23: ദൗത്യ നിർവഹണത്തിൽ പങ്കാളിത്തം നൽകുക

ജീവിതത്തിൽ കുട്ടികൾക്ക് ദൗത്യനിർവഹണത്തിനും സേവന സമർപ്പണത്തിനും പങ്കാളിത്തം നൽകുന്നതിലൂടെ അവരുടെ സാമൂഹ്യമായ വളർച്ചയും ഉയർച്ചയും ഉറപ്പ് വരുത്താൻ രക്ഷിതാക്കൾക്ക് കഴിയും. തങ്ങൾ സമൂഹത്തിൽ കേവലം കാഴ്ചക്കാരല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗധേയം നിർവഹിക്കുന്നതിൽ പങ്കാളികളാണെന്ന ബോധം അവരെ മാനസികമായി വളർത്തുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ കുട്ടികൾ വളർന്നു വരുന്നതോടൊപ്പം അവരെ ജോലികളിൽ പങ്കാളികളാക്കുകയും ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു കൊടുക്കുകയും ചെയ്യുന്നത് നല്ലതാണ്. അതുമൂലം അവർ സമൂഹത്തെ അടുത്തറിയുകയും ക്രിയാത്മകമായി പ്രതികരിക്കാൻ സ്വയം പാകപ്പെട്ടു വരികയും ചെയ്യും.
കൗമാര പ്രായമെത്തിയിട്ടും മക്കളെ ചെറിയ ഉത്തരവാദിത്തങ്ങൾ പോലും ഏൽപിക്കുന്നതിലും ദൗത്യങ്ങളിൽ പങ്കാളികളാക്കുന്നത്തിലും അമാന്തിച്ചു നിൽക്കുന്നവരാണ് പുതിയ തലമുറയുടെ രക്ഷിതാക്കൾ. അവർക്കു പഠിക്കാനുണ്ട്, കുട്ടികളാണ് തുടങ്ങിയ ന്യായങ്ങൾ നിരത്തി കുട്ടികളെ കേവല പഠനോപകരണം മാത്രമായി മൂലക്കിരുത്തുന്ന രക്ഷിതാക്കൾ സത്യത്തിൽ കുട്ടികളുടെ സാമൂഹ്യ വളർച്ചയെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അവർക്ക് ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു കൊടുക്കുകയും ദൗത്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്യുമ്പോൾ അവരിൽ അത് ആവേശമുണ്ടാക്കുന്നതോടൊപ്പം ജീവിതത്തിന്റെ സാമൂഹ്യ പാഠങ്ങൾ മനസ്സിലാക്കാനും അവർക്കു സാധിക്കും. മാന്യമായി ചോദിക്കുക, ക്ഷമയോടെ കാത്തിരിക്കുക, ഏൽപിക്കപ്പെട്ട പണമോ വസ്തുവോ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കുക, ക്രയവിക്രയങ്ങളിൽ സാധനങ്ങളും പണവും എണ്ണി തിട്ടപ്പെടുത്തുകയും വീട്ടിൽ കണക്ക് ബോധിപ്പിക്കുകയും ചെയ്യുക തുടങ്ങി ധാരാളം കാര്യങ്ങൾ അവർ അതിലൂടെ പഠിക്കുകയും ശീലിക്കുകയും ചെയ്യും. ഇവിടെ നബിയുടെ ശ്രദ്ധയും മാതൃകയും കുടുംബങ്ങൾക്ക് അതുല്യമായ വഴികാട്ടിയാണ്. നബി കുട്ടികളെ തന്റെ പല കാര്യങ്ങൾക്കും നിയോഗിക്കുമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു സംഭവം കാണുക: നബിയുടെ കുട്ടിയായ പരിചാരകൻ അനസ് പറയുകയാണ്. ഒരു ദിവസം ഞാൻ നബിക്കുള്ള ജോലികളെല്ലാം തീർത്തുവെക്കുകയും ഇനി ഒന്നും ബാക്കിയില്ലെന്ന് മനസ്സിലാക്കുകയും പ്രവാചകൻ ഉച്ചയുറക്കിന്നു പോവുകയും ചെയ്തപ്പോൾ ഞാൻ മറ്റുകുട്ടികളോടൊപ്പം ചേർന്ന് കളിക്കാൻ അവരുടെ കളിസ്ഥലത്തേക്ക് പോയി. ഞാൻ അവരുടെ കളി കണ്ടുകൊണ്ടിരിക്കുമ്പോൾ നബി അങ്ങോട്ട് കടന്നു വന്നു. എന്നിട്ട് കുട്ടികൾക്കെല്ലാം സലാം പറഞ്ഞു. പിന്നെ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിച്ചു വരുത്തി ഒരു ആവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാൻ തിരിച്ചു വരുന്നത് വരെ നബി അവിടെത്തന്നെ ഇരുന്നു. ഇതിനിടയിൽ എന്റെ ഉമ്മ മറ്റൊരു കാര്യത്തിന് എന്നെ ഏൽപിച്ചിരുന്നു. കളിസ്ഥലത്ത് പോകലും നബിയുടെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ പോയതും കാരണം തിരിച്ചു വീട്ടിലെത്താൻ വൈകി. ഉമ്മ കാരണം തിരക്കിയപ്പോൾ ഞാൻ നബിയുടെ ഒരു കാര്യ സാധ്യത്തിന്നു പോയതിനാലാണന്ന് അവരെ അറിയിച്ചു. അതെന്താണെന്നു ഉമ്മ എന്നോട് ചോദിച്ചപ്പോൾ, അതു പറയാൻ പറ്റില്ലെന്നും നബിയുടെ രഹസ്യം ആരോടും ഞാൻ പറയില്ലെന്നും അനസ് മറുപടി കൊടുത്തു. അങ്ങനെ തന്നെ ആവണം എന്ന് പറഞ്ഞു ആ ഉമ്മ മകനെ പോത്സാഹിപ്പിച്ചു…” (അഹ്മദ്, ബുഖാരി, മുസ്ലിം).
ഇവിടെ ശ്രദ്ധേയമായത് നബി കുട്ടിയെ കാര്യമായ ഏതോ ഒരു ദൗത്യത്തിന്നു നിയോഗിച്ചു എന്നത് മാത്രമല്ല, സ്വന്തം ഉമ്മയോട് പോലും അത് പറയാതെ സൂക്ഷിക്കാൻ മാത്രം ആ കുട്ടിയിൽ പക്വതയും പാകതയും ഉണ്ടായി എന്നതാണ്. അതിനു കാരണം നബിയുടെ സമീപനരീതി മൂലം അനസിൽ ഉണ്ടായ സാമൂഹ്യ വളർച്ചയാണ്.
സ്വന്തം വീട്ടിൽ സാധ്യമായ എല്ലാ കാര്യത്തിലും അവർക്ക് പങ്കാളിത്തം ഉണ്ടാവുകയും ഉണ്ടാക്കുകയും വേണം. തീൻമേശയിൽ ഭക്ഷണം കൊണ്ടുവെക്കുന്നതിലും മേശ വൃത്തിയാക്കുന്നതിലും വസ്ത്രങ്ങളും മറ്റും അടുക്കി വെക്കുന്നതിലും പൂന്തോട്ടം പരിപാലിക്കുന്നതിലും വാഹനം കഴുകി വൃത്തിയാക്കുന്നതിലുമെല്ലാം മക്കൾക്ക് പങ്കാളിത്തം നൽകണം. അതിലൂടെ അവർ സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള പ്രാഥമിക പരിശീലനം നേടിക്കൊണ്ടിരിക്കും.
ഇമാം നസാഈ അനസ്ം വിൽ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ ഇപ്രകാരം കാണാം: അദ്ദേഹം പറയുകയാണ്. നബി പറഞ്ഞു: “അനസ്, ഞാൻ ഇന്ന് നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നു. നീ എനിക്ക് കഴിക്കാൻ വല്ലതും കൊണ്ട് വാ.’ ഞാൻ അദ്ദേഹത്തിന് കുറച്ചു കാരക്കയും ഒരു പാത്രത്തിൽ വെള്ളവും കൊണ്ട് വന്നു കൊടുത്തു. അത് ബിലാലിന്റെ ബാങ്കിന് (ഒന്നാം ബാങ്ക്) ശേഷമായിരുന്നു.
അദ്ദേഹം പറഞ്ഞു: “അനസ്, എന്നോടൊപ്പം അത്താഴം കഴിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കൂ.’ അങ്ങനെ ഞാൻ സൈദ് ബ്നു ഥാബിത്തിനെ കൂട്ടിവന്നു. അദ്ദേഹം പറഞ്ഞു: “എനിക്ക് സൂപ്പ് മതി. ഞാൻ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’ അപ്പോൾ നബി പറഞ്ഞു: “ഞാനും നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’ അങ്ങനെ അവർ ഇരുപേരും ഒന്നിച്ചു അത്താഴം കഴിച്ചു. ശേഷം രണ്ടു റക്അത്ത് നമസ്കരിച്ചു പിന്നീട് പള്ളിയിലേക്ക് പോയി.”
ഇതാണ് നബിയുടെ വീട്ടിലെ കുട്ടികളുടെ സാമൂഹ്യ പങ്കാളിത്ത പരിശീലനം. നമ്മളോ, പഠനത്തിൽമാത്രം അവരെ തളച്ചിടുന്നു. ഒഴിവുസമയം ഗെയിമുകളിൽ അവർ സമയം കളയുകയും ചെയ്യുന്നു. ഒഴിവു സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ നമ്മുടെ സഹായവും മാർഗദർശനവും അവർക്ക് വേണം. അപ്പോൾ മാത്രമെ “വളർത്തൽ’ സംഭവിക്കുകയുള്ളൂ. മറിച്ച് അവരാണ് അവരുടെ അജണ്ട വരച്ചുണ്ടാക്കുന്നതെങ്കിൽ അതിനെ “വളരൽ” എന്നേ പറയാനൊക്കൂ. അത് നമ്മുടെ സ്വപ്നത്തിലും ചിന്തയിലും ഉള്ള പോലെ ആകണമെന്നില്ല.
നബി കാണിച്ചുതന്ന പ്രകാരം നമ്മളും നമ്മുടെ മക്കൾക്ക് സമൂഹത്തിൽ ഇടപെടാനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും വീട്ടിലും നാട്ടിലും അവസരം സൃഷ്ടിക്കുകയാണെങ്കിൽ അവർ നേതൃ ഗുണമുള്ള ഉത്തമ പൗരന്മാരായി വളർന്നു വരികയും ഭയലേശമന്യ ജീവിത സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യും. അത്തരം മക്കൾ രക്ഷിതാക്കൾക്ക് കൺകുളിർമ നൽകുമെന്നതിൽ സംശയമില്ല. കാരുണ്യവാന്റെ ദാസന്മാരുടെ ഗുണങ്ങളിൽ ഒന്ന് അവരുടെ ഇങ്ങനെയുള്ള മക്കൾക്കായുള്ള പ്രാർഥനയാണ്: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ’
(കുർആൻ 2574). (തുടരും)
നേർപഥം വാരിക