22: സാമൂഹ്യ വളർച്ച കുട്ടികളിൽ

മനുഷ്യന്റെ പ്രത്യേകതകളിൽ ഒന്നാണ് അവൻ ഒരു സാമൂഹ്യജീവിയാണെന്നത്. അതിനാൽ തന്നെ അനിവാര്യമായും കുട്ടികളിൽ ഉണ്ടാകേണ്ട ഒന്നാണ് അവരുടെ സാമൂഹ്യവളർച്ച എന്നത്. ജീവിക്കുന്ന സമൂഹത്തിന്റെ നടുവിൽ സന്തുലിതമായും ക്രിയാത്മകമായും നിലനിൽക്കാനുള്ള പക്വതയും പാകതയും നേടുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. തന്റെ ചുറ്റുപാടിനോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥ കുട്ടികളുടെ വളർച്ചയോടൊപ്പം ലഭ്യമാകേണ്ടതാണ്. മറ്റുള്ളവരിൽ നിന്ന് മുഖം തിരിക്കാതെയും ഉൾവലിയാതെയും ഭയപ്പെടാതെയും മാന്യതയോടും ആദരവോടും കൂടി ഇടപഴകുവാൻ കഴിയേണ്ടതുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറകളിൽ നിന്ന് ഇവ മക്കൾക്ക് പകർന്നു നൽകേണ്ടതുണ്ട്.
ഇന്നത്തെ അണുകുടുംബ പശ്ചാത്തലത്തിൽ ധാരാളം കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുറ്റുപാടുകളോട് പ്രതികരിക്കാൻ ശേഷിയോ അതല്ലെങ്കിൽ താൽപര്യമോ ഇല്ലാത്ത മക്കൾ. തങ്ങളുടെ പഠന മുറികളിൽ പാഠപുസ്തകങ്ങളോട് മാത്രം ഇണങ്ങി നിന്നോ, ഇലക്ട്രോണിക് മാധ്യമങ്ങളിൽ തലപൂഴ്ത്തിക്കിടന്നോ തങ്ങളുടേത് മാത്രമായ നിശ്ശബ്ദ ഏകാന്തതകളിലേക്ക് ഒതുങ്ങിക്കൂടുന്ന കൗമാരക്കാർ.
കൗമാരം വിട്ടുകടന്നാൽ പോലും ഈ ഏകാന്ത പരിസരത്തിൽ നിന്ന് പുറത്തു കടക്കാൻ മടി കാണിക്കുന്ന “പുര നിറഞ്ഞു നിൽക്കുന്ന” നവയൗവനത്തെ ഇന്ന് ഒരു വിധം വീടുകളിലെല്ലാം കാണാൻ സാധിക്കും. സ്വന്തം വീട്ടിൽ കുടുംബത്തിൽ പെട്ട ഒരു അതിഥി വന്നാൽ പോലും മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി വരാത്ത കുട്ടികൾ ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. അവരെപ്പറ്റി ചോദിച്ചാൽ, ആളുകളെ അഭിമുഖീകരിക്കാൻ മടിയാണെന്നും ലജ്ജയാണെന്നും ഒക്കെ മറുപടി കിട്ടും.
ഇസ്ലാമിന്റെ പ്രഥമ തലമുറ എങ്ങനെയാണ് സാമൂഹ്യ വളർച്ച സാധ്യമാക്കിയതന്ന് അറിയുമ്പോഴാണ് മാതൃകാ വ്യക്തിത്വങ്ങളും നേതാക്കളുമായി അവർ വളർന്നുവന്നതിൽ ഒരു യാദൃച്ഛികതയും നമുക്ക്ക് തോന്നാതിരിക്കുക. ചില ഉദാഹരണങ്ങൾ കാണുക:
1. മുതിർന്നവരുടെ സദസ്സുകളിൽ കൂടെ കൂട്ടുക സ്വഹാബികളുടെ കാലത്ത് കുട്ടികൾ നബിയുടെ സദസ്സുകളിൽ വന്നിരിക്കുകയും അവരുടെ പിതാക്കന്മാർ അവരെ അതിനായി കൊണ്ട് വരികയും ചെയ്തിരുന്നു.
അബ്ദുല്ലാഹ് ഇബ്നു ഉമർഷം തന്റെ കുട്ടിക്കാലത്തെ ഒരു നബിസദസ്സിന്റെ അനുഭവം വിവരിച്ചുകൊണ്ട് പറയുന്നു: നബി ചോദിച്ചു: “ഒരു മുസ്ലിമിന്റെ ഉപമ പറയാൻ പറ്റുന്ന ഒരു മരം ഉണ്ട്. അല്ലാഹുവിന്റെ അനുമതി പ്രകാരം അത് സദാ ഫലം നൽകിക്കൊണ്ടിരിക്കും. ഇലകൾ പൊഴിഞ്ഞു പോകില്ല. ഏതാണത്?” അപ്പോൾ എന്റെ മനസ്സിൽ അത് കാരക്ക മരമായിരിക്കുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, അബൂബക്കർ, ഉമർ എന്നിവരൊക്കെയുള്ള സദസ്സിൽ അവർ മിണ്ടാതിരിക്കുമ്പോൾ ഞാൻ സംസാരിക്കുന്നത് അനൗചിത്യമാകുമെന്നു കരുതി ഞാൻ (ഉത്തരം പറയുന്നത്) വെറുത്തു. (ആരും ഉത്തരം പറയാതിരുന്നപ്പോൾ) നബി പറഞ്ഞു: “അത് കാരക്ക മരമാണ്. അങ്ങനെ ഞാൻ പിതാവിന്റെ കൂടെ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: “പിതാവേ, അത് കാരക്ക മരമാണെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു.” അപ്പോൾ പിതാവ് ഉമർ ചോദിച്ചു: “എന്ത് കൊണ്ട് നീ അത് പറഞ്ഞില്ല? നീ പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് അത് ഇന്നയിന്നതിനെക്കാളും ഇഷ്ടമാകുമായിരുന്നു.” അപ്പോൾ അബ്ദുല്ലാം പറഞ്ഞു: “ഉപ്പാ, താങ്കളും അബൂബക്കറും ഒന്നും സംസാരിക്കാത്തതിനാൽ എനിക്ക് മടിയായി.” (ബുഖാരി, മുസ്ലിം). മറ്റൊരു റിപ്പോർട്ടിൽ “ഞാൻ അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയവൻ ആണല്ലോ, അതിനാൽ ഞാൻ മൗനം പാലിച്ചു’ എന്നാണുള്ളത്.
നബി ഉപദേശങ്ങൾ നടത്തുന്ന സദസ്സിൽ കുട്ടിയായ അബ്ദുല്ല പിതാവിനോടപ്പം പങ്കടുത്തിരുന്നു എന്നതാണ് ഇതിൽ നിന്ന് നമുക്കുള്ള പാഠം. നമ്മൾ അധികവും കുട്ടികളെ വീട്ടിൽ ഇരുത്തിയാണ് ക്ലാസ്സുകളിലും സദസ്സുകളിലും പങ്കടുക്കുന്നത്. അതിനാൽ തന്നെ സാമൂഹ്യ ഇടങ്ങൾ അവർക്ക് കണ്ടറിയാനും കൊണ്ടറിയാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നില്ല.
ഇത്തരം സദസ്സുകളിൽ സാധ്യമാകുന്ന സന്ദർഭങ്ങളിൽ അവരെ കൂടി പങ്കാളികളാക്കുമ്പോൾ ധാരാളം കാര്യങ്ങൾ അവർ കണ്ടും അനുഭവിച്ചും മനസ്സിലാക്കും. അവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അവരുടെ പോരായ്മകൾ രക്ഷിതാക്കൾക്ക് തിരിച്ചറിയാനും അനുയോജ്യമായ രീതിയിൽ തിരുത്താനും അവസരം ലഭിക്കും. അത് അവരെ അതിനെക്കാൾ ഉയർന്ന സദസ്സുകളിൽ പക്വമായ സ്വഭാവം പ്രകടിപ്പിക്കാൻ സഹായിക്കും. ചോദ്യങ്ങൾ സ്വീകരിക്കാനും മറുപടികൾ തിരിച്ചു കൊടുക്കാനും ധര്യവും പരിശീലനവും കിട്ടും. സംസാര വൈഭവത്തിന്നും മനസ്സിനെ ശുദ്ധീകരിക്കാനും മുതിർന്നവരുടെ സംസാരങ്ങൾ പതിയെ മനസ്സിലാക്കി എടുക്കാനുമൊക്കെ ഇത്തരം പങ്കാളിത്തം കൊണ്ട് സാധിക്കും. കൂടുതൽ ബുദ്ധിയും ഗ്രാഹ്യശക്തിയും ഉള്ള കുട്ടികൾ സമൂഹത്തിൽ കൂടുതൽ വെളിപ്പെട്ടു വരികയും ശദ്ധിക്കപ്പെടുകയും ചെയ്യാനും ഇത്തരം പങ്കാളിത്തം വഴിവെക്കും. വളരെ ചെറു പ്രായക്കാരനായ അബ്ദുല്ലാഹ് ഇബ്നു അബ്ബാസിന്റെ അവസ്ഥ ഇതിനു ഉദാഹരണമാണ്.
അദ്ദേഹം പറയുകയാണ്: “ഉമർ ബ ിൽ പങ്കെടുത്ത മുതിർന്നവരുടെ സദസ്സിൽ എന്നെ പ്രവേശിപ്പിക്കുമായിരുന്നു. ഒരിക്കൽ അബ്ദുർറഹ്മാൻ ഇബ്നു ഔഫ്രം അദ്ദേഹത്തോട് ചോദിച്ചു: “ഉമർ, താങ്കൾ എന്തിനാണ് ഈ യുവാവിനെ നമ്മുടെ കൂടെ പ്രവേശനാനുമതി നൽകുന്നത്. ഞങ്ങൾക്കും അവനെ പോലുള്ള മക്കളുണ്ടല്ലോ?” ഇബ്നു അബ്ബാസ് തുടർന്നു: “ഉമറ) അവർക്കത് ബോധ്യപ്പെടുത്തിക്കൊടുത്തു. ഒരു ദിവസം അവരെ ഉമർ വിളിച്ചുവരുത്തി, എന്നെയും വിളിച്ചു. എന്നെ അവർക്ക് മുമ്പിൽ കാണിച്ചു കൊടുക്കാൻ തന്നെയാണ് വിളിച്ചുവരുത്തിയത് എന്നെനിക്ക് തോന്നിയിരുന്നു. സൂറതുൽ ഫത്ഹ് പാരായണം ചെയ്തിട്ട് ഉമർ (സദസ്സിനോടായി) ചോദിച്ചു: “ഈ അധ്യായത്തിൽ നിന്ന് എന്താണ് (എന്ത് പാഠമാണ്) നിങ്ങൾക്ക് തോന്നുന്നത്?’ അവരിൽ ചിലർ പറഞ്ഞു: “അല്ലാഹു നമ്മോട് അവനെ സ്തുതിക്കാനും വിജയവും സഹായവും ഉണ്ടായാൽ അവനോടു പാപമോചനം തേടാനുമോക്കെയാണ് ഈ അധ്യായത്തിലൂടെ ആവശ്യപ്പെടുന്നത്.’ ചിലർ ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ മൗനം പാലിച്ചിരുന്നു. ശേഷം ഉമർ എന്നോട് ചോദിച്ചു: “ഇബ്നു അബ്ബാസ്, നീയും ഇപ്രകാരമാണോ മനസ്സിലാക്കുന്നത്?’ ഞാൻ പറഞ്ഞു: “അല്ല.’ “അപ്പോൾ നീ എന്താണ് പറയുന്നത്?’ ഞാൻ പറഞ്ഞു: “അത് പ്രവാചകന്റെ അന്ത്യസമയത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിപ്പാണ്. വിജയം എന്നത് മക്കാവിജയമാണ്. സ്തുതി അർപ്പിക്കാനും പാപമോചനം തേടാനുമുള്ള നിർദേശം മരണത്തിലേക്കുള്ള സൂചനയുമാണ്.’ ഉമർഷം പറഞ്ഞു: “നിനക്ക് തോന്നിയത് തന്നെയാണ് എനിക്കും മനസ്സിലായത് (ബുഖാരി).
മുഹമ്മദ് നബി കുട്ടികളുമായി ഇടപഴകിയിരുന്നു. കുട്ടികൾക്ക് നബിയോട് ഇടപഴകാനുമുള്ള സൗകര്യവും സന്ദർഭങ്ങളും ഉണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും മുതിർന്ന നേതാവിന്റെയും കുട്ടികളുടെയും ഇടയിൽ തുറന്നിട്ട ഒരു വാതിൽ എന്നും ഉണ്ടായിരുന്നതിനാൽ സാമൂഹ്യത്തിന്റെ മുഖ്യധാരയിൽ ഇടകലർന്നു ജീവിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. അതിനാൽ അവരുടെ സാമൂഹ്യ വളർച്ചയുടെ നിര്ക്ക് ഉയർന്നതായിരുന്നു. നബിയുടെ സദസ്സിൽ കുട്ടികൾ കേലയ വെച്ച് കളിക്കോപ്പ് സമാനം ഇരിക്കുകയോ ഇരുത്തപ്പെടുകയോ ആയിരുന്നില്ല. കൃത്യമായ നബിസംസാരങ്ങളെ ഓർമയിൽ വെക്കാനും പിന്നീട് ഹദീഥ് നിവേദനം ചെയ്യാനും മാത്രം ശേഷി ഉണ്ടാകും വിധം മുതിർന്നവരുടെ കൂടെ കുട്ടികൾക്ക് കൂടി അവിടെ സ്ഥാനം ലഭിച്ചിരുന്നു. ചെറു പ്രായക്കാരനായ സ്വഹാബി അബൂജുഹൈഫ പറയുകയാണ്: “ഞാൻ നബിയുടെ അടുത്തായിരിക്കുമ്പോൾ നബി തന്റെ അടുത്തുള്ള ഒരാളോട് പറഞ്ഞു: ഞാൻ ചാരി ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കില്ല’ (ബുഖാരി, അഹ്മദ്). നബി തന്റെ കുട്ടിക്കാലത്ത് പിതൃവ്യന്മാരോടൊപ്പം മക്കയിൽ നടന്ന പ്രസിദ്ധമായ “ഹിൽഫുൽ ഫുളൂൽ’ എന്ന അനീതിക്കെതിരെ ഇരകൾക്കൊപ്പം നിൽക്കാനുള്ള തീരുമാന സദസ്സിൽ പങ്കെടുത്ത വിവരം സ്മരിക്കുന്ന കാര്യം ഹദീഥുകളിൽ വന്നിട്ടുണ്ട്.
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക