21: സാമൂഹ്യ വളർച്ച കുട്ടികളിൽ

ഏഴ് വയസ്സ് മുതൽ നമസ്കാര വിഷയത്തിൽ പഠനവും പരിശീലനവും പരിചയിച്ച് തുടങ്ങിയ മക്കൾ നീണ്ട മൂന്നു വർഷ കാലം ഈ അവസ്ഥയിൽ തുടർന്നാൽ സ്വാഭാവികമായും അവരുടെ മനസ്സും ശരീരവും നമസ്കാരത്തെ ഒരു ദിനചര്യയായി സ്വീകരിച്ചു തുടങ്ങേണ്ടതാണ്. മാത്രവുമല്ല ബൗദ്ധികമായ വിവേചന ബോധത്തിലേക്കും മാനസികമായ വിവേകത്തിലേക്കും പ്രാഥമികമായങ്കിലും പ്രവേശിക്കാൻ അവന്ന് അവൾക്ക് കഴിഞ്ഞിരിക്കണം. എന്നാൽ നീണ്ട മൂന്നു വർഷത്തെ ഉപദേശവും പങ്കാളിത്തവും പ്രോത്സാഹനവും മൂലം നമസ്കാരം ഒരു ജീവിത ചര്യയാകുന്നതിൽ അവർക്ക് വീഴ്ച സംഭവിക്കുന്നുവെങ്കിൽ അതിനർഥം മനുഷ്യന്റെ ജന്മശതു ഈ നിഷ്കളങ്ക വ്യക്തിത്വത്തിലേക്ക് കയറിപ്പറ്റാൻ ശ്രമം നടത്തുന്നുണ്ട് എന്നാണ്. ഇവിടെയാണ്
പ്രവാചക ചികിത്സ പ്രയോഗിക്കാൻ ഇസ്ലാം മാതാപിതാക്കളെ ഉപദേശിക്കുന്നത്. അനിവാര്യമായ ഈ ശീലത്തിൽ കുറവോ അലംഭാവമോ പ്രകടമായാൽ അത്തരം കുട്ടികൾക്കു ചെറിയ ശിക്ഷ നൽകാൻ റസൂൽ ഉപദേശിക്കുന്നു. തന്റെ വീഴ്ചയെ കുറിച്ച് സഗൗരവം പുനരാലോചിക്കാനും അലംഭാവത്തെ അകറ്റാനും ഈ “അടി’ അവനെ സഹായിക്കും. അബൂദാവൂദ്, അബ്ദുല്ലാഹിബ്നു അംറുബ്നു ആസ്വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥിൽ നബിട്ട് പറയുന്നു: “ഏഴു വയസ്സായാൽ നിങ്ങളുടെ കുട്ടികളോട് നിസ്കാരം കൽപിക്കണം. അവർ പത്ത് വയസ്സായാൽ അതിൽ (വീഴ്ച വരുത്തുന്ന പക്ഷം) നിങ്ങൾ അവരെ അടിക്കുക. കിടപ്പറയിൽ അവരെ വേർപെടുത്തുകയും ചെയ്യുക.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, നമസ്കാരമടക്കമുള്ള ആരാധനാകാര്യങ്ങൾ ജീവിത ശീലമാവാൻ കേവലം കൽപനകളും ഉപദേശങ്ങളും മാത്രം മതിയാവില്ല; മറിച്ച് അവ അരക്കിട്ടുറപ്പിക്കാവുന്ന ഒരു ഭൂമിക കുട്ടികൾക്കു ചുറ്റും നില നിൽക്കേണ്ടതുണ്ട് എന്നതാണ്. മനുഷ്യനിലേക്ക് ജീവിത ശൈലികൾ സമ്മാനിക്കുന്നതിൽ ജീവിക്കുന്ന പരിസരത്തിനു മുഖ്യ പങ്കുണ്ടെന്ന് അംഗീകരിക്കുന്നവരാണ് നമ്മൾ. നമസ്കാരത്തിന്റെയും മറ്റു ആരാധനാകർമങ്ങളുടെയും വിഷയവും ഇതിൽനിന്നു പുറത്തല്ല. വീടും വിദ്യാലയവും പള്ളികളും ഈ പരിസരം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവയാണ്. അതിനാൽ ഇത്തരം പരിസരങ്ങളുമായി കൗമാര പ്രായക്കാരായ മക്കളെ നാം ബന്ധപ്പെടുത്തണം. ഉത്തമ നൂറ്റാണ്ടിലെ കുട്ടികൾ നബിയോടൊപ്പവും സ്വഹാബികളായ മാതാപിതാക്കളോടൊപ്പവും ഇത്തരം ആരാധനാ പരിസരങ്ങളിൽ കൂടെ ഉണ്ടായിരുന്നുവെന്നത് അവരിൽ ആരാധനാശീലങ്ങൾ എളുപ്പം വളരാൻ സഹായിച്ചു. ഇസ്ലാമിന്റെ തുടക്കത്തിൽ തന്നെ ഇസ്ലാം സ്വീകരിച്ച കുട്ടിയായ അലിം നബിയോടും ഖദീജയോടും അബൂബക്കറിനോടും ഒപ്പം രഹസ്യമായി അവർ നിർവഹിച്ച നമസ്കാരത്തിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു. രാത്രി നമസ്കാരത്തിൽ പോലും നബിയോടൊപ്പം ചേരുന്ന കുട്ടികളെയും അവരെ പ്രോത്സാഹിപ്പിക്കുന്ന നബിയെയുമാണ് നമുക്ക് ഹദീഥുകളിൽ വായിക്കാൻ കഴിയുന്നത്. കേവലം നിർബന്ധ നമസ്കാരങ്ങൾക്കപ്പുറം അവർക്ക് ജീവിതത്തിലേക്ക് വാതിൽ തുറന്നിടുന്ന കുടുംബ സാഹചര്യങ്ങളാണ് നമുക്കവിടെ കാണാൻ കഴിയുന്നത്.
ഇമാം ബുഖാരി ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഒരു ഹദീഥിൽ അദ്ദേഹം തന്റെ കുട്ടിക്കാലം ഓർമിച്ചു കൊണ്ട് പറയുകയാണ്: “ഞാൻ എന്റെ മാതൃസഹോദരിയും നബിയുടെ ഭാര്യയുമായ മൈമൂനയുടെ വീട്ടിൽ രാപ്പാർത്ത ദിവസം അവിടെ നബി ഉണ്ടായിരുന്നു. അദ്ദേഹം ഇശാഅ് നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് വന്നു. അവിടുന്ന് നാലു റക്അത്ത് നമസ്കരിച്ചു. പിന്നീട് ഉറങ്ങാൻ പോയി. പിന്നീട് (രാത്രി നമസ്കാരത്തിന്നായി) എഴുന്നേറ്റു. എന്നിട്ട് “കുട്ടി ഉറങ്ങി’ എന്നോ അതോ അതിനോട് സാമ്യമായ മറ്റെന്തോ പറഞ്ഞു. പിന്നെ (രാത്രി)നമസ്കാരം തുടങ്ങി. അപ്പോൾ ഞാൻ എഴുന്നേറ്റ് നബിയുടെ ഇടത് ഭാഗത്ത് ചേർന്ന് നിന്നു. അപ്പോൾ നബിട്ട് എന്നെ വലത് ഭാഗത്തേക്കാക്കി മാറ്റി. അങ്ങനെ അഞ്ചു റക്അത്ത് നമസ്കരിച്ചു. പിന്നെ രണ്ടു റക്അത്ത് കൂടി. പിന്നെ നബിട്ടു ഉറങ്ങി. അങ്ങനെ നബിയുടെ കൂർക്കം വലി ഞാൻ കേട്ടു. പിന്നെ നബി എഴുന്നേറ്റ് നമസ്കാരത്തിന്നായി (പള്ളിയിലേക്ക്) പുറപ്പെട്ടു. ഇബ്നു ഹിബ്ബാനും നസാഈയും അനസ് വിൽനിന്നും ഉദ്ധരിക്കുന്ന ഹദീഥിൽ അദ്ദേഹം പറയുകയാണ്: “(കുട്ടിയായിരിക്കെ, അദ്ദേഹവും നബിയും അദ്ദേഹത്തിന്റെ ഉമ്മയും ഉമ്മയുടെ സഹോദരിയും ഒന്നിച്ച് വീട്ടിലുണ്ടായ ദിവസം; അദ്ദേഹം ഞങ്ങളെയും കൂട്ടി നമസ്കരിച്ചു. അനസിനെ അദ്ദേഹത്തിന്റെ വലത് ഭാഗത്താക്കി. ഉമ്മയും സഹോദരിയും അദ്ദേഹത്തിന്റെ പിന്നിലുമായിരുന്നു. പള്ളിയിലേക്ക് കൈപിടിക്കുക ഇളംപ്രായത്തിൽ വീടാണ് കുട്ടിയുടെ ആരാധനാകളരിയെങ്കിൽ അൽപം മുതിർന്നാൽ അവർ ഏറ്റവും സ്വാധീനിക്കപ്പെടുന്ന ഇടം പള്ളികളാണ്. കുഞ്ഞുങ്ങളെ പള്ളികളിലേക്ക് കൈപിടിക്കാൻ തുടങ്ങുന്നിടം മുതൽ നാം അവർക്ക് ആരാധനാശീലങ്ങളുടെ ഒരു പുതിയ വാതിൽ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഒരു മുസ്ലിമിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ സാമൂഹ്യ ഇടമാണ് പള്ളി. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും സ്ത്രീകളെയും ഒന്നിച്ചുൾക്കൊള്ളുന്ന സാമൂഹ്യ ഇടം.
നബി മദീനയുടെ കവാടത്തിലേക്ക് കാലുകുത്തിയ ഉടനെ കൈവച്ചത് ഈ സാമൂഹ്യ ഇടത്തിന്റെ നിർമിതിയിലാണ്. കയറിവന്നപ്പോൾ ഖുബായിലും ഇരുപ്പുറപ്പിക്കുന്നിടം തീരുമാനമായപ്പോൾ മദീനയിലും അവ ഉയർന്നു വന്നു. ഇതു തന്നെ മതി ഒരു വിശ്വാസിയുടെ ജീവിതത്തിൽ പള്ളി എത്ര ഒട്ടി നിൽക്കുന്നുവെന്നറിയാൻ. വീടിനു പുറത്ത് ഒരു വിശ്വാസിക്ക് പരിചയമാവേണ്ട ഏറ്റവും പ്രാരംഭ സാമൂഹ്യ ഇരിപ്പിടം പള്ളിയാവണമെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ നമ്മുടെ സ്ഥിതി എന്താണ്? മതപാഠശാലകളിൽ വർഷങ്ങളോളം പഠിച്ചിട്ടും സ്വയം ആരാധനകളൊന്നും ശീലമാകുന്നില്ലെന്ന് പരിതപിക്കുന്ന രക്ഷിതാക്കളെ നമുക്ക് കാണാം. ഹൈസ്കൂളിൽ പഠിക്കുന്ന കൗമാര പ്രായക്കാർക്ക് പോലും വീട് വിട്ടാൽ ഏറ്റവും നന്നായി വഴി അറിയുന്നത് എവിടേക്കാണ്? ഏറ്റവും നിർഭയമായി നിത്യവും പോയി വരുന്ന സ്ഥലം എവിടെ? എന്നും പോകാൻ താൽപര്യമുള്ള സാമൂഹ്യ ഇടം ഏത്? അതിലൊന്നും ചിലപ്പോൾ സ്വന്തം നാട്ടിലെ പള്ളി ഉണ്ടായിക്കൊള്ളണമെന്നില്ല. പല മുസ്ലിം വീടുകളിലെയും ഉയർന്ന ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ പലരും വെള്ളിയാഴ്ചത്തെ പരിചയത്തിനപ്പുറം പള്ളി കാണാത്തവരാണന്ന യാഥാർഥ്യം തികച്ചും നമ്മളെ വേദനിപ്പിക്കണം.
നാട്ടിലെയും മറുനാട്ടിലെയും ഷോപ്പിംഗ് കേന്ദ്രങ്ങളും വിനോദ ശാലകളും ട്യൂഷൻ സെന്ററുകളും ഒറ്റക്ക് സന്ദർശിച്ചു വരാൻ ധൈര്യം കൊടുക്കുന്ന രക്ഷിതാക്കളിലധികവും വെള്ളിയാഴ്ചക്കപ്പുറം പള്ളിയിൽ പോയി വരാൻ ധൈര്യവും ആത്മ വിശ്വാസവും നൽകുന്നില്ല. പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ തടവറകളിൽ ബന്ധനസ്ഥരാക്കപ്പെട്ട നമ്മുടെ മക്കൾ, പ്ലവിനു ശേഷം കിട്ടുന്ന കോളേജ് ജീവിതത്തിന്റെ സ്വതന്ത്ര ലോകത്ത് എത്ര പെട്ടെന്നാണ് പൈശാചിക കരങ്ങളുടെ പിടിയിൽ അമരുന്നത്! എന്താണിതിന് കാരണം? ഉത്തരം വ്യക്തമാണ്. വിശ്വാസിയുടെ ഏറ്റവും വലിയ സാമൂഹ്യ പാഠശാലയായ പള്ളികളിൽ അവർക്ക് കുട്ടിക്കാലം മുതൽ നാം ഒരു ഇരിപ്പിടം നൽകിയില്ല. മക്കളെ നൽകിയ സഹാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടം പള്ളിയായിരുന്നിട്ട് കുടി. ഇവിടെയാണ് പള്ളിയെക്കുറിച്ച് നബി പറഞ്ഞത് ചിന്തനീയമാകുന്നത്. അല്ലാഹുവിന്റെ ദൂതർട്ട് പ്റഞ്ഞു: “സ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അതിലുള്ള പള്ളികളാണ്. അല്ലാഹുവിന്ന് ഏറ്റവും കോപമുള്ള ഇടം അതിലെ അങ്ങാടികളാകുന്നു” (മുസ്ലിം).
ഉത്തമ നൂറ്റാണ്ടിലെ കുട്ടികളും പള്ളികളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ എത്ര നല്ല ചിത്രങ്ങളാണ് ഹദീഥ് ഗ്രന്ഥങ്ങളിൽ ഉള്ളത്. നബിയടക്കം കുട്ടികളെ പള്ളികളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി. അവർക്ക് അണികളിൽ സ്ഥലം നിർണയിച്ചു നൽകി. അവരുടെ കരച്ചിലുകൾ നബിയെ നമസ്കാരത്തിന്റെ ദൈർഘ്യം ചുരുക്കാൻ പ്രേരിപ്പിച്ചു. നീട്ടി നമസ്കരിക്കുന്നവരോട് നബി താക്കീത് നൽകി; നിങ്ങളുടെ കൂടെ വൃദ്ധരും കുട്ടികളും ഉണ്ടെന്ന് ഓർമിപ്പിച്ചു. ഇതാണ് മദീനയിലെ ഇസ്ലാമിക സമൂഹത്തിലെ ചിത്രങ്ങൾ.
ജാബിർ നബിയോടൊപ്പം പള്ളിയിലേക്ക് പോയ തന്റെ കുട്ടിക്കാലം സ്മരിച്ചുകൊണ്ട് പറയുന്നു: “ഞാൻ നബിയുടെ കൂടെ ദുഹ്ർ നമസ്കരിച്ചു. എന്നിട്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹം രണ്ടു ചെറിയ കുട്ടികളെ കണ്ടുമുട്ടി. അദ്ദേഹം അവരിൽ ഓരോരുത്തരുടെയും കവിളിൽ തലോടാൻ തുടങ്ങി. അങ്ങനെ എന്റെ കവിളും തലോടി. അപ്പോൾ അവിടുത്തെ കെയുടെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു. അത്തറിന്റെ കുപ്പിയിൽ നിന്ന് പുറത്തെടുത്തത് പോലുണ്ട് അതിന്റെ മണം” (മുസ്ലിം).
ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നവർ കുട്ടികളെ പരിഗണിക്കണമെന്നു കർശനമായി താക്കീത് നൽകുന്നത് കാണാം. ഉക്ബതുബ്നു അംറുൽ ബദരി പറയുകയാണ്: “ഒരിക്കൽ ഒരാൾ നബിയുടെ അടുത്ത് വന്നു പറഞ്ഞു: “ഇന്ന ഒരാൾ (നമസ്കാരത്തിൽ വളരെ ദീർഘമായി ഓതുന്നത്) കാരണം ഞാൻ സുബ്ഹി നമസ്കാരത്തിന് വൈകി മാത്രമെ വരികയുള്ളൂ.’ നബി ഇത്രയധികം കോപാകുലനായി ഉപദേശം നൽകുന്നത് മുമ്പ് ഞാൻ കണ്ടിട്ടില്ല. നബി പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ആളുകളെ വെറുപ്പിച്ചകറ്റുന്നവരുണ്ട്, ആരെങ്കിലും ഇമാം നിൽക്കുകയാണെങ്കിൽ അവൻ (പാരായണം) ചുരുക്കി നമസ്കരിക്കട്ടെ. അവന്റെ പിന്നിൽ വൃദ്ധരും കുട്ടികളും മറ്റാവശ്യങ്ങൾക്ക് പോകുന്നവരും ഉണ്ടാകും.
പെരുന്നാളിന് ഈദ് ഗാഹിലേക്ക് ആബാലവൃദ്ധം ജനങ്ങളോടും പുറപ്പെടാൻ ആവശ്യപ്പെട്ട പ്രവാചകൻ അതിലും കുട്ടികളെ ഉൾപെടുത്തിയതിൽ നമുക്ക് പാഠങ്ങളുണ്ട്. ഏതു പ്രായം മുതൽ കുട്ടികളെ പള്ളിയിൽ കൊണ്ട് പോകാം എന്ന് ഇമാം മാലികിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ഒരു കുട്ടിക്ക് പള്ളിയുടെ മര്യാദ പാലിക്കാൻ അറിയുന്ന പ്രായമായാൽ അതിൽ തെറ്റില്ലെന്ന് മാത്രമല്ല ഞാൻ അത് ഇഷ്ടപ്പെടുന്നു’ എന്നാണ്. എന്നാൽ തീരെ വകതിരിവ് എത്തിയിട്ടില്ലാത്ത കുട്ടികളെ പള്ളികളിൽ കൊണ്ടുവന്ന് നമസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് പണ്ഡി ഓർമിപ്പിക്കാറുണ്ട്. കുട്ടികൾ പള്ളികളിൽ വരുന്നതിലൂടെ ധാരാളം കാര്യങ്ങൾ അവർ കണ്ടും കേട്ടും പഠിക്കാൻ കഴിയും. പള്ളിയുടെ മര്യാദകൾ, ശാന്തമായി പള്ളിയിൽ പ്രവേശിക്കുന്നതും അടങ്ങി ഇരിക്കുന്നതും വിശുദ്ധ കുർആൻ പാരായണത്തിൽ ശ്രദ്ധ കാണിക്കുന്നതും ക്ലാസും ഖുതുബയും സാകൂതം ശ്രദ്ധിച്ചു കേൾക്കുന്നതും ആളുകൾ പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നതും എല്ലാം കുട്ടിക്കാലം മുതൽ ശീലമാവാൻ പള്ളികൾ സഹായിക്കും. പ്രത്യേകിച്ച് വെള്ളിയാഴ്ചത്തെ സംഗമവും ഉപദേശവും നമസ്കാരവുമെല്ലാം വ്യക്തിത്വ വികാസത്തിൽ വലിയ പങ്ക് വഹിക്കുമെന്നത് വളരെ വ്യക്തമാണ്.
നോമ്പ്
നോമ്പ് (വ്രതം) ഒരു ആത്മീയവും ശാരീരികവുമായ ആരാധനയാണ്. അതിലൂടെ കുട്ടികൾ യഥാർഥ ആത്മാർഥതയും രഹസ്യാവസ്ഥയിൽ പോലും ദൈവിക നിരീക്ഷണ ബോധവും പഠിച്ചെടുക്കുന്നു. പ്രതികൂലതയിൽ നിന്ന് കൊണ്ടുള്ള ഇച്ഛാശക്തി ശീലിക്കുന്നു. വിശന്നിട്ടും ഭക്ഷണം വേണ്ടെന്ന് വെക്കാനും ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുവാനും അവന് എളുപ്പമാകുന്നതിലൂടെ ക്ഷമയും സഹനവും പ്രാപ്യമാകുന്നു. അതുകൊണ്ടു തന്നെ സ്വഹാബികൾ തങ്ങളുടെ കുട്ടികളെ ചെറുപ്പത്തിലേ നോമ്പ് ശീലിപ്പിച്ചിരുന്നു. ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഒരധ്യായതിന്ന് തലക്കെട്ടു നൽകിയിരിക്കുന്നത് “കുട്ടികളുടെ നോമ്പ്” എന്നാണ്. സ്വഹാബികൾ, കളിപ്പാട്ടങ്ങളുമായി കഴിച്ചുകൂട്ടുന്ന പ്രായത്തിൽ തന്നെ മക്കളെ നോമ്പ് ശീലിപ്പിച്ചിരുന്നു. ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീഥിൽ റുബെഅ് ബിൻത് മുഅവ്വിദം പറയുന്നു: “..ഞങ്ങൾ (നോമ്പ് നിശ്ചയിക്കപ്പെട്ടതിന് ശേഷം) ഞങ്ങളുടെ കുട്ടികളെ നോമ്പെടുപ്പിക്കുമായിന്നു. അവരെയും കൊണ്ട് ഞങ്ങൾ പള്ളിയിലേക്ക് പോകും. ഞങ്ങൾ അവർക്ക് കളിപ്പാട്ടങ്ങൾ കരുതിവെക്കും. അവർ ഭക്ഷണത്തിന്നായി കരഞ്ഞാൽ അതവർക്ക് നൽകും. അങ്ങനെ നോമ്പുതുറക്കുന്ന സമയം വരെ (അവരെ എത്തിക്കും). ഈ പ്രായം ഒരിക്കലും നിർബന്ധത്തിന്റെതല്ലെന്നു നമുക്കറിയാം. പരിശീലനത്തിന്നാണവർ അങ്ങനെ ചെയ്തത്. ഇങ്ങനെയാണ് സ്വഹാബികൾ നോമ്പിന്റെ വിഷയത്തിൽ കൈകാര്യം ചെയ്തത്. പക്ഷേ, നമ്മിൽ പലരും മുതിർന്ന കുട്ടികളുടെ നോമ്പിന്റെ കാര്യത്തിൽ പോലും വളരെ അലംഭാവം കാണിക്കുന്നവരാണ്. പ്രായപൂർത്തിയായ കുട്ടികൾ പോലും വീടുകളിൽ പരീക്ഷയുടെയും കാലാവസ്ഥയുടെയും പേരിൽ പോലും വളരെ ലാഘവത്തിൽ നോമ്പ് ഒഴിവാക്കുന്നത് പതിവാണ്. കുട്ടികൾക്ക് പ്രത്യേക സമൂഹ നോമ്പ് തുറകൾ സംഘടിപ്പിച്ചും സമ്മാനങ്ങൾ നൽകിയും അവരെ നോമ്പിന് പ്രേരിപ്പിക്കുന്നതിൽ മഹല്ലുകൾക്കും മദ്റസകൾക്കും പങ്കുവഹിക്കാവുന്നതാണ്.
ഹജ്ജും ഉംറയും
കുട്ടികൾക്ക് ഇസ്ലാമിലെ ഹജ്ജും ഉംറയും അവ ഉൾക്കൊള്ളുന്ന വിശുദ്ധ ഇടങ്ങളും ജീവിതത്തിന്റെ നേർകാഴ്ചകളാവാൻ അവസരമുണ്ടാവുന്നതും ആരാധന ശീലങ്ങളുടെ സ്ഥായീകരണത്തിന്നു ഗുണം ചെയ്യും. നബി വഴിയിൽ കണ്ടുമുട്ടിയ ഒരു യാത്രാസംഘത്തിലെ സ്ത്രീ ഒരു കുട്ടിയെ ഉയർത്തിക്കാണിച്ചുകൊണ്ട് നബിയോട് ചോദിച്ചു: “ഈ കുട്ടിക്ക് ഹജ്ജണ്ടോ?’ നബി പറഞ്ഞു: “അതെ, നിനക്ക് പ്രതിഫലവും’ (ഇമാം മുസ്ലിം ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്നത്).
ചുരുക്കത്തിൽ വളരുന്ന പ്രായത്തോടപ്പം ശീലമാവേണ്ട ഒന്നാണ് ആരാധനകൾ. അവ നിലനിൽക്കും വിധമുള്ള വ്യക്തിത്വ വികാസത്തിനുതകുന്ന മാർഗങ്ങളിൽ ചിലതാണ് മുകളിൽ നാം സൂചിപ്പിച്ചത്. നമുക്ക് ഉറച്ച കാൽവെപ്പുകളുണ്ടെങ്കിൽ ഇവ വിജയം കാണാതിരിക്കില്ല തീർച്ച. (തുടരും)
നേർപഥം വാരിക