നബിക്ക് സമൂഹത്തിൽ കിട്ടിയ ആദരവും സൽപ്പേരും, തെറ്റുകളിൽ നിന്നുള്ള സംരക്ഷണം… തുടങ്ങി അല്ലാഹു നബിയെ പരിഗണിച്ചതും പരിരക്ഷിച്ചതുമായ സംഭവങ്ങൾ പറഞ്ഞുകൊടുക്കുക.

10. നബി നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യം കുർആൻ വിവരിക്കുന്നത് പറഞ്ഞുകൊടുക്കുക. ഉദാഹരണം: “നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്” (33:45,46).

11. ഇരു ലോകത്തും വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് നബിജീവിതം പിൻപറ്റൽ മാത്രമാണ് സുരക്ഷിതവും ലളിതവുമായ പൂർണ മാർഗമെന്ന് ബോധ്യപ്പെടുത്തുക.

12. നബിക്ക് മാത്രമുള്ള പ്രത്യേകതകൾ പഠിപ്പിക്കുക മൂലം അദ്ദേഹത്തെ പിൻപറ്റുന്ന വിഷയത്ത ഗൗരവത്തിലെടുക്കാൻ മക്കൾക്കു കഴിയും. ഉദാ: അബൂഹുറയ്റയിൽ നിന്ന് നിവേദനം: നബി ആർ പറഞ്ഞു: “ആറ് കാര്യങ്ങളിൽ ഞാൻ മറ്റു പ്രവാചകന്മാരിൽ ശഷ്ടമാക്കപ്പെട്ടു. വചനങ്ങളുടെ ആശയസംഗ്രഹം എനിക്ക് നൽകപ്പെട്ടു. ശ്രതുക്കളിൽ എ

ന്നെക്കുറിച്ച് ഭയം തോന്നിപ്പിച്ചു. എന്നെ സഹായിച്ചു. ബനീമുലക്ക് യുദ്ധമുതൽ അനുവദനീയമാക്കപ്പെട്ടു. ഭൂമി മുഴുക്കെ എനിക്ക് പള്ളിയും ശുദ്ധിയുള്ളതുമാക്കപ്പെട്ടു. എല്ലാ സൃഷ്ടികളിലേക്കുമായി ഞാൻ അയക്കപ്പെട്ടു. എന്നിലൂടെ പ്രവാചകത്വത്തിന്നു വിരാമം കുറിക്കപ്പെട്ടു” (ഇമാം മുസ്ലിം).

13. സുന്നത്ത് (നബി ചര്യ) പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ബിദ്അത്ത് (നബി ചാര്യയല്ലാത്തത് മതമായി അനുഷ്ഠിക്കൽ) ചെയ്യുന്നതിന്റെ അപകടവും ഓർമപ്പെടുത്തൽ.

14. നാം കാണാത്ത നബി യെ സ്നേഹിക്കുമ്പോൾ നമ്മളെ കാണാത്ത നബിക്ക് നമ്മെ കാണാൻ ഇഷ്ടമുണ്ടന്നും പരലോകത്ത് അതിന് അല്ലാഹു അവസരമൊരുക്കുമെന്നും അവർക്ക് നാം പറഞ്ഞു കൊടുക്കുക. അനസം നിവേദനം. നബി ൾ പറഞ്ഞു:

“എന്റെ സഹോദരങ്ങളെ കണ്ടുമുട്ടാൻ എനിക്ക് കൊതിയായി.” അപ്പോൾ സ്വഹാബികൾ ചോദിച്ചു: “ഞങ്ങളല്ലയോ താങ്കളുടെ സഹോദരങ്ങൾ?” അപ്പോൾ നബി പറഞ്ഞു: “നിങ്ങൾ എന്റെ സഖാക്കളാകുന്നു. എന്നാൽ എന്റെ സഹോദരങ്ങൾ; എന്നിൽ വിശ്വസിച്ചവരും എന്നാൽ എന്നെ കണ്ടിട്ടില്ലാത്തവരുമാണവർ” (സിൽസിലതുസ്സ്വഹീഹ, അൽബാനി).

ഇതെല്ലാം അധ്യാപകർക്കും രക്ഷിതാക്കളൾക്കുമൊക്കെ പ്രാപ്യമായ ചില മാർഗങ്ങൾ മാത്രമാണ്.

നമ്മുടെ മനസ്സും ജീവിതവും നിറയെ പ്രവാചകൻ ഉണ്ടെങ്കിലേ ഈ സാധ്യതകളെല്ലാം നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. ബാലസാഹിത്യങ്ങളും ഇസ്ലാമിക സമൂഹവും

സച്ചരിതരും ധീരരും ത്യാഗികളുമൊക്കെയായ മുൻഗാമികളുടെ ജീവിത മാതൃകകൾ കുട്ടികളുടെ മനസ്സുകളിൽ സന്നിവേശിപ്പിക്കപ്പെടാവുന്ന വിധത്തിൽ

ആകർഷണീയവും ഗുണനിലവാരമുള്ളതുമായ വൈജ്ഞാനിക ഉത്പന്നങ്ങൾ എത്രത്തോളം ലഭ്യമാണ് നമ്മുടെ നാട്ടിൽ എന്നത് പഠനവിധേയമാക്കേണ്ട ഒരു ഗൗരവമാർന്ന വിഷയമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാമൊഴികളിൽ മാത്രം സാധ്യമാകുന്നതല്ല മുമ്പ് സൂചിപ്പിച്ച് ചുവടുവെപ്പുകൾ.

കുട്ടികളുടെ മനസ്സിനെ കീഴ്പെടുത്തി വെച്ചിരിക്കുന്നത് അർഥ രഹിതമായ കഥാപാത്രങ്ങളും ജീവിത ശൈലികളുമാണ്. സൂപ്പർമാനും സ്പൈഡർമാനും

അടക്കമുള്ളവ ഉദാഹരണം. വായിക്കാൻ മക്കൾക്ക് നല്ലത് നൽകണമെന്ന് ഉപദേശിക്കുന്നവരോട് ചില രക്ഷിതാക്കളെങ്കിലും ചോദിക്കുന്നു; ബദലുകൾ എവിടെ എന്ന്. കേരളത്തെ പോലെ ഇസ്ലാമിക വൈജ്ഞാനിക പ്രസീദ്ധികാരണ രംഗത്ത് ഉന്നതിയിൽ

എത്തിയ മറ്റു പ്രദേശങ്ങളും ഭാഷകളും കുറവാണ്. എന്നിട്ടും ഈ മേഖല തീർത്തും ദാരിദ്ര്യ രേഖക്ക് താഴെയാണ്. എന്നാൽ അറബ് ലോകത്ത് കുട്ടികളുടെ മാനസിക-ബൗദ്ധിക നിലവാരങ്ങൾക്കൊത്ത ധാരാളം ഇസ്ലാമിക ഉൽപന്നങ്ങളുണ്ട്.

പ്രവാചകൻമാർ മുതൽ താഴോട്ടുള്ള മഹാരഥന്മാരുടെ ജീവിത ഏടുകൾ ഏറ്റവും നല്ല നിലവാരത്തിൽ കുട്ടികൾക്കായി സമർപ്പിക്കാവുന്ന വിധം മനഃപൂർവമുള്ള ഇടപെടലുകൾക്ക് നാം തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം, അറിവും ശീലങ്ങളും ഏറ്റവും വേര് പിടിക്കുന്ന ഘട്ടത്തിൽ വില്ലന്മാർ അവരുടെ മനസ്സിനെയും ബുദ്ധിയെയും വിലക്കടുത്തിട്ടുണ്ടാകും.

ഈ മേഖലയിൽ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം:

1. ഇസ്ലാമിക ബാലവൈജ്ഞാനിക ഉൽപന്നങ്ങൾക്ക് മാത്രമായി ഒരു വിഭാഗം പ്രത്യേകം പാജെക്ടുകളുമായി നിലകൊള്ളുക.

2. അറബ് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഇസ്ലാമിക ബാലവൈജ്ഞാനിക ഉൽപന്നങ്ങൾ സംഘടിപ്പിക്കുകയും അവ മാതൃകയാക്കിയോ പരിഭാഷകപ്പെടുത്തിയോ പുസ്തക രൂപത്തിലും ഡിജിറ്റൽ രൂപത്തിലും പുറത്തിറക്കുക.

3. കുട്ടികളുടെ വളർച്ചാഘട്ടത്തെ പരിഗണിച്ചു കൊണ്ട് നല്ല ഭാഷയും ഡിസൈനിങ്ങും ഉറപ്പ് വരുത്തുക. നഴ്സറി തലം മുതൽ ഹൈസ്കൂൾ തലം വരെയും ള്ളവരെ പരിഗണിച്ചുകൊണ്ട് ഉൽപന്നങ്ങൾ പുറത്തിറക്കുക. കുട്ടികൾക്ക് അനുയോജ്യമായ ബാലമാസികകൾക്ക് പ്രാധാന്യം നൽകുക.

4. മദ്റസകളിലും മറ്റു ഇസ്ലാമിക കലാലയങ്ങളിലും ഇത്തരം പ്രാഡക്റ്റകളടങ്ങിയ ലൈബ്രറി നിർബന്ധമാക്കുകയും വ്യവസ്ഥാപിതമായ പുസ്തക, സിഡി വിതരണത്തിന് സമയം അനുവദിക്കുകയും ചെയ്യുക.

 
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

ഉണങ്ങാത്ത പാടുകള്‍

ഉണങ്ങാത്ത പാടുകള്‍

പതിവുപോലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയ ശേഷം അവരെ നിരീക്ഷിച്ചു കൊണ്ട്  ഹെഡ്മാസ്റ്റര്‍ അവര്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് ഇരിപ്പിടം വൃത്തിയാക്കണമെന്ന് അദ്ദേഹം കുട്ടികളോടായി പറയുക പതിവാണ്. അതിനിടയില്‍ മിക്കപ്പോഴും ഇടപെട്ട് പരിഹരിക്കേണ്ടതായ പരാതികളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കാണും.   

അങ്ങനെ നടക്കുന്നതിനിടയിലാണ് രണ്ടാം ക്ലാസിന്റെ മൂലയില്‍ ഇരിക്കുന്ന രണ്ട് കുട്ടികളിലൊരാള്‍ കരയുന്നത് ശ്രദ്ധയില്‍പെട്ടത്. നാലാം തരത്തിലെ റിഹാനും രണ്ടാം തരത്തിലെ അവന്റെ അനിയന്‍ റബീഉം. ഇളയവനാണ് കരയുന്നത്. ഹൈഡ്മാസ്റ്റര്‍ അടുത്തുചെന്നു.  എന്തിനാണ് കരയുന്നതെന്ന റബീഇനോടുള്ള ചോദ്യത്തിന് റിഹാനാണ് മറുപടി പറഞ്ഞത്: ”സാറേ, അവനിനിയും കടല വേണമെന്ന് പറഞ്ഞ് കരയ്വാണ്.” (അന്ന് ചോറിന്റെ കൂടെ കടലയായിരുന്നു നല്‍കിയത്). 

റബീഇന്റെ കടലയെവിടെയെന്ന് അന്വേഷിച്ച സാറിന് മനസ്സിലായി, രണ്ടുപേര്‍ക്കുമുള്ള കടല ഒരു പാത്രത്തിലാണ് വാങ്ങിയിട്ടുള്ളത് എന്നും അതാകട്ടെ ജ്യേഷ്ഠന്റെ കസ്റ്റഡിയിലാണുള്ളതെന്നും. കടലപ്പാത്രം തുറന്ന് റിഹാന്‍ കുറച്ച് അനുജന് കൊടുത്തു. പെട്ടെന്ന് തന്നെ അവന്‍ പാത്രം അടച്ചുവെച്ചു. വിലപ്പെട്ടതെന്തോ ജാഗ്രതയോടെ സൂക്ഷിക്കും മട്ടില്‍  ആ പാത്രമവന്‍ അല്‍പംകൂടി അടുത്തേക്ക് വെച്ചു. ആ കുഞ്ഞുമുഖത്ത് നിഴലിച്ചു നില്‍ക്കുന്ന അവ്യക്തമായ ഭാവം വായിച്ചെടുക്കുവാന്‍ ഹെഡ്മാസ്റ്റര്‍ പ്രയാസപ്പെട്ടു. എന്തോ ഒരു പന്തികേട് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നി. അല്‍പം മാറി നിന്ന് അദ്ദേഹംഅവരെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. മറ്റുകുട്ടികളില്‍ അധികപേരും വീട്ടില്‍ നിന്ന് വ്യത്യസ്ത കറികള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും സ്‌കൂളില്‍ നിന്ന് നല്‍കിയ ചോറും കടലയുമല്ലാതെ മറ്റൊന്നും ആ ജ്യേഷ്ഠാനുജന്മാരുടെ പക്കലില്ലെന്ന് സാറിന് മനസ്സിലായി.

കിട്ടിയ കടല ആര്‍ത്തിയോടെ കഴിക്കുന്ന അനിയന് ജ്യേഷ്ഠന്‍ നല്‍കിയ ഉപദേശം കേട്ട് സാറിന്റെ മനസ്സ് പിടഞ്ഞു. ”ഇനി കടല ചോദിക്കരുത്… നമുക്ക് വൈകുന്നേരം ചായക്ക് കൂടെ കഴിക്കാന്‍ പിന്നെ ഒന്നുമുണ്ടാകൂല…”

ദൈന്യത നിഴലിട്ട ആ കുഞ്ഞു മുഖങ്ങളുടെ കാഴ്ച അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിച്ചു. ആ സമയത്ത് മനസ്സിനെ വേദനിപ്പിക്കുമാറ് മറ്റു വിദ്യാര്‍ഥികള്‍ കോഴിയിറച്ചിയും കോഴിമുട്ടയും അടക്കമുള്ള വ്യത്യസ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ തിന്നുതീര്‍ക്കാതെ ബാക്കിയാക്കി സമീപത്ത് നിരത്തിവെച്ചിട്ടുള്ള വേസ്റ്റ് ബക്കറ്റുകളിലേക്ക് ചൊരിയുന്ന കാഴ്ച സാറിന്റെ കണ്ണുകളെ ഈറനണിയിച്ചു. 

ദാരിദ്ര്യം പങ്കുവെച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്ന ആ കുഞ്ഞു മുഖങ്ങളിലേക്ക് സാറിന്റെ കണ്ണുകള്‍ പാഞ്ഞു. നിധി സൂക്ഷിക്കും പോലെ കടലപ്പാത്രം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ശ്രദ്ധയോടെ ഊണ് കഴിക്കുന്ന റിഹാന്‍!

കരച്ചിലിന്റെ പാടുകളുണങ്ങാത്ത കണ്ണുകളുമായി അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന റബീഅ്.എങ്ങനെ ഈ കാഴ്ച കരണയുള്ള കണ്ണുകളെ നനയിക്കാതിരിക്കും! ആരുടെയും ശ്രദ്ധയില്‍ പെടാതെ അദ്ദേഹം കണ്ണുതുടച്ച് മെല്ലെ ഒാഫീസ് റൂമിലേക്ക് നടന്നു.

പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ ഭക്ഷണം ബാക്കിയാക്കി കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി ഒരിക്കലുമങ്ങനെ ചെയ്യരുത്. റിഹാനെയും റബീഇനെയും പോലുള്ള എത്രയോ കുട്ടികള്‍ നിങ്ങള്‍ വലിച്ചെറിയുന്ന ഭക്ഷണമെങ്കിലും കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ച് വിശന്നുവലഞ്ഞ് ജീവിക്കുന്നുണ്ടെന്ന സത്യം നിങ്ങള്‍ മനസ്സിലാക്കണം. 

 

ബി.എം അശ്‌റഫ് മമ്പാട്
നേർപഥം വാരിക

കുറുക്കനും കുഞ്ഞാടും

കുറുക്കനും കുഞ്ഞാടും

ഒരു ദിവസം ഒരു കുഞ്ഞാട് മറ്റുള്ള ആടുകളുടെ കൂടെ വിശാലമായ പുല്‍മേട്ടില്‍ മേയുകയായിരുന്നു. നല്ല ഇളം പുല്ലുകളുള്ള സ്ഥലം പുല്‍മേടിന്റെ അറ്റത്തായി അത് കണ്ടെത്തി. കുഞ്ഞാട് പുല്ല് തിന്ന് തിന്ന് മറ്റുള്ളവരില്‍ നിന്നും വളരെ അകലെയായി. തന്റെ അടുത്തേക്ക് ചെന്നായ വരുന്നുണ്ടെന്നറിയാതെ അവള്‍ വളരെ ആസ്വദിച്ച് ഇളം പുല്ല് കഴിച്ചുകൊണ്ടേയിരുന്നു. ചെന്നായ തന്റെ അടുത്തെത്തിയത് ഞെട്ടലോടെ അവള്‍ അറിഞ്ഞു. തന്റെ മേല്‍ ചാടിവീഴും മുമ്പ് രക്ഷപ്പെടാനുള്ള പോംവഴികള്‍ അവള്‍ ആലോചിച്ചു. ബുദ്ധി പ്രയോഗിച്ചാലേ രക്ഷയുള്ളൂ. ചെന്നായയോട് ഏറ്റുമുട്ടി ജയിക്കുവാനുള്ള ശക്തി തനിക്കില്ല. അവള്‍ വിനയ സ്വരത്തില്‍ ചെന്നായയോട് അഭ്യര്‍ഥിച്ചു:  

”ക്ഷമിക്കണം, എന്നെ ദയവു ചെയ്ത് ഭക്ഷിക്കരുത്. എന്റെ വയറ്റില്‍ ഇപ്പോള്‍ നിറയെ പുല്ലാണ്. നിങ്ങള്‍ കുറച്ചുനേരത്തേക്ക് കാത്തുനില്‍ക്കുക. അപ്പോഴേക്കും എന്റെ മാംസം കൂടുതല്‍ രുചികരമായിത്തീരും. ഇളംപുല്ല് കഴിച്ചയുടനെയുള്ള മാംസത്തിന് നല്ല രുചിയുണ്ടാകില്ല.” 

ചെന്നായ ഈ കുഞ്ഞാട് പറഞ്ഞത് സത്യമാണെന്ന് വിചാരിച്ചു. അത് കുറച്ച്‌നേരം കാത്തു നില്‍ക്കാമെന്ന് സമ്മതിച്ചു. 

കുറച്ച് സമയത്തിന് ശേഷം കുഞ്ഞാട് പറഞ്ഞു: ”നിങ്ങള്‍ എന്നെ നൃത്തം ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ എന്റെ വയറ്റിലെ പുല്ല് വളരെ വേഗം ദഹിക്കും.” 

ഇതും സത്യമാണെന്ന് ചെന്നായ കരുതി. അങ്ങനെ കുഞ്ഞാട് നൃത്തം ചെയ്യാന്‍ തുടങ്ങി. കുഞ്ഞാടിന്റെ മനസ്സില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ആഗ്രഹമാണുള്ളത്. ചെന്നായ തന്നെ കടിച്ചുകീറി തിന്നുന്നത് ആലോചിച്ചപ്പോള്‍ അവളുടെ ഭയം കൂടി. പെട്ടെന്ന് അവള്‍ക്ക് മറ്റൊരു സൂ്രതം തോന്നി. അവള്‍ പറഞ്ഞു: ”എന്റെ കഴുത്തിലെ മണി എടുത്ത് നിങ്ങള്‍ക്ക് കഴിയുന്നത്ര ശക്തിയില്‍ കിലുക്കുക. മണിയടിയൊച്ച കേട്ടാല്‍ എനിക്ക് കൂടുതല്‍ വേഗത്തില്‍ നൃത്തം ചെയ്യാന്‍ കഴിയും. അപ്പോള്‍ പുല്ല് വേഗം ദഹിക്കും. നിങ്ങള്‍ക്ക് രുചികരമായ എന്റെ മാംസം തിന്നുകയും ചെയ്യാം.”

കുഞ്ഞാടിനെ തിന്നാനുള്ള കൊതിമൂത്ത ചെന്നായ മണി എടുത്ത് ശക്തിയായി അടിക്കാന്‍ തുടങ്ങി. ആട്ടിടയന്‍ ദൂരെനിന്ന് ഈ ശബ്ദം കേള്‍ക്കുകയും കാണാതായ കുഞ്ഞാടിനെ തേടി തന്റെ നായകളെ മണിയടിയൊച്ച കേട്ട ഭാഗത്തേക്ക് അയക്കുകയും ചെയ്തു. 

കരുച്ചുകൊണ്ട് ഓടിവരുന്ന നായകളെ കണ്ടപ്പോള്‍ ചെന്നായ തന്റെ ജീവനും കൊണ്ട് ഒാടി രക്ഷപ്പെട്ടു. ചെന്നായയുടെ വായില്‍നിന്ന് രക്ഷപ്പെട്ട കുഞ്ഞാട് മറ്റുള്ള ആടുകളുടെ സമീപത്ത് തിരിച്ചെത്തുകയും ചെയ്തു. 

കൂട്ടുകാരേ, പലപ്പോഴും കരുത്തിനെക്കാള്‍ ബുദ്ധിയോടെയുള്ള നീക്കങ്ങള്‍ക്ക് നമ്മെ ആപത്തില്‍നിന്ന് രക്ഷിക്കുവാന്‍ കഴിയും. ചിന്തയില്ലാത്ത പ്രവര്‍ത്തനം നമ്മെ ആപത്തില്‍ ചാടിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്യുക.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക