24: കുട്ടികളെ അഭിവാദ്യം ശീലിപ്പിക്കുക

24: കുട്ടികളെ അഭിവാദ്യം ശീലിപ്പിക്കുക

മക്കളുടെ സാമൂഹ്യവളർച്ചക്ക് നിദാനമാകുന്ന ചുവടുവയ്ക്കുകളെ കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹ്യ ഇടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് അഭിവാദ്യങ്ങൾ. ഇസ്ലാമിന്റെ അഭിവാദ്യം സലാം പറയലാണ്. കുട്ടികളോട് ആദ്യമാദ്യം നാം അങ്ങോട്ട് സലാം പറഞ്ഞ് അത് ശീലിപ്പിക്കണം. അങ്ങനെ അവരിൽ സലാം കൊണ്ടാണ് സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങേണ്ടതെന്ന ബോധം അടിയുറക്കാൻ തുടങ്ങും. പിന്നീട് സ്വാഭാവികമായും അവർ സലാം കൊണ്ട് തുടങ്ങും. മാത്രമല്ല പല കുട്ടികളും സമൂഹത്തിലെ വ്യത്യസ്ത നിലവാരത്തിൽ ഉള്ളവരുമായി ഇടപെടാനുള്ള മടിയുടെ അടിസ്ഥാന കാര്യങ്ങളിൽ ഒന്ന് “സ്റ്റാർട്ടിങ് പ്രോബ്ലം’ ആണ്. പ്രവേശിക ലഭിക്കാത്തതിനാൽ സംസാരിക്കാൻ മടിച്ചു പിന്മാറുന്ന പ്രവണത ധാരാളം കുട്ടികളിൽ ഉണ്ട്. അത് ഇല്ലായ്മ ചെയ്യാൻ ഈ ശീലം അവരെ സഹായിക്കും. കുട്ടികൾക്ക് അങ്ങോട്ട് സലാം പറയുന്ന രീതി നബിയുടെ ശീലമായിരുന്നു. കുട്ടികൾ വലിയവർക്കാണ് സലാം പറയേണ്ടതെന്ന മര്യാദയും നിയമവും പഠിപ്പിച്ച നബി കുട്ടികളിൽ ആ ശീലം വളരുവാൻ അവരെ കണ്ടാൽ സലാം പറഞ്ഞു തുടങ്ങാറുണ്ടായിരുന്നു. ഏതെങ്കിലും പ്രത്യേക സമയത്തെ ഒരു അസാധാരണ രീതി ആയിരുന്നില്ല കുട്ടികളോടുള്ള നബി യുടെ സലാം പറയൽ.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് അനസം വിനെ തിരഞ്ഞുവന്ന നബിക കുട്ടികൾക്കു സലാം ചൊല്ലി എന്ന ഹദീഥ് കഴിഞ്ഞ ലക്കത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നസാഈയുടെ മറ്റൊരു റിപ്പോർട്ടിൽ സാബിത്വിൽ നിന്നുള്ള ഹദീഥിൽ, നബി അൻസ്വാറുകളെ സന്ദർശിക്കാറുണ്ടായിരുന്നു എന്നും അവരുടെ കുട്ടികൾക്ക് സലാം ചൊല്ലുകയും അവരുടെ തലകളിൽ തടവുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നും കാണാൻ സാധിക്കും. മുതിർന്നവരെ കാണുമ്പോൾ സലാം ചൊല്ലാനും സംസാരമാരംഭിക്കാനുമുള്ള ധൈര്യവും സന്നദ്ധതയും ഇത് അവരിൽ വളർത്തുമെന്നതിൽ സംശയമില്ല. രോഗികളെ സന്ദർശിക്കാൻ പ്രേരിപ്പിക്കുക ഇസ്ലാം വളരെയേറെ പ്രോത്സാഹിപ്പിച്ച ഒന്നാണ് രോഗികളെ സന്ദർശിക്കൽ. രോഗികൾക്ക് ആശ്വാസവും സന്തോഷവും നൽകുന്ന ഒന്നാണ് അത് എന്ന് മാത്രമല്ല ബന്ധങ്ങളെ ഇണക്കിച്ചേർക്കാൻ സഹായകവുമാണ്. എന്നാൽ കുട്ടികൾ രോഗികളാണെന്നറിഞ്ഞാൽ നാം അവരെ സന്ദർശിക്കുന്നതിൽ അത്ര ഗൗരവം കാണാറില്ല. മുതിർന്നവരെയെന്ന പോലെ അവരെയും നാം സന്ദർശിക്കുകയാണങ്കിൽ അത് അവരിൽ സമാധാനവും സന്തോഷവും ഉണ്ടാക്കും എന്ന് മാത്രമല്ല, സാമൂഹ്യബോധം വളർത്തുകയും ചെയ്യും. അത് പരിഗണിക്കപ്പെടുന്ന “ഒരാളായി’ മാറിയതിന്റെ ഔന്നത്യ ബോധം അവരിൽ ഉണ്ടാക്കുകയും അവ തിരിച്ചു നൽകുന്ന ഒരു ശീലമായി അവർ സ്വീകരിക്കുകയും ചെയ്യും. അത് അവരെ സമൂഹവുമായി ബന്ധിപ്പിക്കും.

കുട്ടികളെ, പ്രത്യേകിച്ച് കൗമാരത്തിലേക്ക് കടന്നുവരുന്ന പ്രായത്തിലുള്ളവരെ സന്ദർശിക്കുന്നതിലൂടെ അവർക്ക് അവരുടെ വേദനക്കും വ്യഥക്കും ആശ്വാസം ലഭിക്കുന്നതോടൊപ്പം അവരിൽ നല്ലൊരു ശ്രദ്ധാലുവിനെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ധാർമികതയുടെയും ദൈവബോധത്തിന്റെയും ഉള്ളടക്കങ്ങൾ നൽകുന്നവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാത്തവരാകും ഈ പ്രായത്തിലുള്ള കുട്ടികളിൽ അധികവും. എന്നാൽ രോഗാവസ്ഥയിൽ നിങ്ങൾ അവരെ സന്ദർശിക്കുകയാണെങ്കിൽ അവർ നിങ്ങൾക്ക് ശാന്തമായതും ഏകാഗ്രത നിറഞ്ഞതുമായ മനസ്സ് സമർപ്പിക്കും. അനിവാര്യമായതും അത്യാവശ്യമായി തോന്നുന്നതുമായ ഉപദേശവും ദൈവസ്മരണ വളർത്തുന്ന ചെറിയ ചർച്ചകളും അവരുമായി നടത്താൻ അവസരം ലഭിക്കുകയും അവ അവരുടെ മനസ്സിൽ തട്ടുകയും ചെയ്യും. അവരുടെ മനസ്സിൽ വിശ്വാസം ഉറപ്പിക്കാനും സമർപ്പണ ബോധം വളർത്താനും ഗുണകരമായ മാറ്റം ജീവിതത്തിൽ ഉണ്ടാക്കാനും പറ്റിയ ഏറ്റവും നല്ല ഒരു സന്ദർഭമാണ് ഈ സന്ദർശനം.

അല്ലാഹുവിന്റെ തിരുദൂതർ ചെയ്തകാണിച്ച് ഉത്തമ മാതൃകയാണിത്. നബിക്ക് ജൂതനായ ഒരു കുട്ടി പരിചാരകനായി ഉണ്ടായിരുന്നു. അവന് രോഗം പിടിപെട്ടു. നബി അവനെ (വീട്ടിൽ ചെന്ന്) സന്ദർശിച്ചു. അവന്റെ തലഭാഗത്ത് ഇരുന്നു. (സംസാരത്തിനിടയിൽ) നബി അവനോട് പറഞ്ഞു: “നീ സമാധാനത്തിന്റെ സന്ദേശത്തിന് സമർപ്പിതനാവുക.’ അവൻ തന്റെ അടുക്കൽ ഇരിക്കുന്ന പിതാവിനെ നോക്കി(അദേഹത്തിന്റെ അഭിപ്രായം തിരക്കുന്ന രീതിയിൽ). അപ്പോൾ അദ്ദേഹം പറഞ്ഞു: “മകനേ, നീ അബൂക്വാസിമിനെ (റസൂൽ) അനുസരിക്കുക.’ അങ്ങനെ ആ കുട്ടി പ്രലോഭനങ്ങളോ പ്രകോപനങ്ങളോ തൊട്ടുതീണ്ടാത്ത വിധം നബിയുടെ വിളിക്ക് ഉത്തരം നൽകി, സ്വന്തം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിമായി. (ബുഖാരി).

ഈ സംഭവം നമുക്ക് നൽകുന്ന ഒന്നിലധികം പാഠങ്ങളുണ്ട്; നബിയുടെ കൂടെ സദാ പരിചാരകനായി നടക്കുന്ന കുട്ടിയോട് നബി അവന്റെ വീട്ടിൽ വെച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്. തന്മൂലം “പ്ക്വതയും വകതിരിവുമില്ലാത്ത കുട്ടിയെ മുഹമ്മദ് പ്രലോഭിപ്പിച്ചു മതത്തിൽ കൂട്ടി’ എന്ന ശത്രുക്കളുടെ ആക്ഷേപത്തിന് അവസരം ലഭിച്ചില്ല. രണ്ടാമത്തേത് നാം മുകളിൽ സൂചിപ്പിച്ച രോഗശയ്യയിലെ ശ്രദ്ധയും ഏകാഗ്രതയും നിറഞ്ഞ നല്ല അവസരത്തെ നന്മയിലേക്കുള്ള പരിവർത്തനത്തിന് ഉപയോഗപ്പെടുത്തി എന്നതാണ്.

അല്ലാഹുവിന്റെ ദൂതർ കുട്ടികളിൽ ഒരു നന്മ നട്ടുപിടിപ്പിക്കാൻ പറ്റിയ ഏതൊരവസരവും ഉപയോഗപ്പെടുത്തി, അവരെ നന്മയിലേക്ക് കൈപിടിച്ച് നടന്നു. ഇതിന്റെ പേര് തന്നെയാണ് “പാരന്റിങ്.’ അത് മാതാപിതാക്കളുടെ മാത്രമല്ല, സമൂഹത്തിൽ മുന്നിൽ നടക്കുന്നവരുടെ ബാധ്യത കൂടിയാണ്. കച്ചവടം ശീലിപ്പിക്കുക ജീവിതത്തിന്റെ നിഖില മേഖലകളിലും മാർഗദർശനം നൽകുന്ന പ്രവാചകൻ കുട്ടികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വ്യക്തിത്വ വളർച്ചയിൽ പരിഗണന നൽകുന്നതാണ് നാം കാണുന്നത്. അവർ വളരുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങൾ അനുഭവിച്ചുവളരാനുള്ള എല്ലാ സാധ്യതകളെയും അവർക്കു മുമ്പിൽ തുറന്നു വെക്കുകയാണ് മനുഷ്യരുടെ മാർഗദർശിയായ റസൂൽ ചെയ്തത്. ജീവിതത്തിന്റെ ഗൗരവം പടിപടിയായി അവർ അനുഭവിച്ചറിയാൻ അവർക്ക് അവസരം ലഭിക്കുന്നതും സമയം ഉപകാരപ്പെടുത്തുന്നതുമായ എന്തിനെയും അല്ലാഹുവിന്റെ ദൂതർ പ്രോത്സാഹിപ്പിച്ചു.

കുട്ടികളുടെ കച്ചവടം അതിൽ ഒന്നാണ്. മുമ്പ് കാലത്ത് (ഒഴിവുകാല ട്യൂഷൻ സെന്ററുകളുടെ ആധിക്യം ഗ്രാമ- നഗരങ്ങളെ ഗ്രസിക്കുന്നതിനു മുമ്പ്) പ്രത്യേകിച്ചു ഗ്രാമങ്ങളിൽ കണ്ടുവന്നിരുന്ന ഒരു നല്ല കാഴ്ചയായിരുന്നു കുട്ടികളുടെ കച്ചവട പന്തലുകൾ. ഏതാനും ഭരണികളും അതിലെ അൽപം മധുര മിഠായികളും, അലക്കു സോപ്പുകളുമൊക്കെയായി ഇരിക്കുന്ന കുട്ടിക്കച്ചവടക്കാർ ഒഴിവു കാല കാഴ്ചകളിൽ ഒന്നായിരുന്നു. സത്യത്തിൽ സാമൂഹ്യ വളർച്ചയെ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ ഉണ്ട്. കുട്ടികൾ ഗൗരവമുള്ള കൊടുക്കൽ വാങ്ങലുകൾ ശീലിക്കുകയും അതിലൂടെ കൃത്യത, സത്യസന്ധത, അളവുംതൂക്കവും തുടങ്ങി തവക്കുൽ (അല്ലാഹുവിൽ ഭരമേൽപിക്കൽ) വരെ ശീലിക്കുകയും ജീവിക്കുന്ന സമൂഹത്തിന്റെ നടുക്കളത്തിലേക്ക് നടന്നടുക്കുവാൻ പരിശീലിക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടിക്കച്ചവടങ്ങൾ നബിയുടെ കാലത്തും നിലനിന്നിരുന്നു, നബി ഇത്തരം കുട്ടിക്കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് അനുഗ്രഹത്തിന്നായി പ്രാർഥിക്കുകയുമാണ് ചെയ്തത്. അംറുബ്നുൽ ഹുറൈസ്വിൽ നിന്ന് നിവേദനം. ഒരിക്കൽ നബി കച്ചവടം നടത്തുന്ന അബ്ദുല്ലാഹിബ്നു ജഅ്ഫറിന്റെ അടുത്തുകൂടെ നടന്നു പോയി. അദ്ദേഹം കുട്ടികൾ നടത്താറുള്ള കച്ചവടത്തിലായിരുന്നു. അന്നേരം നബി പ്രാർഥിച്ചു: “അല്ലാഹുവേ, അവന് അവന്റെ കച്ചവടത്തിൽ നീ അനുഗ്രഹം നൽകേണമേ’ (ശൗകാനി, ഹൈതമി).

ഇത് പോലെ കുട്ടികളെ കല്യാണ സദസ്സുകൾ, മരണം സംഭവിച്ച വീടുകൾ തുടങ്ങിയ ഇടങ്ങളിൽ കൊണ്ടുവരികയും മുതിർന്നവരും കുട്ടികളും ഇടകലർന്ന സദസ്സുകളിൽ സ്നേഹപൂർണവും ആദരവാർന്നതുമായ സംസാരങ്ങൾ ശ്രദ്ധിക്കുവാൻ അവസരം നൽകുകയും ചെയ്യൽ സാമൂഹ്യ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. അൻസ്വാറുകളിലെ സ്ത്രീകളും കുട്ടികളും കല്യാണ സദസ്സുകളിലേക്കു കടന്നു വരുന്നത് കണ്ട് പ്രവാചകൻ സന്തോഷം മൂലം എഴുന്നേറ്റു ചെല്ലുകയും അവരോടുള്ള ഇഷ്ടം ആവർത്തിച്ച പ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം ബുഖാരിയും ഇമാം അഹ്മദും റിപ്പോർട് ചെയ്യുന്ന ഹദീഥുകളിൽ കാണാം.

കൂടാതെ സ്വാലിഹുകളായ, ഇസ്ലാമിക ജീവിതചിട്ട മുറുകെപിടിക്കുന്ന അടുത്ത കുടുംബ വീടുകളിൽ രാപാർക്കാൻ കുട്ടികളെ അനുവദിക്കുന്നത് മറ്റുള്ളവരുടെ നല്ല ശീലങ്ങളെ അടുത്തറിയാനും മറ്റും സഹായിക്കും. നബിയുടെ ഭാര്യയായ മൈമൂനയുടെ വീട്ടിൽ രാപാർക്കാൻ പോയ അബ്ദുല്ലാഹിബ അബ്ബാസിന്റെ നബിയോടൊപ്പമുള്ള രാത്രി നമസ്കാരത്തിന്റെ അനുഭവ സ്മരണകൾ നാം മുമ്പ് സൂചിപ്പിച്ചതാണ്.

നമ്മുടെ വീട്ടിൽ ശീലമില്ലാത്ത പല നല്ല നടപ്പുകളും അത്തരം വീടുകളിൽ ഉണ്ടെങ്കിൽ അവ പരിചയപ്പെടാൻ ഒരവസരം കൂടിയാണത്. ഫജ്ർ നമസ്കാരത്തിന് പള്ളിയിലെത്തുന്ന പതിവ് തീരെയില്ലാത്ത ഒരു വീട്ടിലെ കുട്ടി, ആ പതിവുള്ള ഒരു കുടുംബ വീട്ടിൽ രാപാർക്കാൻ പോയാൽ അവിടുത്തെ കുടുംബ നാഥനോടൊപ്പവും മക്കളോടൊപ്പവും പള്ളിയിൽ പോയി സുബ്ഹി നമസ്കരിച്ചാലുള്ള അനുഭവം ഒന്നാലോചിച്ചു നോക്കൂ. കൂട്ടമായി ഇരുന്നു കുർആൻ വായിച്ചു ചർച്ച നടത്തുന്ന അപൂർവം ചില വീടുകളുണ്ട്. സമയം നിശ്ചയിച്ചു കുർആൻ മനഃപാഠമാക്കുന്ന ശീലം നിലനിർത്തുന്ന വീടുകളും നമുക്കിടയിൽ ഉണ്ട്. വീട്ടു തിരക്കുകൾക്ക് നടുവിലും പരീക്ഷാചൂടിൽ പോലും കുർആൻ ക്ലാസ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കാത്ത വീടുകളും ഇല്ലാതില്ല. ഇതൊന്നും കണ്ടും കേട്ടും ശീലമില്ലാത്ത വീട്ടിലെ കുട്ടികൾ ഇത്തരം വീടുകളിൽ രാപാർക്കാൻ പോകുന്നതിലൂടെ അവരുടെ മനോഗതി പല വിഷയത്തിലും മാറാൻ സാധ്യത ഉണ്ട്. പക്ഷേ, ഇത് വലിയ ജാഗത ആവശ്യമുള്ള മേഖലയാണ്. നല്ല നടപ്പും ശീലങ്ങളും നിലനിൽക്കുന്ന വീട്ടിൽ വളർന്ന കുട്ടികൾ, അതിലൊന്നും ഗൗരവം കാണാത്ത, ഊണിലും ഉറക്കിലും ആരാധനയിലും യാതൊരു കൃത്യനിഷ്ഠയും പാലിക്കാത്ത, സീനുകളിൽ എന്തും കണ്ടു രസിക്കുന്നതിൽ നിയന്ത്രണം ഇല്ലാത്ത വീടുകളിൽ രാപാർക്കാൻ പറഞ്ഞു വിടുന്നത് ഗുണത്തേക്കാളേറെദോഷം ചെയ്യും എന്നത് മറന്നു കൂടാത്തതാണ്.

വളർന്നുകൊണ്ടിരിക്കുന്ന മക്കൾക്ക് സമൂഹത്തിൽ ഇടം നൽകുന്നതിലൂടെ മാത്രമെ സാമൂഹ്യ വളർച്ച അവരിൽ സാധ്യമാവുകയുള്ളൂ എന്ന് ചുരുക്കം. അതാണ് നബി ജീവിതം നമ്മെ പഠിപ്പിക്കുന്നതും.

(തുടരും)

 
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

Leave a Comment